പച്ചപ്പയ്യിനെ തേടിയ കഥാകൃത്ത്…

കെ. രാജേഷ്‌ കുമാര്‍

E Harikumar

ഇ.ഹരികുമാറിൻ്റെ കഥകളിലെ കേരളീയതയെക്കുറിച്ച് പഠിക്കേണ്ടതുണ്ട്. പൊതുവേ ഈ കഥാകൃത്തിൻ്റെ രചനകൾ ആഴത്തിൽ പഠിക്കപ്പെട്ടിട്ടില്ല. അതിനുള്ള കാലമാകാത്തതുകൊണ്ടാകാം. അങ്ങനെ അവഗണിക്കപ്പെടാനുള്ളതല്ല ആ കഥകൾ.
മലയാളത്തിൽ ആധുനികത തിളച്ചുരുകിയ കാലത്ത് നിലാവു പോലെ വെളിച്ചമുള്ള കഥകൾ എഴുതിയ കഥാകൃത്തുക്കളിൽ ഒരാളാണ് ഇ.ഹരികുമാർ. സ്നേഹം നിലാവെളിച്ചം പോലെ ആ കഥകളിൽ പരന്നു കിടന്നു. സാഹിത്യ ചരിത്രത്തെക്കുറിച്ച് സാമാന്യ ധാരണയുള്ളവർക്കറിയാം അതാതു കാലത്തെ സാഹിത്യത്തിലെ പൊതു പ്രവണതയിൽ നിന്ന് തെറ്റി നിൽക്കുന്നവർക്ക് പ്രഭ കുറയുമെന്ന്. ഈ വിധി ഇ.ഹരികുമാറിനെ കണ്ടമാനം ബാധിച്ചിരുന്നു. ആധുനികതയുടെ തീവെട്ടം മങ്ങിയപ്പോഴാണ് അദ്ദേഹത്തിന്റെ ചില കഥകൾ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.

ശ്രീപാർവ്വതിയുടെ പാദം, പച്ചപ്പയ്യിനെ പിടിക്കാൻ, ദിനോസറിന്റെ കുട്ടി തുടങ്ങിയ മികവാർന്ന കഥകൾ കഥയെ ഇഷ്ടപ്പെടുന്ന വായനക്കാർ നെഞ്ചേറ്റി.
‘എവിടെന്റെ തുളസിക്കാടുകൾ
ഈറൻ മുടികോതിയ സന്ധ്യകൾ
പച്ചപ്പൈ ചാടി നടക്കും മുത്തങ്ങാപ്പുല്ലുകളെവിടെ?
എന്ന് ഉച്ചത്തിൽ അന്വേഷിച്ചു കൊണ്ട് വേട്ടക്കാരുടെ കൈയ്യുകൾ കന്മഴു കൊണ്ട് വെട്ടിയെടുക്കുമെന്ന് അലറിയ കിരാതമൂർത്തിയാണ് മലയാളത്തിലെ ആധുനിക കവിതയിലെ ഒരു പ്രതിഷ്ഠ. ഈ ബിംബത്തിന്റെ മൂല ബിംബം പ്രതിഷ്ഠിച്ചിരിക്കുന്നത് ഇടശ്ശേരിയുടെ കവിതയിലാണ്. കാവിലെ പാട്ടിലും പൂതപ്പാട്ടിലും. ഇടശ്ശേരിക്കവിതകൾ ആധുനികതയുടെ വെളിച്ചത്തിലാണ് വായിക്കപ്പെട്ടത്. ആധുനിക കവിതകളുടെ അനുശീലകരാണ് ഒറ്റയ്ക്കും സംഘം ചേർന്നും പൂതപ്പാട്ട് പാടിയത്.

അയ്യയ്യാ, അയ്യയ്യാവരവമ്പിളിപ്പൂങ്കല മെയ്യിലണിഞ്ഞ കരിമ്പൂതം എന്ന് പാടിത്തിമിർത്തപ്പോൾ ഒരു അയ്യയ്യാ കൈയിൽ നിന്ന് അവർ ഇട്ടു. കരിനാഗക്കളമേറി ഉറഞ്ഞു തുള്ളിയ കുറത്തിയും നെഞ്ചത്ത് പന്തം കുത്തി നിന്നലറിയ കാട്ടാളനും പൂതത്തിന്റെ അനന്തരവരായിരുന്നു.

മഹാകവി ഇടശ്ശേരിയുടെ മകനാണ് ഇ.ഹരികുമാർ. ‘പറയരുതിത് മറ്റൊന്നിന്റെ പകർപ്പെന്നു മാത്രം’ എന്ന് എഴുതിയ മൗലികത്വത്തെ പ്രാണനായി കരുതിയ കവിയുടെ മകൻ. ഇത്തറവാടിത്തഘോഷണത്തെപ്പോലെ വൃത്തികെട്ട തായ് മറ്റൊന്നുമില്ലൂഴിയിൽ എന്നെഴുതിയ അച്ഛന്റെ മകൻ. കവിത ഉപേക്ഷിച്ച് കഥ എന്ന ജനുസ്സിലേക്ക് ഹരികുമാർ മാറിയതു പോലും അച്ഛനോടുള്ള ആദരവു കൊണ്ടായിരിക്കണം.

ഇ. ഹരികുമാറിന്റെ കഥകളിൽ കവിതകിനിയുന്നുണ്ട്. ആധുനിക കാലത്തെ കഥകൾ കവിതയെ അശേഷം പിഴിഞ്ഞു കളഞ്ഞിട്ട് രൂപപ്പെടുത്തിയ കരുത്തുറ്റ ശില്പങ്ങളായിരുന്നു. അവയിൽ നിന്ന് വിഭിന്നമായ കഥകൾ ആധുനികത കനൽ നൃത്തമാടുമ്പോഴും ഉണ്ടായിട്ടുണ്ട്. സി.വി.ശ്രീരാമന്റെ കഥകൾ, അഷ്ടമൂർത്തിയുടെ കഥകൾ ,വൈശാഖന്റെ കഥകൾ . ഒറ്റ തിരിഞ്ഞു മാറിനിന്ന കഥകൾ. ഭാവ സാന്ദ്രമായ കഥകൾ രചിച്ച ഇ.ഹരികുമാറിനെയും ഇവരുടെ നിരയിൽ അക്കാലമെല്ലാം കാണാം.

ശ്രീപാർവ്വതിയുടെ പാദം, പച്ചപ്പയ്യിനെ പിടിക്കാൻ തുടങ്ങിയ കഥകളിൽ തെളിയുന്ന കേരളീയ പ്രകൃതി ആ കഥകൾക്ക് നൽകുന്ന സൗന്ദര്യം ചെറുതല്ല. കടമ്മനിട്ടക്കവിതകളിൽ എവിടെപ്പോയി എന്നു ചോദിച്ച പ്രകൃതിയാണ് ഹരികുമാറിന്റെ കഥകളിൽ പ്രത്യക്ഷപ്പെടുന്നത്. നിറയെ പച്ചപ്പയ്യുകൾ ചാടി നടക്കുന്ന തുമ്പയും തുളസിയും മുത്തങ്ങാപ്പുല്ലുകളും നിറഞ്ഞ പറമ്പുകൾ ഇരു കഥകളിലുമുണ്ട്. ഈ കഥകളുടെ അന്തരീക്ഷ സൃഷ്ടിയിൽ ഈ പച്ചപ്പാർന്ന പ്രകൃതിക്ക് വലിയ പങ്കുണ്ട്. പച്ചപ്പയ്യ്, പച്ചക്കുതിര, പച്ചവിട്ടിൽ എന്നൊക്കെ വിളിക്കപ്പെടുന്ന പച്ച നിറത്തിലുള്ള ആ ചെറുപ്രാണി വീട്ടിൽ വന്നിരുന്നാൽ കാശു കിട്ടും എന്നാണ് വിശ്വാസം. ഓന്തിനെ ഒരു തുള്ളി മുതല എന്ന് വിളിക്കുന്നതു പോലെ ഒരു തുള്ളി വിശ്വാസം. പച്ച സമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും നിറമാണല്ലോ, നമുക്ക് കേരളീയർക്ക്. രണ്ടു തരത്തിലുള്ള സമൃദ്ധി കൊതിക്കുന്നവരാണ് ഈ കഥകളിലെ കഥാപാത്രങ്ങൾ. പച്ചപ്പയ്യിലെ ആ പെൺകിടാവ് ശാലിനി പച്ചപ്പയ്യിനെ പിടിക്കാൻ നടക്കുന്നത് നിഷ്കളങ്കമായാണ്. ദാരിദ്ര്യം മാറുക എന്നതിനേക്കാൾ ചേച്ചിയുടെ സന്തോഷമാണ് അവളുടെ ലക്ഷ്യം. ഈ ചേച്ചി അനിയത്തിമാരുടെ സാഹോദര്യത്തിന്റെ ആവിഷ്കാരമാണ് ഈ കഥയുടെ സമൃദ്ധി. സാഹോദര്യം ഇടശ്ശേരിയുടെയും പ്രമേയങ്ങളിലൊന്നായിരുന്നു.

എന്നാൽ ഇടശ്ശേരി പണിത പുരയിൽ നിന്ന് അമ്പേ ഭിന്നമാണ് ഈ കഥപ്പുര. സാഹോദര്യ സ്നേഹം തുളുമ്പുന്ന നിർമ്മലമായ ഈ കഥയെ ആധുനിക ഭാവുകത്വത്തിന് ഉൾക്കൊള്ളാനാവുമായിരുന്നില്ല .നാളേ കാലത്തേക്കുള്ളതാണ് ഈ കഥ.
ശ്രീപാർവ്വതിയുടെ പാദവുമതേ. ആ കഥയിൽ ദാരിദ്ര്യം പ്രധാന പ്രശ്നമല്ല. ഗൃഹാതുരത്വം മുറ്റിത്തഴച്ചു നിൽക്കുന്ന ഈ കഥയുടെ കണ്ണ് അതിൽ നിറഞ്ഞു നിൽക്കുന്ന കേരളീയ പ്രകൃതിയാണ്. പ്രകൃതിയുടെ മകളാണ് ശ്രീപാർവ്വതി. ശ്രീപാർവ്വതിയുടെ പാദം തുമ്പപ്പൂവാണ്. കേരളത്തിന്റെ പൂവാണ് തുമ്പ. ഈ തുമ്പപ്പൂവും കഥയിലെ പെൺകിടാവും ഒന്നായി മാറുന്ന നിമിഷം മലയാള ചെറുകഥയിൽ കേരളീയത പൂത്തു മലർന്ന നിമിഷമാണ്. ധനവും ധാന്യവും സന്തതിയുമാണ് ഐഹിക സമൃദ്ധികൾ. സന്തതി എന്നു പറഞ്ഞാൽ കേരളീയർക്ക് ആൺ കുട്ടിയല്ല .സന്തതി പെൺകിടാവാണ്. അവളാണ് തലമുറകളെ നിലനിർത്തുന്നത്.’ആടിനെ ഇടയനെ അരചനെ പെണ്ണാടേ പെറ്റൂ പല പേരെ. ‘

സ്ത്രീകളും കുട്ടികളും ആണ് ഹരികുമാറിന്റെ പ്രിയ കഥാപാത്രങ്ങൾ എന്നത് നിരീക്ഷിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. ഈ കഥാകൃത്തിനോളം സ്ത്രീപക്ഷ കഥകൾ എഴുതിയ പുരുഷരും ചുരുക്കമാണ്.

‘ദിനോസറിന്റെ കുട്ടി’ ആയിരിക്കണം ഏറ്റവുമധികം വായിക്കപ്പെട്ട ഹരികുമാർകഥ. ഒരു ആൺകുട്ടി, രാജീവൻ്റെ സ്വപ്നങ്ങളിലൂടെ നെയ്തെടുക്കപ്പെടുന്ന കഥ. രാജീവനാണ് കഥയിലെ കേന്ദ്ര ബിന്ദുവെങ്കിലും അവൻ്റെ അച്ഛന്റെ ജീവിത പ്രാരാബ്ധങ്ങളാണ് കഥയിലാകെ തളം കെട്ടി നിൽക്കുന്നത്. എഴുപതുകളിലും എൺപതുകളിലും ഗാർഹസ്ഥ്യ യൗവനം കഴിച്ചുകൂട്ടുന്ന ഒരു മധ്യവർഗ്ഗ കേരളീയ പുരുഷൻ്റെ നട്ടം തിരിയലുകൾ കൃത്യമായി രേഖപ്പെടുത്തുന്ന കഥ. കഥാകൃത്തിന്റെ ജീവിത നിഴൽപ്പാടുകൾ വീണു കിടക്കുന്ന ആത്മ സ്പർശമുള്ള കഥ.

വായനക്കാരൻ അത് ഉൾക്കൊള്ളുമ്പോഴും ദിനോസറിന്റെ കുഞ്ഞിനെയും നയിച്ചുകൊണ്ടു പോകുന്ന ആ പയ്യന്റെ ചിത്രം മനസ്സിൽ നിറഞ്ഞു നിൽക്കും. ഹരികുമാറിന്റെ മരണത്തിൽ അനുശോചിച്ചു കൊണ്ട് കവി പി.പി.രാമചന്ദ്രൻ എഫ്.ബി.യിൽ പോസ്റ്റു ചെയ്ത രേഖാചിത്രം അതായിരുന്നു. പൊന്നാനിക്കളരിയിൽ എന്തൊക്കെയുണ്ട്. കേരളത്തിന്റെ വരയും പൊരുളും കവിതയും നാടകവും നല്ലൊരു പങ്ക് അവിടെ നിന്നാണ്. കഥയുള്ളവരാണ് അവർ.

പ്രതിപക്ഷം- Saturday, March 28, 2020