മാതൃഭൂമി നിരസിച്ച കഥ

സംഭവം നടന്നത് തൊള്ളായിരത്തി എണ്‍പത്തേഴിലാണ്. ഒക്ടോബര്‍ മാസത്തിലാണെന്നാണോര്‍മ്മ. ഒരു കഥ മാതൃഭൂമിയ്ക്കച്ചുകൊടുത്തു. സാധാരണ മൂന്നാഴ്ചക്കുള്ളില്‍ കഥ പ്രസിദ്ധീകരിച്ചുകാണാറുണ്ട്. എം.ടി.യുടെ മറുപടി എന്തായാലും കിട്ടാറുണ്ട്. അതുമുണ്ടായില്ല. ഒരു മാസം കഴിഞ്ഞു, രണ്ടു മാസം കഴിഞ്ഞു. അസ്വസ്ഥമായ കാത്തിരിപ്പ്. ആ കഥ പ്രസിദ്ധീകരിച്ചു കണ്ടില്ലെന്നതല്ല പ്രശ്നം. അതു മറ്റൊരു വാരികയ്ക്ക് അയക്കാന്‍ പറ്റില്ലല്ലൊ. ഒരു കഥ രണ്ടു വാരികകളില്‍ ഒരേ സമയം പ്രസിദ്ധപ്പെടുത്തിവന്ന കാര്യം ചില എഴുത്തുകാര്‍ പറയുന്നത് കേട്ടിട്ടുണ്ട്. അതു രണ്ടാം തരമായതുകൊണ്ട് ഞാനതു ചെയ്തില്ല. അതിനിടയ്ക്കാണ് ഞാനറിഞ്ഞത് മാതൃഭൂമിയില്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുകയാണെന്നും എം.ടി. ആ സ്ഥാപനം വിട്ടെന്നും. പകരമാരാണ് വന്നതെന്നുമറിയില്ല. സാഹിത്യലോകത്തെ ഹൂയീസ്ഹൂ എനിക്ക് അന്നും ഇന്നും അപരിചിതമാണ്. ഞാന്‍ വെറും പത്രാധിപർ എന്ന പേരിൽ ഒരു കത്തെഴുതി. ഇങ്ങിനെ ഒരു കഥ അയച്ചിരുന്നു, അതു പ്രസിദ്ധീകരിക്കാന്‍ താല്പര്യമില്ലെങ്കിൽ തിരിച്ചയക്കണമെന്ന് പറഞ്ഞുകൊണ്ട്. മറുപടിയില്ല. രണ്ടാമതൊരു കത്തെഴുതിയതിനും മറുപടിയില്ലെന്നു കണ്ടപ്പോള്‍ ഞാൻ അന്ന് ദിനപത്രം നോക്കിയിരുന്ന ശ്രീ ശ്രീധരന്‍ നായര്‍ക്ക് എഴുതി. എം.ടി. മാറിയതിനു ശേഷം അദ്ദേഹമാണ് ആഴ്ചപ്പതിപ്പ് നോക്കുന്നതെന്നാരോ പറഞ്ഞറിഞ്ഞു. ആ കത്തിനും മറുപടിയുണ്ടായില്ല. എന്റെ കത്ത് മറുപടി അര്‍ഹിക്കുന്നതാണെന്ന് അദ്ദേഹം കരുതിയിട്ടുണ്ടാവില്ല. വീണ്ടും അസ്വസ്ഥമായ കാത്തിരിപ്പ്. ഒരു കത്തുകൂടി എഴുതി. ഇല്ല, മറുപടിയില്ല. പത്രാധിപരുടെ അഭാവത്തില്‍ ആഴ്ചപ്പതിപ്പ് നോക്കിയിരുന്നത് ഒരു അസിസ്റ്റന്റ് എഡിറ്ററായിരുന്നു. എനിക്കദ്ദേഹത്തെ പരിചയമില്ല. പിന്നെ കത്തെഴുതിയത് വി.കെ. മാധവന്‍കുട്ടിക്കായിരുന്നു. അദ്ദേഹത്തെയും നേരിട്ടു പരിചയമില്ല. അല്പം പരിഭവിച്ചു കൊണ്ടാണ് എഴുതിയത്. മറുപടിയില്ല. വലിയ വലിയ ആളുകള്‍. അവര്‍ക്കിതിനൊന്നും സമയമുണ്ടാവില്ല. ഇത് എന്റെ കഥയാണ്. എനിക്കു മാത്രമേ അതിനോടിഷ്ടമണ്ടാവാന്‍ വഴിയുള്ളു, ചുരുങ്ങിയത് അത് പ്രസിദ്ധപ്പെടുത്തുന്നതുവരെയെങ്കിലും. പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ ഇഷ്ടപ്പെടേണ്ടത് വായനക്കാരാണ്. അപ്പോള്‍, കിട്ടാത്ത മറുപടികളിൽ പരിഭവിച്ചിട്ടു കാര്യമില്ല.

അങ്ങിനെയിരിക്കുമ്പോഴാണ് വാര്‍ത്ത വന്നത്, ശ്രീ എന്‍.വി. കൃഷ്ണവാരിയര്‍ ആഴ്ചപ്പതിപ്പിന്റെ പത്രാധിപരാകുന്നു. ഇനി അദ്ദേഹത്തിനു കൂടിയേ കത്തെഴുതാനുള്ളൂ. അച്ഛന്റെ വളരെ അടുത്ത സ്നേഹിതനാണ്, വളരെ നല്ല മനുഷ്യനും. ഇത്രയും നല്ല ആ മനുഷ്യന്റെ മറുപടിയും കിട്ടിയില്ല എന്ന ഖേദം ഒഴിവാക്കുകയാണ് നല്ലതെന്നു തോന്നി മിണ്ടാതിരുന്നു. ഒരു മാസം കഴിഞ്ഞില്ല, അപ്പോഴാണ് മെയിലില്‍ കഥ തിരിച്ചു കിട്ടുന്നത്. കഥ പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതിലുള്ള വ്യസനം പ്രകടിപ്പിച്ചുകൊണ്ടെഴുതിയ ആ കത്ത് ഞാന്‍ കുറേ നേരം നോക്കിയിരുന്നു. തൊള്ളായിരത്തി അറുപത്തഞ്ചിലാണ് എന്റെ കഥ ആദ്യമായി മാതൃഭൂമിയില്‍ വന്നത്. 'ഉണക്ക മരങ്ങള്‍'. അതിനുശേഷം വര്‍ഷത്തിലൊരിക്കൽ ഒരു കഥ മാത്രം എഴുതിയിരുന്ന എന്റെ കഥകൾ മാതൃഭൂമി പ്രസിദ്ധീകരിച്ചു. 'കൂറകള്‍', 'പരുന്തുകള്‍ വട്ടം ചുറ്റുമ്പോൾ, 'ശിശിരം', 'നിനക്കുവേണ്ടി', 'മധുവിധു', തുടങ്ങിയവ. ഞാനയച്ചുകൊടുത്ത ഒരൊറ്റ കഥയും മാതൃഭൂമി തിരിച്ചയച്ചിട്ടില്ല. ഇപ്പോള്‍ ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം അങ്ങിനെയൊരു യോഗവുമുണ്ടായി. വല്ലാതെ വിഷമം തോന്നി.

ഞാനാലോചിച്ചു. ഇതു ശരിയാവില്ല. ഞാനാ കഥയുമെടുത്ത് കോഴിക്കോട്ടു പോയി, എന്‍.വി. കൃഷ്ണവാരിയരെ കണ്ടു. അദ്ദേഹത്തിന്റെ മുമ്പിലിരിക്കുമ്പോള്‍ ഞാൻ പഴയൊരു കഥയാണോര്‍ത്തത്. ഒരിക്കല്‍ അച്ഛന് വാരിയർ സാറിന്റെ ഫോണുണ്ടായിരുന്നു. അന്ന് പൊന്നാനിയില്‍ ഉണ്ടായിരുന്നത് മൂന്ന് ടെലിഫോണുകള്‍ മാത്രം. അപ്പോള്‍ ഒരാളെ ഫോണിൽ കിട്ടണമെങ്കിൽ പി.പി. കാള്‍ ചെയ്യണം. അതായത് പൊന്നാനി പോസ്റ്റാഫീസിലേയ്ക്ക് ഫോണ്‍ ചെയ്ത് ആരെയാണ് കിട്ടേണ്ടതെങ്കിൽ അവരുടെ പേരു പറയുക. അച്ഛന്‍ പോസ്റ്റോഫീസിലേയ്ക്കു പോയി. അവര്‍ ശ്രീ. കൃഷ്ണവാരിയറുമായി ബന്ധപ്പെടുത്തി. അച്ഛൻ പക്ഷെ അദ്ദേഹം പറഞ്ഞതൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. നേരിയ ശബ്ദം മാത്രം. കൃഷ്ണവാരിയര്‍ക്ക് കാര്യം മനസ്സിലായെന്നു തോന്നുന്നു. അദ്ദേഹം ഉറക്കെ പറഞ്ഞു. 'ഇടശ്ശേരി ഫോണ്‍ തലതിരിച്ചാണ് പിടിച്ചിരിക്കുന്നത്.' ഫോണ്‍ തിരിച്ചു പിടിച്ചപ്പോ നന്നായി കേള്‍ക്കാനുണ്ട്. കവിത പെട്ടെന്നു കിട്ടിണമെന്നുള്ളതുകൊണ്ടാണ് കത്തെഴുതാൻ മെനക്കെടാതെ ഫോൺ വിളിച്ചതെന്ന് അദ്ദേഹം ക്ഷമാപണത്തോടെ പറഞ്ഞു.

ഞാന്‍ അദ്ദേഹത്തെ കാണാൻ വന്നതിന്റെ ഉദ്ദേശ്യം പറഞ്ഞു. എന്തു മാനദണ്ഡമാണ് കഥയെ തിരസ്‌കരിക്കാൻ ഉപയോഗിച്ചത് എന്നറിഞ്ഞാൽ കൊള്ളാമെന്നു വളരെ വിനയത്തോടെ ചോദിച്ചു. അദ്ദേഹം പറഞ്ഞു. 'ഞാനിവിടെ ചാര്‍ജ്ജെടുത്തപ്പോൾ കണ്ടത് വളരെയധികം കഥകളും, കവിതകളും, ലേഖനങ്ങളും ഒന്നും ചെയ്യാതെ അടിഞ്ഞുകൂടിയിരിക്കുന്നതാണ്. ഞാന്‍ പത്രാധിപ സമിതിയിലെ ആള്‍ക്കാരോട് പറഞ്ഞു. ഒന്നുകില്‍ നിങ്ങളിതെല്ലാം ഓരോന്നായി പ്രസിദ്ധീകരിക്കുക. അല്ലെങ്കില്‍ തിരിച്ചയക്കുക. വളരെ പഴയ സാഹിത്യകൃതികൾ പലതും ഒന്നും ചെയ്യാതെ കെട്ടിക്കിടക്കുകയായിരുന്നു. അങ്ങിനെ തിരിച്ചയച്ചതാവും.'

എന്റെ കയ്യെഴുത്തുപ്രതി വാങ്ങി അദ്ദേഹം വായിക്കാന്‍ തുടങ്ങി. എ-4 സൈസിൽ ഏകദേശം പത്തുപതിനഞ്ചു പേജുണ്ടാവും ആ കഥ. അതു മുഴുവന്‍ അദ്ദേഹം ഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്തു. എനിക്കത്ഭുതവും വളരെയധികം ബഹുമാനവും ആ നിമിഷത്തിൽ അദ്ദേഹത്തോടു തോന്നി. കഥ വായിച്ച ശേഷം എന്നോട് ചിരിച്ചുകൊണ്ട് പറഞ്ഞു. 'ഇത് തിരസ്‌കരിക്കേണ്ട കഥയല്ല. നല്ല കഥയാണ്. ഏതായാലും ഇത്രയും വൈകിയില്ലെ, ഇനി കുറച്ചുകൂടി കാത്ത് നമുക്കിത് ഓണപ്പതിപ്പിനു കൊടുക്കാം. എന്താ പോരെ?'

എനിക്ക് വളരെയധികം സന്തോഷം തോന്നി. തിരസ്കാരത്തിന്റെ ചുവ വായില്‍നിന്ന് പോയി അവിടെ ഒരു മഹാകവിയുടെ വാക്കുകളുടെ മധുരം.

1988-ലെ ഓണപ്പതിപ്പില്‍ വന്ന ആ കഥ എതാണെന്നോ? 'ഡോക്ടര്‍ ഗുറാമിയുടെ ആശുപത്രി'. വായിച്ചവര്‍ അഭിപ്രായം പറയട്ടെ.