ഉമ്മുക്കുല്‍സൂന്‍റെ വീടി'നെപ്പറ്റി

എന്റെ സാഹിത്യജീവിതത്തിൽ രണ്ടു തവണയാണ് മരവിപ്പുണ്ടായിട്ടുള്ളത്. മനം മടുത്ത് ഇനി ഞാനെഴുതില്ല എന്നു തീർച്ചയാക്കിയ, നിറം നന്നേ മങ്ങിയ രണ്ടു വിടവുകൾ. ചാടിക്കടക്കാൻ പറ്റില്ലെന്നു തോന്നിച്ച വിടവുകൾ. ആദ്യത്തേത് എഴുപതുകളുടെ തുടക്കത്തിലാണ്. ആദ്യഘട്ടത്തിൽ, അതായത് 1962 തൊട്ട് 72 വരെയുള്ള കാലത്ത് അവസാനമെഴുതിയ രണ്ടു കഥകൾ ചന്ദ്രിക വിശേഷാൽപ്രതിയിൽ വന്ന 'ഐശ്വര്യത്തിലേയ്ക്ക് വീണ്ടും' അതിനു ശേഷം മലയാളനാടിലെഴുതിയ 'യാത്ര പറയാതെ പോയവളും' ആണ്. ഇക്കാലത്താണ് ഞാൻ ദില്ലിയിൽനിന്ന് ബോംബെയിലേയ്ക്ക് മാറിയത്. ആദ്യത്തെ പത്തു കൊല്ലം ഞാനെഴുതിയ കഥകളെപ്പറ്റി ഒരു ന്യായാധിപന്റെ മനസ്സോടെ ഞാൻ വിമർശനം ചെയ്തു. അവയുടെ നിലവാരത്തെപ്പറ്റി, ലഭിച്ച തുഛമായ പ്രതികരണത്തെപ്പറ്റി. നാളെ ആരെങ്കിലും ആ കഥകൾ വായിക്കുമോ എന്ന വലിയ ചോദ്യം ഒരു ഒഴിയാബാധയായി എന്നെ ആവേശിച്ചു. പത്തുകൊല്ലത്തിനുള്ളിൽ ആകെ എഴുതിയത് പതിനൊന്ന് കഥകളാണ്. ഈ കഥകളിൽത്തന്നെ രണ്ടോ നാലോ കഥകൾ മാത്രമേ ഒരു ശരാശരി വായനക്കാരന് ഇഷ്ടമാകു. അതിൽ 'കൂറകൾ', 'പരുന്തുകൾ വട്ടം ചുറ്റുമ്പോൾ', 'ഉണക്കമരങ്ങൾ', 'നിനക്കു വേണ്ടി' എന്നിവ ഇന്നും വായനക്കാർ ഓർക്കുന്ന കഥകളാണ്.

ഞാനെഴുത്തു നിർത്തി. ആരും അതിൽ പരിതപിച്ചതായി അറിയില്ല. മറിച്ച് പല വായനക്കാരും ഒരാശ്വാസത്തോടെ 'ആവു' എന്നു പറഞ്ഞിട്ടുമുണ്ടാകും. ഇത് കൂടുതൽ എഴുതാനുള്ള പ്രചോദനമായിരുന്നെങ്കിലും ഞാൻ എഴുത്തു പുനരാരംഭിച്ചില്ല. ബോംബെയിൽ ജീവിതം ദില്ലിയിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു. ചുറ്റും ഇരമ്പുന്ന ജീവിതത്തിനു നടുവിൽ നമ്മുടെ സ്വന്തം നിലനിൽപ് തീരെ അപ്രസക്തമാകുന്നു, ഒരു പിറന്നാൾ കേക്കിനു മുകളിൽ വന്നിരിക്കുന്ന ഈച്ച പോലെ. ഞാൻ രാവിലെ എഴുന്നേറ്റ് ഓഫീസിൽ പോകുന്നു. വർലിയിലാണ് ഓഫീസെന്നതുകൊണ്ട് ബി.ഇ.എസ്.ടി. ബസ്സിലാണ് യാത്ര. ആ യാത്രകളിലൊന്നിലാണ് 'കുങ്കുമം വിതറിയ വഴികൾ' എന്ന കഥയിലെ നായിക സംഗീതയെന്ന എഴു വയസ്സുകാരി കഥാപാത്രത്തെ കിട്ടുന്നത്. ഓഫീസിൽനിന്ന് തിരിച്ചു വരുന്ന വഴി, എന്റെ അടുത്ത് അരികിലുള്ള സീറ്റിൽ അലുമിനിയത്തിന്റെ സ്‌കൂൾ പെട്ടിയുമായി അവളിരിക്കുകയായിരുന്നു. അവളേതു ക്ലാസ്സിലാണ്, എന്താണ് പേര് എന്നു ചോദിച്ചതിനെല്ലാം മറുപടി പറഞ്ഞു. ഈ മിടുക്കി എന്റെ മനസ്സിൽ കിടന്നു കളിച്ചു, പക്ഷെ അവളെ കടലാസിലേയ്ക്കു പകർത്താൻ കഴിഞ്ഞില്ല.

അപ്പോഴാണ് ശ്രീ എം.എസ്. മണിയുടെ കത്തു കിട്ടുന്നത്. അദ്ദേഹം കലാകൗമുദിയെന്ന പേരിൽ ഒരു വാരിക തുടങ്ങുകയാണ്. അതിലേയ്ക്ക് കഥ വേണം, പറ്റുമെങ്കിൽ ആദ്യത്തെ ലക്കത്തിൽത്തന്നെ ചേർക്കാനാണ്. എസ്. ജയചന്ദ്രൻ നായരാണ് ഇതിന്റെ പിന്നിൽ നിർബ്ബന്ധം ചെലുത്തിയതെന്നു തോന്നുന്നു. ഒരു കാലത്ത് കഥകളെഴുതിയിരുന്ന അദ്ദേഹം തുടക്കം മുതലേ എന്റെ കഥകൾ ശ്രദ്ധിച്ചിരുന്നു. ഒരു മാസത്തിനുള്ളിൽ കഥ അയച്ചുകൊടുത്തു. മണിസാറിന് കഥ വളരെ ഇഷ്ടമായി, സാധാരണ സ്‌കെച്ചുകൾക്കു പകരം ഖജുരാഹോവിലെ ശില്പങ്ങളുടെ ചിത്രങ്ങളാണ് കൊടുക്കുന്നതെന്നും എഴുതി. രണ്ടാമത്തെ ലക്കത്തിലാണ് കഥ വന്നത്. അതിനു ശേഷം മണിസാറിന്റെ കത്തുകൾ ഇടയ്ക്കിടയ്ക്കു വന്നു, കഥയ്ക്കു വേണ്ടി. അങ്ങിനെയാണ് തീരെ നിന്നുപോയ എഴുത്ത് വീണ്ടും തുടങ്ങിയത്.

ഇതൊക്കെ ഇപ്പോൾ പറയാൻ കാരണമെന്തെന്നാൽ രണ്ടാമത്തെ തവണയും എന്റെ മൗനം നിർത്തിയത് കലാകൗമുദിതന്നെയായിരുന്നു. ശ്രീ. വി.ഡി. സെൽവരാജാണ് ഇത്തവണ പ്രതി. കഴിഞ്ഞ മൂന്നു കൊല്ലമായി അദ്ദേഹത്തോട് ഓരോ ഒഴിവുകഴിവു പറയുകയാണ്. ഒരു വിധത്തിൽ ശരിയാണ്, ഞാൻ എന്റെ 50 വർഷത്തെ സാഹിത്യജീവിതം എന്ന സി.ഡി. യുടെ ജോലിയിലായിരുന്നു. അതു കഴിഞ്ഞിട്ട് ഏകദേശം ഒരു വർഷമാകാൻ പോകുന്നു. എഴുത്ത് ഇപ്പോഴും മടിച്ചു നിൽക്കുകയാണ്. ഇക്കൊല്ലം എങ്ങിനെയെങ്കിലും ഒരു കഥയെഴുതണമെന്ന മോഹം മോഹമായിത്തന്നെ കിടന്നു. അതിനിടയ്ക്ക് ഞാൻ വർഷങ്ങളായി അവഗണിച്ചിരുന്ന ഫേസ്ബുക്കിൽ വീണ്ടും സജീവമായി. എന്നെ സംബന്ധിച്ചേടത്തോളം സജീവമാകുക എന്നതിനർത്ഥം അതിൽ ആസകലം മുഴുകുകയാണ്. അത് കാസറ്റ് റെക്കോർഡിങ് ആയാലും വേണ്ടില്ല, മീൻ വളർത്തലായാലും വേണ്ടില്ല, ഫേസ്ബുക്കിലെ അഭ്യാസങ്ങളായാലും വേണ്ടില്ല. പാട്ടു കേൾക്കാൻ വേണ്ടി, അതും നല്ല ശബ്ദത്തിൽ കേൾക്കാനായിരുന്നു ഞാൻ റെക്കോർഡ് പ്ലെയറും വലിയ ആംപ്ലിഫയറും സ്പീക്കറുകളും, സോണിയുടെ കാസറ്റ് ഡെക്കും വാങ്ങിയത്. അതെന്നെ എവിടെ കൊണ്ടു ചെന്നെത്തിച്ചു? എറണാകുളത്ത് ആദ്യം താമസിച്ചത് കൊടുങ്ങല്ലൂരിലെ ഒരു തമ്പുരാന്റെ കൊട്ടാരത്തിന്റെ ഊട്ടുപുരയിലായിരുന്നു. അവിടെ ഒരു ഗ്ലാസ് ടാങ്കിൽ മീൻ വളർത്താൻ തുടങ്ങി. ഒരു കൊല്ലത്തിനകം നാലു ഗ്ലാസ് ടാങ്കുകൾ പോരാതെ മുറ്റത്ത് സിമന്റിന്റെ വലിയൊരു ടാങ്കു കെട്ടിയുണ്ടാക്കി അതിലും മീൻ സംഖ്യ പെരുകാൻ തുടങ്ങി.

ഫേസ് ബുക്കിലെ യാത്ര ഞാൻ ആസ്വദിച്ചു. കാലിക പ്രസക്തിയുള്ള, രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയങ്ങൾ തൊട്ട് പ്രപഞ്ചത്തിന്റെ ഉൽപത്തി തൊട്ട് ദൈവമുണ്ടോ ഇല്ലയോ എന്ന സംവാദം വരെ സജീവമായി പിൻ തുടരുന്ന, സജീവമായിത്തന്നെ പ്രതികരിക്കുന്ന, പലപ്പോഴും വളരെ ശക്തമായ ഭാഷയിൽത്തന്നെ, ഒരു കൂട്ടം സഹൃദയരുണ്ടായിരുന്നു. മറിച്ച്, 'സുഖമാണോ?' എന്ന ഒറ്റ ചോദ്യം കൊണ്ട് നമ്മെ നിലം പരിശാക്കുന്നവരുമുണ്ടായിരുന്നു. അതിലെ പ്രപഞ്ചോൽപത്തിയും ദൈവത്തിന്റെ അസ്തിത്വവും എന്ന വിഷയത്തിനാണ് ഏറെ അഭിപ്രായങ്ങൾ വന്നത്. അതിൽ ജ്യോതിഷവും മറ്റു ഘടകങ്ങളും ഒപ്പമുണ്ടായിരുന്നു. അദ്ഭുതകരമായി തോന്നിയത് എനിക്ക് വീണ്ടും എഴുതാൻ കഴിയുമെന്ന അറിവാണ്. പൂണെയിൽ നിന്നിറങ്ങുന്ന പ്രവാസി ശബ്ദം എന്ന മാസികയുടെ എഡിറ്റർ എം.ജി. രാധാകൃഷ്ണൻ എന്റെ ഫേസ്ബുക് സ്‌നേഹിതനും സ്ഥിരം എന്റെ പോസ്റ്റുകളിൽ പ്രതികരിക്കുന്ന സഹൃദയനുമായിരുന്നു. (ഇടക്കൊരു കാര്യം പറയട്ടെ, അദ്ദേഹം നല്ലൊരു കഥാകൃത്താണെന്ന് നല്ല വായനക്കാർക്കറിയാം. മുമ്പെല്ലാം എം.ജി. രാധാകൃഷ്ണന്റെ കഥ വായിക്കുമ്പോൾ, ഇതേതു എം.ജി. രാധാകൃഷ്ണനാണ് എന്ന സംശയം വരാറുണ്ട്. മൂന്ന് എം.ജി. രാധാകൃഷ്ണൻമാരാണ് രംഗത്തുണ്ടായിരുന്നത്. മൂന്നു പേരും മൂന്നു വഴികളിൽ പ്രശസ്തർ. എം.ജി. രാധാകൃഷ്ണന്റെ പുതിയ കഥാസമാഹാരം 'പുനം കഥകൾ' ഇറങ്ങിയിട്ടുണ്ട്. സ്വകാര്യമായി പറയട്ടെ ആ കഥകൾ വായിച്ചപ്പോൾ എനിക്ക് കലശലായ അസൂയ തോന്നി. രാധാകൃഷ്ണൻ ചോദിച്ചു. 'ഞാനീ ഫേസ്ബുക് പോസ്റ്റുകൾ 'പ്രവാസി ശബ്ദ'ത്തിൽ ചേർക്കട്ടെ?' ഫേസ്ബുക്ക് തുറന്ന് അപ്പപ്പോൾ എഴുതിയ ആ പോസ്റ്റുകൾക്ക് വേണ്ടത്ര ഏകാഗ്രതയില്ലാത്തതുകൊണ്ട് ഞാനതൊരു ലേഖനമാക്കി അയച്ചുതരാമെന്നു പറഞ്ഞു.

എഴുതാൻ തുടങ്ങിയപ്പോഴാണ് മനസ്സിലായത് എനിക്ക് എഴുതാം. രണ്ടരകൊല്ലം കൊണ്ട് എന്റെ എഴുതാനുള്ള കഴിവിനു തുരുമ്പു പിടിച്ചിട്ടില്ല. ഞാൻ 'പ്രപഞ്ചത്തെപ്പറ്റി' എന്ന ലേഖനം എഴുതി പ്രവാസി ശബ്ദത്തിന് അയച്ചു. പ്രപഞ്ചത്തിന്റെ സ്ഥിതിയെപ്പറ്റി എന്റേതായ ചില ചിന്തകളാണ്. ഞാൻ വീണ്ടും എഴുത്തു തുടങ്ങി. ഇക്കൊല്ലം കലാകൗമുദിയ്ക്ക് കഥ കൊടുക്കണമെന്നു തീർച്ചയാക്കി. എന്തെഴുതുമെന്ന സംശയമുണ്ടായില്ല. എല്ലാം യാദൃശ്ചികമാണ്. അല്ലെങ്കിൽ യാദൃശ്ചികമെന്ന് നമുക്ക് തോന്നുന്നതെല്ലാം ഒതുക്കും ചിട്ടയോടുംകൂടി നമ്മുടെ വിധി ഒരുക്കിവച്ചതല്ലെ? (സോറി, ഞാൻ ഫേസ്ബുക്കിലല്ലാ ഉള്ളതെന്ന് ഓർത്തില്ല.)

എന്റെ അനുജൻ മാധവൻ അയ്യന്തോളിൽ ഒരു വീടു വാങ്ങിയത് പതിനഞ്ചു കൊല്ലം മുമ്പാണ്. നല്ല വീട്, ആരോ സ്വന്തമായി താമസിക്കാനായിത്തന്നെയുണ്ടാക്കിയ വീടാണതെന്ന് കണ്ടാലറിയും. പിന്നെയാണ് അനുജന്റെ ഭാര്യ സുശീല സംസാരത്തിനിടയിൽ പറഞ്ഞത്. 'അത് ഏതോ ഒരുപ്പ അദ്ദേഹത്തിന്റെ മോൾ ഉമ്മുക്കുൽസൂന് വേണ്ടി ഉണ്ടാക്കീതാത്രെ. ഈ അറിവ്, ഒരു സുന്ദരസ്വപ്‌നംപോലെ വളരെക്കാലം എന്റെമനസ്സിൽ കിടന്നു കളിച്ചു. അതിൽനിന്ന് ഒരു കഥ ഉരുത്തിരിഞ്ഞില്ല, കാരണം കഥയ്ക്കു വേണ്ട പല ഘടകങ്ങളും അതിലുണ്ടായിരുന്നില്ല. പിന്നെ തികച്ചും യാദൃശ്ചികമായി ആ കഥ മനസ്സിലേയ്ക്ക് ഒരു കൊടുങ്കാറ്റായി കടന്നുവന്നു.

സൂശീല തൃശ്ശൂരിലെ പെയിൻ ഏന്റ് പാല്യേറ്റീവ് കെയറിലെ വളണ്ടിയറാണ്. അവിടെ രോഗികൾക്കും, അവരുടെ ഉറ്റവർക്കും വേണ്ടി കൗൺസലിങ്ങ് നടത്തുകയാണവൾ. 'സുശീലയോട് ഒരര മണിക്കൂർ സംസാരിച്ചാൽ ഞങ്ങളുടെ വിഷമങ്ങളെല്ലാം മാറിക്കിട്ടും' എന്ന് പലരും പറയാറുണ്ട്. അവിടെത്തന്നെ മറ്റൊരു വളണ്ടിയറുണ്ട്. സുശീലയെപ്പോലെത്തന്നെ രസകരമായി സംസാരിക്കുന്ന മെഹ്‌റുന്നീസ. അവർ തമ്മിലുള്ള സംസാരം കേട്ടിരിക്കാൻ രസമാണെന്ന് മറ്റ് വളണ്ടിയർമാർ സാക്ഷ്യപ്പെടുത്തുന്നു.

അവർ തമ്മിലുള്ള സംസാരത്തിനിടയിൽ സുശീല പറഞ്ഞു, 'എന്റെ വീട് ഒരുപ്പ മോൾ ഉമ്മുക്കുൽസൂന് വേണ്ടിണ്ടാക്കീതാ.....'

സുശീല താമസിക്കുന്ന സ്ഥലത്തിനെപ്പറ്റിയെല്ലാം മെഹ്‌റുന്നീസ ചോദിച്ചു മനസ്സിലാക്കി. പെട്ടെന്നവൾ ചോദിച്ചു: 'ഇങ്ങക്ക് ആ ഉപ്പാനെ കാണണോ?'

ഈ സംഭാഷണ ശകലം ഭാര്യവഴി എന്റെ ചെവിയിലെത്തി. വളരെ റൊമാന്റിക്കായ ഒരു സങ്കല്പം. 'ഈ വീട് ഏതോ ഒരുപ്പ മോൾ ഉമ്മുക്കുൽസൂന് വേണ്ടി ഉണ്ടാക്ക്യതാണ്' എന്ന വാചകത്തിനും മെഹ്‌റൂന്നീസയുടെ 'ഇങ്ങക്കാ ആ ഉപ്പാനെ കാണണോ?' എന്ന ചോദ്യത്തിനുമിടയിൽ ഏതാനും മനുഷ്യരുണ്ട്, അവരുടെ സ്വപ്‌നങ്ങളുണ്ട്, സ്‌നേഹമുണ്ട്, വാത്സല്യമുണ്ട്, എല്ലാറ്റിനും പുറമെ നല്ലൊരു ജിവിതവുമുണ്ട്. ഒരുൾവിളിയോടെ അതെല്ലാം എന്റെ മനസ്സിൽ ഇരച്ചു കയറി. പിന്നെ താമസമുണ്ടായില്ല ഞാനെന്റെ കീബോർഡിലേയ്ക്ക് തിരിഞ്ഞു. കഥ സാങ്കല്പികമാണ്. ഇതിൽ കഥാപാത്രങ്ങളായ എന്റെ അനുജനും ഭാര്യയുമല്ലാതെ മറ്റു കഥാപാത്രങ്ങളെയൊന്നും ഞാൻ നേരിൽ കണ്ടിട്ടില്ല, സംസാരിച്ചിട്ടുമില്ല. പക്ഷെ എന്റെ സങ്കല്പത്തിൽ ഇരച്ചു കയറിയ ആ കഥാപാത്രങ്ങളെ ഞാനിഷ്ടപ്പെടുകതന്നെ ചെയ്തു. കഥയെഴുത്ത് രസകരമായിരുന്നു. ആ കഥയക്ക് ഇത്രയധികം നല്ല പ്രതികരണം വായനക്കാരിൽനിന്നുണ്ടാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നില്ല. വായനക്കാർക്ക് ഏറെ ഇഷ്ടമായത് അതിന്റെ അവസാനത്തെ അപ്രതീക്ഷിതമായ ട്വിസ്റ്റാണ്. കഥയ്ക്ക് ഇനിയുണ്ടാകാനിടയുള്ള വായനക്കാരുടെ രസം കൊല്ലാതിരിക്കാൻ അതു ഞാൻ വെളിപ്പെടുത്തുന്നില്ല. കഥയെഴുതി പ്രസിദ്ധപ്പെടുത്തിയശേഷം ഞാൻ എന്റെ കഥാപാത്രങ്ങളെ നേരിൽ കണ്ടു. അവർക്ക് ഈ കഥ വളരെ ഇഷ്ടമായി. ഇതിലും കുറേ യാദൃശ്ചികതകളുണ്ട്, സമാനതകളുമുണ്ട്. അതൊക്കെ പിന്നെ പറയാം. ഒരു മാസത്തിനുള്ളിൽത്തന്നെ മറ്റൊരു കഥകൂടി എഴുതാൻ പറ്റി, 'ഉന്നൈ കാണാത കണ്ണും'.

അഭിപ്രായങ്ങളിൽ ഞാനേറ്റവും വിലമതിച്ചത് ചെന്നൈയിൽ നിന്ന് പ്രശസ്ത ഫിലിം ഡയറക്ടർ ശ്രീ. കെ.എസ്. സേതുമാധവൻ സാറിന്റേതായിരുന്നു. അദ്ദേഹം പറഞ്ഞു, 'നന്മയെപ്പറ്റിയുള്ള കഥകൾ ഇപ്പോൾ കാണാറേയില്ല. കലാകൗമുദിയിൽ വന്ന 'ഉന്നൈ കാണാത കണ്ണും' എന്ന കഥയാണദ്ദേഹം ആദ്യം വായിച്ചത്. പിന്നീടാണ് അതിനു രണ്ടാഴ്ച മുമ്പ് കലാകൗമുദി ഓണപ്പതിപ്പിൽ വന്ന 'ഉമ്മുക്കുൽസൂന്റെ വീട്' വായിച്ചത്. അതു വായിച്ച ഉടനെ അദ്ദേഹം വീണ്ടും വിളിച്ചു, കുറേ നേരം ഈ രണ്ടു കഥകളെപ്പറ്റിയും സംസാരിച്ചു. ഏകദേശം അര മണിക്കൂർ നേരത്തെ സംസാരത്തിന്റെ അന്ത്യത്തിൽ അദ്ദേഹം പറഞ്ഞു. 'നമുക്ക് വളരെ നേരത്തെ തന്നെ പരിചയപ്പെടേണ്ടതായിരുന്നു.' അദ്ദേഹത്തിന്റെ വാക്കുകളാൽ ഞാൻ ബഹുമാനിതനാവുകയാണ്. ഇത്രയും വലിയ ഒരു മഹാൻ, മലയാള സിനിമയെ അര നൂറ്റാണ്ടുകാലം അസൂയാർഹമാം വിധം നയിച്ച ഒരു വലിയ സംവിധായകൻ എന്റെ കഥകളെപ്പറ്റി ഇത്രയും നല്ല അഭിപ്രായം പറഞ്ഞപ്പോൾ ഞാൻ അനുഗ്രഹീതനായി.

'ഉന്നൈ കാണാത കണ്ണും' എന്ന കഥയെപ്പറ്റി കലാകൗമുദിയിൽ മനോഹരമായ വാക്കുകളാൽ പ്രശംസിച്ച സണ്ണി ജോസഫ് എന്ന തിരക്കഥാകൃത്തും എന്റെ ആത്മവിശ്വാസം വളരെ ഉയരങ്ങളിലെത്തിച്ചു. അഭിപ്രായം പറഞ്ഞ എല്ലാവരുടെയും പേരുകൾ പറയാൻ ഇവിടെ കഴിയാത്തതിൽ വ്യസനമുണ്ട്. മറ്റൊരാശ്വാസം ഈ രണ്ടു കഥകളും രണ്ട് രണ്ടര കൊല്ലത്തെ വിടവിനു ശേഷമെഴുതിയവയാണ് എന്നതുകൊണ്ട് ഒരു കാലത്ത് വായനക്കാർക്കിഷ്ടപ്പെട്ടിരുന്ന എന്റെ കഥകളുടെ സ്വഭാവവും വായനക്കാരനെ തൃപ്തിപ്പെടുത്തുന്ന ഭാഷയും നഷ്ടപ്പെട്ടിട്ടില്ല എന്ന അറിവാണ്. 2013 അവസാനമാണ് ഞാൻ 1962 മുതൽ എഴുതിയ എല്ലാം കൂട്ടിച്ചേർത്ത് ഒരു സി.ഡി.യുണ്ടാക്കിയത്. വളരെയധികം ഏകാഗ്രത വേണ്ടിവന്ന ഒരു ജോലിയായിരുന്നു അത്. സ്വാഭാവികമായും ആ കാലത്ത് എഴുത്തിലെ വിടവ് വന്നതിൽ അതിശയിക്കാനില്ല.

കഥയെപ്പറ്റി അഭിപ്രായം പറഞ്ഞവരിൽ ഡോ. സി.ആർ. സുശീലാദേവി പറഞ്ഞതിങ്ങിനെയാണ്. സ്‌നേഹത്തെപ്പറ്റിയുള്ള ഒരു കഥ, അല്ലെങ്കിൽ സ്‌നേഹം തുളുമ്പി നിൽക്കുന്ന ഒരു കഥ വായിച്ചിട്ടേറെ നാളുകളായി. ഇപ്പോൾ എഴുത്തുകാർ ആരോടൊക്കെയോ പക പോക്കാൻ, അല്ലെങ്കിൽ ദേഷ്യം തീർക്കാൻ എന്ന മട്ടിലാണ് കഥകളെഴുതുന്നത്.

ധാരാളം വായനക്കാർ ഈ കഥകളെപ്പറ്റി നല്ല അഭിപ്രായം, ചിലതെല്ലാം മഴവില്ലിന്റെ സപ്തവർണ്ണങ്ങളിൽത്തന്നെ അറിയിക്കുകയുണ്ടായി. (ഈ കമ്പ്യൂട്ടർ യുഗത്തിൽ 16 മില്യൻ നിറങ്ങൾ എന്നു പറയേണ്ടി വരും.) അവർക്കെല്ലാം നന്ദി പറയട്ടെ.

ഈ കഥകളെല്ലാം ചേർത്ത് 'ഉമ്മക്കുൽസൂന്റെ വീട്' എന്ന പേരിൽ സൈകതം ബുക്‌സ് ഒരു സമാഹാരമിറക്കുകയാണ് ഈ മാസം 22-ാം തിയ്യതി. പ്രൊഫ. എം.കെ. സാനുമാസ്റ്ററാണ് അത് പ്രകാശനം ചെയ്യുന്നത്. എന്റെ പുസ്തകത്തോടൊപ്പം തന്നെ മറ്റ് അഞ്ച് എഴുത്തുകാരുടെ പുസ്തകങ്ങൾകൂടി പ്രസിദ്ധീകരിക്കുന്നുണ്ട്. സി.ആർ. നിലകണ്ഠന്റെ 'ഹരിതവർത്തമാനങ്ങൾ', വി.എം. ഗിരിജയുടെ 'ഇരുപക്ഷംപെടുമിന്ദുവല്ല ഞാൻ', പ്രിയ എ.എസ്സിന്റെ 'പൂക്കാതിരിക്കാനെനിക്കാവതില്ലേ?', മീര രമേഷിന്റെ 'ഇലവീട്', അനീഷ് പുതുവലിലിന്റെ 'നിഴലുകളുടെ ചുരുക്കെഴുത്ത്.'

ഈ സമാഹാരത്തിലെ മറ്റു കഥകളും പ്രസിദ്ധപ്പെടുത്തിയ കാലത്ത് ധാരാളം നല്ല അഭിപ്രായങ്ങൾ ഏറ്റു വാങ്ങിയവയാണ്. 'തുള്ളിക്കൊരു കുടം' എന്ന കഥയിൽ ഒരു പാവപ്പെട്ട കുട്ടിയും സമ്പന്നനായ സഹപാഠിയും കൂടിയുള്ള സ്‌നേഹമാണ് വിഷയം. സമ്പന്നൻ തന്റെ സമ്പന്നത ഒരു ഭാരമായി കണക്കാക്കുകയാണ്, അതുകൊണ്ട് അവൻ സ്‌നേഹിതനുമായി ഒരു തുല്യനിലയിലുള്ള ബന്ധമാണ് കാംക്ഷിക്കുന്നത്. പാവപ്പെട്ട കുട്ടിയ്ക്കത് വലിയൊരു സാന്ത്വനമായി അനുഭവപ്പെടുകയാണ്. 'ഓടിക്കപ്പെടുന്ന ബാല്യം' ഉത്തരേന്ത്യയിൽനിന്നു കേരളത്തിൽ കൂലിപ്പണി ചെയ്യാനായി എത്തിപ്പെട്ട ഒരു കുടുംബത്തിലെ രണ്ടു പെൺകുട്ടികളുടെ കഥയാണ്. കഥാനായകൻ സമ്പന്നനാണ്, അത്ര മോശമല്ലാത്ത ആൾ. പക്ഷെ സംഭവങ്ങളുടെ ഗതി എങ്ങിനേയോ അയാൾക്ക് പ്രതികൂലമാകുകയും അയാൾ കുട്ടികളോട് മോശമായി പെരുമാറാൻ നിർബ്ബന്ധിതനാകുകയും ചെയ്യുന്നു. നന്മ ചെയ്യാനുള്ള ഒരവസരം അയാളിൽ ആകസ്മികമായി നഷ്ടപ്പെട്ടുപോകുന്നതാണ് കഥ. 'ക്രൂരത്വത്താലുയർത്തപ്പെടുക' എന്ന കഥയിൽ മഹാനായ ഗസൽ ഗായകനായ മെഹ്ദി ഹസ്സനും മഹാനായ കവി ഇടശ്ശേരിയും കഥാപാത്രങ്ങളാവുകയാണ്.

ഒരു കാവൽക്കാരന്റെ അസാധാരണ ജീവിതമാണ് 'ഒരു നടത്തിപ്പുകാരന്റെ ജീവിതം' എന്ന കഥയിൽ അനാവരണം ചെയ്യുന്നത്. അയാളുടെ കയ്യിൽ നിന്ന് സ്‌നേഹമടക്കം എല്ലാം വഴുതിപ്പോകന്നതാണ് ഈ കഥ. സങ്കടകരമായൊരു ജീവിതം.

'എപ്പോഴും സ്തുതിയായിരിക്കട്ടെ' എന്ന നോവലെറ്റ് പെൺകുട്ടികൾ മാത്രം അന്തേവാസികളായ ഒരു അനാഥാലയത്തിന്റെ കഥയാണ്. മനുഷ്യത്വമില്ലാത്ത ഒരു വാർഡൻ കാരണം ചിരിക്കാനുള്ള സിദ്ധി നഷ്ടപ്പെട്ട ആ കുട്ടികൾക്ക് പുതുതായി വന്ന ചെറുപ്പക്കാരൻ വാർഡൻ പുതുജീവിതം നൽകുന്നു. അവർ വീണ്ടും പ്രസരിപ്പും പ്രതീക്ഷകളുമുള്ള കുട്ടികളായി മാറുന്ന കാഴ്ച വായനക്കാർക്ക് ഇഷ്ടപ്പെട്ടു. പുതിയ വാർഡന് ആദ്യ രാത്രിതന്നെ പഴയ വാർഡനെപ്പറ്റി ലഭിക്കുന്ന അറിവ് ഞെട്ടലുണ്ടാക്കുന്നതായിരുന്നു. ഈ നോവലെറ്റിലെ ഏറ്റവും നല്ല കഥാപാത്രം ഒരു പാതിരിയാണ്. ആത്മാവുള്ള ഈ മനുഷ്യന്റെ പല പ്രവൃത്തികളും പുതിയ വാർഡനും കൂടി മനസ്സിലാക്കാൻ വിഷമമാവുകയാണ്. അനീതികളോടുള്ള പോരാട്ടത്തിൽ താൻ യേശുവിന്റെ അനുയായി തന്നെയാണെന്ന് അദ്ദേഹം തെളിയിക്കുന്നു; യേശുവിനേക്കാൾ കുറച്ചു കടന്നു പ്രവർത്തിക്കേണ്ടി വന്നത് ഒരുപക്ഷെ സ്വന്തം മനസ്സാക്ഷി കാരണമായിരിക്കാം.

'ഉമ്മുക്കുൽസുവിന്റെ വീട്' എന്ന സമാഹാരത്തിനോടൊപ്പം സൈകതം ബുക്‌സ് അതിലെ കഥകളുടെ ആഡിയോ പുസ്തകവും പുറത്തിറക്കുന്നുണ്ട്. ആർ. ദാമോദറും, മഞ്ജു പ്രസന്നയും സൗമ്യ ബിജുവുമാണ് കഥകൾ വായിച്ചിട്ടുള്ളത്. മറ്റുള്ളവരുടെ ശബ്ദത്തിൽ എന്റെ കഥകൾ കേൾക്കുമ്പോഴാണ് കഥാപാരായണത്തിന്റെ അനന്തസാധ്യതകളെപ്പറ്റി ഞാനാലോചിക്കുന്നത്. വീട്ടുജോലികളുടെ വിരസത മാറ്റാൻ പശ്ചാത്തലത്തിൽ ഇങ്ങിനെയുള്ള സിഡികൾ കേൾക്കുന്നത് കുറച്ചൊരു ആശ്വാസമുണ്ടാക്കും. കഥാകൃത്തിന്റെ ശബ്ദത്തിലാണ് കേൾക്കുന്നതെങ്കിൽ ഫലം മറിച്ചാവുമെന്നും മുന്നറിയിപ്പു തരട്ടെ.

ഈ കഥകളുടെ റെക്കോർഡിങ് നടന്നുകൊണ്ടിരിക്കെ അവിസ്മരണീയമായ ഒരനുഭവമുണ്ടായതായി ദാമോദർ പറഞ്ഞു. 'വെറുമൊരു നിഴൽ മാത്രം' എന്ന കഥ വായിച്ചുകൊണ്ടിരിക്കെ സൗമ്യ പെട്ടെന്ന് പൊട്ടിക്കരയാൻ തുടങ്ങി. ആ കഥ അവളെ അത്രമാത്രം ഇളക്കിമറിച്ചെന്നു തോന്നുന്നു. അവളുടെ തേങ്ങലെല്ലാം അടങ്ങി വീണ്ടും റെക്കോർഡിങ് തുടങ്ങാൻ കുറച്ചു സമയമെടുത്തു. ആ കഥ കേട്ടുനോക്കിയപ്പോൾ മനസ്സിലായി കഥയുടെ പകുതി ഭാഗം തൊട്ട് സൗമ്യയുടെ സ്വരത്തിൽ ആ തേങ്ങലിന്റെ ബാക്കിപത്രം ഒളിഞ്ഞുകിടക്കുന്നുണ്ട്. സ്വന്തം അനുഭവവും മറിച്ചായിരുന്നില്ലെന്ന് ദാമോദർ പറയുന്നു. മഞ്ജുവിന്റെ കഥാവായനയും വളരെ മനോഹരമായിരുന്നു.

അവസാനമായി ഞാൻ മുമ്പ് ലേഖനങ്ങളിൽ പറഞ്ഞിരുന്നത് ഒരിക്കൽക്കൂടി ആവർത്തിക്കട്ടെ. ഞാനെഴുതുന്നത് വായനക്കാർക്കു വേണ്ടിയാണ്; അവരാണ് ആസ്വാദകർ, അവസാനത്തെ വിധികർത്താക്കൾ. അവരെ അവഗണിച്ചുകൊണ്ട് ഒരു വരി എഴുതാൻ എനിക്കാവില്ല. അതുകൊണ്ട് ഓരോ വായനക്കാരനും എന്റെ കഥകളെപ്പറ്റി നല്ല അഭിപ്രായം പറയുമ്പോൾ സാർത്ഥകമാകുന്നത് എന്റെ ക്രിയാത്മക ജീവിതമാണ്.

ഈ കഥകൾ ഞാനെന്റെ വായനക്കാർക്കായി സമർപ്പിക്കുന്നു.

ഇ ഹരികുമാര്‍ - 2015 മാര്‍ച്ച് 9