|| Scripts

ഒരു കുടുംബപുരാണം

ഇ ഹരികുമാര്‍

എപ്പിസോഡുകളും കഥാപാത്രങ്ങളും

 1. നേർച്ചക്കോഴി
 2. മലമുകളിലെ വെളിച്ചം
 3. മാതാവിന്റെ ആശിസ്സുകളോടെ
 4. ഉയിർത്തെഴുന്നേൽപ്പ്
 5. ഒരു ഡിറ്റക്ടീവായി
 6. കനിവിന്റെ സ്പർശം
 7. പീഡാനുഭവം
 8. ഒരു സമരിയക്കാരിയുടെ പ്രശ്‌നങ്ങൾ
 9. ആദ്യത്തെ കല്ലെറിയുമ്പോൾ
 10. എന്റെ പ്രിയപുത്രൻ
 11. വായനയുടെ പ്രശ്‌നങ്ങൾ
 12. വരൻ വന്നത് പല്ലക്കിലായിരുന്നില്ല
 13. അമ്മച്ചിക്കൊരു ഈസ്റ്റർ സമ്മാനം

കഥാപാത്രങ്ങൾ (ഒരു പരിചയം)

 1. ത്രേസ്യാമ്മ: വയസ്സ് 47. കാണുന്നതെന്തും ലാഭകരമായി നടത്തുന്ന കച്ചവടമാക്കി മാറ്റാൻ അപാരമായ കഴിവുള്ള സ്ത്രീ. ബുദ്ധിശക്തിയിലും നിരീക്ഷണപാടവത്തിലും അവർക്കുള്ള കഴിവ് പക്ഷേ അവരെ പല അപകടം പിടിച്ച സ്ഥിതിവിശേഷങ്ങളിലും എത്തിക്കുന്നു.
 2. ജോസഫേട്ടൻ: വയസ്സ് 58. ത്രേസ്യാമ്മയുടെ ഭർത്താവ്. ഭാര്യയുടെ കച്ചവടസംരഭങ്ങളിലും കുറ്റാന്വേഷണ പര്യടനങ്ങളിലും കുടികൊള്ളുന്ന സാഹസികതകളും അവയുടെ ദാരുണമായ പരിസമാപ്തിയും ലാഘവത്തോടെ, അല്പം നർമ്മബോധത്തോടെ കാണാൻ കഴിവുള്ള ആൾ.
 3. പാറുകുട്ടി: വയസ്സ് 20. ത്രേസ്യാമ്മയുടെ വീട്ടുജോലിക്കാരി മാത്രമായിരുന്നില്ല പാറുകുട്ടി. അവരുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരിയും, സാഹസങ്ങളിൽ പങ്കാളികൂടിയായിരുന്നു അവൾ; ഷെർലക്‌ഹോംസിന് വാട്‌സനെപ്പോലെ. വളരെ ഒതുങ്ങി ജീവിച്ചിരുന്ന അവളുടെ ജീവിതത്തിൽ ഒരു ചെറുപ്പക്കാരൻ യാദൃശ്ചികമായി കടന്നുവന്നത് ഒരു വഴിത്തിരിവാകുന്നു. (അദ്ധ്യായം: വരൻ വന്നത് പല്ലക്കിലായിരുന്നില്ല).
 4. ജോമോൻ: വയസ്സ് 26. ത്രേസ്യാമ്മയുടെയും ജോസഫേട്ടന്റെയും ഏകമകൻ. ഗൾഫിൽ ജോലി. കാര്യക്കുട്ടിയാണ്. അപ്പനും അമ്മയ്ക്കും വയസ്സുകാലത്ത് കണ്ടാസ്വദിക്കാൻ ഒരു ടിവിയും വിസിയാറും കൊണ്ടുവന്നു. ജോസഫേട്ടന് അത് വിനോദത്തിനുള്ള ഉപാധിയായപ്പോൾ ത്രേസ്യാമ്മയുടെ കച്ചവടബുദ്ധി ഉണർന്നു പ്രവർത്തിച്ചതിന്റെ ഫലം അത്ര ആശാവഹമായിരുന്നില്ല. (അദ്ധ്യായം : മലമുകളിലെ വെളിച്ചം).
 5. മറിയാമ്മ: ജോസഫേട്ടന്റെ അമ്മ. വയസ്സ് 75. കുലീനയായ സ്ത്രീ, മരുമക്കൾക്ക് ഇഷ്ടപ്പെട്ട അമ്മായിയമ്മ. ത്രേസ്യാമ്മയുടെ വീഡിയോ ബിസിനസ്സിലെ നിർണായകമായ ഘട്ടത്തിൽ അവർ സ്വയമറിയാതെത്തന്നെ സാക്ഷിയാവുന്നു. (അദ്ധ്യായം: മലമുകളിലെ വെളിച്ചം). ഒരിക്കൽ വന്നപ്പോൾ അവർ, മനപ്പൂർവ്വമല്ലാതെ, മകൻ അദ്ധ്വാനിച്ചുണ്ടാക്കിയ പുൽത്തകിടി കിളച്ചുമറിക്കുന്നു. അത് മധുരമായ ഓർമ്മകളുടെ പ്രവാഹമുണ്ടാക്കുന്നു. (അദ്ധ്യായം: എന്റെ പ്രിയപുത്രൻ).
 6. ശൈലജ: വയസ്സ് 25. സൂത്രക്കാരി. ത്രേസ്യാമ്മയുടെ മൂന്നാമത്തെ കച്ചവടമായ പ്ലേസ്‌കൂളിലെ ആദ്യത്തെ കസ്റ്റമർ, ശൈലജയുടെ മൂന്നുമാസം പ്രായമായ മകളായിരുന്നു. (അദ്ധ്യായം: മാതാവിന്റെ ആശിസ്സുകളോടെ).
 7. എലിയുമ്മ എന്ന എലിസബത്ത്. വയസ്സ് 40. മുട്ടക്കച്ചവടക്കാരി. ആദ്യത്തെ കച്ചവടസംരഭത്തിൽത്തന്നെ ത്രേസ്യാമ്മയുടെ ആത്മാവിൽ ആഴത്തിലുള്ള മുറിവേല്പിച്ച സ്ത്രീ. (അദ്ധ്യായം: നേർച്ചക്കോഴി).
 8. ഭവാനി. വയസ്സ് 30. അല്പം അപഥസഞ്ചാരമുണ്ട്. അവളുടെ അമ്മായിയമ്മ കല്യാണിയുടെ ആവശ്യപ്രകാരം ഇടപെടാൻ ചെന്ന ത്രേസ്യാമ്മയ്ക്കു പറ്റിയ ദുരന്തത്തിന്റെ ആഴം, പാറുകുട്ടി അതിനെതിരായി ഉപദേശിച്ചിരുന്നുവെന്നതുകൊണ്ട് കുറയുന്നില്ല. (അദ്ധ്യായം: ആദ്യത്തെ കല്ലെറിയുമ്പോൾ).
 9. ജോർജ്ജൂട്ടി. വയസ്സ് 28. കാമുകി ഗ്രേസി. വളരെ അസാധാരണമായ പരിതസ്ഥിതിയിൽ ത്രേസ്യാമ്മ ഇവരെ കണ്ടുമുട്ടുന്നു. ആ പരിചയം അവർക്ക് പിന്നീട് വളരെ ഹദയഭേദകമായ ഒരനുഭവം ഉണ്ടാക്കുന്നു. മാത്രമല്ല മരിച്ച പെൺകുട്ടി തെരുവിലൂടെ നടക്കുന്നത് നേരിൽ കാണുന്നതുവരെയുള്ള സ്ഥിതിവിശേഷത്തിൽ എത്തിച്ചേരുന്നു. (അദ്ധ്യായം: ഉയർത്തെഴുന്നേല്പ്)
 10. ക്ലാര. വയസ്സ് 38. ത്രേസ്യാമ്മയുടെ അനുജത്തി. ജോസഫേട്ടൻ അവളുടേതു കൂടിയാണെന്ന് ശഠിക്കുന്നു. ത്രേസ്യാമ്മയുടെ വിവാഹരാത്രിയിൽ കട്ടിലിന്നടിയിൽ ഒളിച്ചിരുന്ന് പ്രശ്‌നമുണ്ടാക്കിയ എട്ടു വയസ്സുകാരിയാണ് ക്ലാര. ജോസഫേട്ടൻ അപഥസഞ്ചാരം നടത്തുന്നുവെന്ന് സംശയം തോന്നിയപ്പോൾ ചേച്ചിയുടെ കൂടെ ഒരു ഡിറ്റക്ടീവായി അന്വേഷിക്കാൻ പോകുന്നു. (അദ്ധ്യായം: ഒരു ഡിറ്റക്ടീവായി...)
 11. നാസർ. വയസ്സ് 30. മുന്തിരിക്കച്ചവടക്കാരൻ. ഒരു തമാശക്കാരനായ അയാൾ കോളനിയിലേയ്ക്ക് വന്നതോടെ ത്രേസ്യാമ്മയുടെ പീഡാനുഭവങ്ങൾ തുടങ്ങുന്നു. (അദ്ധ്യായം: പീഡാനുഭവം).
 12. മരപ്പണിക്കാർ. വീടുമോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയവരാണ്, അവർ മുൻകൂർപണവും വാങ്ങി പെട്ടെന്ന് അപ്രത്യക്ഷരാകുന്നു. കേസുകൊടുക്കുവാൻ മുതിർന്ന ജോസഫേട്ടനെ വിധിയുടെ അജ്ഞാതകരങ്ങൾ എട്ടുവയസ്സുള്ള പീറ്ററെന്ന പയ്യൻന്റെ രൂപത്തിൽ വന്ന് പിൻതിരിപ്പിക്കുന്നു. (അദ്ധ്യായം: കനിവിന്റെ സ്പർശം).
 13. വലിയ റസ്റ്റോറണ്ടിൽ പാറുകുട്ടിയുടെ ഒപ്പം ഭക്ഷണം കഴിക്കുമ്പോൾ മുമ്പിലിരിക്കുന്ന 'പാവപ്പെട്ട' കുട്ടിക്ക് ഐസ്‌ക്രീം വാങ്ങിക്കൊടുത്തതോടെ ഓട്ടോവിൽ പോകാനുള്ള പണം തികയാതെ വന്നപ്പോൾ ബസ്സ്‌സ്റ്റോപ്പിലേയ്ക്കു നടക്കുമ്പോൾ ആ 'പാവപ്പെട്ട' കുട്ടിയുടെയും അമ്മയുടെയും യഥാർത്ഥസ്ഥിതി മനസ്സിലാവുന്നു. താൻ സ്വപ്നം കാണുകയാണോ എന്നറിയാൻ നുള്ളാനാവശ്യപ്പെട്ടപ്പോൾ പാറു കുട്ടിയുടെ കമന്റ്. ''അമ്മച്ചിയെ നുള്ളുകയല്ല വേണ്ടത്, ഇടിക്കുകയാ.'' (അദ്ധ്യായം: ഒരു സമരിയക്കാരിയുടെ പ്രശ്‌നങ്ങൾ).
 14. മനസ്സിന്റെ താളം തെറ്റിയ മനശ്ശാസ്ത്രജ്ഞനും അതേ നിലയിലുള്ള ഭാര്യയും. പഞ്ചസാര പൊതിഞ്ഞു കൊണ്ടുവന്ന കടലാസിലെ 'മനശ്ശാസ്ത്രജ്ഞനോടു സംസാരിക്കു' എന്ന കോളം വായിച്ചതിനെത്തുടർന്ന് ത്രേസ്യാമ്മയ്ക്കുണ്ടായ പ്രശ്‌നങ്ങൾ. (അദ്ധ്യായം: വായനയുടെ പ്രശ്‌നങ്ങൾ.)
 15. രണ്ടാമത്തെ പ്രാവശ്യം ലീവിൽ വരുമ്പോൾ ഒപ്പം കൊണ്ടുവന്ന ഫ്രണ്ട്, ത്രേസ്യാമ്മ ജോമോന്‌വേണ്ടി ആ സൂത്രണം ചെയ്ത കാര്യങ്ങളെല്ലാം തകിടം മറിക്കുന്നു. അമ്മച്ചിക്കു ഈസ്റ്ററിനു കൊണ്ടുവന്ന വിചിത്രസമ്മാനം സ്വീകരിക്കാനും തിരസ്‌കരിക്കാനും വയ്യാത്ത പരുവത്തിലാവുന്നു ത്രേസ്യാമ്മ.(അദ്ധ്യായം: അമ്മച്ചിക്കൊരു ഈസ്റ്റർ സമ്മാനം).
 16. ത്രേസ്യാമ്മയ്ക്ക്, സ്വന്തം ഭർത്താവ് ആശ്വസിപ്പിക്കാൻ എത്താത്തപ്പോൾക്കൂടി സാന്ത്വനമരുളുന്ന എല്ലാമറിയുന്ന, എല്ലാം പൊറുക്കുന്ന കർത്താവ്. (എല്ലാ അദ്ധ്യായത്തിലും നിറഞ്ഞുനിൽക്കുന്നു.)

ഈ തിരക്കഥയെക്കുറിച്ച്


1998 ല്‍ പ്രസിദ്ധീകരിച്ച ഒരു കുടുംബ പുരാണം എന്ന സ്വന്തം നോവലിനെ അടിസ്ഥാനമാക്കി ഹരികുമാര്‍ തയ്യാറാക്കിയ തിരക്കഥ. 13 എപ്പിസോഡുകളിലായി ചിത്രികരിയ്ക്കാവുന്ന രീതിയില്‍ തയ്യാറാക്കിയ ഈ തിരക്കഥ ഫീച്ചര്‍ ഫിലിമിനും, ടെലിവിഷന്‍ സീരിയലിനും അനുയോജ്യമാണ്.

ഈ തിരക്കഥ സിനിമയോ, ടെലിവിഷന്‍ സീരിയലോ, ടെലിഫിലിമോ ആക്കുന്നതിനു താത്പര്യമുള്ളവര്‍ ബന്ധപ്പെടുക......
e.harikumar.novelist@gmail.com