E Harikumar - Novelist, Story Writer in Malayalam

ഇ ഹരികുമാറിന്റെ കഥകള്‍

(ആമുഖം)

ഇ. ഹരികുമാറിന്റെ ആദ്യ കഥ 1962 ലാണ്‌ പ്രസിദ്ധീകരിച്ചത്‌. ആറ്‌ പതിറ്റാണ്ട്‌ നീണ്ട്‌ നിന്ന സര്‍ഗ്ഗാത്മകജീവിതത്തില്‍ 176 ചെറുകഥകള്‍ രചിക്കുകയും വ്യാപകമായ പ്രശംസ ഏറ്റുവാങ്ങുകയുമുണ്ടായി. അദ്ദേഹത്തിന്റെ രചനകള്‍ മാനുഷികമൂല്യങ്ങളുടെ പ്രഘോഷണമാണ്‌. വിദഗ്ധനായ ഒരു കഥാകാരന്‍ എന്ന നിലയ്ക്ക്‌ കഥകളുടെ ഗതിവിഗതികളിലും സമാപ്തിയിലും ഇടപെടാതെ, സ്വാഭാവികപരിണാമത്തിന്‌ അവയെ വിട്ടുകൊടുക്കുകയാണ്‌ അദ്ദേഹം ചെയ്യുക പതിവ്‌. മനുഷ്യനില്‍ അദ്ദേഹത്തിന്‌ പതറാത്ത വിശ്വാസമുണ്ടായിരുന്നു. ഹരികുമാറിന്റെ കഥകളില്‍ നിന്ന്‌ ഉദ്ഗമിക്കുന്ന ശുഭാപ്തി വിശ്വാസം ഉന്മേഷദായകമാണ്‌. തന്റെ കഥകള്‍ വായനക്കാരനെ ഒരു മെച്ചപ്പെട്ട മനുഷ്യനാക്കാന്‍ ഉപയുക്തമാകണം എന്നാണ്‌ അദ്ദേഹത്തിന്റെ പ്രഖ്യാപിതമായ പ്രമാണവാക്യം.

ഹരികുമാറിന്റെ ജീവിതകാലം (1943-2020) സാമൂഹ്യവും, വൈജ്ഞാനികവും, രാഷ്ട്രീയവുമായ നിരവധി വിപ്ളവങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. ഇവ സാമൂഹ്യമായ മൂല്യബോധത്തിലും മനുഷ്യബന്ധങ്ങളിലും ഉണ്ടാക്കിയ മാറ്റങ്ങളെ അദ്ദേഹം കഥകളില്‍ ഒപ്പിയെടുത്തിട്ടുണ്ട്‌. മനുഷ്യമനസ്സിന്റേയും ബന്ധങ്ങളുടേയും സന്ദര്യാത്മകവും അതിലോലമായ തലത്തില്‍ സംവേദനക്ഷമവുമായ ചിത്രീകരണം കൊണ്ട്‌ ഹരികുമാറിന്റെ കഥകള്‍ വേറിട്ട്‌ നില്‍ക്കുന്നു. കഥാപാത്രങ്ങളുടെ വിചാരധാരകളെ മറനീക്കി വെളിവാക്കുന്നതിലൂടെ വായനക്കാരനെ കഥാപാത്രങ്ങളോട്‌ സഹാനുഭൂതിയുള്ളവരാക്കി മാറ്റുന്നു.

ഇ. ഹരികുമാറിന്റെ ആദ്യകാലകഥകളെല്ലാം തന്നെ, ഇടത്തരക്കാരന്റെ വൈയക്തികമായ വേവലാതികളുടേയും അനുഭൂതികളുടേയും ലോകത്തു നിന്നുകൊണ്ട്‌ രചിച്ചവയാണ്‌. എന്നാല്‍ അദ്ദേഹത്തിന്റെ പില്‍ക്കാലരചനകളിലെ പ്രമേയം ദാരിദ്യവും ചൂഷണവും കൊണ്ട്‌ ദൂരിതമാക്കപ്പെട്ട മനുഷ്യാവസ്ഥയോട്‌ പ്രതികരിക്കുന്നതിലൂടെ കുറേക്കൂടി സാമൂഹ്യപ്രസക്തിയുള്ളവയായി മാറി. താന്‍ വിഷമിച്ച്‌ കടന്നുപോന്ന യാതനാപൂര്‍ണ്ണവും നിരാശാഭരിതവുമായ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ്‌ ഹരികുമാറിന്റെ കഥകള്‍. അത്തരം അനുഭവങ്ങളില്‍ നിന്ന്‌ ലഭിച്ച ഉള്‍ക്കാഴ്ചകള്‍ അദ്ദേഹത്തിന്റെ രചനക്ക്‌ കൂടുതല്‍ കരുത്ത്‌ നല്‍കി.

തന്റെ പ്രതിഭാധനനായ അച്ഛന്‍ മഹാകവി ഇടശ്ശേരി വരാനിരിക്കുന്ന പാരിസ്ഥിതികനാശത്തെപ്പറ്റി താക്കീത്‌ നല്‍കിയപ്പോള്‍ ഹരികുമാര്‍ സാങ്കേതികവിദ്യകളുടെ കടിഞ്ഞാണില്ലാത്ത പ്രയോഗം തൊഴിലാളികളിലും നിഷ്ക്കളങ്കരായ കുട്ടികളിലും ഏല്‍പ്പിക്കുന്ന ആഘാതത്തെപ്പറ്റി വേവലാതി പ്രകടിപ്പിച്ചു.

സ്വന്തം ഗൃഹാതുരത്വത്തെയും, ശൈശവത്തിന്റെ നിഷ്ക്കളങ്കതയെയും, സ്ത്രീജീവിതത്തിന്റെ പെടാപ്പാടുകളേയും, സ്ത്രീപുരുഷ ബന്ധങ്ങളേയും ചിത്രീകരിക്കുമ്പോള്‍ ഹരികുമാറിന്റെ കഥകള്‍ അസാമാന്യമായ സംവേദനക്ഷമത കൈവരിക്കുന്നു. സ്നേഹത്തെക്കുറിച്ച്‌ അദ്ദേഹത്തിനുള്ള ധീരവും സത്യസന്ധവുമായ കാഴ്ചപ്പാട്‌ ഫലപ്രദമായി ആവിഷ്ക്കരിക്കുന്നു അദ്ദേഹത്തിന്റെ മിക്ക കഥാപാത്രങ്ങളും. ഈ സവിശേഷതകളെല്ലാം തന്നെ വായനക്കാരെ അദ്ദേഹത്തിന്റെ കഥകളിലേക്ക്‌ ആകര്‍ഷിക്കുന്നു.

എഴുപതുകളുടെ ക്ഷണഭംഗുരമായ പരീക്ഷണങ്ങളിലൊന്നും സ്വയം ഉലയാന്‍ വിടാതെ സ്വന്തം ബോദ്ധ്യങ്ങളില്‍ ഉറച്ചു നിന്നുകൊണ്ട്‌ തന്റേതായ പാത സ്വീകരിച്ച ആള്‍ എന്നായിരിക്കും മലയാള സാഹിത്യചരിത്രത്തില്‍ ഹരികുമാറിനെ അടയാളപ്പെടുത്തുക.

അനന്യമായ ശൈലിയുടെ ഉടമയായ എഴുത്തുകാരന്‍ എന്ന നിലക്ക്‌ ഹരികുമാര്‍ തന്റെ അനുവാചകരുമായി നിരന്തരം ഹൃദയസംവാദം നടത്തിയിരുന്നു. മോടികളില്ലാത്ത, ഏകാകിയായ ഈ കഥപറച്ചിലുകാരന്റെ പുതിയ കഥകള്‍ക്കായി കാത്തിരിക്കുന്ന കൂറുള്ള വലിയൊരു വിഭാഗം വായനക്കാര്‍ ഹരികുമാറിന്‌ എന്നുമുണ്ടായിരുന്നു.

E Harikumar - Novelist, Story Writer in Malayalam

ഇ ഹരികുമാര്‍

(13 ജൂലായ് 1943 – 24 മാര്‍ച്ച് 2020)

ചെറുകഥാസമാഹാരങ്ങൾ:

 1. കൂറകൾ
 2. വൃഷഭത്തിന്റെ കണ്ണ്
 3. കുങ്കുമം വിതറിയ വഴികൾ
 4. ദിനോസറിന്റെ കുട്ടി
 5. കാനഡയിൽ നിന്നൊരു രാജകുമാരി
 6. ശ്രീപാർതിയുടെ പാദം
 7. സൂക്ഷിച്ചുവച്ച മയിൽപ്പീലി
 8. പച്ചപ്പയ്യിനെ പിടിക്കാൻ
 9. ദൂരെ ഒരു നഗരത്തിൽ
 10. കറുത്ത തമ്പ്രാട്ടി
 11. അനിതയുടെ വീട്
 12. ഇളവെയിലിന്റെ സാന്ത്വനം (തിരഞ്ഞെടുത്ത കഥകൾ 1966 -1996)
 13. നഗരവാസിയായ ഒരു കുട്ടി
 14. എന്റെ സ്ത്രീകൾ (തിരഞ്ഞെടുത്ത സ്ത്രീപക്ഷ കഥകൾ)
 15. വെള്ളിത്തിരയിലെന്നപോലെ


പുരസ്കാരങ്ങള്‍

 • 1988 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
  'ദിനോസറിന്റെ കുട്ടി' എന്ന കഥാസമാഹാരത്തിന്.
 • 1997 ലെ പത്മരാജൻ പുരസ്‌കാരം
  'പച്ചപ്പയ്യിനെ പിടിക്കാൻ' എന്ന കഥയ്ക്ക്.
 • 1998 ലെ നാലപ്പാടൻ പുരസ്‌കാരം
  'സൂക്ഷിച്ചുവച്ച മയിൽപ്പീലി' എന്ന കഥാസമാഹാരത്തിന്.
 • 2006 ലെ കഥാപീഠം പുരസ്‌കാരം
  'അനിതയുടെ വീട്' എന്ന കഥാസമാഹാരത്തിന്.
 • 2012 ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ്
  'ശ്രീപാർതിയുടെ പാദം' എന്ന കഥയ്ക്ക്.


വിവര്‍ത്തനങ്ങള്‍:

മലയാളത്തിന്‍ പുറത്തുള്ള വായനക്കാര്‍ ഇ ഹരികുമാര്‍ എന്ന എഴുത്തുകാരനെ അറിയുന്നത് വിവര്‍ത്തനങ്ങള്‍ വഴിയാണ്‌. ഇംഗ്ളീഷിലേയക്കു വിവര്‍ത്തനം ചെയ്യപ്പെട്ട പതിനഞ്ചു ചെറുകഥകള്‍ സമാഹരിച്ച് ‘ദിനോസറിന്റെ കുട്ടിയും മറ്റ് കഥകളും’ എന്നപേരില്‍ ഇ ബുക്കായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.‘അറിയാത്തലങ്ങളിലേയ്ക്ക്’(‘To Unknown Realms’) എന്ന നോവലും ‘എപ്പോഴും സ്തുതിയായിരിക്കട്ടെ’ (‘Soul in the Orphange’) എന്ന നോവലും ഹരികുമാർ തന്നെ വിവർത്തനം ചെയ്തിട്ടുണ്ട്.

ഹരികുമാറിന് മലയാളത്തിലെന്നപോലെ ആംഗലേയ ഭാഷയിലും സാഹിത്യത്തിലും അവഗാഹമുണ്ടായിരുന്നു, ‘കൂറകള്‍’ യഥാർത്ഥത്തിൽ 'Cockroaches' എന്നപേരില്‍ ഇംഗ്ലീഷിൽ എഴുതി 1965 ൽ ആക്‌സന്റിൽ പ്രസിദ്ധീകരിച്ചതിനുശേഷമാണ്‌ മലയാളത്തിലേയ്ക്ക് മൊഴിമാറ്റം ചെയ്യുകയുണ്ടായത്.

ഇ. ഹരികുമാറിന്റെ ചെറുകഥകൾ ആസാമീസ്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പരിഭാഷകരുടെ വിദഗ്ധ കരങ്ങള്‍ക്കായി കാത്തിരിക്കുന്നവ ഇനിയും നിരവധി.