|| Scripts

ഒരു കുടുംബപുരാണം

ഇ ഹരികുമാര്‍

വരൻ വന്നത് പല്ലക്കിലായിരുന്നില്ല

ഈ എപ്പിസോഡിലേയ്ക്കു വേണ്ട കഥാപാത്രങ്ങൾ

ജോസഫേട്ടൻ
ത്രേസ്യാമ്മ
പാറുകുട്ടി
പാറുകുട്ടിയുടെ അച്ഛൻ ശങ്കരൻ 50 വയസ്സ്
സൈക്കിളുകാരൻ പയ്യൻ 26 വയസ്സ്
പയ്യന്റെ വീട്ടുകാർ
(ഒരു മുതിർന്ന ആൾ, രണ്ടു മുതിർന്ന സ്ത്രീകൾ)

Part I

ടൈറ്റിൽ സീൻ:

രാവിലെ ഏഴു മണി. കോളനിയിലെ ഇടനിരത്തുകൾ മിക്കവാറും ശൂന്യമാണ്. ദൂരെനിന്ന് പാറുകുട്ടി നടന്നുവരുന്ന ഷോട്ട്. അവളുടെ കൈയ്യിൽ പാൽപാത്രം. അവൾ അടുത്തെത്തിയ ഷോട്ട്. അവൾ എന്തോ ആലോചിച്ചുകൊണ്ട് അലസമായി നടക്കുകയാണ്. പെട്ടെന്ന് പിന്നിൽ നിന്ന് ശബ്ദം.

പിന്നിൽനിന്ന്: ശ്...ശ്....

പാറുകുട്ടി തിരിഞ്ഞു നോക്കുന്നു. പിന്നിൽ അധികം ദൂരെയല്ലാതെ സൈക്കിളിൽ ഒരു ചെറുപ്പക്കാരൻ. 25 - 26 വയസ്സായിട്ടുണ്ടാകും. മുഖത്ത് ചിരി.

പാറുകുട്ടി പെട്ടെന്ന് മുഖം തിരിച്ച് വേഗത്തിൽ നടക്കുന്നു. അയാൾ സൈക്കിളിന്റെ ബെല്ലടിക്കുന്നു. പാറുകുട്ടി തിരിഞ്ഞു നോക്കുന്നില്ല. വീട്ടിന്റെ ഗെയ്റ്റ് കടന്ന് വേഗം അകത്തു കടക്കുന്നു. തിരിഞ്ഞു നോക്കുന്നില്ല.

സീൻ 1:

ത്രേസ്യാമ്മയുടെ വീടിന്റെ അടുക്കള. പാറുകുട്ടി പാൽപാത്രവുമായി വാതിൽ കടന്ന് വരുന്നു. ധൃതിയിൽ പാൽപാത്രം മേശമേൽ വച്ച് ജനലിന്റെ ചൂട്ടഴിയ്ക്കരികെ വന്ന് പുറത്തേയ്ക്കു നോക്കുന്നു.

സീൻ 1എ:

റോട്ടിൽ ഗെയ്റ്റിന്നരികെ പയ്യൻ സൈക്കിളിൽ ഒരു കാൽ നിലത്തു കുത്തി വീട്ടിലേയ്ക്കുതന്നെ നോക്കി നിൽക്കുന്നു. പാറുകുട്ടിയെ കാണുന്നില്ല.

സീൻ 1ബി:

പാറുകുട്ടി ചൂട്ടഴിയിലൂടെ നോക്കിക്കൊണ്ടിരിക്കുന്നു. അവളുടെ കണ്ണിൽക്കൂടി കാണുന്നത് കാൽ നിലത്തുകുത്തി സൈക്കിളിൽ ഇരിക്കുന്ന പയ്യനെയാണ്. നല്ല ചെത്തു പയ്യൻ. നിറം കുറവാണ്. ജീൻസും ടി ഷർട്ടുമാണ് ഇട്ടിരിക്കുന്നത്. കട്ടിയുള്ള മീശയുണ്ട്. അവന്റെ കണ്ണുകൾ പ്രതീക്ഷയോടെ വീട്ടിലേയ്ക്കാണ്. പക്ഷേ ഒന്നും കാണുന്നില്ലെന്ന് മുഖം വിളിച്ചു പറയുന്നു.

സീൻ 2:

ത്രേസ്യാമ്മ അടുക്കളയിലേയ്ക്കു കടക്കുന്നു. കാണുന്നത് പാറുകുട്ടി ചൂട്ടഴിയിലൂടെ നോക്കി നിൽക്കുന്നതാണ്. അവർ സാവധാനത്തിൽ നടന്ന് പാറുകുട്ടിയുടെ പിന്നിൽനിന്ന് നോക്കുന്നു. അവർ ഒന്നും കാണുന്നില്ല.

ത്രേസ്യാമ്മ: നീയെന്താണു കൊച്ചേ നോക്കിനിക്കണത്?

പാറുകുട്ടി: (ഞെട്ടിക്കൊണ്ട് പിന്മാറുന്നു) അമ്മച്ചി എന്നെ പേടിപ്പിച്ചുകളഞ്ഞല്ലൊ.

ത്രേസ്യാമ്മ: നീയെന്താ നോക്കിക്കൊണ്ടിരുന്നത്? ഞാൻ വിചാരിച്ചു വല്ല ആൺപിള്ളാരുമായിരിക്കുംന്ന്.

പാറുകുട്ടി ഭയത്തോടെ വീണ്ടും ചൂട്ടഴിയിലൂടെ നോക്കുന്നു.

സീൻ 2എ:

ഗെയ്റ്റിലേയ്ക്ക് ലോങ് ഷോട്ട്. പയ്യൻ സൈക്കിളിൽ യാത്രയാവുന്നു.

സീൻ 2ബി:

പാറുകുട്ടി പരിഭ്രമത്തോടെ ത്രേസ്യാമ്മയെയും വീണ്ടും ഗെയ്റ്റിലേയ്ക്കും നോക്കുന്നു. ഗെയ്റ്റിൽ ആരുമില്ല.

പാറുകുട്ടി: ഒന്നുമില്ല അമ്മച്ചീ.

ത്രേസ്യാമ്മ: പാലടുപ്പത്ത് വെച്ചോ പെണ്ണേ?

പാറുകുട്ടി: (പരിഭ്രമത്തോടെ) ഇല്ലമ്മച്ചീ.

ത്രേസ്യാമ്മ: എന്താ പെണ്ണേ നിന്റെ മൊഖത്തൊരു കള്ളത്തരം? പാല് വേഗം അടുപ്പത്തു വെച്ചോ, അച്ചായൻ ഇപ്പോ നടത്തം കഴിഞ്ഞ് എത്തും. വന്നിരുന്നാ ഒടനെ ചായ വേണം. കിട്ടീല്ലങ്കില് ദേഷ്യാ.

പാറുകുട്ടി പാൽ അടുപ്പത്ത് വയ്ക്കുന്നു. ചായയ്ക്കുള്ള വെള്ളം അടുപ്പത്ത് വച്ച് അവൾ തിരിയുന്നു. ത്രേസ്യാമ്മ നേരത്തെ പറിച്ചുവച്ച ചീരയെടുത്ത് ടാപ്പിനു താഴെവച്ച് കഴുകുകയാണ്. പാറുകുട്ടി ത്രേസ്യാമ്മയെ നോക്കുന്നുണ്ട്. ഒരിക്കൽ എന്തോ പറയാനായി ഓങ്ങി, വേണ്ടെന്നു വച്ചു.

ത്രേസ്യാമ്മ ചീരയെടുത്ത് മേശപ്പുറത്ത് വയ്ക്കുന്നു.

ത്രേസ്യാമ്മ: പൂട്ടിനുള്ള പൊടി കൊഴച്ചുവോ.

പാറുകുട്ടി: ഇല്ലമ്മച്ചി.

ത്രേസ്യാമ്മ: അതും വേഗം ചെയ്‌തോ. അച്ചായൻ വന്ന് ചായ കുടി കഴിഞ്ഞാൽ പിന്നെ തിന്നാൻ വല്ലതും കിട്ട്വോന്നാ നോക്ക്വാ.

ജോസഫേട്ടൻ അടുക്കളയുടെ വാതിൽക്കൽ പ്രത്യക്ഷപ്പെടുന്നു. ത്രേസ്യാമ്മ മേശക്കരികെ പാറുകുട്ടിക്കഭിമുഖമായി നിൽക്കുന്നതു കൊണ്ട് അദ്ദേഹത്തെ കാണുന്നില്ല. സംസാരം തുടരുന്നു.

ത്രേസ്യാമ്മ: പറഞ്ഞ സമയത്ത് കിട്ടീല്ലെങ്കീപ്പിന്നെ ഇവിടെ ആകെ ഇട്ടു പൊളിക്കും.

പാറുകുട്ടി എന്തോ പറയാൻ മുഖമുയർത്തുമ്പോൾ കാണുന്നത് ത്രേസ്യാമ്മയുടെ സംസാരം കേട്ട് രസിക്കുന്ന ജോസഫേട്ടനെയാണ്. അവൾ പെട്ടെന്ന് പറഞ്ഞുപോകുന്നു.

പാറുകുട്ടി: അമ്മച്ചീ......

ത്രേസ്യാമ്മ അതൊന്നും ശ്രദ്ധിക്കുന്നില്ല. ചീര തിരഞ്ഞു വയ്ക്കുന്നതിന്നിടയിൽ അവർ സംസാരം തുടരുക തന്നെയാണ്.

ത്രേസ്യാമ്മ: പണ്ടൊന്നും ഇങ്ങനെയായിരുന്നില്ല. ഇപ്പൊത്തൊട്ട് ..... ങാ... വയസ്സായില്ലേ?

പാറുകുട്ടി: അമ്മച്ചീീീ......

ത്രേസ്യാമ്മ: എന്താടീ?

പാറുകുട്ടി കണ്ണുകൊണ്ട് പിന്നിലേയ്ക്കു കാണിക്കുന്നു. ത്രേസ്യാമ്മയ്ക്ക് മനസ്സിലാവുന്നില്ല.

ത്രേസ്യാമ്മ: എന്താടീ രാവിലെത്തൊട്ട് നെനക്കൊരു കള്ളത്തരം?

ജോസഫേട്ടൻ: ഇട്ടു പൊളിക്കും അല്ലേ?

ത്രേസ്യാമ്മ ഞെട്ടിത്തിരിയുന്നു.

ജോസഫേട്ടൻ: വയസ്സായി അല്ലേ? എന്താ എന്നെ അങ്ങട്ട് ഉപേക്ഷിക്കാമ്പോവ്വ്വാ.

പാറുകുട്ടി വായപൊത്തി ചിരിക്കുകയാണ്. ത്രേസ്യാമ്മ വല്ലാത്തൊരു മുഖത്തോടെ ജോസഫേട്ടനെ നോക്കുന്നു.

ജോസഫേട്ടൻ: (പാറുകുട്ടിയോട്) എടീ ഇളിക്കാതെ ചായണ്ടാക്ക്. അല്ലെങ്കീ ഞാൻ ഇവിട്യൊക്കെ ഇട്ടു പൊളിക്കും....

ജോസഫേട്ടന്റെ മുഖഭാവം മാറുന്നുണ്ട്. ദേഷ്യമൊന്നുമില്ല, കുറേശ്ശേ ചിരിയും വരുന്നുണ്ട്.

ജോസഫേട്ടൻ: ഞാമ്പോയി ആ പേപ്പറ് വായിക്കട്ടെ.

ജോസഫേട്ടൻ പോകുന്നു. ത്രേസ്യാമ്മ പാറുകുട്ടിയുടെ നേരെ തിരിയുന്നു.

ത്രേസ്യാമ്മ: അപ്പൊ പെണ്ണേ നിയെന്താണ് എന്നോട് പറയാഞ്ഞത്?

പാറുകുട്ടി: എന്തമ്മച്ചീ?

ത്രേസ്യാമ്മ: അല്ലാ ജോസഫേട്ടൻ വന്ന് നിക്കുണുണ്ട്ന്ന് എന്തേ എന്നോട് പറയാഞ്ഞത്?

പാറുകുട്ടി: ഞാമ്പറയാൻ പോയതാ.... അമ്മച്ചിക്ക് മനസ്സിലായില്ല. അമ്മച്ചി പറഞ്ഞു എന്റെ മൊകത്ത് കള്ളത്തരംണ്ട്ന്ന്.

ത്രേസ്യാമ്മ: നീ ആ ചായ ഇങ്ങട്ട് കൊണ്ടുവാ. ഞാൻ കൊണ്ടു പോയി കൊടുക്കട്ടെ.

പാറുകുട്ടി ചായ ഗ്ലാസ്സിലാക്കിയത് കൊടുക്കുന്നു. ത്രേസ്യാമ്മ അതുമായി പോകുന്നു. പാറുകുട്ടി വീണ്ടും ചൂട്ടഴിയിലൂടെ ആലോചിച്ചുകൊണ്ട് നോക്കിനിൽക്കുന്നു. ...........

സീൻ 3:

ഉമ്മറത്ത് ജോസഫേട്ടൻ കസേരയിലിരുന്ന് പേപ്പർ വായിക്കുന്നു. ത്രേസ്യാമ്മ ഉമ്മറവാതിൽക്കൽ ചായഗ്ലാസ്സുമായി വരുന്നു. വാതിൽക്കലെത്തിയപ്പോൾ ഉമ്മറത്തേയ്ക്കു കടക്കാൻ ഒരു വിഷമമുള്ളപോലെ മടിച്ചുനിൽക്കുന്നു. പിന്നെ എന്തുവന്നാലും വേണ്ടില്ല എന്നപോലെ ധൈര്യത്തോടെ ജോസഫേട്ടന്റെ അടുത്തു ചെന്ന് ചായ ഭവ്യതയോടെ കൊടുക്കുന്നു. വായനയിൽ മുഴുകിയ ജാസഫേട്ടൻ അതൊന്നും ശ്രദ്ധിക്കാതെ ചായ വാങ്ങി കുടിക്കുന്നു.

ത്രേസ്യാമ്മ: (മയത്തോടെ) ഇന്ന് നിങ്ങള് മാർക്കറ്റില് പോണ്‌ണ്ടോ?

ജോസഫേട്ടൻ ശ്രദ്ധിക്കുന്നില്ല. ത്രേസ്യാമ്മ വീണ്ടും ചോദിക്കുന്നു.

ത്രേസ്യാമ്മ: അല്ലെന്നേയ് നിങ്ങ ഇന്ന് മാർക്കറ്റീല് പോണ്‌ണ്ടോ?

ജോസഫേട്ടൻ: എന്താ പോണോ?

ത്രേസ്യാമ്മ: പൂവ്വ്വാണെങ്കീ കോഴി എറച്ചി വാങ്ങണംന്ന് പറയാനാ. നല്ല തൊടള്ള എറച്ചി.

ജോസഫേട്ടൻ: എന്തിനാ?

ത്രേസ്യാമ്മ: അല്ല നിങ്ങ കൊറച്ച് കാലായില്ല്യേ പറയാൻ തൊടങ്ങീട്ട്, ചില്ലി ചിക്കൻണ്ടാക്കണംന്ന്. ഞാണ്ടാക്കണ ചില്ലിച്ചിക്കൻ നല്ല സ്വാദാണ്ന്ന്......

ജോസഫേട്ടൻ: ഞാമ്പറഞ്ഞോ? അത് നെന്റെ അട്ത്ത്ന്ന് വല്ലതും അടിച്ചെടുക്കാൻ പറഞ്ഞതായിരിക്കും.

ത്രേസ്യാമ്മ: (ദ്വേഷ്യം പിടിച്ചുകൊണ്ട്) നിങ്ങക്കെപ്പഴും ഒരു കള്യാ. നല്ല ചിക്കൻ വാങ്ങിത്തന്നാ ചില്ലിച്ചിക്കൻ ഒണ്ടാക്കാം....

(ധൃതിയിൽ അകത്തേയ്ക്കു പോകുന്നു.)

സീൻ 4:

രാവിലെ സമയം. പാറുകുട്ടി പാലുമായി നടന്നു വരുന്നു. പൊതുവേ വിജനമായ വഴി. അവൾ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കുന്നുണ്ട്. അവളുടെ മുഖത്ത് വല്ലായ്മയുണ്ട്. അവൾ സൈക്കിളുകാരനെ പ്രതീക്ഷിച്ചിരുന്നു. അയാൾ വരുന്നില്ലെന്ന ആശ്വാസവും മുഖത്ത് കാണുന്നുണ്ട്. അവൾ തലതാഴ്ത്തിക്കൊണ്ട് നടക്കുന്നു. പെട്ടെന്ന് മുമ്പിലെ ഒരു ഇടവഴിയിൽനിന്ന് സൈക്കിളിൽ പയ്യൻ പ്രത്യക്ഷപ്പെടുന്നു. ബെല്ലിന്റെ ശബ്ദം കേട്ട് മുഖമുയർത്തിയ പാറുകുട്ടി കാണുന്നത് സൈക്കിളിൽ തന്റെ നേരെ വരുന്ന പയ്യനാണ്. അവളുടെ മുഖത്ത് പെട്ടെന്ന് ഒരു ചിരി വിടരുന്നത് അവൾ അമർത്തുന്നു. പയ്യൻ രണ്ടു കൈകളും ഹാന്റ്ൽബാറിൽനിന്ന് പൊന്തിച്ച് അവളെനോക്കി വീശുന്നു. അടുത്ത നിമിഷത്തിൽ അവനും സൈക്കിളും താഴത്തെത്തുന്നു. പാറുകുട്ടി പൊട്ടിച്ചിരിക്കുന്നു. പയ്യൻ വീണിടത്തുനിന്ന് തല പൊന്തിച്ച് പാറുകുട്ടിയെ നോക്കുന്നു. അവന്റെ കണ്ണുകളിൽ അദ്ഭുതം. പാറുകുട്ടി നടന്നകലുന്നു. കിടന്നിടത്തുനിന്ന് തലയുയർത്തിനോക്കുന്ന പയ്യന്റെ ക്ലോസപ്പ് ഷോട്ട്.

സീൻ 4എ:

പാറുകുട്ടി വീട്ടിന്റെ പടിക്കലെത്തി തിരിഞ്ഞു നോക്കുന്നു. കാണുന്നത് സൈക്കിളിന്റെ ഹാന്റ്ൽബാർ നേരെയാക്കുന്ന പയ്യൻ.

സീൻ 5:

അടുക്കള ത്രേസ്യാമ്മ മേശപ്പുറത്ത് പച്ചക്കറി നുറുക്കുന്നു. പിൻവാതിലിലൂടെ വരുന്ന പാറുകുട്ടിയുടെ മുഖത്ത് ചിരി. ത്രേസ്യാമ്മ പച്ചക്കറി നുറുക്കൽ നിർത്തി അവളെ നോക്കുന്നു. അവളുടെ ചിരി നിൽക്കുന്നില്ല.

ത്രേസ്യാമ്മ: എന്താടീ നെന്റെ മൊകത്തൊരു ചിരി?

പാറുകുട്ടി: അതേയ് അമ്മച്ചീ, ഞാനൊരാള് സൈക്കിളീന്ന് വീഴണത് കണ്ടു.

ത്രേസ്യാമ്മ: സൈക്കിളീന്ന് വീഴ്വേ?

പാറുകുട്ടി: (ചിരിച്ചുകൊണ്ടുതന്നെ) അതെ, അമ്മച്ചീ.

ത്രേസ്യാമ്മ: അതിന് ചിരിക്ക്യാ വേണ്ടത്?

പാറുകുട്ടി: അല്ല, അമ്മച്ചീ.......

തുടർന്ന് എന്തോ പറയാൻ പോയത് നിറുത്തുന്നു.

ത്രേസ്യാമ്മ: ഇളിക്കാണ്ടെ ആ പാല് വേഗം തെളപ്പിച്ചോ. അച്ചായൻ വരുമ്പഴയ്ക്ക് ചായ കൊടുത്തില്ലെങ്കീപ്പിന്നെ.......

പെട്ടെന്ന് എന്തോ ഓർമ്മ വന്ന് വാതിൽക്കലേയ്ക്കു നോക്കുന്നു. തുടരുന്നു

ത്രേസ്യാമ്മ: (ആത്മഗതമെന്നോണം) എപ്പഴാ കടന്ന് വര്വാന്ന് അറീല്ല്യ.

പാറുകുട്ടി: ആര് അമ്മച്ചീ?

ത്രേസ്യാമ്മ: ആരാ ഇവിടെ വരാൻ, ജോസഫേട്ടൻതന്നെ.

ഇതു പറഞ്ഞ് തിരിഞ്ഞപ്പോൾ കാണുന്നത് വാതിൽക്കൽ നിൽക്കുന്ന ജോസഫേട്ടനെ. ചമ്മൽ വിദഗ്ദമായി മറച്ചുവെച്ചു കൊണ്ട് പറയുന്നു.

ത്രേസ്യാമ്മ: ഞാൻ പാറുകുട്ടിയോട് പറയ്യായിരുന്നു. വേഗം ചായണ്ടാക്കാൻ.

ജോസഫേട്ടൻ: അല്ലെങ്കീ ഇവിട്യൊക്കെ ഇട്ടു പൊളിക്കുംന്ന് അല്ലെടീ കൊച്ചുത്രേസ്സ്യേ?

ത്രേസ്യാമ്മ: (അല്പം ദ്വേഷ്യവും നാണവും അഭിനയിച്ചുകൊണ്ട്) നിങ്ങ ഒന്ന് മുണ്ടാതിരി......

ഉമ്മറത്തുനിന്ന് ഒരാൾ വിളിക്കുന്ന ശബ്ദം കേൾക്കുന്നുണ്ട്.

ശബ്ദം: ജോസഫേട്ടനില്ലേ ഇവിടെ? പാറുകുട്ടീ....

പാറുകുട്ടി: അച്ഛനാണ്. എന്തേ ഇപ്പോ വരാൻ. കഴിഞ്ഞാഴ്ച വന്നു പോയിട്ടല്ലേ ഉള്ളൂ. അമ്മമ്മയ്ക്ക് വല്ലതും പറ്റിയാവോ?

ജോസഫേട്ടൻ പോകുന്നു.

ത്രേസ്യാമ്മ: ടൗണില് വരണ്ട കാര്യണ്ടായിട്ടുണ്ടാവും. അപ്പൊ മോളെ ഒന്ന് വന്ന് കാണാംന്ന് കരുതീതായിരിക്കും. ഞാനൊന്ന് പോയി നോക്കട്ടെ.

ത്രേസ്യാമ്മ വാതിൽ കടന്ന് പോകുന്നു.

സീൻ 6:

മിറ്റത്ത് ഒരു അമ്പതു വയസ്സുകാരൻ. മുണ്ടും വെള്ള ഷർട്ടുമാണ് വേഷം. നാടനാണ്. നാലു ദിവസം ഷേവു ചെയ്യാത്ത മുഖം. കയ്യിൽ സാമാന്യം വലിയ ഒരു സഞ്ചിയുണ്ട്. ജോസഫേട്ടൻ അകത്തുനിന്ന് ഉമ്മറത്തേയ്ക്കു കടന്നു വരുന്നു.

ജോസഫേട്ടൻ: എന്താ ശങ്കരൻ ഉമ്മറത്ത് കടന്നിരിക്കാഞ്ഞത്?

ശങ്കരൻ സഞ്ചിയും തൂക്കി ഉമ്മറത്തേയ്ക്കു കയറി തിണ്ണമേൽ ഇരിക്കുന്നു. സഞ്ചി നിലത്തു വയ്ക്കുന്നു.

ശങ്കരൻ: അല്ലാ, ജോസഫേട്ടൻ ഇല്ലാന്ന്‌ണ്ടെങ്കീ പിന്നീപ്പോയി ചേച്ചീനേം മോളേം കണ്ട് സംസാരിച്ചിരിക്കാംന്ന് വിചാരിച്ച്. ജോസഫേട്ടൻ നേരത്തെ നടത്തം കഴിഞ്ഞ് വന്നോ.

ജോസഫേട്ടൻ: ഞാനിപ്പോ മുമ്പത്തെ അത്ര നടക്ക്ണില്ല ശങ്കരാ. വയസ്സായില്ലേ? കൊറച്ച് നടന്നാ ക്ഷീണിക്ക്യാ.

ശങ്കരൻ: ഇതൊക്കെ ഒരു വയസ്സാ......

ത്രേസ്യാമ്മ വരുന്നു.

ശങ്കരൻ: ചേച്ചിക്ക് സുഖല്ലേ? മോന്റെ കത്തൊക്കെല്ല്യേ?

ത്രേസ്യാമ്മ: അവനെവിട്യാ നേരം കത്തൊക്കെ എഴുതാൻ.

ശങ്കരൻ: മോന് വല്ല ആലോചനീം നടക്ക്ണ്‌ണ്ടോ?

ത്രേസ്യാമ്മ: ഇപ്രാവശ്യം വരുമ്പോ നടത്തണംന്ന്ണ്ട്. ചോദിച്ചാൽ വല്ല മറുപടീം കിട്ട്വോ അവന്റെയടുത്ത്ന്ന്.

ജോസഫേട്ടൻ: അതിന് ചോദ്യത്തിന്റെ സ്റ്റൈല് കണ്ടാ മറുപടി കൊടുക്കാൻ തോന്നുംല്ല്യാന്ന് വെച്ചോ.

ത്രേസ്യാമ്മ: അതെന്താ അങ്ങനെ പറയണത്?

ശങ്കരൻ: (ഇടപെടുന്നു). ആ നോക്കണ്ട കാലൊക്കെ ആയി. ഞാൻ പാറുകുട്ടിക്ക് ഒരു ആലോചന വന്നത് പറയാൻ വന്നതാ.

ജോസഫേട്ടൻ: നന്നായി, എവിട്ന്നാ.

പാറുകുട്ടി ചായയുമായി വരുന്നു. ഒരു ഗ്ലാസ്സ് ജോസഫേട്ടനും ഒരു ഗ്ലാസ്സ് അച്ഛനും കൊടുക്കുന്നു.

ശങ്കരൻ: മോളെ ഈ സഞ്ചി അകത്തേയ്ക്കു കൊണ്ടു പൊയ്‌ക്കോ. (തിരിഞ്ഞ് ത്രേസ്യാമ്മയോട്) കൊറച്ച് കൊടമ്പുളീം കൊണ്ട്‌ന്നിട്ടുണ്ട്. ഒന്നുംകൂടി ഒണങ്ങണം. (പാറുകുട്ടിയോട്) മോള് പൊയ്‌ക്കോ ഞങ്ങള് ഒരു കാര്യം പറയ്യാണ് ഇവിടെ.

പാറുകുട്ടി: എന്താ ഞാനിവിടെ നിന്നാൽ?

ജോസഫേട്ടൻ: (ശങ്കരനോട്) കണ്ടില്ലേ മോള് പറേണത്.

ശങ്കരൻ ചിരിക്കുന്നു.

ത്രേസ്യാമ്മ: മോളെ നീ പോയി പിട്ട് അടുപ്പത്ത് വയ്ക്ക്. അച്ഛന് ഇപ്പൊത്തന്നെ പോണ്ടിവരും.

അവൾ അകത്തേയ്ക്കു പോകുന്നു.

ജോസഫേട്ടൻ: എവിട്ന്നാ ആലോചന.

ശങ്കരൻ: നാട്ടീന്നൊന്ന്വൊല്ല, ഇവിടെ അടുത്ത്ന്ന് തന്ന്യാ, മരട്ടീന്ന്.

ജോസഫേട്ടൻ: പയ്യൻ എന്താ ചെയ്യണത്?

ശങ്കരൻ: ഐലന്റില് ഒരു ചായക്കമ്പനീല് സൂപ്പർവൈസറാ. നല്ല ജോല്യാണ്.

ത്രേസ്യാമ്മ: അവക്കിപ്പോ കല്ല്യാണത്തിനൊക്കെ പ്രായായോ?

ശങ്കരൻ: ഈ വൃശ്ചികത്തില് ഇരുപത് തെകയും.

ജോസഫേട്ടൻ: അല്ലേലും പെൺകുട്ടികൾക്ക് നല്ല ആലോചന വന്നാൽ കെട്ടിച്ചുകൊടുക്ക്വന്നേ നല്ലത്.

ത്രേസ്യാമ്മ: അത് ശര്യാ.

ശങ്കരൻ: ഒരേയൊരു പ്രശ്‌നേള്ളൂ.

രണ്ടുപേരും ഒരുമിച്ച്: അതെന്താ?....

ശങ്കരൻ: അവർക്ക് ഇവിടെവച്ച് പെണ്ണുകാണണംന്ന്.

ജോസഫേട്ടൻ: അതിനെന്താ. അവര് ഇവിടെ വന്നോട്ടെ. ഇത് അവള്‌ടെ വീട്മാതിരിത്തന്ന്യല്ലെ?

ത്രേസ്യാമ്മയുടെ മുഖത്ത് സംശയം. എന്തോ പറയാൻ ഓങ്ങുന്നു, പക്ഷേ പറയുന്നില്ല.

ത്രേസ്യാമ്മ: ഞാൻ പോയി ചായെടെ കാര്യങ്ങള് നോക്കട്ടെ.

അകത്തേയ്ക്കു പോകുന്നു.

End of Part I

Part II

സീൻ 6 എ:

അടുക്കളയിൽ. പാറുകുട്ടി അടുപ്പത്തുനിന്ന് പിട്ടുകുറ്റി വാങ്ങുന്നു. ത്രേസ്യാമ്മ ഒരു നിമിഷം അവളെ നോക്കി നിൽക്കുന്നു. എന്തോ പറയാൻ ഓങ്ങുന്നുണ്ട്, പക്ഷേ ഒന്നും പറയുന്നില്ല. ഒരുതരം അനിശ്ചിതത്വം ഉണ്ട് അവരുടെ ചലനങ്ങളിൽ.

പാറുകുട്ടി: എന്തിനാ അച്ഛൻ വന്നത്?

ആലോചിച്ചുകൊണ്ടിരുന്ന ത്രേസ്യാമ്മ ഒന്നും പറയുന്നില്ല.

പാറുകുട്ടി: എന്തിനാ അമ്മച്ചീ അച്ഛൻ വന്നത്?

ത്രേസ്യാമ്മ: നെനക്കൊരു ആലോചനേം കൊണ്ട് വന്നതാ മോളെ.

പാറുകുട്ടി: (സന്തോഷത്തോടെ) എനിക്കോ? ആലോചനയോ? ഞാൻ വിചാരിച്ചു കൊറച്ചുകാലം സ്വസ്ഥായിട്ട് ഇരിക്കാംന്ന്.

ത്രേസ്യാമ്മ: അതെന്താ നീ അങ്ങനെ പറേണത്. കല്ല്യാണൊക്കെ അതാത് കാലത്ത് നടത്തണ്ടതല്ലെ?

സാവധാനത്തിൽ പാറുകുട്ടിയുടെ മുഖത്തെ സന്തോഷം മായുന്നു. അവൾ ചൂട്ടഴിയിലൂടെ നോക്കുകയാണ്. കുറച്ച് ടെൻഷനുമുണ്ട്.

ത്രേസ്യാമ്മ: നീ നോക്കിനിൽക്കാതെ ചായ കൂട്ട്. ഞാനിതാ വന്നു.

അവർ വാതിൽ കടന്ന് പോകുന്നു.

സീൻ 6 ബി:

മിറ്റത്ത് ജോസഫേട്ടൻ ശങ്കരനോട് സംസാരിച്ചു നിൽക്കുന്നു.

ശങ്കരൻ: (തെങ്ങുകളുടെ തലപ്പു നോക്കിക്കൊണ്ട്) അടുത്ത മഴയ്ക്ക് നമുക്ക് കൊറച്ച് എല്ലുവളം ഇട്ടുകൊടുക്കണം. തല്യൊക്കെ വാടിത്തൊടങ്ങീരിക്കുണു.

ജോസഫേട്ടൻ: ഞാനും അത് ആലോചിക്ക്യായിരുന്നു. തേങ്ങടെ എണ്ണം കൊറഞ്ഞ് വരുണുണ്ട്. അതുപോലെ വെലേം. ഇപ്പോ കിട്ടണ വെല്യോണ്ട് വളൊന്നും വാങ്ങി ഇടാൻ പറ്റില്ല.

ശങ്കരൻ: ശര്യാണ്.

ഉമ്മറത്ത് വാതിൽക്കൽ ത്രേസ്യാമ്മ വന്നു നിൽക്കുന്നു. അവർ ജോസഫേട്ടന്റെ ശ്രദ്ധ ആകർഷിക്കാനുള്ള ശ്രമത്തിലാണ്.

ത്രേസ്യാമ്മ: ശ്...ശ്.....

ജോസഫേട്ടൻ തിരിഞ്ഞു നോക്കുന്നു.

ത്രേസ്യാമ്മ: (കൈ മാടിക്കൊണ്ട്) ഒന്നിങ്ങുവന്നേ.

ശങ്കരൻ പറമ്പിലേയ്ക്കു നടക്കുകയാണ്. ജോസഫേട്ടൻ ഉമ്മറത്തേയ്ക്കു കയറുന്നു.

ജോസഫേട്ടൻ: എന്തേ കൊച്ചുത്രേസ്യേ?

ത്രേസ്യാമ്മ സംശയത്തോടെ ജോസഫേട്ടനെ നോക്കുന്നു. പിന്നെ ശങ്കരൻ അടുത്തൊന്നുമില്ലല്ലോ എന്ന് ഉറപ്പാക്കാക്കുന്നു.

ജോസഫേട്ടൻ: എന്താ കൊച്ചുത്രേസ്യേ.

ത്രേസ്യാമ്മ: അപ്പളേയ്......

ജോസഫേട്ടൻ: ഊം....?

ത്രേസ്യാമ്മ: ഞാനൊരു കാര്യം ചോദിച്ചോട്ടെ?

ജോസഫേട്ടൻ: നിൽക്ക്, ഞാനെന്റെ ഇയർഫോണെടുക്കട്ടെ.

ത്രേസ്യാമ്മ: ഇതാ ഞാമ്പറയണത്. ഗൗരവള്ള ഒരു കാര്യം പറേമ്പഴും നിങ്ങക്ക് തമാശ്യാ.

ജോസഫേട്ടൻ: എന്താണ്ച്ചാ അതങ്ങട്ട് എഴുന്നള്ളിക്ക് കൊച്ചുത്രേസ്യേ.

ത്രേസ്യാമ്മ: അപ്പളേയ് അവര് ഇവിടെ നമ്മടെ വീട്ടീ വച്ചല്ലേ പെണ്ണിനെ കാണണത്?

ജോസഫേട്ടൻ: അതേ......

ത്രേസ്യാമ്മ: അപ്പളേയ്.... അവര് നമ്മടെ വീട്ടീ വന്ന് കണ്ടാ ഇത് അവളടെ വീടാണ്ന്ന് വിചാരിച്ചാലോ?

ജോസഫേട്ടൻ: നമക്ക് ഈ വീടൊഴിഞ്ഞുകൊടുക്കേണ്ടി വരും.

ത്രേസ്യാമ്മ: (ദ്വേഷ്യത്തോടെ) അതല്ല ഞാൻ ഉദ്ദേശിച്ചത്. ഈ വീട് അവള്ട്യാണ്ന്ന് വിചാരിച്ച് കല്യാണം ഒറപ്പിച്ചശേഷം ഇത് അവള്ട്യല്ലാന്ന് മനസ്സിലാവുമ്പോ അവർക്ക് മനഃപ്രയാസംണ്ടാവില്ല്യേ.

ജോസഫേട്ടൻ: അങ്ങിനെയൊന്നുംണ്ടാവില്ല എന്റെ കൊച്ചു ത്രേസ്യേ. ശങ്കരൻ എല്ലാം പറഞ്ഞുകൊടുത്തിട്ടുണ്ടാവും.

സീൻ 7:

രാവിലെ പാറുകുട്ടി പാൽ വാങ്ങിക്കൊണ്ടുവരുന്നു. അവൾ ചുറ്റും നോക്കുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് പിന്നിലേയ്ക്കും നോക്കുന്നു. പെട്ടെന്ന് ഒരു വളവു കഴിഞ്ഞ് പയ്യൻ സൈക്കിളിൽ വരുന്നു. നെറ്റിമേൽ ഒരു ചെറിയ ബാന്റേജുണ്ട്. മുഖത്ത് ചിരിയും. അവളെ കടന്നുപോയപ്പോൾ പാറുകുട്ടി തിരിഞ്ഞുനോക്കുന്നു. അപ്പോൾ കാണുന്നത് പയ്യൻ സൈക്കിൾ തിരിക്കുന്നതാണ്. അവൾ വേഗം നടക്കുന്നു. അയാൾ വളരെ വേഗത്തിൽ സൈക്കിളോടിച്ച് അവളുടെ മുമ്പിലൂടെ പോകുന്നു. അവൾ ആശ്വസിക്കുന്നു. പിന്നെ കാണുന്നത് അയാള്‍ വളരെ വേഗത്തിൽ അവൾക്കു നേരെ സൈക്കിളോടിച്ചു വരുന്നതാണ്. ഇപ്രാവശ്യം രണ്ടു കൈയ്യും വിട്ടിട്ടാണെന്നു മാത്രമല്ല സൈക്കിളിന്മേൽ എഴുന്നേറ്റു നിൽക്കുകയും ചെയ്യുന്നു. പാറുകുട്ടിയുടെ മുഖത്ത് ഭയം. അടുത്ത നിമിഷത്തിൽ ഒരു കല്ല് തടഞ്ഞ് പയ്യനും സൈക്കിളും താഴത്തെത്തുന്നു. പാറുകുട്ടി പൊട്ടിച്ചിരിച്ചുകൊണ്ട് നേരെ നടന്നുപോകുന്നു. ഗെയ്റ്റിന്റെ അടുത്തെത്തി തിരിഞ്ഞു നോക്കുമ്പോൾ പയ്യൻ നിലത്ത് വീണുകിടക്കുകതന്നെയാണ്. നടുറോട്ടിൽ വീണുകിടക്കുന്ന സൈക്കിളിന്റെ ചക്രം തിരിഞ്ഞു കൊണ്ടിരിക്കുന്നു. അവന്റെ കണ്ണുകളിൽ അദ്ഭുതം. പാറുകുട്ടി ഗെയ്റ്റു കടന്ന് പോകുന്നു.

സീൻ 7 എ:

അടുക്കളയിൽ പാൽ അടുപ്പത്തു വയ്ക്കുകയാണ് പാറുകുട്ടി. ത്രേസ്യാമ്മ കടന്നു വരുന്നു. അവൾ ത്രേസ്യാമ്മയെ നോക്കി എന്തോ പറയാൻ ഓങ്ങുന്നു. ഉടനെ വേണ്ടെന്നു വയ്ക്കുന്നു. പിന്നെ ഒരു വീണ്ടുവിചാരത്തിൽ അവൾ സംസാരിക്കാൻ തുടങ്ങുന്നു.

പാറുകുട്ടി: അമ്മച്ചീ.....

ത്രേസ്യാമ്മ: എന്താ പെണ്ണേ?

പാറുകുട്ടി: ഞാനിന്നലെ പറഞ്ഞില്ലേ ഒരാള് സൈക്കിളീന്ന് വീണൂന്ന്.

ത്രേസ്യാമ്മ: അതേ.....

പാറുകുട്ടി: അയാള് ഇന്നും സൈക്കിളീന്ന് വീണു.

ത്രേസ്യാമ്മ: അതെന്താ അങ്ങനെ? അയാള് സൈക്കിള് പഠിക്ക്യാണോ?

പാറുകുട്ടി: അല്ലമ്മച്ചീ, അഭ്യാസം കാട്ടീട്ടാ.

ത്രേസ്യാമ്മ: എന്തിനാണ് അയാള് അഭ്യാസം കാട്ടണത്?

പാറുകുട്ടി: ആ, അറിയാമ്പാട്‌ല? അയാക്കടെ ഓരോ വേഷങ്ങള്.

ത്രേസ്യാമ്മ: എന്നിട്ട് അയാക്ക് വല്ലതും പറ്റിയോ?

പാറുകുട്ടി: ആ, അറിയില്ലമ്മച്ചീ. പിന്നേയ്, അയാള് കൊറച്ചു ദെവസായി എന്റെ പിന്നാലെ നടക്കുന്നു.

ത്രേസ്യാമ്മ: എന്നിട്ട് നീയെന്താണ് എന്നോട് പറയാഞ്ഞത്്?

പാറുകുട്ടി ഒന്നും പറയുന്നില്ല. ഇടക്കിടയ്ക്ക് ചൂട്ടഴിയിലൂടെ ത്രേസ്യാമ്മ കാണാതെ ഒളിഞ്ഞു നോക്കുന്നുണ്ട്.

ത്രേസ്യാമ്മ: നെന്നെ കാണാൻ ആൾക്കാര് വരണ്‌ണ്ട്. കൊഴപ്പത്തിനൊന്നും നിൽക്കണ്ട പെണ്ണേ. ഇനീം ഇങ്ങനെ വല്ലതുംണ്ടായാൽ പറേണം കേട്ടോടീ?

പാറുകുട്ടി: ആ അമ്മച്ചീ.

സീൻ 8:

രാവിലെ പാറുകുട്ടി പാൽ വാങ്ങി വരുന്ന സീൻ. ഇടയ്ക്ക് തിരിഞ്ഞു നോക്കുന്നുണ്ടെങ്കിലും ആരുമില്ല. പെട്ടെന്ന് മുമ്പിലെ ഒരു വളവു കഴിഞ്ഞ് സൈക്കിളുകാരൻ പ്രത്യക്ഷപ്പെടുന്നു. വലത്തെ കൈകൊണ്ട് ഹാന്റിൽബാർ പിടിച്ച് സൈക്കിൾ ഉന്തിക്കൊണ്ടു വരികയാണ്. ഇടത്തെ കൈ പ്ലാസ്റ്ററിട്ട് ഒരു വെള്ളതുണികൊണ്ട് കഴുത്തിലൂടെ സ്ലിങ്ങായി ഇട്ടിരിക്കുന്നു. പെട്ടെന്ന് പാറുകുട്ടിക്ക് ചിരി പൊട്ടി. അപ്പോഴാണ് അവൾ അയാളുടെ മുഖത്ത് നോക്കുന്നത്. അവിടെ ശോകഭാവം. ചിരിയില്ല, സാഹസികതയില്ല. ആകെ തളർന്ന ഭാവം. പാറുകുട്ടിയുടെ മുഖം കറുക്കുന്നു. അവൾക്ക് സങ്കടം വരുന്നുണ്ട്. അവൾ തലതാഴ്ത്തി നടന്നു പോകുന്നു. ഗെയ്റ്റിന്നടുത്തെത്തി തിരിഞ്ഞു നോക്കുന്നു. പയ്യൻ നേരെ നടന്നുപോകുകയാണ്.

സീൻ 8 എ:

അടുക്കളയിൽ ത്രേസ്യാമ്മ പച്ചക്കറി കഴുകുകയാണ്. പാറുകുട്ടി പാൽപാത്രവുമായി പുറകിലെ വാതിൽ കടന്നു വരുന്നു. ത്രേസ്യാമ്മ മുഖമുയർത്തി നോക്കുന്നു.

ത്രേസ്യാമ്മ: ഇന്ന് ആ സൈക്കിള്കാരനെ കണ്ടോ?

പാറുകുട്ടി: (വിക്കിക്കൊണ്ട്) ഇല്ലമ്മച്ചീ, അല്ലമ്മച്ചീ കണ്ടു....

ത്രേസ്യാമ്മ: (അവളെ സാകൂതം നോക്കിക്കൊണ്ട്) നീയെന്താണ് പറയുന്നത്. കണ്ടൂന്നോ കണ്ടില്ലാന്നോ.

പാറുകുട്ടി: അല്ലമ്മച്ചീ, ഇന്ന് അയാള് സൈക്കിളീന്ന് വീണതൊന്നുംല്ല്യ.

ത്രേസ്യാമ്മ: (കഷ്ടായി എന്ന സ്വരത്തിൽ) അതു നന്നായി. അതോണ്ടാണോ നെന്റെ മൊഖത്ത് ചിരിയില്ലാതായത്?

പാറുകുട്ടി പാത്രമെടുത്ത് പാലുകാച്ചാൻ വെയ്ക്കുന്നു. ചൂട്ടഴിയിലൂടെ നോക്കുന്നു.

സീൻ 8 ബി:

ഗെയ്റ്റിലെ ദൃശ്യം. റോഡ് ഒഴിഞ്ഞു കിടക്കുന്നു. ആരുമില്ല. പാറുകുട്ടിയുടെ മുഖം ഒട്ടും പ്രസന്നമല്ല.

സീൻ 9:

പാറുകുട്ടി രാവിലെ പാൽ വാങ്ങി വരുന്ന സീൻ രണ്ടു മൂന്നു പ്രാവശ്യം ആവർത്തിച്ചു കാണിക്കണം. വിജനമായ റോഡ്. സൈക്കിളുകാരൻ ഇല്ലാത്ത റോഡ്. ഓരോ പ്രാവശ്യവും പാറുകുട്ടിയുടെ മുഖം മ്ലാനമാകുന്നതു വ്യക്തമാക്കണം.

സീൻ 10:

ഉമ്മറത്ത് കസേലയിൽ ജോസഫേട്ടൻ ഇരിക്കുന്നു. കാമറ പാൻ ചെയ്ത് മിറ്റത്തേയ്ക്കു കൊണ്ടുപോകുന്നു. അവിടെ ഗെയ്റ്റിൽ ഒരു ടാക്‌സിയിൽനിന്ന് അഞ്ചുപേർ ഇറങ്ങുകയാണ്. കാമറ വീണ്ടും ജോസഫേട്ടനിലേയ്ക്ക്. ജോസഫേട്ടൻ മുറ്റത്തേയ്ക്ക് ഇറങ്ങി വന്ന് അവരെ സ്വീകരിക്കുന്നു.

ജോസഫേട്ടൻ: വരൂ, വരൂ......വീട് കണ്ടുപിടിക്കാൻ വെഷമിച്ചോ?

കൂട്ടത്തിൽ പ്രായം തോന്നിക്കുന്ന (50 വയസ്സ്) ഒരാൾ: ഏയ് ഇല്ല.

എല്ലാവരും ഉമ്മറത്തേയ്ക്കു കയറുന്നു. ഓരോ ഇരിപ്പിടങ്ങളിൽ സ്ഥാനം പിടിക്കുന്നു. അമ്പതു വയസ്സുകാരനു പുറമെ നാൽപ്പതു വയസ്സുള്ള ഒരാൾ (പയ്യന്റെ അമ്മാവനാണ്), രണ്ടു സ്ത്രീകൾ, അമ്മയും അമ്മായിയു മാണ്), പിന്നെ പയ്യൻ. മറ്റുള്ളവരുടെ മുഖം കാണിക്കുന്നുണ്ടെങ്കിലും പയ്യന്റെ മുഖം കാമറയിൽ നേരിട്ടു കാണുന്നില്ല.

സീൻ 10 എ:

കിടപ്പു മുറി. ത്രേസ്യാമ്മ പാറുകുട്ടിയെ ഉടുത്തൊരുക്കുകയാണ്. ഒരു മാതിരി കഴിഞ്ഞിരിക്കുന്നു. സാരിയുടെ ചുളിവുകൾ നിവർത്തുകയാണ് ത്രേസ്യാമ്മ. പാറുകുട്ടി ഡ്രെസ്സിംഗ് ടേബിളിന്റെ കണ്ണാടിയിൽ നോക്കുന്നു. ത്രേസ്യാമ്മ കുറച്ചു വിട്ടുനിന്ന് അവളെ നോക്കുകയാണ്. ഓർമ്മകൾ അവരെ അലട്ടിയെന്നു തോന്നുന്നു സാവധാനത്തിൽ അവരുടെ കണ്ണുകൾ നിറയുന്നു. അതു തുടച്ചുകൊണ്ട് അവർ പറയുന്നു.

ത്രേസ്യാമ്മ: നീ പുറപ്പെട്ടുകഴിഞ്ഞ് അടുക്കളയിലോട്ടു വാ പെണ്ണേ, ഞാൻ ചായണ്ടാക്കി വയ്ക്കാം.

പാറുകുട്ടി: ഞാൻ ണ്ടാക്കാം അമ്മച്ചീ ചായ.

ത്രേസ്യാമ്മ: വേണ്ട പെണ്ണേ, നീയിങ്ങനെ ഉടുത്തൊരുങ്ങീട്ട് അടുക്കളേലൊന്നും പോയി വെരകേണ്ട.

ത്രേസ്യാമ്മ അടുക്കളയിലേയ്ക്കു പോകുന്നു. പാറുകുട്ടി മുത്തുകൾ പതിച്ച പൊട്ടെടുത്തു തൊട്ടു കണ്ണാടിയിൽ നോക്കി. സുന്ദരിയായിരിക്കുന്നു. സ്വന്തം പറയുന്നു.

പാറുകുട്ടി: പയ്യന് ബോധിച്ചില്ലെങ്കിൽ വേണ്ട.

അവൾ ഇടനാഴികയിലൂടെ അടുക്കളയിലേയ്ക്കു നടക്കുന്നു. ഇടനാഴികയിലെ കിളിവാതിലിലൂടെ ഉമ്മറത്തേയ്ക്കു നോക്കുന്നു. അവിടെ സോഫയിൽ രണ്ടു സ്ത്രീകളും രണ്ടു പുരുഷന്മാരും ഇരിക്കുന്നു. പിന്നെ കാമറയുടെ കണ്ണുകൾ പതിയുന്നത് പയ്യന്റെ മുഖത്താണ്. പാറുകുട്ടിയുടെ മുഖത്ത് അദ്ഭുതം. കാമറ പയ്യന്റെ മുഖത്തേയ്ക്ക് സൂം ചെയ്യുന്നു. അത് ആ സൈക്കിൾകാരൻ പയ്യനാണ്. പാറുകുട്ടി കണ്ണുതുടച്ച് ഒരിക്കൽക്കൂടി നോക്കുന്നു. പയ്യന്റെ മുഖം വ്യക്തമായി കാണുന്നു. അവൾ തലയിൽ കൈയ്യും വെച്ച് അടുക്കളയിലേയ്ക്ക് ഓടുന്നു.

സീൻ 10 ബി:

അടുക്കളയിൽ ചായകൂട്ടുന്ന ത്രേസ്യാമ്മ. പാറുകുട്ടി പെട്ടെന്ന് ഓടിക്കൊണ്ടു വരുന്നു. ത്രേസ്യാമ്മ പരിഭ്രമിക്കുന്നു.

ത്രേസ്യാമ്മ: എന്താ പെണ്ണേ?

പാറുകുട്ടി: (കിതപ്പിന്നിടയിൽ) അതില്ലേ അമ്മച്ചീ.... അത് അയാളാണ്.

ത്രേസ്യാമ്മ: ഏത്, ആര് പെണ്ണേ?

പാറുകുട്ടി: ഇപ്പോ കാണാൻ വന്ന ആളില്ലേ അമ്മച്ചീ, അതയാളാണ്, ആ സൈക്കിളുകാരൻ.

ത്രേസ്യാമ്മ: (തലയിൽ കൈവയ്ക്കുന്നു) എന്റെ കർത്താവേ! ഇനിയെന്താ ചെയ്യ്വാ

പാറുകുട്ടി: നമുക്കയാക്കടെ കുറുമ്പ് മാറ്റിക്കൊടുക്കാം അമ്മച്ചീ.

ത്രേസ്യാമ്മ: നീയെന്തൊക്കെയാണ് പറയണത്?

അഞ്ചു കപ്പുകളിൽ ചായ പകർന്നുവെച്ചിരുന്നു. പാറുകുട്ടി മുളകുപൊടിയുടെ പാത്രം തുറന്ന് ഒരു സ്പൂൺ പൊടിയെടുത്ത് ഒരു കപ്പ് ചായയിലിട്ട് ഇളക്കുന്നത് അവർ ഭയംകൂറുന്ന കണ്ണുകളോടെ നോക്കിനിൽക്കുന്നു.

ത്രേസ്യാമ്മ: എടി പെണ്ണേ, നീയെന്താണീ ചെയ്യണത്?

പാറുകുട്ടി: അമ്മച്ചി ഒന്നും പറയണ്ട. അയാക്കടെ കുറുമ്പ് ഞാൻ മാറ്റിത്തരാം.

അവൾ ചായയുടെ ട്രേ എടുത്തു പുറപ്പെടുന്നു. കുഴലപ്പവും അച്ചപ്പവുമുള്ള ട്രേയുമായി ത്രേസ്യാമ്മയും നടക്കുന്നു. അവർ ഇടയ്ക്കിടയ്ക്ക് പാറുകുട്ടിയുടെ കൈയ്യിലുള്ള ട്രെയിലേയ്ക്ക് ഭീതിയോടെ നോക്കുന്നുണ്ട്.

സീൻ 11:

ഉമ്മറത്ത് അവർ സംസാരിച്ചുകൊണ്ടിരിക്കുന്നു.

ജോസഫേട്ടൻ: എന്താണ് കൈയ്യിനു പറ്റീത്?

പയ്യൻ: സൈക്കിളീന്ന് വീണതാ.

പറഞ്ഞുകഴിഞ്ഞതും നോക്കിയത് പാറുകുട്ടിയുടെ മുഖത്തേയ്ക്ക്. മുഖത്തുണ്ടായ ചമ്മൽ പുറത്തു കാണിക്കാതിരിക്കാൻ ശ്രമിക്കുന്നു. പാറുകുട്ടി ട്രെയിലുള്ള കപ്പുകൾ ഓരോരുത്തർക്കായി എടുത്തു കൊടുക്കുന്നു. അവസാനം അവൾ മാറ്റിവച്ച കപ്പ് പയ്യനും കൊടുക്കുന്നു, ഒരു ചിരിയോടെ..

ത്രേസ്യാമ്മ പലഹാരങ്ങളുള്ള ട്രെ ടീപോയിമേൽ വച്ച് ഭയത്തോടെ പാറുകുട്ടിയുടെ ചലനങ്ങൾ വീക്ഷിക്കുന്നു.

ജോസഫേട്ടൻ: ഇത് ചെറുക്കന്റെ അച്ഛനാണ്, ഇത് മാമൻ. ഇത് അമ്മയും അമ്മായിയും ആണ്.

ത്രേസ്യാമ്മ: ഞങ്ങടെ മോടെ മാതിര്യാ അവള് ഇവിടെ കഴീണത്.

ത്രേസ്യാമ്മ വീണ്ടും പയ്യനെ ശ്രദ്ധിക്കുന്നു. അയാൾ കപ്പെടുത്ത് ചുണ്ടത്ത് വെയ്ക്കുമ്പോൾ ത്രേസ്യാമ്മ അയ്യോ എന്നൊരു ഭാവത്തിൽ നോക്കി നിൽക്കുന്നു.

മാമൻ: നല്ല ചായ.

ത്രേസ്യാമ്മ: (ധൃതിയിൽ) ഇത് പാറുകുട്ടിണ്ടാക്കീതാണ്.

അവർ വീണ്ടും പയ്യൻ കപ്പെടുത്ത് ആദ്യത്തെ മോന്ത് കുടിക്കുന്നതു കാണുന്നു.

പയ്യൻ: (ഒരിറക്കു കുടിച്ചുകൊണ്ട്) ഔ....

പാറുകുട്ടി ചിരിച്ചുകൊണ്ട് നിൽക്കുന്നു. ത്രേസ്യാമ്മ ആരും കാണാതെ തിരിഞ്ഞുനിന്നുകൊണ്ട് കുരിശു വരക്കുന്നു.

ത്രേസ്യാമ്മ: (താഴ്ന്ന സ്വരത്തിൽ) എന്റെ കർത്താവേ ഈ കൊച്ചുപെണ്ണിനോട് ക്ഷമിക്കണേ.....

പയ്യൻ ചായ കുടിക്കുന്നു. കണ്ണിൽനിന്നും മൂക്കിൽനിന്നും ചുടുനീർ പുറത്തുചാടുന്നു. അയാൾ പാന്റിന്റെ കീശയിൽനിന്നും കർച്ചീഫെടുത്ത് മുഖം തുടക്കുന്നു.

ജോസഫേട്ടൻ: എന്തു പറ്റീ?

പയ്യൻ: ഒന്നുംല്ല, പെട്ടെന്നൊരു ജലദോഷം

പയ്യൻ വീണ്ടും ചായ കുടിക്കുന്നു. ചായ മുഴുവൻ കുടിച്ചശേഷം കപ്പ് ടീപോയിമേൽ വെയ്ക്കുന്നു.

പാറുകുട്ടി അകത്തേയ്ക്കു പോകുന്നു. പിന്നാലെ ത്രേസ്യാമ്മയും.

ഉമ്മറത്ത് സംസാരം നടക്കുന്നു.

സീൻ 11 എ:

അടുക്കളയിൽ ത്രേസ്യാമ്മ ഒരു മുറത്തിൽ അരിയെടുത്ത് കല്ലുപെറുക്കുകയാണ്. അരി ഒരു ചെമ്പിലേയ്ക്കിട്ട് ടാപ്പിന്റെ താഴെ വച്ച് ടാപ്പു തുറക്കുന്നു. ജോസഫേട്ടൻ വരുന്നു.

ജോസഫേട്ടൻ: കൊച്ചു ത്രേസ്യേ?

ത്രേസ്യാമ്മ: (ടാപ്പടച്ചുകൊണ്ട്) എന്തോ?

ജോസഫേട്ടൻ: പാറുകുട്ടി എവിടെ?

ത്രേസ്യാമ്മ: അവള് അകത്തെവിടെങ്കിലുംണ്ടാവും. എന്തേ?

ജോസഫേട്ടൻ: ചെറുക്കൻ തരക്കേടില്ലാന്നാ തോന്നണത് ഒരു പാവാണ്, ചായപ്പൊടിക്കമ്പനീല് സൂപ്പർ വൈസറാണ്. വീട്ടുകാരും മോശല്ല്യാന്ന് തോന്നുണു. നമുക്ക് ഒന്ന് അന്വേഷിക്കാം. പിന്നെ ചെറുക്കന് പെണ്ണിനെ നല്ല ഇഷ്ടായിരിക്കുന്നു. അവൾക്ക് അവനെ ഇഷ്ടായോന്ന് ചോദിക്കാൻ പറഞ്ഞിരിക്കുന്നു. അവൻ തന്നെയാണ് പറഞ്ഞത്. അതറിഞ്ഞിട്ടു മതി ബാക്കി കാര്യങ്ങളൊക്കെ നോക്കാൻന്നാണ് പറേണത്. നീ ഒന്നു ചോദിച്ചുനോക്ക്.

ത്രേസ്യാമ്മ: എന്താ ഇഷ്ടാവാതെ? (പെട്ടെന്ന് എന്തോ അപകട സാധ്യത ഓർത്ത്) ......അല്ലെങ്കീ വേണ്ട, ഞാനൊന്ന് ചോദിച്ചു നോക്കട്ടെ. ഇപ്പഴത്തെ പെൺകുട്ടികളല്ലെ.

ജോസഫേട്ടൻ: ഞാനങ്ങോട്ട് ചെല്ലട്ടെ. നീ പാറുകുട്ടിയോട് ചോദിച്ചിട്ട് അങ്ങോട്ടു വന്നാമതി.

ജോസഫേട്ടൻ പോകുന്നു.

സീൻ 12:

കിടപ്പറയിൽ പാറുകുട്ടി നിലത്ത് കുമ്പിട്ടിരുന്ന് തേങ്ങിക്കരയുന്നു. ത്രേസ്യാമ്മ വാതിൽ കടന്നു വരുന്നു.

ത്രേസ്യാമ്മ: എന്തു പറ്റീ മോളെ?

അവർ പാറുകുട്ടിയുടെ അടുത്തിരുന്ന് അവളുടെ പുറം തലോടുന്നു.

പാറുകുട്ടി: (തേങ്ങലിന്നിടയിൽ) അയാള് ആ ചായ മുഴുവൻ കുടിച്ചു അമ്മച്ചീ.....

ത്രേസ്യാമ്മ: സാരല്ല്യ മണ്ടീ.... ഓരോന്ന് ചെയ്യും, ന്ന്ട്ട് പിന്നെ ചിണുങ്ങ്വാണ്. അയാക്ക് നെന്നെ നന്നായി പിടിച്ചിരിക്കുണു. നെനക്ക് അയാളെ ഇഷ്ടായോന്ന് ചോദിക്കാൻ പറഞ്ഞു. പയ്യൻ തന്നെയാണ് ചോദിച്ചത്. നീയൊന്നും പറയാണ്ട്യന്നെ എനിക്ക് മനസ്സിലായി.... മണ്ടി.

ത്രേസ്യാമ്മ എഴുന്നേൽക്കുന്നു.

ത്രേസ്യാമ്മ: എഴുന്നേൽക്ക് പെണ്ണേ. മുഖം കഴുകി ഉമ്മറത്തേയ്ക്കു വാ. അവര് പോവ്വാണ്.

ത്രേസ്യാമ്മ അവളെ എഴുന്നേൽപ്പിക്കുന്നു.

ത്രേസ്യാമ്മ വാതിൽ കടന്ന് പോകുന്നു.

പാറുകുട്ടി എഴുന്നേൽക്കുന്നു. കണ്ണാടിയുടെ മുമ്പിൽ കുറച്ചുനേരം നോക്കിനിൽക്കുന്നു. പിന്നെ ഒരു ചിരിയോടെ പുറത്തേയ്ക്ക് ഓടുന്നു.

സീൻ 13:

ഉമ്മറത്ത് എല്ലാവരും ഇരിക്കുകതന്നെയാണ്. ത്രേസ്യാമ്മ വരുന്നു. എല്ലാവരും അവരുടെ മുഖത്ത് ഉൽക്കണ്ഠയോടെ നോക്കുന്നു. അവർ ചിരിച്ചുകൊണ്ടാണ് വരുന്നത്. കാര്യം അനുകൂലമാണെന്ന് എല്ലാവർക്കും മനസ്സിലാവുന്നു.

ത്രേസ്യാമ്മ: പാറുകുട്ടി ഒരു കാര്യം പറഞ്ഞിരിക്കുന്നു. മോനിനി അവളെ കാണിക്കാനായി സൈക്കിളിമ്മല് അഭ്യാസൊന്നും ചെയ്യണ്ടാന്ന് .

എല്ലാവരും വാ പൊളിച്ചു നില്ക്കുന്നു. അവർ തുടർന്നു.

ത്രേസ്യാമ്മ: എന്താണെന്നോ? കല്യാണാവുമ്പോഴേയ്ക്ക് താലി കെട്ടാൻ ഒരു കയ്യെങ്കിലും സ്വാധിനത്തില് വേണ്ടേ?

എല്ലാവരും അദ്ഭുതത്തോടെ നോക്കി നിൽക്കുന്നു.

End of Part II

End of Episode12

ഈ തിരക്കഥയെക്കുറിച്ച്


1998 ല്‍ പ്രസിദ്ധീകരിച്ച ഒരു കുടുംബ പുരാണം എന്ന സ്വന്തം നോവലിനെ അടിസ്ഥാനമാക്കി ഹരികുമാര്‍ തയ്യാറാക്കിയ തിരക്കഥ. 13 എപ്പിസോഡുകളിലായി ചിത്രികരിയ്ക്കാവുന്ന രീതിയില്‍ തയ്യാറാക്കിയ ഈ തിരക്കഥ ഫീച്ചര്‍ ഫിലിമിനും, ടെലിവിഷന്‍ സീരിയലിനും അനുയോജ്യമാണ്.

ഈ തിരക്കഥ സിനിമയോ, ടെലിവിഷന്‍ സീരിയലോ, ടെലിഫിലിമോ ആക്കുന്നതിനു താത്പര്യമുള്ളവര്‍ ബന്ധപ്പെടുക......
e.harikumar.novelist@gmail.com