"എഞ്ചിൻ ഡ്രൈവറെ സ്നേഹിച്ച പെൺകുട്ടി "

സുരേഷ് കുമാർ. ജി

E Harikumar

1987 ലെ, വിരസമായ ,ചൂടു നിറഞ്ഞ ,ഒരു മധ്യാഹ്നത്തിൽ വെറുതെ മറിച്ചു നോക്കിയ കലാകൗമുദിയിൽ ,പ്രസിദ്ധീകരിച്ചു വന്ന ഒരു കഥയിലൂടെയാണ് ഹരിയേട്ടൻ (ശ്രീ ഇ. ഹരികുമാർ) എന്റെ ജീവിതത്തിലേക്ക് വരുന്നത്. ബംഗളൂരിലെ ഒരുൾപ്രദേശമായ ഗൊറഗുണ്ടപ്പാളയത്ത് പഠനാവശ്യത്തിനായി താമസിക്കുകയായിരുന്നു, ഞാൻ.

മലയാളം വാരികകൾ കിട്ടുന്നത് അപൂർവ്വം. "കാനഡയിൽ നിന്നൊരു രാജകുമാരി " ആയിരുന്നു ആ കഥ. കുറേ കാലം കൂടി..., ലളിത സുന്ദരമായ, ഭാഷയിൽ, ഒരു കഥ വായിക്കാൻ കിട്ടിയ സന്തോഷത്തിൽ ആ ചൂടു പിടിച്ച മധ്യാഹ്നം തണുപ്പുനിറഞ്ഞതായി തോന്നി. പിന്നെ ആ പേര് ശ്രദ്ധിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ കഥകൾ തേടിപ്പിടിച്ചു വായിക്കാനും..ദിനോസറിന്റെ കുട്ടി, ഡോ. ഗുറാമിയുടെ ആശുപത്രി, ശ്രീപാർവതിയുടെ പാദത്തിലെത്തിയപ്പോൾ കഥ കവിതയോടൊപ്പമായ പോലെ.. തോന്നി. കഥയോടൊപ്പം ജീവിതവും മുന്നോട്ടു പോയി, ഒടുവിൽ എറണാകുളത്ത് റെയിൽവെയിൽ ഞാൻ നങ്കൂരമിട്ടു . അക്കാലത്തൊരിക്കൽ തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് വന്ന പാസഞ്ചറിൽ വെച്ചാണ് അദ്ദേഹത്തെ ,ആദ്യം കണ്ടുമുട്ടിയത്. കൂടെ ലളിതേച്ചിയുമുണ്ടായിരുന്നു .

1998 ലെ നാലപ്പാടൻ അവാർഡ് സ്വീകരിച്ച ശേഷം പുന്നയൂർക്കുളത്തു നിന്ന് മടങ്ങുന്ന വഴിയാണ്. ഏറ്റവും പ്രയപ്പെട്ടൊരെഴുത്തുകാരനെ നേരിട്ടു കണ്ട സന്തോഷത്തിൽ എറണാകുളം വരെയിരുന്നു മിണ്ടി. സൗത്ത് റെയിൽവെ സ്റ്റേഷനരികിൽ കളത്തിപ്പറമ്പ് റോഡിൽ ഒരു അപ്പാർട്ട്മെന്റിലായിരുന്നു അദ്ദേഹം അന്ന് താമസം . ഇടശ്ശേരിയുടെ ഒരു സമ്പൂർണ്ണ സമാഹാരത്തിന്റെ ജോലിയിലുമായിരുന്നു . പിന്നീട് യാത്രക്കിടയിൽ ഇടയ്ക്കൊക്കെ കാണാൻ തുടങ്ങി. കുറച്ചു വാക്കുകളിൽ കഥകളെ പറ്റിയും വായനയെ പറ്റിയും (കഥകളെക്കാളും നോവലുകളെക്കാളും ,സയൻസ് ഫിക്ഷനായിരുന്നു അദ്ദേഹത്തിന് വായിക്കാനിഷ്ടം എന്നു പറഞ്ഞതായോർക്കുന്നു . " ഷ്‌റോഡിംഗറുടെ പൂച്ച " യുടെ പ്രമേയത്തിന്റെ thread ഒക്കെ അങ്ങനെ വന്നതാണത്രേ ) എന്റെ ജോലിയെ പറ്റിയും സാഹചര്യങ്ങളെ പറ്റിയും കൗതുക പൂർവ്വം കാണുമ്പൊഴൊക്കെ തിരക്കുകയും ചെയ്യുമായിരുന്നു.

അങ്ങനെയിരിക്കെ, ആ വർഷത്തെ ,മനോരമ വാർഷിക പതിപ്പിൽ ആണ് എഞ്ചിൻ ഡ്രൈവറെ സ്നേഹിച്ച പെൺകുട്ടി വരുന്നത്. അതിലെ കഥാതന്തുവുമായി എന്റെ ജീവിതത്തിനുള്ള സാമ്യം മൂലം അന്നേ നെഞ്ചോടു ചേർത്തു, ആ കഥ. ഞങ്ങളുടെ പരിചയം ഈ കഥയ്ക്കൊരു പ്രേരണയായോ എന്ന് കാണുമ്പോൾ ചോദിക്കണമെന്നു കരുതി . പക്ഷേ പിന്നീട് കുറേ നാളുകളിലേക്ക് ഹരിയേട്ടനെ കാണുകയേ ഉണ്ടായില്ല. പിന്നീട് എത്രയോ കാലം കഴിഞ്ഞാണ് അദ്ദേഹം അതിന് എനിക്കൊരു മറുപടി തന്നത്. ആ സമയത്ത് അദ്ദേഹം രോഗബാധിതനാവുകയും തൃശൂർക്ക് താമസം മാറുകയുമൊക്കെ ചെയ്തത് കുറേ കഴിഞ്ഞാണ് അറിയുന്നത് . ഈ കാലത്തിനിടയിൽ എവിടെയെങ്കിലും ആ പേരു കണ്ടാൽ ആർത്തിയോടെ തപ്പിപ്പിടിച്ചു വായിച്ചു .

ലോബികൾക്കും ക്ലിക്കുകൾക്കും ഒക്കെ അപ്പുറം സ്വന്തം പാത മാത്രം നോക്കി നടക്കുന്ന ഒരാൾക്കു നേരിട്ട അവഗണനയെ അദ്ദേഹം കാര്യമാക്കിയതേയില്ലെന്നു തോന്നി. പക്ഷേ അദ്ദേഹത്തിന്റെ കഥകളെ നെഞ്ചോടു ചേർക്കുന്ന ഒട്ടനവധി നല്ല വായനക്കാർ അദ്ദേഹത്തിനുണ്ടെന്ന് മനസ്സിലാവുകയും ചെയ്തു. ഫെയ്സ്ബുക്കിലൂടെയാണ് വീണ്ടും കണ്ടുമുട്ടുന്നത്. കുറച്ചു കാലം അങ്ങനെ തുടർന്നു .അദ്ദേഹത്തിന് വളരെ അടുപ്പമുണ്ടായിരുന്ന ശ്രീ ദാമോദർ രാധാകൃഷ്ണനിൽ കൂടിയാണ് വീണ്ടും ബന്ധം ദൃഢമായത്. നമ്പർ മേടിച്ചു .

കാലം കുറേ കഴിഞ്ഞു, ഓർമ്മിക്കുന്നുണ്ടോ എന്നറിയില്ല... എന്നൊക്കെയുളള ശങ്കയോടെ വിളിച്ചപ്പോൾ ഘനഗംഭീരമായ ശബ്ദത്തിൽ ഞങ്ങൾ ആദ്യം കണ്ടുമുട്ടിയ കാര്യം ഇങ്ങോട്ടു പറഞ്ഞു. അദ്ദേഹത്തിന്റെ ഒരു കുറിപ്പിലെ അപ്പച്ചെടികളുടെ ഗന്ധത്തെ പറ്റി ഞാനോർത്തുപോയി. അതിങ്ങനെയായിരുന്നു. പ്രവാസിയായി നാട്ടിൽ നിന്ന് കുറേ നാൾ അകന്നുനിന്നപ്പോൾ അദ്ദേഹത്തിന്, ഉള്ളിൽ നിന്ന് നാടു ചോർന്നുപോകുന്നോ എന്ന് സംശയം അച്ഛനായ ഇടശ്ശേരി ക്കെഴുതിയ കത്തിൽ സൂചിപ്പിച്ചു , ഈ കാര്യം.മറുപടി വൈകിയില്ല "കഴിഞ്ഞയാഴ്ച നീയെഴുതിയ കത്തിൽ, അപ്പച്ചെടികളുടെ ഗന്ധത്തെ പറ്റി എഴുതിയിരുന്നത് ഞാൻ വായിച്ചു .നാടുവിട്ട് ഇത്രയായിട്ടും അപ്പച്ചെടികളുടെ ഗന്ധത്തെ പറ്റി ഓർക്കാൻ കഴിയുന്ന ഒരുവനിൽ നിന്ന് നാട് നഷ്ടപ്പെടുന്നത് എങ്ങനെയാണ്?" ( ഈ കാര്യം എന്റെ ഒരു കവിതയിൽ - ഓർമ്മകളുടെ തീവണ്ടി - ഞാൻ ഉപയോഗിച്ചതു പറയുകയും ചെയ്തു ).

രണ്ടുമൂന്നു പ്രാവശ്യം പ്ളാൻ ചെയ്ത് മുടങ്ങി , ഒരിക്കൽ ഞങ്ങൾ തൃശൂർ മുണ്ടുപാലം ജങ്ഷനിലെ അദ്ദേഹത്തിന്റെ ഫ്ളാറ്റിലെത്തി. അതിന്റെ അഞ്ചാം നിലയിൽ അല്പം ക്ഷീണിതനെങ്കിലും പഴയ രൂപത്തിന് വലിയ മാറ്റമില്ലാതെ... അദ്ദേഹം.

പണ്ടു ഞങ്ങൾ അടുത്തു കണ്ടു കൊണ്ടിരുന്ന കാലവും, കഥകളും, പൊന്നാനിയിലെ ബാല്യവും, ലളിതേച്ചിയുടെ സ്വാദിഷ്ഠമായ പ്രാതലും, എല്ലാം നിറഞ്ഞ കുറച്ചേറെ നേരം അവിടെ ചെലവഴിച്ചു. ആയിടെ പ്രകാശിതമായ എന്റെ കവിതകൾ സമർപ്പിച്ചു. എത്രയോ കാലത്തെ... എന്റെ ആഗ്രഹമായിരുന്ന, അദ്ദേഹത്തിന്റെ കൃതികൾ മുഴുവൻ നേരിട്ടു കൈപ്പറ്റി. ഇത്തിരി കുസൃതിയോടെ, എനിക്ക് ,"എഞ്ചിൻ ഡ്രൈവറെ സ്നേഹിച്ച പെൺകുട്ടിയും" ,ഭാര്യ അനിതയ്ക്ക് "അനിതയുടെ വീടും", കയ്യൊപ്പിട്ട് സമ്മാനമായി തന്നു.

സംഭാഷണത്തിനിടയിൽ പല വിഷയങ്ങളിലൊന്നായി ഈശ്വരവിശ്വാസവും കടന്നുവന്നു. എന്റെ ചോദ്യത്തിന്, അദ്ദേഹത്തിന് സയൻസിലാണ് വിശ്വാസം എന്ന് തീർത്തു പറഞ്ഞു. തിരിച്ച് എന്റെ കാര്യം ചോദിച്ചപ്പോൾ ഇത്തിരി കുഴങ്ങി ,സംശയിക്കുന്ന തോമാസ് ആയി ,ഇതൊന്നും തീർത്തു അനുകൂലിക്കാനോ പ്രതികൂലിക്കാനോ ഉള്ള അറിവെനിക്കില്ലെന്നു പറഞ്ഞപ്പോൾ ... "ഇനി അഥവാ ഉണ്ടെങ്കിലോ, അല്ലേ" എന്ന് പറഞ്ഞ് എന്നെ ഒന്നു കളിയാക്കുകയും ചെയ്തു. ലളിതേച്ചിയുമായുള്ള അദ്ദേഹത്തിന്റെ ഇടപെടൽ കണ്ടപ്പോൾ കാനഡയിൽ നിന്നൊരു രാജകുമാരിയിലെ കഥാനായകന്റെ ഭാര്യ ആരെന്ന് ,പിന്നെ അന്വേഷിക്കേണ്ടതില്ലെന്നും മനസിലായി.

അവർ രണ്ടു പേരോടൊപ്പമിരുന്ന് കുറേനേരം ചെലവഴിച്ച് ഇറങ്ങുമ്പോൾ ,മക്കളെ കൂട്ടി ഒരു ദിവസം വരാംന്ന് പറഞ്ഞതൊന്നും പാലിക്കാനായില്ല ,എന്ന സങ്കടം ബാക്കി നിൽക്കുന്നു. പക്ഷേ വല്ലപ്പോഴും ചില സന്ദേശങ്ങളായോ ഫോൺ കോളുകളായോ ആ സ്നേഹം തേടി വന്നുകൊണ്ടിരുന്നു, കഴിഞ്ഞ ഡിസംബർ വരെ ഇടയ്ക്കിടെ.

കുറച്ചു നാൾ മുന്നേ ഒരു ദിവസം രാവിലെ വിളിച്ചപ്പോൾ എടുത്തത് ലളിതേച്ചിയാണ്. രോഗം വീണ്ടും തലകാട്ടിയതും ചികിത്സ ഇനി വേണ്ട എന്നു പറഞ്ഞതും അപ്പോഴാണ് അറിഞ്ഞത്. രണ്ടു മൂന്നാഴ്ചക്കു മുമ്പ് ഒരു ദിവസം ദാമോദർ വിളിച്ചു പറഞ്ഞു പ്രിയ എഎസ് ഉം അദ്ദേഹവും കൂടി പോയിരുന്നു , സ്ഥിതി തീരെ മോശമെന്ന് . അന്നു വൈകുന്നേരം തന്നെ ഞാനവിടെയെത്തി. അദ്ദേഹം ഉറക്കത്തിലായിരുന്നു. ശല്യപ്പെടുത്താതെ തിരിച്ചു പോന്നു. ഇനിയും ഒരു കാണലുണ്ടാവില്ലെന്നറിഞ്ഞു കൊണ്ട്... വേദനയോടെ... പ്രാർത്ഥനയോടെ..

എന്തോ , ഒരബോധപൂർവ്വമായ പ്രേരണയിലെന്നോണം ഹരിയേട്ടന്റെ കുറേ കഥകൾ പങ്കുവെച്ച ശ്രീമതി ഗീതാ സൂര്യനോടും , ചന്ദ്രമതി ടീച്ചറോടും, ഈ വിവരം പറയുകയും ചെയ്തു.

ഹരിയേട്ടന്റെ Id യിൽ നിന്ന് ഇനിയൊരു സന്ദേശം വരില്ല. ഘന ഗംഭീരമായ ആ ശബ്ദം ഇനി കേൾക്കില്ല. ഇത്തിരി കൂടി മനസുവെച്ചിരുന്നെങ്കിൽ കുറച്ചു തവണ കൂടി ...നേരം കൂടി അദേഹത്തിനൊപ്പമിരിക്കാമായിരുന്നു എന്ന സങ്കടം ബാക്കി വെച്ച് അദ്ദേഹം പൊയ്ക്കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗദിവസം, അവിടേയ്ക്കൊന്നു പോകുവാൻ പോലും കഴിയാതെ (കൊറോണ ഭീതി മൂലം എല്ലാ മാർഗങ്ങളും അടഞ്ഞിരുന്നു ), ഒരു വാക്കുപോലും എഴുതാനാവാതെ, ആരോ , വാട്ട്സ് ആപ്പിൽ Fwd ചെയ്ത ശ്രീപാർവതിയുടെ പാദം (ലളിതേച്ചിയെ മനസിൽ കണ്ടെഴുതിയത് ,എന്നദ്ദേഹം പറഞ്ഞു വെന്നാണോർമ്മ ) ഒരിക്കൽ കൂടി വായിച്ചു . എന്നത്തെയുമെന്ന പോലെ അവസാന വാചകത്തോടൊപ്പം കണ്ണു നിറഞ്ഞു തുളുമ്പുന്നതറിഞ്ഞു. എണ്ണമറ്റ വായനക്കാരിൽ നിന്ന് നിറഞ്ഞു തുളുമ്പുന്ന ഈ കണ്ണു നീരാവും അദ്ദേഹത്തിനുള്ള അന്ത്യോദകമെന്ന് ഇപ്പോൾ അറിയുന്നു. ആ സ്നേഹസ്മരണയ്ക്കു മുന്നിൽ കൈ കൂപ്പട്ടെ. ലളിതേച്ചിക്കും അദ്ദേഹത്തിന്റെ മകനും കുടുംബാംഗങ്ങൾക്കും ആ വിയോഗം സഹിക്കാനുള്ള ശക്തി ഈശ്വരൻ കൊടുക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്....

NB :അദ്ദേഹത്തിൽ നിന്നു കിട്ടിയ അവസാന സന്ദേശം ഞാൻ വീണ്ടുമെടുത്തു നോക്കി. കഴിഞ്ഞ Feb 14 ന്‌, വാലൻറ്റൈൻ ദിനത്തിലായിരുന്നു .വാട്സ് ആപിൽ വന്ന ഒരു തമാശ ഞാൻ Fwd ചെയ്തതിന് മറുപടിയായി .. ( ദ്രൗപതിയ്ക്ക്, അഞ്ചു ഭർത്താക്കന്മാരുണ്ടായിട്ടും, ആപത്തു കാലത്ത് ഉപകരിച്ചത്.. സുഹൃത്തായ കൃഷ്ണനാണെന്നായിരുന്നു ,അത്)
"This is what I have been telling in many of my stories. "എന്റെ മിക്കവാറും കഥകളിൽ ഞാൻ പറഞ്ഞു കൊണ്ടിരുന്നത് ഇതായിരുന്നു എന്ന്. ഇനി എനിക്ക് സൂക്ഷിച്ചു വെക്കാൻ ബാക്കിയായത് അദ്ദേഹത്തോടൊപ്പമിരുന്നെടുത്ത ഈ ചിത്രം മാത്രം..... ആ ഓർമ്മയ്ക്കു മുന്നിൽ സ്നേഹാശ്രുക്കളോടെ

സുരേഷ് കുമാർ. ജി

ഫേസ് ബുക്ക് പോസ്റ്റ് - Friday, March 27, 2020