ശാപശില


ഇ ഹരികുമാര്‍

മുകളിൽ പടർന്നു പിടിച്ച വേപ്പുമരങ്ങളുടെയും വാകമരങ്ങളുടെയും മേലാപ്പ്. ചുവട്ടിൽ നിൽക്കുമ്പോൾ ഒരു വലിയ തുരങ്കത്തിനുള്ളിൽ നിൽക്കുന്ന മാതിരി തോന്നും. ഒരറ്റത്ത് വെളിച്ചം സ്ഫുരിച്ചുനിന്ന വെളിം പ്രദേശത്തിനു മുകളിൽ പാറകളുള്ള ഒരു ഉയർന്ന മല, ഒരു കുട്ടി, ചായപെൻസിൽ കൊണ്ടു വരച്ചചിത്രം പോലെ തോന്നി. ദൃശ്യം വളരെ നിശ്ചലമായിരുന്നു. അതിനും മുകളിൽ മേഘങ്ങളില്ലാത്ത നീലാകാശത്തിന്റെ ഒരു ചെറിയ കഷ്ണം.

അവർ നിൽക്കുന്നിടത്തെ ഇരുട്ട് രോമാഞ്ചമുണ്ടാക്കുന്നതാണ്. രാജശേഖരൻ അതൊന്നും ആസ്വദിക്കുന്നില്ലെന്ന് അദ്ഭുതത്തോടെ അസിത മനസ്സിലാക്കി. അയാൾ കട്ടിയുള്ള കണ്ണടയിലൂടെ ചുറ്റും നോക്കുകയായിരുന്നു. അവർ പാർക്ക് ചെയ്ത മോട്ടോർ ബൈക്ക് ഒരിക്കൽകൂടി ആട്ടി നോക്കി വീഴില്ലെന്ന് ഉറപ്പുവരുത്തി അയാൾ നടന്നു. കുറച്ചകലെ പണിക്കാർ കുഴിക്കുന്നതിനടുത്ത് ജീപ്പിന്റെ മുമ്പിൽ ചാരി നിൽക്കുന്ന ചെറുപ്പക്കാരൻ ആ പരിസരത്തിൽ വളരെ അസാധാരണമായി തോന്നി.

എന്തൊരു അരസികനാണ് തന്റെ ഭർത്താവ്? അസിത ആലോചിച്ചു. പ്രകൃതി ഇത്രയും മനോഹരമായ ഒരു ദൃശ്യം കാഴ്ചവെക്കുന്നു, ഒരു മിനിറ്റ് അത് ആസ്വദിക്കുകയെങ്കിലും ചെയ്യാതെ ജോലി ചെയ്യാൻ പോകുകയാണ് രാജു.

അവർ ജീപ്പിന്റെ മേൽ ചാരി നിൽക്കുന്ന ചെറുപ്പക്കാരന്റെ നേരെ നടന്നു. അയാളാകട്ടെ അവരെ ശ്രദ്ധിച്ചുകൊണ്ട് നിർവ്വികാരനായി നിൽക്കുകയായിരുന്നു. രണ്ടു ടൂറിസ്റ്റുകൾ, അല്ലെങ്കിൽ നഗരത്തിലേക്കുള്ള വഴിയന്വേഷിച്ചു വന്ന രണ്ടു പഥികർ. അവർ അടുത്തെത്തിയപ്പോൾ അയാൾ നിവർന്നു നിന്നു.

എന്റെ പേർ രാജശേഖരൻ. അയാൾ കൈ നീട്ടി. ആർക്കിയോളജിസ്റ്റാണ്. നഗരത്തിൽ ആർക്കിയോളജിക്കൽ ഡിപ്പാർട്ടുമെന്റിൽ നിന്നാണ് വരുന്നത്.

ഓ, ശരി ഒരു സ്ത്രീയെ ഒപ്പം കണ്ടപ്പോൾ ഞാൻ വിചാരിച്ചു.....

രാജശേഖരൻ ചിരിച്ചു. ഞാൻ ഒരു അണക്കെട്ടും മറ്റുമുള്ള കാട്ടുപ്രദേശത്തേയ്ക്കാണ് പോണതെന്നു പറഞ്ഞപ്പോൾ അവൾ കൂടെ പോന്നതാണ്. ഇത് എന്റെ മിസിസാണ്. അസിത.

അസിത അയാളുടെ നേരെ നോക്കി കൈകൂപ്പി.

എന്റെ പേർ പ്രസൂൻ ചക്രവർത്തി. അയാൾ പറഞ്ഞു. ഞാൻ ഈ പ്രൊജക്ടിലെ ജൂനിയർ എഞ്ചിനീയറാണ്. ഞാൻ തന്നെയാണ് നിങ്ങൾക്ക് ആളയച്ചത്.

എവിടെയാണ് നിങ്ങൾ പ്രതിമ കണ്ടെത്തിയത്?

ചക്രവർത്തി പണിക്കാർ കുഴിക്കുന്നിടത്തേക്കു ചൂണ്ടിക്കാട്ടി. അതാ അതിനും കുറച്ചപ്പുറത്ത്. ഞാൻ സൂപ്പർവൈസറെ ഒപ്പം പറഞ്ഞയക്കാം.

പണിക്കാർക്കും അപ്പുറത്ത് ഗംബൂട്ടും കാക്കിട്രൗസറും വെള്ള ഷർട്ടും ധരിച്ച കഷണ്ടിക്കാരനെ അയാൾ വിളിക്കാൻ ശ്രമിച്ചു. പിന്നെ ആ ശ്രമം വേണ്ടെന്നു വെച്ചുപറഞ്ഞു.

അല്ലെങ്കിൽ ഞാൻ തന്നെ കാണിച്ചു തരാം. വരു.

വീതിയിൽ കുഴിച്ച തോടിന്റെ കരയിലൂടെ അവർ നടന്നു. പുതുമണ്ണിന്റെ വാസന ചീഞ്ഞ ഇലകളുടെ കുത്തുന്ന മണത്തോടു ചേർന്ന് ലഹരി പിടിപ്പിയ്ക്കുന്ന ഒരു മണം ഉണ്ടാക്കി. ആ പരിസരം തന്നെ ആഹ്ലാദവതിയാക്കാനുള്ള കാരണം പെട്ടെന്നവൾ കണ്ടു പിടിച്ചു. പക്ഷികളുടെ ശബ്ദം. പലതരം പക്ഷികളുടെ ശബ്ദം. അവ ഓരോ മരത്തിൽ നിന്നും കൂട്ടമായി ഒരു ഓർക്കെസ്ട്ര പോലെ ശബ്ദമുണ്ടാക്കി. അവർ അവിടെയെത്തി മോട്ടോർ സൈക്കിളിന്റെ ശബ്ദം നിന്ന സമയം തൊട്ട് ഈ സംഗീതം കേൾക്കാൻ തുടങ്ങിയിരുന്നു. അവൾ ശ്രദ്ധിക്കാതെ തന്നെ ആ സംഗീതം അവളിൽ അലകളുണ്ടാക്കിയിരുന്നു.

എഞ്ചിനീയർ സംസാരിക്കുകയാണ്.

ഈ തോട് ഡാമിൽനിന്നു വരുന്ന പ്രധാനപ്പെട്ട തോടാണ്. ഇരുപതടി വീതിയുള്ള ഈ തോട് കുഴിച്ചു കഴിയുമ്പോൾ മുന്നൂറ്റിയമ്പത് കിലോ മീറ്റർ ദൂരമുണ്ടാവും. ഈ ദൂരത്തിനിടയിൽ രണ്ടു തുരങ്കത്തിൽക്കൂടിയാണ് തോടിന്റെ യാത്ര. ഒരു തുരങ്കം കഴിഞ്ഞാൽ പിന്നെ ഏകദേശം നൂറു മീറ്റർ താഴെയാണ് സമതലം. ആ വെള്ളച്ചാട്ടത്തിൽ ഒരു ടർബൈൻ പ്രവർത്തിപ്പിച്ച് പവ്വർഹൗസുണ്ടാക്കാനാണ് പരിപാടി.

ഇതെല്ലാം വളരെ ത്രില്ലിംഗ് ആയിരിയ്ക്കുമെന്ന് അസിത ഓർത്തു. അവൾ ആരാധനാഭാവത്തോടെ എഞ്ചിനീയറെ നോക്കി. അയാൾ സുമുഖനായിരുന്നു. നല്ല ഉയരം. അതിനൊത്ത തടി. അയാൾ ഇംഗ്ലീഷിലാണ് സംസാരിച്ചിരുന്നത്. അയാളുടെ സംസാരത്തിൽ എന്തോ പ്രത്യേകതയുണ്ടായിരുന്നു. വളരെ സംഗീതാത്മകമാണത്.

രാജശേഖരൻ മൂളുന്നുണ്ടായിരുന്നു. പ്രസൂൻ ചക്രവർത്തിയുടെ സംസാരം അയാളിൽ, വലിയ പ്രതികരണമൊന്നും ഉണ്ടാക്കിയില്ല. ഒരു കാര്യത്തിനിറങ്ങി പുറപ്പെട്ടാൽ അതെല്ലാം സഹിക്കണമെന്ന മനോഭാവമായിരുന്നു അയാളുടേത്.

എഞ്ചിനീയർ നിന്നു. തോടിനു താഴെ അയാൾ ചൂണ്ടിക്കാട്ടി. അവിടെ വളരെയധികം താഴെയല്ലാതെ തോടിനരികിൽ ഒരു കറുത്ത കൽപ്രതിമ കിടന്നിരുന്നു.

അതാ, അതാണ് പ്രതിമ. കിളച്ചുകൊണ്ടിരിക്കെ കരിങ്കല്ലിൽ തട്ടിയപ്പോൾ പണിക്കാർക്ക് അദ്ഭുതമായി കാരണം ഇവിടെ ഇരുപതു കിലോമീറ്റർ ദൂരം പാറകളൊന്നും ഇല്ലാത്ത സ്ഥലമാണ്. അവർ സൂക്ഷിച്ചു മണ്ണുമാറ്റി നോക്കിയപ്പോഴാണ് ഈ പ്രതിമയുടെ തല കണ്ടത്. ഒരു സ്ത്രീ രൂപമാണ്. നോക്കു എന്തൊരു ഭംഗിയുള്ള രൂപമാണ്.

അവർ മണ്ണ് വെട്ടിയുണ്ടാക്കിയ പടവുകളിൽക്കൂടി താഴെയിറങ്ങുകയായിരുന്നു. ആദ്യം രാജശേഖരൻ, പിന്നെ അസിത, അതിനും പിന്നിൽ പ്രസൂൻ.

നോക്കു സൂക്ഷിച്ചിറങ്ങണം. ഈ മണ്ണു തീരെ ഉറപ്പില്ലാത്തതാണ്. പ്രസൂൻ താക്കീതു കൊടുത്തു. പക്ഷേ അതു പറഞ്ഞുകഴിയും മുമ്പെ അസിതയുടെ കാലിന്നടിയിൽ ഒരു പടി ഇടിയുകയും അവൾ വീഴാൻ ഭാവിക്കുകയും ചെയ്തു. പ്രസൂൻ അപ്പോഴേയ്ക്കും അവളുടെ കൈ പിടിച്ചു.

താങ്ക് യൂ. അല്പം ലജ്ജയോടെ അസിത പറഞ്ഞു.

മുമ്പിൽ തന്നെ തീരെ ശ്രദ്ധിക്കാതെ വേഗം നടന്നു നീങ്ങുന്ന ഭർത്താവിനെ അവൾ ദേഷ്യത്തോടെ നോക്കി. അയാൾ അടുത്തു തന്നെയായിരുന്നെങ്കിൽ അടി തെറ്റിയപ്പോൾ മറ്റൊരു പുരുഷന്റെ കൈകളിൽ വീഴേണ്ട ആവശ്യമുണ്ടായിരുന്നില്ല. അവൾ ഇടം കണ്ണിട്ടു നോക്കി. പ്രസൂൻ അവളുടെ തൊട്ടു പിന്നിൽ തന്നെയുണ്ടായിരുന്നു. തന്റെ ഓരോ അടി വെയ്പും ശ്രദ്ധിച്ചുകൊണ്ട്.

അസിത നോക്കുന്നത് പ്രസൂൻ കണ്ടെന്നു തോന്നുന്നു. അയാൾ പറഞ്ഞു, പതുക്കെ നടന്നോളു മിസ്സിസ്സ് ശേഖർ. ഇവിടെ ഞാൻ തന്നെ ഒന്നു രണ്ടു പ്രാവശ്യം വീണിട്ടുണ്ട്. അവൾ വീണ്ടും നന്ദി സൂചകമായി അയാളെ നോക്കി ചിരിച്ചു.

പ്രതിമയുടെ അടുത്തെത്തിയ രാജശേഖരനെ ആദ്യം ആകർഷിച്ചത് അതിന്റെ പരിപൂർണ്ണതയായിരുന്നു. ഒരു ജീവനുള്ള സ്ത്രീയാണെന്നെ തോന്നു. ഓരോ അവയവവും എത്ര ഭംഗിയിലാണ് കൊത്തിയുണ്ടാക്കിയിരിക്കുന്നത്! ഇത്രയും ഭംഗിയുള്ള ഒരു മുഖം കരിങ്കല്ലിൽ കൊത്തിയുണ്ടാക്കാൻ പറ്റുമോ? തലമുടി വാരിക്കൂട്ടി മുകളിൽ കെട്ടിവെച്ചിരിക്കയാണ്. രാത്രി കിടക്കാൻ പോകുമ്പോൾ അസിത ചെയ്യാറുള്ളത്. അപ്പോൾ അവളെ മുനികുമാരി എന്നു പറഞ്ഞ് കളിപ്പിക്കാറുണ്ട്.

എന്തൊരു ഭംഗിയുള്ള പ്രതിമ അല്ലെ മി. ശേഖർ.

എഞ്ചിനീയർ സംസാരിച്ചു. പണ്ടു കാലത്ത് ശിൽപികൾ വളരെ കഴിവുള്ളവരായിരിക്കണം. ഇന്ന് ഒരാൾക്ക് ഇത്ര നന്നായി കൊത്തുവേല ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല. ഒരു രാജശില്പിയുടെ മാസ്റ്റർപീസു തന്നെയായിരിക്കണം.

ഇതിന് എത്ര പഴക്കമുണ്ടാകുമെന്ന് രാജശേഖരൻ ഊഹിക്കാൻ ശ്രമിച്ചു. തനിക്കറിയാവുന്ന ഒരു സ്‌ക്കൂളിലും പെടുന്നില്ല ഇതിന്റെ ശിൽപചാതുര്യം.

ഈ പ്രതിമക്ക് എത്ര പഴക്കമുണ്ടാവും മിസ്റ്റർ ശേഖർ?

പറയാൻ പറ്റില്ല. ഏതാനും നൂറ്റാണ്ടുകൾ. ഒരു പക്ഷേ ആയിരം വർഷങ്ങൾക്കും മുമ്പായിരിക്കും. വളരെ പഴയതാണെന്നു തോന്നുന്നില്ല. കണ്ടില്ലെ ഇതിന്റെ പുറംഭാഗം. എത്ര മിനുസമായിരിക്കുന്നു. കാലത്തിന് ദ്രവിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. അദ്ഭുതകരമായിരിക്കുന്നു.

രാജശേഖരൻ പാന്റിന്റെ കീശയിൽ നിന്ന് ഒരു ടെയ്പ്പ് പുറത്തെടുത്ത് അളവെടുക്കാൻ തുടങ്ങി.

വൃക്ഷങ്ങളുടെ ഇടതൂർന്ന ഇലകൾക്കിടയിലൂടെ വരുന്ന സൂര്യരശ്മികൾ അസിത ശ്രദ്ധിച്ചു. ആകാശത്തു നിന്നിറങ്ങി വരുന്ന കോണിപ്പടികൾ പോലെ.

ദൂരെ അവൾ ബുൾഡോസറുകൾ പ്രവർത്തിക്കുന്നത് കണ്ടു. ആ ഉരുക്കുജീവികൾ പുക തുപ്പുകയും ഭീമമായ കൈകൾ കൊണ്ട് മണ്ണു നീക്കുകയുമായിരുന്നു. അവർക്കിടയിൽ വീതികുറഞ്ഞ മഞ്ഞ നിറം കയറിയ അരവസ്ത്രം ധരിച്ച് തലയിൽ ചുമടു താങ്ങി പണിക്കാർ നടന്നു. അവർക്കും മുകളിൽ അകലെ നീലാകാശത്തിന്റെ കീറിനു താഴെ മലകളുടെ കറുത്ത ശിഖരങ്ങൾ. എവിടെ അണക്കെട്ട്? അവൾ ചുറ്റും നോക്കി.

എന്തൊരു മനോഹരദൃശ്യം അല്ലെ?

എഞ്ചിനീയറുടെ ശബ്ദം അവൾക്കിഷ്ടപ്പെട്ടു. മൃദുവായി, ഒരു പാട്ടുകാരന്റെ ശബ്ദം പോലെ.

ആ മലകൾ നോക്കു, ഒരു ഫ്രെയിം ചെയ്തു വെച്ച ചിത്രം പോലെയുണ്ട്.

അവൾ തലയാട്ടി. പ്രസൂൻ ചക്രവർത്തിയും താനും ഒരേ വിധമാണ് ചിന്തിക്കുന്നതെന്ന് അവൾ പെട്ടെന്നു മനസ്സിലാക്കി. അയാൾ സംസാരിക്കുമ്പോൾ ചിരിച്ചു കൊണ്ടിരുന്നു. അയാളുടെ താടി വടിച്ച തുടുത്ത കവിളുകൾ ഭംഗിയുണ്ട്.

അവൾ ചോദിച്ചു. എത്ര അകലെയാണ് അണക്കെട്ട്?

വളരെ അകലെ - പ്രസൂൻ മലനിരകൾക്കു നേരെ ചൂണ്ടിക്കാട്ടി പറഞ്ഞു. മുപ്പതു കിലോമീറ്റർ ദൂരമുണ്ട്.

ഓ. അസിത നിരാശയോടെ പറഞ്ഞു. ഞാൻ വിചാരിച്ചു. അടുത്തായിരിക്കും, ഇന്നു കാണാൻ പറ്റുമെന്ന്.

ഒരു ചെറിയ കുട്ടിയെ നോക്കുന്ന കൗതുകത്തോടെ പ്രസൂൻ അവളെ നോക്കി. അവൾ സുന്ദരിയാണ്. ഗോതമ്പിന്റെ നിറമുള്ള അവളുടെ ദേഹം, ഉടുത്ത ചുവന്ന സാരിയിൽ ഉദിച്ചു കണ്ടു. ചുണ്ടുകൾ ലിപ്സ്റ്റിക്ക് ഇടാതെ തന്നെ ചുവന്നിരുന്നു. നേരിയ ചെമ്പിച്ച ചുരുളലില്ലാത്ത മുടി, കടക്കൽ കെട്ടിയിട്ടതു കാരണം കഴുത്തിനു പിന്നിൽ കട്ടിയിൽ വിടർന്നു നിന്നിരുന്നു.

ഇന്നു കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. അണക്കെട്ട് ഇതുവരെ കണ്ടിട്ടില്ലെ?

ഇല്ല.

എത്ര കാലമായി നഗരത്തിൽ വന്നിട്ട്?

ഒരു മാസം.

വിവാഹം കഴിഞ്ഞിട്ട് ഒരു മാസമേ ആയിട്ടുള്ളു?

അതെ.

അപ്പോൾ ഹണിമൂണിലാണല്ലെ? പക്ഷേ ഒരു മാസമായി നഗരത്തിൽ വന്നിട്ടും അണക്കെട്ട് കണ്ടിട്ടില്ലെന്നത് അത്ഭുതമായിരിക്കുന്നു. സാധാരണ ആൾക്കാർ ഇവിടെ വന്നാൽ ആദ്യം കാണുക അണക്കെട്ടാണ്. കാരണം ഈ നശിച്ച നഗരത്തിൽ വേറെ ഒന്നും കാണാനില്ല.

ഭർത്താവിന് സമയമുണ്ടായിരുന്നില്ല. അദ്ദേഹം ഒരു തീസിസ് എഴുതണ തിരക്കിലാണ്. അത് കഴിഞ്ഞിട്ടാവാം സ്ഥലങ്ങൾ കാണൽ എന്നാണ് പറയുന്നത്.

സ്വരത്തിലെ വേദന പ്രകടമാക്കാതിരിക്കാൻ അവൾ ശ്രദ്ധിച്ചു.

അല്ലെങ്കിൽ അണക്കെട്ടിൽ എന്താണ് കാണാനുള്ളത്? പ്രസൂൻ ചോദിച്ചു.

ഒന്നും കാണാനല്ല. അവൾ പറഞ്ഞു. എനിക്ക് അണക്കെട്ടിൽ പോണത് ഇഷ്ടാണ്. പുതുതായി ഇട്ട സിമിന്റിന്റെ മണം എന്നെ മത്തു പിടിപ്പിക്കാറുണ്ട്.

അയാൾ ചിരിച്ചു. എനിക്കറിയാം നിങ്ങൾ കുട്ടിയായിരിക്കുമ്പോൾ പുതുതായി സിമന്റിട്ട ചുമരുകളിൽ മുഖം വെച്ചമർത്താറുണ്ട് അല്ലെ? അതിന്റെ വാസനയ്ക്കും തണുപ്പിനും വേണ്ടി?

അസിത അത്ഭുതത്തോടെ അയാളെ നോക്കി.

രാജശേഖരൻ അപ്പോഴും പ്രതിമ പരിശോധിക്കുകയായിരുന്നു. പരിശോധിക്കും തോറും അയാളുടെ അത്ഭുതം കൂടിക്കൂടി വന്നു. പുറമെ നിന്നു നോക്കുമ്പോൾ അത് വളരെ പുതിയതായി കൊത്തിയതാണെന്നേ തോന്നു. ഉളികൊണ്ട് നന്നായി മിനുസപ്പെടുത്തിയത്. പക്ഷേ അത് വളരെ പൗരാണികമാണെന്ന തോന്നൽ വളരെ ശക്തമായി അയാളിലുണ്ടായി. കാരണമെന്താണെന്ന് അയാൾക്ക് വിശദീകരിക്കാൻ പറ്റിയില്ല. അതിന്റെ മുഖമാണോ? ആ മുഖത്ത് ഭയപ്പെടുത്തും വിധം പൗരാണികമായ ഒരു ദീപ്തിയുണ്ടായിരുന്നു. നോക്കുന്നവരെ അടിമപ്പെടുത്തുന്ന അഭൗമമായ ഒരു ആകർഷണം. വളരെ നിസ്സാരകാര്യങ്ങളിൽപ്പോലും ശിൽപിയുടെ ശ്രദ്ധയുണ്ടായിരുന്നു. ഉദാഹരണമായി വിരലുകൾ. അവ ദേഹത്തിനു ശരിയ്ക്കും അനുപാതത്തിലായിരുന്നു. വളരെ നേർത്ത വിരലുകൾ. അവ കൊത്തി വെയ്ക്കുന്നതിൽ ശിൽപി കാണിച്ച ഔചിത്യവും ചാതുര്യവും അയാളെ അത്ഭുതപ്പെടുത്തി. അതുപോലെ മാറിടവും. കൊണാർക്കിലും, ഖജൂരാഹോവിലും മറ്റുമുള്ള കരിങ്കൽ സ്ത്രീ രൂപങ്ങളും, ചോളകാലത്തെ ഓട്ടു പ്രതിമകളും സ്ത്രീയുടെ മാറിടം വളരെ ഉന്നതമായി, അവിശ്വസനീയമായി ചിത്രീകരിച്ചു. എന്നാൽ ഇതാകട്ടെ വളരെ സ്വാഭാവികമായി വളരെ മനോഹരമായി കൊത്തി വെച്ചിരിക്കുന്നു. പൊക്കിൾ, അതിനു താഴെ നാഭീദേശം, ഇതെല്ലാം ഏറ്റവും സുന്ദരിയായ ഒരു സ്ത്രീയുടെ കരുവെടുത്ത് വാർത്ത ശിൽപ്പം പോലെ സ്വാഭാവികമായി തോന്നി. അയാൾക്ക് പെട്ടെന്ന് അസിതയെ ഓർമ്മ വന്നു. അവൾ കുറച്ചകലെ എഞ്ചിനീയറുമായി സംസാരിച്ചു നിൽക്കുകയാണ്. അവൾക്ക് സംസാരിക്കാൻ ഒരാളുണ്ടായത് ഭാഗ്യം. അല്ലെങ്കിൽ അവൾക്ക് മടുത്തേനെ. ഇത് ഇത്രയും വലിയ കാട്ടു പ്രദേശമാണെന്ന് അയാളറിഞ്ഞില്ല. ഡാമിന്റെ അടുത്തായിരിയ്ക്കുമെന്ന പ്രതീക്ഷയിലാണ് അസിതയെ കൊണ്ടുവന്നത്.

അസിത കൈയ്യുയർത്തി കാണിച്ചു. രാജശേഖരൻ അവർക്കു നേരെ നടന്നു.

വല്ലാത്തൊരു കാട് അല്ലെ? അയാൾ അസിതയോട് ചോദിച്ചു.

അതെ. പക്ഷേ ഞാനിതെല്ലാം ആസ്വദിക്കുന്നുണ്ട്. ഈ കിളികളുടെ ശബ്ദവും, പടർന്നു പിടിച്ച മരങ്ങളും, എല്ലാം.

കിളികളുടെ ശബ്ദം അപ്പോഴാണയാൾ ശ്രദ്ധിച്ചത്. പക്ഷേ അതൊരു ശല്യമായിട്ടേ അയാൾക്കു തോന്നിയുള്ളു.

ഈ കാട്ടിൽ മയിലുകളുണ്ട്. പ്രസൂൻ പറഞ്ഞു. ചുരുക്കമായെ അവയെ കാണൂ.

അയ്യോ എനിയ്ക്കു കാണണമെന്നുണ്ട്. ഞാനിതുവരെ ഒരു മയിലിനെ കണ്ടിട്ടില്ല.

സാരമില്ല. നമുക്കിനിയും തിരിച്ചു വരാം. എനിക്ക് ഇനിയും ഇവിടെ വരേണ്ടിവരും. ഒരു പക്ഷേ നാളെത്തന്നെ. ഈ പ്രതിമ ഒരു വലിയ അദ്ഭുതമാണ്.

ബൈക്കിന്റെ പിന്നിലിരുന്നു നീങ്ങിയകലുമ്പോൾ അവൾ എഞ്ചിനീയർ കൈ വീശുന്നത് കണ്ടു. അവളും തിരിച്ച് കൈ വീശിക്കാണിച്ചു.

രാജശേഖരൻ ഒരു തീസിസ് എഴുതുന്ന തിരക്കിലായിരുന്നു. പഴയ ദില്ലിയിൽ പുരാണ ഖിലയിലെ പുരാവസ്തു ഗവേഷണത്തിൽ അയാൾക്കും പങ്കുണ്ടായിരുന്നു. ഔറംഗസീബ് കെട്ടിയതെന്നു പറയപ്പെടുന്ന ആ കോട്ട നിൽക്കുന്ന സ്ഥലമാണ് പഴയ ഇന്ദ്രപ്രസ്ഥമെന്ന് അസന്നിദ്ധം തെളിയിച്ച ആ ഗവേഷണത്തിന്റെ പശ്ചാത്തലത്തിൽ ഒരു തീസിസ് എഴുതുകയായിരുന്നു അയാൾ. മേശപ്പുറത്ത് ചിതറിക്കിടക്കുന്ന പുസ്തകങ്ങൾക്കും കടലാസുകൾക്കുമിടയിൽ അയാൾ അസ്വസ്ഥനായി പരതി. അയാൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ശ്രദ്ധ പതറിപ്പോയി. അയാളുടെ സ്വാസ്ഥ്യം ഒരു കരിങ്കൽ പ്രതിമ അപഹരിച്ചിരുന്നു. പ്രയാസമുള്ള ഒരു കടംകഥപോലെ ആ പ്രതിമ അയാളുടെ മനസ്സിൽ നിറഞ്ഞുനിന്നു. അയാൾ ഷെൽഫിൽ നിന്ന് റഫറൻസ് പുസ്തകങ്ങൾ മേശമേൽ നിരത്തി. പുസ്തകങ്ങളിലെ മയമുള്ള പേജുകളിൽ നിന്ന് പല കാലങ്ങളിലുള്ള, പല ശൈലികളിൽ ഉണ്ടാക്കപ്പെട്ട പ്രതിമകളുടെ ചിത്രങ്ങൾ അയാളെ നോക്കി കൊഞ്ഞനംകാട്ടി. അതെല്ലാം അയാൾക്കു മനഃപ്പാഠമായിരുന്നു. അത്രയധികം തവണ അതെല്ലാം നോക്കിപ്പഠിച്ചതാണ്, നിസ്സാരമായ അംശങ്ങൾപ്പോലും. ഇന്നു കണ്ട പ്രതിമയെ ഒന്നിനോടും താരതമ്യപ്പെടുത്താൻ വയ്യ. എല്ലാം അതാതിന്റെ പീഠങ്ങളിൽ അല്ലെങ്കിൽ ചുമരിന്മേൽ നിർജ്ജീവമായി നിലകൊള്ളുന്നു.

പെട്ടെന്ന് രാജശേഖരൻ ചാടിയെഴുന്നേറ്റു. ഇന്നു കണ്ട പ്രതിമയുടെ ഒരു വിശദാംശം അയാൾക്ക് പെട്ടെന്നോർമ്മ വന്നു. ആ പ്രതിമയ്ക്ക് പീഠമുണ്ടായിരുന്നില്ല. അതിന്റെ കാലടികൾ പോലും മിനുസമായി, വ്യക്തമായി കൊത്തിയിരിക്കുന്നു. ഈ കാര്യം എന്തുകൊണ്ട് മുമ്പ് ഓർത്തില്ലെന്ന് അയാൾ അദ്ഭുതപ്പെട്ടു. ഇത് പ്രതിമയുടെ ഉദ്ഭവത്തെപ്പറ്റി എന്തെങ്കിലും തെളിവു തരുമെന്നയാൾ ആശിച്ചു. ആരോടെങ്കിലും ഇതു സംസാരിച്ചാൽ കൊള്ളാമെന്നയാൾക്കു തോന്നി.

അസിത ഉറക്കമായിരുന്നു. അവളുടെ കയ്യിൽ നിന്നും മാസികയെടുത്തു മാറ്റി അയാൾ വാത്സല്യത്തോടെ അവളെ നോക്കി. അവൾ ഉറക്കത്തിൽ ചിരിക്കുകയാണ്. സ്വപ്നം. പുതപ്പെടുത്ത് അവളെ പുതപ്പിക്കാൻ നോക്കിയപ്പോൾ അയാൾ അവളുടെ കാലടി കണ്ടു. തുടുത്ത മാംസളമായ കാലടി. അയാൾ പ്രതിമയുടെ മിനുസമുള്ള കാലടി ഓർത്തു. പെട്ടെന്ന് അതൊരു മരീചിക മാത്രമാണെന്നയാൾക്കു തോന്നി. ആ കാലടികൾ ഒന്നും തെളിയിക്കാൻ പോകുന്നില്ല.

ബൈക്കു നിർത്തി അവർ ഇറങ്ങിയപ്പോൾ എഞ്ചിനീയർ ജീപ്പിനടുത്ത് നിൽക്കുകയായിരുന്നു. അയാൾ കൈ വീശി കാണിച്ചു.

നിങ്ങൾ വീണ്ടും വന്നതിൽ സന്തോഷം. അയാൾ അസിതയോട് പറഞ്ഞു. ഇന്ന് നിങ്ങൾക്ക് ഒരു പ്രത്യേക സാധനം കാണിച്ചു തരാം.

അണക്കെട്ടോ?

അല്ല. ഒരു ഊഹത്തിനുകൂടി അവസരം തന്നിരിക്കുന്നു.

അസിത ആലോചിച്ചു. ഒരു പിടുത്തവും കിട്ടുന്നില്ല. അപൂർവ്വമായി വിരിയുന്ന വല്ല കാട്ടു പുഷ്പവുമായിരിക്കുമോ?

പെട്ടെന്ന് മരങ്ങൾക്കിടയിൽ നിന്ന് വന്ന ഒരു ശബ്ദം അവളെ ഞെട്ടിച്ചു. അവൾ ഇതുവരെ കേട്ടിട്ടില്ലാത്ത ആ ശബ്ദം ഒരു പക്ഷിയുടേതാണെന്നവൾക്കു മനസ്സിലായി. ശബ്ദത്തിൽനിന്ന് വലിയ ഒരു പക്ഷിയുടേതു പോലെ തോന്നിച്ചു. മയമില്ലാത്ത ഒരു അപസ്വരം.

രാജശേഖരൻ പ്രതിമയുടെ അടുത്തെത്തി പരിശോധന തുടങ്ങിയിരുന്നു. അസിത ഭയത്തോടെ പ്രസൂൻ ചക്രവർത്തിയെ നോക്കി.

വരു. ഞാൻ കാണിച്ചുതരാം. അയാൾ പറഞ്ഞു.

കുറച്ചകലെ വള്ളികൾ പടർന്നു പിടിച്ച കുറ്റിക്കാടിനിടയിലേയ്ക്ക് അയാൾ ചൂണ്ടിക്കാട്ടി. അവിടെ ഒരു വിടവിനപ്പുറത്ത് ഒഴിഞ്ഞുകിടന്ന പുൽമേടയിൽ രണ്ടു മയിലുകൾ! അവൾ ശ്വാസമടക്കി നോക്കിനിന്നു. അവ അന്യോന്യം ദേഹത്തിൽ ഉരസി വട്ടത്തിൽ നടക്കുകയായിരുന്നു. വീണ്ടും പരുപരുത്ത അപസ്വരം അവൾ കേട്ടു.

ഇത്രയും മനോഹരമായ പക്ഷിക്ക് ഇത്രയും വൃത്തികെട്ട ശബ്ദം കൊടുത്തതെന്താണെന്ന് അദ്ഭുതപ്പെടുകയാണല്ലെ?

അവൾ ചിരിച്ചു. നിൽക്കുന്നിടത്തു നിന്ന് അവർക്ക്, തലയിൽ ചുമടേറ്റി മുന്നോട്ടും പിന്നോട്ടും ഝടുതിയിൽ ചലിക്കുന്ന പണിക്കാരെയോ, അവർക്കു പിന്നിൽ ഒരലർച്ചയോടെ മണ്ണു തള്ളുന്ന ബുൾഡോസറുകളെയോ കാണാൻ കഴിഞ്ഞില്ല. ചുറ്റും തഴച്ചുവളർന്ന വള്ളികൾ പടർന്നു പിടിച്ച ആ സ്ഥലം ഒരു വലിയ ലതാഗൃഹം പോലെ തോന്നിച്ചു. പെട്ടെന്ന് താൻ ഒരന്യ പുരുഷന്റെ ഒപ്പമാണ് നിൽക്കുന്നതെന്ന കാര്യം അവൾ ഓർത്തു. ഒരു സങ്കോചത്തോടെ അവൾ പറഞ്ഞു.

നമുക്കു തിരിച്ചു പോകാം.

ശരി.

തിരിച്ചു നടക്കുമ്പോൾ പ്രസൂൻ ചോദിച്ചു.

മിസ്സിസ്സ് ശേഖർ, നിങ്ങൾ നാളെയും വരുമോ.

അറിയില്ല. അവൾ പറഞ്ഞു. പ്രസൂൻ ചക്രവർത്തിയുടെ ശബ്ദത്തിൽ അടുപ്പമുണ്ടായിരുന്നു. പ്രത്യാശയുണ്ടായിരുന്നു. അതെത്രത്തോളം കാമ്യമാണെന്നവൾക്ക് തീർച്ചയാക്കാൻ പറ്റിയില്ല.

രാജു വരുന്നുണ്ടെങ്കിൽ ഞാൻ വരാം. വീട്ടിൽ ഒറ്റയ്ക്കിരിക്കുന്നത് എന്ത് ബോറടിയാണെന്നറിയാമോ?

എനിയ്ക്കും ഇവിടെ ഭയങ്കര ബോറടിയാണ്. മഞ്ഞുമൂടിയ മലകളും, പക്ഷികളുടെ ശബ്ദങ്ങളും നിങ്ങളെ ആദ്യമെല്ലാം ആകർഷിക്കും. പിന്നെ നിങ്ങൾ ദിവസവും രാവിലെ മുതൽ വൈകുന്നേരം വരെ അതു കണ്ടും കേട്ടും കഴിയുമ്പോൾ ഉണ്ടാവുന്നത് മടുപ്പാണ്. നിങ്ങൾ വന്നാൽ സംസാരിക്കാനെങ്കിലും ഒരാളായല്ലൊ.

രാജശേഖരൻ വ്യാഖ്യാനത്തിനതീതമായി ദുർജ്ഞേയമായ ഒരു കടംകഥ പോലെ കിടക്കുന്ന പ്രതിമയെ നോക്കി നിന്നു. അങ്ങിനെ നോക്കിക്കൊണ്ടിരിക്കെ പൗരാണികമായ ഒരു ദുർന്നിമിത്തം അയാളെ പിടികൂടി. പുതുതായി കിട്ടിയ അതീന്ദ്രിയ ജ്ഞാനത്തിൽ അയാൾ യുഗങ്ങൾ പിറകിലോട്ടു പോയി. കാണുന്നത് കാട്ടുപ്രദേശങ്ങൾക്കിടയിൽ വെളിം പ്രദേശത്ത് ഒറ്റയ്ക്കു നിൽക്കുന്ന ഒരു പർണ്ണശാലയാണ്. പർണ്ണശാലയ്ക്കു ചുറ്റും ഇണങ്ങിയ കാട്ടുമൃഗങ്ങളും പക്ഷികളും. ധൂപക്കൂട്ടിന്റെ വാസന. പക്ഷേ അതെല്ലാമെന്താണ്? അയാളുടെ ദൂരജ്ഞാനം നൈമിഷികമായിരുന്നു. പിന്നീട് ബൈക്കിൽ അസിതയുമായി തിരിച്ചു പോകുമ്പോഴും ആ നൈമിഷികമായുണ്ടായ ഉൾക്കാഴ്ച അയാളെ അത്ഭുതപ്പെടുത്തുകയും പേടിപ്പിക്കുകയും ചെയ്തു. താൻ പഠിച്ച സിദ്ധാന്തങ്ങളിലൂടെ ഈ പ്രതിമയെ അപഗ്രഥിക്കാൻ കഴിയില്ലെന്ന് അയാൾക്കു തോന്നി. അതിന്റെ പഴക്കം ഏതാനും ആയിരം വർഷങ്ങൾ ഉണ്ടാകുമെന്നും അയാൾക്കു തോന്നി. രണ്ടായിരം അല്ലെങ്കിൽ മൂവായിരം. ഇത് വെറുമൊരു അനുമാനമായിരുന്നു. യുക്തിക്കു നിരക്കാത്തതും, സിദ്ധാന്തങ്ങൾക്കും, കണക്കുകൾക്കും അതീതവും ആയ ഒരു നിഗമനം മാത്രം.

വീട്ടിലെത്തിയ ശേഷം അയാൾ തനിയ്ക്കു സംഭവിച്ചതെന്താണെന്ന് ഓർമ്മിക്കാൻ ശ്രമിച്ചു. എന്തെങ്കിലും ഒരു തെളിവിനു വേണ്ടി, പൗരാണികമായ ഒരു പാത്രത്തിന്റെ കഷ്ണങ്ങൾ, അല്ലെങ്കിൽ കല്ലുകൊണ്ടുള്ള ആയുധങ്ങൾ, എല്ലുകൾ അയാൾ ചുറ്റും നടന്നു നോക്കി. മണ്ണു മറിച്ചിട്ടു. അവസാനം തിരികെ പ്രതിമയുടെ അടുത്തു വന്നപ്പോഴാണതുണ്ടായത്. കിടങ്ങിനു പുറത്ത് ഒരു പാറമേൽ അസിത ഇരിക്കുന്നുണ്ടായിരുന്നു. അടുത്തു തന്നെ എഞ്ചിനീയർ നിന്ന് സംസാരിക്കുകയായിരുന്നു. പെട്ടെന്ന് അയാൾ പ്രതിമയുടെ മുഖത്തു നോക്കിയതാണ്. സൂര്യന്നെതിരെ പിടിച്ച കണ്ണാടിയിൽനിന്ന് കണ്ണിൽ പെട്ടെന്നു വന്നടിച്ച രശ്മികൾ പോലെ എന്തോ ഒന്ന് അയാളുടെ കണ്ണിൽ അടിച്ചു. ഒരു നിമിഷത്തേക്കു മാത്രം. അയാൾക്കു കണ്ണു തുറക്കാൻ കഴിഞ്ഞില്ല. തുറക്കാത്ത കണ്ണുകൾക്കു മുമ്പിൽ കറുത്ത തിരശ്ശീലയിൽ അയാൾ വിളക്കുകൾ കണ്ടു. ഒരു അമ്പലത്തിനുള്ളിൽ കത്തിച്ചു വെച്ച ചെറിയ വിളക്കുകൾ പോലെ, ഒരായിരം വിളക്കുകൾ. ആ വിളക്കുകളും മാഞ്ഞു പോയി. പിന്നെ കാണുന്നത് ഒരു കാടിന്നു നടുവിലെ വെളിംപ്രദേശമാണ്. അതിന്റെ നടുവിൽ ഒരു പർണ്ണശാല. ഉണങ്ങിയ പുല്ലുകൾ കൊണ്ടു മേഞ്ഞ ചെറിയ ഒരു കുടിൽ. പുറത്ത് ഒരു ജോടി മയിലുകൾ അന്യോന്യം ഉരസി സ്‌നേഹം പ്രകടിപ്പിക്കുന്നു. ചെവി കൂർത്തു പിടിച്ച ഒരു മാൻ. ആശ്രമത്തിന്റെ വാതിൽക്കൽ ആരാണ് നിൽക്കുന്നത്? പെട്ടെന്ന് പർണ്ണശാലയും കാട്ടിലെ വെളിംപ്രദേശവും ശൂന്യതയിലേക്കു തിരിച്ചു പോവുകയും, ഒരായിരം ചെറിയ വിളക്കുകൾ അതിന്റെ സ്ഥാനത്ത് കത്തുകയും ചെയ്തു. ആ വിളക്കുകളും മങ്ങിയണഞ്ഞു. ബോധം തിരിച്ചു കിട്ടിയപ്പോൾ അയാൾ നിൽക്കുക തന്നെയായിരുന്നു. അസിതയും എഞ്ചിനീയറും അപ്പോഴും സംസാരിക്കുകയാണ്. അയാൾ കിടങ്ങിൽ നിന്നു കയറി.

ഈ അനുഭവത്തെപ്പറ്റി അസിതയോട് പറഞ്ഞപ്പോൾ അവളിൽ അദ്ഭുതമൊന്നുമുണ്ടായില്ല. അവൾ പറഞ്ഞു.

രാജു കുറച്ചു ദിവസമായി ദേഹം തീരെ നോക്കുന്നില്ല. ഭക്ഷണം സമയത്തിനു കഴിക്കുന്നില്ല. ഉറക്കവുമില്ല. ദേഹം ക്ഷീണിച്ചതു നോക്കു. ഇന്നു ബോധം കെട്ടു വീഴാൻ പോയത് ഇതുകൊണ്ടൊക്കെത്തന്നെയാണ്. കുറച്ചു ദിവസം അതെല്ലാം മറന്ന് നമുക്ക് വിശ്രമിക്കാം സ്ഥലങ്ങൾ കാണാം. നമുക്കൊരു മധുവിധു വേണ്ടേ? വൈകിയിട്ടെങ്കിലും അതാഘോഷിക്കാം.

അയാൾക്ക് ഈ പദ്ധതി തരക്കേടില്ലെന്നു തോന്നി. അയാൾ ക്ഷീണിച്ചിരുന്നു, ഒരു വിശ്രമം ആവശ്യമാണ്.

പിറ്റെന്ന് അയാൾ വീട്ടിൽ തന്നെ ഇരുന്നു. പകൽ മുഴുവൻ ഉറങ്ങി. വൈകുന്നേരം പുറത്ത് വരാന്തയിൽ ഒരു കപ്പു ചായയുമായി ഇരിക്കുമ്പോഴാണ് എഞ്ചിനീയറുടെ ജീപ്പു വരുന്നത് കണ്ടത്. ജീപ്പു നിർത്തി അയാൾ കൈ കാണിച്ചു.

എന്തു പറ്റി? നിങ്ങൾക്ക് സുഖമില്ലെന്നു തോന്നുന്നു.

നല്ല സുഖമില്ല. രാജശേഖരൻ പറഞ്ഞു.

എനിക്കു തോന്നി, നിങ്ങളെ രാവിലെ കാണാതിരുന്നപ്പോൾ. വരട്ടെ. മിസ്സിസ്സിനു സുഖം തന്നെയല്ലെ?

വരു ചായ കുടിച്ചിട്ടു പോകാം. രാജശേഖരൻ ക്ഷണിച്ചു.

അതു കേൾക്കാൻ കാത്തുനിന്നപോലെ അയാൾ എഞ്ചിൻ ഓഫാക്കി ഇറങ്ങി വന്നു.

ഞാൻ നിർബ്ബന്ധിത തടങ്ങലിലാണ്. രാജശേഖരൻ പറഞ്ഞു.

എന്താണ് കാരണം?

കുറെ ദിവസത്തേയ്ക്ക് പണിയെല്ലാം നിർത്തി വിശ്രമിക്കാനാണ് ശ്രീമതിയുടെ ആജ്ഞ.

എഞ്ചിനീയർ ചിരിച്ചു. അയാളുടെ ആഹ്ലാദത്തോടെയുള്ള ചിരി അസിത നോക്കിനിന്നു.

ഞാൻ ഒരു ടീം ആൾക്കാരെ ഖനനത്തിനായി അയച്ചിട്ടുണ്ട്. രാജശേഖരൻ പറഞ്ഞു. അവിടെ കുറച്ചു വിശാലമായ ഒരു സ്ഥലം കുഴിക്കാൻ പറഞ്ഞിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ വല്ല തെളിവും കിട്ടാതിരിക്കില്ല.

വല്ല പുരാതന സംസ്‌കാരത്തിന്റെതോ? ചക്രവർത്തി ചോദിച്ചു.

രാജശേഖരൻ തലയാട്ടി. ഈ സ്ഥലത്ത് ഒരു സംസ്‌കാരവും ഉണ്ടായതായി തെളിഞ്ഞിട്ടില്ല. നഗര പരിധിയിൽ രണ്ടു കൊല്ലം മുമ്പ് കണ്ടുപിടിച്ച ചില അവശിഷ്ടങ്ങൾ കാരണമാണ് പുരാവസ്തു ഗവേഷണ വകുപ്പിന്റെ ഒരു ഓഫീസ് നഗരത്തിൽ തുറന്നത്. രണ്ടു കൊല്ലമായി തുടങ്ങിയ ഖനനത്തിൽ പുരാതനമായ ഒരു സംസ്‌കാരം അവിടെ ഉണ്ടായിരുന്നുവെന്നതിന് തെളിവൊന്നും കിട്ടിയില്ല. ഒരു സ്‌നാന ഗൃഹം, അതിൽ നിന്ന് ഇറങ്ങുന്ന പടവുകൾ, ഏതാനും മൺപാത്രങ്ങൾ ടെറാകോട്ട വിളക്കുകൾ, കഴിഞ്ഞു. അവയാകട്ടെ അത്രയധികം പൗരാണികതയൊന്നും അവകാശപ്പെടുന്നുമില്ല.

മതി നമുക്ക് വേറെ വല്ല കാര്യങ്ങളും സംസാരിക്കാം. അസിത പറഞ്ഞു. ഈ പുരാവസ്തു ഗവേഷണം ആരേയും എവിടെയും എത്തിക്കുന്നില്ല.

അണക്കെട്ടു കാണുന്നതിനെപ്പറ്റി എന്തു പറയുന്നു? പ്രസൂൻ ചോദിച്ചു.

ഇന്നോ?

പ്രസൂൻ ചിരിച്ചു. ഇന്ന് എന്തായാലും പറ്റില്ല. സമയം ആറുമണിയായി. ഈ ഞായറാഴ്ച ഞാൻ നിങ്ങളെ ഇവിടെ വന്ന് കൊണ്ടു പോകാം.

അസിത ഭർത്താവിന്റെ മുഖത്തു നോക്കി. അയാൾ സമ്മതിച്ചാൽ നന്നായിരുന്നു.

കട്ടിയുള്ള കണ്ണടയിൽക്കൂടി അയാളുടെ കണ്ണുകൾ കൂടുതൽ വലുതായി തോന്നി. അയാൾ ഇപ്പോഴും ഒരു മോഹ നിദ്രയിലായിരുന്നു. പുറത്തു സംഭവിക്കുന്നതിലൊന്നും അയാൾ ഒരു പങ്കാളിയല്ലെന്ന മട്ടിൽ.

അസിത ചോദിച്ചു നമുക്ക് ഈ ഞായറാഴ്ച അണക്കെട്ടു കാണാൻ പൊയ്ക്കൂടെ?

അയാൾ ചിരിച്ചു. പോകാമല്ലൊ. നീ എന്തായാലും എന്നെ ജോലിയൊന്നും ചെയ്യാൻ സമ്മതിക്കുന്നില്ല.

ഞാൻ രാവിലെ വന്ന് നിങ്ങളെ പിക്കപ്പു ചെയ്യാം. പ്രസൂൻ പറഞ്ഞു.

വിശ്രമങ്ങളുടെ ദിവസങ്ങൾ കടന്നു പോയി. കാട്ടിൽ ഖനനം തുടർന്നു. രാജശേഖരന് എന്നും വൈകുന്നേരം റിപ്പോർട്ടുകൾ കിട്ടിക്കൊണ്ടിരുന്നു. ഓരോ ദിവസവും വൈകുന്നേരം ഒന്നും തന്നെ കണ്ടെത്തിയില്ലെന്ന വിവരം കിട്ടുമ്പോൾ അയാൾ നിരാശനായി. ഇതു കൂടുതൽ അദ്ഭുതകരമായി വരുന്നു. അയാൾ വിചാരിച്ചു. വിശ്രമം എന്നത് ഒരു പാഴ്‌വേലയായി വരുന്നത് അയാൾ കണ്ടു. ഉറക്കമില്ലാത്ത രാത്രികൾ. അഥവാ രാത്രി ഉറങ്ങുകയാണെങ്കിൽത്തന്നെ ഒരു സുന്ദരിയുടെ പ്രതിമ അയാളെ ശല്യപ്പെടുത്തി. പകലാകട്ടെ അയാൾ വിശേഷമായി വല്ലതും കണ്ടു കിട്ടിയിട്ടുണ്ടെന്ന വാർത്തയുമായി സൂപ്രണ്ട് വരുന്നതും കാത്തിരിക്കും.

അസിതക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അവൾ മധുവിധുവിന്റെ നാളുകൾ വിരസമായി ശുഷ്‌കമായി നീങ്ങുന്നത് കണ്ട് പരിതപിച്ചു. അതൊരു ശപിക്കപ്പെട്ട കല്ലാണ്. അവൾ വിചാരിച്ചു. അതു കണ്ടെത്തുന്നതിന് മുമ്പ് ഇത്ര കുഴപ്പമുണ്ടായിരുന്നില്ല. തീസിസ് എഴുതുന്നതിൽ വളരെയധികം സമയം പോയിരുന്നുവെങ്കിലും, രാത്രി പത്തുമണി കഴിഞ്ഞാൽ അവളുടെ പ്രലോഭനങ്ങൾക്ക് അയാൾ കീഴടങ്ങാറുണ്ട്. ഈ ഒരാഴ്ചയായി എല്ലാം നിന്നിരിക്കുന്നു.

ഞായറാഴ്ച പ്രസൂൻ വന്ന് മൂന്നു പേരും കൂടി അണക്കെട്ടു കാണാൻ പോയാൽ ഒരു മാറ്റം വരുമെന്നവൾ ആശിച്ചു. ഒന്നുമില്ലെങ്കിൽ പുറത്തേക്കൊന്ന് ഇറങ്ങുകയെങ്കിലുമാവാമല്ലോ. കാട്ടിലേയ്ക്ക് പോയിരുന്ന ദിവസങ്ങളുടെ രോമാഞ്ചം അവളിൽ ഇപ്പോഴുമുണ്ടായിരുന്നു.

അങ്ങിനെ ആശയും വെച്ചുകൊണ്ടിരിയ്‌ക്കെയാണ് ശനിയാഴ്ച വൈകുന്നേരം സൂപ്രണ്ട് വാതിൽക്കൽ മുട്ടിയത്. അസിതയാണ് വാതിൽ തുറന്നത്. അയാൾ വളരെയധികം ഉത്തേജിതനായി കാണപ്പെട്ടു. രാജശേഖരൻ മുറിയിൽതന്നെയുണ്ടായിരുന്നു. അയാൾ ചാടിയെഴുന്നേറ്റു.

വല്ല വിവരവും?

ഉണ്ട്. സൂപ്രണ്ട് പറഞ്ഞു. പ്രതിമ കിടക്കുന്നതിനു ഇരുപത്തഞ്ചടി തെക്കുമാറി ഒരു അസ്ഥികൂടം കണ്ടു. ഒരു വലിയ മൺ ഭരണിയിലാണ്. അതു കണ്ടപ്പോൾ ഞങ്ങൾ ജോലി നിർത്തി. നിങ്ങൾ വന്നിട്ടു തുടരാമെന്നു വെച്ചു.

അസിത തലയിൽ കൈ വെച്ചു, അതിനർത്ഥം എന്താണെന്ന് അവൾക്കറിയാം. രാജുവിനെ ഇനി കുറെ ദിവസത്തേക്ക് കിട്ടില്ല.

ഞാൻ നാളെ രാവിലെ തന്നെ വരാം. ഇന്ന് സമയം വളരെ വൈകി.

അയാളുടെ സ്വരത്തിൽ നിരാശയുണ്ടായിരുന്നു.

സൂപ്രണ്ടു പോയ ശേഷം അസിത ചോദിച്ചു.

നാളെ എങ്ങിനെയാണ് പോവുക? രാവിലെ എഞ്ചിനീയർ വരാമെന്നു പറഞ്ഞിട്ടില്ലെ, അണക്കെട്ടു കാണാൻ പോകാൻ.

ഓ അതു ഞാൻ മറന്നു. രാജശേഖരൻ പറഞ്ഞു. പക്ഷേ എനിയ്ക്ക് പോകാതിരിക്കാൻ പറ്റില്ല. വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.

നാളെ രാവിലെ അയാൾ വരുമല്ലൊ. അപ്പോൾ എന്താണ് പറയുക?

വേറൊരു ദിവസം പോകാമെന്നു പറയൂ. എനിയ്ക്ക് പെട്ടെന്ന് പോകേണ്ടിവന്നു എന്നും പറയൂ.

അസിത വളരെ അസന്തുഷ്ടയായി.

ഞായറാഴ്ച രാവിലെ രാജശേഖരൻ ബൈക്കിൽ പോയ സമയം തൊട്ട് അസിത വരാന്തയിൽ കാത്തുനിൽക്കാൻ തുടങ്ങി. ഇന്നു പോകാൻ പറ്റില്ലെന്നു പറഞ്ഞാൽ പ്രസൂൻ ചക്രവർത്തി വളരെ നിരാശനാവുമെന്നറിയാം. ഒരു പക്ഷേ തന്നേക്കാൾ നിരാശനാവും.

അവൾ ഊഹിച്ചമാതിരി തന്നെയായിരുന്നു. ജീപ്പു നിർത്തി പ്രസൂൻ നടന്നുവരുന്നതവൾ നോക്കി. വരാന്തയിലെ ഗ്രില്ലിൽകൂടി അയാൾക്ക് അവളെ കാണാമായിരുന്നു. അവൾ വാതിൽ തുറന്നു.

മിസ്റ്റർ ശേഖർ ഉറങ്ങുകയാണോ?

അല്ല അവൾ പറഞ്ഞു. പെട്ടെന്ന് ഒരു അത്യാവശ്യകാര്യത്തിനു പോകേണ്ടിവന്നു. അണക്കെട്ടു കാണാൻ വേറൊരു ദിവസം പോകാമെന്നു പറഞ്ഞു.

ഒരു മനുഷ്യന്റെ മുഖത്ത് ഇത്ര പെട്ടെന്ന് ഭാവഭേദമുണ്ടാവുമെന്നവൾ അറിഞ്ഞിരുന്നില്ല. ചിരിച്ചുകൊണ്ടിരുന്ന മുഖം പെട്ടെന്നു മങ്ങി. ഒന്നും പറയാൻ കിട്ടാതെ അയാൾ ഗ്രില്ലിന്റെ അഴികളിൽ കൈകളോടിച്ചു നിന്നു.

അയാളോട് അകത്തേക്ക് കടന്നിരിക്കാൻകൂടി പറഞ്ഞില്ലെന്ന് അവൾ ഓർത്തു. അവൾ പറഞ്ഞു.

അകത്തു കടന്നിരിക്കു. ഞാൻ ചായയുണ്ടാക്കാം.

പ്രസൂൻ അപ്പോഴും വാക്കുകൾക്കു വേണ്ടി തപ്പുകയായിരുന്നു. അയാൾ പറഞ്ഞു.

വേണ്ട. ഞാൻ വേറൊരു ദിവസം വരാം. ഒരു പക്ഷേ അടുത്ത ഞായറാഴ്ച.

വളരെ വ്യസനമുണ്ട് മിസ്റ്റർ ചക്രവർത്തി. ഇന്നലെ വൈകുന്നേരാണ് സൂപ്രണ്ട് വന്നു പറഞ്ഞത്, പുതുതായി കണ്ട ചില വസ്തുക്കളെപ്പറ്റി.

സാരല്ല്യ, അയാൾ പറഞ്ഞു. പിന്നെ, എന്നെ പ്രസൂൻ എന്നു വിളിച്ചാൽ മതി. എനിക്കതാണിഷ്ടം.

നോക്കു ഞാൻ വേഗം ചായ ഉണ്ടാക്കാം. അകത്തു കടന്നിരിക്കു.

അയാൾ ഒന്നു സംശയിച്ച ശേഷം അകത്തു കടന്നു, വരാന്തയിലിട്ട ചൂരൽ കസേലയിൽ ഇരുന്നു.

ചായ കുടിച്ചുകൊണ്ടിരിക്കെ അസിത ചോദിച്ചു.

പ്രസൂൻ വിവാഹം കഴിച്ചിട്ടില്ലെ?

ഇല്ല. അമ്മ വിചാരിക്കുന്നത് ഞാൻ വളരെ ചെറുപ്പാണ്, ഒരു പെൺകുട്ടിയെ നന്നായി നോക്കാൻ അറിയില്ലാന്നാണ്.

അയാൾക്ക് ഇരുപത്താറ്, ഇരുപത്തെട്ട് വയസ്സായിരിക്കുമെന്നവൾ ഊഹിച്ചു. വളരെ സുമുഖനാണയാൾ. കുറച്ചു നേരത്തേക്ക് തെളിഞ്ഞിരുന്ന അയാളുടെ മുഖം വീണ്ടും മങ്ങി. അയാൾ എന്തോ ആലോചിക്കുകയായിരുന്നു. പെട്ടെന്ന് അയാൾ പറഞ്ഞു.

മിസ്സിസ്സ് ശേഖർ.

എന്നെ അസിത എന്നു വിളിച്ചാൽ മതി.

സോറി. അസിത, എത്ര ഭംഗിയുള്ള പേർ. ഒരു ഭംഗിയുള്ള പെൺകുട്ടിക്ക് യോജിക്കുന്ന പേരാണ്.

അസിത എന്നാൽ കറുത്ത എന്നാണ് പക്ഷേ അർത്ഥം.

പക്ഷേ നിങ്ങൾ ഒരു ചെന്താമരയുടെ നിറമാണല്ലൊ.

അവളുടെ മുഖം നാണം കൊണ്ട് ചുവന്നു.

ഇപ്പോൾ കണ്ണാടി നോക്കു. ഞാൻ പറഞ്ഞത് ശരിയല്ലെ എന്ന്.

നിങ്ങൾ മുഖസ്തുതി പറയുകയാണ്. എനിക്കത്ര ഭംഗിയൊന്നുമില്ല.

പ്രസൂൻ ചക്രവർത്തിയുടെ വാക്കുകൾ മാത്രമല്ല നോട്ടം കൂടി മുഖസ്തുതിയായിരുന്നു. അവൾക്ക് ഒരു ഒഴുക്കിൽ െപ്പട്ടപോലെ തോന്നി. ഒരു വലിയ തിരമാലയോടൊപ്പം താൻ വലിച്ചിഴക്കപ്പെടുകയാണ്. പക്ഷേ അതിനെതിരായി ഒന്നും ചെയ്യാൻ പറ്റുന്നില്ല മുങ്ങാതെ ശ്രമിക്കാമെന്നു മാത്രം.

അസിതാ ഞാൻ പറയാൻ പോയതെന്താണെന്നു വെച്ചാൽ, നിങ്ങൾക്ക് അണക്കെട്ടു കാണാൻ തോന്നുന്നില്ലെ?

എനിക്ക് വളരെയധികം മോഹമുണ്ട്.

എങ്കിൽ നമുക്ക് എന്തുകൊണ്ട് ഇന്നു തന്നെ പൊയ്ക്കൂടാ? ഇപ്പോൾ പത്തുമണിയായിരിക്കുന്നു. മൂന്നുമണിയോടുകൂടി തിരിച്ചു വരാം.

അവൾ ഈ നിർദ്ദേശം തീരെ പ്രതീക്ഷിച്ചിരുന്നില്ല. പ്രസൂൻ ചക്രവർത്തിയുടെ ഒപ്പം ഒറ്റയ്ക്കു പോകുന്നതിനെപ്പറ്റി അവൾ ആലോചിച്ചിട്ടുണ്ടായിരുന്നില്ല.

അസിതാ, പ്ലീസ്......

അയാളുടെ കണ്ണുകളിലെ അഭ്യർത്ഥന അവൾക്കു അവഗണിക്കാൻ കഴിഞ്ഞില്ല. അവളുടെ മനസ്സിൽ ഒരു സമരമായിരുന്നു. അവൾ ഒന്നും പറയാതെ എഴുന്നേറ്റ് അകത്തേക്കു നടന്നു.

പ്രസൂൻ ചക്രവർത്തിയുടെ മുഖം വിളറി. പറയാൻ പാടില്ലാത്ത ഒരു കാര്യം പറഞ്ഞ പോലെ അയാൾ വിഷണ്ണനായി തല കുനിച്ചിരുന്നു. താൻ കുറച്ചധികം സ്വാതന്ത്ര്യം എടുത്തു എന്നയാൾക്കു തോന്നി. അസിതയെ വിളിച്ച് മാപ്പു ചോദിക്കണമെന്നയാൾ തീർച്ചയാക്കി. പക്ഷേ എങ്ങിനെയാണ് തുടങ്ങേണ്ടതെന്നയാൾക്കറിയില്ല. ഒന്നാമതായി അവൾ അകത്താണ്. ഒരു പക്ഷേ വിളിക്കുന്നത് കൂടുതൽ അപമര്യാദയായെന്നും വരാം. അയാൾ കൈകൊണ്ട് മുഖം പൊത്തി തല താഴ്ത്തിയിരുന്നു. മുറിപ്പെട്ട വികാരങ്ങൾ കണ്ണീരായി ഒഴുകി. ഓടി രക്ഷപ്പെട്ടാലെന്താണെന്നുകൂടി അയാൾ ആലോചിച്ചു. പെട്ടെന്നാണ് അയാൾ അസിതയുടെ ശബ്ദം കേട്ടത്.

വരു.

അയാൾ മുഖമുയർത്തി. അയാൾക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. അസിത കടും മഞ്ഞയിൽ കറുത്ത പൂക്കളുള്ള സാരിയുടുത്ത് ഒരുങ്ങിയിരിക്കുന്നു. നെറ്റിമേൽ കറുത്ത പൊട്ട്. തലമുടി കടക്കൽ കെട്ടിയിട്ട് ഉതിരാൻ ഇട്ടിരിക്കുന്നു.

എന്താണ് കരയുന്നത്?

ഞാൻ വിചാരിച്ചു.........അല്ലെങ്കിൽ ഞാനെന്തൊരു വിഡ്ഢിയാണ്.

ജീപ്പിൽ അസിതയോടൊപ്പം അണക്കെട്ടിലേക്കു കുതിക്കുമ്പോൾ പ്രസൂൻ പറഞ്ഞു.

നോക്കു, ഞാനെത്ര ഭാഗ്യവാനാണ്.

കാട്ടിൽ പുതിയ കണ്ടുപിടുത്തം സംഗതികൾ തെളിയിക്കുന്നതിനു പകരം കൂടുതൽ നിഗൂഢമാക്കുകയാണ് ചെയ്തത്. നാലടി ഉയരമുള്ള മൺഭരണിയിൽനിന്ന് അസ്ഥികൂടം പുറത്തെടുത്തു. എല്ലുകൾ താരതമ്യേന കേടുകൂടാതെയിരിക്കുന്നു. പക്ഷേ അദ്ഭുതമുണ്ടാക്കിയത് അതിനോടൊപ്പം കിട്ടിയ സാധനങ്ങളായിരുന്നു. സന്യാസിമാർ ഉപയോഗിക്കുന്നപോലുള്ള ഒരു കമണ്ഡലു, ഒരു രുദ്രാക്ഷമാല, ഒരു ദണ്ഡ് പിന്നെ ഒരു ജോടി മെതിയടി. ഈ സാധനങ്ങളെല്ലാം അത്ഭുതകരമാം വണ്ണം നല്ല നിലയിൽ സൂക്ഷിക്കപ്പെട്ടു കാണുന്നു. അയാൾ പെട്ടെന്ന് ടുട്ടാംഖമന്റെ ശവക്കല്ലറ ഓർത്തു. അവിടെ പക്ഷേ ഒരു പിരമിഡിന്റെ ഏറ്റവും ഉള്ളിലെ അറയിലാണ് അവ സൂക്ഷിക്കപ്പെട്ടിരിക്കുന്നത്. ഈ മൺഭരണിയാകട്ടെ അത്ര ഭദ്രമായി അടച്ചിട്ടുണ്ടായിരുന്നില്ല, എന്നു മാത്രമല്ല ഇത്രയും കാലം, അത് നൂറോ ആയിരമോ വർഷങ്ങളാവട്ടെ, നനഞ്ഞ മണ്ണിൽ തുറന്നു കിടക്കുകയായിരുന്നു. ഇത് യുക്തിക്ക് നിരക്കാത്ത ഒരു സംഭവമാണ്.

പ്രതിമയുടെ പുറം ഭാഗം വൃത്തിയാക്കാനായി അതു ചെരിച്ചു കിടത്തിയിരുന്നു. അതിലേ നടന്നുപോകുമ്പോൾ രാജശേഖരൻ ആ പ്രതിമയുടെ മുഖത്തു നോക്കി. അപ്പോഴാണതുണ്ടായത്. ഒരു ഇടി മിന്നൽ കണ്ണിൽ തട്ടിയ പോലെ കണ്ണു മഞ്ഞളിച്ചു. പിന്നെയുണ്ടായ ഇരുട്ടിൽ വീണ്ടും ആയിരം വിളക്കുകൾ തെളിഞ്ഞു മങ്ങി. ഒരു പർണ്ണശാല തെളിഞ്ഞുവന്നു. നൃത്തം ചെയ്യുന്ന മയിലുകൾക്കുമപ്പുറത്ത് ആശ്രമത്തിന്റെ വാതിൽക്കൽ നിൽക്കുന്ന മുനികുമാരി ആരാണ്? തലമുടി വള്ളികൾ കൊണ്ടു നെറുകയിൽ കെട്ടിവെച്ചു മരവുരിയുടുത്ത ഒരു മുനികുമാരി. ആ മായാദർശനം ഒരു നിമിഷത്തേക്കേ ഉണ്ടായുള്ളു. വീണ്ടും ഇരുട്ടിന്റെ കട്ടി കുറയുകയും പ്രകാശം കൺമുമ്പിൽ വളരുകയും ചെയ്തു.

ഈ മായക്കാഴ്ചയുടെ അടിസ്ഥാനമെന്താണെന്നയാൾക്കു പറയാൻ പറ്റിയില്ല, ഈ പ്രതിമ തന്നോട് സംവേദനം നടത്താൻ ശ്രമിയ്ക്കയാണോ? പൗരാണികമായ ഏതോ കാലത്തിലേയ്ക്ക് താൻ കാല്പനിക യാത്ര നടത്തുകയാണോ? എന്തായാലും ആ മായക്കാഴ്ച മോഹിപ്പിക്കുന്നതും അതേ സമയം തന്നെ ഭയപ്പെടുത്തുന്നതുമായിരുന്നു.

അണക്കെട്ട് തണുത്ത ഒരു ഭീകര ജന്തുവിനെപ്പോലെ മലർന്നു കിടന്നു. വായുവിൽ അപ്പോഴും സിമന്റിന്റെ മണമുണ്ടായിരുന്നു. അസിത ഒരു സുഗന്ധദ്രവ്യം പോലെ ആ വാസന ഉൾക്കൊണ്ടു. അവളുടെ മുഖം വികസിച്ചു.

എന്തൊരു ഭംഗി! ഞാൻ ഇതിനുമുമ്പ് ഇവിടെ വന്നില്ലെന്ന് ഓർക്കുമ്പോൾ സങ്കടം തോന്നുന്നു.

അഞ്ചുകൊല്ലം മുമ്പ് ഞാനിവിടെ വന്നപ്പോൾ ഇതൊരു ചെറിയ നദിയായിരുന്നു. പ്രസൂൻ പറഞ്ഞു. വേനൽക്കാലത്ത് ഒരു ചെറിയ അരുവി മാത്രം. വർഷക്കാലത്ത് ഇരുനിലയും മുട്ടി മഞ്ഞവെള്ളം കുത്തിയൊലിക്കുന്ന ഒരു മഹാനദി.

അണക്കെട്ടിനു മുകളിൽ നിൽക്കുമ്പോൾ വിശാലമായ ജലപ്പരപ്പ് കാണാം. അതവളിൽ അത്ഭുതവും ഭയവുമുണ്ടാക്കി. അതിൽ താഴ്ന്നു പോകുന്നതായി അവൾക്കു തോന്നി. താഴ്ന്ന് താഴ്ന്ന് വെള്ളത്തിന്റെ അടിയിലെത്തുകയാണ്.

അസിതയുടെ ദേഹത്തിൽ കോരിത്തരിച്ചത് അയാൾ കണ്ടു. അവൾക്കു ലജ്ജയായി.

ഞാൻ ഈ വെള്ളത്തിൽ ആണ്ടുപോകുന്നതിനെപ്പറ്റി ഓർക്കുകയായിരുന്നു. എനി ക്കു വെള്ളം വലിയ പേടിയാണ്. പ്രത്യേകിച്ചും കെട്ടി നിർത്തിയ വെള്ളം. അതിന്റെ ഗാംഭീര്യവും നിഗൂഢതയും എന്നെ പേടിപ്പെടുത്തുന്നു.

പെട്ടെന്ന് പ്രസൂൻ അണക്കെട്ടിന്റെ അടിയിൽ കൂടി പോകുന്ന തുരങ്കങ്ങൾ ഓർത്തു. അസിതയെ കാണിക്കാം. സാധാരണ സന്ദർശകർക്ക് അതിൽ പ്രവേശനമില്ലായിരുന്നു. അയാൾ ഗെയ്റ്റിന്റെ താക്കോൽ വാങ്ങിക്കൊണ്ടുവന്നു. തുരങ്കത്തിലേയ്ക്ക് മുകളിൽ നിന്നു തന്നെ വാതിലുണ്ടായിരുന്നു. പൂട്ടു തുറന്ന് അകത്തു കടന്ന ശേഷം അയാൾ അഴികളുള്ള വാതിലടച്ചു പുറത്തു നിന്നു കുറ്റിയിട്ടു പൂട്ടിട്ടു.

ഇപ്പോൾ നമ്മൾ അകത്തുണ്ടെന്ന് ആർക്കും മനസ്സിലാവില്ല. കടന്ന ഉടനെയുള്ള സ്ഥലത്ത് പണിയായുധങ്ങൾ ഇട്ടിരുന്നു. കുറച്ചു നടന്നപ്പോൾ താഴേയ്ക്കുള്ള കോണിപ്പടികൾ. തട്ടിൽ മങ്ങിയ വിളക്കുകൾ വഴി കാണിക്കാൻ മാത്രം ഉപകരിച്ചു.

എനിയ്ക്കു പേടിയാവുന്നു. അസിത പറഞ്ഞു.

അയാൾ ചിരിച്ചു. ചിരിയുടെ അലകൾ ഗുഹയിൽ രണ്ടു മൂന്നാവർത്തി അലച്ചലച്ചു വന്നു. അവൾ അദ്ഭുതത്തോടെ നോക്കി.

നമ്മൾ ഒരു വലിയ ഗുഹയിലെത്തിയ പോലെ. അസിത പറഞ്ഞു.

അസിത എന്തെങ്കിലും ഒരു ശബ്ദമുണ്ടാക്കു. അതിന്റെ മാറ്റൊലി കേൾക്കാം പ്രസൂൻ പറഞ്ഞു.

അവൾ മടിച്ചു. പ്രസൂൻ പറയൂ.

അയാൾ ഒട്ടും മടിക്കാതെ പറഞ്ഞു.

അ-സി-താ-

അവളുടെ പേർ ഗുഹയുടെ തിരിവുകളിൽ പോയി മാറ്റൊലിയായി വരുന്നതവൾ കേട്ടു.

അയാൾ ഓടാൻ തുടങ്ങി. അവളും പിന്നാലെ ഓടി. അവരുടെ കളിയിലെ ബാലിശത്വം അവൾക്ക് വളരെ ഇഷ്ടപ്പെട്ടു. രാജുവിന്റെ ഒപ്പമാണ് വരുന്നതെങ്കിൽ ഇങ്ങിനെയൊന്നുമുണ്ടാവില്ല.

വീണ്ടും താഴേയ്ക്ക് കോണിപ്പടികൾ. സമതലങ്ങൾ. പെട്ടെന്ന് ഒരു വളവിൽ പ്രസൂൻ അപ്രത്യക്ഷനായി. അവളുടെ ഹൃദയം മിടിച്ചു. അയാൾ എവിടെയാണ് അപ്രത്യക്ഷനായതെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അവൾ ഉറക്കെ വിളിച്ചു.

പ്രസൂൻ.

മാറ്റൊലിയോടൊപ്പം അവൾ അവളുടെ പേരും കേട്ടു.

ഒന്നു വേഗം വരു. എനിയ്ക്ക് പേടിയാവുന്നു.

പെട്ടെന്ന് ഒരു തിരിവിൽ അവൾ പ്രസൂൻ പ്രത്യക്ഷപ്പെടുന്നതു കണ്ടു.

നിങ്ങളെന്നെ പേടിപ്പിച്ചു.

സോറി.

അവർ വീണ്ടും നടന്നു.

നമ്മൾ ഇപ്പോൾ നിൽക്കുന്നത് ഡാമിന്റെ ഏറ്റവും അടിയിലാണ്. ഇതിനു തൊട്ടടുത്ത് എൺപതടി ഉയരത്തിൽ വെള്ളമാണ്.

അവൾ നടുങ്ങി. ഭിത്തിയിൽ ഒരു വലിയ പിളർപ്പുണ്ടാവുന്നതും വെള്ളം തനിക്കു നേരെ കുത്തിയൊഴുകുന്നതും അവൾ മനസിൽ കണ്ടു.

പെട്ടെന്നാണതുണ്ടായത്. തട്ടിന്മേൽ ഇലക്ട്രിക് വയറുകളിൽ ഒന്നിൽ ഇരുട്ടിൽ ഒളിച്ചു നിന്ന രണ്ടു പ്രാവുകൾ ശബ്ദമുണ്ടാക്കി. അവരുടെ തലയ്ക്കു മുകളിൽകൂടി പറന്നുപോയി. അവൾ ഒരു നിലവിളിയോടെ പ്രസൂൻ ചക്രവർത്തിയെ കെട്ടിപ്പിടിച്ചു.

അയാൾ അവളെ മുറുകെപ്പിടിച്ചു.

പേടിച്ചുവോ? സാരമില്ല. അതു രണ്ടു പ്രാവുകൾ മാത്രമാണ്.

അസിതയുടെ ഹൃദയമിടിപ്പ് അയാൾക്കനുഭവപ്പെട്ടു.

ഇത്ര വേഗം പേടിച്ചാലോ?

അവൾക്കു പരിസരബോധം വന്നു, പെട്ടെന്ന് കൈകൾ വേർപെടുത്തി മാറി നിന്നു.

സോറി.

കൈകൾ ശൂന്യമായതു പ്രസൂൻ അറിഞ്ഞു. ഒരു നിമിഷം മുമ്പ് ഒരു സൗന്ദര്യദേവതയെ ആലിംഗനം ചെയ്ത കൈകൾ അയാൾ ചുംബിച്ചു. ഇപ്പോൾ അയാൾ അറിയുന്നത് സ്വന്തം ഹൃദയത്തിന്റെ മിടിപ്പായിരുന്നു. അയാൾ അഭയം നൽകിയ ദേഹത്തിന്റെ ആകൃതി അയാളുടെ മനസ്സിൽ നിന്നു പോയിരുന്നില്ല.

അസിത തലകുനിച്ചു നിൽക്കുകയായിരുന്നു.

പ്രസൂൻ പറഞ്ഞു.

അസിതാ, നോക്കു ഒരു നിമിഷം മുമ്പ് ഞാൻ ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള മനുഷ്യനായിരുന്നു.

അവൾ അയാളെ നോക്കി.

ലോകത്തിലേയ്ക്കു വെച്ച് ഏറ്റവും സുന്ദരിയായ പെൺകുട്ടിയുടെ സ്പർശം എനിക്കു ലഭിച്ചു.

അവളുടെ മുഖം ചുവന്നു.

ഞാൻ അത്ര ഭംഗിയൊന്നുമില്ലല്ലൊ.

നിന്നെക്കാൾ ഭംഗിയുള്ള ഒരു പെൺകുട്ടിയെ ഞാൻ കണ്ടിട്ടില്ല. അസിത, നീ വേറെ ഒരാളുടേതാണെന്നറിയാം. പക്ഷേ ഞാൻ നിന്നെ സ്‌നേഹിക്കുന്നു.

അയാൾ അവളുടെ ചുമലിൽ കൈ വെച്ചു. അവൾ അനങ്ങിയില്ല.

അസിതാ.........

അയാൾ അവളെ അരക്കെട്ടിലൂടെ ചേർത്തുപിടിച്ചു. ഒരു ഭ്രാന്തമായ നിമിഷം. അയാൾ അവളെ വരിഞ്ഞു മുറുക്കി ആലിംഗനം ചെയ്തു. ചുംബിച്ചു. അവൾ വഴങ്ങിക്കൊടുത്തു. അയാളുടെ ബലിഷ്ഠമായ കൈകകൾ അവൾക്കൊരു പുതിയ അനുഭവമായിരുന്നു.

നിലത്ത് ഈർപ്പമുണ്ടായിരുന്നു. പക്ഷേ ഒരു സംഗമത്തിന്റെ ചൂടിനെതിരെ ആ തണുപ്പ് നിസ്സാരമായിരുന്നു.

ഞാൻ നിന്നെ സ്‌നേഹിക്കുന്നു അസിതാ.

ഞാനും.

അയാളുടെ ചുണ്ടുകൾ അവളുടെ മൃദുലദേഹത്തിലൂടെ ഒഴുകി നടന്നു. അവൾ ആകാശത്തിൽ ഒരു മേഘമായി, ഒരു മഴവില്ലായി, ഒരു നക്ഷത്രമായി മാറി. അനുഭൂതികളുടെ നവരത്‌നങ്ങൾ പതിച്ച തെരുവീഥികളിലൂടെ അവൾ അലഞ്ഞു നടന്നു. എവിടെയും വർണ്ണം മാത്രം, കടും വർണ്ണങ്ങൾ. അവയിൽ അവൾ അലിഞ്ഞില്ലാതാവുകയാണ്.

രാജശേഖരൻ തികച്ചും സ്തബ്ധനായിരുന്നു. പ്രതിമയും തന്റെ മായക്കാഴ്ചകളും തമ്മിലുള്ള ബന്ധം അയാൾക്കു മനസ്സിലായിരിക്കുന്നു. പക്ഷേ എന്താണ് ആ പ്രതിമ തന്നോട് പറയാൻ ശ്രമിക്കുന്നത്? അസ്ഥികൂടത്തിന്റെ ഉടമസ്ഥനായ മുനിയും തന്റെ മായക്കാഴ്ചകളിലെ മുനികുമാരിയും തമ്മിലുള്ള ബന്ധമെന്താണ്? ഈ രഹസ്യം അനാവരണം ചെയ്താലെ തനിക്ക് മനസ്സമാധാനമുണ്ടാവൂ.

രാവിലെ രാജശേഖരൻ പുറപ്പെടുമ്പോൾ അസിതയും പുറപ്പെടുന്നുണ്ടായിരുന്നു.

നീ എന്തിനാണ് വരുന്നത്? അയാൾ ചോദിച്ചു. ഇന്ന് എനിക്ക് ജോലിയുണ്ടാവും നിനക്ക് ബോറടിക്കില്ലെ?

ഇവിടെ ഇരുന്നാലും ബോറടി തന്നെ പിന്നെ അവിടെ.......

അവിടെ പ്രസൂൻ ചക്രവർത്തി ഉണ്ടാകുമെന്നു പറയാനാണ് അവൾ ഓങ്ങിയത്. പക്ഷേ വാചകം മുഴുമിപ്പിച്ചില്ല.

കാട്ടിൽ ബുൾഡോസറുണ്ടായിരുന്നു, പക്ഷികളുടെ ശബ്ദവും, പ്രസൂൻ ചക്രവർത്തിയും. അയാൾ സാധാരണപോലെ ജീപ്പും ചാരി അവർ ബൈക്കിൽ വരുന്നതും നോക്കി നിൽക്കുകയാണ്.

കാടിന്റെ മാസ്മരരീതികൾ രാജശേഖരനെ ക്ഷണം ഒരു മാന്ത്രിക ലോകത്തെത്തിച്ചു. ഒരു സ്വപ്നാടകനെപ്പോലെ അയാൾ നടന്നു. അസ്ഥികൂടം ഉൾപ്പെട്ട മൺപാത്രത്തിന് നാലായിരത്തോളം വർഷത്തെ പഴക്കമുണ്ടെന്ന് കണക്കാക്കിയിരുന്നു. ആ പാത്രത്തിന്റെയും അതിലെ രൂദ്രാക്ഷ മാലയുടെയും കമണ്ഡലുവിന്റെയും കേടുറ്റ നില അലൗകികമായ ഒരു പ്രതിഭാസത്തിന്റെ സാന്നിദ്ധ്യം കാണിച്ചു. തനിക്കറിയാവുന്ന ശാസ്ത്ര സിദ്ധാന്തങ്ങളുടെ അളവുകോൽ ഇവിടെ പറ്റില്ലെന്നയാൾ മനസ്സിലാക്കി. അപ്പോഴാണ് പുരാണങ്ങളെപ്പറ്റി അയാൾ ഓർത്തത്. ഒരു പക്ഷേ അവ വല്ല സൂചനയും തരുമായിരിക്കും.

അയാൾ പ്രതിമയുടെ മുഖം അഭിമുഖീകരിക്കുകയും പരിചിതവും ശക്തവുമായ ഒരു മിന്നൽ അയാളെ താൽക്കാലികമായി അന്ധനാക്കുകയും ചെയ്തു. ഇരുട്ടിന്റെ തിരശ്ശീലയിൽ അയാൾ ഒരായിരം വിളക്കുകൾ കത്തുന്നതും മങ്ങുന്നതും കണ്ടു. പിന്നെ ആ ചിത്രം വീണ്ടും. പർണ്ണശാലയുടെ വാതിൽക്കൽ നിൽക്കുന്ന മുനികുമാരിക്ക് പുറമെ കുറച്ചകലെ അയാൾ മുനിയേയും കണ്ടു. കമണ്ഡലുവും ദണ്ഡുമേന്തി മരവുരിയുടുത്തു നിൽക്കുന്ന മുനി. ശുഷ്‌ക്കനായ ആ മുനിക്കെതിരെ നിന്നിരുന്ന മുനികുമാരിയുടെ സൗന്ദര്യം രാജശേഖരൻ ദർശിച്ചു. പരുപരുത്ത മരവുരിക്കു മുകളിൽ മൃദുദേഹത്തിന്റെ ആകൃതിയും മുഴുമുഴുപ്പും അയാൾ കണ്ടു. മുഖത്തെ അലൗകിക സൗന്ദര്യവും. ദൃശ്യം സാവധാനത്തിൽ മങ്ങി ഇല്ലാതായി.

പരിസരബോധമുണ്ടായപ്പോൾ അയാൾ ചുറ്റും നോക്കി. അസിതയെ കാണാനുണ്ടായിരുന്നില്ല. കുറച്ച് മുമ്പ് അവളും എഞ്ചിനീയറും അവിടെ നിന്നു സംസാരിച്ചിരുന്നു. ഒരു പക്ഷേ നടക്കാൻ പോയിട്ടുണ്ടാകും. എന്തായാലും അവൾക്കിവിടെ കൂട്ടിനൊരാളുണ്ടായത് നന്നായി.

ഏതാണ് ഈ മുനിയും മുനികുമാരിയും? അയാൾ ഓർമ്മയിലൂടെ പിന്നോക്കം പറന്നു. കുട്ടിയായിരിയ്ക്കുമ്പോൾ മുത്തശ്ശി പറയാറുള്ള കഥകൾ ഓർത്തു. ഒരു പേരിനു വേണ്ടി അയാൾ മനസ്സിന്റെ ഇരുണ്ട കലവറകളിൽ ഒരു മൺചിരാതുമായി പരതി. ആരാണ് കല്ലായ മുനി കുമാരി? മുത്തശ്ശി നീണ്ടുകിടക്കുന്ന ചെവിഞാത്തുകൾ ആട്ടിക്കൊണ്ട് കഥകൾ പറഞ്ഞു. പെട്ടെന്നയാൾ ആ പേരോർത്തു.

അഹല്യ!

ദേവേന്ദ്രനുമായി രതിയിലേർപ്പെട്ടു എന്ന കുറ്റത്തിന്ന് ഭർത്താവായ ഗൗതമ മഹർഷിയാൽ കല്ലാവാൻ ശപിക്കപ്പെട്ട സുന്ദരിയായ അഹല്യ. പക്ഷേ ശ്രീരാമ പാദസ്പർശം കൊണ്ട് ശാപമോക്ഷം ഉണ്ടാകുമെന്നാണ് പുരാണങ്ങൾ പറയുന്നത്. ശതാബ്ദങ്ങൾക്കു ശേഷം വന്ന ശ്രീരാമൻ ഒരു പക്ഷേ ഈ കല്ല് സ്പർശിച്ചിട്ടുണ്ടാവില്ല്യ. അഹല്യ ശാപമോക്ഷത്തിനായി ഇപ്പോഴും കാത്തു കിടക്കുകയാണ്. ഒരു പാദസ്പർശത്തിനായി.

മുനിയുടെ അവശിഷ്ടങ്ങൾ മന്ത്രനിബദ്ധമായതുകൊണ്ടായിരിക്കണം കേടുവരാതെ കിടക്കുന്നതെന്ന് അയാൾക്കു തോന്നി. അങ്ങിനെയാണെങ്കിൽ പർണ്ണശാലയും കേടുപറ്റാതെ നിലനിൽക്കാൻ സാദ്ധ്യതയുണ്ട്. മണ്ണിനടിയിൽ പോയിട്ടില്ലെങ്കിൽ ഇപ്പോൾ തന്നെ കണ്ടു പിടിയ്ക്കാൻ കഴിഞ്ഞെന്നു വരും. അതും കൂടി കണ്ടുപിടിച്ചാൽ തനിക്ക് ഈ മാന്ത്രിക വലയത്തിൽ നിന്ന് രക്ഷപ്പെടാമെന്ന് അയാൾക്കു തോന്നി. കിടങ്ങിൽ നിന്നു കയറി, വള്ളികൾ തൂങ്ങിക്കിടക്കുന്ന വൃക്ഷങ്ങൾ ഇടതൂർന്നു വളർന്ന കാട്ടിലൂടെ അയാൾ നടന്നു. ഇടയ്ക്കിടയ്ക്ക് വെളിംപ്രദേശങ്ങൾ, ഇടതൂർന്ന കാട്. കാട്ടിൽ ഇലകൾ വീണു കിടന്ന മണ്ണിലൂടെ അയാൾ ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞു.

പെട്ടെന്ന് അയാൾക്ക് കണ്ണുകളെ വിശ്വസിക്കാൻ പറ്റിയില്ല. ഒരു വെളിംപ്രദേശത്തിനുമപ്പുറത്ത് ചെറിയ ഒരു കുടിൽ. അതിന്റെ മുകളിൽ നിറയെ വള്ളികൾ പടർന്നുകയറി പൂത്തുനിന്നിരുന്നു. അയാളുടെ ഹൃദയം മിടിച്ചു. അവസാനം അതു കണ്ടെത്തി. അയാൾ പർണ്ണശാലക്കു നേരെ നടന്നു. വള്ളികൾ പിടിച്ചു കയറിയിട്ടുണ്ടെന്നല്ലാതെ ആ കുടിലിന് കാര്യമായി കേടൊന്നും പറ്റിയിട്ടുണ്ടായിരുന്നില്ല. തുറന്നു കിടന്ന മുൻവാതിലിലൂടെ അയാൾ അകത്തുകയറി. വളരെ ചെറിയ ഒരു മുറി മാത്രം. പിന്നിലേക്ക് ഒരു ജനലും. ജനലിന്റെ പകുതിയും ഇലകൾ കൊണ്ട് മൂടിയിരുന്നു. അതിലൂടെ പർണ്ണശാലയുടെ പിൻഭാഗത്തേക്കു നോക്കിയപ്പോൾ അയാൾ ഞെട്ടി പിൻമാറി. അവിടെ രണ്ടു ജീവനുള്ള രൂപങ്ങൾ, ധൈര്യം സംഭരിച്ച് അയാൾ വീണ്ടും നോക്കി.

മൈഥുനത്തിലേർപ്പെട്ട നഗ്നരായ ഒരു സ്ത്രീയും പുരുഷനും. വികാരാധിക്യത്താൽ അവർ പുൽത്തട്ടിൽ കിടന്നുരുളുകയാണ്. പിന്നെ രതിയുടെ അവസാനത്തിൽ പാതിയടഞ്ഞ കണ്ണുകളോടെ വികാരമൂർഛയിൽ കിടക്കുന്ന ചെറുപ്പക്കാരിയെ അയാൾ തിരിച്ചറിഞ്ഞു.

പെട്ടെന്ന് ഉയർന്നു വന്ന ഒരു തേങ്ങൽ മനസ്സിലമർന്ന് അയാളെ ശ്വാസം മുട്ടിച്ചു. ജലബാഷ്പങ്ങൾ കണ്ണടയുടെ കട്ടിയുള്ള ചില്ലുകൾ മങ്ങിച്ചു. കണ്ണട ഊരി തുടച്ചുകൊണ്ട് അയാൾ എന്തു ചെയ്യണമെന്നറിയാതെ നിന്നു. പിന്നെ ഒരിക്കൽക്കൂടി നോക്കാൻ ധൈര്യമില്ലാതെ അയാൾ തിരിച്ചു നടന്നു. കാട്ടിൽ അയാൾക്ക് വഴി നഷ്ടപ്പെട്ടിരുന്നു. അനന്തമായ കാലത്തിലൂടെ അയാൾ അലഞ്ഞു നടന്നു. എവിടെയും എത്താൻ അയാൾ ആഗ്രഹിച്ചിരുന്നില്ല. അവസാനം അയാൾ പുറപ്പെട്ടിടത്തു തന്നെ തിരിച്ചെത്തി.

അവിടെ പ്രാകൃതമായി വളർന്ന മരങ്ങളുടെയും വള്ളികളുടെയും ഇരുണ്ട മേലാപ്പിനു താഴെ ഒരു കല്ലായി, ദുഃഖമായി ശാപമോക്ഷവും കാത്ത് അഹല്യ കിടന്നു.

കലാകൗമുദി വാരിക - ഒക്ടോബര്‍ 1, 1978

ഈ കഥയെക്കുറിച്ച്

മറ്റുകഥകള്‍