മാങ്ങോട്ട് കൃഷ്ണകുമാര്‍

ഇളവെയിലിന്റെ സാന്ത്വനം

മാങ്ങോട്ട് കൃഷ്ണകുമാര്‍

ദുഃഖം തണുത്തുറഞ്ഞ മഞ്ഞുകട്ടയുടെ മരവിപ്പുണ്ടാക്കുമ്പോഴും പ്രസാദാത്മകത്വത്തിന്റെ ഇളവെയിലിൽ ആശ്വാസം തേടിനടക്കുന്ന അപൂർവ്വം കാഥികരിലൊരാളാണ് ശ്രീ ഹരികുമാർ.

ദുഃഖിതരാണ് ഈ കഥയെഴുത്തുകാരന്റെ കഥാപാത്രങ്ങളിൽ മിക്കവരും. പരുക്കൻ ജീവിതത്തിന്റെ വിവിധങ്ങളായി ദുഃഖഭാരങ്ങൾ ചുമക്കുകയും ആശാംഭംഗങ്ങൾ നേരിടുകയും ചെയ്യുന്ന ഈ കഥാപാത്രങ്ങൾ നമ്മെ കണ്ണുനീർക്കയത്തിലാഴ്ത്തുന്നില്ല. മറിച്ച്, കൂരിരുട്ടിൽ വഴിയറിയാതെ ഉഴറിനടക്കുമ്പോഴും അകലെ എവിടെയോ പ്രത്യാശയുടെ സൂര്യകിരണങ്ങളുണ്ടെന്ന് നമ്മെ ഓർമ്മപ്പെടുത്തുകയും ആശ്വാസം തേടി അലയുകയുമാണ് അവർ ചെയ്യുന്നത്.

കൂറകൾ, വൃക്ഷഭത്തിന്റെ കണ്ണ്, കുങ്കുമം വിതറിയവഴികൾ, ദിനോസറിന്റെ കുട്ടി എന്നീ കഥാസമാഹാരങ്ങളെ ആസ്പദമാക്കി ഹരികുമാറിന്റെ കഥകൾ ആസ്വദിക്കുക എന്നതാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.

ആധുനികത മലയാള സാഹിത്യത്തിൽ അമ്പരപ്പുണ്ടാക്കിയ അറുപതുകളിലാണ് ഹരികുമാർ രംഗപ്രവേശം ചെയ്യുന്നത്. ആദ്യത്തെ സമാഹാരമായ 'കൂറകളി'ലെ 'ഇരുട്ടിലൂടെ' എന്ന കഥ ആയിരത്തിത്തൊള്ളായിരത്തി അറുപത്തിമൂന്നിലാണെഴുതുന്നത്. ആദ്യമായി ശ്രദ്ധിക്കപ്പെട്ട 'കൂറകളാ'കട്ടെ അറുപത്തിയഞ്ചിലും. ഏകദേശം ഈ കാലത്താണ് കാക്കനാടനും എം.പി. നാരായണപിള്ളയും സക്കറിയയും മുകുന്ദനും സേതുവുമൊക്കെ മലയാള ചെറുകഥയ്ക്ക് പുതിയ മാനങ്ങൾ അന്വേഷിച്ചിരുന്നത്. (ഇതിനു മുമ്പുതന്നെ ആധുനികകഥകളെഴുതിയിരുന്ന മാധവിക്കുട്ടിയേയും ഒ.വി. വിജയനേയും വി.കെ. എന്നിനേയും ഈ ലിസ്റ്റിൽ ഉൾപ്പെടുത്താത്തത് മന:പൂർവ്വമാണ്.)

പടിഞ്ഞാറുണ്ടായ ആധുനികതയുടെ അലയടി ഇന്ത്യയിൽ ആദ്യമായി അനുഭവപ്പെട്ടത് ഒരു പക്ഷേ മലയാളത്തിലായിരിക്കണം. ഒറ്റനോട്ടത്തിൽ വിലക്ഷണങ്ങളെന്ന് തോന്നിപ്പിച്ചിരുന്ന ഈ പുതുകഥകൾ മലയാളചെറുകഥാലോകത്ത് ലബ്ധപ്രതിഷ്ഠരായ കാഥികരുടെ ശൈലിയിൽ നിന്നും, ജീവിതത്തോടും സാഹിത്യത്തോടുമുള്ള സമീപനരീതിയിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. പുതുമയ്ക്കുവേണ്ടി ദാഹിച്ചിരുന്ന മലയാളം വായനക്കാർ അവയെ അമ്പരപ്പോടെയാണെങ്കിലും ആഹ്ലാദപൂർവ്വം സ്വീകരിച്ചു. ഈ കഥകളുടെ ആർജ്ജവവും അവയ്ക്കു കിട്ടിയ അംഗീകാരവും കഥയെഴുതിത്തുടങ്ങുന്ന ചെറുപ്പക്കാർക്ക് ഒരു ഹരമായിമാറിയ കാലത്താണ് ഹരികുമാർ കഥകളെഴുതിത്തുടങ്ങുന്നത്. എന്നാൽ അത്യാധുനികതയുടെ ദുരൂഹമായ മായാവലയത്തിൽ നിന്നൊഴിഞ്ഞുമാറി സ്വന്തം തോട്ടം വെട്ടിയുണ്ടാക്കി, സ്വന്തം വേരുകളിൽനിന്ന് കരുത്തുനേടി സ്വന്തമായ വസന്തം സൃഷ്ടിക്കുമ്പോഴും പഴയ കാഥികരുടെ പിൻതുടർച്ചക്കാരനാവാനാണ് ഹരികുമാർ ഇഷ്ടപ്പെട്ടത്. ഒരു പക്ഷേ അതുകൊണ്ടു തന്നെയായിരിക്കണം ശൈലിയിലും കാഴ്ചപ്പാടിലും തികച്ചും വ്യത്യസ്തനെങ്കിലും 'പ്രാകൃതനായ ഒരു തോട്ടക്കാരന്റെ കഥ' പറയാൻ പുറപ്പെട്ട ഈ കാഥികന് വേണ്ടത്ര അംഗീകാരം കിട്ടാതെ പോയത്.

ശൈലി

കവിതയോടടുക്കുന്ന - അല്ല പദ്യാത്മകമായ രചനാരീതിയാണല്ലോ നമ്മുടെ ആധുനിക ചെറുകഥാകൃത്തുക്കളിൽ പലരും സ്വീകരിച്ചിരുന്നത്. അപൂർണ്ണങ്ങളായ വാചകങ്ങൾ - അമൂർത്തമായ ആശയങ്ങളെ ധ്വനിപ്പിക്കുന്ന പദപ്രയോഗങ്ങൾ - ദുരൂഹങ്ങളായ രൂപകല്പനകൾ - ഒറ്റവായനയിൽ പിടികൊടുക്കാത്ത രീതിയിലുള്ള ആവിഷ്‌കരണശൈലി - ഇതൊക്കെക്കൊണ്ട് ആധുനികകാഥികർ അനുവാചകരെ അമ്പരപ്പിച്ചു. ഇവരിൽ പലരുടെയും പലകഥകളും ഒന്നാംതരത്തിൽ പെട്ടവതന്നെയാണെങ്കിലും അവരുടെ പിൻഗാമികളുടെ കൈയിൽ ഈ സങ്കേതം അന്ധന്റെ ചിത്രരചന പോലെ അരോചകമാവുകയാണുണ്ടായത്. വേണ്ടത്ര ഉൾക്കാഴ്ചയില്ലാത്ത ഈ അന്ധകാഥികർ വാക്കുകളുടെ കസർത്തിൽ സ്വയം മറന്ന് ദുരൂഹമായ ദുഃഖത്തിന്റെ ചൂടുൾക്കൊള്ളുന്ന ആത്മാവിഷ്‌ക്കാരങ്ങളാണ് തങ്ങളുടെ കഥകളെന്നു വീമ്പിളക്കി കള്ളനാണയങ്ങളും നല്ലനാണയങ്ങളും തമ്മിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പരിത:സ്ഥിതി സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ ഈ വാചകമടിക്കാരുടെ കൂട്ടത്തിൽ നിന്ന് അകന്നുമാറിനിൽക്കാനാണ് ഹരികുമാർ തീരുമാനിച്ചത്. സ്വച്ഛവും ലളിതവുമായ ആഖ്യാനരീതി സ്വീകരിച്ചാലും കഥയുടെ കരുത്തിനോ കൗതുകത്തിനോ കുറവൊന്നും വരില്ലെന്ന് ഹരികുമാറിന്റെ കഥകൾ തെളിയിക്കുന്നു. ഈ എഴുത്തുകാരന്റെ എല്ലാം കഥകളും വിശ്വോത്തരമാണെന്നൊന്നും ഇവിടെ വിവക്ഷയില്ല. എന്നാൽ നേരെ ചൊവ്വേ കഥകൾ പറയുന്ന (ഒരു പക്ഷേ പഴഞ്ചൻ രീതിയെന്നു തെറ്റിദ്ധരിക്കപ്പെടാവുന്ന) ആവിഷ്‌ക്കരണരീതി - എഴുതുന്ന ഓരോ വാചകവും ഋജ്ജുവും ലളിതവും എന്നാൽ അർത്ഥപൂർണ്ണവും ആകുമ്പോഴുള്ള സുഖം ഈ കഥകളിൽ ഉടനീളം കാണാം. അലങ്കാരങ്ങൾ കഴിയുന്നത്ര ഒഴിവാക്കി, പദവിന്യാസങ്ങൾ കൊണ്ട് അർത്ഥതലങ്ങൾ സൃഷ്ടിക്കുന്ന ഈ സമ്പ്രദായം മലയാളത്തിൽ കുറച്ചു കാഥികരേ സ്വീകരിച്ചിട്ടുള്ളു.

ബിംബകല്പനകൾ

ശ്രദ്ധേയരായ എല്ലാ എഴുത്തുകാരുടേയും രചനകളിൽ അവരറിഞ്ഞോ അറിയാതെയോ ചില ബിംബകല്പനകളുടെ ആവർത്തനങ്ങൾ കാണാം. ഹരികുമാറിന്റെ കഥകളിലെ അത്തരം സ്വകാര്യബിംബങ്ങളെക്കുറിച്ച് പഠിക്കുന്നത് രസാവഹമാണെന്നു തോന്നുന്നു.

മിക്കവാറും കഥകളിൽ ഈ കാഥികൻ സൂര്യപ്രകാശത്തേയോ വെയിലിനെയോ പറ്റി പരാമർശിക്കയോ സൂചിപ്പിക്കയെങ്കിലുമോ ചെയ്യുന്നു. കൊടും ചൂടിനെയും അതിശൈത്യത്തെയും വെറുക്കുകയും, കുളിർകാറ്റിനേയും ഇളംചൂടിനെയും സ്വാഗതം ചെയ്യുകയും ചെയ്യുന്ന സ്വഭാവം മിക്കകഥകൾക്കുമുണ്ട്. പ്രസാദാത്മകതയ്ക്ക്, ആശ്വാസത്തിന് ഹരികുമാർ നൽകുന്ന പര്യായമാണ് 'ഇളവെയിൽ'. (ഇതൊരു ശീതകാലാവസ്ഥയിൽ ജീവിക്കുന്നവരുടെ ആംഗ്ലേയവീക്ഷണഗതിയല്ലേ എന്ന് ഉഷ്ണമേഖലയിൽ ജീവിക്കുന്ന നമുക്ക് പ്രത്യക്ഷത്തിൽ തോന്നിയേക്കാം. എന്നാൽ കഥകൾ ശ്രദ്ധാപൂർവ്വം പഠിക്കുമ്പോൾ ഒരു ബാല്യകാലപ്രഭാതത്തിലോ സായാഹ്നത്തിലോ ഉണ്ടായിരുന്ന ഇളവെയിലോ പോക്കുവെയിലോ പകർന്നുതന്ന ആശ്വാസം, പിൽക്കാലജീവിതത്തിലെ ദുർഘടസന്ധികളിൽ പ്രത്യാശയുടെ കിരണങ്ങളായി രൂപാന്തരപ്പെടുന്നത് കാണാവുന്നതേയുള്ളു.)

കഥകൾക്ക് സൂര്യസ്പർശം നൽകുന്ന സന്ദർഭങ്ങൾ നോക്കാം - 'മുറിയിലേയ്ക്ക് അരിച്ചുവരുന്ന സൂര്യകിരണങ്ങൾ' (കൂറകൾ), 'നിലത്ത് വിരിഞ്ഞുകിടക്കുന്ന സൂര്യവെളിച്ചം' (ഇരുട്ടിലൂടെ), 'വേനൽപ്രഭാതത്തിൽ പറന്നുചുറ്റുന്ന പരുന്തുകൾ', 'പ്രഭാതം ആശ്വാസത്തിന്റെ കൈവിളക്കുമേന്തി വന്നു, എന്നെ വിളിച്ചുണർത്തി' (പരുന്തുകൾ വട്ടം ചുറ്റുമ്പോൾ) 'വേനലിൽ ഞാൻ നിനക്കുവേണ്ടി പാവകൾ ഉണ്ടാക്കി' (ഞാൻ നിന്നിൽ), 'സൂര്യൻ വീണ്ടും ഒരു പിടി രശ്മികളുമായി പ്രഭാതത്തിൽ വന്നു. ഉറങ്ങിക്കിടന്ന തണുത്ത കാറ്റിനെ ചാട്ടവാറുകൊണ്ടടിച്ചുണർത്തി കർമ്മനിരതനാക്കി' (വെള്ളക്കുതിരയുടെ രാജകുമാരൻ), 'കുങ്കുമം വിതറിയ വഴിത്താരകൾ കടലിലേക്കു നയിക്കുന്ന സായാഹ്നം' (കുങ്കുമം വിതറിയ വഴികൾ), 'നിറം മങ്ങിത്തുടങ്ങിയ വെയിലിന്റെ ആർദ്രത' (മലകളുടെ സംഗീതം), 'വൈകുന്നേരം സൂര്യരശ്മികൾ മഞ്ഞയായി മാറുമ്പോൾ തണുത്ത കാറ്റുവീശാൻ തുടങ്ങുമ്പോൾ മഞ്ഞക്കിളികൾ അസ്വസ്ഥരാവുമ്പോൾ ഞാൻ അപ്പോഴും കിട്ടിയിട്ടില്ലാത്ത ആശ്വാസവും തേടി നടക്കുകയായിരിക്കും' (ആശ്വാസം തേടി), 'രാത്രി എന്റെ തണുത്ത മുറിയിൽ ചൂടിനുവേണ്ടി ആശിച്ചുകിടക്കുകയും ചെയ്തു' (ഐശ്വര്യത്തിലേയ്ക്കു വീണ്ടും), 'വൃക്ഷത്തലപ്പുകളിൽ മഞ്ഞവെയിൽ തട്ടിക്കളിക്കുന്ന ഇലകൾ' (മറ്റൊരു തോട്ടക്കാരൻ), 'ഊഞ്ഞാലാടുമ്പോൾ സൂര്യനെ പെട്ടെന്നു നോക്കി കണ്ണടയ്ക്കാറുള്ള കുട്ടി' (യാത്ര പറയാതെ പോയവൾ), 'ഇളവെയിൽ കാഞ്ഞ് ഭിത്തിമേൽ ഇരിക്കുന്ന പക്ഷി' (കടൽക്കരയിൽ ഒരു പക്ഷിക്കാരൻ), 'പൊടി നിറഞ്ഞ ആകാശത്തിൽ ഏകദേശം മൂന്നിലൊരുഭാഗം വഴി തരണം ചെയ്ത സൂര്യൻ' (മണിയറയിൽ നിന്ന് ഓടിപ്പോയവർ), 'തെങ്ങിൻ തലപ്പിൽ അറച്ചുനിൽക്കുന്ന അവസാനത്തെ വെയിൽ' (രൂപം നഷ്ടപ്പെട്ട മൃഗങ്ങൾ), 'വെയിൽ ജനലഴികളിലൂടെ മേശമേൽ പതിക്കുമ്പോൾ അവൻ സ്വപ്നങ്ങളുടെ വിശദാംശങ്ങൾ ഓർക്കുന്നു', കുറച്ചൊരു ഊഷ്മാവിനുവേണ്ടി കുറച്ചു ഭക്ഷണത്തിനുവേണ്ടി തലയുയർത്തി നോക്കുന്ന കുട്ടിദിനോസർ' (ദിനോസറിന്റെ കുട്ടി), 'കിടപ്പുമുറിയുടെ ഗാലറിയിൽ നിന്നാൽ കാണാവുന്ന സൂര്യോദയം' (സന്ധ്യയുടെ നിഴലുകൾ), 'ഇതിനകം വെയിൽനാളങ്ങൾ കെടുകയും നിഴലുകൾ മുറ്റത്താകെ പരക്കുകയും ചെയ്തിരുന്നു' (ബസ്സു തെറ്റാതിരിക്കാൻ), 'കിടപ്പുമുറിയുടെ ജനലിലൂടെ നീണ്ടുവരുന്ന സൂര്യരശ്മികൾ' (സ്ത്രീ ഗന്ധമുള്ള ഒരു മുറി).

-ഇങ്ങനെ നിരവധി കഥകളിൽ ഇളംചൂടുള്ള വെയിൽ ഉന്മേഷത്തിന്റെ, ആഹ്ലാദത്തിന്റെ, ആശ്വാസത്തിന്റെ പ്രതീകമായി പ്രത്യക്ഷപ്പെടുന്നു

'ഉറങ്ങുന്ന സർപ്പങ്ങൾ' എന്ന നോവലിൽ ഇതുവളരെ വ്യക്തമായിത്തന്നെ ഹരികുമാർ വിവരിക്കുന്നതു നോക്കുക.

'സീമയുടെ സ്‌കെച്ചുകളും മുറിയുടെ ഉച്ചതിരിഞ്ഞ സമയത്തുള്ള ഭാവവും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ടെന്ന് മനോഹരനു തോന്നാറുണ്ട്. സ്‌കെച്ചുകളിലെ തുറന്ന വിശാലതയും മുറിയിലേയ്ക്കു കടന്നുവരുന്ന ഉച്ചവെയിലും അയാളെ ബാല്യത്തിലേയ്ക്കു നയിക്കാറുണ്ട്. കുട്ടിക്കാലത്ത് എപ്പോഴും വെയിലുണ്ടായിരുന്നു. മരങ്ങൾക്കിടയിലൂടെയോ നീണ്ടുകിടക്കുന്ന വയലുകളിൽ നെൽച്ചെടികളുടെ പച്ചപ്പിന് മാറ്റുകൂട്ടിയോ, കുളങ്ങളിൽ തുടിക്കുമ്പോൾ ഉയർന്നുവന്ന വെള്ളത്തിലൂടെ കാണുന്ന മഴവില്ലായോ വെയിൽ എല്ലായ്‌പോഴുമുണ്ടായിരുന്നു'

'കുട്ടിക്കാലത്തെപ്പറ്റിയുള്ള ഓർമ്മ ആശ്വാസമരുളുന്നതായിരുന്നു. (പേജ് 68)

നോവൽ അവസാനിക്കുന്നത് ഇങ്ങനെയാണ്.

'പിന്നെ വീണ്ടും സർപ്പങ്ങൾ ചുരുണ്ടുറങ്ങുകയും, എപ്പോഴും വെയിൽ പ്രകാശമയമാക്കുകയും ചെയ്യുന്ന ഒരു സ്ഥലത്തേയ്ക്ക് അയാൾ ഊർന്നിറങ്ങുന്നു. അവിടെ ശാന്തിയാണ്.'

എന്നാൽ കത്തിക്കാളുന്ന സൂര്യൻ, നട്ടുച്ച എന്നിവ അസഹനീയങ്ങളായ അനുഭവങ്ങളെ ധ്വനിപ്പിക്കുന്ന സന്ദർഭങ്ങളായും രൂപാന്തരപ്പെടുന്നുണ്ട്. (ഉദാ. ശിശിരം, മധുവിധു, പ്രാകൃതനായ തോട്ടക്കാരൻ, മറ്റൊരു തോട്ടക്കാരൻ, കറുത്ത സൂര്യൻ എന്നീ കഥകൾ)

പക്ഷികളും ചെറുജീവികളും മൃഗങ്ങളും ഹരികുമാറിന്റെ കഥകളിൽ വ്യത്യസ്തമായ അർത്ഥമാനങ്ങൾ ഉളവാക്കുന്നു. കഥാസമാഹാരങ്ങൾക്കും നോവലിനും ഇട്ടിരിക്കുന്ന പേരുകൾ തന്നെ ശ്രദ്ധിക്കുക: കൂറകൾ, വൃക്ഷഭത്തിന്റെ കണ്ണ്, ദിനോസറിന്റെ കുട്ടി, ഉറങ്ങുന്ന സർപ്പങ്ങൾ.

ഈ ബിംബങ്ങൾ കഥകളിൽ പ്രത്യക്ഷപ്പെടുന്നത് പലപ്പോഴും നിയതമായ അർത്ഥത്തിലല്ല. 'ജാഥ നയിക്കുന്ന കൂറകൾ' (കൂറകൾ), 'കണ്ണുകളിൽ പീളയടിഞ്ഞ വൃത്തികെട്ട നായ്ക്കുട്ടി' (ഉണക്കമരങ്ങൾ), 'പരുന്തുകൾ സമയമാണ്' (പരുന്തുകൾ വട്ടം ചുറ്റുമ്പോൾ), 'തെച്ചിപ്പൂക്കളിൽ തേൻകുടിക്കാനെത്തുന്ന പൂമ്പാറ്റകൾ' (ഞാൻ നിന്നിൽ), 'കുതിരസവാരി' (ഞാൻ നിന്നിൽ, വെള്ളക്കുതിരയുടെ രാജകുമാരൻ മുതലായവ), 'ഇളവെയിൽ കാഞ്ഞ് ഭിത്തിമേൽ ഇരിക്കുന്ന പക്ഷി' (കടൽക്കരയിൽ ഒരു പക്ഷിക്കാരൻ) 'നരിച്ചീറുകൾ' (മണിയറയിൽ നിന്ന് ഓടിപ്പോയവർ), 'കളിത്തടാകത്തിലെ കട്ടുറുമ്പ്' (രൂപം നഷ്ടപ്പെട്ട മൃഗങ്ങൾ), പറക്കാൻ വയ്യാതെ ചുവന്ന സിമന്റിട്ട നിലത്ത് വില്ലൊടിഞ്ഞ പഴഞ്ചൻകുടപോലെ ചത്തുകിടന്ന വാവൽ (നഷ്ടക്കാരി), 'ട്രപ്പീസുകളിക്കാരിയെ കല്യാണം കഴിക്കാൻ കൊതിക്കുന്ന കുതിര (സർക്കസിലെ കുതിര), 'ദേഹത്തിലാസകലം അരിച്ചുനടക്കുന്ന എട്ടുകാലി (നഷ്ടക്കാരി), ആറുവയസ്സുകാരന്റെ വളർത്തുമൃഗമാകുന്ന ദിനോസർ (ദിനോസറിന്റെ കുട്ടി), 'ചത്തുവീണ പ്രാവുകൾ പോലെ കരിയിലകൾ' (കറുത്ത സൂര്യൻ) ഇങ്ങനെ പക്ഷികളും മൃഗങ്ങളും മറ്റു ചെറുജീവികളും കഥാസന്ദർഭത്തിനുതകിയ അർത്ഥതലങ്ങളും അലങ്കാരശോഭയും നല്കുന്നു.

ഇനിയുമുണ്ട് ബിംബങ്ങൾ, സംഗീതം, ചിത്രകല, ഇരുണ്ട ഗുഹകൾ, കല്ലുകൾ, തോട്ടങ്ങൾ, ചെടികൾ, പൂവുകൾ, വിവിധകാലാവസ്ഥകളുടെ ഗന്ധങ്ങൾ, മേഘക്കീറുകൾ.... അങ്ങനെ അനവധി ബിംബങ്ങൾ അവയ്ക്ക് സ്വതവേയുള്ള അർത്ഥത്തിൽ നിന്നുപരിയായി ഹരികുമാറിന്റെ കഥകൾക്കു മിഴിവു നൽകുന്നു.

പ്രകൃതിയും മനുഷ്യനും

സൃഷ്ടിയുടെ രഹസ്യങ്ങളും ഭൂമിയുടെയും മറ്റു ഗോളങ്ങളുടെയും ഭ്രമണാത്ഭുതങ്ങളും ഋതുഭേദങ്ങൾ മനുഷ്യമനസ്സിൽ സൃഷ്ടിക്കുന്ന ഭാവപരിണാമങ്ങളും കഥാനുസാരിയായി ആലങ്കാരികമായും ചിലപ്പോൾ വസ്തുനിഷ്ഠമായും ചിലപ്പോൾ ചിന്താശകലങ്ങളായും ഹരികുമാറിന്റെ കഥകളിൽ പ്രതിപാദിക്കപ്പെടുന്നു. ഇത് വ്യക്തമാക്കുന്നതിനാണ് കഥകളിൽനിന്നും തന്നെ ചിലഭാഗങ്ങൾ ഉദ്ധരിക്കട്ടെ.

'അവൾ ശൈത്യകാലത്ത് മരങ്ങളിൽ നിന്ന് ഉതിർന്നു വീഴുന്ന കരിയിലകളെക്കുറിച്ചും വർഷങ്ങൾക്കു മുമ്പ് മരിച്ചുപോയ അമ്മയെക്കുറിച്ചും മക്കളെക്കുറിച്ചും ജീവിക്കാനുളള അവകാശം നിഷേധിച്ചുകഴിഞ്ഞ പുതിയ ജീവന്റെ കണികയെക്കുറിച്ചും ഓർത്തു.' (കുറകൾ)

'നിൽക്കാൻ കഴിയില്ല. നിന്നാൽ മരണമാണ്. അവൾ ഉണക്കമരങ്ങളെക്കുറിച്ചോർത്തു. അവ ഓരോന്നും ഓരോ മരണമാണ്' (ഉണക്കമരങ്ങൾ).

'ഊതനിറത്തിൽ ആകാശം സൃഷ്ടിയുടെ രഹസ്യത്തെ മറച്ചുകൊണ്ട്, തൂങ്ങിക്കിടന്നു' (പരുന്തുകൾ വട്ടം ചുറ്റുമ്പോൾ).

'ഗോളങ്ങൾ നിശ്ചിതപന്ഥാവിൽ സഞ്ചരിച്ചുകൊണ്ടിരുന്നു. എല്ലാം ഭദ്രം. ആശ്വാസത്തിന്റെ കണികകൾ അടങ്ങിയൊതുങ്ങുമ്പോഴേയ്ക്ക് പ്രകാശരേഖകൾ വലിഞ്ഞു മുറുകി പൊട്ടിത്തകരുന്നു. ഭീമാകാരഗോളങ്ങൾ ലക്ഷ്യമില്ലാതെ ഭീഷണയോടെ അലയുന്നു. നിസ്സഹായതാബോധത്തോടെ ഞെട്ടിത്തെറിക്കുമ്പോൾ കാണുക ജാലകത്തിനപ്പുറത്ത് കൊയ്ത്തുകഴിഞ്ഞുകിടക്കുന്ന മഞ്ഞ വയലുകളാണ്. അതിനുമീതേ ശുദ്രമേഘങ്ങൾ പാറിക്കളിക്കുന്ന നീലാകാശം. അതിൽ പറന്നു വട്ടം കറങ്ങുന്ന പരുന്തുകളും (പരുന്തുകൾ വട്ടം ചുറ്റുമ്പോൾ)

'ശിശിരത്തിനു വഴികൊടുക്കാനായി സൂര്യൻ തന്റെ പന്ഥാവിൽ നിന്നുമാറി, ദക്ഷിണായനം ആരംഭിച്ചു. പ്രചണ്ഡനായിരുന്ന അദ്ദേഹം ഇപ്പോൾ പശ്ചാത്താപത്തിന്റെ ശീതളമേഖലയിലേയ്ക്ക് മാറുകയാണ്' (ശിശിരം)

'സൂര്യൻ വീണ്ടും ഒരു പിടി രശ്മികളുമായി പ്രഭാതത്തിൽ വന്നു. ഉറങ്ങിക്കിടന്ന തണുത്ത കാറ്റിനെ ചാട്ടവാറുകൊണ്ടടിച്ചുണർത്തി കർമ്മനിരതനാക്കി.' (വെള്ളക്കുതിരയുടെ രാജകുമാരൻ).

'ഈ രൂപങ്ങളിലുള്ള ജീവികൾ മറ്റേതോ ലോകത്തിൽ ജീവിക്കുന്നുണ്ടെന്ന് രാഘവൻ വിചാരിച്ചിരുന്നു.' (രൂപം നഷ്ടപ്പെട്ട മൃഗങ്ങൾ)

'അയാൾ പാറകളെ ഓർത്തു. വേനലിൽ പെരുവെയിലത്ത് അവ മാസങ്ങളോളം പിന്നിട്ടവർഷങ്ങളുണ്ടാക്കിയ പോറലുകൾ താലോലിച്ച് ഈ ജലധാരയേയും സ്വപ്നം കണ്ട് കാത്തുകിടക്കുന്നത് അയാൾ കാണാറുണ്ട്' (മേഘങ്ങൾ പഞ്ഞിക്കെട്ടുകൾ പോലെ).

'നാം ചെയ്യുന്ന ഈ ചെറിയ പൂജകൾക്കൊന്നും ഈ വലിയ തേജോഗോളങ്ങൾ ഉണ്ടാക്കുന്ന ഫലത്തെ മാറ്റാൻ കഴിയില്ല' (വൃക്ഷഭത്തിന്റെ കണ്ണ്)

'അവിടെ ഉത്തരായണം കഴിഞ്ഞ് സൂര്യൻ തിരിച്ചുവരുമ്പോൾ കർക്കിടസംക്രാന്തിയിൽ ശീവോതിയെ കുടിയിരുത്തി പൂക്കളർപ്പിക്കുന്ന ചന്ദനത്തിന്റെ വാസനയുള്ള പെൺകുട്ടികളുണ്ട്. (ഐശ്വര്യത്തിലേയ്ക്കു വീണ്ടും)

'അയാൾ നെറ്റിക്കു മുകളിൽ കൈകൊണ്ട് മറച്ച് പെട്ടെന്നു പരുഷമായി ഇടപെടാൻ വന്ന സൂര്യനെ നോക്കി' (മറ്റൊരു തോട്ടക്കാരൻ) 'ആകാശത്തിന്റെ ചാരനിറം എപ്പോഴാണ് നീലയായത്' (യാത്ര പറയാതെ പോയവൾ).

'മഴ തുടങ്ങിയപ്പോൾ അയാൾ ഓഫീസിൽ പോകാതെ ലീവെടുത്ത് വീട്ടിലിരുന്ന ദിവസം പുറത്തിറയത്ത് ഇറ്റുവീഴുന്ന മഴത്തുള്ളികളും അകലെ ആരവത്തോടെ അടുക്കുന്ന മഴയുടെ ശക്തിയും നോക്കി അയാളുടെ ആലിംഗനത്തിൽ അവൾ കിടന്നു.' (മണിയറയിൽ നിന്ന് ഓടിപ്പോയവർ).

'ഒരു പക്ഷേ ദിനോസറുകളും മറ്റു പ്രാചീനജീവികളും ജീവിച്ചിരുന്നതിനു വളരെ മുമ്പുതന്നെ കോടാനുകോടി വർഷങ്ങൾക്കുമുമ്പുതന്നെ പ്രപഞ്ചത്തിന്റെ ഭാവി ഇന്നതരത്തിലാവണമെന്ന് സൃഷ്ടികർത്താവ് തീർച്ചയാക്കിയിട്ടുണ്ടായിരിക്കണം' (ദിനോസറിന്റെ കുട്ടി).

-ഇങ്ങിനെ എടുത്തുദാഹരിക്കാവുന്ന അനവധി സന്ദർഭങ്ങൾ ഹരികുമാറിന്റെ കഥകളിൽക്കാണാം. കഥയിൽ ഊന്നൽ കൊടുക്കുന്ന ആശയങ്ങൾക്ക് പശ്ചാത്തലമായോ, കഥയുടെ കേന്ദ്രബിന്ദു തന്നെയായോ പ്രകൃതിയിലെ ഈ പ്രതിഭാസങ്ങൾ പ്രത്യക്ഷപ്പെടുന്നത്.

മനുഷ്യൻ പ്രകൃതിയുടെ ഭാഗമാണെന്നും എണ്ണമറ്റ ഗോളങ്ങളും ശൂന്യാകാശവും ഭൂമിയും ഭൂമിയിലെ മലകളും വൃക്ഷങ്ങളും ചെടികളും പൂക്കളും ഋതുഭേദങ്ങളും മനുഷ്യരും ഏതോ നിയാമകശക്തിയാൽ അന്യോന്യം ആകർഷിക്കപ്പെടുകയും ബന്ധിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നും ഉള്ള ബോധം പല കഥകളിലും തെളിഞ്ഞും ഒളിഞ്ഞും കാണപ്പെടുന്നു.

സ്ത്രീ പുരുഷബന്ധം

ഒറ്റവായനയിൽ ലൈംഗിക അരാജകത്വത്തിന്റെ വക്താവാണ് ഹരികുമാറെന്നു തെറ്റിദ്ധരിക്കപ്പെട്ടേയ്ക്കാവുന്ന ഏതാനും കഥകൾ ഈ സമാഹാരങ്ങളിലുണ്ട്. അതുപക്ഷേ ഉപരിപ്ലവമായ ഒരു നിഗമനമാണെന്ന് കഥകൾ ശ്രദ്ധിച്ചുപഠിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളു. 'സ്‌നേഹമുള്ളിടത്തോളം ഏതു ലൈംഗികബന്ധങ്ങളും കാമിക്കപ്പെടാവുന്നതാണ്. മറിച്ച് സ്‌നേഹമില്ലെങ്കിൽ ഭാര്യയുംഭർത്താവും കൂടിയുള്ളതു കൂടി വ്യഭിചാരമാണ് - ഉടനെ നിർത്തേണ്ടതാണ്'. 'സ്ത്രീഗന്ധമുള്ള ഒരു മുറി'യിൽ മോഹൻ എന്ന കഥാപാത്രമാണ് ഇതു പറയുന്നത്. സ്‌നേഹം മാംസനിബദ്ധമാണെന്നു വിശ്വസിക്കുന്ന കൂട്ടത്തിലാണെന്നുതോന്നുന്നു ഹരികുമാർ. സ്‌നേഹത്തിന്റെ പുഷ്പിക്കലാണ് - പ്രകടനമാണ് ഹരികുമാർ കഥകളിലെ രതി. നിലവിലിരിക്കുന്ന സദാചാരനിയമങ്ങൾക്ക് ഈ വീക്ഷണത്തിന് എന്തുമാത്രം നിരക്കുന്നതാണെന്ന് അന്വേഷിക്കുന്നത് മൂഢത്വമാണ്. വാസ്തവത്തിൽ, സമൂഹത്തിന്റെ അദൃശ്യമായ വിലക്കുകളിലും നിബന്ധനകളിലും കുരുങ്ങിപ്പോയ മനുഷ്യർ സ്വന്തം ജീവിതം തന്നെ താറുമാറാക്കുകയാണ് ചെയ്യുന്നത്.

'ഒരാൾക്ക് രണ്ടുപേരെ ഒരേപോലെ, ഒരേ സമയത്ത് സ്‌നേഹിക്കാം'. 'ആശ്വാസം തേടി' എന്ന കഥയിൽ സ്‌നേഹമയിയായ സുജാതയുടെ ഭർത്താവ് രോഹിത് അടുത്തുതന്നെ വിവാഹിതയാകാൻ പോകുന്ന നീതയോടു പറയുന്ന വാചകമാണിത്. സ്‌നേഹത്തിന്റെ വ്യാപാരങ്ങളിലെല്ലാം നഷ്ടക്കച്ചവടക്കാരനാണ് താനെന്നു വിശ്വസിക്കുന്ന രോഹിതിന് സ്‌നേഹം ഒരു മരീചികയാണ്. ഇതൊരു കിറുക്കൻ ചിന്താഗതിയാവാമെന്ന് കഥയിൽ തന്നെ സൂചനകളുണ്ട്.

പരസ്പരസ്‌നേഹത്തിൽ അലിഞ്ഞുചേരുകയും കൊടുക്കലും വാങ്ങലും പൂർണ്ണമാവുകയും ചെയ്യുന്ന സ്‌നേഹത്തിന്റെ ആശ്വാസംതേടിയാണ് ഈ കഥാപാത്രങ്ങൾ അലയുന്നത്. ഈ ആശയത്തിന് ഊന്നൽ കൊടുത്ത കഥകളാണ് 'നിനക്കുവേണ്ടി', 'മേഘങ്ങൾ പഞ്ഞിക്കെട്ടുകൾ പോലെ', 'നഷ്ടക്കാരി', 'കുങ്കുമം വിതറിയ വഴികൾ', 'ആശ്വാസം തേടി', 'ചുമരിൽ ചിത്രമായി മാറിയ അച്ഛൻ', 'മണിയറയിൽ നിന്ന് ഓടിപ്പോയവർ' എന്നിവ.

ഈ വീക്ഷണത്തിനി ശക്തി കൂട്ടുന്നതിന് ഇതിന്റെ മറുപുറവും ഹരികുമാർ നമുക്കു കാണിച്ചുതരുന്നു. വിവാഹത്തിനുമുമ്പ് പല പ്രലോഭനങ്ങളുണ്ടായിട്ടും വേശ്യകളുടെ അടുത്തു പോകാതിരിക്കുകയും, വിലാസവതിയും ലഹരിപിടിപ്പിക്കുന്നവളുമായ ഒരു ഭാര്യയുണ്ടായിട്ടും മോണിക എന്ന സെക്രട്ടറിയുടെ ശരീരവടിവുകളിൽ ആകൃഷ്ടനാവുകയും അവളെ സ്വന്തമാക്കാനുള്ള അഭിനിവേശം പരാജയപ്പെടുമ്പോൾ തെരുവുവേശ്യയുടെ അടുത്തുപോവുകയും ചെയ്യുന്ന സുഗതൻ (കോമാളി) സ്വയം ചോദിക്കുന്നു. 'ഞാൻ എന്തിനിതു ചെയ്തു?' ഈ ബോധം തന്റെ ആത്മസത്തയെ ചോദ്യം ചെയ്യുകയും സ്വയം ചെറുതാവുകയും മൂക്കിനുമുകളിൽ വലുതായിവന്ന വെളുത്ത ഉണ്ടയും തൂങ്ങുന്ന കാതുകളും കൂർത്ത തൊപ്പിയുമായി തെരുവുവിളക്കുകളുടെയും കൂടാരത്തിന്റെയും ഇടയിലുള്ള കുറച്ച് ഇരുട്ടുള്ള സ്ഥലത്തേയ്ക്ക് ഓടുകയും ചെയ്യുന്ന അയാൾ കണ്ണീരോടെ പറയുന്നു 'ഞാനൊരു കോമാളിയാണ്'.

സ്‌നേഹബന്ധമില്ലാത്ത രതിയെ ഈ കഥാകൃത്ത് കഠിനമായി വെറുക്കുന്നു. 'സ്ത്രീഗന്ധമുള്ള ഒരു മുറി', 'നിനക്കുവേണ്ടി', ചുമരിൽ ചിത്രമായി മാറിയ അച്ഛൻ', 'തിമാർപൂർ', 'ഒരു ദിവസത്തിന്റെ മരണം' തുടങ്ങിയ കഥകൾ ഇതിനുദാഹണങ്ങളത്രേ.

എന്നാൽ ജീവിക്കാൻവേണ്ടി ദാരിദ്ര്യത്തിന്റെ പിടിയിൽ എങ്ങിനെയെങ്കിലും രക്ഷപ്പെടാൻവേണ്ടി സ്വന്തം ശരീരം വിൽക്കുന്ന സ്ത്രീകളോടുള്ള അനുകമ്പ, നിലവിലിരിക്കുന്ന ദുസ്സഹവും ശപ്തവുമായ സമൂഹനീതിയുടെ നേർക്കുള്ള അമർഷമായും പുറത്തുവരുന്നുണ്ട്. തന്റെ ശരീരം മലിനമാക്കിയ ഫാക്ടറിയുടമയേയും പണം എവിടെനിന്നു കിട്ടിയെന്നന്വേഷിക്കാത്ത ഭർത്താവിനേയും തന്നെത്തന്നെയും വെറുക്കുന്ന കൗസല്യയും (ഒരു ദിവസത്തിന്റെ മരണം) രണ്ടു നേരം ഭക്ഷണം കഴിക്കാൻ വേണ്ടി വേശ്യാവൃത്തി സ്വീകരിക്കുന്ന മിസ്സിസ്സ് പട്ടേലും (അയൽക്കാരി) നമ്മെ നാഗരികലോകത്തിന്റെ ഹൃദയശൂന്യതയെക്കുറിച്ച് ബോധവാന്മാരാക്കുന്നു.

കലയും ജീവിതവും

ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുള്ളതാണെങ്കിലും കലയെയും ജീവിതത്തെയും കുറിച്ചുള്ള ചിന്തകൾ ഇത്രയും മനോഹരമായി കഥകളിലൂടെ അവതരിപ്പിച്ചിട്ടുള്ളവർ മലയാളഭാഷയിൽ ചുരുക്കമാണ്. 'ഇരുട്ടിന്റെ മകൾ', 'ഞാൻ നിന്നിൽ', 'നിനക്കുവേണ്ടി', 'കുങ്കുമം വിതറിയ വഴികൾ', മലകളുടെ സംഗീതം', 'ഐശ്വര്യത്തിലേയ്ക്കു വീണ്ടും', 'പ്രാകൃതനായ തോട്ടക്കാരൻ', 'മറ്റൊരു തോട്ടക്കാരൻ' തുടങ്ങിയ കഥകളിലൊക്കെ ഈ അന്വേഷണം പ്രകടമാവുന്നുണ്ട്.

കല പ്രത്യാശയുടെയും ആശ്വാസത്തിന്റെയും പ്രതീകമായി ഈ കഥകളിൽ നിറഞ്ഞുനിൽക്കുന്നു. 'ഇരുട്ടിന്റെ മകളി'ൽ ഇലകൾകൊണ്ടുണ്ടാക്കിയ കുടിൽ പുറംലോകത്തിൽ നിന്നുള്ള അഭയസ്ഥാനമാണ്. രാത്രിയിലെ ഏതാനും മണിക്കൂറുകളിൽ മാത്രം അതു നിലനിൽക്കുന്നു. പിന്നെ പകൽ പൊള്ളുന്ന മരുഭൂമിയായി പ്രത്യക്ഷപ്പെടുമ്പോൾ അഭയസങ്കേതം ഇല്ലാതാവുന്നു. 'ഞാൻ നിന്നിൽ' എന്ന കഥയിൽ ലത കഥാകാരനെ അന്വേഷിച്ചാണ് യാത്രചെയ്യുന്നത്. കവയിത്രിയും ചിത്രകാരനും അവരുടെ സ്വകാര്യദുഃഖങ്ങൾ പങ്കിടുന്നു. കലയുടെ സങ്കേതത്തിലെത്തുമ്പോൾ അവൾ സുരക്ഷിതയാണെന്ന ബോധമുണരുന്നു. അയാളാകട്ടെ കലയുടെ അഭാവത്തിൽ 'ജീവിക്കുകയെന്ന യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ മദ്യത്തിൽ അഭയം കണ്ടെത്താൻ ശ്രമിച്ച് പരാജയപ്പെടുന്നു. നാളുകൾക്കു ശേഷമുള്ള അവരുടെ കണ്ടുമുട്ടലിൽ വീണ്ടും ആശ്വാസം കണ്ടെത്തുന്നു.

'നിനക്കുവേണ്ടി' എന്ന കഥയിലെ രോഹിണി പറയുന്നതുകേൾക്കു. 'നിന്റെ വിഷമങ്ങൾ വളരെയധികം അയഥാർത്ഥങ്ങളാണ്.....നീ വിവാഹത്തിന്നൊരുമ്പെടാത്തതു തന്നെ നിന്നെപ്പോലെ കിറുക്കുള്ള ഒരു കുട്ടിയെ കിട്ടാഞ്ഞിട്ടല്ലേ? ഫോക്‌നറുടെ നോവലും റീഡിന്റെ കലാസ്വാദനവും ഒരേ താല്പര്യത്തോടെ വായിക്കുന്ന, ഗാലറികളിൽ അബ്‌സ്ട്രാക്റ്റ് ചിത്രങ്ങളുടെ മുമ്പിൽ അലസമായി കണ്ണോടിച്ചു നടക്കുന്ന, ഷൂമാന്റെയോ മൊസാർട്ടിന്റെയോ നീണ്ട സിംഫണികൾക്കുമുമ്പിൽ ചെവികൂർപ്പിച്ച് മണിക്കൂറുകളോളം ചെലവഴിക്കാൻ കഴിവുള്ള,

ക്ഷമയുള്ള ഒരു പെൺകുട്ടിയെ നിനക്കുകിട്ടാൻ ഞാൻ ആശംസിക്കട്ടെ, അങ്ങിനെ ഒരുത്തിയെ കിട്ടിയില്ലെങ്കിൽ നിന്റെ ജീവിതം എന്താകുമെന്ന് എനിക്കറിയാം.' കഥയിലെ അവസാനവാചകങ്ങൾ നോക്കുക. 'ഞാൻ എത്രദൂരം സഞ്ചരിച്ചു! നിനക്കുവേണ്ടി, നിന്നിൽ നിന്നകലാൻ വേണ്ടി'.

'നിനക്കുവേണ്ടി' എന്ന കഥയിൽ ജീവിതം കലയിൽനിന്ന് ഒളിച്ചോടുകയാണെങ്കിൽ കല ജീവിതത്തിൽ നിന്നു മാറിനിൽക്കുകയാണ് 'കുങ്കുമം വിതറിയ വഴികളി'ൽ. ജീവിതത്തിൽനിന്ന് - സുധയിൽനിന്ന് - കലയ്ക്കുവേണ്ടി അകന്നുപോയ ബാസുദേവ് എട്ടുവർഷങ്ങൾക്കുശേഷം വീണ്ടുമവളെ കാണാനെത്തുന്നു. അയാൾ പറയുന്നു. 'ജീവിതമെന്നാൽ കുറെ കവിതയും സംഗീതവും മാത്രമല്ല സുധാ, അതിൽ കൂടുതൽ പലതുമാണ്. അതൊന്നും തരാൻ എനിക്കു കഴിഞ്ഞെന്നു വരില്ല'

സംഗീതത്തിന്റെയും നൃത്തത്തിന്റെയും ചിത്രരചനകളുടെയും പ്രാഗ്‌രൂപങ്ങളും ഇണയെ പുണരുന്ന ആദിമമനുഷ്യരുടെ സുരതാനന്ദവും കവിതാത്മകമായി അവതരിപ്പിക്കുന്ന 'മലകളുടെ സംഗീതം' എന്ന കഥയിലെ ആശയങ്ങളും സൂചനകളും ഹരികുമാറിന്റെ മറ്റു പല കഥകളിലും കാണാം. ഇവിടെയും ജീവിതവും കലയും തമ്മിലുള്ള ബന്ധം സൂചിപ്പിക്കപ്പെടുന്നുണ്ട്.

'ആശ്വാസം തേടി' എന്ന കഥയെ കലയും ജീവിതവുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ നമുക്കൊന്ന് അപഗ്രഥിച്ചുനോക്കാം. സംഗീതത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. സംഗീതത്തിന്റെ അകമ്പടിയിൽ പ്രധാന കഥാപാത്രങ്ങളായ രോഹിതും നീതയും പരസ്പരം ഇഴുകിച്ചേരുന്നു, സംഗീതത്തിന്റെ അഭാവത്തിൽ അവർ വേദനിക്കുന്നു.

കഥയുടെ പശ്ചാത്തലമാക്കി മാത്രമാണ് സംഗീതം എന്ന കലയെപ്പറ്റി പരാമർശിക്കുന്നതെങ്കിലും കഥ സ്ത്രീപുരുഷബന്ധത്തിന്റെ - സ്‌നേഹത്തിന്റെ - രതിയുടെ വ്യാഖ്യാനമാണെങ്കിലും കലയും ജീവിതവും തമ്മിലുള്ള പൊരുത്തത്തിന്റെയും പൊരുത്തക്കേടിന്റെയും രഹസ്യമായ ആഖ്യാനവുമാകുന്നു

.രോഹിതിന് ഭാര്യ സുജാതയെ ഇഷ്ടം തന്നെയാണ്. ജീവിതത്തെ ആർക്കാണ് വെറുക്കാൻ കഴിയുക? അതിൽ ഒരു പരിധിവരെ അയാൾ സംതൃപ്തനുമാണ്. എന്നാൽ നീതയുടെ - കലയുടെ എന്നു പറയട്ടെ - സാന്നിദ്ധ്യത്തിലാണ് അയാൾ ആശ്വാസം കണ്ടെത്താൻ ശ്രമിക്കുന്നത്. നീതയെ - കലയെ - സ്വന്തമാക്കണമെന്ന ആശ മനസ്സിൽ സമ്മർദ്ദമുണ്ടാക്കുന്നു. ജീവിതത്തിൽ നിന്ന് കട്ടെടുത്ത നിമിഷങ്ങളിലാണ് അയാൾ കലയുമായി രമിക്കുന്നത്. ജീവിതത്തെയും കലയെയും ഒരേ സമയത്ത് സ്‌നേഹിക്കുവാൻ അയാൾ ആഗ്രഹിക്കുന്നു. അത് നിലനിർത്തുക എളുപ്പമല്ലെന്നും അയാൾക്കറിയാം. കലയിൽതന്നെ ഉദാത്തവും ശുദ്ധവുമായ അനുഭവങ്ങൾ ആണ് അയാൾ ആഗ്രഹിക്കുന്നത്. അതിനു പകരമായി അതിൽ നിന്നു താഴെയുള്ള ഒന്നിലും അയാൾക്ക് തൃപ്തി ലഭിക്കില്ല. ഇവിടെ സ്‌നേഹം - അല്ലെങ്കിൽ ഉദാത്തമായ കല - അയാൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഒരു 'വൈരക്കല്ലാ'ണ്. അതു കിട്ടില്ലെന്ന് ഉറപ്പായാൽ വിലകുറഞ്ഞ കൃത്രിമക്കല്ലുകൾ അന്വേഷിച്ചുപോകേണ്ടിവരുന്നത് എത്ര വേദനാജനകമാണ്! രോഹിത് പറയുന്നതു കേൾക്കൂ: 'ഒരു പാവപ്പെട്ട പെൺകുട്ടിയുടെ മാതിരിയാണ് ഞാൻ'. വിലപിടിച്ച ആഭരണങ്ങൾ അർഹിക്കുന്നില്ലെന്ന് അർത്ഥമില്ല' - കലയുടെയും സ്‌നേഹത്തിന്റെയും കാര്യത്തിൽ ഈ പ്രസ്താവന ഒരു പോലെ പ്രസക്തമാണ്. ജീവിതത്തെ എല്ലാ ആലഭാരത്തോടും പ്രാരാബ്ധങ്ങളോടും കൂടി സ്വീകരിക്കുകയും നേരിടുകയും ചെയ്യുന്ന ഒരു കലാകാരന് കലാസപര്യയ്ക്കു കിട്ടുന്ന സമയം എത്രയോ തുച്ഛമാകുന്നു. ജീവസന്ധാരണത്തിനും മറ്റു മാർഗ്ഗങ്ങൾ ആരായേണ്ടിവരുന്ന കലാകാരനാകട്ടെ പ്രശ്‌നം കൂടുതൽ സങ്കീർണ്ണമാണ്. കലയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെയ്ക്കുകയോ ചിലപ്പോൾ ഹോമിക്കുകയോ ചെയ്യുന്ന കലാകാരനേ ഉദാത്തമായ കലാസൃഷ്ടികൾ രചിക്കാനാവൂ. (ഇക്കാര്യത്തിൽ കലാകാരനും ശാസ്ത്രജ്ഞനും തത്വചിന്തകനും ഒരേ തലത്തിലാണ് നില്ക്കുന്നത്.) ജീവിതത്തെ കഠിനമായി സ്‌നേഹിക്കുകയും അതിൽ മുഴുകുകയും ചെയ്യുന്ന കലാകാരന് ഒരു പക്ഷേ 'വില കുറഞ്ഞ അനുകരണങ്ങൾ' തേടി പോകേണ്ടിവരും. ഇതിൽ 'സിദ്ധി'യുണ്ടെങ്കിലും 'സാധന'യില്ലാത്ത കലാകാരൻ അസ്വസ്ഥനും ദുഃഖിതനുമാവുകയും ചെയ്യും.

ഇനി കഥയുടെ പശ്ചാത്തലം ശ്രദ്ധിക്കുക. ഭക്ഷണം കഴിക്കുമ്പോൾ സംഗീതജ്ഞർ ഓരോരുത്തരും അവരുടെ കൊച്ചുലോകങ്ങളിൽ മുഴുകിയിരിക്കുന്നു. 'ഏതാനും നിമിഷങ്ങൾക്കുമുമ്പ് അവരുടേതായി ഒരു ലോകമേ ഉണ്ടായിരുന്നുള്ളു. സംഗീതം ആ ലോകം

പ്രകാശമയമാക്കുവാൻ അവർ അവരുടെ വൈദഗ്ദ്യം മുഴുവൻ പ്രകടിപ്പിച്ചു. ഇപ്പോൾ അവർ ഉപേക്ഷിച്ചിട്ടുപോയ അവരുടെ വാദ്യോപകരണങ്ങൾ അതാതിന്റെ സ്ഥാനത്ത് ഏകരായി നിശ്ശബ്ദരായി നിന്നു. അതു വേദനാജനകമായിരുന്നു' - ഇവിടെ ഭക്ഷണം ജീവിതത്തിന്റെയും സംഗീതം കലയുടെയും പ്രതീകങ്ങളായിമാറുന്നു. കഥയുടെ അവസാനത്തിൽ നീതയുമായുള്ള രതിയ്ക്കുശേഷം രോഹിത് വീണ്ടും ഭാര്യയെ ഓർക്കുന്നുണ്ട്. തന്നെ സ്‌നേഹമുണ്ടോ എന്ന ഭാര്യയുടെ ചോദ്യത്തിന് എന്താണു മറുപടി പറഞ്ഞതെന്ന് അയാൾ അപ്പോൾ ഓർക്കുന്നില്ല. അയാൾ എന്തെങ്കിലും മറുപടി പറഞ്ഞിരിക്കാം. നീതയുമായി ചിലവിട്ട നിമിഷങ്ങളെക്കുറിച്ചുള്ള ആശ്വാസം പകരുന്ന മനോവ്യാപാരങ്ങളിൽ ആ മറുപടി അപ്രസക്തമായിമാറുന്നു. കലയിൽ മുഴുകുന്ന കലാകാരന് ജീവിതത്തിൽ നടക്കുന്നതോ നടന്നു കഴിഞ്ഞതോ നടക്കാൻ പോകുന്നതോ ആയ സംഭവങ്ങൾക്ക് എന്തു പ്രാധാന്യം?'

'പ്രാകൃതനായ ഒരു തോട്ടക്കാര'ന്റെ കഥയിലും കലയും ജീവിതവും തമ്മിലുള്ള ബന്ധം തന്നെയാണ് പരോക്ഷമായി പ്രതിപാദിക്കപ്പെടുന്നത്. തോട്ടക്കാരൻ സത്യസന്ധമായി ജോലിചെയ്യുന്നു. പക്ഷേ പ്രഭൂ ഇച്ഛിച്ച രീതിയിലുള്ള തോട്ടംപണിചെയ്യാൻ തോട്ടക്കാരൻ ഇഷ്ടപ്പെടുന്നില്ല. പിരിച്ചുവിട്ടാൽ താനും കുടുംബവും മുഴുപ്പട്ടിണിയിലാകുമെന്നും അയാൾക്കറിയാം. എങ്കിലും കാടന്മാരായ മക്കളെപ്പോലെയുള്ള അപ്പച്ചെടികൾ വളർത്തി തോട്ടപ്പണി തുടരാൻ അയാൾ കൊതിക്കുന്നു. ഇത് തോട്ടപ്പണിക്കാരന്റെ ആത്മാവിഷ്‌ക്കരണമാണ്. അംഗീകാരം കിട്ടുകയില്ലെന്നറിഞ്ഞിട്ടും സ്വന്തം മന:സാക്ഷിക്കനുസരിച്ച് കവിതയെഴുതുന്ന കവിയെപ്പോലെ സ്വന്തം സൃഷ്ടിയിൽ അഭിമാനിക്കുന്ന വൃദ്ധനായ 'മറ്റൊരു തോട്ടക്കാര'നും ഇയാളുടെ മറ്റൊരു പകർപ്പുതന്നെയാണ്.

ജീവിതവീക്ഷണം

നവമാനവികതയിൽ വിശ്വസിക്കുന്ന ഒരു എഴുത്തുകാരന്റെ ഹൃദയത്തുടിപ്പുകൾ ഈ കഥകളിലുടനീളം അനുഭവപ്പെടുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നില്ല. ഇടശ്ശേരിയുടെ മകനും ഉറൂബിന്റെ അടുത്ത ബന്ധുവുമായ ഒരു സാഹിത്യകാരന് അങ്ങനെയാവാതിരിക്കാൻ വയ്യ. കുഞ്ഞുന്നാളുകളിൽ കേട്ട കവിതകളും കഥകളും മനസ്സിൽ രൂപപ്പെടുത്തിയ ഭാവങ്ങളെ പിന്നീട് അനുഭവിച്ചറിഞ്ഞ ജീവിതാവബോധത്തിന്റെ പ്രകാശത്തിൽ പൊലിപ്പിച്ചെടുക്കുകയാണ് ഹരികുമാർ ചെയ്തത്. സങ്കീർണ്ണവും പലപ്പോഴും യുക്തികൾക്കും വ്യാഖ്യാനങ്ങൾക്കും വഴങ്ങാത്തതുമായ ജീവിതത്തിനു മുമ്പിൽ പതറിപ്പകച്ചുനിൽക്കുമ്പോഴും മനുഷ്യനന്മയിൽ വിശ്വസിക്കുകയും സ്വപ്നങ്ങൾ കണ്ടെങ്കിലും ജീവിതത്തെ നേരിടാനുള്ള ശക്തിയാർജ്ജിക്കുകയും ചെയ്യുന്ന ഈ എഴുത്തുകാരന്റെ 'നിമ്‌നോന്നതമായ വഴിക്കു തേരുരുൾ' പായിച്ച് രസിക്കുക തന്നെയാണ് ചെയ്യുന്നത്. ആധുനിക മനുഷ്യന്റെ വ്യഥിതവും നിരാശാഭരിതവുമായ ജീവിതത്തെ പകർത്തിയെഴുതുമ്പോഴും പ്രസാദാത്മകത കൈവിട്ടുപോകാതിരിക്കാൻ ഹരികുമാറിനു കഴിയുന്നത് ഈ ജീവിതവീക്ഷണം കൊണ്ടായിരിക്കണം.

അശാന്തരും അസ്വസ്ഥരും ആശ്വാസം തേടി അലയുന്നവരുമാണ് ഹരികുമാറിന്റെ മിക്ക കഥാപാത്രങ്ങളും ഒരു തരത്തിൽ മിക്കവരും അഭയാർത്ഥികൾ തന്നെ. ഓരോ കഥാപാത്രങ്ങളെയും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് വ്യത്യസ്തതയുണ്ട് എന്നു മാത്രം. ഇവർ കണ്ണുനീർ കൺതടങ്ങളിലൊതുക്കുകയോ കടിച്ചമർത്തുകയോ ദുഃഖകാരണങ്ങളെ അമർഷത്തോടെ അന്വേഷിക്കുകയോ അകലെയുള്ള ആശ്വാസത്തിൽ പ്രതീക്ഷകൾ അർപ്പിച്ച് ജീവിതത്തെ നേരിടുകയോ ചെയ്യുന്നു

.ജീവിക്കാനുള്ള അവകാശം നിഷേധിച്ചുകഴിഞ്ഞ പുതിയ ജീവന്റെ കണികയെക്കുറിച്ചോർത്തു ദുഃഖിക്കുന്ന യുവതി (കൂറകൾ), ഓരോ ഉണക്കമരത്തെയും മരണമായിക്കാണുന്ന അവിവാഹിത (ഉണക്കമരങ്ങൾ), കൊയ്ത്തുകഴിഞ്ഞു കിടക്കുന്ന മഞ്ഞവയലുകൾക്കു മീതെ ശുഭ്രമേഘങ്ങൾ കണ്ട് ആശ്വസിക്കുന്ന ചെറുപ്പക്കാരൻ (പരുന്തുകൾ വട്ടം ചുറ്റുമ്പോൾ), സ്വയം വഞ്ചിതരായെന്നു ബോദ്ധ്യം വന്ന കമിതാക്കൾ (കുങ്കുമം വിതറിയ വഴികൾ), സ്വയം മനസ്സിലാക്കിയിട്ടില്ലാത്ത പ്രാകൃതനായ തോട്ടക്കാരൻ (പ്രാകൃതനായ തോട്ടക്കാരൻ), ആശ്വാസം തേടി നടക്കുന്ന രോഹിത് (ആശ്വാസം തേടി), ഭർത്താവിന്റെ കൂടെ പോവുകയോ പോവാതിരിക്കുകയോ ചെയ്യേണ്ടതെന്നറിയാത്ത ലതിക (ചുമരിൽ ചിത്രമായി മാറിയ അച്ഛൻ), യാതൊരു മുന്നറിയിപ്പും തരാതെ യാത്രപോലും പറയാതെ പോയവളെക്കുറിച്ച്

വിഷാദിക്കുന്ന പ്രകാശൻ (യാത്ര പറയാതെ പോയവൾ), മുറിയുടെ ഏകാന്തതയിൽ ഇരുട്ടിൽ രൂപം നഷ്ടപ്പെട്ട മൃഗങ്ങൾക്കിടയിൽ ചുമരിൽ തലചാരിവെച്ച് വിങ്ങിവിങ്ങിക്കരയുന്നു രാഘവൻ (രൂപം നഷ്ടപ്പെട്ട മൃഗങ്ങൾ), വിജയയുടെ സ്‌നേഹത്തിൽ നിന്ന് പുറന്തള്ളപ്പെട്ടപോലെ തോന്നുന്ന ദിനേശ് (മേഘങ്ങൾ പഞ്ഞിക്കെട്ടുകൾ പോലെ), മരണത്തിനും പൂക്കൾക്കും തമ്മിലുള്ള ബന്ധമെന്തെന്ന് അന്വേഷിക്കുന്ന രാമചന്ദ്രൻ (വൃക്ഷഭത്തിന്റെ കണ്ണ്), ഭയം എന്ന വികാരം മൂർദ്ധന്യത്തിലെത്തുമ്പോൾ ഫെർഡിനാൻഡ് എന്ന ബൂട്ട് ലെഗ്ഗറെ കുത്തിക്കൊല്ലുന്ന വിനയൻ (ഭീരു), ഒരു കലാപവും വിജയകരമായി അന്ത്യം വരെ കൊണ്ടുനടത്താൻ കഴിയാറില്ലാത്ത നിശ (നഷ്ടക്കാരി), വിശപ്പു മാറ്റാൻ വേണ്ടി വേശ്യാവൃത്തി നടത്തുന്ന മിസിസ് പട്ടേൽ (അയൽക്കാരി), രാത്രി മുഴുവൻ മകന് കാവൽ നിൽക്കുന്ന ഒരു ദിനോസറാവാൻ വേദനയോടെ ആശിക്കുന്ന മോഹനൻ (ദിനോസറിന്റെ കുട്ടി), ഭർത്താവിന്റെ ലൈംഗികവൈകൃതങ്ങൾ അസഹനീയമാവുമ്പോൾ സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിപ്പോകുന്ന ആശ (ബസ് തെറ്റാതിരിക്കാൻ), സ്ത്രീ പുരുഷന്മാർ അന്യോന്യം സ്‌നേഹിക്കുകയും അതു പ്രകടിപ്പിക്കുകയും ചെയ്യുന്നതിൽ ആശ്വാസം കണ്ടെത്തുകയും അതിന്റെ നിഷേധത്തിൽ ദുഃഖിതനാവുകയും ചെയ്യുന്ന മോഹൻ (സ്ത്രീഗന്ധമുള്ള മുറി), ന്യായത്തിനുവേണ്ടി കൊതിക്കുന്ന കുമാരൻ (വിഷു), തീവണ്ടിയാത്രയിൽ താഴെവീണുപോയ കണ്ണട പരതുമ്പോൾ കള്ളനാണെന്നു മുദ്രകുത്തപ്പെട്ട് മർദ്ദിക്കപ്പെടുന്ന കിഴവൻ (വളരെ പഴകിയ ഒരു പാവ), സ്‌ക്കൂളിൽ കൊണ്ടുപോകുന്ന അഞ്ചു ചപ്പാത്തികളിൽ നാലെണ്ണം പാവപ്പെട്ട ഒരു കുട്ടിക്കു കൊടുക്കുകയും ഭാവിയിൽ ഒരു കങ്ഫൂഫൈറ്ററാകണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന രാജൂ (ഒരു കങ്ഫൂഫൈറ്റർ), ജീവിക്കാൻ കൊള്ളരുതാത്തവിധം അധ:പതിച്ചുപോയ ലോകത്തെയോർത്ത് കണ്ണുനീർ പൊഴിക്കുന്ന ബ്ലാക്ക്‌മെയിലർ (വെറുമൊരു ബ്ലാക്ക് മെയിലർ), എന്തെങ്കിലും ട്രെപ്പീസ് സുന്ദരിയെ കിട്ടാതിരിക്കയില്ലെന്ന് മോഹിക്കുന്ന സർക്കസിലെ കുതിരയെപ്പോലെ തനിക്കു നഷ്ടപ്പെട്ട അവസരങ്ങളെയോർത്ത് ദുഃഖിക്കുന്ന ജയരാമൻ (സർക്കസ്സിലെ കുതിര), രോഗിയായ ഭർത്താവിനും മകനും വേണ്ടി ഫാക്ടറിയുടമയ്ക്ക് ശരീരം കാഴ്ചവെയ്‌ക്കേണ്ടി വരുന്ന കൗസല്യ (ഒരു ദിവസത്തിന്റെ മരണം), - ഇങ്ങിനെ മിക്ക കഥാപാത്രങ്ങളും ദുഃഖിതരും അശരണരും ആശ്വാസം തേടുന്നവരുമാണ്. എന്നാൽ ഇവരുടെ കഥകൾ ചിത്രീകരിക്കുമ്പോൾ ഹരികുമാർ ദുഃഖത്തിന്റെ കടുത്ത വർണ്ണങ്ങൾ പ്രയോഗിക്കുന്നില്ല. മറിച്ച് നർമ്മബോധം വെടിയാതെ പ്രസാദാത്മകതയുടെ ഇളം നിറങ്ങളിലാണ് അവയെ അവതരിപ്പിക്കുന്നത്.

ഹരികുമാർകഥകളുടെ എല്ലാലക്ഷണങ്ങളും തികഞ്ഞ 'ദിനോസറിന്റെ കുട്ടി' എന്ന കഥ അപഗ്രഥിച്ചാസ്വദിച്ചുകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കാം.

സാമ്പത്തികപരാധീനതകൾ വീർപ്പുമുട്ടിക്കുകയും, ചെയ്യുന്ന പ്രവൃത്തികളിലൊക്കെ പരാജയം സംഭവിക്കുകയും, ജീവിതത്തിന്റെ പ്രാരബ്ധങ്ങളിൽ മുങ്ങിപ്പൊങ്ങുകയും ചെയ്യുന്ന ഒരു സാധാരണ മനുഷ്യന്റെ സാധാരണ ദിവസത്തിലെ അനുഭവങ്ങളാണ് കഥയിലെ പ്രമേയം. സെൽഫ് സ്റ്റൈൽഡ് ബിസിനസ്സ്മാൻ ആയ മോഹനൻ, ഭാര്യ ശൈലജ, ആറുവയസ്സുകാരൻ മകൻ രാജീവൻ - ഇവരാണ് മുഖ്യകഥാപാത്രങ്ങൾ. മോഹനന്റെ ബിസിനസ്സ് ദിനംപ്രതി മോശമായി വരുന്നു. ടൗണിലൊരു വീട് വാടകയ്‌ക്കെടുക്കണമെങ്കിൽ ഡെപ്പോസിറ്റു കൊടുക്കണം അതിനുള്ള പണം കിട്ടണമെങ്കിൽ ഇപ്പോൾ താമസിക്കുന്ന വീടിനുകൊടുത്ത ഡെപ്പോസിറ്റു മടക്കിക്കിട്ടണം. പണം കടംതന്നവർ, ബാങ്കടക്കം, ബുദ്ധിമുട്ടിക്കാൻ തുടങ്ങിയിരിക്കുന്നു. എന്നിട്ടും പ്രശ്‌നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഏത് എന്ന ഭാര്യയുടെ ചോദ്യത്തിനുത്തരം പറയുന്നത് 'ദിനോസറിന്റെ ഭക്ഷണം എന്നത്രേ. കാരണം അത് മകൻ ആറുവയസ്സുകാരൻ രാജീവന്റെ പ്രശ്‌നമാണ്. ഒരു കുട്ടി ദിനോസർ രാജീവന്റെ സ്വപ്നങ്ങളിലെ കൂട്ടികാരനാണ്, അവനുറങ്ങുമ്പോൾ 'കൗതുകത്തോടെ നനുത്ത നാവോടെ ജാലകത്തിനു പുറത്ത് കാവൽനിൽക്കുന്ന വളർത്തുമൃഗം'!

കഥയിൽ ഇനിയും കഥാപാത്രങ്ങളുണ്ട്. ഓഫീസിൽ മോഹനനെ ചൂഷണം ചെയ്തിരുന്ന മാർവാഡി, ബാറ്ററി എലിമിനേറ്ററുകൾ വിൽക്കാൻ തന്നെ ഏല്പിച്ച ദൽഹിയിൽ നിന്നുവന്ന സെയിൽസ്മാൻ, തന്റെ സെയിൽസ് സംസാരം കേൾക്കുമ്പോൾ തന്നെ കോട്ടുവായിടുന്ന കച്ചവടക്കാർ, ജോത്സ്യക്കാരൻ സ്വാമി, സ്വാമിയുടെ മുമ്പിൽ രണ്ടു ജാതകങ്ങളുടെ ചേർച്ച നോക്കിക്കാൻ വന്ന വയസ്സനും ചെറുപ്പക്കാരനും സ്റ്റോക്ക് എടുക്കാൻ സമ്മതിച്ച കച്ചവടക്കാരൻ, ഇപ്പോൾ താമസിച്ച വീട് നോക്കാൻ വരുന്നവർ, അഞ്ചുകിലോമീറ്റർ ദൂരെയിരുന്നുകൊണ്ട് തന്നെ ചരടില്ലാതെ നിയന്ത്രിക്കുന്ന ഇപ്പോൾ താമസിക്കുന്ന വീടിന്റെ ഉടമയായ ലോനപ്പൻ മാപ്പിള, സംഭാഷണങ്ങൾക്കിടയിൽ ഓർമ്മയിൽ വരുന്ന ഭാര്യയുടെ മുത്തച്ഛനും ഭാര്യയുടെ അമ്മമ്മയുടെ കല്യാണം കഴിയാത്ത രണ്ടനിയത്തിമാരും.....ഇത്രയും കഥാപാത്രങ്ങളിലൂടെയാണ് കഥയുടെ ചുരുൾ നിവരുന്നത്.

'വെയിൽ ജനലഴികളിലൂടെ മേശമേൽ പതിക്കുമ്പോൾ' രാജീവൻ സ്വപ്നങ്ങളുടെ കഥകൾ പറയുന്ന പ്രാതൽ സമയത്തുനിന്നു തുടങ്ങുന്ന കഥ അവസാനിക്കുന്നത് രാത്രി നാലു തലയിണകൾക്കിടയിൽ മറ്റൊരു തലയിണ കെട്ടിപ്പിടിച്ചുറങ്ങുന്ന രാജീവന്റെ കിടപ്പുമുറിയിലാണ്. തലയിണക്കരികെ അവൻ വരച്ച ദിനോസറിന്റെ ചിത്രം.

വാസ്തവത്തിൽ കഥയിൽ ദിനോസർ രംഗപ്രവേശം ചെയ്യുന്നത് രാജീവന്റെ സ്വപ്നത്തിലാണ്. പിന്നീട് അത് മോഹനന്റെ പ്രശ്‌നമായി മാറുന്നു. അയാൾ ലൈബ്രറിയിൽ റഫറൻസ് സെക്ഷനിലിരുന്ന് പൗരാണികജീവികളെക്കുറിച്ചു പഠിക്കുന്നു. പക്ഷേ മനസ്സ് സ്വന്തം ജീവിതത്തിലേയ്ക്ക് ഊളയിടുന്നു. എല്ലാം കീഴ്‌മേൽ മറിഞ്ഞപോലെ. അപ്പോൾ-

'അയാളുടെ മുമ്പിൽ വിവിധകാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന ദിനോസറുകൾ പല്ലിളിച്ചുകാട്ടി. ബീഭത്സമായ മുഖങ്ങളുള്ള മാസംഭോജികമായ, സസ്യഭോജികളായ ഭീമാകാരജന്തുക്കൾ നടന്നപ്പോൾ ഭൂതലം വിറച്ചു. പിന്നെ മഞ്ഞുയുഗം വന്ന് ഓരോന്നോരോന്നായി ഭക്ഷണം കിട്ടാതെ ചത്തൊടുങ്ങി. അവസാനത്തെ ദിനോസർ ഹിമം മൂടിയ താഴ്‌വരകളിൽ നിസ്സഹായനായി തലയുയർത്തിനോക്കുന്നത് അയാൾ കണ്ടു. കുറച്ചൊരു ഊഷ്മാവിനു വേണ്ടി, കുറച്ചു ഭക്ഷണത്തിനു വേണ്ടി.

ഇപ്പോൾ ആറുകോടി വർഷങ്ങൾക്കുശേഷം ഒരു ആറുവയസ്സുകാരന്റെ വളർത്തുമൃഗമാവാനായി കൗതുകമുള്ള മുഖത്തോടെ നനുത്ത നാവോടെ ജാലകത്തിനു പുറത്ത് കാവൽ നിൽക്കാനായി ഉണർന്നെഴുന്നേൽക്കാൻ ആ മൃഗം ഒരു ദീർഘനിദ്രയിലേർപ്പെട്ടു, യുഗങ്ങളായുള്ള നിദ്ര'.

പിന്നീട് ക്ഷീണിതനായി, നിരാശനായി മോഹനൻ വീട്ടിൽ കയറിവരുമ്പോൾ കടംവാങ്ങിച്ചവരുടെ കത്തുകളുമായി ഭാര്യ - ദിനോസറിന്റെ പടം വരയ്ക്കാൻ കടലാസു ചോദിച്ചുനിൽക്കുന്ന മകൻ - കൈകൊണ്ട് തലയും താങ്ങി അയാളിരിക്കുന്നു. 'കുറച്ചെന്തെങ്കിലും സഹായം - ഒരു നല്ല വാക്ക്, എവിടെ നിന്നാണ് കിട്ടുക' അയാൾ മകന്റെ നേരേ തട്ടിക്കയറുന്നു. വൃത്തികെട്ട ദിനോസറിനെ വളർത്തുമൃഗമാക്കിയതിന് ചീത്തപറഞ്ഞ് പൊട്ടിത്തെറിക്കുന്നു.

എന്നാൽ രാത്രി അയാൾക്ക് ആ ദിനോസറിനോട് അസൂയയാവുന്നു. കുനിഞ്ഞ് മകന്റെ കൗതുകമുളള മുഖത്ത് ഉമ്മവെയ്ക്കുന്നു. 'രാത്രി മുഴുവൻ അങ്ങനെ കാവൽ നിൽക്കുന്ന ഒരു ദിനോസറായെങ്കിലെന്ന് അയാൾ വേദനയോടെ ആശിക്കുന്നു.'

മലയാളത്തിലെ ഏറ്റവും മനോഹരമായ കഥകളിലൊന്നാണിത്. ജീവിതത്തിന്റെ നൂലാമാലകളിലും പ്രാരാബ്ധങ്ങളിലും വീർപ്പുമുട്ടുന്നവരുടെ കഥകൾ മലയാളത്തിൽ വിരളമല്ല. എന്നാൽ പ്രസാദാത്മകതയും നർമ്മബോധവും അത്തരം കഥകളെപ്പോലും ധന്യമാക്കാമെന്ന് ഈ കഥ നിസ്സംശയം തെളിയിക്കുന്നു. മോഹനനും ഭാര്യയും തമ്മിലുള്ള സംഭാഷണങ്ങളും മോഹനനും ഭാര്യയും തമ്മിലുള്ള സംഭാഷണങ്ങളും മോഹനനും രാജീവനും തമ്മിലുള്ള കളികളും സ്വയം പരിഹസിക്കുന്നതിലെ ഫലിതങ്ങളും കഥയ്ക്ക് തികച്ചും നൂതനമായ മറ്റൊരു മാനം നൽകുകയാണ് ചെയ്യുന്നത്.

കൂറകളി'ൽ നിന്ന് 'ദിനോസറിന്റെ കുട്ടി'യിലേയ്ക്ക് ഹരികുമാർ വളരുകയും കരുത്തുനേടുകയും ചെയ്യുന്നുവെന്ന് ഈ കഥകൾ വിളംബരം ചെയ്യുന്നു. ഒന്നു കൂടി പറയട്ടെ. നേരമ്പോക്കിനുവേണ്ടി വായിക്കാവുന്ന കഥകളെഴുതുകയല്ല ഹരികുമാർ ചെയ്യുന്നത്. സഹൃദയനായ ഒരു അനുവാചകന് വായനയ്ക്കുശേഷവും അയവിറക്കാവുന്ന അനുഭവങ്ങളെ പങ്കിടുകയാണ്.

മാത്യൂഭൂമി ആഴ്ചപ്പതിപ്പ് - 1989 ജൂൺ 4-10

മാങ്ങോട്ട് കൃഷ്ണകുമാര്‍

ഹൈക്കോടതി അഡ്വേക്കറ്റ്, സംഗീതജ്ഞന്‍, കവിതയുടെ ആന്തരാര്‍ത്ഥങ്ങള്‍ കവിയുടെ മനോനിലയുടെ വെളിച്ചത്തില്‍ ചുഴിഞ്ഞെടുത്ത് പരിശോധിക്കുവാനും അവതരിപ്പിയ്ക്കുവാനും കഴിവുള്ള സഹൃദയന്‍, എഴുത്തച്ഛന്‍ മുതല്‍ റഫീക്ക് അഹമ്മദ് വരെയുള്ള കവികളുടെ രചനകള്‍ സുഹൃദ്സദസ്സുകളിലും ഔപചാരികവേദികളിലും നന്നെ ചതുരമായി അവതരിപ്പിക്കുമായിരുന്ന കൃഷ്ണകുമാറിന്റെ ആത്മകവി ഇടശ്ശേരിയായിരുന്നു.