എൻ രാജൻ

ഓളങ്ങളുതിരുന്ന പൂക്കളുടെ പരവതാനി

എൻ രാജൻ

കഥയിൽ കസർത്തുവേണ്ടെന്നു തീരുമാനിച്ചുറപ്പിച്ച എഴുത്തുകാരനാണ്‌ ഇ ഹരികുമാർ. മലയാള കഥയിൽ ആധുനികതയുടെ പ്രചണ്ഡവേഷങ്ങൾ ആഘോഷിക്കപ്പെടാൻ തുടങ്ങിയ അറുപതുകളിലാണ്‌ ഈ കഥാകൃത്ത്‌ മറ്റൊരർഥത്തിൽ കാലംതെറ്റി പൂക്കുന്നത്‌. കഥ ജീവിതഗന്ധിയാവണമെന്നും അതിൽ മനുഷ്യരും മാനുഷികബന്ധങ്ങളും അടിസ്ഥാനശിലയായി വേണമെന്നും ഈ കഥാകൃത്തിന്‌ നിർബന്ധമായിരുന്നു. അതുകൊണ്ടുതന്നെ എഴുത്തിൽ പെട്ടെന്ന്‌ ശ്രദ്ധ നേടാമായിരുന്ന പ്രചാരണ തന്ത്രങ്ങളിൽ ഇയാൾ വ്യാമുഗ്ധനായില്ല. കോലാഹലങ്ങളിൽ അംഗബലംകൂട്ടിയില്ല. അക്കാലത്തെ നടപ്പുശീലങ്ങളെ അവഗണിക്കാനുള്ള ത്രാണി തന്റെ നാട്ടുമ്പുറ ജീവിത സംസ്‌കാരത്തിൽനിന്നാണ്‌ ഹരികുമാർ സ്വാംശീകരിക്കുന്നത്‌. അതുകൊണ്ടുതന്നെ മനുഷ്യനിൽ ഊന്നിയുള്ള പ്രതീക്ഷാനിർഭരമായ അഭിവീക്ഷണം എഴുത്തിൽ ഉള്ളുറച്ചതായി. ആശിച്ചാലും മാറ്റിപ്പണിയാൻ നിവൃത്തിയില്ലാത്തവിധം അത്‌ തന്റെ ആത്മവത്തയുടെ അവിഭാജ്യതയായി.

കഥയിൽ നഗരവും നാഗരിക ജീവിത പരിസരത്തിന്റെ വിധ്വംസതകളും പലമട്ടിലും കെട്ടിലും രൂപഭാവങ്ങൾ സ്വീകരിച്ച്‌ ആസുരമായിക്കൊണ്ടിരുന്ന കാലം. പറിച്ചു നടപ്പെട്ടവരുടെ വേരുകളന്വേഷിച്ചുള്ള പ്രയാണങ്ങളും ബന്ധങ്ങളിലെ പുറംപൂച്ചുകളും ജീവിതത്തിന്റെ അർഥംതേടലും കഥാ പ്രമേയങ്ങളായി. സാങ്കേതികമായും ഭൗതികതലത്തിലും നഗരവൽക്കരണം പൂർണമായും കീഴ്‌പ്പെടുത്തിയിട്ടില്ലാത്ത അന്നത്തെ കേരളത്തിൽ അതിനെ ശരിയാംവിധം മനസിലാക്കുകയോ അനുഭവിക്കുയോ ചെയ്‌തിട്ടില്ലാത്ത മലയാള വായനക്കാർ കഥയിൽ സംഭവിച്ച വിഛേദനങ്ങളോട്‌ പതുക്കെയെങ്കിലും സന്ധിചെയ്യാൻ നിർബന്ധിതരാവുകയായിരുന്നു. എന്നാൽ ആധുനികത ഭാഷയിൽ വരുത്തിയ പുതുക്കലും ചെത്തലും പദപ്രയോഗസാധ്യതകളും ക്ഷണികമെങ്കിലും വിസ്‌മയിപ്പിക്കുന്ന ആഹ്‌ളാദങ്ങളായി മാറിയെന്നത്‌ തിരിഞ്ഞുനോക്കുമ്പോൾ നിഷേധിക്കാനാവാത്ത വാസ്‌തവം. അകക്കാമ്പിനേക്കാർ ബാഹ്യമായ അടയാഭരണങ്ങളുടെ തിരത്തള്ളലിൽ പക്ഷേ, കഥകൾ ആഘോഷിക്കപ്പെട്ടു. ഉറക്കെ വിളിച്ചുകൂവുന്ന, കൊട്ടിഘോഷിക്കപ്പെടുന്ന ദർശനസമൃദ്ധിയാണ്‌ കഥയുടെ മേന്മയെന്നുവന്നു. കഥക്കിണങ്ങാത്ത ഏച്ചുകെട്ടലുകൾ കഥാപാത്രഭാഷണമായി പ്രഘോഷണങ്ങളോ പ്രഭാഷണങ്ങളോ ആയി കഥയെ കെട്ടുകാഴ്‌ചയാക്കി. അക്കാല കഥാകൃത്തുക്കളെ പേരടെുത്തു പറഞ്ഞ്‌ കൂടുതൽ ഇഴകീറേണ്ട ആവശ്യം ഈ സന്ദർഭത്തിലില്ല. സമഗ്രമായല്ലെങ്കിലും ഹരികുമാർ കഥകളിലൂടെയുള്ള ഈ ക്ഷിപ്ര സഞ്ചാരത്തിൽ ഒരു എഴുത്തുകാരൻ എഴുതിത്തുടങ്ങിയ കാലപരിസരത്തെ ചേർത്തു നിർത്തേണ്ടത്‌ അനിവാര്യതയായി തോന്നിയതുകൊണ്ടുമാത്രം ഇത്രയും പറഞ്ഞുവെച്ചതാണ്‌.

നഗരയാത്രകൾ

തൊഴിലന്വേഷിച്ച്‌ നാടിനോടും വീടിനോടും യാത്ര പറഞ്ഞു പോരേണ്ടിവന്ന അറുപതുകളിലെ ഗ്രാമീണ യൗവനമാണ്‌ ഹരികുമാറിന്റെയും ആദ്യകാല കഥകളിലെ അടിസ്ഥാന വിഷയവും വിഷാദവും. ദാരിദ്ര്യവും കഷ്ടപ്പാടും പൊരുത്തക്കേടുകളും നിറഞ്ഞ ലോകത്തിൽനിന്നുള്ള വിടുതി ഒരേസമയം സാഹചര്യം അനിവാര്യമാക്കുന്നതും സ്വകാര്യമായി ആശിക്കുന്നതുമാണ്‌. വിട്ടുപോരുന്ന ലോകത്തിലാണ്‌ പ്രിയപ്പെട്ടതെല്ലാം. വീട്‌. പ്രകൃതി. ബന്ധങ്ങൾ. അതിന്റെ നനവൂറുന്ന ഓർമകൾ. അനുരണനങ്ങളായി പശ്‌ചാത്തലത്തിൽ വരുന്ന ആഘോഷങ്ങൾ ഒക്കെ.എന്നാൽ ആ ലോകത്തിന്റെ സ്വച്ഛതയിൽ പറ്റിച്ചേർന്നുപോകാൻ വയ്യാത്തവിധം നാനാതലങ്ങളിൽ വരിഞ്ഞുമുറുക്കുന്ന സാമ്പത്തികക്ലേശമാണ്‌ ചെറുപ്പക്കാരെ എക്കാലത്തും പ്രവാസിയാക്കുന്നത്‌. ഇല്ലായ്‌മയും കഷ്ടപ്പാടുകളും മാറ്റി താൻ സ്‌നേഹിക്കുന്നവർക്ക്‌, തന്നെ സ്‌നേഹിക്കുന്നവർക്ക്‌ ഏതുവിധമെങ്കിലും ഒരത്താണിയാവുക എന്ന ഏകലക്ഷ്യം മാത്രമായിരിക്കും നഗരസാഗരങ്ങളിൽ കൂപ്പുകുത്തുന്നവർക്കുള്ളത്‌. അതിനിടെ തന്റെ ചെറിയ മോഹങ്ങളും സ്വപ്‌നങ്ങളും നിസാരമാണ്‌. ബലികൊടുക്കാനുള്ള ആത്മഹവിസുകളാണവ. ചിലവേള തന്നെതന്നെ.

പത്തു പാസായി ടൈപ്പ്‌റൈറ്റിങ്ങും ഷോർട്ട്‌ഹാന്റും പഠിച്ച്‌ ബോംബൈയിലും കൽക്കത്തയിലും ദില്ലിയിലും മദിരാശിയിലുമായി തൊഴിലന്വേഷിച്ചു പോയവരുടെ ഘോഷയാത്രയാണ്‌ അക്കാലത്തെ കഥകളിലേറേയും. ഒട്ടുമിക്കപ്പോഴും ഇവരൊക്കെ നേരിട്ടത്‌ ചതിയും വഞ്ചനയും നിറഞ്ഞ തിന്മയുടെ കരിപുരണ്ട ലോകത്തെ. തൊഴിലെന്ന വ്യാജേന കച്ചവടത്തിലെ കൂട്ടികൊടുപ്പുകൾക്കുവരെ പലർക്കും ഒത്താശചെയ്യേണ്ടിവരുന്നു. അല്ലെങ്കിൽ സാക്ഷിയാവേണ്ടിവരുന്നു. നിലനിൽപ്പിനായുള്ള ഹിംസാത്മകതയുടെ നീരാളിപ്പിടുത്തത്തിൽനിന്ന്‌ പലർക്കും മുക്തികിട്ടാറില്ല. അവരതിൽ മുങ്ങിക്കുളിച്ച്‌ അതേ വഴിയിൽ പുതിയ ലോകങ്ങൾ വെട്ടിപിടിക്കാൻ തത്രപ്പെടുന്നു. പിന്നെ പഴയ, ആ യാത്ര പറഞ്ഞുപോന്ന ഞാനില്ല. പഴയ മൂല്യങ്ങൾ, വിശ്വാസങ്ങൾ ഒക്കെ പാഴ്‌സ്വപ്‌നങ്ങളായി. ചിലപ്പോളത്‌ ആന്തരിക സംഘർഷങ്ങളുടെ മരുഭൂമിയുണ്ടാക്കും. നേടിയത്‌ എന്താണെന്ന വിഫലമായ തിരിഞ്ഞുനോട്ടം. കൈവിട്ടുപോയ സുന്ദരസുരഭില ഭൂതകാലത്തെ കുറിച്ചുള്ള നെടുവീർപ്പുകൾ. അത്തരം ആത്മവിചാരങ്ങളും മലയാളത്തിൽ മികച്ച കഥകളായിട്ടുണ്ട്‌. ഇത്തരം സ്വകാര്യവും സാമൂഹികവുമായ പൊതുപരിസരങ്ങളിൽ വ്യാപരിക്കുമ്പോഴും ഹരികുമാർ തന്റേതായൊരു തട്ടകം കഥയിൽ സൃഷ്ടിക്കുന്നു എന്നിടത്താണ്‌ ഈ കഥാകൃത്ത്‌ വ്യത്യസ്‌തനാവുന്നത്. വലിയ ഒച്ചപ്പാടില്ലാതെ താൻ നേരിടേണ്ടിവരുന്ന യാഥാർഥ്യങ്ങളോട്‌ അനുതാപപൂർവം പ്രതികരിച്ചവരാണ്‌ ഹരികുമാറിന്റെ കൂടുതലും കഥാപാത്രങ്ങൾ. അവരൊന്നും നാട്ടിലേക്ക്‌ തിരിച്ചുപോകാൻ ഒട്ടും തിരക്കുകൂട്ടിയവരല്ല. നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാനുള്ള വീറോ വാശിയോ സ്വഭാവ വൈശിഷ്ട്യമായി കണക്കാക്കിയവരുമല്ല. നഗരജീവിതവുമായി പെട്ടെന്ന്‌ രമ്യതയിലായവയാണ്‌ ഹരികുമാർ കഥകളിലേറെയും. അതിന്റെ അസൗകര്യങ്ങളിൽ വീർപ്പുമുട്ടുമ്പോഴും പ്രലോഭനങ്ങളിൽ വീണുപോയവർ. ഈയൊരു തലത്തിൽ ഹരികുമാർ തന്റെ സമകാലീകരിൽനിന്ന്‌ തുടക്കത്തിലേ വേറിട്ടുനിന്നു.

സ്‌ത്രീ-പുരുഷബന്ധങ്ങളിലെ വർണരാജി

സ്‌ത്രീ-പുരുഷ ബന്ധങ്ങളുടെ വർണരാജിയാണ്‌ ഒരോകഥയുടെയും അടിസ്ഥാനശ്രുതി. ഒറ്റമുറി ഫ്ലാറ്റുകളിലെ കുടുസുജീവിതത്തിലും ജീവിതം വിരസമാകാതെ നിലനിർത്തുന്നത്‌ വ്യത്യസ്‌ത വിതാനങ്ങളിലെ സ്‌ത്രീസാന്നിധ്യമാണ്‌. ഭാര്യ, കാമുകി, സഹപ്രവർത്തക, അയൽക്കാരി, സഹയാത്രിക എന്നിങ്ങനെ നാനാതുറകളിലെ സ്‌ത്രീകഥാപാത്രങ്ങളുടെ ജീവത്തായ ചൈതന്യമാണ്‌ ഒരർഥത്തിൽ കഥയുടെ വെളിവും വാഴ്‌വും. കൂടുതലും ജീവിതപങ്കാളിയെന്ന നിലയ്‌ക്ക്‌ ഭാര്യതന്നെയാണ്‌. മറച്ചുകെട്ടില്ലാതെ ഒന്നിച്ചു കഴിയുമ്പോഴും തങ്ങളുടേതായ അസ്‌തിത്വവും വ്യക്തിത്വവും ഹരികുമാർ കഥകളിലെ സ്‌ത്രീകഥാപാത്രങ്ങൾ നിഷ്‌കർഷയോടെ പുലർത്തുന്നുണ്ട്‌. അഭ്യസ്‌തവിദ്യകളാണവർ. നഗരത്തിൽ എത്തിപ്പെട്ടതുകൊണ്ടുതന്നെ അവർക്കൊക്കെ സ്‌ത്രീസഹജമെന്ന്‌ പതിവുമട്ടിൽ ആരോപിക്കാവുന്ന ദൗർബല്യങ്ങൾ കുറവ്‌. അറിഞ്ഞുകൊണ്ടുതന്നെയാണ്‌ ഇവരിലേറെയും പുരുഷന്‌ കീഴ്‌പ്പെടുന്നത്‌. ചതിക്കപ്പെട്ടിട്ടല്ല.

കേവല പ്രണയങ്ങളോ നഷ്ടകാമുകിമാരെക്കുറിച്ചോർത്തുള്ള ശ്ലഥചിത്രങ്ങളോ ഈ കഥകളിൽ ദുർലഭമാണ്‌.പുരുഷകഥാപാത്രങ്ങളുടെ താങ്ങും തണലുമാവുന്നത്‌ എപ്പോഴും സ്‌ത്രീകളാണ്‌. പുരുഷൻ തളർന്നുപോവുന്നിടത്ത്‌ ജയിച്ചുകേറുന്ന സ്‌ത്രീകൾ ഈ കഥാലോകത്ത്‌ സമൃദ്ധം. ഒറ്റക്കാവുന്ന വേളയിൽ, സ്‌ത്രീസാന്നിധ്യമില്ലാത്ത നിമിഷങ്ങൾക്ക്‌ അതുകൊണ്ടാണ്‌ നൂറ്റാണ്ടുകളുടെ ദൈർഘ്യവും കനവുമാണ്‌ അനുഭവപ്പെടുന്നത്‌. മാതൃഭാവത്തേക്കാൾ സ്‌ത്രീത്വം ശക്തമാവുന്നത്‌ കൂട്ടുകാരിയുടെ സ്‌നേഹമസൃണമായ പരിലാളനയിലും ആശ്വാസത്തിലുമാണ്‌. സ്‌നേഹം മറയില്ലാതെ ആവശ്യപ്പെടുന്നവരാണ്‌ ഇതിലെ മിക്കവാറുംപേർ. അത്‌ ശരീരബാഹ്യമായ ആദർശാത്മക പ്രണയവുമല്ല. മനസിന്റെയെന്നപോലെ ശരീരങ്ങളുടെയും ജൈവികമായ തൃഷ്‌ണകളെ ആരും അടച്ചുവെക്കുന്നില്ല. വഴിവിട്ട ബന്ധങ്ങളാണെങ്കിൽകൂടി അതിലൊട്ടും കുറ്റബോധമോ സദാചാരപ്പേടിയോ അലട്ടാത്തവരാണിതിലെ സ്‌ത്രീപുരുഷന്മാർ. സുരതശേഷമുള്ള തളർച്ചയിലും സുഖാലസ്യത്തിലും , ആ നിമിഷങ്ങളുടെ തൃപ്‌തിയിലാഴ്‌ന്ന സമ്പൂർണതയിലും പലപ്പോഴും ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളെ നേരിടുന്ന ഇണകൾ. ലൈംഗികതയെ പാപബോധവുമായി കൂട്ടികെട്ടുന്ന പതിവ്‌ മാമൂൽ പാരമ്പര്യത്തെയാണ്‌ ഇവിടെ തകർക്കുന്നത്‌. ഭോഗാലസ്യത്തിൽ പുരുഷന്റെ മാറിലോ കൈത്തണ്ടയിലോ വിശ്രമിക്കുന്ന സ്‌ത്രീകൾ, തുടർന്നുള്ള അവരുടെ മനോവിചാരങ്ങൾ പല കഥകളിലും ആവർത്തിക്കപ്പെടുന്നു. തീർച്ചയായും ഈയൊരു പശ്ചാത്തലം നഗരജീവിതാനുഭവങ്ങളിൽ നിന്നുള്ളതാണ്‌.

ആദ്യസമാഹാരമായ കുങ്കുമം വിതറിയ വഴികഴിലെ മൂന്നു കഥകൾക്കും ഏറിയും കുറഞ്ഞും ഈയൊരു പ്രമേയം അടിസ്ഥാനമായിവന്നത്‌ ആകസ്‌മികമാകാനിടയില്ല. എന്നാൽ സ്‌ത്രീസ്വഭാവങ്ങൾക്ക്‌ വൈചാത്യമുണ്ട്‌. വർഷങ്ങൾക്കുശേഷം തന്നെ കീഴടക്കാനുള്ള ഒരേയൊരു തൃഷ്‌ണയുമായി വന്നുകയറുന്ന കാമുകനൊപ്പം എതിർപ്പേതുമില്ലാതെ കിടന്നുകൊടുക്കുന്ന സുധ, തൊട്ടടുത്ത നിമിഷം ഓഫീസിൽനിന്നു വരാനിരിക്കുന്ന ഭർത്താവിനെ അറിഞ്ഞുകൊണ്ട്‌ വിസ്‌മരിക്കുന്നവളാണ്‌. ‘ആശ്വാസം തേടി’ എന്ന അതേ സമാഹാരത്തിലെ അടുത്ത കഥയിലെത്തുമ്പോൾ ചിത്രം മറ്റൊന്നാണ്‌. നിതയെന്ന പരിഷ്‌കാരി സുന്ദരിപ്പെണ്ണിനെ പ്രലോഭനങ്ങളിൽ കുടുക്കാൻ രോഹിത്‌ വേട്ടക്കാരനെപോലെ ഉപായങ്ങൾ മാറിമാറി സ്വീകരിക്കുന്നു. റസ്‌റ്റോറന്റിലെ രുചികരമായ ഭക്ഷണവും സിനിമയും സംഗീതവും എന്നല്ല അയാളുടെ ചായംപുരട്ടിയ വാക്കുകൾവരെ നിതയെ കീഴ്‌പ്പെടുത്തുക എന്ന ലക്ഷ്യത്തിൽ മുനകൂർത്തതാണ്‌. എന്നാൽ സുധയെപോലെയല്ല നിത. നിത പറയുന്നു: രോഹിത്‌, നമുക്കിതു ചെയ്യാതിരിക്കുക. നമ്മൾ പിന്നീടു ദു:ഖിക്കും. പ്ലീസ്‌. കഥാന്ത്യത്തിലാവട്ടെ രോഹിത്‌ ഭാര്യ സുജാതയെ ഓർക്കുന്നുണ്ട്‌. പോകുന്നതിന്റെ തലേ ദിവസം വീർത്ത വയറും വിളറിയ മുഖവുമായി അവൾ തന്റെ മാറിൽ ചാരിയിരുന്നു ചോദിച്ചു: എന്നെ സ്‌നേഹമുണ്ടോ? എന്താണ്‌ മറുപടി പറഞ്ഞതെന്ന്‌ രോഹിത്‌ അപ്പോൾ ഓർത്തില്ല.

അതേസമയം തൊട്ടടുത്ത കഥയായ തിമാർപൂർ മറ്റൊരു കാഴ്‌ചയാണ്‌. നഗരത്തിന്റെ ഇരുണ്ടുനാറിയ തെരുവിൽനിന്നാണ്‌ ഇതിലെ പാവം സ്‌ത്രീ പ്രത്യക്ഷപ്പെടുന്നത്‌. ഓടയുടെ ഗന്ധമുള്ള സ്‌ത്രീ. അവൾക്ക്‌ ദില്ലിയിൽതന്നെയുള്ള തിമാർപൂരിലെത്തണം. അവിടെയാണ് അവളുടെ ഭര്‍ത്താവുള്ളത്. അതിനുള്ള ബസ്സ് കൂലിയില്ല. ആ ദാരിദ്ര്യത്തെ ശാരീരികമായി ചൂഷണം ചെയ്യാൻ അറപ്പില്ലാത്തവനാണ്‌ നഗരത്തിലെ പരിഷ്‌കാരിയായ ഇടത്തരക്കാരൻ. അയാളാ തെരുവുപെണ്ണിനെ സ്വന്തം ഫ്ലാറ്റിലേക്ക്‌ കൂട്ടിക്കൊണ്ടുവരുന്നു. ആദ്യം കുളിച്ച്‌ വൃത്തിയാവാൻ പറയുന്നു. ഭാണ്ഡത്തിൽ വിഴുപ്പല്ലാതെ മറ്റൊന്നുമില്ലാത്ത അവൾക്ക്‌ തന്റെ പൈജാമയും കുർത്തയും നീട്ടുന്നു. അപ്പോളവൾ ചന്തക്കാരിയായി. പിന്നീടാണയാൾ അവൾ വല്ലതും കഴിച്ചോ എന്നന്വേഷിക്കുന്നത്‌. ഇന്നലെ വൈകിട്ട്‌ റൊട്ടിതിന്നു ബാബുജീ എന്നാണ്‌ മറുപടി. 24 മണിക്കൂർ. അതിനകം തിന്നുതീർത്ത ഭക്ഷണത്തെയും കുടിച്ചുതീർത്ത മദ്യത്തെപ്പറ്റിയും അയാൾ ആലോചിച്ചു. ഇങ്ങനെ സ്‌ത്രീകളുടെ നിസഹായതയും ഇല്ലായ്‌മയും ഉളവാക്കുന്ന അവരോടുള്ള ഉള്ളിലെ നേർത്ത അനുതാപങ്ങൾക്കൊപ്പംതന്നെ അതിനെ മറികടക്കുന്ന ജ്വരബാധപോലുള്ള പുരുഷാസക്തികളും ഹരികുമാർ കഥകളിൽ ഇടവിട്ടു കടന്നുവരുന്നു.

അടഞ്ഞ വാതിലുകൾ, ഒളിഞ്ഞുനോട്ടങ്ങളിലെ പുറംകാഴ്‌ചകൾ

ഹരികുമാറിന്റെ കഥാപരിസരം അടഞ്ഞ വാതിലുകൾക്കുള്ളിലെ ഇടുങ്ങിയ ലോകമാണ്‌. മിക്കവാറും അത്‌ നഗരത്തിലെ ഫ്ലാറ്റുജീവിതങ്ങളുടെ പരിഛേദവുമാണ്‌. രണ്ടുമുറി ഫ്ലാറ്റിലെ ഏകാന്തതയും വിരസതയും ചെറിയ സന്തോഷങ്ങളും പരിഭവങ്ങളും പിണക്കവും ചതികളും വഞ്ചനയും കാമാർത്തികളും പരാതികൂടാതെ ഏറ്റെടുക്കന്നവർ. പുറംലോകവുമായുള്ള അവരുടെ സമ്പർക്കം പലപ്പോഴും വാതിലിന്റെ പീപ്‌ഹോളിലൂടെ കാണുന്ന കാഴ്‌ചകളാണ്‌. ഒളിച്ചുനോട്ടത്തിന്റെ രഹസ്യാത്മകത സൂക്ഷിച്ചാണ്‌ കഥപറയുന്നവർ മറ്റുള്ളവരെ ശ്രദ്ധിക്കുന്നത്‌. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ ജീവിതം ലാഘവത്തോടെ കഥയായി പറയാനോ ഓർമിക്കാനോ മാത്രമാണ്‌ അന്യവൽക്കരിക്കപ്പെട്ട നഗരവാസികളായ ഇടത്തട്ടുകാരുടെ നിയോഗം. പൊതുജീവിത പരിസരങ്ങളിലേക്ക്‌ ഇറങ്ങിനിൽക്കാൻ മടിയും പേടിയും ഉള്ള മലയാളി മധ്യവർത്തി സമൂഹത്തിന്റെ ശരിയായ പ്രതിനിധികളായും ഇതിലെ ഒട്ടെല്ലാ കഥാപാത്രങ്ങളും മാറുന്നുണ്ട്‌. അയൽക്കാരി എന്ന ഒറ്റ കഥമതി ഇക്കാര്യം വിശദീകരിക്കാൻ.

അതേസമയം ആദ്യകാല കഥകളിലൊന്നായ കൂറകളിലെ സ്‌ത്രീക്ക്‌ കുറേകൂടി തന്റേടവും യാഥാർഥ്യബോധവുമുണ്ട്‌. കൽക്കത്ത നഗരത്തിന്റെ അപരിചിതത്വമോ തിരക്കോ അവളെ പേടിപ്പിക്കുന്നില്ല. ധൈര്യപൂർവം പുറത്തുവരാനും ഭാഷയറിയില്ലെങ്കിലും കൂറകൾക്കുള്ള വിഷം ചോദിച്ചുവാങ്ങാനും നഗരവഴിയിലെ തൊഴിലാളികളുടെ ജാഥ നോക്കി നിൽക്കാനും ആ ജാഥയിൽ കാണുന്ന ദൈന്യമുഖങ്ങളെ പിന്നീട്‌ വിഷംതിന്ന്‌ ചത്തൊടുങ്ങുന്ന കൂറകളുടെ വംശാവലിയായി തുലനം ചെയ്യാനും മാത്രം അവൾ വളരുന്നുണ്ട്‌. കൂറകൾക്ക്‌ വിഷം കൊടുത്തു കൊല്ലുന്നതിനേക്കാൾ ക്രൂരതയോടെ സ്വന്തം ജീവന്റെ പൊടിപ്പിനെ ഉദരത്തിൽനിന്ന്‌ കൊന്നുതള്ളിയവളാണ്‌ ഇതിലെ സ്‌ത്രീ. രണ്ടുമക്കളിൽ കൂടുതൽപേരെ പോറ്റാനാവില്ലെന്ന പിടിപ്പുകെട്ട ഭർത്താവിന്റെ നിശ്ശബ്ദമായ ആജ്ഞക്കുമുന്നിൽ നിസഹായയായി പോയവളാണവൾ. കഥ തീരുന്നത്‌ ഇങ്ങനെ: അവൾ വളരെ നേരം ഉറങ്ങി. ഉണർന്നപ്പോൾ സൂര്യ കിരണങ്ങൾ മുറിയിലേക്ക്‌ അരിച്ചുവന്നു തുടങ്ങിയിരുന്നു. നിലത്ത്‌ അവൾ കൂറകളെ കണ്ടു. ചത്തുമലച്ച കൂറകൾ. അവൾ ശെശത്യകാലത്തു മരങ്ങളിൽനിന്ന്‌ ഉതിർന്നുവീഴുന്ന കരിയിലകളെക്കുറിച്ചും വർഷങ്ങൾക്കുമു മുമ്പു മരിച്ചുപോയ അമ്മയെക്കുറിച്ചും മക്കളെക്കുറിച്ചും ജീവിക്കാനുള്ള അവകാശം നിഷേധിച്ചുകഴിഞ്ഞ പുതിയ ജീവന്റെ കണികയെക്കുറിച്ചും ഓർത്തു. അവൾ വ്യസനിച്ചു. ഇങ്ങനെ വ്യസനവും ആഘാതങ്ങളും ധർമസങ്കടങ്ങളും നീതിനിഷേധങ്ങളും ഒട്ടും ഒച്ചയില്ലാതെ ഒതുക്കിപ്പിടിക്കുന്നവരാണ്‌ കൂടുതൽ സ്‌ത്രീകഥാപാത്രങ്ങളും. അറിഞ്ഞുകൊണ്ട്‌ തോറ്റുകൊടുക്കുന്നവർ. അവർ പുറത്തേക്കു കരയുന്നത്‌ വളരെകുറച്ചുമാത്രമാണ്‌. പക്ഷേ, അവരുടെ ചെറിയ തോൽവികൾക്ക്‌ ആണുങ്ങളുടെ വലിയ വിജയങ്ങളേക്കാൾ മുഴക്കവും മഹത്വവുമുണ്ട്‌.

കുട്ടികൾ കാണുന്ന ലോകം

കുട്ടികളുടെ ലോകത്തുനിന്ന്‌ മുതിർന്നവരുടെ കഥപറയാനുള്ള വശ്യത ഹരികുമാർ ആവർത്തിച്ചുപയോഗിക്കുന്ന രചനാരീതിയാണ്. ശൈശവ നിഷ്‌കളങ്കതയോടുള്ള ആരാധനകലർന്ന ആഭിമുഖ്യം ഈ എഴുത്തുകാരന്റെ അടിസ്ഥാന സ്വഭാവവിശേഷമാണ്‌. ഒരുപക്ഷേ ഈ കഥാകൃത്തിന്റെ എക്കാലത്തെയും മികച്ച കഥകളായി എന്റെ വായനയെ ആഹ്‌ളാദിപ്പിച്ചിട്ടുള്ളതും കുട്ടികളുടെ ലോകത്തുനിന്നു കണ്ട മുതിർന്നവരുടെ ജീവിതാഖ്യാനങ്ങളെയാണ്‌. തൊഴിൽപരമായ തകർച്ചകളും ഇല്ലായ്‌മകളും കടക്കെണിയും അലട്ടുമ്പോഴും ജീവിതം പ്രസാദാത്മകമാണെന്ന്‌ അവരെ ഓർമിപ്പിക്കുന്നത്‌ കുട്ടികളുടെ നിർദോഷമായ ഇടപെടലുകളാണ്‌.

ആദ്യകഥയായ കുങ്കുമം വിതറിയ വഴികളിൽതുടങ്ങി തന്റെ മികച്ച കഥകളിൽ ചിലതായ ഡോക്ടർ ഗുറാമിയുടെ ആശുപത്രി, ദിനോസറിന്റെ കുട്ടി, ഒരുകങ്‌ഫു ഫൈറ്റർ, കാനഡയിൽനിന്നുള്ള രാജകുമാരി, ശ്രീപാർവതിയുടെ പാദം തുടങ്ങി ഒട്ടെല്ലാ കഥകളുടെയും കേന്ദ്രസ്ഥാനത്ത്‌ കുട്ടികളാണ്‌. (ശ്രീപാർവതിയിലത്‌ കുട്ടികളേക്കാൾ വിലോല ഭാവങ്ങൾ മനസിൽ സൂക്ഷിക്കുന്ന, കുറച്ചുകൂടി മുതിർന്ന, രണ്ടു കുട്ടികളുടെ അമ്മയും ഭാര്യയുമായ മാധവിയായെന്നുമാത്രം) കുട്ടികളാണ്‌ കഥ നിയന്ത്രിക്കുന്നതും കൊണ്ടുപോവുന്നതും. അവരുടെ നിഷ്‌കളങ്കമായ ഇടപെടലാണ്‌ കഥയിൽ വലിയ വഴിത്തിരിവുകളാവുന്നത്‌. കുട്ടികളുടെ അസ്ഥാനത്തുള്ള ചോദ്യങ്ങളിലോ സംശയങ്ങളിലോ കുരുങ്ങി മുതിർന്നവർ തകർന്നുപോവുകയാണ്‌. അതുവരെ പരസ്‌പരം കണ്ടില്ലെന്നു നടിക്കുന്ന ചതികളും ദൗർബല്യങ്ങളും ഒളിച്ചുവെച്ച സ്വാർഥങ്ങളും ചലവും പഴുപ്പുംപോലെ പുറത്തുചാടി അകം വികൃതമാവുന്നത്‌ മുതിർന്നവർ ഞെട്ടലോടെ തിരിച്ചറിയുന്നു. അതൊന്നുമറിയാതെ കുട്ടികളപ്പോഴും സ്വാഭാവികതയോടെ അവരുടെ ലോകത്തെ ചെറിയ കളികളിലേക്കോ കാർട്ടൂണുകളിലേക്കോ ചായപ്പെൻസിലുകൾ തിരഞ്ഞുള്ള നെട്ടോട്ടത്തിലേക്കോ ഉറക്കത്തിൽ വന്നുപോവുന്ന കുട്ടിദിനോസറിനെക്കുറിച്ചുള്ള ആശങ്കയിലേക്കോ ഉൾവലിഞ്ഞിട്ടുണ്ടാവും.

കുങ്കുമം വിതറിയ വഴികളിലെ കാമുകൻ അങ്കിൾ, സംഗീതയുടെ അമ്മ സുധയെ പ്രാപിക്കുന്നതിലെ ആഘാതം തീർച്ചയായും ആ കുട്ടികൂടി അത്തരം യാഥാർഥ്യങ്ങൾ മണത്തറിയാൻ തുടങ്ങിയല്ലോ എന്ന സന്ദിഗ്‌ധതയിൽ എത്തുമ്പോഴാണ്‌

എന്തു പറയുന്നു മമ്മി, അങ്ക്‌ൾ നല്ല ആളാണോ?
അങ്ങനെ ചോദിക്കുമ്പോൾ ഡാഡിയുടെ കൺകോണിൽ കുസൃതിയുണ്ടായിരുന്നു.
മോളെ, അങ്ക്‌ൾ കൊണ്ടുവന്ന റോസാപൂക്കൾ എനിക്കു കാണിച്ചു തരില്ലേ?
തീർച്ചയായും. അവൾ ചാടിയെഴുന്നേറ്റ്‌ കിടപ്പറയിലേക്കോടി. കിടപ്പറയിലെത്തിയപ്പോൾ അവൾ പെട്ടെന്നുനിന്നു.
അങ്ക്‌ൾ റോസാപൂക്കൾ കൊണ്ടന്നത്‌ ഡാഡിക്കെങ്ങനെ മനസിലായി? അടഞ്ഞുകിടന്ന ഒരുവാതിൽ അവളുടെ ഓർമയിലെത്തി. അവളുടെ കൊച്ചുമനസിൽ പതഞ്ഞുവരുന്ന സാന്ദ്രത അവൾ അറിഞ്ഞു. വൈകുന്നേരം സ്‌കൂൾവിട്ട്‌ കുട്ടുകാരികളെല്ലാം പോയി ഒറ്റക്കു ബസുകാത്തുനിൽക്കുമ്പോൾ ഉണ്ടാകാറുള്ള ഏകാന്തത അവൾക്കു വീണ്ടും അനുഭവപ്പെട്ടു. അച്ഛന്റെ സാന്ത്വനങ്ങളോ അമ്മയുടെ എന്തേ ഉണ്ടായത്‌ എന്ന അന്വേഷണങ്ങളോ തീരെ സഹായകരമായിരുന്നില്ല. അവൾക്കുണ്ടായ നഷ്ടം അപാരമായിരുന്നു.

ഇത്തരം കൊച്ചുവാക്യങ്ങളോടെയാണ്‌ തികച്ചും സാധാരണമെന്നപോലെ അസാധാരണമായ ആ കഥ പര്യവസാനിക്കുന്നത്‌. മറ്റൊരു തലത്തിൽ പറയുമ്പോൾ സാധാരണതകളിലെ അസാധാരണത്വമാണ്‌ ഹരികുമാർ കഥകളിലെ കാന്തികസ്‌പർശം. കഥയുടെ ഭ്രമണപഥങ്ങളിലേക്കെന്ന പോലെ ഇത്തരം ഗുരുത്വാകർഷണങ്ങൾ വായനക്കാരെ കഥ വായിച്ചുതീർത്താലും കഥക്കു വെളിയിൽ പോകാൻ അനുവദിക്കാതെ അവിടെത്തന്നെ കെട്ടിയിടുന്നു. ചുറ്റിത്തിരിയാൻ നിർബന്ധിക്കുന്നു.

കടം പെറ്റുപെരുകി ജീവിതം വഴിമുട്ടിപോവുന്ന ഇടത്തരക്കാരുടെയും ഇനിയൊന്നും നഷ്ടപ്പെടാനില്ലാത്തവിധം എല്ലാം പൊയ്‌പ്പോയ പാവങ്ങളുടെയും ചങ്കുകീറുന്ന ധർമസങ്കടങ്ങൾ ആവിഷ്‌കരിക്കുമ്പോഴാണ്‌ ഹരികുമാർ കഥകളുടെ കൈയൊതുക്കവും ശിൽപഭദ്രതയും കൂടുതൽ തെളിമയോടെ സന്ധ്യാകാശത്തെ മഴവില്ലുപോലെ വിഷാദമധുരമാവുക. അസൂയപ്പെടുത്തുന്ന കൈയൊതുക്കമാണപ്പോൾ. ആവശ്യത്തിൽകൂടുതൽ ഒരുവരിപോലും കുറിക്കാതെ ആ ദീനതമുഴുവൻ ആവാഹിക്കാനുള്ള വൈഭവം ആദ്യകാല കഥകളായ ദിനോസറിന്റെകുട്ടിയിലും ഒരുകങ്‌ഫു ഫൈറ്ററിലും എന്നപോലെ ഉന്നൈ കാണാതെ കണ്ണും എന്ന സമീപകാല കഥയിലും ഉച്ചസ്ഥായിയിലാണ്‌. മഴച്ചാറ്റൽപോലെ താഴ്‌ന്നശ്രുതിയിലെ സംഗീതധാരയും വാക്കുകൾ സൃഷ്ടിക്കുന്ന മന്ദ്രമായ താളവും കാതോർത്താൽ ആ കഥകളിൽ കേൾക്കാം.

ഇതേ താരള്യമാണ്‌ സ്‌നേഹത്തെക്കുറിച്ചു പറയുമ്പോഴും. ശരീരാസക്തമായ കാമാതുരതകളിലല്ല, ലാഭചേതങ്ങളെ കാര്യമാക്കാത്ത, കണക്കുപറയാത്ത, ഉപാധികളില്ലാത്ത, വെറും സ്‌നേഹത്തിന്റെ തെളിമ കാട്ടിത്തരുമ്പോളത്‌ ഹിമകണങ്ങളിൽ പ്രതിഫലിക്കുന്ന അരുണകാന്തിയാവും. ഏതു വരൾച്ചയിലും ഏതൊരാളുടെയും ഉള്ളിൽ കൈത്തോടുപോലെ ഓരം ചേർന്നൊഴുകുന്ന ജീവജലത്തിന്റെ കുളിരും വശ്യതയും കണ്ണീരുപോലെ അടിത്തട്ടുകാണാവുന്ന ഭാഷയിൽ വെളിവാകുമ്പോൾ ജീവിതം അത്ര വെറുക്കപ്പെടേണ്ടതല്ലെന്ന ബോധ്യം പകർന്നുകിട്ടും. എല്ലാ ഊഷരതകൾക്കിടയിലും നിധിപോലെ സൂക്ഷിച്ചുവെക്കാനൊരു മയിൽപ്പീലി ഹരികുമാർ കഥകളിൽ എവിടെനിന്നെങ്കിലും അപ്രതീക്ഷിതമായി വീണുകിട്ടാതിരിക്കില്ല. ജീവിതത്തോടുള്ള പ്രതീക്ഷാനിർഭരമായ കാത്തിരിപ്പിന് അത്‌ വായനക്കാരെ പ്രേരിപ്പിക്കുകയും ചെയ്യും. ആദ്യകാലകഥകളിലൊന്നായ സൂര്യകാന്തിപ്പൂക്കൾ തരുന്ന വായനാനുഭവം ഇത്തരത്തിലൊന്നാണ്‌.

‘ഇപ്പോൾ, ചെമ്പൂരിലെ ഫ്ലാറ്റുകളിലൊന്നിൽ താമസിക്കുന്ന ഇരുനിറമുള്ള മെലിഞ്ഞ പെൺകുട്ടി അയാളുടെ സ്വകാര്യസ്വത്തായി മാറിയിരിക്കുന്നു’. അവളാണ്‌ ഭാവിവധുവെന്നറിയാതെ പണ്ടൊരു കുട്ടിക്കാലത്ത്‌ ആ വീട്ടുകാരോട്‌ യാത്രപറഞ്ഞുപോന്ന വേളയിൽ അവളുടെ അമ്മതന്ന സൂര്യകാന്തിവിത്തുകൾ കുട്ടിയായ അയാളുടെ കൈയിൽനിന്ന്‌ യാത്രക്കിടെ വീണുപോയിട്ടുണ്ട്‌. ഇപ്പോൾ വർഷങ്ങൾക്കിപ്പുറം അതയാൾ ഓർക്കുകയും നൊമ്പരപ്പെടുകയും ചെയ്യുന്നുണ്ട്‌. എന്നാൽ വിത്തു നഷ്ടപ്പെട്ടെന്ന്‌ ഓർത്തുവെക്കുന്ന സ്ഥലമെത്തിയപ്പോൾ അയാൾ കാണുന്ന കാഴ്‌ച അവിടെ കുന്നിന്റെ ചായ്‌വിൽ, താഴ്‌വരയിൽ ഒരു വലിയ സൂര്യകാന്തിത്തോട്ടമാണ്‌. മഞ്ഞയുടെ പരവതാനി വിരിച്ചിട്ടപോലെ. കാറ്റടിക്കുമ്പോൾ പൂക്കളുടെ പരവതാനിയിൽ ഓളങ്ങളുണ്ടാവുന്നു. ആ കാഴ്‌ച മറയുരുതേ എന്നായാൾ പ്രാർഥിച്ചു.

ജീവിതത്തോടുള്ള വർണാഭവും പ്രത്യാശാഭരിതവുമായ ഒരു ദൂരക്കാഴ്‌ചയാണത്‌. ഒരുവിത്തിൽനിന്ന്‌ അനേക വർഷങ്ങളിലെ കാറ്റിലും മഴയിലും മഞ്ഞിലും പെറ്റുപെരുകി പൊട്ടിമുളച്ചുണ്ടായ പൂക്കളുടെ താഴ്‌വര പോലെ ജീവിതം ഋതുഭേദങ്ങളിലൂടെയുള്ള അവിരാമമായ യാത്രകളിലൂടെ സുരഭിലമാവുമെന്ന ശുഭസൂചന. തീവണ്ടിയാത്രയിലെ ഗതിവേഗങ്ങൾക്കൊപ്പം മിന്നിമറയുന്ന ജീവിതചിത്രങ്ങൾക്ക്‌ ആ താളംകൂടി ഇണക്കമായി കിട്ടുന്നുണ്ട്‌. അത്രമേൽ സൂക്ഷ്‌മധ്വനികളുണർത്തുന്ന പദകൽപനകളാണതിൽ. തുമ്പപൂക്കളുടെ ചാരുതയാർന്ന ശ്രീപാർവതിയുടെ പാദത്തിലും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഇഴപിരിയാ ബന്ധങ്ങളെ വഴക്കത്തോടെ ഒട്ടും അത്യുക്തിയില്ലാതെ കാട്ടിത്തരുന്നു. മണങ്ങളുടെ, വാസനയുടെ, ഗന്ധങ്ങളുടെ അതിവിപുലമായൊരു ലോകം ശ്രീപാർവതിയുടെ വായന മനസിനെ എപ്പോഴും പ്രസാദാത്മകമാക്കുന്നു. ഒന്നു നീന്തിക്കുളിച്ചു കയറിവന്നപോലെ. മടിവിട്ടുണരുന്ന ഒരു പുലർക്കാലനടത്തത്തിന്റെ ഉന്മേഷവും വശ്യതയും അത്‌ ഉള്ളിൽ നിറയ്‌ക്കുന്നു.

ഭാഗത്തിന്റെ വിശദാംശം പറയാനോ കണക്കുചോദിക്കാനോ ആണ്‌ അനുജത്തിയുടെ വരവെന്ന്‌ ഊഹിച്ചുപോയെങ്കിലും ശാരദേച്ചിയുടെ ഉള്ളിലും അനുജത്തി മാധവിയോടുള്ള സ്‌നേഹം തുടിക്കുന്നുണ്ട്‌. മഴയുടെ ഇരമ്പവും കാറ്റും, നനച്ച രാമച്ച വീശറികൊണ്ട്‌ വീശിത്തരുന്ന ഒരമ്മയുടെ താരാട്ടുപോലെ ഉറക്കത്തിലേക്കു ക്ഷണിച്ചിരുന്ന ആ പഴയ വീട്ടിൽ അവൾ അപ്രതീക്ഷതമായി കയറിച്ചെല്ലുന്നത്‌ അവൾക്കുപോലും പിടികിട്ടാത്ത മനസിന്റെ ചില ഭാവങ്ങളെ തേടിയാണ്‌. ഒരുപക്ഷേ അവളുടെതന്നെ തിരിച്ചു കിട്ടാത്ത നഷ്ടബാല്യത്തെതേടി. അതിന്റെ കുതൂഹങ്ങൾ. അവളുടെ ആത്മീയയാത്രകളെന്നാണ്‌ അത്തരം തിരിച്ചുപോക്കുകളെ ഭർത്താവ്‌ രവി വിശേഷിപ്പിക്കാറ്‌.

എന്തിനാണ്‌ വന്നത്‌? തനിക്കുതന്നെ അറിയില്ല.
നമ്മൾ ഇമ്മാതിരി മഴയുള്ള ദിവസങ്ങളിൽ ഈ ജനലിന്റെ അറ്റത്തിരുന്ന്‌ കൊത്തങ്കല്ലാടീത്‌ ശാരദേച്ചിക്ക്‌ ഓർമേണ്ടൊ?
എനിക്കറിയാം നീ എന്തിനാ വന്നതെന്ന്‌. ശാരദേച്ചി പറഞ്ഞു.
നിങ്ങടെ തൃശൂരുള്ള വീടും 25 സെന്റ്‌ പറമ്പുംകൂടി ചുരുങ്ങിയത്‌ 5 ലക്ഷം ഉറുപ്പികയെങ്കിലും വരുംന്നാ രാമേട്ടൻ പറയണത്‌.
ശാരദേച്ചീ, മുത്തശ്ശി നമുക്ക്‌ ശ്രീപാർവതിയുടെ പാദം കാണിച്ചുതന്നതോർമേണ്ടൊ?
ഊംങും. ഇവിടെ ഈ പറമ്പും നെലോം ഒക്കെകൂടിയാൽ രണ്ടു ലക്ഷം കിട്ടുമെന്നു തോന്ന്‌ണില്ല.
തുമ്പപ്പൂ കമിഴ്‌ത്തിവെച്ച്‌ കാണിച്ചു തന്നത്‌ ഓർമ്മല്യേ? നമ്മള്‌ ഓണത്തിന്‌ പൂവിടുമ്പോ നടുവില്‌ വെക്കാറുണ്ട്‌.
നീ എന്തൊക്കെയാണ്‌ പറയണത്‌? ശാരദേച്ചി ചോദിച്ചു.

ശാരദേച്ചിക്കു മാത്രമല്ല ദൈനംദിന ജീവിതത്തിന്റെ പ്രയാസങ്ങളിലും കണക്കുകൂട്ടലിലും രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവർക്കാർക്കും മാധവി പറയുന്നതു മനസിലായിക്കൊള്ളണമെന്നില്ല. അത്‌ സ്‌നേഹത്തിന്റെ ഭാഷയാണ്‌. മനുഷ്യരോടുള്ള അടുപ്പത്തിന്റേയും മണ്ണിനോടും പൂക്കളോടും കിളികളോടുമുള്ള അനുരാഗത്തിന്റെയും ഭാഷയാണ്‌. കാണുന്ന കാഴ്‌ചയിൽ മാത്രമല്ല ചിലരുടെയെങ്കിലും ലോകങ്ങളെന്ന്‌, അങ്ങനെ പറയുന്നുവെന്ന ഒരു നാട്യവും ഇല്ലാതെ ഈ കഥ പറഞ്ഞുവെക്കുകയാണ്‌. അതാണ്‌ വർഷങ്ങളുടെ പഴക്കം ഈ കഥയെ ബാധിക്കാത്തത്‌. അതാണ്‌ പേരറിയാത്ത ഏതെല്ലാമോ പച്ചപ്പുല്ലിന്റെ മണംപോലെ ഈ കഥയുടെ വായന എനിക്കെന്നും ഇഷ്ടമാവുന്നത്‌. തികച്ചും സ്വാഭാവികമായ ജീവിത പരിസരങ്ങളിൽനിന്നാണ്‌ ഒരോ കഥയുടെയും ഉത്ഭവം. അത്രമേൽ അനായസകരവും നൈസർഗികവുമാണവ.

55 വർഷത്തിലേറെയായുള്ള എഴുത്തുജീവിതത്തിൽ 1525 പുറങ്ങളിലായി 4 വാല്യങ്ങളിൽ 166 കഥകളാണ്‌ ഹരികുമാറിന്റേതായി മലയാളത്തിനു കിട്ടിയിട്ടുള്ളത്‌. ആ കണക്കിൽ ഒരാണ്ടിൽ ശരാശരി 3 കഥ മാത്രം. 9 ചെറുനോവലും 5 തിരക്കഥയും ഒരു നാടകവും വേറെയുണ്ട്‌. ഒപ്പം പല കാലങ്ങളിലായി എഴുതപ്പെട്ട സാഹിത്യസംബന്ധിയും അല്ലാത്തതുമായ ഓർമകളും ലേഖനങ്ങളും ചേർന്ന മറ്റൊരു സമാഹാരവും അദ്ദേഹത്തെ അടയാളപ്പെടുത്തിയിട്ടുണ്ട്‌. കഥയെ വെല്ലുന്ന നേരനുഭവങ്ങളാണ്‌ എട്ടാം വാല്യത്തിൽ ‘നീ എവിടെയാണെങ്കിലും’ എന്ന ഭാഗത്തിൽ ചേർത്തിട്ടുള്ളത്‌. കഥയായി മാറിയ ജീവിത സന്ദർഭങ്ങളും കഥയിൽ ഇനിയും ആവിഷ്‌കരിക്കപ്പെടാത്ത അനുഭവങ്ങളും ഇവിടെ തുറന്നെഴുതിയിരിക്കുന്നു. ഈ എഴുത്തുകാരന്‌ വായനക്കാരോട്‌ ഒളിക്കാൻ ഒന്നുമില്ല എന്നതാണ്‌ ഈ കുറിപ്പുകളുടെ ആന്തരാർഥം. കഥകളെന്ന സങ്കേതത്തിൽ ഒതുങ്ങാത്തതുകൊണ്ടുമാത്രം ആ കുറിപ്പുകൾതന്ന വായനാനുഭവത്തെ ഞാനിവിടെ ഒഴിവാക്കുകയാണ്‌. എങ്കിലും അക്കൂട്ടത്തിലെ ഒരു വിരുന്നിന്റെ ഓർമയും, പ്രണയം യാത്രയിൽ, നീ എവിടെയാണെങ്കിലും എന്നീ കുറിപ്പുകൾ കഥയേക്കാൾ എന്നെ മഥിപ്പിച്ചു എന്നു പറയാതെ പോവാനാവില്ല.

ഈ സമാഹാരങ്ങളിലെ നാലാം വാല്യത്തിലുള്ള നഗരവാസിയായ ഒരു കുട്ടി, വെള്ളിത്തിരയിലെന്നപോലെ, ഉമ്മുക്കുൽസൂന്റെ വീട്‌ എന്നീ ഭാഗങ്ങൾക്ക്‌ ഹരികുമാർതന്നെ അവതാരികയെഴുതിയിട്ടുണ്ട്. സാഹിത്യത്തോടും ജീവിതത്തോടും പൊതുവെയും തന്റെ കഥകളോട്‌ തനിക്കുതന്നെയും ഉള്ള നിലപാടുകളെ, കാഴ്‌ചപ്പാടുകളെ, കഥപോലെ ലളിതമായി ഹരികുമാർ പറഞ്ഞുവെക്കുന്നു. ഏതൊരു എഴുത്തുകാരനും എഴുത്തിന്റെ എല്ലാ ഘട്ടങ്ങളിലും നേരിടുന്ന, എന്തിന്‌ എഴുതുന്നു എന്ന അടിസ്ഥാനപരമായ ചോദ്യത്തിനുള്ള ഉത്തരങ്ങളാണതിൽ. എക്കാലത്തേയും സാഹിത്യസിദ്ധാന്തങ്ങളുടെയും സൗന്ദര്യശാസ്‌ത്ര ദർശനങ്ങളുടെയും പശ്‌ചാത്തലത്തിൽ വേണമെങ്കിൽ ഇത്തരം സന്ദർഭങ്ങളിൽ ഒരാൾക്ക്‌ ആവോളം തന്നെ മറ്റൊന്നായി മാറ്റിപ്പണിയാനുള്ള സാവകാശവും അവസരങ്ങളും അനവധിയാണ്‌. എന്നാൽ ഹരികുമാർ ഇത്രമാത്രമേ പറയുന്നുള്ളു: ‘ക്ഷതത്തിൽ തേനിടുന്ന അൻപിനെത്തന്നെയാണ്‌ ഞാനും അന്വേഷിക്കുന്നത്‌. സാഹിത്യരചന എന്നെ സംബന്ധിച്ച്‌ ഈ അന്വേഷണമാണ്‌. ദീർഘകാലമായുള്ള, എവിടെയും എത്തിയിട്ടില്ലാത്ത അന്വേഷണം. ജന്മാന്തരങ്ങളിൽ ഞാൻ കണ്ടുമുട്ടുകയോ പരിചയപ്പെടുകയോ ചെയ്യുകയും പിന്നീട്‌ മറവിയുടെ ആഴങ്ങളിലെവിടെയോ നഷ്ടപ്പെടുകയും ചെയ്‌ത സംഭവങ്ങളോ വ്യക്തികളോ ആയിരിക്കണം പിന്നീട്‌ കഥാബീജമായും അതിലെ കഥാപാത്രങ്ങളായും എന്റെ മനസിൽ പ്രത്യക്ഷപ്പെടുന്നത്‌. ക്ഷണിക്കാതെ കടന്നു വന്ന അതിഥികൾ എന്റെ അബോധമനസിൽ സ്വന്തമായ ഒരു ജീവിതം നയിക്കാൻ തുടങ്ങുകയും മനസിന്‌ അതു താങ്ങാൻ കഴിയാതെ വരികയും ചെയ്യുമ്പോൾ ഞാൻ കടലാസും പേനയുമെടുക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ഞാൻ എന്തെഴുതാനാണ്‌ ആദ്യം ശ്രമിച്ചത്‌, എന്താണ്‌ എഴുതപ്പെട്ടത്‌, ഇവ തമ്മിൽ വളരെ വ്യത്യാസമുണ്ടാവും. തുടക്കത്തിൽ മനസിലുണ്ടായിരുന്ന കഥയേ ആവണമെന്നില്ല എഴുതിക്കഴിയുമ്പോൾ. കാരണം കഥാപാത്രങ്ങൾ ജീവനുള്ളവയാണ്‌. അവർക്ക്‌ അവരുടേതായ ഒരു ജീവിതമുണ്ട്‌. ഒരിക്കൽ എഴുതപ്പെട്ടാൽ അതിനു മാറ്റവുമില്ല’. എഴുതാൻവേണ്ടി മാത്രം ഒന്നും എഴുതിയില്ല എന്നാണ്‌ ഈ സത്യവാങ്‌മൂലം സൂചിപ്പിക്കുന്നത്‌. പത്രാധിപന്മാർ ആവശ്യപ്പെടുന്ന മുറയ്‌ക്കോ തരത്തിനോ തഞ്ചത്തിനോ എഴുതാൻ ഈ എഴുത്തുകാരന്‌ കഴിഞ്ഞില്ല. എഴുത്തിനോടു പുലർത്തിയ ആത്മഹത്യാപരമായ സത്യസന്ധതയും തന്റെ ആർജവത്വത്തോടുള്ള അതിരറ്റ ആത്മവിശ്വാസവുമാണ്‌ ഒരർഥത്തിൽ ഈ എഴുത്തുകാരനെ ഒറ്റപ്പെടുത്തിയിരിക്കുക.

ഈ സമാഹരങ്ങൾക്കു മുന്നിലിരിക്കുമ്പോൾ എപ്പോഴും ആവർത്തിച്ചു കടന്നു വന്ന ഒരു സന്ദേഹം എന്തേ, ഇത്രയേറെ എഴുതിയിട്ടും ഇ ഹരികുമാർ എന്ന എഴുത്തുകാരനെ ശരിയാംവിധം വിലയിരുത്താനോ, എന്തിന്‌ വിമർശന വിധേയമാക്കാനോപോലും നമ്മുടെ വ്യവസ്ഥാപിതമായ വരേണ്യ സാഹിത്യലോകം മടിച്ചു? പ്രതിഷ്ഠാപിതരും തുടക്കക്കാരുമായ എത്രയോപറ്റം നിരൂപകവൃന്ദം ഇക്കാലയളവിനുള്ളിൽ മലയാളത്തിൽ ഉയർന്നും താഴ്‌ന്നും വന്നുപോയി? എന്തേ ഈ എഴുത്തുകാരനെമാത്രം വേണ്ട മട്ടിൽ കണ്ടില്ല? ഉത്തരം ഏതുമാവാം. വ്യാഖ്യാനങ്ങൾ പലതാവാം. ഈ കുറിപ്പ്‌ അതിനൊന്നും പകരമല്ല. എങ്കിലും ചില പ്രായശ്‌ചിത്തങ്ങൾ മറ്റുള്ളവർക്കായി ആരെങ്കിലും ഒരാൾ എപ്പോഴെങ്കിലും ചെയ്‌തിരിക്കണമെന്നു തോന്നി. അതെത്രമേൽ ദുർബലവും ബാലിശവും നിസാരവുമാണെങ്കിൽപോലും, ആ ധന്യത മതിയാവും ഈ വരികളുടെ സാഫല്യത്തിന്‌.

സമകാലീന മലയാളം - 2019 ജൂണ്‍ 23