ഒരെഴുത്തുകാരന്റെ സൃഷ്ടി തിരുത്തപ്പെടാമോ?

ഒരെഴുത്തുകാരന്റെ സൃഷ്ടി തിരുത്തപ്പെടാമോ? എനിക്കറിയില്ല, സത്യം. പക്ഷെ എന്റെ രണ്ടു മൂന്നു കൃതികൾ മറ്റുള്ളവരുടെ നിർദ്ദേശമനുസരിച്ച് തിരുത്തുകയുണ്ടായിട്ടുണ്ട്. എന്റെ ആദ്യകാല കഥകൾ തിരുത്തിയിരുന്നത് രണ്ടു പേരായിരുന്നു. ഒന്ന് അച്ഛൻ. അദ്ദേഹം നിർദ്ദേശങ്ങൾ തരിക മാത്രമാണ് ചെയിതിരുന്നത്. ഇങ്ങനെയാവുന്നതല്ലെ ഭംഗി, അല്ലെങ്കിൽ വാക്കുകളിലെ തെറ്റുകൾ തിരുത്തുക തുടങ്ങിയവ. എന്റെ 'ശിശിരം' എന്ന കഥയിൽ ഭഗീരഥി എന്നെഴുതിയത് അദ്ദേഹം തിരുത്തി; മാർജിനിൽ ഇങ്ങനെ ഒരു കുറിപ്പു കൊടുക്കുകയും ചെയ്തു. 'ഭഗീരഥന്റെ പുത്രി എന്ന അർത്ഥത്തിൽ ഭാഗീരഥി എന്നാണ്.' മറിച്ച് ഭാഷയിൽ അദ്ദേഹം വെറും നിർദ്ദേശങ്ങൾ മാത്രം. 'ഇങ്ങനെ പോരെ?', തുടങ്ങിയവ.

രണ്ടാമതായി എന്റെ കഥകൾ തിരുത്തിയത് എം.ടി.യായിരുന്നു. ഇതിനെപ്പറ്റി ഞാൻ മുമ്പൊരിക്കൽ എഴുതിയിട്ടുണ്ട്. എന്റെ 'ശിശിരം' എന്ന കഥയിൽ ഞാൻ എഴുതിയത്, 'അവസാനം അവൾ വന്നു, വിജയൻ മുഖമുയർത്തി മൂക്കു വിടർത്തി, കൈകൾ ഉയർത്തി നിന്നു; വടക്കൻ കാറ്റിനെ ആലിംഗനം ചെയ്യാനെന്ന പോലെ,' ആയിരുന്നു. ആ വാചകം ഇങ്ങനെ ആയാൽ പോരെ എന്ന് അച്ഛൻ ചാദിച്ചു.

'.........ഉയർത്തി നിന്നു ആലിംഗനം ചെയ്യാൻ; വടക്കൻ കാറ്റ് ഒരു മൂർത്ത ലാവണ്യമാണെന്ന പോലെ?' (ഇങ്ങിനെയാക്കിയാൽ കൂടുതൽ ഗുണമുണ്ടോ?) എന്ന ചോദ്യവും. (അച്ഛന്റെ തിരുത്തലുകളുള്ള ശിശിരത്തിന്റെ കൈയ്യെഴുത്തു പ്രതി ഞാനെന്റെ വെബ് സൈറ്റിൽ ചേർത്തിട്ടുണ്ട്.

ഞാൻ ആ കഥ അച്ഛൻ പറഞ്ഞപോലെ തിരുത്തി എം.ടി.യ്ക്കയച്ചു കൊടുത്തു. എം.ടി.യാകട്ടെ ആ കഥയിൽ ചെയ്ത തിരുത്തുകളിൽ ഈ വാചകവുമുണ്ടായിരുന്നു. 'മൂർത്ത ലാവണ്യ'മെന്നതിനു പകരം 'ലാവണ്യ വിഗ്രഹം' എന്നാക്കി മാറ്റി. മൂർത്ത ലാവണ്യമെന്നത് കുറേ അമൂർത്തമായൊരു പ്രയോഗമാണെന്നും വായനക്കാരിലത് ഏശില്ലെന്നും എം.ടി.ക്കു തോന്നിയിട്ടുണ്ടാകണം. അതാണ് അർത്ഥമൊന്നുതന്നെയാണെങ്കിലും 'ലാവണ്യ വിഗ്രഹം' എന്നദ്ദേഹം മാറ്റിയത്. 'ഞാൻ വരുത്തിയ തിരുത്തലുകൾ ശ്രദ്ധിക്കുമല്ലൊ' എന്ന് ഒരു ഗുരുനാഥൻ ശിഷ്യനോട് പറയും പോലെ എനിക്കെഴുതുകയും ചെയ്തു.

ഇതെല്ലാം എന്റെ ആദ്യകാല കഥകളുടെ കാര്യം. ഇപ്പോൾ ആരെങ്കിലും എന്റെ കഥകൾ തിരുത്തണമെന്നു പറഞ്ഞാലോ? ഉത്തരം ഇതാണ്. ശരിയാണെന്ന് തോന്നിയാൽ ഞാൻ തിരുത്തും. എന്റെ സാഹിത്യം വളയാൻ പ്രയാസമായ ഇരുമ്പുദണ്ഡമാണെന്ന് ഞാൻ കരുതുന്നില്ല. ആർക്കും ഒടിക്കാൻ പറ്റുന്ന മരച്ചില്ലയുമല്ല. എന്റെ രണ്ടു കഥകളും ഒരു നോവലും മറ്റുള്ളവരുടെ നിർദ്ദേശമനുസരിച്ച് തിരുത്തപ്പെട്ടിട്ടുണ്ട്. മൂന്നും കൃതികളുടെ അവസാന ഭാഗം. നിർദ്ദേശങ്ങൾ തന്നവരിൽ രണ്ട് പത്രാധിപന്മാരും ഒരു സഹൃദയനായ വായനക്കാരനുമുണ്ട്. ആദ്യം ഞാൻ വായനക്കാരന്റെ കാര്യം പറയാം, കാരണം ഞാൻ വായനക്കാരുടെ ഭാഗത്താണ്. ഒരെഴുത്തുകാരൻ എന്നതിനേക്കാൾ വലിയ വായനക്കാരൻ. ഇതിൽ മേനി പറയാനൊന്നുമില്ല. ഏതൊരു മികച്ച എഴുത്തുകാരനും അതിനേക്കാൾ മികച്ച വായനക്കാരനാകണം. എങ്കിലേ നല്ല സാഹിത്യം രചിക്കാനാകു.

'സൂര്യകാന്തി പൂക്കൾ' എന്ന കഥ 1987-ലാണ് കലാകൗമുദിയിൽ പ്രസിദ്ധപ്പെടുത്തിയത്. വാരിക കിട്ടിയ ഉടനെ മാങ്ങോട്ട് കൃഷ്ണകുമാർ വീട്ടിൽ വന്നു, ക്ഷോഭിച്ചുകൊണ്ട്. കൃഷ്ണകുമാറിന്റെ വരവ് എപ്പോഴും വളരെ നാടകീയമായാണ്. വരവ് ഒരു കൊടുങ്കാറ്റു പോലെയാണ്, തിരിച്ചു പോക്ക് ഒരിളം കാറ്റിന്റെ കുളിർമ്മ തന്നുകൊണ്ടും. വാതിൽ തുറന്ന ഉടനെ അദ്ദേഹം ഇരച്ചു കയറി, നടന്നുകൊണ്ടു തന്നെ സംസാരിച്ചു.

'നിങ്ങൾ വായനക്കാരെ കൊച്ചാക്കുന്ന പണി നിർത്തണം.'

ഞാൻ ഒന്നും മനസ്സിലാവാതെ നിൽക്കുകയാണ്. എന്താണ് കാര്യമെന്ന് ഞാൻ ചോദിച്ചു.

'നിങ്ങൾ ഒരു നല്ല കഥ കൊണ്ടു പോയി അവസാനം നശിപ്പിച്ചു.'

അപ്പോൾ അതാണ് കാര്യം. കഥയുടെ അവസാനഭാഗം. ശരിയാണ്, ഞാൻ ആ ഖണ്ഡിക എഴുതുന്നതിനുമുമ്പ് നാലു വട്ടം ആലോചിച്ചതാണ്. അതു വേണോ, വേണ്ടേ? കാര്യമിതാണ്. ആ അവസാനത്തെ വാക്യമില്ലെങ്കിൽ എന്റെ കഥയുടെ കാതലായ അംശം വായനക്കാർക്ക് മനസ്സിലാവാതെ പോകുമോ എന്ന ഭയം. ഈ ഭയം ഓരോ കഥയെഴുതുമ്പോഴും എനിക്കുണ്ടാവാറുണ്ട്. വായനക്കാരന് എന്നെ മനസ്സിലാവില്ലേ എന്ന ഭയം. ആവശ്യമില്ലാത്തൊരു തെറ്റിദ്ധാരണയാണത്. എല്ലാ തരത്തിലുള്ള വായനക്കാരനും ആസ്വദിക്കാനുള്ള അംശം എന്റെ കഥകളിലുണ്ട്. അവർ അതെടുത്തുകൊള്ളും, എന്റെ സഹായമില്ലാതെത്തന്നെ. 'സൂര്യകാന്തിപ്പൂക്ക'ളിലെ അവസാന വാക്യം ഇതാണ്:

'തീവണ്ടിയിൽ വരുമ്പോൾ സഹ്യന്റെ താഴ്‌വരയിൽ സൂര്യകാന്തിപ്പൂക്കൾ വിടർന്നു നിൽക്കുന്നതു കണ്ടതയാൾ ഓർത്തു. വ്യർത്ഥമെന്ന് കരുതിയിരുന്ന തന്റെ കർമ്മങ്ങൾ ഒട്ടു വൃഥാവിലായില്ലെന്നയാൾ കണ്ടു. അതൊരു പുതിയ അറിവിന്റെ ആരംഭമായിരുന്നു. താൻ നടന്നുവന്ന ദുഷ്‌കരമായ പാതയിലേക്ക് തിരിഞ്ഞു നോക്കാതിരിക്കാൻ അതയാളെ പഠിപ്പിച്ചു.'

ഞാൻ അല്പനേരം പിടിച്ചുനിൽക്കാൻ ശ്രമിച്ചു. ഞാൻ പറഞ്ഞു.

'ഈ വാക്യം വായിച്ചു കഴിഞ്ഞശേഷം അതിന്റെ ആവശ്യമില്ലെന്ന് പറയാൻ എളുപ്പമാണ്. പക്ഷെ ഈ വാക്യമില്ലായിരുന്നെങ്കിൽ നിങ്ങൾക്കാ കഥ ആസ്വദിക്കാൻ പറ്റിയില്ലെങ്കിലോ?'

'പറ്റും, എന്നെപ്പോലത്തെ ഒരു വായനക്കാരന് ആ ഖണ്ഡികയുടെ ആവശ്യമില്ല. അത് നിങ്ങളുടെ കഥയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. അത് മാറ്റണം.'

എഴുതുമ്പോൾ എന്റെ മനസ്സിലുണ്ടായിരുന്ന സന്ദേഹങ്ങൾ ഇപ്പോൾ കൃഷ്ണകുമാറിന്റെ രൂപത്തിൽ വന്ന് വേട്ടയാടുകയാണ്. ഞാൻ സമ്മതിച്ചു.

'ശരി, പുസ്തകമാക്കുമ്പോൾ ഞാനതു മാറ്റാം.'

പുസ്തകത്തിൽ 'സൂര്യകാന്തിപ്പൂക്കൾ' അവസാനിക്കുന്നത് 'തീവണ്ടിയിൽ വരുമ്പോൾ സഹ്യന്റെ താഴ്‌വരയിൽ സൂര്യകാന്തിപ്പൂക്കൾ വിടർന്നു നിൽക്കുന്നതു കണ്ടതയാൾ ഓർത്തു.' എന്നിടത്താണ്. എന്റെ വളരെ നല്ല കഥകളിലൊന്നായ സുര്യകാന്തിപ്പൂക്കളെ രക്ഷിച്ചതിന് മാങ്ങോട്ട് കൃഷ്ണകുമാറിന് നന്ദി.

ഇതുപോലെ ഒരു പത്രാധിപർ എന്റെ നല്ലൊരു കഥ രക്ഷിച്ച സന്ദർഭമുണ്ടായിട്ടുണ്ട്. ജമാൽ കൊച്ചങ്ങാടിയാണ് ആ പത്രാധിപർ. 'മാധ്യമം' വാരിക 1997 ൽ ഇറക്കിയ ദശവാർഷികപ്പതിപ്പിന് അദ്ദേഹം കഥ ആവശ്യപ്പെട്ടു. കഥയെഴുതി അയച്ചുകൊടുത്തു. 'സാന്ത്വനത്തിന്റെ താക്കോൽ'. വായിച്ച ഉടനെ അദ്ദേഹം മറുപടി എഴുതി. 'വളരെ മനോഹരമായ കഥ, പക്ഷെ അവസാനം ശരിയായില്ല. ഇതു പറ്റില്ല. ഉടനെ മാറ്റിയെഴുതി അയച്ചു തരു.' ഒരു നല്ല കഥ നശിപ്പിച്ചതിന്റെ സങ്കടത്തിലായിരുന്നു ജമാൽ. ഒരു കഥയെഴുതിക്കഴിഞ്ഞാൽ അതു മാറ്റുക എളുപ്പമല്ല. 'സൂര്യകാന്തിപ്പൂക്ക'ളിൽ അവസാനത്തെ ഖണ്ഡിക മുറിച്ചു കളയുകയേ വേണ്ടിയിരുന്നുള്ള. ഒരു ചെറിയ ഓപ്പറേഷൻ മാത്രം. മറിച്ച് ഇതങ്ങിനെയല്ല. ഞാൻ രണ്ടു മൂന്നു ദിവസം ശരിക്കും ധ്യാനത്തിലായിരുന്നു. എന്റെ കഥാപാത്രങ്ങളുടെ വിധിയെടുത്താണ് ഞാൻ കളിക്കുന്നത്. നല്ലവണ്ണം ആലോചിക്കണം. അവർക്ക് ഇപ്പോഴുള്ളതിനേക്കാൾ നല്ല ജീവിതം കൊടുക്കുകയാണ് വേണ്ടത്. അവരുടെ പ്രതിച്ഛായ നശിപ്പിക്കുകയുമരുത്. എന്താണ് എഴുതേണ്ടതെന്ന് മൂന്നാം ദിവസത്തിന്റെ അന്ത്യത്തിൽ ഒരു ഉൾവിളിയായി എനിക്കു കിട്ടി. അവസാനത്തെ രണ്ടോ മുന്നോ ഖണ്ഡിക മാറ്റേണ്ടി വന്നു. ഇങ്ങനെയാണ് കഥ അവസാനിക്കുന്നത്:

'ഈ താക്കോൽ.....' അവൾ നിർത്തി. ആ താക്കോൽ അവളെ സംബന്ധിച്ചേടത്തോളം ഒരു സ്വകാര്യസ്വത്തായി മാറിയിരുന്നു. മുമ്പൊരിക്കലും ആ തോന്നലുണ്ടായിട്ടില്ല. ഹോട്ടലിൽ ക്വാർട്ടേഴ്‌സ് ആയി കിട്ടുന്ന മുറികളൊന്നും അവളിൽ ഈ വികാരമുണ്ടാക്കിയിരുന്നില്ല. ഈ താക്കോലിൽ അവളാഗ്രഹിച്ചിരുന്ന മമതയുണ്ട്, സ്വകാര്യതയുണ്ട്, സാന്ത്വനമുണ്ട്.

'ഈ താക്കോൽ......' അവൾ ചോദിച്ചു. 'ഇതു ഞാൻ കയ്യിൽ വെച്ചോട്ടെ? എന്നെങ്കിലും വല്ലാതെ വിഷമം തോന്നുമ്പോൾ എനിക്കിതാവശ്യമാവും.'

ഈ വാക്യത്തിൽ ആ കാബറെ നർത്തകിയുടെ തേങ്ങലുണ്ട്. കഥ കിട്ടിയ ഉടനെ ജമാലിന്റെ കത്തു കിട്ടി. 'അഭിനന്ദനങ്ങൾ, കഥ ഇപ്പോൾ മനോഹരമായിരിക്കുന്നു.'

ഞാൻ ജമാൽ കൊച്ചങ്ങാടിയോട് കടപ്പെട്ടിരിക്കുന്നു. ഈ കഥ പ്രസിദ്ധപ്പെടുത്തിയ ഉടനെ സിവിക് ചന്ദ്രന്റെ കത്തുണ്ടായിരുന്നു.

'മാധ്യമത്തിൽ വന്ന കഥ. ഈ ശില്പഭംഗിയുള്ള കഥ എനിക്ക് സിനിമയാക്കണം. അതിനുള്ള അനുവാദം തരണം.'

ചെയ്തുകൊള്ളാൻ ഞാൻ കത്തെഴുതി. അദ്ദേഹം ഇതുവരെ അതു ചെയ്തിട്ടില്ല. ഇനി എന്നെങ്കിലും അദ്ദേഹം അതു ചെയ്യുകയാണെങ്കിൽ എനിക്കു സന്തോഷമേയുള്ളു, കാരണം അതു ചെയ്യുന്നത് സിവിക് ചന്ദ്രൻ ആണെന്നതുകൊണ്ട്.

എന്റെ 'കൊച്ചമ്പ്രാട്ടി' എന്ന നോവൽ രക്ഷിച്ചത് മറ്റൊരു പ്രഗല്ഭനായ പത്രാധിപരായിരുന്നു. എസ്. ജയചന്ദ്രൻ നായർ. മലയാളം വാരികയിൽ തുടർച്ചയായി കൊടുക്കാൻ നല്ലൊരു നോവൽ വേണമെന്ന് അദ്ദേഹം കുറേക്കാലമായി പറയാറുള്ളതാണ്. കൊച്ചമ്പ്രാട്ടി എഴുതിയപ്പോഴാണ് എനിക്കു തോന്നിയത് അത് മലയാളത്തിൽ തുടർച്ചയായി വന്നാൽ നന്നാവുമെന്ന്. നോവൽ ജയചന്ദ്രൻ നായർക്ക് അയച്ചു കൊടുത്തു. ഒരാഴ്ചക്കുള്ളിൽ അദ്ദേഹത്തിന്റെ ഫോൺ വന്നു. 'നോവൽ വായിച്ചു, കുറച്ചു കാര്യങ്ങൾ നേരിൽ പറയാനുണ്ട്, സൗകര്യപ്പെട്ടാൽ ഉടനെ വരു.'

ചെന്നു, കണ്ടു. അദ്ദേഹം പറഞ്ഞു. 'കഴിഞ്ഞ 20 വർഷങ്ങൾക്കുള്ളിൽ മലയാളത്തിൽ വന്ന നല്ല നോവലുകളിലൊന്നാണ് ഇത്. പക്ഷെ ഹരി അതു നശിപ്പിച്ചു. എന്താണ് അവസാനം ചെയ്തിരിക്കണത്? ഇങ്ങിനെയൊന്നും അതിലെ കഥാപാത്രങ്ങൾക്ക് പെരുമാറാൻ കഴിയില്ല. ഇങ്ങനെയൊന്നുമല്ല നോവൽ അവസാനിക്കേണ്ടത്. അവസാനത്തെ രണ്ട് അദ്ധ്യായങ്ങൾ മാറ്റിയേ പറ്റൂ. അങ്ങിനെ ചെയ്താൽ അത് മികച്ചൊരു നോവലാവും. ഇതാ കൊണ്ടുപോകു. മാറ്റിക്കൊണ്ടുവരു.'

ശരിയാണ് നോവലിന്റെ അവസാനത്തിൽ ആദർശവാദത്തിന്റെ പേരിൽ ഞാൻ കുറച്ചു കള്ളത്തരം കാണിച്ചു. സാധാരണ ഞാൻ കഥാപാത്രങ്ങളുടെ ഗതിവിഗതികളിൽ ഇടപെടാറില്ല. അവരുടെ ജീവിതം അവർ തന്നെ തിരഞ്ഞെടുക്കുകയാണ്. അതു ഞാൻ കടലാസിലാക്കുന്നുവെന്നേയുള്ളു. ഇവിടെ ഞാൻ കുറച്ചു ബലം പ്രയോഗിച്ചു തന്നെ അവരെ വഴി മാറി നടത്താൻ നോക്കി. അതാണ് ജയചന്ദ്രൻ നായർക്കിഷ്ടമാവാത്തത്. അറുപതുകൾ മുതൽ എന്റെ കഥകൾ വായിക്കുകയും, എഴുപതുകളുടെ മധ്യത്തിൽ സ്വന്തമായി ഒരു വാരികയുടെ (കലാകൗമുദി) ചുമതല ലഭിച്ചപ്പോൾ എന്റെ കഥകൾ അതിൽ വരണമെന്ന് നിർബ്ബന്ധം പിടിക്കുകയും ചെയ്ത ആ മനുഷ്യന് ഞാൻ രചനയിൽ കള്ളം കാണിച്ചപ്പോൾ പെട്ടെന്ന് മനസ്സിലായി, മാത്രമല്ല എന്റെ ആദർശവാദം നോവലിന്റെ സൗന്ദര്യം എങ്ങിനെ നശിപ്പിച്ചുവെന്നതും.

മാറ്റാമെന്നു ഞാൻ സമ്മതിച്ചു. എനിക്ക് ഏകദേശം ഒരു മാസം വേണ്ടി വന്നു അവസാനത്തെ രണ്ട് അദ്ധ്യായങ്ങൾ മാറ്റിയെഴുതാൻ. മാറ്റിയെഴുതിയ അദ്ധ്യായങ്ങൾ ജയചന്ദ്രൻ നായർക്ക് ഇഷ്ടപ്പെട്ടു.

മറ്റൊരു നോവൽ തിരുത്തിയതിനെപ്പറ്റി പറഞ്ഞാലല്ലാതെ ഈ ലേഖനം പൂർണ്ണമാവുകയില്ല. എന്റെ 'തടാകതീരത്ത്' എന്ന നോവലാണത്. ദീപിക വാരാന്ത്യപ്പതിപ്പിലേയ്ക്ക് നോവൽ വേണമെന്ന് ആവശ്യപ്പെട്ടത് പത്രാധിപ സമിതിയിലുണ്ടായിരുന്ന ടോണി ചിറ്റേട്ടുകളം ആയിരുന്നു. അറുപതികളിലെ കൽക്കത്തയുടെ പശ്ചാത്തലത്തിൽ ഒരു നോവലെഴുതണമെന്ന് കുറേക്കാലമായി ആഗ്രഹിക്കുന്നു. ശരിക്കു പറഞ്ഞാൽ രണ്ടു മൂന്ന് അദ്ധ്യായങ്ങൾ എഴുതി വെയ്ക്കുകകൂടി ചെയ്തിരുന്നു. ആ നോവൽ മുഴുമിക്കാമെന്നും അത് ദീപികയ്ക്ക് അയക്കാമെന്നും കരുതി. എഴുതിത്തുടങ്ങിയപ്പോഴാണ് ടോണി പറയുന്നത്, നോവൽ വേഗം വേണം; ആയിടത്തോളം അയച്ചു തരു. അവർക്കതു തുടങ്ങാൻ ധൃതിയുണ്ട്. ഞാൻ എഴുതിത്തീർന്ന അഞ്ച് അദ്ധ്യായങ്ങൾ അയച്ചുകൊടുത്തു. ടോണിയ്ക്ക് വളരെ സന്തോഷമായി. മറ്റദ്ധ്യായങ്ങളും വേഗം എഴുതിത്തീർക്കാൻ ആവശ്യപ്പെട്ടു. അഞ്ചദ്ധ്യായങ്ങൾ കഴിഞ്ഞതോടെ എഴുത്തിന്റെ താളം കിട്ടി, തുടർച്ചയായി എഴുതാൻ പറ്റി. പിന്നീട് ഓരോ ആഴ്ചത്തേയ്ക്കുള്ള അദ്ധ്യായം അപ്പപ്പോൾ എഴുതിക്കൊടുക്കുകയെന്ന നില വന്നു. നോവലിനെപ്പറ്റി ടോണി വളരെ നല്ല അഭിപ്രായം പറഞ്ഞു. പക്ഷെ ഇരുപത്തി രണ്ടോ, ഇരുപത്തി മൂന്നോ അദ്ധ്യായം കഴിഞ്ഞപ്പോഴാണ് പ്രശ്‌നങ്ങൾ തല പൊക്കിയത്. യാഥാസ്ഥിതികരായ ചില വായനക്കാർ നോവലിനെപ്പറ്റി വളരെ മോശം അഭിപ്രായം പറഞ്ഞു. അവരുടെ അഭിരുചികളോട്, വിശ്വാസപ്രമാണങ്ങളോട് ഒട്ടും തന്നെ ചേരാത്തതാണ് നോവലിന്റെ ഉള്ളടക്കവും രചനയും. അതുകൊണ്ട് പ്രസിദ്ധീകരണം ഉടനെ നിർത്തണമെന്നവർ ആവശ്യപ്പെട്ടു. നോവൽ തീരാൻ മൂന്നോ നാലോ അദ്ധ്യായങ്ങൾ കൂടി ഉള്ളപ്പോഴാണത് സംഭവിച്ചത്. ടോണിയും ഒപ്പം തന്നെ പത്രാധിപസമിതിയിലുള്ള മറ്റൊരെഴുത്തുകാരനും (അദ്ദേഹത്തിന്റെ പേർ ഓർമ്മയില്ല; പത്തു കൊല്ലം മുമ്പു നടന്ന കാര്യമാണ്) ധർമ്മസങ്കടത്തിലായി. കാര്യമെന്താണെന്നറിഞ്ഞപ്പോൾ ഞാനതിലേറെ ധർമ്മസങ്കടത്തിലായി. നോവൽ നിർത്താൻ ആവശ്യപ്പെടാം, പക്ഷെ അത് ദീപികയെപ്പോലുള്ള ഒരു പ്രസിദ്ധീകരണത്തിന്റെ അന്തസ്സിനു നിരക്കുന്നതായിരിക്കയില്ല. നോവലിന്റെ ഗതി മാറ്റുന്നതിനെപ്പറ്റി ആലോചിക്കാൻ പോലും കഴിയില്ല. അവസാനം ഒരു തീരുമാനമെടുത്തു. രണ്ടദ്ധ്യായങ്ങൾ കൂടി എഴുതി നോവൽ അവസാനിപ്പിച്ചുവെന്ന് തോന്നിക്കുക. പിന്നീട് പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തുമ്പോൾ മാറ്റി ഞാനുദ്ദേശിച്ച പോലെ അവസാനിപ്പിക്കുകയുമാവാം. രണ്ടദ്ധ്യായം കൂടി എഴുതി നോവലവസാനിപ്പിച്ചു.

പിന്നീട് മാറ്റിയെഴുതുമ്പോഴാണ് മനസ്സിലായത്, വളരെ വിഷമം പിടിച്ച ഒരു കാര്യമാണതെന്ന്. മാറ്റി എഴുതാൻ കുറേ കഷ്ടപ്പെട്ടു. എന്തായാലും മാറ്റിയെഴുതിയ നോവൽ എനിക്കിഷ്ടപ്പെട്ടു. മാത്രമല്ല എന്റെ ഏറ്റവും നല്ല നോവലേതാണെന്ന് ചോദിച്ചാൽ മറുപടി 'തടാകതീരത്ത്' എന്നാണ് താനും, 'കൊച്ചമ്പ്രാട്ടി'യോ 'ആസക്തിയുടെ അഗ്നിനാളങ്ങ'ളോ അല്ല. എറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം അതിലെ ആംഗ്ലോ ഇന്ത്യൻ ഫ്രാങ്കുമാണ്.

ഇതിനോടൊപ്പം ചേർത്തു വായിക്കാൻ ഒരു സംഭവം കൂടിയുണ്ടായി. 2000ത്തിലെ പുതുവത്സരപ്പതിപ്പിനു വേണ്ടി ഒരു പത്രാധിപർ കഥയാവശ്യപ്പെട്ടിരുന്നു. (അദ്ദേഹത്തിനു വിഷമമാവേണ്ട എന്നതുകൊണ്ട് ഞാൻ പേർ പറയുന്നില്ല.) എന്റെ വളരെ അടുത്ത സ്‌നേഹിതനായിരുന്ന അദ്ദേഹത്തിനു കൊടുക്കാനായി ഞാനൊരു കഥയെഴുതി അയച്ചുകൊടുക്കുകയും ചെയ്തു. രണ്ടാഴ്ചയ്ക്കു ശേഷം അദ്ദേഹത്തിന്റെ കത്തുണ്ടായിരുന്നു, കഥ തനിയ്ക്കിഷ്ടപ്പെട്ടു, പക്ഷെ അതു പ്രസിദ്ധീകരണത്തിൽ ചേർക്കാൻ ഇവിടെ പരക്കെ എതിർപ്പുണ്ട്. ഞാൻ വിഷമത്തിലായിരിക്കയാണ്. അതു കൈവിടാൻ താല്പര്യമില്ല, കൊടുക്കാൻ പറ്റുകയുമില്ല. എന്താണ് വേണ്ടത്? എനിക്കു വിഷമമാവുമെന്നാണദ്ദേഹം കരുതിയത്. എഴുതാൻ സ്വതവേ നല്ല മടിയുള്ള എനിക്ക് അത് ഒരനുഗ്രഹമാവുകയാണുണ്ടായത്. കാരണം മറ്റു പ്രസിദ്ധീകരണങ്ങൾ ഓണപ്പതിപ്പുകൾക്കുള്ള സന്നാഹങ്ങൾ തുടങ്ങാറായിരിക്കുന്നു. മലയാള മനോരമയാണ് ആദ്യം കഥയ്ക്കാവശ്യപ്പെടുക. ശ്രീ. മണാർകാട് മാത്യു മാർച്ചിൽത്തന്നെയോ അതിനു മുമ്പോ കഥ ആവശ്യപ്പെടും. അദ്ദേഹത്തിന് കൊടുക്കാൻ കഥ തയ്യാറായി എന്നർത്ഥം. കഥ പ്രസിദ്ധീകരിക്കാത്തതിൽ എനിക്കൊരു വിഷമവുമില്ല എന്നും ആ കാര്യത്തിൽ അദ്ദേഹത്തിന് മനസ്താപമുണ്ടാവണ്ടാ എന്നും ഞാൻ അറിയിച്ചു.

കഥ ഏതാണെന്നറിയാമോ? 'കറുത്ത തമ്പ്രാട്ടി.' എനിക്ക് ഏറ്റവും കൂടുതൽ നല്ല അഭിപ്രായം കിട്ടിയിട്ടുള്ളത് ഈ കഥയ്ക്കാണ്, നിരൂപകരിൽ നിന്നും വായനക്കാരിൽനിന്നും. പ്രൊഫ. എം. കൃഷ്ണൻ നായർ അദ്ദേഹത്തിന്റെ സാഹിത്യവാരഫലത്തിൽ ഒരു നീണ്ട ഖണ്ഡികയിൽ ഈ കഥയെപ്പറ്റി പറഞ്ഞതിനൊടുവിൽ ഇങ്ങിനെ എഴുതി:

'വജ്രം സ്ഫടികത്തെ കീറുന്നതുപോലെ ഈ കഥാവജ്രം അനുവാചകമനസ്സിനെ കീറുന്നു. ഫ്യൂഡൽ പ്രഭുവിന്റെ സെക്‌സ് എത്ര ക്രൂരമാണെന്ന് അത് ആഴത്തോളം ചെന്നു സ്പഷ്ടമാക്കിത്തരുന്നു. പണയംവയ്ക്കപ്പെട്ട സ്ത്രീയുടെ മകളുടെ ദുരന്തത്തിന് ഒരു ഗ്രീക്ക് ട്രാജഡിയുടെ പ്രഭാവം ഉണ്ടാകുന്നു. ഹരികുമാർ വായനക്കാരുടെ ബഹുമാനവും സ്‌നേഹവും നേടുന്നു.'

എന്റെ കഥകളിൽ ഏറ്റവും നല്ലതെന്ന് ഞാൻ കരുതുന്നതും ഈ കഥ തന്നെ. അങ്ങിനെയൊക്കെയാണ് കാര്യങ്ങൾ.

ചന്ദ്രിക ആഴ്ചപ്പതിപ്പ് - 2014 ഫെബ്രുവരി 1