ആർക്കും വേണ്ടാതെ വലിച്ചെറിഞ്ഞ ഒരു ചിത്രം


ഇ ഹരികുമാര്‍

തോളിലിട്ട സഞ്ചി നിലത്തിറക്കിവച്ച് സിമന്റിട്ട ഉമ്മറത്തിണ്ണയിൽ നളിനി ഇരുന്നു. സ്റ്റേഷനിൽനിന്നുള്ള ഒന്നര കിലോമീറ്റർ നടത്തം അവളെ തളർത്തി. ഓട്ടോറിക്ഷക്കു വേണ്ടിയുള്ള കാത്തുനിൽപ് തന്നെ അവളെ ക്ഷീണിപ്പിച്ചിരുന്നു. ഒന്നര കിലോമീറ്റർ ഓടാൻ ഒരു റിക്ഷക്കാരനും തയ്യാറായില്ല.

അമ്മ പുറത്തേയ്ക്കു വന്നു, പിന്നാലെ ജ്യേഷ്ഠത്തിയമ്മയും. അനിത സ്‌കൂളിൽ പോയിട്ടുണ്ടാവും. മുറ്റത്ത് കാറില്ലെന്നത് അവൾ ശ്രദ്ധിച്ചു. രാജേട്ടൻ പുറത്തു പോയിട്ടുണ്ടാവും.

'കുട്ടീ, വണ്ടി സമയത്തിനുതന്നെ വന്നു അല്ലെ?' ദേവി ചോദിച്ചു.

അവൾ മൂളി. ഒരു ചായ കുടിക്കണം. ചായ ചോദിച്ചാൽ ഫ്‌ളാസ്‌കിൽ ഒഴിച്ചുവച്ച ചായയെടുത്തു തരും. അതിന്റെ കെട്ട സ്വാദോർത്തപ്പോൾ അവൾ ചായ വേണ്ടെന്നു തീർച്ചയാക്കി.

'രാജൻ അമ്പലത്തില് തൊഴാൻ പോയിരിക്ക്യാണ്, ഇപ്പോ വരും.' അമ്മ പറഞ്ഞു.

'കാറുമെടുത്തിട്ടോ?'

'അതെ.' മറുപടി പറഞ്ഞത് ദേവിയായിരുന്നു.

പത്തു മിനുറ്റ് നടക്കാനുള്ള ദൂരമേയുള്ളു അമ്പലത്തിലേയ്ക്ക്. അതിനാണ് കാറുമെടുത്ത് ഇറങ്ങിയിരിക്കുന്നത്. നളിനി ഓർത്തു. കുട്ടിക്കാലത്ത് എന്നും രാവിലെ തൊഴാൻ പോകാറുള്ളതാണ്. മെയിൻ റോഡിലൂടെ പോകാതെ ഇടവഴിയിലൂടെ നടന്നാൽ അഞ്ചുമിനുറ്റിൽ അമ്പലനടയിലെത്താം. താലത്തിൽ പൂക്കളുമായി അമ്മ പിന്നിൽ നടക്കും. രാവിലെ കാറ്റിൽ പൂക്കളുടെ മണമുണ്ടാവും. വീടുകൾക്കരികിലൂടെ നടക്കുമ്പോൾ പലഹാരങ്ങളുടെ മണം വരും. തിരുവാതിരക്കാലത്ത് വരണ്ട തണുത്ത കാറ്റ് അലോസരപ്പെടുത്തുന്നതോടൊപ്പം മനസ്സിനെ ശാന്തമാക്കുകയും ചെയ്യും. അശാന്തി തന്റെ കൂടപ്പിറപ്പായിരുന്നു. അമ്മായി വീട്ടിൽ താമസമാക്കിയതിൽപ്പിന്നെ അവരും അമ്പലത്തിലേയ്ക്കുണ്ടാവും. അതോടെയാണ് അമ്പലത്തിൽ പോകാനുള്ള ആഗ്രഹം തന്നെ ഇല്ലാതായത്. എല്ലാറ്റിനും എതിരു പറയുന്ന പ്രകൃതമായിരുന്നു അമ്മായിയുടേത്. അവരുടെ ഒപ്പം അമ്പലത്തിൽ പോകാൻ താൽപര്യമില്ലാത്തതുകൊണ്ട് പലപ്പോഴും പുറത്തായിയെന്ന് നുണ പറയാറുണ്ട്. അമ്മായി പറയും. 'ഈ പെണ്ണിനെന്താ മാസത്തിൽ നാലു പ്രാവശ്യാണോ വര്വാ.'

'വാ ദോശ കഴിക്കാം.' അകത്തേയ്ക്കു നടന്നുകൊണ്ട് അമ്മ പറഞ്ഞു.

അവൾക്കു വിശക്കുന്നുണ്ടായിരുന്നു. നാലരമണിയ്ക്ക് വീട്ടിൽനിന്നിറങ്ങിയപ്പോൾ കാപ്പിയും ബിസ്‌കറ്റും മാത്രമേ കഴിച്ചുള്ളൂ. രവിയേട്ടൻ തന്നെ സ്‌കൂട്ടറിൽ സ്റ്റേഷനിൽ കൊണ്ടുപോയാക്കി, തിരിച്ചുപോയി ഇഡ്ഡലി പാത്രം അടുപ്പത്തു കേറ്റിയിട്ടുണ്ടാവും. പിന്നെ കുളിച്ചു കഴിഞ്ഞാൽ മക്കളെ വിളിച്ചുണർത്തും. ഇപ്പോൾ രണ്ടുപേരും സ്‌കൂളിൽ പോകാൻ തയ്യാറായി ബസ്സും കാത്തു നിൽക്കുന്നുണ്ടാവും.

നളിനി അമ്മയുടെ കൂടെ അകത്തേയ്ക്കു നടന്നു. തളത്തിലെത്തിയപ്പോഴാണവൾ കണ്ടത്. തളത്തിൽനിന്ന് ഊൺമുറിയിലേയ്ക്ക് കടക്കുന്ന വാതിലിനു മുകൾഭാഗം ഒഴിഞ്ഞുകിടക്കുന്നു. രണ്ടുമാസം മുമ്പ് വന്നപ്പോഴും തന്റെ ഫോട്ടോ അവിടെ തൂങ്ങിയിരുന്നു. രണ്ടാം വയസ്സിൽ എടുത്ത ഫോട്ടോ. കയ്യിൽ കളിപ്പാവയുമായി തന്നേക്കാൾ വലിയൊരു ഫ്രോക്കും ധരിച്ച് ഒരു സ്റ്റൂളിന്മേൽ സങ്കടത്തോടെ ഇരിക്കുന്ന ആ ഫോട്ടോ അവളെ സംബന്ധിച്ചേടത്തോളം ഒരു ഇതിഹാസമായിരുന്നു. ആ ഫോട്ടോ എടുക്കാനുണ്ടായ സാഹചര്യങ്ങൾ, സ്റ്റുഡിയോവിൽ സറ്റൂളിൽ ഒറ്റക്കിരുത്തുമ്പോഴേല്ലാം താൻ വാവിട്ടു കരഞ്ഞത്. ഒരു മണിക്കൂർ നേരത്തെ അദ്ധ്വാനത്തിനു ശേഷവും വഴങ്ങാത്ത തന്നെ അച്ഛൻ പുറത്തു കൊണ്ടുപോയി പാവക്കുട്ടിയെ വാങ്ങിത്തന്നത്. ഫോട്ടോ എടുക്കൽ കഴിഞ്ഞിട്ടും കരഞ്ഞുകൊണ്ടിരുന്ന തന്നെ പാർക്കിൽ കൊണ്ടു പോയത്, അങ്ങിനെയങ്ങിനെ താനും അച്ഛനുമായി ഇഴുകിച്ചേർന്ന അടുപ്പത്തിന്റെ കഥകൾ കേട്ടുകേട്ട് സ്വന്തം ഓർമ്മക്കുറിപ്പുകളെപ്പോലെയായിരിക്കുന്നു. അവളെ സംബന്ധിച്ചേടത്തോളം അവ അച്ഛന്റെ മേലുള്ള അവകാശത്തിന്റെ സാക്ഷിപത്രമായി മാറിയിരുന്നു. ഇപ്പോൾ അവിടെ തന്റെ ഫോട്ടോ കാണാതിരുന്നപ്പോൾ എന്തുകൊണ്ടോ വല്ലായ്മ തോന്നി. താൻ വാതിലിനു മുകളിലേയ്ക്ക് നോക്കുന്നത് ദേവി കണ്ടിരുന്നു, പക്ഷെ ഒന്നും പറഞ്ഞില്ല.

ദോശ തിന്നുമ്പോൾ മുറ്റത്ത് കാർ വന്നുനിന്ന ശബ്ദം കേട്ടു. ദേവി ഉമ്മറത്തേയ്ക്കു പോയി. അമ്മ ചോദിച്ചു.

'ഒരു ദോശകൂടി എടുക്കട്ടെ?'

'വേണ്ട.'

'കുട്ടികൾക്കൊക്കെ സുഖല്ലെ?'

'അതെ. രവിയേട്ടനും സുഖം തന്നെ.' അമ്മയുടെ ചോദ്യങ്ങൾ കുറക്കാനായി അവൾ മുൻകൂറായി പറഞ്ഞു. അമ്മയ്ക്കതു മനസ്സിലായെന്നു തോന്നുന്നു. അവർ നിശ്ശബ്ദയായി.

'കുട്ടി എത്തിയോ?' രാജൻ അകത്തേയ്ക്കു കടന്നുകൊണ്ട് ചോദിച്ചു.

'എന്താ ഞാൻ വഴിതെറ്റിപ്പോകുമെന്ന് തോന്നിയോ.'

'കുട്ടി എന്തിനാണ് ചൂടാവുന്നത്?'

രാജന്റെ നെറ്റിയിൽ ചന്ദനം, ചെവിയിൽ പൂക്കൾ. നളിനി അയാളെ ആകെയൊന്നു നോക്കി.

'എന്താ തീരേ പിടിച്ചില്ലെന്നു തോന്നുന്നു.' അയാൾ ചോദിച്ചു.

'ഏയ്, സഖാവിന്റെ വേഷം! മാർക്‌സിസവും വേദാന്തവും ശ്രീകൃഷ്ണനും ഒക്കെക്കൂടി ഒരു ചമ്മന്തിയായതു കണ്ടപ്പോ നോക്കിയതാ.'

അയാൾ ഒന്നും പറയാതെ അവൾക്കെതിരായി ഇരുന്നു പ്ലേയ്റ്റ് മുമ്പിൽവച്ച് ദോശ എടുത്തു.

'ശ്രികൃഷ്ണൻ ഇപ്പോൾ അമ്പലത്തിലിരിക്കാറില്ലെന്നു കേട്ടല്ലൊ.'

'എന്തേ?' രാജൻ കാര്യമായിട്ടു തന്നെ ചോദിച്ചു. താനറിയാതെ വല്ല ദേവപ്രശ്‌നവും ഈയിടെ ഉണ്ടായോ എന്നയാൾ അദ്ഭുതപ്പെട്ടു.

'അല്ല, കാണാൻ വരുന്നവരുടെ കോള് കണ്ടപ്പോൾ അവിടെ ഇരിക്ക്യാതിരിക്ക്യാ നല്ലത് ന്ന് ഭഗവാന് തോന്നീട്ടുണ്ടാവും.'

ദേവിയുടെ മുഖം കറുക്കുന്നത് നളിനി സംതൃപ്തിയോടെ നോക്കി. അമ്മയും ഒന്നും പറയുന്നില്ല. രാജൻ ദോശ തിന്നുകയാണ്. ഒന്നും പറയുന്നില്ല. കുറച്ചുനേരം ആരും ഒന്നും പറഞ്ഞില്ല. മൗനം അസഹ്യമായിട്ടുണ്ടാകണം, രാജൻ ചോദിച്ചു.

'കുട്ടി എന്നാണ് പോണത്?'

'എന്താ ശല്യം എപ്പോൾ ഒഴിഞ്ഞുകിട്ടുമെന്നറിയാനാണോ?'

'അതേ.'

'ഞാൻ നാളെ രാവിലെ ബലിയിട്ട ഉടനെ പോവും.'

'ഊണു കഴിച്ചിട്ട് പോയാൽ പോരെ?' അമ്മ ചോദിച്ചു. സ്‌നേഹപ്രകടനത്തിന് കിട്ടുന്ന അപൂർവ്വം സന്ദർഭം കളയേണ്ടെന്ന് അമ്മ കരുതിക്കാണും.

'പോര. ആദ്യത്തെ ശ്രാദ്ധമായതുകൊണ്ടാ വന്നതുതന്നെ. അടുത്തവർഷം എന്നെ കാക്കേണ്ട.'

'അതു പറഞ്ഞാലൊന്നും പറ്റില്ല. അച്ഛന്റെ ശ്രാദ്ധത്തിന് വരാതെ പറ്റില്ല.' അമ്മ പറഞ്ഞു.

അവൾക്ക് ശ്രാദ്ധത്തിലൊന്നും വിശ്വാസമില്ല. മരിച്ചവർ മരിച്ചു. തനിക്ക് അച്ഛനോടുള്ള കടം സ്‌നേഹത്തിന്റേതു മാത്രമാണ്. അതു താൻ സ്‌നേഹം കൊണ്ടുതന്നെ വീട്ടിയിരിക്കുന്നു. മരിക്കുന്നതിന് മുമ്പുള്ള രണ്ടു വർഷങ്ങൾ അച്ഛന് തന്നോടുള്ള സ്‌നേഹത്തിന് വളരെയധികം മങ്ങലേറ്റിട്ടുണ്ടായിരുന്നു എന്നവൾ ഓർത്തു.

'സമയം എത്ര്യായി?' രാജൻ ചോദിച്ചു.

'ഒമ്പത്.' ദേവി പറഞ്ഞു.

'ഞാനൊന്ന് സ്റ്റേഷനിലേയ്ക്ക് ഫോൺ ചെയ്യട്ടെ.' അയാൾ എഴുന്നേറ്റു. നളിനി ചോദ്യത്തോടെ അമ്മയുടെ മുഖത്തു നോക്കി. ദേവി എഴുന്നേറ്റു പോയിരുന്നു. അവൾ ചോദിച്ചു.

'എന്തിനാണ് സ്റ്റേഷനിലേയ്ക്ക് ഫോൺ ചെയ്യണത്?'

'അതേയ്,' അമ്മ മടിച്ചുകൊണ്ട് പറഞ്ഞു. 'പ്രേമ വരുന്നുണ്ട് കോഴിക്കോട്ട്ന്ന്. കാറുംകൊണ്ട് സ്റ്റേഷനില് ചെല്ലാൻ ഫോൺ ചെയ്തിരുന്നു.'

'എന്തിനാ അവള് വരണത്?'

'അവൾക്ക് രാവുണ്ണിമ്മാന്റെ ശ്രാദ്ധത്തിന് ബലിയിടണംത്രെ.'

'ഓ അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാൻ മരുമകൾക്കാണ് കൂടുതൽ താൽപര്യം! അതും സ്വന്തം മരുമകളൊന്നുമല്ല. എവിടെനിന്നോ അച്ഛന്റെ വകയിൽപെട്ട പെങ്ങളാണെന്ന പേരും പറഞ്ഞ് വലിഞ്ഞുകയറിയ സ്ത്രീ. നാണുമ്മാമ കല്യാണം കഴിച്ചതോടുകൂടി ഈ വീട്ടിലെ ഭരണം മുഴുവൻ അവരുടെ കയ്യിലുമായി. ആ അമ്മായിയുടെ മകൾ മാത്രല്ലേ പ്രേമ? നാണുമ്മാമടെ ഭാഗ്യത്തിന് മൂപ്പര് നേരത്തെ തന്നെ പോയി. മരിച്ചുകഴിഞ്ഞിട്ടെങ്കിലും എന്റെ അച്ഛന് സ്വൈരം കൊടുത്തുകൂടെ?'

അമ്മ ഒന്നും പറയുന്നില്ല. അമ്മായി കഴിഞ്ഞാൽ തന്റെ ജീവിതം ദുസ്സഹമാക്കിയ നാടകത്തിലെ ഒരു പ്രധാന കഥാപാത്രമാണ് അവരുടെ മകൾ പ്രേമ. അമ്മയ്ക്കതറിയാം. അല്ലെങ്കിൽ ഒട്ടും അപ്രധാനമല്ലാത്ത ഭാഗം അമ്മയും അഭിനയിച്ചതല്ലെ.

'അവൾക്കെന്താ നടന്നു വരാൻ പറ്റില്ലേ?' നളിനി ചോദിച്ചു.

'കാറുംകൊണ്ട് സ്റ്റേഷനീ ചെല്ലണംന്ന് അവള് ഫോൺ ചെയ്തു പറഞ്ഞിരിക്കുണു.'

'ഞാനും വരുന്ന വിവരത്തിന് ഫോൺ ചെയ്തതല്ലെ? എന്നിട്ട് കാറും കൊണ്ട് സ്റ്റേഷനിൽ വന്നോ രാജേട്ടൻ?'

'നീ ആവശ്യപ്പെട്ടിട്ടുണ്ടാവില്ല.'

'ആവശ്യപ്പെടണം അല്ലെ? കാൽക്കൽ വീണ് കെഞ്ചണം അല്ലെ?' അവളുടെ ശബ്ദം ഉയർന്നു. 'പ്രേമ ആവശ്യപ്പെട്ടില്ലെങ്കിലും രാജേട്ടൻ സ്റ്റേഷനിൽ പോയി കൊണ്ടുവരില്ലേ?'

പ്രേമ വരുമ്പോൾ അമ്മയുണ്ടാക്കാറുള്ള വെപ്രാളം അവൾക്കറിയാം. പ്രേമയെ കൂട്ടാൻ പോകാൻ രാജേട്ടനെ ഓർമ്മിപ്പിക്കേണ്ട ആവശ്യമില്ലെങ്കിലും മണിക്കൂറിൽ നാലു പ്രാവശ്യം അമ്മ പറയും. 'പ്രേമ ഒറ്റയ്ക്കാണ്‌ട്ടോ വരണത്, കാറും കൊണ്ട് സ്റ്റേഷനിൽ പോണം. മറക്കണ്ട.' ഇവിടെ സ്വന്തം മകൾ ഒറ്റയ്ക്ക് വരുമ്പോൾ അമ്മയ്ക്ക് വിഷമമൊന്നുമില്ല. താൻ കുട്ടികളുമായി ഒറ്റയ്ക്ക് മദ്രാസിൽനിന്ന് വരുമ്പോഴും രാജേട്ടൻ സ്റ്റേഷനിൽ വന്നിരുന്നതൊന്നുമില്ല. ഇങ്ങിനെയുള്ള സന്ദർഭങ്ങളിൽ രവിയേട്ടൻ പറയാറുണ്ട്. 'നിന്റെ കഴിവിൽ വിശ്വാസമുള്ളതുകൊണ്ടാണങ്ങിനെ'. അമ്മയ്ക്ക് തന്നോടുള്ള സ്‌നേഹം പണ്ടേ നഷ്ടപ്പെട്ടിരുന്നു. വളരെ മുമ്പായിരിക്കണം, കാരണം തനിക്ക് ഓർമ്മ വച്ച കാലം തൊട്ടേ ഇങ്ങിനെയാണ്. അച്ഛന്റെ കുറഞ്ഞുകുറഞ്ഞു വരുന്ന സ്‌നേഹം ഒന്നുകൊണ്ടു മാത്രമാണ് താൻ പിടിച്ചുനിന്നത്. അവസാനം അതും തീരെ നഷ്ടപ്പെട്ടു.

'നീ ഒന്ന് മിണ്ടാതിരിക്ക്.' അമ്മ ഭയത്തോടെ പറഞ്ഞു.

'ഞാൻ മിണ്ടാതിരിക്ക്യൊന്നും ഇല്ല.' അവൾ ഉറക്കെ പറഞ്ഞു. എങ്കിലും അവൾ നിശ്ശബ്ദയായി. ഉള്ളിൽ കൊടുങ്കാറ്റിന്റെ ആരവമായിരുന്നു.

രാജേട്ടൻ സ്റ്റേഷനിലേയ്ക്കു പോയിരുന്നു. ഇനി പ്രേമയുടെ വരവുണ്ടാവും, അതിനോടനുബന്ധിച്ചുള്ള കാട്ടിക്കൂട്ടലുകളും. എന്തുകൊണ്ടോ വരേണ്ടിയിരുന്നില്ലെന്നു തോന്നി നളിനിക്ക്. ഈ വീട്ടിൽ താനൊരധികപ്പറ്റാണെന്ന തോന്നൽ ഓരോ നിമിഷവും അവളെ വിഷമിപ്പിച്ചിരുന്നു. അച്ഛന്റെ സ്‌നേഹം കിട്ടിയിരുന്ന സമയത്തുപോലും അതു മുഴുവൻ അനുഭവിക്കുന്നതിൽനിന്ന് തന്നെ വിലക്കിയിരുന്ന അമ്മായി മരിച്ചുപോയപ്പോൾ എല്ലാം ശരിയാവുമെന്ന തന്റെ കണക്കുകൂട്ടലുകൾ വീണ്ടും തകിടം മറിഞ്ഞു. അമ്മായിയുടെ ഭരണം പുതിയ തലമുറ ഏറ്റെടുത്തു എന്നു മാത്രം.

ദേവി കുളിക്കാൻ പോയപ്പോൾ അമ്മ പറഞ്ഞു.

'ഇനി പ്രേമ വന്നാൽ നീ ഒന്നും കാണിക്ക്യൊന്നും അരുത്‌ട്ടോ.'

അമ്മയ്ക്ക് ഇപ്പോഴെ വേവലാതി തുടങ്ങി.

'ആ നിലവിളക്കും താലോം എവിടമ്മേ?'

'എന്തിനാ?'

'ഒന്ന് തൊടച്ചു വെയ്ക്കാം. പ്രേമ വരുമ്പോ പിടിക്കാനാ.'

ആ സ്ത്രീ, മകളെ പേടിച്ചു. അവളുടെ ഓരോ വാക്കുകളും ചാണമേലിട്ടു മൂർച്ചകൂട്ടിയതാണ്. അതവരെ എവിടെയൊക്കേയോ മുറിപ്പെടുത്തി.

'ആദ്യം അമ്മായിയും പിന്നെ പ്രേമയും ഈ അമ്മയും ഒക്കെക്കൂടിയാണ് എന്റെ അച്ഛനെ എന്നിൽനിന്ന് അകറ്റിയത്, നശിപ്പിച്ചത്. അച്ഛൻ അങ്ങിനെയൊന്നുമായിരുന്നില്ല.'

'പഴേ കാര്യങ്ങളൊക്കെ ഇപ്പോ പറഞ്ഞിട്ടെന്താ.'

'നമ്മൾ അതൊക്കെ മറക്കാതിരിക്കാൻ.' നളിനിയുടെ ശബ്ദം ഉയർന്നിരുന്നു.

പ്രേമ ഓരോ തവണ കോഴിക്കോട്ടുനിന്ന് വന്നുപോവുമ്പോളും അച്ഛൻ കൂടുതൽ കൂടുതൽ തന്നിൽനിന്ന് അകന്നുപോയിരുന്നു.

'പ്രേമ അച്ഛന്ന് കുപ്പികൾ കൊണ്ടുവന്നു കൊടുത്തിരുന്നത് അമ്മയ്ക്ക് ഓർമ്മയുണ്ടോ?'

അമ്മ മിണ്ടുന്നില്ല.

'അറുപത്തിരണ്ടു വയസ്സുവരെ കുടിച്ചിട്ടില്ലാത്ത മനുഷ്യനെ കുടിപ്പിച്ചിട്ട് അവൾ എന്തു നേടി?'

അമ്മ മിണ്ടുന്നില്ല.

'ആ വയസ്സൻ നിന്ന് ആഭാസത്തരം കാട്ടുമ്പോൾ അവൾക്ക് ആനന്ദമൂർഛയുണ്ടായിട്ടുണ്ടാവും അല്ലേ?'

അവർ നാട്ടിൽ സ്ഥിരമായി താമസിക്കാൻ മദ്രാസിൽനിന്ന് വരുന്നതിനു മുമ്പുതന്നെ അച്ഛന്ന് ഈ സ്വഭാവം തുടങ്ങിയിരുന്നു. മദ്രാസിൽനിന്ന് വന്ന് രണ്ടാം ദിവസം രാത്രിയാണ് അച്ഛന്റെ കുടിയെപ്പറ്റി നളിനി അറിഞ്ഞത്. അച്ഛൻ സംസാരം വളരെ കുറച്ചിരുന്നു. ഒരു വിധത്തിലതു നന്നായി, കാരണം സംസാരം എപ്പോഴും എത്തിപ്പെടുന്നത് സുഖകരമല്ലാത്ത സ്ഥിതിവിശേഷങ്ങളിലാണ്. പക്ഷെ രാത്രി ഊണു കഴിക്കാനിരുന്നപ്പോൾ അച്ഛന്റെ മുഖഭാവം അത്ര പന്തിയല്ലെന്ന് നളിനിക്ക് തോന്നി. കണ്ണുകൾ ചുവന്നിരുന്നു. അമ്മയോട് എന്തെല്ലാമോ പറഞ്ഞ് കയർക്കുന്നുമുണ്ടായിരുന്നു. ആരേയോ കൊള്ളിച്ചുള്ള വർത്തമാനം. നാവു കുഴയുന്നുമുണ്ടായിരുന്നു. രവിയേട്ടൻ ഒരു വിധം ഭക്ഷണം കഴിച്ചുവെന്ന് വരുത്തി മുകളിലേയ്ക്ക് പോയി. കുട്ടികൾ നേരത്തെ ഭക്ഷണം കഴിച്ച് പോയിരുന്നു.

ഊണു കഴിച്ച് എഴുന്നേറ്റപ്പോൾ അച്ഛന്റെ കാലുകളിടറി. ചെന്നു പിടിക്കാനാഞ്ഞ അമ്മയെ തട്ടിമാറ്റി അച്ഛൻ ആടിയാടി നടന്നു.

അച്ഛൻ കൈകഴുകി പോയപ്പോൾ നളിനി അമ്മയോട് ചോദിച്ചു.

'ഇതെപ്പോഴാണ് തുടങ്ങിയത്?'

'അതേയ്,' അമ്മ പറയാൻ തുടങ്ങി. ഭർത്താവിന്റെ അത്ര പന്തിയല്ലാത്ത പ്രകടനം മരുമകൻ കണ്ടതിൽ അവർക്ക് ജാള്യതയുണ്ടായിരുന്നു. 'അച്ഛനേയ് ഒരു ദിവസം നെഞ്ചിൽ വേദനണ്ടായി. അന്ന് പ്രേമണ്ടായിരുന്നു ഇവിടെ. അവളും രാഘവനുംകൂടി പോയി ഒരു കുപ്പി വാങ്ങിക്കൊണ്ടന്നു കൊടുത്തു. അതു കഴിച്ചപ്പോ നല്ല സുഖംണ്ടായി. അന്നു തൊടങ്ങീതാ. ഇപ്പൊത്തൊട്ട് കൊറച്ച് കൂടീട്ടുംണ്ട്. രാവിലെത്തൊട്ടന്നെണ്ട്. നിങ്ങള് വന്നതോണ്ടാ രണ്ടീസായിട്ട് കുപ്പി തൊറക്കാതിരുന്നത്.'

'കഷ്ടം.' നളിനി മൂക്കത്തു വിരൽവച്ചുകൊണ്ട് പറഞ്ഞു. 'പുതു വിശ്വാസിയല്ലേ, അപ്പോ കുറച്ച് കൂടുതലും കാണിക്കും. എത്ര കാലായി ഇതു തൊടങ്ങീട്ട്?'

'ഒരു കൊല്ലായി.'

'അപ്പൊ അമ്മയ്ക്ക് പറഞ്ഞ് നിർത്തായിര്ന്നില്ലെ?'

'അതോണ്ട് കൊഴപ്പം ഒന്നുംല്ല്യ. ഡോക്ടർ നാരായണൻകുട്ട്യേ കാട്ട്യേപ്പോ പറഞ്ഞു ഹൃദയത്തിന് നല്ലതാ കൊറച്ചു കുടിക്കണത് ന്ന്. ഒരു ഡോക്ടറ് പറേമ്പോ പിന്നെ.....'

അച്ഛന്റെ വ്യക്തിത്വത്തിനു വന്ന മാറ്റം അന്വേഷിച്ച് അധികം ദൂരമൊന്നും അലയേണ്ടല്ലോ.

പടിഞ്ഞാറേതിലെ എട്ടു സെന്റ് പറമ്പ് പ്രേമയുടെ പേരിലെഴുതിവച്ചുവെന്നറിഞ്ഞത് അച്ഛൻ മരിച്ച ശേഷമാണ്. ആ പറമ്പിനെപ്പറ്റി അച്ഛൻ പറയാറുണ്ട്. എന്റെ മോൾക്ക് ഞാനൊരു രണ്ടുനില മാളിക ഉണ്ടാക്കും അവിടെ. അച്ഛൻ ഉണ്ടാക്കിത്തരാൻ പോകുന്ന മാളികയെപ്പറ്റയുള്ള സങ്കൽപ്പങ്ങൾ കുറെക്കാലം അവളുടെ സ്വപ്‌നങ്ങൾക്ക് ചാരുത പകർന്നിരുന്നു. അച്ഛന്റെ കാലശേഷം മകന്റെ ഒപ്പമാണ് താമസിക്കുകയെന്ന് അമ്മ വളരെ മുമ്പേ തീർച്ചയാക്കിയിരുന്നു. 'ആൺമക്കളുടെ ഒപ്പം താമസിക്ക്യന്ന്യാണ് അന്തസ്സ്.' എന്ന് അമ്മ ഇടക്കിടയ്ക്ക് വല്ല്യമ്മയോട് പറയാറുമുണ്ട്. അപ്പോൾ ഇപ്പോഴുള്ള വീട് രാജന്നായിരിക്കും. അതിലും വലിയ വീടാണ് താൻ നളിനിക്ക് ഉണ്ടാക്കാൻ പോകുന്നതെന്ന് അച്ഛൻ പറയാറുണ്ട്. ആ സ്ഥലമാണ് തന്നെ അറിയിക്കുകകൂടി ചെയ്യാതെ പ്രേമയുടെ പേരിൽ എഴുതിവച്ചിരിക്കുന്നത്. ഒരു കുപ്പി കള്ളും മനസ്സാക്ഷിയില്ലാത്ത ഹൃദയവുമുണ്ടെങ്കിൽ പലതും നേടിയെടുക്കാം. തനിക്ക് ആ കഴിവില്ലാത്തതുകൊണ്ട് അഞ്ചു സെന്റ് സ്ഥലം വാങ്ങാൻ പോലും തികയാത്ത ഭാഗിച്ചുകിട്ടിയ സംഖ്യയും കൊണ്ട് മുറുമുറുപ്പില്ലാതെ ഒതുങ്ങേണ്ടിവന്നു. ആ പറമ്പു കിട്ടിയിരുന്നെങ്കിൽ എങ്ങിനെയെങ്കിലും ഒരു ബാങ്ക് ലോൺ സംഘടിപ്പിച്ച് വീടുണ്ടാക്കാമായിരുന്നു. ഇപ്പോൾ വീടിനെപ്പറ്റിയുള്ള സ്വപ്‌നങ്ങൾ മാത്രം ബാക്കിയായി.

മുറ്റത്ത് കാറിന്റെ വാതിലടക്കുന്ന ശബ്ദം കേട്ടപ്പോൾ അമ്മ എഴുന്നേറ്റു. പ്രേമയുടെ വരവാണ്. നളിനി എഴുന്നേറ്റില്ല. ഉമ്മറത്ത് പ്രേമയുടെ പൊട്ടിച്ചിരികൾ, രാജേട്ടന്റെ ഉറക്കെയുള്ള സംസാരം. വീട്ടിനുള്ളിലെ മൂകത ഒരു കൊടുങ്കാറ്റിൽ മുറ്റത്തെ കരിയിലകൾ പോലെ പറന്നുപോയി. പ്രേമയുടെ എയർബാഗും തൂക്കിപ്പിടിച്ച് രാജേട്ടൻ അകത്തേയ്ക്കു കടന്നു, പിന്നാലെ തൊട്ടുരുമ്മിക്കൊണ്ട് പ്രേമയും. അകത്ത് നളിനിയെ കണ്ടപ്പോൾ പ്രേമ നിന്നു.

'ആ, താങ്കളെത്തിയോ? രാജേട്ടനൊന്നും പറഞ്ഞില്ലല്ലോ.'

'നീ ചോദിച്ചിട്ടുണ്ടാവില്ല.'

'ചോദിക്ക്യേ?'

'ങും, എല്ലാറ്റിനും പ്രത്യേകം ആവശ്യപ്പെടണം. അതാണിവിടെ നിയമം.'

അമ്മ അവളെ തുറിച്ചു നോക്കി.

'അതു പോട്ടെ...' പ്രേമ പറഞ്ഞു. 'താങ്കൾ കൂടുതൽ സുന്ദരിയായിട്ടുണ്ടല്ലോ. എന്താണതിന്റെ രഹസ്യം?'

'കോഴിക്കോട്ടൊക്കെ പഞ്ചസാരയ്ക്ക് വില കുറവാണല്ലെ.'

'എന്താണ് നളിനിച്ചേച്ചി പെട്ടെന്ന് അങ്ങാടി നിലവാരത്തെപ്പറ്റി ചോദിക്കണത്?'

'അല്ലാ, സാധനം ഏറ്റവും വില കുറവാണെങ്കിലേ നീ വാങ്ങി വായിലിട്ടു നടക്കൂ. അത്രയ്ക്ക് പിശുക്കിയല്ലേ.'

'നോക്കൂ, രാഘവേട്ടനും എന്നെ പിശുക്കീന്നാ വിളിക്ക്യാ. എനിക്ക് തീരെ ഇഷ്ടല്ല്യാത്ത പേരാണ്‌ട്ടോ അത്? ദേവൂട്ടി എനിക്ക് ചായ വേണം. പിന്നെ ഫ്‌ളാസ്‌കിലെ ചായയൊന്നും തരല്ലേ. കഴിക്കാൻ എന്താണുള്ളത്. ഇഡ്ഡലിയായിരിക്കും. എനിക്ക് രണ്ടു ദോശയുണ്ടാക്കിത്തരൂ, അമ്മായി. അനിത ഉച്ചയ്ക്ക് വര്വോ?'

അമ്മ അടുക്കളയിലേയ്ക്കു പോയി, പിന്നാലെ ദേവിയും. രാജൻ പ്രേമയുടെ സഞ്ചി കിടപ്പറയിൽ കൊണ്ടുപോയിവച്ച് തിരിച്ചുവന്ന് അവളുടെ അടുത്തുതന്നെ ഇരുന്നു.

'രവിയേട്ടനെന്തു പറയുന്നു?' പ്രേമ ചോദിച്ചു. 'ഉണ്ണീം ലതയും സ്‌കൂളിൽ പോയിട്ടുണ്ടാവും അല്ലേ?'

അവൾക്ക് ചോദ്യങ്ങൾ മാത്രമേയുള്ളൂ. ഒന്നിനും മറുപടി കിട്ടണമെന്ന നിർബ്ബന്ധമില്ല. അവൾ രാജന്റെ നേരെ തിരിഞ്ഞു. 'രാജേട്ടൻ ഇന്ന് ലീവല്ലെ?'

'അല്ലാ,' രാജൻ പറഞ്ഞു. 'എന്താ ലീവെടുക്കണോ?'

'എടുക്കൂന്നേ.' അവൾ കൊഞ്ചിക്കൊണ്ടു പറഞ്ഞു.

ദോശയും ചായയും എത്തി. ദോശകഴിച്ചുകൊണ്ടിരിക്കേ പ്രേമ സംസാരിച്ചുകൊണ്ടിരുന്നു. അമ്മ പ്രേമയുടെ മകനെപ്പറ്റി വിശദമായി ചോദിക്കുന്നത് അല്പം ഈർഷ്യയോടെ നളിനി ശ്രദ്ധിച്ചു. ക്രമേണ താനും തന്റെ കുടുംബവും ഇതിന്റെയൊന്നും ഭാഗമല്ലെന്ന് അവൾക്കു മനസ്സിലായി. അവൾ എഴുന്നേറ്റ് മുകളിലേയ്ക്കു പോയി.

'ഇത് എന്റെ മുറിയായിരുന്നു'. മുറിയിൽ കടന്നുകൊണ്ട് അവൾ ആലോചിച്ചു. അഞ്ചു വയസ്സുമുതൽ കല്യാണം കഴിയുംവരെ അത് അവളുടെ മുറിയായിരുന്നു. ഒരു കൊച്ചുകുട്ടിയായി വീണ്ടും ഈ മുറിയിൽ ഉറങ്ങാൻ അവൾക്കു തോന്നി. അവളുടെ മണിയറയായിരുന്നതും ഈ മുറിതന്നെയാണ്. ഇപ്പോൾ ആരും ഉപയോഗിക്കുന്നില്ലെന്ന് തോന്നി. കിടക്കവിരി മുഷിഞ്ഞിരുന്നു. കോണിക്ക് എതിർവശത്തുള്ള മുറിയാണ് അനിത ഉപയോഗിക്കുന്നത്.

പെട്ടെന്നവൾക്ക് അനിതയെ കാണാൻ തോന്നി. മെലിഞ്ഞതെങ്കിലും സുന്ദരിയായിരുന്നു അവൾ. വളരെ ശാന്തമായ പ്രകൃതം. അവൾ എപ്പോഴും പറയാറുണ്ട്. 'ഞാനും അച്ചൻപെങ്ങളെപ്പോലെയാവുംന്നാ തോന്നണത്.'

അവളുടെ വാക്കുകളിൽ വളരെയധികം അർത്ഥം ഒളിച്ചിരിക്കുന്നുണ്ടെന്ന് നളിനിക്കറിയാം. തന്റെ ഛായയാണവൾക്കു കിട്ടിയിരിക്കുന്നത്. അതു മാത്രമല്ല അവളെ ഇഷ്ടമാവാൻ കാരണം. തന്റെ കൂടപ്പിറപ്പായ ഭാഗ്യമില്ലായ്മയും അവൾക്കു കിട്ടിയിട്ടുണ്ടെന്ന് നളിനിക്കു തോന്നാറുണ്ട്. അവളും താൻ കുട്ടിക്കാലത്ത് ചെയ്തപോലെ ജനൽക്കൽ നിന്ന് പുറത്തേയ്ക്കു നോക്കി കരഞ്ഞിട്ടുണ്ടാവണം. എന്തിനെന്നറിയാതെ.

താഴെ ഉറക്കെ സംസാരം, പൊട്ടിച്ചിരികൾ. അതു വേറെ ലോകമാണ്. ആ വീട്ടിൽ താഴെയുള്ള അന്തരീക്ഷമല്ല മുകളിലെ നിലയിലെന്ന് നളിനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. ഇവിടെ അന്തരീക്ഷം എപ്പോഴും കനത്തുനിന്നു. മിഥുനസന്ധ്യകൾ പോലെ. അവൾ കുറേ നേരം ജനലിന്റെ അഴികൾ പിടിച്ചുനിന്നു. 'അച്ഛൻപെങ്ങളിവിട്യാണോ, ഞാൻ എവിടെയൊക്കെ അന്വേഷിച്ചു' എന്ന പരിചിതമായ, സ്വീകാര്യമായ ശബ്ദം കേൾക്കുംവരെ.

'നീ സ്‌കൂളിൽനിന്ന് നേരത്തെ വന്നോ?' അവൾ ചോദിച്ചു.

'ഞാൻ അച്ചൻപെങ്ങള് വര്ണത് പ്രമാണിച്ച് നേരത്തെ വന്നതാ.' യൂനിഫോം അഴിച്ചുമാറ്റുന്നതിനിടയിൽ അനിത പറഞ്ഞു. യൂനിഫോം അഴിച്ചുമാറ്റി വെറും ഷിമ്മീസുമായി അവൾ നിന്നു. ഷിമ്മീസിന്നടിയിൽ അവളുടെ മാറിടം തുടുത്തു വരുന്നുണ്ടായിരുന്നു. നളിനി നോക്കിയപ്പോൾ അവൾ ചിരിച്ചുകൊണ്ട് യൂനിഫോം എടുത്ത് മാറുമറച്ച് അവളുടെ മുറിയിലേയ്ക്ക് ഓടിപ്പോയി. ഒരു നിമിഷം നളിനി സ്വന്തം കുട്ടിക്കാലത്തെത്തി. സമ്പന്നതയുടെ നടുവിൽ ദുരിതപൂർണമായ, അസന്തുഷ്ടമായ കുട്ടിക്കാലം. അനിതയെക്കാണുമ്പോഴൊക്കെ കാലത്തിന്റെ കവലയിൽ വച്ച കണ്ണാടിയിൽ നോക്കുന്നപോലെ. കണ്ടു മറന്ന നിറങ്ങളും മങ്ങിയ ചിത്രങ്ങളും തെളിഞ്ഞുവരുന്നു. അതിൽ സ്‌നേഹത്തിനുള്ള ദാഹമുണ്ട്, പകയുണ്ട്.

അഞ്ചുപത്തു വയസ്സാകുന്നതുവരെ രാജേട്ടനും അനിതയെ വളരെയധികം സ്‌നേഹിക്കുകയും കൊഞ്ചിക്കുകയും ചെയ്തിരുന്നെന്ന് നളിനിക്കറിയാം. ആ സ്‌നേഹവും ക്രമേണ കുറഞ്ഞുവന്നുവെന്നാണ് നളിനിക്ക് തോന്നിയിട്ടുള്ളത്. അവളിപ്പോൾ അച്ഛനോട് മുമ്പത്തേപ്പോലെ സംസാരിക്കാറില്ല. പറയാനുള്ളത് അമ്മയോടു പറയുകയാണ് പതിവ്. അത് വളർച്ചയുടെ സ്വാഭാവികമായ ഒരു ഘട്ടമായിട്ടേ മറ്റുള്ളവർ എടുത്തിട്ടുള്ളൂ. പക്ഷെ നളിനിക്ക് അനിതയുടെ ഉള്ളിലെ കൊടുങ്കാറ്ററിയാം.

അനിത തിരിച്ചുവന്നു.

'അച്ചൻപെങ്ങളെന്താ ഇവിടെ ഒറ്റയ്ക്ക് നിൽക്കണത്. താഴെ വരു. അവിടെ ജാട എത്തീട്ടുണ്ട്.'

അവർ കോണിയിറങ്ങി. തളത്തിലൂടെ ഉമ്മറത്തേയ്ക്ക് നടക്കുമ്പോൾ കിടപ്പുമുറിയിൽ നിന്ന് പ്രേമ വിളിച്ചു.

'എടീ നീയെന്താണ് എന്നെ കണ്ട ഭാവം നടിക്കാതെ മോളിലേയ്ക്ക് പോയത്?' അവൾ കട്ടിലിൽ കിടക്കുന്ന രാജന്റെ അടുത്തിരുന്ന് സംസാരിക്കുകയാണ്.

'എടീന്ന് താങ്കള് മടീലിരുത്തി ഇട്ട പേരായിരിക്കും.' അനിത ചൊടിച്ചു.

'ഓ, ഇനി തന്നെ എന്താണ് വിളിക്കണ്ടത്?'

'എനിക്ക് അച്ഛനിട്ട പേര്ണ്ട്, അനിതാന്ന്.'

പ്രേമയ്ക്ക് കുഴപ്പമൊന്നുമില്ല. അത്ര എളുപ്പത്തിലൊന്നും വാടുന്ന പ്രകൃതമല്ല അവളുടെ. അവൾ വീണ്ടും രാജനുമായി സംസാരം തുടർന്നു. അനിത നളിനിയോടു പറഞ്ഞു.

'വരു ഞാനൊരു പുതിയ ചെടി കാണിച്ചുതരാം.'

അവർ മുറ്റത്തേയ്ക്കിറങ്ങി. നടന്നുകൊണ്ടിരിക്കേ അനിത സ്വയം പറഞ്ഞുകൊണ്ടിരുന്നു. 'എനിക്ക് ചില കാര്യങ്ങളൊന്നും ഇഷ്ടല്ല...'

'നീയെന്താണ് പിറുപിറുത്തുകൊണ്ടിരിക്കണത്?'

'ഒന്നുംല്ല്യ.'

അനിതയുടെ തോട്ടം നന്നായിരുന്നു. തന്റെ കുട്ടിക്കാലത്ത് ആ തോട്ടത്തിൽ നിറയെ പനിനീർപ്പൂക്കളുണ്ടായിരുന്നു. പല നിറങ്ങളിലുള്ളവ. അച്ഛൻ ബാങ്കളൂരിൽ പോവുമ്പോൾ കൊണ്ടുവരുന്നതാണ്. അവൾ നന്നായി ശുശ്രൂഷിച്ചു വളർത്തിയ ചെടികൾ. പിന്നെ അവൾ ഒരു കൊല്ലം കോൺവെന്റിൽ താമസിച്ചു തിരിച്ചു വന്നപ്പോഴേയ്ക്ക് എല്ലാം നശിച്ചു. തോട്ടത്തിൽ പൂച്ചെടികൾക്കു പകരം അമ്മായി ചീരയും മത്തനും കൃഷിചെയ്തു. മത്തനും ചീരയും കൃഷിചെയ്യാൻ പറമ്പിൽ സ്ഥലമില്ലാഞ്ഞിട്ടല്ല. പനിനീർപോലത്തെ 'കാട്ടുചെടികൾ'ക്കു പകരം ചീര നട്ടതിന്റെ പിന്നിലുള്ള ഉദ്ദേശത്തെ അവൾ ചോദ്യം ചെയ്തു. പക്ഷെ അമ്മയും പിന്നീട് അച്ഛനും അവൾക്കെതിരായി നിന്നപ്പോൾ അവൾക്കു പിടിച്ചു നിൽക്കാനായില്ല. അതിൽ പിന്നെ അവൾ തോട്ടമുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. ഇപ്പോൾ അനിത അവൾ നട്ടു പിടിപ്പിച്ച ചെടികൾ താലോലിക്കുന്നതു കണ്ടപ്പോൾ നളിനി എല്ലാം ഓർത്തുപോയി.

പ്രേമ പുറത്തു വന്നു. മുറ്റത്തേയ്ക്കിറങ്ങിക്കൊണ്ട് അവൾ പറഞ്ഞു.

'ഞാൻ നിന്റെ തോട്ടം കണ്ട് ആസ്വദിക്കട്ടെ.'

അവൾ അനിതയുമായി സേവ കൂടാനുള്ള ശ്രമത്തിലാണ്. അനിത പക്ഷെ ശ്രദ്ധിക്കുന്നില്ല. പ്രേമ തോട്ടത്തിലൂടെ നടന്നു.

'നല്ല ഭംഗിയുണ്ട് നിന്റെ തോട്ടം.'

'പ്രേമച്ചേച്ചി വല്ല്യ കാര്യൊന്നും പറേണ്ട. കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ അമ്മയോട് എന്താണ് പറഞ്ഞത് ന്ന് എനിക്കറിയാം.'

'ഞാനെന്താ പറഞ്ഞത്?'

'ഈ കാട്ടു ചെടിയൊക്കെ പറിച്ചുകളഞ്ഞ് വല്ല വെണ്ടയും നടാൻ പറയൂ അനിതയോട്ന്ന്.'

'നിനക്ക് വട്ടാ.' പ്രേമ ചൊടിച്ചുകൊണ്ട് പോയി.

ഉച്ചയ്ക്ക് ഊണു കഴിഞ്ഞപ്പോൾ നളിനി അനിതയുടെ ഒപ്പം മുകളിൽ പോയി. താഴെ കിടപ്പുമുറിയിൽ ടിവി ഓണാക്കിയിരുന്നു. അമ്മ നടുനിവർത്താൻ പോയി. ദേവിയും പ്രേമയും കട്ടിലിന്മേലിരുന്ന് ടിവി കാണുന്നു. പ്രേമ രാജന്റെ തോളിൽ കയ്യിട്ട് തൊട്ടപിന്നിൽത്തന്നെ ഇരിക്കുകയാണ്. ആ കാഴ്ച കാണാൻ കഴിയില്ലെന്നു വിചാരിച്ചാണ് നളിനി മുകളിലേയ്ക്കു പോയത്.

അനിത അവളുടെ സ്‌നേഹിതകളെപ്പറ്റി സംസാരിക്കുകയായിരുന്നു. അനിത പറഞ്ഞ് അവളുടെ സ്‌നേഹിതകളെ മാത്രമല്ല അവരുടെ കുടുംബപ്രശ്‌നങ്ങൾ കൂടി നളിനിക്ക് നല്ലവണ്ണം അറിയാമായിരുന്നു. അനിതയുടെ സംസാരം കേട്ടുകൊണ്ട് അവൾ ഉറങ്ങിപ്പോയി.

രാത്രി ഒരിക്കലായിരുന്നു. എന്നുവച്ചാൽ ചോറുണ്ണാൻ പാടില്ല എന്നു മാത്രം. പലഹാരം എന്തുമാവാം. മസാലദോശയോ പൂരി മസാലയോ എന്തും. ദൈവങ്ങളെ തോൽപ്പിക്കുന്ന ഈ വക കലാപരിപാടികൾ വീട്ടിൽ ഏതുകാലത്തുമുണ്ടായിരുന്നു. മുപ്പട്ടു ദിവസങ്ങളിൽ രാത്രി പലഹാരം, ചൊവ്വയും വെള്ളിയും ഒതുക്കുകൾ കഴുകുക തുടങ്ങിയവ. കഴുകലൊന്നുമല്ല, കുറച്ചു വെള്ളം തൂകും അത്രമാത്രം. വൃത്തിയാവലല്ല പ്രശ്‌നം, ദൈവകോപം വരാതിരിക്കാനുള്ള മുൻകരുതലുകൾ മാത്രം.

അനിത വേഗം ഉറക്കമായി. അനിതയുടെ മുറി പ്രേമ കയ്യേറിയിരിക്കുന്നു. അല്ലെങ്കിലും താൻ വന്നാൽ അനിത തന്റെ ഒപ്പമാണ് ഉറങ്ങാറ്. വർത്തമാനം പറഞ്ഞുകൊണ്ട് അവൾ ഉറങ്ങും. നളിനി ഉറക്കമില്ലാതെ കിടന്നു. തൊട്ടടുത്ത മുറിയിൽ രാജേട്ടൻ കിടക്കുകയാണ്. കോണിക്കു മറുവശത്തുള്ള മുറിയിൽ പ്രേമയും. താഴെ നിലയിലെ കിടപ്പുമുറിയിൽ അമ്മയും ദേവിയും. മാസമുറയുടെ ദിവസങ്ങളിൽ ദേവി രാജന്റെ ഒപ്പം കിടക്കാറില്ല. ദൈവകോപംതന്നെ പ്രശ്‌നം. അവരുടെ കിടപ്പറയിൽ ചുമരിലുള്ള പൊത്തിൽ സീറോവാട്ടിന്റെ പ്രഭയിൽ കുളിച്ചു നിൽക്കുന്ന കായാമ്പുവർണന്റെ പ്രതിമയുണ്ട്. കിടക്കാൻ പോവുമ്പോൾ തൊഴാനും ഉണർന്നെഴുന്നേൽക്കുമ്പോൾ കണികാണാനുമാണ്. പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാതിരിക്കുന്നതല്ലെ ഭംഗി? നളിനി മനസ്സിൽ ചിരിച്ചു.

രാത്രി എല്ലാവരും ഉറങ്ങുകയാണ്, അഹന്തയും അല്പത്വവും മാറ്റിവച്ച് എല്ലാവരും ഉറങ്ങുകയാണ്. സ്‌നേഹരാഹിത്യവും അമിതസ്‌നേഹപ്രകടനങ്ങളും ഉറക്കമായി. നളിനി കണ്ണും മിഴിച്ചു കിടന്നു. താൻ എന്തിനാണ് ഈ വീട്ടിലേയ്ക്ക് വന്നതെന്നോർക്കുകയായിരുന്നു അവൾ. പെട്ടെന്നവളുടെ മനസ്സിലേയ്ക്ക് രാവിലെ കണ്ട ഒരു കാഴ്ച തള്ളിവന്നു. തന്റെ ഉറക്കം നഷ്ടപ്പെടാനുള്ള കാരണം മനസ്സിലാവുകയും ചെയ്തു. രാജേട്ടന്റെ തോളിൽ കയ്യിട്ട് തൊട്ടുരുമ്മി ഇരിക്കുന്ന പ്രേമ. അച്ഛന്റെ മരുമകൾ സ്വന്തം പെങ്ങളെപ്പോലെയാണ്, ശരി. പക്ഷെ നായർ തറവാടുകളിൽ അവൾ മുറപ്പെണ്ണുമാണല്ലൊ. അതും കണ്ടുകൊണ്ട് ഭാവവ്യത്യാസമൊന്നുമില്ലാതെയുള്ള ദേവിയുടെ ഇരിപ്പ് നളിനിയുടെ മനസ്സിൽ വിഷമമുണ്ടാക്കി. അവൾ സ്വന്തം അമ്മയെ ഓർത്തു.

ഉറക്കത്തിലേയ്ക്ക് വഴുതി വീഴുമ്പോഴാണവൾ കണ്ടത്. ഒരു നിഴൽ നീങ്ങുന്നപോലെ. അവൾ പെട്ടെന്ന് എഴുന്നേറ്റു. വെറും തോന്നലായിരിക്കാമെന്നു കരുതി വീണ്ടും കിടക്കാൻ ആഞ്ഞപ്പോഴാണ് എവിടേയോ ഒരു വാതിൽ സാക്ഷയിടുന്ന ശബ്ദം കേട്ടത്. വളരെ നേരിയ ശബ്ദമാണെങ്കിലും രാത്രിയുടെ നിശ്ശബ്ദതയിൽ ആ ശബ്ദം മുഴച്ചു നിന്നു. അവളുടെ ഉറക്കം നഷ്ടമായി. അവൾ എഴുന്നേറ്റു വാതിലിനു പുറത്തു വന്നുനോക്കി. രാജേട്ടന്റെ വാതിൽ അടഞ്ഞുകിടക്കുകയാണ്. അവൾ തിരിച്ചുപോയി ചുമരിലുള്ള ചെറിയ ചില്ലലമാറിക്കുമുമ്പിൽ സംശയിച്ചുനിന്നു. താൻ ചെയ്യുന്നത് ശരിയാണോ? പക്ഷെ സംശയങ്ങൾ തീർക്കുകതന്നെ വേണം. അനിത നല്ല ഉറക്കമാണ്. അവൾ ശബ്ദമുണ്ടാക്കാതെ ചില്ലലമാറി തുറന്ന് അതിൽ തൂക്കിയിട്ട ഗുരുവായൂരപ്പന്റെ ചിത്രം പുറത്തെടുത്തു. ചിത്രത്തിനു പിന്നിൽ ആ വിടവ് അപ്പോഴും ഉണ്ടായിരുന്നു. ഒരു കുട്ടിയായിരിക്കുമ്പോൾ കണ്ടുപിടിച്ചതും രഹസ്യമായി സൂക്ഷിച്ചുവച്ചതുമായ സൂത്രോട്ട.

അവൾ വിടവിലൂടെ നോക്കി. ശ്രീകൃഷ്ണന്റെ പിൻഭാഗമാണ് ആദ്യം കണ്ടത്. അടുത്തെന്നോ അത് പുതുതായി ചായം തേച്ചിരുന്നു. അതിന്റെ അടുത്തുതന്നെ ചെറിയൊരു നിലവിളക്ക് തിരികെടുത്തിവച്ചിരിക്കുന്നു. അതിനും പിന്നിൽ സീറോവാട്ട് ബൾബിന്റെ വെളിച്ചത്തിൽ കട്ടിലിൽ...... അവളുടെ ശ്വാസം ഒരു നിമിഷനേരത്തേയ്ക്ക് നിലച്ചു.

നീണ്ട തലമുടി ഉലഞ്ഞുകിടക്കുന്ന വെളുത്തു നഗ്നമായ പുറത്ത് പിണച്ചുവച്ചിരിക്കുന്ന ഇരുണ്ട ഒരു ജോഡി കൈകൾ. പെട്ടെന്നവൾക്ക് സ്ഥലകാലഭ്രമമുണ്ടായി. വർഷങ്ങൾ വേലിയിറക്കത്തിലെ തിരകൾപോലെ പിറകോട്ടുമാറി. ഒരു പന്ത്രണ്ടു വയസ്സുകാരിയായി അവൾ ആ കാഴ്ച നോക്കിനിന്നു.

അന്ന് അവൾ താഴെ പോയി കുറേ നേരം കരഞ്ഞു. ഇന്ന്, ഇരുപതു വർഷങ്ങൾക്കുശേഷം, കാലം ഒരു തലമുറയുടെ അനീതിയും വിശ്വാസലംഘനവും വളരെ കണിശമായി സത്യസന്ധമായി ആവർത്തിച്ചുകാണിച്ചപ്പോൾ അവൾക്കു കരയാൻ തോന്നിയില്ല. കിടക്കയിൽ സ്വസ്ഥമായി ഉറങ്ങുന്ന അനിതയെ അവൾ സഹതാപത്തോടെ നോക്കി. എല്ലാവർക്കും അവനവന്റേതായ പ്രാരാബ്ധക്കെട്ടുണ്ട്. അനിത അവളുടെ ഭാണ്ഡവും ചുമക്കട്ടെ.

രാവിലെ അനിത നേരത്തെ കുളിച്ചു തല തോർത്തി നളിനിയുടെ മുമ്പിൽ വന്നുനിന്നു. അതവളുടെ പതിവാണ്. അച്ചൻപെങ്ങളുണ്ടെങ്കിൽ അവളുടെ തലമുടി കെട്ടലും കണ്ണെഴുതിക്കലുമെല്ലാം അവരുടെ ചുമതലയാണ്. കട്ടിലിൽ ഇരുന്നുകൊണ്ട് തല വേർപെടുത്തുമ്പോൾ അനിത ചോദിച്ചു.

'പിന്നേയ്, ഞാൻ ഒരു കാര്യം പറയട്ടേ?'

'എന്താ ഇത്ര സമ്മതം ചോദിക്കാനുള്ളത്?'

'എടുത്ത സാധനങ്ങളൊക്കെ എടുത്തയിടത്തുതന്നെ വയ്ക്കണംന്നറിയില്ലേ.'

'എന്തു സാധനം?'

'രാത്രി വല്ലതും എടുത്തിട്ടുണ്ടോ എന്ന് ആലോചിച്ചു നോക്കൂ.'

നളിനി അക്ഷരാർത്ഥത്തിൽ ഞെട്ടി. അവൾ തിരിഞ്ഞു നോക്കി. ചിത്രം അതിന്റെ സ്ഥാനത്തു തന്നെയുണ്ട്. താൻ ഒരു പ്രക്ഷുബ്ധാവസ്ഥയിലായിരുന്നതു കൊണ്ട് അതു തിരിച്ചുവെക്കാൻ മറന്നുപോയിരിക്കും. അനിതയായിരിക്കണം അതു തിരിച്ചു വച്ചത്. അനിത അച്ഛൻപെങ്ങളെത്തന്നെ നോക്കിയിരിക്കയാണ്. അവളുടെ കണ്ണുകളിൽ വെള്ളം നിറഞ്ഞിരുന്നു.

അവൾ കരയുകയായിരുന്നു. നളിനി അവളുടെ മുഖം തന്റെ മാറിൽ അടുപ്പിച്ചു. അവളുടെ മുലകൾ അനിതയുടെ കണ്ണിരുകൊണ്ട് നനഞ്ഞു.

മുറ്റത്ത് - എമ്പ്രാന്തിരി യാന്ത്രികമായി ഉരുവിട്ടുകൊണ്ടിരുന്നു.

'ബലിച്ചോറ് മൂന്നാക്കി പകുത്ത് ഓരോരുത്തരും എടുക്ക്വാ. മരിച്ചുപോയ അച്ഛനെ ഓർത്ത് ഉരുളയായി ഉരുട്ടി ഇലയുടെ നടുക്ക് വെയ്ക്ക്വാ........'

തന്റെ ഇടത്തു വശത്തായി രാജേട്ടനും അതിനുമപ്പുറത്ത് പ്രേമയും ഇരുന്നു. നളിനി ചോറ് എടുത്ത് ഒരു വലിയ ഉരുളയ്ക്കു പകരം ചെറിയ മൂന്ന് ഉരുളകളുണ്ടാക്കി.

വളരെ കുട്ടിക്കാലത്താണ്. മൂന്നിലോ നാലിലോ പഠിക്കുന്ന കാലം. ഒരു ദിവസം സ്‌കൂളിൽ പോവാൻ മടികാണിച്ച തന്നെ അമ്മായി വടിയെടുത്ത് പൊതിരെ തല്ലി. അച്ഛൻ അമ്പലത്തിൽനിന്ന് വന്നപ്പോഴാണ് അതറിയുന്നത്. വിങ്ങിക്കരഞ്ഞുകൊണ്ട് സ്‌കൂൾ യൂനിഫോം ധരിക്കുന്ന അവളെ അദ്ദേഹം എടുത്തു സമാധാനിപ്പിച്ചു. യൂനിഫോം അഴിച്ചുവച്ച് അടികൊണ്ട പാടുകളിൽ തലോടിക്കൊണ്ട് അച്ഛൻ ഒരുപാടു നേരം അവളെ എടുത്തു നടന്നു. ആ അച്ഛനുവേണ്ടി അവൾ ഒരുരുള ഇലയിൽ വച്ചു.

തന്നോട് ഒരിക്കലെങ്കിലും സ്‌നേഹത്തോടെ പെരുമാറാൻ കഴിഞ്ഞിട്ടില്ലാത്ത അമ്മ. ഓർമ്മകൾ രൂപംവയ്ക്കുന്നതിനും മുമ്പ് തനിക്ക് മുലപ്പാൽ തരുമ്പോൾ ഒരിക്കലെങ്കിലും തന്നെ സ്‌നേഹത്തോടെ, വാത്സല്യത്തോടെ നോക്കിയിട്ടുണ്ടാവില്ലെ അമ്മ? ആ അമ്മയ്ക്കു വേണ്ടി അവൾ രണ്ടാമത്തെ ഉരുള ഇലയിൽ വച്ചു.

കുട്ടിക്കാലത്ത് തന്നെ സ്‌നേഹിക്കുകയും തനിക്കുവേണ്ടി അമ്മായിയോട് നിരന്തരം പൊരുതുകയും അതിനുള്ള ശിക്ഷ കാലാകാലങ്ങളിൽ വാങ്ങിവയ്ക്കുകയും ചെയ്ത രാജേട്ടനു വേണ്ടി അവൾ മൂന്നാമത്തെ ഉരുളയും ഇലയിൽ വച്ചു.

രാജൻ നോക്കുകയായിരുന്നു. എന്താണ് കാര്യമെന്ന് അയാൾ കണ്ണുകൊണ്ട് ചോദിച്ചു. എമ്പ്രാന്തിരി അപ്പോഴാണതു കാണുന്നത്.

'എന്തിനാ കുട്ടീ മൂന്നുരുളകൾ? ആ, ആയിക്കോട്ടെ അച്ഛന് കൊടുക്കുമ്പോൾ മറ്റ് കാരണവന്മാർക്കും അപ്രീതി തോന്നണ്ടല്ലോ.'

'എള്ളും പൂവും എടുത്ത് അച്ഛനെ മനസ്സിൽ ധ്യാനിച്ച് ഒരു നീരു കൊടുക്ക്വാ. ചന്ദനവും പൂവും എടുത്ത്.......'

കാക്കകൾ വന്ന് ബലിച്ചോറ് കൊത്താനൊന്നും അവൾ കാത്തുനിന്നില്ല. മുകളിൽ കുളിമുറിയിൽ പോയി കുളിച്ച് അവൾ വസ്ത്രം ധരിച്ചു താഴെ ഇറങ്ങിവന്നു. എല്ലാവരും അപ്പോഴും മുറ്റത്തുതന്നെയായിരുന്നു. പ്രേമയും രാജേട്ടനും അവരിൽ ആരുടെ ചോറാണ് കാക്കകൾ ആദ്യം കൊത്തിയതെന്ന് ശണ്ഠ കൂടുകയായിരുന്നു. സംഭവം പൈങ്കിളിയായതുകൊണ്ട് അവൾ ശ്രദ്ധിക്കാൻ പോയില്ല. പരേതന് ഇഷ്ടമുള്ളവരുടെ ചോറാണ് അവരുടെ ആത്മാവായി വരുന്ന ബലിക്കാക്കകൾ ആദ്യം കൊത്തുക എന്നാണ് വിശ്വാസം. തന്റേതാവില്ലെന്ന് നളിനിക്കുറപ്പായിരുന്നു.

'എന്താ നീ പോവ്വാണോ?' അമ്മ ചോദിച്ചു. 'ചായേം ദോശേം കഴിക്കാണ്ടെ?'

'വേണ്ട,' അവൾ മുറ്റത്തേയ്ക്കിറങ്ങിക്കൊണ്ടു പറഞ്ഞു. 'ഇപ്പോൾ പോയാൽ ഏതെങ്കിലും ട്രെയിൻ കിട്ടും.'

അവളുടെ കയ്യിലുള്ള പൊതി നോക്കി രാജൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

'എന്താണ് അടിച്ചുകൊണ്ടു പോണത്?'

'ഇതോ,' പൊതി ഉയർത്തിക്കാട്ടി അവൾ പറഞ്ഞു, 'ആർക്കും വേണ്ടാതെ വലിച്ചെറിഞ്ഞ ഒരു പഴയ ഫോട്ടോ.'

പെട്ടെന്നവിടം നിശ്ശബ്ദമായി.

അവൾ അനിതയ്ക്കു വേണ്ടി നോക്കി. അവൾ അവിടെയെങ്ങുമുണ്ടായിരുന്നില്ല. ഗെയ്റ്റു കടന്നശേഷം നളിനി ഒരിക്കൽക്കൂടി തിരിഞ്ഞുനോക്കി. മുകളിലെ നിലയിൽ ജനലിലൂടെ അനിത കൈ വീശുന്നു. അവൾ ചിരിച്ചുകൊണ്ട് നടന്നു. തന്റെ മനസ്സ് ശാന്തമാണെന്ന് അവൾ കണ്ടു

കലാകൗമുദി - 11 ജനുവരി, 1998