മൂലോടുറപ്പിക്കുന്നതിലെ പ്രശ്‌നങ്ങൾ


ഇ ഹരികുമാര്‍

മൈക്കിൾ അച്ചൻ കൈ പിന്നിൽ കെട്ടിക്കൊണ്ട് പള്ളിമുറ്റത്ത് ഉലാത്തി. അദ്ദേഹം ആലോചനയിലായിരുന്നു. പള്ളിയുടെ ആർച്ചിന്റെ താഴെ നിൽക്കുന്ന ജോണിയെ മറന്നപോലെയാണ് അച്ചൻ. ഒന്നുരണ്ടു പ്രാവശ്യം ചുമച്ച് ശബ്ദമുണ്ടാക്കിയാലോ എന്ന് ജോണി ആലോചിച്ചു. പിന്നെ വേണ്ടെന്നുവെച്ചു. ഒരഞ്ചു മിനിറ്റുകൂടി കാത്തുനിൽക്കാം. എന്നിട്ടും അച്ചൻ ഒന്നും പറയുന്നില്ലെങ്കിൽ അച്ചന് തന്റെ പ്രാരാബ്ധങ്ങൾ കേൾക്കാൻ താല്പര്യമില്ല എന്ന് മനസ്സിലാക്കി സ്ഥലം വിടാം. അഞ്ചല്ല, ആറു മിനിറ്റു കഴിഞ്ഞുകാണും. ജോണി പതുക്കെ അരിച്ചരിച്ചു നടന്നുതുടങ്ങി.

മൈക്കിൾ അച്ചൻ ജോണിയുടെ അടുത്തു വന്നുനിന്നു.

'അപ്പോൾ അതൊക്കെയാണ് നിന്റെ പ്രശ്‌നങ്ങൾ അല്ലേ?'

അതെയെന്ന് ജോണി തലയാട്ടി.

'ഞാൻ ചുരുക്കിപ്പറയാം.' അച്ചൻ തുടർന്നു. 'നിന്റെ അപ്പൻ കരൾവീക്കവുമായി കിടപ്പിലാണ്. ജോലിക്ക് പോകാൻ പറ്റുന്നില്ല. അമ്മച്ചി ജോലിയെടുത്തുണ്ടാക്കുന്ന പണം കൊണ്ടാണ് ചെലവ് കഴിയുന്നത്. രണ്ട് പെങ്ങമ്മാരെ കെട്ടിച്ചയക്കാനുണ്ട്. കാണാൻ ഭംഗിയുള്ള പിള്ളേരായതുകൊണ്ട് ആലോചനകള് വരുന്നുണ്ട്. പക്ഷേ, കെട്ടിച്ചയയ്ക്കാൻ പണം വേണം. പെര നിറയെ ചോരുന്നുണ്ട്. കഴിഞ്ഞ മഴയിലെ ചോർച്ചകാരണം വീട് മുഴുവൻ നാശായിരിക്കുന്നു. ഈ മഴക്കാലം വരുമ്പോഴേക്ക് ഓടെടുത്ത് മേഞ്ഞില്ലെങ്കിൽ വീട് നിലംപൊത്തും. ഇതിനൊക്കെ ഞാൻ എന്തെങ്കിലും വഴിയുണ്ടാക്കണം. അല്ലേ?'

ജോണി തലയാട്ടി.

'നിന്റെ അപ്പന്റെ കാര്യത്തിൽ ഒന്നും ചെയ്യാനില്ല. കുടിക്കരുതെന്ന് പത്തുകൊല്ലം മുമ്പേ ഞാൻ പറയാൻ തുടങ്ങിയതാണ്. കർത്താവിന് നിരക്കാത്ത കാര്യങ്ങള് ചെയ്താൽ അതിനുള്ള ശിക്ഷയും അനുഭവിക്കാൻ തയ്യാറാകണം. നിന്റെ അപ്പൻ ചെയ്ത പാപത്തിന് നിന്റെ അമ്മച്ചിയും പെങ്ങമ്മാരും ശിക്ഷ അനുഭവിക്കുന്നു. ശരി?'

ജോണി വീണ്ടും തലയാട്ടി.

'അപ്പോൾ നമുക്ക് ആദ്യം വീടിന്റെ കാര്യം നോക്കാം. എന്താണ് വീടിന്റെ കാര്യം ആദ്യം നോക്കാമെന്ന് പറഞ്ഞതെന്ന് നിനക്ക് വഴിയേ മനസ്സിലാവും. ചോർച്ച നിൽക്കണമെങ്കിൽ ഓടെടുത്ത് വീണ്ടും മേയണം. എന്തു ചെലവു വരും! നമുക്ക് കണക്കാക്കാം. അരച്ചാക്ക് സിമന്റ്, രണ്ടു ചാക്ക് കുമ്മായം, നാലു ചാക്ക് ചരല്. പൊട്ടിയ ഓടുകൾ മാറ്റാൻ പത്തോ ഇരുപതോ ഓട്. പട്ടിക ദ്രവിച്ചതുണ്ടെങ്കിൽ മാറ്റാൻ കുറച്ച് മരം. കുറച്ച് ആണി. ഇതിനൊക്കെക്കൂടി ഒരു മുന്നൂറുരൂപ കൂട്ടിക്കോ. പെങ്ങമ്മാരോട് സഹായിക്കാൻ പറ. അപ്പോൾ നിനക്ക് പുറത്തുനിന്ന് സഹായം ഇല്ലാതെ ജോലി ചെയ്യാം.

'ഇനി മുന്നൂറുരൂപ എങ്ങനെണ്ടാക്കും എന്നല്ലെ? അത്രയും രൂപ ഞാൻ കടമായിട്ട് തരാം.

'കടമായിട്ട്.' അച്ചൻ ഉറപ്പിച്ചു പറഞ്ഞു. 'പലിശയൊന്നും തരണ്ട. ആറുമാസത്തിനുള്ളിൽ തിരിച്ചുതരികയും വേണം. അപ്പോഴേക്ക് നിനക്ക് ഈ പണം തിരിച്ചുതരാൻ പറ്റും.'

ജോണി അച്ചന്റെ മുഖത്ത് ചോദ്യപൂർവ്വം നോക്കി.

'അതെങ്ങനെയാണെന്നാണ് ഞാൻ ഇനി പറയാൻ പോകുന്നത്. രാവിലെയായാൽ എഴുന്നേറ്റ് റോഡിൽക്കൂടി നടക്കുക. ഓടിട്ട വീടുകൾ കണ്ടാൽ കയറി അന്വേഷിക്കുക, കഴിഞ്ഞ മഴക്കാലത്ത് ചോർച്ചയുണ്ടായിരുന്നോ എന്ന്. പത്തിൽ ഒമ്പതു വീട്ടുകാരും പറയും എവിടെയെങ്കിലും ഒക്കെ ചോർച്ചയുണ്ടെന്ന്. അപ്പോൾ നീ പറയും ചോർച്ചയെല്ലാം മാറ്റിത്തരാം എന്ന്. ചോർച്ചയുടെ തരംപോലെ അതിനുള്ള ചെലവ് ഇത്രയാണെന്ന് പറയും. അതിൽ നിന്റെ ലാഭവും കണക്കു കൂട്ടണം. അമിതലാഭം എടുക്കരുത്. പാപമാണ്. ഒമ്പതു വീട്ടുകാരിൽ അഞ്ചുപേരെങ്കിലും നിന്നോട് ജോലി ചെയ്‌തോളാൻ പറയും. ഇന്ന് ഫെബ്രുവരി 26. മാർച്ച്, ഏപ്രിൽ, മെയ്. മൂന്ന് മാസംണ്ട് നിനക്ക് നാല് കാശ്ണ്ടാക്കാൻ.

ഇപ്പോ മനസ്സിലായോ ഞാൻ പറഞ്ഞതിന്റെ കാര്യം? ആദ്യം നിന്റെ വീട്ടിലെ റിപ്പയർ ചെയ്താൽ ഈ ജോലിയിൽ വേണ്ട പരിചയം കിട്ടും. മാത്രല്ല എന്തു ചെലവു വരും എന്നും മനസ്സിലാവും. അതനുസരിച്ച് നിനക്ക് മറ്റു സ്ഥലങ്ങളിൽ ചാർജ് പറയാം.'

അങ്ങനെയാണ് ജോണി ലാഭകരമായ ആ ബിസിനസ്സ് തുടങ്ങിയത്. മൂന്നു ദിവസംകൊണ്ട് അവൻ സ്വന്തം പെരയുടെ അറ്റകുറ്റപ്പണികൾ കഴിച്ചു. ഓടുകൾ എല്ലാം ഇളക്കി താഴെ ഇറക്കി. ഒടിഞ്ഞ ചില പട്ടികകൾ മാറ്റി. വീണ്ടും മേഞ്ഞു. മൂലോടിന്റെ അരികിൽ കുമ്മായക്കൂട്ടിട്ടു. വീട്ടിനകത്തും പുറത്തും വെള്ളവലിച്ചു. വീട് പുതുപുത്തനായി. ആലീസും മറിയവും സഹായത്തിനുണ്ടായിരുന്നു. എല്ലാം കഴിഞ്ഞപ്പോൾ അവൻ കണക്കു കൂട്ടി നോക്കി. ആകെ ചെലവ് ഇരുനൂറ്റിപ്പത്ത് രൂപ മാത്രം. അച്ചൻ തന്ന പണത്തിൽ തൊണ്ണൂറു രൂപ ബാക്കിയുണ്ട്. തനിക്ക് സഹായിയായി ഒരു പയ്യനെ വേണം. അവന് ദിവസം മുപ്പത് രൂപയെങ്കിലും കൊടുക്കണം. പിന്നെ ഭക്ഷണച്ചെലവ് രണ്ടു ദിവസത്തേക്ക് വേറൊരു മുപ്പത്. അങ്ങനെ എല്ലാംകൂടി തൊണ്ണൂറുരൂപ. മുന്നൂറു തികഞ്ഞു. തന്റെ രണ്ടു ദിവസത്തെ കൂലിയായി നൂറുരൂപ കൂട്ടിയാൽ നാനൂറ്. ഇങ്ങനെയുള്ള ജോലിക്ക് നാനൂറ്റിഅമ്പതുരൂപ ചോദിച്ചാൽ തന്റെ കൂലിയടക്കം നൂറ്റിഅമ്പതു രൂപ പോക്കറ്റിൽ തടയും. അഞ്ഞൂറു രൂപ ചോദിച്ചാൽ ഇരുന്നൂറു രൂപ ലാഭം. പെട്ടെന്ന് അച്ചൻ പറഞ്ഞതോർമ്മ വന്നു. അമിതലാഭം എടുക്കരുത്. അത് പാപമാണ്.

കർത്താവെ അവൻ പറഞ്ഞു. ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചതല്ല. വെറുതെ കണക്കുകൂട്ടി നോക്കുകയായിരുന്നു.

അവൻ ജോലി അന്വേഷിച്ച് നടന്നുതുടങ്ങി. ആദ്യത്തെ നാലു ദിവസം വളരെ നിരാശാവഹമായിരുന്നു. മിക്കവാറും എല്ലാവരും ചോർച്ചയുണ്ടെന്ന കാര്യം സമ്മതിച്ചു. മഴ വരട്ടെ എന്നിട്ടു നോക്കാമെന്ന് പറഞ്ഞ് അവർ ജോണിയെ ഒഴിവാക്കി.

വൈകുന്നേരം ജോണി, അച്ചനെ കാണാൻ പള്ളിയിൽ പോയി. അച്ചൻ വാട്ടർ കാനിൽ വെള്ളം നിറച്ച് ചെടികൾക്ക് നനയ്ക്കുകയായിരുന്നു. നന നിർത്താതെ അച്ചൻ ചോദിച്ചു.

'എന്താ ജോണി?'

'ഒന്നുംല്ല്യ അച്ചോ.'

'വീടിന്റെ പണിയൊക്കെ കഴിഞ്ഞോ?'

'കഴിഞ്ഞു.'

എത്ര ചെലവ് വന്നു എന്ന് അച്ചൻ ചോദിക്കുമെന്ന് ഭയന്ന് അവൻ വേഗം പറഞ്ഞു.

'ഞാൻ നാലു ദിവസമായി ജോലിക്കു നടക്കുന്നു. ഒന്നും കിട്ടിയിട്ടില്ല.'

'ചോർച്ചയുള്ള വീടുകള് കണ്ടില്ലെ ഇതുവരെ?'

'കണ്ടു. പക്ഷേ, അവര് പറയണത് മഴ വരട്ടെ എന്നിട്ടുനോക്കാം എന്നാണ്.'

'അപ്പോൾ നിനക്ക് വേണ്ടത് ഒരു നല്ല മഴയാണല്ലെ?'

അച്ചൻ ചിരിച്ചുകൊണ്ട് ആകാശത്തേക്ക് നോക്കി. കാർമേഘങ്ങളുണ്ട്. മഴ പെയ്യണമെന്ന് നിർബന്ധമൊന്നുമില്ല. പക്ഷേ, കർത്താവിന് നല്ലൊരു മഴ പെയ്യിക്കാനുള്ള കോപ്പൊക്കെ ആകാശത്തുണ്ട്.

'നീയൊരു കാര്യം ചെയ്യ്. കർത്താവിനോട് പ്രാർത്ഥിക്ക് നല്ലൊരു മഴയ്ക്കുവേണ്ടി. രണ്ടു മെഴുകുതിരിയും കത്തിച്ചുവെക്ക്.'

രാത്രി തിമർത്ത മഴയായിരുന്നു. ജോണി കർത്താവിന് നന്ദിപറഞ്ഞ് കുരിശുവരച്ചു.

രാവിലെ നേർത്തെതന്നെ ഇറങ്ങി. ആദ്യത്തെ ദിവസം പോയ വഴിയിലൂടെത്തന്നെ. ഇപ്പോൾ ലഭിക്കുന്ന സ്വീകരണം കണ്ട് ജോണിതന്നെ അത്ഭുതപ്പെട്ടു. എവിടെയൊക്കെയാണ് ചോർച്ചയെന്ന് കാണിച്ചുതരുന്നു. എങ്ങനെയാണ് അത് മാറ്റുക എന്ന് ഒരു വിദഗ്ദനോടെന്നപോലെ ചോദിക്കുന്നു. വൈകുന്നേരമായപ്പോഴേക്കും എട്ടു വീട്ടിലെ ബിസിനസ്സ് പിടിച്ചെടുത്തു കഴിഞ്ഞു. അതായത് പത്തുപതിനഞ്ചു ദിവസത്തേക്കുള്ള പണി.

തിരക്കുപിടിച്ച ദിവസങ്ങൾ. ഓരോ വീട്ടിലെ പണി കഴിഞ്ഞാലും ഒരു തുക മൈക്കിൾ അച്ചനെ ഏല്പിച്ചുവന്നു. വീട്ടിൽ പണം വെക്കാൻ ജോണിക്ക് ധൈര്യമില്ല. അപ്പച്ചൻ എങ്ങനെയെങ്കിലും തപ്പിയെടുത്ത് ചാരായക്കടയിൽ എത്തിക്കും. ഒരാഴ്ച കഴിഞ്ഞപ്പോൾ അച്ചൻ പറഞ്ഞു.

'ജോണി നീ കൊണ്ടുവന്നു തന്ന പണം ഇപ്പോൾ മുന്നൂറ്റി അറുപത് ആയല്ലൊ. ഇന്നാ അറുപതു രൂപ പിടിച്ചോ നമ്മൾ തമ്മിലുള്ള കണക്കു തീർന്നു.'

'അയ്യോ അച്ചോ പണം ഇവിടെത്തന്നെ ഇരിക്കട്ടെ. ഞാൻ ആവശ്യമുള്ളപ്പോൾ വാങ്ങാം. വീട്ടിൽ വെച്ചാൽ. . .'

'അപ്പൻ കുടിച്ചു പൂസാവും അല്ലെ? ശരി ഇവിടെ ഇരിക്കട്ടെ. നീ നന്നായി വാ.'

ഏഴു വീടുകളുടെ ജോലിയും വലിയ വിഷമംകൂടാതെ അപകടങ്ങളൊന്നും കൂടാതെ കഴിഞ്ഞു. എട്ടാമത്തെ വീട് തുടങ്ങിയത് ഒരു തിങ്കളാഴ്ചയായിരുന്നു. തിങ്കളാഴ്ചയെ കുറ്റം പറയുകയല്ല. പക്ഷേ, പിന്നീടുണ്ടായ കാര്യങ്ങളൊക്കെ നോക്കിയാൽ കുറ്റം പറയാതിരിക്കാനും വയ്യ.

പണിയായുധങ്ങൾ നിറച്ച സഞ്ചിയുമായി രാവിലെ എട്ടരമണിക്കുതന്നെ എത്തിയ ജോണിയെ വീട്ടുടമസ്ഥ ചോർച്ചയുള്ള വീട്ടിലേക്കു കൊണ്ടുപോയി. തെരുവിന്റെ മറ്റേ അറ്റത്താണ് വാടകവീട്. ഗെയ്റ്റ് തുറന്നിട്ടിരുന്നു. വീട്ടുടമസ്ഥ വാതിൽക്കൽ മുട്ടി വിളിച്ചു.

'സീമേ, സീമേ.....'

'എന്താ ചേച്ചീ......'

അകത്തുനിന്ന് ശബ്ദം കേട്ടു. ശബ്ദം കുറച്ച് വലുതാണെന്ന് ജോണിക്കു തോന്നി. വാതിൽ തുറന്നു. മുമ്പിൽ നിൽക്കുന്ന സ്ത്രീയെ ജോണി നല്ലവണ്ണം നോക്കി. ശബ്ദം മാത്രമല്ല ആകാരവും വലുതാണെന്ന് കണ്ടു.

ഹൊമ്മേ. അവൻ മനസ്സിൽ കരുതി. എന്തൊരു വലിപ്പം. ഒരു നൈറ്റി കയറ്റിയിട്ടുണ്ട്. തലമുടി അഴിച്ചിട്ടിരിക്കയാണ്.

'എന്താ ചേച്ചീ?'

വീട്ടുടമസ്ഥ അകത്തുകയറി.

'സീമേ ഞാൻ പറഞ്ഞിരുന്നില്ലെ, ചോർച്ച നോക്കാൻ ഒരാള് വരുംന്ന്. ഇതാ ഇവനാണത്. എവിട്യൊക്ക്യാണ് ചോർച്ചാന്ന് പറഞ്ഞുകൊടുക്ക്.'

'ചേച്ചീ... ബാത്ത്‌റൂമില്ണ്ട് ലീക്ക്. പിന്നെ ബഡ്‌റൂമിലും. അടുക്കളേല് ഒരു മൂലേല്ണ്ട്. സിറ്റിംഗ്‌റൂമില് ചൊമരിന്റെ അരികിലാ ലീക്ക്.'

'ചുരുക്കിപ്പറഞ്ഞാൽ എല്ലായിടത്തും ചോർച്ചണ്ട്ന്നർത്ഥം.'

'ചേച്ചീ,' ജോണി പറഞ്ഞു. 'അതാ ഞാൻ പറഞ്ഞിരുന്നത്, ആകെ ഒന്ന് എടുത്ത് മേയണം. പൊട്ടിയ ഓടും പട്ടികയും ഒക്കെ മാറ്റണം. എങ്കിൽപിന്നെ കുറെ കാലത്തേക്ക് ചോർച്ചയുണ്ടാവില്ല.'

'ശരി, ന്നാ അങ്ങനെത്തന്നെ ചെയ്യ്. ഞാൻ പോട്ടെ സീമേ ജോലീണ്ട്.'

'ശരി ചേച്ചീ. . .'

'ചേച്ചീ,' ജോണി പറഞ്ഞു. 'എന്നെ സഹായിക്കാൻ ഒരു പയ്യൻ വരും. അവനോട് അവിടെ വരാനാ പറഞ്ഞിരിക്കുന്നത്. അവിടെ ഏണിണ്ടോ?'

'ഉണ്ടല്ലൊ.'

'എന്നാൽ അവന്റെ കൈയിൽ ഏണീം കൊടുത്തയയ്ക്കണം.'

ഏണി ചാരിവെച്ച് ജോണി പുരപ്പുറത്തു കയറി. ഒരു മൂലയിൽനിന്ന് മൂലോട് ഇളക്കിമാറ്റി. രണ്ടാമതൊരണ്ണം. മൂന്നാമത്തെ ഇളക്കിയെടുത്തപ്പോഴാണ് അവൻ താഴെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്. നോക്കിയപ്പോൾ അവൻ ഇളക്കിയെടുക്കുന്നത് കുളിമുറിയുടെ മുകളിലുള്ള ഓടാണെന്നവന് മനസ്സിലായി. എന്തെങ്കിലും ചെയ്യാൻ അവസരം കിട്ടുന്നതിനു മുമ്പേ സീമ കുളിമുറിയിലേക്ക് വന്നതു കണ്ടു. എന്താണ് ഭാവം? ജോണി ചിന്തിച്ചു. അവൻ അപ്പോഴും മൂലോട് പിടിച്ചുകൊണ്ട് ഇരിക്കുകയാണ്. സീമ കുളിമുറിയിൽ കടന്ന് വാതിലടച്ചു, ഒരു മൂളിപ്പാട്ടുമായി, എന്താണ് സംഭവിക്കുന്നതെന്ന് ജോണിക്ക് മനസ്സിലാവും മുമ്പ് നൈറ്റിയുടെ അടിഭാഗം രണ്ടു കൈ കൊണ്ടും പിടിച്ച് തലയിലൂടെ ഊരിയെടുത്തു.

ഹൊമ്മെ! ജോണി ശ്വാസം അടക്കിപ്പിടിച്ചു.

ഊരിയെടുത്ത വസ്ത്രം അയലിൽ തൂക്കി. ബ്രായുടെ ഹുക്ക് പിന്നിൽ നിന്നഴിച്ച് രണ്ടു കൈയിലൂടെ അഴിച്ചെടുത്തു. ജോണിയുടെ കണ്ണ് തള്ളിപ്പോയി.

കർത്താവെ ഇതെന്താണ് ഞാൻ കാണുന്നത്?

മുകളിൽ നിന്ന് ജോണി എറിഞ്ഞുകൊടുക്കുന്ന ഓട് പിടിക്കാൻ തയ്യാറായിനിൽക്കുന്ന പയ്യന് കാര്യമൊന്നും പിടുത്തം കിട്ടിയില്ല. രണ്ട് ഓട് പിടിച്ചത് താഴെ അടുക്കിവെച്ച് മൂന്നാമത്തെ ഓടിനുവേണ്ടി കൈനീട്ടിയ പയ്യൻ കൈകൾ പിൻവലിച്ച് കാത്തുനിന്നു. മുകളിൽ ജോണിച്ചായന് എന്തോ പ്രശ്‌നമുണ്ടായിട്ടുണ്ടെന്നു മാത്രം മനസ്സിലായി.

രണ്ടാമത് അഴിച്ച വസ്ത്രവും അയലിൽ തൂക്കി അരയിൽനിന്ന് ബാക്കിയുള്ളതും അഴിക്കാൻ പോകുമ്പോഴാണ് സീമ മുകളിലേക്കു നോക്കിയതും പകച്ച രണ്ടു കണ്ണുകൾ കണ്ടതും. അവൾ പെട്ടെന്ന് അയലിൽനിന്ന് തോർത്തെടുത്ത് മാറു മറച്ച് കുളിമുറിയുടെ വാതിൽ കടന്ന് അപ്രത്യക്ഷയായി. പോകുന്നതിനുമുമ്പ് അവളുടെ സമൃദ്ധമായ പിൻഭാഗം പയ്യന്റെ കണ്ണിൽപെട്ടു.

ജോണി തളർന്നു. അവന്റെ തൊണ്ട വരണ്ടു. കുറച്ചു വെള്ളം കുടിക്കണം. കൈയിൽ പിടിച്ച മൂലോട് താഴേക്കിട്ടുകൊടുത്ത് ഏണിവഴി താഴെ ഇറങ്ങുമ്പോൾ ജോണി ആലോചിച്ചു. അവർ കരുതിക്കൂട്ടി ചെയ്തതാണോ, അതോ അബദ്ധം പറ്റിയതോ. കുളിമുറി സ്വതവേ വെളിച്ചം കുറഞ്ഞതായിരുന്നു. അപ്പോൾ മൂന്ന് മൂലോട് എടുത്തുകഴിഞ്ഞാൽ ഉണ്ടാകുന്ന പ്രകാശത്തിന്റെ കാരണം അന്വേഷിക്കാതിരിക്കുമോ അവർ? പിന്നെ മുകളിലേക്കു നോക്കി തന്നെ കണ്ടപ്പോൾ അവർ കുളിമുറി വിട്ടുപോകാൻ വലിയ ധൃതിയൊന്നും കാണിച്ചതുമില്ല. ഏതാനും സെക്കന്റുകളുടെ കാര്യം മാത്രമാണ്; എന്നാലും.

നമ്മുടെ മനസ്സിനൊക്കെ അങ്ങനെയൊരു കുഴപ്പമുണ്ട്. നാം ആഗ്രഹിക്കുന്നത് തന്നെയാണ് നടക്കുന്നതെന്ന തോന്നലുണ്ടാകും. ജോണിക്കും പറ്റിയത് അതുതന്നെയായിരുന്നു. തന്നെ പ്രലോഭിപ്പിക്കാൻ കരുതിക്കൂട്ടി വന്നതാണെന്ന നിഗമനത്തിലെത്തി അവൻ. തൊണ്ട വല്ലാതെ വരളുന്നു. കുറച്ച് വെള്ളം കുടിക്കണം. പയ്യനോട് അവിടെ നിൽക്കാൻ പറഞ്ഞ് ജോണി ഉമ്മറത്തു കയറി വാതിൽക്കൽ മുട്ടി.

വാതിൽ തുറക്കാൻ കുറച്ച് സമയമെടുത്തു. ജോണി ഒരിക്കൽക്കൂടി മുട്ടാൻ തുനിഞ്ഞപ്പോൾ വാതിൽ തുറക്കപ്പെട്ടു. സീമ സാരിയുടുത്തിരുന്നു. ഒന്നും സംഭവിക്കാത്തമട്ടിൽ അവർ ചോദിച്ചു.

'ഉം?'

'ചേച്ചി, കുറച്ച് വെള്ളം കുടിക്കാൻ വേണം.'

'വെള്ളമോ.'

'ഉം.'

'അതാ അവിടെ ടാപ്പുണ്ട്.' അവർ ചുമരരുകിലെ ടാപ്പ് ചൂണ്ടിക്കാട്ടി, ജോണിക്ക് എന്തെങ്കിലും പറയാൻ അവസരം കൊടുക്കുന്നതിന് മുമ്പ് വാതിലടയ്ക്കുകയും ചെയ്തു.

ജോണി മിറ്റത്തേക്കു കടന്നു. സീമ ചൂണ്ടിക്കാട്ടിയ ടാപ്പിനടുത്തു പോയി കുറച്ചുനേരം നിന്നു. ഇത്രയും പ്രതികൂലമായ സാഹചര്യത്തിൽ ടാപ്പുവെള്ളം കുടിക്കുന്നതിനേക്കാൾ നല്ലത് പുറത്തു പോയി ചായ കുടിക്കുകയാണെന്ന് ജോണി തീർച്ചയാക്കി. അവൻ പോകാനായി തിരിഞ്ഞു. പെട്ടെന്നാണവന് തോന്നിയത്. മുമ്പിലുള്ള ജനലിന്റെ കർട്ടൻ ഇളകിയോ? അവൻ നോക്കിനിന്നു. ഇല്ല ഇളക്കം നിന്നിരിക്കുന്നു. തോന്നലായിരിക്കും. അവൻ പടിക്കലേക്കു നടന്നു. പോകുമ്പോൾ പയ്യനോട് വിളിച്ചുപറഞ്ഞു.

'ബാബു, ഞാനൊരു ചായ കുടിച്ചിട്ടു വരാം.'

മിറ്റം കടന്നതേയുള്ളു. അപ്പോഴേയ്ക്ക് പുറകിൽനിന്നൊരു വിളി.

'ശ് ശ്. . .'

ജോണി തിരിഞ്ഞു നോക്കി.

സീമ ഉമ്മറത്തിണ്ണയുടെ അടുത്തുനിന്ന് വിളിക്കുകയാണ്. ജോണി തിരിച്ചുചെന്നു.

'എന്താ പേര്?'

'ജോണി.'

'ജോണി പുറത്തു പോവ്വാണോ?'

'അതെ.'

'അപ്പ എനിക്കൊരുപകാരം ചെയ്യ്വോ?'

'എന്താ ചേച്ചി വേണ്ടത്?'

'എനിക്ക് ഒരു കിലോ സവോള വാങ്ങിക്കൊണ്ടുവര്വോ?'

'വാങ്ങാം ചേച്ചി.'

സീമ അകത്തുപോയി പണം കൊണ്ടുവന്ന് മിറ്റത്തു നിൽക്കുന്ന ജോണിയുടെ കൈയിലേക്കിട്ടു കൊടുത്തു. മിറ്റം താഴ്ചയിലായതിനാൽ സീമയ്ക്ക് നല്ലവണ്ണം കുമ്പിടേണ്ടിവന്നു. ആ ക്രിയയിൽ അവളുടെ സാരി ചുമലിൽനിന്ന് ഊർന്നുവീണു.

ജോണിയുടെ കണ്ണുതള്ളിപ്പോയി. തൊണ്ടവരൾച്ച വീണ്ടും വന്നു. ഉണർന്നുവന്ന സ്തന്യപവികാരങ്ങൾ ഒരു വിധം അമർത്തി അവൻ പണംവാങ്ങി, തിരിഞ്ഞു നടന്നു.

തിരിച്ചു വന്നപ്പോൾ സീമ ഉമ്മറത്തിണ്ണയിലിരുന്ന് ഒരു പരന്ന സ്റ്റീൽപാത്രത്തിൽ അരി തിരയുകയായിരുന്നു. പൊതി കൈയിൽവാങ്ങിയ ശേഷം അവൾ ബാക്കി ചില്ലറയ്ക്കുവേണ്ടി കൈനീട്ടി. കൈയിലുണ്ടായിരുന്ന അമ്പതു പൈസ ജോണി അവൾക്കു കൊടുത്തു. ആ നാണയം വാങ്ങി ഒരക്ഷരം പറയാതെ അവർ അകത്തുപോയി. എന്തെങ്കിലും നല്ല വാക്കുകൾ അല്ലെങ്കിൽ ചുരുങ്ങിയത് ഒരു നല്ല നോട്ടം വരുന്നുണ്ടോ എന്ന പ്രതീക്ഷയിൽ ജോണി കുറച്ചുനേരം അവിടെ നിന്നു. ശ്രദ്ധിക്കാത്ത ഒരു നിമിഷത്തിൽ മുൻവാതിൽ അടഞ്ഞപ്പോൾ അവൻ തിരിച്ചു നടന്നു.

സമയം പത്ത്. എട്ടര മണിക്ക് എത്തിയതാണ്. ഒന്നര മണിക്കൂറിൽ ആകെ ചെയ്തത് മൂന്ന് മൂലോട് ഇറക്കുക മാത്രം. ജോണി പുരപ്പുറത്തു കയറി ഓട് ഇളക്കിയെടുക്കാൻ തുടങ്ങി.

'ജോണിച്ചായന് ഇന്നെന്തുപറ്റി?'

പയ്യൻ ചോദിച്ചു.

സാധാരണ അവനെ ഇട്ടു കറക്കുകയാണ് പതിവ്.

ജോണി ഒന്നും പറയാതെ ഓടിളക്കി എറിഞ്ഞുകൊടുത്തു. താഴെ കുളിമുറി ശൂന്യം. നേരത്തെ ഉപേക്ഷിച്ചിട്ടുപോയ വസ്ത്രങ്ങളും അപ്രത്യക്ഷമായിരിക്കുന്നു.

കുളിമുറിയുടെ ഭാഗത്തുള്ള ഓട് മുഴുവൻ എടുത്ത് അടുത്ത മുറിക്കു മുകളിലെ ഓടെടുക്കാൻ പോകുമ്പോൾ അവൻ ആലോചിച്ചു. ഏതു മുറിയായിരിക്കും അത്? അത് പൂജാമുറിയായിരുന്നു. ചന്ദനത്തിരിയുടെ വാസന വന്നു. കൂടുതൽ ഓട് എടുത്തപ്പോൾ മുറിയുടെ ചുമരിൽ തൂങ്ങിക്കിടക്കുന്ന ചിത്രങ്ങൾ കണ്ടു. നിലത്ത് പീഠത്തിന്മേൽ കയറിനിന്ന് ഓടക്കുഴൽ വിളിക്കുന്ന കൃഷ്ണനേയും.

അപകടമൊന്നുമില്ല.

വെയിൽ ചൂടുപിടിച്ചു.

'ജോണിച്ചായാ' ബാബു വിളിച്ചു. 'നമുക്ക് ചായകുടിക്കാൻ പോകാം.'

സമയം പതിനൊന്നായിരിക്കുന്നു. സാധാരണ പത്തരയ്ക്കാണ് പോവുക പതിവ്. ജോണി കോണിയിറങ്ങി ബാബുവിനേയുംകൂട്ടി പടിക്കലെത്തിയപ്പോഴാണ് വീണ്ടും വിളി കേട്ടത്. 'ശ് ശ്. . .'

ജോണി തിരിഞ്ഞുനോക്കി. സീമ ഉമ്മറത്തു നിൽക്കുകയാണ്.

'നീ നടന്നോ. ഞാൻ ഇപ്പൊ വരാം.'

ജോണി തിരിച്ചു വന്നു.

'എന്താ ചേച്ചീ. . .'

'എന്റെ ഇലക്ട്രിസിറ്റി ബിൽ അടയ്ക്കാൻ പറ്റ്വോ?'

'ഇപ്പോ, ചേച്ചീ. . . അവൻ സംശയിച്ചുകൊണ്ട് പറഞ്ഞു. ജോലീടെ എടേല്.'

'അയ്യോ ജോണി.' സീമ വശ്യമായി ചിരിച്ചു. 'ഇന്ന് അവസാന ദിവസാണ്. ഇന്ന് കൊടുത്തില്ലെങ്കില് ഫൈൻ കൊടുക്കേണ്ടിവരും.'

ആ ചിരി ജോണിയെ വീഴ്ത്തി.

'ശരി ചേച്ചി. എവിട്യാണ് കൊടുക്കേണ്ടത്?'

സുഭാഷ് പാർക്കിന്റെ അടുത്തുള്ള ഓഫീസിൽ പതിനൊന്നു പേരുടെ പിന്നിൽ വരിനിൽക്കുമ്പോൾ ജോണി ആലോചിച്ചു. വല്ലാത്തൊരു പൊല്ലാപ്പായി ഇത്. ആദ്യം സവോള, പിന്നെ ഇലട്രിക് ബിൽ. ശരിക്ക് മുപ്പത്തിരണ്ടു രൂപയേ തന്നിട്ടുള്ളു. നടക്കുകയാണെങ്കിൽ തികച്ചും ഇരുപതു മിനിറ്റ് നടക്കാനുണ്ട്. അല്ലെങ്കിൽ ഒരു രൂപ ബസ്സിന് കൊടുക്കണം. തിരിച്ചും ഒരു രൂപ. അത് പോക്കറ്റിൽ നിന്ന് പോകുന്ന ലക്ഷണമാണ്. അവൻ നടക്കാൻതന്നെ തീരുമാനിച്ചു.

വൈകുന്നേരം പള്ളിയിൽ പോക്കും മൈക്കിൾ അച്ചനെ കാണലും ഒരു സ്വഭാവമായി മാറിയതുകൊണ്ടു മാത്രമാണ് അന്നും പോയത്. പണം ഏല്പിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല. രാവിലെ എട്ടര തൊട്ട് വൈകുന്നേരം ആറുവരെ ജോലിയെടുത്തിട്ട് ആകെ തീർന്നത് കഷ്ടിച്ച് മൂന്നു മുറിയുടെ മുകളിലെ ഓട് എടുത്ത് മേയലാണ്. ഇലക്ട്രിസിറ്റി ഓഫീസിൽനിന്ന് പുറത്തു കടന്നപ്പോൾ സമയം ഒരു മണി. തിരിച്ചു വന്നപ്പോഴേയ്ക്കും ബാബു ഓടെടുത്ത സ്ഥലം മുഴുവൻ അടിച്ചുവാരി വൃത്തിയാക്കിയിരുന്നു. എടുത്തുമാറ്റിയ ഓടുകളും വൃത്തിയാക്കിയിരുന്നു. അത്രയും നന്നായി.

'എന്താ ജോണി?' അച്ചൻ ചോദിച്ചു. 'പുതിയ ജോലി പെട്ടെന്ന് കഴിഞ്ഞുവോ?'

'ഇല്ല അച്ചോ. അത്ര പെട്ടെന്ന് കഴിയുന്ന ലക്ഷണവുമില്ല.'

'എന്തേ? നിറയെ റിപ്പയറുണ്ടാകും അല്ലെ? അതിനനുസരിച്ച് ചാർജ് ചെയ്‌തോണം. നന്നായി ജോലി ചെയ്യണം, നന്നായി ചാർജ് ചെയ്യണം.'

ജോണി ഒന്നും പറയാതെ നിന്നു. അച്ചനോടെന്താണ് പറയുക? വേണമെങ്കിൽ കുമ്പസാരിക്കാം. പക്ഷേ, ഇതിൽ തന്റെ തെറ്റ് എന്താണ്? ഒരു സ്ത്രീ നാണമില്ലാതെ അവന്റെ മുമ്പിൽ ഉടുവസ്ത്രങ്ങൾ ഉരിഞ്ഞുമാറ്റുന്നു. പെട്ടെന്ന് അവൻ ഒരു കുറ്റബോധത്തോടെ തന്റെ വിചാരങ്ങൾ തുടച്ചുമാറ്റി. ഒരു പാതിരിയുടെ മുമ്പിൽ നിന്നുകൊണ്ട് ആലോചിക്കേണ്ട കാര്യങ്ങളല്ലാ ഇതൊന്നും.

'വേറെ വിശേഷങ്ങളൊന്നുമില്ലല്ലൊ?'

'ഇല്ലച്ചോ.'

ശരി. എന്നാൽ വിശുദ്ധഗീവർഗീസ് പുണ്യാളന്റെ പേരിൽ രണ്ടു മെഴുകുതിരി കൊളുത്തിവെച്ച് പൊയ്‌ക്കോ,

ഈ സദ്ഭാവനകളൊന്നും രാത്രി അവനെ സഹായിച്ചില്ല. നഗ്നമായ ഒരു മാറിടം അവന്റെ സിരകളെ ചൂടുപിടിപ്പിച്ചു.

പിറ്റേന്ന് ചില തീരുമാനങ്ങളൊക്കെ എടുത്താണ് ജോണി ജോലിക്കു പോയത്. ഞാൻ, എന്റെ ജോലി. അതിനപ്പുറത്തൊന്നുമില്ല. ഇന്നും നാളെയുമായി ഈ ജോലി കഴിച്ച് പണം വാങ്ങി പോണം. ഓട്ടിൻപുറത്ത് കയറി ഓടുകൾ ഇളക്കി എടുക്കാൻ തുടങ്ങി. കുളിമുറിയും, പൂജാമുറിയും പിന്നെ കുട്ടികൾ പഠിക്കുന്ന മുറിയാണെന്നു തോന്നുന്നു. അങ്ങനെ മൂന്നു മുറികളെ കഴിഞ്ഞിരുന്നുള്ളൂ. അതിന് തൊട്ടടുത്തുള്ള ഒരു മുറിയുടെ ഓട് ഇളക്കാൻ തുടങ്ങി. രണ്ട് ഓടിന്റെ വിടവിൽക്കൂടി അവൻ താഴേയ്ക്ക് നോക്കി. ഒരു സ്റ്റീൽ അലമാര, ചെറിയൊരു മേശ, നീളൻ കണ്ണാടിയുള്ള ഒരു ഡ്രസ്സിംഗ് ടേബ്ൾ. മറുവശത്ത് കട്ടിൽ. കട്ടിലിൽ. . .

ഹൊമ്മേ. ജോണി മനസ്സിൽ പറഞ്ഞു. ഈ പിശാച് എന്നെ പിടികൂടാൻതന്നെ തയ്യാറായിട്ടിരിക്ക്യാണല്ലോ.

കൂടുതൽ ഓടുകൾ എടുക്കാതെ ജോണി ഇറങ്ങി.

'എന്താ ജോണിച്ചായ ഇറങ്ങിയത്?'

'നമുക്ക് മറ്റെ ഭാഗത്തുനിന്ന് തൊടങ്ങാം.' കോണിയെടുത്ത് നടന്നുകൊണ്ട് ജോണി പറഞ്ഞു.

മറുഭാഗത്ത് അടുക്കളയാണ്. ഓടുകൾ ഓരോന്നായി നീക്കിക്കൊണ്ടിരിക്കെ അടുക്കളയ്ക്കുള്ളിൽ വെളിച്ചം വീണു. അകത്ത് ആരുമില്ലെന്ന് ഒരാശ്വാസത്തോടെ ജോണി മനസ്സിലാക്കി. താൻ എന്തിനാണ് പേടിക്കുന്നത്? ജോലി ചെയ്യുക, പണം വാങ്ങിപ്പോവുക അത്രമാത്രം.

പറയുക എളുപ്പമായിരുന്നു. കിടപ്പറയിൽ കട്ടിലിൽ മലർന്നുകിടന്നിരുന്ന ആ സ്ത്രീയുടെ ഉദ്ദേശ്യമെന്താണ്? അവരുടെ തലക്കൽ ഭാഗത്തുള്ള ഓടാണ് ഇളക്കിയത്. മലർന്നുകിടന്ന് വായിക്കുകയായിരുന്ന അവർക്ക് വെളിച്ചം പെട്ടെന്ന് കൂടിയത് മനസ്സിലായിട്ടുണ്ടാവണം. എന്നിട്ടും അനങ്ങാതെ മുട്ടിനു മുകളിലേക്ക് എത്തിനിൽക്കുന്ന നൈറ്റി അതേപോലെയിട്ട് കാലും മടക്കി മലർന്നുകിടക്കുകതന്നെയാണ്.

അവൻ ഓടിളക്കൽ നിർത്തി മുകളിലേക്ക് കയറി. പുരപ്പുറത്തുകൂടെ നടന്ന് മറുഭാഗത്തെത്തി. രണ്ട് ഓടുകൾ അടർത്തിയെടുത്ത സ്ഥലത്തെത്തി ഉള്ളിലേക്ക് നോക്കി. കിടക്ക ശൂന്യം, കിടപ്പുമുറി ശൂന്യം.

ജോണി തിരിച്ചു നടന്നു. ബാബുവിന് ജോണിയുടെ വിചിത്രമായ ചലനങ്ങൾ മനസ്സിലായില്ല. കഴിഞ്ഞ എട്ടു ദിവസം ജോണിയുടെ ഒപ്പം ജോലിയെടുക്കുകയായിരുന്നു. ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. ഇപ്പോൾ പെട്ടെന്ന്. . .

ചായ കുടിക്കാനിറങ്ങുമ്പോൾ പതിവു വിളിക്കായി ജോണി കാതോർത്തു. നിരാശപ്പെടേണ്ടി വന്നില്ല. പടിക്കലെത്തുന്നതിന് മുമ്പുതന്നെ വിളി വന്നു.

'ജോണി. . .'

'എന്താ ചേച്ചീ. . .'

ബാബുവിനോട് നടന്നുകൊള്ളാൻ പറഞ്ഞ് ജോണി തിരിച്ചു ചെന്നു.

സീമ തിണ്ണയിൽ ഇരിക്കുകയാണ്. ജോണി വരുന്നതു കണ്ടപ്പോൾ അവൾ എഴുന്നേറ്റു. കൈയിൽ ഒരു കടലാസുകഷണവും നൂറു രൂപയുടെ നോട്ടും. ജോണി മിറ്റത്തുതന്നെ നിന്നു. സീമ ഉമ്മറത്ത് കടലാസും നോക്കി നിൽക്കുകയാണ്.

'എന്താ ചേച്ചീ. . .'

'എനിക്ക് കുറച്ച് സാധനങ്ങൾ വാങ്ങിത്തര്വോ?'

'ചേച്ചീ. . . എനിക്ക് സമയം കിട്ടുംന്ന് തോന്ന്ണില്ല്യ. ഇന്നലെത്തന്നെ കുറെ സമയം പോയി.'

'ജോണി. . .' വീണ്ടും സീമയുടെ വശ്യമായ ചിരി. 'ഇന്നുകൂടി മതി. ചേട്ടൻ ശനിയാഴ്‌ച്ച്യേ വരു. അതുവരെ കാത്തുനിൽക്കാൻ വയ്യ. കുട്ടികള് സ്‌ക്കൂൾ വിട്ട് വരുമ്പോഴേക്ക് അപ്പംണ്ടാക്കി വെക്കാന്ന് പറഞ്ഞതാ. ശർക്കര ഇല്ല്യ. പിന്നെ നാളികേരം വേണം. അങ്ങനെ കുറച്ച് സാധനങ്ങള്. ഞാൻ വായിച്ചുതരാം.'

ജോണി ഉമ്മറത്തു കയറി. സീമ ലിസ്റ്റ് അവന്റെ കൈയിൽ കൊടുത്തു.

'വായിക്കാൻ പറ്റ്ണ്‌ണ്ടോ?'

അവൾ ജോണിയുടെ അടുത്തുചെന്നു നിന്നു. വളരെ അടുത്ത്. കാച്ചിയ വെളിച്ചെണ്ണയുടെയും സോപ്പിന്റെയും വാസന. അതിനിടയിൽക്കൂടി ഉത്തേജിതമായ ഒരു ഗന്ധം അവന് അനുഭവപ്പെട്ടു. സീമ അവനോട് തൊട്ടു നിന്നുകൊണ്ട് ലിസ്റ്റ് വായിച്ചുകൊടുക്കുകയാണ്. അവന് ശ്രദ്ധിക്കാൻ പറ്റിയില്ല.

'ഞാൻ ഒരു സഞ്ചി തരാം.'

സീമ അകത്തുപോയി.

ജോണിക്ക് പെട്ടെന്ന് തോന്നിയത് സീമയുടെ പിന്നാലെ പോകാനാണ്. അതിനുള്ള ധൈര്യം സംഭരിക്കാനാവാത്തതിന് അവൻ സ്വയം ന്യായീകരണം കണ്ടെത്തി. മാന്യത. മാത്രമല്ല, സീമയ്ക്ക് അങ്ങനെ ഉദ്ദേശ്യമുണ്ടെങ്കിൽ അവർ എന്തെങ്കിലും കാരണം പറഞ്ഞ് തന്നെ അകത്തേക്ക് വിളിച്ചേനെ. എന്തൊക്കെ കാരണങ്ങൾ പറയാം. ചോർച്ച കാണിക്കാൻ, ടാപ്പിന്റെ വാഷർ മാറ്റാൻപറ്റുമോ എന്ന് ചോദിക്കാൻ, ഫ്യൂസായ ബൾബ് മാറ്റാൻ.

അങ്ങനെ ഒരു കാരണം പറഞ്ഞ് തന്നെ അകത്തേക്ക് വിളിക്കാത്തിടത്തോളം കാലം താൻ പിന്നാലെ ചെല്ലുന്നത് അപകടം തന്നെയാണ്.

അവൻ യുക്തിയെ വികാരങ്ങളുടെ മുമ്പിൽ നടത്തി.

വൈകുന്നേരം വീട്ടുടമസ്ഥ ജോലി നോക്കാൻ വന്നു. എല്ലാം കഴിഞ്ഞിട്ടുണ്ടാകുമെന്ന് കരുതി വന്ന അവർക്ക് ഇനിയും ഒരു ദിവസത്തെ ജോലികൂടിയുണ്ടെന്ന് കേട്ടപ്പോൾ അദ്ഭുതമായി. രണ്ടു ദിവസത്തെ ജോലി കഷ്ടിച്ചുണ്ടാകുമെന്നാണ് ജോണി പറഞ്ഞിരുന്നത്. സാരമില്ല. അവർ മനസ്സിൽ കരുതി. കോൺട്രാക്ടല്ലെ. കൂടുതൽ ദിവസമെടുത്താൽ അവനുതന്നെ നഷ്ടം.

അവർ അകത്തേക്കു പോയി. അകത്തുനിന്നുള്ള സംഭാഷണം പ്രത്യേകിച്ചും സീമയുടെ ശബ്ദം പുറത്തേക്ക് ഉറക്കെ കേൾക്കാം.

'ഓ അവന്മാര് അങ്ങനെയൊക്കെയെ ജോലി ചെയ്യത്തുള്ളൂ.'

'പിശാച് !' ജോണി പല്ലിറുമ്മി.

വൈകുന്നേരം പോകുന്നതിന്ന് മുമ്പ് എടുത്ത ഓടുകൾ മേഞ്ഞു. ഇനി കിടപ്പുമുറിയുടെയും, തളത്തിന്റെയും ഉമ്മറത്തിന്റെയും ബാക്കിയുണ്ട്. നാളെ രാവിലെ വന്ന് അതുകൂടി കഴിഞ്ഞാൽ പിന്നെ മൂലോടിന്റെ കുമ്മായമിടൽ മാത്രമെ ബാക്കിയുണ്ടാവൂ. മറ്റന്നാൾ ഇനി ഇവിടെ വരാൻ പറ്റില്ല.

രാവിലെ പത്തരയോടുകൂടി കിടപ്പറയുടെ മുകളിലെ ഓടു മുഴുവൻ ഇറക്കി, വൃത്തിയാക്കി. ഇനി ചായ കുടിച്ചു വന്നാൽ എല്ലാം മേയണം കിടപ്പുമുറിയല്ലെ, അവർക്ക് ഉച്ചയ്ക്ക് കിടക്കേണ്ടിവരും.

അവൻ ചായകുടിക്കാനിറിങ്ങി. പടിക്കൽ എത്തിയിട്ടും അവന് സ്വഭാവമായിത്തീർന്ന വിളിയുണ്ടായില്ല. അവൻ തിരിഞ്ഞുനോക്കി. ഉമ്മറത്ത് ആരുമില്ല.

'നീ നടന്നോ.' ജോണി ബാബുവിനോട് പറഞ്ഞു. 'ഞാനിപ്പോ വരാം.'

ജോണിയുടെ വിചിത്ര സ്വഭാവങ്ങളോട് പൊരുത്തപ്പെട്ടതുകാരണം അവൻ ഒന്നും പറയാതെ പണവും വാങ്ങി നടന്നു. ജോണി തിരിഞ്ഞു നടന്നു. ചേച്ചി മറന്നതായിരിക്കും. ഇനി താൻ ചായകുടിച്ച് വന്നാലായിരിക്കും എന്തെങ്കിലും വാങ്ങാനുണ്ടെന്ന് പറയൽ. ഭേദം ഇപ്പോൾ തന്നെ ചോദിക്കലാണ്. അവൻ ഉമ്മറത്തു കയറി, വാതിൽക്കൽ മുട്ടി. മറുപടിയൊന്നുമില്ല. അവസാനം അവൻ ഒതുക്കുകളിറങ്ങാൻ തുനിഞ്ഞപ്പോൾ ഒരു ശബ്ദം കേട്ടു.

'ആരാ?'

ജനലിന്റെ കർട്ടൻ കുറച്ചു നീക്കി സീമ അവനെ നോക്കുകയാണ്.

'ചേച്ചീ ഞാൻ പുറത്തുപോവാണ്. എന്തെങ്കിലും വാങ്ങാനുണ്ടെങ്കിൽ വാങ്ങാംന്ന് വെച്ചിട്ടാണ്.'

'ഒന്നും വാങ്ങാനില്ല.'

അതു പറയലും കർട്ടൻ അടയ്ക്കലും ഒന്നിച്ചു കഴിഞ്ഞു. ജോണി ഒരു മിനിറ്റ് അവിടെ നിന്നു. സീമ പറഞ്ഞത് അവന്റെ തലയിലേക്കോടിയിട്ടില്ലെന്ന മട്ടിൽ.

ചായകുടിച്ചു വന്നശേഷം എന്തോ ജോലി പതുക്കെയേ നീങ്ങിയുള്ളു. പന്ത്രണ്ടരയ്ക്ക് ഊണുകഴിക്കാൻ പോകുന്നതിനുമുമ്പ് കഷ്ടിച്ച് കിടപ്പുമുറിയുടെ മുകളിലുള്ള ഓടുകൾ മേഞ്ഞുകഴിഞ്ഞു. കിടപ്പുമുറി ശൂന്യമായിരുന്നു. ആ വീടിനകത്ത് ഒരാൾ ഉണ്ടെന്നുപോലും തോന്നിയില്ല.

ഉച്ചതിരിഞ്ഞ് ജോലി കുഴപ്പമില്ലാതെ തുടർന്നു. തളത്തിലേയും ഉമ്മറത്തേയും ഓടുകൾ മുഴുവൻ പുറത്തേക്കെടുത്തു. അപ്പോഴപ്പോൾ അവ വൃത്തിയാക്കിവെച്ചു. വൈകുന്നേരം അഞ്ചര മണിയായപ്പോഴേക്കും അവ മേഞ്ഞുകഴിഞ്ഞു. തളത്തിൽനിന്നായിരുന്നു കിടപ്പുമുറിയിലേക്കും കുട്ടികളുടെ മുറിയിലേക്കും അടുക്കളയിലേക്കും വാതിൽ. തളത്തിൽക്കൂടിയല്ലാതെ ഒരു മനുഷ്യജീവിക്ക് ഈ മുറികളിലേക്ക് പോകാൻ പറ്റില്ല. എന്നിട്ടും ഒരു മണി മുതൽ അഞ്ചരവരെയുള്ള സമയത്തിൽ ജാഗ്രതയോടിരുന്നിട്ടും ജോണിക്ക് സീമയെ കാണാൻ പറ്റിയില്ല. അവൾ വീട്ടിനകത്തുതന്നെയുണ്ടെന്നവനറിയാമായിരുന്നു. അടുക്കളയിൽ നിന്നുള്ളഗന്ധം, എവിടെയോ ടാപ്പിൽ നിന്ന് ബക്കറ്റിലേക്ക് വെള്ളം വീഴുന്ന ശബ്ദം.

അവൻ ആലോചിച്ചു. എവിടെയാണ് തെറ്റുപറ്റിയത്. അല്ലെങ്കിൽ തെറ്റുപറ്റിയതുതന്നെയാണോ? ഏതാണ് ശരി? അവൻ ആകെ വിഷമസ്ഥിതിയിലായിരുന്നു.

മൂലോട് വെക്കുന്ന പണിയായിരുന്നു ഏറ്റവും വിഷമം. മേയുമ്പോൾതന്നെ മൂലോട് വെച്ചിരുന്നെങ്കിലും അത് ശരിക്കുള്ള സ്ഥാനത്ത് വെച്ചില്ലെങ്കിൽ പിന്നീട് ചോർച്ചയുണ്ടാവാൻ സാധ്യതയുണ്ട്. ചില മൂലോടുകൾ ചൂടുകാരണം അല്പസ്വല്പം വളഞ്ഞിട്ടുമുണ്ട്. അതാതിന്റെ സ്ഥാനം കണ്ടുപിടിക്കുകതന്നെ വേണം. നാലാം ദിവസം മുഴുവൻ അതായിരുന്നു ജോണിയുടെ പണി, അവൻ ഒരു മൂലോട് എടുക്കും അതിനുമുകളിലുള്ള മൂലോട് താഴ്ത്തിവെച്ചു നോക്കും. ശരിയായില്ലെങ്കിൽ വേറൊന്ന്.

താഴെ മുറികൾ ശൂന്യമായിരുന്നു. അത്ഭുതകരമായ എന്തോ ഒന്ന് താഴെ സംഭവിക്കുന്നുണ്ട്. മൂലോടുകൾക്ക് സ്ഥാനചലനം സംഭവിച്ചുകൊണ്ടിരുന്നു. അതിനിടയിൽ ചായയുടെ സമയം കഴിഞ്ഞു. ജോണിയെ കുറച്ചുനേരം കാത്തശേഷം ബാബു ഒറ്റയ്ക്ക് ചായകുടിക്കാൻ പോയി. ഉച്ചയ്ക്ക് ഊണിന് പോകാൻ ഒന്നരമണിവരെ ബാബു ജോണിയെ കാത്തു. അവൻ പൊരിവെയിലത്ത് അപ്പോഴും മൂലോടുകൾ ഒതുക്കുകയായിരുന്നു. ബാബു ഒറ്റയ്ക്ക് പോയി ഊണുകഴിച്ചുവന്നു. മൂന്നു മണിയുടെ ചായയ്ക്കും ജോണിയെ കിട്ടിയില്ല. അവൻ പുരപ്പുറത്ത് ഒരറ്റത്തുനിന്ന് എടുത്ത മൂലോട് മറ്റേ അറ്റത്ത് പാകമാകുന്നുണ്ടോ എന്ന് നോക്കുകയാണ്.

വൈകുന്നേരം നടക്കാനിറങ്ങിയതായിരുന്നു. എത്തിയത് പള്ളിമുറ്റത്ത്. മൈക്കിൾ അച്ചൻ തന്റെ സ്ഥിരം പരിപാടിയിലായിരുന്നു. ഡാലിയയുടെ കട പറിച്ചെടുത്ത് കിഴങ്ങുകൾ വെവ്വേറെ തടങ്ങളിൽ കുഴിച്ചിടുകയായിരുന്നു അച്ചൻ.

'എന്താ ജോണി?'

'ഒന്നുമില്ലച്ചോ.' തളർന്ന സ്വരം.

അച്ചൻ മുഖമുയർത്തി നോക്കി. ആകെ കരിവാളിച്ച് ക്ഷീണിച്ച രൂപം.

'എന്താടോ തന്നെ പിശാച് പിടിച്ച്വോ?' പിന്നെ കൂട്ടിച്ചേർത്തു. 'എന്താ ഇപ്പോഴത്തെ വെയില് അല്ലെ? ദേഹം നല്ലോണം നോക്കണം കേട്ടോ. എന്തായി പണി, കഴിഞ്ഞില്ലെ?'

'ഇല്ലച്ചോ. . .ജോണി വിക്കിക്കൊണ്ട് പറഞ്ഞു. മൂലോട്.'

'മൂലോടോ?'

'അതെ അച്ചോ. മൂലോട് ഉറപ്പിക്കാനുണ്ട്.'

'കുറെ ദിവസമായല്ലോ. നല്ല കോളാണ് കിട്ടിയത്ന്ന് തോന്നുന്നു.'

'അല്ലച്ചോ. ചെറിയ വീടാണ്.' അവൻ പറഞ്ഞു. 'മൂലോട് ഉറപ്പിക്കാൻ കുറച്ച് സമയമെടുത്തൂന്ന് മാത്രം. നാളത്തോടു കൂടി കഴിയും.'

രാവിലെ ഒരു മൂലോടുപിടിച്ച് ജോണി പുരപ്പുറത്ത് നിൽക്കുമ്പോഴാണ് വീട്ടുടമസ്ഥ പടികടന്നു വന്നത്.

'എന്താ ജോണി കഴിഞ്ഞില്ലേ ഇതുവരെ?'

അവൻ മൂലോടും കൊണ്ട് ഇറങ്ങിവന്നു.

'ഇല്ല ചേച്ചി, കുറച്ചുകൂടി പണിയുണ്ട്. മൂലോടുകള് പലതും വളഞ്ഞിരിക്കുന്നു. അത് അങ്ങോട്ടും ഇങ്ങോട്ടും മാറ്റിവെക്ക്യാണ്.'

'മൂലോട് വളഞ്ഞാലെന്താ? കുമ്മായപ്പരുക്കൻ ഇട്ടാൽ ശരിയാവില്ലെ? ഇന്നെന്തായാലും തീർത്തുതരണം. നാളെ വെള്ളവലിക്കാൻ ആൾക്കാര് വരും ഇനി രണ്ടു ദിവസേള്ളു. ഒന്നാന്തി വേറെ വാടകക്കാര് വര്വാണ്.'

അവർ നടന്നുകൊണ്ട് വിളിച്ചു.

'സീമേ. . .'

'എന്താ ചേച്ചീ. . .'

ജോണി മൂലോട് പിടിച്ച് മിറ്റത്തു നിന്നു. അവന് പുരപ്പുറത്തു കയറാനുള്ള ഇച്ഛാശക്തി നഷ്ടപ്പെട്ടു. വളഞ്ഞ മൂലോടുകൾക്കും ശൂന്യമായ മുറികൾക്കുമിടയിൽ വെളിച്ചെണ്ണയുടെയും സോപ്പിന്റെയും വാസനയ്ക്ക് കീഴടക്കാൻ കഴിയാതിരുന്ന ആ ഗന്ധം അവൻ അന്വേഷിക്കുകയായിരുന്നു.

മാതൃഭൂമി ഓണപ്പതിപ്പ് - 1993