എന്‍. ശശിധരന്‍

ജ്ഞാനിയായ വിധേയന്‍

എന്‍. ശശിധരന്‍

ജീവിതം അർത്ഥശൂന്യമായ ഒരു പ്രഹേളികയാണെന്നും ജനിമൃതികളുടെ ദുഃസ്വപ്നസങ്കുലമായ ഈ ഇടവേളയിൽ മൂല്യചിന്തകൾക്ക് യാതൊരു പ്രസക്തിയില്ലെന്നും എഴുപതുകളിലെ മലയാള ചെറുകഥകൾ ആവർത്തിച്ച് പ്രഖ്യാപിക്കുകയുണ്ടായി. ആത്മരതിയുടെ മൂർഛകളിൽ സ്വയം ഹോമിക്കുന്ന കേവലമായ 'സ്വത്വാന്വേഷണ' പരിശ്രമങ്ങളും സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വികലസങ്കല്പങ്ങളാൽ നയിക്കപ്പെട്ട അരാജകദർശനങ്ങളും ചെറുകഥയുടെ അടിസ്ഥാന പ്രമേയങ്ങളായി അവരോധിക്കപ്പെട്ടു. മണ്ണിലും മനുഷ്യനിലും വേരോട്ടമുള്ള ജീവിതേഛയുടെ തനിമ, സർഗാത്മകതയുടെ ഭൂമികയിൽനിന്ന് എന്നേക്കുമായി പിഴുതെറിയപ്പെട്ടുവോ എന്നുപോലും, ഒരു വേള, നാം ഭയന്നു. പക്ഷേ, എഴുപതുകളുടെ അവസാനത്തോടെ ആധുനികതയുടെ സന്നിപാതങ്ങൾ വിയർത്തടങ്ങിത്തുടങ്ങി. അന്നുനാമനുഭവിപ്പിച്ച, അല്ലെങ്കിൽ നമ്മെക്കൊണ്ടനുഭവിപ്പിച്ച, ആലംബമില്ലാത്ത, 'അസ്തിത്വവ്യഥകൾ' എത്രമാത്രം ദുർബലമായ ദാർശനികാടി ത്തറകളിൽ കെട്ടിപ്പൊക്കിയതായിരുന്നു എന്ന് തിരിഞ്ഞുനോക്കുക കൗതുകകരമാണ്. ജീവിതനിഷേധത്തി ന്റെ ചിറകുകളിൽ പാറിയണഞ്ഞ ഈ വെട്ടുകിളിക്കൂട്ടങ്ങളിൽനിന്ന്, കഥയുടെ പച്ചപ്പുകളെ, സഹജമായ മാനുഷികാവബോധം കൊണ്ട് കാത്തുരക്ഷിച്ച ചില കഥാകൃത്തുകളെങ്കിലും നമുക്കുണ്ടായി. സി. വി. ശ്രീരാമൻ, വൈശാഖൻ, ഹരികുമാർ, എസ്. വി. വേണുഗോപൻ നായർ തുടങ്ങിയവരുടെ ചരിത്രപരമായ പ്രസക്തിയും അതുതന്നെ.

ആധുനികരുടെ സഹയാത്രികനായാണ് ഹരികുമാറും എഴുതിത്തുടങ്ങിയത് എന്ന് 'കൂറകൾ' എന്ന ആദ്യസമാഹാരം സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ, വളരെപ്പെട്ടെന്ന് അദ്ദേഹം സ്വന്തം തട്ടകം കണ്ടെത്തുകയു ണ്ടായി. 'കൂറകളിൽ' നിന്നു 'ദിനോസറിന്റെ കുട്ടി'യിലേക്ക് ഹരികുമാർ പിന്നിട്ട ദൂരം വളരെയാണ്. ജീവിതാവസ്ഥകളുടെ നിഗൂഢചലനങ്ങൾ അനുഭവിച്ചറിയുന്ന എപ്പോഴും ഉണർന്നിരിക്കുന്ന ഒരു മനസ്സ് അദ്ദേഹത്തിന്റെ കഥകളിലുടനീളമുണ്ട്. ജീവിതത്തിന്റെ ചൂടും നോവും വേണ്ടതിലധികം വ്രണപ്പെടുത്തിയ ആ മനസ്സ് പക്ഷേ, നിസ്സഹായമാണ്. അനീതിക്കെതിരെ കലാപക്കൊടിയുയർത്താൻ ത്രാണിയില്ലാത്ത ഒരു സാധുമനസ്സ്. പകയും ക്രൂരതയും ദുസ്സാമർഥ്യവും കൊണ്ട് കലുഷമാക്കപ്പെട്ട ഒരു ലോകത്തിൽ, മനുഷ്യനിലും അവന്റെ ആത്യന്തികമായ നന്മയിലുള്ള ഒടുങ്ങാത്ത ശുഭപ്രതീക്ഷ പൊലിയാതെ സൂക്ഷിക്കുവാൻ ഈ മനുഷ്യൻ നടത്തുന്ന അഭ്യാസങ്ങൾ, ചിലപ്പോൾ അയാളെ കോമാളിയും പരിഹാസ്യനുമാക്കുന്നു. ഈ ഇരുണ്ട ലോകത്തിൽ, ഇത്രമേൽ ഗാഢമായി, വിശ്വാസങ്ങളിൽ അള്ളിപ്പിടിക്കുവാൻ ഒരാൾക്കെങ്ങനെ കഴിയുന്നു എന്ന് നാം അത്ഭുതപ്പെട്ടുപോകും. അയാളുടെ നിസ്സഹായത, കേവലമായ വിധേയത്വമല്ലെന്ന് അപ്പോഴാണ് നാം കണ്ടെത്തുക. വർത്തമാന ജീവിതസങ്കീർണ്ണതകളുടെ ചുഴികളിലും മലരികളിലും അചഞ്ചലമായ ആത്മബലത്തോടെ നീന്തിയലയുന്ന ജ്ഞാനിയായ ഒരു വിധേയന്റെ ഏറ്റു പറച്ചിലുകളാണ് ഹരികുമാറിന്റെ കഥകൾ.

ഒൻപതു കഥകളുടെ ഒരു സമാഹാരമാണ് 'കാനഡയിൽ നിന്നൊരു രാജകുമാരി'. കൂട്ടുകുടുംബ വ്യവസ്ഥകളിൽ അവമാനവീകരിക്കപ്പെടുന്ന മനുഷ്യബന്ധങ്ങളുടെ ആകുലതകളാണ് 'സൂര്യകാന്തിപ്പൂക്ക' ളിൽ ഉള്ളത്. പക്ഷേ, ഇത് എം.ടി. യുടെയും മറ്റും കഥകളിൽ നാം കണ്ടു പരിചയിച്ച തരത്തിലുള്ള കാല്പനിക മായ ഒരു ഗൃഹാതുരത്വമല്ല. സ്‌നേഹത്തിന്റെയും രഞ്ജിപ്പിന്റെയും സകല സാധ്യതകളും മങ്ങിത്തുടങ്ങു മ്പോൾ, ഒരു പിഞ്ചുകുഞ്ഞിന്റെ പഞ്ഞിക്കെട്ടുപോലെ മൃദുലമായ ശരീരം ചേർത്തു പിടിച്ച് പ്രത്യാശ കൈവിടാതിരിക്കാൻ പാടുപെടുന്ന കഥാപാത്രമാണ് ദാസൻ. ദുരിതങ്ങളുടെ ചണ്ടി കുടിക്കുമ്പോഴും സ്‌നേഹത്തിന്റെ ഒരിറ്റു മധുരം മതി, അയാളുടെ ജീവിതത്തെ ധന്യമാക്കുവാൻ. സ്‌നേഹത്തിന്റെ ഈ ഉറവുകളാണ് ഹരികുമാറിന്റെ കഥകളെ നെഞ്ചിലേറ്റി നടക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരു ഘടകം.

പന്ത്രണ്ടുവയസ്സായ ഒരു കുട്ടിയെക്കൊണ്ടു ചോര ചർദ്ദിപ്പിച്ച് ചെപ്പടിവിദ്യയുടെ പേരിൽ തെരുവോരത്ത് ജീവിതം കണ്ടെത്തുന്ന തങ്കച്ചന്റെയും മധ്യവർഗ വേവലാതികളുമായി ജീവിതം തള്ളിനീക്കുന്ന ഒരു മെഡിക്കൽ റെപ്രസന്റേറ്റീവിന്റെയും ജീവിത വൈരുധ്യങ്ങളാണ് 'ചെപ്പടിക്കാരനും ഞാനും' എന്ന കഥ. ഈ കഥ വായിച്ചു കഴിയുമ്പോൾ ചെപ്പടിക്കാരനോട് നമുക്ക് ആദരവ് തോന്നുന്നുവെങ്കിൽ കഥാകൃത്ത് വിജയിച്ചു എന്നു തന്നെയാണ് അർത്ഥം. കഴിഞ്ഞ കുറേ വർഷങ്ങൾക്കിടയിൽ കേരളീയ മനസ്സുകൾക്ക് വന്നുപെട്ടിരിക്കുന്ന നിർമമതയും മൂല്യപരമായ കുഴമറിച്ചിലുകളും ആഴത്തിൽ ധ്വനിപ്പിക്കുന്നുണ്ട് ഈ കഥ. മറ്റൊരു തരത്തിൽ, ഇത് എഴുത്തുകാരനായ ഹരികുമാറിന്റെ ആത്മകഥകൂടിയാണ് എന്നു പറയാം. താൻ നെഞ്ചിലേറ്റി നടക്കുന്ന വിശ്വാസങ്ങളെയും മൂല്യസംഹിതകളെയും നിഷ്‌കരുണം ചവിട്ടിക്കടന്നു പോകുന്ന ഒരു തലമുറയോട്, കലാകാരനെന്ന നിലയിൽ ഹരികുമാർ പുലർത്തുന്ന അർത്ഥപൂർണമായ നിശ്ശബ്ദ പ്രതിഷേധത്തിന്റെ നിർദർശനം കൂടിയാണ് 'ചെപ്പടിക്കാരനും ഞാനും.'

ഈ സമാഹാരത്തിലെ 'ഒരു വിശ്വാസി' എന്ന കഥ ഹരികുമാറിന്റെ ഭാവുകത്വ ലോകത്തിന്റെ ശക്തിദൗർബല്യങ്ങളെ അർത്ഥപൂർണമായി പ്രതിനിധീഭവിക്കുന്നുണ്ട്. ചന്ദനത്തിരികളുണ്ടാക്കി വിറ്റ് ഉപജീവനം കഴിക്കുന്ന രാഘവന്റെ ജീവിത സാധാരണതകളിലേക്ക്. ഒരു പാട് വാഗ്ദാനങ്ങളും പ്രലോഭനങ്ങളുമായി മോഹൻപിള്ള കടന്നുവരുന്നു. അയാളൊരു 'തരികിട'യാണെന്ന ഭാര്യയുടെ സംശയത്തെ രാഘവൻ അവഗണിക്കുന്നു. പുതിയ പ്രലോഭനത്തിന്റെ വെട്ടത്തിൽ രാവും പകലും ജോലി ചെയ്ത് വലിയ ഓർഡറുകൾക്കായി കാത്തുനില്ക്കുന്നു. ഒടുവിൽ, മോഹൻപിള്ളയുടെ യഥാർത്ഥ മുഖം അനാവൃതമാകുമ്പോൾ ഞെട്ടിപ്പോകുന്നത് വായനക്കാരാണ്. കഥയുടെ അവസാനം നോക്കുക: '...ഈ നൂലാമാലകളിൽ നിന്ന് ഊരി പുറത്തുകടക്കാൻ കഴിയുമെന്നു എനിക്കുറപ്പുണ്ടായിരുന്നു. പിന്നെ ഉറക്കം വന്ന് കണ്ണുകളടഞ്ഞപ്പോൾ, ഒരു പുതിയ ഓർമ്മ കാലത്തിന്റെ ഈർപ്പം നിറഞ്ഞ വഴികളിൽ പൂപ്പൽ പിടിക്കാൻ വിട്ടുകൊണ്ട്, മനുഷ്യനിൽ ഒരിക്കലും നശിക്കാത്ത വിശ്വാസവും മുറുകെ പിടിച്ചുകൊണ്ട്, ഏകനായി നടന്നകലുന്ന ഒരു മനുഷ്യനെ ഞാൻ സ്വപ്നം കണ്ടു. പിന്നെ അത്ഭുതമെന്നു പറയട്ടെ, മനസ്സ് യാതൊരു വിദ്വേഷത്തിനും പകയ്ക്കും ഇടകൊടുക്കാതെ ശാന്തമാവുന്നത് ഞാനറിഞ്ഞു.'

രാഘവൻ സ്വപ്നങ്ങളുടെ വാണിഭക്കാരനാണ്. (അയാൾ വിൽക്കുന്നത് 'സ്വീറ്റ് ഡ്രീംസ് അഗർബത്തി' യാണെന്നും ഓർക്കുക.) കമ്പോള സംസ്‌കാരത്തിന്റെ കിടമത്സരങ്ങൾക്കിടയിൽ, സ്‌നേഹത്തിന്റെ നനവുകൾ പുരട്ടിതാൻ ചുരുട്ടിയെടുത്ത ചന്ദനത്തിരികളല്ലാതെ, തന്നെത്തന്നെ വിറ്റ് കാശാക്കുവാൻ അയാൾ വിസമ്മതിക്കുന്നു. നിലനിൽപ്പിനായുള്ള നെട്ടോട്ടങ്ങൾക്കിടയിൽ സഹായഹസ്തവുമായി മുന്നോട്ടു വന്ന ഒരു മനുഷ്യനെ അവിശ്വസിക്കുവാൻ അയാൾക്ക് സാധിച്ചില്ല. അവസാനം, ഹതാശമായ ഒരു നിലവിളിയായി, അയാൾ പാതിവഴിയിൽ വേച്ചു വീഴുന്നു. അപ്പോഴും മനുഷ്യനിലുള്ള കെടാത്തശുഭപ്രതീക്ഷയാണ് അയാളെ തഴുകി ഉറക്കുന്നത്. പല തലങ്ങളിൽ, വിഭിന്ന മാനങ്ങളിൽ വായിക്കപ്പെടാവുന്നതാണ് ഈ കഥ.

ഹരികുമാറിന്റെ പ്രകൃഷ്ടരചനകളിലെല്ലാം നിഷ്‌കളങ്കനും സാത്വികനുമായ ഒരു കുട്ടി ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്നുണ്ട്. കഥാകൃത്തിന്റെ സർഗാത്മകതയെ നിർണയിക്കുന്ന മൂല്യബോധത്തിന്റെയും ജീവിത വീക്ഷണത്തിന്റെയും മൂർത്ത പ്രതീകമാണ്, ഈ കുട്ടി. ഈ സമാഹാരത്തിലെ 'കാട്ടിക്കൊമ്പ്', 'കാനഡയിൽ നിന്നൊരുരാജകുമാരി', 'ഡോക്ടർ ഗുറാമിയുടെ ആശുപത്രി' തുടങ്ങിയ കഥകളിലെല്ലാം പല രൂപങ്ങളിൽ അവൻ കടന്നുവരുന്നുണ്ട്. അനുക്ഷണം ജീവിതയോഗ്യമല്ലാതായിക്കൊണ്ടിരിക്കുന്ന ചുറ്റുപാടുകളിൽ, സ്‌നേഹസത്യങ്ങളുടെ പ്രസക്തിയെക്കുറിച്ച് അവൻ നിർവ്യാജമായി നമ്മെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അവന്റെ കുരുന്നു ദുഃഖങ്ങൾ, ഒരു പുതിയ മാനവതക്കും ജീവിതക്രമത്തിനുമായുള്ള നമ്മുടെയൊക്കെ അശാന്തമായ സ്വപ്നങ്ങളിൽ മഞ്ഞുവീഴ്ത്തുന്നു. നാം അവനായി വിട്ടുപോകുന്ന ലോകത്തിന്റെ നൃശംസതകളോർത്ത്, കഥാകൃത്തിനോടൊപ്പം. നാമും ഉത്ക്കണ്ഠപ്പെട്ടു തുടങ്ങുന്നു.

നാഗരികസമൃദ്ധിയുടെ കലുഷതകളിൽനിന്ന് ഗ്രാമീണമായ ലാളിത്യത്തിലേക്ക് തിരിച്ചുപോകാൻ വെമ്പുന്ന മനസ്സുകളെക്കുറിച്ച് ഹരികുമാർ ഒട്ടേറെ കഥകൾ എഴുതിയിട്ടുണ്ട്. കാല്പനികസഹജമായ ഒരു പലായനേഛയായി മാത്രം അതിനെ കണ്ടുകൂടെന്ന് തോന്നുന്നു. സമകാലമൂല്യങ്ങളോടും വഴക്കങ്ങളോടു മുള്ള ഒരുതരം നിരാസമനോഭാവം ഇതിൽ അന്തർഭവിച്ചിട്ടുണ്ട്. 'കാട്ടിക്കൊമ്പ്' എന്ന കഥയിൽ, 'ഈ മോട്ടോർ യുഗത്തിൽ ആരാണ് ഏത്തംവച്ച് തേവുന്നത്?' എന്ന് അത്ഭുതംകൂറികൊണ്ടുതന്നെ 'അയാൾ' തേക്കുപാട്ടിന്റെ ഈരടികൾക്ക് കാതോർത്ത് കൃതാർത്ഥനാവുന്നു. ഹരികുമാറിന്റെ ചില പിൽക്കാല രചനകളിൽ, ഈ 'നൊസ്റ്റാൾജിയാ' ഒരല്പം അതിരുവിട്ടുപോകുന്നുണ്ടോ എന്ന് സംശയം തോന്നിയിട്ടുണ്ട്. (ശ്രീ പാർവ്വതിയുടെ പാദം ഒരുദാഹരണം.) തിരിച്ചുപോക്കിന്റെ തത്വശാസ്ത്രത്തിൽ പതിയിരിക്കുന്ന ചതിച്ചൊട്ടകളെക്കുറിച്ച് ഹരികുമാറിനെ നാം ഓർമിപ്പിക്കേണ്ടതില്ലല്ലോ.

വളരെ അനായാസമായി. അനാർഭാടമായി ഹരികുമാർ കഥകൾ പറയുന്നു. എന്ത് പറയുന്നു എന്നതിൽ തന്നെയാണ് എപ്പോഴും അദ്ദേഹത്തിന്റെ നിഷ്‌കർഷ. ഈ കഥാകൃത്ത് ഇതിനകം നേടിയ സഹൃദയശ്രദ്ധക്ക് പിറകിലുള്ള പ്രധാനഘടകവും ഇതുതന്നെ. പക്ഷേ ഏറ്റവും സജീവവും വ്യത്യസ്തവുമായ പ്രമേയങ്ങൾ കണ്ടെത്തുമ്പോഴും. ആവിഷ്‌കരണത്തിന്റെ മൗലികതയിൽ ഹരികുമാർ പുലർത്തുന്ന ഉദാസീനത കഥയെ കാര്യമായെടുക്കുന്നവരെ നിരാശപ്പെടുത്തിയേക്കും. മലയാളത്തിലെ അത്യപൂർവ്വമായ പ്രമേയങ്ങളിലൊ ന്നായ 'ഒരു വിശ്വാസി' നമ്മെ തൊട്ടുണർത്തുന്ന ഒരു മികച്ച കഥയാവാതിരിക്കുന്നത് എന്തുകൊണ്ടൊണ്? ഇത് കേവലമായ ആവിഷ്‌കരണത്തിന്റെ മാത്രം പ്രശ്‌നമല്ലെന്ന് മനസ്സിലാക്കാൻ ഹരികുമാറിനെപ്പോലുള്ള ഒരെഴുത്തുകാരന് കഴിയുമെന്നുതന്നെ പ്രതീക്ഷിക്കാം.

ദേശാഭിമാനി വാരിക - 1990 ജനുവരി 14-20

എന്‍. ശശിധരന്‍

മലയാളത്തിലെ സാഹിത്യനിരൂപകനും വിമർശകനും.നാടകകൃത്തും തിരക്കഥാകൃത്തും കൂടിയാണ്‌ എൻ.ശശിധരൻ. കെ.പി. അപ്പൻ, നരേന്ദ്രപ്രസാദ് തലമുറയ്ക്കു ശേഷം ആധുനികതയുടെ ആശയങ്ങൾ പിന്തുടർന്നു നിരൂപണരംഗത്ത് എത്തിയ ശശിധരൻ ആനുകാലികങ്ങളിൽ സാഹിത്യവിഷയകമായ ലേഖനങ്ങൾ എഴുതി. ചെറുകഥാശതാബ്ദിയോടെ ചെറുകഥാരംഗത്തുണ്ടായ നവേന്മേഷം പരിശോധനാവിധേയമാക്കുന്ന ലേഖനങ്ങളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. അസ്തിത്വവാദികൾക്കു ശേഷം വന്ന തലമുറയെക്കുറിച്ച് എഴുതിയ ലേഖനങ്ങൾ സമാഹരിച്ച് കഥ കാലം പോലെ എന്ന പേരിൽ പ്രസിദ്ധീകരിച്ചു.