വരന്‍ വന്നത് മെഴ്സീഡസ് കാറില്‍

വിധിയും ഭാഗ്യ-നിർഭാഗ്യങ്ങളും നമ്മുടെ ശരീരഘടനപോലെ, നമുക്കു വരുന്ന രോഗങ്ങൾ പോലെ പാരമ്പര്യമായി ലഭിക്കുന്നതാണെന്ന വിശ്വാസം ബലപ്പെടുത്തുന്ന പല സംഭവങ്ങളുമുണ്ടായിട്ടുണ്ട് എന്റെ ജീവിതത്തിൽ. ഒരുപക്ഷേ നമ്മുടെ ജനിതകശ്രേണിയുടെ ഇതുവരെ മനസ്സിലാക്കിയിട്ടില്ലാത്ത ഒരു ചാനലിൽ അതുംകൂടി രേഖപ്പെടുത്തിയിട്ടുണ്ടാകണം.

കരി ബസ്സുകളുടെ കാലമാണ്. ഇന്നത്തെ തലമുറയ്ക്ക് അതിനെപ്പറ്റി കേൾക്കുന്നതുതന്നെ അദ്ഭുതമായിരിക്കും. യുദ്ധം കാരണം പെട്രോളിന് തീ പിടിച്ച വില. കിട്ടാനുമില്ല. അതുകൊണ്ട് നാട്ടിലെ ബസ്സുകളെല്ലാം കരി ബസ്സുകളാക്കി മാറ്റി. അതായത് പുറപ്പെടുന്നതിനു് ഒരു മണിക്കൂർ മുമ്പ് ഉലപോലത്തെ ഒരു സാധനം തിരിച്ച് ബസ്സിന് ഏറ്റവും പിന്നിലുള്ള വലിയ അറയിലെ കരി കത്തിക്കണം. അതിൽനിന്ന് കിട്ടുന്ന ഗ്യാസു കൊണ്ടാണ് ബസ്സ് ഓടിക്കുന്നത്. 1942. അന്നു ഞാനില്ല, പക്ഷേ എന്നേക്കാൾ നന്നായി കഥ പറയാൻ അറിയുന്ന ആളും ഈ കഥയിലെ നായികയുമായ അമ്മായി പറഞ്ഞ അറിവാണ്. എന്റെ അമ്മാവന്റെ കല്യാണം. അന്നെല്ലാം രാത്രിയാണ് കല്യാണങ്ങൾ നടക്കാറ്. അത് എപ്പോഴാണ് പകലായി മാറിയതെന്ന് എനിക്കറിയില്ല. രാത്രി കല്യാണത്തിന് അതിന്റേതായ ഗ്ലാമറുണ്ടായിരുന്നു. പെട്രോമാക്‌സിന്റെ വെളിച്ചത്തിൽ കല്യാണപ്പന്തൽ അലംകൃതമാകും, തൊട്ടപ്പുറത്ത് സദ്യയുണ്ടാക്കുന്ന വെപ്പുകാരുടെ ബഹളം. ആൾക്കാരുടെ പോക്കും വരവും. സർവ്വാഭരണഭൂഷകളായ സ്ത്രീകളുടെ ഉടയാടകൾ, എല്ലാം പെട്രോമാക്‌സിന്റെ വെളിച്ചത്തിൽ കാണുമ്പോൾ ഒരു പ്രത്യേകാനുഭൂതി ഉണ്ടാകുന്നു. വധു, പട്ടാമ്പിക്കടുത്തുള്ള പള്ളിപ്പുറം എന്ന ഗ്രാമത്തിൽ, കൊടിക്കുന്നത്ത് കാവിന്റെ തൊട്ടടുത്തുള്ള കുന്നത്തു വീട്ടിൽ പത്മാവതി. പൊന്നാനിയിൽ നിന്ന് അവിടെ എത്തിപ്പെടുക അന്നും ഇന്നും ക്ലേശകരമായ ഒരു ജോലിയാണ്. ഉച്ച തിരിഞ്ഞ് പൊന്നാനിയിലുള്ള പുത്തില്ലത്തു വച്ച് (ഞങ്ങളുടെ വീട്) വരന്റെ ആൾക്കാരെല്ലാം ഒത്തുകൂടി ഒരു ചായ സൽക്കാരവും കഴിഞ്ഞ് 4 മണിയോടെ ഒരു ബസ്സ് നിറയെ ആൾക്കാരുമായി പുറപ്പെട്ടു. അന്നെല്ലാം ബസ്സിന്റെ പരമാവധി വേഗത 25 കിലോമീറ്റർ ആണ്. ആ വേഗത്തിലും ഒന്നര മണിക്കൂർ കൊണ്ട് തൃത്താല എത്തും. പിന്നെ അവിടെനിന്ന് ഭാരതപ്പുഴയിൽ കടത്തു കടന്ന് മൂന്നു കിലോമീറ്റർ കാൽ നടയായി പോയാലെ വധൂഗൃഹത്തിലെത്തൂ. രാത്രി എട്ടര മണിക്കാണ് മുഹൂർത്തം.

വഴിയ്ക്കു വച്ച് ഏതോ പരിചയക്കാരനെ കണ്ടപ്പോൾ വണ്ടി നിർത്താൻ പറഞ്ഞു. അത് അബദ്ധമായി. പിന്നെ വണ്ടി സ്റ്റാർട്ടായില്ല. ഡ്രൈവറും അസിസ്റ്റന്റും മാറി മാറി ശ്രമിച്ചിട്ടും ബസ്സ് അനങ്ങാൻ കൂട്ടാക്കിയില്ല. നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. ആ മഴയിലും ബസ്സിലുള്ളവർ വിയർത്തു, കാരണം മുഹൂർത്തം അടുത്തു വരികയാണ്. അവരാകട്ടെ മൈലുകൾക്കിപ്പുറത്തും. അന്നൊക്കെ വളരെ കുറച്ചു ബസ്സുകളേ ഉള്ളൂ താനും. ദിവസത്തിൽ ഒന്നോ രണ്ടോ സർവ്വീസുകൾ മാത്രം. അപ്പോൾ ഏതെങ്കിലും ലൈൻ ബസ്സിൽ കയറിപ്പിടിച്ച് എത്താമെന്നും കരുതേണ്ട. ആ വഴിയ്ക്കുള്ള അവസാനത്തെ ബസ്സും പോയിക്കാണും. വധുവിന്റെ വീട്ടിലുള്ളവരും വിയർക്കുകയാണ്. വരനെയും ആൾക്കാരെയും കാണാനില്ലെന്നത് നിസ്സാര കാര്യമല്ല. കാത്തിരുന്ന് മുഹൂർത്തം കഴിഞ്ഞു. വന്ന അതിഥികൾക്കൊക്കെ സദ്യ വിളമ്പി. അവരെ എങ്ങിനെയെങ്കിലും പിടിച്ചിരുത്താനുള്ള ശ്രമത്തിലായി വീട്ടുകാർ. അവസാനം എട്ടര മണിയോടെയാണ് തൃത്താലക്കടവിൽ കാത്തു നിന്നവർക്ക് വിവരം കിട്ടിയത് വരനും പാർട്ടിയും നടുവഴിയിലാണെന്നും എത്താൻ താമസിക്കുമെന്നും. അവസാനം ബസ്സു ശരിയായി, പെരുമഴയത്ത് തൃത്താല കടവുകടന്ന് വീട്ടിലെത്തിയപ്പോൾ സമയം പത്തര മണി! ഇതിൽ പരിഭ്രമിക്കാത്ത ഒരാൾ വധു മാത്രമായിരുന്നു. കാരണം അവർക്കറിയാമായിരുന്നു, വരൻ നടന്നിട്ടോ നീന്തിയിട്ടോ എങ്ങിനെയെങ്കിലും എത്താതിരിക്കില്ല എന്ന്. സുന്ദരിയായ അമ്മായി മദ്രാസിൽ സെന്റ് മേരീസിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ അമ്മാവൻ കണ്ട് ഇഷ്ടമായതാണ്. അമ്മാവനെ സംബന്ധിച്ചേടത്തോളം ചെന്നു, കണ്ടു, കീഴടങ്ങി എന്നു പറയും പോലെയാണ്.

ഇനി ഒരു വാൽക്കഷ്ണം. മുഹൂർത്തം തെറ്റിയതുകൊണ്ട് കുഴപ്പമൊന്നുമുണ്ടായില്ല. അവരുടെ ദാമ്പത്യജീവിതം വളരെ ശോഭനമായിരുന്നു. അവർ ഇപ്പോഴും ആരോഗ്യത്തോടെ ജീവിക്കുന്നു. അമ്മാവന് 92 വയസ്സ്, അമ്മായിയ്ക്ക് 76 വയസ്സ്. മക്കളെല്ലാം നല്ല നിലയിൽ. പോരെ?

രണ്ടു മാസം മുമ്പ് അമ്മാവന്റെ പേരക്കുട്ടിയുടെ കല്യാണത്തിനും വരൻ എത്താൻ വളരെ വൈകിയത് വീട്ടുകാരിൽ സംഭ്രാന്തി പരത്തി. അപ്പോഴാണ് എനിക്ക് അമ്മാവന്റെ കല്യാണക്കാര്യം ഓർമ്മ വന്നത്. അതുപോലെ മരുമകന്റെ അതായത് എന്റെ കല്യാണത്തിന്റേയും. ഇതെല്ലാം പാരമ്പര്യമായി വന്നു ചേരുന്നതാണെന്ന തോന്നലുമുണ്ടായത് അപ്പോഴാണ്.

എന്റെ കല്യാണത്തിനും ഇതേ പോലെ നേരം വൈകിയതിനു കാരണം വാഹനം തന്നെ. അന്ന് പൊന്നാനിയിൽ ടാക്‌സി സമരമായിരുന്നു. നേരത്തെ അറിഞ്ഞിരുന്നില്ല. അതുകൊണ്ട് ഏർപ്പാടാക്കിയ ബസ്സിൽ ബന്ധുക്കളെ വിട്ടു വരനു പോകാൻ കാറിനു വേണ്ടി കാത്തിരുന്നു. കാത്തിരുന്നതല്ലാതെ കാർ എത്തിയില്ല. അതോടെ പരിഭ്രമവും തുടങ്ങി. എന്താണ് സംഭവിച്ചതെന്നാൽ രാവിലെ ടാക്‌സിക്കാർ തമ്മിൽ എന്തോ അടിപിടിയുണ്ടായി, അവർ കൂട്ടത്തോടെ സമരം തുടങ്ങുകയും ചെയ്തു. കാർ ഏർപ്പാടാക്കിയത് അച്ഛന്റെ ഉറ്റ സുഹൃത്തായിരുന്നു. എന്റെ ഓർമ്മ ശരിയാണെങ്കിൽ മുഹമ്മദ് എന്നാണ് പേര്. പൊന്നാനിയിൽ നല്ല സ്വാധീനമുള്ള ആളാണ്. സമയം വൈകുന്നു എന്നു കണ്ടപ്പോൾ അദ്ദേഹം മറ്റൊരു ടാക്‌സി ഏർപ്പാടാക്കിത്തന്നു. പക്ഷേ അതിൽ എന്നെ പറഞ്ഞയക്കാൻ അച്ഛന് ധൈര്യമുണ്ടായില്ല. വഴിയിൽനിന്ന് മറ്റു ടാക്‌സിക്കാർ തടയുകയോ മറ്റൊ ചെയ്താലോ. അങ്ങിനെ ഞങ്ങൾ അഞ്ചുപേർ ലൈൻ ബസ്സിൽ പോകാമെന്ന് തീർച്ചയാക്കി. തൃശ്ശൂർക്കുള്ള അടുത്ത ബസ്സു കാത്തുനിന്നു. (വരാമെന്നേറ്റ് ചതിച്ച ടാക്‌സിക്കാരനെ മുഹമ്മദ്ക്കാ ശിക്ഷിച്ചു. ഒരു ദിവസം രാവിലെ അദ്ദേഹത്തിന്റെ വീട്ടിൽ വരാൻ പറഞ്ഞു, അന്നു മുഴുവൻ കാത്തു നിർത്തി പൊയ്‌ക്കോളാൻ പറഞ്ഞു. അത്രയും വേണ്ടിയിരുന്നില്ല എന്ന് അച്ഛൻ പറഞ്ഞു. പക്ഷേ കുറ്റത്തിന് ശിക്ഷ വേണമെന്ന മുഹമ്മദ്ക്കായുടെ നിർബ്ബന്ധമായിരുന്നു അത്.)

അതിനിടയ്ക്ക് വധുവിന്റെ വീട്ടിൽ ബഹളമായിത്തുടങ്ങി. വരന്റെ ബന്ധുക്കൾ മാത്രം വന്നതു കൊണ്ട് കാര്യമില്ലല്ലോ. താലി കെട്ടാൻ വരൻ തന്നെ വേണമല്ലൊ. പ്രോക്‌സിയിൽ ചെയ്യാൻ പറ്റാത്ത ഒരേ ഒരു കാര്യം അതാണ്. വധുവിന്റെ അച്ഛൻ ഒരു അറ്റാക്കിന്റെ അടുത്തെത്തി നിൽക്കുകയാണ്. മുഹൂർത്തം കഴിയാൻ ഇനി ഏതാനും മിനുറ്റുകൾ മാത്രം. അമ്മ അകത്ത് കരച്ചിൽ തുടങ്ങിയിരിക്കുന്നു. ബന്ധുക്കൾ ആശ്വസിപ്പിക്കുന്നുണ്ട്. വധു മാത്രം അക്ഷോഭ്യയായി, രാവിലെ മുതൽ സ്‌നേഹിതകളുടെ സഹായത്തോടെ കഷ്ടപ്പെട്ടുണ്ടാക്കിയ സൗന്ദര്യത്തിന് ഇനി വല്ലതും കൂട്ടിച്ചേർക്കാനുണ്ടോ എന്ന് നോക്കുകയാണ്. ഇന്ന് വരൻ വന്നില്ലെങ്കിൽ വേണ്ട പോട്ടെ, മറ്റൊരു ദിവസമാകാമല്ലൊ. ഇന്ന് തനിക്കു അപൂർവ്വമായി കിട്ടുന്ന ശ്രദ്ധ ഇനി ഒരു ദിവസം കൂടി കിട്ടുക എന്നുവച്ചാൽ ചില്ലറ കാര്യമൊന്നുമല്ല.

മുഹൂർത്തത്തിന് പത്തു മിനുറ്റ് മാത്രം ബാക്കി നിൽക്കെ വരൻ വന്നു. പുതിയൊരു മെഴ്‌സീഡ്‌സ് ബെൻസ് കാറിൽ. പടുകൂറ്റൻ കാറിൽ നിന്ന് സ്റ്റൈലിൽ വരൻ ഇറങ്ങുന്നതു കണ്ട് അന്തം വിട്ടു നിന്നത് വരന്റെ ബന്ധുക്കൾ തന്നെയാണ്. എവിടെനിന്നു കിട്ടി ഈ കാർ? ഇനി നമ്മളോടൊന്നും പറയാതെ ഇയ്യാൾ വല്ല സ്ത്രീധനവും വാങ്ങിയോ? ഞങ്ങളുടെ കുടുംബത്തിൽ ആ സമ്പ്രദായമില്ലാത്തതു കൊണ്ട് ബന്ധുക്കളുടെ 'എടാ വില്ലാ' എന്ന നോട്ടത്തിന്റെ അർത്ഥം എനിക്കും മനസ്സിലായില്ല.

ലളിതയുടെ അച്ഛന്റെ ഉറ്റ സ്‌നേഹിതനും ബന്ധുവും സുരേന്ദ്ര മോട്ടോഴ്|സിന്റെ ഉടമസ്ഥനുമായ ശ്രീ ഗംഗാധര മേനോന്റെ കാറായിരുന്നു അത്. ബസ്സിൽ നിന്ന് ഞാൻ ഇറങ്ങിയ ഉടനെ 'അറസ്റ്റ്' ചെയ്തു കൊണ്ടു വരാൻ പറഞ്ഞയച്ചതായിരുന്നു.

പിന്നെ ഞങ്ങൾ ഒരാഴ്ച കഴിഞ്ഞ് ദില്ലിയിൽ എത്തിയപ്പോൾ, ഒരു ശൃംഗാര മുഹൂർത്തത്തിൽ ഞാൻ ലളിതയോട് ചോദിച്ചു. 'ഞാൻ വരാൻ വൈകിയപ്പോൾ നിനക്ക് പരിഭ്രമമുണ്ടായോ?' മറുപടി ഇതായിരുന്നു. 'എന്തിന്? തൃശ്ശൂരിൽ വേറെ ആൺപിള്ളേരൊന്നുമില്ലേ?' ദൈവമേ, ഈ മറുപടി കേൾക്കാൻ വേണ്ടി അങ്ങിനെ ഒരു ചോദ്യം ചോദിക്കണമായിരുന്നോ?

ഇപ്പോൾ കല്യാണം കഴിഞ്ഞ് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞപ്പോൾ ഞാൻ ചോദിക്കേണ്ടത്. 'എന്നാൽ അതു പോരായിരുന്നോ?'

നീ എവിടെയാണെങ്കിലും എന്ന സമാഹാരത്തില്‍നിന്ന്

ഇ ഹരികുമാര്‍

E Harikumar