കെ.എസ്. സുധി

വിഷാദ മലരികള്‍ വിരിഞ്ഞ ഓണക്കാലം

കെ.എസ്. സുധി

ഓണങ്ങളെക്കുറിച്ച് ഹരികുമാർ പിന്നെ ഓർക്കുന്നു.

'അന്ന് മരുമക്കത്തായ സമ്പ്രദായമായിരുന്നു. അമ്മാവനാണ് കാര്യങ്ങളുടെ കാരണവരായി ഉണ്ടാകേണ്ടത്. അമ്മാവനാകട്ടെ വളരെ അകലെയായിരുന്നു. അമ്മാവന്റെ അസാന്നിദ്ധ്യം അറിയാതിരിക്കാൻ വേണ്ട സാമ്പത്തിക ചുറ്റുപാടുകൾ സൃഷ്ടിക്കാൻ അമ്മാവനു കഴിഞ്ഞിരുന്നുമില്ല. ഓണപ്പുടവ വാങ്ങൽ പതിവില്ലെങ്കിലും കൂട്ടുകാർ പുതിയ ഉടുപ്പിട്ടു നടക്കുന്നതു കണ്ട് ഞാനും ഉടപ്പിറന്നോരും കരഞ്ഞിട്ടുണ്ട്'

'തരക്കേടില്ലാത്ത ചുറ്റുപാടുകളാണ് ഉള്ളതെങ്കിൽ ആ ഓണത്തിന് ഒരു സദ്യയുണ്ടാകും. പഴവും പപ്പടവും കായ വറുത്തതും അന്നുണ്ടാകും. നാലഞ്ച് പഴക്കുലയും വാങ്ങും. ഓണനാളുകൾ മറ്റേതു ദിവസത്തേയും പോലെ അമ്മക്ക് ജോലിത്തിരക്കുള്ള ദിവസങ്ങളായിരുന്നു, ഒന്നുണ്ട്, എന്നും അച്ഛന്റെ കലാജീവിതത്തിനു അമ്മ ഒരു പ്രേരകശക്തി തന്നെയായിരുന്നു. കുഞ്ഞായിരുന്ന നാൾ രാത്രിയിൽ ഉറക്കം ഞെട്ടിയുണർന്ന് കണ്ണുമിഴിക്കുമ്പോൾ കേൾക്കുക അമ്മ കവിത ചെല്ലുന്നതാവും'

വർണ്ണവും മേളവും നിറഞ്ഞ വിലോഭനീയ മുഹൂർത്തങ്ങളായി ഓർക്കാൻ ഓണമില്ല, എങ്കിലും ഓണത്തെ ഓർത്ത് കരഞ്ഞ ഒരു യുവാവുണ്ട് മനസ്സിൽ.

ജീവിതക്ലേശം മൂലം നാടുവിട്ട ഒരു പതിനേഴുകാരന്റെ വേദനയായിരുന്നു അത്. ബംഗാളിലെ ലേക്ക് ടെമ്പിൾ റോഡിലെ ഫ്‌ളാറ്റിൽ അന്നു ഹരി ഒറ്റക്കായിരുന്നു. ഒരു അവധി ദിവസമായിരുന്നു അത്. അന്നു രാവിലത്തെ ഭക്ഷണമായി കഴിഞ്ഞ രാത്രിയിലെ അത്താഴത്തിന്റെ ബാക്കി ചൂടാക്കി വേണം കഴിക്കാൻ. മടിയോടെ ഉണർന്ന് കിടക്കയിൽ തന്നെ കിടക്കവേ അറിയാതെ കലണ്ടറിൽ അന്നു 'തിരുവോണം' കണ്ടു ഹരി പകച്ചു.

'പിറന്ന നാട്ടിലിപ്പോൾ പൊടി പൂരമാവും ഓണം. ഇവിടെയീമഹാനഗരത്തിൽ ഒറ്റക്കാണ് എന്നു തോന്നിയപ്പോൾ ഞാൻ കരഞ്ഞു. ഇല്ലാതെ പോയ ഓണത്തെക്കുറിച്ചോർത്ത്.'

'ഓണക്കാലത്തും അല്ലാത്തപ്പോഴുമെല്ലാം ഭക്ഷണം കഴിക്കുമ്പോൾ അച്ഛൻ എന്നെ കൂടുതൽ ശ്രദ്ധിക്കുമായിരുന്നു. ഹരിക്ക് മത്യായോ എന്ന് ചോദിച്ചിരുന്നു. എങ്ങനെയോ ഞാനൊരു ഭക്ഷണപ്രിയനാണ് എന്ന് അച്ഛൻ ധരിച്ചിരുന്നു. ചാണകം മെഴുകിയ നിലത്ത് ഓണപ്പൂക്കളമെഴുതുന്നതു നോക്കി അച്ഛൻ അഭിപ്രായം പറയുമായിരുന്നു. പിന്നീടൊരിക്കൽ, ജീവിക്കാനായി മറുനാട്ടിൽ പോയ മകൻ ഓണത്തിന് നാട്ടിലെത്താത്തതിനെ ചൊല്ലി പരിഭവിക്കുന്ന ഒരു അമ്മയെക്കുറിച്ച് അച്ഛൻ എഴുതി. 'ഒരമ്മ പാടുന്നു' എന്നായിരുന്നു ആ കവിത. അച്ഛൻ ആ കവിത എഴുതുമ്പോൾ ഞാൻ കൽക്കത്തയിലായിരുന്നു'

പ്രാരാബ്ധങ്ങൾ ഒഴിയാതെ നിന്ന നാളുകളിൽ നിന്നു വളർന്ന്, അനുജത്തിമാർക്കും അനിയന്മാർക്കും കൈനിറയെ സമ്മാനങ്ങളുമായി ഓണ അവധിക്കു വരുന്ന ഏട്ടനായി പിന്നെ ഹരികുമാർ. ഏട്ടന്റെ കയ്യിൽ നിന്നു ഓണപ്പുടവയും സമ്മാനവും വാങ്ങുമ്പോൾ സന്തോഷം കൊണ്ട് തിളങ്ങുന്ന കണ്ണുകളുമായി അനുജത്തിമാർ........

കുഞ്ഞനുജത്തിമാരുടെ കണ്ണുകളിൽ നിറഞ്ഞ നിർവൃതി കണ്ടു തൃപ്തിയടഞ്ഞു ഹരി.

'പിന്നെയും ഓണം എത്രയോ കുറി വന്നുപോയി ഞാനറിയാതെ. ലളിതയും മകനും എന്റെ ജീവിതത്തിലേക്ക് വന്നതിൽ എത്രയോ ഓണങ്ങൾ....... മറുനാട്ടിലെ ജീവിതത്തിലെ ഓണത്തിൽ നമ്മെ ഓർമ്മിപ്പിക്കാൻ ഏറെയൊന്നും ഉണ്ടാവില്ലല്ലോ.'

ഹരികുമാർ വൈവാഹിക ജീവിതം തുടങ്ങിയതും പിന്നെ ഏറെക്കാലം ജീവിച്ചതും മറുനാട്ടിലായിരുന്നു. ഓണത്തെപ്പറ്റി ഇനിയൊരു കഥ എഴുതുമോ ഹരികുമാർ?

എന്തിന് ഹരി അക്കഥ എഴുതണം?

എഴുതപ്പെടാത്ത കവിതയുടെയും കാണാത്ത കാഴ്ചയുടെയും ഭംഗി അറിയുന്നവർ കലാകാരന്മാർ മാത്രമല്ലേ?

എഴുതപ്പെടാത്ത കഥയും അതിലെ നോവും നിനവും സ്മൃതിയുമായി ഹരികുമാർ വീണ്ടും മകത്തപ്പനെ ഓർക്കുന്നു. സ്‌നേഹം കൊണ്ട് വീർപ്പുമുട്ടിച്ച അച്ഛനെയും. ഇനി സ്വപ്നത്തിലല്ലേയുള്ളു അച്ഛനെന്നോർത്ത് ഒരോണം കൂടി.

ഓർമ്മകളിൽ, സർവ്വവും ദാനം ചെയ്തു മറഞ്ഞ നിസ്വനായ മാവേലിയും, ഉള്ള സ്‌നേഹം മുഴുവനും തന്നുപോയ അച്ഛനും നിറയുന്നു. മുറ്റത്തു നിറയുന്ന ഓണനിലാവുപോൽ, വിലോലമായ ഒരു ഓർമ്മയായി.

കുവൈറ്റ് ടൈംസ് - ഓണം സപ്ലിമെന്റ്

കെ.എസ്. സുധി

ദി ഹിന്ദു'വിന്റെ സീനിയര്‍ അസിസ്റ്റന്റ് എഡിറ്ററായ കെ എസ് സുധി വേള്‍ഡ് മലയാളി കൗണ്‍സിലി(ഡബ്ല്യുഎംസി)ന്റെ പരിസ്ഥിതി മാധ്യമപ്രവര്‍ത്തനത്തിനുള്ള പുരസ്കാരത്തിന്‌ അര്‍ഹനായിട്ടുണ്ട്.