ഓണം ഇല്ലാതാവുമ്പോള്‍ ഒരു സംസ്കാരവും ഇല്ലാതാവുന്നു

ഇപ്പോൾ ആലോചിക്കുമ്പോൾ തോന്നുന്നു, അതൊരു നല്ല കാലമായിരുന്നു. തൊള്ളായിരത്തി അമ്പതുകളിലെ ഞങ്ങളുടെ കുട്ടിക്കാലം. അതൊരു ചീത്ത കാലവുമായിരുന്നു, കാരണം അത് പരിവർത്തനത്തിന്റെ കലങ്ങിയ സമയമായിരുന്നു. മാറ്റം നല്ലതു തന്നെ, പക്ഷേ അതിന് അതിന്റേതായ വില കൊടുക്കേണ്ടി വരുന്നു. ഭൂനിയമം കുറേയധികം ഇടത്തരക്കാരെ പട്ടിണിയിലേയ്ക്ക് തള്ളി, പുതിയൊരു ജന്മിവർഗ്ഗമുടലെടുക്കുകയും ചെയ്തു. ഓണം മുതലായ ആഘോഷങ്ങൾ കാര്യമായി ആചരിച്ചിരുന്ന ഒരു വിഭാഗം അതോടെ പുറം തള്ളപ്പെടുകയും അവയെല്ലാം സാവധാനത്തിൽ പിന്മാറുകയും ചെയ്തു. സാവധാനത്തിൽ ഈ ആഘോഷങ്ങളെല്ലാം വിസ്മരിക്കപ്പെട്ടു. അതിന് മറ്റൊരു കാരണം സ്വാതന്ത്ര്യാനന്തരമുണ്ടായ മുന്നേറ്റത്തിൽ നഗരവത്കരിക്കലിന്റെ ഫലമായി നമുക്ക് നഷ്ടമായ ഗ്രാമങ്ങളാണ്. ഗ്രാമങ്ങൾ ഇല്ലാതാകുമ്പോൾ നമുക്ക് നമ്മുടെ സംസ്‌കാരവും നഷ്ടമാകുന്നു. പിന്നെയുണ്ടാകുന്നത് സർക്കാർ സ്‌പോൺസർ ചെയ്യുന്ന ആഘോഷങ്ങളാണ്. ഓണം കൊണ്ടാടുന്നത്, വർഗ്ഗനാശമുണ്ടാവാൻ സാധ്യതയുള്ള ഒരു മൃഗത്തെ സംരക്ഷിക്കുന്നപോലെയാകുന്നു. ആ ആഘോഷത്തിന്റെ ഓജസ്സ് നഷ്ടപ്പെടുന്നു.

ഓണം വളരെ ഗംഭീരമായി ആഘോഷിച്ചിരുന്ന നാളുകൾ എനിക്കോർമ്മയുണ്ട്. ഉത്രം തൊട്ട് കുട്ടികൾ കൂട്ടമായി പൂ പറിക്കാൻ പോയിരുന്നത്, അത്തം നാളിൽ രാവിലെ മുറ്റത്ത് ചാണകം മെഴുകിയ വലിയ കളത്തിന്റെ നടുവിൽ പൂക്കളമുണ്ടാക്കിയിരുന്നത്, അതു കഴിഞ്ഞാൽ പഴം നുറുക്കും പപ്പടം കാച്ചിയതും കായ വറുത്തതും കൂട്ടി പ്രാതൽ, പിന്നെ തിരുവോണത്തിൻ നാൾ ഉച്ചയ്ക്ക് പലതരം കറികളും ഇടിച്ചു പിഴിഞ്ഞ പായസവും കൂട്ടി സദ്യ. അതിന്റെ സ്വാദിൽ ഏതാനും ദിവസങ്ങൾക്കുമുമ്പുണ്ടായിരുന്ന കർക്കിടകത്തിലെ പഞ്ഞനാളുകൾ വിസ്മരിക്കപ്പെടുന്നു.

ഇന്നും ഓണം ആഘോഷിക്കുന്നുണ്ട്. വളരെ യാന്ത്രികമായി. പൂവട്ടികളുമായി പൂവറുക്കാൻ പോകുന്ന കുട്ടികളെ കാണില്ല. പൂവിളികൾ ടി.വി. പരിപാടികളിൽ ഒതുങ്ങി. രണ്ടു കാരണംകൊണ്ട്. കമ്പ്യൂട്ടറിന്റെ മുമ്പിലോ ടി.വി.യുടെ മുമ്പിലോ ചടഞ്ഞിരിക്കുന്ന കുട്ടികൾക്കതിൽ താല്പര്യമില്ല. അതുമല്ലെങ്കിൽ അവർക്ക് പുസ്തകക്കെട്ടുമായി ട്യൂഷന് പോകേണ്ടിവരും. രണ്ടാമതായി, പൂക്കൾ കിട്ടാനില്ല. ഞങ്ങളുടെ കുട്ടിക്കാലത്ത് പറമ്പിൽ നിന്നു കിട്ടിയിരുന്ന പൂക്കളേക്കാൾ എത്രയോ മടങ്ങ് പൂക്കൾ കിട്ടിയിരുന്നത് കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ നിന്നായിരുന്നു. നെല്ലിപ്പൂക്കൾ എന്ന പേരിലറിയപ്പെട്ടിരുന്ന നീലപ്പൂക്കൾ, പിന്നെ പേരറിയാത്ത ഒരുതരം മഞ്ഞപ്പൂക്കൾ. ഇവ രണ്ടും, പിന്നെ വേലിയരുക്കിൽ നിന്ന് കിട്ടുന്ന ചുവന്ന അരിപ്പൂക്കൾ (ചില പ്രദേശങ്ങളിൽ ഈ മനോഹരമായ പൂക്കൾക്ക് തേവടിശ്ശിപ്പൂക്കളെന്നാണ് പേര്. വല്ലാത്ത കഷ്ടം തന്നെ). പിന്നെ പറമ്പുകളിൽ സമൃദ്ധമായി കിട്ടുന്ന മുക്കുറ്റി, തുമ്പപ്പൂ. ഈ പൂക്കളുണ്ടായാൽത്തന്നെ ഒരു പൂക്കളം സമ്പന്നമാകുന്നു. പോരാത്തതിന് വീട്ടിന്റെ മുറ്റത്തു നിൽക്കുന്ന മന്ദാരം, ചെമ്പരത്തി, മഞ്ഞ കോളാമ്പി, തെച്ചി തുടങ്ങിയ നിരവധി പൂക്കൾ. നാട്ടിൽ ഇത്രയധികം പൂക്കൾ ഉണ്ടെന്നറിയുന്നത് ഓണക്കാലത്താണ്.

ഇന്ന് നമുക്ക് പൂക്കളില്ല. വയലുകൾ കൊച്ചുകൊച്ചു പറമ്പുകളും അവയിൽ വീടുകളുമായി. വീടുകളിൽ തോട്ടമുണ്ടാക്കാൻ ആര് മെനക്കെടുന്നു? ഗൃഹനാഥൻ അമിതവില കൊടുത്ത് മാർക്കറ്റിൽനിന്ന് വാങ്ങി ക്കൊണ്ടുവരുന്ന പൂക്കൾ കൊണ്ട് പേരിനൊരു പൂക്കളമുണ്ടാക്കുന്നു. സ്‌കൂളുകളിലും കോളേജുകളിലും പൂക്കളമത്സരമുണ്ടാകുന്നു. എല്ലാം മാർക്കറ്റിൽനിന്ന് വാങ്ങിയ പൂക്കൾകൊണ്ട്. ഈ പൂക്കളാകട്ടെ വരുന്നത് തമിഴ്‌നാട്ടിൽനിന്നാണു താനും. തമിഴന്മാർ പൂക്കൾ തരുന്നതു നിർത്തിയാൽ മലയാളനാട്ടിൽ ഓണമുണ്ടാവില്ലെന്നർത്ഥം. തമിഴ്‌നാട്ടിൽനിന്ന് പൂക്കളും പച്ചക്കറികളും, ആന്ധ്രയിൽനിന്ന് അരി ഇതൊക്കെ നിൽക്കാതിരിക്കാൻ ഈ ഓണത്തിന് മാവേലിമന്നനോട് പ്രാർത്ഥിക്കാൻ പറയുക. സദ്യയും ഒരു തരം റെഡിമൈഡ് സദ്യയായിരിക്കും. ചോറും കറികളും വീട്ടിലുണ്ടാക്കിയാൽത്തന്നെ പായസം പുറത്തുനിന്ന് വാങ്ങുന്നു.

മുത്ത കുട്ടികളായ സതീശേട്ടനും ഞാനും അനുജത്തി ഗിരിജയും ചില ഓണക്കാലത്ത് കുറ്റിപ്പുറത്ത് അച്ഛന്റെ വീട്ടിൽ പോകാറുണ്ട്. പൊന്നാനിയിലെ മണൽ മാത്രമുള്ള ഭൂപ്രകൃതിയിൽനിന്ന് വളരെ വ്യത്യസ്തമാണ് കുറ്റിപ്പുറത്ത്. ഒരു വശത്ത് കുന്നുകൾ, അതിനും പിന്നിൽ വളരെ ദൂരത്ത് നീലമലകൾ, മറുവശത്ത് ഭാരതപ്പുഴ. അധികം ദൂരത്തല്ലാതെ റെയിൽവേ സ്റ്റേഷൻ. പുഴയിലെ തെളിവെള്ളത്തിൽ കുളിക്കാനിറങ്ങിയാൽ കയറിവരാൻ തോന്നില്ല. ഇതേ ഭാരതപ്പുഴതന്നെയാണ് പൊന്നാനിയിലുമെത്തുന്നത്. പക്ഷെ അത് കുറച്ചു ദൂരത്താണ്. പോരാത്തതിന് അവിടെ കുളിക്കാനൊക്കെ സൗകര്യമുണ്ടായിരുന്നോ എന്നറിയില്ല. ഞങ്ങൾ കുറ്റിപ്പുറത്ത് പോയിരുന്ന കാലത്താണ് കുറ്റിപ്പുറം പാലം പണിയുന്നത്. എനിക്കതിൽ കുറച്ചു നിരാശയുണ്ടായി, കാരണം അതുവരെ കടവു കടന്നിരുന്നത് തോണിയിലായിരുന്നു. ഇനിമുതൽ അതുണ്ടാവില്ലെന്ന അറിവ് മനസ്സിടിവുണ്ടാക്കുന്നതായിരുന്നു. പിന്നെ വേറൊരു കാര്യം. കുറ്റിപ്പുറത്ത് ഞങ്ങൾ താമസിച്ചിരുന്നത് അച്ഛന്റെ പെങ്ങളുടെ വീട്ടിലായിരുന്നു, തറവാട്ടിലല്ല. അതാകട്ടെ പുഴയുടെ അടുത്തായിരുന്നു. അവരുടെ മകൾ രുഗ്മിണിയേടത്തിയുടെ ഭർത്താവിന്റെ വീട് തൊട്ടു വടക്കേ പറമ്പിലായിരുന്നു. അപ്പേട്ടൻ എന്നാണ് അദ്ദേഹത്തെ വിളിക്കുക. അദ്ദേഹത്തിന്റെ അമ്മയുണ്ടായിരുന്നു ആ വീട്ടിൽ. അവർക്കും ഞങ്ങളെ വളരെ ഇഷ്ടമായിരുന്നു. അതുകൊണ്ട് ഓണം കഴിഞ്ഞാലും തിരിച്ചു കൊണ്ടുപോകാൻ അച്ഛൻ വന്നാൽ ഞങ്ങൾ പോകാറില്ല. പിന്നെ രണ്ടോ മൂന്നോ ദിവസങ്ങളെ നിൽക്കാൻ പറ്റൂ. എന്നാലും ആ ദിവസങ്ങൾ കൂടി ആസ്വദിച്ചേ ഞങ്ങൾ മടങ്ങാറുള്ളു.

ആ വീട്ടിൽ സ്വാദുള്ള വെള്ളം കിട്ടുന്ന ഒരു മണിക്കിണറുണ്ടായിരുന്നു. പുഴ അടുത്തായതുകൊണ്ട് ഒരു കാലത്തും വറ്റാത്ത കിണർ. പാലത്തിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേയ്ക്കുള്ള റോഡ് കടന്നുപോയത് ആ പറമ്പിലൂടെയായിരുന്നു. ആ വീടു പൊളിക്കപ്പെട്ടു, ആ മണിക്കിണർ മൂടുകയും ചെയ്തു. എനിയ്ക്ക് വല്ലാത്തൊരു നഷ്ടബോധമാണുണ്ടായത്.

തൊള്ളായിരത്തി അമ്പത്തിനാലിലാണ് അച്ഛൻ 'കുറ്റിപ്പുറം പാലം' എന്ന കവിതയെഴുതുന്നത്. ആ കവിതയിൽ പാലം വന്നതുകൊണ്ടുണ്ടാവാൻ പോകുന്ന ദുരന്തത്തെപ്പറ്റി എടുത്തു പറയുന്നുണ്ട്.

'പച്ചയും മഞ്ഞയും മാറി മാറി
പാറിക്കളിയ്ക്കും പരന്ന പാടം,
ഫലഭാരനമ്രതരുക്കൾ ചൂഴും
നിലയങ്ങൾ വായ്ക്കും നിരന്ന തോട്ടം.
പലതരം പൂക്കൾ നിറഞ്ഞ കുന്നിൻ-
ചരിവുകൾ വർണ്ണശബളിതങ്ങൾ,
ആലും തറയും വിളക്കുമായി-
ച്ചേലഞ്ചും കാവിലെയുത്സവങ്ങൾ, പകലത്തെക്കർഷക സംഗീതങ്ങൾ, ഇരവിലെബ്ഭീകരമൂകതകൾ, അകലുകയാണിവ മെല്ലെ മെല്ലെ, അണയുകയല്ലൊ ചിലതു വേറെ.

കവി തൊള്ളായിരത്തി അമ്പത്തിനാലിൽ ഭയപ്പെട്ടിരുന്നതൊക്കെ സംഭവിച്ചു. 'ചിലതു വേറെ' എന്നദ്ദേഹം ഉദ്ദേശിക്കുന്നത് ഇതൊക്കെയാണ്. പൂക്കൾക്കു മീതെ കരിങ്കല്ലും, സിമന്റും ഉരുക്കും വാഴ്ച തുടങ്ങി, പാടങ്ങൾ വണ്ടികൾ അലറിക്കുതിയ്ക്കുന്ന റോഡുകളായി, പകലും രാവും ശബ്ദമയമായി, അന്യോന്യമറിയാത്ത, മനസ്സിലാക്കാൻ ശ്രമിക്കാത്ത അയൽക്കാർ തമ്മിലടിപിടികളും ബഹളങ്ങളും. ഇതിനിടയിൽ ഒരോണമോ വിഷുവോ ആഘോഷിക്കപ്പെട്ടില്ലെങ്കിൽ അദ്ഭുതപ്പെടാനില്ല.

'പിറവിതൊട്ടെൻ കൂട്ടുകാരിയാമ-
മ്മധുരിമ തൂകിടും ഗ്രാമലക്ഷ്മി
അകലേയ്ക്കകലേയ്ക്കകലുകയാം,
അവസാനയാത്ര പറയുകയാം.'

ഇന്ന് ആ ഗ്രാമലക്ഷ്മി ഇങ്ങിനി തിരിച്ചുവരാത്തവിധം യാത്രപറഞ്ഞു പോയിക്കഴിഞ്ഞു.

ഇതൊരു അപകടകരമായ പ്രതിഭാസത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. നമുക്ക് നഷ്ടപ്പെടുന്നത് ഒരു ഗ്രാമമല്ല, നമ്മുടെ സംസ്‌കാരമാണ്, അതോടെ ഭാഷയും. സംസ്‌കാരം തകർന്നാൽ ഭാഷയും നശിക്കുകയാണ് ചെയ്യുക, അല്ലെങ്കിൽ ഭാഷ തകർന്നാൽ നൂറ്റാണ്ടുകളായി, സഹസ്രാബ്ദങ്ങളായി കെട്ടിപ്പടുത്ത സംസ്‌കാരവും. രണ്ടും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളത്. ഒരു സംസ്‌കാരമാണ് ഭാഷ സൃഷ്ടിക്കുന്നതും വളർത്തുന്നതും. ലോകത്ത് അനുദിനം നശിച്ചുകൊണ്ടിരിക്കുന്ന ഭാഷകളിലൊന്നായി അടുത്ത ഭാവിയിൽത്തന്നെ മലയാളത്തെയും കാണാൻ പറ്റും.

മറ്റൊരു കാര്യമുള്ളത് നമ്മുടെ സംസ്‌കാരം, നമ്മുടെ ചരിത്രം, ജീവിതരീതി എന്നിവ തുടച്ചുനീക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ്. അതിന്റെ ആദ്യപടി, വളർന്നു വരുന്ന ഒരു തലമുറയുടെ മനസ്സിൽ ശരിയായ ചരിത്രത്തിനും അതുവഴി നാം ആർജ്ജിക്കുന്ന സംസ്‌കാരത്തിനും പകരം ഓരോ വിഭാഗത്തിന്റെ സ്വാർത്ഥ താല്പര്യങ്ങൾക്കനുസൃതമായി തയ്യാറാക്കപ്പെട്ട പാഠങ്ങൾ പഠിപ്പിക്കുകയാണ്. ഒരുതരം മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യലാണത്. പാഠപുസ്തകങ്ങളിലും സിലബസ്സിലും പഠിക്കാനുള്ള ചരിത്രത്തെ വളച്ചൊടിക്കുക വഴിയാണ് അതു നടപ്പാക്കുന്നത്. നേരായിട്ടുള്ള ചരിത്രമോ സംസ്‌കാരമോ തമസ്‌കരിക്കപ്പെട്ട ഈ പുസ്തകങ്ങൾ വായിച്ചു പഠിക്കുന്ന ഒരു തലമുറയാണ്, അതായത് നമ്മുടെ ജീവിതമൂല്യങ്ങളെപ്പറ്റി ബോധവാന്മാരല്ലാതെ വളരുന്ന ഈ തലമുറയാണ് നാളത്തെ പൗരന്മാരാവുന്നത്. ഇത് ഭയാനകമാണ്. അതിന്റെ ഫലങ്ങൾ നാം അനുഭവിച്ചു തുടങ്ങിക്കഴിഞ്ഞു.

ഇതിനൊരു പോംവഴി മുതിർന്ന തലമുറയുടെ കൈയിലാണുള്ളത്. പാഠ്യപുസ്തകങ്ങളും സിലബസ്സും രാഷ്ടീയക്കാരുടെ കൈവശമായതിനാൽ അതിൽ നമുക്കൊന്നും ചെയ്യാനില്ല. നമുക്ക് കഴിയുന്നത് നമ്മുടെ സംസ്‌കാരത്തെപ്പറ്റിയും, സത്യസന്ധമായ, മായം ചേർക്കാത്ത ചരിത്രത്തെപ്പറ്റിയും ഇളം തലമുറയെ ബോധവത്കരിക്കുക മാത്രമാണ്. ഇത് സാഹിത്യത്തിൽക്കൂടിയും, സംഗീതമടക്കം മറ്റു കലകളിൽക്കൂടിയും നേരിട്ടുള്ള ബോധവത്കരണങ്ങളിൽക്കൂടിയും സാധിച്ചെടുക്കാം. നമ്മുടെ തനതായ സംസ്‌കാരത്തെയും കലകളെയും പറ്റിയുള്ള ഗ്രന്ഥങ്ങളുള്ള ലൈബ്രറികൾ സ്ഥാപിക്കുക. അതെല്ലാം വായിക്കുവാൻ ഇളം തലമുറയെ പ്രേരിപ്പിക്കുക.

ഇ ഹരികുമാര്‍

E Harikumar