|| Scripts

കാനഡയിൽ നിന്നൊരു രാജകുമാരി

ഇ ഹരികുമാര്‍

സീന്‍ 21 മുതല്‍ 40 വരെ

സീൻ - 21:

വിമലയും വിജയനും ജനലിലൂടെ അവർ സംസാരിക്കുന്നത് ശ്രദ്ധിച്ച്, നോക്കുന്നു

Cut to

സീൻ - 22:

അജിതിന്റെ മുഖം ക്ലോസപ്പിൽ കാണിക്കണം. അവിടെ അത്ഭുതം, ആദരം എല്ലാം ഉണ്ട്.

നീലു: (തുടരുകയാണ്) കാസിലിന് ഒരു ഡോറേ ഉള്ളു.

ഇവിടെ അജിത് ഒരു മായാലോകത്തെത്തിയതായി കാണിക്കണം. അജിതിനെ ഫോക്കസ് ചെയ്ത കാമറ diffuse ചെയ്യണം. തെളിഞ്ഞു വരുമ്പോൾ കാണുന്നത് മഞ്ഞിന്നിടയിലൂടെ കാണുന്ന ഗോപുരങ്ങൾ നിറഞ്ഞ ഒരു കോട്ടയാണ്. പശ്ചാത്തലത്തിൽ നീലുവിന്റെ ശബ്ദം കേൾക്കാം.

നീലു: ആ ഡോറ് തുറക്കാൻ ഒരു പാസ്‌വേഡുണ്ട്. അതു പറഞ്ഞാൽ ഡോർ തുറന്ന് ഒരു പാലം താഴ്ന്നു വരും. അകത്തു കടന്നാൽ അത് തന്നെ അടയും.

ഒരു രാജകുമാരിയുടെ വേഷം ഇട്ട നീലു ഒരു കുതിരപ്പുറത്തുനിന്നിറങ്ങി പാസ്‌വേർഡ് പറയുന്നതും, കോട്ടയുടെ വാതിൽ തുറന്ന് പാലം ഇറങ്ങി വരുന്നതും, നീലു അകത്തേക്കു നടന്നു പോകുന്നതും കാണുന്നു. പശ്ചാത്തലത്തിൽ നീലുവിന്റെ ശബ്ദം.

നീലു: ആ ഡോറു തുറക്കാനുള്ള പാസ്‌വേർഡ് എനിയ്ക്കും അമ്മയ്ക്കും അച്ഛനും മാത്രെ അറിയു.

കോട്ട fade out ചെയ്ത് അജിതിന്റെ മുഖം തെളിഞ്ഞു വരുന്നു.

അജിത്: അപ്പൊ നിങ്ങൾ മൂന്നു പേരും മരിക്ക്യാണെങ്കിലോ?

നീലു: ഇഡിയറ്റ്, ഞങ്ങൾ അങ്ങനെ മരിക്കൊന്നുംല്ല്യ. ഞങ്ങളുടെ അരയിൽ ഒരു താലീസ്മൻ കെട്ടിയിട്ടുണ്ട്.

അജിത്: ന്ന് വെച്ചാൽ.

നീലു: ഈ മന്ത്രൊക്കെ ജപിച്ചിട്ട് അരയില് ഒരു നൂല് കെട്ടില്ലെ, അത് തന്നെ.

അജിത്: അതെവിടെ നിന്നു കിട്ടിയതാണ്?

നീലു: അത് മുത്തച്ഛന്റെ കാലം തൊട്ടേ ഉള്ളതാണ്.

അജിത്: നീലുവിന്റെ മുത്തച്ഛൻ എവിടെയായിരുന്നു?

നീലു: തൃപ്പൂണിത്തുറയിൽ. അവിടെ ഒരു വലിയ കൊട്ടാരത്തിലായിരുന്നു. മുത്തച്ഛനാണ് ഇവിടെയൊക്കെ റൂൾ ചെയ്തിരുന്നത്. മുത്തച്ഛൻ മരിച്ചപ്പൊ അമ്മമ്മ ആ കൊട്ടാരൊക്കെ ഗവർമ്മേണ്ടിന് ഡൊണേറ്റ് ചെയ്തിട്ട് ഇവിടെ വന്ന് താമസിക്ക്യാണ്. ഇവിടെ ഉള്ളതും കൊട്ടാരം തന്നെ, പക്ഷെ ചെറുതാന്ന് മാത്രം. നീ വീട്ടിൽ വന്നാൽ മുത്തച്ഛന്റെ സിംഹാസനൊക്കെ കാട്ടിത്തരാം.

അജിത്: (excited) ശരിക്കും?

നീലു: ആ ശരിക്കും. അതെല്ലാം മുകളിൽ തട്ടിൻ പുറത്ത് വെച്ചിരിക്ക്യാണ്. നിനക്കു ധൈര്യണ്ടെങ്കിൽ പോയി കാണാം. കാരണം മുത്തച്ഛന്റെ പ്രേതം എന്നും വന്ന് തട്ടിൻ പുറത്ത് സിംഹാസനത്തിലിരിക്കാറുണ്ട്. അമ്മമ്മ ഒരിക്കൽ തട്ടിൻ പുറത്ത് എന്തോ എടുക്കാൻ കയറിയപ്പോൾ എല്ലാ ഫർണീച്ചറും പൊടിയും മാറാലയും പിടിച്ച് കെടക്ക്വായിരുന്നു. ഈ സിഹാംസനം മാത്രം പൊടിയൊന്നും പിടിക്കാതെ ഷൈൻ ചെയ്തു കിടക്കുന്നു. ഒരു അസ്റ്റ്രോളജറാണ് പറഞ്ഞത്, മുത്തച്ഛന്റെ പ്രേതം വരാറുണ്ടെന്ന്. അവര് കള്ളികൾ വരച്ച് ഷെല്ലൊക്കെ നിരത്തി വെച്ച് നോക്കില്ലെ? അങ്ങിനെ കണ്ടുപിടിച്ചതാണ്.

അജിത്: (അത്ഭുതപരതന്ത്രനായി) നീലുവിന് പേടിയില്ലെ?

നീലു: എനിയ്ക്കു പേടിയാണെന്നോ? ഞാൻ ഓടും.

cut to

വിമലയും വിജയനും ചിരിക്കുന്നതു കാണിക്കുന്നു.

Fade out.

സീൻ - 23:

തിരക്കു പിടിച്ച ഒരു തെരുവാണ് കാണിക്കുന്നത്. രാവിലെ പത്തുമണി സമയം. ഹോട്ടൽ ബ്രീസ് എന്നെഴുതിയ കെട്ടിടത്തിനുമുമ്പിൽ ഒരു ഓട്ടോ വന്നു നിൽക്കുന്നു. വാടക കൊടുത്ത് നീലിമ ഇറങ്ങുന്നു. ചുറ്റും നോക്കുമ്പോൾ പെട്ടിപ്പീടിക കാണുന്നു. അവിടെ അന്വേഷിക്കുന്നു.

നീലു: കേവ്മാൻ എന്നു പേരുള്ള ഒരു റോക് ഗ്രൂപ്പ് എവിടെയാണ് താമസിക്കുന്നത്?

കടക്കാരൻ: (അർത്ഥംവെച്ച് അവളെ നോക്കുന്നു) ബോണിയല്ലെ?

നീലു: തലയാട്ടുന്നു.

കടക്കാരൻ: ഇതാ നേരെ പോയി ആദ്യത്തെ തിരിവിൽ വലത്തോട്ട് പോവുക. മൂന്നാമത്തെ വീടാണ് വലത്തു ഭാഗത്ത്.

നീലു: താങ്ക്‌സ് (നടക്കുന്നു)

കടക്കാരൻ: ശ്ശ്.....

നീലു തിരിഞ്ഞു നോക്കുന്നു.

കടക്കാരൻ: വല്ലതും വേണോ കുട്ടി?

നീലു: (അത്ഭുതത്തോടെ) വേണ്ട. എന്തേ?

കടക്കാരൻ: അല്ലാ സാധാരണ അങ്ങോട്ടു പോകുന്ന കുട്ടികള് ഇവിടന്ന് വാങ്ങിക്കൊണ്ടു പോകാറുണ്ട്

നീലു: എന്ത്?

WteÃn Music

കടക്കാരൻ: കുട്ടി പൊയ്‌ക്കോളു. പിന്നീട് സ്വന്തം ചോദിച്ച് വാങ്ങിക്കോളും.

നീലു ചുമൽ കുലുക്കുന്നു. ഒന്നും മനസ്സിലാവുന്നില്ലെന്ന മട്ടിൽ. നടക്കുന്നു. വളവു തിരിഞ്ഞ് മൂന്നാമത്തെ വീടിനു മുമ്പിൽ നിൽക്കുന്നു. അവിടെ ഒരു പഴയ വീടിനു മുമ്പിൽ The cave എന്നെഴുതിവെച്ചിട്ടുണ്ട്. നീലു ഗെയ്റ്റു കടന്ന് ചെല്ലുന്നു. അകത്തു നിന്ന് Western Music ന്റെ ശബ്ദം പതിഞ്ഞു കേൾക്കാം. ചിത്രപ്പണികളുള്ള വാതിലിനു തൊട്ടടുത്ത ചുമരിൽ എഴുതിവെച്ചിട്ടുണ്ട്. ``RING BELL TO INVOKE THE CAVEMEN’’ ബെല്ലിന്റെ സ്വിച്ചൊന്നുമില്ല. ഒരു ചരട് തൂങ്ങിക്കിടക്കുന്നുണ്ടെന്നു മാത്രം. അതിനു തൊട്ടടുത്ത് ഒരു കൊളുത്തിൽ ഒരു മാറാലത്തട്ടി ചാരിവെച്ചിട്ടുണ്ട്. നീലു സംശയിച്ച് ആ ചരടു വലിക്കുന്നു. അകത്ത് ഒരു മണിയടിക്കുന്ന ശബ്ദം. പെട്ടെന്ന് സംഗീതം നിലയ്ക്കുന്നു.

വാതിൽ തുറക്കുന്നത് ബോണി.

നീലു: ഞാൻ നീലിമ.

ബോണി: (കൈ നീട്ടുന്നു) ഐയാം ബോണി.

നീലു കൈ കൊടുക്കുന്നു.

ബോണി: യൂസ് ദ ബ്രൂം.

നീലു: ബ്രൂം?

ബോണി: (മാറാലത്തട്ടി ചൂണ്ടിക്കാട്ടി) അതെ മാറാല തട്ടാൻ.

നീലുവിന് പെട്ടെന്ന് അതിലെ അതിഭാവുകത്വം മനസ്സിലാവുന്നു. അവൾ മാറാലത്തട്ടി എടുക്കുന്നതായി ഭാവിക്കുന്നു. (എടുക്കുന്നില്ല) എന്നിട്ട് അതുകൊണ്ട് വാതിൽക്കലുള്ള അദൃശ്യമായ മാറാല തട്ടുന്നതായി ഭാവിക്കുന്നു.

ബോണി: (impresed) ഹേ യൂവാർ ദ റൈറ്റ് ഗേൾ ഫോർ മീ, കമിൻ.

സീൻ - 24:

അകത്ത് മറ്റു മൂന്നു പേരും അവരവരുടെ ഉപകരണങ്ങളുമായി നിൽക്കുന്നു. ബോണി നീലിമയെ പരിചയപ്പെടുത്തുന്നു.

ബോണി: ദിസീസ് നീലിമ ഫ്രം കാനഡ. ഷർലിയുടെ ഫ്രണ്ടാണ്. ആന്റ് ദാറ്റ്‌സ് ദ ഓൺലി നെഗറ്റീവ് പോയിന്റ്.

ഓരോരുത്തരായി വന്ന് പേരു പറഞ്ഞുകൊണ്ട് നീലിമക്ക് കൈകൊടുക്കുന്നു.

നീലിമ ചുറ്റും നോക്കുന്നു. അലങ്കോലപ്പെട്ടു കിടക്കുന്ന മുറി. സംഗീതോപകരണങ്ങൾ, ചുമരിലെ ബ്ലോ അപ്പുകൾ. അവൾക്ക് എല്ലാം ഇഷ്ടപ്പെടുന്നു.

നീലിമ: നിങ്ങൾ ശരിക്കും കേവ്‌മെന്നെപ്പോലെ തോന്നിക്കുന്നു.

ബോണി: ഞങ്ങൾ ശരിക്കും കേവ്‌മെന്നാണ്. പതിനായിരം കൊല്ലം മുമ്പുണ്ടായിരുന്നവർ. ഒരു ടൈം വാർപ്പ് വന്നപ്പോൾ ഞങ്ങൾ മോഡേൺ ടൈംസിലേക്ക് എടുത്തെറിയപ്പെട്ടതാണ്.

നീലു: അസിമോവ് ഞാനും വായിച്ചിട്ടുണ്ട്.

ബോണി: നൌ ഇൻ ഓണർ ഓഫ് മിസ് നീലിമ...... (നീലിമയോട് തിരിഞ്ഞ്) യുവർ ഫുൾ നെയിം?

നീലു: നീലിമ മേനോൻ.

ബോണി: ഇൻ ഓണർ ഓഫ് മിസ് നീലിമ മേനോൻ (ഗിത്താർ മീട്ടുന്നു. മറ്റുള്ളവരും ചേരുന്നു. സംഗീതം.)

നീലു ഡാൻസിന്റെ ചെറിയ ചുവടുകൾ വെക്കുന്നു. പെട്ടെന്ന് വാച്ചുനോക്കിക്കൊണ്ട്.

നീലു: ഓ സമയം കുറെയായി. ഞാൻ അമ്മമ്മയോട് ഇപ്പൊ വരാംന്ന് പറഞ്ഞ് പോന്നതാണ്. ഞാൻ പോട്ടെ.

സംഗീതം നിർത്തി എല്ലാവരും അവളെ അനുഗമിക്കുന്നു. വാതിൽക്കൽ എത്തിയപ്പോൾ ബോണി വാതിൽ തുറന്നു പിടിക്കുന്നു. ആദ്യം നീലു പുറത്തുകടക്കുന്നു. പിന്നെ മറ്റുള്ളവർ പുറത്തു കടക്കാാൻ നോക്കുമ്പോൾ ബോണി രൂക്ഷമായി നോക്കി. അവരെ കടന്ന് പുറത്തു കടന്ന് വാതിലടക്കുന്നു. ഗെയ്റ്റു വരെ നടന്ന് നീലിമക്ക് കൈ കൊടുത്ത് പിരിയുന്നു.

സീൻ - 25:

ഗുഹക്കുള്ളിൽ മൂന്നുപേരും ഇരിക്കുന്നു. മുഖം പ്രസാദമല്ല. വാതിൽ തുറന്ന് ബോണി പ്രവേശിക്കുന്നു. വാതിലടച്ച് സൈമനു നേരെ ഭീഷണിപ്പെടുത്തുന്ന വിധം നടക്കുന്നു. സൈമന്റെ അടുത്തെത്തിയപ്പോൾ അയാളുടെ കോളർ പിടിച്ച് എഴുന്നേൽപ്പിക്കുന്നു.

സൈമൺ: ആൾ റൈറ്റ് ഭീഷണിപ്പെടുത്തേണ്ട ആവശ്യമൊന്നുമില്ല.

ബോണി മറ്റുള്ളവരേയും ഭീഷണിപ്പെടുത്തുന്നവിധം നോക്കുന്നു. ബോണി കോളർ വിടുന്നു.

സൈമൺ: ദിസീസ് നോട്ട് ഫേയർ. ഭംഗിയുള്ള പെൺകുട്ടികൾ വരുമ്പോൾ ഉടനെ നിന്റേതാക്കുന്നു. ഞങ്ങൾക്കും ചാൻസു കിട്ടണം.

ബോണി: ഇവിടെ എന്റെ ഡിക്ടേറ്റർഷിപ്പാണ്.

ഗിത്താറെടുക്കുന്നു. മറ്റുള്ളവരും വൈമനസ്യത്തോടെ അവരവരുടെ സ്ഥാനങ്ങളിൽ നിലയുറപ്പിക്കുന്നു.

Fade out.

സീൻ - 26:

ക്ലബ്ബ് - ഇടത്തരം ക്ലബ്ബ്. ഒരു കാരം ബോർഡിനു ചുറ്റും നാലുപേർ കളിക്കുന്നു. കുറച്ചു വിട്ട് ഒരു വലിയ മേശക്കു ചുറ്റും വിജയനും സ്‌നേഹിതന്മാരും റമ്മി കളിക്കുന്നു. യൂണിഫോമിട്ട പയ്യൻ മണി (18 വയസ്സ്) ഓരോരുത്തർക്കു വേണ്ടത് കൊണ്ടുപോയി കൊടുക്കുന്നു.

വാതിൽ തുറന്ന് മാത്യു പ്രവേശിക്കുന്നു. ഒരു മെലിഞ്ഞ മനുഷ്യനാണ്. പത്തമ്പതു വയസ്സുപ്രായം. നടന്നുവന്ന് ശീട്ടു കളിക്കുന്ന മേശയ്ക്കരുകിൽ നിൽക്കുന്നു.

മാത്യു: അതാ എന്റെ സ്ഥാനം പോയോ? ശീട്ടുകളിയിൽ മുഴുകിയ എല്ലാവരും തലയുയർത്തി നോക്കുന്നു. വിജയൻ ഒഴികെ എല്ലാവരും ചിരിക്കുന്നു. വിജയന് മനസ്സിലാവുന്നില്ല.

മാത്യു: (വിജയനെ നോക്കി) മാഷെ എണീക്ക്. വിജയൻ മറ്റുള്ളവരുടെ മുഖത്ത് നോക്കുന്നു.

കളിച്ചിരുന്നവരിൽ ഒരാൾ രവി പറയുന്നു.

രവി: മാത്യു സാറെ ഇന്ന് വിജയൻ കളിച്ചോട്ടെ.

മാത്യു: അതു പറ്റില്ല. ഞാൻ പറഞ്ഞിട്ടുണ്ട് ടെമ്പററി അറേയ്ഞ്ച്‌മെന്റിനൊന്നും മാത്യുവിനെ കിട്ടില്ലെന്ന്. പെർമനന്റ് മെമ്പർഷിപ്പ് മാത്രം.

മറ്റൊരാൾ (രവിയുടെ അടുത്തിരിക്കുന്ന ആൾ) പേര് സോമൻ.

സോമൻ: വിജയൻ കഴിഞ്ഞ നാലുദിവസം വന്നില്ലല്ലൊ. അപ്പൊ വിജയന്റെ സബ്സ്റ്റിറ്റിയൂട്ട് ആയി എടുത്തതാണ്. മഹാമോശം കളിക്കാരനാ.

മാത്യു: ആരാടോ മോശം കളിക്കാരൻ? (സ്വരം താഴ്ത്തി)

സോമൻ: അല്ല ഇവിടെ പറഞ്ഞതാ.

മാത്യു: ഞാൻ മോശമായി കളിച്ചാ ഞാനല്ലെ തോൽക്കുന്നത്. അതിനു തനിക്കെന്താ.

വിജയൻ: (ശീട്ട് മേശപ്പുറത്തിട്ട് എഴുന്നേൽക്കുന്നു) മാത്യുസാറ് ഇരിക്ക്, എനിക്കേതായാലും നേർത്തെ പോണം. ഇപ്പൊത്തന്നെ സമയം വൈകി.

വേറൊരാൾ (പേര് നാണപ്പൻ)

നാണപ്പൻ: വിജയന് ഇപ്പോൾ ഒരു പക്ഷിയെ കിട്ടിയിട്ടുണ്ട്. (എല്ലാവരും അയാളെ നോക്കുന്നു.) ഒരു പുതിയ ട്യൂഷൻ ടീച്ചർ. അതാണിപ്പൊ ഇങ്ങോട്ടൊന്നും കാണാത്തത്.

വിജയൻ നാണപ്പനെ ദേഷ്യത്തോടെ നോക്കുന്നു.

രാജൂ: അതു തന്ന്യാ കാര്യം അല്ലെ? ഞാനും വിചാരിച്ചു വിജയന് എന്തോ തടഞ്ഞിട്ടുണ്ടെന്ന്.

വിജയൻ: ചെറിയ കുട്ട്യാണ് അവള്.

നാണപ്പൻ: സ്വീറ്റ് സിക്സ്റ്റീൻ ആണ്.

വിജയൻ: (ദേഷ്യം) നാണപ്പൻ തന്റെ മൂത്തമകൾക്ക് എന്താണ് പ്രായം?

നാണപ്പൻ പരുങ്ങുന്നു. പ്യൂൺ വല്ലായ്മയോടെ രണ്ടുപേരെയും നോക്കുന്നുണ്ട്.

വിജയൻ: പറയടോ.

നാണപ്പൻ: പതിനേഴ്.

വിജയൻ: എന്നിട്ടല്ലെ താൻ ഇതൊക്കെ പറയുന്നത്. തന്റെ മോളെ ഞങ്ങളാരെങ്കിലും പറഞ്ഞാൽ തനിക്കിഷ്ടമാവ്വോ?

നാണപ്പൻ പരുങ്ങുന്നു.

രാജൂ: വിജയൻ, അയാള് തമാശ പറഞ്ഞതല്ലെ?

വിജയൻ: മറ്റുള്ളവരുടെ മക്കളെപ്പറ്റി നാറിയത് പറയരുത്. (ശീട്ടുകൾ മേശമേൽ നിന്നെടുത്ത് വീണ്ടും ഒരു ശബ്ദത്തോടെ മേശമേൽ അടിച്ചുവെച്ച് മാറിനിൽക്കുന്നു. മാത്യുവിനോട്) ഇതാ സബ്സ്റ്റിറ്റിയൂട്ടിനിരിക്കാം.

(ദ്യേഷ്യത്തോടെ പുറത്തേക്കു കടക്കുന്നു) പ്യൂൺ പയ്യൻ മണി പുറത്തു നിൽക്കുകയാണ്. അവൻ സംശയിച്ചു കൊണ്ട് വിജയനെ വിളിക്കുന്നു.)

മണി: വിജയൻ സാറെ...

വിജയൻ: (തിരിഞ്ഞു നോക്കുന്നു) എന്താ മണി?

മണി: സാറ് പോവ്വാണോ?

വിജയൻ: അതെ കുറച്ചു നേർത്തെ വീട്ടിലെത്തണം. എന്തേ?

മണി: എന്നാ സാറ് പൊയ്‌ക്കോളു.

വിജയൻ: എന്താ കാര്യം പറ.

മണി: ഹോട്ടലുകാര് ഒരു മാസത്തെ ശമ്പളം തന്നു.

വിജയൻ: എന്തു തന്നു?

മണി: ഇരുന്നൂറ്റമ്പതുറുപ്പിക.

വിജയൻ: തരക്കേടില്ലല്ലൊ. നീ അവിടെ നാലുമണിവരെയല്ലെ ജോലിയെടുക്കുന്നുള്ളു. ഇപ്പൊ ക്ലബ്ബിൽനിന്നു കിട്ടുന്ന ഇരുനൂറ്റമ്പതും കൂടി അഞ്ഞൂറായില്ലെ? നീ അച്ഛനു പണം അയച്ചു കൊടുത്തുവോ?

മണി: ഇല്ല സാർ. സാറിനു തരാനുള്ള പണം തരാംന്നുവെച്ചു.

വിജയൻ: (വാത്സല്യത്തോടെ അവന്റെ പുറം തട്ടുന്നു) എടോ തന്നോട് ആരും പണമൊന്നും ചോദിച്ചില്ലല്ലൊ. എനിക്ക് ആവശ്യം വരുമ്പോൾ ചോദിക്കാം. നീ നാളെത്തന്നെ ആ പണം അച്ഛന് അയച്ചുകൊടുക്ക്. അവർ നിന്നെ ആശ്രയിച്ചാണ് ഇരിക്കുന്നത്. നിനക്ക് ജോലി വേണംന്ന് പറഞ്ഞു. ജോലിയാക്കിത്തന്നു. നിനക്ക് നല്ല ഉടുപ്പുകൾ ഒന്നും ഇല്ല്യാന്ന് കണ്ടപ്പോൾ ഉടുപ്പുകൾ തയ്ച്ചുതന്നു. ഒരു മാസം ഭക്ഷണവും ഏർപ്പാടാക്കി. അത്രയല്ലെ ഉള്ളു. ഇതൊക്കെ എല്ലാവരും ചെയ്യാൻ ബാദ്ധ്യസ്ഥരാണ്.

മണി: പിന്നെ ഫുൾഡേ അവിടെ നിൽക്കാൻ പറ്റ്വോന്ന് ജോസഫ് സാറ് ചോദിച്ചു.

വിജയൻ: എന്തു ശമ്പളം കിട്ടും?

മണി: എഴുന്നൂറു രൂപകിട്ടും. പിന്നെ ടിപ്പ് ധാരാളം കിട്ടുംത്രെ. വൈകുന്നേരാണ് റഷ് ഉണ്ടാവ്വാ.

വിജയൻ: എന്നാ, നാളെത്തന്നെ അവിടെ ഫുൾടൈം ചേർന്നോ...ജോസഫ് കുട്ടി നല്ലവനാ.

മണി: അപ്പൊ ഇവിട്യോ സാറെ. സാറ് ആക്കിത്തന്ന ജോലിയല്ലെ?

വിജയൻ: അതു സാരല്ല്യ. നീ നാളെത്തന്നെ അവിടെ ചേർന്നോ. ഞാൻ ജോസഫ് കുട്ടിക്ക് ഫോൺ ചെയ്തുപറയാം.

മണി: ശരി സാർ.

വിജയൻ ഒരിക്കൽകൂടി അവന്റെ പുറത്തു തട്ടി പോകുന്നു. മണി നോക്കി നിൽക്കുന്നു. അവന്റെ കണ്ണിൽ വെള്ളം നിറയുന്നുണ്ട്.

സീൻ - 27:

വിമല അടുക്കളയിൽ ജോലി എടുക്കുന്നു. അജിത് വരുന്നു. പഠിക്കുന്നിടത്തുനിന്ന് വരികയാണ്. ഒരു നിമിഷം അമ്മ കഷ്ണം നുറുക്കുന്നത് നോക്കി നിൽക്കുന്നു.

അജിത്: അമ്മേ, നീലു പറയ്യാണ്, അവള് ഒരു രാജകുമാര്യാണ്ന്ന്.

വിമല: (അത്ഭുതം അഭിനയിച്ച്) അത്യോ

അജിത്: ങ്ങാ, അവിടെ കാനഡയില് അവര് ഒരു കോട്ടയിലാണ് താമസിക്ക്ണ്ത്‌ത്രെ.

വിമല: ഉം?

അജിത്: ങ്ങാ. അവള് പറയണത് കാനഡയില് നമ്മള് പോയാൽ അവളുടെ അടുത്ത് ഇരിക്കാനൊന്നും പറ്റില്ലാത്രെ. നമുക്ക് സ്വാതന്ത്ര്യം കിട്ടീല്ലെ. അതോണ്ടാണ് ഇവിടെ നമുക്ക് അവള്‌ടെ അടുത്ത് ഇരിയ്ക്കാനൊക്കെ പറ്റുന്നത്. വിമല മുറിച്ചെടുത്ത കഷ്ണങ്ങൾ കഴുകി അടുപ്പത്ത് പാത്രത്തിലിടുന്നു. ജോലിയ്ക്കിടയിൽ ഇടയ്ക്ക് മകനെ നോക്കുന്നുണ്ട്, ചിരിക്കുന്നുണ്ട്.

അജിത്: അവള് ശരിക്കും രാജകുമാര്യാണ്ന്ന് തോന്നുണുട്ടൊ. അവളടെ കൈവിരലൊക്കെ എന്ത് ഭംഗ്യാണ്. ഈ മാസികേലൊക്കെ നെയിൽപോളിഷിന്റെ പരസ്യത്തിൽ കാണില്ല്യെ, അതുപോലെത്തെ വിരലുകളാണ്. (അവൻ സ്വന്തം വിരലുകൾ നോക്കുന്നു) എന്റെ വിരലൊന്നും അത്ര ഭംഗീല്ല്യ.

വിമല: നീ ഹോംവർക്കൊക്കെ ചെയ്തു കഴിഞ്ഞ്വോ?

അജിത്: ഇല്ല കുറച്ചു കൂടീണ്ട്.

വിമല: അച്ഛൻ വരുമ്പോഴേയ്ക്ക് അതും ചെയ്തുവെച്ചുകൂടെ?

അജിത്: ങ്ങാ, ഞാൻ പോവ്വാണ്.

Fade out.

സീൻ - 28:

അജിതിന്റെ മുറി - കാമറ കാണിക്കുന്നത് അവന്റെ മുഖത്താണ് അവൻ പെൻസിലും പിടിച്ച് എന്തോ ആലോചിച്ചു കൊണ്ടിരിക്കയാണ്. ചുറ്റും നടക്കുന്നതൊന്നും അറിയുന്നില്ല.

Camera cuts to Vijayan entering the room. വിജയൻ കടന്നു വന്ന് അവൻ എന്താണ് ചെയ്യുന്നതെന്ന് നോക്കുന്നു. ഓഫീസിൽ നിന്നു വന്ന വേഷമാണ്. അടുത്തെത്തിയിട്ടും അജിത് അറിയുന്നില്ല. ആലോചനയിൽത്തന്നെയാണ്. വിജയൻ ഒരു നിമിഷം അവനെ വിളിക്കാനൊരുങ്ങുന്നു. പിന്നെ അതു വേണ്ടെന്നു വെച്ച് തിരിച്ച് സ്വീകരണമുറിയിൽപോയി ഇരിക്കുന്നു. ഷൂസ് അഴിക്കുന്നു. ചായയുമായി വരുന്ന വിമലയോട്.

വിജയൻ: ഒരു കാര്യം ശ്രദ്ധിച്ചുവോ?

വിമല ചോദ്യഭാവത്തിൽ നോക്കുന്നു.

വിജയൻ: അജിത് ഇപ്പോൾ വീഡിയോ ഗെയിം തൊടുന്നില്ല. ആ സമയം അവൻ പഠിക്കുകയൊന്നുമല്ല. മനോരാജ്യം കാണുകയാണ്. എന്തായാലും വീഡിയോ ഗെയിം കളിച്ച് കണ്ണ് കേടുവരുത്തില്ലല്ലൊ.

വിജയൻ ചായ കയ്യിൽ വെച്ചുകൊണ്ട് മേശവലിപ്പ് തുറന്ന് ഒരു കാസറ്റെടുത്ത് ടേപ്പ് റെക്കോർഡിൽ ഇടുന്നു. ഒരു പഴയ ഹിന്ദിപാട്ട് വോള്യം കുറച്ച് വെക്കുന്നു.

Fade out

സീൻ - 29:

ഹോട്ടൽ ബ്രീസിന്റെ റെസ്റ്റോറണ്ട്. സമയം വൈകുന്നേരം എട്ടുമണി. റെസ്റ്റോറണ്ടിന്റെ ഒരു മൂലയിൽ ഒരു ചെറിയ പ്ലാറ്റ്‌ഫോമിൽ ബോണി ആന്റ് പാർട്ടിയുടെ പാട്ടു തകർക്കുന്നു. ‘We did’nt start the fire’ എന്ന പാട്ടാണ്. സൈക്കഡലിക് ലൈറ്റുകൾ വേണം. എല്ലാ മേശകളും ഒരു മാതിരി നിറഞ്ഞിട്ടുണ്ട്. മണി വെയ്റ്ററുടെ യൂണിഫോമിൽ സർവ് ചെയ്യുന്നു. ക്ലോസ്സപ്പിൽ കാണിക്കുന്ന മണിയുടെ മുഖം പ്രസന്നമാണ്.

cut to

സീൻ - 30:

അതേ രംഗം തന്നെ. പാട്ടു നിന്നിരിക്കുന്നു. സ്റ്റേജിൽ സംഗീതോപകരണങ്ങൾ അനാഥമായി കിടക്കുന്നു. ഇപ്പോൾ ബോണിയും കൂട്ടരും ഒരു മേശയ്ക്കു ചുറ്റും ഇരുന്ന് ഭക്ഷണം കഴിക്കുന്നു. മണിയാണ് സർവ് ചെയ്യുന്നുത്.

ബോണി: (സൈമനു നേരെ തിരിഞ്ഞ്) നമ്മുടെ സപ്ലൈ മുഴുവൻ കഴിഞ്ഞല്ലൊ.

സൈമൺ: ഇന്നേക്ക് ഇല്ലെ?

ബോണി: ഇല്ലെന്നു തലയാട്ടുന്നു.

സൈമൺ: ജോസഫേട്ടനോട് ചോദിച്ചാലോ?

ബോണി: നോ ചാൻസ്. ഇപ്പോൾ തന്നെ നാലുമാസത്തെ ശമ്പളം അഡ്വാൻസ് വാങ്ങിക്കഴിഞ്ഞു.

മറ്റു രണ്ടുപേരും ഇവരുടെ സംസാരത്തിൽ താൽപര്യമെടുക്കുന്നില്ല.

സൈമൺ: പെട്ടിക്കടയിൽ ഒന്നു ശ്രമിച്ചാലോ?

ബോണി: പതിനഞ്ചു രൂപ എണ്ണിക്കൊടുത്താലല്ലാതെ ചന്ദ്രൻ പൊതി പുറത്തെടുക്കില്ല.

സൈമൺ: പതിനഞ്ചുരൂപ എവിടെനിന്നുണ്ടാക്കും?

ബോണി: നമുക്കൊന്നുകൂടി ശ്രമിച്ചു നോക്കാം.

ഗ്ലാസ്സിലെ വെള്ളം മോന്തിക്കുടിച്ച് ഭക്ഷണം നിർത്തി എഴുന്നേൽക്കുന്നു. ബോണിയും സൈമണും റസ്റ്റോറണ്ടിനു പുറത്തു കടക്കുന്നു.

സീൻ - 31:

ഹോട്ടലിനു പുറത്തുള്ള പെട്ടിക്കട. വളരെ തിരക്കു പിടിച്ച് കച്ചവടം നടക്കുന്നു. മണി (ഹോട്ടൽ ബോയ്) ഒരു കസ്റ്റമർക്കു വേണ്ടി സിഗരറ്റ് വാങ്ങാൻ വന്നിരിക്കുന്നു. സിഗരറ്റു വാങ്ങി തിരിഞ്ഞപ്പോഴാണ് ബോണിയും സൈമണും വരുന്നത് കണ്ടത്. അവൻ ഒരു നിമിഷം നിൽക്കുന്നു.

ബോണി: ചന്ദ്രൻ ഒരു പൊതിയെടുക്ക്.

ചന്ദ്രൻ: ആദ്യം പണമെടുക്ക്.

ബോണി: പണമില്ല.

ചന്ദ്രൻ: എങ്കിൽ പൊതിയുമില്ല.

ബോണി: ചന്ദ്രൻ ഡിയർ, നമ്മൾ ഇത്ര പഴയ കസ്റ്റമേഴ്‌സ് ആയിട്ട് ക്രെഡിറ്റ് ഫെസിലിറ്റി തരേണ്ടതാണ്. ചന്ദ്രൻ കടയ്ക്കു മുമ്പിൽ തൂക്കിയിട്ട ഒരു പലക ചൂണ്ടിക്കാട്ടുന്നു. അതിൽ ഇന്നു റൊക്കം നാളെ കടം എന്നെഴുതിയിട്ടുണ്ട്.

ബോണി: ഇളിഞ്ഞ ചിരിയോടെ) അതൊക്കെ മറ്റുള്ളവർക്കു വേണ്ടി എഴുതിവെച്ചിട്ടുള്ളതല്ലെ?

ചന്ദ്രൻ (മറ്റൊരാൾക്ക് സിഗരറ്റ് എടുത്തുകൊടുത്ത് പണം വാങ്ങുന്നു പിന്നെ തിരിഞ്ഞ് ബോണിയോട്) അല്ല എല്ലാവർക്കും വേണ്ടിയുള്ളതാണ്.

ബോണി: ചന്ദ്രൻ, നമ്മളൊക്കെ പണ്ടും......

ചന്ദ്രൻ: സമയം കളയാതെ പോ മാഷെ.

ബോണി: (അടവു മാറ്റുന്നു. ഭീഷണിപ്പെടുത്തുന്ന സ്വരത്തിൽ) തന്നോട് നല്ലതു പറഞ്ഞാൽ ശരിയാവില്ല. തരാൻ ഭാവമുണ്ടോ?

ചന്ദ്രൻ: (ഉറപ്പിച്ച് ) ഇല്ല.

ബോണി ചന്ദ്രനെ അടിക്കാനോങ്ങുന്നു. ചന്ദ്രൻ കടക്കുള്ളിൽ നിന്ന് ഒരു കത്തിയുമായി പുറത്തു ചാടുന്നു.

ചന്ദ്രൻ: വാടാ ധൈര്യമുണ്ടെങ്കിൽ

ബോണി: (പെട്ടെന്ന് തണുത്ത് അനുരജ്ഞനത്തിൽ) ഞാൻ തമാശ പറഞ്ഞതല്ലെ അളിയാ നമ്മള് തമ്മില്.....പണ്ടും.....

ചന്ദ്രൻ: അതാ നല്ലത്. എന്റടുത്ത് കളിക്കാൻ വന്നോരൊന്നും ജീവനോടെ തിരിച്ചു പോയിട്ടില്ല. മനസ്സിലാക്കിക്കോ. (തിരിച്ച് കടയിൽ കയറുന്നു)

ബോണി: (സൈമനോട്) സ്ഥലം വിട്ടോടാ. (രണ്ടുപേരും പോകുന്നു.)

അതുവരെ നോക്കിനിൽക്കുകയായിരുന്ന മണി പെട്ടെന്ന് സ്വന്തം കയ്യിലുള്ള സിഗരറ്റ് പാക്കറ്റ് കാണുന്നു. പെട്ടെന്ന് ധൃതിയിൽ ഓടുന്നു.

സീൻ - 32:

വീടിന്റെ ഉമ്മറം. വിമലയും നീലിമയും സംസാരിച്ചുകൊണ്ടിരിക്കുന്നു. ചൂരൽ കസേരകളാണ് ഉമ്മറത്തുള്ളത്. അജിത് ഗെയ്റ്റ് കടന്നു വരുന്നു. കയ്യിൽ വെച്ചെഴുതാനുള്ള ഒരു ബോർഡിൽ ക്ലിപ്പിന്നടിയിൽ ചോദ്യക്കടലാസ്. കയ്യിൽ പെൻ. അജിതിനെ കാണുമ്പോൾ നീലു എഴുന്നേൽക്കുന്നു, അവന്റെ കയ്യിൽ നിന്ന് ചോദ്യക്കടലാസ് തട്ടിപ്പറിക്കാൻ ശ്രമിക്കുന്നു. അജിത് കൊടുക്കുന്നില്ല. അവസാനം ബലം പ്രയോഗിച്ച് അവന്റെ കയ്യിൽ നിന്ന് ചോദ്യക്കടലാസ് വാങ്ങിനോക്കുന്നു. ഓരോ കണക്കും പരിശോധിക്കുന്നു. ഒരു കണക്ക് തെറ്റിച്ചതായി മനസ്സിലാക്കുന്നു.

നീലു: (കയർക്കുന്നു) മാത്രം ഒന്ന് തെറ്റിച്ചു. വെറും കെയർലെസ് ആയിട്ടാണ്. ഞാൻ ഇന്നലെ പറഞ്ഞുതന്ന സം അല്ലെ. സെന്റ് പേർസന്റ് മാർക്കു കിട്ടുമായിരുന്നു. ഇപ്പോൾ നൈന്റി ഫൈവ് കിട്ടിയാലായി.

അജിത്: അമ്മേ വിശക്കുന്നു. ദോശ തരു.

വിമല: എഴുന്നേൽക്കുന്നു.

നീലു: നോക്കു ചേച്ചി ഈ മന്തൻ കാണിച്ചിരിക്കുന്നത്. സെന്റ് പേർസന്റ് കിട്ടേണ്ടതാണ്.

വിമല: (അവളുടെ തോളിൽ സ്‌നേഹപൂർവ്വം കൈ വെക്കുന്നു) മോളെ ഇത്രയെങ്കിലും ആയില്ലെ. നിന്റെ കഴിവുകൊണ്ട് മാത്രമാണ്. അവന് മാത്ത്‌സില് എത്ര കൊറച്ച് മാർക്കേണ്ടായിരുന്നുള്ളു.

cut to

സീൻ - 33:

നീലിമ അജിതിന് ട്യൂഷൻ കൊടുക്കുകയാണ്. അജിത് ട്യൂഷനുള്ള മുഡിലല്ല. അവൻ ഓരോ വികൃതി കാണിക്കുന്നു. നീലു ദ്യേഷ്യം പിടിച്ച് എഴുന്നേൽക്കുന്നു.

സീൻ - 34:

വിമല അടുക്കളയിൽ ജോലിയെടുക്കുന്നു. നീലു കടന്നുവരുന്നു.

നീലു: നോക്കു ചേച്ചി ഈ അജിത് ഞാൻ പറയുന്നതൊന്നും കേൾക്കുന്നില്ല. വെറുതെ ഉപദ്രവി ചെയ്തു കൊണ്ടിരിക്ക്യാണ്.

വിമല ചിരിക്കുന്നു.

നീലു: എന്താണ് ചേച്ചി ചിരിക്കുന്നത്?

വിമല: ഒന്നുമില്ല മോളെ. നിന്റെ വർത്തമാനം കേട്ടിട്ടു തന്നെ.

നീലു: അമ്മമ്മേം അതെ, ഞാൻ സംസാരിച്ചാൽ ചിരിയ്ക്കാൻ തുടങ്ങും. ഞാനെന്താ ചെയ്യാ എനിയ്ക്ക് മലയാളം അത്രെ അറിയു.

cut to

സീൻ - 35:

വിജയന്റെ ഓഫീസ് -

വിജയൻ ചേമ്പറിൽ സ്റ്റെനോ പെൺകുട്ടിയ്ക്ക് ഡിക്‌ടേറ്റു ചെയ്യുകയാണ്. പശ്ചാത്തലത്തിൽ ചുവരിലെ ക്ലോക്കിൽ 4.30 ആയി.

``We are in receipt of your letter No: so and so dated 15th instant and are glad to note that our offer is under your active consideration...”

ഫോൺ ബെല്ലടിക്കുന്നു. വിജയൻ ഡിക്ടേഷൻ നിർത്തി ഫോണെടുക്കുന്നു.

ഹല്ലോ, വിജയൻ ഹിയർ...അതെയതെ പോവ്വായി. കുറച്ചു കൂടി ജോലിയുണ്ട്......ഇന്ന് വീട്ടിലേക്കാണ്.....അയ്യോ ഇന്ന് വരാൻ പറ്റില്ല....ഭാര്യയോട് പറഞ്ഞിട്ടുള്ളതാണ്.....ഒരാഴ്ചയോ? നാലു ദിവസം മുമ്പ് വന്നതല്ലെ?...... മാത്യുസാറിനെ വെച്ചുകൂടെ.... തൽക്കാലം മാനേജ് ചെയ്യു. നാളെ, അല്ലെങ്കിൽ മറ്റന്നാൾ...ശരി വെക്കട്ടെ.

ഫോൺ വെക്കുന്നു.

വിജയൻ: (തിരിഞ്ഞ് മോളിയോട്) നമ്മൾ എവിടെയാണ് എത്തിയത്?

മോളി: under your active consideration.

വിജയൻ (ഡിക്ടേഷൻ തുടരുന്നു) As regards the clarfication for the various points raised by you....

Fade out.

സീൻ - 36:

ബീച്ചാണ് രംഗം. വിജയൻ, വിമല, നീലു, അജിത്. നടക്കുകയാണ്. വേലിയേറ്റം. വലിയ തിരകൾ മണലിലേക്ക് നാവുകൾ നീട്ടുന്നു.

വിമല: ഞങ്ങൾ ഈ ബീച്ചിൽ ആകെ രണ്ടു പ്രാവശ്യമേ വന്നിട്ടുള്ളു.

നീലു: (അത്ഭുതത്തോടെ) അതെന്താണ് കാരണം. ഇതു നല്ല ബീച്ചാണല്ലൊ.

വിമല: ബീച്ചൊക്കെ നല്ലതു തന്നെ. പക്ഷെ വരാനുള്ള മൂഡൊന്നും ഉണ്ടാവില്ല.

നീലു: നമുക്കിനി എല്ലാ ആഴ്ചയും ഇവിടെ വരണം.

വിജയൻ ഒന്നും പറയുന്നില്ല. പക്ഷെ അയാൾ സന്തുഷ്ടനാണ്. ഇടയ്ക്ക് നോക്കുമ്പോൾ അസ്തമയസൂര്യന്റെ വെളിച്ചം നീലുവിന്റെ മുഖം അരുണാഭമാക്കുന്നത് കാണുന്നു. ക്ലോസപ്പ് ഷോട്ടാണ് വേണ്ടത്. അവളെ ഏറ്റവും സുന്ദരിയായി കാണിക്കാവുന്ന ഷോട്ടാണത്. കാറ്റിൽ സിൽക്കുപോലുള്ള തലമുടി പാറുന്നു. കാതിലിട്ട വലിയ റിംഗ് ചാഞ്ചാടുന്നു. വിജയൻ ഒരു നിമിഷം ആ കാഴ്ച നിർന്നിമേഷനായി നോക്കുന്നു.

നീലു: (പെട്ടെന്ന് നിൽക്കുന്നു.) ചേട്ടാ നമുക്ക് ഇവിടെ ഇരിക്കാം.

വിജയൻ: ഇവിടെയോ?ഇവിടെ നനവല്ലെ?

നീലു: ഞങ്ങൾക്ക് ഇവിടെ ഒരു കാസിലുണ്ടാക്കണം.

വിമല: (വിജയനോട്) നമുക്ക് മുകളിൽ പോകാം. അവർ ഇവിടെ കളിച്ചോട്ടെ.

അവർ രണ്ടുപേരും മുകളിൽ ഉണങ്ങിയ മണലിലേക്കു നടക്കുന്നു. അവിടെ കടലിന്നഭിമുഖമായി ഇരിക്കുമ്പോൾ കാണുന്നത് നീലുവും അജിതും മണ്ണുമാന്തുന്നതാണ്.

കാമറ പാൻ ചെയ്യുമ്പോൾ കാണുന്നത് മറ്റു കുട്ടികൾ ഓടിക്കളിക്കുന്നതും മറ്റുമാണ്. കാമറ നീലുവിന്റെയും അജിതിന്റെയും അടുത്തെത്തി നിൽക്കുന്നു.

മീഡിയം ക്ലോസ് ഷോട്ട്.

നീലു ചുറ്റും നോക്കുന്നു. നാലഞ്ചുവാര അകലെ ഒറ്റയ്ക്ക് മണലിൽ കളിക്കുന്ന ഒരു ആറു വയസ്സുകാരനെ നോക്കുന്നു. അവന്റെ കയ്യിൽ മണ്ണു കുഴയ്ക്കാനുള്ള പ്ലാസ്റ്റിക് കൈക്കോട്ട് (കളിപ്പാട്ടം) ഒരു ചെറിയ പ്ലാസ്റ്റിക് ബക്കറ്റ് എന്നിവയുണ്ട്.

നീലു അജിതിനേയും കൂട്ടി അവന്റെ അടുത്ത് ചെല്ലുന്നു.

നീലു: നല്ല ഷോവെൽ, നല്ല ബക്കറ്റ്.

ആറു വയസ്സുകാരൻ മുഖമുയർത്തി നോക്കുന്നു.

നീലു: നിന്റെ കയ്യിൽ എല്ലാ സാധനങ്ങളുമുണ്ടല്ലൊ.

അവൻ തന്റെ കളിപ്പാട്ടങ്ങൾ ഓരോന്നായി അവൾക്കു കാണിച്ചു കൊടുക്കുന്നു. ചിലതിന്റെ പ്രയോഗങ്ങളും.

നീലു: ഇയ്യാള് ആള് ഒരു പ്രൊഫഷനലാണ്.

പയ്യൻ, അർത്ഥം മനസ്സിലായില്ലെങ്കിലും സന്തുഷ്ടനാവുന്നു.

നീലു: ഈ ഷോവെൽ ഞങ്ങൾ ബോറോ ചെയ്യട്ടെ?

പയ്യൻ സംശയിക്കുന്നു.

നീലു: ഞങ്ങൾ കുറച്ചു കഴിഞ്ഞിട്ട് തിരിച്ചു തരാം.

പയ്യൻ സംശയിക്കുന്നു. നീലു അടവു മാറ്റുന്നു.

നീലു: ഞങ്ങൾ ഇതാ ഇത്ര വലിയ ഒരു കാസില് ഉണ്ടാക്കാൻ പോവ്വാണ്. നിന്നെ അതിൽ പാർട്ടണറാക്കാം.

പയ്യൻ: എന്നീം കൂട്ട്വോ?

നീലു: പിന്നല്ലാതെ. പാർട്ടണറാക്കാംന്ന് പറഞ്ഞാൽ അതാണർത്ഥം.

അവൻ വേഗം അവന്റെ കളിസാമാനങ്ങളുമായി നീലുവിന്റെയും അജിതിന്റെയും ഒപ്പം പോകുന്നു. കാസിലിന്റെ പണി തുടങ്ങുന്നു.

shots കാണിക്കുമ്പോൾ കാസിലിന്റെ പണി പുരോഗമിക്കുന്നു.

കോട്ട നല്ല ഭംഗിയുള്ളതാണ്. പീരങ്കിഗോപുരങ്ങൾ, ചുറ്റും കിടങ്ങ്.

നീലു: (വിട്ടു നിന്നുകൊണ്ട്) ഇതാ ഇതു പോലത്തെ കാസിലാണ് ഞങ്ങടെ. ഈ മോട്ടില്ലെ, അതിലൊക്കെ വെള്ളംണ്ടാവും.

അജിതിന്റെ കണ്ണുകളിൽ അത്ഭുതം.

നീലു: (കാസിൽ ചൂണ്ടി) ഇതാ ഇതാണ് മെയിൻ ഹാൾ. റിസപ്ഷനും പാർട്ടിയും ഒക്കെ ഇവിടെയാണ് നടത്തുക. എന്റെ ബർത്ത്‌ഡേയും ഈ ഹാളിലാണ് സെലിബ്രേറ്റ് ചെയ്യുക.

അജിത്: അത്യോ.

നീലു: (ഉത്സാഹത്തോടെ) ങ്ങാ, എന്റെ ബർത്ത്‌ഡേയ്ക്ക് എത്ര പേരാണ് വര്വാന്നറിയ്യോ?

അജിത്: കൊറേ പേര് വര്വോ?

നീലു: ഉം. എല്ലാവരും റോയൽ ഫാമിലിയിൽ നിന്നായിരിക്കും റോയൽ ഫാമിലീന്ന് മാത്രെ ക്ഷണിക്കു. രാജകുമാരൻമാർ വലിയ എയർകണ്ടീഷൻ ചെയ്ത ലിമോസിനുള്ളിൽ വരും. മിക്കവാറും റോൾസ് റോയ്‌സ് കാറിലായിരിക്കും വരിക.

അജിത്: റോൾസ്‌റോയ്‌സ് നല്ല കാറാണോ?

നീലു: നല്ല കാറാണെന്നോ? അസ്സല് ചോദ്യം. ലോകത്ത് ഏറ്റവും കോസ്റ്റിലിയായ കാറാണത്. ടൂ ഹൺട്രഡ് തൌസന്റ് ഡോളറാണ് വില. അറിയ്യോ?

അജിത്: എന്നു വെച്ചാൽ?

നീലു: ഒരു ഡോളർന്ന് വെച്ചാൽ ട്വൊന്റി റുപ്പീസ്. ടു ഹൺ ട്രഡ് തൌസന്റ് ന്ന് വെച്ചാൽ ഫോർട്ടി ലാക്‌സ് റുപ്പീസ്.

ആറുവയസ്സുകാരൻ പയ്യൻ സംഭാഷണത്തിൽ വലിയ താൽപര്യമെടുക്കുന്നില്ല. അവൻ കാസിലിന്റെ ചുറ്റും ഇരുന്ന് അതിന്റെ ശില്പഭംഗി ആസ്വദിക്കുകയാണ്.

അജിത് ശരിക്കും അത്ഭുതപരതന്ത്രനായി നിൽക്കുകയാണ്.

അജിത്: നാൽപതു ലക്ഷം ഉറുപ്പിക ഒരു കാറിന്.

നീലു: ങ്ങാ, ഞങ്ങളുടെ വീട്ടിൽ രണ്ട് റോൾസ്‌റോയ്‌സുണ്ട്. ഒന്ന് ഡാഡിക്കും ഒന്ന് മമ്മിക്കും. എനിക്ക് ഒരു സിത്രിയോൺ കാറാണുള്ളത്.

അജിത്: നീലുവിന് കാറോടിക്ക്യാനൊക്കെ അറിയ്വോ?

നീലു: അറിയാം. പക്ഷെ അതിന്റെ ആവശ്യമൊന്നുമില്ല. ഞങ്ങൾക്ക് ഷോഫറെല്ലാമുണ്ട്.

അജിത്: ഷോഫറെന്നു വെച്ചാൽ?

നീലു: (അക്ഷമയോടെ) ഡ്രൈവർ, യു ഇഡിയറ്റ്. വല്യകാറുകളാവുമ്പൊ ഷോഫർ എന്നാ പറയ്വാ.

അജിത്: പക്ഷെ രാജാക്കന്മാരൊക്കെ കുതിരപ്പുറത്തല്ലെ യാത്ര ചെയ്യുക?

നീലു: അതൊക്കെ പണ്ട്. എന്റെ മുത്തച്ഛൻ രാജാവായിരുന്ന കാലത്ത്. മുത്തച്ഛൻ ഫൈറ്റിംഗിനൊക്കെ പോയിരുന്നത് കുതിരപ്പുറത്താണ്.

അജിത്: നീലുവിന്റെ മുത്തച്ഛൻ ഫൈറ്റിംഗിനൊക്കെ പോവാറുണ്ടൊ?

നീലു: മുത്തച്ഛൻ വലിയ ഫൈറ്ററായിരുന്നു. കുറെ കൺട്രീസ് കോൺകർ ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് കാരോടൊക്കെ എത്ര പ്രാവശ്യം ഫൈറ്റ് ചെയ്തിട്ടുണ്ടെന്നോ. മുത്തച്ഛന്റെ ഷീൽഡും സ്വേഡും ഇപ്പോഴും വീട്ടിലുണ്ട്. ഷീൽഡിന്മേലും, സ്വേഡിന്റെ പിടിയിലും ഒക്കെ ഡയമൺസ് പതിച്ചിട്ടുണ്ട്.

അജിത്: അത് കാണാൻ പറ്റ്വോ?

നീലു: ഉം. നിനക്ക് ധൈര്യമുണ്ടെങ്കിൽ പോയി നോക്ക്. എല്ലാം തട്ടിൻ പുറത്താണ് വെച്ചിരിക്കുന്നത്.

സൂര്യാസ്തമയം കാണിക്കണം. കാമറ പാൻ ചെയ്യുമ്പോൾ വിജയനും വിമലയും എഴുന്നേറ്റ് വസ്ത്രങ്ങളിലെ മണൽ തട്ടിക്കളഞ്ഞ് എഴുന്നേറ്റ് വരുന്നു. കോട്ട കണ്ട് അത്ഭുതപ്പെടുന്നു. രണ്ടു പേരും ഒപ്പം പറയുന്നു.

രണ്ടുപേരും: ഹായ് എന്തു ഭംഗിയുള്ള കോട്ട.

അജിത്: അമ്മേ, നീലു ഇതുപോലത്തെ ഒരു കോട്ടയിലാത്രെ കാനഡയില് താമസിക്കുന്നത്.

നീലു: (സൂത്രത്തിൽ വിഷയം മാറ്റുന്നു) ചേച്ചി അജിതിന്റെ ബർത്ത്‌ഡേ എന്നാണ്?

വിമല: ഇരുപതാന്തി. എന്തേ?

നീലു: നമുക്ക് നന്നായി സെലിബ്രേറ്റ് ചെയ്യണം.

വിജയൻ: (വാച്ചു നോക്കി) നമുക്ക് പോകാം. അവർ പോകാൻ തിരിയുന്നു. നീലു കളിപ്പാട്ടം പയ്യന്റെ കയ്യിൽ ഏൽപിച്ച് താങ്ക്‌സ് പറയുന്നു. അവർ നടന്നകലുന്ന ഷോട്ട്. അതു നോക്കി നിൽക്കുന്ന പയ്യന്റെ നേരെ കാമറ തിരിയുന്നു. അവർ നടന്നുനീങ്ങിക്കഴിയുമ്പോൾ അവൻ കോട്ടയുടെ അടുത്ത് നിൽക്കുന്നു. ഇപ്പോൾ അതിന്റെ സർവ്വാധികാരവും തനിക്കാണെന്ന മട്ടിൽ.

Fade out

സീൻ - 37:

ഗുഹയിൽ. നാലുപേരും റിഹേഴ്‌സലിനു തയ്യാറെടുക്കുകയാണ്. ഗിത്താർ ട്യൂൺ ചെയ്യുന്നു. പരിശോധിക്കുന്നു. ഡോർബെൽ അടിക്കുന്നു. പള്ളിമണിയുടേതുപോലുള്ള ശബ്ദമാണ്. നാലുപേരും മുഖമുയർത്തുന്നു.

സീൻ - 37എ:

വാതിലിനു പുറത്ത് നീലിമ കാത്തു നിൽക്കുന്ന ഷോട്ട്.

സീൻ - 37ബി:

ഉള്ളിൽ

ബോണി: ഫ്രന്റ് ഓർ ഫോ? (സൈമനോട്.) ഗിമ്മി എ കോയിൻ.

സൈമൺ: ഞാൻ തരില്ല. ടോസ് ചെയ്യാൻ വാങ്ങിയ കണക്കിൽ നീ എനിക്ക് പത്തുരൂപയിലധികം തരാനുണ്ട്.

ബോണി: ബീ നൈസ്. ഞാൻ ഈ മാസം എല്ലാം വീട്ടാം. ഹോട്ടൽ ബ്രീസിലെ പണം കിട്ടിയാൽ ആദ്യം നിന്റെ കടം വീടും. സൈമൺ മനസ്സില്ലാമനസ്സോടെ ഒരു ഇരുപത്തഞ്ചു പൈസ നാണ്യം കൊടുക്കുന്നു. ബോണി അതു വാങ്ങി പരിശോധിക്കുന്നു. തീരെ തൃപ്തികരമല്ലെന്ന മട്ടിൽ സൈമനെ നോക്കുന്നു.

ബോണി: ഇത്ര ചെറിയ കോയ്ൻ കൊണ്ട് ടോസ് ചെയ്താൽ മനസ്സിലാവില്ല. ചുരുങ്ങിയത് ഒരു രൂപയെങ്കിലും വേണം.

ബെൽ വീണ്ടും അടിക്കുന്നു.

ബോണി: ഓൾ റൈറ്റ്.

ടോസ് ചെയ്യുന്നു

ബോണി: ഫ്രെന്റാണ്. നാണ്യം സൈമനെ നോക്കിക്കൊണ്ട് സ്വന്തം കീശയിൽ നിക്ഷേപിക്കുന്നു.

വാതിൽ തുറക്കുന്നു.

നീലിമ: (അകത്തു കടന്ന്) ഹായ് എവരിബഡി. ഹിയർ ഐയാം.

ബോണി ഒഴികെ ആരും താൽപര്യം കാണിക്കുന്നില്ല.

ബോണി: (നിരാശ അഭിനയിച്ചുകൊണ്ട്) ഓ, ഇറ്റ്‌സ് യു?

നീലിമ: Were you expecting Madonna?

സൈമൺ: ഞാൻ പറയാറില്ലെ, തന്റെ ടോസ്സിംഗ് ഒന്നും ശരിക്കുള്ള റിസൽട്ടല്ല തരിക എന്ന്.

നീലിമ: എന്തിനാണ് ടോസ്സിംഗ്?

ബോണി: യു. സി. ബെല്ലടിച്ചാൽ പുറത്തുള്ള ആൾ ഫ്രന്റാണോ എനിമിയാണോ എന്നു നോക്കാൻ ഞങ്ങൾ ഒരു കോയ്ൻ ടോസ്സ് ചെയ്യാറുണ്ട്.

സൈമൺ: ബോണിയുടെ ഒരു പ്രധാനപ്പെട്ട വരുമാനമാർഗ്ഗവും അതാണ്.

നീലിമക്ക് മനസ്സിലാവുന്നില്ല. ബോണി വിഷയം മാറ്റുന്നു.

ബോണി: ഞങ്ങൾ ഒരു പുതിയ പാട്ട് റിഹേഴ്‌സ് ചെയ്യുകയാണ്.

നീലിമ: ഏതു പാട്ട്?

ബോണി: ബാഡ് ലവ്.

നീലിമ: എറിക് ക്ലാപ്റ്റൻ? ഓ ഇക്കൊല്ലത്തെ ഗ്രാമിയിലുള്ളതാണ്. ഞാൻ കണ്ട ഗ്രാമിയാണ്.

ബോണി: വീഡിയോവിലല്ലെ?

നീലിമ: അല്ല. ലൈവ്.

ബോണി അത്ഭുതപ്പെടുന്നുണ്ട്. കണ്ണുകളിൽ നീലിമയോട് ആദരവ്.

നീലിമ: ഇവരുടെയൊക്കെ ആട്ടോഗ്രാഫ് എന്റെ കയ്യിലുണ്ട്.

ബോണി: റിയലി?

നീലിമ: എസ്. മൈക്കൽ ബോൾട്ടൻ, ലൈസ മിനെല്ലി, മഡോണ, ബില്ലി ജോയ്ൽ എല്ലാം.

ബോണി: ഞങ്ങളെ കാണിക്കുമോ?

നീലിമ: എല്ലാം കാനഡയിലെ വീട്ടിലാണ്. ഞാൻ ഇങ്ങോട്ടു കൊണ്ടുവന്നിട്ടില്ല.

ബോണി: (നീലിമ പറയുന്നത് വിശ്വസിച്ചിരിക്കുന്നു. എങ്കിലും ഒന്നുറപ്പിക്കാനായി ചോദിക്കുന്നു) ആർ യു പുള്ളിംഗ് ദ റഗ്?

നീലിമ: സേർട്ടൻലി നോട്ട്. ഇറ്റ്‌സ് മച്ച് ഈസിയർ ദേർ ടു മീറ്റ് ദെം (വിഷയം മാറ്റാനായി) വെൽ വൈനോട്ട് യു സിംഗ് 'ബാഡ് ലവ്.'

ബോണി: ഹിയർ വിയാർ. വൺ, ടു, ത്രീ........ (വാദ്യങ്ങൾ ശബ്ദിക്കുന്നു.)

ബോണി: പാട്ടു തുടങ്ങുന്നു. നീലിമ പാട്ടിനനുസരിച്ച് ഡാൻസ് ചെയ്യുന്നുണ്ട്. പാട്ടു പകുതിയാവുമ്പോൾ ബോണി നിർത്തുന്നു.

ബോണി: എനിക്കൊരു ഐഡിയ.

എല്ലാവരും അയാളെ നോക്കുന്നു.

ബോണി: നമ്മുടെ ഈ ആഴ്ചത്തെ വീക്കെന്റ് പ്രോഗ്രാം ഒരു പിക്‌നിക് ആക്കിയാലോ? നമുക്ക് ഷീലയേയും മെഴ്‌സിയേയും വിളിക്കാം. വേണമെങ്കിൽ കമലയെയും. (നീലിമയോട്) വിൽ യു ജോയ്‌നസ്.

നീലിമ: പിക്‌നിക്കാണോ, ഓ ഷുവർ. എവിടെയാണ്.

ബോണി: വാഴച്ചാൽ എന്ന സ്ഥലം. ഒരു വെള്ളച്ചാട്ടമുണ്ട്. നല്ല സിനിക് ബ്യൂട്ടിയാണ് പിക്‌നിക്കിനു പറ്റിയ സ്ഥലം.

നീലിമ: ശരി വരാം.

ബോണി (സന്തോഷത്തോടെ ചാടുന്നു) So here we go.........

സീൻ - 38:

ഒരു വെള്ളച്ചാട്ടമാണ് പെട്ടെന്ന് കാണുക. ക്യാമറ പാൻ ചെയ്യുമ്പോൾ പിക്‌നിക് ചെയ്യുന്ന ചെറുപ്പക്കാരെ കാണുന്നു. എല്ലാവരുടെ കയ്യിലും ഓരോ സംഗീതോപകരണങ്ങൾ ഉണ്ട്. നാലു പെൺകുട്ടികളുമുണ്ട്. ഒന്ന് നീലിമ.

അവർ ഒരു കളിക്കൊരുങ്ങുകയാണ് കളിയുടെ ഐഡിയ പെൺകുട്ടികളാണ് കൊടുക്കുന്നത്. കടലാസു കഷ്ണങ്ങൾ ഒരു ടിന്നിലാക്കി കുലുക്കി ഓരോരുത്തരും എടുക്കുന്നു. ഓരോരുത്തരായിട്ട് എടുക്കുകയാണ് വേണ്ടത്. എടുത്ത കടലാസിൽ എന്താണെഴുതിയത് എന്നു വെച്ചാൽ അതു പോലെ ചെയ്യണം. അതാണ് കളി. കളി തുടങ്ങുന്നു.

മെഴ്‌സി എന്ന പെൺകുട്ടിയാണ് compere ചെയ്യുന്നത്. ആദ്യം നറുക്കെടുക്കുന്നത് ബോണിയാണ്. മേഴ്‌സി അതു വാങ്ങിവായിക്കുന്നു.

കിസ് ദ ക്യൂട്ടസ്റ്റ് പേർസൺ.

ബോണി നാലു പെൺകുട്ടികളെയും അടുത്തു പോയി പരിശോധിക്കുന്നു. ഓരോരുത്തരും താൻ തെരഞ്ഞെടുക്കപ്പെടും എന്ന പ്രത്യാശയോടെ ഉമ്മ കിട്ടാൻ തയ്യാറായി നിൽക്കുന്നതായി കാണിക്കുന്നു. അവസാനം ബോണി നീലിമയുടെ കവിളിൽ ഉമ്മവെക്കാൻ ശ്രമിക്കുന്നു. നീലിമ മാറി കൈ കാണിച്ചു കൊടുക്കുന്നു.

നീലിമ: കയ്യിൽ കിസ് ചെയ്താൽ മതി.

മറ്റു പെൺകുട്ടികൾക്ക് ബോണി നീലിമയെ തെരഞ്ഞെടുത്തത് ഇഷ്ടപ്പെട്ടില്ല. പ്രത്യേകിച്ചും ഷീലക്ക്. അടുത്തത് അവളുടെ ഊഴമാണ്. അവൾ നറുക്കെടുക്കുന്നു. മേഴ്‌സി വാങ്ങി വായിക്കുന്നു.

ഏറ്റവും ഭംഗി കുറഞ്ഞ ആളെ തല്ലണം.

ഷീല പിന്നീട് ഒന്നും ആലോചിക്കാതെ ബോണിയെ പോയി തല്ലുന്നു. ബോണി പ്രതിഷേധിക്കുന്നു.

ബോണി: ഞാനാണോ ഏറ്റവും ഭംഗി കുറഞ്ഞത്

ഷീല: ആ, നീലിമ ക്യൂട്ടെസ്റ്റാണെങ്കിൽ താൻ അഗ്ലിയസ്റ്റുമാണ്.

ബോണി: വഴക്കിടുന്നു. എല്ലാവരും കൂടി അതു ഒത്തു തീർപ്പാക്കുന്നു. അടുത്ത ഊഴം നീലിമയുടെതാണ്. അവൾ നറുക്കെടുത്ത് മേഴ്‌സി വാങ്ങി വായിക്കുന്നു.

ആക്ട് ലൈക് എ മങ്കി.

എല്ലാവരും ചിരിക്കുന്നു. നീലിമ കൂസുന്നില്ല. അവൾ എല്ലാവർക്കും നടുവിൽ വന്നിരുന്ന് ഒരു കുരങ്ങ് കാണിക്കുന്നപോലെയെല്ലാം കാണിക്കാൻ തുടങ്ങുന്നു.

ബോണി ഗിത്താറെടുത്തു മീട്ടുന്നു. സൈമൺ ഡ്രമ്മും മറ്റുള്ളവർ അവരവരുടെ ഉപകരണങ്ങളും വായിക്കുന്നു. ഒരു പാട്ടിനു തുടക്കം. നീലിമയുടെ കുരങ്ങുകളി ഒരു നൃത്തമായി മാറുന്നു. അതിൽ എല്ലാവരും പങ്കു ചേരുന്നു. പാട്ട് അവസാനിക്കുന്നതോടെ...

Fade out

സീൻ - 39:

വീടിന്റെ ഗെയ്റ്റ് കടന്ന് വിമലയും നീലിമയും വരുന്നു. പുറത്തു നിന്ന് എന്തോ ഷോപ്പിംഗ് കഴിഞ്ഞ് വരികയാണ്. രണ്ടുപേരുടെ കയ്യിലും ഓരോ ഷോപ്പിംഗ് ബാഗുണ്ട്. സംസാരിച്ചുകൊണ്ടാണ് വരവ്.

കാമറ പാൻ ചെയ്യുമ്പോൾ മതിലരികിൽ അയൽവീട്ടിലെ സ്ത്രീ അല്പം അസൂയയോടെ നോക്കി നിൽക്കുന്നതാണ് കാണുന്നത്. വിമല ആ സ്ത്രീയെ കാണുന്നില്ല. അവർ ശബ്ദമുണ്ടാക്കി വിമലയുടെ ശ്രദ്ധ ആകർഷിക്കുന്നു. വിമല തലയുയർത്തി നോക്കുമ്പോൾ ആ സ്ത്രീ വിളിക്കുന്നു.

ആ സ്ത്രീ (മാധവി): ഇപ്പോൾ കാണാറെയില്ലല്ലൊ. വളരെ ബിസിയാണെന്നു തോന്നുന്നു. വിമല ബാഗ് നീലുവിനെ ഏല്പിച്ച് അരമതിലിന്നടുത്തേക്ക് പോകുന്നു. നീലു രണ്ടു ബാഗും പിടിച്ച് വീട്ടിലേക്ക് നടക്കുകയാണ്.

വിമല: ഏയ് തിരക്കൊന്നുമില്ല.

മാധവി: അല്ല, ഇപ്പൊ കാണാറേ ഇല്ല.

വിമല: നീലു ഇടക്ക് വരും. അപ്പോൾ അവളോട് സംസാരിച്ച് സമയം പോകും.

മാധവി: ഷോപ്പിംഗ് ആയിരുന്നല്ലെ. എന്തൊക്കെയാ വാങ്ങിയ്?

വിമല: ഏയ് ഒന്നുംല്ല്യ. നാളെ മോന്റെ പിറന്നാളാണ്. കുട്ടികൾക്കുവേണ്ടി ഒരു പാർട്ടി നടത്ത്‌ണ്‌ണ്ട്‌. നീലു നിർബ്ബന്ധിക്കണോണ്ടാണ്. മക്കളെ പറഞ്ഞയക്കണംട്ടോ. നാളെ വൈകുന്നേരം അഞ്ചുമണിക്കാണ്.

മാധവി: (സ്വരം താഴ്ത്തി) ഇന്നലെ നമ്മുടെ അയൽവക്കത്ത് ഒരൂട്ടം ഒക്കെണ്ടായി.

വിമല: എവിടെ?

മാധവി വിരൽകൊണ്ട് ചൂണ്ടിക്കാട്ടുന്നു.

വിമല: (താൽപര്യമെടുക്കുന്നില്ല) ഞാൻ പോട്ടെ. നീലു കാത്തിരിക്കുന്നുണ്ടാവും. താക്കോല് എന്റെ കൈയ്യിലാ.

മാധവി: ഇന്നലെയും അയാൾ വന്നിരുന്നു. എന്നിട്ട് എന്തുണ്ടായീന്ന് കേൾക്കണോ?

വിമല: ഞാൻ കുറച്ചു കഴിഞ്ഞിട്ട് വരാം.

മാധവി: ഇല്ല ഞാൻ ഇപ്പൊത്തന്നെ പറയാം.

അപ്പോഴേക്കും നീലു ഉറക്കെ വിളിക്കുന്നു. വിമലചേച്ചീ.......

വിമല:(ആശ്വാസപൂർവ്വം) ഞാൻ വൈകുന്നേരം വരാം. (ധൃതി പിടിച്ച് പോവുന്നു. പോവുമ്പോൾ വിളിച്ചു പറയുന്നു.) നാളെ മക്കളെ പറഞ്ഞയക്കണം കേട്ടോ....

cut to

സീൻ - 40:

വീട്ടിന്റെ ഹാളിൽ പിറന്നാൾ ആഘോഷത്തിന്റെ തയ്യാറെടുപ്പ്. ക്രേപ്പ് പേപ്പർ കെട്ടി മുറി അലങ്കരിക്കുന്നു. ബലൂണുകൾ തൂക്കുന്നു. കൊച്ചു പാക്കറ്റുകളിൽ മിട്ടായി, ബലൂൺ, പ്ലാസ്റ്റിക് വിസിൽ മുതലായവ നിറയ്ക്കുന്നു.

അജിത്: ഈ പാക്കറ്റൊക്കെ എന്തിനാ?

നീലു: ഇതെല്ലാം പാർട്ടികഴിഞ്ഞ് പോവുമ്പോൾ ഓരോ കുട്ടിക്കും കൊടുക്കാനാണ്. (അവൾ ഒരു പാക്കറ്റ് തൂക്കിപ്പിടിച്ച് കാണിക്കുന്നു. പാക്കറ്റുകൾക്ക് തൂക്കിപ്പിടിക്കാനുള്ള കാതുണ്ട്.)

അജിത്: (വളരെ ഇഷ്ടമാവാതെ) നമ്മളെന്തിനാ ഇതൊക്കെ കൊടുക്കുന്നത്?

നീലു: പാർട്ടിക്ക് വരുമ്പോൾ അവർ അജിതിന് പ്രസന്റ് കൊണ്ടുവരില്ലെ? അപ്പോൾ അവർക്ക് എന്തെങ്കിലും പകരം കൊടുക്കേണ്ടെ.

അജിത്: അവർ വരുമ്പോൾ എനിക്ക് പ്രസന്റ് കൊണ്ടുവര്വോ?

നീലു: പിന്നെ ഇല്ലാതെ. ആരെങ്കിലും എംറ്റിഹാൻഡഡ് ആയി വര്വോ?

അജിതിനു സന്തോഷം. അവൻ കൂടുതൽ ആക്ടീവ് ആകുന്നു.

നീലു: നീ എന്റെ വീട്ടിൽ പോയി എന്റെ മുറീല് മേശപ്പുറത്ത് നാല് കാസറ്റ് വെച്ചിട്ടുണ്ട്. അതെടുത്തു കൊണ്ടുവാ. ഇംഗ്ലീഷ് കാസറ്റാണ്.

അജിത് ഓടുന്നു. നീലു നടുവിലെ ടീപ്പോയ്‌മേലുള്ള സാധനങ്ങളെല്ലാം മാറ്റി വൃത്തിയുള്ള മേശവിരി വിരിക്കുന്നു. അജിത് തിരിച്ചുവന്ന് നാല് ഇംഗ്ലീഷ് കാസറ്റുകൾ നീലുവിനെ ഏൽപ്പിക്കുന്നു. ഒരു കാസറ്റ് ടേപ് റിക്കാർഡറിൽ ഇട്ട് ഉറക്കെ പാട്ടു വെക്കുന്നു. കേക്ക് കടലാസുപെട്ടിയിൽ നിന്നെടുത്ത് മേശമേൽ വെക്കുന്നു. നിറങ്ങളുള്ള ചെറിയ എട്ടു മെഴുകുതിരികൾ കേക്കിന്മേൽ കത്തി നിർത്തുന്നു.

കുട്ടികൾ ഒന്നും രണ്ടുമായി വരുന്നു. 3 - 4 മുതൽ പത്തുപന്ത്രണ്ടു വയസ്സുവരെയുള്ള കുട്ടികൾ മതി. ചിലർ ചേച്ചിമാരുടെ കൈ പിടിച്ചാണ് വരുന്നത്. ചിലർ ഒറ്റക്ക്. ആദ്യം വന്ന പെൺകുട്ടി ഒരു ചെറിയ സമ്മാനപ്പൊതി അനുജന്റെ കയ്യിലുള്ളത് അജിതിന് കൊടുക്കാൻ പറയുന്നു. അവനതു കൊടുക്കാൻ മടി. ചേച്ചി അവനെ പറഞ്ഞു മനസ്സിലാക്കുന്നു. അവസാനം മനസ്സില്ലാ മനസ്സോടെ അവൻ കൊടുക്കുന്നു. മറ്റു പല കുട്ടികളും വന്ന ഉടനെ അജിത്തിന്റെ കയ്യിൽ സമ്മാനങ്ങൾ കൊടുക്കുന്നുണ്ട്. പിന്നെ പിന്നെ അജിത് വാതിൽക്കൽ തന്നെ നില്പായി. ഓരോ കുട്ടികൾ വരുമ്പോഴും സമ്മാനം അവരുടെ കയ്യിൽ നിന്ന് ഒരു മാതിരി തട്ടിപ്പറിച്ചു തന്നെ വാങ്ങുന്നു. ഒരു കുട്ടി വെറും കയ്യോടെയാണ് വന്നത്. അജിത് കൈ നീട്ടി വിഡ്ഡിയാവുന്നു. അമളി പറ്റിയത് ആരെങ്കിലും കണ്ടോ എന്നു നോക്കി, പതുക്കെ അമ്മയുടെ അടുത്തേക്കു നീങ്ങുന്നു. അവൻ അമ്മയെ തോണ്ടി പതുക്കെ ചെവിയിൽ പറയുന്നു

അജിത്: അമ്മേ, രാജൂ പ്രസന്റേഷൻ ഒന്നും കൊണ്ടുവന്നിട്ടില്ല.

വിമല: സാരമില്ല മോനെ. അതു കൊണ്ടുവരണംന്ന് നിർബ്ബന്ധം ഒന്നുംല്ല്യ.

അജിത്: അപ്പൊ രാജൂന് കേക്ക് കൊടുക്കണ്ട അല്ലെ?

വിമല: അതു പറ്റില്ല. കേക്ക് എല്ലാവർക്കും കൊടുക്കണം. ഞാൻ പറഞ്ഞില്ലെ പ്രസന്റേഷൻ എല്ലാവരും കൊണ്ടു വരണംന്ന് നിർബ്ബന്ധല്ല്യ. മോനെ നീ അങ്ങോട്ടു ചെല്ല്.

സംഗീതം ഉച്ചത്തിലാവുന്നു. കുട്ടികളെ നീലു ഡാൻസ് ചെയ്യിക്കുന്നു. അവൾ ഒരു കോമാളിത്തൊപ്പി അണിഞ്ഞിട്ടുണ്ട്.

തുറന്ന വാതിലിലൂടെ വിജയൻ വരുന്നു. ക്ഷീണിച്ച മുഖം. കാണുന്ന കാഴ്ചകൾ തീരെ രസിക്കുന്നില്ല. ഇതൊന്നും പ്രതീക്ഷിച്ചില്ല എന്ന് സ്പഷ്ടം. അയാൾ പോയി ടേപ്പ് റെക്കോർഡറിന്റെ ശബ്ദം കുറക്കുന്നു.

നീലു: (ഉറക്കെ വിളിച്ചു പറയുന്നു.) ചേട്ടൻ വന്നു. ഇനി കേക്ക് മുറിക്കാം.

എല്ലാവരും മേശക്കു മുമ്പിൽ പൊതിഞ്ഞു നിൽക്കുന്നു. വിജയൻ കുട്ടികൾക്ക് സ്‌ക്വാഷ് കൂട്ടിനിൽക്കുന്ന വിമലയുടെ അടുത്ത് ചെല്ലുന്നു.

വിജയൻ: എന്തൊക്ക്യാണ് ഇവിടെ നടക്കണത്. ക്ഷീണിച്ച് ഒരു ചായയും കുടിച്ച് ഒരു ഭാഗത്തിരിക്കാംന്ന് കരുതി വന്നതാണ്.

വിമല: ഞാൻ ചായ ഇപ്പൊ ഉണ്ടാക്കിക്കൊണ്ടരാം. നോക്കു എല്ലാം നീലു ചെയ്തതാണ്. കുട്ടികൾക്കൊക്കെ എന്തിഷ്ടായിരിക്കുന്നു. അജിതിന്റെ കാര്യം പറയണ്ട. നിങ്ങൾ ഇതിലൊക്കെ കൂടു. ഇഷ്ടാവും.

മേശക്കു ചുറ്റും വട്ടമിട്ടു നിൽക്കുന്ന ചിടുങ്ങൻമാരുടെയും ചിടുങ്ങികളുടെയും മുഖങ്ങൾ ക്ലോസപ്പിൽ കാണിക്കണം. അതിനിടയ്ക്ക് ഒരു മൂന്നു വയസ്സുകാരൻ തന്റെ ചേച്ചിയോട് ചോദിക്കുന്നു. (ഉറക്കെ)

കുട്ടി: ചേച്ചീ ഈ കേക്ക് നമക്ക് തിന്നാൻ കിട്ടില്ല്യെ?

നീലു: (ചുണ്ടിൽ വിരൽ വെച്ച്) ശ്ശ്, ശ്ശ്.

അവൾ പോയി ടേപ്പ് റിക്കാർഡർ ഓഫാക്കുന്നു. വിജയൻ ഇപ്പോഴും അല്പം വെറിയോടെ, അസഹനീയതയോടെ എല്ലാം നിരീക്ഷിക്കുന്നു. വിമല കൊണ്ടുവരുന്ന ചായ മൊത്തിക്കുടിക്കുന്നു.

നീലു: അജിത് ഈ എയ്റ്റ് കാന്റിൽസും ഒറ്റ ശ്വാസത്തിൽ ഊതിക്കെടുത്തണം. എന്നിട്ട് ഈ കത്തിയെടുത്ത് കേക്ക് മുറിക്കണം. ഞാൻ പറഞ്ഞുതരാം. അപ്പോൾ എല്ലാവരുംകൂടി ഹാപ്പി ബർത്ത്‌ഡേ പാടണം.

അജിത് മെഴുകുതിരികൾ ഊതി കെടുത്തുന്നു. നീലു കാണിച്ചുകൊടുത്ത മാതിരി ഒരു കഷ്ണം മുറിച്ചെടുക്കുന്നു. കുട്ടികളെല്ലാം കൈകൊട്ടി പാടുന്നു. ഹാപ്പിബർത്ത് ഡേ ടു അജിത്..... ക്രമേണ വിജയന്റെ മൌഢ്യം അകലുന്നതു കാണിക്കണം. അവസാനം കേക്ക് മുറിക്കുമ്പോഴേക്ക് കുട്ടികൾക്കൊപ്പം പാടാൻ അയാളും കൂടുന്നു.

Fade out

ഈ തിരക്കഥയെക്കുറിച്ച്


കലാകൗമുദി 1987 മെയ് മാസം രണ്ടാം ലക്കത്തില്‍ പ്രസിദ്ധീകരിച്ച കാനഡയിൽ നിന്നൊരു രാജകുമാരി എന്ന സ്വന്തം ചെറുകഥയെ അടിസ്ഥാനമാക്കി ഹരികുമാര്‍ തയ്യാറാക്കിയ തിരക്കഥ. ഫീച്ചര്‍ ഫിലിമിനോ ടെലിവിഷന്‍ സീരിയലിനോ ഉപയോഗപ്പെടുത്താവുന്ന രീതിയിലാണ്‌ ഈ തിരക്കഥ തയ്യാറാക്കിയിരിയ്ക്കുന്നത്.

ഈ തിരക്കഥ സിനിമയോ, ടെലിവിഷന്‍ സീരിയലോ, ടെലിഫിലിമോ ആക്കുന്നതിനു താത്പര്യമുള്ളവര്‍ ബന്ധപ്പെടുക......
e.harikumar.novelist@gmail.com