അനുശോചനക്കുറിപ്പുകള്‍

മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം
കഥാകൃത്ത് ഇ ഹരികുമാറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മലയാള കഥാ സാഹിത്യരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനായിരുന്നു ഹരികുമാർ എന്ന് അനുശോചനസന്ദേശത്തിൽ പറഞ്ഞു.

സാംസ്‌കാരികമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം
കഥാകൃത്ത്‌ ഇ ഹരികുമാറിന്റെ നിര്യാണത്തിൽ സാംസ്‌കാരികമന്ത്രി എ കെ ബാലൻ അനുശോചിച്ചു. മലയാള കഥാസാഹിത്യത്തിൽ വ്യത്യസ്തമായ ശൈലി കൊണ്ടുവന്ന എഴുത്തുകാരനാണ് ഇ ഹരികുമാർ. മലയാളത്തിലെ എണ്ണപ്പെട്ട കഥാകാരനെങ്കിലും അർഹിക്കുന്ന പരിഗണന അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടോ എന്ന് സംശയം. അദ്ദേഹത്തിന്റെ രചനകൾ മലയാളഭാഷയ്‌ക്ക് എക്കാലവും വിലപ്പെട്ടതായിരിക്കുമെന്നും മന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു.

സാഹിത്യ അക്കാദമി അനുശോചിച്ചു

തൃശൂർ
കഥാകൃത്ത് ഇ ഹരികുമാറിന്റെ നിര്യാണത്തിൽ കേരള സാഹിത്യ അക്കാദമി അനുശോചിച്ചു. ആധുനികതയോട് പോരാടി മലയാള ചെറുകഥാസാഹിത്യത്തിൽ സ്വന്തംപാത വെട്ടിത്തെളിച്ച എഴുത്തുകാരനായിരുന്നു ഹരികുമാറെന്ന് അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനൻ അനുസ്മരിച്ചു. ടി പത്മനാഭന്റെ സ്ത്രീകഥാപാത്രങ്ങളോളം ഉയർന്ന സ്ത്രീകഥാപാത്രങ്ങളെയാണ് അദ്ദേഹം തന്റെ കഥകളിലൂടെ ആവിഷ്കരിച്ചത്. എന്തുകൊണ്ടോ വേണ്ടവിധം ഹരികുമാർ എഴുത്തുകാരൻ എന്ന നിലയിൽ പരിഗണിക്കപ്പെട്ടില്ലെന്നും കെ പി മോഹനൻ അനുശോചനസന്ദേശത്തിൽ പറഞ്ഞു.

പുരോഗമന കലാസാഹിത്യ സംഘം അനുശോചിച്ചു

തൃശൂർ
ജീവിതത്തിന്റേയും പ്രണയത്തിന്റേയും നവീനവഴികളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടു പോയ മൗലിക പ്രതിഭയാണ് ഇ ഹരികുമാർ എന്ന്‌ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അനുശോചനക്കുറിപ്പിൽ പറഞ്ഞു.സരള ഭാഷയിൽ സാധാരണ ജീവിതങ്ങളും അതിൽ നിന്ന് കടഞ്ഞെടുത്ത മൗലിക ദർശനങ്ങളും അദ്ദേഹം ആവിഷ്‌കരിച്ചു. കഥാസാഹിത്യത്തെ ഇന്റർനെറ്റിൽ എത്തിച്ച് അനശ്വരമാക്കാനാണ് അവസാനഘട്ടങ്ങളിൽ അദ്ദേഹം പരിശ്രമിച്ചത്. ഹരികുമാറിന്റെ നിര്യാണം മലയാള സാഹിത്യത്തിന് വലിയ നഷ്ടമാണെന്നും സംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ പ്രസ്താവനയിൽ പറഞ്ഞു.

പുരോഗമന കലാസാഹിത്യ സംഘം അനുശോചിച്ചു

തിരുവനന്തപുരം
ജീവിതത്തിന്റെയും പ്രണയത്തിന്റെയും നവീന വഴികളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടു പോയ മൗലിക പ്രതിഭയാണ് ഇ ഹരികുമാര്‍. അന്നത്തെ ആധുനികരില്‍ നിന്ന് മാറിനിന്ന് ജീവിതഗന്ധിയായ ഭാഷയില്‍ തികച്ചും വ്യത്യസ്തമായ കഥകളെഴുതാന്‍ അദ്ദേഹം ധൈര്യം കാണിച്ചു. വായനക്കാരനെ പിന്തുടരാന്‍ പ്രേരിപ്പിക്കുന്ന സരളമായ ഭാഷയില്‍ സാധാരണ ജീവിതങ്ങളും അതില്‍ നിന്ന് കടഞ്ഞെടുത്ത തികച്ചും മൗലീകമായ ദര്‍ശനങ്ങളും അദ്ദേഹം ആവിഷ്‌ക്കരിച്ചു.

മലയാള കഥാസാഹിത്യത്തെ ഇന്റര്‍നെറ്റ് മീഡിയയില്‍ എത്തിച്ച് അനശ്വരമാക്കാനാണ് അവസാനഘട്ടങ്ങളില്‍ അദ്ദേഹം പരിശ്രമിച്ചത്. വലിയ മട്ടിലുള്ള ഒരു സാമൂഹ്യോത്തരവാദിത്തമായിരുന്നു അതിലൂടെ നിര്‍വ്വഹിച്ചത്. രോഗശയ്യയില്‍ കിടക്കുമ്പോഴും ആ പ്രവര്‍ത്തനം തുടര്‍ന്നു.ഹരികുമാറിന്റെ നിര്യാണം മലയാള സാഹിത്യത്തിന് വലിയ നഷ്ടമാണ്.അദ്ദേഹത്തിന്റെ വേര്‍പാടില്‍ സംഘം അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് പുകസ അറിയിച്ചു.

മലയാള പത്രങ്ങള്‍- Wednesday, March 25, 2020