|| Scripts

ഒരു കുടുംബപുരാണം

ഇ ഹരികുമാര്‍

വായനയുടെ പ്രശ്‌നങ്ങൾ

ഈ എപ്പിസോഡിലേയ്ക്കു വേണ്ട കഥാപാത്രങ്ങൾ

ജോസഫേട്ടൻ
ത്രേസ്യാമ്മ
പാറുകുട്ടി
മനശ്ശാസ്ത്രജ്ഞൻ
മനശ്ശാസ്ത്രജ്ഞന്റെ ഭാര്യ
ഓട്ടോ ഡ്രൈവർ

സീൻ 1:

സീൻ 1എ:

ത്രേസ്യാമ്മയുടെ അടുക്കള. ത്രേസ്യാമ്മയും പാറുകുട്ടിയും ജോലിയെടുക്കുകയാണ്. ജോസഫഫേട്ടൻ ഒരു സഞ്ചി കൊണ്ടുവന്ന് മേശപ്പുറത്തു വെയ്ക്കുന്നു.

ജോസഫേട്ടൻ: എന്താ തെരക്ക് മാർക്കറ്റില്. ഇത്രീം നേർത്തെ ടൗണീത്തെ എല്ലാരും എത്തീട്ട്‌ണ്ട്‌ന്ന് തോന്നുന്നു.

ത്രേസ്യാമ്മ: ഞാൻ പറഞ്ഞ കാര്യം വാങ്ങ്യോ:

ജോസഫേട്ടൻ: എന്ത്, കൊച്ചു ത്രേസ്യേ?

ത്രേസ്യാമ്മ: ശർക്കര. കൊറച്ച് കാലായില്ലേ പറയാൻ തൊടങ്ങീട്ട് നെയ്യപ്പംണ്ടാക്കണംന്ന്?

ജോസഫേട്ടൻ: അത് വാങ്ങീട്ട്ണ്ട്. ഞാനൊന്ന് കുളിക്കട്ടെ. (പോകുന്നു).

ത്രേസ്യാമ്മ സഞ്ചിയെടുത്ത് അതിലെ പൊതികളെല്ലാം പുറത്തെടുക്കുന്നു.

പാറുകുട്ടി: അമ്മച്ചീ, ഞാമ്പോയി അടിച്ചു വാരട്ടെ.

ത്രേസ്യാമ്മ: പെണ്ണേ അവിടീം ഇവിടീം ഒക്കെ മാറാലണ്ട്, അതും ചൂലോണ്ട് അടിക്കണം.

പാറുകുട്ടി: ശരി അമ്മച്ചീ. (അവൾ മൂലയിൽനിന്ന് ചൂലും പ്ലാസ്റ്റിക്കിന്റെ കോരികയുമെടുത്ത് പോകുന്നു.)

സീൻ 1ബി:

ത്രേസ്യാമ്മ പൊതികൾ ഓരോന്നായി തുറന്ന് ഡബ്ബകളിലിടുകയാണ്. പെട്ടെന്ന് പൊതിഞ്ഞ കടലാസുകളിലൊന്നിൽ അവരുടെ കണ്ണുകൾ വീഴുന്നു. അവരതെടുത്ത് ജനലിനടുത്തു പോയി വായിക്കുന്നു.

ത്രേസ്യാമ്മ: (സ്വന്തം പറയുകയാണ്.) ഇതെന്താണ് പത്തു ചോദ്യങ്ങൾ? ഇപ്പത്തൊട്ട് പത്തു ചോദ്യങ്ങൾ, പത്തു കല്പനകൾന്നൊക്കെ കേക്കുമ്പൊ വയറ് കാള്വാണ്. - തുടർന്ന് വായിക്കുന്നു - മനശ്ശാസ്ത്രജ്ഞനോട് ചോദിക്കു. എന്ത്? പത്തു ചോദ്യങ്ങളോ?

(മാസികയുടെ പേജ് വലുതായി കാണിക്കണം. അതിലിട്ട കള്ളികളും മറ്റും ഒരുമാതിരി വ്യക്തമാകുംവിധം. - പേജ് ഈ എപിസോഡിന്റെ അവസാനത്തിൽ കൊടുത്തിട്ടുണ്ട്)

വിവാഹിതരായവരോട്. - നിങ്ങൾ മനോരോഗിയാണോ എന്നറിയാൻ പത്തു ചോദ്യങ്ങൾ !

(ആദ്യം ഇല്ല എന്ന് അടയാളപ്പെടുത്തിയതായിരുന്നു. പിന്നീട് ഓരോ സംഭവങ്ങൾ മനസ്സിലേയ്ക്ക് തള്ളിവന്ന് അവരുടെ കണ്ണിൽ വെള്ളം നിറഞ്ഞപ്പോൾ ആദ്യം അടയാളപ്പെടുത്തിയത് വെട്ടിത്തിരുത്തി.)

(എന്താ സംശയം?)

(അയ്യേ.)

(ഛീ, ഇയ്യാക്ക് എന്തിന്റെ കേടാ)

തുടർന്ന് വായിക്കുന്നു.

(നിങ്ങളുടെ മാനസികാരോഗ്യം സ്വയം അളന്നുനോക്കാൻ താഴെ കൊടുത്ത സൂചിക നോക്കക.)
'അതെ/ഉണ്ട്' എന്ന കള്ളിയിൽ അടയാളപ്പെടുത്തിയത്,
10-ൽ 2 എണ്ണമാണെങ്കിൽ .. വലിയ കുഴപ്പമില്ല.
10-ൽ 3 എണ്ണമാണെങ്കിൽ .. മനോരോഗം വരാൻ സാധ്യതയുണ്ട്, ശ്രദ്ധിക്കണം.
10-ൽ 4 എണ്ണമാണെങ്കിൽ .. അടുത്ത ഭാവിയിൽത്തന്നെ രോഗം വരും. മനോരോഗവിദഗ്ദനെ കാണുക.
10-ൽ 5 മുതൽ 7 വരെ .. നിങ്ങൾ മനോരോഗിയാണ്, ഉടനെ മനോരോഗമാണ് വിദഗ്ദനെ സമീപിക്കണം.
ഏഴിലധികം .. നിങ്ങൾക്കു കടുത്ത രോഗമാണ്. അടുത്ത ബസ്സിൽത്തന്നെ മനോരോഗ വിദഗ്ദന്റെ അടുത്തു പോകുക.

ത്രേസ്യാമ്മ ധൃതിയിൽ അടയാളപ്പെടുത്തിയത് എണ്ണുന്നു. ഒന്ന്, രണ്ട്..... ഏഴ്. എഴ്? തലയിൽ കൈവെയ്ക്കുന്നു. കർത്താവേ,എനിക്കിപ്പൊ മുഴുത്ത ഭ്രാന്താണ്. ഞാനൊന്നുംകൂടി നോക്കട്ടെ.

വീണ്ടും നോക്കുന്നു. പെന്നെടുത്ത് അടയാളപ്പെടുത്തിയത് ഒന്നുകൂടി തിരുത്തുന്നു. എണ്ണി നോക്കുന്നു. അയ്യോ ഇപ്പ ഏഴിലധികംണ്ട്. എനിക്കിപ്പത്തന്നെ മനശ്ശാസ്ത്രജ്ഞനെ കാണണം.

അവർ കടലാസും പിടിച്ച് ചുമരരുകിൽ ഇരിക്കുന്നു. മുഖത്ത് പലതരം വികാരങ്ങൾ. ഭയവും അദ്ഭുതവും സങ്കടവും, എല്ലാം ഒന്നിച്ചു കാണുന്നു.

ത്രേസ്യാമ്മ പൂരിപ്പിച്ച ചോദ്യോത്തരങ്ങള്‍ താഴെ കൊടുക്കുന്നു:

സീൻ 1 സി:

പാറുകുട്ടി ചൂലും മുറവുമായി തിരിച്ചുവരുന്നു.

പാറുകുട്ടി: അമ്മച്ചീ, ഞാനിപ്പൊ അടിച്ചു വാരണേള്ളു. ജോസഫേട്ടൻ പൊറത്ത് പോവ്വാൻ നോക്കുന്നുണ്ട്. നെലം തൊടക്ക്‌ല് അപ്പൊ ചെയ്യാം. (പെട്ടെന്ന് ത്രേസ്യാമ്മയുടെ ഇരുത്തത്തിൽ എന്തോ അപാകത അവൾ കാണുന്നു. മുഖത്ത് വല്ലാത്ത സങ്കടവും ഭയവും.) എന്തു പറ്റീ അമ്മച്ചീ? (അടുത്തു ചെല്ലുന്നു.)

അവർ തലയുയർത്തി. പറയണോ വേണ്ടേ എന്ന് ഒരു നിമിഷം സംശയിക്കുന്നു. അവസാനം പറയാമെന്നുതന്നെ തീരുമാനിക്കുന്നു.

ത്രേസ്യാമ്മ: എടീ, നീ ജോസഫേട്ടനോട് പറയ്വോ?

പാറുകുട്ടി: ഇല്ല അമ്മച്ചീ, എന്തേ?

ത്രേസ്യാമ്മ: എനിക്ക് ഭ്രാന്താന്നാ തോന്നണത്.

പാറുകുട്ടി: (തമാശയായി) അമ്മച്ചിക്ക് തോന്നലായിട്ടേ ഉള്ളോ, എനിക്കത് പണ്ടേ അറിയായിര്ന്ന്.

ത്രേസ്യാമ്മ: എന്നിട്ട് നീയെന്താ എന്നോടൊന്നും പറയാതിരുന്നത്?

പാറുകുട്ടി: (ചിരിച്ചുകൊണ്ട്) അമ്മച്ചിക്കറിയാംന്ന് വിചാരിച്ച് ഞാൻ.

ത്രേസ്യാമ്മ: എന്‍റീശോയേ !

അവർ തളർന്നിരുന്നു. അവരുടെ മനസ്സിലൂടെ ഒര് ഭ്രാന്താശുപത്രിയുടെ ചിത്രം കാണിക്കണം. അവിടെ അഴികൾക്കു പിന്നിൽ പാറിപ്പറന്ന തലമുടിയുമായി.....!

പാറുകുട്ടി: അമ്മച്ചിക്ക് ഭ്രാന്തൊന്നുംല്യ. ഒന്നെണീക്ക്.

ത്രേസ്യാമ്മ: അല്ല പെണ്ണെ, നീയീ കടലാസൊന്ന് വായിച്ചുനോക്ക്.

ജോസഫേട്ടൻ അകത്തുനിന്ന് വിളിച്ചു പറയുന്നു. പാറുകുട്ടീ, നീ ഉമ്മറത്തെ വാതിലടക്ക്. മറക്കണ്ട. ഞാൻ പോവ്വാണ്.

പാറുകുട്ടി: (ഉറക്കെ) അടയ്ക്കാം ജോസഫേട്ടാ... (കയ്യിലുള്ള കടലാസിലേക്കു തിരിയുന്നു. വായിക്കുംതോറും മുഖം ചുളിയുന്നു.

പാറുകുട്ടി: ഈ അടയാളപ്പെടുത്തീതൊക്കെ അമ്മച്ച്യാണോ?

ത്രേസ്യാമ്മ: ങാ പെണ്ണേ. അതൊരു മനശ്ശാസ്ത്ര മാസിക്യാണ്. അത് പ്രകാരം എനിക്ക് മുഴുത്ത ഭ്രാന്താണ്. നീയതിന്റെ അവസാനം കൊടുത്തതൊന്ന് വായിച്ചുനോക്ക്.

പാറുകുട്ടി വീണ്ടും കടലാസെടുത്ത് നോക്കുന്നു. സഹതാപത്തോടെ ത്രേസ്യാമ്മയെ നോക്കുന്നു. വീണ്ടും കടലാസിലേയ്ക്ക്, വീണ്ടും ത്രേസ്യാമ്മയെ.

പാറുകുട്ടി: ഇനി എന്താ ചെയ്യാ അമ്മച്ചീ?

ത്രേസ്യാമ്മ: എനിക്കൊരു ഡോക്ടറെ കാണണം.

പാറുകുട്ടി: ഏതു ഡോക്ടറ്യാണ് കാണ്വാ?

ത്രേസ്യാമ്മ: നീയതില് നോക്ക് വല്ല പേരുംണ്ടോന്ന്. അതുപോലെ അഡ്രസ്സും.

പാറുകുട്ടി വീണ്ടും കടലാസെടുത്ത് വായിക്കുന്നു.

പാറുകുട്ടി: ഉണ്ടമ്മച്ചീ. ഇതെഴുതിയ ആളന്നെ ഭ്രാന്തുള്ളവരെ നോക്കുന്നുണ്ട്. അയാള്‌ടെ അഡ്രസ്സുംണ്ട്. നമുക്ക് ഉച്ചക്ക് ജോസഫേട്ടൻ ഒറങ്ങുമ്പോ പോയി നോക്കാം. ഇപ്പ സമാധാനായിരിക്ക്.

ത്രേസ്യാമ്മ: ഇന്ന് ഓഫീസൊക്കെ ഒഴിവു ദിവസായത് നന്നായി. അല്ലെങ്കിൽ ഇതിനെടയ്ക്ക് കുട്ട്യോളൂംണ്ടായേനേ.

പാറുകുട്ടി: ജലജ കൊറച്ച് നേരം മോളെ കൊണ്ടരുംന്ന് പറഞ്ഞിരുന്നില്ലേ?

ത്രേസ്യാമ്മ: അത് വൈകുന്നേരാ. അവർക്ക് സിനിമയ്ക്ക് പോണംത്രെ. അഞ്ചു മണിക്ക്. അല്ലെങ്കിലും മോള്ണ്ടായാൽ കൊഴപ്പല്യ.

സീൻ 2:

സീൻ 2എ:

ത്രേസ്യാമ്മ അടുക്കളയിൽ മേശക്കരികെ കസേലയിലിരിക്കുന്നു. പാറുകുട്ടി അടുപ്പത്ത് എന്തോ ചെയ്യുകയാണ്. ജോസഫേട്ടൻ വരുന്നു. അടുക്കളയിലേയ്ക്ക് കടക്കുമ്പോൾ കാണുന്നത് ഭാര്യ കൈകൊണ്ട് തലയും താങ്ങി മേശക്കരികെ ഇരിക്കുന്നതാണ്.

ജോസഫേട്ടൻ: എന്തു പറ്റീ കൊച്ചുത്രേസ്യേ?

ത്രേസ്യാമ്മ: (തലയുയർത്തി ജോസഫേട്ടനെ ദയനീയമായി നോക്കുന്നു) എനിക്ക്.......

പാറുകുട്ടി പെട്ടെന്ന് പറയുന്നു: അമ്മച്ചിക്ക് വയറ് വേദന്യാ ജോസഫേട്ടാ.

ത്രേസ്യാമ്മ പാറുകുട്ടിയെ നന്ദിപൂർവ്വം നോക്കുന്നു.

ജോസഫേട്ടൻ: നീയിന്നലെ രാത്രി ആ കക്ക പൊരിച്ചത് ആർത്ത്യോട്കൂടി തിന്നണതു കണ്ടപ്പോഴേ എനിക്കു തോന്നിയതാ.

ത്രേസ്യാമ്മ: ഈ പറയണ ആൾക്ക് കക്ക കണ്ടാൽ പിടിക്കൂലല്ലൊ. ഇന്നലെ ഒട്ടും തിന്നില്ലല്ലാ?

ജോസഫേട്ടൻ: വയറ് വേദനാന്നു പറഞ്ഞ് കെടക്കണത് ഞാനല്ല കൊച്ചുത്രേസ്യേ.

(പോകുന്നു.)

ത്രേസ്യാമ്മ പാറുകുട്ടിയെ ദേഷ്യത്തോടെ നോക്കുന്നു.

ത്രേസ്യാമ്മ: നീയ് വയറ് വേദന്യാന്ന് പറയണ്ടീര്ന്നില്ല. വല്ല തലവേദന്യാന്ന് പറഞ്ഞാ മത്യയിരുന്നു. (പെട്ടെന്ന്) അല്ലെങ്കി അതു പറയാഞ്ഞത് നന്നായി, തലയായി ബന്ധപ്പെട്ട ഒന്നും പറയണ്ട.

സീൻ 3.

സീൻ 3എ.

ഉച്ചയ്ക്ക് ഊണു കഴിക്കുന്ന രംഗം. ഓരോരുത്തരും വിളമ്പിയെടുക്കുകയാണ്. പാറുകുട്ടി ഇരുന്നിട്ടില്ല.

ത്രേസ്യാമ്മ: പാറുകുട്ടീ, അടുപ്പത്ത്ന്ന് ആ കക്ക പൊരിച്ചത് വാങ്ങിക്കോ, ഇപ്പൊ നല്ലോണം മൊരിഞ്ഞിട്ട്ണ്ടാവും. (തിരിഞ്ഞ് ജോസഫേട്ടനോട്) ഞാനേയ് ആ കക്ക പൊരിച്ചത് കൊറച്ചുകൂടി വെളിച്ചെണ്ണ ഒഴിച്ച് നല്ലോണം മൊരിയിക്കാൻ പറഞ്ഞിരുന്നു. ഇപ്പൊ ഇന്നലത്തേക്കാളും സ്വാദുണ്ടാവും.

പാറുകുട്ടി അതിനിടയിൽ പോയി ഒരു പാത്രത്തിൽ ആവി പറക്കുന്ന കക്ക പൊരിച്ചത് കൊണ്ടുവന്ന് നടുവിൽ വെയ്ക്കുന്നു.

ത്രേസ്യാമ്മ അതു നീക്കി സ്വന്തം പാത്രത്തിലേയ്ക്ക് വിളമ്പാൻ നോക്കുകയാണ്. പെട്ടെന്ന് ജോസഫേട്ടൻ ആ പാത്രം നീക്കിയെടുത്ത് പറയുന്നു.

ജോസഫേട്ടൻ: അതിനി തിന്നണ്ട കൊച്ചു ത്രേസ്യേ, വയറിന്റെ അസുഖം മാറിയിട്ടു മതി.

(സ്വന്തം പ്ലെയ്റ്റിലേയ്ക്ക് ഒരു കൂമ്പാരമായി വിളമ്പുന്നു.)

ത്രേസ്യാമ്മ ദയനീയമായി പാറുകുട്ടിയെ നോക്കുന്നു.

സീൻ 4:

സീൻ 4എ:

മനശ്ശാസ്ത്രജ്ഞന്റെ വീട്. പുറത്ത് ഗെയ്റ്റിന്റെ തൂണിൽ പേർ എഴുതിവെച്ചതിനു മുമ്പിൽ ത്രേസ്യാമ്മയും പാറുകുട്ടിയും നിൽക്കുന്നു. പേര് വലുതായി കാണിക്കണം.

ഡോ: പുഷ്പബാണൻ, MD, DPM.

ഒന്ന് സംശയിച്ച ശേഷം അവർ ഗെയ്റ്റു തുറന്ന് അകത്ത് കടക്കുന്നു. വാതിൽ തുറന്നു കിടക്കുകയാണ്. അവർ അകത്തു കയറുന്നു.

സീൻ 4ബി:

ആ മുറിയിൽ രോഗികൾക്കിരിക്കാൻ ഇട്ട കസേലകളിലൊന്നിൽ അവരിരിക്കുന്നു.

ത്രേസ്യാമ്മ: ആരേം പൊറത്ത് കാണാൻല്യല്ലൊ?

പാറുകുട്ടി: ഡോക്ടറ് ആരെയെങ്കിലും നോക്ക്വായിരിക്കും.

ത്രേസ്യാമ്മ: നീയൊന്ന് വാതില്മ്മല് മുട്ടിനോക്ക്. നമ്മളിവിടെണ്ട്ന്ന് അറീക്കണ്ടെ? പാറുകുട്ടി എഴുന്നേൽക്കാൻ ഭാവിക്കുന്നു. അപ്പോഴേയ്ക്ക് അകത്തുനിന്ന് ഒരു സ്ത്രീ പുറത്തേയ്ക്കു വന്ന് അവരെ ദേഷ്യത്തോടെ നോക്കുന്നു. സാരിയാണ് വേഷം, ഏകദേശം അമ്പതു വയസ്സുണ്ടാവും.

ആ സ്ത്രീ: എന്താ വേണ്ടത്?

ത്രേസ്യാമ്മ: (ഭവ്യതയോടെ) ഞങ്ങള് ഡോക്ടറെ കാണാൻ വന്നതാണ്.

ആ സ്ത്രീ: (ദേഷ്യത്തോടെ) നിങ്ങൾക്ക് വട്ടുണ്ടോ?

ത്രേസ്യാമ്മ: ഇല്ലാ.......... (പെട്ടെന്ന് തിരുത്തുന്നു) അല്ലാ, ഉണ്ട്..

ആ സ്ത്രീ: ഡോക്ടറെ അടുത്തൊന്നും കാണാൻ കഴിയില്ല, അങ്ങേര് വളരെ ബിസിയാണ്.

ത്രേസ്യാമ്മ: അയ്യോ, ഇതൊരത്യാവശ്യ കാര്യത്തിനാ.

ആ സ്ത്രീ: പറ്റില്ലെന്നു പറഞ്ഞില്ലേ?

(അവർ കൗണ്ടറിനു പിന്നിൽ പോയി ഏതോ കടലാസെടുത്തു വായിക്കാൻ തുടങ്ങുന്നു.

പെട്ടെന്ന് ചേമ്പറിന്റെ വാതിൽ പതുക്കെ തുറന്ന് ഒരാൾ തല പുറത്തേക്കിട്ടു നോക്കുന്നു, ഭയത്തോടെ കൗണ്ടറിലിരിക്കുന്ന സ്ത്രീയെയും നോക്കുന്നു. നരച്ചു തുടങ്ങിയ താടിയും സ്വർണഫ്രെയിമിട്ട കണ്ണടയും ധരിച്ച ആ മനുഷ്യൻ തല പിൻവലിച്ച് ഉള്ളിലേയ്ക്ക് മാറിയ ശേഷം അവരെ മാടി വിളിക്കുന്നു, ശബ്ദമുണ്ടാക്കാതെ വരാൻ ആംഗ്യം കാണിച്ചു.

പുറത്തിരുന്ന സ്ത്രീ അത്ര പന്തിയല്ലാ എന്ന് ത്രേസ്യാമ്മയ്ക്കു മനസ്സിലാവുന്നു. അവർ ആ സ്തീയെ ഒന്ന് നോക്കി പാറുകുട്ടിയേയും കൂട്ടി ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു ചേമ്പറിൽ കടന്നു. ചേമ്പർ എയർ കണ്ടീഷൻ ചെയ്തതാണ്. വലിയ മേശക്കു പിന്നിലിട്ട കസേലകളിൽ ത്രേസ്യാമ്മയും പാറുകുട്ടിയും ഇരുന്നു. ഡോക്ടർ പാറുകുട്ടിയെ അഭിനന്ദനപൂർവ്വം നോക്കുന്നു.

ഡോക്ടർ: ഒറ്റ നോട്ടത്തിൽ എനിക്കു മനസ്സിലാവും, നിങ്ങളുടെ മനോരോഗം വളരെ അഡ്വാൻസ്ഡ് സ്റ്റേജിലെത്തിയെന്ന്. പെട്ടെന്ന് ചികിത്സ തുടങ്ങണം.

അയാൾ എഴുന്നേറ്റു രണ്ടു ചാൽ അങ്ങോട്ടും ഇങ്ങോട്ടും ആലോചിച്ചു നടക്കുന്നു. പെട്ടെന്ന് പാറുകുട്ടിയുടെ മുമ്പിൽ വന്നുനിന്നുകൊണ്ട് ചോദിച്ചു.

ഡോക്ടർ: എന്താണ് കുട്ടീടെ പേര്?

പാറുകുട്ടി: പാറുകുട്ടി.

ഡോക്ടർ വീണ്ടും രണ്ടു ചാൽ നടന്നശേഷം അവളുടെ അടുത്തു വന്നുനിന്നു കൊണ്ട് ചോദിക്കുന്നു.

ഡോക്ടർ: എപ്പോഴാണ് പാറുകുട്ടിയുടെ അസുഖം തുടങ്ങിയത്?

പാറുകുട്ടി: എനിക്ക് അസുഖൊന്നുല്ല്യ.

ഡോക്ടർ: ങാ, അതുതന്നെ ഒരു ലക്ഷണമാണ്. തനിക്ക് അസുഖമൊന്നുമില്ലെന്ന് രോഗി വിശ്വസിക്കുന്നു.

ഡോക്ടർ അലമാറിയിൽനിന്ന് ഒരു തടിച്ച പുസ്തകം എടുത്തു നിവർത്തി വായന തുടങ്ങി. ത്രേസ്യാമ്മയും പാറുകുട്ടിയും മുഖത്തോടുമുഖം നോക്കുകയാണ്. ഡോക്ടർ തല്ക്കാലം വായന നിർത്തി കണ്ണട മൂക്കിന്മേൽ താഴ്ത്തിവച്ച് പാറുകുട്ടിയെ സസൂക്ഷ്മം വീക്ഷിച്ചു. അവൾക്ക് വിഷമമായിത്തുടങ്ങിയിരുന്നു. ഡോക്ടർ എഴുന്നേറ്റു ചേമ്പറിന്റെ ചുമരരുകിൽ വച്ച ചാരുബെഞ്ചിനരുകിലേയ്ക്കു നടന്നു.

ഡോക്ടർ: ഇവിടെ വന്നു കിടക്കു.

പാറുകുട്ടി അനങ്ങിയില്ല. ഡോക്ടർ അവളുടെ അടുത്തേയ്ക്ക് ചെന്ന് അവളുടെ കൈ പിടിക്കുന്നു. ത്രേസ്യാമ്മ എഴുന്നേറ്റുകൊണ്ടു പറഞ്ഞു.

ത്രേസ്യാമ്മ: ഡോക്ടർ, അവൾക്കല്ല, എനിക്കാണ് അസുഖം.

ഡോക്ടർ: ങാ, രണ്ടു രോഗികൾ ! അദ്യം ഒരാൾ വരട്ടെ. (അയാൾ പാറുകുട്ടിയുടെ കൈ പിടിച്ചു വലിക്കുന്നു. അവൾ കുതറിക്കൊണ്ട് പറയുന്നു.

പാറുകുട്ടി: ഡോക്ടർ എനിക്കല്ല അസുഖം.

ഡോക്ടർ: ങും, വയലന്റായിരിക്കുന്നു. ഞാനൊരു ഇഞ്ചക്ഷൻ തരാം.

(അയാൾ അവളെ ബലമായി പിടിച്ചുകൊണ്ടുവന്ന് ബഞ്ചിന്മേൽ കിടത്തുന്നു. മേശപ്പുറത്തുനിന്ന് സിറിഞ്ചെടുക്കുന്നു. അവൾ ദയനീയയായി ത്രേസ്യാമ്മയെ നോക്കുന്നു.)

പാറുകുട്ടി: അമ്മച്ചീ ഈയ്യാക്ക് എന്തിന്റെ കേടാ, ഒന്ന് പറ അമ്മച്ചീ.

ത്രേസ്യാമ്മ എഴുന്നേറ്റു ഡോക്ടറുടെ കൈ പിടിച്ചു മാറ്റാൻ ശ്രമിക്കയാണ്. ആ നിമിഷത്തിലാണ് കൗണ്ടറിൽ നിന്നിരുന്ന സ്ത്രീ അകത്തേയ്ക്കു വരുന്നത്. അവർ ഒരു നിമിഷം നിർവികാരയായി രംഗം വീക്ഷിച്ചു, പിന്നെ യാതൊരു മുന്നറിയിപ്പും കൂടാതെ കയ്യിലുണ്ടായിരുന്ന ഫയൽ ഡോക്ടറെ നോക്കി എറിയുന്നു. ഡോക്ടർ വിദഗ്ദമായി മാറിയതു കാരണം ഫയൽ മേൽ കൊണ്ടില്ല. പിന്നെ വന്നത് തുരുതുരെ ബാണങ്ങളായിരുന്നു. കയ്യിൽ കണ്ട എന്തുമെടുത്ത് ആ സ്ത്രീ എറിയാൻ തുടങ്ങി. ചിലതെല്ലാം ഡോക്ടറുടെ മേൽ കൊണ്ടു. ഒരൊഴിവു കിട്ടിയപ്പോൾ അയാൾ ത്രേസ്യാമ്മയെ നോക്കി പറയുന്നു.

ഡോക്ടർ: എന്റെ ഭാര്യയാണ്, മൈ വൈഫ്.. (പിന്നെ തലക്ക് മീതെ ചൂണ്ടാണി വിരൽ ചുഴറ്റികാട്ടി അവരുടെ അസുഖം എന്താണെന്ന് ആംഗ്യം വഴി അറിയിക്കയും ചെയ്യുന്നു.)

ത്രേസ്യാമ്മ പാറുകുട്ടിയെ എഴുന്നേൽപ്പിച്ച് കൈപിടിച്ചുകൊണ്ട് വാതിൽ തുറന്ന് പുറത്തു ചാടി ഓടുന്നു. ഗെയിറ്റിലെത്തിയിട്ടുണ്ടാകണം, ഡോക്ടർ പിന്നിൽ നിന്നു വിളിച്ചു പറയുന്നു.

ഡോക്ടർ: എന്റെ ഫീസ്.... ഫീസ് തന്നിട്ടു പോ.

ത്രേസ്യാമ്മ (ഓടുന്നതിനിടയിൽ) തിരിഞ്ഞു നോക്കല്ലെ പെണ്ണേ, അയാള് പിന്നിൽത്തന്നെണ്ട്, ആ പെമ്പ്രന്നോരും, ഓടിക്കോ.

അവർ റോഡു മുറിച്ചുകടന്ന് ഓടി. അപ്പോഴും ഡോക്ടറുടെ ശബ്ദം കേൾക്കാനുണ്ട്. ''എന്റെ ഫീസ്....''

സീൻ 4സി:

ആ വഴി വന്ന ഓട്ടോ കൈ കാണിച്ച്, ഓട്ടോ നിർത്തുന്നതിനുമുമ്പ് അവർ ചാടിക്കയറുന്നു.

ത്രേസ്യാമ്മ: എടോ, വേഗം വിട്ടോ, തിരിഞ്ഞു നോക്കല്ലെ.

ഓട്ടോക്കാരൻ വണ്ടി വിടുന്നു. ത്രേസ്യാമ്മ ആശ്വാസത്തോടെ സീറ്റിൽ ചാഞ്ഞിരിക്കുന്നു.

ത്രേസ്യാമ്മ: കൊച്ചെ, നീ നോക്കിയോ മുഴുപ്രാന്താണ് അയാക്ക്.

പാറുകുട്ടി: അതെയമ്മച്ചീ, അയാക്കടെ ഒരു നോട്ടൂം ഭാവൂം.

ത്രേസ്യാമ്മ: എടീ കൊച്ചേ, എനിക്ക് പ്രാന്തുണ്ടോന്ന് സംശയേണ്ടായിരുന്നുള്ളു. ഇപ്പോ ഒറപ്പായി, അയാളെപ്പോലത്തെ ഒരു മുഴുപ്രാന്തന്റെ അടുത്ത് പോയ എനിക്ക് നട്ടപ്രാന്താണ്ന്ന്.

പാറുകുട്ടി: അതെ അമ്മച്ചീ.

ത്രേസ്യാമ്മ: അല്ലേ?

ഓട്ടോക്കാരന്റെ മുഖം ക്ലോസപ്പിൽ കാണിക്കണം. അയാൾ പിന്നിൽനിന്നു കേൾക്കുന്ന ഡയലോഗ് ആസ്വദിക്കുന്നുണ്ട്.

ഓട്ടോക്കാരൻ: (തിരിഞ്ഞുനോക്കാതെ) ചേച്ചി ആ ഡോക്ടറെ കാണാൻ പോയിരുന്നാ?

ത്രേസ്യാമ്മ: പോയിരുന്ന്.

ഓട്ടോക്കാരൻ: ആരാ ചേച്ചീനെ അയാളടെ അടുത്ത് പറഞ്ഞു വിട്ടത്? അയാക്ക് മുഴുത്ത ഭ്രാന്താ, ആരും ഇപ്പോ അവിടെ പോവാറില്ല. ആ പെമ്പ്രന്നോർക്കും ഭ്രാന്താ.

ത്രേസ്യാമ്മ: (കുരിശു വരച്ചുകൊണ്ട്) എന്റീശോയേ !

സീൻ 5:

സീൻ 5എ:

ഓട്ടോ ഇറങ്ങി വീട്ടിന്റെ ഗെയ്റ്റിലേയ്ക്ക് നടക്കുന്ന ത്രേസ്യാമ്മയും പാറുകുട്ടിയും.

ത്രേസ്യാമ്മ: മോളെ, നീയിതൊന്നും ജോസഫേട്ടനോട് പറയണ്ട കേട്ടോ.

പാറുകുട്ടി: ഇല്ലമ്മച്ചീ.

സീൻ 5ബി:

തളത്തിൽ.

ത്രേസ്യാമ്മ: പാറുകുട്ടീ, നീയൊരു ചായണ്ടാക്ക്. ജോസഫേട്ടനും വേണ്ടിവരും. ജോസഫേട്ടനെവിടെ?

അവർ ജോസഫേട്ടനെ അന്വേഷിച്ച് നടക്കുന്നു.

സീൻ 5ബി:

കിടപ്പറയിൽ കട്ടിലിന്മേൽ വിവർണനായി കിടക്കുന്ന ജോസഫേട്ടൻ. ത്രേസ്യാമ്മ വരുന്നു, ജോസഫേട്ടന്റെ ഇരുത്തം കണ്ടപ്പോൾ ആധിയോടെ ചോദിക്കുന്നു.

ത്രേസ്യാമ്മേ: എന്താ വയ്യായ.

ജോസഫേട്ടൻ: കൊച്ചു ത്രേസ്യേ, ആകെ കുഴപ്പായിരിക്ക്യാണ്.

ത്രേസ്യാമ്മ ഞെട്ടുന്നു.

ത്രേസ്യാമ്മ: അതിന് ഞങ്ങളെങ്ങട്ടാ പോയത്ന്ന് ജോസഫേട്ടനറിയില്ലല്ലൊ.

ജോസഫേട്ടൻ അതു ശ്രദ്ധിക്കുന്നില്ല.

ത്രേസ്യാമ്മ: എന്താ പറ്റീത്, പറയു.

ജോസഫേട്ടൻ: നീ പാറുകുട്ടിയോടൊന്നും പറയണ്ട. എനിക്ക് ഒരു ഡോക്ടറെ കാണണം.

ത്രേസ്യാമ്മ: എന്തു പറ്റീ?

ജോസഫേട്ടൻ: നീ ആരോടും പറയരുത് കെട്ടോ. എന്റെ മനസ്സിന് ......... എന്റെ മനസ്സിന് നല്ല സുഖമില്ലാന്ന് തോന്നുന്നു.

ത്രേസ്യാമ്മ: മനസ്സിനോ?

ജോസഫേട്ടൻ: അതെ, എനിക്കേയ്, എനിക്ക് തലയ്ക്കു സുഖംല്ലാന്നാ തോന്നണേ.

ജോസഫേട്ടൻ കൈയിൽ പിടിച്ച കടലാസ് ഉയർത്തിക്കാണിക്കുന്നു. മനശ്ശാസ്ത്ര മാസികയുടെ താൻ അടയാളപ്പെടുത്തിയ ഏടായിരുന്നു അത്.

ജോസഫേട്ടൻ: ഇതില് പറഞ്ഞ പ്രകാരാണങ്കില് പത്തില് ഒമ്പതും ശരിയാണ്. അപ്പൊ മുഴുഭ്രാന്താണെന്നർത്ഥം.

ത്രേസ്യാമ്മ: എന്റെ കർത്താവെ !

fade out.

End of Episode 11

ഈ തിരക്കഥയെക്കുറിച്ച്


1998 ല്‍ പ്രസിദ്ധീകരിച്ച ഒരു കുടുംബ പുരാണം എന്ന സ്വന്തം നോവലിനെ അടിസ്ഥാനമാക്കി ഹരികുമാര്‍ തയ്യാറാക്കിയ തിരക്കഥ. 13 എപ്പിസോഡുകളിലായി ചിത്രികരിയ്ക്കാവുന്ന രീതിയില്‍ തയ്യാറാക്കിയ ഈ തിരക്കഥ ഫീച്ചര്‍ ഫിലിമിനും, ടെലിവിഷന്‍ സീരിയലിനും അനുയോജ്യമാണ്.

ഈ തിരക്കഥ സിനിമയോ, ടെലിവിഷന്‍ സീരിയലോ, ടെലിഫിലിമോ ആക്കുന്നതിനു താത്പര്യമുള്ളവര്‍ ബന്ധപ്പെടുക......
e.harikumar.novelist@gmail.com