എന്‍റെ പ്രിയപ്പെട്ട കഥാകാരന് ആദരാഞ്ജലികള്

പ്രവീണ്‍ കുമാര്‍ രാജ

ദാദറിലെ ജയന്തി ജനറല്‍ സ്റ്റോഴ്സില്‍ നിന്ന് ആയിരുന്നു, കൂറകള്‍ എന്ന കഥാസമാഹാരം വാങ്ങിയത്. അന്നേ ചട്ട കീറിയിരുന്നു. പഴയ, ചട്ട കീറിയ, ചില പേജുകള്‍ നഷ്ടപ്പെട്ട പുസ്തകങ്ങള്‍ നിസ്സാര വിലക്ക് അവിടെ കിട്ടും. അന്ന് ഞാന്‍ ജോലിക്ക് കയറിയിട്ടേ ഉണ്ടായിരുന്നുള്ളൂ.

ഞായറാഴ്ചകളില്‍ അഷ്ടമൂര്‍ത്തിയും ഒത്ത് കറങ്ങും. ജഹാംഗീര്‍ ആര്‍ട്ട് ഗാലറിയിലും ടെറസ് ഗാലറിയിലെ ചേതന്‍റെ സ്ഥിരം പ്രദര്‍ശനവും കാണും. അങ്ങനെയാണ് ദാമോദരന്‍ കൂടി ഉള്‍പ്പെട്ട ആസ്ഥ ഗ്രൂപ്പിന്‍റെ പ്രദര്‍ശനം കാണുന്നത്. അതില്‍ വേറെയും മലയാളികള്‍ ഉണ്ടായിരുന്നു. ലക്ഷദ്വീപില്‍ നിന്ന് മുത്തുക്കോയ, തൃശ്ശൂരില്‍ നിന്ന് ദേവസ്സി. ദാമോദരന്‍ ശാന്തശീലനായിരുന്നു. ഞങ്ങള്‍ പാവങ്ങള്‍ക്ക് പരിചയം നടിക്കാന്‍ മാത്രമുണ്ടായിരുന്നു അദ്ദേഹത്തിന്‍റെ വിനയവും അനൗപചാരികതയും. ദാമോദരനുമായി ഞങ്ങള്‍ കേറി ലൗവായി.

അനുധാവനം എന്ന ചെറുകഥ എഴുതി മലയാളത്തിലെ ആദ്യത്തെ ഇരട്ട കഥാകൃത്തുക്കള്‍ എന്ന രജതപ്രഭയിലായിരുന്നു അന്ന് ഞങ്ങള്‍. ചിത്രപ്രദര്‍ശനത്തെപ്പറ്റി ഞങ്ങള്‍ രണ്ട് പേരും കൂടി ഒരു കുറിപ്പെഴുതി ഗോവിന്ദനുണ്ണിക്ക് അയച്ചു കൊടുത്തു. അത് വെളിച്ചം കണ്ടില്ല. ഗോവിന്ദനുണ്ണി പ്രതീക്ഷിച്ചതും പിന്നീട് നിര്‍ദ്ദേശിച്ചതും നഗരങ്ങളിലെ പാര്‍പ്പിടക്ഷാമത്തിനെക്കുറിച്ച് ഒരു കണ്ണുനീര്‍ ഫീച്ചര്‍ ആയിരുന്നു. അത് തീര്‍ത്ത് തടി തപ്പിയപ്പോഴായിരുന്നു, അഷ്ടമൂര്‍ത്തി പറഞ്ഞറിഞ്ഞത് ടാജ് ആര്‍ട്ട് ഗാലറിയില്‍ ദാമോദരന്‍റെ പ്രദര്‍ശനം നടക്കാന്‍ പോകുന്നു എന്ന്.

പണ്ട് പണ്ട് - ഒരു ഒഴുക്കില്‍ പറഞ്ഞതാണ്. ദിനോസറുകള്‍ മേഞ്ഞുനടന്നിരുന്ന കാലത്തിനിപ്പുറമാണ് ഏതായാലും - അകാലത്തില്‍ പൊലിഞ്ഞുപോയ പത്മിനിയുടെ ചിത്രങ്ങളെക്കുറിച്ച് മാതൃഭൂമിയില്‍ വായിച്ചിരുന്നു. പത്മിനിയുടെ ഭര്‍ത്താവാണ് ദാമോദരന്‍.

പ്രദര്‍ശനത്തിന്‍റെ ദിവസങ്ങളില്‍ ഞങ്ങള്‍ ദാമോദരന് ഒപ്പം ആയിരുന്നു. അഷ്ടന്‍ ഫുള്‍ ടൈമും ഞാന്‍ ഇടക്കിടക്കും. ഹരികുമാര്‍ ദാമോദരന്‍റെ സുഹൃത്താണ്. അന്ന് ബോംബെയില്‍ തന്നെ ആണ് പ്രദര്‍ശനം കാണാന്‍ വരും എന്ന് ഗാലറി വിടുന്നത് വരെ ദാമോദരന്‍ പ്രതീക്ഷിച്ചിരുന്നു.

ഗാലറിയില്‍നിന്ന് പ്രധാന വാതിലിലൂടെ ഇറങ്ങിയാല്‍ ഗേറ്റ് വേ ഓഫ് ഇന്ത്യയാണ്. മഴ ചാറി. ദാമോദരന്‍ ദീപപ്രഭയില്‍ ആകാശത്തേക്ക് നോക്കുന്നത് ഒരു ചിത്രം പോലെ മനസ്സില്‍ കയറി.

അത് ചിത്രപ്രദര്‍ശനം എന്ന ഞങ്ങളുടെ കഥയില്‍ ഉണ്ട്.

ആ കഥയില്‍ ഹരികുമാറിനെ കാത്തിരിക്കുന്ന ദാമോദരനാണ് കഥാപാത്രം. അത് തുടക്കത്തില്‍ മാത്രം. ആദ്യത്തെ ഡ്രാഫ്റ്റില്‍ വരാതിരിക്കുന്ന കഥാപാത്രം ഒരു നിഴലായിരുന്നു. ആ കടലാസ്കെട്ട് മാറ്റി എഴുതാനായി എന്നെ ഏല്‍പ്പിക്കുമ്പോള്‍ അഷ്ടന്‍ വിലപിച്ചു. ഇവര് നമ്മളെ കൊഴക്കും ന്നാ തോന്നണ്...

ഹരികുമാര്‍ അവസരത്തിനോത്ത് ഉയര്‍ന്നു. രൂപവും ഭാവവും മാറി. കുല്‍ഭൂഷണ്‍ എന്ന, വ്യവസ്ഥിതിയോട് കലഹിക്കുന്ന, ഒരു കലാവിമര്‍ശകനായി അയാള്‍ ഞങ്ങളുടെ കഥയില്‍ പകര്‍ന്നാടി.

ആര്‍ യു ഇന്‍ പ്ലസ് ഓര്‍ മൈനസ് എന്ന് അവസാനദിവസത്തെ പ്രദര്‍ശനം കാണാനെത്തുന്ന, വീതിയില്‍ കൃതാവ് വെച്ച, വര്‍ത്തമാനപ്പത്രങ്ങളിലെ വിജയിച്ച ഒരു കലാവിമര്‍ശകനായ സുഹൃത്ത് ആരായുന്നുണ്ട്. താന്‍ പ്ലസിലാണെന്ന് പറയുമ്പോള്‍ ചിത്രകാരന്‍റെ തൊണ്ടയില്‍ എന്തോ തടയുന്നു. കുല്‍ഭൂഷണ്‍ തന്‍റെ നാള്‍വഴി പുസ്തകത്തിലെ ഒരു അക്കമായിരുന്നില്ലല്ലോ എന്ന് ചിത്രകാരന്‍ ആശ്വസിക്കുന്നുണ്ട്.

ആസ്ഥയിലെ ചിത്രപ്രദര്‍ശനത്തിന്‍റെ മാതൃഭൂമിക്കടം ഞങ്ങള്‍ ദാമോദരന്‍റെ വേറെ ചിത്രപ്രദര്‍ശനത്തിലൂടെ അങ്ങനെ നിറവേറ്റി.

റിട്ടയര്‍ ചെയ്ത് നാട്ടില്‍ വന്നപ്പോഴാണ് അറിഞ്ഞത് ഹരികുമാര്‍ തൃശ്ശൂരിലുണ്ടന്ന്. അഷ്ടമൂര്‍ത്തിയോടൊപ്പം കാണാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം രോഗാതുരനായിരുന്നു. ജീവിതവ്യവഹാരങ്ങളില്‍ പരാജിതരായ നിരവധി കഥാപാത്രങ്ങളെ അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ അവരില്‍ ഒരാളായി അദ്ദേഹത്തെ കാണാന്‍ ഞാന്‍ തയ്യാറില്ലായിരുന്നു.

മടങ്ങുമ്പോള്‍ അദ്ദേഹം തന്‍റെ രചനകള്‍ അടങ്ങിയ ഒരു CD തന്നു.

ഇന്ന് ഡോ. ഗുറാമിയുടെ ആശുപത്രി എന്ന കഥ സുഹൃത്ത് നന്ദിനി അവരുടെ കുറിപ്പിലൂടെ ഇന്ന് ഓര്‍മ്മിപ്പിച്ചു. CD തപ്പിയെടുത്ത് ഞാന്‍ ആ കഥ വീണ്ടും വായിച്ചു. ഹരികുമാറിന്‍റെ പല കഥകളേയും പോലെ ഈ കഥയും വായിച്ച് ഇന്ന് ഞാന്‍ നാണമില്ലാതെ കരഞ്ഞു.

എന്‍റെ പ്രിയപ്പെട്ട കഥാകാരന് ആദരാഞ്ജലികള്

ഫേസ് ബുക്ക് പോസ്റ്റ് - Tuesday, March 24, 2020