ഡോ. സി.ആര്‍. സുശീലാദേവി

കഥനകഥയിലെ ആപേക്ഷികത

ഡോ. സി.ആര്‍. സുശീലാദേവി

കലാസൃഷ്ടിയെന്ന നിലയ്ക്ക് വായനാനുഭവമാകുന്ന നല്ല കഥകൾ ഇ. ഹരികുമാറിന്റേതായിട്ടുണ്ട്. ശക്തവും ആർദ്രവുമായ ധിഷണയും വികാരവും ഇഴചേർന്ന മനോഹരമായ ശൈലി ഹരികുമാറിന്റെ കഥനകഥയ്ക്ക് സ്വായത്തമാണ്. അനേകമാനങ്ങളിൽ ആസ്വാദ്യമാകുന്ന ആ ശൈലിയുടെ സാന്നിദ്ധ്യം പുതിയ സമാഹാരമായ 'ദൂരെ ഒരു നഗരത്തിലെ' നാലോ അഞ്ചോ കഥകളിൽ അനുഭൂതമാകുന്നു.

പതിനാലു കഥകളുടെ ഈ സമാഹാരത്തിലെ ആദ്യകഥ 'ദുഷ്ടകഥാപാത്രങ്ങളുള്ള കഥകൾ' ലാളിത്യത്തിൽ സങ്കീർണതയെ നിഗൂഢം ചെയ്യുന്ന ആഖ്യാനകലയ്ക്ക് ദൃഷ്ടാന്തമാണ്. ബാലികയായ സുചിത്രയുടെ കഥയെഴുത്തിലെ പ്രശ്‌ന-പ്രതിസന്ധികൾ മാത്രമല്ല, കഥാകാരിയുടെ കഥയെഴുത്തു തന്നെ കഥയായി മാറുകയാണ്. കഥാകൃത്തിന് കഥാപാത്രമായ കഥാകാരിയുടെ കഥയെഴുത്തിന്റെ അപനിർമ്മാണമാണിത്. കഥാപാത്രം കഥയ്ക്ക് നാന്ദികുറിക്കുന്ന ആദ്യവാചകം നോക്കു. 'അമ്മ ഒരു ദുഷ്ടകഥാപാത്രമാണ്.' എത്ര സാധാരണവും ലളിതവും നിസ്സംഗവുമൊക്കെയായാ ഒരു വചനം! എന്നാൽ ആ വചനത്തിന്റെ പിറവിയുടെ പശ്ചാത്തലം കഥാകൃത്ത് നർമ്മമധുരമായ ഹാസ്യത്തോടെ പ്രകാശിപ്പിക്കുമ്പോൾ കഥാകാരി അതേവരെ അഭിമുഖീകരിച്ച പ്രശ്‌ന-പ്രതിസന്ധികൾ തീരോഭവിക്കുകയാണ്, കഥ അനായാസം രൂപംകൊള്ളുകയാണ്.

നന്മ, ദുഷ്ടത എന്നീ വിരുദ്ധദ്വന്ദങ്ങളിലെയും ആശയസംജ്ഞകളിലെയും വിധിയെഴുത്തുകളിലെയും അർത്ഥതലങ്ങളും മാനദണ്ഡങ്ങളും എത്രയോ ആപേക്ഷികമാണെന്ന് നാമറിയുന്നു. സനാതന നന്മയുടെ മൂർത്തിയാണ് അമ്മ എന്ന സങ്കൽപം തലകീഴ്മറിയുകയാണ്, ആ കഥാകാരിയുടെ ഭാവനാലോകത്ത്. അത് സർഗപ്രചോദനമായി ഭവിക്കുകയാണ്. പൊടുന്നനെ, ഉത്തരാധുനികചിന്തയുടെ തലം കഥയിലുളവാക്കുകയാണ്, തികച്ചും നിരുപദ്രവമായ ഹാസ്യത്തിന്റെ രീതിയിൽ. സാഹിത്യസൃഷ്ടിയും സ്രഷ്ടാവിന്റെ വ്യക്തിജീവിതവും കൂട്ടിക്കുഴക്കേണ്ട ആവശ്യമെന്ത് എന്ന ഉത്തരാധുനികശൈലിയിലെ ചോദ്യവും ഉത്തരവുമായി കഥ പരിണമിക്കുകയാണ്. ഇത് ഹരികുമാറിന്റെ ആഖ്യാനകലയിലെ ആർജവത്വമാണ്.

യന്ത്രവൽക്കൃത ജീവിതവും ഉപഭോഗസംസ്‌കൃതിയും അസഹിഷ്ണുതയുടെ ആശയലോകവും വ്യാപനം ചെയ്യുന്ന സമൂഹമദ്ധ്യത്തിൽ മനുഷ്യൻ എന്നയവസ്ഥ സാമൂഹികവും വൈയക്തികവുമായ ദുരന്തമാകുന്നതിന്റെ ആവിഷ്‌കാരമാണ് 'ഷ്രോഡിങ്ങറുടെ പൂച്ച, ജംറയിലെ ചെകുത്താൻ, ദൂരെ ഒരു നഗരത്തിൽ' എന്നീ കഥകൾ. കംപ്യൂട്ടർ സംസ്‌കാരത്തിന് വികസനോന്മുഖവും ഹിംസാത്മകവുമായ ഇരുമുഖങ്ങളുണ്ട്, മാനുഷികമായ ചില ദുരന്തത്തിന്റെ കാളിമയാർന്ന ആന്തരഭാവമുണ്ട്. നഗരത്തിൽ, സമ്പന്ന ഗൃഹങ്ങളിൽ ബാല്യത്തിന് കംപ്യൂട്ടർ ഗെയിം പ്രചോദനവും ലഹരിയുമായി മാറുമ്പോൾ സംജാതമാകുന്ന രക്തരൂഷിതവും ഭീതിദവുമായ പരിണതിയാണ് 'ജംറയിലെ ചെകുത്താൻ'. പാതിരാവോളം കംപ്യൂട്ടർ ഗെയിമിൽ ലയിച്ചിരിക്കുന്ന മകൻ ഒരു പുലരിയിൽ അപ്രത്യക്ഷനാകുന്നു. അച്ഛനമ്മമാരുടെ ഉൽക്കണ്ഠയും വിഫലമായ അന്വേഷണയത്‌നങ്ങൾക്കും വിരാമമിടുന്ന യാഥാർത്ഥ്യത്തിന്റെ ആഘാതം - കംപ്യൂട്ടറിൽ മകൻ ഒരു ഐക്കണായി, മുദ്രയായി മാറിയിരിക്കുന്നു എന്നത് - കഥയിലെ പരിണാമഗുപ്തിക്കുപരി, പ്രമേയവ്യഞ്ജകം ആയിത്തീരുന്നു - ഒരു ദിവസം ഷഡ്പദമായി മാറുന്ന ഒരുവന്റെ ജീവിതം കാഫ്ക പ്രതീകവൽക്കരിച്ചത് അനുസ്മരിക്കുമാറ് തീഷ്ണാനുഭവമാണീ കഥ.

'ഷ്രോഡിങ്ങറുടെ പൂച്ച'യിൽ നിരീക്ഷകനും വേട്ടക്കാരനും ഇരയുമായി തീരുന്ന മനുഷ്യാവസ്ഥയുണ്ട്. നിരീക്ഷകനില്ലെങ്കിൽ പ്രപഞ്ചമില്ലെന്ന ശാസ്ത്രജ്ഞാനം ഗ്രഹിച്ച പ്രൊഫസർ ഹമീദ്, ചരിത്രപണ്ഡിതൻ പ്രൊഫസർ രാമചന്ദ്രൻ, വർഗീയകലാപത്തിന് ഇരയാകുന്ന മകന്റെ അച്ഛനായി മാറുന്ന ഹമീദ് എന്നിവരെല്ലാം നിരീക്ഷകന്റെ സ്ഥാനത്തു നിന്ന് ഇരയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുകയാണ്. മാനവികതയെന്നത് ഭാവനാലോകമാകുമ്പോൾ, ആ ശൂന്യാകാശത്തിലേക്ക് തന്നിലെ ശാസ്ത്രജ്ഞന്റെയും മനുഷ്യന്റെയും മാർജ്ജാരഭാവങ്ങളെ സൂക്ഷ്മസത്യഗ്രഹണത്തിനായി പറഞ്ഞുവിട്ട് ഗസലും സംഗീതവും നൽകുന്ന സ്‌നേഹലോകത്തു കഴിയുന്ന ഈ ശാസ്ത്രജ്ഞനും ചരിത്രപണ്ഡിതനും, അവർ വിനിമയം ചെയ്യുന്ന ഭാവലോകവും വസ്തുനിഷ്ഠവും നിർമ്മലവുമായ മാനുഷ്യകത്തിന്റേതാണ്; അത് നമുക്ക് അന്യമാണെങ്കിലും.

പ്രബുദ്ധമായ ആശയം ദ്യോതിപ്പിക്കുന്ന പ്രമേയത്തിൽ ഇരുണ്ട ഹാസ്യം ചാലിച്ച കഥയാണ് 'ദൂരെ ഒരു നഗരത്തിൽ'. റോഡിലെ കല്ലിൽ തട്ടി ബൈക്ക് മറിഞ്ഞ് ആശുപത്രിയിൽ ജീവശ്ശവം പോലെ, ട്യൂബുകളും കുഴലുകളും വഴി പ്രാണൻ നിലനിർത്തുന്ന ഒരു നവവരനായ യുവാവിന്റെ നിശ്ചല ചിത്രണത്തിൽ കഥയാരംഭിക്കുന്നു. മകന്റെ ജീവൻ താങ്ങുന്ന ട്യൂബുകൾ വലിച്ചുമാറ്റി, മകന് മരണത്തിന്റെ സാന്ത്വനം നൽകുന്ന അച്ഛന്റെ ഇരുണ്ട ദുഃഖത്തിൽ കഥയവസാനിക്കുന്നു. ഇതിന്റെ മദ്ധ്യേ, ജനാധിപത്യനിയമവാഴ്ചയുടെയും ബ്യൂറോക്രസിയുടെയും കപടമുഖങ്ങൾ, പൊള്ളയായ ധാർമ്മിക വ്യഗ്രതകൾ, തുടർക്കഥയായി മാറുന്ന റോഡപകടങ്ങൾക്കു കാരണമായ കല്ല്, ആ കല്ല് സൃഷ്ടിക്കുന്ന കോലാഹലങ്ങൾ, ഇതൊന്നുമറിയാത്ത ബാല്യം ക്രിക്കറ്റ് കളി സുഗമമാക്കാനായി കല്ല് നിഷ്പ്രയാസം ഇളക്കി മാറ്റുമ്പോൾ സംജാതമാകുന്ന ചിരി, എന്നിവയെല്ലാം നാമറിയുന്നു. ഇതെല്ലാം കഥാകൃത്ത് പ്രകാശിപ്പിക്കുന്നത് പിതാ-പുത്രബന്ധത്തിലെ തീവ്രസ്‌നേഹത്തിന്റെ സംയുക്തതലം കേന്ദ്രീകരിച്ചാണ്. ഇത് 'വളരെ ദൂരെ ഒരു നഗരത്തിൽ' നടന്ന പഴയൊരു കഥയെന്ന മട്ടിൽ ആഖ്യാനം ചെയ്യുമ്പോൾ ഒന്നുമാത്രം സ്പഷ്ടമാകുന്നു. ദൂരെ ഒരു നഗരത്തിലല്ല, അടുത്ത്, കണ്മുന്നിൽ എപ്പോഴും എവിടെയും ഈ ദുരന്തം സംഭവിക്കുന്നു. നാമതിന് മൂകസാക്ഷിയും ഇരയുമായി ജീവിച്ചുപോരുന്നു. പ്രതികരണവും പ്രതിഷേധവും ഇല്ലാതെ.

പ്രവാസിക്ക് ബാല്യം ഗൃഹാതുരതയാകുമ്പോൾ ആ രുചിരസ്മരണകളിൽ ഫാന്റസിയുടെ സന്നിവേശം ദ്യോതിപ്പിക്കുന്ന 'മറ്റൊരു ലോകത്തിൽ, മറ്റൊരു കാലത്തിൽ, പ്രവാസിയിൽ ബാല്യസ്മൃതിയായി മണക്കുന്ന 'മാങ്ങാറിച്ചെടികൾ', അവിവാഹിതരായ യുവാക്കളുടെ ലോഡ്ജിൽ ഒരു ഞായറാഴ്ചയുടെ സുഖാലസ്യമോഹങ്ങളിൽ അരങ്ങേറുന്ന നാടകം, അവിടെ വിപണനവസ്തുവാകുന്ന സ്ത്രീജന്മം, അതിനു നേരെ നീളുന്ന കരുണയുടെ വെളിച്ചം, ജീവിതം നൽകിയ ക്രൗര്യത്തിലേക്ക് അനാഥമായി നടന്നുമറയുന്ന സ്ത്രീത്വം - ഇതെല്ലാം ദ്യോതിപ്പിക്കുന്ന 'ലോഡ്ജിൽ ഒരു ഞായറാഴ്ച', ജീവിതം നൽകാത്തതും ജീവിതം കൊണ്ട് നേടാൻ മോഹിക്കുന്നതുമായ സമൃദ്ധിയുടെയും സ്‌നേഹത്തിന്റെയും അംഗീകാരത്തിന്റെയും ലോകം കാംക്ഷിക്കുന്നവരെ കാട്ടിത്തരുന്ന 'പുഴയ്ക്കക്കരെ കൊച്ചു സ്വപ്നങ്ങൾ, സുബർക്കത്തിന്റെ ശിൽപി, ചിരിക്കാനറിയാത്ത കുട്ടി, ആർക്കും വേണ്ടാതെ വലിച്ചെറിഞ്ഞ ചിത്രം, തീരെ പ്രതീക്ഷിക്കാത്ത ഒരു ദിവസം, ഒരു വീഡിയോ സ്വപ്നം, തുടർക്കഥ വായിക്കുന്ന സ്ത്രീ' എന്നിവ വെറും കഥകൾ മാത്രമായി നിലകൊള്ളുന്നു.

ഇ. ഹരികുമാറിന്റെ ഈ സമാഹാരത്തിലെ മിക്കകഥകളും നഗരവൽക്കരിക്കപ്പെട്ട മനുഷ്യാവസ്ഥയുടെ പ്രാന്തപ്രദേശങ്ങളുടെയും, ഇരുണ്ട ഭാരം പേറുന്നവരുടെയും ജീവിതാഖ്യാനങ്ങളാണ്.

ഇന്ത്യാടുഡേ - 2000 ജൂലായ് 19

ഡോ. സി.ആര്‍. സുശീലാദേവി

1978 മുതൽ ചങ്ങനാശേരി എൻ.എൻ.എസ്‌. ഹിന്ദു കോളജിൽ അദ്ധ്യാപിക, ചെറുകഥാ സാഹിത്യത്തെക്കുറിച്ചുള്ള നിരവധി നിരൂപണങ്ങളും , ടി പത്മനാഭൻ കഥയിലെ കാലഭൈരവൻ എന്ന നിരുപണ ഗ്രന്ഥവും രചിച്ചിട്ടുണ്ട്.