കാട്ടിക്കൊമ്പ്


ഇ ഹരികുമാര്‍

ഓർമ്മവെച്ചനാൾ മുതൽ ആ കാട്ടിക്കൊമ്പ് തളത്തിലെ വാർണിഷ് ഇട്ട തട്ടിനു തൊട്ടുതാഴെ ചുമരിൽ തൂക്കിയിട്ടിരിക്കയായിരുന്നു. നല്ല വണ്ണമുള്ള ഒരു കമ്പികൊണ്ട്. ഗാൽവനൈസ് ചെയ്ത് ചാരനിറത്തിലുള്ള കമ്പി. കുട്ടിക്കാലത്ത് ആ കമ്പിയുടെ വണ്ണം എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. പിന്നെ കുറച്ചു വലുതായപ്പോൾ വളയ്ക്കാൻ പ്രയാസമുള്ള ആ കമ്പിയും കടയിൽ തടിച്ച് അറ്റമെത്തുമ്പോൾ കൂർത്ത് അകത്തോട്ട് വളഞ്ഞ കൊമ്പും ജീവനുള്ള ഒരു കാട്ടുപോത്തിന്റെ ശക്തിയുടെ പ്രതീകമായി തോന്നി. ഉമ്മറവാതിൽ കടന്നാൽ കാണുക ആ കാട്ടിക്കൊമ്പായിരുന്നു. മുഖത്തെ എല്ലുകൾ പൊളിഞ്ഞു തുടങ്ങിയിരിക്കുന്നു. പല്ലുകൾക്കിടയിൽ വിടവ്. കണ്ണിന്റെ സ്ഥാനത്ത് രണ്ട് ഓട്ടകൾ. ആ ശൂന്യമായ ഓട്ടകളിലൂടെ വികൃതമായ മുഖവുമായി കാട്ടുപോത്ത് നമ്മെ ദയനീയമായി നോക്കി.

മുത്തച്ഛൻ വേട്ടായാടാൻ പോയ കഥകൾ മുത്തശ്ശി പറയാറുണ്ട്. വളരെ കൊല്ലങ്ങൾക്കു മുമ്പാണ്. ഇപ്പോൾ ശരിക്കും ഓർമ്മയില്ല. ഇന്ന് മനസ്സിലുള്ള ചിത്രം ഭീമാകാരനായ മുത്തച്ഛൻ തോക്കുമേന്തി കാട്ടിലൂടെ നടന്നു നീങ്ങുന്നതാണ്. കാട്ടിൽ പ്രാണരക്ഷാർത്ഥം ഓടുന്ന മൃഗങ്ങൾ. ചെടികൾ ഉലയുന്ന ശബ്ദം. തോക്കിന്റെ ഗർജ്ജനം. മുറിവേറ്റ മൃഗത്തിന്റെ ദീനരോദനം.

ഞാൻ അമ്മയോട് ചോദിക്കാറുണ്ട്. എന്തിനാണ് മുത്തച്ഛൻ ആ സാധുമൃഗത്തിനെ കൊന്നത്?

മുത്തച്ഛൻ വല്യ ആളായിരുന്നു. അമ്മ പറയും. അതു പറയുമ്പോൾ അമ്മയുടെ മുഖം അഭിമാനംകൊണ്ട് വികസിക്കും.

വല്യ ആളായിരുന്നു.

വീട് വളരെ വലുതായിരുന്നു. ജനലുകൾക്കും വാതിലുകൾക്കും മുകളിൽ കമാനങ്ങളുണ്ടായിരുന്നു. മുറികളിൽ തട്ടുകൾ വളരെ ഉയരത്തിലായിരുന്നു. അതിനു കീഴിൽ നിൽക്കുമ്പോൾ അച്ഛൻ ഒരു ചെറിയ മനുഷ്യനെപ്പോലെ എനിക്കു തോന്നാറുണ്ട്. അച്ഛൻ വളരെ ഒതുങ്ങി ശബ്ദമില്ലാതെയാണ് അവിടെ കഴിഞ്ഞിരുന്നത്. പകൽ അദ്ദേഹം പാടത്ത് പണിക്കാരെക്കൊണ്ട് പണിയെടുപ്പിച്ചു. ഉഴുമ്പോൾ കാറ്റിൽ ചെളിയുടെ ഗന്ധം പൊങ്ങിവന്നു. ഉച്ചവെയിലിൽ ചെടികളെല്ലാം മയങ്ങുമ്പോൾ ഞാൻ പടിയ്ക്കൽ നിന്നുകൊണ്ട് ആ ഗന്ധം ആസ്വദിക്കും ഉച്ചയ്ക്ക് ഊണു കഴിയ്ക്കാൻ വരുന്ന അച്ഛന് വെയിലിന്റെ ഗന്ധമുണ്ടായിരുന്നു.

മുത്തശ്ശി നേർത്തെ ഉറങ്ങാൻ പോകും. രാത്രി അവർക്ക് കണ്ണു കാണാൻ വിഷമമുണ്ടായിരുന്നു.

രാത്രി ഊണു കഴിക്കുമ്പോഴാണ് അച്ഛൻ സംസാരിക്കാറ്. ഞാറ് നടുന്നതിനെപ്പറ്റി, പാടത്ത് ഇക്കൊല്ലം ധാരാളം കളകൾ ഉള്ളതിനെപ്പറ്റി, പുഞ്ചയ്ക്കു തേവുന്നതിനെപ്പറ്റി, പണിക്കാർ പ്രതീക്ഷയ്‌ക്കൊത്ത് ജോലിയെടുക്കാത്തതിനെപ്പറ്റി.

എന്റെ അച്ഛനുണ്ടായിരുന്നപ്പൊ ഈ വെഷമമൊന്നുംണ്ടായിരുന്നില്ല.

അമ്മ പറഞ്ഞു. ജോലിക്കാരെക്കൊണ്ട് പണിയെടുപ്പിക്കാൻ അച്ഛന് നല്ല സാമർത്ഥ്യാ. അച്ഛൻ അവരെയൊക്കെ വരച്ച വരേല് നിർത്തും. ചാത്തയൊക്കെ എത്ര ഓഛാനിച്ചിട്ടാണ് അച്ഛന്റെ മുമ്പില് നിൽക്കാറ്.

അച്ഛൻ ഒന്നും പറയില്ല. ചാത്ത എന്നേ മരിച്ചു പോയിരുന്നു. എനിയ്ക്ക് നേരിയ ഓർമ്മ മാത്രമേയുള്ളൂ. കറുത്ത് കുള്ളനായ ചാത്ത തോർത്തു മുണ്ടും കോണകവും വേഷം. തോളിലും ഒരു തോർത്തുമുണ്ടുണ്ടാവും. ഞാൻ കാണുമ്പോൾ ചാത്തയ്ക്ക് വളരെ വയസ്സായിരുന്നു.

അച്ഛൻ ഒന്നും പറയില്ല. നിശ്ശബ്ദനായി ഊണുകഴിക്കും റാന്തലിന്റെ നീട്ടിയ തിരിയുടെ വെളിച്ചം അച്ഛന്റെ നിഴൽ ചുമരിൽ പരത്തുന്നത് ഞാൻ നോക്കിയിരിക്കും, അച്ഛന്റെ മുഖത്തു നോക്കാൻ ധൈര്യമില്ലാതെ.

വീടുനിറയെ നിഴലുകളായിരുന്നു. അവ അവിടെ പെരുമാറുന്നവരോടൊപ്പം ചലിച്ചു. അർത്ഥഗർഭമായി തലയാട്ടി നിഴലുകൾ എന്നെ ഭയപ്പെടുത്തി. ഇടനാഴിയിൽ, അല്ലെങ്കിൽ മച്ചിനകത്ത്, നിഴലുകൾ എന്റെ മേൽ ചാടിവീഴാൻ നില്ക്കുന്നപോലെ തോന്നിച്ചു.

നിന്റെ അച്ഛന് ഒന്നുകൂടി ആലോചിക്കാമായിരുന്നു.

അച്ഛൻ പറഞ്ഞു.

എന്ത്?

മകളെ എനിയ്ക്കു പിടിച്ചുതരുന്നതിനു മുമ്പ്. ഇതിലും കഴിവുള്ള എത്രപേരുണ്ടായിരുന്നു.

മുകളിലെ മുറികളിൽ നിഴലുകൾ കുറവാണ്, ഞാൻ ആലോചിച്ചു. പകലുകൾ മുറികളെ പ്രകാശ മയമാക്കുന്നു. രാത്രി വിളക്കുകൊണ്ടു നടക്കുമ്പോഴും നിഴലുകൾ എന്നെ ഭയപ്പെടുത്തിയിരുന്നില്ല. ഇരുട്ടിൽ പറക്കുന്ന മിന്നാമിനുങ്ങുകൾ. ജനലിലൂടെ നോക്കി ഞാൻ ഇരിക്കാറുണ്ട്.

ഞാൻ അതൊന്നും ഉദ്ദേശിച്ചിട്ടില്ല, അമ്മ പറഞ്ഞു. എന്തിനാപ്പൊ അതൊക്കെ കുത്തിപ്പൊക്കണത്?

പണിക്കാരെ അടിക്കാനും ചവിട്ടാനും ഒന്നും എന്നെക്കൊണ്ടാവില്ല. നിന്റെ അച്ഛനെ സംബന്ധിച്ചിടത്തോളം അവരൊന്നും മനുഷ്യരായിരുന്നില്ല. എനിക്കങ്ങനെയല്ല. നിന്റെ അമ്മയ്ക്കുംണ്ട് ഈവക വിചാരങ്ങൾ.

മുത്തശ്ശി അച്ഛനെ എപ്പോഴും ദേഷ്യം പിടിപ്പിച്ചിരുന്നു.

ഓർമ്മവെച്ച നാളുകളിൽ, എനിയ്ക്ക് മൂന്നോ നാലോ വയസ്സുള്ളപ്പോൾ, ചാണകം മെഴുകിയ വിശാലമായ മുറ്റത്ത് നെല്ലിന്റെ വലിയ കൂമ്പാരങ്ങളുണ്ടായിരുന്നു. അകത്തും പുറത്തും പണിക്കാരികൾ ഓടി നടന്ന് ജോലിയെടുത്തു. നെല്ലു പുഴുങ്ങുന്നതിന്റെ ഗന്ധം, നെല്ലുകുത്തുകാരികൾ നെല്ലു കുത്തുമ്പോഴുണ്ടാകുന്ന ശ്ശ് ശ്ശ് ശബ്ദം. വളകളുടെ സംഗീതം.

ഇടയ്ക്കിടയ്ക്ക് സദ്യകൾ ഉണ്ടായിരുന്നു വടക്കെ മുറ്റത്തുണ്ടാക്കിയ കൂറ്റൻ അടുപ്പുകളിൽ വലിയ ഉരുളികളിലും, ചരക്കുകളിലും അരി തിളച്ചു. ദഹണ്ഡക്കാർ ബഹളമുണ്ടാക്കി പണിക്കാരികളോട് ആജ്ഞാപിച്ചു കൊണ്ടിരുന്നു. ഉച്ചയ്ക്ക് ഊണിന്റെ സമയമായാൽ പടിയ്ക്കൽ നിന്ന് നായാടികളുടെ ശബ്ദം കേൾക്കാം.

വല്യമ്പ്രാനേയ്, എന്തെങ്കിലും കൊടുത്തയയ്ക്ക്യാ.

വല്യമ്പ്രാട്ടേയ്, ഒരു ഊണ് തര്യാ..........

ഉച്ചത്തില് അവരുടെ ശബ്ദം, ഒരു നിലവിളിയായി, പ്രാചീനമായൊരു സംഗീതമായി ഒഴുകി വന്നു. എനിയ്ക്ക് നായാടികളെ പേടിയായിരുന്നു അവർ കുട്ടികളെ പിടിച്ചു കൊണ്ടുപോകുമെന്നു ഞാൻ വിശ്വസിച്ചു. പണിക്കാരികൾ അവർക്കുള്ള ഭക്ഷണം ഗെയിറ്റിനും കുറച്ചകലെ വരമ്പത്തു വെച്ചുകൊടുക്കും. പണിക്കാരികൾ തീണ്ടാപ്പാടകലെയെത്തിയാൽ നായാടികൾ വന്ന് ആ ഇലകൾ എടുത്തുകൊണ്ടു പോകും. അവരുടെ ശബ്ദം നിലയ്ക്കും. അതുവരെ ഞാൻ ശ്വാസമടക്കിപ്പിടിച്ച് നില്ക്കാറുണ്ട്. നായാടികൾ കയറു കൊണ്ടുള്ള ഉറികളും പശുവിനെ കെട്ടാനുള്ള വടവും ഉണ്ടാക്കിക്കൊണ്ടുവന്നിരുന്നു.

നെല്ലിന്റെ വൻകൂനകളും, ചരക്കുകളും, നെല്ലുകുത്തുകാരികളുടെ വളകിലുക്കങ്ങളും പെട്ടെന്നൊരു ദിവസം ഇല്ലാതായി. അകത്തും പുറത്തും ഓടിനടന്നു പണിയെടുത്തിരുന്ന പണിക്കാരികളും അപ്രത്യക്ഷരായി. നായാടികളുടെ രോദനംമാത്രം വിശേഷദിവസങ്ങളിൽ ഉയർന്നുകേട്ടു. പിന്നെ കാലക്രമത്തിൽ അതും കേൾക്കാതായി.

തറവാട്ടിലെ മുതല് നശിക്കാൻ കാരണം ഞാനല്ല. അച്ഛൻ പറഞ്ഞു ഭൂനിയമം വന്നതും കുടിയാൻ ജന്മിയായതും ഒന്നും നിന്റെ അമ്മയ്ക്ക് മനസ്സിലാവില്ല.

മുത്തശ്ശിയ്ക്ക് അതൊന്നും ഒരിയ്ക്കലും മനസ്സിലായിരുന്നില്ല, യുദ്ധാനന്തരം അവശ്യസാധനങ്ങൾ കരിഞ്ചന്തയിലെത്തിയതും സാധനങ്ങളുടെ വില കണക്കറ്റു വർദ്ധിച്ചതും അവർ അറിഞ്ഞില്ല.

അവരെ സംബന്ധിച്ചിടത്തോളം ഒരു സാധനം വാങ്ങണമെങ്കിൽ അതു വാങ്ങണമെന്നു മാത്രം. അതിന്റെ വില പതിന്മടങ്ങു വർദ്ധിച്ചുവോ എന്നൊന്നും അവർക്കറിയില്ല. അവർ പണം ഒരിക്കലും കൈകാര്യം ചെയ്തി രുന്നില്ല. അതുകൊണ്ടുതന്നെ പണത്തിന്റെ വിലയും അറിഞ്ഞില്ല. അവരെ സംബന്ധിച്ചിടത്തോളം ഒരുറുപ്പികയും പത്തുറുപ്പികയും ഒന്നുതന്നെ. പണം.

ആവശ്യപ്പെട്ട സാധനങ്ങൾ കിട്ടിയില്ലെങ്കിൽ അവർക്കു പരിഭവമായി. കൊള്ളിവാക്കുകൾ പറഞ്ഞു. മുത്തച്ഛൻ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ ആ കാര്യം എത്ര എളുപ്പം സാധിക്കുമായിരുന്നു എന്നു പറയും.

കാട്ടിക്കൊമ്പ് ഒരു ഹേതുവായിരുന്നു. മരുമകനുമായുള്ള സംഘട്ടനത്തിന് മൂർച്ച കൂട്ടാൻ മുത്തശ്ശി അതുപയോഗിച്ചു. കാട്ടിക്കൊമ്പ് സ്റ്റഫ് ചെയ്താൽ ഭംഗിയാകുമെന്ന് ആരോ മുത്തശ്ശിക്ക് പറഞ്ഞു കൊടുത്തു. പിന്നെ അതിന്മേലായി മുത്തശ്ശിയുടെ കണ്ണ്. കാട്ടിക്കൊമ്പ് സ്റ്റഫ് ചെയ്യുക എളുപ്പമായിരുന്നില്ല. ഒന്നാമതായി സ്റ്റഫ് ചെയ്യുന്ന സ്ഥലം അടുത്തൊന്നുമുണ്ടായിരുന്നില്ല. ചുരുങ്ങിയത് കോഴിക്കോട്ടോ തൃശൂരോ കൊണ്ടു പോകണം. പിന്നെ അതിന് എത്ര ചെലവു വരുമെന്നും അറിയില്ല മനുഷ്യന് അതിലും പ്രധാനപ്പെട്ട എത്ര കാര്യങ്ങൾ ചെയ്യാൻ കിടക്കുന്നു. പാടത്ത് പച്ചിലകൾ വെട്ടിയിടണം. ചാണകം വിതറണം, തേവാനുള്ള ഏത്തം ശരിയാക്കണം.

മുത്തശ്ശിയോട് എപ്പോഴും എതിർത്തു പറയുമെങ്കിലും അച്ഛൻ മുത്തശ്ശിയുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റിയിരുന്നു. ഒരു പുതിയ നിലവിളക്ക്, അല്ലെങ്കിൽ കാലിൽ പുരട്ടാനുള്ള കുഴമ്പ്. അതുമല്ലെങ്കിൽ മുത്തശ്ശി ഇടയ്ക്ക് പറമ്പിലൊക്കെ നടന്നുനോക്കും. വൈകുന്നേരം അച്ഛൻ വന്നാൽ പറയും, വേലിയൊക്കെ പൊളിഞ്ഞിരിക്കുണു.

പിറ്റേന്നു തന്നെ അച്ഛൻ പണിക്കാരെ വിളിച്ച് മുള്ളുവെട്ടി വേലിപ്പണി തുടങ്ങും.

കാട്ടിക്കൊമ്പിന്റെ കാര്യം മറിച്ചായിരുന്നു. അച്ഛന് തീരെ ഇഷ്ടമില്ലാത്ത സാധനമായിരുന്നു അത്.

ആ കാട്ടിക്കൊമ്പെടുത്ത് വലിച്ചെറിയൂ. അച്ഛൻ പറയും. ഉമ്മറത്തു തന്നെ വെക്കാൻ കണ്ട ഒരു സാധനം!

മുത്തശ്ശിയെ സംബന്ധിച്ചിടത്തോളം ആ കാട്ടിക്കൊമ്പ് പ്രിയപ്പെട്ടതായിരുന്നു. മുത്തച്ഛന്റെ പരാക്രമങ്ങളുടെയും പൗരുഷത്തിന്റെയും ഓർമ്മകൾ ഉണർത്തുന്ന ഒരു സ്മാരകം.

അച്ഛനെ സംബന്ധിച്ചിടത്തോളമാണെങ്കിൽ അത് അവഹേളനത്തിന്റെ പ്രതീകവും. തനിയ്ക്കിഷ്ടമില്ലാത്ത ഒരു വ്യക്തിയുടെ തുടച്ചു നീക്കപ്പെടേണ്ട അവസാനത്തെ കണികയാണത്, അച്ഛൻ മുത്തച്ഛനെ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. അച്ഛന്റെ സംസാരത്തിൽ നിന്ന് അത് മനസ്സിലായിരുന്നു.

ഉച്ച വേളകൾ അസ്വസ്ഥമായിരുന്നു. ഞാൻ അലഞ്ഞുനടന്നു. പറമ്പിൽ, വീട്ടിനുള്ളിൽ, തട്ടിൻപുറത്ത്, എന്തിനോവേണ്ടി ഞാൻ അന്വേഷിച്ചുനടന്നു എന്താണ് അന്വേഷിക്കുന്നതെന്ന് തീരെ അവ്യക്തമായിരുന്നു. ഒരു സ്വപ്നം പോലെയായിരുന്ന പഴയ പ്രതാപത്തിന്റെ നിഴലുകൾ അന്വേഷിച്ച് ഞാൻ തട്ടിൻപുറത്തും മച്ചിനകത്തും പരതി. കൂട്ടിയിട്ട വെങ്കലപ്പാത്രങ്ങൾക്കിടയിലൂടെ ഞാൻ നടന്നു. മച്ചിനകത്ത് മരം കൊണ്ടുണ്ടാക്കിയ അറയിൽ ചാരിവെച്ച കൂറ്റൻ ചട്ടുകങ്ങൾ, കയ്യിലുകൾ, ഓട്ടുവിളക്കുകൾ, ചെമ്പുകൊണ്ടുണ്ടാക്കിയ ഒരു ശരറാന്തൽ, അതെല്ലാം പഴയ പ്രതാപത്തിന്റെ കഥകൾ എനിയ്ക്കു പറഞ്ഞുതന്നു. ഞാൻ കുട്ടിയായിരിക്കുമ്പോഴുണ്ടായിരുന്ന, എനിക്കിപ്പോൾ നേരിയ ഓർമ്മ മാത്രമുള്ള ഐശ്വര്യത്തിന്റെ നാളുകൾ. ഞാൻ നെടുവീർപ്പിട്ടു.

അമ്മയും മുത്തശ്ശിയും മയക്കമായിരുന്നു. വയലിൽ ഉഴുന്ന പണിക്കാർ കാളകളെ തെളിക്കുന്ന ശബ്ദം. വാക്കുകളില്ലാത്ത പ്രാകൃതമായ ഒരു പാട്ടിന്റെ ഈണങ്ങൾ. ഇതെല്ലങ്കിലും ചെയ്യാൻ, എന്തെങ്കിലും നശിപ്പിക്കാനെങ്കിലും കഴിഞ്ഞെങ്കിലെന്ന് ഞാൻ ആശിച്ചു. അപ്പോഴാണ് ആ കാട്ടിക്കൊമ്പ് എന്റെ ശ്രദ്ധയിൽപ്പെട്ടത്. അതിനെ തളച്ചിട്ട, വളയ്ക്കാൻ വിഷമമായ വണ്ണമുള്ള കമ്പിയും. ഞാൻ ഒരു മേശ ശബ്ദമുണ്ടാക്കാതെ വലിച്ചിട്ട് അതിനുമേൽ കയറി. കുറച്ചൊരു അറപ്പോടെ ഞാൻ ആ കാട്ടിയുടെ മുഖത്തെ ദ്രവിച്ചു തുടങ്ങിയ എല്ലുകൾ തൊട്ടു. ആ എല്ലുകൾ ആടുന്നുണ്ടായിരുന്നു, രണ്ടു കൊമ്പുകൾ മാത്രം കാട്ടുപോത്തിന്റെ ശക്തികാണിച്ചു. ഞാൻ കമ്പി അഴിക്കാൻ ശ്രമിച്ചു. കമ്പി വളയുന്നില്ല കാട്ടിയുടെ തലയോടു മാത്രം ഒരു ഭീഷണിയോടെ ആടി, കുത്താൻ വരുന്ന പോലെ. അതെന്നെ ഭയപ്പെടുത്തി.

ഞാൻ വേഗം താഴെയിറങ്ങി,

വൈകുന്നേരങ്ങളിൽ അച്ഛൻ പാടത്തു നിന്നു വന്നാൽ കുളി കഴിഞ്ഞ് ചായ കുടിച്ച് പറമ്പിൽ നടക്കാൻ ഇറങ്ങും. അപ്പോഴാണ് എനിയ്ക്ക് അച്ഛനോട് സംസാരിക്കാൻ അവസരം കിട്ടുക. കുട്ടിയായിരിക്കുമ്പോൾ ഒരിക്കൽ ഞാൻ ചോദിച്ചു.

അച്ഛാ, കാട്ടുപോത്തിനും നമ്മുടെ മാതിരി വേദനണ്ടാവില്ലെ?

ഉണ്ടാവും മോനെ.

അപ്പൊ വെടി കൊള്ളുമ്പോഴും അതിന് വേദനിക്കില്ലെ?

നിലത്തേയ്ക്കിഴഞ്ഞു പോകുന്ന ഒരു പയർവള്ളി ഞെടിയിൽ പടർത്താൻ ശ്രമിക്കുകയായിരുന്നു അച്ഛൻ.

ഇല്ലെ അച്ഛാ വേദനിക്കില്ലേ?

മുഖമുയർത്താതെത്തന്നെ അച്ഛൻ പറഞ്ഞു.

വേദനിക്കും.

അപ്പൊ മുത്തച്ഛൻ വെടിവെച്ചപ്പൊ ആ കാട്ടുപോത്തിന് വേദനിച്ചിട്ടുണ്ടാവില്ലെ?

ഉണ്ടാവണം. അച്ഛൻ പറഞ്ഞു.

പിന്നെ പെട്ടെന്ന് മുഖമുയർത്തി എന്നെ നോക്കി. മകന്റെ മുഖത്തെ ദുഃഖം അദ്ദേഹം ദർശിച്ചു. അദ്ദേഹം മുഖം തിരിച്ചു.

മുത്തച്ഛൻ എന്തിനാതിനെ കൊന്നത്?

അച്ഛൻ ഒന്നും പറഞ്ഞില്ല. ഒരു വാഴനാരെടുത്ത് പയർവള്ളി വീണ്ടും താഴെ വീഴാതിരിക്കാൻ കെട്ടിക്കൊടുക്കുകയായിരുന്നു അച്ഛൻ. തെങ്ങോലകൾക്കിടയിലൂടെ വരുന്ന സൂര്യവെളിച്ചം മഞ്ഞ നിറമായിരുന്നു.

കാട്ടിയുടെ തളത്തിലുള്ള വാസം ഒരു ദിവസം അവസാനിച്ചു. ബീഭത്സമായ ആ തലയോടിനു പകരം അത്ര തന്നെ ബീഭത്സമല്ലാത്ത മറ്റൊരു തല അവിടെ വെക്കാമെന്ന് അച്ഛൻ കണ്ടു. ആരുടേയും എതിർപ്പില്ലാതെ ഒരു നിശബ്ദ വിപ്ലവം അച്ഛൻ നടത്തി. കാട്ടുപോത്തിന്റെ തലയോടിനേക്കാൾ കുറച്ചു കൂടി സ്വീകാര്യമായ ഒരു വസ്തു അച്ഛൻ കണ്ടെത്തി. മച്ചിനകത്തെ ഒരു മരപ്പെട്ടിയിൽ നിന്നാണ് അത് കിട്ടിയത്. ഒരു ചിത്രം. ചില്ലു പൊട്ടി ഫ്രെയിമിന്റെ ഇനാമൽ അടർന്നു പോയ ഒരു പഴയ എണ്ണഛായ ചിത്രം. അതു പൊടിതട്ടിക്കൊണ്ട് അച്ഛൻ പറഞ്ഞു.

ഇത് നന്നായി ഫ്രെയിം ചെയ്ത് നമുക്ക് ഇവിടെ തൂക്കാം. ഈ കാട്ടിക്കൊമ്പിനു പകരം.

മുത്തച്ഛന്റെ ഒരു ചിത്രമായിരുന്നു അത്.

അച്ഛന്റെ പ്രവർത്തിയുടെ വ്യംഗ്യം മുത്തശ്ശിയ്ക്ക് മനസ്സിലായില്ല, അമ്മയ്ക്കും. പക്ഷെ അത് വീട്ടിൽ സമാധാനം പുനഃസ്ഥാപിച്ചു. മുത്തച്ഛന്റെ കറുത്തു തടിച്ച വട്ടമുഖത്ത് കനത്ത പുരികത്തിനു താഴെ തീക്ഷ്ണമായ കണ്ണുകൾ ഉമ്മറപ്പടി കയറുന്നവരെ എതിരേറ്റു.

കാട്ടിക്കൊമ്പ് തട്ടിൻ പുറത്തേക്ക് വലിച്ചെറിഞ്ഞു.

മുത്തച്ഛന്റെ തലയോട്ടി അവിടെ കാട്ടിക്കൊമ്പിനു പകരം തൂക്കിയിട്ടതായി ഞാൻ സങ്കൽപ്പിക്കാറുണ്ട്, വളയാൻ വിഷമമായ കമ്പി തലയോട്ടിന്റെ ഓട്ടകളിലൂടെ വലിച്ചു മുറുക്കിക്കൊണ്ട്. ആ ഭാവന ആശ്വാസം തരുന്നതായിരുന്നു. ഒരു പക പോക്കുന്ന സുഖം.

മുത്തശ്ശിയുടെ മരണശേഷം ഒരിക്കൽ വെള്ളവലിക്കുന്ന സമയത്ത് മുത്തച്ഛന്റെ ഛായാചിത്രവും തട്ടിൻ പുറത്തേയ്ക്ക് എറിഞ്ഞു. അമ്മയുടെ പ്രതിഷേധങ്ങൾ വകവെക്കാതെ തന്നെ.

പിന്നെ വർഷങ്ങൾ നീങ്ങിയപ്പോൾ ഇതെല്ലാം മറവിയിലേക്കു തള്ളി. മുത്തച്ഛന്റെ ചിത്രവും കാട്ടിക്കൊമ്പും, അതിനോടുബന്ധപ്പെട്ട കാര്യങ്ങളും. പടിക്കൽ ഉണ്ടായിരുന്ന വയലുകൾ അപ്രത്യക്ഷമായി. അതോടൊപ്പം അതിൽ ജോലി ചെയ്തിരുന്ന പണിക്കാരും അവരുടെ പാട്ടുകളും, ചെളിയുടെ തീക്ഷ്ണഗന്ധവും എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടു. വയലുകൾക്കു പകരം കെട്ടിടങ്ങൾ നിറഞ്ഞു.

അച്ഛനും അമ്മയും മരിച്ചു. ഞാൻ ഈ വലിയ വീട്ടിൽ ഭാര്യയും കുട്ടികളുമായി താമസിക്കുന്നു. ഇന്ന് ഈ കാര്യങ്ങളെല്ലാം ഓർക്കാൻ കാരണം മക്കളാണ്.

വൈകുന്നേരം താലൂക്കാപ്പീസിലെ ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണ് കണ്ടത്. മക്കൾ ആ കാട്ടിക്കൊമ്പും മുത്തച്ഛന്റെ ചിത്രവും പിടിച്ച് നിൽക്കുന്നു. മകൻ കാട്ടിക്കൊമ്പ് നിലത്തുവെച്ച് കൊമ്പുകളിൽ പിടിച്ച് നിൽക്കുകയാണ്.

നോക്കു ഞങ്ങൾക്ക് തട്ടിൻ പുറത്തു നിന്ന് എന്താണ് കിട്ടീത് ന്ന്?

മകന്റെ കണ്ണുകളിൽ അസ്വാസ്ഥ്യത്തിന്റെ ബീജങ്ങൾ ഞാൻ കണ്ടു. ഉച്ചവേളകളിലെ എന്തിനെന്നറിയാത്ത അന്വേഷണത്തിന്റെ നാമ്പുകൾ. മുത്തച്ഛന്റെ ഫോട്ടോ പിടിച്ചു നിൽക്കുന്ന അഞ്ചുവയസ്സുകാരിയുടെ കണ്ണുകളിൽ കൗതുകം മാത്രം. അവൾ പറഞ്ഞു.

ഞങ്ങള് രണ്ടുപേരും കൂടി തട്ടിൻ പുറത്ത് കയറി.

കാട്ടിക്കൊമ്പ് പിടിച്ചുകൊണ്ടിരുന്ന മകന്റെ മുഖം മ്ലാനമാവുന്നത് ഞാൻ ശ്രദ്ധിച്ചു. അവൻ ചോദിച്ചു.

അച്ഛാ ഇതെന്തിന്റെ കൊമ്പാണ്?

മോനെ ഇത് കാട്ടിക്കൊമ്പാണ്. കാട്ടുപോത്തിന്റെ കൊമ്പ്.

ഇതെങ്ങനെയാണ് മരിച്ചത്?

മരിച്ചത് എന്നാണവൻ പറഞ്ഞത്?

അവനെ സംബന്ധിച്ചിടത്തോളം ഒരു മനുഷ്യനും ആ സാധുജീവിയും തമ്മിൽ വ്യത്യാസമൊന്നുമില്ല രണ്ടും മരണം തന്നെ. എനിയ്ക്ക് വേണമെങ്കിൽ രണ്ടും തമ്മിലുള്ള വ്യത്യാസം പറഞ്ഞുകൊടുക്കാം. അതുപോലെ ആ കാട്ടുമൃഗം എങ്ങിനെയാണത് ചത്തതെന്നും.

അതിനിടയ്ക്ക് വളരെ അസാധാരണമായി, അത്ഭുതകരമായി, ഒരു തേക്കുപാട്ടിന്റെ ഈരടികൾ കാറ്റിൽ അരിച്ചു വന്നു. വളരെ അകലെ ആരോ പുഞ്ചയ്ക്കു തേവുന്നുണ്ടാവാം. ഈ മോട്ടോർ യുഗത്തിൽ ആരാണ് ഏത്തം വെച്ച് തേവുന്നത്? ഒരു പക്ഷേ എന്റെ ഭാവന മാത്രമായിരിക്കാം. വയലിലെ ചെളിയുടെ ഗന്ധത്തിനായി, ഞാൻ മൂക്കു വിടർത്തി. ഒരു പുരാവൃത്തം ആവർത്തിക്കുകയാണോ?

കലാകൗമുദി ഓണപ്പതിപ്പ് - സെപ്റ്റംബർ 6, 1987