തെക്കോട്ടുള്ള ജനൽ


ഇ ഹരികുമാര്‍

വിവാഹത്തിന്റെ ഇരുപത്തഞ്ചാം വാർഷികം ആഘോഷിക്കാൻ രണ്ടുപേരും കണ്ടുപിടിച്ച സ്ഥലം അവരുടെ പുരാതന തറവാടായിരുന്നു. അയാൾ ജനിച്ചു വളർന്ന വീട്. അയാൾക്ക് മുമ്പുള്ള തലമുറകൾ ജനിച്ചു ജീവിച്ചു മരിച്ച തറവാടിന്റെ ആസ്ഥാനം. നാലുകെട്ടൊന്നുമല്ല. സാധാരണ ഓടു മേഞ്ഞ ഇരുനില കെട്ടിടം. താഴെയും മുകളിലുമായി അഞ്ചാറു മുറികൾ, വീടിനു ചുറ്റും കാടുപിടിച്ചു കിടക്കുന്ന രണ്ടേക്കർ പറമ്പ്. അതിൽ തെക്കേ പറമ്പിൽ ഒരു പുളിമരത്തിനു ചുവട്ടിൽ ആ തറവാട്ടിലെ പിതൃക്കൾ സ്വപ്നങ്ങളൊന്നുമില്ലാതെ ഉറങ്ങുന്നു.

പുല്ലു പിടിച്ചു കിടക്കുന്ന മുറ്റത്തുകൂടെ നടക്കുമ്പോൾ അനിൽ പറഞ്ഞു.

'ഈ മുറ്റത്തെല്ലാം എന്റെ കുഞ്ഞിക്കാലടികൾ പതിഞ്ഞിട്ട്ണ്ട്.'

'ഈ പുല്ലൊക്കെ കളഞ്ഞാൽ നോക്കായിരുന്നു.' കാതറീൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

കടുത്ത ഗൃഹാതുരതയാണ് അയാളെ നൂറു കിലോമീറ്ററകലെ നഗരത്തിലുള്ള ഫ്ലാറ്റിൽനിന്ന് ഈ പ്രാകൃതമായ അന്തരീക്ഷത്തിലേയ്ക്ക് വരാൻ പ്രേരിപ്പിച്ചത്. കുറേ ദിവസമായി ഈ വീടും പറമ്പും അയാളുടെ നിത്യസ്വപ്നങ്ങളായി മാറിയിരുന്നു. ഓരോ ചിത്രങ്ങൾ കൊളാഷുകളായി മാറി മനസ്സിൽ ആൽബങ്ങളായി പതിയുന്നു. പലപ്പോഴും അതേ ചിത്രങ്ങൾതന്നെ വീണ്ടും വീണ്ടും സ്വപ്നങ്ങളായി ആവർത്തിച്ചു വരുന്നു, ഒരാൽബത്തിന്റെ ഏടുകൾ മറിക്കുംപോലെ.

'എന്നെ സംബന്ധിച്ചേടത്തോളം വല്ലാത്തൊരു അനുഭവാണ് ഇത്. നിനക്കതു മനസ്സിലാവില്ല.'

'ഞാൻ തമാശ പറഞ്ഞതല്ലെ? അനിൽ അതു പറഞ്ഞപ്പോഴേ, ട്രൗസർ മാത്രമിട്ട് ഈ മുറ്റത്ത് ഓടിക്കളിച്ചീര്ന്ന ഒരു രണ്ടു വയസ്സുകാരനെ ഞാൻ മനസ്സിൽ കണ്ടിരുന്നു. നമ്മടെ മോന്റെ ആ പ്രായാ മനസ്സില് വന്നത്.'

'ഈ തറവാടിനെപ്പറ്റി ഓർക്കുമ്പോ മനസ്സില് വര്വാ മുത്തച്ഛനാണ്. മുത്തച്ഛന്റെ മുഖം എനിക്കിപ്പഴും നല്ല ഓർമ്മണ്ട്, പറയുമ്പൊ എന്റെ എട്ടാമത്തെ വയസ്സിലാണ് മരിച്ചത്. നരച്ച കുറ്റിത്തലമുടിയായിരുന്നു. മീശയുണ്ടായിരുന്നില്ല. അമ്മമ്മ വളരെ നേർത്തെ മരിച്ചു, എന്റെ അമ്മയെ പ്രസവിച്ചതിന്റെ നാലാം ദിവസം. അതിനു ശേഷം വല്ലാത്തൊരു ജീവിതായിരുന്നു മുത്തച്ഛന്റെ. അമ്മേ വളർത്തിക്കൊണ്ടുവന്ന് കല്യാണം കഴിപ്പിച്ചു കൊടുത്തു. അമ്മമ്മേടെ വീട്ടുകാരൊക്കെണ്ടായിരുന്നു. എന്നാലും അമ്മെടെ എല്ലാ കാര്യങ്ങളും മുത്തച്ഛൻ തന്നെ നോക്ക്വായിരുന്നു.'

'പാവം.'

കാതറീന് സങ്കടം വന്നു. എങ്ങിനെയാണ് ആ മനുഷ്യൻ പിന്നീടുള്ള കാലം ജീവിച്ചിട്ടുണ്ടാവുക? ഓരോ ജീവിത മുഹൂർത്തങ്ങളിലും തന്നെ വിട്ടുപോയ ഇണയുടെ ഓർമ്മ വരിക, സ്വന്തം നിസ്സഹായതയിൽ ജീവിതംതന്നെ നഷ്ടപ്പെടുക. വല്ലാത്തൊരു ജീവിതം!

'അമ്മയ്ക്ക് വേണ്ടി ത്യാഗം ചെയ്തത് തന്ന്യായിരുന്നു. ഒരുപക്ഷെ വിവാഹത്തിനു ശേഷമായിരിക്കണം അമ്മയ്ക്ക് സ്വന്തം അച്ഛൻ ചെയ്ത ത്യാഗത്തിന്റെ ആഴവും പരപ്പും മനസ്സിലായിട്ടുണ്ടാവ്വാ. അപ്പൊ അമ്മയ്ക്ക് വിഷമമായിട്ടുണ്ടാകും.' പെട്ടെന്ന് എന്തോ ഓർത്തുകൊണ്ട് അയാൾ പറഞ്ഞു. 'നമുക്ക് മുത്തച്ഛന്റെ മുറി തുറന്ന് നോക്കാം.'

ആ മുറി അനിൽ വളരെ കുട്ടിയായിരുന്നപ്പോൾ കണ്ടതാണ്.

'മുത്തച്ഛന്റെ മരണത്തിനു ശേഷം അത് അടച്ചിടുകയാണ് പതിവ്. പിന്നെ അച്ഛന് കോഴിക്കോട് ജോലി കിട്ട്യപ്പൊ അവിട്യായി താമസം. ഇവിടെ ആരൊക്ക്യോ താമസിച്ചിരുന്നു. അവരും സ്വന്തം വീട്ണ്ടാക്കി താമസം മാറ്യപ്പൊ ഇത് പൂട്ടിയിട്ടു. കൊറെക്കാലം കഴിഞ്ഞിട്ടാ ഭാഗം കഴിഞ്ഞ് ഇത് അമ്മേടെ പേരിലാക്കീത്. അമ്മയ്ക്കത് വിൽക്കാൻ താല്പര്യല്യാത്തോണ്ട് ഇങ്ങനെ ഇട്ടു.'

'നമുക്കിവിടെ ഒരു രാത്രി താമസിക്കണംന്ന് പറഞ്ഞപ്പോ അമ്മ എന്താ പറഞ്ഞത്?'

'അവിടെ ഒക്കെ കാടും പടലും ആയി കെടക്ക്വാണ്, പാമ്പുകളൊക്കെണ്ടാവുംന്ന്.'

'ശര്യാ.' ചുറ്റും അല്പം ഭീതിയോടെ നോക്കിക്കൊണ്ട് കാതറീൻ പറഞ്ഞു. 'എനിക്ക് പാമ്പുകളെ പേട്യാ.'

'എനിക്കും. ഞാൻ കൊറേ വലിയ മെഴുകുതിരികള് പെട്ടീല് കൊണ്ടന്ന്ട്ട്ണ്ട്. റെസ്റ്റോറണ്ടിലൊക്കെ കത്തിക്കണ പോലത്തെ, നല്ല വണ്ണള്ള മെഴുകുതിരികള്.'

'പള്ളീല് കത്തിക്കണപോലത്തെ, അല്ലേ?'

'ഓ, തനിക്ക് പള്ളീലെ കാര്യാ ഓർമ്മ വര്വാ അല്ലേ?'

'ഉം, നിങ്ങടെ അമ്പലത്തിലെ പോല്യാണോ? കുർബാന സമയത്ത് ഞാൻ നോക്കിയിരിക്കാറ് മെഴുകുതിരികളാണ്.'

'താക്കോല് തരാൻ അമ്മയ്ക്ക് വലിയ സമ്മതൊന്നുംണ്ടായിര്ന്നില്ല. എന്തിനാ നിങ്ങള് ആ കാട്ടിലൊക്കെ പോയി ആഘോഷിക്കണത്, നല്ല വല്ല ഹോട്ടലിലും പോയി താമസിച്ചൂടേന്നാ ചോദ്യം.'

'അപ്പൊ അനിലെന്തു പറഞ്ഞു?'

'ഞാമ്പറഞ്ഞു എനിക്ക് മുത്തച്ഛന്റെ അട്ത്ത് പോയി ആഘോഷിക്കണംന്ന്. അമ്മ പിന്നെ ഒന്നും പറഞ്ഞില്ല, വേഗം താക്കോലെട്ത്ത് തന്നു.'

'അമ്മയ്ക്ക് വെഷമായോ?'

'അങ്ങനെ തോന്നി എനിക്ക്. കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്നു.'

'പാവം.'

'ഇന്ന് നമ്മള് ഇവിടെ ഈ വലിയ വീട്ടില്, ഫാനും വെളിച്ചവും ഇല്ലാത്ത വീട്ടില് ഒരു രാത്രി കഴിച്ചുകൂട്ടാൻ പോണു. നിനക്ക് ത്രില്ലൊന്നും തോന്ന്ണില്ലേ?'

'ഞാൻ രാത്രിയായാൽ പറയാം. കാറില് പെട്രോളൊക്കെണ്ടല്ലോ, ഇല്യേ?'

അയാൾ ചിരിച്ചു. അതവളുടെ സ്വഭാവമായിരുന്നു. എവിടെ ചെന്നാലും പുറത്തേയ്ക്കുള്ള വഴിയാണവൾ നോക്കിവെയ്ക്കുക. ഏതോ ഗുഹാവലയങ്ങൾക്കുള്ളിൽ പുറത്തേയ്ക്കുള്ള വഴി കണ്ടുപിടിക്കാനാവാതെ നഷ്ടപ്പെട്ടു പോകുന്നത് അവളുടെ സ്ഥിരം പേടിസ്വപ്നമാണ്.

ഉമ്മറം നിറയെ പൊടിയും ചിതറിക്കിടക്കുന്ന കരിയിലകളും. വാതിൽ തുറക്കുമ്പോൾ അയാൾ ആലോചിച്ചിരുന്നത് ഈ ഇലകൾ ഏതേതു മരത്തിന്റേതാണെന്നായിരുന്നു. അകത്ത് പഴമയുടെ കെട്ടിനിർത്തിയ ഗന്ധം. അഞ്ചു മണിയായിട്ടേയുള്ളുവെങ്കിലും അകത്ത് ഇരുട്ടായിരുന്നു. അയാൾ മൊബൈലിലെ ടോർച്ച് കത്തിച്ചു.

'അധികം നേരം അത് കത്തിക്കണ്ട. ബാറ്ററി പോയാപ്പിന്നെ പുറം ലോകവുമായി യാതൊരു ബന്ധവുംണ്ടാവില്ല.'

'ഞാൻ പവർ പേക്ക് എടുത്തിട്ട്ണ്ട്.'

'നമുക്ക് ആദ്യംതന്നെ ഈ ജനല്‌കളൊക്കെ തൊറന്നിടാം.' അനിൽ പറഞ്ഞു.

'ആവശ്യള്ള ജനല്‌കള് മാത്രം തൊറന്നാ മതി. നാളെ ഉച്ചക്ക് മുമ്പ് സ്ഥലം വിടുമ്പോ വീണ്ടും ഒക്കെ അടക്കേണ്ടി വരും.'

'മടിച്ചി.'

അമ്മ പറഞ്ഞിരുന്നു. 'എടക്കെടക്ക് ഞാൻ പോയി മുറികളൊക്കെ വൃത്തിയാക്കിക്കാറ്ണ്ട്. അതുപോലെ മുറ്റവും പറമ്പും ഒക്കെ ചെത്തി കാട് കളയാറ്ണ്ട്. ഇപ്പൊ നാലഞ്ച് മാസായിട്ട് ഞാൻ പോയിട്ടില്ല. അപ്പൊ കെടക്കാനൊക്കെ ബെഡ് ഷീറ്റും പൊതപ്പും എടുത്തോളു.'

അമ്മ പറഞ്ഞത് ശരിയാണെന്ന് അനിലിനു മനസ്സിലായി. ഒരു വലിയ സൂട്ട്‌കേസ് എടുക്കണമെന്നല്ലെയുള്ളു.

'നമുക്കിന്ന് മുത്തച്ഛന്റെ മുറീല് കെടക്കാം.' അനിൽ പറഞ്ഞു.

'എന്നെ സംബന്ധിച്ചേടത്തോളം എല്ലാ മുറികളും ഒരുപോലെയാണ്. മുത്തച്ഛൻ എന്നെ പേടിപ്പിക്കാൻ വരരുതെന്നേയുള്ളു.'

'മുത്തച്ഛൻ ആരെയും പേടിപ്പിക്കില്ല. അത്ര സ്‌നേഹായിരുന്നു എല്ലാരേം.'

'ഞാൻ തമാശ പറഞ്ഞതാ.'

'പാവം, മോളടെ കാര്യം നോക്കാൻ മറ്റൊരമ്മക്കു കഴിയില്ലെന്നതുകൊണ്ടാണ് വീണ്ടും കല്യാണം കഴിക്കാതിരുന്നതുതന്നെ.'

'എത്രാം വയസ്സിലാ അമ്മമ്മ മരിച്ചത്?'

'ഏകദേശം ഇരുപത്തി നാലാം വയസ്സിൽ. അന്ന് മുത്തച്ഛന് വയസ്സ് മുപ്പത്തിരണ്ട്. മുപ്പത്തിരണ്ടു വയസ്സിൽ ഇണ നഷ്ടപ്പെട്ട് ഒരാൾ ഒറ്റയ്ക്കാവുക. പിന്നീടുള്ള നീണ്ട ജീവിതം ഒറ്റയ്ക്ക്.'

'എനിക്ക് ആലോചിക്കാൻ വയ്യ.' കാതറീന്റെ ശബ്ദത്തിൽ ശോകം കലർന്നിരുന്നു. 'സാരല്യ, നമുക്കിന്ന് മുത്തച്ഛനെ ആശ്വസിപ്പിക്കാം.'

പെട്ടെന്ന് ഭാവവും, അതുവഴി അന്തരീക്ഷവും മാറ്റാനുള്ള കാതറീന്റെ കഴിവ് അനിലിനെ അദ്ഭുതപ്പെടുത്തിയിരുന്നു. ഒപ്പം ജോലിയെടുത്തിരുന്ന കാതറീനുമായി അടുക്കാനുള്ള പല കാരണങ്ങളിൽ പ്രധാനപ്പെട്ടത് അതായിരുന്നു.

മുത്തച്ഛന്റെ മുറി തുറക്കുന്നതിനു മുമ്പ് അനിൽ കുറച്ചുനേരം സംശയിച്ചുനിന്നു. ഒരു നാലുവയസ്സുകാരനായി മുത്തച്ഛന്റെ മുറിയുടെ അടച്ചിട്ട വാതിലിൽ മുട്ടിവിളിച്ചുകൊണ്ട് നിന്നതയാൾ ഓർത്തു. മുത്തച്ഛൻ കിടക്കുകയായിരിക്കും. എഴുന്നേറ്റ് വന്ന് വാതിൽ തുറക്കുന്നതുവരെ അവൻ മുട്ടിക്കൊണ്ടിരിക്കും.

'എന്താ അനിൽ ആലോചിക്കണത്?'

'ഞാൻ കുട്ടിക്കാലത്ത് ഈ വാതിൽക്കൽ വന്ന് മുട്ടി നിന്നതോർക്ക്വായിരുന്നു.'

'എത്ര വയസ്സായിട്ടുണ്ടാകും അപ്പൊ?'

'എന്റെ എട്ടാം വയസ്സിലാണ് മുത്തച്ഛൻ മരിച്ചത്. അതിനു മുമ്പായിരിക്കണല്ലൊ. അതിനു ശേഷവും അടച്ചിട്ട വാതിലിൽ ഞാൻ മുട്ടിവിളിച്ചു നിന്നിട്ടുണ്ട്. തുറക്കാത്ത വാതിലിനു മുമ്പിൽ.'

'അനിലിന് ധാരാളം ഓർമ്മകള്ണ്ട്. എനിക്കങ്ങനെയൊന്നും ഇല്ല്യ. ഞങ്ങടെ വീട് ആഘോഷങ്ങള്‌ടെ വീടായിരുന്നു. ധാരാളം അതിഥികൾ, കുടി, തീറ്റ. എനിക്കതൊന്നും ഇഷ്ടായിരുന്നില്ല. ഞാൻ എന്റെ മുറീല് വാതിലടച്ചിട്ടിരിക്കും, അല്ലെങ്കിൽ തട്ടിൻ പുറത്ത് ഒരു കസേലയിട്ടിട്ട്ണ്ട്. അതില് വെറുതെയിരിക്കും. എന്റെ ഓർമ്മ അതൊക്ക്യാണ്.'

ഓടാമ്പൽ നീക്കി അനിൽ ആ വാതിൽ തുറന്നു. ജനലുകൾ അടച്ച കാരണം ഉള്ളിൽ ഇരുട്ടാണ്. മുറിയിൽ പൂപ്പൽ കെട്ടിക്കിടന്ന പഴകിയ മണമുണ്ടായിരുന്നു. അനിൽ പടിഞ്ഞാറോട്ടുള്ള ജനൽ തുറന്നു. സുഖമുള്ള കാറ്റ് ഒരു മാതിരി ശക്തിയോടെത്തന്നെ അകത്തേയ്ക്കു കയറി.

'നല്ല കാറ്റ്.' കാതറീൻ പറഞ്ഞു. 'പെട്ടെന്ന് ഫാനിട്ടപോലെ. മറ്റെ ജനൽകൂടി തുറക്കു.'

'പറ്റില്ല, മുത്തച്ഛൻ ഒരിക്കലും തുറക്കാത്ത ജനലായിരുന്നു അത്. തെക്കോട്ടുള്ള ജനൽ.'

'എന്താ കാരണം?'

'എന്താ കാരണംന്ന് മുത്തച്ഛൻ പറഞ്ഞില്ല.' അനിൽ ആലോചിച്ചുകൊണ്ട് പറഞ്ഞു. 'ഞാനമ്മയോട് ചോദിക്കാറ്ണ്ട്. അമ്മയ്ക്കും അറിയില്ല. അത് തുറക്കാൻ അച്ഛനിഷ്ടണ്ടായിര്ന്നില്ലാന്ന് മാത്രം പറയും. മുത്തച്ഛൻ പറയാറ് ആ ജനൽ തുറന്നാൽ തോരാമഴയായിരിക്കുമെന്നാണ്.'

'മഴയോ?' കാതറീൻ അദ്ഭുതത്തോടെ ചോദിച്ചു. 'തോരാമഴയോ? എങ്കിൽ ഇപ്പൊത്തന്നെ അതു തുറന്നിടു.'

'വേണ്ട, മുത്തച്ഛൻ അരുതെന്നു പറഞ്ഞ ഒരു കാര്യവും ഞാൻ ചെയ്തിട്ടില്ല. ചെയ്യാൻ ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം ചെയ്തുവെന്നല്ല. ചെയ്യരുതെന്നു പറഞ്ഞത് ഒരിക്കലും ചെയ്തിട്ടില്ല.'

കാതറീൻ ഒന്നും പറഞ്ഞില്ല.

'ഞാൻ പോയി സൂട്ട്‌കേസ് എടുത്തുകൊണ്ടുവരാം.'

'നിൽക്കൂ, ഞാനും വരാം, എനിക്കിവിടെ ഒറ്റയ്ക്ക് നിൽക്കാൻ പേടിയാ.'

'മുത്തച്ഛൻ ആരേം ഉപദ്രവിക്കില്ല. എല്ലാ ജീവജാലങ്ങളോടും സ്‌നേഹായിരുന്നു.'

അനിൽ ആലോചിച്ചു. ഒരിക്കൽ ഒരു ചെറിയ തവളയെ കല്ലെറിഞ്ഞു കൊന്നുവെന്നറിഞ്ഞപ്പോൾ അദ്ദേഹം തന്നെ കുറേ ഉപദേശിച്ചു. അതിനും ഒരു കുടുംബമുണ്ടെന്നും ആ കുടുംബം ഇപ്പോൾ കരയുകയായിരിക്കുമെന്നും പറഞ്ഞു. അവൻ ആ തവളക്കുഞ്ഞിന്റെ അച്ഛനെയും അമ്മയെയും ഓർത്തു. വൈകുന്നേരമായിട്ടും വീട്ടിലെത്താത്ത കുഞ്ഞിനെപ്പറ്റി ആകുലപ്പെടുന്നവർ. അതിനുശേഷം അയാൾ ഒരു ജീവിയേയും കൊന്നിട്ടില്ല.

മുത്തച്ഛനെപ്പറ്റി അനിൽ പറഞ്ഞത് അത്രതന്നെ വിശ്വാസമാവാതെ അവൾ അയാളുടെ പിന്നാലെ നടന്നു.

സൂട്ട്‌കേസ് അകത്തു വച്ചശേഷം അനിൽ പറഞ്ഞു. 'നമുക്ക് ഈ പറമ്പിലൊക്കെ ഒന്ന് ചുറ്റിവരാം.'

അവർ പറമ്പുകൾക്കിടയിലുള്ള ഉണങ്ങി വരണ്ട വഴിയിലൂടെ നടന്നു. ചെടികളെല്ലാം വാടി ഉണങ്ങിത്തുടങ്ങിയിരുന്നു. പുല്ലുകൾ മഞ്ഞ നിറമായിത്തുടങ്ങി.

'ഇനി മഴ പെയതാൽ കാണാം, ഒരാഴ്ചക്കുള്ളിൽ ഇതെല്ലാം വിളർപ്പ് മാറി പച്ച നിറമാകുന്നത്.'

കാതറീൻ ഒരു നഗരവാസിയായിരുന്നു. അതുകൊണ്ട് ഓരോ വർഷവും മണ്ണിന്റെ ആവർത്തിച്ചു വരുന്ന ജൈവസ്പന്ദങ്ങൾ അവൾക്കജ്ഞാതമാണ്.

തെക്കേ പറമ്പിൽ പുളിമരത്തിനു താഴെ ഉണങ്ങിയ വാളൻ പുളികൾ വീണു കിടക്കാറുണ്ട്. അമ്മയുടെ ഒപ്പം രാവിലെകളിൽ വന്ന് അത് പെറുക്കിയെടുക്കാറുള്ളത് അനിൽ ഓർത്തു. പുളിമരത്തിന്റെ പടിഞ്ഞാറു ഭാഗത്തായിരുന്നു തറവാട്ടു ശ്മശാനം. അയാൾ കുറച്ചു നേരം അവിടെ വളർന്നു വന്ന പാഴ്‌ചെടികൾ നോക്കിനിന്നു. ആ ചെടികൾ പോലെയല്ലെ നമ്മുടെയൊക്കെ ജീവിതവും എന്നയാൾ ഓർത്തു.

'ഇവിട്യാണ് അമ്മമ്മയും മുത്തച്ഛനും അതിനുമുമ്പ് മരിച്ചവരും ഒറങ്ങണത്.' ആ സ്ഥലം ചൂണ്ടിക്കാട്ടി അനിൽ പറഞ്ഞു.

'പാവം മുത്തച്ഛൻ.' കാതറീൻ പറഞ്ഞു. അനിലിന്റെ സംസാരമാണോ, അതോ ഈ പറമ്പിന്റെ ആത്മാവുകളുടെ ആവേശമാണോ അറിയില്ല, ഇവിടെ വന്ന ശേഷം കാതറീനും ആലോചിച്ചിരുന്നത് മുത്തച്ഛനെപ്പറ്റിത്തന്നെയായിരുന്നു. അവളുടെ മനസ്സിൽ പറഞ്ഞറിയിക്കാനാവാത്ത ഒരാകുലതയുണ്ടായിരുന്നു. അവൾ ബന്ധങ്ങളെപ്പറ്റി ഓർത്തു. എവിടെയോ നമുക്കൊന്നും കാണാൻ പറ്റാത്ത ഇടങ്ങളിൽ സ്‌നേഹബന്ധങ്ങളുണ്ട്, കണ്ണികളുണ്ട്. അവയുടെ അനുരണനങ്ങൾ അവളുടെ മനസ്സിനെ തരളിതമാക്കി. അവൾ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു വൃദ്ധൻ അവളുടെ മനസ്സിൽ സ്‌നേഹത്തിന്റെ ചലനങ്ങളുണ്ടാക്കുകയാണ്. അവൾ പറഞ്ഞു.

'മുത്തച്ഛാ ഞങ്ങള് വന്നത് മുത്തച്ഛനേം അമ്മമ്മേം കാണാനാണ്.'

രാത്രി ഊൺമേശക്കിരുവശത്തുമിരുന്നു മെഴുകുതിരികളുടെ വെളിച്ചത്തിൽ, പാക്കറ്റുകളിൽ കൊണ്ടുവന്ന റെസ്റ്റോറണ്ട് ഭക്ഷണം കഴിക്കുമ്പോൾ രണ്ടുപേരും കുറേ നേരം നിശ്ശബ്ദരായി. അന്തരീക്ഷം ശാന്തമായിരുന്നു. അധികം ഉഷ്ണമില്ല, കൊതുകിന്റെ ശല്യവും ഭയന്നപോലൊന്നുമില്ല.

'എത്ര നിശ്ശബ്ദാണ് രാത്രീന്ന് നോക്ക്? മണ്ണട്ടടേടെ ശബ്ദം കൂടിയില്ല.' അയാൾ തുടർന്നു. 'മഴ തുടങ്ങ്യാൽ ബഹളാണ്. ആകെ ഒരു സദിര് നടക്കണപോല്യാണ്.'

'നമക്ക് മഴയുള്ള സമയത്ത് വരായിരുന്നു.' കാതറീൻ പറഞ്ഞു.

'നമുക്ക് മഴക്കാലത്ത് കല്യാണം കഴിച്ചാൽ മത്യായിരുന്നു. അപ്പൊ ആനിവേഴ്‌സറിയും മഴക്കാലത്താവും.'

'ഭയങ്കര കണ്ടുപിടുത്തം.'

'അതെ അല്ലേ?' അനിൽ ചിരിച്ചുകൊണ്ട് പറഞ്ഞു.

മെയ് മാസം ആദ്യത്തിൽ മഴ പ്രതീക്ഷിക്കണതില് വല്യ അർത്ഥമൊന്നുമില്ല. പകൽ നല്ല ചൂടായിരുന്നു. പൊള്ളുന്ന വെയിൽ.

'നമുക്കൊരു സെൽഫിയെടുത്ത് മോൾക്കയക്കാം. അവൾക്കദ്ഭുതാവും.' കാതറീൻ പറഞ്ഞു.

തറവാട്ടിലേയ്ക്ക് വെഡ്ഡിങ് ആനിവേഴ്‌സറിക്ക് വരുന്നുവെന്ന് അവളോട് പറഞ്ഞിട്ടില്ല. സ്വതവേ അവൾ പറയാറ് രണ്ടു വട്ടു കേസുകളെന്നാണ്. അതുകൊണ്ട് അവൾക്ക് അദ്ഭുതമൊന്നുമുണ്ടായില്ല എന്നും വരാം. അവൾ രണ്ടു വയസ്സുള്ള മോന് ഫോട്ടോ കാണിച്ചുകൊടുക്കും. 'നോക്ക് നിന്റെ മുത്തച്ഛനും അമ്മമ്മേം എവിട്യാണ്ന്ന്.'

അലക്കിയ കിടക്കവിരിയ്ക്ക് വാഷിങ് മെഷിനിൽനിന്നുള്ള അഡിറ്റീവിന്റെ മൃദുഗന്ധമുണ്ടായിരുന്നു. അതിന്റെ പരിമളമേറ്റ് കിടക്കയിൽ കിടക്കുമ്പോൾ അനിൽ പറഞ്ഞു.

'നമുക്ക് രണ്ടു ചെറിയ കുട്ടികളാവാം ഇന്ന്. ഈ ആനിവേഴ്‌സറിയ്ക്ക് ഒരു പുതുമയുണ്ടാവട്ടെ.'

'ശരി നമുക്ക് മുത്തച്ഛന്റെ കൂടെ കിടക്കാം.' അവൾ ഉടനെ സമ്മതിച്ചു. അനിലിന്റെ ഈ വക ഭ്രാന്തുകളെല്ലാം അവൾക്കിഷ്ടമായിരുന്നു. കൂടാതെ കടുത്ത ഇരുളും പുറത്തു ശബ്ദങ്ങളുടെ അഭാവവും അന്തരീക്ഷം സ്വച്ഛവും ശാന്തഗംഭീരവുമാക്കിയിരുന്നു.

അനിൽ പറയാൻ തുടങ്ങി.

'മുത്തച്ഛൻ കരയണത് ഞാൻ കുറേ പ്രാവശ്യം കണ്ടിട്ടുണ്ട്?'

മുതിർന്നവർ, അതും വയസ്സായവർ കരയുക? അവൾക്കദ്ഭുതമായി.

'അതെ, കുട്ടികളെപ്പോലെ കരയുക. ഞാൻ മുത്തച്ഛന്റെ മുറിയിൽ പോയാൽ മുത്തച്ഛന്റെ കവിളിൽ നനവു കാണാം. ഞാൻ പോയി മുത്തച്ഛന്റെ മടിയിൽ കയറി മേൽമുണ്ടുകൊണ്ടതു തുടക്കും. ചോദിക്കും, എന്തിനാ മുത്തച്ഛൻ കരേണത് എന്ന്.'

മുത്തച്ഛൻ ഒന്നും പറയാതെ എന്നെ കെട്ടിപ്പിടിച്ച് കുറച്ചു നേരം ഇരിക്കും. പിന്നെ സാവധാനത്തിൽ പറഞ്ഞു തുടങ്ങും. 'മോനെ, എല്ലാർക്കും വളരെ സന്തോഷംള്ള സമയംണ്ടാവും അതുപോലെത്തന്നെ സങ്കടംള്ള സമയും. ചിലർക്ക് സന്തോഷംള്ള സമായാവും കൂടുതൽ ഉള്ളത്, മുത്തച്ഛനെപ്പോലെ. പക്ഷെ ചെലപ്പൊ സങ്കടംള്ള സമയം വര്വാണ്. മോൻ വലുതായാൽ ഒക്കെ മനസ്സിലാവും.'

തനിക്കും സങ്കടമുള്ള സമയമുണ്ടെന്ന് പറഞ്ഞപ്പോൾ മുത്തച്ഛൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

'അതെപ്പഴാണ്.'

'അമ്മ ചീത്ത പറയുമ്പോൾ.'

'അത് അമ്മയ്ക്കും സങ്കടള്ള സമയായിരിക്കും.' മുത്തച്ഛൻ പറഞ്ഞു.

'എനിക്ക് ഉഷ്ണിക്കുണു.' കാതറീൻ പറഞ്ഞു. ഞാനാ ജനൽ തൊറക്കാൻ പോവ്വാണ്.'

'മഴ പെയ്യുംന്ന് പ്രതീക്ഷിച്ചിട്ടാണോ?' അയാൾ ചിരിച്ചുകൊണ്ട് ചോദിച്ചു.

'അല്ല കുറേക്കൂടി കാറ്റു കിട്ടുംന്ന് വെച്ചിട്ട്.' കാതറീൻ പറഞ്ഞു. 'ഒരു ജനല് തൊറന്നാ മഴ പെയ്യുംന്ന് വെച്ചാ എന്തു സുഖാണ്.'

അവൾ എഴുന്നേറ്റു ജനലിനടുത്തേയ്ക്ക് നടന്നു.

'നീ എന്തെങ്കിലും മേലിട്ട് പോവു. മുത്തച്ഛൻ കാണണ്ട.'

'അത് സാരല്യ. ഞാനൊരു ചെറ്യേ കുട്ടിയല്ലെ?'

അവൾ ജനൽക്കലെത്തി ഒരു നിമിഷം ശങ്കിച്ചു. വേണോ? പിന്നെ തുറക്കാൻ വിഷമമായ കൊളുത്തുകൾ ബലം പ്രയോഗിച്ച് നീക്കി, ജനൽ ഒരു കരകര ശബ്ദത്തോടെ മലർക്കെ തുറന്നിട്ടു.

ആ നിമിഷത്തിലാണ് ഒരു വലിയ മിന്നലുണ്ടായതും ജനലിന്റെ കരകര ശബ്ദം ഉച്ചത്തിലായി ഒരിടിയിൽ കലാശിച്ചതും. തുടർന്ന് വീണ്ടും ഇടി വെട്ടി, വളരെ അടുത്തുനിന്നെന്ന പോലെ. പിന്നെ ഒരാരവത്തോടെ മഴ അടുത്തു വരുന്ന ശബ്ദം. കനത്ത മഴത്തുള്ളികൾ ഓട്ടിൻപുറത്ത് കടപടെയെന്ന് പതിക്കുന്ന ശബ്ദം. അവൾ സ്തബ്ധയായി നിൽക്കുകയാണ്. അനിൽ പിന്നിൽ വന്നു നിന്നതവൾ അറിഞ്ഞില്ല. അയാൾ അവളുടെ അരക്കെട്ടിലൂടെ പിടിച്ചപ്പോൾ അവൾ ഞെട്ടി. അനിൽ ഒന്നും സംസാരിച്ചില്ല. കനത്തു പെയ്യുന്ന മഴ നോക്കി നിൽക്കുക മാത്രം. മിന്നലിന്റെ വെളിച്ചത്തിൽ മഴത്തുള്ളികൾ ഇറയത്ത് വീഴുന്നതു കാണാം.

'മുത്തച്ഛാ.' കാതറീൻ പതുക്കെ പറഞ്ഞു. 'മുത്തച്ഛൻ കരയേണ്ട.'

അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

ജനശക്തി ഓണം വിശേഷാല്‍പ്രതി - 2016