|| Scripts

കാനഡയിൽ നിന്നൊരു രാജകുമാരി

ഇ ഹരികുമാര്‍

സീന്‍ 41 മുതല്‍ 60 വരെ

സീൻ - 41:

സ്വീകരണമുറി -

മങ്ങിക്കത്തുന്ന വിളക്ക് . വിജയൻ സോഫയിലിരുന്ന് വായിക്കുന്നു. ടേപ്‌റെക്കാർഡറിൽ ഒരു പഴയ പാട്ട് (മുകേഷിന്റെ ഒരു പാട്ട്) പുറത്തു നിന്നും ഒരു വാതിലിലൂടെ നീലു കടന്നു വരുന്നു.

നീലു: ഹായ് എവരിബഡി.

പെട്ടെന്ന് സൈഡ്‌റൂമിൽ നിന്ന് അജിത് അടുക്കളയിൽ നിന്ന് വിമല (കയ്യിൽ ഒരു കൈയ്പക്കയും കത്തിയും ഉണ്ട്) വരുന്നു.

നീലു: ഹായ് ചേച്ചി ഞാൻ വന്നു.

വിജയൻ: വലിയ കാര്യമായി.

നീലു: (അതവഗണിച്ചുകൊണ്ട്) എന്താ ചേച്ചി കുക്കിംഗ്

വിമല: വാ, രാത്രിക്കുള്ളതാ. ഇവിടെ ഒരാൾക്ക് രാത്രീം എല്ലാം ഫ്രെഷായിട്ട് വേണം.

നീലു: കൈയ്പക്ക കൊണ്ട് ഞാൻ ഒരു സാധനം ഉണ്ടാക്കാൻ പഠിപ്പിച്ചു തരാം.

വിമല: എന്തു സാധനം.

നീലു: കൈയ്പക്ക സ്റ്റഫ് ചെയ്യാൻ.

വിജയൻ: ഇനി വായില് വെക്കാൻ കൊള്ളാത്തതൊക്കെണ്ടാക്കും.

നീലു: ചേട്ടൻ നോക്കിക്കൊള്ളു. ഒരിക്കല് ടേസ്റ്റ് നോക്കിയാൽ പിന്നീം ണ്ടാക്കാൻ പറയും.

അവൾ ചുറ്റും നോക്കിക്കൊണ്ട് മുഖം ചുളിക്കുന്നു.

നീലു: ഇതെന്താ കാന്റിൽസ് മാതിരിയുള്ള ബൾബുകൾ ഇട്ടിരിക്കണത്? ചേട്ടന് കുറച്ചുകൂടി ബ്രൈറ്റായ ലാംപ്‌സ് ഇട്ടുകൂടെ?

വിജയൻ ഒന്നും പറയാതെ ഒരു പരുങ്ങലോടെ ഇരിക്കയാണ്. വിമല ചിരിക്കുന്നു.

വിമല: എന്താ അറിയ്യോ? ഇന്ന് കറണ്ടിന്റെ അഡിഷനൽ ബില്ല് വന്നിട്ടുണ്ട്. കൊറെയായിട്ടുണ്ട്. അപ്പൊ സ്ലാബ് കവിയാതിരിക്കാൻ മാറ്റിയതാണ് ബൾബൊക്കെ. അല്ലെങ്കിലേ ഈ വീട്ടില് വെളിച്ചം കൊറവാണ് ഇപ്പോബൾബുകള് മാറ്റും കൂടി ചെയ്തപ്പോ തീരെ മങ്ങിപ്പോയി.

നീലു: സ്ലാബായാലും മാർബിളായാലും ശരി നാളെ ഞാൻ വരുമ്പോഴേക്ക് ഈ ലാംപ്‌സൊക്കെ മാറ്റണം. അല്ലെങ്കിൽ പിന്നെ വൈകുന്നേരം ഞാൻ ഇവിടെ വരില്ല.

വിജയൻ: ഇവിടെ വരില്ല്യാന്നൊക്കെ ഞങ്ങളെ സന്തോഷിപ്പിക്കാനായി പറയുന്നതായിരിക്കും.

വിമലയും അജിതും ചിരിക്കുന്നു. നീലുവിന്റെ മുഖത്ത് കൃതിമമായ ഗൌരവം. അവൾ ടേപ്പ്‌റിക്കാർഡർ വെച്ച മേശപ്പുറം പരിശോധിക്കുന്നു. ഒരു കാസറ്റിന്റെ കവർ എടുത്ത് നോക്കുന്നു.

നീലു: (മുഖം ചുളിച്ചുകൊണ്ട്) ഇതെന്താണ് ഓൾഡ് സോങ്ങ്‌സൊക്കെ വെച്ചിരിക്കുന്നത്. ഇതൊക്കെ വലിച്ചെറിയു. ഞാൻ നാളെ പുതിയ കാസറ്റുകൾ കൊണ്ടുവരും.

വിജയൻ എഴുന്നേറ്റ് അവളുടെ കയ്യിൽനിന്ന് മുകേഷ് കാസറ്റിന്റെ കവർ മേടിക്കുന്നു. ഒരു disapproving

നോട്ടം കൊടുത്ത് അത് മേശമേൽ വെക്കുന്നു.

നീലു ചുമൽ കുലുക്കിക്കൊണ്ട് വിമലയുടെ കൂടെ അടുക്കളയിലേക്ക് പോകുന്നു. വാതിൽക്കൽ നിന്ന് തിരിഞ്ഞ് വിജയനെ നോക്കി കൊഞ്ഞനം കാട്ടുന്നു.

ചിരിക്കുന്ന അജിതിന്റെ മുഖം ക്ലോസപ്പിൽ

Fade out

സീൻ - 42:

വൈകുന്നേരം. അതെ സെറ്റിംഗ് ഒരു ഇലക്ട്രീഷ്യൻ ഒരു സ്റ്റൂളിൽ കയറിനിന്ന് ചുമരിൽ ട്യൂബ്‌ലൈറ്റ് ഫിറ്റ് ചെയ്യുന്നു. വിജയൻ നോക്കിനിൽക്കുന്നുണ്ട്. അയാൾ സ്റ്റൂളിൽ നിന്നിറങ്ങി സ്വിച്ചിടുന്നു. പാൽ പോലത്തെ വെളിച്ചം. ഇലക്ട്രീഷ്യൻ സാധനങ്ങൾ (Tools) ഒക്കെ സഞ്ചിയിലാക്കി പണം വാങ്ങി പോകുന്നു. വിജയൻ വാതിലടച്ച് സ്റ്റൂൾ എടുത്ത് മാറ്റി, അവിടം വൃത്തിയാക്കുന്നു.

ബെല്ലടിക്കുന്നു. അജിത് അവന്റെ മുറിയിൽനിന്നും വിമല അടുക്കളയിൽ നിന്നും സിറ്റിംഗ് റൂമിലേക്ക് വരുന്നു. വിജയൻ പോയി വാതിൽ തുറക്കുന്നു. നീലുവാണെന്നറിഞ്ഞപ്പോൾ തല കുനിച്ച് അല്പം കുമ്പിട്ടു നിൽക്കുന്നു.

നീലു: (വാതിൽക്കൽ നിന്നുകൊണ്ട്) ഹായ് എവരിബഡി. (പെട്ടെന്ന് വെളിച്ചം ശ്രദ്ധിച്ച്) ഹായ് ബ്രൈറ്റ് ലൈറ്റ്.

വിജയൻ കുനിഞ്ഞുതന്നെ നിൽക്കുകയാണ്.

വിജയൻ: യുവർ ഹൈനെസ്സ് രാജകുമാരി, അവിടുത്തെ ആജ്ഞ പാലിച്ചിരിക്കുന്നു. (നിവരാതെത്തന്നെ ഒരു കോമിക് ആക്ഷനോടെ ട്യൂബ്‌ലൈറ്റിലേക്ക് ചൂണ്ടിക്കാണിക്കുന്നു - എയർ ഇന്ത്യ പരസ്യത്തിലെ മഹാരാജാവിനെപ്പോലെ). ഒക്കെ മാറ്റി.

നീലു പൊട്ടിച്ചിരിക്കുന്നു. തുറന്നു പിടിച്ച വാതിലിലൂടെ രാജകീയമായി നടന്ന് ഓരോ മുറിയും പരിശോധിക്കുന്നു. തൃപ്തിയാവുന്നു. അവളുടെ കയ്യിൽ നാലഞ്ചു ഇംഗ്ലീഷ് കാസറ്റുകളുണ്ട്. അവ വിജയനെ ഏൽപിക്കുന്നു.

നീലു: ഇനി ഇതൊക്കെ വെച്ചാ മതി. ആ ഓൾഡ് സോങ്ങ്‌സെല്ലാം വലിച്ചെറിയു.

വിജയൻ ഒരു കാസറ്റെടുത്ത് ടേപ്പ്‌റെക്കോർഡിൽ ഇടുന്നു. പെട്ടെന്ന് vibrate ചെയ്യുന്ന ഒരു ബീറ്റ് മുറിയിൽ നിറയുന്നു.

നീലു: ദിസിസ് മ്യൂസിക്.

ഇനി മുതൽ പശ്ചാത്തല സംഗീതം western ആകണം. ഇതുവരെ കർണാടിക് രാഗങ്ങളോ ഹിന്ദുസ്ഥാനിയോ മതി.

സീൻ - 43:

ഞായറാഴ്ച രാവിലെ പത്തുമണി. വിജയന്റെ വീട്ടിലെ സ്വീകരണമുറി. നീലുവിന്റെ അമ്മമ്മ വരുന്നു. വെളുത്തു തടിച്ച സ്ത്രീ. നെറ്റിമേൽ വലിയ ചന്ദനക്കുറി. മുണ്ടും കരയുള്ള വേഷ്ടിയും വേഷം. വിജയൻ ഷർട്ടിടാതെ മുണ്ടു മാത്രമുടുത്ത് സോഫയിൽ ഇരിക്കുന്നു. വിമല കസേരയിൽ ഇരിക്കുന്നു.

അമ്മമ്മയെ കണ്ടതോടെ വിജയനും വിമലയും എഴുന്നേൽക്കുന്നു.

വിമല: അമ്മ കൊറെക്കാലായി ഇങ്ങോട്ട് വന്നിട്ട് അല്ലെ?

അമ്മ ചിരിക്കുന്നു. ഒരു ഒറ്റ സോഫയിൽ ഇരിക്കുന്നു.

വിജയൻ: (ഇരുന്നുകൊണ്ട്) നീലു എവിടെ?

അമ്മമ്മ: വീട്ടിലുണ്ട് എന്നോട് പിണങ്ങിയിരിക്ക്യാണ്.

വിമല: എന്തേ?

അമ്മമ്മ: എന്നോട് പട്ടു സാരി ഉടുത്ത് വന്നാൽ മതീന്ന് പറഞ്ഞിരിക്ക്യാണ്. ഞാൻ ഇതുവരെ മുണ്ടല്ലെ ഉടുക്കാറ്. ഇനി ഈ വയസ്സുകാലത്ത് പട്ടുസാരിയൊക്കെ ഉടുത്ത് നടക്കാൻ പറ്റ്വോ? അമ്മമ്മ തീരെ ഫാഷ്‌നബിൾ അല്ലാന്നാണ് അവൾ പറയണത്.

വിമല: അമ്മയ്ക്ക് കേൾക്കണോ. താനൊരു രാജകുമാരിയാണെന്നാണ് അവൾ അജിതിനോട് പറഞ്ഞിരിക്കുന്നത്. അവളുടെ മുത്തച്ഛൻ ഇവിടെ രാജ്യം ഭരിച്ചിരുന്നത്രെ. അജിത് എല്ലാം വിശ്വസിച്ചിരിക്ക്യാണ്.

അമ്മമ്മ ഉറക്കെ ചിരിക്കുന്നു. (ചിരിയ്ക്കിടയിൽ)

അമ്മമ്മ: അത് തന്ന്യാണ് അവൾ എന്നോട് പട്ടുസാരിയുടുത്ത് നടക്കണമെന്ന് പറയുന്നത്. ഞാൻ കഴിഞ്ഞകൊല്ലം കാനഡയിൽ പോയിരുന്നു. അപ്പോഴും അവൾ എന്നെ കൊറെ നിർബ്ബന്ധിച്ചു. അവിടെ പിന്നെ നമ്മുടെ നാടൊന്നുമല്ലല്ലൊ. ഞാൻ രാഗിണീടെ സാരിയൊക്കെ ഉടുത്തു. നീലു അവളുടെ ഫ്രെൻസിനോടൊക്കെ പറഞ്ഞിട്ടുള്ളത് അവൾ രാജകുമാരിയാണെന്നാണ്. ഇവിടെ ഇന്ത്യയിൽ അവളുടെ മുത്തച്ഛനും അമ്മമ്മയും ഒരു വലിയ കോട്ടയിലാണ് താമസിക്കുന്നത് എന്നൊക്കെ. ഞാനവിടെ ചെന്നപ്പോൾ നീലുവിന്റെ ഫ്രെൻസിന് എല്ലാം അറിയണം. കോട്ടയുടെ വലുപ്പം, അതിനു ചുറ്റുമുള്ള കിടങ്ങിന് എത്ര ആഴംണ്ട്, അതിൽ പിരാഹ്ന എന്ന മത്സ്യങ്ങളെ വളർത്തുന്നുണ്ടോ എന്നൊക്കെ. പിരാഹ്നന്ന് പറയണ മത്സ്യങ്ങളില്ലെ, അത് ഒരാളെ ഏതാനും നിമിഷങ്ങൾകൊണ്ട് കാർന്നു തിന്ന് അസ്ഥിമാത്രാക്കും ത്രെ. അപ്പോൾ ആർക്കും കിടങ്ങ് നീന്തിക്കടക്കാൻ പറ്റില്ലല്ലൊ. ഞാനൊരു മഹാറാണിയാണെന്നാണ് അവൾ പറഞ്ഞു ധരിപ്പിച്ചിരുന്നത്. അപ്പോൾ ഞാൻ അതുമാതിരി ഉടുത്തൊരുങ്ങുകയും വേണമല്ലൊ.

വിജയൻ: നിങ്ങൾക്ക് രാജകുടുംബവുമായി വല്ല ബന്ധവുമുണ്ടൊ?

അമ്മമ്മ: ഏയ് ഒന്നുംല്ല്യ. എന്റെ അച്ഛൻ കൊച്ചി രാജാവിന്റെ വേണ്ടപ്പെട്ട ഒരാളായിരുന്നു. അന്ന് മഹാരാജാവ് ചാർത്തിത്തന്നതാണ് ഈ വീടും പറമ്പുമൊക്കെ. അതൊക്കെ പഴയകഥകൾ. നീലുവിന്റെ മുത്തച്ഛൻ മരിച്ചിട്ട് തന്നെ ഇപ്പൊ ഇരുപതു കൊല്ലമായി.

നീലു വാതിൽ കടന്നു വരുന്നു. മുഖം വീർപ്പിച്ചിട്ടുണ്ട്. വന്ന ഉടനെ ഒരു സോഫയിൽ ഇരിക്കുന്നു. ആരുടെയും മുഖത്തു നോക്കുന്നില്ല. എല്ലാവരും ചിരിക്കുന്നു.

അമ്മമ്മ: (ചിരിച്ചുകൊണ്ട്) മോളടെ പിണക്കം മാറിയിട്ടില്ലെ?

നീലു: അമ്മമ്മ എന്നോട് മിണ്ടണ്ട.

അമ്മമ്മ: മോളെ വിമലച്ചേച്ചിം വിജയേട്ടനും എന്നെ കാണാൻ തുടങ്ങീട്ട് പത്തുകൊല്ലായി. ഞാനെന്തിനാ മോളെ അവരുടെ മുമ്പില് വേഷം കെട്ടണത്?

പെട്ടെന്ന് കാര്യങ്ങളെല്ലാം അമ്മമ്മ അവരോട് പറഞ്ഞുവെന്ന് നീലു മനസ്സിലാക്കുന്നു. ഇനിയൊന്നും മിണ്ടിപ്പോവരുതെന്ന് ആംഗ്യം കാട്ടുന്നു.

നീലു: (വിമലയോട് കയ്യിലുള്ള പുസ്തകം ഉയർത്തിക്കാട്ടി) നോക്കു ചേച്ചി എന്റെ റസിപ്പി ബുക്ക് കിട്ടിയിട്ടുണ്ട്. ഇന്ന് എന്റെ വകയാണ് കുക്കിംഗ്.

വിജയൻ: (അമ്മമ്മയോട്) ഇവളെ കുറച്ച് ക്ലാസ്സിക്കൽ സംഗീതം പഠിപ്പിച്ചുകൂടെ. എപ്പോഴും ഈ ഇംഗ്ലീഷു പാട്ടുമായി നടക്ക്വാണ്. നമുക്കും ഇല്ലെ സംഗീതത്തില് നല്ല ഒരു പാരമ്പര്യം.

അമ്മമ്മ: ഞാനും ആലോചിക്കണ്‌ണ്ട്. പതുക്കെ തുടങ്ങാമെന്ന് വിചാരിച്ചിരിക്ക്യാണ്, സാരിയുടുത്ത് ചന്ദനക്കുറീംതൊട്ട് സന്ധ്യാനേരത്ത് ഏതെങ്കിലും കീർത്തനങ്ങളും പാടി ഭഗവാന്റെ മുമ്പിലിരിക്കുന്ന ഒരു കുട്ട്യാണ് എന്റെ മനസ്സിൽ. ഇവളെ കുറച്ച് മോഹിനിയാട്ടവും പഠിപ്പിക്കണംന്ന്ണ്ട്. തൃപ്പുണിത്തുറയില് കല്യാണിക്കുട്ടിയമ്മേടെ സ്‌ക്കൂളുണ്ട്. അവിടെ ചേർക്കാം.

വിജയൻ: (തമാശയിൽ) അത്ര വേണോ?

നീലിമ: എന്താ എനിക്ക് ഡാൻസ് ചെയ്യാൻ പറ്റില്ലാന്നാണോ വിചാരിക്കണത്? ഞാൻ കാണിച്ചുതരാം.

നീലിമ എഴുന്നേറ്റ് മോഹിനിയാട്ടത്തിന്റെ സ്റ്റെപ്പുകൾ കാണിച്ചുകൊടുക്കുന്നു. എല്ലാവരും അമ്മമ്മയടക്കം അത്ഭുതപ്പെടുന്നു.

അമ്മമ്മ: നീ ഇതെല്ലാം എവിടുന്നു പഠിച്ചുമോളെ?

നീലിമ: അതൊന്നും പറയില്ല്യ. ഒരു സീക്രട്ടാണ്. (പെട്ടെന്ന് അമ്മമ്മയോട് പിണക്കത്തിലായിരുന്നു എന്നോർത്ത് മുഖം വീർപ്പിച്ചുകൊണ്ട്) അമ്മമ്മ എന്നോട് മിണ്ടണ്ട. (എല്ലാവരും ചിരിക്കുന്നു.)

നീലിമ: അപ്പോൾ ചേച്ചി കൃത്യം പന്ത്രണ്ടുമണിക്ക് ഞാൻ വരും.

വിമല: ശരി.

വിജയൻ: എന്തിനാണ്?

വിമല: ഇന്ന് അവളുടെ വകയാണ് കുക്കിംഗ്. (റസിപ്പി പുസ്തകം ചൂണ്ടിക്കാട്ടുന്നു.) അവൾ കൊണ്ടു വന്നതാണിത്.

വിജയൻ: (ഭയം അഭിനയിക്കുന്നു) കാര്യമായി പറഞ്ഞതാണോ.

നീലിമ: (വിജയനെ നോക്കി കൊഞ്ഞനം കാട്ടിക്കൊണ്ട്) അതെ കാര്യമായി പറഞ്ഞതു തന്നെയാണ് (പോകുന്നു.)

എല്ലാവരും ചിരിക്കുന്നു.

അമ്മമ്മ: വാത്സല്യത്തോടെ) കുട്ടികളി മാറിയിട്ടില്ല.

സീൻ - 44:

അടുക്കളയിൽ ഫ്രിഡ്ജിനു മുകളിൽ റസിപ്പി പുസ്തകം തുറന്നു വെച്ചിട്ടുണ്ട്. അതിൽ ഇടയ്ക്കിടയ്ക്ക് നോക്കി അടുപ്പിന്മേൽ വെച്ച പാത്രത്തിലേക്ക് നീലു ഓരോ സാധനങ്ങൾ ഇട്ട് ഇളക്കുന്നു. ആകെ ബഹളമയം. പുകപടലങ്ങൾ. വിമല തുമ്മുന്നു. അതിനിടയ്ക്ക് വിജയൻ അടുക്കളയിലേക്ക് കടന്നുവരുന്നു. പുകയും മണവുമെല്ലാം കൂടി സഹിക്കവയ്യാതെ, പുറത്തേക്കു തന്നെ ഓടുന്നു. അവസാനം സാധനം തയ്യാറായി അതു മേശമേൽ കൊണ്ടുവന്നു വെക്കുന്നു. വിളമ്പുന്നു. എല്ലാവരും ആദ്യം ഭയത്തോടെ കുറച്ചെടുത്ത് സ്വാദ് നോക്കുന്നു. സ്വാദുണ്ട്. കൂടുതൽ എടുക്കുന്നു. അഭിനന്ദനങ്ങൾ.

നീലു ഭാവനയിലുള്ള കോളർ പൊക്കുന്നു.

സീൻ - 45:

നീലുവിന്റെ വീടിനെ ലക്ഷ്യമാക്കി നീലുവും അജിതും കൂടി സംസാരിച്ചുകൊണ്ട് നടക്കുന്നു.

നീലു: അമ്മമ്മ ഉറങ്ങ്വാവും. നീ ശബ്ദമൊന്നും ഉണ്ടാക്കരുത്.

അജിത്: അമ്മമ്മ കണ്ടാൽ മോളില് പോകാൻ സമ്മതിക്കില്ലെ?

നീലു: അറിഞ്ഞുകൂടാ. എന്തിനാ റിസ്‌ക് എടുക്കുന്നത്?

അജിത്: അവിടെ പോയാൽ സിംഹാസനോം വാളും ഒക്കെ കാണാൻ പറ്റുംന്ന് ഒറപ്പാണോ?

നീലു: പിന്നല്ലാതെ? ഞാനൊരിക്കൽ അച്ഛന്റെ കൂടെ പോയിട്ടുണ്ട്.

അവർ ഇപ്പോൾ മുറ്റത്തെത്തിയിരിക്കുന്നു. ചാരിയ വാതിൽ ശബ്ദമുണ്ടാക്കാതെ തുറന്ന് അകത്തു കടക്കുന്നു.

അജിത്: നീലൂം എന്റെ ഒപ്പം വരില്ലെ?

നീലു: (ചുണ്ടിൽ വിരൽ ചേർത്ത്) ശ്ശ്......പതുക്കെ. ഞാൻ മുകളില് ലാന്റിംഗ് വരെ വരാം. പിന്നെ നി ഒറ്റയ്ക്ക് പോണം.

നടന്ന് കോണി കയറുന്നു. നീലു ഒരു മുറിയിലേക്ക് എത്തിനോക്കിയിട്ട് ശബ്ദം താഴ്ത്തി പറയുന്നു.

നീലൂ: അമ്മമ്മ ഉറങ്ങ്വാണ്.

വീണ്ടും ഒരു കോണി കൂടി കയറുന്നു. ലാന്റിംഗ് ഉപയോഗിക്കാതെ കിടക്കുകയാണ്. കുറെ പഴയ വീട്ടുസാധനങ്ങൾ ലാന്റിംഗിൽ കൂട്ടിയിട്ടുണ്ട്. അതിന്നിടയിൽക്കൂടി അവർ കയറുകയാണ്.

നീലു: നീ മുമ്പിൽ കയറിക്കോ.

അജിത്: വേണ്ട, നീലു ആദ്യം കയറിക്കോളു.

രണ്ടു പേരുടെ മുഖത്തും ഭയമുണ്ട്.

നീലു: (പെട്ടെന്ന് നിന്നുകൊണ്ട്) ഇനി നീ കയറിക്കോ. ഞാൻ ഇവിടെ നിൽക്കാം.

അജിത് സംശയിക്കുന്നു. ഇനി അങ്ങോട്ടുള്ളത് ഒരു വീതി കുറഞ്ഞ കോണിയാണ്. വലിയ ബലമൊന്നുമില്ല.

നീലു: നീ കയറിക്കൊ. ഞാനിവിടെ നിൽക്കാം. (അജിത് സംശയിക്കുന്നു.)

നീലു: നീ എന്ത് പേടിത്തൊണ്ടനാണ്.

അജിത്: എനിക്ക് പേടിയൊന്നുംല്ല്യ.

നീലു: പിന്നെന്താ കേറാത്തത്? നിനക്ക് വേണങ്കി മതി.

അജിത് ധൈര്യപൂർവ്വം കയറുന്നു. ഏറ്റവും മുകളിലെ തട്ടിൽ നിന്നു തിരിഞ്ഞു നോക്കുന്നു. താഴെ കാത്തുനിൽക്കുന്ന നീലുവിനോട്.

അജിത്: നീലു അവിടെത്തന്നെ നിക്കണംട്ടോ.

നീലു: പിന്നെ അല്ലാതെ?

അജിത് അവസാനത്തെ പടി കൂടി കയറുന്നു. ചുറ്റും നോക്കുമ്പോൾ ഇരുട്ടാണ്. ഒരു മിനിറ്റിനകം കണ്ണുകൾ ഇരുട്ടിനോട് പഴകുമ്പോൾ വെന്റിലേറ്ററിലൂടെ വരുന്ന വെളിച്ചത്തിൽ തട്ടിൻ പുറം കാണുന്നു. പഴയ ഫർണീച്ചർ ഒരു ഒതുക്കമില്ലാതെ വെച്ചിരിക്കയാണ്. അജിത് താഴേക്കു നോക്കുന്നു. നീലു അവിടെയുണ്ടെന്ന് ഉറപ്പു വരുത്തുന്നു. അവസാനത്തെ പടിയും കഴിഞ്ഞ് തട്ടിൻപുറത്തേക്ക് കാലെടുത്തു വെക്കുന്നു. ഭയപ്പെടുത്തുന്ന നിശ്ശബ്ദതയാണ്. അവൻ നടന്നു നോക്കുകയാണ്. ഫർണീച്ചെറെല്ലാം പൊടിയും മാറാലയും പിടിച്ചു കിടക്കുന്നു. എല്ലാം പഴയ സ്റ്റെലിലുള്ള കസേരകളും മറ്റുമാണ്. വീടിന്റെ പ്രാചീനത ഈ ഫർണീച്ചറുകളുടെയും വെന്റിലേറ്ററിന്റെയും മേൽപ്പുരയുടെയും ശിൽപചാരുതയുടെയും ഷോട്ടുകളിലൂടെ കാണുന്നു. അജിത്ത് നടന്നു നോക്കുകയാണ്. വളയത്തിൽ വലിയ കടവാതിലുകൾ തൂങ്ങിക്കിടക്കുന്നത് നേരിയ വെളിച്ചത്തിൽ കാണാം.

പെട്ടെന്ന് വളയത്തിൽ തൂങ്ങിക്കിടന്ന ഒരു കടവാതിൽ ഉറക്കെ ശബ്ദമുണ്ടാക്കി ചിറകിട്ടടിച്ച് അജിതിന്റെ തലയ്ക്കു മുകളിലൂടെ പറക്കുന്നു. അജിത് കോണിയുടെ അടുത്തേക്ക് ഓടുന്നു. വിളിക്കുന്നു.

അജിത്: നീലു.......

കോണിക്കു താഴെ നോക്കുന്നു. അവിടെ നീലു ഇല്ല. ധൃതി പിടിച്ച് മരക്കോണി ചാടിയിറങ്ങുന്നു. താഴേക്ക് ഓടുന്നു. തിരിഞ്ഞു നോക്കുന്നില്ല. താഴെ തളത്തിലൂടെ ഓടി മുറ്റത്തുനിന്ന് പടിക്കലേക്കും, സ്വന്തം വീട്ടിലേക്കും ഓടുന്നു. ഉമ്മറത്തെത്തി നിൽക്കുന്നു. ശ്വാസം കഴിക്കാനായി ഒരു നിമിഷം നിന്ന ശേഷം അകത്തേക്കു പോകുന്നു. അവിടെ അടുക്കളയിൽ നീലു ഒന്നുമറിയാത്ത പോലെ വിമലയോട് സംസാരിച്ചു നിൽക്കുകയാണ്. അജിതിനെ ഇത്രയും ആപൽക്കരമായ ഒരു പ്രതിസന്ധിയിലാക്കി വന്നതാണെന്ന ഭാവമൊന്നുമില്ല.

അജിത് അടുക്കളയിലേക്ക് കടന്നപ്പോൾ വലിയ പന്തിയല്ലെന്നു തോന്നിയിട്ടായിരിക്കും അവൾ ഊരിച്ചാടാൻ നോക്കുകയാണ്.

നീലു: ചേച്ചി ഞാൻ പോട്ടെ, അമ്മമ്മ വേഗം ചെല്ലാൻ പറഞ്ഞിട്ടുണ്ട്.

പിന്നെ അധികം സംസാരിക്കാതെ വാതിൽക്കൽ നിൽക്കുന്ന അജിതിനെ ശ്രദ്ധിക്കാതെ എന്നാൽ ഓട്ടക്കണ്ണിട്ടു നോക്കി പുറത്തേക്കു പോകുന്നു. അജിത് അടുക്കളയിലേക്ക് കടക്കുകയാണ്.

അജിത്: (ജോലിയെടുത്തു കൊണ്ടിരിക്കുന്ന വിമലയോട്) അമ്മേ നമുക്ക് കാറൊക്കെ വാങ്ങാൻ പറ്റ്വോ?

വിമല: (കാര്യമായി) അച്ഛന് പ്രമോഷനൊക്കെ കിട്ടിയാൽ പറ്റുമായിരിക്കും.

അജിത്: റോൾസ് റോയ്‌സ് കാറ് വാങ്ങാൻപറ്റ്വോ?

വിമല: അറീല്ല മോനെ. ഏതെങ്കിലും ഒരു കാറ് വാങ്ങാൻ പറ്റും. ഓഫീസിൽ നിന്ന് ലോണൊക്കെ കിട്ടും.

അജിത്: അമ്മേ.............(സംശയിക്കുന്നു)

വിമല: എന്താ മോനെ?

അജിത്: (മടിച്ചുകൊണ്ട്) ഞാൻ വലുതായാൽ എനിക്ക് ഒരു രാജകുമാരീനെ കല്ല്യാണം കഴിക്കാൻ പറ്റ്വോ?

വിമല: എന്താ പറ്റാതെ? എന്റെ മോനെ കാണാൻ ഒരു രാജകുമാരനെപ്പോലണ്ടല്ലൊ.

അജിത് ഇതു കാര്യമായിത്തന്നെ എടുക്കുന്നു

അജിത്: അമ്മേ നീലു ശരിക്കും ഒരു രാജകുമാരിയാണോ?

വിമല: (കൈമലർത്തിക്കൊണ്ട്) ആയിരിക്കും. എനിക്കറിയില്ല. എന്താ നിനക്ക് നീലൂനെ കല്യാണം കഴിക്കണോ?

അജിത്: (മുഖം നാണംകൊണ്ട് ചുവക്കുന്നു.) ഈ അമ്മ, ഞാൻ അമ്മ്യോട് മിണ്ടില്ല.

ഓടിപ്പോകുന്നു.

[cut to a fantasy]

സീൻ - 46:

FANTASY നേരത്തെ കാണിച്ച പോലുള്ള ഒരു കോട്ട. (യക്ഷിക്കഥയിലെ കോട്ട) പ്രധാന സ്വീകരണമുറി. വളരെ വലുതാണ്. നിറയെ ഷാന്റിലിയറുകളും ചിത്രപ്പണികളും നിറഞ്ഞതാണ് ആ ഹാൾ. അവിടെ മൂന്നു സിംഹാസനങ്ങളിലായി നടുവിൽ നീലുവും രണ്ടു ഭാഗത്തുമായി അവളുടെ അച്ഛനും അമ്മയും രാജകീയ വേഷത്തിൽ ഇരിക്കുന്നു. ഹാളിൽ കൊത്തുപണികളാൽ അലങ്കരിച്ച പീഠങ്ങളിൽ രാജകുമാരന്മാർ ഇരിക്കുന്നു. തലപ്പാവ്, കിരീടം മുതലായവയായി. രാജകുമാരൻമാർക്കെല്ലാം അജിതിന്റെ പ്രായമാണ്.

രാജകുമാരിയുടെ സ്വയംവരമാണ് വിഷയം. സംഗീതം മുഴങ്ങിക്കേൾക്കുന്നു. അജിത് ഒരു കുതിരപ്പുറത്ത് കയറി കോട്ടയുടെ നേർക്ക് ഓടിച്ചു പോകുകയാണ്. രാജകുമാരന്റെ വേഷം തന്നെ. കോട്ടയുടെ മുമ്പിലെത്തിയപ്പോഴാണ് അവസാനത്തെ അതിഥിയായ രാജകുമാരനും ഉള്ളിലേക്കു കടക്കുന്നതും കോട്ടയുടെ മുമ്പിലുള്ള കിടങ്ങിന്റെ പാലം മേലോട്ടുയരുന്നതു കാണുന്നതും. അജിത് കുതിരയെ നിർത്തി ഓടുന്നു. പക്ഷെ വൈകിപ്പോയി. കോട്ടവാതിൽ ഒരു ശബ്ദത്തോടെ അടയുന്നു. അജിത് ആകെ വിഷണ്ണനായി നിൽക്കുന്നു.

രംഗം, സ്വീകരണമുറി. നീലിമ എഴുന്നേൽക്കുന്നു. സാവധാനത്തിൽ നടന്ന് ഓരോ രാജകുമാരൻമാരുടെയും മുമ്പിൽ വന്ന് നിൽക്കുന്നു. ഓരോരുത്തരെയായി നിരാകരിക്കുന്നു. എല്ലാവരേയും കണ്ടു കഴിഞ്ഞ നീലു തൃപ്തയാവാതെ ഹാൾ വിട്ട് പുറത്തേക്കിറങ്ങുന്നു. കോട്ടമുറ്റം കടന്ന് അടഞ്ഞുകിടക്കുന്ന പ്രവേശനദ്വാരത്തിനു മുമ്പിൽ നിന്ന് മാന്ത്രികവാക്യം ഉരുവിടുന്നു. കോട്ടവാതിൽ ഒരു ശബ്ദത്തോടെ തുറക്കപ്പെടുന്നു, കിടങ്ങിനു മുകളിലേക്ക് പാലം ഇറങ്ങിവരുന്നു. പുറത്ത് കാത്തു നിൽക്കുന്ന അജിതിനെ അവൾ രണ്ടു കയ്യും നീട്ടി വിളിക്കുന്നു. അജിത് പാലത്തിലൂടെ നടന്നു വരുന്നു. നീലു അജിതിന്റെ കൈപിടിച്ച് ഹാളിലേക്കു നടക്കുന്നു. കാത്തുനിൽക്കുന്ന രാജകുമാരൻമാരുടെ നടുവിലൂടെ നടന്ന് രാജാവിന്റെയും രാജ്ഞിയുടെയും മുമ്പിൽ വന്ന് തല കുനിക്കുന്നു. രാജാവും രാജ്ഞിയും അവരെ ആശിർവദിക്കുന്നു.

Fade out

(Note: ഈ ഫാന്റസിയുടെ മുഴുവൻ സമയവും ഒരു തീം മ്യൂസിക്ക് ഉണ്ട്.)

സീൻ - 47:

നീലിമയുടെ വീടിന്റെ തളത്തിൽ പുല്പായ വിരിച്ച് നീലിമ ഇരിക്കുന്നു. ഒരു ഭാഗവതർ പാട്ടു പഠിപ്പിക്കുന്ന രംഗങ്ങൾ. ഒരു പാട്ടിലൂടെ രണ്ടു മാസം കടന്നുപോകുന്നതായും നീലിമ ഒരു മാതിരി നന്നായി പാടുന്നതായും കാണിക്കുന്നു.

തൃപ്പൂണിത്തറയിലെ ഡാൻസ് സ്‌ക്കൂൾ. മറ്റു വിദ്യാർത്ഥിനികളോടൊപ്പം നീലിമ മോഹിനിയാട്ടം പഠിക്കുന്നു. ഏകദേശം രണ്ടു മാസത്തെ കാലയളവ് കാണിക്കുന്നു.

സീൻ - 47b:

രാവിലെ സമയം. വിജയൻ ഓഫീസിൽ പോകാൻ ഒരുങ്ങുന്നു. നീലു വാതിൽ കടന്നുവരുന്നു. സോഫയിലിരുന്ന് ഷൂസിടുന്ന വിജയന്റെ നേരെ കൊഞ്ഞനം കാണിച്ച് അജിതിന്റെ മുറിയിലേക്ക് പോകുന്നു.

നീലു: ഹോം വർക്ക് ഒന്ന് ബാക്കിയുണ്ടായിരുന്നത് ചെയ്തുവോ?

അജിത് ശ്രദ്ധിക്കുന്നില്ല.

നീലുതന്നെ സ്വയം അവന്റെ നോട്ടുപുസ്തകമെടുത്ത് പരിശോധിക്കുന്നു. ചെയ്തത് ശരിയായിട്ടുണ്ട്. അടുക്കളയിലേക്ക് പോകുന്നു. അടുപ്പത്തുനിന്ന് എന്തോ സാധനം എടുത്ത് സ്വാദ് നോക്കുന്നു. വിജയൻ അടുക്കളയിലേക്ക് വരുന്നു.

വിജയൻ: ഈ പെണ്ണിന് വീട്ടിൽ തൊഴിലൊന്നുമില്ലെ. നേരം വെളുത്താൽ എത്തി.

വിമല: അതെയതെ. രണ്ടുമാസത്തിനുള്ളിൽ അവളുടെ ക്ലാസ്സുതുടങ്ങും. പിന്നെ അവളെ കണ്ടെങ്കിലല്ലെ. അപ്പൊ അച്ഛനും മോനും നീലുവിനെ അന്വേഷിച്ചു നടക്കുന്നതു കാണാം. അപ്പൊ കാണാം നീലുവിന്റെ വില.

നീലുവിന്റെ ഓമനമുഖത്ത് പരിഭവം

വിജയൻ: സോറി രാജകുമാരി. ഞാൻ തമാശപറഞ്ഞതല്ലെ?

നീലുവിന്റെ പരിഭവം ക്ഷണം മാറുന്നു.

നീലു: ചേട്ടാ ഞാൻ എന്റെ രണ്ടു കാസറ്റുകളെടുക്കുന്നുണ്ട്. മഡോണയും ഫിൽകോളിൻസും. വൈകുന്നേരം തിരിച്ചു തരാം.

വിജയൻ: ക്ലാസിക്കൽ മ്യൂസിക് പഠിച്ചിട്ടും ഇപ്പോഴും ഫിൽ കോളിൻസ് ഒക്കെയാണോ കേൾക്കുന്നത്.

നീലിമ: രണ്ടും ഒന്നാണ് മ്യൂസിക്.

വിജയൻ: ഇവളൊരു അദ്വൈതവാദിയാണല്ലൊ.

നീലിമ: എന്താണത്.

വിജയൻ: ഒന്നുമില്ല. രാജകുമാരി. താങ്കൾക്ക് മനസ്സിലാവില്ല.

നീലിമ കോക്കിരി കാട്ടുന്നു. വിജയൻ പോകാനായി പുറത്തെ വാതിൽ കടക്കുന്നു. നീലിമ മോഹിനിയാട്ടത്തിന്റെ സ്റ്റെപ്പുകൾ വെക്കുന്നു. പെട്ടെന്ന് എന്തോ ഓർത്തുകൊണ്ട്.

നീലു: പിന്ന്യേയ്

വിജയൻ: (തിരിഞ്ഞ് ഭവ്യതയോടെ) എന്താണാവോ?

നീലു: (ആജ്ഞാപിക്കുന്ന പോലെ) ഇന്ന് വൈകുന്നേരം നേർത്തെ വരണം. ഞാനും വിമലച്ചേച്ചിയും ബീച്ചില് പോകാൻ പ്ലാനിട്ടിട്ടുണ്ട്.

വിജയൻ: (കുമ്പിട്ടുകൊണ്ട്) ശരി രാജകുമാരി.

Fade out

സീൻ - 48:

നീലുവിന്റെ വീടിന്റെ തളം. അമ്മമ്മ കണ്ണടയും ധരിച്ച് തുന്നുകയാണ്. ഒരു മേശവിരിക്ക് പൂക്കൾ തുന്നിപ്പിടിപ്പിക്കുകയാണവർ. നീലു ഒരു സിൽക്ക് ടൈയുമായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. ഇരിക്കപ്പൊറുതിയില്ലായ്മ പ്രകടമാകുന്നുണ്ട്. അമ്മമ്മ ഇടയ്ക്കിടയ്ക്ക് മുഖമുയർത്തി അവളെ നോക്കുന്നുണ്ട്. നീലു ഒരു ഗിഫ്റ്റ് റാപ്പർ എടുത്ത് മേശമേൽ വെച്ച് ടൈ പൊതിയാനുള്ള ശ്രമത്തിലാണ്. അവളുടെ മുഖത്ത് അതൃപ്തിയും ഒപ്പം ദ്യേഷ്യവുമുണ്ട്.

നീലു: (സ്വന്തം പറയുന്നു) പൊട്ട സ്വഭാവമാണ്. (അമ്മമ്മ പെട്ടെന്ന് മുഖമുയർത്തി നോക്കുന്നു)

അമ്മമ്മ: നീ ആരെപ്പറ്റിയാണ് പറയണത് മോളെ?

നീലു: അമ്മമ്മടെ മരുമകനെപ്പറ്റിത്തന്നെ. പൊട്ടസ്വഭാവമാണ്. ഒരു സാധനം കൊടുക്കാൻ തോന്നില്ല്യ.

അമ്മമ്മ: ഇപ്പൊ എന്താ അച്ഛൻ ചെയ്തത്?

നീലു: ഡാഡി എന്താ ചെയ്തതെന്നോ? എത്ര ദിവസായി ഒരു കത്തു കിട്ടിയിട്ട്. മോളെ ഇത്രയും ദൂരത്ത് പറഞ്ഞയച്ചിട്ട് വല്ല വിചാരവും ഉണ്ടോ?

അമ്മമ്മ: കഴിഞ്ഞ വെള്ളിയാഴ്ചയല്ലെ കത്തു കിട്ടിയത്?

നീലു: അതെ ഇന്ന് ബുധനാണ്. ഒരാഴ്ചയായി. അതാ പറേണത് ഒന്നും കൊടുക്കാൻ തോന്നില്ല്യാന്ന്. പിന്നീം ഞാനായതുകൊണ്ടാ ഇതൊക്കെ അയച്ചുകൊടുക്കുന്നത്. ഹാപ്പിബർത്ത്‌ഡേ എന്നു പറഞ്ഞ് ഒരു കാർഡയച്ചാൽ മതിയാവും.

അമ്മമ്മ: ഇന്നുണ്ടാവും കത്ത്. പോസ്റ്റ്മാൻ വന്നുപോയോ?

നീലു: അറിയില്ല. അയാള് ഓരോ ദിവസം ഓരോ നേരത്താണ് വരണത്.

അമ്മമ്മ തുന്നൽ തുടരുന്നു.

നീലു: പിന്നെ വിജയേട്ടനും പൊട്ട സ്വഭാവമാണ്.

അമ്മമ്മ: (പെട്ടെന്ന് തലയുയർത്തി) എന്താ മോളെ?

നീലു: ഞാനിന്ന് വിജയേട്ടനുമായി ഫൈറ്റ് ചെയ്തിട്ടാണ് വന്നത്.

അമ്മമ്മ: എന്തിനാ മോളെ അടിപിടിണ്ടാക്കീത്?

നീലു: പൊട്ട സ്വഭാവാന്ന് പറഞ്ഞില്ല്യെ ഡാഡിയായാലും വിജയേട്ടനായാലും ഒക്കെ കണക്കന്നെ. വിജയേട്ടനുണ്ട് ഡാഡിടെ മാതിരി ഭാവം, വല്യ ആളാണ്ന്ന്. എനിക്ക് ചെല സമയത്ത് എന്തുമാത്രം ദ്യേഷ്യം പിടിക്കുംന്നറിയ്വോ അമ്മമ്മയ്ക്ക്.

അമ്മമ്മ: (കൊഞ്ചിക്കുന്നു) അയ്യോ മേളെ ദ്യേഷ്യം പിടിക്ക്വൊന്നും അരുത്.

നീലിമ: ഞാനിതു പോസ്റ്റ് ചെയ്തിട്ടു വരാം. അല്ലെങ്കിൽ ബർത്ത്‌ഡേ കഴിഞ്ഞേ ഇതവിടെ കിട്ടു.

സീൻ 49:

ബീച്ചിൽകൂടി നാലുപേരും നടക്കുന്ന ഷോട്ടുകൾ. പലദിവസങ്ങളിലെ ഷോട്ടുകൾ ഒരു പാട്ടിന്റെ പശ്ചാത്തലത്തിൽ ഈ ഷോട്ടുകൾ കാണിക്കുന്നു.

സീൻ 50:

നീലിമ നടന്നുപോകുന്നു. ബ്രീസ് ഹോട്ടലിന്റെ മുമ്പിൽ പെട്ടികടയുടെ മുമ്പിലൂടെ പോകുന്നു. പെട്ടിക്കടക്കാരൻ അവളെ ശ്രദ്ധിക്കുന്നു. അവൾ നടന്നുപോയപ്പോൾ തന്റെ അസിസ്റ്റന്റ് പയ്യനോട് പറയുന്നു.

പെട്ടിക്കടക്കാരൻ: എടാ അവൾ എങ്ങോട്ടാണ് പോകുന്നതെന്ന് നോക്കി വാ.

പയ്യൻ: ആ ബോണിയുടെ അടുത്തേക്കാവും.

പയ്യൻ നീലിമയുടെ പിന്നാലെ പോകുന്നു. നിരത്തിന്റെ കവലയിൽനിന്ന് നീലിമ എങ്ങോട്ടാണ് പോകുന്നതെന്ന് നോക്കുന്നു. അവൾ ബോണിയുടെ വീട്ടിലേക്കുള്ള ഗെയ്റ്റ് കടക്കുമ്പോൾ പയ്യൻ തിരിച്ചുവന്ന് കടക്കാരനോട് പറയുന്നു.

പയ്യൻ: അതെ അവിടേക്കു തന്ന്യാണ്.

കടക്കാരൻ: നല്ലൊരു പെങ്കൊച്ച്. അവന്റെ വലയില് വീണുന്നാ തോന്നണത്.

സീൻ 51:

ഗുഹക്കുള്ളിൽ ബോണി പാന്റ്‌സ് മാത്രമിട്ട് നിലത്ത് കിടക്കുന്നു. സൈമൺ ഒരു കസേരയിൽ ചാരിയിരിക്കുകയാണ്. അവർ ആരെയോ കാത്തിരിക്കുകയാണ്.

ബോണി: (വാച്ചു നോക്കിക്കൊണ്ട്) പത്തരയായി. ഇനി അവർ വരുമെന്ന് തോന്നുന്നില്ല.

സൈമൺ: അര മണിക്കൂർകൂടി കാക്കാം.

ബോണി: എനിക്ക് തോന്നുന്നത് അവർക്ക് വേറെ ജോലി കിട്ടിയെന്നാണ്. ഗിതാറിസ്റ്റിനും ഓർഗൻ വായനക്കാരനും നല്ല ഡിമാന്റാണ്. ഡ്രമ്മറെ പിന്നെ ഇഷ്ടം പോലെ കിട്ടാനുണ്ട്.

സൈമണെ കൊള്ളിച്ചുകൊണ്ട് പറയുന്നതാണ്.

സൈമൺ: (ചൂടാവുന്നു) പിന്നെ നിന്നെപ്പോലെ പീറ പാട്ടുകാരനെയാണ് കിട്ടാൻ വിഷമം.

ബോണി: (നയത്തിൽ) ചൂടാവല്ലെ സ്‌നേഹിതാ. നമ്മൾ രണ്ടുപേരും പാർട്ട്‌ണേഴ്‌സ് അല്ലെ? ഇപ്പോൾ ഒരു ക്രൈസിസ് ഉണ്ടായിരിക്കയാണ്.

എഴുന്നേറ്റ് നടക്കുന്നു.

ഇന്നലെയും ഗോപനും രാജനും വന്നില്ല. പുറമെനിന്ന് ആളെ എടുക്കേണ്ടി വന്നു. റൊക്കം കാഷ്‌കൊടുക്കണം. ഹോട്ടലിൽ നിന്ന് ഇനി രണ്ടു മാസത്തേക്ക് ശമ്പളം പ്രതീക്ഷിക്കേണ്ട. പാർട്ടണർ, പണമുണ്ടാക്കാൻ വേറെ മാർഗ്ഗം നോക്കേണ്ടിവരും. കടുത്ത യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കാൻ തയ്യാറെടുത്തോളു.

സൈമൺ: അതിനു മുമ്പായി ചെറിയ തോതിൽ ഒരു ബ്രേയ്ക്ക് ഫാസ്റ്റിനെപ്പറ്റി എന്താണഭിപ്രായം?

ബോണി: തന്റെ കയ്യൽ കാശുണ്ടെങ്കിൽപോകാം. എന്റെ കയ്യിൽ കാശില്ല. മാത്രമല്ല ഈ പരിസരത്താരും നമുക്ക് കടം തരാൻ പോകുന്നില്ല.

സൈമൺ: എന്നാൽ കടുത്ത യാഥാർത്ഥ്യങ്ങളെ പച്ചവെള്ളം കുടിച്ച് അഭിമുഖീകരിക്കേണ്ടി വരും.

ഡോർ ബെൽ.

ബോണി: അവർ വന്നു.

സീൻ 52:

വാതിൽക്കൽ കാത്തു നിൽക്കുന്ന നീലിമ.

സീൻ 51എ:

ബോണി വാതിൽക്കലേക്ക് കുതിക്കുന്നു. വാതിൽ തുറക്കുന്നു. നീലിമയാണ് മുമ്പിൽ. ഒരു നിമിഷം എന്താണ് ചെയ്യേണ്ടതെന്നറിയാതെ നിൽക്കുന്നു. അതിനകം നീലിമ ഉള്ളിലേക്ക് കയറുകയാണ്. പെട്ടെന്ന് നീലിമയെ ഉന്തി പുറത്താക്കി ബോണി വാതിലടക്കുന്നു. പിന്നെ ചുമരിന്മേൽ തൂക്കിയിട്ട ഒരു സൈൻബോർഡെടുത്ത് വാതിൽ തുറന്ന് വാതിലിനു പുറത്ത് തൂക്കിയിട്ട് വീണ്ടും വാതിലടക്കുന്നു.

പുറത്തു നിന്നുള്ള ഷോട്ടിൽ കാണുക വാതിലിനു മേൽ തൂക്കിയിട്ട ബോർഡിൽ MEN AT WORK, PLEASE WAIT OUTSIDE എന്ന് എഴുതിയതാണ്. നീലിമ അതു വായിച്ച് ചിരിക്കുന്നു.

സീൻ 51ബി:

അകത്ത് ബോണി സൈമനു നേരെ പക്ഷി പറക്കുന്നതായി ആംഗ്യം കാണിക്കുന്നു. സൈമൺ ചാടി എഴുന്നേൽക്കുന്നു. രണ്ടുപേരും ഡ്രെസ്സ് അണിയുന്നു. സൈമൺ കൂളിംഗ് ഗ്ലാസ്സ് എടുത്ത് അണിയുന്നു. വാതിൽ തുറന്ന് നീലിമയെ അകത്തു കടത്തുന്നു.

നീലിമ: എന്താണ് ആദ്യം അകത്തുകടത്താതിരുന്നത്?

ബോണി: ഞങ്ങൾ പ്രൊഫഷണലി ഡ്രസ്സ് ആയിരുന്നില്ല. We have to keep up our image.

സൈമൺ: ആ ഇമേജിലാണ് ഇപ്പോൾ ജീവിക്കുന്നത്. അതുംകൂടി പോയാൽ പിന്നെ പറയേണ്ട.

നീലിമ: ഇന്നെന്താ മറ്റു രണ്ടുപേരും ഇല്ലെ?

ബോണി: ഞങ്ങൾ അവരേയും പ്രതീക്ഷിച്ചുകൊണ്ടിരിക്കയാണ്.

സൈമൺ: ചില സാങ്കേതിക കാരണങ്ങളാൽ അവർ വന്നില്ലെന്നും ആകാം.

ബോണിക്ക് ദ്യേഷ്യം പിടിക്കുന്നു. സൈമന്റെ തലയിൽ ഒരു തട്ടു വെച്ചുകൊടുക്കുന്നു.

ബോണി: എന്താണ് സംസാരിക്കേണ്ടതെന്നറിയില്ല. മണ്ടൻ. (നീലിമയോട്) ഇരിക്കു.

നീലിമ ഇരിക്കുന്നു. കയ്യിലുള്ള പേഴ്‌സ് അടുത്ത ടീപോയ്‌മേൽ വെക്കുന്നു. ബോണിയും സൈമണും പേഴ്‌സ് ആർത്തിയോടെ നോക്കുന്നു. ബോണി നീലിമയുടെ എതിരായുള്ള ഒരു സ്റ്റൂളിൽ വന്നിരിക്കുന്നു.

ബോണി: നീലിമയുടെ ഫാദർ എന്തു ചെയ്യുന്നു?

നീലിമ: ഹീയിസ് റണ്ണിംഗ് എ ചെയ്ൻ ഓഫ് സൂപ്പർ മാർക്കറ്റ്‌സ്. എട്ടു സൂപ്പർമാർക്കറ്റുകളാണുള്ളത്. മോൺട്രിയയിൽത്തന്നെയുണ്ട് മൂന്നെണ്ണം. പിന്നെ ക്യൂബെക്കിലും, വാൻകുവറിലും, ഒട്ടാവയിലും, ടൊറാന്റോവിലും ഒക്കെ വലിയ സൂപ്പർ മാർക്കറ്റുകളുണ്ട്.

ബോണിയും സൈമണും വീർപ്പടക്കിനിൽക്കുന്നു. നീലിമ പറയുന്നത് അവർ വിശ്വസിച്ചിരിക്കുന്നു.

നീലിമ: സൂപ്പർമാർക്കറ്റെന്നു പറഞ്ഞാൽ ഇവിടത്തെ പോലെയൊന്നും അല്ല. എട്ടും പത്തും നിലകളുള്ള ബിൽഡിംഗ്‌സ് ആണ്. ഓരോ നിലയിലും ഓരോ സാധനങ്ങളായിരിക്കും. ഒന്നിൽ ഫുട്ട്‌വെയർ ആണെങ്കിൽ അടുത്തതിൽ ടെക്‌സ്റ്റൈൽസ് ആയിരിക്കും. പിന്നത്തേതിൽ ടോയ്‌സ്. അടുത്തതിൽ ഇലക്ട്രോണിക്‌സ്, അങ്ങിനെ.

ബോണി: അപ്പോൾ നീലിമയുടെ അച്ഛൻ ഒരു മില്ല്യനെയറായിരിക്കുമല്ലൊ.

നീലിമ: എന്താ സംശയം. ഹീയിസ് എ വെരി ബിസി മാൻ. ആൾവെയ്‌സ് ഫ്‌ളൈയിംഗ് ഫ്രം വൺസിറ്റി ടു നേദർ. അച്ഛന് സ്വന്തമായി ഒരു പ്ലെയിനുണ്ട്. ഒരു സെസ്‌ന. താമസിക്കുന്നത് എട്ട് ഏക്കർ വരുന്ന ഒരു റാഞ്ചിലാണ്. അതിൽ സ്വിമ്മിംഗ് പൂളും ഗോൾഫ് കോഴ്‌സും ഒക്കെയുണ്ട്.

ബോണി: റിയലി?

നീലിമ: യ്യാ.

സൈമൺ: നമുക്കൊരു ചായ കുടിച്ചാലെന്താ? ചായ കുടിച്ചുകൊണ്ടിരിക്കെ സംസാരിക്കുകയുമാവാം.

ബോണി: ഏയ് ഇപ്പോൾ വേണ്ട.

സൈമൺ നീലിമ അറിയാതെ ബോണിയോട് ആംഗ്യം കാണിക്കുന്നു.

ബോണി: അല്ലെങ്കിൽ നമുക്ക് സൈമൺ പറഞ്ഞതുപോലെ ഒരു ചായ കുടിക്കാം. ദേറീസെ കോസി റസ്റ്റോറണ്ട് ഡൌൺ ദ ലെയ്ൻ. വൈഡോണ്ട്യു ജോയ്ൻ അസ്.

നീലിമ: ഐ ഡോണ്ട് മൈന്റ്.

മൂന്നു പേരും പുറത്തിറങ്ങുന്നു.

സീൻ - 53:

മൂന്നു പേരും കൂടി നടക്കുകയാണ്. ഒപ്പം സംസാരിക്കുന്നുമുണ്ട്. സംസാരം അധികവും ചെയ്യുന്നത് നീലിമയാണ്. വഴിയിൽവെച്ച് ഒരു കടയിൽനിന്നിറങ്ങി വരുന്ന മണി (വെയ്റ്റർ) അവരെ കാണുന്നു. ഒരു നിമിഷം നോക്കിനിന്ന ശേഷം അവൻ നടന്നകലുന്നു.

സീൻ - 54:

ഒരു റസ്റ്റോറണ്ടിനുള്ളിൽ. മേശക്കുചുറ്റും ബോണിയും നീലിമയും സൈമണും ഇരിക്കുന്നു. വെയ്റ്റർ കാത്തു നിൽക്കുന്നു.

ബോണി: (നീലിമയോട്) വാട്ട് വിൽ യു ഹാവ്?

നീലിമ: ഫ്രൂട്ട് ജ്യൂസ്

ബോണി: (സൈമണോട്) നീയെന്താണ് കഴിക്കുന്നത്?

സൈമൺ: ഞാൻ എന്തെങ്കിലും ഹെവിയായി കഴിക്കാൻ പോവ്വാണ്. ഇനി റിഹേഴ്‌സൽ തുടങ്ങിയാൽ പിന്നെ ലഞ്ചിനൊന്നും സമയമുണ്ടാവില്ല.

ബോണി: ശരിയാണ്. ഞാനും എന്തെങ്കിലും തിന്നാൻ പോകുന്നു. (വെയ്റ്ററോട്) ഒരു പ്ലെയ്റ്റ് ചിക്കൻ ഫ്രൈയും പൊറോട്ടയും എനിക്ക്. (സൈമണെ ചൂണ്ടിക്കാട്ടി) അയാൾക്ക് ഒരു സാദാ ദോശ.

പെട്ടെന്ന് സൈമൺ മേശക്കു താഴെക്കൂടി ബോണിയെ ചവിട്ടുന്നു.

ബോണി: അല്ലെങ്കിൽ വേണ്ട, അയാൾക്കും ഒരു ചിക്കൻ ഫ്രൈയും പൊറോട്ടയും.

വെയ്റ്റർ: കുടിക്കാൻ എന്തെങ്കിലും?

ബോണി: പച്ചവെള്ളം.

വെയ്റ്റർ പോകുന്നു.

നീലിമ: (ദ്വയാർത്ഥത്തിൽ) എന്തു സിമ്പിൾ ബ്രേയ്ക്ക് ഫാസ്റ്റാണ് നിങ്ങളുടേത്. പാവം ഇതുകൊണ്ടൊക്കെ വിശപ്പടങ്ങുമോ?

സൈമൺ: ഞാൻ എപ്പോഴും പറയാറുണ്ട് ഇവനോട് പെൺകുട്ടികൾ മുമ്പിലുണ്ടെങ്കിൽ ഭക്ഷണം കഴിക്കുന്നതിന് ലജ്ജിക്കാനൊന്നുമില്ലെന്ന്. (കൈകൊട്ടി വെയ്റ്ററെ വിളിക്കുന്നു. വെയ്റ്റർ തിരികെ വരുമ്പോൾ) എനിക്ക് ഒരു ചിക്കൻ സാന്റ്‌വിച്ച് കൂടിയാവാം.

ബോണി: എനിയ്ക്ക് ചീസ് സാന്റ്‌വിച്ച് മതി.

വെയ്റ്റർ പോകുന്നു. നീലിമ ചിരിക്കുന്നു

ബോണി: (അല്പം ജാള്യതയോടെ) ഞാനിപ്പോഴാണ് ഓർത്തത്. ഇനി റിഹേഴ്‌സൽ തുടങ്ങിയാൽ പിന്നെ എഴുന്നേൽക്കുക രാത്രി എട്ടുമണിക്കാണ്. അപ്പോൾ പിന്നെ കുറച്ച് ഹെവിയായി വല്ലതും ചെന്നില്ലെങ്കിൽ

ഭക്ഷണം കഴിക്കുന്ന രംഗം. ആൺകുട്ടികൾ രണ്ടുപേരും ആർത്തിയോടെ ഭക്ഷണം കഴിക്കുന്നത് നോക്കിക്കൊണ്ട് നീലിമ ഫ്രൂട്ട്ജ്യൂസ് കുടിക്കുന്നു. അവളുടെ മുഖത്ത് ചിരിയുണ്ട്. ഭക്ഷണം കഴിഞ്ഞപ്പോൾ ബോണി വെയ്റ്ററെ വിളിച്ച് ബില്ലിന്നാവശ്യപ്പെടുന്നു. പോക്കറ്റിൽ കയ്യിടുന്നു. പെട്ടെന്ന്....

ബോണി: അയ്യോ ഞാൻ പേഴ്‌സെടുക്കാൻ മറന്നു. സൈമൺ നീ പേഴ്‌സെടുത്തിട്ടുണ്ടോ.

സൈമൺ: ഇല്ലല്ലൊ.

ബോണി: ഇനിയെന്താണ് ചെയ്യുക?

സൈമൺ: ഞാൻ ഓടിപ്പോയി നിന്റെ പേഴ്‌സ് എടുത്തുകൊണ്ടുവരാം

ബോണി അവന്റെ കാൽ ചവിട്ടുന്നു.

നീലിമ: (ഇടയിൽ കയറി) എന്തിനാണ് ഇങ്ങിനെയൊക്കെ ബുദ്ധിമുട്ടുന്നത്? എന്റെ കയ്യിൽ പണമുണ്ടല്ലൊ. ഞാൻ കൊടുക്കാം.

ബോണി: അത് ശരിയല്ലല്ലെ. ഞങ്ങൾ ചായ കുടിക്കാൻ ക്ഷണിച്ചിട്ട് നീലിമയെക്കൊണ്ട് കൊടുപ്പിക്കുന്നത്?

നീലിമ: ഡോണ്ട് ബി ഫോർമൽ.

വെയ്റ്റർ ബില്ലുകൊണ്ടുവന്നു വെക്കുന്നു. നീലിമ ഫോൾഡർ എടുത്ത് തുറന്നുനോക്കുന്നു. പഴ്‌സ് തുറന്ന് നൂറിന്റെ രണ്ടു നോട്ടുകൾ വെച്ചു കൊടുക്കുന്നു. വെയ്റ്റർ ഹോൾഡർ എടുത്തു പോകുന്നു. നീലിമയുടെ തുറന്നു പിടിച്ച പഴ്‌സിൽ പിന്നെയും നൂറിന്റെ നോട്ടുകൾ. സൈമണും ബോണിയും അന്യോന്യം നോക്കുന്നു.

ബോണി: താങ്ക്‌സ് ഫോർ പേയിംഗ്.

സൈമൺ: താങ്ക്‌സ്.

നീലിമ: വെൽക്കം.

വെയ്റ്റർ ഹോൾഡർ തിരിച്ചുകൊണ്ടു വന്നു വെക്കുന്നു. നീലിമ അതു തുറന്ന് നോട്ടുകൾ എടുത്ത് പത്തുരൂപയുടെ ഒരു നോട്ട് അതിൽ ടിപ്പായി വെക്കുന്നു. എഴുന്നേൽക്കുന്നു. നീലിമ പുറംതിരിഞ്ഞ അവസരത്തിൽ സൈമൺ ഹോൾഡർ തുറന്ന് അഞ്ചുരൂപ എടുക്കാൻ നോക്കുന്നു. അതിനു സമയം കൊടുക്കാതെ ബോണി അവനെ രൂക്ഷമായി നോക്കിക്കൊണ്ട് ആ നോട്ട് പോക്കറ്റിലാക്കുന്നു.

വെയ്റ്റർ ദൂരെ നിന്നത് കാണുന്നു. അയാൾ സ്വയം പറയുന്നു.

വെയ്റ്റർ (തൊട്ടടുത്തുള്ള മറ്റാരു വെയ്റ്ററോട്) നാറികൾ.

മൂന്നു പേരും പുറത്തേക്കിറങ്ങുന്നു.

Fade out

സീൻ - 55:

വിജയന്റെ വീട്. വൈകുന്നേരം വിജയൻ ഓഫീസിൽ നിന്നു വരുന്നു. സോഫയിലിരുന്ന് ഷൂസഴിക്കുന്നു. വിമല ചായയുമായി വന്ന്, ചായ മേശപ്പുറത്തുവെക്കുന്നു. സോഫയിൽ വിജയന്നടുത്തിരുന്ന് ബാഗു തുറന്ന് ലഞ്ച്‌ബോക്‌സ് എടുക്കുന്നു.

വിജയൻ: (ചുറ്റും നോക്കുന്നു) ഇന്നെന്താ നീലുവിനെ കാണാനില്ലല്ലൊ.

വിമല: എന്താണാവോ? വൈകുന്നേരം കണ്ടില്ല. ഞാൻ അജിതിനോട് ഒന്ന് അന്വേഷിച്ചു വരാൻ പറഞ്ഞതാ. അവന് അപ്പോഴേയ്ക്കും പഠിക്കാനുണ്ട് പരീക്ഷയാണ് എന്നൊക്കെ.

വിജയൻ: അപ്പൊ ഇന്ന് ട്യൂഷനൊന്നും ഉണ്ടായില്ലെ?

വിമല: ഇല്ല. ഒരു പക്ഷെ വര്വായിരിക്കും.

വിജയൻ: (ചായകുടിച്ചുകൊണ്ട്) നമുക്കൊന്നവിടെ പോയാലോ. കുറെ ദിവസായില്ലെ അമ്മയേയും കണ്ടിട്ട്.

വിമല: പോകാം. ഞാനീ വേഷമൊന്നു മാറ്റട്ടെ.

എഴുന്നേൽക്കുന്നു.

cut to

സീൻ 56:

നീലിമയുടെ വീടിന്റെ ഉമ്മറത്ത് വിജയനും വിമലയും കയറുന്നു. വിജയൻ മുണ്ടാണുടുത്തിരിക്കുന്നത്. വിമല സെറ്റുമുണ്ടും. ഉമ്മറത്തേക്കു കടന്ന ഉടനെ അകത്തു നിന്ന് നീലിമ ഒരു ത്യാഗരാജസങ്കീർത്തനം പാടുന്നതു കേൾക്കാം. അകത്തേക്കു കടക്കുമ്പോൾ തളത്തിൽ പുല്പായ വിരിച്ച് അതിൽ നീലിമ ഇരിക്കുന്നു. മുമ്പിൽ ഒരു നിലവിളക്കു കത്തിച്ചുവെച്ചിട്ടുണ്ട്. അടുത്തുതന്നെ ഒരു വശത്തായി ഒരു മൃദംഗക്കാരനും, ഒരു വയലിൻകാരനും ഉണ്ട്. അവർ നീലിമയ്ക്ക് അകമ്പടി സേവിക്കുകയാണ്. നീലിമ വിജയനേയും വിമലയേയും കാണുമ്പോൾ ചിരിക്കുന്നു. പക്ഷെ പാട്ടു നിർത്തുന്നില്ല.

അമ്മമ്മ അവരെ നോക്കി തലയാട്ടുന്നു. ഇരിക്കാൻ ആംഗ്യം കാണിക്കുന്നു. അവരും അമ്മമ്മയുടെ അടുത്ത് പുല്പായിൽ ഇരിക്കുന്നു.

നീലിമ നന്നായി പാടുന്നുണ്ട്. അവൾ ഉടുപ്പിനു പകരം കടും ചുവപ്പ് പട്ടുസാരിയാണുടുത്തിരിക്കുന്നത്. നിറയെ ആഭരണങ്ങൾ. മുടിയിൽ മുല്ലപ്പൂക്കൾ.

വിജയൻ അവളുടെ സൌന്ദര്യത്തിലും സംഗീതത്തിലും ആകൃഷ്ടനാവുന്നു. ക്യാമറ ഓരോരുത്തരുടെയും മുഖത്തെ വികാരങ്ങൾ ഒപ്പിയെടുക്കണം. അമ്മമ്മയുടെ കണ്ണുകൾ സാവധാനത്തിൽ നിറയുന്നു. കണ്ണീർ കവിളിൽക്കൂടി ഒലിച്ചിറങ്ങുന്നു. അതു തുടയ്ക്കാൻ മെനക്കെടാതെ അവർ പേരക്കുട്ടിയുടെ സംഗീതത്തിൽ ലയിച്ചിരിക്കുകയാണ്.

പാട്ടു കഴിഞ്ഞപ്പോൾ വിജയനും വിമലയും കയ്യടിക്കുന്നു. അവർ അമ്മമ്മയെ തിരിഞ്ഞുനോക്കുന്നു അഭിനന്ദനങ്ങളോടെ. അപ്പോഴാണ് അമ്മമ്മ കണ്ണുകൾ തുടയ്ക്കുന്നത് കാണുന്നത്.

വിമല: എന്താ അമ്മ കരയുകയാണോ?

അമ്മമ്മ: എനിക്ക് സന്തോഷമായി. എത്രയോ കാലായിട്ട്ള്ള മോഹായിരുന്നു, മോളെ സംഗീതം അഭ്യസിപ്പിക്കണംന്ന്. മോള് പാടിക്കൊണ്ടിരുന്നപ്പൊ ഞാൻ പഴയ കാര്യങ്ങളൊക്കെ ഓർത്തു.

നീലിമ എഴുന്നേറ്റ് വന്ന് അമ്മമ്മയുടെ അടുത്തിരുന്ന് തോളത്തുകൂടെ കയ്യിട്ട് അവരുടെ കവിളിൽ ഉമ്മ വെക്കുന്നു.

വിജയൻ: ഇവൾക്കു സാരി നന്നായി യോജിക്കുന്നുണ്ട് എന്തിനാണവൾ ഉടുപ്പൊക്കെ ഇട്ടു നടക്കുന്നത്? ഇനി സാരിയുടുത്താൽ മതി.

നീലിമ: സാരിയോ, ഛി എനിക്കു വേണ്ട. നടക്കുമ്പോൾ തടഞ്ഞു വീഴും.

എല്ലാവരും ഉറക്കെ ചിരിക്കുന്നു.

Fade out

സീൻ - 57:

ബോണിയുടെ ഗുഹ. ബോണി വല്ലാത്തൊരവസ്ഥയിലാണ്. Withdrawal Symptom കാണിക്കുന്നു. ഇടയ്ക്കിടയ്ക്ക് സൈമനെ നോക്കി ഓരോന്നു പറയുന്നു.

ബോണി: നീ എങ്ങിനെയെങ്കിലും ഒരു ഇരുപതുറുപ്പിക ഉണ്ടാക്കിക്കൊണ്ടുവാ.

സൈമൺ: (അയാൾ ഒരു കസേരയിൽ അക്ഷമനായി ഇരിക്കുകയാണ്) പണമുണ്ടാക്കാൻ വഴിയൊന്നും ഞാൻ കാണുന്നില്ല. സ്വബോധമുള്ള ഒരു ജീവി നമുക്ക് കടം തരാൻ പോകുന്നില്ല. ഹോട്ടലിൽ ജോലി പോയശേഷം എത്ര നേരം നമ്മൾ മര്യാദയ്ക്ക് ഭക്ഷണം കഴിച്ചിട്ടുണ്ട്. ഇങ്ങനെ എത്ര നാൾ കഴിച്ചുകൂട്ടും. ഒരു നേരത്തെ ഭക്ഷണത്തിന് പണമില്ലാതെ വലയുമ്പോഴാണ് നിനക്ക് പൊടിക്കുള്ള പണം. ഞാൻ നിന്നോട് ആദ്യം മുതലേ പറയാറുള്ളതാണ് അത് വിഷമാണെന്ന്. അന്നു നീ പറഞ്ഞു നിന്റെ ഇൻസ്പിറേഷന്റെ രഹസ്യം അതാണെന്ന്. ഇന്നെന്തായി? നീ മയക്കുമരുന്നിന്റെ അടിമയായി. നിനക്കതില്ലാതെ ഒരു ദിവസം കഴിച്ചുകൂട്ടുവാൻ വയ്യെന്നായി.

ബോണി: മതിയെടാ നിന്റെ ഉപദേശം. ഇപ്പോൾ എന്തു ചെയ്യാൻ പറ്റുമെന്നു പറ.

സൈമൺ: ഒന്നും വിൽക്കാനും ബാക്കിയില്ല.ആകെയുള്ളത് നിന്റെ ഗിത്താറും ഈ ഡ്രമ്മും മാത്രമാണ്. എന്റെ ഡ്രം തൊടാൻ ഞാൻ സമ്മതിക്കില്ല. നീ പോയി നിന്റെ ഗിത്താർ വിറ്റോ.

ബോണി: (ക്രുദ്ധനായി സൈമനു നേരെ അടുക്കുന്നു കോളറിനു പിടിച്ച്) എന്റെ ഗിത്താർ വിൽക്കുകയോ? നീ എന്താപറഞ്ഞത്? എന്റെ ജീവനാണത് മനസ്സിലായോ?

സൈമൺ പതുക്കെ ബോണിയുടെ പിടി വിടുവിക്കുന്നു.

ബോണി വീണ്ടും അസ്വസ്ഥനാവുന്നു. കൂടുതൽ തീഷ്ണമായി Withdrawal symptom കാണിക്കുന്നു. പെട്ടെന്ന് സഹിക്കവയ്യാതെ ഓടിവന്ന് ഗിത്താറെടുക്കുന്നു. ഒരു നിമിഷം അതിനെ തുറിച്ചു നോക്കുന്നു. പിന്നെ അതും എടുത്ത് വാതിൽ തുറന്ന് പുറത്തേക്കോടുന്നു.

പിന്നിൽ സ്തംഭിച്ചു നിൽക്കുന്ന സൈമൺ. പെട്ടെന്ന് അയാൾ ഒരു തീരുമാനമെടുക്കുന്നു. സ്വയം പറയുന്നു.

സൈമൺ: ഇനി ഇവിടെ രക്ഷയില്ല. പോകണ്ട സമയമായാൽ സൈമണറിയാം.

അയാൾ തന്റെ ഡ്രം പാക്ക് ചെയ്യുന്നു. ചിതറിക്കിടന്ന തന്റെ വസ്ത്രങ്ങളും ഒരു സൂട്ട് കേസിൽ പാക്ക് ചെയ്യുന്നു. എല്ലാം ഏറ്റി വാതിൽ കടന്ന് പുറത്തേക്കു പോകുന്നു.

സീൻ - 58:

മ്യൂസിക്കൽ ഇൻസ്ട്രമെന്റ്‌സ് വിൽക്കുന്ന കടയിൽ ബോണി തന്റെ ഗിത്താറിന് വില പേശി നിൽക്കുന്നു.

ബോണി: ഇരുന്നൂറു രൂപയോ? ഇങ്ങനത്തെ ഒരു ഗിത്താറിന് എന്താണ് വില എന്നറിയ്യ്വോ?

കടക്കാരൻ: ഞങ്ങൾ വാങ്ങുന്നതും വിൽക്കുന്നതും ഒരു വിലയിലല്ലല്ലൊ വാങ്ങുന്നതൊരുവില, വിൽക്കുന്നതൊരു വില. പിന്നെ സെക്കന്റ്ഹാന്റ് സാധനങ്ങൾക്ക് പുതിയതിന്റെ വില കാണുമോ? ഞങ്ങൾ സാധാരണ സെക്കന്റ് ഹാന്റ് സാധനങ്ങൾ വാങ്ങാറില്ല. ഇത് പുതിയതെന്നു പറഞ്ഞ് വിൽക്കാനൊന്നും പറ്റില്ല. ആരെങ്കിലും പഴയത് ചോദിച്ചു വന്നാൽ കൊടുക്കാമെന്നേയുള്ളു. അപ്പോൾ അത്രയൊക്കെയേ വിലയും കിട്ടു.

ബോണി: കുറച്ചെന്തെങ്കിലും കൂട്ടിത്താ, ഒരു മുന്നൂറെങ്കിലും.

കടക്കാരൻ: ഒരു പൈസ കൂടുതൽ തരാൻ പറ്റില്ല. വേണമെങ്കിൽ വെച്ചോ.

ബോണി ഗിത്താർ കൌണ്ടറിൽ വെക്കുന്നു.

ബോണി: പണമെടുക്ക്.

കടക്കാരൻ ഗിത്താർ ഒരിക്കൽ കൂടി പരിശോധിച്ചശേഷം കൌണ്ടറിൽ വെച്ച് പണമെടുക്കാൻ പോകുന്നു. ബോണി ഗിത്താർ കയ്യിലെടുക്കുന്നു. പതുക്കെ അതു മുഖത്തേക്കുയർത്തി ചുംബിക്കുന്നു. തേങ്ങലുകൾ വന്ന് അയാളെ ബുദ്ധിമുട്ടിക്കുന്നു. കണ്ണീർ ധാരയായൊഴുകുന്നു. പിന്നെ പെട്ടെന്ന് ഗിത്താർ എടുത്ത് മാറോട് ചേർത്ത് അയാൾ പറയുന്നു.

ബോണി: ഇല്ല, ഇല്ല നിന്നെ ഞാൻ കൊടുക്കില്ല.

അയാൾ ഗിത്താറുമെടുത്ത് തിരിഞ്ഞോടുന്നു. പണവുമായി വന്ന കടക്കാരൻ അത്ഭുതത്തോടെ നോക്കി നിൽക്കുന്നു.

സീൻ - 59:

ബ്രീസ് ഹോട്ടലിനു മുമ്പിലുള്ള പെട്ടിക്കട. വെയ്റ്റർ മണി രണ്ടുപാക്കറ്റ് സിഗരറ്റ് വാങ്ങുന്നു. ഹോട്ടലിൽ നിന്നുള്ള ഓർഡറാണ്. കടക്കാരൻ ചന്ദ്രൻ ചില്ലറ കൊടുക്കുമ്പോഴാണ് റോഡിലൂടെ പോകുന്ന നീലിമയെ കാണുന്നത്. ക്യാമറ ഒരു നിമിഷം നീലിമ നടന്നു പോകുന്നതു കാണിക്കണം.

ചന്ദ്രൻ: (അവളെ നോക്കി) ഏതോ നല്ല തറവാട്ടിലെ കുട്ട്യാണ് തോന്നുന്നു. ആ ബോണിയുടെ കൂടെയാ നടത്തം.

മണിയും അവളെ ശ്രദ്ധിക്കുന്നു.

മണി: ശരിയാണ്. ഞാൻ കഴിഞ്ഞ ആഴ്ച അവൾ ബോണിടേം സൈമന്റേം ഒപ്പം നടന്നുപോണതു കണ്ടു.

ചന്ദ്രൻ: അവൻ ആ കൊച്ചിനെ നശിപ്പിക്കും. ഇപ്പെന്താ നിന്റെ ഹോട്ടലില് അവൻ വരാറില്ലെ?

മണി: ഏയ്, അവനെ പിടിച്ച് പുറത്താക്കി. ഇപ്പൊ വേറൊരു ഗ്രൂപ്പാണ് അവിടെ പാടുന്നത്.

ചന്ദ്രൻ: അവനിപ്പൊ എങ്ങിനെ കഴിയുന്നു ആവോ. ഓരോരുത്തരുടെ കർമ്മഫലം.

സീൻ - 60:

ബോണി ഗുഹയിലെത്തുമ്പോൾ വാതിൽ തുറന്നിട്ടിരിക്കയാണ്. അകത്തു കടന്നപ്പോൾ സൈമൺ ഇല്ല. അയാൾ ചുറ്റും നോക്കുന്നു. ഡ്രം പോയതു മനസ്സിലാക്കുന്നു. അയാൾ ഗിത്താർ ഒരിടത്തുവെച്ച് നിലത്ത് കുമ്പിട്ടിരിക്കുന്നു. കരയുകയാണ്.

സാവധാനത്തിൽ കരച്ചിൽ നിലയ്ക്കുന്നു. Withdrawal Symptoms വന്ന് അയാളെ വിഷമിപ്പിക്കുന്നു. അയാൾ വയർ അമർത്തി നിലത്ത് കിടന്നുരുളുകയാണ്.

തുറന്ന വാതിലിലൂടെ അകത്തുകടന്ന നീലിമ കാണുന്ന സീനാണിത്. അവൾ പെട്ടെന്ന് അവന്റെ അടുത്ത് ചെന്ന് കുമ്പിട്ടു നിൽക്കുന്നു.

നീലിമ: എന്തുപറ്റി ബോണി?

ബോണി: ഒന്നുമില്ല. പ്ലീസ് ഗോ അവേ.

നീലിമക്ക് ഒന്നും മനസ്സിലാവുന്നില്ല. ചുറ്റും നോക്കുന്നു. ആരുമില്ല. സൈമണും ഡ്രമ്മും പോയതവൾ മനസ്സിലാക്കുന്നു.

നീലിമ: സൈമൺ എവിടെ?

ബോണി: അറിയില്ല. ഞാൻ പറഞ്ഞില്ലെ, പ്ലീസ് പുറത്തുപോകു.

നീലിമ: ബോണി ഇതു ഞാനാണ് നീലിമ. എന്താണസുഖം? ഡോക്ടറെ വിളിക്കട്ടെ.

ബോണി: (കഷ്ടപ്പെട്ട് ഇരിക്കുന്നു) (കിതച്ചുകൊണ്ട്) പൊടി, എനിക്കാവശ്യം പൊടിയാണ് ബ്രൌൺ ഷുഗർ.

നീലിമയ്ക്ക് പെട്ടെന്ന് സംഗതി മനസ്സിലാവുന്നു. അവൾ ദു:ഖിതയാണ്. അവനെ സഹായിക്കണമെന്നുണ്ട്. അവിടെ നിന്ന് ഓടിപ്പോകണമെന്നുമുണ്ട്. സാവധാനത്തിൽ അവൾ ഒരു തീരുമാനമെടുക്കുന്നു.

നീലിമ: ബോണി എവിടെയാണ് ബ്രൌൺഷുഗർ കിട്ടുക? ഞാൻ വാങ്ങിക്കൊണ്ടുവരാം.

ബോണി: (പെട്ടെന്ന് നീലിമയുടെ കൈകൾ ചുംബിക്കുന്നു.) നീ ഒരു മാലാഖയാണ്. അവിടെ ബ്രീസ് ഹോട്ടലിനു മുമ്പിലെ പെട്ടിക്കടയില്ലെ, അവിടെ ഇരുപതു ഉറുപ്പിക കൊടുത്താൽ അവർ പൊതി തരും. ഇരുപതുകൊടുത്ത് ഒരു പൊതി എന്നു പറഞ്ഞാ മതി.

ഈ തിരക്കഥയെക്കുറിച്ച്


കലാകൗമുദി 1987 മെയ് മാസം രണ്ടാം ലക്കത്തില്‍ പ്രസിദ്ധീകരിച്ച കാനഡയിൽ നിന്നൊരു രാജകുമാരി എന്ന സ്വന്തം ചെറുകഥയെ അടിസ്ഥാനമാക്കി ഹരികുമാര്‍ തയ്യാറാക്കിയ തിരക്കഥ. ഫീച്ചര്‍ ഫിലിമിനോ ടെലിവിഷന്‍ സീരിയലിനോ ഉപയോഗപ്പെടുത്താവുന്ന രീതിയിലാണ്‌ ഈ തിരക്കഥ തയ്യാറാക്കിയിരിയ്ക്കുന്നത്.

ഈ തിരക്കഥ സിനിമയോ, ടെലിവിഷന്‍ സീരിയലോ, ടെലിഫിലിമോ ആക്കുന്നതിനു താത്പര്യമുള്ളവര്‍ ബന്ധപ്പെടുക......
e.harikumar.novelist@gmail.com