വ്യര്‍ത്ഥമായൊരു രാത്രി

ഞങ്ങൾ ബോംബെയിൽ ജുഹുവിലാണ് താമസിച്ചിരുന്നത്. തൊള്ളായിരത്തി എഴുപത്തേഴ് എഴുപത്തെട്ടിൽ ഞാൻ ഒരു മെഷിൻ ടൂൾ ഏജൻസിയുടെ ബോംബെ ബ്രാഞ്ചിൽ സെയ്ൽസ് എഞ്ചിനീയറായി ജോലിയെടുത്തിരുന്ന കാലം. ഞങ്ങൾക്ക് അമേരിക്കയിൽനിന്നും പടിഞ്ഞാറൻ യൂറോപ്പിൽ നിന്നും ധാരാളം ഏജൻസിയുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് അവിടെനിന്ന് എഞ്ചിനീയർമാർ വരും. അവരെ എയർപോർട്ടിൽ പോയി സ്വീകരിച്ച് ബോംബെയിലും പൂനയിലും മറ്റുമുള്ള ഫാക്ടറിയിൽ സാങ്കേതിക ചർച്ചകൾക്കായി കൊണ്ടുപോകും. ഒന്നുകിൽ ഞാനോ അല്ലെങ്കിൽ ബ്രാഞ്ച് മാനേജരോ ആണ് അതു ചെയ്യുക. അവരെ എയർപോർട്ടിൽത്തന്നെയുള്ള സെന്റോർ ഹോട്ടലിലോ, ജുഹുവിലുള്ള ഹോളിഡേ ഇൻ, സൺ ഏന്റ് സാന്റ് മുതലായ ഏതെങ്കിലും ഹോട്ടലിലോ ആണ് താമസിപ്പിക്കുക.

ഒരിക്കൽ ഒരു സ്വിറ്റ്‌സർലാന്റുകാരന്റെ ഫ്‌ളൈറ്റ് വരുന്നത് രാത്രി ഒരു മണിക്കായിരുന്നു. അങ്ങിനെയുള്ള രാത്രികൾ എന്നെ സംബന്ധിച്ചേടത്തോളം ശിവരാത്രിയായിരിക്കും. ആ ദിവസങ്ങളിൽ ഞാൻ ഊണുകഴിച്ച് രാത്രി പത്തര മണിയോടെ എയർപോർട്ടിൽ പോകും. ബസ്സിലാണ് പോകുക, ഒന്നാമത്തെ കാരണം ധൃതിപിടിച്ച് പോയിട്ട് കാര്യമൊന്നുമില്ല. കൂടാതെ എയർപോർട്ടിലേയ്ക്കാണെന്നു പറഞ്ഞാൽ ടാക്‌സിക്കാർ ഇരട്ടി ചാർജ്ജ് ഈടാക്കുകയും ചെയ്യും. രാത്രി 10 മണി കഴിഞ്ഞാൽ ചാർജ്ജ് പിന്നേയും കൂടും. അതുപോലെത്തന്നെയാണ് എയർപോർട്ടിൽനിന്ന് ഫൈവ്സ്റ്റാർ ഹോട്ടലിലേയ്ക്കും. ജുഹുവിൽ കുറെയധികം മുന്തിയ ഹോട്ടലുകളുള്ളതു കൊണ്ട് ജുഹു എന്നു പറഞ്ഞാൽ അവർ എപ്പോഴും ഫൈവ് സ്റ്റാർ നിരക്കിൽ കൂലി ഈടാക്കും. രണ്ടാമത്തെ കാരണം എനിക്ക് ബസ്സിൽ പോയാലും ടാക്‌സിയുടെ ചാർജ്ജ് കമ്പനിയിൽ നിന്ന് വാങ്ങാം. എന്റെ അന്നത്തെ സ്ഥിതിയിൽ ആ പണം എനിക്ക് ആവശ്യമായിരുന്നു. ഒരു രാത്രിയുടെ ഉറക്കവുമായി തട്ടിക്കിഴിച്ചു നോക്കുമ്പോൾ അത് തുച്ഛമാണെങ്കിലും അതു ലാഭിക്കാൻ ഞാൻ ശ്രമിച്ചിരുന്നു.

ഒരു മണിയ്ക്ക് വരേണ്ട ഫ്‌ളൈറ്റ് വന്നത് രണ്ടു മണിയ്ക്കാണ്. അതുവരെ എയർപോർട്ടിനുള്ളിൽ ഇരുന്നും നടന്നും കഴിച്ചുകൂട്ടി. ഇന്നത്തെപ്പോലെ അന്ന് എയർപോർട്ടിനുള്ളിൽ കർശനമായ നിയന്ത്രണങ്ങളുണ്ടായിരുന്നില്ല. ഫ്‌ളൈറ്റ് വന്ന് പത്തു മിനിറ്റിനുള്ളിൽ നീഡറർ പുറത്തുവന്നു. പരിചയമുള്ള ആളായതുകൊണ്ട് പേരെഴുതിയ കാർഡ് ഉയർത്തിപ്പിടിക്കുകയൊന്നും വേണ്ടിവന്നില്ല. ഞങ്ങൾ സെന്റോറിന്റെ പിക്കപ്പിനു വേണ്ടി കാത്തുനിന്നു. ശരിക്കു പറഞ്ഞാൽ നടക്കാനുള്ള ദൂരമേയുള്ളൂ, പക്ഷേ അയാളുടെ സൂട്ട്‌കേസ് ഭാരമുള്ളതുകൊണ്ട് നടക്കാൻ പറ്റില്ല. ഹോട്ടലിൽ ചെക്കിൻ ചെയ്ത ശേഷം ഞാനയാളോട് വിട പറഞ്ഞു.

'വരുന്നോ, ഒരു ഡ്രിങ്ക്‌സ് കഴിക്കാം.' അയാൾ ക്ഷണിച്ചു.

'വേണ്ട, നന്ദി.' ഞാൻ പറഞ്ഞു.

'ഹൗസ് യുവർ ഫാമിലി?'

ഞാൻ വാങ്ങിക്കൊടുക്കുന്ന ലഞ്ചുകൾക്കും ഡീന്നറുകൾക്കും നന്ദി പറഞ്ഞുകൊണ്ട് പോകുന്നതിനുമുമ്പ് അയാൾ എന്റെ കുടുംബത്തേയും ലഞ്ചിനു ക്ഷണിക്കാറുണ്ട്. അങ്ങിനെ ലളിതയെയും മോനെയും അയാൾക്ക് നല്ല പരിചയമായിരുന്നു.

'പ്രെറ്റി ഫൈൻ.'

'ഗിവ് മൈ റിഗാർഡ്‌സ് ടു മാഡം.'

എനിക്ക് എങ്ങിനെയെങ്കിലും വീട്ടിലെത്തിയാൽ മതിയെന്നുണ്ടായിരുന്നു. രണ്ടു മണിക്കൂർ നേരത്തെ ഉറക്കമെങ്കിലും കിട്ടിയാൽ അത്രയും നല്ലത്. ഇനി രാവിലെ വീണ്ടും ഇവിടെത്തന്നെ വന്ന് നീഡററെയും കൂട്ടി ഓഫീസിൽ പോകണം, പിന്നെ അയാളുടെ ഒപ്പം താനെയിലെ മൂന്നു ഫാക്ടറികളിലേയ്ക്കും. നീഡറർ തന്ന സൂറിച്ച് ഡ്യട്ടിഫ്രീ ഷോപ്പിന്റെ സഞ്ചിയുമായി ഞാൻ പുറത്തിറങ്ങി.

ഹോട്ടലിനു പുറത്തു ടാക്‌സികൾ നിരന്നു കിടക്കുന്നു. അതിലൊന്നിൽ കയറി വീടെത്താനുള്ള ആഗ്രഹം മനസ്സിലൊതുക്കി ഞാൻ വീട്ടിലേയ്ക്ക് നടക്കാൻ തീർച്ചയാക്കി. അതിരാവിലെത്തന്നെ ഒരു ടാക്‌സി ഡ്രൈവർ സർദാറിന്റെ തെറിപ്പാട്ട് കേൾക്കാൻ എനിക്ക് താല്പര്യമുണ്ടായിരുന്നില്ല. എയർ പോർട്ടിൽനിന്ന് ജുഹുവിൽ എന്റെ വീട്ടിലേയ്ക്ക് കുറച്ചു ദൂരമുണ്ട്. സാരമില്ല. പുതുതായി ഉണ്ടാക്കിയ നിരത്തിൽ തീരെ തിരക്കുണ്ടായിരുന്നില്ല. മുമ്പ് അവിടം മുഴുവൻ ചതുപ്പുനിലങ്ങളും കുടിലുകളുമായിരുന്നു.

കയ്യിലുള്ള സഞ്ചിയിൽ സ്‌കോച്ചിന്റെ കുപ്പിയായിരിക്കും. അയാൾ ഓരോ പ്രാവശ്യം വരുമ്പോഴും എന്തെങ്കിലും കൊണ്ടുവരും, ഒന്നുകിൽ റെമി മാർട്ടിൻ, ഷിവാസ് റീഗൽ അല്ലെങ്കിൽ ഹെയ്ഗ്. ഞാൻ കല്യാണം കഴിഞ്ഞശേഷം കുടിക്കാറില്ല. രണ്ടു ലഹരി ഒരേ സമയത്ത് ആവശ്യമില്ലെന്നു തോന്നി. മാത്രമല്ല രണ്ടും പണച്ചെലവുള്ള കാര്യവുമാണല്ലൊ. അതുകൊണ്ട് കിട്ടുന്ന കുപ്പികളെല്ലാം വില്ക്കുകയാണ് പതിവ്. ഒരു ബാറിൽ ബാർമാനായി ജോലിയെടുക്കുന്ന ജോസഫ് വഴിയാണ് വിറ്റിരുന്നത്. ഒരിക്കൽ ഈ കാര്യം എന്റെ ബോസിനോട് സൂചിപ്പിച്ചപ്പോൾ അദ്ദേഹം കുറച്ചുനേരം നിശ്ശബ്ദനായി. ഇങ്ങിനെയും ആൾക്കാരുണ്ടല്ലോ എന്നായിരിക്കും ആലോചിച്ചിട്ടുണ്ടാകുക. ഒരു ആന്ധ്രക്കാരനായ അദ്ദേഹം കുറെക്കാലം അമേരിക്കയിലായിരുന്നു. ഒരു അമേരിക്കക്കാരിയെയാണ് വിവാഹം ചെയ്തത്. അവർ ഇപ്പോൾ സ്റ്റേറ്റ്‌സിലും ഹൈദരബാദിലുമായി കഴിയുന്നു. കൃഷ്ണഭക്തയാണവർ. ഇസ്‌കോണിന്റെ സജീവാംഗവുമാണ്. ഇദ്ദേഹം ബോംബെയിൽ ഒറ്റയ്ക്കും. വൈകുന്നേരമായാൽ ലഹരിയിൽ ഏകാന്തതയുടെ തീക്ഷ്ണതയിൽനിന്ന് രക്ഷപ്രാപിക്കുന്നു. ഹൈദരബാദിൽ ഒരു വലിയ വില്ലയിലാണ് അവർ താമസം. സാമ്പത്തികമായി വളരെ ഉയർന്ന നിലയിൽ കഴിയുന്ന അദ്ദേഹത്തിനു ഞാൻ ചെയ്യുന്ന പല കാര്യങ്ങളും മനസ്സിലാവാറില്ല. ഉദാഹരണമായി ഇങ്ങിനെ ഒരു രാത്രി എയർ പോർട്ടിൽനിന്ന് വീട്ടിലേയ്ക്കു നടക്കുന്നത്.

മനസ്സിനെ അലയാൻ വിട്ട് ഞാൻ നടക്കുകയാണ്. പെട്ടെന്ന് ആരോ എന്നെ പിൻതുടരുന്നുണ്ട് എന്നു തോന്നി. നോക്കിയപ്പോൾ ശരിയാണ്. ഒരു കാർ കുറച്ചകലത്തിൽ സാവധാനത്തിൽ എന്നെ പിൻതുടരുന്നു. എനിയ്ക്കു പേടിയായി. എയർപോർട്ടിൽനിന്നുള്ള വഴിയിൽ പിടിച്ചുപറിയും കൊള്ളയുമൊ ക്കെ സാധാരണമാണ്. ഞാനിപ്പോഴുള്ളത് വിജനമായൊരു പാതയിലും. ക്രമേണ കാറും ഞാനുമായുള്ള അകലം കുറഞ്ഞുവന്നു. എന്റെ കയ്യിൽ ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ സഞ്ചിയാണ്. അതിൽ എന്തെങ്കിലുമുണ്ടാവുമെന്ന് അവർക്കറിയാം. പോക്കറ്റിലും പണമുണ്ടാവുമെന്ന് അവർ അനുമാനിച്ചിരിക്കും, കാരണം എയർപോർട്ടിൽ ആരും വെറും കൈയ്യോടെ വരാറില്ല. എന്റെ പോക്കറ്റിൽ രണ്ടായിരത്തിലധികം രൂപയുണ്ട്. വരുന്നവർക്ക് എന്തെങ്കിലും ആവശ്യമുണ്ടായാലോ എന്നു കരുതി ഓഫീസിൽനിന്ന് മുൻകൂറെടുത്തിട്ടുള്ളതാണ്. അതു നഷ്ടപ്പെട്ടാൽ ഞാനെന്തുസമാധാനം പറയും? നിരത്ത് കുറച്ച് ഉയരത്തിലാണ്. ഇടതുവശത്ത് ഇറക്കത്തിൽ കുടിലുകളാണ്. തുരുമ്പു പിടിച്ച ടിൻഷീറ്റുകളും പ്ലാസ്റ്റിക് ഷീറ്റുകളും വെച്ച് മറച്ച വെളിച്ചമില്ലാത്ത കുറേ ദുരിതക്കൂടാരങ്ങൾ. പിന്നിലെ കാർ എന്റെ വളരെ അടുത്തത്തിയപ്പോൾ ഞാൻ പെട്ടെന്ന് നിരത്തിനു താഴേയ്ക്കിറങ്ങി. എത്തിയത് ഒരു കുടിലിന്റെ മുമ്പിൽ. ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ കാർ അവിടെ നിൽക്കുകയാണ്. ഞാൻ വാതിൽക്കൽ മുട്ടി. വീണ്ടും നോക്കിയപ്പോൾ കാർ സ്റ്റാർട്ടാക്കി പോവുകയാണ്. അപ്പോൾ തോന്നി വാതിൽക്കൽ മുട്ടേണ്ടിയിരുന്നില്ലെന്ന്. പക്ഷേ വൈകിപ്പോയിരുന്നു.

വാതിൽ തുറന്ന് ഒരു വയസ്സൻ പ്രത്യക്ഷപ്പെട്ടു. എന്നെ കണ്ടപ്പോൾ അയാൾ അകത്തേയ്ക്കു നോക്കി വിളിച്ചു.

'ശാർദാ, ഇത്തെ ആ....'

'ങാ പപ്പാ...'

അകത്തുനിന്ന് ഒരു സ്ത്രീ വിളികേട്ടു, പിന്നെ ഉറക്കച്ചടവോടെ ഒരു ചെറുപ്പക്കാരി എഴുന്നേറ്റു വരുന്നു. നിറം കുറഞ്ഞ ഒരു പാവാടയും അതിനു യോജിച്ച ഒരു ഷർട്ടും വേഷം. ബുദ്ധിമുട്ടിച്ചതിന് ക്ഷമിക്കണമെന്നു ഹിന്ദിയിൽ ഒരുവിധം പറഞ്ഞൊപ്പിച്ച് ഞാൻ പോകാനായി തിരിഞ്ഞു. ആ കാർ പോയിട്ടുണ്ടാകും ഇനി ധൈര്യമായി പോകാം. അപ്പോഴാണ് പുറത്ത് ഒരു കാറിന്റെ വാതിലടയുന്ന ശബ്ദം കേട്ടത്. തീരുമാനം മാറ്റി ധൈര്യശാലി വേഗം അകത്തേയ്ക്കു കടന്നു. അതോടെ വയസ്സൻ പുറത്തേയ്ക്കും കടന്നു, അവൾ വാതിലടയ്ക്കുകയും ചെയ്തു. വാതിലടച്ചത് എനിക്കൊരു സുരക്ഷാബോധമുണ്ടാക്കി. പക്ഷേ അടുത്ത പടി സംഭവിച്ചത് അവൾ എന്റെ കൈപിടിച്ച് അകത്തേയ്ക്കു നടക്കുകയാണ്. 'സാഹേബാ ഇത്തെ ആ....'

സംഗതി അത്ര പന്തിയല്ല എന്ന് എനിക്കു മനസ്സിലായി. ഒരു തെറ്റിദ്ധാരണയുടെ ഫലമാകാനേ ഇതു വഴിയുള്ളൂ. ഞാൻ കുതറി കൈവിടുവിച്ച് വാതിലിനടുത്തേയ്ക്ക് നടന്നു. അവൾ വിളിച്ചു.

'സാഹേബാ'

ഞാൻ നോക്കിയപ്പോൾ കണ്ടതെന്താണ്? അവൾ ഷർട്ടിന്റെ കുടുക്കുകൾ മുഴുവൻ തുറന്ന് അവളുടെ നഗ്നമായ മാറിടം കാണിച്ചു നിൽക്കുകയാണ്. അവളുടെ മാറിടം വികസിച്ചു വരുന്നേയുള്ളു. പതിനാറിലധികം പ്രായമുണ്ടാവാൻ വഴിയില്ല ആ പാവം പെൺകുട്ടിയ്ക്ക്. കയ്യിൽ കിട്ടിയ കസ്റ്റമറെ എങ്ങിനെയെങ്കിലും പിടിച്ചു നിർത്താൻ ശ്രമിക്കുകയാണവൾ. ചുറ്റുമുള്ള വൃത്തികേടിനെപ്പറ്റി ഞാൻ ബോധവാനാകുന്നത് അപ്പോഴാണ്. പൊളിഞ്ഞ് കുണ്ടും കുഴിയുമായ വൃത്തികെട്ട നിലം, മുറിയിലാകെ അസഹനീയമായ നാറ്റം. ദാരിദ്ര്യം അതിന്റെ എല്ലാ ദയനീയതയോടുംകൂടി ആ കുടിലിൽ ചേക്കേറിയിരിക്കയാണ്. ഞാൻ തൊട്ടുമുമ്പ് നിന്നിരുന്ന കൊട്ടാരസദൃശമായ ഹോട്ടലിനെപ്പറ്റിയോർത്തു. എയർകണ്ടീഷൻ ചെയ്ത ഹോട്ടൽ, സമ്പന്നതയുടെ ആസ്ഥാനം. അതിന്റെ ഉള്ളിൽ നിൽക്കുമ്പോൾ നമ്മളും അതിന്റെ ഒരു ഭാഗമാണെന്ന മിഥ്യാബോധമുണ്ടാകുന്നു. പക്ഷേ ഇപ്പോൾ പുലർച്ചെ മൂന്നുമണിയ്ക്ക് വിജനമായ റോഡിന്റെ ഇരുവശത്തുമുള്ള ഉറങ്ങുന്ന കുടിലുകളിലൊന്നിന്റെ നെടുവീർപ്പിന്നിടയിൽ നിൽക്കുമ്പോൾ മനസ്സിലാവുന്നു ആ സമ്പന്നത സാധാരണക്കാരനുള്ളതല്ലെന്ന്.

ഞാൻ അവിടെ എത്തിപ്പെടാനുള്ള കാരണം അവളെ പറഞ്ഞ് മനസ്സിലാക്കിപ്പിക്കണമെന്നുണ്ടായിരുന്നു. പക്ഷേ എന്റെ ഭാഷ പരിമിതമായിരുന്നു. മറാഠി ഒട്ടും അറിയില്ല, ഹിന്ദിയിൽ സംസാരിക്കാൻ തുടങ്ങിയാൽ ഞാനുദ്ദേശിച്ച അർത്ഥമൊന്നുമാവണമെന്നില്ല വരുന്നത്. മാത്രമല്ല ആ ചുറ്റപാടിൽ അങ്ങിനെയുള്ള ഒരു വിശദീകരണത്തിന് യാതൊരു പ്രസക്തിയും ഉണ്ടെന്നു തോന്നിയില്ല. ഞാൻ ഒന്നും പറയാതെ പോക്കറ്റിൽ കയ്യിട്ട് ഒരു നോട്ടെടുത്ത് അവളുടെ കയ്യിൽ കൊടുത്തു. അവളതു വാങ്ങുമ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് അതൊരു നൂറു രൂപനോട്ടായിരുന്നു. ഒരു രാത്രി ഉറക്കമൊഴിച്ച് ഈ അസൗകര്യങ്ങളും കഷ്ടപ്പാടും ഒക്കെ സഹിച്ചാൽ എനിയ്ക്ക് മിച്ചം ഉണ്ടാക്കാവുന്നത് ഏകദേശം അത്രയൊക്കെയേ ഉണ്ടാവു. ഞാൻ മുറിയ്ക്കു പുറത്തു കടന്നു. അവിടെ പൊളിഞ്ഞ നിലത്ത് ചുരുണ്ടുകൂടാൻ പോകുന്ന വയസ്സൻ എഴുന്നേറ്റ് ഓടിവന്നു. ഇത്ര പെട്ടെന്ന് കാര്യം നടത്തിയതിൽ അയാൾ അദ്ഭുതപ്പെടുന്നുണ്ടാവും. അയാൾ കൈനീട്ടി ഇരന്നു.

'സാബ്, ഒരു ചായ കുടിക്കാൻ പൈസ.'

ഇപ്രാവശ്യം ഞാൻ പോക്കറ്റിൽ കൈയിട്ട് ഒരു നോട്ടെടുത്ത് അത് അഞ്ചിന്റെതാണെന്ന് ഉറപ്പു വരുത്തി അയാളുടെ കൈയ്യിലേയ്ക്കിട്ടു.

ഞാൻ പുറത്തു കടന്നു, നിരത്തിലേയ്ക്കു കയറി. കാർ അപ്രത്യക്ഷമായിരുന്നു. എന്താണ് ചെയ്യേണ്ടത് എന്ന് കുറച്ചുനേരം ആലോചിച്ചു. എയർ പോർട്ടിന്റെ ഭാഗത്തുനിന്ന് ഒരു കാറിന്റെ ഹെഡ്‌ലൈറ്റ് വരുന്നുണ്ടായിരുന്നു. ഞാൻ കൈ കാണിച്ചു. കാർ എന്റെ അടുത്തു നിർത്തി, പിന്നിൽനിന്ന് ഒരു സ്യൂട്ടിട്ട മനുഷ്യൻ തല പുറത്തേയ്ക്കിട്ടു. ഞാൻ ചോദിച്ചു.

'എനിക്കൊരു ലിഫ്റ്റ് തരാമോ'

'എങ്ങോട്ടു പോണു?'

'എനിക്കു പോണ്ടത് ജുഹുവിലാണ് സർ, എന്നെ സാന്താക്രൂസിലെവിടെയെങ്കിലും വിട്ടാൽ മതി.'

'ഹോപ്പിൻ, കയറി ഇരിക്ക്. ഞാൻ സൺ എന്റ് സാന്റിലേയ്ക്കാണ് പോകുന്നത്.'

ഞാൻ മുമ്പിലുള്ള വാതിൽ തുറന്ന് അകത്തു കയറി, വെള്ള യൂണിഫോമിട്ട ഡ്രൈവറുടെ അടുത്തുള്ള സീറ്റിൽ ഇരുന്നു. കയറി ഇരുന്നപ്പോഴാണ് ഞാൻ കണ്ടത്. ആ പെൺകുട്ടിയും വയസ്സനും കുടിലിന്റെ മുമ്പിൽ എന്നേയും നോക്കി നില്ക്കുകയാണ്. പിൻസീറ്റിൽനിന്ന് ആ മാന്യൻ ചോദിച്ചു.

'സോ യു ഹാഡെ നൈസ് ടൈം. ഏ?'

ഒരു നിമിഷം വല്ലാതായെങ്കിലും കാര്യങ്ങൾ വിശദീകരിച്ചുകൊടുക്കാൻ ഞാൻ ഓങ്ങി. പിന്നെ അതിന്റെ നിരർത്ഥകതയെപ്പറ്റി ബോധം വന്നപ്പോൾ ഞാൻ നിശ്ശബ്ദനായി.

അപ്പോഴാണ് ഞാനതു കണ്ടത്. എന്നെ പിൻതുടർന്ന കാർ മുമ്പിൽ. അത് സാവധാനത്തിൽ ഒരു യു-ടേണെടുത്ത് എയർപോർട്ടിലേയ്ക്കുതന്നെ തിരിച്ചു പോവുകയാണ്. ഒരു പക്ഷേ പാഴാക്കിയ അര മണിക്കൂറിനെ പഴിച്ചുകൊണ്ട്.

വീട്ടിലെത്തി ബെല്ലടിച്ചപ്പോൾ ഉറക്കച്ചടവോടെ എഴുന്നേറ്റു വന്ന ലളിതയോട് ഞാൻ ഫ്‌ളൈറ്റ് ഒരു മണിക്കൂർ വൈകിയാണ് വന്നത് എന്നുമാത്രം പറഞ്ഞു. സംഭവിച്ച കാര്യങ്ങൾ അങ്ങിനെത്തന്നെ പറഞ്ഞിരുന്നെങ്കിൽ അവൾ എന്നെ ഇനിയൊരിക്കൽ രാത്രി എയർപോർട്ടിലേയ്ക്ക് പോകാൻ സമ്മതിക്കില്ലായിരുന്നു. എന്നാണ് പ്രലോഭനങ്ങൾക്കു മുമ്പിൽ ഞാൻ വീണുപോവുക എന്നറിയില്ലല്ലോ.

എനിക്ക് ഉറക്കം വന്നില്ല.

നീ എവിടെയാണെങ്കിലും എന്ന സമാഹാരത്തില്‍നിന്ന്

ഇ ഹരികുമാര്‍

E Harikumar