ആർദ്ര സൗന്ദര്യത്തിന്റെ ആന്ദോളനം

മിനീഷ് മുഴപ്പിലങ്ങാട്

E Harikumar

കഥകളിൽ മനുഷ്യ ജീവിതം അതിന്റെ തനിമയിൽ തന്നെ കത്തിത്തെളിഞ്ഞു നിൽക്കണം എന്ന നിശ്ചയദാർഢ്യം അനുഷ്ഠാനം പോലെ അനുവർത്തിച്ച എഴുത്തുകാരനായിരുന്നു അന്തരിച്ച ഇ. ഹരികുമാർ. ജീവിതത്തിലെ സങ്കീർണമായ അനുഭവങ്ങളെ അതിന്റെ സത്തയും സാരവും ഉൾക്കൊണ്ടുകൊണ്ടു തന്നെ ലളിതമായും അതേസമയം എല്ലാതരം വായനക്കാർക്കും ആസ്വദിക്കാനാവുന്ന തരത്തിലും ആവിഷ്‌കരിക്കുന്നതിലായിരുന്നു ഈ കഥാകാരന് ഏറെയും താൽപര്യം. അറുപതുകളിൽ എഴുത്ത് ആരംഭിച്ച ഒരാളെ സംബന്ധിച്ചിടത്തോളം കഥയിൽ മനുഷ്യ ജീവിതം യഥാതഥം കൊണ്ടുവരിക, അതും ലാളിത്യത്തിന്റെ പരിപ്രേക്ഷ്യത്തിൽ നിന്നുകൊണ്ട് എന്നത് അങ്ങേയറ്റം ശ്രമകരവും സാഹസികവുമായിരുന്നു. താൻ കഥയെഴുതുന്നത് ആർ ക്കു വേണ്ടി എന്ന വസ്തുത ഈ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ഒരു ലേഖനത്തിൽ അദ്ദേഹം വ്യക്തമാക്കുന്നത് ഇങ്ങനെയാണ്:
ഒരു സാഹിത്യകാരൻ എന്ന നിലയിലേക്ക് എന്റെ പ്രതിബദ്ധത ജനങ്ങളോടാണ്. പ്രത്യേകിച്ച് സാമ്പത്തികമായി താഴേത്തട്ടിൽ ജീവിക്കുന്നവരോട്. എന്റെ കഥകൾ അവരുടെ ജീവിതത്തിലെ പൊള്ളുന്ന പ്രശ്‌നങ്ങൾ വായനക്കാരുടെ മുമ്പിൽ എത്തിക്കാൻ ഉതകുന്നതാണെങ്കിൽ ഞാൻ വിജയിച്ചു എന്നു പറയാം (എന്റെ പ്രവാസ ജീവിതവും സാഹിത്യവും). 
ആധുനികത അതിന്റെ അർഥശൂന്യവും യുക്തിരഹിതവുമായ ആർഭാടങ്ങളിലൂടെ ജീവിതത്തെ നിഷേധിച്ചുകൊണ്ട് ബുദ്ധിജീവി നാട്യക്കാരായ ഒരു കൂട്ടം വായനക്കാരെ സൃഷ്ടിക്കുകയും അവരിലൂടെ കഥയുടെ സത്യവും സ്വത്വവും പുനർനിർവചിക്കുകയും അതിന്റെ ബലത്തിൽ സാഹിത്യത്തിലെ മറ്റെല്ലാ ഭാവുകത്വ ബോധങ്ങളെയും നിഷേധിക്കുകയും ചെയ്ത അക്കാലത്തും ഹരികുമാർ അതിനു പിറകെ പോകാതെ കഥകളെ കുറിച്ചുള്ള തന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുകയാണ് ചെയ്തത്.

പാരമ്പര്യത്തിന്റെ തനിമയിലും വിശുദ്ധിയിലും ഊറ്റം കൊണ്ട കവി ഇടശ്ശേരിയുടെ മകന് ഒരുപക്ഷേ, അങ്ങനെ ആവാതിരിക്കാൻ കഴിയില്ലായിരുന്നു. കഥകളെ കുറിച്ച് അക്കാലത്ത് താൻ മുറുകെ പിടിച്ച വിശ്വാസത്തെ കുറിച്ച് ഹരികുമാർ പറയുന്നതു നോക്കുക:
കഥ എന്നല്ല, എല്ലാ കലാരൂപങ്ങളും ബുദ്ധിപരമായും സാംസ്‌കാരികമായും പല തട്ടിലുള്ളവർക്ക് ഒരേസമയം ആസ്വദിക്കാനുള്ളതാണ്; അല്ലാതെ എന്റെ കഥകൾ കേവലം ബുദ്ധജീവികൾക്കുള്ളതാണ്, മറ്റുള്ളവരൊന്നും വായിക്കേണ്ട എന്നു പറയുന്നതിൽ അർഥമില്ല. കഥ ബുദ്ധിപരമായും സാസ്‌കാരികമായും ഏറ്റവും താഴേക്കിടയിലുള്ളവർക്കും മേലേക്കിടയിലുള്ളവർക്കും ഒരേപോലെ ആസ്വദിക്കാൻ കഴിഞ്ഞാൽ അതൊരു വിജയമായി കരുതണം. എഴുപതുകൾ തൊട്ട് എന്റെ സാഹിത്യ ശ്രമങ്ങളെ സ്വാധീനിച്ചത് ഈ ചിന്തയാണ് (സമകാലിക മലയാള ചെറുകഥ).  
അതേസമയം അറിവും അനുഭവങ്ങളും ഇല്ലാത്ത ഒരു മേഖലയെ കഥയിൽ കൊണ്ടുവരരുത് എന്ന ആദർശ ശുദ്ധിയും അദ്ദേഹം വെച്ചുപുലർത്തിയിരുന്നു. അങ്ങനെ ചെയ്യുമ്പോൾ കഥാകൃത്തിന് കഥാപാത്രങ്ങളോടും അവരുടെ ജീവിതത്തോടും നീതി പുലർത്താൻ കഴിയാതെ വരും. അപ്പോൾ കഥയിൽ കൃത്രിമത്വവും കാപട്യവും കടന്നുവരും. അതോടെ കഥ, കഥയില്ലായ്മയായിത്തീരും. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ഒരിക്കൽ അദ്ദേഹം ഇങ്ങനെ എഴുതുകയുണ്ടായി-
1987 ലാണ് ഞാൻ സൂര്യകാന്തിപ്പൂക്കൾ എന്ന കഥയെഴുതുന്നത്...കഥ സാങ്കൽപികമാണ്. പക്ഷേ, അതിന്റെ അമൂർത്തതയിൽ അതു വളരെ യാഥാർ ഥ്യമാണ്. അതെന്റെ ജീവിത കഥ തന്നെയാണ് (സൂര്യകാന്തിപ്പൂക്കൾ എന്നോട് പറഞ്ഞത് എന്ന ലേഖനത്തിൽ നിന്നും). 

താൻ എഴുതുന്നത് എന്തായാലും അതു വായനക്കാർക്കു വേണ്ടിയാണ് എന്ന ബോധം എപ്പോഴും ഉള്ളിൽ പേറിനടന്നിരുന്ന കഥാകാരനാണ് ഹരികുമാർ. വായനക്കാരെ കളിപ്പിക്കുകയോ കബളിപ്പിക്കുകയോ ചെയ്യുന്നതൊന്നും  എഴുതരുത് എന്ന നിഷ്‌കർഷയും അദ്ദേഹത്തിനുണ്ടായിരുന്നു. എഴുത്തുകാർ ദന്തഗോപുര വാസികളാണെന്ന പൊതുബോധം നിലനിൽക്കുന്ന ഒരു സമൂഹത്തിൽ ഇത് വായനക്കാരോടുള്ള എഴുത്തുകാരന്റെ അത്യപൂർവമായ ആത്മാർഥതയുടെ കൈയൊപ്പു പതിഞ്ഞ ഒരു സ്റ്റേറ്റ്‌മെന്റായി മാറി. ഒരു സാഹിത്യകാരൻ എന്ന നിലയിലേക്ക് തന്റെ പ്രതിബദ്ധത ജനങ്ങളോടാണ് എന്നു സധൈര്യം ഉദ്‌ഘോഷിച്ച അദ്ദേഹം മറ്റൊരു ലേഖനത്തിൽ അക്കാര്യം വിശദീകരിക്കുന്നത് ശ്രദ്ധിക്കുക:
പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ എഴുതുമ്പോൾ എന്റെ മറ്റെല്ലാ രചനകളെയും പോലെ വായനക്കാരായിരുന്നു മുമ്പിൽ. ഞാനൊരു പുതിയ കഥ യാണ് എഴുതുന്നത്. അതിന് അനുവാചകർ ആവശ്യമാണ്. ഞാനെഴുതുന്നത് സഹൃദയരായ വായനക്കാർക്കു വേണ്ടിയാണ് (പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ ആമുഖം എന്ന ലേഖനം).
സാധാരണക്കാരന്റെ ജീവിതങ്ങളായിരുന്നു എന്നും ഹരികുമാറിന്റെ കഥകളുടെ കാതലും കരുതലും. അവയിലെല്ലാം തന്നെ ആർദ്ര സൗന്ദര്യത്തിന്റെ ആന്ദോളനങ്ങൾ അന്തർധാരയായി അനുവർത്തിക്കപ്പെടുന്നുമുണ്ട്. ഒരുപക്ഷേ, വായനക്കാരെ വശീകരിക്കാനും വശത്താക്കാനും അദ്ദേഹം കൈക്കൊണ്ട എഴുത്തിലെ മൗലികമായ മാന്ത്രികത തന്നെയുമാകാമത്. അതുപക്ഷേ, അകൃത്രിമവും ആത്മാർഥവുമായിരുന്നു എന്നത് സത്യം. വായനക്കാരെ ആ കഥകൾ വളരെയധികം ആകർഷിച്ചതിന്റെ കാരണവും മറ്റൊന്നാകാൻ വഴിയില്ല. ആ യാഥാർഥ്യം ഉൾക്കൊണ്ടതു കൊണ്ടാണ് വായനക്കാരൻ എന്ന വിഭാ ഗത്തിന്റെ ഔന്നത്യത്തെ മുഖവിലക്കെടുത്തുകൊണ്ട് തന്റെ ഒരു ലേഖനത്തിൽ അദ്ദേഹം ഇങ്ങനെ കുറിച്ചിട്ടത്:
എഴുത്തുകാർ എപ്പോഴും ഓർക്കേണ്ട ഒരു കാര്യം താൻ എഴുതിയത് വായിക്കുന്ന വായനക്കാരനു തന്നേക്കാൾ വിവരമുണ്ട് എന്നാണ് (സമകാലിക മലയാള ചെറുകഥ).

മനുഷ്യൻ ഒരു സാമൂഹ്യ ജീവി എന്ന നിലയിൽ അവന്റെ നാനാവിധമായ ഇടപെടലുകളിലൂടെ നേടിയെടുക്കുന്ന അനുഭവ വൈവിധ്യങ്ങളുടെയും വൈചിത്ര്യങ്ങളുടെയും അമ്പരപ്പിക്കുന്ന കഥകൾ എഴുതാൻ ഹരികുമാറിനു കഴിഞ്ഞിട്ടുണ്ട്. അവയിലൂടെ മനുഷ്യത്വവും സഹാനുഭൂതിയും സ്‌നേഹ വാൽസല്യങ്ങളും സത്യസന്ധതയും ആത്മാർഥതയും പ്രതീക്ഷയും പ്രതിഷേധവും നിർലോഭം നിറഞ്ഞാടുന്ന ഒട്ടനവധി കഥാപാത്രങ്ങളുടെ ഒരു ബൃഹദ്പ്രപഞ്ചം സൃഷ്ടിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. മനസ്സ് കല്ലായി മാറിയ മനുഷ്യരുള്ള വർത്തമാന കാലത്ത് അതിന് നേർവിപരീതമായി ഒരു ലോകം സൃഷ്ടിച്ച്, ആ അനിവാര്യതയിലൂടെ മാത്രമേ ഇനി കാലത്തിനും ലോകത്തിനും നീക്കവും നിലനിൽപുമുള്ളൂ എന്ന ശാശ്വത സത്യത്തിന്റെ പ്രവാചകനായിത്തീരുകയാണ് ഈ കഥാകാരൻ. ആർദ്ര മാനസങ്ങളുടെ അപാരതയിൽ ഊന്നി നിന്നുകൊണ്ട് കഥയെ കവിതയുടെ തലത്തോളം ഭാവസാന്ദ്രമാക്കുന്ന അദ്ദേഹത്തിന്റെ ആവിഷ്‌കാര ശൈലിയുടെ ഇന്ദ്രജാലം ഒരു വലിയ വായനാ സമൂഹ ത്തെ രൂപപ്പെടുത്തുകയും ചെയ്തിരുന്നു.
രണ്ടു മക്കൾക്കു ശേഷം വയറ്റിൽ കുരുത്ത ഭ്രൂണത്തെ സാഹചര്യ സമ്മർദത്താൽ നശിപ്പിക്കേണ്ടി വന്നതിലെ കുറ്റബോധത്താൽ നീറുന്ന മനസ്സുള്ള ഒരമ്മയുണ്ട് ഹരികുമാറിന്റെ കൂറകൾ എന്ന കഥയിൽ. ഭർത്താവ് ഏറെ നിർബന്ധിച്ചിട്ടും ആദ്യമൊന്നും അവൾ ആ ക്രൂരത കാട്ടാൻ തയാറായിരുന്നില്ല. പക്ഷേ, കുടുംബനാഥന്റെ ജോലിയുടെ അനിശ്ചിതാവസ്ഥ, രണ്ടു മക്കളെ നല്ല നിലയിൽ വളർത്തേണ്ടതിന്റെയും പഠിപ്പിക്കുന്നതിന്റെയും ചെലവ്, വീട്ടുവാടക, മറ്റു ചെലവുകൾ എന്നിവയൊക്കെ ഭർത്താവ് എണ്ണിപ്പറഞ്ഞപ്പോൾ അവൾക്കു മുന്നിൽ മറ്റു നിർവാഹമൊന്നുമില്ലായിരുന്നു. നിശ്ചിത വരുമാനമുള്ള ഇടത്തരക്കാരന്റെ പ്രാരാബ്ധങ്ങളാണ് കഥയിൽ എല്ലാത്തിനും കാരണമായിത്തതീരുന്നത് എന്നു കാണാം.

വീട്ടിൽ നിന്നും ഉച്ചഭക്ഷണമായി അഞ്ചു ചപ്പാത്തി സ്‌കൂളിൽ കൊണ്ടുപോകുന്ന രാജു എന്ന കുട്ടി, പാവപ്പെട്ടവനും പട്ടിണിക്കാരനുമായ തന്റെ സ ഹപാഠിക്ക് അതിൽ നിന്ന് നാലു ചപ്പാത്തി സ്ഥിരമായി കഴിക്കാൻ നൽകുന്നതിലൂടെ ഒരു കുട്ടിയുടെ സഹാനുഭൂതി പ്രകടമായി തെളിയുന്ന കഥയാണ് ഒരു കുങ്ഫൂ ഫൈറ്റർ. അക്കാര്യത്തിന്റെ പേരിൽ അച്ഛൻ അവനെ ശിക്ഷിച്ചപ്പോഴും താൻ ചെയ്തത് ഒരു തെറ്റല്ല എന്ന ബോധമായിരുന്നു അവന്. ഫലത്തിൽ ശരി ചെയ്ത മകനെ ശിക്ഷിക്കുക വഴി അച്ഛനാണ് അവിടെ തെറ്റുകാരനാകുന്നത്. മുതിർന്നിട്ടും മുതിരാത്തവർക്കു നേരേ ബാലമനസ്സ് ശരി-തെറ്റുകളുടെ ഒരു മഹാനിഘണ്ടു തന്നെ തുറന്നുവെക്കുകയും കാലത്തോട് അതിൽ ശരിയേത് തെറ്റേത് എന്നു നിർവചിക്കാൻ നിർദേശിക്കുകയുമാണ് ഈ കഥയിലൂടെ.
സൂര്യകാന്തിപ്പൂക്കൾ എന്ന കഥയിലെ ദാസൻ വായനക്കാർക്കു മുമ്പിൽ അനുഭവങ്ങളുടെ മറ്റൊരു തലമാണ് തുറന്നിടുന്നത്. ദൽഹിയിൽ കഷ്ടപ്പെട്ടു പണിയെടുത്ത് താൻ അമ്മക്ക് അയക്കുന്ന പൈസ മുഴുവൻ സ്വന്തം കുടുംബത്തിനായി ചെലവിടുന്ന അമ്മാവനോട് അയാൾക്ക് തീരാത്ത പകയുണ്ട്. അ വസരം വരുമ്പോൾ അമ്മാവനോടു പക വീട്ടണം എന്നാണ് അയാൾ കണക്കു കൂട്ടുന്നത്. അതിനിടയിലാണ് അമ്മാവന്റെ മകൾക്ക് ഒരു വിവാഹാലോചന വരുന്നത്. അമ്മ വഴി അമ്മാവൻ അയാളോടു കുറച്ച് പണം ആവശ്യപ്പെടുന്നു. ആദ്യം ദേഷ്യപ്പെട്ടെങ്കിലും പിന്നീട് പകയും വിദ്വേഷവും എല്ലാം മറന്നുകൊണ്ട് അയാൾ പണം കടം വാങ്ങി അമ്മാവന് അയക്കാൻ സന്നദ്ധനായി. താൻ സഹായിച്ചില്ലെങ്കിൽ ആ കല്യാണം മുടങ്ങും എന്നയാൾക്ക് നന്നായി അറിയാ മായിരുന്നു. മനസ്സിൽ എത്രയൊക്കെ പക സ്വരുക്കൂട്ടിയാലും സ്‌നേഹബന്ധങ്ങളുടെ കെട്ടുപാടുകളിൽ പെട്ട് അവ സ്വയം അണഞ്ഞ് ഇല്ലാതായിപ്പോകുന്ന ദാസനെ പോലുള്ളവരെ ഹരികുമാറിന്റെ കഥകളിലെമ്പാടും കാണാം. ഒര ർഥത്തിൽ അത് അദ്ദേഹം തന്നെയാണ്. ഇക്കാര്യം അദ്ദേഹം ഒരു അഭിമുഖത്തിൽ തുറന്നുപറയുന്നതു ശ്രദ്ധിക്കുക-
ഞാനൊരു നല്ല ഗൃഹസ്ഥനാണ്. ഭാര്യയെയും മക്കളെയും അമ്മയെയും അച്ഛനെയും സഹോദരങ്ങളെയും സ്‌നേഹിക്കാത്തവർക്ക് എങ്ങനെ മറ്റുള്ളവരെ സ്‌നേഹിക്കാൻ പറ്റും? കഥകളിൽ പലപ്പോഴും പ്രത്യക്ഷപ്പെടുന്നത് എന്റെ ജീവിതം തന്നെയാണ് (ബിന്ദു എം.എസ്, ഹരികുമാറുമായി നടത്തിയ അഭിമുഖം-കാക്ക മാഗസിൻ-ജനുവരി-മാർച്ച് 2020).

സമ്പന്നനായ ഒരാൾക്കു തെരുവിലെ റാണി എന്ന ആറു വയസ്സുകാരി കുട്ടിയോട് തോന്നുന്ന അസാധാരണമായ സ്‌നേഹ വാത്സല്യത്തിന്റെ കഥയാണ് എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാൾ. അയാൾക്ക് അനാഥയായ ആ കുട്ടിയെ വീട്ടിലേക്കു കൂടെ കൂട്ടണമെന്നുണ്ട്. അല്ലെങ്കിൽ ചെലവിനുള്ളതെല്ലാം കൊടുത്ത് ഒരു അനാഥാലയത്തിൽ ആക്കണമെന്നുമുണ്ട്. പക്ഷേ, കുടുംബവും സമൂഹവും എന്തു വിചാരിക്കും എന്നോർത്തു പകച്ചിരിക്കുകയാണയാൾ. അതിനിടയിൽ അയാൾക്കവളെ നഷ്ടപ്പെടുകയും ചെയ്യന്നു. എങ്കിലും ആ കഥയിലൂടെ കെട്ടുപോയ ഈ സമൂഹത്തിൽ സന്മനസ്സുള്ളവർ ഇനിയും ബാക്കിയുണ്ട് എന്ന സത്യം വായനക്കാരായ നമ്മളിലേക്കു വലിയ പ്രത്യാശയോടെ പകർന്നു നൽകുകയാണ് ഹരികുമാർ എന്ന കഥാകൃത്ത് ചെയ്യുന്നത്. ആ മനോഭാവത്തെ കുറിച്ച് തന്റെ ഒരു ലേഖനത്തിൽ അദ്ദേഹം ഇങ്ങനെ കുറിക്കുന്നു- കഥകൾ എത്രയൊക്കെ ദുഃഖപര്യവസായിയായാലും ശരി, അതിനെല്ലാം അപ്പുറത്ത് പ്രത്യാശയുടെ മിന്നൽ വെളിച്ചം ഞാൻ കണ്ടിരുന്നു. അതെന്റെ കഥകളെ ഒരു പ്രത്യേക തലത്തിലേക്ക് ഉയർത്തുന്നുണ്ടെന്നാണ് എന്റെ അനുഭവം. എന്റെ അളവറ്റ ശുഭാപ്തി വിശ്വാസമായിരിക്കണം അതിന് കാരണം (എന്റെ പ്രവാസ ജീവിതവും സാഹിത്യവും)
നഗര ജീവിതത്തിന്റെ ആസുരമായ തിരക്കുകൾക്കിടയിൽ ഞെരിഞ്ഞമര ന്ന മാതാപിതാക്കൾ നിസ്സഹായതയോടെ അവഗണിക്കുന്ന കുഞ്ഞുങ്ങൾ അനുഭവിക്കേണ്ടി വരുന്ന മനംമടുപ്പിക്കുന്ന ഏകാന്തതയും പലപ്പോഴും അതിനെ മറികടക്കാനുള്ള കുഞ്ഞു മനസ്സിന്റെ തീവ്രമായ ശ്രമങ്ങളും ആർദ്രമായി ആവിഷ്‌കരിക്കുന്ന കഥയാണ് ഡിനോസറിന്റെ കുട്ടി. ഒരു കാലത്ത് നാട്ടുമ്പുറത്തിന്റെ നന്മകളിലും കൂട്ടുകുടുംബങ്ങളുടെ സുരക്ഷിതത്വത്തിലും നമ്മുടെ കുട്ടികൾ ബാല്യം കഴിച്ചുകൂട്ടിയതിന്റെയും വളർന്നതിന്റെയും ഗൃഹാതുരത്വമുള്ള സുഖകരമായ ഓർമകളുടെ പങ്കുവെക്കൽ കൂടിയാണ് ഇക്കഥ. ഒരർഥത്തിൽ നഷ്ടപ്പെട്ട ഒരു കാലത്തിന്റെ വീണ്ടെടുപ്പിനായുള്ള കഥാകൃത്തിന്റെ ആത്മാർഥമായ പരിശ്രമം കൂടിയാണത്. 

തൊഴിൽ മേഖലയിൽ യന്ത്രങ്ങളുടെ കടന്നുവരവ് മനുഷ്യന്റെ അധ്വാന ഭാരം കുറക്കുമെങ്കിലും അത് തൊഴിലാളികളുടെ ജീവിതത്തെയും നിലനിൽപിനെയും സാരമായി ബാധിക്കുമെന്ന സത്യത്തിലേക്കാണ് ഒരു ദിവസത്തിന്റെ മരണം എന്ന കഥ വിരൽ ചൂണ്ടുന്നത്. ഒപ്പം അസംഘടിതമായ തൊഴിലിടങ്ങളിൽ തൊഴിലാളികൾ, പ്രത്യേകിച്ചും പെണ്ണുങ്ങൾ മുതലാളിമാരാൽ പല വിധത്തിലും ചൂഷണം ചെയ്യപ്പെടുന്നതിന്റെ ദയനീയതയും ഈ കഥ വരച്ചു കാട്ടുന്നുണ്ട്. മലയാളത്തിലുണ്ടായ ഒന്നാന്തരം ഒരു പ്രോലിറ്റേറിയൻ കഥയായി ഇതിനെ വിശേഷിപ്പിക്കാനും പറ്റും.
അങ്ങനെ പ്രവാസിയായി 23 കൊല്ലക്കാലം കൊൽക്കത്തയിലും ഒരു ഹ്രസ്വകാലം ദൽഹിയിലും തുടർന്ന് ബോംബെയിലുമായി കഴിഞ്ഞ കാലത്തും പിന്നീട് കേരളത്തിലേക്ക് തിരിച്ചുവന്ന ശേഷവും ജീവിതത്തിന്റെ വിവിധങ്ങളായ അനുഭവ മണ്ഡലങ്ങളെ വായനക്കാർക്കായി ആവിഷ്‌കരിച്ചുകൊണ്ട് ഹരികുമാർ നിരവധി കഥകൾ എഴുതുകയുണ്ടായി. അവയെല്ലാം തന്നെ അനുഭവ സമ്പന്നതയുടെ ആഴങ്ങളിൽ ജീവിതാവബോധത്തെ തീഷ്ണവും തരളവും ആർദ്രവും ആക്കുന്ന കഥകളായിരുന്നു. തന്നെ അത്തരം ഒരു കഥയെഴുത്തുകാരനാക്കുന്നതിൽ വലിയ പങ്കു വായനക്കാർക്കുണ്ട് എന്നു തുറന്നു പ്രഖ്യാപിച്ചുകൊണ്ട് ഒരിക്കൽ അദ്ദേഹമെഴുതി-
എന്നെ ഞാനാക്കിയത് എന്റെ പ്രിയപ്പെട്ട വായനക്കാരാണ്. എന്റെ കഥകൾക്കു വേണ്ടി കാത്തിരിക്കുകയും ഓരോ കഥകളും ഒരനുഭവമാക്കി മനസ്സിൽ കൊണ്ടുനടക്കുകയും ഞാൻ കഥകളൊന്നും എഴുതാതിരിക്കുമ്പോൾ വ്യസനിക്കുകയും ചെയ്യുന്ന വായനക്കാർ. അവരോടുള്ള കടപ്പാടാണ് ഓരോ ക ഥയും കൂടുതൽ കൂടുതൽ നന്നാക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്. വായനക്കാർ വെറും പുഴുക്കൾ എന്നൊരു മനോഭാവം വെച്ചുപുലർത്തുന്ന ഒരു കാലത്ത് ഞാനൊരു പഴഞ്ചനായി വ്യാഖ്യാനിക്കപ്പെടാം. സാരമില്ല, ഞാൻ വായനക്കാരുടെ പക്ഷത്തു തന്നെയാണ് (ഇളവെയിലിന്റെ സാന്ത്വനം എന്ന ലേഖനം).
വായനക്കാർ അദ്ദേഹത്തെയും തിരിച്ചറിഞ്ഞിരുന്നു. ജീവിതത്തെ ആത്മാർഥമായും സത്യസന്ധമായും അവതരിപ്പിച്ച ആ കഥയെഴുത്തുകാരനെയും അദ്ദേഹത്തിന്റെ കഥകളെയും ചുറ്റിപ്പറ്റി വലിയൊരു വായനാസമൂഹം രൂപപ്പെട്ടതിന്റെ ഭൗതിക സാഹചര്യം അതാണ്. അങ്ങനെ കഥാകാരൻ വായനക്കാരനെയും വായനക്കാർ കഥാകാരനെയും പരസ്പരം വിശ്വസിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നിടത്ത് കഥയുടെ ലാവണ്യാനുഭൂതികളിൽ പുതിയ ആകാശവും തെളിച്ചവുമുള്ള നക്ഷത്രങ്ങളും പിറക്കും എന്നു ഭൗതികമയി നമ്മോടൊപ്പമില്ലെങ്കിലും ഹരികുമാർ തന്റെ രചനകളിലൂടെ നമുക്കു മുമ്പിൽ സാക്ഷ്യപ്പെടുത്തുന്നു.

മലയാളം ന്യൂസ്- Sunday, April 5, 2020