ഡോ. പി.ജി. പത്മിനി

സ്ത്രൈണാനുഭവങ്ങളുടെ സത്യവാങ്മൂലം

ഡോ. പി.ജി. പത്മിനി

തലച്ചോറിൽ ഇടിമിന്നലുകളോ മനസ്സിൽ കൊളുത്തിവലിക്കുന്ന മുൾമുനകളുടെ വേദനകളോ മുറിവുകളോ ഒന്നുമുണ്ടാക്കാതെ കടന്നുപോകുന്ന കഥകളാണ് ഇ. ഹരികുമാറിന്റേത്. ഒരു പ്രത്യേക താളക്രമത്തിൽ ലളിതമായും സ്വച്ഛമായും അതങ്ങനെ ഒഴുകിനീങ്ങുന്ന വായനാനുഭവമായിത്തീരുന്നു. വായനയ്ക്കുശേഷം എവിടെയോ അരിച്ചു നടക്കുന്ന അസ്വസ്ഥതകൾ നമ്മെ അലോസരപ്പെടുത്തുന്നതായും, ആലോചനകൾക്കു പ്രേരിപ്പിക്കുന്നതായും സ്വയം വിചാരണയുടെ ലോകം തുറന്നിടുന്നതായും അനുഭവപ്പെടുകയും ചെയ്യും. ഈ കഥാപാത്രങ്ങളിൽ പലരും കഥാകൃത്തിന് പരിചയമുള്ളവരെ പോലെ നമുക്കും പരിചയമുള്ളവരാണല്ലോ എന്ന ചിന്ത മനസ്സിൽ കടന്നുകൂടും. ഇവരിൽ ചിലർ നഗരത്തിന്റെ പരിഷ്‌കൃതമുഖവും ചിന്തകളും ഉള്ളവരാണെങ്കിൽ മറ്റു ചിലർ സാധാരണക്കാരും ദരിദ്രരുമാണ്. ചേരി നിവാസികൾ പോലുമുണ്ട് ഇക്കൂട്ടത്തിൽ. ഇവരിലാരും നമുക്കും അപരിചിതരല്ല എന്നു നാമറിയുന്നത് അകൃത്രിമവും സത്യസന്ധവുമായ രചനാശൈലിയിലൂടെ ഹരികുമാർ സാക്ഷാൽക്കരിക്കുന്ന സൂക്ഷ്മജീവിതാവിഷ്‌കാരവൈഭവം കൊണ്ടാണ്. വ്യത്യസ്ത ജീവിത പശ്ചാത്തലങ്ങൾ ഒരുക്കിക്കൊടുത്ത അനുഭവതലങ്ങളായിരിക്കും ഇത്രയേറെ വൈവിദ്ധ്യമുള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിനുള്ള അവസരമൊരുക്കിക്കൊടുത്തത്. 'എന്റെ സ്ത്രീകൾ' എന്ന കഥാസമാഹാരത്തിലെ കഥകൾ പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ സ്ത്രീകളുടെ കഥകളാണ്. ഒട്ടും അതിശയോക്തിയില്ലാതെ സ്ത്രീപക്ഷകഥകൾ എന്ന് വിശേഷിപ്പിക്കാവുന്ന കഥകൾ. പെണ്ണെഴുത്തിന്റെ അവകാശവാദങ്ങളെ പലതിനെയും വെല്ലുവിളിക്കാൻ പോന്ന അളവിൽ സ്ത്രീ ലൈംഗികതയെ അടക്കം ധീരമായി കൈകാര്യം ചെയ്യുന്ന കഥകൾ.

സ്ത്രീയുടെ ശരീരത്തെക്കുറിച്ചും മാനസികവും വൈകാരികവുമായ അനുഭവങ്ങളുടെ തീവ്രതയെക്കുറിച്ചും പൂർണ്ണമായ അർത്ഥത്തിലും ആഴത്തിലും ആവിഷ്‌കരിക്കാൻ സ്ത്രീക്കു മാത്രമേ കഴിയുകയുള്ളൂ എന്ന ധാരണയെ കടപുഴക്കിയെറിയുന്ന കഥകളാണ് ഇ. ഹരികുമാറിന്റേത്. പുരുഷാധിപത്യ ലൈംഗികതയിൽ നിന്നുള്ള ഒരുയിർത്തെഴുന്നേല്പാണ്, മോചനമാണ് സ്ത്രീകൾക്കുണ്ടാവേണ്ടത് എന്ന ബോധം ഈ എഴുത്തുകാരനുണ്ട്. ലൈംഗികതയെക്കുറിച്ച് പറയുമ്പോൾ പുരുഷൻ എന്നും അധീശാധികാരിയും സ്ത്രീ വിധേയയുമാണെന്ന സമൂഹത്തിന്റെ പൊതുബോധത്തെ ചോദ്യം ചെയ്യുന്ന, സ്ത്രീയുടെ ലൈംഗിക സ്വാതന്ത്ര്യം പൂരുഷനു തുല്യമാണെന്ന് ബോധപൂർവ്വമായ വെളിപ്പെടുത്തലുകൾ നടത്തുന്ന കഥകൾ ഇ. ഹരികുമാറിന്റേതായിട്ടുണ്ട്.

ഒരു സ്ത്രീ രചയിതാവിന് സമൂഹം അവളുടേതായ മേച്ചിൽപ്പുറങ്ങൾ അനുവദിച്ചുകൊടുത്തിട്ടുണ്ട്. അതിനപ്പുറത്തേക്ക് കടന്നുകയറാൻ ശ്രമിക്കുന്നവർക്കായി ഒരുക്കിവെച്ചിരിക്കുന്ന ചാട്ടവാറുകൾ കുറച്ചൊന്നുമല്ലതാനും. അതിനെ ചോദ്യം ചെയ്യാൻ, രചനാപരമായ സ്വാതന്ത്ര്യങ്ങൾ പ്രഖ്യാപിക്കാൻ അധികമാരും മുമ്പോട്ടു വന്നിട്ടില്ലതാനും. അതുകൊണ്ടുതന്നെ തുറന്നുകാട്ടുന്ന വികാരവിചാരങ്ങളേക്കാൾ ഒളിപ്പിച്ചുവെക്കാൻ വിധിക്കപ്പെടുന്ന വികാരവിചാരങ്ങളാണേറെയും. മനസ്സിന്റെ വെളിപ്പെടുത്തലുകൾക്കുള്ള സെൻസർ ബോർഡു നിയന്ത്രണങ്ങളെ അനുസരിക്കുന്ന എഴുത്തികാരികളാണ് നമുക്കുള്ളവരിൽ കൂടുതൽ. മാധവിക്കുട്ടിയും സാറാ ജോസഫും ഗ്രേസിയും തനൂജയും സിതാരയുമൊക്കെ ഒരു പരിധി വരെ ഇതിനെ ചോദ്യം ചെയ്യാനുള്ള സർഗ്ഗാത്മകമായ സ്‌ത്രൈണധീരത പ്രകടിപ്പിച്ചിട്ടുണ്ട്.

ചരിത്രത്തിലെവിടെയും മുഴങ്ങിക്കേട്ടിട്ടുള്ളത് പുരുഷാധിപത്യ സ്വരങ്ങളാണല്ലോ. കുടുംബമേധാവിത്വമായിരുന്നാലും സമൂഹമേധാവിത്വമായിരുന്നാലും ലൈംഗിക മേധാവിത്വമായിരുന്നാലും പുരുഷന്റെ അവകാശമാണെന്ന തീർപ്പാണ് ഇന്നും നമുക്കുള്ളത്. അത്തരമൊരു സാമൂഹിക ചുറ്റുപാടിൽ പുരുഷന് അനുവദിക്കപ്പെട്ട രചനാപരമായ ലൈംഗികാവിഷ്‌കരണത്തിന്റെ വിസ്തൃതലോകം സ്ത്രീക്ക് അനുവദിച്ചുകൊടുക്കാൻ പുരുഷനെങ്ങനെ കഴിയും. അതുകൊണ്ടുതന്നെ സ്ത്രീ സാഹിത്യത്തിൽ ഏറെയും ഏകാകിത, അന്യഥാബോധം ലോകത്തോടു മുഴുവനുള്ള വിദ്വേഷം, വേദനയുടെ പാരമ്യത്തിൽ ഉരുവം കൊള്ളുന്ന ഉന്മാദം, അനീതിയോട് പൊരുത്തപ്പെടാനും അതിനെ നേരിടാനും കഴിയാതെ മരണത്തിലേക്ക് നടന്നുപോകുന്ന ദുരന്തം എന്നിങ്ങനെയുള്ള ദയനീയാവസ്ഥകൾ പരാമർശിക്കുന്നവയായിരുന്നു. ആത്മകഥാ രചയിതാക്കൾക്കുപോലും പൂർണ്ണമായും തങ്ങളെ വെളിപ്പെടുത്താൻ സമൂഹത്തിന്റെ സദാചാരസെൻസർഷിപ്പ് അനുവാദം നല്കാത്ത ഒരിടത്ത് ഒരു സ്ത്രീയെങ്ങനെയാണ് ആന്തരിക ജീവിതത്തിന്റെ വാതിലുകൾ തുറന്നിടുക. അയവില്ലാത്ത ചോദ്യശരങ്ങളെയും വിചാരണകളെയും വിലയിരുത്തലുകളെയും ഭയപ്പെടുന്ന സ്ത്രീരചയിതാക്കൾ തങ്ങളുടെ സർഗ്ഗാത്മക കൃതികളെയും അച്ചടക്കലംഘനത്തിനായി അനുവദിക്കുന്നില്ല. ഒരു സർഗ്ഗാത്മകരചയിതാവിന്റെ കഥാപാത്രങ്ങളിലൂടെയും വീക്ഷണങ്ങളിലൂടെയും വ്യക്തിയുടെ ജീവിതത്തിന്റെയും മനസ്സിന്റെയും ഗൂഢമാർഗ്ഗങ്ങളിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിക്കുന്ന വായനക്കാരന്റെ ജുഗുപ്‌സാവഹമായ തൃഷ്ണ എത്രമാത്രമുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുള്ളവരായിരിക്കും സ്ത്രീരചയിതാക്കളേറെയും. അതുകൊണ്ട് എഴുത്തുകാരികൾ തങ്ങളുടെ മുഖം മിനുക്കിവെക്കാനും തന്റെയും കുടുംബത്തിന്റെയും സൽപ്പേരുകൾക്ക് പോറലേൽക്കാതിരിക്കാനും ശ്രദ്ധിക്കും. ഉപയോഗിക്കുന്ന ഭാഷക്കുപോലും കൂച്ചുവിലങ്ങുകളിടും. ഭാഷാപരമായ സിദ്ധികൾ വികസിപ്പിക്കാനുള്ള സ്വാതന്ത്യം പോലും സ്ത്രീകൾ വിനി യോഗിക്കുന്നത് ഭയത്തോടെയാണ്.

ഒരു സ്ത്രീരചയിതാവിനും തുറന്നുകാട്ടാൻ കഴിയാത്ത വികാരത്തിന്റെയും വിചാരത്തിന്റെയും നൈസർ ഗ്ഗിക ചോദനകളുടെയും പ്രവാഹവേഗങ്ങളെ തുറന്നുകാട്ടാൻ ഒരു പുരുഷൻ സന്നദ്ധനാകുന്നുവെങ്കിൽ അതയാൾ സ്ത്രീക്കനുവദിച്ചുകൊടുക്കുന്ന അർഹമായ അംഗീകാരത്തിന്റെ അടയാളമായി കണക്കാക്കണം. ഇ. ഹരികുമാറിന്റെ കഥകളിൽ പൗരുഷത്തിന്റെ മേധാവിത്വശക്തിയെ വാക്കുകളിലൂടെയും ചിന്തകളിലൂടെയും സ്ത്രീ സമൂഹത്തിൽ അടിച്ചേൽപിക്കുന്ന ഒരു പുരുഷന്റെ ആധിപത്യേച്ഛയുടെ പ്രകടനങ്ങളല്ല നാം കാണുന്നത്. സഹജീവിയോടുള്ള ആത്മാർത്ഥതയും സ്‌നേഹവും പരിഗണനയും അംഗീകാരവും കൊണ്ട് സമ്പന്നമായ ഒരു മനസ്സിന്റെ വെളിപ്പെടുത്തലുകളാണ്. അതുകൊണ്ടുതന്നെ സ്ത്രീകളുടെ സ്വാർത്ഥതയും വഞ്ചനയും, അല്പത്വവും സങ്കുചിതചിന്തകളും ലൈംഗികാഭിനിവേശങ്ങളും, പാതിവ്രത്യലംഘനങ്ങളും, കണ്ണീരും, ദയനീയതകളുമല്ല നാം ഈ കഥകളിൽ കാണുന്നത്. ഇവയുടെയെല്ലാം സാന്നിദ്ധ്യമുള്ളിടത്തുപോലും സ്ത്രീക്ക് അവളുടേതായ വ്യക്തിത്വവും പ്രത്യേകതകളും അനുവദിച്ചുകൊടുക്കുന്നുണ്ട് കഥാകൃത്ത്. നിരീക്ഷണത്തിലെ സൂക്ഷ്മതയും സമീപനത്തിലെ സഹാനുഭൂതിയും സമന്വയിച്ച് കഥ ഹൃദയഹാരിയായി മാറുകയും ചെയ്യുന്നു.

തങ്ങളുടേതല്ലാത്ത തെറ്റുകൾ കൊണ്ട് സ്ത്രീജീവിതത്തിന്റെ ധന്യത സാക്ഷാൽക്കരിക്കാൻ കഴിയാതെ പോകുന്ന കഥാപാത്രങ്ങൾ ധാരാളമുണ്ട് ഹരികുമാറിന്റെ കഥകളിൽ. അനിതയുടെ വീട് എന്ന കഥയിലെ നളിനിയെപ്പോലെ, സ്‌നേഹത്തിന്റെ അടിത്തറയുണ്ടെങ്കിൽ വിവാഹേതരബന്ധങ്ങൾ പോലും അനുവദനീയമാണ് എന്ന കാഴ്ചപ്പാടുള്ള കഥാകൃത്ത് തന്റെ കഥാപാത്രങ്ങൾക്ക് സമൂഹത്തിന്റെ കുറ്റവിചാരണയിൽ നിന്ന് മോചനം നല്കുകയാണ് ഈ കഥയിൽ. അനിതയുടെ വീട് ഒരു സങ്കല്പമാണ്. ഒരു നുണയാണ്. കാരണം നളിനിക്ക് തന്റെ കാമുകനായ നരേന്ദ്രന്റെ വീട്ടിലേക്കാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഒരു രാത്രി വിട്ടുനില്ക്കാനാവില്ല. ഭർത്താവിന് ഭാര്യയിൽനിന്ന് രക്ഷപ്പെടാനുള്ള ഉപാധികളിലൊന്ന് അവളുടെ ചാരിത്ര്യത്തെ ചോദ്യം ചെയ്യുകയാണ്. അത്തരം ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കുക സാദ്ധ്യമല്ലാത്തതുകൊണ്ട് തെറ്റുകാരനായ പുരുഷൻ മാന്യനാവുകയും സ്ത്രീ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു. അത്തരം അവസ്ഥയുടെ ഇരയായിരുന്നു നളിനി എന്ന പാവം പെൺകുട്ടി. അച്ഛൻ അമ്മയെ പിഴച്ചവൾ എന്ന് സമൂഹത്തിനു മുമ്പിൽ മുദ്രകുത്തി നിർത്തിയപ്പോൾ മകൾ വിവാഹക്കമ്പോളത്തിൽ വിലയില്ലാത്തവളായി, അപഹാസ്യയായി. സുന്ദരിയായിരുന്നു, ഉദ്യോഗസ്ഥയായിരുന്നു. പക്ഷേ അച്ഛന്റെ ആരോപണങ്ങൾ അവളുടെ ജീവിതത്തിൽ കറുത്ത നിഴൽ പരത്തി നിന്നു. കുടുംബ ജീവിതത്തിൽ സ്വന്തം ഇഷ്ടങ്ങൾക്ക് മാത്രം വില കല്പിക്കുന്ന രജനിയിൽനിന്ന് മോചനം കിട്ടുന്ന ദിവസങ്ങളിൽ നരേന്ദ്രന്റെ ജീവിതത്തിലേക്ക് നളിനി കടന്നുചെന്നു. ഒരു പകരക്കാരിയുടെ കുപ്പായമണിയാൻ നളിനിക്ക് വേദനയുണ്ടെങ്കിലും പരസ്പരം അറിയുന്നവരും അംഗീകരിക്കുന്നവരുമായതുകൊണ്ട് രണ്ടുപേരും അതിനോട് പൊരുത്തപ്പെടുകയാണ്. ഔപചാരികമല്ലാത്ത ആ ശാരീരബന്ധത്തെ വായനക്കാരും അംഗീകരിച്ചുപോവുകയാണ്. നരേന്ദ്രന് ഇഷ്ടമുള്ള ഭക്ഷണമൊരുക്കുന്നു നളിനി. 'നീ നീയാവുന്നത് എന്റെ ഒപ്പം മാത്രമാണ്, മറ്റുള്ള സമയങ്ങളിലെല്ലാം നീ അഭിനയിക്കുകയാണ്' എന്ന് നരേന്ദ്രൻ നളിനിയോട് പറയുന്നു. താലിച്ചരടല്ല, സ്‌നേഹത്തിന്റെയും തിരിച്ചറിവിന്റെയും ചരടാണ് ദാമ്പത്യത്തിന്റെ അടിത്തറ എന്ന് ഈ കഥാപാത്രങ്ങളിലൂടെ കഥാകൃത്ത് നമ്മെ ബോധ്യപ്പെടുത്തുകയാണ്.

സ്ത്രീപുരുഷബന്ധത്തിന്റെ ഏറ്റവും നൈസർഗ്ഗികമായ പ്രവാഹത്തിന്റെ കഥ പറയുകയാണ് 'മാങ്ങാറിച്ചെടികൾ' എന്ന കഥയിലൂടെ ഹരികുമാർ. പ്രായവും വിലക്കുകളും വഴിമാറിപ്പോകുന്നു. പുരുഷനും സ്ത്രീയും അവരുടെ ശാരീരികകാമനകളും സ്വാഭാവികമായ ഒരൊഴുക്കിൽ പെടുകയാണ്. കഥ പറച്ചിലിന്റെ പ്രത്യേകതകൊണ്ട് വായനക്കാരന്റെ മനസ്സിലും സദാചാരലംഘനത്തിന്റെ അസ്‌കിത ഉണ്ടാക്കുന്നില്ല ഈ കഥ. ചെറുപ്പകാലം മുതലേ അമ്മാവന്റെ ഗ്രാമത്തിലെ മാങ്ങാറിച്ചെടികളുടെ ഗന്ധം രാജുവിന് പരിചിതമാണ്. ബോംബേയിൽ ജോലി ചെയ്യുന്ന രാജുവിന് നീണ്ട പത്തുവർഷം ആ ഗന്ധം തേടി മരിച്ചുപോയ അമ്മാവന്റെ ഗ്രാമത്തിലെത്താൻ കഴിഞ്ഞില്ല. പിന്നീടവൻ വന്നപ്പോഴാകട്ടെ ഗ്രാമത്തിന്റെ മുഖച്ഛായ മാറുകയും നഗരത്തിന്റെ പ്രത്യേകതകൾ കുടിയേറുകയും ചെയ്തിരുന്നു. പക്ഷേ അമ്മാവന്റെ മകൾ സുഭദ്രാചേച്ചിയുടെ മാറ്റമില്ലാത്ത ജീവിതം പോലെ അവർ താമസിച്ചിരുന്ന വീടും അതിനു ചുറ്റുമുള്ള ഭൂമിയും മാറ്റമില്ലാത്ത ഒരു ദ്വീപായി പരിണമിച്ചതവനറിഞ്ഞു. സുഭദ്രയുടെ വാക്കുകൾ തന്നെ അത് ധ്വനിപ്പിക്കുന്നുണ്ട്. 'എന്റെ വിശേഷങ്ങളോ? പറയണ്ട വിശേഷങ്ങള് തന്നെ. സൂര്യനദിക്കുന്നു, അസ്തമിക്കുന്നു. ഈ വലിയ വീട്ടിൽ അമ്മയുടെ ഒപ്പം നിത്യകന്യകയായി ഞാൻ ജീവിക്കുന്നു.' നല്ല നായർക്കേ മകളെ വിവാഹം ചെയ്തയക്കു എന്ന അച്ഛന്റെ വാശി അയാളുടെ മരണശേഷം മകളെ ഒറ്റയ്ക്ക് ജീവിക്കാനുള്ള വിധിയിലേക്ക് വലിച്ചെറിയുകയാണ്. തറവാടിത്തം അവളെ ഒരു ദ്വീപുനിവാസിയാക്കി. രാജുവിന്റെ സാന്നിദ്ധ്യം അവളിലെ സ്ത്രീത്വത്തെ ഉണർത്തി. അവൻ പുരുഷനും അവൾ സ്ത്രീയുമായി. ജൈവികവും നൈസർഗ്ഗികവുമായ വികാരപ്രവാഹത്തിൽ വിലക്കുകൾ പ്രസക്തിയറ്റതായി.

തിമാർപൂർ എന്ന കഥ പുരുഷന്റെ ലൈംഗിക സ്വാർത്ഥതയുടെ മുഖംമൂടി വലിച്ചുകീറുന്ന കഥയാണ്. വരൾച്ച ബാധിച്ച ഗ്രാമത്തിൽനിന്ന് ജീവൻ രക്ഷിക്കാനായി തിമാർപൂരിലെ ഭർത്താവിനടുത്തേക്ക് പോകാൻ പുറപ്പെട്ട ഗ്രാമീണയുവതി ബസ്സിന് പണമില്ലാത്തതുകൊണ്ട് ദില്ലിയിൽ കുടുങ്ങുകയാണ്. അവളുടെ വിഭ്രമം കലർന്ന ഭാവം ഈ നഗരം അവൾക്ക് പരിചിതമല്ല എന്ന അറിവ് അയാൾക്ക് പകർന്നുകൊടുത്തു. ഒരു ദിവസത്തെ അഭയം ലഭിക്കുമെന്ന ആശ്വാസത്തിൽ അയാളോടൊപ്പം പോയ അവൾക്ക് ഭക്ഷണവും മാറാനുള്ള വസ്ത്രവും നൽകി അയാ ൾക്കു വേണ്ടതെല്ലാം കവർന്നെടുത്തു. തലേ ദിവസത്തെ തിക്താനുഭവമായിരിക്കാം 'ബാബുജി എത്ര നല്ലയാളാണ്' എന്നവളെക്കൊണ്ട് പറയിച്ചത്. പകൽ വെളിച്ചത്തിൽ തന്റെ മാന്യത തകർന്നുപോകും എന്നുള്ളതുകൊണ്ട് അയാൾ അവളെ പറഞ്ഞയച്ചു. പടിയിറങ്ങിപ്പോയിക്കഴിഞ്ഞപ്പോഴാണ് അവൾക്ക് തിമാർപൂരിലേക്കുള്ള ബസ്സുകൂലി പോലും കൊടുത്തില്ലല്ലോ എന്നയാളോർ ത്തത്. പിന്നീടയാൾ സ്വയം ആശ്വസിക്കുകയാണ് തനിക്ക് ഒരു വേശ്യയോടൊപ്പം കിടക്കണമെന്നല്ല ഉണ്ടായിരുന്നത്. അവൾ ഒരു വേശ്യയുമല്ലല്ലോ, അതുകൊണ്ട് പണം കൊടുക്കാതിരുന്നതിൽ തെറ്റില്ല. തിമാർപൂരിലേക്കുള്ള ബസ്സുകൂലിയില്ലാത്തതുകൊണ്ട് ഇനി വരുന്ന ഒരു രാത്രിയും മറ്റൊരാളോടൊപ്പം ആ പാവം ഗ്രാമീണ സ്ത്രീ കഴിയേണ്ടിവരുമെന്ന തിരിച്ചറിവുണ്ടാകുമ്പോൾ വായനക്കാർ അറിയാതെ പറഞ്ഞുപോകും. 'പുരുഷാ നിന്റെ കാമാതുരത ഏതെല്ലാം ന്യായങ്ങളും വിധികളും തീർപ്പുകളും അവസരങ്ങൾക്കൊത്തു തീർക്കും എന്ന് ആർക്കാണ് അറിയാത്തത്?'

'ലോഡ്ജിൽ ഒരു ഞായറാഴ്ച' എന്ന കഥയിൽ മനസ്സാക്ഷിയില്ലാത്ത ഒരു പറ്റം ചൂഷകരായ ചെറുപ്പക്കാർ ഒരു സ്ത്രീയെ ഉപയോഗിച്ച് പറ്റിക്കുന്നതിന്റെ ചിത്രമാണുള്ളത്. ലോഡ്ജിൽ താമസിക്കുന്ന സുരേഷിന്റെ അളിയനും പെങ്ങളുമാണെന്ന് പരിചയപ്പെടുത്തിയാണ് ലോഡ്ജിലെ താമസക്കാർ ലോഡ്ജുടമയായ ഗോപാലമേനോനെ കബളിപ്പിക്കുന്നത്. പറഞ്ഞുറപ്പിച്ച തുക തരാതെ തന്നെ കബളിപ്പിച്ചു എന്ന് പറഞ്ഞു കരയുന്ന സ്ത്രീ തന്റെ ജീവിത ദുരന്തചിത്രം അവതരിപ്പിച്ചപ്പോൾ ഗോപാലമേനാന്റെ മനസ്സലിഞ്ഞു. രണ്ടു മക്കളും പനിപിടിച്ച് കിടപ്പിലാണെന്നും ഇന്ന് കിട്ടുന്ന പണം കൊണ്ടുവേണം അവരെ ഡോക്ടറെ കാണിക്കാനെന്നും പറഞ്ഞപ്പോൾ മനഃസാക്ഷി മരവിച്ചിട്ടില്ലാത്ത ആ പഴയ തലമുറക്കാരൻ പൂട്ടും കടലയും പൊതിഞ്ഞ് കുട്ടികൾക്കായി കൊടുക്കുകയും മേശയിലുണ്ടായിരുന്ന അന്നത്തെ വരവുമുഴുവൻ വാരി നൽകുകയും ചെയ്തു. രണ്ടും വാങ്ങാതെ ആ സ്ത്രീ വേച്ചുവേച്ച് നടന്നു പോകുമ്പോൾ പുരുഷന്റെ ലൈംഗികവും അല്ലാത്തതുമായി ക്രൂരതകളുടെ കനലുകൾ എരിഞ്ഞുകത്തുന്നത് വായനക്കാരെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കും. മാന്യന്മാരായ ഉപഭോക്താക്കളായി ചെറുപ്പക്കാർ സമൂഹമദ്ധ്യത്തിൽ നില്ക്കുമ്പോൾ വേശ്യ എന്ന് മുദ്രയടിക്കപ്പെടുന്ന സ്ത്രീയുടെ ജീവിതപശ്ചാത്തലമോ ദൈന്യതകളോ സമൂഹം തിരിച്ചറിയാറില്ല. ആ തിരിച്ചറിവുള്ള മനുഷ്യസ്‌നേഹിയായി ഗോപാലമേനോൻ നിലകൊള്ളുന്നു. അത്തരം മനുഷ്യർ സമൂഹത്തിൽ വളരെ കുറവാണ്. അതേ സമയം ലോഡ്ജുനിവാസികളായ ചെറുപ്പക്കാരെപ്പോലുള്ള ചൂഷകർ ഈ സമൂഹത്തിൽ ഏറെയുണ്ട് താനും. ആങ്ങളക്കുവേണ്ടി തനിക്കു ലഭിക്കുമായിരുന്ന സുരക്ഷിതത്വമുള്ള ജീവിതം വലിച്ചെറിഞ്ഞ് പിന്നീട് അതേ ആങ്ങളയുടെ കണ്ണിലെ കരടായി, അപമാനമായി മാറിയപ്പോൾ ഭാണ്ഡക്കെട്ടുമായി പടിയിറങ്ങിപ്പോയ പെങ്ങളുടെ ജീവിതവ്യഥകൾ തൂലികത്തുമ്പിലൂടെ അനശ്വരമാക്കിത്തീർത്ത ഇടശ്ശേരിയുടെ മകന് ഇത്തരം ജീവിതം നയിക്കുന്നവരുടെ ദൈന്യപശ്ചാത്തലങ്ങൾ തിരിച്ചറിയാൻ കഴിയും, സൂക്ഷ്മതലത്തിൽ തന്നെ അവതരിപ്പിക്കാനും കഴിയും എന്ന് ഈ കഥ വിളിച്ചുപറയുന്നു.

'ഒരു ദിവസത്തിന്റെ മരണം', 'അമ്മേ അവര് നമ്മടെ ആകാശം കട്ടെടുത്തു' എന്നീ കഥകളിൽ സ്ത്രീജീവിതത്തിന്റെ ഏറ്റവും ദയനീയമായ അവസ്ഥകൾ എങ്ങനെയാണ് അവരെ സമൂഹം തെറ്റുകളെന്ന് വിധിക്കുന്ന സാഹചര്യങ്ങളിലെത്തിക്കുന്നതെന്ന് കാണിച്ചുതരുന്നു. കൗസല്യയുടെയും മാതുവിന്റെയും ജ്യോതിയുടെയും ജീവിതചിത്രം വരച്ചുകാട്ടുമ്പോൾ അവരുടെ തെറ്റുകൾ ശരികളായിത്തീരുകയും പുരുഷന്റെ ക്രൂരതകൾ എങ്ങനെയാണ് സ്ത്രീജീവിതങ്ങളെ ചവിട്ടിയരച്ച് കടന്നുപോകുന്നതെന്ന് വ്യക്തമാവുകയും ചെയ്യുന്നു. ഇടശ്ശേരിയുടെ നെല്ലുകുത്തുകാരി പാറു തന്റെ തൊഴിൽ മേഖലയിലെ യന്ത്രവത്കരണത്തോടെ കൊച്ചുമുതലാളിയോടുള്ള റൊമാന്റിക് പ്രേമത്തിൽ നിന്ന് വിടുതൽ നേടി കൊമ്പൻമീശക്കാരന്റെ താൻ ഭയപ്പെട്ടിരുന്ന ചുവന്ന കണ്ണുകളിലെ സ്‌നേഹത്തിന്റെ സുരക്ഷിതത്വത്തിൽ അഭയം തേടി. ഹരികുമാറിന്റെ കഥയിൽ കൗസല്യ ഭർത്താവിനെയും മകനെയും പുലർത്തുന്നതിനുവേണ്ടി, ദിവസവും കൂലിയായി കിട്ടുന്ന അഞ്ചു രൂപയ്ക്കു വേണ്ടി കാന്തിലാൽ സേട്ടുവിന്റെ മുമ്പിൽ അയാളുടെ ലൈംഗിക വിക്രിയകളെ സ്വപ്നത്തിൽ കാണുന്നപോലെ കണ്ട് നിസ്സംഗയും നിസ്സഹായയുമായി നിലകൊള്ളുകയാണ്. അവൾക്കുള്ള വേദന തിരുമ്പിയാലും വെളുക്കാതായ തന്റെ അടിവസ്ത്രങ്ങൾ വേറൊരു പുരുഷൻ കാണുന്നതിലായിരുന്നു. അയാൾ വാഗ്ദാനം ചെയ്ത സൂപ്പർവൈസറുടെ ജോലിയും കൈവെള്ളയിൽ വെച്ചുകൊടുത്ത മുപ്പതു രൂപയുമായി നീങ്ങുന്ന കൗസല്യയുടെ നിസ്സംഗത വായനക്കാരന്റെ മനസ്സിലേക്കും പടരും. കൗസല്യയോടുള്ള സഹതാപം മനസ്സിനെ മരവിപ്പിക്കുന്ന അവസ്ഥയിലെക്ക് നീങ്ങും. അതിൽ നിന്ന് പതിനാലു രൂപ കൊടുത്ത് വാങ്ങിയ ബനിയനുകളിൽ ഭർത്താവിനു വാങ്ങിയ ബനിയന്റെ രണ്ടു കക്ഷങ്ങളിലും ചെറിയ കീറലുകളുണ്ടായിരുന്നുവെന്ന് കഥാകൃത്ത് എഴുതുമ്പോൾ സാരമില്ല അത് തുന്നാം എന്ന് ഭർത്താവിനെക്കൊണ്ട് പറയിക്കുമ്പോൾ ആ വാക്കുകൾക്ക് വല്ലാത്തൊരു പ്രതീകാത്മകതയും ശക്തിയും കൈവരുന്നു. ബനിയനിൽ പ്രത്യക്ഷപ്പെട്ട കീറൽ ഭാര്യത്വത്തിന്റെ, സ്ത്രീത്വത്തിന്റെ മുറിവായി, കീറലായി നീറിപ്പിടിക്കും. 'അവൾ സ്വയം വെറുത്തു, കാന്തിലാൽ ചെയ്തതിന് അയാളെ വെറുത്തു, കീറിയ ബനിയൻ നൽകിയതിന് പീടികക്കാരനെയും. എല്ലാറ്റിനുനുപരി പണം എവിടെനിന്നു കിട്ടിയെന്ന് അന്വേഷിക്കപോലും ചെയ്യാത്ത ഭർത്താവിനെയും അവൾ വെറുത്തു' - സ്ത്രീയെ ചൂഷണം ചെയ്യുന്ന, കബളിപ്പിക്കുന്ന, വില്പനച്ചരക്കാക്കുന്ന പുരുഷത്വങ്ങളുടെ മുഖത്തടിക്കുകയാണ് ഈ കഥയിലൂടെ ഹരികുമാർ ചെയ്യുന്നത്. അപഥസഞ്ചാരിണികൾ എന്ന് സമൂഹം മുദ്രകുത്തുന്ന അനവധി സ്ത്രീകൾക്കു വേണ്ടി അവരുടെ നിസ്സഹായാവസ്ഥകൾക്കു വേണ്ടി ഒരു കഥാകൃത്ത് തയ്യാറാക്കുന്ന സത്യവാങ്മൂലം ആയിത്തീരുന്നു ഈ കഥ.

ജ്യോതിയും മാതുവും വിഴുപ്പലക്കിയും അടുക്കളപ്പണി ചെയ്തും കുടുംബം പുലർത്തുന്നവരാണ്. അവർ ജോലി ചെയ്തിരുന്ന വീടുകൾ വില യ്ക്കു വാങ്ങി ആ സ്ഥലത്ത് ഫ്‌റാറ്റുകൾ ഉയരാൻ തുടങ്ങിയപ്പോൾ തൊഴിൽ നഷ്ടപ്പെട്ട അവർ ആശ്വസിച്ചത് ഫ്‌ളാറ്റുകളുടെ പണി നടക്കുമ്പോൾ തൊ ഴിൽ ലഭിക്കുമെന്നാണ്. ദൂരെ പോയി ജോലി ചെയ്ത് മദ്യപിക്കാനും സ്വയം ജീവിക്കാനുമുള്ള ഉത്തരവാദിത്വം മാത്രം പൂർത്തീകരിച്ച് കഴിയുന്ന ഭർത്താക്കന്മാർ മാസത്തിലൊരിക്കൽ വന്ന് അവരുടെ ശരീരം ഉപയോഗിച്ച് കയ്യിലുള്ളതുകൂടി തട്ടിപ്പറച്ച് കടന്നുകളയുന്നവരാണ്. തൊഴിൽ ലഭിക്കാതെ വന്നപ്പോൾ ഭർത്താക്കന്മാർ തിരിഞ്ഞുനോക്കാതെയുമായി. യന്ത്രവൽക്കരണത്തോടെ കെ ട്ടിടം പണിയിൽ സ്ത്രീകളുടെ പങ്കില്ലാതാവുകയും ജോലി കിട്ടില്ലെന്നുറപ്പാവുകയും ചെയ്തപ്പോൾ ഫ്‌ളാറ്റ് കോൺ ട്രാക്ടർ വെച്ചുനീട്ടിയ കൂടെക്കിടപ്പു ജോലി സ്വീകരിച്ചു പോവുകയാണവർ. അത്തരമൊരു സാഹചര്യത്തിലേക്കു അവരെ കൊണ്ടുചെന്നെത്തിച്ച പശ്ചാത്തലം വളരെ അനുതാപപൂർവ്വം ആവിഷ്‌കരിക്കുന്നുണ്ട് ഈ കഥയിൽ. തെറ്റെന്ന് ലോകം വിധിക്കുന്ന അവസ്ഥകളിലേക്ക് നിസ്സഹായരായ മനുഷ്യർ ചേക്കേറുന്നത് ഏത് സാഹചര്യത്തിലാണെന്ന് കഥാകൃത്ത് സൂക്ഷ്മമായി വരച്ചുകാട്ടുന്നു. തെറ്റിന്റെയും ശരിയുടെയും അതിർരേഖകൾ ഇവിടെ അലിഞ്ഞില്ലാതാകുന്നത് കാണാം.

സ്ത്രീലൈംഗികതയുടെ വിചിത്രമായ മുഖങ്ങളെ അവതരിപ്പിക്കുക എന്ന ബോധവൂർവ്വമായ ലക്ഷ്യത്തോടെ ഹരികുമാർ രചിച്ചിട്ടുള്ള കഥയാണ് 'സ്ത്രീഗന്ധമുള്ള മുറി'. ഭർത്തൃമതിയായ സുനിത, മോഹനുമായി അവിചാരിതമായി ശാരീരികബന്ധത്തിലേർപ്പെടുകയും പിന്നീടതു ആവേശത്തോടും സന്തോഷത്തോടും കൂടി തുടരുകയും ചെയ്യുന്നു. അതിനിടയ്ക്കാണ് തന്റെ ഭർത്താവിനെ വഞ്ചിക്കുകയാണെന്ന തോന്നൽ അവളുടെ മനസ്സിൽ ജനിക്കുന്നതും മോഹന്റെ മുന്നേറ്റത്തെ തടയുന്നതും. എത്ര കെഞ്ചിയിട്ടും വഴങ്ങാതിരുന്ന അവളെ അവൻ ബലാൽസംഗം ചെയ്തു. ബലാൽസംഗത്തിനൊടുവിൽ സുനിത അവന്റെ പൗരുഷത്തെയും കരുത്തിനെയും പ്രശംസിക്കുമ്പോൾ വെറുപ്പോടെ അവളെ അവഗണിച്ച് നടന്നുനീങ്ങുകയാണ് മോഹൻ. ഈ കഥയിൽ മനസ്സിന്റെ താല്പര്യങ്ങളെ അതിലംഘിച്ച് ശരീരം നേടുന്ന സംതൃപ്തിയുടെ ചിത്രമാണ് നഗ്നമായി അനാവരണം ചെയ്യുന്നത്. ശരീരകാമനകൾക്കു മുമ്പിൽ സദാചാരസംഹിതകൾ എത്ര വേഗമാണ് തകർത്തെറിയപ്പെടുന്നതെന്ന് നാം കാണുന്നു. 'ഓടിട്ട ചെറിയ വീട്' എന്ന കഥയിൽ രാജഗോപാലന്റെ വീട്ടിലേക്ക് കടന്നുചെന്ന രേണുക അയാളുടെ ഭാര്യയില്ലെന്ന തിരിച്ചറിവിൽ തന്റെ ശരീരത്തിന്റെ ആവശ്യം അയാളുടെ മുമ്പി ൽ വെളിപ്പെടുത്തുകയാണ്. സംതൃപ്തിയോടെ അവളവിടെ നിന്ന് തിരിച്ചുപോവുകയും ചെയ്തു. 'കള്ളിച്ചെടി' എന്ന കഥയിലെ വിമല വിചിത്രമായ സ്വഭാവങ്ങൾ പ്രകടിപ്പിച്ചുകൊണ്ട് തന്റെ മനസ്സിലെ അടക്കിവെച്ച കാമത്തെ വെളിപ്പെടുത്തുന്നത് 'ഈ പൂവും എന്നെപ്പോലെയാണ്, വിരിയും വാസനയില്ലാതെ രണ്ടുദിവസം നിൽക്കും പിന്നെ കൊഴിഞ്ഞുപോകും. കായയൊന്നുമുണ്ടാവില്ല' എന്നു പറഞ്ഞുകൊണ്ടാണ്. വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹിതയാകാൻ ഭാഗ്യമില്ലാതെ പോയ വിമലയുടെ നിരാശയത്രയും പൊങ്ങച്ചങ്ങൾ വിളമ്പിക്കൊണ്ടു നടന്ന സമയത്തും അവളുടെ ഉള്ളിൽ ഒളിഞ്ഞിരുന്ന് എരിഞ്ഞു കൊണ്ടിരുന്നു. ഈ കഥാപാത്രത്തെ സൃഷ്ടിച്ചത് ഏത് സ്ത്രീയെ ആസ്പദമാക്കിയാണോ അവരെ പിന്നീട് വർഷങ്ങൾക്കു ശേഷം കണ്ട അനുഭവം ഹരികുമാർ ഈ പുസ്തകത്തിൽത്തന്നെയുള്ള ഒരു ലേഖനത്തിൽ വിവരിക്കുന്നുണ്ട്. അപ്പോഴേക്കും വിവാഹിതയും അമ്മയുമായിത്തീർന്ന ആ സ്ത്രീയെ ഏതോ വിവാഹവേളയിൽ ഹാളിൽവെച്ച് കണ്ടപ്പോൾ അയാൾ പഴയ കള്ളിച്ചെടിയെക്കുറിച്ചോർക്കുകയും അതിപ്പോഴുമുണ്ടോയെന്ന് തമാശരൂപത്തിൽ ചോദിക്കുകയും ചെയ്തു.

'കുഞ്ഞിമാതു ചിരിച്ചുകൊണ്ടിരിക്കുന്നു' എന്ന കഥയിൽ പുരുഷലൈംഗികതയുടെ വിചിത്രഭാവങ്ങളാണ് ഒളിമിന്നി നിൽക്കുന്നത്. 'എന്തിനാണ് എന്നെ ഇത്രയധികം സുഖിപ്പിക്കുന്നത്' എന്നു പറഞ്ഞുകൊണ്ട് വേഴ്ചയ്ക്കുശേഷം ഉറക്കത്തിലേക്ക് ആണ്ടുപോകുന്ന ശ്യാമയെ അവതരിപ്പിച്ചുകൊണ്ട് സ്‌നേഹം വാങ്ങുന്നതുപോലെ തിരിച്ചുകൊടുക്കുകയും ചെയ്യേണ്ട ഒന്നാണെന്ന് ഹരികുമാർ വ്യഞ്ജിപ്പിക്കുന്നു. പല സ്ത്രീകൾക്കും ഇതറിയില്ലെന്നും വാങ്ങിവെക്കാനുള്ള വെപ്രാളം മാത്രമേ അവർക്കുള്ളു എന്നും അയാൾ കുറ്റപ്പെടുത്തുന്നു. പരസ്പരം തിരിച്ചറിഞ്ഞുകൊണ്ട് അംഗീകരച്ചുകൊണ്ട് നടത്തുന്ന ഒരു ശാരീരിക വേഴ്ച്ചയ്‌ക്കേ അതിന്റെ പരിപൂർണ്ണതയുള്ളുവെന്നും സ്‌നേഹത്തിന്റെ അടിത്തറയാണ് അതിന്റെ ശക്തിയെന്നും കഥാകൃത്ത് ഈ കഥകളിലെല്ലാം വ്യഞ്ജിപ്പിക്കുന്നുണ്ട്.

തന്റെ ഏറ്റവും നല്ല കഥയായി 'കറുത്ത തമ്പ്രാട്ടി' എന്ന കഥ ഹരികുമാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ കഥയിലെ പ്രമേയം സമകാലീന പ്രസക്തിയുള്ള ഒന്നല്ല. കഥ ആസ്വദിക്കണമെങ്കിൽ ഫ്യൂഡൽ കാലഘട്ടത്തിലേക്ക് വായനക്കാരൻ തന്റെ മനസ്സിനെ തിരിച്ചുനടത്തേണ്ടതുണ്ട്, പൊരുത്തപ്പെടേണ്ടതുണ്ട്. ഇതിലെ തമ്പ്രാൻ 2000 രൂപ കൊടുത്ത് താമി യെ നിശ്ശബ്ദനും നിസ്സഹായനുമാക്കി അയാളുടെ ഭാര്യ ലക്ഷ്മിയെ തന്റെ വെപ്പാട്ടിയാക്കിയിരിക്കുകയാണ്. പണം കൊണ്ടുവന്നാൽ എന്നു വേണമെങ്കിലും കൊണ്ടുപോയ്‌ക്കോ എന്നാണയാൾ താമിയോട് പറഞ്ഞിട്ടുള്ളത്. നാലു വർഷമായി താൻ കാണാതിരുന്ന മകൾ സുലുവിനെ കാണണമെന്ന് ലക്ഷ്മി പറഞ്ഞപ്പോൾ തമ്പ്രാൻ അത് സാധിച്ചുകൊടുക്കുകയും അവൾക്കുവേണ്ടി രണ്ടുടുപ്പുകൾ സമ്മാനിക്കുകയും ചെയ്യുന്നു. സുലുവിന് തന്നോട് സ്‌നേഹത്തോടെ പെരുമാറിയ സ്ത്രീ തന്റെ അമ്മയാണെന്ന് മനസ്സിലായില്ല. അവൾ പറഞ്ഞുമില്ല. അവൾ തിരിച്ചുചെന്ന് അമ്മയെക്കുറിച്ച് പറഞ്ഞത് കറുത്ത തമ്പ്രാട്ടി തന്നോട് വളരെയധികം സ്‌നേഹം പ്രകടിപ്പിച്ചുവെന്നാണ്. 'താമി വന്നിരുന്നു. നിന്നെ അങ്ങനെയങ്ങട് പറഞ്ഞയക്കും ഞാൻന്ന് തോന്ന്ണ്‌ണ്ടോ?' എന്ന തമ്പ്രാന്റെ വാക്കുകൾ അവളെ ആശ്വസിപ്പിക്കുകയാണ്. തമ്പ്രാന് തന്നോടുള്ള സ്‌നേഹത്തിന്റെ വാക്കുകളായാണ് അവളതിനെ വിലയിരുത്തുന്നത്. താമി പണം കൊണ്ടുവന്നു കൊടുത്താൽ തനിക്ക് പോകേണ്ടിവരുമെന്നാർത്ത് അവൾ ദുഃഖിക്കുകയാണ്, അങ്ങനെ സംഭവിക്കാൻ പോകുന്നില്ലെങ്കിലും. ഈ കഥയിൽ വെപ്പാട്ടിയാക്കപ്പെട്ടവൾ ലൈംഗികസുഖത്തിൽ മുഴുകി ഭർത്താവിനെയും മകളെയും മറക്കുകയാണ് എന്നു പറയാം. തമ്പ്രാൻ പണക്കരുത്തുകൊണ്ട് തട്ടിപ്പറിച്ച് ഇരയാക്കി വെച്ചിരിക്കുന്ന സ്ത്രീയാണവൾ. താമി തികച്ചും നിസ്സഹായനും പാവവുമാണ്. മകളുടെ നഷ്ടങ്ങൾ വലുതാണ്. അമർഷങ്ങളത്രയും ഉള്ളിലൊതുക്കുന്ന വെളുത്ത തമ്പ്രാട്ടിയും അവർക്കിടയിലുണ്ട്. എന്നിട്ടും ഒരു ഭോഗവസ്തുവിന് തന്റെ യജമാനനോട് തോന്നുന്ന പിരിയാൻ കഴിയാത്ത ആ ഭാവം ഒരിക്കലും അനുതാപമർഹിക്കുന്ന ഒന്നല്ല. സ്ത്രീത്വം ശാരീരികസുഖത്തിനു മുമ്പിൽ പിൻതള്ളപ്പെടുന്ന അനുഭവം ന്യായീകരിക്കപ്പെടുന്നത് വായനക്കാരന് ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നല്ല.

സ്ത്രീജീവിതത്തിന്റെയും സ്ത്രീമനസ്സിന്റെയും വേവലാതികളും ആർത്തികളും സ്‌നേഹത്തിന്നു വേണ്ടിയുള്ള വിതുമ്പലുകളും നിഗൂഢരഹസ്യങ്ങളും സൂക്ഷ്മമായി അപഗ്രഥിക്കാൻ ഹരികുമാർ ശ്രമിക്കുന്നുണ്ട്. ഗ്രാമമനസ്സും നഗരമനസ്സും ദരിദ്രമനസ്സും സമ്പന്നമനസ്സും ഇവിടെ ഇഴപിരിച്ചെടുത്ത് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. മനശാസ്ത്രപരമായ വീക്ഷണത്തോടെയും സാമൂഹികമായ വീക്ഷണത്തോടെയും വായനക്കാരന് ഈ കഥാപാത്രങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയും. മാധവിക്കുട്ടിയുടെ ചന്ദനമരങ്ങളും സാറാജോസഫിന്റെ കോഫീ ഹൗസും സിതാരയുടെ അഗ്നിയും തനൂജ ഭട്ടതിരിപ്പാടിന്റെ സെലസ്റ്റ്യൽ പ്ലെയിനും നൽകുന്ന തുറന്നെഴുത്തിന്റെ ധീരമായ ചുവടുവെപ്പുകളെ ഓർമ്മിപ്പിക്കുംവിധമാണ് ഹരികുമാറിന്റെ കഥകൾ സ്ത്രീ ലൈംഗികതയുടെ ഇഴകൾ പിരിച്ചെടുക്കുന്നത്. അതുകൊണ്ടുതന്നെ സ്ത്രീപക്ഷകഥകളെന്ന നിലയിൽ ഈ കഥകൾ വളരെയധികം ശ്രദ്ധിക്കപ്പെടുന്നവയുമായിത്തീരുന്നു.

ജനശക്തി - 2012 ജനുവരി 14-20

ഡോ. പി.ജി. പത്മിനി

അനുബന്ധ വായനയ്ക്ക്