ജീവിതദുഃഖങ്ങളെ കടുംചായത്തില്‍ അവതരിപ്പിച്ച കഥാകൃത്ത്

ടി.എസ്. നീലാംബരന്‍

E Harikumar

ജീവിതദുഃഖങ്ങളെ കടുംചായത്തില്‍ അവതരിപ്പിച്ച കഥകളില്‍ നിഴലും വെളിച്ചവും പോലെ പ്രതീക്ഷയും നിര്‍മമമായ ഹാസ്യവും ചേര്‍ന്നു നിന്നു. ആഘോഷങ്ങളുടെ വെള്ളിവെളിച്ചത്തില്‍ സ്വയം പ്രത്യക്ഷപ്പെടാനുതകുന്ന തരത്തിലുള്ള വിപണന തന്ത്രങ്ങളൊന്നും അദ്ദേഹത്തിന് വശമുണ്ടായിരുന്നില്ല. അതുകൊണ്ടാകണം ആഘോഷിക്കപ്പെട്ട സാഹിത്യ അരങ്ങുകളിലൊക്കെ ഹരികുമാര്‍ അരികുവത്കരിക്കപ്പെട്ടത്

ത്രയൊന്നും സുന്ദരമല്ലാത്ത മനുഷ്യജീവിതത്തിന്റെ കയ്പുംകറുപ്പുമാണ് ഇ. ഹരികുമാറിന്റെ കഥകളെയും നോവലുകളേയും വായനക്കാരനോടടുപ്പിച്ചത്. ആധുനിക കഥപറച്ചിലിന്റെ ദുര്‍ഗ്രഹമായ സിംബലിസം ഇല്ലാതെ വായനക്കാരോട് ഹരികുമാറിന്റെ കഥാപാത്രങ്ങള്‍ നേരിട്ട് സംവദിച്ചു.

പതിനഞ്ച് കഥാസമാഹാരങ്ങളും ഒന്‍പത് നോവലുകളും എഴുതിയിട്ടും സാഹിത്യലോകത്ത് കസേരകള്‍ എത്തിപ്പിടിക്കാന്‍ അദ്ദേഹത്തിനായില്ല. പക്ഷേ ഹരികുമാറിന്റെ കഥപറച്ചില്‍ രീതിയെ മലയാളി ഇഷ്ടപ്പെട്ടിരുന്നു. കാല്‍പ്പനികതയുടെ അയഥാര്‍ത്ഥ ബിംബവത്കരണങ്ങളില്‍ നിന്ന് മുക്തമാവുകയും ആധുനികതയുടെ അസ്തിത്വ ബാധയ്ക്ക് കീഴടങ്ങാതിരിക്കുകയും ചെയ്യുന്ന ബൗദ്ധിക സത്യസന്ധത ഹരികുമാറിന്റെ എഴുത്തുകള്‍ക്കുണ്ടായിരുന്നു. ഈ സത്യസന്ധത കൊണ്ടാകാം ജീവിതത്തിന്റെ സരള യാഥാര്‍ത്ഥ്യങ്ങള്‍ പറയാന്‍ ശ്രമിച്ച ഹരികുമാറിന്റെ കഥകള്‍ വായിക്കപ്പെട്ടത്.  

പറയാന്‍ ശ്രമിച്ചതിലേറെയും സ്ത്രീപക്ഷ കഥകളായിരുന്നു. ഒരു കടുത്ത സ്ത്രീപക്ഷ വാദിക്കുപോലും എഴുതാനാവുന്നതിലും നിരീക്ഷണ പാടവത്തോടെയാണ് ഹരികുമാര്‍ തന്റെ കഥകളില്‍ സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. സ്ത്രീകളോട് അത്രയേറെ ആദരവു പുലര്‍ത്തുന്ന ഒരാള്‍ക്കേ ഈ സ്ത്രീഭാവന വഴങ്ങൂവെന്നാണ് ഡോ.എം. ലീലാവതി ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടത്.  

സ്വന്തമെന്ന് തോന്നുന്ന അനേകം ബന്ധങ്ങളുടെ നടുവില്‍ നില്‍ക്കുമ്പോഴും വലിയ ഏകാന്തത വേട്ടയാടുന്നവര്‍ കൂടിയാണ് ഹരികുമാറിന്റെ സ്ത്രീ കഥാപാത്രങ്ങള്‍. എഴുപതുകളിലേയും എണ്‍പതുകളിലേയും തൊണ്ണൂറുകളിലേയും മലയാളി സ്ത്രീബോധമാണവര്‍. രേഖ, നളിനി, ഷൈല, വിനീത,രാജമ്മ,രേണുക ആ പേരുകള്‍ക്ക് പോലും വല്ലത്തൊരു മലയാളി സ്‌ത്രൈണ ചാരുതയുണ്ട്. ചിലപ്പോഴെങ്കിലും ജീവിതത്തിന്റെ കടുത്ത പ്രതിസന്ധികളെ അതിജീവിക്കാന്‍ അവര്‍ സ്വയം ഏകാന്തതയെ വരിക്കുന്നുണ്ട്. കൈവിട്ടുപോകുമെന്ന് തോന്നുന്ന നിമിഷത്തില്‍ ജീവിതത്തെ തിരികെപ്പിടിക്കാന്‍, സ്വത്വബോധത്തെ തിരിച്ചറിയാന്‍ ആത്മാന്വേഷണത്തോളമെത്തുന്ന ആ ഏകാന്തത അവരെ സഹായിക്കുന്നു.  

ഹരികുമാറിന്റെ ഓരോ കഥയും ഒരു സാമൂഹ്യ സത്യത്തെ വിളിച്ചു പറയുന്നുണ്ട്. പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിലെ സ്ത്രീദൈന്യതയാവാം, വിടപറയാന്‍ മടിച്ചുനില്‍ക്കുന്ന ഫ്യൂഡലിസത്തിന്റെ ചൂഷണ തന്ത്രങ്ങളും അത് സൃഷ്ടിക്കുന്ന ദാരിദ്ര്യത്തിന്റെ ദൈന്യതകളുമാവാം, ഉപരിവര്‍ഗ ജീവിതത്തോടുള്ള മലയാളിയുടെ ഉപഭോഗതൃഷ്ണയാവാം. ഇത്തരം സാമൂഹ്യസത്യങ്ങളെ ഉറക്കെ വിളിച്ചു പറയുന്നവയാണ് ആ കഥകള്‍.  

രണ്ടായിരം രൂപക്ക് ഭാര്യയെ ജന്മിക്ക് പണയപ്പെടുത്തുന്ന ദരിദ്രനുണ്ട് ആ കഥകളില്‍. അയാള്‍ക്ക് ഒരിക്കലും പണം തിരികെ നല്‍കി ഭാര്യയെ വീണ്ടെടുക്കാനാവുന്നില്ല. അമ്മയില്ലാതെ വളര്‍ന്ന തന്റെ മകളെ വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയെ കാണിച്ചുകൊടുക്കാനായി ജന്മിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു ആ മനുഷ്യന്‍. അവിടെ മകള്‍ക്ക് അമ്മയെ തിരിച്ചറിയാനാകുന്നില്ല. ദാരിദ്ര്യവും സമ്പത്തും രണ്ട് സ്ത്രീ ജീവിതങ്ങളെ എങ്ങനെ മാറ്റുന്നുവെന്ന് ഈ കഥ പറയുന്നു.  

വിഷുവിന് അച്ഛന്‍ എവിടുന്നൊക്കെയോ കടം വാങ്ങിയ അഞ്ചര ഉറുപ്പികയ്ക്ക് വാങ്ങിത്തന്ന പടക്കം ഒന്നും നേരെ ചൊവ്വേ പൊട്ടുന്നില്ല. അയല്‍പ്പക്കത്ത് വിദേശത്ത് നിന്നെത്തിയ ശേഖരന്റെ വീട്ടില്‍ കുട്ടികള്‍ വിഷു തകര്‍ക്കുകയാണ്. മത്താപ്പും പലതരം പടക്കങ്ങളും പൊട്ടിവിരിയുന്നത് കൃഷ്ണന്‍കുട്ടി സങ്കടത്തോടെ, കൊതിയോടെ നോക്കിനില്‍ക്കുന്നു. ദരിദ്രനായ കൃഷ്ണന്‍കുട്ടിയുടെ കണ്ണിലൂടെയാണ് വിഷു എന്ന ഈ കഥ പറയുന്നത്. എഴുപതുകളിലേയും എണ്‍പതുകളിലേയും ഏതാണ്ടെല്ലാ കുട്ടികളും കടന്നുപോയിട്ടുള്ള മാനസികാവസ്ഥയാണിത്.  

ദുര്‍ബലപക്ഷത്തു നിന്ന്  കഥപറയാനുള്ള പ്രതിഭ ആവോളമുണ്ടായിരുന്ന കഥാകൃത്താണ് ഇ. ഹരികുമാര്‍. സ്ത്രീ പക്ഷത്തും ദരിദ്ര പക്ഷത്തും കീഴാള പക്ഷത്തും നിലയുറപ്പിച്ച് അദ്ദേഹം ഒട്ടേറെ കഥകള്‍ പറഞ്ഞു. സരളമായ വാക്കുകളിലൂടെ പറഞ്ഞ ആ ജീവിതകഥകള്‍ മലയാളി ആര്‍ദ്രമായ മനസോടെ കേട്ടു എന്നു പറയുന്നതാവും ശരി.

ജന്മഭൂമി- Wednesday, March 25, 2020