|| Scripts

ശ്രീപാർവ്വതിയുടെ പാദം

ഇ ഹരികുമാര്‍

കഥാപാത്രങ്ങൾ

1. മാധവി - 34 വയസ്സ്, പ്രസാദാത്മകമായ പെരുമാറ്റം, ചിലപ്പോൾ സ്വപ്നലോകത്തിലേയ്ക്ക് പോകുന്നു.
2. രവി - 40 വയസ്സ്, മാധവിയുടെ സ്‌നേഹമുള്ള ഭർത്താവ്.
3. ശാരദ - 38 വയസ്സ് - മാധവിയുടെ വല്യമ്മയുടെ (ഭാർഗ്ഗവിയമ്മ) മകൾ. നല്ലൊരു വീട്ടമ്മ, നാട്ടിൻപുറത്തുകാരി.
4. രാമേട്ടൻ - 48 വയസ്സ് - ശാരദയുടെ കർഷകനായ ഭർത്താവ് ഒരു തമാശക്കാരനും സ്‌നേഹമുള്ളവനുമാണ്.
5. സുപ്രിയ - 10 വയസ്സ് - ശാരദയുടെ മകൾ, ഒരു നിഷ്‌കളങ്കയായ പെൺകുട്ടി, ഗ്രാമാന്തരീക്ഷത്തിൽ വളർന്നതാണ്.
6. പാറുകുട്ടി - ഏകദേശം 60 വയസ്സ് - തറവാട്ടിൽ ആദ്യം മുതലേ ഒരു അടുക്കള സഹായിയായി പ്രവർത്തിയ്ക്കുന്നു. മാധവിയുടെയും ശാരദയുടെയും കുട്ടിക്കാലംതൊട്ട് അവരവിടെയുണ്ട്.
7. മുത്തശ്ശി - ഏകദേശം 60-65 വയസ്സ് (മാധവിയുടെ കുട്ടിക്കാലത്ത്) - അവർ ഫ്ലാഷ്ബാക്കിൽ മാത്രം പ്രത്യക്ഷപ്പെടുന്നു. ഒരു വലിയ മനസ്സ്, പ്രകൃതിയോടുള്ള സ്‌നേഹം, പേരക്കുട്ടികളോടുള്ള വാത്സല്യം, ജോലിക്കാരോടുള്ള കൃപ - എല്ലാംഅവരെ ഒരു മഹതിയാക്കുന്നു.
8. മാധവൻ നായർ - 40 വയസ്സ് (ഫ്ലാഷ്ബാക്കിൽ പ്രത്യക്ഷപ്പെടുമ്പോൾ) - മാധവിയുടെ അച്ഛൻ. ഇപ്പോൾ തൃശ്ശൂരിലാണ്.
9. സുഭദ്ര - 32 വയസ്സ് (ഫ്ലാഷ്ബാക്കിൽ പ്രത്യക്ഷപ്പെടുമ്പോൾ) - മാധവിയുടെ അമ്മ.
10. രണ്ടു ജോലിക്കാർ (ഫ്ലാഷ്ബാക്കിൽ) - അവർ മരം വെട്ടുകാരാണ്.

എറണാകുളത്ത് ഒരിടത്തരം വീട്. (ഫ്ലാറ്റ് വേണമെന്ന് നിർബ്ബന്ധമില്ല).

സീൻ 1.

കുട്ടികളുടെ മുറി. രണ്ടു കട്ടിലുകൾ ഇരുവശത്തുമായി ചുമരരികെ ഇട്ടിരിക്കുന്നു. ചുമരിൽ കുട്ടികളുടെ കുറച്ച് വലുതാക്കി ഫ്രെയിം ചെയ്ത ഫോട്ടോ മാത്രം. അത് ഒന്നോ രണ്ടോ കൊല്ലം മുമ്പ് എടുത്ത ഫോട്ടോവാണ്. കുട്ടികൾ കളിക്കുകയാണ്. സംഭാഷണം വേണമെന്നില്ല, പശ്ചാത്തല സംഗീതം മാത്രം. കളി സ്വാഭാവികമായും കലഹത്തിലെത്തുന്നു. ഇളയവൻ അമ്മയെ വിളിക്കുന്നു. മൂത്തവൻ ഒന്നും അറിയാത്ത പോലെ വായിക്കുകയാണെന്ന് അഭിനയിക്കുന്നു. അമ്മ വരുന്നു. ഇത്രമാത്രം. ഇത് ഒരു മിനുറ്റു മതിയാവും. അവസാന രംഗം, അതായത് അമ്മ വാതിൽ കടന്ന് വരുന്നതും, ഇളയ മകൻ ചേട്ടനെ ചൂണ്ടിക്കാട്ടുന്നതും, മുത്ത മകൻ ഒന്നുമറിയാത്ത മട്ടിൽ പുസ്തകം വായിക്കുന്നതും ഫ്രീസ് ചെയ്ത് സ്‌കെച്ചി ഫോമിലാക്കി ട്രാൻസ്‌ഫോം ചെയ്യണം. (graphic pen or similar).

ഈ ചിത്രം പശ്ചാത്തലമാക്കി ടൈടിൽസ് തുടങ്ങാം.

സീൻ 2.

എ.

സ്‌ക്രീൻ തെളിയുമ്പോൾ കാണുന്നത് ഒരു കിടപ്പു മുറിയാണ്. മുറിയിൽ വെളിച്ചമുണ്ട്. കിടക്കയിൽ രവി ക്യാമറയുടെ വശം ചെരിഞ്ഞ് കിടക്കുന്നു. ഉറക്കത്തിന്റെ തുടക്കമാണ്. മയക്കം.

ബി.

ക്യാമറ പാൻ ചെയ്യുമ്പോൾ കാണുന്നത് ജനലിനരുകിൽ പുറത്തേയ്ക്കു നോക്കി നിൽക്കുന്ന മാധവിയെയാണ്. അതോടെ മഴയുടെ ശബ്ദം മുന്നിലേയ്ക്ക് വരുന്നു. അത് ക്രമേണ വർദ്ധിച്ച് ഉച്ചത്തിലാവുന്നു.

സി.

ജനലിലൂടെ പുറത്ത് സ്റ്റ്രീറ്റ്‌ലൈറ്റിന്റെ വെളിച്ചത്തിൽ മഴ ചാഞ്ഞുവീഴുന്നതു കാണാം. മാധവിയുടെ സൈഡ് വ്യൂ. ഒരു മിന്നൽ തുടർന്ന് ഇടിവെട്ടിന്റെ ശബ്ദം. അവൾ പെട്ടെന്ന് തിരിഞ്ഞ് ഭർത്താവ് കിടക്കുന്നത് നോക്കുന്നു.

ഡി.

രവി ഉറങ്ങുന്നതിന്റെ ദൂരക്കാഴ്ച.

ഇ.

മാധവി സാവധാനത്തിൽ നടന്നുവന്ന് അയാൾക്കരികെ കിടക്കുന്നു. രവി ഉറക്കംതന്നെയാണ്. ഒരു നിമിഷം തലയ്ക്കൽ ഭാഗത്തുള്ള സ്വിച്ച് ഓഫാക്കാൻ കൈയ്യേന്തുന്നു. തീരുമാനം മാറ്റി കുറച്ചുനേരം ഭർത്താവിനെ നോക്കിനിന്ന ശേഷം വിളിക്കുന്നു.

മാധവി: നോക്കു നിങ്ങളുറങ്ങ്യോ?

രവി (ഞെട്ടിയുണരുന്നു): ഇല്ല്യാ. എന്തേ?

മാധവി: ഒന്നുംല്ല്യ. ഞാനീ ശനിയാഴ്ച കോട്ടപ്പടിക്കു പോട്ടെ?

രവി എഴുന്നേറ്റ് തലയിണ കട്ടിലിന്റെ തലയ്ക്കൽ വെച്ച് ചാരിയിരിക്കുന്നു.

രവി: എന്താ പറഞ്ഞത്?

മാധവി: ഞാൻ കോട്ടപ്പടിക്കു പോട്ടെ, ഈ ശനിയാഴ്ച?

രവി: നീ കടുപ്പാ ചെയ്യണത്.

മാധവി: എന്തേ?

രവി: എന്നെ വിളിച്ചുണർത്തിയതന്നെ.

മാധവി: (വ്യസനത്തോടെ) സോറി, കിടന്നോളു. ഞാനാലോചിച്ചില്ല, ഈ മഴേം തണുപ്പുംള്ളപ്പൊ നല്ല സുഖത്തില് ഉറങ്ങ്വാവുംന്ന്. കിടന്നോളു.

രവി: (കിടന്ന് അവളെ കെട്ടിപ്പിടിക്കുന്നു.) സാരല്യ. നീ പൊയ്‌ക്കോ. പക്ഷെ ഇപ്പ അതിന് മാത്രം എന്ത് പ്രകോപനാണ്ടായ്യേ.

മാധവി: ഒന്നുംല്ല്യ.

രവി: എനിക്കറിയാം കോട്ടപ്പടിയ്ക്ക് പോവ്വാന്നത് നിന്റെ തീർത്ഥാടനാണ്ന്ന്. ആത്മാവിന്റെ വിള്യാണ്. സാധാരണ നീ എന്തെങ്കിലും ആലോചിച്ചോണ്ട് ശ്രദ്ധല്ല്യാതെ നടക്കുമ്പഴൊക്കെ ഞാൻ പറയാറില്ലെ, മാധവി നിന്റെ തീർത്ഥാടനത്തിന്ള്ള സമയായിരിക്കുണുന്ന്. ഇപ്പൊ അങ്ങന്യൊന്നുംണ്ടായിട്ടില്ല. ഒരു കുപ്പിഗ്ലാസ്സുപോലും നിന്റെ കയ്യിൽന്ന് വീണ് പൊട്ടീട്ടില്ല്യ. അപ്പൊ പിന്നെ?.........

മാധവി: (ജനലിലൂടെ പുറത്തേയ്ക്ക് നോക്കുകയാണ്. ജനലിനു പുറത്തെ ഷോട്ട്. മഴ ചാഞ്ഞുപെയ്യുന്നതിന്റെ ദൃശ്യം. മാധവിയുടെ മുഖം ക്ലോസപ്പ് കാണുന്നു.) ഈ മഴ കൊറച്ച് നേരം നോക്കിനിന്നപ്പ കോട്ടപ്പടീലെ തൊടിയൊക്കെ ഓർമ്മ വന്നു.

രവി: അതായിരിക്കും.......... ഇപ്രാവശ്യം മഴ നേർത്തെ തൊടങ്ങീട്ട്ണ്ടല്ലൊ. ഇന്ന് മെയ് ഇരുപത്തൊന്നാന്തി ആയിട്ടല്ലെ ഉള്ളു.

മാധവി: ഈ മഴ എല്ലാ കൊല്ലും പതിവ്ണ്ട്. രണ്ടീസം പെയ്ത് പോവും. പിന്നെ ജൂൺ ഒന്നാന്തി കഴിഞ്ഞിട്ടേണ്ടാവാറുള്ളു.

രവി: തറവാട്ടില് പോണംന്ന്‌ണ്ടെങ്കില് പൊയ്‌ക്കോളു, ഈ ശന്യാഴ്ച്യന്നെ.

മാധവി: നിങ്ങക്ക് ബുദ്ധിമുട്ടാവില്ലെ?

രവി: എന്തു ബുദ്ധിമുട്ട്. ഒന്നോ രണ്ടോ ദിവസത്തേയ്ക്കല്ലെ? രാവിലെ തങ്കം ചായേം പലഹാരും ണ്ടാക്കും. പിന്നെ ചോറും കൂട്ടാനുംണ്ടാക്കിവെച്ച് പോവും. മറ്റു കാര്യങ്ങളൊക്കെ ഞാനും കുട്ട്യോളും കൂടി നോക്കാം. അതൊന്നും ഒരു ബുദ്ധിമുട്ടല്ല.

മാധവിയുടെ മുഖത്ത് ആശ്വാസം. സ്‌നേഹത്തോടെ രവിയുടെ അരക്കെട്ടിൽ കൈ വെയ്ക്കുന്നു. രവി അവളെ അടുപ്പിയ്ക്കുന്നു.

സീൻ 3.

എ.

നാട്ടിൻപുറത്ത് ബസ്സ് സ്റ്റോപ്പിലെ ദൃശ്യം. ക്ഷമയോടെ ബസ്സ് കാത്തു നിൽക്കുന്നവർ. മഴ ചാറാൻ തുടങ്ങുന്നു. ആൾക്കാർ ഷെൽട്ടറിനു താഴേയ്ക്ക് കയറി നിൽക്കുന്നു.

ബി.

ദൂരെനിന്ന് ഇരമ്പിവരുന്ന ബസ്സ്. ഷെൽട്ടറിലെ ആൾക്കാർ പുറത്തു കടന്നു നിൽക്കുന്നു. ബസ്സിൽനിന്ന് ആൾക്കാർ ഇറങ്ങുന്നതിന്റെ ബഹളം, ശാപവചനങ്ങൾ. ആകെ ഒരു സ്ത്രീ മാത്രമാണ് ബസ്സിൽനിന്ന് ഇറങ്ങുന്നത്. പടികൾ ഇറങ്ങുമ്പോൾ കയറിപ്പോകുന്ന സാരിയുണ്ടാക്കുന്ന നഗ്നതയിൽ അവളുടെ കാലിലെ പാദസരങ്ങൾ കാണുന്നു. ഇറങ്ങിയ ശേഷം മാധവി ചുറ്റും നോക്കുന്നു. മഴച്ചാറലുണ്ട്. ഒരു നിമിഷം അവൾ കുട തുറക്കണോ എന്നാലോചിക്കുന്നു, പിന്നെ വേണ്ടെന്നു തീർച്ചയാക്കി നടക്കാൻ തുടങ്ങുന്നു. ഇടവഴിയിലേയ്ക്കു തിരിഞ്ഞപ്പോൾ മണ്ണിന്റെ നടപ്പാതയാണ്. ഇരുവശത്തും പുല്ലുകൾ വളർന്ന നടപ്പാത. അവൾ ചെരുപ്പിൽനിന്ന് കാലെടുത്ത് നനഞ്ഞ മണ്ണിൽ വെയ്ക്കുന്നു. അതവൾക്ക് ഉൾപുളകമുണ്ടാക്കുന്നുണ്ടെന്ന് മുഖഭാവത്തിൽ കാണുന്നു. അവൾ രണ്ടു ചെരിപ്പുമെടുത്ത് കയ്യിൽ പിടിയ്ക്കുന്നു. ഇടവഴിയുടെ ഇരുവശത്തുമായി പലതരം മരങ്ങൾ, മുളം കാടുകൾ. മുളം കാടുകളിൽ പക്ഷികൾ, പൂത്ത മാവിന്റെ അടുത്തെത്തിയപ്പോൾ അവൾ മാമ്പൂവിന്റെ മണം ആസ്വദിക്കാനെന്നപോലെ മൂക്കു വിടർത്തുന്നു.

സീൻ 4.

ഒരു പടിപ്പുരയുടെ മുമ്പിൽ അവൾ നിൽക്കുന്നു. പടിപ്പുരയുടെ അറ്റക്കടായ കടന്ന് മുറ്റത്തെ പിച്ചകത്തറവരെ ഒരു നടപ്പാതയാണ്. ഇരുവശത്തും പൂച്ചെടികൾ വെച്ചുപിടിപ്പിച്ച ആ നടപ്പാതയിലൂടെ അവൾ ഒരു ധൃതിയുമില്ലാതെ നടക്കുകയാണ്. എത്തുന്നത് മുറ്റത്തിനു നടുവിലുള്ള പിച്ചകത്തറയുടെ അടുത്താണ്.

സീൻ 5.

എ.

മാധവി പിച്ചകത്തറയ്ക്കരികെ നിന്ന് പിച്ചകത്തെ നോക്കുന്നു. അവിടവിടെ പൂക്കളുള്ളതിൽ ഒരെണ്ണം അറുത്തെടുത്ത് വാസനിയ്ക്കുന്നു. വർഷങ്ങൾ പിറകോട്ടു പോകുന്ന പ്രതീതി അവളുടെ മുഖത്തു കാണുന്നു.

ബി.

ക്യാമറ പാൻ ചെയ്യുമ്പോൾ കാണുന്നത് ഒരു വലിയ മുറ്റമാണ്. കൃഷിക്കാരന്റെ വീടാണെന്ന് മനസ്സിലാവണം. ഒന്നോ രണ്ടോ വൈക്കോൽക്കുണ്ട, അതിനുമപ്പുറത്ത് സാമാന്യം ഭേദപ്പെട്ട തൊഴുത്ത്. അതിനു മുമ്പിലൂടെ ശാരദ വരുന്നു. മാധവിയെ നോക്കിക്കൊണ്ടാണ് വരവ്. പെട്ടെന്ന് ആളെ മനസ്സിലാവുന്ന ആഹ്ലാദം മുഖത്ത്.

ശാരദ ഉമ്മറ വാതിലിനുള്ളിലേയ്ക്ക് നോക്കി വിളിക്കുന്നു.

ശാരദ: നോക്കു രാമേട്ടാ ഇതാരാ വന്നിരിക്കണത്ന്ന്? (തിരിഞ്ഞ് മാധവിയോട്) നീയെന്താ പെട്ടെന്നിങ്ങനെ വന്നത്? വിശേഷൊന്നുംല്ല്യല്ലൊ?

മാധവി മറുപടി പറയാതെ ചുറ്റും നോക്കി ആസ്വദിക്കുകയാണ്.

സി.

രാമേട്ടൻ പുറത്തേയ്ക്കു വരുന്നു. മുണ്ടും തോളത്തിട്ട സാധാരണ തോർത്തുമുണ്ടും വേഷം. ഒരു നാട്ടിൻപുറത്തുകാരൻ, പക്ഷെ കാര്യഗൗരവമുള്ള ആൾ, ഒപ്പംതന്നെ തമാശക്കാരനും.

രാമേട്ടൻ: ആര് മാധവിയോ? എന്താ പെണ്ണെ രവി നെന്നെ പിടിച്ച് പുറത്താക്ക്യോ?

അയാളുടെ മുഖത്ത് ചിരിയും കുസൃതിയും വാത്സല്യവുമുണ്ട്.

ശാരദ: മാധവിയെ അത്ര എളുപ്പൊന്നും രവിയേട്ടൻ പുറത്താക്കില്ല.

ഡി.

മാധവി പിച്ചകത്തറയ്ക്കു സമീപം നിൽക്കുകതന്നെയാണ്. കണ്ണുകൾ പിച്ചകത്തിന്റെ മേൽ.

മാധവി: (തിരിഞ്ഞ് ശാരദയോട്) ഈ മുത്തശ്ശിപിച്ചകം ഇപ്പോഴും പൂക്ക്ണ്‌ണ്ട് . അല്ലെ?

ശാരദ: ഉം. മഴ പെയ്തില്ല്യേ. ഇനി അത്മ്മല് തുരുതുരാ പൂക്കളാവും.

മാധവി ചുറ്റും നോക്കുകയാണ്. എല്ലാം പെട്ടെന്ന് ഉൾക്കൊള്ളാനുള്ള ആവേശത്തോടെ.

ഇ.

മുറ്റത്തിന്റെ അരുകിലായി ഒരു വരി പെഗോഡ ചെടികൾ (ചിലയിടത്ത് കൃഷ്ണകീരീടമെന്നും പറയും) നിൽക്കുന്നു. അതിനുമപ്പുറത്ത് മരങ്ങൾ നിറഞ്ഞ പറമ്പാണ്.

മാധവി: നോക്കൂ, ഈ പെഗോഡച്ചെടികള് കണ്ടാൽ തോന്നും അവരൊക്കെ സ്വയംവരത്തിന് അണിഞ്ഞൊരുങ്ങിവന്ന കിരീടം വെച്ച് രാജാക്കന്മാരാണെന്ന്, അല്ലെ ശാരദേച്ചി?

എഫ്.

ഈ രൂപസാദൃശ്യം ശാരദയിൽ വലിയ മാറ്റമൊന്നും ഇണ്ടാക്കുന്നില്ല. പക്ഷെ രാമേട്ടൻ പൊട്ടിച്ചിരിക്കുന്നു.

രാമേട്ടൻ: ആ, രാജകുമാരി വന്നില്ല്യെ, ഇനി ആര്യാ വേണ്ടതേച്ചാൽ വരിച്ചോളു.

ശാരദ: (ഭാവഭേദമൊന്നും ഉണ്ടാവുന്നില്ല) നീയിങ്ങോട്ട് കേറിയിരിക്ക്?'

രാമേട്ടൻ: അവളടെ ഒരു നിൽപ് കണ്ടില്ലെ? ഒരു കയ്യില് ചെരുപ്പും മറ്റേ കയ്യില് ഒരു സഞ്ചീം. അവള് മുറ്റത്തന്നെ താമസിക്കാൻ പോവ്വാ. അവള് പോണവരെ നമുക്ക് മുറ്റത്തൊരു ഓലഷെഡ്ഡ്ണ്ടാക്കി കൊടുക്കാം.

മാധവി: (ചിരിച്ചുകൊണ്ട്) ശരി, ഈ മുറ്റത്തന്നെ മതി, പിച്ചകത്തറേടെ അട്ത്ത്.

പെട്ടെന്ന് മാധവി മൂക്കു വിടർത്തി എന്തോ വാസന ആസ്വദിക്കുന്നു.

മാധവി: പിട്ട്! (വേഗം ഉമ്മറത്തേയ്ക്കു നടക്കുന്നു.)

സീൻ 6.

എ.

ഉമ്മറം സാമാന്യം വലുതാണ്. ഒരു വശത്ത് സിമന്റു തേച്ച വീതിയുള്ള ഇരുത്തിയുണ്ട്. അകത്തേയ്ക്കുള്ള പ്രധാനവാതിലിനു മുകളിൽ ഒരു മുത്തശ്ശിയുടെ ചിത്രം. അതിന്റെ ചില ഭാഗങ്ങൾ ഇർപ്പം വന്ന് അവ്യക്തമായിരിക്കുന്നു. ഉമ്മറവാതിൽ കടന്നു വരുന്ന സുപ്രിയ മാധവിയെ കണ്ട് സന്തോഷവും അദ്ഭുതവും കാണിക്കുന്നു. അവൾക്ക് ഏകദേശം ഒമ്പതോ പത്തോ വയസ്സു പ്രായമായിട്ടുണ്ട്. ഫ്രോക്കാണ് വേഷം. കൊച്ചുസുന്ദരിയാണ്.

സുപ്രിയ: ചെറ്യമ്മ എപ്പൊ വന്നു?

ബി.

ചെരിപ്പ് ഒതുക്കുകല്ലിൽ വെച്ച് മാധവി മുഖമുയർത്തുന്നു.

മാധവി: സുപ്രിയ മോൾ!

മാധവി സുപ്രിയയെ താലോലിക്കുന്നു.

സി.

തളത്തിൽ നിന്ന് മുകളിലേയ്ക്ക് കോണിയുണ്ട്. വേറെ രണ്ടു വാതിലുകൾ - ഒന്ന് അകത്തേയ്ക്കാണ്, മറ്റേത് ഊൺമുറിയിലേയ്ക്കും. ഇരുവശത്തുമുള്ള രണ്ടു ജനലുകൾ മുറിയെ പ്രകാശമയമാക്കുന്നുണ്ട്. തളത്തിലൂടെ അടുക്കളയിലേയ്ക്കുള്ള യാത്ര. മുമ്പിൽ മാധവി, ഒരു ഭാഗത്ത് സുപ്രിയ, താഴെ കാലിലുരുമ്മിക്കൊണ്ട് രണ്ടു പൂച്ചകൾ, പിന്നിൽ ശാരദയും, അതിനും പിന്നിൽ രാമേട്ടനും. യാതൊരു ഔപചാരികതയുമില്ലാതെ അവൾ ഊൺമേശക്കു മുമ്പിലിരുന്ന് പ്ലെയ്റ്റ് എടുത്തു മുമ്പിൽ വച്ച് അടച്ചുവച്ച പാത്രം തുറക്കുന്നു. അതിൽ പിട്ടുണ്ട്. അതിൽ നിന്നു ഒരു കഷ്ണവും അടുത്തുള്ള പാത്രം തുറന്ന് അതിൽനിന്ന് കടലക്കറിയും വിളമ്പുന്നു. പെട്ടെന്ന് എന്തോ ഓർത്ത് എഴുന്നേൽക്കുന്നു, കൈ കഴുകാനായി വാഷ്‌ബേസിനരികെ പോകുന്നു.

ഡി.

രാമേട്ടൻ: കണ്ടില്ലെ, വെപ്രാളത്തില് അവള് കൈ കഴുകാൻകൂടി മറന്നു.

മാധവി: (കൈ കഴുകി സാരിയിൽ തുടച്ച് വരുമ്പോൾ). ആയ്‌ക്കോട്ടെ.

മാധവി പിട്ടു തിന്നാൻ തുടങ്ങുന്നു. സുപ്രിയ അവളുടെ അടുത്തുതന്നെയുള്ള കസേലയിൽ ഇരുന്ന് ചെറിയമ്മ ഭക്ഷണം കഴിക്കുന്നത് നോക്കുന്നുണ്ട്. അവളുടെ കണ്ണുകളിൽ സ്‌നേഹവും ആരാധനയുമാണ്.

സീൻ 7.

എ.

അടുക്കളയിൽനിന്ന് പാറുകുട്ടി ചിരിച്ചുകൊണ്ട് വരുന്നു. അവരുടെ പ്രായമെന്താണെന്ന് തിട്ടപ്പെടുത്താൻ കഴിയില്ല. ഏകദേശം അറുപത് എന്നനുമാനിയ്ക്കാം.

പാറുകുട്ടി: മാധവിമോള് എന്തേ അറിയിക്കാതെ. മോള് വര്ണത് അടുക്കളടെ ചൂട്ടഴീക്കൂടെ ഞാങ്കണ്ടു.

മാധവി അവരെ നോക്കി ചിരിക്കുന്നതല്ലാതെ മറുപടി പറയുന്നില്ല.

രാമേട്ടനും ശാരദേച്ചിയും മാധവിയുടെ എതിർവശത്തായി ഇരിയ്ക്കുന്നു.

പാറുകുട്ടി: ചായ ഇപ്പ കൊണ്ടരാട്ടോ മോളെ.

രാമേട്ടൻ: രവി ഈ പെണ്ണിന് തിന്നാനൊന്നും കൊട്ക്കിണില്ല്യാ തോന്ന്ണു. കണ്ടില്ലെ കോലം.

ശാരദ: ഇനി അവളെ കളിപ്പിക്കാനൊന്നും നിക്കണ്ട. അവള് സ്വൈരായിരുന്ന് തിന്നോട്ടെ.'

പാറുകുട്ടി: അത്വന്നേ.

രാമേട്ടൻ: അല്ല ഞാമ്പറയണേലെന്താ തെറ്റ്. കണ്ടില്ലെ അവള്‌ടെ ആർത്തി. ഒരു കുറ്റിപിട്ടും അതിനൊത്ത കടലയും അകത്താക്കിക്കഴിഞ്ഞു.

മാധവി: (മുഖം വീർപ്പിയ്ക്കുന്നു) ആയ്‌ക്കോട്ടെ രാമേട്ടന് ചേതല്ല്യല്ലൊ.

ബി.

സുപ്രിയയുടെ അസ്വസ്ഥമാകുന്ന മുഖം. അച്ഛൻ ചെറിയമ്മയെ കളിപ്പിക്കുന്നതൊന്നും അവൾക്കിഷ്ടമാവുന്നില്ല.

പാറുകുട്ടി: ചായ കൊണ്ടരാം. മോളെ ചൂട്ള്ള പിട്ട് അട്പ്പത്ത്ണ്ട്. അതും കൊണ്ടരട്ടെ?

മാധവി: (ഒരു നിമിഷം ആലോചിയ്ക്കുന്നു) വേണ്ട. ഇവിടെ ഒരു കഷ്ണം പിട്ട് തിന്നപ്പോൾ തന്നെ ആൾക്കാര് ഓരോന്ന് പറയ്‌ണ്‌ണ്ട്.

രാമേട്ടൻ (പെട്ടെന്ന് ചാടിയെഴുന്നേറ്റ് തോർത്ത് ചുമലിലിട്ടുകൊണ്ട് പറയുന്നു.) അയ്യോ ഞാമ്പോവ്വാണ്. എനിക്ക് പാടത്തു പണിണ്ട്.

മാധവി: പൊയ്‌ക്കോളു. അതാ നല്ലത്. മറ്റുള്ളോരെ ദേഷ്യം പിടിപ്പിക്കാതെ? അല്ലെ മോളെ?

അവസാനഭാഗം സുപ്രിയയെ നോക്കിക്കൊണ്ടാണ് പറയുന്നത്.

സുപ്രിയ വേഗം തലയാട്ടുന്നു.

രാമേട്ടൻ പക്ഷെ പോകുന്നില്ല, അവിടെത്തന്നെ ചുറ്റിപ്പറ്റി നിൽക്കുകയാണ്. മാധവിയുടെ സാന്നിദ്ധ്യത്തിൽനിന്ന് പെട്ടെന്ന് പോകാനയാൾക്ക് ഉദ്ദേശ്യമില്ല.

മാധവി ഇടതുകൈകൊണ്ട് നിലത്തു വെച്ച സഞ്ചിയിൽനിന്ന് ഒരു പൊതിയെടുത്ത് സുപ്രിയയ്ക്ക് നേരെ നീട്ടുന്നു.

മാധവി: ഇതെന്താണ്ന്ന് പറയൂ.

സുപ്രിയ: (തലയാട്ടിക്കൊണ്ട്) എനിക്കറിയാം.

അവൾ കടലാസുപെട്ടി തുറന്ന് അതിനുള്ളിലെ പാവക്കുട്ടിയെ പുറത്തെടുക്കുന്നു. അവളുടെ മുഖം വികസിക്കുന്നു. അവൾ പാവയെ മേശമേൽ കിടത്തിനോക്കി.

സുപ്രിയ: ഉം, കണ്ണടയ്ക്കണ്‌ണ്ട്. (അവൾ പാവയെ ഉയർത്തി അമ്മയെ കാണിക്കുന്നു. പിന്നെ ഓടിപ്പോകുന്നു.)

സി.

രാമേട്ടൻ വന്ന് പാവയെ എടുത്തു നോക്കുന്നു.

രാമേട്ടൻ: അവള് അല്ലെങ്കിലേ നാലു കുട്ട്യേളേം വെച്ച് പ്രാരാബ്ധക്കാരിയായി കഴിയ്യാണ്. ഇനി ഒരു കുട്ടീം കൂടി ആയാൽ എങ്ങിന്യാ കൊണ്ടു നടക്ക്വാന്ന് ദൈവത്തിനു മാത്രറിയാം.

മാധവി: (ചിരിക്കുന്നു.) സാരല്യ. അവള് നല്ല അമ്മയാണ്.

ഡി.

സുപ്രിയ തിരിച്ചു വരുന്നത് വേറെ നാല് പാവക്കുട്ടികളുമായാണ്. എല്ലാം നല്ല ഭംഗിയുള്ളതും നല്ലവണ്ണം സൂക്ഷിക്കുന്നതുകൊണ്ട് പുതിയതു പോലുള്ളതുമാണ്. അവൾ അച്ഛന്റെ കയ്യിൽനിന്ന് പാവ തട്ടിപ്പറിച്ചു വാങ്ങി എല്ലാം മേശമേൽ നിരത്തുന്നു.........

മാധവി: (സുപ്രിയയെ വാത്സല്യത്തോടെ നോക്കിക്കൊണ്ട്) സുപ്രിയേ നമുക്ക് മഞ്ചാടിക്കുരു പെറുക്കാൻ പോവ്വാ?

സുപ്രിയ തലയാട്ടുന്നു.

ഇ.

പാറുകുട്ടി ഒരു സ്റ്റീൽ ഗ്ലാസ്സിൽ ചായ കൊണ്ടുവന്ന് മാധവിയുടെ മുമ്പിൽ വെയ്ക്കുന്നു.

പാറുകുട്ടി: (ശാരദയോട്) മീൻകാരി ഉമ്മ വന്നിട്ട്ണ്ട്, നെയ്മീനുംണ്ട്, അയിലീംണ്ട്.

ശാരദ: മാധവീ നിനക്ക് നെയ്മീൻ മതിയോ?

മാധവി: മതി ചേച്ചി. വറുത്താൽ മതി.

പാറുകുട്ടി: (ചിരിച്ചുകൊണ്ട്) ആ കുട്ടിക്ക് നെയ്മീൻ വറുത്തതാ എപ്പളും ഇഷ്ടം.

രാമേട്ടൻ: ഞാനൊന്ന് പോയിവരാം. പാടത്ത് കൊറച്ച് പണിണ്ട്.

ശാരദ എഴുന്നേൽക്കുന്നു.

മാധവിയും എഴുന്നേൽക്കുന്നു, കൈ കഴുകാൻ വാഷ്‌ബേസിനിലേയ്ക്ക് പോകുന്നു.

രാമേട്ടൻ അകത്തേയ്ക്കു പോകുന്നു.

എഫ്.

സുപ്രിയ പുതിയ പാവക്കുട്ടിയെ ഒക്കത്തെടുത്ത് ഊൺമുറിയിൽനിന്ന് അടുക്കളമുറ്റത്തേയ്ക്കുള്ള വാതിൽക്കൽ നിൽക്കുകയാണ്.

സുപ്രിയ: ചെറ്യമ്മേ, വരു.

ജി.

മാധവി: (ശാരദ കൊടുത്ത തോർത്തുമുണ്ടിൽ കൈ തുടച്ചുകൊണ്ട്) ഇതാ വരുണൂ.

സീൻ 8.

എ.

സുപ്രിയ മുമ്പിലും മാധവി പിന്നിലുമായി പറമ്പിലൂടെ നടക്കുന്ന ഷോട്ട്. ചെറിയ വരമ്പാണ്. മഴയിൽ ചൈതന്യം വീണ്ടെടുത്ത പുല്ലുകളും പാഴ്‌ചെടികളും ഇരുവശത്തും. അവർ നടക്കുമ്പോൾ പച്ചപ്പയ്യുകൾ ചാടുന്നു. അതു നോക്കിക്കൊണ്ട് സുപ്രിയ പറയുന്നു.

സുപ്രിയ: ന്നാള് ഒരു പച്ചപ്പയ്യ് വീട്ടിന്റെ ഉള്ളില് വന്നു. അപ്പൊ അമ്മ പറഞ്ഞു പച്ചപ്പയ്യ് വന്നാല് നമുക്ക് ധാരാളം പണംണ്ടാവുംന്ന്.

മാധവി: അത്യോ?

സുപ്രിയയുടെ മുഖം ക്ലോസപ്പിൽ കാണിക്കണം. അത് ഗൗരമവാർന്നതും കൗതുകമുള്ളതുമാണ്. ക്യാമറ അതൊപ്പിയെടുക്കണം.

സുപ്രിയ: ങ്ങാ, പക്ഷെ നമ്മള് വീട്ടില് പിടിച്ചിട്ടിട്ട് കാര്യല്ല്യ, അതിന് തോന്നീട്ട് വരണം.

മാധവി: അത്യോ?

സുപ്രിയ: (തല കുലുക്കിക്കൊണ്ട്.) ങ്ങാ.

മാധവി: നമുക്കെന്തിനാ മോളെ ധാരാളം പണം?

സുപ്രിയ: ധാരാളം പണോ?

മാധവി: ങാ....?

സുപ്രിയ: നമക്ക് കൊറേ പാവക്കുട്ട്യോളെ വാങ്ങിക്കൂടെ?

അവളുടെ ചുമൽ വരെ വെട്ടി നിർത്തിയ തലമുടി നടക്കുമ്പോൾ കുലുങ്ങുന്നു. അത് തൊട്ട് തലോടിക്കൊണ്ട് മാധവി ചോദിക്കുന്നു.

മാധവി: നിന്റെ മുടി അട്ത്ത് വെട്ട്യോ?

സുപ്രിയ: ങാ, കഴിഞ്ഞ ആഴ്ച. അമ്മ വെട്ടിത്തന്നതാ.

മാധവി: നല്ല ഭംഗിണ്ട്.

സുപ്രിയയുടെ മുഖം സന്തോഷംകൊണ്ട് വിടരുന്നു.

ബി.

മഞ്ചാടി മരത്തിനു താഴെ നിറയെ ചുവന്ന കുരുക്കൾ ചിതറിക്കിടക്കുന്നത് കാണിക്കണം. സുപ്രിയയും മാധവിയും ഒരു നിമിഷം അതു നോക്കി നിൽക്കുന്ന ഷോട്ട്. പിന്നെ അവർ ഇരിക്കുന്നു. സുപ്രിയ മുട്ട് നിലത്തമർത്തിയും മാധവി കുത്തിയിരിക്കയും ആണ് ചെയ്യുന്നത്.

മാധവി: ഇത് കൊറേണ്ടല്ലൊ.

സുപ്രിയ: ങാ, ഞാൻ കൊറേ ദിവസായി പെറുക്കീട്ട്.

അവർ അതു പെറുക്കി ആദ്യം ഇടതു കയ്യിലും പിന്നെ നിറഞ്ഞപ്പോൾ നിലത്തുതന്നെ കൂമ്പാരമായും സംഭരിയ്ക്കുന്നു.

സുപ്രിയ: ചെറ്യമ്മേ, നമ്മളൊരു കാര്യം മറന്നു.

മാധവി: എന്താ മോളെ?

സുപ്രിയ: ഒരു പാത്രം എട്ക്കായിരുന്നു. ഇത്രധികംണ്ടാവുംന്ന് ഞാൻ വിചാരിച്ചില്ല.

മാധവി: സാരല്യ. നമുക്ക് ഒരു വാഴയില ചീന്തി അതിലിടാം.

സി.

മാധവി എഴുന്നേൽക്കുന്നു. സുപ്രിയ മഞ്ചാടിക്കുരുകൾ നിലത്ത് പെറുക്കിക്കൂട്ടുകയാണ്.

ഡി.

മാധവി അടുത്തുതന്നെ നിൽക്കുന്ന വാഴയിൽനിന്ന് ഒരു ചെറിയ ഇലച്ചീന്ത് ചീന്തിയെടുക്കുന്നു.

ഇലച്ചീന്തുമായി മാധവി ചുറ്റും നോക്കുന്നു. ക്യാമറ പാൻചെയ്യുന്നത് ഇടതൂർന്ന് നിൽക്കുന്ന മരങ്ങളും ചെടികളുമുള്ള പറമ്പിലേയ്ക്കാണ്. ഇടയ്ക്ക് മാധവിയുടെ ആലോചനാബദ്ധമായ മുഖം കാണിക്കണം.

ക്യാമറ ഇഫക്ട്. മാധവി പഴയ കാലത്തേയ്ക്ക് ഊളിയിടുകയാണ്. അവൾ സുപ്രിയയുടെ പ്രായമായിരുന്നപ്പോഴത്തെ കാലം. അവളും മുത്തശ്ശിയും (ഏകദേശം 60 വയസ്സ്) ഒരു പച്ചക്കറിക്കളത്തിൽ. വെണ്ടയുടെ ചുറ്റും ഒരു കോലുപയോഗിച്ച് ചിനക്കിക്കൊടുക്കുകയാണ്.

മാധവി: എന്തിനാ മുത്തശ്ശീ ഇങ്ങനെ ചെയ്യണേ.

മുത്തശ്ശി: അതേയ് കടേടെ ചുറ്റുംള്ള മണ്ണ് എളക്ക്യാല് അതിന്റെ വേരിന് ഓടാൻ എളുപ്പായിരിക്കും.

(ശബ്ദം താഴ്ന്ന് വന്ന് തീരെ കേൾക്കാതാവുന്നു...... അതിനിടയ്ക്ക് സുപ്രിയയുടെ വിളി കേൾക്കുന്നതോടെ ദൃശ്യം അപ്രത്യക്ഷമാകുന്നു.)

ഇ.

സുപ്രിയ വിളിയ്ക്കുന്നു: ചെറ്യമ്മ എന്താ ആലോചിച്ച് നിക്കണത്?

മാധവി: (പെട്ടെന്ന് ആലോചനയിൽനിന്നുണരുന്നു.) ഞാനേയ് ന്റെ മുത്തശ്ശീനെ ഓർക്ക്വായിരുന്നു. നെന്റെ പ്രായത്തില് ഞാൻ എന്നും മുത്തശ്ശീടെ ഒപ്പം പറമ്പില് നടക്കാനെറങ്ങും..................

സീൻ 9.

എ.

ഫ്‌ളാഷ്ബാക്ക് ഇഫക്ട്. തുടക്കത്തിൽ സംസാരം വേണമെന്നില്ല. ഗതകാലത്തെ അനുസ്മരിപ്പിയ്ക്കുന്ന സംഗീതം മാത്രം. സുപ്രിയയുടെ പ്രായത്തിലുള്ള മാധവി മുത്തശ്ശിയുടെ കൈപിടിച്ച് നടക്കുകയാണ്. മുത്തശ്ശിയ്ക്ക് അറുപതു വയസ്സായിട്ടുണ്ടാവും. ആരോഗ്യമുള്ള ശരീരം. മാധവി തലയാട്ടിക്കൊണ്ട് എന്തൊക്കെയോ പറയുന്നു. ക്രമേണ അവരുടെ ശബ്ദം കേൾക്കാൻ തുടങ്ങുന്നു.

മാധവി: മുത്തശ്ശീ, നമ്മള് ഇന്നലെ കൊളത്തില് കണ്ട ആമ്പലിന്റെ രണ്ട് മൊട്ടും വിരിഞ്ഞിട്ട്ണ്ടാവും. നമ്ക്ക് പോയി നോക്ക്വാ?

മുത്തശ്ശി: നോക്കാം.

അവർ നടക്കുന്നു. നടത്തത്തിനിടയിൽ അവർ ചെടികളോടും മരങ്ങളോടും സല്ലപിയ്ക്കുന്നുണ്ട്. കൈപ്പവള്ളികൾക്ക് ഞെടിവെച്ചുകൊടുത്തും വെണ്ടച്ചെടികളെ തലോടിയും നടക്കുകയാണ്. പെട്ടെന്ന് മാധവി പറമ്പിൽ കുറച്ച് ഇടതൂർന്ന ചെടികളുള്ള ഭാഗത്ത് ചൂണ്ടിക്കാട്ടി പറയുന്നു.

മാധവി: മുത്തശ്ശീ, അച്ഛൻ പറ്യാണ് ഇന്നാള് അവ്‌ടെ ഒരു പാമ്പിനെ കണ്ടൂന്ന്. അത് നമ്മളെ കടിക്കില്ല്യേ?

മുത്തശ്ശി. നമ്മളതിനെ ഉപദ്രവിക്കാൻ പോയാൽ അത് കടിക്കും. എന്തായാലും മോള് ആ കാട്ടിലൊന്നും പോണ്ട. ഇനി മഴ കഴിഞ്ഞ പറമ്പ് കെളക്കണവരെ അങ്ങനെ കാട് പിടിച്ച് കെടക്കും.

മുമ്പിൽ ഒരു തെങ്ങിൻപട്ട വീണുകിടക്കുന്നു. അതു നോക്കുന്ന മുത്തശ്ശി. പിന്നെ മുത്തശ്ശി തെങ്ങിന്റെ തലപ്പത്തേയ്ക്ക് തലയുയർത്തി നോക്കുന്നു.

മുത്തശ്ശി: നെന്റെ അച്ഛനോട് പറയണം തെങ്ങ് കേറ്റക്കാരോട് വരാൻ പറയാൻ. തേങ്ങ ഇടണ്ട സമയായിരിക്കുണു.

അവർ ആമ്പൽക്കുളത്തിന്റെ കരയിലെത്തുന്നു. സാമാന്യം വലിയ ഒരു കുളമാണ് കാണുന്നത്. നടുവിലായി ഒന്നോ രണ്ടോ പൂക്കൾ.

മാധവി: മുത്തശ്ശീ, ദാ ആമ്പല് വിരിഞ്ഞു. മാധവിയുടെ മുഖം ഫോക്കസ് ചെയ്യുന്ന ക്യാമറ.

ഫ്‌ളാഷ്ബാക്ക് കഴിഞ്ഞു.

ബി.

മാധവി തിരിച്ചു വന്ന് സുപ്രിയയുടെ അടുത്തിരിക്കുന്നു. ഇലച്ചീന്ത് നിലത്തുവെച്ച് പെറുക്കിക്കൂട്ടിയ മഞ്ചാടിവിത്തുകൾ അതിലേയ്ക്ക് മാറ്റുന്നു.

മാധവി: മുത്തശ്ശിയ്ക്ക് ഈ പറമ്പിലെ ഒരോ മരും, ചെടീം കാണാപ്പാഠായിരുന്നു. ചെടികളെ അത്രയ്ക്കിഷ്ടാ മുത്തശ്ശിയ്ക്ക്.

സുപ്രിയ താല്പര്യത്തോടെ കേൾക്കുന്നുണ്ട്.

മാധവി: ഒരിക്കലെന്താണ്ടായത്ന്ന് കേക്കണോ? (സുപ്രിയ തലയാട്ടുന്നു.) ഒരീസം ഞാനും മുത്തശ്ശീം കൂടി രാവിലത്തെ നടത്തൊക്കെ കഴിഞ്ഞ് മുറ്റത്തെത്ത്യപ്പൊണ്ട് അവ്‌ടെ രണ്ട്‌പേര് നിക്കുണു. ഒരാള്‌ടെ അട്ത്ത് ഈർച്ചവാള്ണ്ട്. മറ്റേയാള്‌ടെ തോളത്ത് മഴും കയറും ഒക്കെ. അച്ഛനവരോട് എന്തോ സംസാരിക്ക്യായിരുന്നു......

സീൻ 10.

ഫ്‌ളാഷ്ബാക്ക് തുടങ്ങുന്നു.

എ.

മുത്തശ്ശി: (മാധവിയുടെ അച്ഛനോട് - ഏകദേശം നാല്പത് വയസ്സു പ്രായമുണ്ടാകും) ആരാ ഇവരൊക്കെ, മാധവാ?

മാധവൻ നായർ: അമ്മേ നമ്മടെ പറമ്പില് കൊറച്ച് പാഴ്മരങ്ങള്ണ്ട്, അതൊക്കെ വെട്ടിക്കളയാൻ ഞാൻ ഏർപ്പാടാക്കീതാ.

മുത്തശ്ശി: മരം മുറിക്ക്യേ? ഈ പറമ്പീന്ന് ഒരു മരും മുറിക്കില്ല. മരം വെച്ചു പിടിപ്പിച്ചാൽ മാത്രം മതി.

മാധവൻ നായർ: പക്ഷെ അമ്മേ, അതൊക്കെ മുറിച്ച് മാറ്റിയാൽ ഇപ്പ കിട്ടണ തേങ്ങടെ എരട്ടി തേങ്ങ കിട്ടും ഈ പറമ്പീന്ന്.

മുത്തശ്ശി: വേണ്ട, വേണ്ട. ഇപ്പൊ കിട്ടണ തേങ്ങ്യന്നെ മതി. മരം ഒന്നും മുറിക്കണ്ട.

അമ്മായിയമ്മയുടെ ദേഷ്യം കാണുമ്പോൾ മാധവൻ നായർക്ക് ചിരി വരുന്നു.

ബി.

ക്യാമറ തിരിയുന്നു. കാണുന്നത് പൂമുഖത്തിന്റെ പടികളാണ്. പടികൾ ഇറങ്ങിക്കൊണ്ട് സുഭദ്ര (മാധവിയുടെ അമ്മ) വരുന്നു.

സുഭദ്ര: എന്താ പറ്റീത് അമ്മേ?

മുത്തശ്ശി: ഒന്നുംല്ല്യ മോളെ. പറമ്പില്ള്ള പാഴ്മരൊക്കെ മുറിക്കാൻ മാധവൻ രണ്ട് ജോലിക്കാരെ കൊണ്ടന്നതാ. ഞാമ്പറഞ്ഞൂ ഒന്നും മുറിക്കണ്ടാന്ന്.

മാധവൻ നായർ ചിരിക്കുന്നു.

സുഭദ്ര: അമ്മേ ഞാനേ പറഞ്ഞത് അതൊക്കെ മുറിച്ചു കളയാൻ. പറമ്പാകെ കാട് പിടിച്ചു കെടക്ക്വാണ്. അതൊക്കെ ഒന്ന് തെളിയിക്ക്യും വേണം. പറമ്പ് നെറയെ പാമ്പ്കളാണ്, നടക്കാൻ വയ്യാന്നായിരിക്കുണു.

മുത്തശ്ശി: എല്ലാറ്റിനും ഓരോ സമയണ്ട് സുഭദ്രേ, പറമ്പ് കെളപ്പിക്കണത് തുലാം മാസത്തിലേ പതിവ്ള്ളു. ഇപ്പൊ തെങ്ങിന്റെ കട തൊരക്കണ്ട സമയാണ്. ചാമിയോട് പറഞ്ഞിട്ട്ണ്ട്. പിന്നെ നീയെന്തിനാ പാമ്പിന്റെ പിന്നാലെ പോണത്? അത് അതിന്റെ പാട്ടിന് പൊയ്‌ക്കോട്ടെ.

സുഭദ്ര: പിന്നെ തേങ്ങ, ഓരോ മാസം കൂടുമ്പൊ എണ്ണം കൊറഞ്ഞ്‌കൊറഞ്ഞ് വരണ്‌ണ്ട്. നമ്മടെ വടക്കേല് ലക്ഷ്മി അമ്മേടെ പറമ്പീന്ന് എത്ര തേങ്ങ്യാ കിട്ടണ്‌തെന്നറിയ്യോ?

മുത്തശ്ശി: അതൊന്നും സാരല്യന്റെ സുഭദ്രേ. നമ്ക്ക് ഇപ്പള്ളത് പോരെ? എന്തിനാ ധാരാളം പണൊക്കെ?

മാധവൻ നായർ: ശരി അമ്മേ, അമ്മക്കിഷ്ടല്ല്യെങ്കില് ഒന്നും മുറിക്കിണില്ല. (തിരിഞ്ഞ് പണിക്കാരോട്) ശങ്കരാ പൊയ്‌ക്കോളു. അമ്മ പറഞ്ഞത് കേട്ടില്ലെ?

അവർ തലകുനിക്കുന്നു.

ശങ്കരൻ (ഈർച്ചവാളുകാരൻ) ശര്യമ്പ്രാനെ. (പോകാൻ തിരിയുന്നു.)

മുത്തശ്ശി: മാധവാ അവരോട് നിക്കാൻ പറയു. അവര് നമ്ക്ക് വേണ്ടി വന്നതല്ലെ. ഇനിയിപ്പൊ ഇന്ന് വേറെ പണി കിട്ടീന്ന് വരില്ല. അവർക്ക് പകുതി ദിവസത്തെ കൂലി കൊടുക്കു.

മാധവൻ നായർ: ശരി അമ്മേ. (തിരിഞ്ഞ് സുഭദ്രയോട്) നീ പോയി എന്റെ പഴ്‌സ് എടുത്തുകൊണ്ടുവാ.

മുത്തശ്ശി: ഞാൻ ഒരു കാര്യുംകൂടെ പറയാം.

പോകാനായി തിരിയുന്ന സുഭദ്ര പെട്ടെന്ന് മുത്തശ്ശി സംസാരിക്കുന്നത് കേട്ട് നിൽക്കുന്നു.

മാധവൻ നായർ: എന്താ അമ്മേ?

മുത്തശ്ശി: എന്നെ ദഹിപ്പിക്കാനായിട്ട് കൂടി ഈ പറമ്പീന്ന് ഒരു മരും മുറിക്കര്ത്. വെറക് പൊറത്ത്‌നിന്ന് കാശുകൊടുത്തു വാങ്ങ്യാ മതി.

സുഭദ്ര ചിരിച്ചുകൊണ്ട് തലയാട്ടുന്നു. പിന്നെ പോകാനൊരുങ്ങുന്നു. പെട്ടെന്ന് തിരിഞ്ഞ് മാധവിയോട്.

സുഭദ്ര: മോളെ നെനക്ക് ചായ കുടിക്കാറായില്ല്യേ? ഭാർഗ്ഗവി എത്രനേരായി നെന്നേം കാത്തിരിക്കുണു. അവളാണെങ്കിൽ ഈ പെണ്ണിന്റെ ഒപ്പല്ലാതെ ഭക്ഷണം കഴിക്കുംല്ല്യ.

മാധവി: ഞാൻ വരുണു അമ്മേ.

മാധവൻ നായർ: ശരി അമ്മേ, ഒക്കെ അമ്മ പറേമ്പോലെ ചെയ്യാം, സമാധാനായിട്ടിരിക്കു.

പണിക്കാർ മുത്തശ്ശിയെ നോക്കി തല കുനിക്കുന്നു.

ഫ്‌ളാഷ്ബാക്ക് കഴിഞ്ഞു.

ഈ തിരക്കഥയെക്കുറിച്ച്


കേരള സംസ്ഥാന ചലചിത്ര അക്കാദമിയുടെ 2012ലെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരത്തിനര്‍ഹമായ ശ്രീപാർവ്വതിയുടെ പാദം, 1988ലെ കലാകൗമുദി ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച സ്വന്തം ചെറുകഥയെ അടിസ്ഥാനമാക്കി ഹരികുമാര്‍ തയ്യാറാക്കിയതാണ്. ഈ തിരക്കഥ ശ്രീ ബൈജു ചന്ദ്രന്റെ സംവിധാനത്തില്‍ ശ്രീപാർവ്വതിയുടെ പാദം എന്ന പേരില്‍ ദൂരദര്‍ശന്‍ മലയാളം ചാനലില്‍ നിരൂപക പ്രശംസ പിടിച്ചുപറ്റിയ ടെലിഫിലിമായി സംപ്രേക്ഷണം ചെയ്യുകയുണ്ടായി.