ഓളങ്ങളുതിരുന്ന പൂക്കളുടെ പരവതാനി

എൻ രാജൻ

E Harikumar

ശ്രീപാർവതിയുടെ പാദം എന്ന കഥയാണ്‌ എന്നെ ഇ ഹരികുമാറിലേക്കടുപ്പിക്കുന്നത്‌. 80കളുടെ അവസാനമാണ്‌. കഥ വന്നത്‌ കലാകൗമുദി ഓണപ്പതിപ്പിൽ. അക്കാലത്ത്‌ മലയാളത്തിലെ ഒട്ടുമിക്ക പ്രസിദ്ധീകരണങ്ങൾക്കും ഓണപ്പതിപ്പിൽ ഹരികുമാർ വേണം. ആ കഥകൾക്ക്‌ വായനക്കാർ കാത്തിരിക്കുന്നുണ്ട്‌.

തുമ്പപൂക്കളുടെ ചാരുതയാർന്ന ‘ശ്രീപാർവതിയുടെ പാദം’ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ജൈവബന്ധത്തെ അത്യുക്തിയില്ലാതെ പറയുന്നതാണ്‌. പൂ മണങ്ങളുടെ, പച്ചില വാസനയുടെ, മനുഷ്യ-മൃഗ ഗന്ധങ്ങളുടെ വിപുലമായൊരു ലോകമാണത്‌. ലാഭനഷ്ടങ്ങളുടെ കണക്ക്‌ സൂക്ഷിക്കാത്ത കുറച്ചു മനുഷ്യരും. ആ കഥ മനസിനെ പ്രസാദാത്മകമാക്കി.

ആയിടെയാണ്‌ ഇ ഹരികുമാറിന്‌ സാഹിത്യ അക്കാദമി പുരസ്‌കാരം. 88 ൽ ‘ദിനോസറിന്റെ കുട്ടി’ക്ക്‌. അന്നവർ, ഹരിയേട്ടനും ഭാര്യ ലളിതേച്ചയും മകനും എറണാകുളം‌ രവിപുരത്താണ്‌ താമസം. അന്തരിച്ച കെ ജി രഘുരാമന്റെ പത്രാധിപത്യത്തിൽ തൃശൂരിൽ നിന്നിറങ്ങിയിരുന്ന ‘സരോവരം’ മാസികയ്‌ക്കായി ഹരികുമാറുമായി അഭിമുഖത്തിന്‌ അഷ്ടമൂർത്തിയേയും കൂട്ടി. അന്നൊക്കെ ഏതിനും അഷ്ടമൂർത്തിയുണ്ട്‌ ഒപ്പം. ഞങ്ങളിൽ ഒരാളെ കണ്ടാൽ മറ്റേയാളുടെ വിശേഷം പരിചയക്കാർ ചോദിച്ചിരുന്ന കാലം.

രവിപുരത്തെ ആ ചെറിയ വാടക വീട്ടിൽ ഉച്ച കഴിയോളം ഞങ്ങൾ സംസാരിച്ചിരുന്നു. സാഹിത്യം കുറച്ചേ പറഞ്ഞുള്ളൂ. അതിലേറെ ജീവിതം പറഞ്ഞു. അറിഞ്ഞു. അതോടെ എത്രയോ കാലം മുമ്പേ പരിചയമുള്ള കൂട്ടുകാരായി. ജീവിതത്തിലും എഴുത്തിലും കോലാഹലമില്ലാതെ, ഒറ്റക്കു നടന്നയാളാണ്‌ ഹരികുമാർ. അതിന്റെ നേട്ടവും കുറവും ഹരികുമാറിനുണ്ട്‌.

1990 ൽ തൃശൂരിൽ എന്റെ ആദ്യപുസ്‌തകം എംടി, ഹരികുമാറിന്‌ നൽകിയാണ്‌ പ്രകാശനം ചെയ്യുന്നത്‌. ഹരികുമാറിന്റെ തൃശൂരിലെ ആദ്യ പൊതുചടങ്ങ്‌ അതായിരിക്കണം.

യാഥാർഥ്യങ്ങളോട്‌ അനുതാപപൂർവം പ്രതികരിച്ചവരാണ്‌ ഹരികുമാർ കഥാപാത്രങ്ങൾ. സ്‌ത്രീ-പുരുഷ ബന്ധങ്ങളുടെ വർണരാജിയാണ്‌ കഥയുടെ അടിസ്ഥാനശ്രുതി. ഭാര്യ, കാമുകി, സഹപ്രവർത്തക, അയൽക്കാരി, സഹയാത്രിക എന്നിങ്ങനെ സ്‌ത്രീ ചൈതന്യം കഥയുടെ വെളിവും വാഴ്‌വും. പുരുഷൻ തളർന്നുപോവുന്നിടത്ത്‌ ജയിച്ചുകേറുന്ന സ്‌ത്രീകൾ. മാതൃഭാവത്തേക്കാൾ സ്‌ത്രീത്വം ശക്തമാവുന്നത്‌ കൂട്ടുകാരിയിൽ, അവരുടെ പരിലാളനയിലും ആശ്വാസത്തിലും.

കഥാപരിസരം അടഞ്ഞ വാതിലുകൾക്കുള്ളിലെ ഇടുങ്ങിയ ലോകമാണ്‌. മിക്കവാറും ഫ്ലാറ്റുജീവിത പരിഛേദം. പുറംലോക സമ്പർക്കം പീപ്‌ഹോളിലൂടെ കാണുന്ന കാഴ്‌ച. വ്യസനവും ആഘാതങ്ങളും ഒതുക്കിപ്പിടിക്കുന്ന സ്‌ത്രീകഥാപാത്രങ്ങളേറെ . അറിഞ്ഞുകൊണ്ട്‌ തോറ്റുകൊടുക്കുന്നവർ. പുറത്തേക്കു കരയുന്നത്‌ കുറച്ച്‌ . സാധാരണതകളിലെ അസാധാരണത്വമാണ്‌ ഹരികുമാർ കഥകളിലെ കാന്തികസ്‌പർശം. വായിച്ചുതീർന്നാലും കഥയുടെ ഭ്രമണവേഗങ്ങളിൽ കെട്ടിയിടുന്ന രസവിദ്യ.

കുട്ടികളുടെ ലോകത്തുനിന്ന്‌ മുതിർന്നവരുടെ കഥപറയാനുള്ള വശ്യത ആവർത്തിച്ചുപയോഗിച്ച രചനാരീതിയാണ്. ആദ്യകഥയായ ‘കുങ്കുമം വിതറിയ വഴികളി’ൽതുടങ്ങി മികച്ച കഥയായ ഡോക്ടർ ഗുറാമിയുടെ ആശുപത്രി, ദിനോസറിന്റെ കുട്ടി, ഒരുകങ്‌ഫു ഫൈറ്റർ, കാനഡയിൽനിന്നുള്ള രാജകുമാരി, ശ്രീപാർവതിയുടെ പാദം തുടങ്ങി ഒട്ടെല്ലാ കഥകളുടെയും കേന്ദ്രസ്ഥാനത്ത്‌ കുട്ടികളാണ്‌.

കടം പെരുകി ജീവിതം വഴിമുട്ടുന്ന ഇടത്തരക്കാരുടെയും എല്ലാം പൊയ്‌പ്പോയ പാവങ്ങളുടെയും ധർമസങ്കടം ആവിഷ്‌കരിക്കുമ്പോഴാണ്‌ കൈയൊതുക്കവും ശിൽപഭദ്രതയും സന്ധ്യാകാശ മഴവില്ലുപോലെ വിഷാദമധുരമാവുക. ഒരുവരിപോലും കൂടുതൽ കുറിക്കാതെ ദൈന്യം ആവാഹിക്കാനുള്ള വൈഭവം. ആദ്യകാല കഥകളായ ‘ദിനോസറിന്റെ കുട്ടി’യിലും ‘ഒരു കങ്‌ഫു ഫൈറ്ററിലും’ പോലെ ‘ഉന്നൈ കാണാതെ കണ്ണും’ എന്ന സമീപകാല കഥയിലും ഉച്ചസ്ഥായിയിലാണത്‌.

ഇതേ താരള്യം സ്‌നേഹത്തെക്കുറിച്ചു പറയുമ്പോഴും. കണക്കുപറയാത്ത, ഉപാധികളില്ലാത്ത, സ്‌നേഹത്തിന്റെ തെളിമ ഹിമകണങ്ങളിലെ അരുണകാന്തിയാവും. ഊഷരതക്കിടയിൽ സൂക്ഷിച്ചുവെക്കാനൊരു മയിൽപ്പീലി ഹരികുമാർ കഥകളിൽ വീണുകിട്ടാതിരിക്കില്ല. ജീവിതത്തോടുള്ള പ്രതീക്ഷാനിർഭരമായ കാത്തിരിപ്പാണത്.

55 വർഷത്തിലേറെയുള്ള എഴുത്തുജീവിതത്തിൽ 1525 പുറങ്ങളിൽ 4 വാല്യങ്ങളിൽ 166 കഥകളാണ്‌ ഹരികുമാറിന്റേതായി. ആ കണക്കിൽ ഒരാണ്ടിൽ ശരാശരി 3 കഥ . 9 ചെറുനോവലും 5 തിരക്കഥയും ഒരു നാടകവും വേറെ. ഹരികുമാർ ഇത്രമാത്രമേ പറയുന്നുള്ളു: ‘എന്തെഴുതാനാണ്‌ ശ്രമിച്ചത്‌, എന്താണ്‌ എഴുതപ്പെട്ടത്‌, ഇവ തമ്മിൽ വ്യത്യാസമുണ്ടാവും. മനസിലുണ്ടായിരുന്ന കഥയേ ആവണമെന്നില്ല എഴുതിക്കഴിയുമ്പോൾ. കാരണം കഥാപാത്രങ്ങൾ ജീവനുള്ളവയാണ്‌. അവർക്ക്‌ അവരുടേതായ ഒരു ജീവിതമുണ്ട്‌. ഒരിക്കൽ എഴുതപ്പെട്ടാൽ അതിനു മാറ്റവുമില്ല’.

ഏറെ കാലം കഴിഞ്ഞ്‌ ജീവിതം നീട്ടികിട്ടുകയാണെന്ന്‌ പറഞ്ഞുകൊണ്ടിരുന്ന നാളുകളിലൊരിക്കൽ കണ്ടപ്പോൾ ഹരികുമാർ പറഞ്ഞു:
എനിക്കൊരാഗ്രഹം. എന്റെ കഥകളെപ്പറ്റി ഇനി വലിയ നിരൂപകരൊന്നും എഴുതാൻ പോവുന്നില്ല. രാജന്‌ കഴിയുമെങ്കിൽ ചെയ്യണം.
മലയാളം വാരികയിൽ ചെറുതല്ലാത്ത ആ പഠനം എനിക്കായ മട്ടിൽ ഞാനെഴുതി.
ഓളങ്ങളുതിരുന്ന പൂക്കളുടെ പരവതാനി. ഏതാണ്ട്‌ ഹരികുമാറിന്റെ എല്ലാ കഥകൾക്കും ആ ജീവിതത്തിനും ചേർന്ന തലവാചകം.

മരണം മുട്ടിവിളിച്ച്‌ കാത്തുകിടന്ന വേളയിലും അദ്ദേഹത്തിനടുത്ത്‌ നിന്നപ്പോൾ ഞാനോർത്തത്‌ ഇതൊക്കെ.

* എന്റെ ആദ്യ സമാഹാരം എംടി , ഹരികുമാറിനു നൽകി പ്രകാശിപ്പിച്ച മുഹൂർത്തമാണ് ചിത്രത്തിൽ . രാവുണ്ണിയുമുണ്ട് .

ഫേസ് ബുക്ക് പോസ്റ്റ് - Tuesday, March 24, 2020