|| Novel

ഉറങ്ങുന്ന സര്‍പ്പങ്ങള്‍

ഇ ഹരികുമാര്‍

- 2 -

എയർകണ്ടീഷൻ ചെയ്ത റെസ്റ്റോറണ്ടിനു പുറത്ത് ചായ്പിൽ മേശകളിട്ടതിൽ ഒന്നിനു മുമ്പിൽ അയാൾ കാത്തിരുന്നു. പുറത്ത് നിരത്തിൽ വൈകുന്നേരത്തെ തിരക്കായിരുന്നു. അതു നോക്കി നിൽക്കാൻ അയാൾക്കിഷ്ടമായിരുന്നു. നോക്കി നിൽക്കെ ഒരു ജീൻസും ടോപ്പും ധരിച്ച് വലിയ ഗോഗിൾസും ഇട്ട ഒരു പെൺകുട്ടി ഫുട്പാത്തിൽ നിന്ന് റെസ്റ്റോറണ്ടിലേക്ക് തിരിഞ്ഞു. അത് ഊർമ്മിളയായിരിക്കുമെന്ന് അയാൾ തീർച്ചയാക്കി. പക്ഷെ അവൾ അയാളേയും കടന്ന് ചുമരരുക്കിലിരുന്ന ഒരു ചെറുപ്പക്കാരന്റെ അടുത്തേക്ക് പോയി. ഒട്ടും അറിയാത്ത ഒരു പെൺകുട്ടിയെ കാത്തിരിക്കുക രസകരമായ ഒരനുഭവമാണ്. അവളുടെ പ്രായമറിയില്ല, മുഖച്ഛായ അറിയില്ല, അവൾ എന്ത് വസ്ത്രമാണ് ധരിച്ചിരിക്കുന്നതെന്നറിയില്ല.

ഊർമ്മിളയോട് ചോദിക്കേണ്ട കാര്യങ്ങളെല്ലാം അയാൾ മനസ്സിൽ കുറിച്ചുവെച്ചു. സീമ എവിടെയാണെന്നാണ് അറിയേണ്ടത്. അതിന് തൃപ്തികരമായ വല്ല മറുപടിയും കിട്ടുമോ എന്ന് ഒരു നിശ്ചയവുമില്ല. സീമ എന്തിനാണ് തന്നെ ഉപേക്ഷിച്ചു പോയതെന്നത് ഇപ്പോഴും അയാൾക്ക് ഒരു രഹസ്യമാണ്. അവൾ പറയാറുണ്ട്, എല്ലാ ബന്ധങ്ങൾക്കും ഒരു പരിധിവരെ മാത്രമെ പോകാൻ പറ്റു. ഞാൻ മനുവിന്റെ ഒപ്പം വളരെ സന്തോഷവതിയാണ്. ജീവിതത്തിൽ മുമ്പൊന്നും ഇത്ര സന്തോഷമുണ്ടായിട്ടില്ല. ഇനി ഭാവിയിൽ ഉണ്ടാവുമെന്നും തോന്നുന്നില്ല. സന്തോഷമുള്ള നിമിഷങ്ങൾ എനിക്ക് അധികകാലം തുടർന്നു കിട്ടില്ല. അത് എന്റെ മേലുള്ള ഒരു ശാപമാണ്. സീമ പലപ്പോഴും കടംകഥയായാണ് സംസാരിച്ചിരുന്നത്. അവൾ ഒരിക്കലും വിശദീകരണങ്ങൾ നൽകിയിരുന്നില്ല. കൂടുതൽ കുത്തിച്ചോദിച്ചാൽ അവൾ ഒരു ചുംബനം കൊണ്ട് അയാളെ നിശ്ശബ്ദനാക്കും. എന്തിന് ഭാവിയെപ്പറ്റി അന്വേഷിക്കണം? നമ്മൾ ഈ നിമിഷത്തിൽ സന്തുഷ്ടരല്ലെ?

ഊർമ്മിള ആറുമണിക്ക് വരാമെന്നാണ് പറഞ്ഞിരുന്നത്. സമയം ആറേകാൽ ആയിരിക്കുന്നു. പുറത്ത് തെരുവ് ഒരു പഴകി പൊടിപിടിച്ച പെയിന്റിംഗ് പോലെ ആയിരുന്നു. ഇനി തെരുവുവിളക്കുകളും പീടികകളുടെ പുറമെയുള്ള നിയോൺ വിളക്കുകളും തെരുവിനെ പ്രകാശമയമാക്കുന്നവരെ ചിത്രം മങ്ങിത്തന്നെയിരിക്കും.

പെട്ടെന്ന് ആൾക്കൂട്ടത്തിൽ നിന്ന് ഒരു പെൺകുട്ടി റെസ്റ്റോറണ്ടിലേക്കു കടന്നു അയാളെ നോക്കി ചിരിച്ചു. അവൾ മഞ്ഞനിറത്തിലുള്ള സാരിയാണുടുത്തിരുന്നത്. പുള്ളികളുള്ള ബ്ലൗസും. അവൾക്ക് വളരെ ഭംഗിയുണ്ടെന്നയാൾ പെട്ടെന്ന് മനസ്സിലാക്കി. തന്റെ മനസ്സിൽ ഭംഗിയുള്ള കുട്ടിയല്ല ഉണ്ടായിരുന്നതെന്നയാൾ അദ്ഭുതത്തോടെ ഓർത്തു. എന്തായിരിക്കാം കാരണം? സീമയ്ക്ക് വലിയ ഭംഗിയൊന്നുമുണ്ടായിരുന്നില്ല. അവൾ ഇരുനിറമാണ്. മേക്കപ്പു പോയി, തലമുടി മര്യാദയ്ക്ക് ഒതുക്കിവെക്കാൻ പോലും അവൾ മിനക്കെടാറുണ്ടായിരുന്നുമില്ല.

ഊർമ്മിള നടന്നുവന്ന് അയാൾക്കു മുമ്പിൽ മേശക്കപ്പുറത്തുള്ള കസേരയിൽ ഇരുന്നു. മേശമേൽ കൈ കുത്തി കൈകൊണ്ട് കവിളുകൾ താങ്ങി അയാളെ നോക്കി ചിരിച്ചു.

മനു, ഞാനാണ് ഊർമ്മിള.

അയാൾ ഒരു ദീർഘനിശ്വാസത്തോടെ കസേരയിൽ ചാഞ്ഞിരുന്നു. പെട്ടെന്നുണ്ടായ അന്തർവേഗം അമർത്താൻ അയാൾ പണിപ്പെടുകയായിരുന്നു. ആ നിമിഷത്തിൽ അയാൾക്കു സീമയെപ്പറ്റി പലതും ചോദിക്കണമെന്നുണ്ട്. നൂറു ചോദ്യങ്ങൾ. കുറച്ചു നേരത്തേക്ക് അയാൾക്ക് സംസാരിക്കാൻ പറ്റിയില്ല. പിന്നെ നിവർന്നിരുന്നു ചോദിച്ചു.

എന്താണ് കഴിക്കുന്നത്?

മനു എന്താണ് കഴിക്കുന്നത്?

കാഫി.

എനിക്കു വിശക്കുന്നുണ്ട്. കുറച്ച് ചീസ് സാന്റ്‌വിച്ചും ഓർഡർ ചെയ്യു.

അയാൾ ചിരിച്ചു. അവളുടെ തുറന്ന പെരുമാറ്റം അയാൾക്കിഷ്ട്ടപ്പെട്ടു. അയാൾ ശ് ശ് ശബ്ദമുണ്ടാക്കി വെയ്റ്ററെ വിളിച്ച് ചീസ് സാന്റ്‌വിച്ചും കാപ്പിയും ഓർഡർ കൊടുത്തു. വെയ്റ്റർ പോയപ്പോൾ ഊർമ്മിള ചോദിച്ചു.

ഇനി പറയു എന്താണ് സംസാരിക്കാനുള്ളത്?

പെട്ടെന്നയാൾ നിരാശനായി. പ്രതീക്ഷിച്ച ഉത്തരങ്ങളൊന്നും കിട്ടാൻ പോകുന്നില്ലെന്ന ഒരു ഭൂതോദയം അയാൾക്കുണ്ടായി. വരാൻ പോകുന്ന നൈരാശ്യത്തെപ്പറ്റി, ദുരന്തത്തെപ്പറ്റിയുള്ള ദു:ഖമയമായ മുന്നറിയിപ്പ്. അതിന്റെ നിഴലിൽ അയാൾ മയങ്ങിക്കിടക്കവേ ഊർമ്മിള വീണ്ടും ചോദിച്ചു.

എന്താണ് ഒന്നും മിണ്ടാത്തത്?

അയാൾ ചോദിച്ചു.

സീമ എവിടെയാണ്?

ഇപ്രാവശ്യം നിശ്ശബ്ദയായത് ഊർമ്മിളയായിരുന്നു. അവൾ പ്രതീക്ഷിച്ച ചോദ്യമായിരുന്നെന്നും പക്ഷെ അതിന് ഉത്തരം തയ്യാറാക്കിയിരുന്നില്ലെന്നും വ്യക്തം. അവൾ സാവധാനത്തിൽ തനിക്കറിയില്ലെന്ന മട്ടിൽ ചുമൽ കുലുക്കി.

കോട്ടയ്ക്കകത്തെ തുറക്കാൻ തുടങ്ങിയ വാതിലുകൾ വീണ്ടും അടയ്ക്കപ്പെട്ടു. ആ പടുകൂറ്റൻ വാതിലിനു നേരെ നിസ്സഹായനായി നോക്കി നിൽക്കെ അയാൾ ഊർമ്മിളയുടെ പതിഞ്ഞ ശബ്ദം കേട്ടു.

എനിക്കറിയില്ല മനു.

പുറത്ത് ഒരായിരം വിളക്കുകൾ ഇതിനകം കണ്ണു തുറന്നിരുന്നു. ഇരുട്ടിയതെപ്പോഴാണ്?

വരച്ചുകൊണ്ടിരിക്കുന്ന ഒരു ചിത്രത്തിൽ ചായക്കൂട്ട് തട്ടിമറിയുന്ന പോലെയാണ് രാത്രിയാവുക. സീമ പറയാറുണ്ട്. പെട്ടെന്നാണ് അത് സംഭവിക്കുക. നാം കരുതലില്ലാതിരിക്കുന്ന നിമിഷത്തിൽ. നാം അറിയാതെ. കുട്ടിക്കാലത്ത് ഞാൻ എന്നും ഉറങ്ങാൻ കിടക്കുമ്പോൾ ഉറങ്ങാൻ തുടങ്ങുന്ന സമയം കണ്ടുപിടിക്കാൻ വേണ്ടി ശ്രമിക്കാറുണ്ട്. പക്ഷെ ഒരിക്കലും കഴിയാറില്ല. അങ്ങിനെ ശ്രദ്ധിച്ചു കിടക്കെ എന്തെങ്കിലും വിചാരധാരയിൽ അകപ്പെട്ടു പോകുന്നു. എന്തു ശ്രദ്ധിച്ചാണ് കിടന്നിരുന്നതെന്നു തന്നെ മറന്നു പോകുന്നു. പിന്നെ ഉണരുമ്പോഴാണ് ഒരു ജാള്യതയോടെ നിരാശയോടെ ഓർമ്മ വരുക, ഉറങ്ങിയ നിമിഷം കണ്ടു പിടിച്ചില്ലെന്ന്.

മനുവിന് എത്രത്തോളം വിഷമമുണ്ടെന്നെനിക്കറിയാം. ഊർമ്മിള പറയുകയാണ്. ഞാൻ വരാൻ പാടില്ലായിരുന്നു.

ഊർമ്മിള വന്നതു നന്നായി.

മനോഹരൻ പറഞ്ഞു. അയാൾ കരുതിക്കൂട്ടി ഊർമ്മി എന്നു വിളിക്കാതിരുന്നു.

സീമ എവിടെയാണെന്നറിയില്ലെങ്കിൽക്കൂടി, സീമയെപ്പറ്റി മറ്റു പലതും ഊർമ്മിളയ്ക്ക് പറഞ്ഞു തരാൻ കഴിയുമായിരിക്കും. ഇല്ലെ?

എനിയ്ക്ക് കാര്യമായിട്ടൊന്നും അറിയില്ല.

സാന്റ്‌വിച്ചും കാപ്പിയും എത്തിയിരുന്നു. സാന്റ്‌വിച്ച് തിന്നുകൊണ്ടിരിക്കെ അയാൾ ചോദിച്ചു.

നീ എന്തിനാണ് ടെലിഫോൺ ചെയ്തത്? നാം തമ്മിൽ നേരിട്ട് പരിചയം ഇല്ലല്ലൊ.

ഊർമ്മിള ഒന്നും പറഞ്ഞില്ല. മറുപടി പറയാൻ ഒന്നുമില്ലെന്ന് മനോഹരൻ ഓർത്തു. സീമയും ഊർമ്മിളയുമായുള്ള ബന്ധം താനും സീമയുമായുള്ള ബന്ധത്തോളം അടുത്തതായിരുന്നു എന്നയാൾക്കറിയാം. അപ്പോൾ സീമയെപ്പറ്റി ഓർമ്മ വന്നപ്പോൾ കുറച്ച് ആശ്വാസത്തിനു വേണ്ടി തനിക്കു ഫോൺ ചെയ്തതാവാം. ഒരു തണലിനു വേണ്ടി. അൽപം തണുപ്പിനു വേണ്ടി. അതിൽ അസാധാരണമായൊന്നുമില്ല.

എല്ലാം അദ്ഭുതമായിരിക്കുന്നു. മനോഹരൻ പറഞ്ഞു. സീമ ഒരു മുന്നറിയിപ്പും തരാതെയാണ് പോയത്.

എന്താണുണ്ടായത്? ഊർമ്മിള ചോദിച്ചു. പോകുന്നതിനു മുമ്പ് സീമ എന്താണ് പറഞ്ഞത്?

മനോഹരൻ ആലോചിക്കുകയായിരുന്നു. രണ്ടു കൊല്ലം മുമ്പ് നടന്നതാണ്. പക്ഷേ ഓർമ്മകൾക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല. മനോഹരൻ പറഞ്ഞു.

അവൾ ഒന്നും പറഞ്ഞിരുന്നില്ല. ഒരു ദിവസം അവളെ കാണാൻ വീട്ടിൽ ചെന്നപ്പോൾ മുറി അടച്ചിട്ടു കണ്ടു. മടങ്ങിപ്പോകാൻ തുടങ്ങുമ്പോൾ വീട്ടുടമസ്ഥ ചോദിച്ചു.

നിങ്ങളല്ലെ മിസ്റ്റർ മനോഹരൻ?

അതെ.

ഇതാ ഒരു കത്തുണ്ട്. സീമ ഇവിടെ നിന്നു മാറിയിരിക്കന്നു.

കത്തു വളരെ ചെറുതായിരുന്നു.

എന്നിലെ ശാപത്തെപ്പറ്റി പറയാറില്ലെ മനു, സുഖത്തിന്റെ നിമിഷങ്ങൾ അധികകാലം ഉണ്ടാവില്ലെന്ന ശാപം. ആ ശാപം ഫലിക്കുകയാണ്. ഞാൻ പോകുന്നു. എനിക്ക് വേറൊരു നഗരത്തിൽ ജോലി കിട്ടിയിട്ടുണ്ട്. ആർട്ട് ടീച്ചറായി. എന്നെപ്പറ്റി അന്വേഷിക്കാതിരിക്കു.

മനു തന്ന സുഖനിമിഷങ്ങൾക്ക് (അവ നിരവധിയാണ്) ഞാൻ എങ്ങിനെ നന്ദി പറയണമെന്നറിയുന്നില്ല. അല്ലെങ്കിൽ മനുവിനോട് എന്തിനു നന്ദി പറയുന്നു അല്ലെ? ദയവു ചെയ്ത് എന്നെപ്പറ്റി അന്വേഷിക്കാതിരിക്കുക. ബോംബെയിൽ ആർക്കും ഞാൻ എവിടെയാണെന്നതിനെപ്പറ്റി അറിയില്ല.

സ്‌നേഹത്തോടെ ചുംബനങ്ങളോടെ, മനുവിന്റെ മാത്രം സീമ.

സീമ എനിയ്ക്ക് സംസാരിക്കാൻ കൂടി അവസരം തന്നില്ല. അവൾ എഴുതിയ കത്തിലാകട്ടെ അവളെപ്പറ്റി അന്വേഷിക്കരുതെന്നുമായിരുന്നു. സീമ പോകുന്നതിനു മുമ്പ് ഊർമ്മിള കണ്ടിരുന്നോ?

ഇല്ല.

എന്താണ് പോകാൻ കാരണമെന്നറിയുമോ?

ഇല്ല. മനുവിനറിയില്ലെങ്കിൽ പിന്നെ എനിക്കാണോ അറിയുക.

സീമ എല്ലായ്‌പ്പോഴും ഒരു കടങ്കഥ പോലെയാണ് സംസാരിക്കാറ്.

ആട്ടെ മനു സീമയെ എങ്ങിനെയാണ് പരിചയപ്പെട്ടത്?

ഒരു പെയിന്റിംഗ് എക്‌സിബിഷനിൽ വെച്ച്. അവളുടെ ഒറ്റയ്ക്കുള്ള എക്‌സിബഷനായിരുന്നു. ജഹാംഗീർ ആർട്ട് ഗ്യാലറിയിൽ വെച്ച്.

ജഹാംഗീർ ആർട്ട് ഗ്യാലറിയിൽ സീമയുടെ രണ്ടാമത്തെ എക്‌സിബിഷനായിരുന്നു. മനോഹരൻ മിയ്ക്കവാറും മൂന്നു മണിയ്ക്ക് ഓഫീസിൽ നിന്ന് കുറച്ചു നേരത്തേയ്ക്ക് പുറത്തിറങ്ങാറുണ്ട്. മിക്കവാറും എല്ലാ ദിവസവും പോയിരുന്നത് ആർട്ട് ഗ്യാലറിയിലേയ്ക്കായിരുന്നു. എന്നും എന്തെങ്കിലും എക്‌സിബിഷൻ ഉണ്ടാവും. ഒന്നുകിൽ പെയിന്റിംഗ് അല്ലെങ്കിൽ ശിൽപങ്ങൾ. അല്ലെങ്കിൽ ഫോട്ടോഗ്രാഫി. അന്നു പോയപ്പോൾ സീമയുടെ എക്‌സി ബിഷനായിരുന്നു. ഇടത്തുവശത്തെ ഹാളിൽ. അയാൾ ചെന്നപ്പോൾ തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളു. വാതിലിന്നരികിലിട്ട മേശയ്ക്കു മുമ്പിൽ സീമ ഇരിയ്ക്കുന്നു. ഹാളിൽ അവിടേയുമിവിടേയുമായി രണ്ടു മൂന്നു പെൺകുട്ടികൾ നില്ക്കുന്നുണ്ട്. മേശമേൽ നിന്ന് സൈക്ലോസ്റ്റൈൽ ചെയ്ത കാറ്റലോഗ് എടുക്കുമ്പോൾ അയാൾ ചോദിച്ചു.

നിങ്ങളാണോ പെയിന്റർ?

അതെ.

അയാൾ ഓരോ പെയിന്റിംഗായി നോക്കാൻ തുടങ്ങി. നോക്കിക്കൊണ്ടിരിക്കെ അവളുടെ ചിത്രങ്ങളിലെയെല്ലാം സ്ഥായിയായ ഭാവം ഏകാന്തതയാണെന്നയാൾക്കു തോന്നി. ചക്രമോടിച്ചു പോകുന്ന കുട്ടി, വള വിൽപ്പനക്കാരൻ, പട്ടം പറപ്പിക്കുന്ന ചെറുപ്പക്കാരി മുതലായ മൂർത്തങ്ങളായ ചിത്രങ്ങൾ തൊട്ട് അമൂർത്തങ്ങളായ കോംപൊസിഷനുകൾ വരെ ഈ വാസ്തവം വെളിപ്പെടുത്തി. ഗ്യാലറി ഒരു വട്ടം ചുറ്റി വാതിലിനടുത്തെത്തിയപ്പോൾ സീമ അതേ ഇരിപ്പു തന്നെയാണ്. ഹാളിലുണ്ടായിരുന്ന മറ്റു പെൺകുട്ടികൾ പുറത്ത് പോയിരുന്നു. കാറ്റലോഗ് തിരിച്ചേൽപ്പിക്കുമ്പോൾ അയാൾ പറഞ്ഞു.

നന്ദി. എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ടു.

താങ്ക്‌സ്.

പിന്നെയും എന്തെങ്കിലും പറയണമെന്നും, അവളുമായി കൂടുതൽ പരിചയപ്പെടണമെന്നും അയാൾക്കുണ്ടായിരുന്നു. പക്ഷെ അതൊന്നും ചെയ്യാതെ അയാൾ പുറത്ത് കടന്നു. പിറ്റെ ദിവസവും മൂന്നുമണിയായപ്പോൾ അയാൾ ജഹാംഗീർ ആർട്ട് ഗ്യാലറിയിൽ പോയി. സീമ തലേ ദിവസത്തെ അതേ ഇരിപ്പു തന്നെ. ഹാൾ, ഒരു വിദേശദമ്പതികൾ ഉണ്ടെന്നതൊഴിച്ചാൽ ഒഴിഞ്ഞു കിടന്നിരുന്നു. അയാൾ സീമയോട് പറഞ്ഞു.

ഗുഡ് ആഫ്റ്റർ നൂൺ.

അവൾ തല പൊന്തിച്ചു. ഗുഡ് ആഫ്റ്റർ നൂൺ. വീണ്ടും വായിച്ചു കൊണ്ടിരിക്കുന്ന പുസ്തകത്തിലേക്ക് തല താഴ്ത്തി. പെട്ടെന്ന് എന്തോ സംശയം വന്ന പോലെ അവൾ മുഖമുയർത്തി അയാളെ നോക്കി.

ഇന്നലെ വന്നിരുന്നു അല്ലെ?

അതെ.

ഞാൻ പേരു ചോദിക്കാൻ മറന്നുപോയി.

മനോഹരൻ.

മലയാളിയാണല്ലെ? ഞാനും മലയാളി തന്നെ. പക്ഷേ എന്നിൽ മലയാളിയായി ഒന്നും ഇല്ല.

അയാൾ ചിരിച്ചു.

അയാൾ നടക്കാൻ തുടങ്ങിയപ്പോൾ സീമയും ഒപ്പം വന്നു. കാൻവാസുകൾ നോക്കി നടക്കെ അയാൾ ചോദിച്ചു.

എന്തിനാണ് ഏകാന്തതയെ ഇത്രയധികം പ്രകീർത്തിക്കുന്നത്?

ഞാൻ പ്രകീർത്തിക്കുകയല്ല. അതെന്റെ സ്വഭാവമാണ്. ഒരമ്മയുടെ മുഖച്ഛായ മകൾക്ക് കിട്ടുന്ന പോലെ എന്റെ ചിത്രങ്ങൾക്കു കിട്ടുകയാണ്. ഞാനത് ആദ്യം മനസ്സിലാക്കിയിരുന്നില്ല. പിന്നെ മറ്റുള്ളവർ പറയുമ്പോഴാണ് മനസ്സിലാവുന്നത്.

ആരാണ് ഈ എക്‌സിബിഷൻ നടത്താൻ സഹായിച്ചത്?

ഞാൻ താമസിച്ചിരുന്ന ഹോസ്റ്റലിലെ സ്‌നേഹിതകളുണ്ടായിരുന്നു. അവരെല്ലാം ജോലിയുള്ളവരാണ്, എല്ലാം ശരിയാക്കിക്കഴിഞ്ഞപ്പോൾ ഞാൻ അവരോട് പൊയ്‌ക്കൊള്ളാൻ പറഞ്ഞു.

ഒരു പെയിന്റിംഗിനു താഴെ സോൾഡ് എന്നെഴുതിയതു കണ്ടു അയാൾ ചോദിച്ചു.

പെയിന്റിംഗ്‌സ് ധാരാളം വിൽക്കാറുണ്ടോ?

അധികമൊന്നുമില്ല. കഴിഞ്ഞ എക്‌സിബിഷനിൽ നാലെണ്ണം വിറ്റു. അതൊരു നല്ല കാര്യമാണ്. ഈ ചിത്രം ഇന്നലെ ഒരാൾ വാങ്ങിയതാണ്. ഒരു പാർസി. പാർസികൾ സ്വതവേ പ്രത്യേക അഭിരുചിയുള്ളവരാണ്. അതുകൊണ്ട് അയാൾക്കീ പെയിന്റിംഗിൽ താൽപര്യമുണ്ടായതിൽ അദ്ഭുതമില്ല.

ആ പെയിന്റിംഗ് ഒരു മത്സ്യക്കാരിയുടേതായിരുന്നു. മുമ്പിൽ കൊട്ടയിലെ മത്സ്യവുമായിരിക്കുന്ന മൂക്കുത്തിയിട്ട മത്സ്യക്കാരിയുടെ അരികിൽ അത്രയും തന്നെ ഗൗരവത്തോടെ ഇരിക്കുന്ന പൂച്ച. പൂച്ചയുടെയും മീൻകാരിയുടെയും മുഖഭാവം ശ്രദ്ധിച്ചാൽ മനസ്സിലാവുക പൂച്ച മത്സ്യം വിൽക്കാനിരിക്കുകയും മത്സ്യക്കാരി മത്സ്യം തട്ടിയെടുത്തോടാൻ നിൽക്കുകയുമാണെന്നാണ്.

മനോഹരൻ ചിരിച്ചു.

നിങ്ങൾ വല്ല പത്രറിപ്പോർട്ടറോ ആർട്ട് ക്രിട്ടിക്കോ ആണോ?

രണ്ടുമല്ല. മനോഹരൻ പറഞ്ഞു. എന്താണ് ആർട്ട് ക്രിട്ടിക്കുകളെ ഇഷ്ടമല്ലെ?

ഇഷ്ടക്കേടൊന്നുമില്ല. ഇഷ്ടമാണെന്നു തന്നെ പറയാം. ഞങ്ങളുടെ തൊഴിലിന് അവർ കുറെയൊക്കെ ആവശ്യമാണ്.

എവിടെയാണ് നിങ്ങളുടെ സ്റ്റുഡിയോ?

ഞാൻ താമസിക്കുന്നിടത്തു തന്നെയാണ്. സയനിൽ.

ഒറ്റക്കാണോ താമസിക്കുന്നത്?

ഒരു വയസ്സായ സിന്ധിദമ്പതികളുടെ കൂടെ. അവർ ഒരു മുറി വാടകയ്ക്ക് തന്നിരിക്കയാണ്.

വിദേശികൾ അവരുടെ നേരെ നടന്നുവന്നു. അവർക്ക് സീമയോട് എന്തോ ചോദിക്കാനുണ്ടായിരുന്നു.

ഞാൻ പോകുന്നു. എന്റെ ഓഫീസ് തൊട്ടടുത്തു തന്നെയാണ്. ഞാൻ ഇനിയും വരാം. മനോഹരൻ പറഞ്ഞു. നന്ദി.

അയാൾ പിന്നീട് ദിവസവും അവളെ കണ്ടു. അഞ്ചുമണിക്ക് ഓഫീസ് വിട്ടുവന്നാൽ അയാൾ അവളെ കാന്റീനിൽ ചായ കുടിക്കാൻ ക്ഷണിക്കും. പിന്നെ എട്ടുമണിക്ക് എക്‌സിബിഷൻ അടയ്ക്കുന്നവരെ അയാൾ ഹാളിൽ സീമയോടൊപ്പമുണ്ടാവും. എട്ടു മണിക്ക് വി.ടി. സ്റ്റേഷനിൽ അവളെ ട്രെയിൻ കയറ്റിയ ശേഷമേ അയാൾ വീട്ടിലേയ്ക്ക് പോകാറുള്ളു. ആറു ദിവസമായി ഇത് ഒരു മുറ പോലെ അയാൾ അനുഷ്ഠിച്ചു. സീമയുടെ സാമീപ്യം അയാൾക്ക് എന്തോ ഒരു പ്രത്യേക വികാരമാണുണർത്തിയത്. അയാൾ ഒരു കാലത്ത് ശിൽപങ്ങളുണ്ടാക്കിയിരുന്നു. ഒരു ഹോബിയായി തുടങ്ങിയതാണ്. ഒരു ഹോബിയായിത്തന്നെ അവസാനിക്കുകയും ചെയ്തു. പ്രത്യേകിച്ചും ഹെൻറി മൂറിന്റെ ശിൽപ്പങ്ങൾ കാണാനിടയായതോടെയാണ് അയാൾ അത് നിർത്തിയത്. തന്റെ മനസ്സിലുള്ള രൂപങ്ങൾക്ക് പലതിനും തന്നേക്കാൾ പ്രഗൽഭരായ ശിൽപികൾ രൂപം നൽകിയിട്ടുണ്ടെന്നയാൾക്കു മനസ്സിലായി. ഇതിനെപ്പറ്റി പറഞ്ഞപ്പോൾ സീമ പറഞ്ഞു.

നിർത്തിയത് എന്തായാലും ശരിയായില്ല. മറ്റുള്ളവർ നമ്മേക്കാൾ നന്നായി ചെയ്യുന്നുണ്ടെന്നതു കൊണ്ട് നമ്മൾ നിർത്തേണ്ട കാര്യമൊന്നുമില്ല. ആട്ടെ മനോഹരന്റെ കയ്യിൽ മുമ്പുണ്ടാക്കിയതു വല്ലതും ബാക്കിയുണ്ടൊ?

ഉണ്ടെന്നയാൾ പറഞ്ഞു.

അവൾക്കതു കാണിച്ചുകൊടുക്കാമെന്നയാൾക്ക് വാഗ്ദാനം ചെയ്യേണ്ടി വന്നു. ഈ ആറു ദിവസത്തെ പരിചയം അയാൾക്ക് ആത്മീയമായ ഒരു സമ്പന്നതയുണ്ടാക്കി. എക്‌സിബിഷൻ കഴിഞ്ഞ് വിൽക്കാതെ ബാക്കി വന്ന പെയിന്റിംഗുകൾ വീട്ടിലെത്തിക്കാൻ അവളെ സഹായിച്ച ശേഷം അവളോട് വിട ചോദിക്കുമ്പോൾ അയാൾക്കറിയാമായിരുന്നു താൻ അവളുടെ അടുത്തേയ്ക്ക് വീണ്ടും പോകുമെന്ന്.

ഊർമ്മിള അപ്പോഴും അയാളെ നോക്കിയിരിക്കയായിരുന്നു. അനുതാപത്തോടെ. അവൾ അവസാനത്തെ കഷ്ണം സാന്റ്‌വിച്ചും വായിലിട്ട് ചവച്ചുതിന്ന് കാപ്പി മോന്തിയ ശേഷം പറഞ്ഞു.

ആവൂ, ഞാൻ വിശന്നു മരിച്ചു പോകുമായിരുന്നു.

ഇവിടെ അടുത്ത് എവിടെയാണ് അണ്ടർടേക്കർ?

അവൾ ഉറക്കെ ചിരിച്ചു.

ഊർമ്മിളയോട് സംസാരിക്കുക എളുപ്പമാണെന്നയാൾക്ക് മനസ്സിലായി. ചില പെൺകുട്ടികളോട് അംയാൾക്ക് സംസാരിക്കാനേ പറ്റാറില്ല. അവരുടെ മുഖഭാവത്തിലുള്ള പ്രത്യേകതയോ, സംസാരിക്കുമ്പോഴുള്ള അംഗ വിക്ഷേപങ്ങളോ എന്തോ അതിനു തടസ്സമായി നിലകൊണ്ടു. ഇത് വളരെ കുട്ടിക്കാലം മുതൽക്കുള്ള സ്വഭാവമായിരുന്നു. ഒരിക്കൽ കുട്ടിക്കാലത്ത് വീട്ടിൽ വന്ന ഒരു സ്ത്രീയേയും അവരുടെ പത്തു പതിനഞ്ചു വയസ്സുള്ള മകളേയും പറഞ്ഞു വിടാൻ വേണ്ടി അയാൾ നിർത്താതെ കരയുകയുണ്ടായിട്ടുണ്ട്. ആ പെൺകുട്ടിയെ ഉപദ്രവിയ്ക്കുകയും ചെയ്തിട്ടുണ്ട്. അവസാനം ഒരു നീണ്ട സുഹൃത് സന്ദർശനവും പരിപാടിയിട്ടു വന്ന അവർക്ക് ചായ കുടിക്കാൻ കൂടി നിൽക്കാതെ സ്ഥലം വിടേണ്ടി വന്നു. അതിനെപ്പറ്റി പിന്നീട്, കുറച്ചുകൂടി മുതിർന്നശേഷം ആലോചിച്ചപ്പോൾ താൻ വളരെ ഹീനമായാണ് അവരോട് പെരുമാറിയതെന്നു തോന്നിയിട്ടുണ്ട്. പക്ഷെ അയാൾക്കതിൽ ഒന്നു ചെയ്യാനില്ലായിരുന്നു.

ഊർമ്മിള പേപ്പർ നാപ്കിൻ കൊണ്ട് അവളുടെ ചുണ്ടുകൾ തുടയ്ക്കുകയാണ്. അവൾ ലിപ്സ്റ്റിക്ക് ഇട്ടിട്ടുണ്ടായിരുന്നില്ല. അവളെപ്പോലെ പരിഷ്‌ക്കാരിയായ ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം അതൊരദ്ഭുതമായിരുന്നു. അയാൾക്കവളെ കൂടുതൾ ഇഷ്ടപ്പെട്ടു വരികയായിരുന്നു. സീമയെപ്പെറ്റി കൂടുതൽ അറിവ് ഊർമ്മിളയിൽ നിന്ന് കിട്ടുമെന്ന മോഹം അയാൾ തീരെ വിട്ടിട്ടുണ്ടായിരുന്നതുമില്ല. സാവധാനത്തിൽ അവൾ പറയുമായിരിക്കും.

സീമ അവളുടെ പെയിന്റിംഗുകളെല്ലാം എന്താണ് ചെയ്തത്?

അവൾ പോകുന്നതിന്റെ തലേ ദിവസം പെയിന്റിംഗുകളെല്ലാം എങ്ങോട്ടോ കൊണ്ടു പോയി എന്നാണ് വീട്ടുടമസ്ഥ പറഞ്ഞത്.

അറുപതിലധികം പെയിന്റിംഗുകളുണ്ടായിരുന്നു.

എനിക്കറിയില്ല. ഊർമ്മിള പറഞ്ഞു പക്ഷെ അവളുടെ മുഖത്ത് ഒരു അസ്ഥിരതയുണ്ടായിരുന്നു. അവൾ സത്യം മറച്ചു വെയ്ക്കുകയാണെന്നയാൾക്കു തോന്നി.

ഊർമ്മിള പറയു നിനക്കറിയാം. സീമയെ കാണാൻ പറ്റില്ലെങ്കിൽക്കൂടി എനിക്കവളുടെ പെയിന്റിംഗ്‌സെങ്കിലും കണ്ടുകൂടെ?

മനോഹരൻ പറഞ്ഞത് അവളെ സ്പർശിച്ചെന്നു തോന്നുന്നു.

ആദ്യത്തെ സംശയത്തിനു ശേഷം ഊർമ്മിള പറഞ്ഞു.

അതെല്ലാം ഒരു സ്വകാര്യ ഗ്യാലറിയിൽ ഏൽപ്പിച്ചിരിക്കയാണ്. പോകുന്നതിനു മുമ്പ് എനിക്കെഴുതി പോസ്റ്റ് ചെയ്ത കത്തിൽ ആ അഡ്രസ്സുണ്ടായിരുന്നു.

എവിടെയാണാ ഗ്യാലറി?

കൊളാബയിലാണ്. അഡ്രസ്സ് ഞാൻ ഫോണിൽ അറിയിക്കാം.

ഈ നോവലിനെക്കുറിച്ച്


ഈ നോവല്‍ 1979 ജൂലൈ 8 - സെപ്റ്റമ്പർ 16 വരെയുള്ള കലാകൗമുദി വാരികയിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചതാണ്.


ആകെ അദ്ധ്യായങ്ങള്‍ : 11

പുസ്തകരൂപത്തിലുള്ള പ്രസാധനം:
വാല്യം. 1. പൂര്‍ണ്ണപബ്ളിക്കേഷന്‍സ്, കോഴിക്കോട് (1987)