പ്രൊഫ. എം. കൃഷ്ണന്‍ നായര്‍

സാഹിത്യവാരഫലം

പ്രൊഫ. എം. കൃഷ്ണന്‍ നായര്‍

ഹരികുമാറിന്റെ കഥ

ഞാന്‍ കുഞ്ഞുനാളില്‍ നിലവിളക്കിനടുത്തിരുന്നാണു് “പൂ, പൂച്ച, പൂച്ചട്ടി” എന്നു് ഒന്നാംപാഠം വായിച്ചിരുന്നതു്. കാലം കഴിഞ്ഞപ്പോള്‍ എന്റെ നാട്ടില്‍ വിദ്യുച്ഛക്തിയുടെ പ്രകാശം വന്നു. ഭാഗ്യമുള്ളവര്‍ക്കു മാത്രം ലഭിച്ചിരുന്നു ആ പ്രകാശം. അപ്പോഴും സെക്കന്‍ഡ് ഫോമില്‍ പഠിച്ചിരുന്ന ഞാന്‍ മണ്ണെണ്ണ വിളക്കിന്റെ മുന്‍പിലിരുന്നാണു് വായിച്ചത്. ഇ.വി. കൃഷ്ണപിള്ള പറയുന്നതു പോലെ മണ്ണെണ്ണ വിളക്കിനു് ഒരു വലിയ ദോഷമുണ്ടായിരുന്നു. എങ്ങോട്ടു തിരിച്ചു വച്ചാലും അതിന്റെ കരിപ്പുക അടുത്തിരിക്കുന്നവന്റെ മൂക്കില്‍ത്തന്നെ കയറും. ഇന്നു്, മഹാകവി പറഞ്ഞ രീതിയില്‍ “സ്ഫാടിക മൂടുപടത്തിലൂടെ എന്നെ നോക്കി പുഞ്ചിരി പൊഴിക്കുന്ന” മേശവിളക്കിന്റെ അടുത്തിരുന്നു് എഴുതുന്നു വായിക്കുന്നു. അവളെ തൊട്ടാല്‍ തൊടുന്നവന്‍ ഭസ്മം. നിലവിളക്കിന്റെ ദീപനാളത്തിലൂടെ വിരലോടിക്കാം. ചൂടു പോലും അനുഭവപ്പെടില്ല. മണ്ണെണ്ണ വിളക്കിന്റെ തിരിയില്‍ മൂക്കുത്തിക്കല്ലു പോലെ ചുവന്ന കല്ലുകള്‍ ഉണ്ടാകും. വിരലു കൊണ്ടു തട്ടിക്കളയാം. പൊള്ളുകില്ല. മാറ്റം. സര്‍വത്ര മാറ്റം. ജലദോഷപ്പനി വന്നാല്‍ പണ്ടു കരുപ്പട്ടിക്കാപ്പിയായിരുന്നു ദിവ്യമായ ഔഷധം. ഒരു ചക്രം (പതിനാറുകാശു്) ചെലവു്. ഇന്നു് ആന്റിബയോട്ടിക്സ്, ഡോക്ടറുടെ ഫീ ഉള്‍പ്പെടെ രൂപ ഇരുന്നൂറു വേണം. കുട്ടിക്കാലത്തു് അമിട്ടു പൊട്ടുന്നതു് ആദരാത്ഭുതങ്ങളോടെ നോക്കി നിന്നിട്ടുണ്ടു്. ഇന്നു് ചൊവ്വയിലേക്കു പോകുന്ന ഉപകരണത്തെ വേണമെങ്കില്‍ എനിക്കു കാണം. വിവാഹം കഴിഞ്ഞു് ഒരു കാളവണ്ടിയില്‍ കയറിയാണു് ഞാനും വധുവും പുതിയ താമസസ്ഥലത്തേക്കു പോകുന്നതു്. വധുവിന്റെ പുടവക്കസവിന്റെ സ്വര്‍ണ്ണപ്രഭ നയനങ്ങള്‍ക്കു് ആഹ്ലാദം പകര്‍ന്നു. ഇന്നത്തെ വരനും വധുവും അമേരിക്കയിലേക്കു പറക്കുന്നു. അവളുടെ ഫോറിന്‍ സാരിക്കു തീക്ഷ്ണശോഭ. അന്നു നാണിച്ചു് തല താഴ്ത്തിയിരുന്നു വധു. ഇന്നു് അവള്‍ തൊട്ടടുത്തിരുന്നുകൊണ്ടു് ‘ഹലോ ഡിയര്‍’ എന്നു വിളിക്കുന്നു. ലജ്ജയുടെ മൂടുപടം നീക്കി സൗന്ദര്യാതിശയം കണ്ടിരുന്നു എന്റെ യൗവന കാലത്തെ ചെറുപ്പക്കാര്‍, ഇന്നു് ലജ്ജയില്ല. മൂടുപടമില്ല. സൗന്ദര്യമുണ്ടെങ്കിലും പാരുഷ്യം. ഈ പാരുഷ്യം — വ്യക്തികള്‍ക്കുണ്ടായിരിക്കുന്ന പാരുഷ്യം — ലോകത്തിനാകെ ഉണ്ടായിരിക്കുന്നു. പണ്ടു് ലോകമാകെ ഒന്നു്. ഇന്നു് സാര്‍ത്ര് പറയുന്ന Otherness. ഈ മാറ്റത്തെ കലാത്മകമായി ചിത്രീകരിച്ചു് പ്രേമത്തിന്റെയും പ്രേമഭംഗത്തിന്റെയും പാരുഷ്യത്തിന്റെയും കഥ പറയുന്നു, ഹരികുമാര്‍ (കലാകൗമുദിയിലെ ‘നഗരം’ എന്ന കഥ). സമകാലിക ലോകത്തിന്റെ അന്ധകാരം ഇതിലുണ്ടു്. സ്നേഹനാട്യത്തിന്റെയും വഞ്ചനയുടെയും ചിത്രങ്ങള്‍ ഇതിലുണ്ടു്. വഞ്ചന മനുഷ്യനെ മൃഗീയതയിലേക്കു നയിക്കുന്നതിന്റെ ചിത്രങ്ങളും ഇതിലുണ്ടു്.

കലാകൗമുദി - 1986 മാര്‍ച്ച് 16

പ്രൊഫ. എം. കൃഷ്ണന്‍ നായര്‍

അനുകാലിക സാഹിത്യനിരൂപകന്‍. സാഹിത്യ വിമർശനത്തിൽ രചിതാവിന്റെ പേരുനോക്കാതെ കണിശതയും വിട്ടുവീഴ്ചയില്ലായ്മയും ദയയില്ലായ്മയും പുലർത്തി. 36 വർഷത്തോളം തുടർച്ചയായി അദ്ദേഹം എഴുതിയ സാഹിത്യവാരഫലം (1969 മുതൽ മരണത്തിനു ഒരാഴ്ച്ച മുൻപു വരെ) ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ കാലം പ്രസിദ്ധീകരിച്ച സാഹിത്യ പംക്തി ആയിരിക്കും. സാഹിത്യ രംഗത്തെ സേവനങ്ങൾക്ക് അദ്ദേഹത്തിനു ജി.കെ.ഗോയെങ്ക പുരസ്കാരം ലഭിച്ചു.

അനുബന്ധ വായനയ്ക്ക്