എന്റെ കഥാപാത്രങ്ങൾ തികച്ചും സ്വതന്ത്രരാണ്: ഇ. ഹരികുമാർ

ബിന്ദു എം.എസ്.

ബിന്ദു: കഥയെഴുത്തുകാരനായി സാഹിത്യലോകത്ത് പ്രവേശിച്ച സാഹചര്യം ഓർത്തെടുക്കാമോ?

ഹരികുമാർ: സ്‌കൂളിൽ പഠിക്കുന്ന കാലം തൊട്ടേ കഥയെഴുത്തു തുടങ്ങിയിരുന്നു. നല്ല വായനക്കാരനായിരുന്നു ഞാൻ. സ്‌കൂൾ ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ എടുത്ത് വായിക്കാറുണ്ട്. ദിവസം രണ്ടു പുസ്തകങ്ങൾ. ഒന്ന് സ്‌നേഹിതൻ എടുത്ത പുസ്തകം, അത് സ്‌കൂളിൽനിന്നു തന്നെ വായിച്ചു തീർക്കും. മിക്കവാറും അപസർപ്പക കഥകളാണ്. ഒപ്പം തന്നെ ലോക ക്ലാസിക്കുകൾ കുട്ടികൾക്ക് വായിക്കാനായി ചുരുക്കിയെഴുതിയതും. കഥയെഴുത്തിന്റെ തുടക്കം ഈ വായനയിൽനിന്നായിരിക്കണം. കഥകൾ എന്നെ വല്ലാതെ ആകർഷിച്ചിരുന്നു, ഒപ്പംതന്നെ കവിതയും. അച്ഛന്റെ കവിതകൾ, ഒന്നും മനസ്സിലായില്ലെങ്കിൽക്കൂടി അവയുടെ താളബദ്ധമായ ഈരടികളിൽ ആകൃഷ്ടനായി വായിക്കാറുണ്ട്. ആ പ്രായത്തിൽ അച്ഛന്റെ അളകാവലി മാത്രമേ കയ്യിൽ കിട്ടിയിരുന്നുള്ളു. പിന്നീട് അച്ഛന്റെ പുതിയ കവിതകൾ പുറത്തിറങ്ങിയപ്പോൾ ആ കവിതകൾ ഒരു ഹരമായി. അപ്പോഴും അർത്ഥം മനസ്സിലാക്കിയിട്ടൊന്നുമല്ല, പാടാനുള്ള രസം കൊണ്ടുമാത്രം.

ബിന്ദു: കവിതകൾ എഴുതിയിട്ടുണ്ടോ?

ഹരികുമാർ: എട്ടിലോ ഒമ്പതിലോ പഠിക്കുന്ന കാലത്ത് കഥകളോടൊപ്പം കവിതയുമെഴുതിയിരുന്നു. കഥകളും കവിതകളും എഴുതിയാൽ അച്ഛനെ കാണിക്കും. അദ്ദേഹം ക്ഷമയോടെ അവയെല്ലാം തിരുത്താറുണ്ട്. കഥ എങ്ങിനെ നന്നാക്കാമെന്ന് പറഞ്ഞു തരാറുണ്ട്. ഞങ്ങൾ ഒരു കുടുംബമാസിക തുടങ്ങിയിരുന്നു. ഒരിക്കൽ ശ്രീ. കുട്ടികൃഷ്ണമാരാർ വീട്ടിൽ വന്നപ്പോൾ ഞാനാ കയ്യെഴുത്തുമാസിക അഭിമാനപൂർവം അദ്ദേഹത്തിനു കാണിച്ചുകൊടുത്തു. അദ്ദേഹം നിന്ന നില്പിൽ അതൊന്ന് ഓടിച്ചു വായിച്ചു ഒരഭിപ്രായവും പറയാതെ തിരിച്ചുതരികയും ചെയ്തു. ആ മാസികയിൽ അഭിനന്ദിക്കാനൊന്നുമില്ലെന്നായിരിക്കണം അതിനർത്ഥം. എന്റെ അഹങ്കാരത്തിനു കിട്ടിയ ചൊട്ടായിരുന്നു അത്. ഒരിക്കൽ അച്ഛൻ പറഞ്ഞു, നീ ഇനി കഥകളെഴുതിയാൽ മതി എന്ന്. കവിതയെഴുതാനുള്ള ഭാഷയൊന്നും മകന്റെ കയ്യിലില്ലെന്ന് അദ്ദഹത്തിനു മനസ്സിലായിട്ടുണ്ടാകും, അല്ലെങ്കിൽ കഥയിൽ ഞാൻ ശോഭിക്കുമെന്ന് തോന്നിയിട്ടുണ്ടാവും. എന്തായാലും അതിനു ശേഷം ഞാൻ കവിതയെഴുതിയിട്ടില്ല.

ബിന്ദു: കവികളായിരുന്ന അച്ഛനമ്മമാരുടെ പാരമ്പര്യം അങ്ങയെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്?

ഹരികുമാർ: വളരെയധികം. ശരിക്കു പറഞ്ഞാൽ കഥയെഴുതാനുള്ള വാസന അമ്മയുടെ അടുത്തുനിന്നാണ് കിട്ടിയിട്ടുണ്ടാവുക. അമ്മ, വിവാഹത്തിനു മുമ്പ് കഥകളെഴുതിയിരുന്നു. ഞാൻ കൽക്കത്തയിൽ തൊഴിൽ തേടി പോയപ്പോൾ അമ്മയുടെ ആദ്യത്തെ കത്തിൽ എഴുതിയത് കഥയെഴുതാനുള്ള വാസന എന്റെ അനുജനാണെന്നാണ്. അതായത് അതും അമ്മയിൽനിന്നു തന്നെ ജനിച്ചതാണെന്നാണ്. ഈ കത്ത് എെന്റ വെബ് സൈറ്റിൽ ചേർത്തിട്ടുണ്ട്. പ്രസക്തമായ ഭാഗം ഇങ്ങനെയാണ്: ”നിന്റെ ചെറുകഥ എന്തായി. ചെറുകഥാസാഹിത്യം നിന്റെ അനുജനാണ്. എന്നിൽനിന്നു ജനിച്ച ആ സന്താനത്തെ നീ വളർത്തി വലുതാക്കിയാൽ ഞാൻ കൃതാർത്ഥയായി. ശ്രമിക്കുക, ഉയരാൻ വീണ്ടും വീണ്ടും ശ്രമിക്കുക”. അമ്മയുടെ ചെറിയമ്മയുടെ മകൻ ഇ. കുമാറും നല്ല ചെറുകഥാകൃത്തായിരുന്നു. അദ്ദേഹം അകാലത്തിൽ മരിച്ചുപോയി. കുമാറിന്റെ സഹോദരിയെയാണ് ഉറൂബ് കല്യാണം കഴിച്ചത്. ഞാൻ ഉദ്ദേശിച്ചത്, കഥാസാഹിത്യം ഞങ്ങളുടെ കുടുംബരക്തത്തിലുണ്ടായിരുന്നു. അച്ഛൻ കവിതകൊണ്ട് വരികയാണുണ്ടായത്.

ബിന്ദു: പ്രശസ്ത കവി ഇടശ്ശേരിയുടെ മകൻ എന്ന പേര് സാഹിത്യലോകത്ത് ഗുണകരമായിരുന്നോ?

ഹരികുമാർ: ഇല്ലെന്നാണ് എന്റെ അനുഭവം. ഇടശ്ശേരിയുടെ മകൻ ആയതുകൊണ്ട് ഒരു പത്രാധിപരും എന്റെ കഥകൾ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. അവർക്ക് വേണ്ടത് മികച്ച കഥകൾ മാത്രം. അതു നന്നായി. മികച്ച കഥകൾ മാത്രമെഴുതാൻ ഞാൻ ശ്രമിച്ചു. എഴുപതുകളിൽ എന്റെ ആദ്യകാല കഥാസമാഹാരങ്ങൾ ഞാൻ ശ്രീ എം. ഗോവിന്ദന് അയച്ചു കൊടുത്തിരുന്നു. പിന്നീട് ഒരിക്കൽ നാട്ടിൽ വരുമ്പോൾ മദിരാശിയിലിറങ്ങി അദ്ദേഹം താമസിച്ചിരുന്ന ഹാരിസ് റോഡിലെ വീട്ടിൽ കയറി. അദ്ദേഹം ഒരു ദിവാനിലിരുന്ന് ഏതോ പുസ്തകം വായിക്കുകയായിരുന്നു. അത് വൃഷഭത്തിന്റെ കണ്ണ് ആണെന്ന് മനസ്സിലായപ്പോൾ വളരെ സന്തോഷം തോന്നി. അദ്ദേഹം എന്നെ പ്രതീക്ഷിച്ചിരുന്നില്ല. കണ്ടപ്പോൾ വളരെ സന്തോഷമായി. കഥകളെല്ലാം വളരെ നന്നായിട്ടുണ്ട് എന്നു പറഞ്ഞു. പിന്നെ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹം പറഞ്ഞു. എല്ലാം നല്ല കഥകൾ മാത്രം ചേർത്തുകൊണ്ട് ഒരു സമാഹാരം പ്രസിദ്ധീകരിക്കുന്നത് നഷ്ടമാണ്. ഒന്നാംതരം കഥകൾക്കിടയിൽ രണ്ടാംതരം കഥകളും ചേർക്കണമെന്നു നിർദേശിച്ചു. എന്റെ കയ്യിൽ രണ്ടാംതരം കഥകളില്ലായിരുന്നു. അതെനിക്ക് അളവറ്റ ആത്മവിശ്വാസമുളവാക്കി. ഇടശ്ശേരിയുടെ മകനായതുകൊണ്ടായിരുന്നു അത്. എഴുത്തിൽ ഗുണമേന്മ നിർബന്ധമാക്കിയത് അദ്ദേഹമാണ്. അതുകൊണ്ട് എനിക്ക് കുറെ നഷ്ടങ്ങളുമുണ്ടായിട്ടുണ്ട്. രണ്ടാംതരം കഥകളെഴുതുമ്പോഴോ, സാഹിത്യത്തിൽ ഉയർന്നുവരാനുള്ള കസർത്തുകളെപ്പറ്റി ആലോചിക്കുമ്പോഴോ ഒക്കെ അച്ഛന്റെ ഓർമ വരും. ഞാനതിൽനിന്ന് പിൻവലിയുകയും ചെയ്യും. അഭ്യാസങ്ങൾ കാട്ടി പുരസ്‌കാരങ്ങൾ വാരിക്കൂട്ടാത്തതിലൊന്നും എനിക്ക് വിഷമമില്ലാത്തത് അച്ഛനെ ഓർക്കുന്നതുകൊണ്ടാണ്. കേരള സാഹിത്യ അക്കാദമി അച്ഛനെ പല വട്ടം തഴഞ്ഞതിനെക്കുറിച്ച് ഞാനൊരു ലേഖനവും കഥയും (ക്രൂരത്ത്വത്താലുയർത്തപ്പെടുക) എഴുതിയിട്ടുണ്ട്. പാദസേവ നടത്താത്തതുകൊണ്ടുണ്ടായ നഷ്ടങ്ങൾ ഓർത്ത് അദ്ദേഹത്തിന് യാതൊരു മന:സ്താപവും ഉണ്ടായിരുന്നില്ല.

ബിന്ദു: അച്ഛനൊപ്പം സാഹിത്യരചനയിൽ ഏർപ്പെട്ടിരുന്ന അമ്മ പിന്നീട് പിൻവലിഞ്ഞതിനെ സാഹിത്യകാരൻ എന്ന നിലയിൽ എങ്ങനെ കാണുന്നു?

ഹരികുമാർ: രണ്ടു തലത്തിൽ ഇതിനെ കാണണം. ഒന്ന് ഇത്രയും മഹാനായ ഒരു കവിയോടൊപ്പം ജീവിക്കുമ്പോൾ അദ്ദേഹത്തിന്റെ കാവ്യജീവിതം സുഗമമാക്കാതെ താൻ തന്റേതായ വഴിയിൽ, അതായത് സാഹിത്യത്തിൽത്തന്നെ, പോകുന്നത് അല്പത്തമായി അമ്മയ്ക്ക് തോന്നിയിട്ടുണ്ടാവണം. ശരിക്കു പറഞ്ഞാൽ അമ്മ ഒരു വലിയ ത്യാഗം ചെയ്യുകയാണുണ്ടായത്. ഒരു വലിയ സാഹിത്യരചനയ്ക്കു സ്വയം വളമായി മാറുകയാണ് അവർ ചെയ്തത്. അന്ന് അമ്മ അതു ചെയ്തില്ലെങ്കിൽ അച്ഛൻ ഇത്രയധികം കവിതകളെഴുതുമായിരുന്നോ എന്ന് സംശയമാണ്. രാത്രികളിൽ അച്ഛൻ കവിതയെഴുതുമ്പോൾ അമ്മ ഉറക്കമൊഴിച്ച് അച്ഛന് ചായയുണ്ടാക്കിക്കൊടുക്കാറുണ്ട്.
രണ്ടാമതായി, കുട്ടികളെ വളർത്തുന്നതാണ് സാഹിത്യരചനയേക്കാൾ ശ്രേഷ്ഠമായത് എന്നവർ തീരുമാനിച്ചതിന്റെ ഫലമാണ് ഞാനും എന്റെ സഹോദരങ്ങളും.

ബിന്ദു: പൊന്നാനിക്കളരിയെപ്പറ്റിയുളള ഓർമകൾ വായനക്കാർക്കായി പങ്കുവയ്ക്കാമോ?

ഹരികുമാർ: പൊന്നാനിക്കളരി രൂപപ്പെട്ടത് അച്ഛന്റെ വിവാഹത്തിനും മുമ്പായിരുന്നു. താമസിക്കാൻ സ്ഥലമില്ലാതെ കഷ്ടപ്പെട്ട അച്ഛനെ എന്റെ അമ്മമ്മയുടെ അനുജൻ രാഘവൻ മാമയാണ് പുത്തില്ലത്തേക്ക് ക്ഷണിച്ചത്, മരുമകൾ ജാനകിക്ക് സംസ്‌കൃതത്തിൽ ട്യൂഷൻ കൊടുക്കാനായി. ഈ കാര്യങ്ങൾ അച്ഛന്റെ ഒരു ലേഖനത്തിൽ പറയുന്നുണ്ട്. ആ കാലത്താണ് പൊന്നാനിയിൽ അഭൂതപൂർവമായ ഒരു ഒത്തുകൂടലുണ്ടായത്. ശ്രീ കുട്ടികൃഷ്ണമാരാർ, കവിയായിരുന്ന ഇ. നാരായണൻ, ഉറൂബ് (അന്ന് പി.സി. കുട്ടികൃഷ്ണനായിരുന്നു അദ്ദേഹം) പി. നാരായണൻ വൈദ്യർ, അക്കിത്തം, കടവനാട് കുട്ടിക്കൃഷ്ണൻ, വി.ടി. ഭട്ടതിരിപ്പാട്, കഥാകൃത്തായിരുന്ന ഇ. കുമാർ എന്നിവർ പുത്തില്ലത്തിന്റെ പൂമുഖത്തും, ഭാരതപ്പുഴയുടെ തീരത്തും, പിന്നീട്, സ്വാതന്ത്ര്യസേനാനിയായി രക്തസാക്ഷിയായ കൃഷ്ണപ്പണിക്കരുടെ പേരിൽ ഉണ്ടാക്കിയ വായനശാലയിലും മറ്റും കൂടി സാഹിത്യചർച്ചകൾ നടത്തിയിരുന്നു. ഈ ചർച്ചകളാണ് പിന്നീട് പൊന്നാനിക്കളരി എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. അച്ഛൻ അമ്മയെ വിവാഹം ചെയ്തത് 1938ലാണ്. ഞങ്ങൾക്ക് ഓർമ വച്ചു വരുമ്പോഴേക്ക് പൊന്നാനിക്കളരി നേർത്ത് ഇല്ലാതായിരുന്നു. കുട്ടികൃഷ്ണമാരാർക്ക് മാതൃഭൂമിയിൽ ജോലി കിട്ടി പോയി, ഉറൂബ് വയനാട്ടിൽ ജോലി തേടി പോയി. പിന്നീട് കോഴിക്കോട് ആകാശവാണിയിൽ ചേർന്നു. അക്കിത്തത്തിനും ആകാശവാണിയിൽ ജോലി ലഭിച്ചു. കടവനാട് കുട്ടികൃഷ്ണൻ പിയേഴ്‌സ് ലെസ്ലി എന്ന കമ്പനിയിൽ ജോലി കിട്ടി കോഴിക്കോട്ടു പോയി. ഇ. നാരായണനും ഇ. കുമാറും (ഉറൂബിന്റെ ഭാര്യാസഹോദരൻ) മരിച്ചു. വി.ടി. ഭട്ടതിരിപ്പാട് തൃത്താലയിലാണ്. അച്ഛന് വളരെയധികം ഏകാന്തത തോന്നിയിട്ടുണ്ടാകണം. പിന്നീട് ഒരിളം തലമുറ ഉയർന്നുവന്ന് കൃഷ്ണപ്പണിക്കർ വായനശാലയിൽ കൂടിച്ചേരാൻ തുടങ്ങി. അവർ അത്യുത്സാഹത്തോടെ അച്ഛന്റെ നാടകങ്ങൾ അരങ്ങേറ്റിത്തുടങ്ങിയപ്പോഴായിരിക്കണം അദ്ദേഹത്തിന് കുറച്ച് ആശ്വാസമുണ്ടായിട്ടുണ്ടാവുക. പിന്നീട് ഞങ്ങൾ കുട്ടികളായിരിക്കുമ്പോഴും അച്ഛന്റെ പഴയ കൂട്ടുകാർ ഇടക്കിടയ്ക്ക് പുത്തില്ലത്ത് വരാറുണ്ട്. രാത്രി വളരെ നീളുവോളം ചർച്ചകളുണ്ടാവാറുണ്ട്. രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ അവരുടെ സംസാരത്തിന്റെ ഭീകരത കാണാം. നിറയെ ബീഡിക്കുറ്റികൾ, മുറുക്കിയതിന്റെ വെറ്റില ഞെട്ടുകൾ. ഉമ്മറത്ത് ഒന്നോ രണ്ടോ പേർ മുടിപ്പുതച്ച് കിടക്കുന്നുണ്ടാവും. അതിൽ എം.ടി.യോ, വി.ടി. ഭട്ടതിരിപ്പാടോ, ഉറൂബോ ഒക്കെ ഉണ്ടാവും.

ബിന്ദു: നഗരപശ്ചാത്തലത്തിൽ നിരാലംബമായി നിന്നുകൊണ്ട് ഗ്രാമത്തെ ഗൃഹാതുരമായി നോക്കുന്ന കഥാപാത്രം അങ്ങയുടെ കഥാലോകത്തുണ്ട്. പ്രവാസജീവിതമാണോ അവിടെ പ്രതിഫലിക്കുന്നത്?

ഹരികുമാർ: ആയിരിക്കണം. വളരെ ചെറുപ്പത്തിൽ, വീടുമുറ്റത്തെ തോട്ടത്തിൽനിന്ന് പിഴുതെടുത്ത് ദൂരെ കാടും പടലും നിറഞ്ഞ മറ്റൊരു പറമ്പിൽ നടപ്പെട്ട ഇളം ചെടിയായിരുന്നു ഞാൻ. കൽക്കത്തയെപ്പോലുള്ള മഹാനഗരത്തിൽ താമസിക്കുമ്പോഴും ജനിച്ചു വളർന്ന നാട്ടിൻപുറത്തെ ഓർമകൾ ഹൃയത്തിലേറ്റി നടന്നിരുന്ന ഒരു ചെറുപ്പക്കാരൻ. അതായിരിക്കണം നഗരകഥകൾക്കിടയിലും ഗൃഹാതുരതയുടെ തേങ്ങൽ ഇടയ്ക്കിടെ പൊന്തിവരുന്നത്.

ബിന്ദു: മറുനാടൻ ജീവിതം എഴുത്തിനെ സഹായിച്ചിട്ടുണ്ടോ?

ഹരികുമാർ: തീർച്ചയായും. കൽക്കത്താജീവിതമാണ് എന്നെ ഞാനാക്കിയത് എന്നു പറയാം. അടച്ചിട്ട മുറിയിൽനിന്ന് വിശാലമായ ഒരു ലോകത്തേക്കുള്ള ആ പ്രയാണത്തിലാണ് എന്റെ മനസ്സ് വലുതായത്. നാഷനൽ ലൈബ്രറി, അമേരിക്കൻ ലൈബ്രറി, എല്ലാറ്റിനും പുറമെ സംസ്‌കാരമുള്ള ഒരു ജനത. ഒരുപക്ഷെ പൊന്നാനിയിൽത്തന്നെ തുടർന്നിരുന്നുവെങ്കിൽ ഞാനൊരു എഴുത്തുകാരനാകുമായിരുന്നോ എന്നുകൂടി സംശയമുണ്ട്. പൊന്നാനിയിൽത്തന്നെ ജീവിച്ചിരുന്ന അച്ഛൻ ഒരു വലിയ കവിയായില്ലേ എന്ന ചോദ്യം ഉയരാം. പക്ഷെ ആ സിദ്ധി എനിക്കു കിട്ടിയില്ല.

ബിന്ദു: ഗ്രാമത്തിന്റെയും നഗരത്തിന്റെയും പരിസരങ്ങളിൽ മാറി മാറി ആവിഷ്‌കരിക്കപ്പെടുന്ന കഥാനുഭവങ്ങളെ ഓർത്തെടുക്കാമോ?

ഹരികുമാർ: നഗരം സംഭവബഹുലമാണ്. മാറിമാറി വരുന്ന ചിത്രങ്ങളുള്ള ഒരു വലിയ തിരശ്ശീലപോലെയാണത്. ഓരോ നിമിഷത്തിലും പുതുമയുള്ള ചിത്രങ്ങൾ. അവ സന്തോഷത്തിന്റെ ആവണമെന്നില്ല. കാണുമ്പോൾ സന്തോഷത്തിന്റെ ചിത്രങ്ങൾക്കു പിന്നിൽ ദുരിതങ്ങളായിരിക്കാം. നാം കണ്ണു മിഴിച്ചു നടക്കുക. മറ്റുള്ളവരുടെ ജീവിത ചിത്രം നമുക്കായി തുറന്നു കിട്ടും. കൽക്കത്തയിലും പിന്നീട് ദില്ലിയിലും ബോംബെയിലും ഉണ്ടായ നിരവധി അനുഭവങ്ങൾ എന്നെ സ്വാധീനിച്ചിട്ടുണ്ട്. മിക്കവയും കഥകളിൽ പ്രതിഫലിച്ചിട്ടുമുണ്ട്. ഈ കഥകളിലൊക്കെത്തന്നെ ഒരു മിന്നലായി നാട്ടിൻപുറത്തെ അനുഭൂതികൾ ചിതറിക്കിടക്കുന്നതു കാണാം. ഈ അനുഭവങ്ങളെപ്പറ്റി ഞാൻ കുറേയധികം ലേഖനങ്ങളും എഴുതിയിട്ടുണ്ട്. അവയൊന്നും ഇവിടെ ആവർത്തിക്കുന്നില്ല.

ബിന്ദു: മനുഷ്യബന്ധങ്ങളിലെ ഏതാണ്ട് എല്ലാ തലങ്ങളേയും ആവിഷ്‌കരിക്കാൻ സാധിച്ചിട്ടുണ്ടല്ലൊ?

ഹരികുമാർ: അനുഭവങ്ങൾതന്നെ കാരണം. ഒരു സ്‌നേഹിതൻ പറയുകയുണ്ടായി അദ്ദേഹത്തിന്റെ ജീവിതത്തിൽ ഏതു സന്ദർഭം വരുമ്പോഴും എന്റെ കഥകളിലോ നോവലുകളിലോ എവിടെയെങ്കിലും അതിനു സമാനമായ ഒരു സന്ദർഭമുണ്ടാവുമെന്ന്. എൺപതുകളിൽ എനിക്കൊരു കാസറ്റ് കടയുണ്ടായിരുന്നു എറണാകുളത്ത്. അവിടെ ഇടയ്ക്ക് വെറുതെ സംസാരിക്കാനായി മഹാരാജാസ് കോളേജിലെ ചില കുട്ടികൾ വരാറുണ്ട്. പിന്നെ കെൽട്രോണിൽ ജോലിയെടുത്തിരുന്ന രണ്ടു ചെറുപ്പക്കാരികളുമുണ്ടായിരുന്നു ജയശ്രീയും, ജ്യോതിയും (എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനും ആയ നീലകണ്ഠന്റെ സഹോദരി). സംസാരത്തിന്നിടയിൽ അവർ പെട്ടെന്ന് എന്റെ ഏതെങ്കിലും കഥകളിൽനിന്ന് ഭാഗങ്ങൾ ഉദ്ധരിക്കാറുണ്ട്. അതെനിക്ക് അളവറ്റ സന്തോഷം തന്നിരുന്നു. അവർ എന്റെ കഥകൾ മുഴുവൻ വായിച്ചിട്ടുണ്ട് എന്നു മാത്രമല്ല ഓരോ സന്ദർഭത്തിലും അതിൽനിന്ന് വാക്യങ്ങൾ ഉദ്ധരിക്കുന്നുമുണ്ടെന്നത് എനിക്ക് കുറേയധികം ആത്മവിശ്വാസം നൽകി.

ബിന്ദു: കഥകളുടെ പ്രധാന തട്ടകം കുടുംബം ആയതെങ്ങനെ?

ഹരികുമാർ: ഞാനൊരു നല്ല ഗൃഹസ്ഥനാണ്. ഭാര്യയെയും മക്കളേയും അമ്മയേയും അച്ഛനേയും സഹോദരങ്ങളെയും സ്‌നേഹിക്കാത്തവർക്ക് എങ്ങിനെ മറ്റുള്ളവരെ സ്‌നേഹിക്കാൻ പറ്റും. കഥകളിൽ പലപ്പോഴും പ്രത്യക്ഷപ്പെടുന്നത് എന്റെ ജിവിതം തന്നെയാണ്. അപ്പോൾ കഥാപാത്രങ്ങൾക്ക് കുടുംബാംഗങ്ങളുടെ ഛായയുണ്ടാവുന്നതിൽ അത്ഭുതമില്ല. ദിനോസറിന്റെ കുട്ടി, ഒരു വിശ്വാസി, ഒരു കങ്ഫൂ ഫൈറ്റർ, കോമാളി തുടങ്ങി നിരവധി കഥകൾ അങ്ങിനെ എഴുതിയവയാണ്. പിന്നെ പരിചയപ്പെടുന്നവർ, സ്‌നേഹിതർ, ജീവിതത്തിലെ നിരവധി അനുഭവങ്ങൾ, എല്ലാം തന്നെ കഥകൾക്കുള്ള അസംസ്‌കൃതവസ്തുവായിട്ടുണ്ട്. മഹാരാജാസിൽ നിന്നു വന്നിരുന്ന കുട്ടികളെപ്പറ്റി പറഞ്ഞില്ലെ. അവരിൽ രണ്ടു കുട്ടികളുണ്ടായിരുന്നു. ബിന്ദു, സിമി റോസ്‌ബെൽ ജോൺ. ബിന്ദു, വന്നാലുടനെ ലളിതേച്ചിയെ അന്വേഷിച്ച് അടുക്കളവരെ എത്തും. പക്ഷെ സിമി പടിക്കലോ മുറ്റത്തോ മാത്രം നിന്നു. വിട്ടിൽ കയറിയിരിക്കാൻ പറഞ്ഞാൽ വെറുതെ ചിരിച്ചുകൊണ്ട് തലയാട്ടും. അവസാനം ഒരു ദിവസം കുറെ അനുനയത്തിനുശേഷം അവൾ അകത്തു കടന്നു, ഒരു കപ്പ് കാപ്പി കുടിക്കയും ചെയ്തു, പോകാൻ നേരത്ത് അവൾ ചൂണ്ടാണി വിരലുയർത്തി കാണിച്ചു പറഞ്ഞു. ഒരു കടം. എന്താണതിന്റെ അർത്ഥമെന്നു ചോദിച്ചപ്പോൾ സിമി പറഞ്ഞു. കാപ്പി തന്നതിന് ഒരു കടം. ഈ രണ്ടു വാക്കുകൾ എനിക്ക് ഒരു കഥയ്ക്കുള്ള തീം തന്നു. അങ്ങിനെയാണ് ഞാൻ ഒരു കടം കൂടി എന്ന കഥയെഴുതിയത്. ആ കഥ പക്ഷെ കാസറ്റുകടയിൽ വന്നിരുന്ന ഒരു വൃദ്ധനെപ്പറ്റിയായിരുന്നു. അകാലത്തിൽ തനിക്കു പ്രിയപ്പെട്ടതെല്ലാം വിധി തട്ടിയെടുത്ത ഒരു സംഗീതപ്രേമിയുടെ കഥ.

ബിന്ദു: വാർദ്ധക്യത്തിന്റെ സൂക്ഷ്മമായ അവതരണം സാധിച്ചതെങ്ങനെ?

ഹരികുമാർ: നമ്മിലെല്ലാം ഒളിച്ചിരിക്കുന്ന ഒരു കുട്ടിയുണ്ട്, അതുപോലെ ഒരു വൃദ്ധനും. കുട്ടികൾ കഥാപാത്രമായ കഥകളെഴുതുമ്പോൾ ഞാൻ സ്വയം ഒരു കുട്ടിയാവുന്നു. വൃദ്ധരുടെ കഥയെഴുതുമ്പോൾ വൃദ്ധനും. കഥാപാത്രങ്ങളുമായുണ്ടാകുന്ന ഈ രൂപാന്തരമാണ് ആ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ എന്നെ പ്രാപ്തനാക്കുന്നത്.

ബിന്ദു: ‘ബാലമനസ്സുകളുടെ പ്രവാചകൻ’ എന്ന് അങ്ങയെ വിശേഷിപ്പിച്ചിട്ടുണ്ട് ഡോ. മിനി പ്രസാദ്. കുട്ടിയുടെ ലോകം പ്രിയപ്പെട്ട വിഷയമായിത്തീർന്നതെങ്ങനെ?

ഹരികുമാർ: മിനിയുടെ ആ ലേഖനം നന്നായിരുന്നു. മുകളിൽ പറഞ്ഞപോലെ എന്നിൽ ഒരു കുട്ടി ഒളിഞ്ഞിരിക്കുന്നുണ്ട്. സൃഷ്ടിയുടെ ക്രിയാത്മക നിമിഷങ്ങളിൽ ഞാൻ പൂർണമായും ആ കുട്ടിയായി മാറുകയാണ്. ഒരു കുട്ടിയുടെ വേദന എന്നെയും വേദനിപ്പിക്കുന്നു. എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാൾ എന്ന കഥയെഴുതുമ്പോൾ ഞാൻ കരയുകയായിരുന്നു. ഇപ്പോഴും ആ കഥ ഈറൻ കണ്ണോടെയല്ലാതെ വായിക്കാൻ പറ്റാറില്ല. എന്നെ മാത്രമല്ല മറ്റു പലരേയും ഈ കഥ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ടെന്നു മനസ്സിലായി. ലണ്ടനിൽ ഒരു പത്രപ്രവർത്തകയായി ജോലി ചെയ്തിരുന്ന ഒരു ചെറുപ്പക്കാരി (സീമ എന്നാണവരുടെ പേരെന്നാണ് ഓർമ) രണ്ടുവയസ്സു മാത്രം പ്രായമായ മകളെ അച്ഛനമ്മമാരെ ഏല്പിച്ച് ലണ്ടനിലേക്ക് പറന്നതായിരുന്നു. അപ്പോഴാണവർ എന്റെ എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാൾ എന്ന കഥ 2002ലെ മാധ്യമത്തിന്റെ പുതുവർഷപ്പതിപ്പിൽ വായിക്കുന്നത്. അതവരെ വല്ലാതെ വിഷമിപ്പിച്ചു. അടുത്ത ഫ്‌ളൈറ്റിനു തന്നെ നാട്ടിൽ പോയി മോളെ കൂട്ടിക്കൊണ്ടുവന്നു. (ഈ കാര്യം അവർതന്നെ പിന്നീട് അറിയിച്ചതാണ്). ഈ പുസ്തകം പത്താം ക്ലാസ്സിൽ പഠിക്കാനുണ്ടായിരുന്നു. ആ കാലത്ത് മൂന്നു സ്‌കൂളുകളിലെ കുട്ടികൾ എന്നോട് സംസാരിക്കാൻ വന്നിരുന്നു. കഥയെപ്പറ്റി അവരുടെ അഭിപ്രായങ്ങളും എനിക്ക് സന്തോഷമുണ്ടാക്കി.

ബിന്ദു: സ്ത്രീ-പുരുഷബന്ധങ്ങളിലെ വ്യത്യസ്ത തലങ്ങൾ ഇഴപിരിച്ചെടുക്കുന്ന കഥകളുണ്ടല്ലോ. അവയെപ്പറ്റി ഒന്നു പറയാമോ?

ഹരികുമാർ: ഈ വിഷയത്തെപ്പറ്റി ഞാൻ ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്. ‘എന്റെ സ്ത്രീകൾ’. സ്ത്രീയുടെ ലൈംഗികതയാണ് അതിൽ വിഷയം. സ്ത്രീക്ക് ലൈംഗികത പാടില്ലെന്ന ഒരലിഖിത നിയമമുള്ളപോലെയാണ് എഴുത്തുകാർ, പ്രത്യേകിച്ച് പെണ്ണെഴുത്തുകാർ പെരുമാറുന്നത്. പക്ഷെ അവർക്കും ലൈംഗികതയുണ്ട്, വളരെ ശക്തമായ ലൈംഗികാഭിരുചികളുണ്ട് എന്ന് വിളിച്ചു പറയുന്നവയാണ് എന്റെ കഥകൾ. എന്റെ, കറുത്ത തമ്പ്രാട്ടി എന്ന കഥ ഏറെ ചർച്ച ചെയ്യപ്പെട്ട കഥയാണ്. അതിലെ ലക്ഷ്മി പണയം വയ്ക്കപ്പെട്ട സ്ത്രീയാണ്. ഭർത്താവ് താമി രണ്ടായിരം രൂപയ്ക്കു വേണ്ടി അവളെ ഭൂവുടമയ്ക്ക് പണയം കൊടുക്കുകയാണ്. അവളും ഭൂവുടമയുമായുള്ള ബന്ധം വളരെ സങ്കീർണമാണ്. മൂന്നു തലത്തിൽ ഇഴപിരിച്ചെടുക്കാവുന്ന കഥയാണിത്. ഒന്ന് ഒരു കൊച്ചുകുട്ടിയായ സുലുവിന്റെ മനസ്സിലൂടെ പോകുന്ന ചിന്തകൾ. രണ്ടാമത്തേത് പണയം വയ്ക്കപ്പെട്ട സ്ത്രീയുടെ, ലക്ഷ്മിയുടെ ചിന്തകളിലൂടെ. അവളും തമ്പ്രാനും തമ്മിലുള്ള ബന്ധം വളരെ അസാധാരണമാണ്. മൂന്നാമതായി അവളുടെ ഭർത്താവ് താമിയുടെ.

ബിന്ദു: വീട്ടുജോലിക്കാർ, ഫാക്ടറിത്തൊഴിലാളികൾ, ഉദ്യോഗസ്ഥർ എന്നിങ്ങനെ വിഭിന്ന തൊഴിൽമേഖലകളിലെ സ്ത്രീകഥാപാത്രങ്ങളെ എവിടെനിന്നാണ് കണ്ടെടുത്തത്?

ഹരികുമാർ: ബോംബെയിൽ ഒരു എഞ്ചിനീയറിങ് കമ്പനിയിൽ സെയിൽസ് എഞ്ചിനീയറായി ജോലിയെടുത്തിരുന്നപ്പോൾ ഫാക്ടറികളിലേക്ക് ധാരാളം യാത്രകൾ വേണ്ടി വന്നു. ആ കാലത്താണ് ഞാൻ മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് മനസ്സിലാക്കുന്നതും അതിനെപ്പറ്റി ചിന്തിക്കുന്നതും. ബോംബെയെത്തുന്നതിനു മുമ്പ് ഞാൻ ദില്ലിയിലും കൽക്കത്തയിലുമായിരുന്നു. അന്നെല്ലാം ഞാൻ സ്വന്തം ജീവിതത്തെക്കുറിച്ചാണ് എഴുതിയിരുന്നത്. മറിച്ച് വളരെ വിശാലവും അതേപോലെ ദുർഗ്രഹവും സങ്കീർണവുമാണ് മറ്റുള്ളവരുടെ ജീവിതവും എന്ന ബോധമുണ്ടായത് ബോംബെയിൽനിന്നാണ്. ബോംബെ നഗരത്തിലെ ഇരമ്പുന്ന ജീവിതവും അതിന്റെ ആഴവും ചുഴികളും നേരിട്ട് പരിചയപ്പെടേണ്ടി വന്നു. അതിന്റെ ഫലമാണ് ആ കഥകൾ.

ബിന്ദു: സ്ത്രീഗന്ധമുളള ഒരു മുറി, മാങ്ങാറിച്ചെടികൾ തുടങ്ങിയ കഥകളിൽ സ്ത്രീലൈംഗികതയുടെ തുറന്ന ആവിഷ്‌കാരമുണ്ട്. ഇവയോടുളള ആസ്വാദകലോകത്തിന്റെ പ്രതികരണം എന്തായിരുന്നു?

ഹരികുമാർ: ലൈംഗികത നമ്മുടെ ജീവിതത്തിലൊക്കെയുണ്ട്. അതവിടെ ഇല്ല എന്നു നടിക്കുന്നത് ഒരു തരം കാപട്യമല്ലെ. ലൈംഗികതയെ അതിന്റെ യഥാർത്ഥ ഭംഗിയിലും അന്തസ്സിലും അവതരിപ്പിക്കുക മാത്രമേ ഞാൻ ചെയ്തിട്ടുള്ളു. അതൊരു പ്രശ്‌നമാണെന്ന് കരുതുന്നവർ സ്വന്തം മനസ്സിൽ ഒരവലോകനം നടത്തുക. പല സ്ത്രീ വായനക്കാരും ആ കഥകൾ ഇഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പറഞ്ഞത്. ആ കഥകളെപ്പറ്റി അവരുടെതായ അവലോകനം നടത്തുമ്പോഴും അവർ ആ കഥകളെ തിരസ്‌കരിക്കുന്നില്ല. ഒരു സ്ത്രീയുടെ മനസ്സിൽ എങ്ങിനെ കയറാൻ പറ്റുന്നുവെന്നാണവർ ചോദിക്കുന്നത്. എന്റെ സ്ത്രീകൾ എന്ന പുസ്തകത്തിന് ഡോ.സി.ആർ. സുശീലാദേവി സമകാലിക മലയാളം വാരികയുടെ രണ്ടു ലക്കങ്ങളിലായി ഒരു നീണ്ട പഠനം തയ്യാറാക്കിയിരുന്നു, (സ്ത്രീലോകം പ്രതിഫലിപ്പിക്കുന്ന പുരുഷദർപ്പണം). ഈ ലേഖനം എന്റെ വെബ്‌സൈറ്റിൽ യൂനിക്കോഡ് സെക്ഷനിലും പി.ഡി.എഫ് സെക്ഷനിലും ചേർത്തിട്ടുണ്ട്. പറ്റുമെങ്കിൽ വായിക്കു.

ബിന്ദു: പുരുഷകഥാപാത്രങ്ങളുടെ ലൈംഗികതാസങ്കല്പങ്ങൾ ആണോ ഇത്തരം കഥാപാത്രങ്ങളിലൂടെ വെളിപ്പെടുന്നത്?

ഹരികുമാർ: ആവണമെന്നില്ല. ഒരു സ്ത്രീക്ക് ലൈംഗികതയുണ്ട് എന്നംഗീകരിക്കുന്ന എത്ര പുരുഷന്മാരുണ്ട്. ഈ കഥകളിലുള്ളതെല്ലാം സ്ത്രീയുടെ ലൈംഗിക സങ്കല്പങ്ങളോ അവരുടെ ജീവിതം തന്നെയോ ആണ്. അതെങ്ങിനെ ഒരു പുരുഷനു മനസ്സിലാവുന്നു എന്നാണെങ്കിൽ പറയാം, എന്റെ ഉള്ളിൽ ഒരു അർദ്ധനാരീശ്വരനുണ്ടാവാം.

ബിന്ദു: കഥാവിഷയങ്ങളേക്കാൾ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകുന്നുണ്ടോ?

ഹരികുമാർ: ഇല്ല, അങ്ങിനെ തോന്നിയിട്ടില്ല. കഥയുടെ വിഷയവും കഥാപാത്രങ്ങളും വെവ്വേറെയായി കാണാൻ പറ്റില്ല. ഒരു കഥയെഴുതുമ്പോൾ കഥയുടെ ഗതിയിലും കഥാപാത്രങ്ങളുടെ വളർച്ചയിലും ഇടപെടാറില്ല. ഇതൊരത്ഭുതമായി തോന്നാം. എനിക്കറിയാവുന്ന പല എഴുത്തുകാരും അങ്ങിനെയല്ല ചെയ്യുന്നത്. അവർ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയും അവരുടെ വളർച്ചയും ഗതിയും എങ്ങിനെ വേണമെന്ന് ആദ്യം തീർച്ചയാക്കുകയും അതുപോലെ എഴുതുകയുകയുമാണ്. ഞാനാകട്ടെ എന്റെ മനസ്സിൽ കയറിവന്ന കഥാപാത്രങ്ങളെ അവരുടെ വഴിക്ക് ജീവിക്കാനനുവദിച്ച് ആ ജീവിതം പകർത്തുക മാത്രമാണ് ചെയ്യുന്നത്. ഏതാണ് നല്ലതെന്ന് എനിക്കറിയില്ല. വായനക്കാർ തീരുമാനിക്കട്ടെ.

ബിന്ദു: രാഷ്ട്രീയവിഷയങ്ങൾ താത്പര്യമുളളതായി തോന്നുന്നില്ല?

ഹരികുമാർ: രാഷ്ട്രീയത്തിൽ അതീവ താത്പര്യമുള്ള ഒരാളാണ് ഞാൻ. ലോക ചരിത്രവും അതിന്റെ പശ്ചാത്തലത്തിലുള്ള രാഷ്ട്രീയവുമായിരുന്നു ചെറുപ്പത്തിലേ എനിക്കിഷ്ടപ്പെട്ട വിഷയം. അതിനെപ്പറ്റി ധാരാളം വായിച്ചിട്ടുണ്ടെന്നു മാത്രമല്ല ആ കാലത്ത് ലോക രാഷ്ട്രീയത്തിൽ സംഭവിച്ചിരുന്ന വലിയ ഏറ്റക്കുറച്ചിലുകൾക്ക് സാക്ഷിയാവുക കൂടി ചെയ്തിട്ടുണ്ട്. നേരിട്ടു കണ്ടു എന്നല്ല. അന്നത്തെ ലോകത്തിലെ ഏത് കയറ്റങ്ങളുടെയും വീഴ്ചകളുടെയും പ്രതിഫലനമായിരുന്ന പത്രങ്ങൾ ആർത്തിയോടെ വായിക്കാറുണ്ട് ഞാൻ. എന്റെ ഇന്നത്തെ രാഷ്ട്രീയ താത്പര്യങ്ങൾ അതിന്റെയെല്ലാം തുടർച്ചയാണ്. പക്ഷെ കഥകളിൽ ഞാൻ രാഷ്ട്രീയം കൊണ്ടുവരാറില്ല. അതിൻറെ ആവശ്യമുണ്ടെന്ന് തോന്നിയില്ല.

ബിന്ദു:സമൂഹം, അവിഹിതമെന്നു വിളിക്കുന്ന ബന്ധങ്ങളിൽ ആശ്രയം തേടുന്ന നിരവധി സ്ത്രീകഥാപാത്രങ്ങളെ അങ്ങ് സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരം കഥാപാത്രങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

ഹരികുമാർ: എന്താണ് അവിഹിതം. എൻറെ കഥകളിലുടനീളം ഈ ചോദ്യമുയരുന്നുണ്ട്. ഏതു സ്ത്രീ-പുരുഷബന്ധത്തിലും വേണ്ട അവശ്യഘടകം സ്‌നേഹമാണ്. സ്‌നേഹമില്ലെങ്കിൽ ഭാര്യാ-ഭർതൃ ബന്ധംപോലും അവിഹിതമാണ്. നിർത്തേണ്ടതാണ്. മറിച്ച് വിവാഹം ഒരു സ്ത്രീയുടെ സ്വാതന്ത്ര്യത്തിനു മേൽ ഇടുന്ന കൂച്ചുവിലങ്ങാവരുത്. ഭാര്യയ്ക്കും ഭർത്താവിനും വ്യക്തിസ്വാതന്ത്ര്യം നിലനിർത്തിക്കൊണ്ടുള്ള ദാമ്പത്യജീവിതമേ എന്നെ സംബന്ധിച്ചിടത്തോളം മാതൃകാപരമാകു. ഏതാനും മാസങ്ങൾക്കു മുമ്പു വന്ന സുപ്രീം കോടതി വിധിയും ഈ അഭിപ്രായമാണ് പ്രകടിപ്പിച്ചതെന്നത് എന്നെ അത്ഭുതപ്പെടുത്തി, വല്ലാതെ സന്തോഷിപ്പിക്കുകയും ചെയ്തു. തൊള്ളായിരത്തി എഴുപതുകൾ തൊട്ട് കഥകളിലൂടെയും ലേഖനങ്ങളിലൂടെയും വിശദീകരിച്ച ഒരു വിഷയത്തിൽ എന്റെ അഭിപ്രായം നാല്പതു വർഷത്തിനുശേഷം രാജ്യത്തെ പരമോന്നത നീതിപീഠം ശരിവച്ചപോലെ തോന്നി എനിക്ക്. വിവാഹശേഷവും ഒരു സ്ത്രീക്ക് സ്വന്തമായൊരു ലോകമുണ്ടെന്നും, മറ്റുള്ളവരെ സ്‌നേഹിക്കാനുള്ള സ്വാതന്ത്ര്യം പണയം വച്ചിട്ടില്ലെന്നുമാണ് കോടതി പറഞ്ഞത്. ഭർത്താവിന്റെ സ്‌നേഹരാഹിത്യം കാരണം പരപുരുഷനെ സ്‌നേഹിക്കുന്ന ധാരാളം സ്ത്രീകഥാപാത്രങ്ങളുണ്ട് എന്റെ കഥകളിലും നോവലുകളിലും. അതാണ് ശരി ക്കുള്ള ജീവിതമെന്ന അഭിപ്രായക്കാരനുമാണ് ഞാൻ.

ബിന്ദു: സ്ത്രീയുടെ സ്വത്വം വെളിപ്പെടേണ്ടതും സ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെടേണ്ടതും ഏതു വിധത്തിൽ ആണെന്നാണ് അഭിപ്രായം?

ഹരികുമാർ: ഇപ്പോൾ കാണാറുള്ളപോലെ ചൂലുയർത്തി പ്രകടനം നടത്തുകയും പുരുഷവിദ്വേഷം വളർത്തും വിധം സാഹിത്യരചന നടത്തുകയും ചെയ്യുന്നതല്ല സ്ത്രീസ്വാതന്ത്യം. ചൂലുയർത്തി പ്രകടനത്തിനർത്ഥം സ്ത്രീയുടെ സ്ഥാനം ചൂലിന്റെ കടയ്ക്കലാണെന്നു സമ്മതിക്കുന്നതാണ്. അതൊരുതരം കീഴ്‌പെടലല്ലെ. സ്ത്രീ, സ്വന്തമായി ഒരു സ്ഥാനമുറപ്പിക്കുകയാണ് വേണ്ടത്. അതെങ്ങിനെയാണെന്ന് പറയാൻ വിഷമമാണ്. സ്വയം ഒരു സ്ഥാനം കണ്ടെത്തുകയും ശക്തമായി അതിൽ നിലകൊള്ളുകയുമാണ് വേണ്ടത്.

ബിന്ദു: കുടുംബഘടനയുടെ ചട്ടക്കൂടിനെ നിഗൂഢമായി തകർത്തുകൊണ്ട് മുന്നോട്ടുപോകുന്ന സ്ത്രീകഥാപാത്രങ്ങളെ ശക്തമായ കുടുംബപശ്ചാത്തലത്തിൽ ആവിഷ്‌കരിച്ചതെങ്ങനെ?

ഹരികുമാർ: ഈ ചോദ്യങ്ങളെല്ലാം അന്യോന്യം ബന്ധപ്പെട്ടവയാണ്. ഒരു സ്ത്രീ ഭർത്താവിനെ സ്‌നേഹിച്ചുകൊണ്ടുതന്നെ, സ്വന്തം ഇഷ്ടപ്രകാരം മറ്റൊരാളെയും സ്‌നേഹിക്കുന്നുവെന്നതുകൊണ്ട് കുടുംബഘടനയുടെ ചട്ടക്കൂട് തകരുമെന്നതിനർത്ഥം ആ കുടുംബബന്ധം അത്രയ്ക്കും ദുർബലമെന്നല്ലെ. പുരുഷന് ഏതു തരത്തിലുള്ള ബന്ധവുമാകാം, പക്ഷെ ഭാര്യ പരിശുദ്ധയായി വീട്ടിലൊതുങ്ങിക്കഴിയണം എന്നു പറയുന്നതിന് എന്തർത്ഥം. എന്റെ പല കഥകളിലും ഈ വിഷയം വളരെ സജീവമായി നിലകൊള്ളുന്നു, പ്രത്യേകിച്ച് അനിതയുടെ വീട് എന്ന കഥയിൽ. അനിതയെ കാണാൻ ഒരു ചെറുപ്പക്കാരൻ വിവാഹാലോചനയുമായി വരികയാണ്. അയാൾക്ക് ഒരു കാര്യത്തിൽ നിർബന്ധമുണ്ട്. വധു കന്യകയായിരിക്കണം. അനിത ചോദിക്കുന്നു, നിങ്ങൾക്ക് അങ്ങിനെ അനുഭവമൊന്നുമുണ്ടായിട്ടില്ലേ. ഉണ്ടെന്നയാൾ സമ്മതിക്കുന്നു. അയാൾക്ക് മാസങ്ങളായി ഒരു സ്ത്രീയുമായി ലൈംഗികബന്ധമുണ്ട്. അനിത ചോദിക്കുന്നു. നിങ്ങൾക്ക് അങ്ങിനെയുള്ള അനുഭവങ്ങളുള്ളപ്പോൾ ഭാര്യ കന്യകയാവണമെന്നു ശഠിക്കുന്നതെന്തിനാണ്. രണ്ടും രണ്ടല്ലെ, എന്നാണയാളുടെ മറുപടി. അതാണ് കാതലായ പ്രശ്‌നം. പുരുഷന്റെ ഈ ചിന്താഗതി മാറിയാലേ സ്ത്രീപുരുഷസമത്വം ഉടലെടുക്കു.

ബിന്ദു: തീരെ പ്രതീക്ഷിക്കാത്ത ഒരു ദിവസം, തിമാർപൂർ എന്നീ കഥകളിൽ സ്ത്രീയോട് നീതി ചെയ്യാനാഗ്രഹിക്കുമ്പോഴും വിരുദ്ധമായി പ്രവർത്തിക്കുന്ന ആൺകഥാപാത്രങ്ങളെ കാണാം.ആൺകോയ്മയുടെ പൊളിച്ചെഴുത്താണോ അതോ അതിനെ ന്യായീകരിക്കയാണോ ഇത്തരം കഥകളിലൂടെ?

ഹരികുമാർ: തീരെ പ്രതീക്ഷിക്കാത്ത ഒരു ദിവസം എന്ന കഥ ആൺകോയ്മ എന്ന വിഭാഗത്തിൽ പെടില്ല. ഒരു നല്ല മനുഷ്യൻ, നാട്ടിൻപുറത്തുനിന്നു വന്ന ഒരു സ്ത്രീയെ മറ്റു പുരുഷന്മാരിൽനിന്ന് രക്ഷിക്കാൻ ശ്രമിക്കയാണ്. ഒരു നഗരം, പരിചയമില്ലാത്ത നാടൻ ചെറുപ്പക്കാരിക്ക് അപകടമേഖല തന്നെയാണ്. അയാൾ അവളെ ഒരു ചെന്നായിൽനിന്ന് രക്ഷിക്കുന്നു. അപ്പോഴാണ് അയാൾ കാര്യങ്ങളുടെ കിടപ്പ് ശരിക്കും മനസ്സിലാക്കുന്നത്. അവൾ വന്നത് അസുഖമായി കിടക്കുന്ന ഭർത്താവിന്റെ ചികിത്സയ്ക്ക് കുറച്ചു പണമുണ്ടാക്കാനാണ്. അതിനിടയ്ക്ക് അയാൾ സ്വന്തം ജീവിതത്തിന്റെ പരിതാപകരമായ കിടപ്പിലേയ്ക്ക് തിരിഞ്ഞു നോക്കുകയാണ്. ഭാര്യ ട്രാൻസ്ഫറായി പോയതുകൊണ്ട് ഏകാന്തവാസം വരിക്കേണ്ടി വന്ന ഒരാൾ. ആദ്യം, തന്റെയൊപ്പം വീട്ടിലെത്തിയ സ്ത്രീയെ നിരുത്സാഹപ്പെടുത്തുന്നുണ്ടെങ്കിലും പിന്നീട്, തന്റെ ജീവിതം ഒരു സ്വയം പീഡനമാണ് എന്ന ബോധം ശക്തമാകുമ്പോൾ, അവളുമായി ബന്ധപ്പെടുകയാണ്. ഈ മനുഷ്യൻ ചീത്തയല്ല. മറിച്ചാണ് തിമാർപൂർ എന്ന കഥയിലെ പുരുഷൻ. അയാളെ സംബന്ധിച്ചേടത്തോളം അയാൾ കൂട്ടിക്കൊണ്ടുവന്ന സ്ത്രീ തത്കാലാവശ്യത്തിനുള്ള ഒരു വസ്തു മാത്രമാണ്.

ബിന്ദു: പച്ചപ്പയ്യിനെ പിടിക്കാൻ പോലുളള കഥകളിലെ പെൺകുഞ്ഞിനെ മാറിനിന്നു വീക്ഷിക്കുന്ന അച്ഛൻമനസ്സ് വിശദമാക്കാമോ?

ഹരികുമാർ: ഒരു ദൃശ്യം നമ്മുടെ മനസ്സിൽ തങ്ങിനിൽക്കുന്നു, പോകാൻ താത്പര്യമില്ലാതെ. മാത്രമല്ല അതു നമ്മെ നിരന്തരം അലട്ടിക്കൊണ്ടിരിക്കയും ചെയ്യുന്നു. ഒരു പാവപ്പെട്ടവരുടെ വീട്ടിൽ കല്യാണത്തിന് പോയപ്പോൾ അങ്ങിനെയൊരനുഭവമുണ്ടായി. രണ്ടുമുന്നു പെൺകുട്ടികൾ പറമ്പിൽ എന്തോ തിരഞ്ഞു നടക്കുകയായിരുന്നു. ഈ ദൃശ്യവും എന്റെ ഭാവനയും കൂടിയപ്പോൾ ഒരു കഥയായി. കുട്ടികളോടുള്ള വാത്സല്യം എനിക്കു ജന്മനാലുള്ളതാണ്. അതിനെ അച്ഛൻമനസ്സ് എന്നു വേണമെങ്കിൽ വിളിക്കാം.

ബിന്ദു: നിരാലംബമോ അസ്വതന്ത്രമോ ആയ ലോകത്ത് സ്വതന്ത്രമായൊരു സമാന്തരലോകം നിർമിച്ചെടുക്കാൻ അങ്ങയുടെ കഥാപാത്രങ്ങൾക്ക് സാധിക്കുന്നതെങ്ങനെ?

ഹരികുമാർ: സ്വതന്ത്രമായ ഒരു സമാന്തര ലോകം പലപ്പോഴും അവരുടെ മനസ്സിൽ മാത്രമായിരിക്കും. പലപ്പോഴും യഥാർത്ഥജീവിതത്തിൽ അവൾ പുരുഷനടിമപ്പെട്ട്, സ്വന്തം സ്വപ്‌നങ്ങളെ ഒളിപ്പിച്ചുവച്ചായിരിക്കും ജീവിക്കുക. ഒരു നഷ്ടക്കാരി എന്ന കഥ ഉദാഹരണം. അവൾ സമാന്തരമായൊരു ലോകം സ്വപ്നം കാണുന്നുണ്ട്, പക്ഷെ ശരിക്കുള്ള ജീവിതത്തിൽനിന്ന് രക്ഷപ്പെടാൻ പറ്റുന്നില്ല. മറിച്ച് തീപ്പെട്ടിക്കൊള്ളിത്തുമ്പിലെ ജീവിതത്തിൽ അയൽക്കാരിയുടെ സഹായത്തോടെ അവൾ ഒരു മാറ്റമുണ്ടാക്കാൻ ശ്രമിക്കുന്നു. അതിലവൾ വിജയിക്കാതിരിക്കില്ല.

ബിന്ദു: കുട്ടികളുടെ മനസ്സിന്റെ രഹസ്യാത്മക വഴികളെ അടയാളപ്പെടുത്തുന്ന രൂപം നഷ്ടപ്പെട്ട മൃഗങ്ങൾ എന്ന കഥ sibling rivalry കൈകാര്യം ചെയ്യുന്ന കഥയായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ രചനാസാഹചര്യം എന്താണ്?

ഹരികുമാർ: തേവാൻ ഉപയോഗിക്കുന്ന പാത്തി മഴക്കാലത്തോടുകൂടി കേടുവരാത്ത വിധം സൂക്ഷിച്ചുവയ്ക്കാറുണ്ട്. ഞങ്ങൾ, മുതിർന്നവരുടെ കണ്ണുവെട്ടിച്ച് അതു നിറകുളത്തിൽ ഇട്ട് തോണി കളിക്കാറുണ്ട്. കഥാപാത്രങ്ങൾ ഞങ്ങളുടെ കുട്ടിക്കാലംതന്നെയാണ്. പക്ഷെ അങ്ങിനെയൊരു അപകടം ഉണ്ടായിട്ടില്ല. അതു ഭാവനയാണ്.

ബിന്ദു: മറ്റൊരു ലോകത്തിൽ മറ്റൊരു കാലത്തിൽ എന്ന കഥയെ ഈ കഥയുടെ (രൂപം നഷ്ടപ്പെട്ട മൃഗങ്ങൾ) തുടർച്ചയായി കാണാമോ?

ഹരികുമാർ: മറ്റൊരു ലോകത്തിൽ മറ്റൊരു കാലത്തിൽ എന്ന കഥയിലെ കഥാപാത്രങ്ങൾ രൂപം നഷ്ടപ്പെട്ട മൃഗങ്ങൾ എന്ന കഥയിലേതുതന്നെയാണ്. അങ്ങിനെ ഉദ്ദേശിച്ച് എഴുതിയതല്ല. പക്ഷെ ആ കാലഘട്ടത്തിലെ ഒരു കഥ എഴുതാനിരുന്നപ്പോൾ അങ്ങിനെ സംഭവിച്ചതാണ്. രൂപം നഷ്ടപ്പെട്ട മൃഗങ്ങളിൽ വാസു മരണത്തിൽനിന്ന് രക്ഷപ്പെടുകയാണ്. പക്ഷെ മറ്റൊരു ലോകത്തിൽ അവൻ ദുരൂഹമായ സാഹചര്യത്തിൽ മരണപ്പെടുകയാണ്. കുളത്തിൽ കളിക്കാനിറങ്ങിയപ്പോൾ സംഭവിക്കേണ്ട മരണം പിന്നീട് ഒരു സാഹചര്യത്തിൽ ഉണ്ടാവുകയാണ്. എന്തോ, വാസുവിന്റെ വിധിയിൽ അകാലമരണം എഴുതിവച്ചപോലെ. ഇങ്ങിനെയൊന്ന് ഞങ്ങളുടെ ജീവിതത്തിലുണ്ടായിട്ടില്ല കേട്ടോ. കഥ ദുരൂഹത നിറഞ്ഞതാണ്. എങ്ങിനെയാണ് വാസു മരിച്ചതെന്ന് എനിക്കും അറിയില്ല.

ബിന്ദു: ഋജുവായി പറഞ്ഞുപോകുന്നു എന്നു തോന്നിപ്പിക്കുന്ന കഥകൾ, കാവ്യാത്മകമായ അതിമനോഹരമായ ശീർഷകങ്ങൾ – ഇതിനു പിറകിലുളള പരിശ്രമത്തെപ്പറ്റി പറയാമോ?

ഹരികുമാർ: സംഗീതത്തിനും ചിത്രകലയ്ക്കും സാഹിത്യരചനയ്ക്കും തമ്മിലുള്ള വ്യത്യാസം ഒരു കാര്യത്തിലാണ്. സംഗീതം നാം കേൾക്കുന്ന മാത്രയിൽ ആസ്വാദനതലത്തിലെത്തി നമ്മെ ആഹ്ലാദിപ്പിക്കുന്നു. നമ്മുടെയായി ഒരു പരിശ്രമവും ആവശ്യമില്ല. കണ്ണടച്ചു കിടന്നുകൊണ്ടത് ആസ്വദിക്കാം. ചിത്രകലയുമതെ. ഒറ്റനോട്ടത്തിൽ നമ്മോട് സംവദിക്കുന്നു. വിശദമായ ആസ്വാദനത്തിനും നോക്കിനിൽക്കുക മാത്രമേ ആവശ്യമുള്ളു. മറിച്ചാണ് കഥകളുടെ സ്ഥിതി. ഒരു കഥ ആസ്വദിക്കപ്പെടണമെങ്കിൽ അത് ആദ്യം മുതൽ അവസാനം വരെ വായിക്കുകതന്നെ വേണം. ഇവിടെയാണ് പ്രശ്‌നം വരുന്നത്. ഒരു വായനക്കാരനെ പിടിച്ചിരുത്തി നമ്മുടെ കഥ വായിപ്പിക്കണമെങ്കിൽ അതിലെ ഭാഷ, ഋജുവും മനോഹരവുമാകണം. എന്റെ കഥകൾ വായിക്കപ്പെടണമെന്ന ആഗ്രഹം ഉള്ളതുകൊണ്ട് ഭാഷയുടെ കാര്യത്തിൽ ഞാൻ ശ്രദ്ധിക്കാറുണ്ട്. ഒരു മലയാളം അദ്ധ്യാപകന് തിരുത്താൻ കോപ്പുണ്ടായിരിക്കാം എന്റെ ഭാഷയിൽ, പക്ഷെ അതെന്റെ ഭാഷയാണ്, അനുകരണമല്ല. ഞാനുദ്ദേശിച്ച കാര്യങ്ങൾതന്നെ കഥകളിൽക്കൂടി വായനക്കാരിലെത്തിക്കാനുള്ള മാധ്യമമാണത്. ശീർഷകങ്ങളുടെ കാര്യം. മിക്കവാറും എഴുതിക്കഴിയുമ്പോഴാണ് ശീർഷകം കിട്ടുന്നത്. വളരെ ചുരുക്കം സന്ദർഭങ്ങളിൽ ആലോചിച്ചുണ്ടാക്കേണ്ടിവരാറുണ്ട്.

ബിന്ദു: കുടുംബം?

ഹരികുമാർ: ഭാര്യ ലളിത, മകൻ അജയ്, ഭാര്യ ശുഭ. സന്തുഷ്ടകുടുംബം.വിവാഹശേഷം ലളിത എന്റെ സാഹിത്യപരിശ്രമങ്ങളിൽ ഒരു വലിയ സഹായമായിരുന്നു. ആദ്യ വായനക്കാരി മാത്രമായിരുന്നില്ല അവർ, ആദ്യ നിരൂപക കൂടിയായിരുന്നു. അതെന്നെ വളരെ സഹായിച്ചിട്ടുണ്ട്.

ബിന്ദു: പുതിയ കാലത്തിന്റെ കഥാലോകത്തെ നിരീക്ഷിക്കാറുണ്ടോ? എങ്ങനെ വിലയിരുത്തുന്നു?

ഹരികുമാർ: കുറച്ചുകാലമായി വായന കുറവാണ്. എന്നിലെ വായനക്കാരൻ മരിച്ചുപോയിരിക്കുന്നു. അപൂർവം പുതിയ കഥകൾ വായിക്കുമ്പോഴിഷ്ടമാകാറുണ്ട്. കഥാസാഹിത്യം വളരെ സജീവമായ ഒരു കാലഘട്ടമാണിത്. സാമൂഹ്യമാധ്യമങ്ങൾ വഴി ധാരാളം കഥകൾ നമ്മുടെ ഇടയിലേക്ക് കടന്നുവരുന്നു. എന്നെ വായിക്കൂ എന്നു പറഞ്ഞുകൊണ്ട്. എല്ലാ കഥകളോടും നീതി പുലർത്താനാവുന്നില്ല.

മുംബൈ കാക്ക 2008