ഡോ. മിനി പ്രസാദ്

വ്യാകരണം ദുഷിപ്പിക്കാത്ത കഥാലോകം

ഡോ. മിനി പ്രസാദ്

എഴുത്തുകാരന്റെ മരണം എന്ന സാങ്കേതികപദം പ്രയോഗിച്ച റൊളാങ് ബാർത്ത് വായനയുടെ സ്വതന്ത്രതയാണ് അർത്ഥമാക്കിയത്, പുതിയ കൈവഴികൾ തേടേണ്ട വായനയുടെ സ്വതന്ത്രപാരായണം. അതോടെ ഒരു രചനയും അതിന്റെ പ്രമേയതലത്തിൽ പൂർണമല്ലെന്നു വരുന്നു. പ്രമേയത്തിനപ്പുറം ഓരോ വാക്കും ഓരോ വാഹകമാവുന്നു. എഴുത്തുകാരൻ പറഞ്ഞു നിർത്തിയതിനപ്പുറമുള്ളൊരു നിശ്ശബ്ദതയിൽ നിന്ന് വായന ആരംഭിക്കേണ്ടിയിരിക്കുന്നു. വായന അനേകം അർത്ഥതലങ്ങളിലെത്തുന്നുവെങ്കിൽ കൃതിക്ക് ഉത്കൃഷ്ടമെന്ന വിശേഷണം ഇണങ്ങുന്നു. ഇ. ഹരികുമാറിന്റെ 'പച്ചപ്പയ്യിനെ പിടിക്കാൻ' എന്ന സമാഹാരത്തിൽ അതീവ ലളിതമെന്ന തോന്നലുളവാക്കുന്ന ഗഹനങ്ങളായ പതിനൊന്നു ചെറുകഥകളാണ്. ഒരു പ്രത്യേക തലക്കെട്ടിനുള്ളിലേക്ക് ഒതുക്കിവയ്ക്കാവുന്ന ഏക സ്വഭാവമാർന്നവയല്ല ഈ കഥകൾ. ഓരോ കഥയും അനേകം ആന്തരപാഠങ്ങൾ ഉൾക്കൊള്ളുന്നുമുണ്ട്.

എന്തിനും ഏതിനും വിപണന സാധ്യതകളാണ് നാം തേടിക്കൊണ്ടിരിക്കുന്നത്. എന്തും ചരക്കായി വ്യവഹരിക്കപ്പെടുന്നൊരവസ്ഥയിൽ മറ്റ് ഉപാധികളൊന്നുമില്ലതന്നെ. ബന്ധവും സ്‌നേഹവും കലയും സാഹിത്യവും വിപണിക്കനുസൃതമായി പരുവപ്പെടുത്തുന്നു. അതു നിലനില്പിന്റെ ആവശ്യമാണ്. അത്തരം നിബന്ധനകൾക്കനുസരിച്ച് പരുവപ്പെടാനാവാതെ പോവുന്നൊരാളാണ് 'നിഷാദ'ത്തിലെ ഗോപാലൻ നായർ. പണത്തിന്റെ ബുദ്ധിമുട്ടുകൾ കൊണ്ട് കാസറ്റിനുവേണ്ടി പാടാമെന്നു സമ്മതിക്കുന്നത് തീരെ മനസ്സോടെയല്ല. ആദർശങ്ങളേക്കാൾ ആവശ്യങ്ങളുടെ തട്ട് ഉയർന്നു നിൽക്കുന്നതിനാലാണ്. അവസാനം റെക്കാർഡിംഗിനെത്തുമ്പോൾ സംഗീതത്തെക്കുറിച്ചുള്ള അയാളുടെ സങ്കല്പങ്ങളും ധാരണകളും തകിടം മറിയുന്നവിധത്തിൽ ഒരു പാരഡിയാണ് പാടാനാവശ്യപ്പെടുന്നത്. തനിക്കിതിനാവില്ല എന്നു പറയുന്ന ഗോപാലൻനായരോട് സുഹൃത്തു പറയുന്നൊരു പഴമൊഴിയുണ്ട് 'നാടോടുമ്പോൾ നടുവേ ഓടുക'. നമ്മളിത് ഒരുപാടു തവണ കേട്ടതാണെങ്കിലും മറ്റേതു സന്ദർഭത്തേക്കാളും ഈയൊരു വാക്യത്തിനിവിടെ പ്രാധാന്യം ലഭിക്കുകയാണ്. സ്വന്തം വിശ്വാസങ്ങൾക്കു മേലൊരാൾക്കു ലഭിക്കുന്ന കനത്ത പ്രഹരമാണിത്. എന്നിട്ടും വഴങ്ങുന്നില്ലെന്നാവുമ്പോൾ പ്രലോഭനങ്ങൾ പലരൂപത്തിൽ ഇരയുടെമേൽ പതിക്കുന്നു. ഇവിടെ പ്രലോഭനം പ്രശംസയുടെ രൂപത്തിലാണ് കടന്നുവരുന്നത്. പ്രശംസയാണല്ലോ ദുർബലന്റെ ചതിക്കുഴി. കഥാകാരന്റെ വാക്കുകൾ കടമെടുക്കട്ടെ. 'പ്രശംസക്കുള്ള കുഴപ്പമെന്തെന്നാൽ നിങ്ങളുടെ ആത്മാവ് പ്രശംസിക്കുന്ന ആൾ വിലയ്‌ക്കെടുക്കുന്നു. അതോടെ നിങ്ങൾ ശബ്ദം നഷ്ടപ്പെട്ട ഒരടിമയാവുന്നു.' ഗോപാലൻ നായരുടെ പാട്ടുകളുടെ അനശ്വരതയും സ്വരത്തിന്റെ മേന്മയും ഇവിടെ പ്രശംസയുടെ വചനങ്ങളായി മാറുന്നു. കാസറ്റ് വ്യാപാരിയെ സംബന്ധിച്ചിടത്തോളം നിലവാരമോ ധാർമികതയോ അല്ല പ്രശ്‌നം. അതിനുമപ്പുറം ചുരുങ്ങിയ ചിലവിൽ തട്ടിക്കൂട്ടുക എന്നു മാത്രം. 'ആരു പാടുന്നു എന്നൊന്നും ആരും നോക്കാറില്ല' എന്ന അയാളുടെ വാക്കുകൾ വിപണിയുടെ ഭാഷയാണ്. അതിനൊപ്പം നീങ്ങാനാവാത്തവനെ കുടുംബാഗങ്ങൾക്കുപോലും ഉൾക്കൊള്ളാനാവുന്നില്ല. 'ഒരു നേരത്തെ വിശപ്പു ശമിപ്പിക്കാനായി ആത്മാവിനെ ഒറ്റിക്കൊടുക്കാനാവാത്തവൻ' മുഖ്യധാരയ്ക്കും പൊതുരീതിക്കും തീരെ യോജിച്ചവനല്ല. എല്ലാവർക്കും ആവശ്യമുള്ള വർത്തമാന കാലത്തിലേയ്ക്ക് പരുവപ്പെടാനാവാതെ പോകുന്ന ഏതു കലാകാരന്റെയും പ്രതിനിധിയാണ് ഗോപാലൻനായർ.

മുഖ്യധാരക്കൊത്ത് ചലിക്കാനുള്ള ശ്രമമാണല്ലോ എവിടെയും നടക്കുന്നത്. അതിനൊത്തു നീങ്ങാനാവാത്തവർക്ക് മാന്യതയ്ക്ക് കുറവു വരികയും ചെയ്യുന്നു. മാന്യതയ്ക്കായുള്ള ഈ നെട്ടോട്ടമാണ് സമൂഹത്തിന്റെ സകല അനുഷ്ഠാനങ്ങളിലും കാണുന്നത്. ഇത്തരം പൊള്ളത്തരങ്ങളെ ഹരികുമാർ നിശിതമായി വിമർശിക്കുന്നു. പാശ്ചാത്യ സംസ്‌കാരത്തോടുള്ള അതിരുകടന്ന അഭിനിവേശം അവരെ അനുകരിക്കുക എന്നൊരു വേണ്ടാശീലത്തിലേക്ക് നമ്മെ വലിച്ചിട്ടു. ആ സംസ്‌കാരത്തിന്റെ നന്മകൾ അത്രവേഗം വഴങ്ങാതിരുന്നതിനാൽ നാം വേഗം അനുകരിക്കാനാവുന്നവ തിരഞ്ഞെടുത്തു. അവയാവട്ടെ പലപ്പോഴും ഏറ്റവും ദോഷവശങ്ങളും. അങ്ങനെയാണ് രാത്രി വിരുന്നുകൾ, തട്ടുപൊളിപ്പൻ സംഗീതം, ആഘോഷങ്ങൾ ഒക്കെ മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായി മാറിയത്. ഇതിനൊക്കെ കൂടിയൊരു മനോഹരമായ പേരുണ്ട് 'ഗെറ്റ് റ്റുഗദർ', 'ഏറ്റവും മഹത്തായകാഴ്ച', 'ദേശാടനക്കിളിപോലെ അവൾ', എന്നീ കഥകളിൽ ഇത്തരം ഗെറ്റ് റ്റുഗദറുകളെ ഹരികുമാർ തികഞ്ഞ പരിഹാസത്തോടെ അവതരിപ്പിക്കുന്നു. പുതുപ്പണക്കാരുടെ പ്രാരാബ്ധങ്ങൾ എന്ന വാക്കുകൊണ്ട് ഈ പ്രഹസനങ്ങളെ വിശേഷിപ്പിക്കുന്ന കഥാകാരൻ ഇരുപത്തിയയ്യായിരം രൂപ ഒരു രാത്രിയിലെ ഭക്ഷണത്തിനും വിനോദത്തിനും ഇരുപത്തഞ്ചു കുടുംബങ്ങൾ ചേർന്നു ചിലവാക്കിയ കഥ പറയുന്നു. വൈകുന്നേരം ആറുമണിയോടെ അവർ ടെറസ്സിൽ ഒത്തുചേരുന്നു. അന്യോന്യം അസൂയപ്പെടുത്താൻ ഏറ്റവും നല്ല വസ്ത്രങ്ങൾ ധരിക്കുന്നു. സാരിയുടെ വിലയെപ്പറ്റി പൊങ്ങച്ചം പറയുന്നു. റെസ്റ്റോറന്റിൽ നിന്നു വരുത്തിയ ഭക്ഷണം സ്ത്രീകൾ ആർത്തി പുറത്തുകാണിക്കാതെ കഴിക്കുമ്പോൾ ടെറസ്സിന്റെ മറുവശത്ത് ആണുങ്ങൾ നിറഞ്ഞ ഗ്ലാസുകൾക്കു മീതേ രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങൾ ചർച്ചചെയ്യുന്നു. എല്ലാ ചർച്ചയും ഓരോ അപവാദം പറച്ചിലിൽ ചെന്നവസാനിക്കുന്നു. 'കേൾക്കാൻ സുഖമുള്ള രതിയുടെ ഹർഷം പകരുന്ന അപവാദങ്ങൾ'. (ദേശാടനക്കിളി പോലെ അവൾ) ഇതോടൊപ്പം ഒരാഴ്ചകൊണ്ട് മകളെ ഗെറ്റ്റ്റുഗദറിനായി ഡാൻസ് പരിശീലിപ്പിക്കുന്ന അമ്മ, സുഹൃത്തുക്കളെ അതു കാണിക്കാനായി വീഡിയോ പിടുത്തം ഇങ്ങനെ എന്തൊക്കെ പൊങ്ങച്ചങ്ങൾ. ഇവയുടെ ധാർമികതയെ ഇതിനെതിരെ രണ്ടു ചിത്രങ്ങൾ കാണിച്ചുകൊണ്ട് ഹരികുമാർ ചോദ്യം ചെയ്യുന്നു. ഒന്നു തെരുവിൽ സർക്കസ് എന്ന പേരിൽ ചെറിയ അഭ്യാസം കാണിക്കുന്ന രണ്ടു കുട്ടികളുടേതാണ്. എട്ടും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികൾ. അഭ്യാസങ്ങൾക്കിടെ മുറിവുപറ്റി ചോരയൊലിക്കുന്ന അവന്റെ കാൽ അയാളുടെ സ്വാസ്ഥ്യം കെടുത്തുന്നു എങ്കിലും അയാളുടെ സഹതാപത്തെ അവൻ അവഗണിക്കുന്നു. തെരുവിന്റെ അനുഭവങ്ങൾ എന്തും സംശയത്തോടെ വീക്ഷിക്കാനാവണം അവനെ പഠിപ്പിച്ചത്. ചുറ്റുമുള്ളൊരു സമൂഹത്തിൽ തങ്ങളാരുമല്ല എന്ന അറിവ് ചെറുപ്പത്തിലേ സ്വന്തമായവർ. ആ അറിവിൽ നിന്നുരുവം കൊള്ളുന്ന നിസ്സംഗതയാണ് അവരുടെ ഓരോ പ്രവൃത്തിയിലും നിറയുന്നത്. 'ജനത്തിന് അശ്ലീലമായ ജിജ്ഞാസയേ എന്തിനോടും ഉള്ളൂ' എന്ന് കലാകാരൻ പറയുന്നു. അതുകൊണ്ടാണ് എപ്പോഴും ഐസ്‌ക്രീം കഴിച്ചുകൊണ്ടിരിക്കുന്ന ഭാഗ്യവതിയായ ഒരു പെൺകുട്ടിയും നാല് ഇഡ്ഡലികൾക്കായി ദിവസം മുഴുവനും ശാരീരികാഭ്യാസം നടത്തുന്ന പെൺകുട്ടിയും ഒരു സമൂഹത്തിലുണ്ടാവുന്നത്. ഇതാരുടെ കുറ്റം കൊണ്ട് എന്നാണു ചോദ്യമെങ്കിൽ നിനവോ കനിവോ അല്പമെങ്കിലും ബാക്കിയുള്ളവർക്ക് ഈ കഥ സ്വയം വിമർശനത്തിനവസരം നൽകും. അയാൾ കൊടുക്കുന്ന പത്തുരൂപ സ്വീകരിച്ചശേഷം ആ കുട്ടികൾ നടത്തുന്ന സർക്കസ് മഹത്തായ കാഴ്ചയാവുന്നത് ഇരുപത്തയ്യായിരം രൂപ പൊടിച്ച് ആത്മസംതൃപ്തി നേടാൻ ശ്രമിക്കുന്ന ഒരു സമൂഹത്തിന്റെ പ്രദർശനപരതയിൽ നിന്ന് അതു വേറിടുന്നതിനാലാണ്. ആത്മാർഥത ആ ഓരോ കുട്ടികളുടെ പ്രവൃത്തിയുടെയും പിന്നിലുള്ളതിനാലാണ്.

'ദേശാടനക്കിളിപോലെ അവൾ' നഗരത്തിലെ കെട്ടിടസമുച്ചയത്തിലെ മാന്യന്മാരായ താമസക്കാരുടെയും അവരുടെ വേവലാതിയുടെയും കഥ. അവരുടെ വീടുകൾക്കെതിരെയുള്ള ഒഴിഞ്ഞപറമ്പിൽ തെരുവിന്റെ മകൾ നടത്തുന്ന ജീവിതോപായ പ്രവൃത്തികളോട് മാന്യതയുടെ മുഖം മൂടിയണിഞ്ഞവരുടെ പ്രതികരണങ്ങൾ. തങ്ങളുടെ കുട്ടികൾ സദാചാരത്തിൽ നിന്ന് വഴിപിഴയ്ക്കുമോ എന്ന ഉത്കണ്ഠ നിറഞ്ഞ പരിഭ്രമങ്ങൾ. ഗെറ്റ്റ്റുഗദറിൽ ഇതിനെപ്പറ്റി പരാമർശമുണ്ടാവുമ്പോൾ അവൾ അവളുടെ ജോലി ചെയ്കയാണ് എന്ന സെക്രട്ടറിയുടെ വാദമുഖങ്ങളും അതിലെ അനുകമ്പയും ഒന്നും ഭൂരിപക്ഷത്തിന്ന് സ്വീകാര്യമാവുന്നില്ല. പ്രത്യേകിച്ച് 'ഗാലറി ടിക്കറ്റ് എടുക്കാതെ കളി കണ്ടാസ്വാദിക്കാൻ ഒരു ഫ്‌ളഡ് ലൈറ്റ് ഇട്ടുതരുമോ?' എന്ന ഭൂരുപക്ഷത്തിന്റെ മുമ്പിലായിരുന്നു അയാൾ തന്റെ വാദമുഖങ്ങളുന്നയിച്ചത്. ഈ ചോദ്യം കഥാഖ്യാതാവായ രാമചന്ദ്രനിൽ അമർഷത്തിന്റെ തീക്കുണ്ഡം തന്നെ ഉയർത്തുന്നു. നമ്മൾ അവളെ അവിടെ നിന്നോടിച്ചാൽ അവൾ പിന്നെ എന്തു ചെയ്യും എന്ന പരമേശ്വരന്റെ ചോദ്യം അവർക്കൊരിക്കലും മനസ്സിലാവില്ല - അശ്ലീലമായ ജിജ്ഞാസയോടെ അതൊരു കളിയെന്ന നിലയിൽ ഒളിഞ്ഞുകാണാൻ ശ്രമിക്കുന്നവർക്ക്. ആ ഒറ്റ വാക്കിൽത്തന്നെ അവരുടെയൊക്കെ മാന്യതയുടെ മുഖംമൂടികളഴിഞ്ഞു വീഴുന്നു. പരമേശ്വരന്റെ വാക്കുകളാവട്ടെ പാർട്ടി അലമ്പാക്കിയ മാർക്ക് ആന്റണിയുടെ പ്രസംഗമായിട്ടാണ് സ്വീകരിക്കപ്പെട്ടത്. നമ്മുടെ മുന്നിൽത്തന്നെ നടക്കുന്ന ഒരുപാട് പ്രവർത്തികൾക്കുനേരെ ആ വാക്കുകൾ കൂരമ്പുകളാവുന്നു. ഒരു പരിഹാസത്തിന്റെ പ്രതിരോധം കൊണ്ട് അവയെ നേരിടുക.

എല്ലാ പതിവുകാർക്കും ശേഷം ഭർത്താവിനെ സ്വീകരിക്കുന്ന ഭാര്യ, കുഞ്ഞിന് മുല കൊടുക്കാനോടിയെത്തുന്ന അമ്മ എന്നിങ്ങനെ സ്ത്രീത്വത്തിന്റെ ഭാവങ്ങൾ അവൾക്കു കൊടുക്കുന്നതോടെ ഇന്നിന്റെ കപട സദാചാരബോധ്യങ്ങൾക്കു നേരെ നിശിതമായൊരു വിരൽ കഥാകൃത്ത് ചൂണ്ടുന്നു. സമൂഹത്തിലെ മാന്യന്മാരായ കള്ളന്മാർക്കും കൊള്ളക്കാർക്കും പരുന്തും മീതേ പറക്കാത്ത പണത്തിന്റെ കൂട്ടുണ്ട്. ഒപ്പം ഉന്നത ബന്ധങ്ങളും സ്വാധീനങ്ങളും നേടിക്കൊടുക്കുന്ന മാന്യതയും പരിവേഷങ്ങളുമുണ്ട്. ഇതൊന്നുമില്ലാത്തതിനാൽ ആ സ്ത്രീയുടെ പ്രവൃത്തികൾ വൃത്തികേടായി പരിഗണിക്കപ്പെടുന്നു. രോഗാകുലമായൊരു സമൂഹത്തിന്റെ വീക്ഷണവ്യത്യാസമാണിവിടെ പ്രകടമാവുന്നത്. കഥയോട് പ്രത്യക്ഷബന്ധമൊന്നുമില്ലാത്തൊരു പരാമർശം, പലപ്പോഴും കഥയും, അന്തരാത്മാവിലേക്കൊരു താക്കോലാവുന്നത് ഹരികുമാറിന്റെ ശൈലീ സവിശേഷതയാണ്. ഈ കഥയിൽ പാരഡികളെക്കുറിച്ചുള്ള പരാമർശമാണ് അങ്ങനെയാവുന്നത്. പൊതുവേ പാരഡിഗാനങ്ങളെ അയാൾ വെറുത്തിരുന്നുവെങ്കിലും 'മുക്കാബ്‌ല മുക്കാബ്‌ല' എന്ന പാട്ടിന്റെ പാരഡിയായ 'മുക്കാണെടി, മുക്കാണെടി ലൈലെ, ഈ മാല....' എന്ന പാരഡിഗാനം അയാൾക്കിഷ്ടമാവുന്നു. കാരണം അതിൽ കാപട്യമില്ലാത്തതിനാലും തുടിക്കുന്ന ജീവിതം ഉള്ളതിനാലും. തുടിക്കുന്ന ജീവിതമാണ് ആ ദേശാടനക്കിളിയുടേത്. തുടിക്കുന്ന ജീവിതം തന്നെയാണ് സർക്കസ് കാണിക്കുന്ന ആ രണ്ടു ചെറിയ കുട്ടികളുടേതും. തെണ്ടിവർഗം എന്ന പേരുകൊടുത്ത് നാം സമൂഹത്തിന്റെ പുറം ചേരിയിലേക്ക് വലിച്ചെറിഞ്ഞവരല്ല

അവർ. പരിഷ്‌കാരങ്ങൾക്കും ആഡംബരങ്ങൾക്കുമായി ഇനി ഇത്രയൊക്കെ വിഭവങ്ങൾ ഇല്ലായ്മ ചെയ്യാൻ നമ്മുക്കെന്തെങ്കിലും ധാർമികാധികാരമുണ്ടോ എന്നൊരു ചോദ്യം മനഃസാക്ഷി അല്പമെങ്കിലും ബാക്കിയുള്ളവർക്കായി ഈ കഥയിൽ ഒളിഞ്ഞിരിപ്പുണ്ട്. അല്ലെങ്കിൽ ഇവ കഥ എന്ന നാലതിരുകളിൽ ഒതുക്കിത്തീർക്കാവുന്നതാണോ. ഇത് ജീവിതത്തിന്റെ പരിച്ഛേദമല്ലേ?

മാന്യതയ്ക്കും സാമൂഹ്യപദവിക്കുമായുള്ള നെട്ടോട്ടമാണ് കുട്ടികളിലൂടെ എല്ലാ മാതാപിതാക്കളും സാക്ഷാത്ക്കരിക്കുന്നത്. ഇതിനിടയിൽ കുട്ടിക്ക് ബാല്യം കൈമോശം വരികയാണ്. പുതിയ കാറുപോലെ, പദവിപോലെ മാന്യത നിലനിർത്താനുള്ള ഒരു ഉപാധിയായി കുട്ടി മാറുകയാണ്. ഈയൊരു ദുരിതപൂർണമായ ജീവിത ചിത്രം 'അമ്മു പറഞ്ഞ കഥ'യിലുണ്ട്. മൂന്നു തലത്തിലൂടെ വേണം ഈ കഥ വായിച്ചെടുക്കേണ്ടത്. ഒന്നാമത്തെ തലം ദണ്ഡനമുറകളിലൂടെ പൂർണമാവുന്ന പഠിപ്പിക്കൽ എന്ന അഭ്യാസമാണ്. കുട്ടിയുടെ ഹൃദയഭേദകമായ രോദനവും ഒരു ചോദ്യചിഹ്നമുയർത്തുന്നുണ്ട്. കഥയുടെ രണ്ടാംതലം ഇന്ന് ബന്ധങ്ങൾക്കിടെ തുലോം കുറയുന്ന പരസ്പര സ്‌നേഹത്തിന്റെ ചിത്രമാണ്. ചേച്ചിയെ അടിക്കുമ്പോൾ അതിനിടയിൽ കയറി അടി തടുക്കുന്ന അമ്മുവിന്റെ വികാരങ്ങളാണവ. ബന്ധങ്ങളുടെ ദൃഢതയില്ലായ്മ പൊതുവേ കുട്ടികളേയും ബാധിച്ചു കഴിഞ്ഞൊരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതിനിടയിൽ വ്യത്യസ്തയായൊരു കുട്ടിയായി അമ്മു നിൽക്കുന്നു. അമ്മുവും കഥാഖ്യാതാവായ അയാളും തമ്മിലുള്ള ബന്ധമാണ് കഥയുടെ മൂന്നാം തലം. ഒരു കുട്ടിയുടെ മനസ്സിൽ ലോകം വിചിത്രമായ ഒരു പ്രതിഭാസമാണ്. നിറങ്ങളേഴും പ്രസരിപ്പിക്കുന്ന മഴവില്ലുപോലെയാണ് സ്വയം കുട്ടി കാണുന്ന ലോകം. മനസ്സു നിറഞ്ഞ ആശ്ചര്യത്തോടും കൗതുകത്തോടും ജിജ്ഞാസയോടുമാണ് പുതുതായി പരിചയപ്പെടുന്ന ഏതു വസ്തുവിനെയും കുട്ടി കാണുന്നത്. എന്നാൽ ഈ ജിജ്ഞാസയെ വേണ്ടവിധം പ്രോത്സാഹിപ്പിക്കാനും വളർത്തിയെടുക്കാനുമല്ല നിയന്ത്രിക്കാനും നിരുത്സാഹപ്പെടുത്താനുമാണ് മുതിർന്നവർ ശ്രമിക്കുക. ഇതിൽ നിന്ന് വ്യത്യസ്തമായി അമ്മുവിന്റെ സകല വികൃതികളും വകവെച്ചുകൊടുക്കുന്ന അവളുടെയൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്തുന്നവരാണ് അയാളും ഭാര്യയും. തങ്ങളുടെ ജന്മം സഫലമാക്കാൻ വന്നവളായിട്ടാണ് ആ കുട്ടിയെ അവർ സ്വീകരിക്കുന്നത്. അമ്മയുടെ കൈയ്യിൽ നിന്ന് അടികിട്ടി കരയുന്ന അമ്മുവിനെ 'പീഡനങ്ങളിൽ നിന്ന് രക്ഷിക്കാനെന്നവണ്ണം അയാൾ മാറോടുചേർക്കുന്നു'. പക്ഷേ ഈ ലോകം അവൾക്ക് കൊടുക്കാനിരിക്കുന്ന കയ്‌പേറിയ അനുഭവങ്ങളിൽ നിന്ന് എത്രകാലം അവളെ തന്നോടു ചേർത്ത് രക്ഷിക്കാനാവും? അമ്മുവിന്റെ മുറിഞ്ഞ ചെറിയ വാക്കുകളിലൂടെ, അയാളുടെ ആത്മഗതങ്ങളിലൂടെ ഈ കഥ ഒരനുഭവമായി മാറുന്നു.

താൻ ജനിച്ചുവളരുന്ന സമൂഹത്തിന്റെ ആചാരങ്ങളും വിശ്വാസങ്ങളും കുട്ടിക്ക് തലമുറകളിലൂടെ കൈമാറിക്കിട്ടാറുണ്ട്. ഈ അറിവുകളിൽ നിന്ന് പഴങ്കഥകളുടേതായ ഒരു സാമ്രാജ്യം കുട്ടി സൃഷ്ടിക്കുന്നു. തെച്ചിയുടെ ചെങ്കണ്ണിനും മഴവില്ലിന്റെ നിറങ്ങൾക്കും ഇവിടെ ഉത്തരങ്ങളുണ്ട്. ഇതു കൂടാതെയാണ് തനിക്ക് അപ്രാപ്യവും അജ്ഞാതവുമായ കാര്യങ്ങളെപ്പറ്റി എത്തിച്ചേർന്ന നിഗമനങ്ങളിലൂടെ കുട്ടി സൃഷ്ടിക്കുന്ന സങ്കല്പലോകം. ആരൊക്കെ എന്തൊക്കെ പരിഹസിച്ചാലും കുട്ടിക്ക് സ്വന്തം കഴിവിനെപ്പറ്റി ഉത്തമവിശ്വാസമാണ്. കാരണം സ്വപ്നങ്ങളിലൂടെ ഏതൊക്കെ ലോകങ്ങളിലാണ് കുട്ടി എത്തിച്ചേർന്നിരിക്കുന്നത്. ഇങ്ങനെ കുട്ടി സൃഷ്ടിക്കുന്ന ഒരു സങ്കല്പലോകമാണ് 'അരുന്ധതിയുടെ പൈങ്കിളി കവിതകളിൽ' അവതരിപ്പിക്കപ്പെടുന്നത്. സ്വന്തം ഇല്ലായ്മകളെ മറയ്ക്കാൻ കാല്പനികത കലർന്നൊരു ഭാഷയിൽ സംസാരിക്കുന്ന അരുന്ധതി സിദ്ധാർഥനിൽ അത്ഭുതം സൃഷ്ടിക്കുന്നു. യഥാർത്ഥ ലോകത്തിന്റെ പരുക്കൻ അവസ്ഥകളേക്കാൾ അവൾക്ക് സുന്ദരമായി തോന്നുന്നത് പ്രേതങ്ങളും ഭൂതങ്ങളും തന്റെ മേൽ ചാടിവീഴാൻ കാത്തിരിക്കുന്ന ലോകമാണ്. ഇല്ലായ്മയിൽ നിന്നുളവാകുന്ന ആത്മാഭിമാനത്തിന്റെ മിഥ്യാബോധങ്ങൾ കാത്തുസൂക്ഷിക്കാൻ ഈ പെൺകുട്ടി പാടുപെടുന്നത് നാം അത്ഭുതത്തോടെ നോക്കി നിൽക്കും. സിദ്ധാർഥൻ എന്ന നാഗരിക സന്തതിക്ക് ഏറ്റവും അപരിചിതമായ ഒരു ലോകമാണ് അരുന്ധതിയിലൂടെ പകർന്നു കിട്ടുന്നത്. വളരുന്ന സാഹചര്യങ്ങൾ കുട്ടികളുടെ ചിന്തകളിലുളവാക്കുന്ന വ്യതിയാനങ്ങൾ ഈ കഥയിൽ കാണാം.

പഴങ്കഥകളിൽ നിന്ന് ഉരുവം കൊണ്ടൊരു വിശ്വാസമാണ് പച്ചപ്പയ്യിന്റേത്. ധാരാളം പണമുണ്ടാവാനായി പച്ചപ്പയ്യിനെ പിടിച്ച് ദേഹത്തുവെയ്ക്കാത്തൊരു ബാല്യവും ഉണ്ടാവില്ല. ഇത്തരമൊരു സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് 'പച്ചപ്പയ്യിനെ പിടിക്കാൻ' എന്ന കഥ. അനേകം അർത്ഥങ്ങളാണ് ഈ കഥയുടെ വ്യത്യസ്തത. ചേച്ചിയുടെ കല്യാണത്തിന് പണമുണ്ടാക്കാനായി കല്യാണം പോലും കാണാതെ പച്ചപ്പയ്യിനെ അന്വേഷിച്ചുപോവുന്ന ശാലിനിയാണ് ഇവിടെ കഥാപാത്രം. ശൈശവനിഷ്‌കളങ്കതയുടെ ഭംഗിയാർന്നൊരവതരണമാണിത്. പക്ഷേ ഇത്തരമൊരു ലളിതമാർന്ന വാക്യത്തിൽ നിബന്ധിക്കാവുന്നതിനുമപ്പുറമാണ് കഥയുടെ ആന്തരതലം. 'വിവാഹകമ്പോളത്തിലെ വിലപേശലുകൾ, ആഡംബരഭ്രമങ്ങൾ ഇതിനിടെ ചെറിയ മോഹങ്ങൾ കാത്തു സൂക്ഷിക്കുന്ന ഒരു പെൺകുട്ടിയുടെ നൊമ്പരങ്ങൾ, മദ്യപാനത്തിന്റെ രൂക്ഷവശങ്ങൾ ഇങ്ങനെ എത്രയോ സാമൂഹ്യപ്രശ്‌നങ്ങളാണ് ഈ കഥയിൽ ഹരികുമാർ അവതരിപ്പിക്കുന്നത്. ഇത്തരം പ്രശ്‌നങ്ങൾ വളരെ വീറോടും വാശിയോടും നമ്മുടെ സാഹിത്യകൃതികളിൽ അവതരിപ്പിക്കപ്പെട്ടതാണ്. അവയിൽ നിന്ന് ഈ കഥ വ്യത്യസ്തമാവുന്നത് ഒരു കുട്ടിയുടെ ചിന്തകളിലും സ്വപ്നങ്ങളിലുമായി അതിന്റെ ആഖ്യാനം പുരോഗമിക്കുന്നതിനാലാണ്.

പതിഞ്ഞ ശബ്ദത്തിൽ ആരവങ്ങളൊന്നുമില്ലാതെ പറഞ്ഞ ഈ കഥകൾ നമ്മുടെ വായനയെ സമ്പന്നമാക്കുന്നു. കഥയിലെ പരീക്ഷണങ്ങൾ അരങ്ങേറുന്ന ഇക്കാലത്ത് ടെക്‌നിക്കുകൾ കഥകളായി മാറിക്കൊണ്ടിരിക്കുമ്പോൾ ഇവ വ്യത്യസ്ഥമാവുകയാണ്. അമ്മുവിന്റെ കഥകളെക്കുറിച്ചു പറയുമ്പോൾ വ്യാകരണം കടന്നുകൂടി ദുഷിപ്പിക്കാത്ത ഭാഷയാണ് അമ്മുവിന്റെ കഥകൾക്ക് എന്ന് ഹരികുമാർ പറയുന്നു. ഏതാനും വാക്കുകളിൽ ഒരു വികാരപ്രപഞ്ചം മുഴുവനും ഒതുങ്ങുന്നു എന്നും. ഈ സമാഹാരത്തിലെ കഥകൾക്കും ഇതേ വിശേഷണം തീർച്ചയായും ഇണങ്ങുന്നുണ്ട്.

ആശയസമന്വയം - 1999 നവംബർ