ഇത്തിരി നേരമിരുന്ന് കാണാന്‍ അവസരമില്ലാതെ കഥാകാരന്റെ യാത്ര

എന്‍ ശ്രീകുമാര്‍

പട്ടിട്ട് മൂടികിടത്താതെത്രയും പെട്ടെന്ന്‌ പട്ടടയില്‍ എത്തിക്കണമെന്ന്‌ അറിയിച്ച കഥാകാരനെ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. അര്‍ദ്ധരാത്രി അന്ത്യം, പ്രഭാതത്തില്‍ ഇഹലോകത്ത്‌ നിന്നും യാത്ര.

തിങ്കള്‍ രാത്രി 12.36ന്‌ മരിച്ച ഇ.ഹരികുമാറിന്‌ ചടങ്ങുകളില്ലാതെ വിട. സാഹിത്യ അക്കാദമി പുരസ്‌കാരജേതാവായതിനാല്‍ ഓദ്യോഗിക ബഹുമതി ഉണ്ടാവണമായിരുന്നു. എന്നാല്‍ അതെല്ലാം മാറ്റിവെക്കണമെന്ന്‌ സഹോദരങ്ങള്‍ക്ക്‌ കാലേ കൂട്ടി നിര്‍ദ്ദേശം നല്‍കി. പൊതുദര്‍ശനത്തിനായി കിടത്തരുതെന്നും ഉപദേശിച്ചിരുന്നു.

കൊറോണ ഉണ്ടാക്കിയ മൂകത കഥാകാരന്റെ അന്ത്യത്തെ തുടര്‍ന്നുള്ള നിമിഷങ്ങളെ കൂടുതല്‍ നിശബ്ദമാക്കി. ദാരിദ്യ്രം അനുഭവിച്ചവരുടെ ജീവിതത്തെ കഥകളാക്കി ആസ്വാദകരെക്കൂട്ടിയ കഥാകാരന്‍ ഒന്നുമറിയാതെ മുണ്ടുപാലത്തെ ഫ്ളാറ്റിലെ മുറിയില്‍ കിടന്ന മണിക്കൂറുകളില്‍ ഏകാന്തതയെ ചുറ്റും നിര്‍ത്തി.

സ്വന്തമായൊരു ഇടത്തില്‍ സ്വാതന്ത്ര്യം അനുഭവിച്ചെഴുതിയ ഹരികുമാര്‍ പണ്ടത്തെ ഓണപതിപ്പുകളിലെ ഹരമായിരുന്നു. പത്രാധിപന്മാര്‍ ആ കഥകള്‍ക്കായി കാതോര്‍ത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. എല്ലാ എഴുത്തുകളും പ്രശസ്തി നല്‍കി. ഏന്നാല്‍ അതത്രയും പുസ്തകത്താളിനുള്ളിലൊളിപ്പിച്ചു ജിവിച്ചു . ഇ ഹരികുമാര്‍ കഥാ ചര്‍ച്ചവേദികള്‍പങ്കിട്ടില്ല. കഥയില്ലായ്മ പറഞ്ഞ് സുഖിപ്പിച്ചില്ല, പ്രസംഗിച്ച്‌ പ്രയാസപ്പെടുത്തിയുമില്ല, ഒതുങ്ങിയിങ്ങനെ മതിയോയെന്ന്‌ സഹോദരന്‍മാരും ഒടുവില്‍ ചോദിച്ചു. ഇവിടെഎനിക്ക്‌ സൂഖമെന്നായിരുന്നു അതിനുള്ള ഉത്തരം, നാല്‌ കൊല്ലംമുമ്പ്‌ അനിയന്‍ ഇ. മാധവന്റെ അയ്യന്തോളിലെ ചിരാഗെന്നവീടിനെക്കുറിച്ച്‌ ഉമ്മുകുല്‍സുവിന്റെ വീടെന്ന കഥയെഴുതും വരെ അങ്ങനെ തന്നെ.

മഹാകവി ഇടശേരിയുടെ മകന്‍ ഹരി പത്താംക്ലാസ്‌ കഴിഞ്ഞ്‌ ടൈപ്പ് പഠിച്ച്‌ കേരളം വിട്ടു. നാട്ടിലെ കയ്യെഴുത്ത്‌ മാസികകളിലെഴുതിയ അക്ഷരപകിട്ടാണ്‌ കൂട്ടിനുണ്ടായിരുന്നത്‌. കൊല്‍ക്കത്തയില്‍ യന്ത്രങ്ങളുമായി പൊരുത്തപ്പെട്ട് തൊഴിലെടുത്ത്‌ എന്‍ജിനീയറിങ്ങ്‌ പഠിക്കാതെ സെയില്‍സ്‌ എന്‍ജിനീയറായി. യന്ത്ര സഹവാസം ഒപ്പം കഥകളായി.

ന്യൂഡെല്‍ഹിയും മുംബൈയും കറങ്ങി. പിന്നെസ്വന്തമായി മുംബൈയില്‍ ബിസിനസ്സ്‌. സരസ്വതീ കടാക്ഷം പോലെ ലക്ഷ്മീകടാക്ഷമുണ്ടായില്ല. തിരിച്ച്‌ നാട്ടിലെത്തി. അക്കാലത്ത്‌ കാസറ്റുകള്‍ റെകോർഡ്‌ ചെയത്‌ കൊടുത്ത്‌ ജീവിതത്തെ പിടിച്ച്‌ നിര്‍ത്തി. കമ്പ്യൂട്ടര്‍ ഇറങ്ങിയ കാലത്ത്‌ അതില്‍ തൊട്ടതോടെ പൊന്നിന്‍തെളിച്ചം വന്നു. സാഹിത്യ അക്കാദമിയില്‍ മുന്‍ എഴുത്തുകാരുടെ വിവരങ്ങള്‍ ഡിജിറ്റലൈസ്‌ ചെയ്തു ഇടശ്ശേരി പബ്ലിഷിങ്ങ്‌ കമ്പനി തുടങ്ങി സ്വന്തം പുസ്തകങ്ങള്‍ ഇറക്കി. വന്‍ പ്രസാധകര്‍ക്ക്‌ നല്‍കാത്തതിനാല്‍ പ്രദര്‍ശനങ്ങള്‍ വഴി പ്രശസ്തി ആര്‍ജ്ജിക്കാനായില്ല. എഴുതിയതെല്ലാം ഇഷ്ടമുള്ളവര്‍ക്കായി സൌജന്യ വായനയ്ക്കായി ഡൌണ്‍ലോഡ് ചെയ്യാനാക്കി.

കൊച്ചി രവിപുരത്തെ താമസക്കാലത്ത്‌ കണ്ട പാവങ്ങളുടെ ദരിദ്ര ജീവിതം കഥകളെ സമ്പന്നമാക്കി. സ്ത്രീ കഥാപാത്രങ്ങള്‍ ഒട്ടേറെ ജനിച്ചു. ആ പക്ഷത്തില്‍ മാധവിക്കുട്ടി. ടി.പത്മനാഭന്‍ പിന്നെ ഹരികുമാര്‍ എന്നായി. അവസാനമെഴുതിയ ഉമ്മുകുല്‍സുവരെ ആ സ്ത്രീകഥാപാത്ര ആരാധന എത്തി.

വീക്ഷണം- Wednesday, March 25, 2020