നിഷാദം


ഇ ഹരികുമാര്‍

അയാൾ സ്റ്റുഡിയോയുടെ വരാന്തയിൽ കാത്തിരുന്നു. ഒമ്പതുമണിക്കു വരാനായിരുന്നു അവർ ആവശ്യപ്പെട്ടിരുന്നത്. തന്റെ അത്യുത്സാഹം കാരണം എട്ടരയ്ക്കു തന്നെ എത്തി. എറണാകുളത്ത് എന്തു കാര്യത്തിനു വന്നാലും വളഞ്ഞമ്പലത്തു ദേവിയെക്കണ്ട് അനുഗ്രഹം വാങ്ങിക്കും. പ്രസാദവുംകൊണ്ടു പുറത്തു കടന്നപ്പോൾ എട്ടുമണി ആയിട്ടേയുള്ളു. ധാരാളം സമയം ബാക്കിയുള്ളതുകൊണ്ട് സ്റ്റുഡിയോവരെ നടന്നു. ഇപ്പോൾ ഒമ്പതു കഴിഞ്ഞിരിക്കുന്നു. മറുവശത്ത് ചാരുബെഞ്ചിലിരുന്ന മൂന്നു പെൺകുട്ടികൾ കോറസ്സു പാടാൻ വന്നവരാണ്. എന്താണ് റെക്കോർഡു ചെയ്യാൻ പോകുന്നതെന്ന് അവർക്കും അറിയില്ല. കോറസ്സു പാടാൻ വരണമെന്നു പറഞ്ഞു. അവർ വരികയും ചെയ്തു. അവർ സ്ഥിരം കോറസ്സു പാടുന്നവരാണത്രേ. കൂടുതൽ സംസാരിക്കാൻ ശ്രമിച്ചപ്പോൾ അവർ അന്യോന്യം നോക്കി വായപൊത്തി അർത്ഥംവെച്ചു ചിരിച്ചു. തന്റെ പേരക്കുട്ടികളാവാൻ പ്രായമേ അവർക്കുള്ളൂ. അയാൾ സ്വന്തം പേരു പറഞ്ഞു. അവർക്കറിയില്ല; അവർ അങ്ങനെ ഒരാളെപ്പറ്റി കേട്ടിട്ടില്ല.

അവരെ പറഞ്ഞിട്ടു കാര്യമില്ല. മുപ്പത്തഞ്ചു വർഷം മുമ്പു സിനിമയിൽ വന്ന പാട്ടുകൾ ഈ കുട്ടികൾ കേൾക്കണമെന്നില്ല. അറിയണമെന്നില്ല. അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും പുതിയ സിനിമാപ്പാട്ടുകളേ നിലവിലുള്ളൂ. തനിക്കാവട്ടേ, പണ്ടുതന്നെ അധികമൊന്നും അവസരം കിട്ടിയിരുന്നുമില്ല. പത്തിരുപത്തഞ്ചു പാട്ടുകൾ അഞ്ചാറു സിനിമകളിലായി പാടിയിട്ടുണ്ട്. അത്രമാത്രം. പക്ഷേ, പാടിയവയെല്ലാം തന്നെ ഹിറ്റായിരുന്നു. ആ രംഗത്ത് എന്തുകൊണ്ടോ പിടിച്ചുനിന്നില്ല. സിനിമാപ്പാട്ടുകൾ സംതൃപ്തി തന്നില്ല. ശാസ്ത്രീയ സംഗീതരംഗത്തു വളരെയധികം ശോഭിക്കാനുമായില്ല. അതിനിടയ്ക്കു വലുതായി വന്ന കുടുംബത്തെ നോക്കാൻ പല ജോലികളും സ്വീകരിച്ചു. എക്‌സ്‌പോർട്ട് കമ്പനിയിൽ ലയ്‌സൺ ഓഫീസർ മുതൽ കുറിക്കമ്പനിയിൽ ബിൽ കലക്ടർ വരെ. അവസാനം എല്ലാം ഇട്ടെറിഞ്ഞ് നാട്ടിൽ ഒരു സംഗീത ക്ലാസ്സു തുടങ്ങി. കഴിവുള്ള കുറച്ചു കുട്ടികളെ പഠിപ്പിക്കുന്നു. അപ്പോഴാണ് ഒരു കാസറ്റു കമ്പനിയിൽ നിന്ന് ഇങ്ങനെ ഒരു ഓഫർ കിട്ടിയത്. നല്ല കാലങ്ങളെല്ലാം തിരിച്ചു വരുന്നതുപോലെ. എയർ കണ്ടീഷൻ ചെയ്ത സ്റ്റുഡിയോയിലെ റൂം സ്‌പ്രേയുടെ അലട്ടുന്ന, തൃഷ്ണയുണർത്തുന്ന ഗന്ധം. അനാഥമായിക്കിടക്കുന്ന വാദ്യോപകരണങ്ങളുടെ നിശ്ശബ്ദസംഗീതം. ഗ്ലാസ്സിട്ട റെക്കോർഡിംഗ് മുറിയിൽ സാവധാനത്തിൽ തിരിയുന്ന സ്പൂൾ. എല്ലാം ഒരിക്കൽക്കൂടി.

വരാന്തയിൽ ഇപ്പോൾ കൂടുതൽ ആൾക്കാരുണ്ട്. നീല സഞ്ചിയുടെ കെട്ടഴിച്ച് തബല പുറത്തെടുത്തു പരിശോധിക്കുന്ന മെലിഞ്ഞ ചെറുപ്പക്കാരൻ, ഗിറ്റാർ മടിയിൽവച്ചു തബലക്കാരനോടു സംസാരിക്കുന്ന ജീൻസിട്ട ഒരാൾ. വരാന്തയുടെ ഒരറ്റത്ത് പുറത്തേക്കു നോക്കിനില്ക്കുന്ന രണ്ടുപേർ. ആരും ഗോപാലൻനായരെ ശ്രദ്ധിച്ചില്ല. അയാൾ തന്റെ സ്‌നേഹിതനുവേണ്ടി കാത്തിരുന്നു. സ്റ്റുഡിയോയിൽ വന്ന് തന്നെ സംഗീത സംവിധായകന്നും പ്രൊഡ്യൂസർക്കും പരിചയപ്പെടുത്തിത്തരാമെന്നാണ് രാമചന്ദ്രൻ പറഞ്ഞത്.

എട്ടു പാട്ടുകളുണ്ടാവും, ഓരോ പാട്ടിന് അഞ്ഞൂറുരൂപവച്ച് നാലായിരം കിട്ടുമെന്നാണു പറഞ്ഞത്. നാലായിരം രൂപ! തനിക്ക് ആ പണം ആവശ്യമുണ്ട്. എന്തു പാട്ടുകളായിരിക്കുമെന്നു രാമചന്ദ്രനറിയില്ല. ഭക്തിഗാനങ്ങളായിരിക്കും. ഭക്തിഗാനങ്ങളാണ് ഇപ്പോൾ പോകുന്നത്. ഹിന്ദുഭക്തിഗാനങ്ങളാണെങ്കിലും ക്രിസ്തീയഭക്തിഗാനങ്ങളാണെങ്കിലും താൻ പാടാൻ തയ്യാർ. പിന്നെ ശ്രീകൃഷ്ണനെപ്പറ്റിയുള്ള ഗാനങ്ങളാണെങ്കിൽ വിശേഷായി. മനസ്സറിഞ്ഞു പാടാമല്ലോ. കൃഷ്ണ ഭക്തിഗാനങ്ങൾ ആരു പാടിയാലും നന്നാവും; അതങ്ങനെയാണ്.

കോണികയറി നാലുപേർ വന്നു. ആവൂ. തന്റെ കാത്തിരിപ്പ് അവസാനിച്ചു.

'ആ! മാഷ് എത്തിയല്ലേ?' രാമചന്ദ്രൻ ചോദിച്ചു.

പരിചയപ്പെടുത്തിയപ്പോൾ ചെറുപ്പക്കാരനായ സംഗീത സംവിധായകൻ ജോസ് പറഞ്ഞു.

'മാഷടെ പാട്ടൊക്കെ കേട്ടുകൊണ്ടാ ഞാനൊക്കെ വളർന്നത്. ഞങ്ങക്കൊക്കെ മാഷ്‌ടെ പാട്ടുകള് ഹരമായിരുന്നു.'

അയാൾ 'എന്തിനു വന്നു നീ കാനനത്തിൽ' എന്നു തുടങ്ങുന്ന പാട്ടു മൂളാൻ തുടങ്ങി. ഗോപാലൻ നായർ പ്രശംസിക്കപ്പെട്ടിരിക്കുന്നു. പ്രശംസയ്ക്കുള്ള കുഴപ്പമെന്തെന്നാൽ, നിങ്ങളുടെ ആത്മാവ് പ്രശംസിക്കുന്ന ആൾ വിലയ്‌ക്കെടുക്കുന്നു. നിങ്ങൾ ശബ്ദം നഷ്ടപ്പെട്ട ഒരടിമയാകുന്നു. കോറസ്സു പാടാൻ വന്ന പെൺകുട്ടികൾ അയാളെ ആരാധനയോടെ നോക്കി. മാഷ് ഇത്ര വലിയ ആളായിരുന്നൂന്ന് ഞങ്ങളറിഞ്ഞില്ലട്ടോ എന്ന ഭാവം.

'മാഷ് ഇനിയും സിനിമേല് പാടണം.' ജോസ് പറഞ്ഞു. 'നോക്കട്ടെ, എനിക്ക് അടുത്തുതന്നൊരു സിനിമ കിട്ടും. മാഷെക്കൊണ്ട് രണ്ടു പാട്ടെങ്കിലും പാടിക്കും.'

റെക്കോർഡിസ്റ്റ് മിക്‌സറിനു മുമ്പിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ജോസ് വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യുന്നവർക്കു നിർദ്ദേശം കൊടുക്കുകയാണ്. രാമചന്ദ്രൻ ചോദിച്ചു.

'മാഷ്‌ടെ ക്ലാസ്സൊക്കെ നന്നായി നടക്കുന്നില്ലേ? ഇപ്പോ എത്ര കുട്ടികളുണ്ട്?'

'പത്തുപന്ത്രണ്ടു പേരുണ്ട്.' ഗോപാലൻ നായർ പറഞ്ഞു. 'ഇന്നും നാളേം ക്ലാസ്സുണ്ടാവില്ല. മാഷ് രണ്ടു ദിവസത്തിലധികം വിട്ടുനില്‍ക്കരുത് ന്നാ കുട്ടികള് പറഞ്ഞിട്ടുള്ളത്. കാസറ്റില് പാടാൻ പോവ്വാണ്ന്ന് പറഞ്ഞപ്പോ സമ്മതിച്ചതാ. എല്ലാവർക്കും ഓരോ കാസ്സറ്റും കൊടുക്കണംന്ന് പറഞ്ഞിട്ടുണ്ട്.'

'മാഷ് ഈ ജോസിനെ വിടേണ്ടാ കേട്ടോ. ആൾക്ക് സിനിമേലൊക്കെ നല്ല പിടിപാടുണ്ട്. വല്ല ചാൻസും കിട്ടിയാലായില്ലേ.'

ചാൻസുകൾ കിട്ടിയാലേ രക്ഷയുള്ളു. ഗോപാലൻ നായർ മനസ്സിൽ കരുതി. രജനിക്കു വന്ന ആലോചന നല്ലതാണ്. പയ്യൻ ഗൾഫിലാണ്. ജനുവരിയിൽ വരും. അപ്പോഴേക്കു തയ്യാറാകണം. സംഗീത ക്ലാസ്സുകൊണ്ടു നിത്യച്ചെലവുകൾ കഴിഞ്ഞുപോകും. അത്രമാത്രം. ഒരു കല്യാണം നടത്തുക എളുപ്പമല്ല.

'മാഷെ നമുക്കു തുടങ്ങാം.' ജോസ് വിളിച്ചു പറഞ്ഞു.

'ശരി.'

'ഞാൻ ഒന്ന് ഓഫീസുവരെ പോയിട്ടു വരാം.' രാമചന്ദ്രൻ പറഞ്ഞു. 'ഒന്നു മുഖംകാണിച്ചു വര്വേ വേണ്ടൂ.'

അയാൾ പോയി. ഗോപാലൻനായർ ജോസിന്റെ അടുത്തുചെന്നു. ഒരാൾ വോക്കലിസ്റ്റിന്റെ കണ്ണാടിമുറിയിലെ മൈക്ക് ടെസ്റ്റ് ചെയ്യുകയായിരുന്നു.

'നമുക്ക് ആദ്യം വെറുതേ ഒന്നു പാടിനോക്കാം.' ജോസ് പറഞ്ഞു. 'പെൺകുട്ടികൾക്കു പ്രാക്ടീസുമാകും.'

പാട്ടെഴുതിയ കടലാസ്സ് ഗോപാലൻനായരെ ഏല്പിച്ച് ജോസ് കാബിനു പുറത്തുകടന്നു. ജുബ്ബയുടെ കീശയിൽനിന്നു വെള്ളഴുത്തു കണ്ണട എടുത്ത് ഗോപാലൻനായർ കടലാസ്സു നിവർത്തി. ഒരു രണ്ടാവൃത്തിയെങ്കിലും വായിക്കണം. അയാൾ വർഷങ്ങൾക്കു മുമ്പു മദ്രാസിൽ സ്റ്റുഡിയോ ഫ്‌ളോറിൽ മൂർത്തിമാഷുടെ മുമ്പിൽ പാടാൻ നിന്നതോർത്തു. തലേന്നു ഹോട്ടൽമുറിയിൽ ഒരു ദിവസം മുഴുവൻ റിഹേഴ്‌സൽ കഴിച്ചതായിരുന്നു. എന്നിട്ടും മൈക്കിനു മുമ്പിൽ നിന്നപ്പോൾ പതറിപ്പോയി. മൂർത്തിമാഷ് അടുത്തുവന്നു സംസാരിച്ചപ്പോഴാണ് ധൈര്യം കിട്ടിയത്. ഇന്നു റിഹേഴ്‌സലുകളൊന്നുമില്ല. ഒന്നോ, രണ്ടോ പ്രാവശ്യം പാടി നോക്കും. അത്ര തന്നെ. അയാൾ പാട്ടു വായിക്കാൻ തുടങ്ങി.

വിശ്വസിക്കാൻ പ്രയാസമായി അയാൾ നിന്നു. കണ്ണട അഴിച്ച് അയാൾ ചുറ്റും നോക്കി. എല്ലാവരും തിരക്കിലാണ്. ആർട്ടിസ്റ്റുകൾ സംഗീതോപകരണങ്ങൾ ട്യൂൺ ചെയ്യുന്നു. സ്ത്രീശബ്ദം പാടുന്ന പെൺകുട്ടി കാബിനിലേക്കു കടന്നുവന്നു കൈകൂപ്പി.

'സാർ, നമസ്‌കാരം.'

അയാൾ അതു ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അയാളുടെയുള്ളിൽ എന്തൊക്കെയോ തകർന്നു വീഴുകയാണ്. മനസ്സു വേദനിക്കുകയാണ്.

മുമ്പിൽ തൂക്കിയിട്ട ഹെഡ്‌ഫോണിൽക്കൂടി പശ്ചാത്തലസംഗീതം നേരിയ ശബ്ദത്തിൽ ഒഴുകി വന്നു. ഹെഡ്‌ഫോണെടുത്തു തലയിൽ വയ്ക്കാൻ ജോസ് ആംഗ്യം കാണിച്ചു. അയാൾക്കു ഹെഡ്‌ഫോണെടുത്തു തലയിൽ വയ്ക്കാം, പല്ലവി തുടങ്ങാം. 'ചെമ്പോത്തേ, പോത്തേ, നിന്റെ....' തൊട്ടടുത്തു നില്ക്കുന്ന പെൺകുട്ടി അയാളെ പകച്ചുനോക്കുകയാണ്. ഇല്ല മോളേ, ഇതിനു ഞാനില്ല. 'ചെമ്പൂവേ, പൂവേ' എന്നു തുടങ്ങുന്ന പാട്ട് അയാൾ ഇന്നലെ രാത്രികൂടി ടി.വി.യിൽ കേട്ടിരുന്നു. ഇല്ല തന്നെക്കൊണ്ടതു നശിപ്പിക്കാൻ വയ്യ. അയാൾ കാബിനിൽനിന്നു പുറത്തു കടന്നു.

'എന്തുപറ്റി സാർ?' ജോസ് ഓടിവന്നു.

'ജോസ്, എന്നെക്കൊണ്ട് ഇതു പറ്റില്ല. ഞാൻ വിചാരിച്ചത്...'

'എന്താ പറ്റിയത് സാറേ?'

'ഞാൻ വിചാരിച്ചത് വല്ല ഭക്തിഗാനങ്ങളോ, ലളിതഗാനങ്ങളോ ആയിരിക്കുമെന്നാണ്.'

'ഇതിനെന്താ കുഴപ്പം സാറേ?'

എന്താണ് കുഴപ്പമെന്നു പറയാൻ അയാൾക്കും അറിയില്ല. ഇതു ശരിയല്ലെന്നു മാത്രം അറിയാം. സംഗീതജ്ഞൻ ചെയ്യേണ്ട കാര്യമല്ല ഇത്. ഇതൊക്കെ ചെയ്യാൻ മിമിക്രിക്കാരും പാരഡിക്കാരുമുണ്ട്.

'ഇതൊന്നും ശരിയല്ല ജോസ്.'

'സാറേ,' ജോസ് അനുനയത്തിൽ പറഞ്ഞു. 'ഇതൊക്കെ നമ്മൾ ചെയ്തില്ലെങ്കിൽ വല്ല അലവലാതികളും ചെയ്യും. ഭേദം, കുറച്ചറിവുള്ള നമ്മൾ ചെയ്യുകയല്ലേ?'

അയാൾ വെറുതേ തലയാട്ടുക മാത്രം ചെയ്തു.

'നമ്മുടെ സമയം പോകുന്നു. സാറേ, ഇതില് ആലോചിക്കാനൊന്നുമില്ല.'

'എന്നെക്കൊണ്ടു പറ്റില്ല ജോസ്.'

രാമചന്ദ്രൻ വാതിൽ തുറന്നുവന്നു.

'ആ, തുടങ്ങീലേ ഇതുവരെ?'

'ഇല്ല, ചെറിയൊരു പ്രശ്‌നം.' ജോസ് അയാളെ സ്റ്റുഡിയോവിന്റെ ഒരു മൂലയിലേയ്ക്കു കൊണ്ടുപോയി. അഞ്ചുമിനുറ്റ് നേരത്തെ കുശുകുശുക്കലുകൾക്ക്‌ശേഷം രാമചന്ദ്രൻ തിരിച്ചുവന്നു.

'നമുക്ക് പോയി ഒരു ചായ കുടിച്ചു വരാം. അപ്പോഴേയ്ക്ക് ഇവർ ഈ കുട്ടിയുടെ സോളോ എടുക്കട്ടെ.'

അവർ പുറത്തുകടന്നു. റസ്റ്റോറണ്ടിലെത്തുന്നവരെ രാമചന്ദ്രൻ ഒന്നും സംസാരിച്ചില്ല. ഒരുപക്ഷേ എന്താണ് സംസാരിക്കേണ്ടതെന്ന് ആലോചിക്കുകയായിരിക്കണം. റസ്റ്റാറണ്ടിൽ ചായക്കു മുമ്പിലിരുന്നപ്പോൾ രാമചന്ദ്രൻ വാക്കുകൾക്കു വേണ്ടി പരതുകയായിരുന്നു. വയസ്സായ മനഷ്യനാണ്, ഇീവിതം മുഴുവൻ സംഗീതത്തിനു വേണ്ടി ഉഴിഞ്ഞുവെച്ച ആത്മാവാണ്. അദ്ദേഹത്തെ വേദനിപ്പിക്കാൻ വയ്യ.

'ഇതൊരു വല്ലാത്ത ഫീൽഡാണ്,' അയാൾ പറഞ്ഞു. 'സാറ് ഒന്നും വിചാരിക്കരുത്. പണ്ടൊക്കെ ആൾക്കാർക്ക് നല്ല സംഗീതം വേണമെന്നൊക്കെ നിർബ്ബന്ധണ്ടായിരുന്നു. ഇന്ന് അങ്ങന്യല്ല സ്ഥിതി. ഭക്തിഗാനങ്ങള് ആയിരം പോവുമ്പോ പാരഡിയും മിമിക്രിയുമൊക്കെ പതിനായിരവും ഇരുപതിനായിരവും ഒക്കെയാണ് ചെലവാകുന്നത്. അപ്പോ ഈ കാസറ്റുകൾ ഇറക്കുന്നവരെ പറഞ്ഞിട്ടു കാര്യംല്ല്യ. നല്ല പ്രോഗ്രാമൊക്കെ ഇറക്കി പൊളിയുമ്പഴാണ് ആൾക്കാര് ഇങ്ങിനത്തെ ഒരോ കാസറ്റ് ഇറക്കണത്.'

ഗോപാലൻ നായർ ഒന്നും പറഞ്ഞില്ല. ആരേയും ബുദ്ധിമുട്ടിക്കാതെ ഇതിൽനിന്ന് എങ്ങിനെ ഒഴിവാകും എന്നായിരുന്നു അയാൾ ആലോചിച്ചിരുന്നത്. നാലായിരവും തുടർന്ന് വന്നേക്കാവുന്ന ആയിരങ്ങളും തനിക്ക് ആവശ്യം തന്നെ. പക്ഷെ ആത്മാവിനെ പണയപ്പെടുത്തി പണമുണ്ടാക്കിയിട്ട് എന്തു കാര്യം?

'നമുക്ക് തൽക്കാലം പണത്തിന് ആവശ്യമുണ്ട്,' രാമചന്ദ്രൻ പറഞ്ഞു. 'രജനീടെ കല്യാണം നടത്തണ്ടെ? ഇതൊക്കെ പേരൊന്നുംല്ല്യാത്ത വല്ല ചെറുപ്പക്കാരെക്കൊണ്ടാണ് സാധാരണ പാടിക്കുക. ആരു പാടുന്നു എന്നൊന്നും ആൾക്കാര് നോക്കില്ല. സാറിന് പണം ആവശ്യമുള്ളതു കൊണ്ടാണ് ഞാൻ ജോസിനെക്കൊണ്ട് സമ്മതിപ്പിച്ചത്. സാറിന്ന് തരുന്നതിന്റെ പകുതിയേ ഈ പയ്യന്മാർക്ക് കൊടുക്കേണ്ടു. സാറിനോടുള്ള ബഹുമാനം കൊണ്ടാണ് ഞാൻ പറഞ്ഞപ്പോ സാറിനെത്തന്നെ വിളിക്കാംന്ന് പറഞ്ഞത്. ഒന്നും നോക്കാനില്ലന്നേ, നാടോടുമ്പോൾ നടുവിലോടണം അത്രന്നെ.'

ഗോപാലൻ നായർ ആലോചിക്കുകയായിരുന്നു. നാലായിരം രൂപയെന്നു വെച്ചാൽ വലിയ സംഖ്യ തന്നെയാണ്. അതുകൊണ്ട് രജനിക്ക് ഒരു വള വാങ്ങാം. ഇനിയും ചാൻസുകൾ കിട്ടുകയും ചെയ്യും. തനിക്ക് അതൊക്കെ ആവശ്യമാണുതാനും. ഒരുനിമിഷം അയാൾ ശരി എന്നു പറയാൻ ഓങ്ങി. പെട്ടെന്ന് അയാൾ സ്വന്തം ഗുരുവിനെ ഓർത്തു. തലമുഴുവൻ നരച്ച് മെലിഞ്ഞ ഒരു മനുഷ്യൻ. വളരെ ചെറിയ ഒരു വാടക വീട്ടിലായിരുന്നു അദ്ദേഹം താമസം. വീട്ടിന്റെ ചായ്പിൽ അദ്ദേഹം ശിഷ്യന്മാരെ സംഗീതം പഠിപ്പിച്ചു. തികഞ്ഞ ദാരിദ്ര്യമായിരുന്നുവെങ്കിലും അദ്ദേഹം ഒരിക്കലും ഫീസ് ചോദിച്ചു വാങ്ങിയിരുന്നില്ല. ആരെങ്കിലും കൊടുത്താൽ എത്രയാണെന്ന് നോക്കുകപോലും ചെയ്യാതെ അരയിൽ തിരുകും. ഒരുനേരത്തെ വിശപ്പ് ശമിപ്പിക്കാൻ അദ്ദേഹം ഒരിക്കലും ആത്മാവിനെ ഒറ്റിക്കൊടുത്തില്ല. പല ദിവസങ്ങളിലും ആ കുടുംബം പട്ടിണിയായിരുന്നെന്ന് അയാൾ അറിഞ്ഞിരുന്നു.

'സാറെന്താ ഒന്നും മിണ്ടാത്തത്?' രാമചന്ദ്രൻ ചോദിച്ചു.

ഗോപാലൻനായർ തീർച്ചയാക്കിയിരുന്നു. അയാൾ പറഞ്ഞു.

'ഇല്ല ഞാൻ പാടുന്നില്ല. ജോസിനോട് അയാളെ കഷ്ടപ്പെടുത്തിയതിൽ വിഷമമുണ്ടെന്നു പറയു.'

'സാറ് ഒരു കാര്യം ചെയ്യു.' രാമചന്ദ്രൻ പറഞ്ഞു. 'സാറ് വീട്ടിൽ പോയി ഒന്നുകൂടി ആലോചിക്കു. ഇന്നവര് ഫീമേയ്ൽ വോയ്‌സ് റെക്കോർഡ് ചെയ്യട്ടെ. നാളെ സാറിന്റെ ചെയ്യാം. ഞാൻ ജോസിനോട് സംസാരിക്കാം.'

വീട്ടിലെത്തി കല്ല്യാണിയോട് കാര്യങ്ങൾ പറഞ്ഞപ്പോൾ അവളുടെ മുഖം വാടി. അവൾ ഒരക്ഷരം പറഞ്ഞില്ല. അതയാളെ വേദനിപ്പിച്ചു. താൻ ചെയ്തത് ശരിയാണെന്ന് അവൾ പറയേണ്ടതായിരുന്നു. മറിച്ചാണ് തോന്നുന്നതെങ്കിൽ അതും പറയാമായിരുന്നു. ഒന്നും പറയാതിരിക്കുന്നത് തന്നെ കുറ്റപ്പെടുത്തുന്നതിന് സമമാണ്. ഒരു വിധത്തിൽ അവൾ ശരിയാണ്. അവൾ എന്താണ് പറയേണ്ടത്? ഭർത്താവിന്റെ ഇച്ഛക്കെതിരായി ഇതുവരെ ഒന്നും ആ സ്ത്രീ ചെയ്തിട്ടില്ല. നാലു മാസത്തിന്നുള്ളിൽ കണ്ടമാനം പണമുണ്ടാക്കണമെന്ന് തനിക്കും അറിയാവുന്നതാണ്. അപ്പോൾ പണമുണ്ടാക്കാനുള്ള അവസരം തട്ടിനീക്കിയിട്ടുണ്ടെങ്കിൽ അതിൽ കാര്യമുണ്ടാകുമെന്ന് അവൾ ഊഹിച്ചുകാണും. പണത്തിനുള്ള ആർത്തിയോ, അതിനുവേണ്ടി സംഗീതത്തെ ബലാൽസംഗം ചെയ്യുന്നതോ മനസ്സിലാക്കാൻ മാത്രം വിവരം ആ നാടൻ സ്ത്രീക്കുണ്ടായിരുന്നില്ല.

രാത്രി കല്ല്യാണി ഉറങ്ങിയിട്ടില്ലെന്ന് ഗോപാലൻ നായർക്കു മനസ്സിലായി. അടുത്ത മുറിയിൽ രജനി കിടന്നുറങ്ങുന്നുണ്ട്. അവൾ ഒരുപക്ഷെ സ്വപ്നം കാണുകയായിരിക്കും. താൻ ഒരു നീചനാണെന്ന് ഗോപാലൻ നായർക്കു തോന്നി. അവളുടെ ഭാവി, അവളുടെ സ്വപ്‌നസാക്ഷാൽക്കാരം തന്റെ കൈകളിലാണ്. തന്റെ വളയാൻ പ്രയാസമായ തണ്ടു കാരണം അവളുടെ ഭാവി നശിപ്പിക്കുകയാണ് ചെയ്യുന്നത്. നാലു കാശുണ്ടാക്കി മോളെ കെട്ടിച്ചയക്കാൻ കിട്ടിയ അവസരം പാഴാക്കി. 'ചെമ്പോത്തേ പോത്തേ' എന്നു പാടിയാൽ തനിക്കെന്തായിരുന്നു നഷ്ടം? താൻ അത്രമാത്രം വലിയ ഒരാളാണോ?

പെട്ടെന്ന് എല്ലാം നഷ്ടപ്പെട്ടിട്ടില്ലെന്നയാൾ ഓർത്തു. നാളെ പോകാം, ജോസിനോട് ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കാൻ പറയാം. ഇന്നെന്തായാലും സ്ത്രീശബ്ദം മാത്രമേ റെക്കോർഡ് ചെയ്യുന്നുള്ളു എന്നാണല്ലൊ പറഞ്ഞത്. അയാൾ 'ചെമ്പൂവെ പൂവെ' എന്ന പാട്ട് മൂളി. പെട്ടെന്ന് അയാൾക്ക് ആ പാട്ടിനോട് ഒരു പ്രത്യേക മമത തോന്നി. ഇന്നും കൂടിയേ ഞാനീ പാട്ട് പാടു. നാളെ എന്റെ നാവിൽ ഉണ്ടാകുക 'ചെമ്പോത്തെ...' എന്ന പാട്ടായിരിക്കും. അയാൾ കുറേ നേരം എന്തൊക്കെയോ ആലോചിച്ചു കിടന്നു. അച്ഛനേയും അമ്മയേയും ഓർത്തു. സംഗീതത്തിന്റെ ആദിപാഠങ്ങൾ ഓതിത്തന്ന ഗുരുവിനെ ഓർത്തു. അങ്ങിനെ കിടക്കുമ്പോൾ ചുടുവെള്ളം ഒലിച്ച് ചെവിയിലേക്കിറങ്ങി. താൻ കരയുകയായിരുന്നെന്ന് അയാൾ മനസ്സിലാക്കി.

രാവിലെ ഒമ്പതുമണിയുടെ വണ്ടിയിറങ്ങി ബസ്സു പിടിച്ച് സ്റ്റുഡിയോവിലെത്തിയപ്പോൾ ഒമ്പതരയായി. വരാന്തയിൽ ആരുമുണ്ടായിരുന്നില്ല. സ്റ്റുഡിയൊയുടെ വാതിൽ തുറന്നു കിടന്നു.

സ്റ്റുഡിയോവിൽ റെക്കോർഡിസ്റ്റ് മാത്രമേയുണ്ടായിരുന്നുള്ളു. അയാൾ ടേപ്പ്‌റെക്കോർഡറിൽ സ്പൂൾ കയറ്റുകയാണ്. ഗോപാലൻ നായർ അകത്തേക്കു ചെന്നു.

'ആ, വരു സാറിരിക്കു.'

അയാൾ ചൂരൽ മെടഞ്ഞ കസേരയിലിരുന്നു.

'ജോസ് വന്നില്ലെ?'

'ഇപ്പോ വരും.'

'എന്താ ഇന്ന് ആർട്ടിസ്റ്റുകളൊന്നും എത്തിയില്ലെ?'

അയാൾ എന്തോ പറയാൻ പോയി. അപ്പോഴേക്ക് വാതിൽ തുറന്ന് ജോസ് അകത്തു കടന്നു.

'ആ, സാറ് വന്നിട്ടുണ്ടോ?'

അയാൾ കൈ കൂപ്പി.

'ഞാൻ ഇന്നലെ ജോസിനെ ബുദ്ധിമുട്ടിച്ചു, അല്ലെ? ക്ഷമിക്കണം.'

'ഏയ്, ഞാനാ സാറിനെ ബുദ്ധിമുട്ടിച്ചത്. സാറിന് വിഷമണ്ടാവുംന്ന് ഞാൻ ഊഹിച്ചതാ. രാമചന്ദ്രൻ പറഞ്ഞതോണ്ട് മാത്രാണ് ഞാൻ അതിന് തയ്യാറായത്.'

'ഇന്നെന്താ ആർട്ടിസ്റ്റുകളൊന്നും എത്തിയില്ലെ?'

'ഇന്ന് റെക്കോർഡിംഗില്ലല്ലൊ, മിക്‌സിംഗാണ്. അതിനാണ് ഞാൻ വന്നത്.'

'അപ്പോ റെക്കോർഡിംഗ് മുഴുവനും ഇന്നലെ കഴിഞ്ഞുവോ?'

'അല്ലാതെ. ഇതൊക്കെ ചുരുങ്ങിയ ചെലവില് തട്ടിക്കൂട്ടിണ്ടാക്കണ പ്രോഗ്രാമല്ലെ സാർ. ഒരു ദിവസം കൂടുതലെടുത്താൽ ചുരുങ്ങിയത് പതിനായിരത്തിന്റെ അധികച്ചെലവാണ്.'

'അപ്പോ മെയിൽ വോയ്‌സ് ആരാ പാടിയത്?'

'അത് ഇവിടെത്തന്നെ ട്രാക്കുപാടണ പയ്യനാണ്, മോഹൻ. സാറ് ഇന്നലെ കണ്ടിട്ടുണ്ടാവും.'

ഗോപാലൻ നായർ എഴുന്നേറ്റു. ഇനി തനിക്കിവിടെ ഒന്നും ചെയ്യാനില്ല.

'സാറ് പോവ്വാണോ?'

അയാൾ വാതിലിനടുത്തേക്ക് നടന്നു. ജോസ് ഒപ്പം വന്നു.

'സാറ് ഒന്നും വിചാരിക്കരുത്,' അയാൾ പറഞ്ഞു. 'ചുരുങ്ങിയ ചെലവില് പ്രൊഗ്രാം ഉണ്ടാക്കണമെന്നാണ് പ്രൊഡ്യൂസർ പറഞ്ഞിരുന്നത്. സാറിന്റെ കാര്യം രാമചന്ദ്രൻ പറഞ്ഞപ്പോ ഞാൻ പ്രൊഡ്യൂസറെക്കൊണ്ട് സമ്മതിപ്പിച്ചതാ. സാറിന് തരുന്ന പണത്തിന്റെ പകുതിയേ മോഹന് കൊടുക്കേണ്ടു. അപ്പോ പിന്നെ എനിക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല.'

'ശരി, ഇനിയെപ്പോഴെങ്കിലും കാണാം.'

അയാൾ ജോസിന്റെ മുഖത്തു നോക്കാതെ പുറത്തു കടന്നു.

പുറത്ത് തെരുവിലെ ചൂടിൽ അലിഞ്ഞു ചേരാനായി, കോണിയുടെ അവസാനത്തെ പടിയിൽനിന്ന് കാലെടുത്തു വെക്കുമ്പോൾ, അയാൾ ആലോചിച്ചിരുന്നത് തിരിച്ചുചെല്ലുമ്പോൾ കുട്ടികളോട് എന്തു പറയുമെന്നായിരുന്നു

കലാകൗമുദി ഓണപ്പതിപ്പ് - 1996