|| Scripts

ഒരു കുടുംബപുരാണം

ഇ ഹരികുമാര്‍

ഒരു ഡിറ്റക്ടീവായി

ഈ എപ്പിസോഡിലേയ്ക്കു വേണ്ട കഥാപാത്രങ്ങൾ

ജോസഫേട്ടൻ
ത്രേസ്യാമ്മ
പാറുകുട്ടി
ത്രേസ്യാമ്മയുടെ അനുജത്തി ക്ലാര
ഓട്ടോഡ്രൈവർ - 2

Part I

ടൈറ്റിൽ സീൻ:

രാവിലത്തെ ചായ കൂട്ടുന്ന പാറുകുട്ടി. ത്രേസ്യാമ്മ സിങ്കിൽ ചില പച്ചക്കറികൾ ഇട്ട് കഴുകുകയാണ്.

പാറുകുട്ടി: ഇതാ അമ്മച്ചീ, ജോസഫേട്ടന്റെ ചായ.

ത്രേസ്യാമ്മ: (നനഞ്ഞ കൈകൾ നോക്കി) നീ തന്നെ കൊണ്ടുപോയി കൊടുക്ക്.

പാറുകുട്ടി ഒരു തുണികൊണ്ട് കൈതുടച്ച് ഗ്ലാസ്സുമായി പോകുന്നു.

സീൻ 1:

ഉമ്മറത്ത് ജോസഫേട്ടൻ ഇരുന്ന് പേപ്പർ വായിക്കുകയാണ്. മുഖം വ്യക്തമല്ല. അകത്തുനിന്നുള്ള വാതിൽ കടന്ന് പാറുകുട്ടി ഗ്ലാസ്സുമായി വരുന്നു. ജോസഫേട്ടന്റെ അടുത്തുവന്ന് നിന്ന് പറയുന്നു.

പാറുകുട്ടി: ഇതാ ചായ.

ജോസഫേട്ടൻ മുഖമുയർത്തുന്നു.

പാറുകുട്ടിയുടെ മുഖത്ത് അദ്ഭുതം സ്ഫുരിക്കുന്നു. അവൾ ഒന്നുകൂടി സൂക്ഷിച്ചുനോക്കുന്നു. ജോസഫേട്ടൻ ഒന്നുമറിയാതെ ചായ വാങ്ങി ചുണ്ടോടടുപ്പിക്കുന്നു. ജോസഫേട്ടന്റെ മുഖം ക്ലോസപ്പ്. നരച്ച തലമുടിയും പുരികവും. മീശമാത്രം നന്നായി കറുപ്പിച്ചിരിക്കുന്നു. പാറുകുട്ടി നോക്കുന്നതൊന്നും അദ്ദേഹം കാണുന്നില്ല. പാറുകുട്ടിക്ക് ചിരി സഹിക്കുന്നില്ല. അവൾ കൈകൊണ്ട് വാ പൊത്തി അകത്തേയ്ക്ക് ഓടുന്നു.

സീൻ 2:

അടുക്കള. ത്രേസ്യാമ്മ മേശക്കരികെ ഇട്ട കസേരയിൽ ഇരുന്ന് ചായ കുടിക്കുന്നു. പാറുകുട്ടി ചിരിച്ചുകൊണ്ട് ഓടി വരുന്നു. കിതയ്ക്കുന്നുണ്ട്.

ത്രേസ്യാമ്മ: (അല്പം നീരസത്തോടെ) എന്താ പെണ്ണേ നിന്നെ ആരെങ്കിലും കിക്കിളിയാക്കിയോ?

പാറുകുട്ടി: ആ അമ്മച്ചീ. (ത്രേസ്യാമ്മ തുറിച്ചുനോക്കുന്നു. പറഞ്ഞതിലെ അബദ്ധം മനസ്സിലാക്കുന്നു) ഇല്ലമ്മച്ചീ. അമ്മച്ചിയൊന്ന് പോയി നോക്കിയേ....

ത്രേസ്യാമ്മ: എന്ത് പെണ്ണേ?

പാറുകുട്ടി: ജോസഫേട്ടനെ ഒന്ന് പോയി നോക്കിയേ. മോത്ത് എന്താണ്ടൊക്കെ.....

ത്രേസ്യാമ്മ ഗ്ലാസ്സ് മേശപ്പുറത്തു വച്ച് പോകുന്നു.

പാറുകുട്ടിയ്ക്ക് ചിരി അടക്കാൻ പറ്റുന്നില്ല. ഉറക്കെ ചിരിക്കുന്ന പാറുകുട്ടിയുടെ മുഖം ക്ലോസപ്പിൽ.

സീൻ 3 എ:

ഉമ്മറത്ത് കസേലയിലിരുന്ന് പത്രം വായിക്കുന്ന ജോസഫേട്ടൻ. കയ്യിൽ ഒരു കപ്പ് ചായ. ചായ കുടിക്കാതെ കയ്യിൽ പിടിച്ചിരിക്കുകയാണ്. അതുപോലെ പത്രവും വായിക്കാതെ ഇടത്തെ കയ്യിൽ വെറുതെ പിടിച്ചിരിക്കുകയാണ്. എന്തോ അഗാധമായ ചിന്തയിലാണ് അദ്ദേഹം.

അകത്തു നിന്നുള്ള വാതിൽ കടന്ന് ത്രേസ്യാമ്മ ഉമ്മറത്തേയ്ക്കു വരുന്നു. ജോസഫേട്ടന്റെ അടുത്തേയ്ക്കു നടന്നു വരുന്നു. ത്രേസ്യാമ്മ കാണുംവിധത്തിൽ ജോസഫേട്ടന്റെ മുഖം ക്ലോസപ്പിൽ സൂം ചെയ്ത് കാണിക്കണം. പെട്ടെന്ന് ത്രേസ്യാമ്മയ്ക്ക് ചിരി പൊട്ടുന്നു. അവൾ അടുത്തു ചെന്ന് ജോസഫേട്ടന്റെ മുഖം പരിശോധിക്കുന്നു. ചിരി സഹിക്കുന്നില്ല.

ത്രേസ്യാമ്മ അടുത്തു വന്നതും മുഖത്തേയ്ക്കു നോക്കിയതുമൊന്നും ജോസഫേട്ടൻ അറിയുന്നില്ല. അദ്ദേഹം വലിയ ചിന്തയിലാണ്. പെട്ടെന്ന് എന്തോ ഓർത്ത് അദ്ദേഹം പുഞ്ചിരിക്കുന്നു. ത്രേസ്യാമ്മയുടെ മുഖം മാറുന്നു. എന്തോ അദ്ഭുതം കണ്ടപോലെ അവർ നിൽക്കുന്നു. ജോസഫേട്ടൻ അപ്പോഴും പത്രം ഇടത്തെ കയ്യിൽ വെറുതെ പിടിക്കുകയല്ലാതെ വായിക്കുന്നില്ല. അതുപോലെ ചായക്കപ്പും വെറുതെ കയ്യിൽ വയ്ക്കുകയല്ലാതെ കുടിക്കുന്നില്ല. ഇടയ്ക്കിടയ്ക്ക് എന്തോ ഓർത്ത് ചിരിക്കുകയും.

ത്രേസ്യാമ്മ വേവലാതി പിടിച്ച് അകത്തേയ്ക്ക് ഓടുന്നു.

സീൻ 3 ബി:

അടുക്കളയിൽ പാത്രം കഴുകുന്ന പാറുകുട്ടി. മുഖത്ത് അപ്പോഴും ചിരിയുണ്ട്. ത്രേസ്യാമ്മ ധൃതിയിൽ അടുക്കളയിലേയ്ക്ക് വരുന്നു.

പാറുകുട്ടി: (ചിരിച്ചുകൊണ്ട്) അമ്മച്ചി കണ്ടോ?

ത്രേസ്യാമ്മ ഒന്നും പറയാതെ ചുമരരുകിൽ വെറും നിലത്ത് ഇരിക്കുന്നു. തലയിൽ കയ്യും വച്ചിട്ടുണ്ട്.

പാറുകുട്ടി: എന്തു പറ്റീ അമ്മച്ചീ?

അവൾ ത്രേസ്യാമ്മയുടെ അടുത്തേയ്ക്ക് ഓടി വരുന്നു.

ത്രേസ്യാമ്മ: (ആത്മഗതം) കർത്താവേ ഇയ്യാക്ക് എന്താ പറ്റീത്?

പാറുകുട്ടി: എന്തു പറ്റീ അമ്മച്ചീ?

ത്രേസ്യാമ്മ: അല്ലാ, അതിയാന് ഇപ്പോ ഇതിന്റെയൊക്കെ വല്ല ആവശ്യമുണ്ടോടീ?

പാറുകുട്ടി: ഏതിന്റെ, അമ്മച്ചീ?

ത്രേസ്യാമ്മ: അല്ല, മീശേമ്മല് ഇങ്ങനെ ഓരോന്ന് തേച്ച് പിടിപ്പിച്ച്.....

പാറുകുട്ടി: നല്ല ഭംഗീണ്ട് അല്ലെ അമ്മച്ചീ?

ത്രേസ്യാമ്മ: (ദ്വേഷ്യത്തോടെ) എന്തൂട്ട് ഭംഗീ?

ത്രേസ്യാമ്മ ആലോചിക്കുന്നു. അച്ചായന്റെ അക്ഷോഭ്യനായ ആ ഇരുത്തം അവർ മനസ്സിൽ കാണുന്നത് ഫ്‌ളാഷ്ബാക്കായി കാണിക്കണം.

ത്രേസ്യാമ്മ: (എഴുന്നേറ്റുകൊണ്ട്) പാറുകുട്ടീ......

പാറുകുട്ടി: എന്തോ.

ത്രേസ്യാമ്മ: നമുക്ക് ഇതൊന്നറിയണം.

പാറുകുട്ടി: എന്ത് അമ്മച്ചീ?

ത്രേസ്യാമ്മ: അച്ചായൻ പ്രേമത്തിലാണ്ന്നാണ് തോന്നണത്.

പാറുകുട്ടി: ജോസഫേട്ടനോ? ഈ വയസ്സു കാലത്തോ?

ത്രേസ്യാമ്മ: എന്തെടീ ജോസഫേട്ടന് അത്രയൊന്നും വയസ്സായിട്ടില്ല. പോരാത്തേന് പ്രേമം എപ്പഴാ ഉണ്ടാവ്വാന്നൊന്നും പറയാൻ പറ്റില്ലല്ലോ.

അന്തം വിട്ടു നിൽക്കുന്ന പാറുകുട്ടിയുടെ മുഖം ക്ലോസപ്പിൽ.

പാറുകുട്ടി: അമ്മച്ചീ വയസ്സായോർക്ക് ചെറുപ്പക്കാരികളോട് പ്രേമം തോന്നുവോ?

ത്രേസ്യാമ്മ: ഊം, എന്താ തോന്നാതെ?

പാറുകുട്ടി: അപ്പോ....

അവൾ സംശയിച്ചുകൊണ്ട് നിൽക്കുന്നു

ത്രേസ്യാമ്മ: എന്തെടീ?

പാറുകുട്ടി: ജോസഫേട്ടന് എന്നോടായിരിക്കുമോ പ്രേമം?

ത്രേസ്യാമ്മ: (ഉറക്കെ) നിന്നോടോ? എന്നിട്ട് നീയെന്താണ് എന്നൊടൊന്നും പറയാതിരുന്നത്?

പാറുകുട്ടി: എനിക്കറിയില്ല അമ്മച്ചീ, ഞാൻ ചോദിച്ചതാ.

ത്രേസ്യാമ്മ പാറുകുട്ടിയെ ആകെയൊന്ന് ഉഴിഞ്ഞു നോക്കുന്നു. കാമറ പാറുകുട്ടിയെ അടിമുതൽ മുടിവരെ കാണിക്കണം.

ത്രേസ്യാമ്മ: നെന്നോട് പ്രേമംണ്ടായാൽ കുറ്റൊന്നും പറയാനില്ല. (ഒരു നിമിഷനേരത്തെ ആലോചനയ്ക്കു ശേഷം) ആട്ടെ ജോസഫേട്ടൻ നിന്നെ നോക്കി ചിരിച്ചുവോ?

പാറുകുട്ടി: ഇന്ന് ചിരിച്ചതൊന്നുംല്ല്യ. പക്ഷെ സാധാരണ ചിരിക്കാറ്ണ്ട്.

ത്രേസ്യാമ്മ (ഞെട്ടിക്കൊണ്ട്) ങേ! (പാറുകുട്ടിയെ തുറിച്ചു നോക്കുന്നു.)

ത്രേസ്യാമ്മ ആലോചനയിലാണ്. അങ്ങോട്ടുമിങ്ങോട്ടും നാലു ചാൽ നടന്നശേഷം തിരിഞ്ഞു നിൽക്കുന്നു.

ത്രേസ്യാമ്മ: പാറുകുട്ടി, നീയൊരു ചായകൂട്ടി ജോസഫേട്ടന് കൊണ്ടുപോയികൊടുക്ക്. എന്തു പറയുന്നു എന്ന് നോക്കാം. നെന്നോടാണ് പ്രേമംച്ചാല് അതു കാണിക്കാതിരിക്കില്ല.

പാറുകുട്ടി (ഉത്സാഹത്തോടെ) ശരിയാ അമ്മച്ചീ.

അവൾ വേഗം ചായ കൂട്ടുന്നു.

ത്രേസ്യാമ്മ: ഞാൻ ഒന്നുകൂടി പോയി നോക്കട്ടെ.

ത്രേസ്യാമ്മ പോകുന്നു.

സീൻ 3 സി:

ജോസഫേട്ടൻ അതേ ഇരിപ്പുതന്നെ കയ്യിൽ പത്രം മാത്രം. ചായ കുടിച്ച് കപ്പ് മേശമേൽ വച്ചിരിക്കുന്നു. വാതിൽ നടന്ന് ത്രേസ്യാമ്മ പതുങ്ങി വരുന്നു. ജോസഫേട്ടൻ കണ്ട ഭാവമേയില്ല. അവർ വേവലാതിപ്പെട്ട് തിരിഞ്ഞു പോകുന്നു.

സീൻ 3 ഡി:

അടുക്കളയിൽ പാറുകുട്ടി ചായയുണ്ടാക്കൽ കഴിഞ്ഞിരിക്കുന്നു. ഉണ്ടാക്കിയ ചായ ഒരു കപ്പിൽ പകരുകയാണ്.

ത്രേസ്യാമ്മ: എടീ അതേ ഇരുപ്പുതന്നാ.

പാറുകുട്ടി: അമ്മച്ചീ ഞാനീ ചായ കൊടുത്തുനോക്കാം.

അവൾ ചായക്കപ്പെടുത്ത് പോകാൻ നോക്കുന്നു. പെട്ടെന്ന് പരിഭ്രമമായി കപ്പ് താഴെ വയ്ക്കുന്നു.

പാറുകുട്ടി: അമ്മച്ചീ ഞാനിപ്പ വരാം.

ത്രേസ്യാമ്മ: (അതിലേറെ പരിഭ്രമത്തോടെ) നീ എങ്ങോട്ടാണ് പോണത്?

പാറുകുട്ടി അതിനു മറുപടി പറയുന്നില്ല. അവൾ അടുക്കളയോടു ചേർന്ന കുളിമുറിയിലേയ്ക്ക് ധൃതിയിൽ പോകുന്നു.

സീൻ 3 ഇ:

കുളിമുറിയിൽ പാറുകുട്ടി. കണ്ണാടിയിൽ നോക്കി മുഖത്തെ എണ്ണമയം തോർത്തുകൊണ്ട് തുടയ്ക്കുന്നു. പൗഡറെടുത്തിടുന്നു. കണ്ണാടിയിൽ നോക്കി തൃപ്തിവരാതെ വീണ്ടും പൗഡറെടുത്തണിയുന്നു.

സീൻ 3 എഫ്:

കുളിമുറിയിൽനിന്ന് പുറത്തുവരുന്ന പാറുകുട്ടി. സുന്ദരിയായിരിക്കുന്നു. ത്രേസ്യാമ്മ അവളെ സംശയത്തോടെ നോക്കുന്നു. എന്താണ് ഒരുമ്പെട്ടോളുടെ ഭാവം എന്ന മട്ടിൽ. പാറുകുട്ടി ഒന്നും പറയാതെ ചായക്കപ്പെടുത്ത് പോകുന്നു. ഒരകലത്തിൽ പതുങ്ങിപ്പതുങ്ങിക്കൊണ്ട് ത്രേസ്യാമ്മയും പോകുന്നു. ത്രേസ്യാമ്മയുടെ പിന്നാലെ കാമറ. ഉമ്മറത്തേയ്ക്കുള്ള ജനലിനരികെ ത്രേസ്യാമ്മ നിൽക്കുന്നു.

സീൻ 4:

ഉമ്മറത്ത് ജോസഫേട്ടൻ അതേ ഇരിപ്പുതന്നെയാണ്. പേപ്പർ മടക്കി വച്ചിട്ടുണ്ടെന്നു മാത്രം. പാറുകുട്ടി ഒരു പുഞ്ചിരിയോടെ ജോസഫേട്ടനെ സമീപിക്കുന്നു. ജോസഫേട്ടൻ അവളെ ശ്രദ്ധിക്കുന്നില്ല. എന്തോ ആലോചനയിൽത്തന്നെയാണ്. പാറുകുട്ടി മുമ്പിൽ ചെന്നുനിന്ന് ചിരിച്ചുകൊണ്ട് കപ്പുനീട്ടുന്നു. പാറുകുട്ടിയുടെ മുഖം ശ്രദ്ധിക്കാതെ ജോസഫേട്ടൻ കപ്പു വാങ്ങി ചായ കുടിക്കുന്നു. ഒരു നിമിഷം അവിടെ ശ്രദ്ധിക്കപ്പെടാതെ നിന്നപ്പോൾ പാറുകുട്ടി നേരത്തെ ചായ കുടിച്ചുവച്ച ഗ്ലാസ്സ് എടുത്ത് തിരിച്ചു നടക്കുന്നു. അവളുടെ മുഖം മ്ലാനം.

സീൻ 5:

അടുക്കളയിൽ പാറുകുട്ടി മേശക്കരികിൽ നിൽക്കുകയാണ്. ത്രേസ്യാമ്മ വരുന്നു. പാറുകുട്ടിയുടെ മുഖം വല്ലാതെ ഇരിക്കുന്നു.

ത്രേസ്യാമ്മ: എന്തു പറ്റീ പാറുകുട്ടീ?

പാറുകുട്ടി: ഒന്നുമില്ലമ്മച്ചീ.

പാറുകുട്ടി മുഖം തിരിക്കുന്നു. കാമറ മറ്റൊരു കോണിൽനിന്ന് പാറുകുട്ടിയുടെ ഷോട്ടെടുക്കണം. സങ്കടം നിറഞ്ഞ മുഖം. കണ്ണിൽ നിറഞ്ഞ ജലം.

ത്രേസ്യാമ്മ: എടീ നീ ശ്രദ്ധിച്ച്വോ? അച്ചായൻ ആ ചായ മുഴുവൻ കുടിച്ചു. സാധാരണ മൂന്നാമത്തെ ചായ പ്രാതലിന്റെ ഒപ്പല്ലേ കുടിക്കാറ്. അതൊക്കെ മറന്നു പോയീന്ന് തോന്നുണു.

പാറുകുട്ടി ഒന്നും പറയുന്നില്ല.

ത്രേസ്യാമ്മ: പാറുകുട്ടീ, ഞാനൊന്നുകൂടി പോയി നോക്കട്ടെ. എന്താ അച്ചായന് പറ്റീത്ന്ന് അറിയണല്ലോ.

(ത്രേസ്യാമ്മ പോകുന്നു. പാറുകുട്ടി ഒരു മിനുറ്റ് സംശയിച്ചു നിന്നശേഷം അവരുടെ പിന്നാലെ പോകുന്നു.)

സീൻ 6:

കിടപ്പറയിൽ ജോസഫേട്ടൻ ധൃതിയിൽ പുറപ്പെടുകയാണ്. അലമാറിയിൽനിന്ന് അലക്കിത്തേച്ച സ്റ്റൈലൻ വരയൻ ഷർട്ടെടുത്തിട്ടു. കസവുകരയുള്ള മുണ്ടെടുത്തുടുത്തു. അലമാറിയുടെ കണ്ണാടിയിൽ നോക്കി തലമുടി നേരെയാക്കുന്നു. കാമറ തിരിയുന്നത് ഇതെല്ലാം അദ്ഭുതത്തോടെ വാതിൽക്കൽ നോക്കി നിൽക്കുന്ന ത്രേസ്യാമ്മയിലേയ്ക്കാണ്. പിന്നിൽ പാറുകുട്ടിയുമുണ്ട്.

ജോസഫേട്ടൻ തിരിഞ്ഞുനോക്കുമ്പോൾ കാണുന്നത് ഇവരെയാണ്.

ജോസഫേട്ടൻ: കൊച്ചുത്രേസ്യേ ഞാനൊന്ന് ടൗണിലോട്ടു പോയി വരാം.

ത്രേസ്യാമ്മ: (കുറച്ചു നീരസത്തോടെ) എങ്ങോട്ടാ ഇത്ര നേരത്തെത്തന്നെ?

ജോസഫേട്ടൻ അദ്ഭുതത്തോടെ അവരെ നോക്കുന്നു. പിന്നെ കുറച്ച് അടുത്തുവന്നുകൊണ്ട് പറയുന്നു.

ജോസഫേട്ടൻ: ഇങ്ങനത്തെ ചോദ്യൊന്നും പതിവില്ലല്ലോ കൊച്ചുത്രേസേ, ഇന്നെന്താ ഇത്ര പ്രത്യേകത?

ത്രേസ്യാമ്മ: (നീരസത്തോടെ) അല്ലാ ഭക്ഷണൂം കഴിക്കാതെ എങ്ങാട്ടാന്നു ചോദിച്ചതാ.

ജോസഫേട്ടൻ (ആ കാര്യം ഓർക്കുന്ന മട്ടിൽ) ങാ, സാരല്ല്യ, ഇനി വന്നിട്ടാവാം.

ജോസഫേട്ടൻ പോകാനായി വാതിൽക്കൽ വരെ വരുന്നു. ഇപ്പോഴേയ്ക്ക് ത്രേസ്യാമ്മയും പാറുകുട്ടിയും മുറിയുടെ നടുവിലെത്തിയിരിക്കുന്നു. ജോസഫേട്ടൻ പെട്ടെന്ന് എന്തോ ഓർത്ത് തിരിച്ചുവരുന്നു. ചുമരിൽ ആണിമേൽ തൂക്കിയിട്ട ഷർട്ടിൽനിന്ന് ഒരു പോസ്റ്റ്കാർഡ് വലുപ്പത്തിലുള്ള ഫോട്ടോ എടുത്ത് നോക്കുന്നു. ഒരു ഇരുപതുകാരി സുന്ദരിയുടെ ഫോട്ടോവാണത്. ത്രേസ്യാമ്മ ഒരു നോട്ടം കാണുന്നുണ്ടത്. ഫോട്ടോ ധൃതിയിൽ പോക്കറ്റിലിട്ട് ജോസഫേട്ടൻ പോകുന്നു.

ത്രേസ്യാമ്മ: (പാറുകുട്ടിയോട്) പോഴത്തായി.

പാറുകുട്ടി: എന്ത് അമ്മച്ചീ?

ത്രേസ്യാമ്മ: നീ കണ്ടോ, ഇന്നലെ അഴിച്ചിട്ട ആ ഷർട്ടിലുണ്ടായിരുന്നു.

പാറുകുട്ടി: എന്ത് അമ്മച്ചീ?

ത്രേസ്യാമ്മ: എടി പൊട്ടീ, ആ പെണ്ണിന്റെ ഫോട്ടോ. ഒരു ചെറുപ്പക്കാരിയാ. നമ്മള് ഇന്നലെത്തന്നെ ആ ഷർട്ടിന്റെ പോക്കറ്റ് നോക്കണ്ടതായിരുന്നു.

പാറുകുട്ടി: അതിന് അമ്മച്ചി, ജോസഫേട്ടൻ പോക്കറ്റില് പെൺപിള്ളാര്‌ടെ ഫോട്ടോ ഇട്ടോണ്ട് നടക്ക്വാണ്ന്ന് നമ്മ ഓർത്തോ.

ത്രേസ്യാമ്മ: (ദ്വേഷ്യത്തോടെ) നീയെന്താണ് കൊച്ചേ അങ്ങനെ പറേണത്. ആരടെ ഫോട്ടോ ആണെന്നൊന്നും ഞാങ്കണ്ടില്ല.

പാറുകുട്ടി: അമ്മച്ചി തന്നാ പറഞ്ഞത് നല്ലൊരുപെൺകൊച്ചിന്റെ ഫോട്ടോ ആണെന്ന്.

ത്രേസ്യാമ്മ: ഞാമ്പറഞ്ഞോ?

പാറുകുട്ടി: ങാ.

ത്രേസ്യാമ്മ: പിന്നെ നീയൊരു കാര്യം ശ്രദ്ധിച്ചോ പെണ്ണേ, എട്ടുമണിക്ക് ചായേം പലഹാരോം കിട്ടിയില്ലെങ്കില് ബഹളണ്ടാക്കണ ആളാണ് ഇന്ന് ഭക്ഷണം കഴിക്കാൻ തന്നെ മറന്നത്.

പാറുകുട്ടി: ശരിയാ അമ്മച്ചീ.

അവർക്കിടയിൽ ഒരു മൂകത വ്യാപിക്കുന്നു. രണ്ടുപേരും തലതാഴ്ത്തി നടന്നുപോകുന്നു.

സീൻ 7:

അടുക്കള. പാറുകുട്ടി അടുപ്പത്ത് എന്തോ ഇളക്കുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് ചൂട്ടഴിയിൽക്കൂടി പുറത്തേയ്ക്കു നോക്കിനിൽക്കുന്നുണ്ട്. ത്രേസ്യാമ്മ മേശമേൽ വച്ച് പച്ചക്കറികൾ നുറുക്കുകയാണ്.

പാറുകുട്ടി: (പെട്ടെന്ന്) അമ്മച്ചീ, ജോസഫേട്ടൻ വരുന്നൊണ്ട്.

ത്രേസ്യാമ്മ ഒന്നും പറയുന്നില്ല.

പാറുകുട്ടി: അമ്മച്ചീ, ദേണ്ടേ ജോസഫേട്ടൻ!

ത്രേസ്യാമ്മ അദ്ഭുതത്തോടെ പാറുകുട്ടിയെ നോക്കുന്നു. ഇതിലെന്താണ് വിശേഷമെന്ന മട്ടിൽ.

പാറുകുട്ടി: ദേ, ജോസഫേട്ടൻ മിറ്റത്തെത്തീ.

ത്രേസ്യാമ്മവീണ്ടും അദ്ഭുതത്തോടെ പാറുകുട്ടിയെ നോക്കുന്നു. പെട്ടെന്ന് ഓർമ്മ വരുന്നു.

ത്രേസ്യാമ്മ: അരണടെ ബുദ്ധിയാണ് എനിക്ക്. ഞാനതു മറന്നേ പോയി.

ത്രേസ്യാമ്മ കത്തിയും പച്ചക്കറിയും മേശപ്പുറത്ത് ഇട്ട് ധൃതിയിൽ കൈതുടച്ച് ഉമ്മറത്തേയ്ക്ക് ഓടുന്നു. പാറുകുട്ടി ഒരു ഗ്ലാസ്സിൽ വെള്ളവുമായി പിന്നാലെ ഓടുന്നുണ്ട്.

End of Part I

Part II

സീൻ 8:

ഉമ്മറത്ത് ജോസഫേട്ടൻ തുറന്ന വാതിലിലൂടെ അകത്തു കയറുന്നു. ആകെ വിയർത്തിട്ടുണ്ട്. അകത്തെ വാതിൽ കടന്ന് ഓടിയെത്തുന്ന ത്രേസ്യാമ്മയും പാറുകുട്ടിയും. വാതിൽ കടന്നതും ജോസഫേട്ടനെ കാണുമ്പോൾ ഓട്ടം നിർത്തി അറിയാത്ത ഭാവത്തിൽ നടത്തമാക്കുന്നു.

സീൻ 8എ:

ജോസഫേട്ടൻ ഷർട്ട് ഊരിയശേഷം പാറുകുട്ടി കൊടുത്ത വെള്ളം കുടിക്കുന്നു. ആകെ വിയർത്തിട്ടുണ്ട്. ത്രേസ്യാമ്മയുടെ കണ്ണുകൾ ഭർത്താവ് ഊരി കയ്യിൽ പിടിച്ചിരിക്കുന്ന ഷർട്ടിലായിരുന്നു. ഒന്നുരണ്ടു പ്രാവശ്യം അതു വാങ്ങാൻ അവർ ശ്രമിച്ചു. പക്ഷെ അവർ അതു തൊടാൻ പോകുമ്പോഴേയ്ക്ക് ജോസഫേട്ടൻ അതു മറ്റെ കയ്യിലേക്കു മാറ്റും. ഇനിയുണ്ടാകുന്ന ഡയലോഗിനിടയിൽ ഈ അഭ്യാസം തുടരുന്നുണ്ട്.

ജോസഫേട്ടൻ: ത്രേസ്യേ, എനിക്കെന്താണിന്ന് വല്ലാത്ത വിശപ്പ്.

ത്രേസ്യാമ്മ: ഇപ്പപ്പോഴായി ഭക്ഷണം കഴിക്കാനും കൂടി മറക്കുന്നുണ്ട്.

ജോസഫേട്ടൻ: എന്തേ, ഞാനിന്ന് ഒന്നും തിന്നില്ലേ?

ത്രേസ്യാമ്മ: (പരിഭവത്തോടെ) ഇല്ല, അതിനു മുമ്പല്ലെ ധൃതിപിടിച്ച് പോയത്? എങ്ങോട്ടാണ് രാവിലെത്തന്നെ പോയത്?

അതിനു മറുപടി പറയാതെ ജോസഫേട്ടൻ ഷർട്ടെടുത്ത് ഭാര്യയുടെ കയ്യിൽ കൊടുക്കുന്നു

ജോസഫേട്ടൻ: നീ ഇതൊന്ന് വിരിച്ചിട്. ആകെ വിയർത്തിരിക്കുന്നു. പാറുകുട്ടി ഒരു ചായയുണ്ടാക്ക്.

ത്രേസ്യാമ്മ അദ്ഭുതത്തോടെ അതു വാങ്ങുന്നു. അർത്ഥഗർഭമായി പാറുകുട്ടിയെ നോക്കുന്നു. അവളുടെ മുഖത്തും അദ്ഭുതമുണ്ട്.

ജോസഫേട്ടൻ: പാറുകുട്ടീ, ചായയുണ്ടാക്ക്. ഇന്നെന്താണ്? ദോശയോ?

പാറുകുട്ടി: അല്ല ഇഡ്ഡലി. നാളികേരച്ചട്ടിണീംണ്ട്.

ജോസഫേട്ടൻ: എന്നാൽ ചായണ്ടാക്ക്. ഞാനൊന്ന് കുളിച്ചിട്ടു വരാം.

സീൻ 8ബി:

ജോസഫേട്ടൻ കുളിമുറിയിലേയ്ക്ക് കയറുന്നത് കിടപ്പുമുറിയുടെ വാതിലിൽക്കൂടി കാണാം. ത്രേസ്യാമ്മയും പാറുകുട്ടിയും അതു നോക്കിനിൽക്കുന്നു. ജോസഫേട്ടൻ വാതിലടച്ചുകഴിഞ്ഞ ഉടനെ അവർ ഷർട്ടിന്റെ പോക്കറ്റു പരിശോധന തുടങ്ങുന്നു. ത്രേസ്യാമ്മ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ഒരു ഫോട്ടോ പുറത്തെടുത്തു നോക്കുന്നു. ഫോട്ടോ ക്ലോസപ്പിൽ. 20-22 വയസ്സായ ഒരു സുന്ദരിയുടെ ഫോട്ടോ. ത്രേസ്യാമ്മയുടെയും ഒപ്പം നിന്ന് ഫോട്ടോ നോക്കുന്ന പാറുകുട്ടിയുടെയും മുഖത്ത് സമ്മിശ്രഭാവം.

ത്രേസ്യാമ്മ: ഈ കൊച്ചിനെ എവിടെയോ കണ്ടിട്ടൊണ്ട്. അല്ലെടീ?

പാറുകുട്ടി: ആ, അറിയാമ്പാട്‌ല.

ത്രേസ്യാമ്മ: ഇവിടെ അടുത്ത് തന്നെള്ള വല്ല പെമ്പിള്ളാരും ആയിരിക്കും. അതാണ് എടക്കിടയ്ക്ക്..........

പെട്ടെന്ന് പാറുകുട്ടിയുടെ മുഖത്തു നോക്കുന്നു.

ത്രേസ്യാമ്മ: എടീ നീയെന്താണ് നോക്കി നിക്കണത്. പോയി ചായണ്ടാക്ക്. പിള്ളാര് ഇപ്പോ വരാൻ തൊടങ്ങും. പിന്നെ ഒന്നിനും നേരം കിട്ടില്ല.

പാറുകുട്ടി പോകുന്നു. അവളുടെ മുഖം പ്രസന്നമല്ല.

സീൻ 9:

അടുക്കളയിൽ പച്ചക്കറി നുറുക്കുന്ന ത്രേസ്യാമ്മ. പാറുകുട്ടി അടുപ്പത്ത് എന്തോ വച്ച് ഇളക്കുകയാണ്. ത്രേസ്യാമ്മയുടെ മുഖം വല്ലാതെയിരിക്കുന്നു.

ത്രേസ്യാമ്മ ഇടയ്ക്കിടയ്ക്ക് പാറുകുട്ടിയെ നോക്കുന്നുണ്ട്. എന്താണ് ആശ്വസിപ്പിക്കാൻ ഒന്നും പറയാത്തതെന്ന മട്ടിൽ. അവസാനം പച്ചക്കറികളും കത്തിയും മേശപ്പുറത്ത് ഇട്ട് അവർ പറയുന്നു.

ത്രേസ്യാമ്മ: എടീ കൊച്ചേ......

പാറുകുട്ടി ഞെട്ടുന്നു. അവളും അവളുടേതായ ഒരു ലോകത്തിലായിരുന്നു.

പാറുകുട്ടി: എന്താ അമ്മച്ചീ?

ത്രേസ്യാമ്മ: അല്ലാ, നീതന്നെ പറേ.....

പാറുകുട്ടി: എന്ത് അമ്മച്ചീ?

ത്രേസ്യാമ്മ: ഇങ്ങനെയൊക്കെയായാൽ ഞാനെന്താ ചെയ്യാ? ഇത്ര കൊല്ലം ഒരുമിച്ച് കഴിഞ്ഞ് ഈ വയസ്സു കാലത്ത്.....

പാറുകുട്ടി: അമ്മച്ചീ ഒരു കാര്യം ചെയ്യൂ.

ത്രേസ്യാമ്മ: എന്ത്, പറേ കൊച്ചേ.

പാറുകുട്ടി: അമ്മച്ചീ ആരോടെങ്കിലും ജോസഫേട്ടനോട് ഒന്നു പറയാൻ പറ.

ത്രേസ്യാമ്മ: (പെട്ടെന്ന് വാതിൽക്കലേയ്ക്കു നോക്കിയിട്ട്) പെണ്ണേ പതുക്കെ പറ. അതിയാൻ മാർക്കറ്റീന്ന് വരേണ്ട നേരായി. നീ കണ്ടില്ലേ പെണ്ണേ, മാർക്കറ്റീ പോണ്ട കാര്യം പറഞ്ഞപ്പോ അയാക്കടെ ഒരു കാട്ടായം. ഏതു മാർക്കറ്റില്ന്ന്. ഈ ലോകത്തൊന്നും അല്ല.

പെട്ടെന്ന് ബെല്ലടിക്കുന്നു. ത്രേസ്യാമ്മ ഞെട്ടി പച്ചക്കറികളും കത്തിയുമെടുത്ത് ധൃതിയിൽ നുറുക്കുന്നു.

പാറുകുട്ടി: അത് സജിയെ കൊണ്ടുവന്നു വിട്ടതാ അമ്മച്ചീ.

ത്രേസ്യാമ്മ: ഇനി പിള്ളാരും ഓരോരുത്തരായി വരും. അവര്‌ടെ കാര്യം നോക്കാനെ എനിക്ക് എടണ്ടാവു. അതിന്റെ എടേല് ഞാനെന്താ ചെയ്യാ? നീ എന്താ പറഞ്ഞത് പെണ്ണേ?

പാറുകുട്ടി: ഞാനോ? അതേയ്.... അമ്മച്ചി വെഷമിക്കാതെ ആരോടെങ്കിലും ജോസഫേട്ടനെ ഒന്ന് ഉപദേശിക്കാൻ പറ.

പെട്ടെന്ന് ഒരു പോംവഴി കിട്ടിയപോലെ ത്രേസ്യാമ്മയുടെ മുഖം തെളിയുന്നു.

ത്രേസ്യാമ്മ: ശരിയാ, ഞാൻ ക്ലാരടെ അട്ത്ത് പോയി വരാം.

പാറുകുട്ടി: ഉച്ചയ്ക്ക് ഊണു കഴിഞ്ഞിട്ട് പോയാ മതി അമ്മച്ചീ. അല്ലേല് ജോസഫേട്ടൻ ചോദിച്ചാ എന്താ പറയ്യാ?

ത്രേസ്യാമ്മ: അതു ശരിയാ.

സജി അടുക്കള വാതിൽ കടന്ന് വരുന്നു.

സജി: ആന്റീ.....

ത്രേസ്യാമ്മ: മോൻ പോയി ഉമ്മറത്തിരിക്ക്. ആന്റി ഇപ്പ വരാം.

വീണ്ടും ബെല്ലടിക്കുന്നു.

ത്രേസ്യാമ്മ: ചെല്ല്. വേറെ ആരോ വന്നിട്ട്ണ്ട്. നീ പോയി ഒപ്പം കളിച്ചോ. ആന്റി ഇപ്പ വരാം.

പാറുകുട്ടി: അമ്മച്ചീ ഞാൻ പോവാം. ശൈലജ ചേച്ചിയായിരിക്കും. കൊച്ചിനേം കൊണ്ട് വന്നതാ.

അവൾ സജിയെയും കൂട്ടി പോകുന്നു. ത്രേസ്യാമ്മ കയ്യിലുള്ള പച്ചക്കറിയും കത്തിയും കുറച്ച് ദ്വേഷ്യത്തോടെ മേശപ്പുറത്തിടുന്നു.

സീൻ 10.

ഉച്ചയ്ക്ക് ഊണു കഴിഞ്ഞുള്ള സമയം. പാറുകുട്ടി ഊൺമേശ തുടച്ചു വൃത്തിയാക്കുന്നു. കുട്ടികൾ ഊണു കഴിഞ്ഞ് ഓരോ സ്ഥലത്ത് ചെന്നിരിക്കുന്നു. ജോസഫേട്ടൻ ദീവാനിൽ കിടന്ന് എന്തോ വായിക്കുകയാണ്. ത്രേസ്യാമ്മ ശൈലജയുടെ കുട്ടിയെ എടുത്തുകൊണ്ട് നിൽക്കുകയാണ്. പാറുകുട്ടിയെ തോണ്ടി അകത്തേയ്ക്കു വരാൻ ആംഗ്യം കാണിക്കുന്നു.

പാറുകുട്ടി: (പെട്ടെന്ന് ഉറക്കെ) എന്താ അമ്മച്ചീ?

ത്രേസ്യാമ്മ ഞെട്ടി എല്ലാവരേയും നോക്കുന്നു. ജോസഫേട്ടൻ തലയുയർത്തി നോക്കി വീണ്ടും വായന തുടരുന്നു. കുട്ടികളുടെ ശ്രദ്ധയും പാറുകുട്ടിയിൽ. ത്രേസ്യാമ്മ പാറുകുട്ടിയുടെ അടുത്തു ചെന്ന് പല്ലിറുമ്മിക്കൊണ്ട് പറയുന്നു.

ത്രേസ്യാമ്മ: എടീ ഞാൻ നിന്നെ സ്വകാര്യായിട്ട് വിളിച്ചതാ, അകത്തേയ്ക്ക് വരാൻ.

പാറുകുട്ടി: (സ്വരം താഴ്ത്തി) ഇപ്പ വരാം അമ്മച്ചീ.

ത്രേസ്യാമ്മ ശൈലജയുടെ മോളെ കൊഞ്ചിച്ചുകൊണ്ട് അകത്തേയ്ക്കു പോകുന്നു, അസ്വാഭാവികമായി ഒന്നുമില്ലെന്ന മട്ടിൽ. പോകുമ്പോൾ ഇടംകണ്ണിട്ട് ജോസഫേട്ടനെയും നോക്കുന്നുണ്ട്.

സീൻ 11:

അകത്തളത്തിൽ കാത്തുനിൽക്കുന്ന ത്രേസ്യാമ്മ. ഉമ്മറവാതിൽ കടന്ന് പാറുകുട്ടി അകത്തേയ്ക്കു വരുന്നു. കയ്യിൽ മേശതുടച്ച ശീലയും കുറച്ചു പാത്രങ്ങളുമുണ്ട്.

ത്രേസ്യാമ്മ: എടീ നീ ഈ കൊച്ചിനെയൊന്ന് എട്ക്ക്. ഞാൻ പെട്ടെന്ന് ക്ലാരടെ അട്ത്ത് പോയി വരാം. ആരും അറിയണ്ട. നീ പിള്ളാരെ നല്ലോണം നോക്കണം. ജോസഫേട്ടൻ ഇപ്പ കെടന്ന് ഒറക്കാവും. ഇനി മൂന്നര മണിക്കേ ഒണരൂ. അതിനുള്ളിൽ ഞാൻ തിരിച്ചെത്താം. ഞാൻ പോണ കാര്യം പിള്ളാര് അറിയണ്ട. നീ അവരെ കൂട്ടി പിന്നിലെ മുറ്റത്ത് കളിപ്പിച്ചാ മതി.

പാറുകുട്ടി: (സ്വരം താഴ്ത്തി) ശരി അമ്മച്ചീ.

പാറുകുട്ടി അടുക്കളഭാഗത്തേയ്ക്ക് നടക്കുന്നു. ത്രേസ്യാമ്മ ഒന്നുമറിയാത്ത ഭാവത്തിൽ ഉമ്മറത്തേയ്ക്കും.

സീൻ 12:

ത്രേസ്യാമ്മ ഓട്ടോ റിക്ഷയിൽ. ഓട്ടോ മെയിൻ റോഡിൽ നിന്ന് ഒരു സൈഡ് റോഡിലേയ്ക്കു മാറി സാമാന്യം നല്ല ഒരു വീട്ടിന്റെ ഗെയ്റ്റിൽ നിൽക്കുന്നു. ത്രേസ്യാമ്മ പണം കൊടുത്തശേഷം ഗെയ്റ്റുകടന്ന് വീട്ടിന്റെ മുറ്റത്തേയ്ക്കു കടക്കുന്നു. ഉമ്മറത്തു കയറി ബെല്ലടിച്ചു നിൽക്കുന്നു.

വാതിൽ തുറക്കുന്നത് സുന്ദരിയായ ക്ലാര (ത്രേസ്യാമ്മയുടെ അനുജത്തി). സാരിയാണ് വേഷം. നാൽപതു വയസ്സു പ്രായമായിട്ടുണ്ടാവും. ഒരു മുപ്പത്തഞ്ചേ തോന്നിക്കു.

ക്ലാര: ആ ചേച്ചിയാണോ? ഞാനെന്റെ ബോയ്ഫ്രണ്ട്‌സ് ആരെങ്കിലുമായിരിക്കുംന്ന് കരുതി.

ത്രേസ്യാമ്മയുടെ മുഖത്തെ ഭാവം അപ്പോഴാണ് ക്ലാര ശ്രദ്ധിക്കുന്നത്. അവൾ ആകാംക്ഷയോടെ, എങ്കിലും കളിയായി ചോദിക്കുന്നു.

ക്ലാര: എന്തു പറ്റീ ചേച്ചീ ജോസഫേട്ടൻ ചേച്ചീനെ വീട്ടീന്ന് പൊറത്താക്ക്യോ?

ത്രേസ്യാമ്മ: അട്ത്ത് തന്നെ പൊറത്താക്കുംന്ന് തോന്നുണു. അങ്ങേര് ഇപ്പൊ ഏതൊ ഒരു പെൺപിള്ളടെ പിന്നാലെയാ.

ക്ലാര: (ക്ഷോഭിച്ചുകൊണ്ട്) ഞാനല്ലാതെ വേറെയൊരു പ്രേമഭാജനമോ ജോസഫേട്ടന്. ഇയ്യാക്കടെ കുറുമ്പ് ഞാൻ മാറ്റിക്കൊടുക്കാം.

ത്രേസ്യാമ്മ: നീ കളി പറയല്ലെ എന്റെ ക്ലാരെ, എന്റെ മനസ്സാകെ തീയാണ്. അതിയാന് ഈ വയസ്സുകാലത്ത് ഇതിന്റെയൊക്കെ ആവശ്യമുണ്ടായിരുന്നോ.

ക്ലാര: ഞാൻ കളി പറയല്ല, ഞാനും ചേച്ചിയുമല്ലാതെ വേറെയാരും വേണ്ട അച്ചായന്. എന്തേണ്ടായത് പറയൂ.

ത്രേസ്യാമ്മ: അതിയാനുണ്ട് മീശയൊക്കെ കറുപ്പിച്ചിരിക്കുന്നു.

ക്ലാര: അതത്ര കാര്യമാക്കാനുണ്ടോ ചേച്ചി, ഞാൻ തന്നെ ചേട്ടനോട് പറയാറുള്ളതാണത്. എന്റെ ബോയ് ഫ്രണ്ടായി നടക്കണമെങ്കിൽ മുടീം മീശേം ഒക്കെ കറുപ്പിക്കണമെന്ന്.

തേസ്യാമ്മ: (ദേഷ്യത്തോടെ) നെനക്ക് കളിയാണ്, അച്ചായൻ ഏതോ പെങ്കൊച്ചിന്റെ ഫോട്ടോവും പോക്കറ്റിലിട്ടാ ഇപ്പം നടത്തം.

ക്ലാര: ഫോട്ടോവോ, പെങ്കൊച്ചിന്റെയോ?

ഇപ്പോൾ ചേച്ചി പറയുന്നതിൽ കാര്യമുണ്ടെന്നമട്ടിൽ ക്ലാര എഴുന്നേൽക്കുന്നു.

ക്ലാര: എന്നിട്ട്?

ത്രേസ്യാമ്മ: മാത്രല്ലെടീ, ജോസഫേട്ടൻ രാവിലെ പലഹാരം കഴിക്കാൻ കൂടി മറന്നു.

കാര്യം ഗൗരവമാണെന്ന മട്ടിൽ ക്ലാര തലകുലുക്കുന്നു.

ക്ലാര: അച്ചായൻ ശ്വാസം കഴിക്കാൻ മറന്നെന്നു വരും, പക്ഷെ പ്രാതൽ കഴിക്കാൻ മറക്കില്ല. (ഒന്നുരണ്ടു വട്ടം ഉലാത്തിയ ശേഷം) ചേച്ചി നിക്ക്, ഞാൻ വരാം. ജോസഫേട്ടനെ ഒന്ന് കാണട്ടെ.

ക്ലാര അകത്തേയ്ക്ക് പോകുന്നു. വാതിലിന്റെ അടുത്തെത്തിയ ശേഷം തിരിഞ്ഞു നോക്കുന്നു. നെർവസ്സായി ഇരിക്കുന്ന ചേച്ചിയെ നോക്കുന്നു.

ക്ലാര: ചേച്ചീ വെഷമിക്കാതിരിക്ക്. നമുക്ക് വഴിണ്ടാക്കാം.

സീൻ 13:

ഓട്ടോവിൽ ത്രേസ്യാമ്മയും ക്ലാരയും. പെട്ടെന്ന് പുറത്തേയ്ക്കു നോക്കിയിരിക്കുന്ന ത്രേസ്യാമ്മ എന്തോ കണ്ടപോലെ വിരൽ ചൂണ്ടുന്നു.

ത്രേസ്യാമ്മ: എടീ നോക്ക് അത് ജോസഫേട്ടനല്ലെ? (ഓട്ടോക്കാരനോട്) ഒന്ന് നിർത്തൂ.

ക്ലാര: (പുറത്തേയ്ക്ക് നോക്കിക്കൊണ്ട്) ഏത്, ചേച്ചീ?

ത്രേസ്യാമ്മ: അതാ ആ ആലുവാ ബസ്സ് പിടിക്കാൻ ഓടണത് കണ്ടില്ലെ?

ക്ലാര നോക്കുന്നു. അപ്പോൾ വന്നുനിന്ന ഒരു ബസ്സ് പിടിക്കാൻ ഓടുന്നവരിൽ ജോസഫേട്ടനെ അവൾ കാണുന്നു.

ക്ലാര: അതേ ചേച്ചീ, അത് ജോസഫേട്ടൻ തന്നാ. എനിക്ക് അച്ചായനെ പിന്നിലെ കൊച്ചു കഷണ്ടി കൊണ്ട് തിരിച്ചറിയാം.

ത്രേസ്യാമ്മ: പോടി, ജോസഫേട്ടന് കഷണ്ടിയൊന്നുമില്ല. തലമുടി ചെറുതാക്കി വെട്ടുന്നതുകൊണ്ട് തോന്നുന്നതാ.

ബസ്സ് സ്റ്റാർട്ടാക്കി പോകുന്നു.

ക്ലാര: വാ ചേച്ചി നമുക്ക് പിന്നാലെ പോവാം. (തിരിഞ്ഞ് ഓട്ടോക്കാരനോട്) ഈ ബസ്സിന്റെ പിന്നാലെ പോണം.

ഓട്ടോ ഡ്രൈവർ ഓട്ടോ സ്റ്റാർട്ടാക്കി ബസ്സിന്റെ പിന്നാലെ പോകുന്നു.

ക്ലാര: (ഡ്രൈവറോട്) ഓരോ സ്റ്റോപ്പിലെത്തിയാലും ഒന്ന് പതുക്കെയാക്കണം. ഞങ്ങടെ ഒരാള് ബസ്സില്ണ്ട്. അയാളെ കിട്ടാനാണ്.

ഓട്ടോ: ശരി. (തിരിഞ്ഞ് സ്വയം) ആകെ അലമ്പായല്ലോ.

കുറച്ചു ദൂരം ബസ്സിനു പിന്നിലായി ഓട്ടോ വേഗത്തിൽ ചേസ് ചെയ്യുന്നതു കാണിക്കണം.

സീൻ 14:

കലൂർ ബസ്സ് സ്റ്റോപ്പ്. നിർത്തിയ ബസ്സിന്റെ പിന്നിലായി ഓട്ടോ നിൽക്കുന്നു. ബസ്സിൽ നിന്നിറങ്ങുന്ന ആൾക്കാരിൽ ജോസഫേട്ടനുമുണ്ട്. ത്രേസ്യാമ്മ ഓട്ടോവിൽനിന്ന് പുറത്തേയ്ക്കിറങ്ങാൻ ശ്രമിക്കുന്നു. ക്ലാര തടഞ്ഞു നിർത്തുന്നു.

ക്ലാര: നിക്ക് ചേച്ചീ. അതിയാൻ നമ്മെ കാണണ്ട. (ഓട്ടോ ഡ്രൈവറോട്) എത്രയായി?

ഓട്ടോ ഡ്രൈവർ: ഇരുപത്തഞ്ച്.

ത്രേസ്യാമ്മ: എന്റെ കർത്താവേ. (പഴ്‌സിൽ നിന്ന് പണമെടുത്തു കൊടുക്കുന്നു.)

ജോസഫേട്ടൻ ബസ്സിൽ നിന്ന് ഇറങ്ങി നേരെ നടക്കുന്നു. രണ്ടുപേരും ഓട്ടോവിൽ നിന്നിറങ്ങി ജോസഫേട്ടന്റെ പിന്നിൽ, പക്ഷേ ഒരു നിശ്ചിത അകലം വച്ചുകൊണ്ട് നടക്കുന്നു. ജോസഫേട്ടൻ വല്ലപ്പോഴും തിരിഞ്ഞു നോക്കുമ്പോൾ രണ്ടുപേരും ഉടനെ തിരിഞ്ഞ് വേറെ എങ്ങോട്ടോ ആണ് പോകുന്നത് എന്നു ഭാവിക്കുന്നു.

ത്രേസ്യാമ്മ: എടീ അതിയാൻ നമ്മളെ കണ്ടിട്ടൊണ്ടാവുമോ?

ക്ലാര: ഇല്ല ചേച്ചീ. ഒന്ന് ധൈര്യമായിരിക്ക്. നമ്മള് ഡിറ്റക്ടീവ് പണിയാ ചെയ്യണത്. അതിന് കൊറച്ച് ധൈര്യൊക്കെ വേണം. വാ.

ജോസഫേട്ടൻ ഒരിടവഴിയിലേയ്ക്ക് തിരിയുന്നു. ഒരു പഴയ വീട്ടിലെ വാതിൽക്കൽ മുട്ടുന്നു. ഒരു ഒളിസ്ഥലത്തു നിന്ന് ത്രേസ്യാമ്മയും ക്ലാരയും അതു നോക്കുന്നു. വീട്ടിന്റെ വാതിൽ തുറക്കുന്നു. ആരാണ് തുറന്നതെന്ന് കാണുന്നില്ല. ജോസഫേട്ടൻ അകത്തു കടക്കുന്നു. വാതിൽ അടയുന്നു.

ത്രേസ്യാമ്മ: (പെട്ടെന്ന്) വാ, നമുക്കൊന്ന് പോയി നോക്ക്വാ. കയ്യോടെ പിടിക്കാലോ.

ക്ലാര: (ചേച്ചിയെ തടഞ്ഞുകൊണ്ട്) അരുത് ചേച്ചീ. നമ്മള് നാറിപ്പോകും. കാര്യമെന്താണ്ന്ന് അറിഞ്ഞിട്ട് മതി.

ത്രേസ്യാമ്മ: സമയം എത്ര്യായിട്ട്ണ്ടാവും?

ക്ലാര: (കൈയ്യിലെ വാച്ചു നോക്കിക്കൊണ്ട്) മൂന്ന് മണി, ചേച്ചീ. (മുമ്പിലുള്ള കൂൾ ബാർ നോക്കുന്നു) നമുക്കീ കൂൾ ബാറിൽ പോയിരിക്കാം ചേച്ചീ. ജോസഫേട്ടൻ വരുമ്പോ കാണാലോ.

സീൻ 15:

പഴയ വീടിന്റെ വാതിൽ തുറക്കുന്നു. ജോസഫേട്ടൻ പുറത്തു വരുന്നു. ഉള്ളിലുള്ള ആളെ അപ്പോഴും കാണുന്നില്ല. ജോസഫേട്ടൻ ഗെയ്റ്റിലേയ്ക്കു നടക്കുന്നു. വാതിൽ അടയുന്നു.

സീൻ 16:

കൂൾ ബാറിൽ ത്രേസ്യാമ്മയും ക്ലാരയും. മുമ്പിലെ മേശമേൽ ഒഴിഞ്ഞ ഗ്ലാസ്സുകൾ. ജോസഫേട്ടൻ വരുന്നത് അവർ കാണുന്നുണ്ട്. വെയ്റ്ററോട് ബിൽ ആവശ്യപ്പെടുന്നു. പണം കൊടുക്കുന്നു. ജോസഫേട്ടൻ മെയിൻ റോഡിലെത്തുമ്പോൾ കാണാതിരിക്കാൻ അവർ മുഖം താഴ്ത്തുന്നു. ജോസഫേട്ടൻ കടന്നു കഴിഞ്ഞപ്പോൾ അവർ കൂൾ ബാറിൽനിന്ന് പുറത്തിറങ്ങുന്നു. ഒരു നിശ്ചിത അകലത്തിൽ പിന്തുടരുന്നു.

ജോസഫേട്ടൻ ബസ്സ് സ്റ്റോപ്പ് ലക്ഷ്യമാക്കി നടക്കുമ്പോൾ ത്രേസ്യാമ്മയും ക്ലാരയും ഒരു ഓട്ടോവിൽ കയറി പോകുന്നു.

സീൻ 17:

ജോസഫേട്ടന്റെ വീടിന്റെ ഉമ്മറം. മുറ്റത്ത് കുട്ടികൾ കളിക്കുന്നുണ്ട്. ഉമ്മറത്ത് ഒരു മൂലയിലിട്ട കസേലകളിൽ ത്രേസ്യാമ്മയും ക്ലാരയും ഇരിക്കുന്നുണ്ട്. ജോസഫേട്ടൻ വാതിൽ കടന്ന് വരുന്നു. ആകെ വിയർത്തിട്ടുണ്ട്. അകത്തു കടക്കുമ്പോൾത്തന്നെ ഷർട്ടഴിക്കുന്നു. അഴിച്ച ഷർട്ട് കയ്യിൽ പിടിച്ച് ഫാനിന്റെ കീഴെ വന്നു നിൽക്കുന്നു. അപ്പോഴാണ് ഒരു മൂലയിൽ ഇരിക്കുന്ന സ്ത്രീകളെ കാണുന്നത്.

ജോസഫേട്ടൻ: ങാ, നീയിവിടെണ്ടോ, ക്ലാരേ. ഞാൻ കലൂര് നിന്നെപ്പോലെ ഒരു പെണ്ണിനെ കണ്ടു. നിയാണെന്നു തന്നെ വിചാരിച്ചു. ഒപ്പം ഒരു വയസ്സായ സ്ത്രീയുംണ്ടായിരുന്നു.

ക്ലാര ചിരിക്കുന്നു.

ത്രേസ്യാമ്മ: (പല്ലു കടിച്ചുകൊണ്ട്) വയസ്സായ സ്ത്രീ....കാണിച്ചു തരാം.

ക്ലാര: (ഒന്നുമറിയാത്തപോലെ) ജോസഫേട്ടനെന്തിനാ കലൂരില് പോയത്?

ജോസഫേട്ടൻ: ഒരു കാര്യം അന്വേഷിക്കാനാ പെണ്ണേ.

ജോസഫേട്ടൻ കീശയിൽ നിന്ന് ഒരു ഫോട്ടോ എടുത്തു മേശപ്പുറത്തുവെക്കുന്നു. പിന്നെ ത്രേസ്യാമ്മയോടായി പറയുന്നു.

ജോസഫേട്ടൻ: നിന്റെ ചിറ്റപ്പൻ എഴുതിയ കാര്യമില്ലെ കൊച്ചു ത്രേസ്യേ, അത് നടക്കുന്നാണ് തോന്നണത്. പെണ്ണ് ഭംഗിള്ള കാരണം അവര് രണ്ടു ലക്ഷവും അമ്പത് പവനും മാത്രം മതീന്ന് പറഞ്ഞു. നെന്റെ ചിറ്റപ്പന് അത്രേം കൊടുത്തുകൂടെ?

ത്രേസ്യാമ്മ: (തലയിൽ കൈ വച്ചുകൊണ്ട്) എന്റെ കർത്താവേ! ഞാനെന്തൊക്കെയാണ് ആലോചിച്ചുണ്ടാക്കിയത്! ഞാനാ കാര്യംതന്നെ മറന്നുപോയി.

ജോസഫേട്ടൻ അതു ശ്രദ്ധിക്കുന്നില്ല.

ജോസഫേട്ടൻ: നല്ല കുടുംബക്കാരാണ്. വീട്ടിന് തെട്ടടുത്ത്തന്നെ ഒരു കൂൾ ബാറുണ്ട്. ബ്രോഡ്‌വേയില് വല്ല്യെ സ്റ്റേഷനറിക്കടേംണ്ട്. ഞാനതോണ്ടാ ഇത്രേം പെട്ടെന്ന് അന്വേഷിച്ചത്. വിടണ്ടാന്ന് പറഞ്ഞോ ചിറ്റപ്പനോട്.

ത്രേസ്യാമ്മ തലയിൽ കൈ വച്ചുകൊണ്ട് ഇരിക്കയാണ്.

ക്ലാര: ഇതെന്താണ് മോത്ത് കാട്ടിക്കൂട്ടിയിരിക്കണത്?

ജോസഫേട്ടൻ: എന്തേ?

ക്ലാര: ഡൈചെയ്യാനറിയില്ലെങ്കിൽ, അറിയുന്ന ആളെ ഏല്പിക്ക്യാ. ഇങ്ങട്ടു വരു ഞാൻ ചെയ്തു തരാം. അല്ലെങ്കിൽ അവിടെ ഇരുന്നാ മതി. ഞാൻ ഡൈ കൊണ്ടുവരാം.

ക്ലാര കുളിമുറിയിലേയ്ക്കു പോകുന്നു. ത്രേസ്യാമ്മ അകത്തേയ്ക്കും പോകുന്നു. വാതിൽക്കൽ പാറുകുട്ടി ഇതെല്ലാംകണ്ടും കേട്ടും നിൽക്കുന്നുണ്ട്. അവളുടെ മുഖത്ത് ചിരി. അവളും ത്രേസ്യാമ്മയുടെ ഒപ്പം അകത്തേയ്ക്കു പോകുന്നു.

സീൻ 18:

അടുക്കളയിൽ. പാറുകുട്ടി നിന്ന് ചിരിക്കുന്നു. ത്രേസ്യാമ്മയുടെ മുഖത്ത് ജാള്യതയുണ്ട്.

ത്രേസ്യാമ്മ: എന്തു പോഴത്താ ഞാൻ ചെയ്തത് പാറുകുട്ടീ. ഞാൻതന്നാ ജോസഫേട്ടന് ചിറ്റപ്പന്റെ കത്തും ജെൻസിടെ ഫോട്ടയും കൊടുത്തത്. തരി ബോധം വേണ്ടേ?

പാറുകുട്ടി: (ചിരിക്കിടയിൽ) ബോധംണ്ടെങ്കിൽ ഇതാ സ്ഥിതി അമ്മച്ചീടെ?

ത്രേസ്യാമ്മ: പാവം അങ്ങേരെ ഞാൻ വെറുതെ സംശയിച്ചു.

അതു കേട്ടുകൊണ്ട് ജോസഫേട്ടൻ വരുന്നു.

ജോസഫേട്ടൻ: ആരെയാ നീ സംശയിച്ചത് കൊച്ചുത്രേസ്യേ?

ത്രേസ്യാമ്മ: ആരുംല്ല്യ. അതൊന്നും പറഞ്ഞാൽ ശരിയാവില്ല.

ജോസഫേട്ടൻ പാറുകുട്ടിയോട് ത്രേസ്യാമ്മയുടെ തലയ്ക്ക് നല്ല സുഖമില്ലെന്ന് ആംഗ്യം കാണിക്കുന്നു.

പാറുകുട്ടി ഉറക്കെ പൊട്ടിച്ചിരിക്കുന്നു.

ജോസഫേട്ടൻ: അല്ലാ, തൊട്ടതിനും പിടിച്ചതിനും ഒക്കെ ഇട്ട് കറക്കില്ലെ?

End of Part II

End of Episode 5

ഈ തിരക്കഥയെക്കുറിച്ച്


1998 ല്‍ പ്രസിദ്ധീകരിച്ച ഒരു കുടുംബ പുരാണം എന്ന സ്വന്തം നോവലിനെ അടിസ്ഥാനമാക്കി ഹരികുമാര്‍ തയ്യാറാക്കിയ തിരക്കഥ. 13 എപ്പിസോഡുകളിലായി ചിത്രികരിയ്ക്കാവുന്ന രീതിയില്‍ തയ്യാറാക്കിയ ഈ തിരക്കഥ ഫീച്ചര്‍ ഫിലിമിനും, ടെലിവിഷന്‍ സീരിയലിനും അനുയോജ്യമാണ്.

ഈ തിരക്കഥ സിനിമയോ, ടെലിവിഷന്‍ സീരിയലോ, ടെലിഫിലിമോ ആക്കുന്നതിനു താത്പര്യമുള്ളവര്‍ ബന്ധപ്പെടുക......
e.harikumar.novelist@gmail.com