മരണത്തിനുവേണ്ടി ക്ഷമയോടെ കാത്തിരുന്നവര്‍

അദൃശ്യമായ ഒരു കൈ അർദ്ധരാത്രി ഉറക്കത്തിൽനിന്നു വിളിച്ചുണർത്തുക, അതും തികച്ചും അസ്വസ്ഥജനകമായ ഒരു ദൃശ്യം കാണിച്ചുതരാൻ വേണ്ടി. അതാണ് 1976 ഒക്ടോബര്‍ 11 രാത്രി ഒന്നരമണിക്ക് എനിക്ക് സംഭവിച്ചത്. ആ ദൃശ്യമാകട്ടെ ജീവിതകാലം മുഴുവൻ എന്നെ പീഡിപ്പിക്കുകയും ചെയ്യും.

ഇനി പറയാൻ പോകുന്ന സംഭവം മനസ്സിലാക്കാൻ ഞങ്ങളുടെ ഫ്‌ളാറ്റിനെപ്പറ്റി ആദ്യം ഒരു ചെറുവിവരണം തരാം. ഞങ്ങൾ ഒരഞ്ചുനിലക്കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലാണ്. കിടപ്പുമുറി കെട്ടിടത്തിന്റെ തെക്കുപടിഞ്ഞാറേ കോണിലാണ്. തെക്കുഭാഗത്തേയ്ക്ക് ഒരു ഗാലറി. അതിലേക്ക് തുറക്കുന്ന ഒരു വാതിലും ജനലും. പടിഞ്ഞാട്ട് വേറൊരു ജനൽ. ഗാലറിയിൽനിന്നു നോക്കിയാൽ ഞങ്ങൾക്ക് നഗരത്തിന്റെ വിശാലമായ ഒരു ദൃശ്യം യാതൊരു തടസ്സവുമില്ലാതെ കാണാം അതായത് വർളിയിൽ ടെലിവിഷൻ ടവർ തൊട്ട് ഇടത്തുവശത്ത് സൂര്യൻ ഉദിച്ചുയരുന്ന പർവതനിരകൾ വരെ. അതിനിടയിൽ രണ്ട് എയർപോർട്ടുകളും കാണാം.

രാത്രി ഉറക്കത്തിൽനിന്ന് പെട്ടെന്നുണർന്നപ്പോൾ മുറിയാകെ അസാധാരണമായ ഒരു വെളിച്ചത്തിൽ തുടിച്ചുനിൽക്കുന്നതാണ് കണ്ടത്; ഉടനെതന്നെ ഉണരാനുള്ള കാരണവും മനസ്സിലായി. കൊതുകുവലയുടെ ഒരു കൊളുത്തഴിഞ്ഞ്, കൊതുവല ദേഹത്ത് ഇഴയുന്നു. മുറിയിൽ തുടിച്ചുനിന്ന വെളിച്ചത്തിന്റെ ഉദ്ഭവം വടക്കേ ചുമരിന്മേലായിരുന്നു. അവിടെ ചുമരിൽ പടിഞ്ഞാട്ടു നിന്ന് കിഴക്കോട്ടു സാവധാനത്തിൽ നീങ്ങുന്ന ഒരു വെളിച്ചം. അത് തെക്കേ ജനലിലൂടെ വന്ന് ചുമരിൽ പതിഞ്ഞതാണെന്നു മനസ്സിലായി. വല്ല വാഹനങ്ങളുടെയും ഹെഡ്‌ലൈറ്റായിരിക്കണം. ഞാൻ എഴുന്നേറ്റു. കൊതുകുവലയുടെ തലയ്ക്കൽ ഭാഗത്തുള്ള കൊളുത്താണ് വിട്ടിരുന്നത്. അതു കെട്ടിക്കൊണ്ടിരിക്കുമ്പോൾ ചുമരിലൂടെ അരിച്ചുവന്ന വെളിച്ചം ചുമരിൽ ഞാൻ നിൽക്കുന്നതിനടുത്തെത്തിയിരിക്കുന്നു. എന്റെ നിഴൽ ചുമരിൽ കറുത്തുപതിഞ്ഞിരിക്കുന്നു. എനിക്കു പേടിയായി. ലളിതയും മോനും കട്ടിലിൽ ഓരോ ഭാഗത്തായി ഉറക്കത്തിൽ ആണ്ടുകിടക്കുകയാണ്. അവൾ ഉണർന്ന് ചുമരിൽ കറുത്തു പതിഞ്ഞ എന്റെ നിഴൽ കണ്ടാൽ പേടിക്കുമെന്നു തോന്നി.

Madras IA 171 flight crash

അവൾ എന്റെ ഒപ്പം ഗാലറിയിലേക്കു വന്നു. കണ്ട കാഴ്ച അവളെ ആകെ തളർത്തി.

നോക്കൂ, ഇതൊരു വിമാനമല്ലേ?

അതെ. ആവുന്നതും ശാന്തത പാലിച്ചു ഞാൻ പറഞ്ഞു. ഒരു തീപിടിച്ച വിമാനം.

സംഭവം അവളെയും അദ്ഭുതപ്പെടുത്തിയിരുന്നു. തീജ്വാലകൾ വിമാനത്തിന്റെ പകുതിയിലധികം ഗ്രസിച്ചപോലെ തോന്നിയിരുന്നു. അതു അസംഭാവ്യമായിരുന്നു. വിമാനം യാത്ര പുറപ്പെട്ടിട്ടേയുള്ളു എന്ന് അതിന്റെ ഉയരം, ഗതി എന്നിവയിൽനിന്ന് അറിയാം. സാധാരണയായി ഞങ്ങൾ ഗാലറിയിൽ നിൽക്കുകയാണെങ്കിൽ ഒരു വിമാനം റൺവേയിൽനിന്ന് പുറപ്പെട്ടുകഴിഞ്ഞ് പത്തു സെക്കന്റുകൾക്കുള്ളിൽ ഞങ്ങളുടെ ദൃഷ്ടിയിൽപ്പെടും. മുറിയിൽ ഇരിക്കുകയാണെങ്കിൽ ജനലിന്റെ നേരെ വിമാനം വരിക ഏകദേശം അരമിനിറ്റിനുള്ളിലാണ്. ആദ്യമായി ഞാൻ ചുമരിൽ വെളിച്ചം കണ്ട സമയത്ത് വിമാനം പുറപ്പെട്ട് പതിനഞ്ചു മുതൽ ഇരുപതു സെക്കന്റിനുള്ളിൽ എങ്ങനെ ഇത്രയധികം തീ പടർന്നുപിടിക്കും? സാമാന്യനിലയിൽ ഒരു കാരവൽ അല്ലെങ്കിൽ ബോയിങ് 737 വിമാനം ഞങ്ങൾക്കു കാണാൻ കഴിയുക രണ്ടു മുതൽ മൂന്നടി നീളത്തിലാണ്. ഞാൻ ആദ്യം കണ്ട സമയത്ത് ഈ മൂന്നടിയിൽ ഒരടിയിലധികം തീ പിടിച്ചിരുന്നു.

വിമാനം യാത്ര തുടരുകയായിരുന്നു. വളരെ സാവധാനത്തിൽ. അത് ഇടത്തോട്ട് തിരിഞ്ഞു. ഞങ്ങളുടെ മനസ്സിലും തീയായിരുന്നു. തീ ഇനിയും പടർന്നുകയറുന്നതിനു മുൻപ് പൈലറ്റിന് വിമാനം തിരിച്ച് വിമാനത്താവളത്തിൽ ഭദ്രമായി ഇറക്കാൻ പറ്റണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുകയായിരുന്നു. പക്ഷേ, തീ പടർന്നുപിടിക്കുകയായിരുന്നു.

വിമാനത്താവളത്തിൽനിന്ന് സൈറൺ കേട്ടുതുടങ്ങി. അവർ എമർജൻസി ലാൻഡിങ്ങിന് വേണ്ട ശ്രമങ്ങൾ നടത്തുകയാവും. അഗ്നിശമനികളും ആംബുലൻസുകളും തയ്യാറായി നിൽക്കുന്നുണ്ടാവും. റൺവേകൾ ഒഴിവാക്കി ഇട്ടിട്ടുണ്ടാവും. ആപത്തിലകപ്പെട്ട ആ വിമാനത്തെ രക്ഷിക്കാനായി നിലത്തു നിൽക്കുന്നവരെല്ലാം പ്രാർത്ഥിക്കുന്നുണ്ടാവും. ഇതൊരു ഷെഡ്യൂൾഡ് ഫ്‌ളൈറ്റാണെങ്കിൽ ഇതിലെ യാത്രക്കാരെ യാത്ര അയയ്ക്കാൻ വന്നവർ അപ്പോഴും സന്ദർശക ഗാലറിയിൽ അവരുടെ ബന്ധുക്കളോ സ്‌നേഹിതന്മാരോ തീയിലകപ്പെട്ടതും കണ്ടുകൊണ്ടിരിക്കുന്നുണ്ടാവും. എന്തായിരിക്കും അവരുടെ സ്ഥിതി?

മുൻപിൽ ഉയരം കൂടിയ കെട്ടിടങ്ങളൊന്നുമില്ലാത്തതുകൊണ്ട് ഞങ്ങൾക്ക് താഴ്ന്നു പറക്കുന്ന വിമാനത്തിന്റെ ഗതി വളരെ വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നു.

ഞങ്ങളുടെ ക്ഷമ പരിശോധിച്ചുകൊണ്ട് വിമാനം അപ്പോഴും നീങ്ങുകയായിരുന്നു. അതു തിരിയൽ കഴിഞ്ഞ് അപ്പോൾ വിമാനത്താവളത്തിനു നേരെ പറക്കുകയായിരുന്നു. തിരിച്ചുള്ള യാത്രയിൽ പകുതി വഴിയെത്തിക്കഴിഞ്ഞു. അപ്പോഴേയ്ക്കും തീ വിമാനത്തിന്റെ മുക്കാൽ ഭാഗവും തിന്നു കഴിഞ്ഞിരുന്നു. എങ്ങനെയെങ്കിലും പൈലറ്റിന് വിമാനം ഇറക്കാൻ കഴിയണമേ എന്ന് ആശിച്ചതോടൊപ്പം തന്നെ അത് ഇനി അസാദ്ധ്യമാണെന്നും, ഏതു നിമിഷത്തിലും വിമാനം തകർന്നുവീഴുമെന്നും ഞങ്ങൾക്ക് ബോദ്ധ്യമായിത്തുടങ്ങി. ലളിത ചോദിക്കുന്നുണ്ടായിരുന്നു, വിമാനത്തിന് ഇറങ്ങാൻ പറ്റുമോ?

പൈലറ്റ് സമയത്തിനെതിരെ പൊരുതുകയായിരുന്നു. ഓരോ സെക്കന്‍റും നിർണായകമായിരുന്നു. ഞങ്ങളുടെ ഹൃദയങ്ങൾ പൈലറ്റിന്റെ അടുത്തായിരുന്നു.

വിമാനത്താവളത്തിൽനിന്ന് കേൾക്കുന്ന സൈറന്റെ മുറവിളി ശബ്ദം കൂടിയിരുന്നു. അപ്പോഴാണ് ലളിത കണ്ടത്, വിമാനത്തിൽനിന്ന് തീപിടിച്ച കഷണങ്ങൾ അടർന്നുവീഴുന്നു! അപ്പോഴേയ്ക്കും വിമാനം തിരിച്ചുള്ള യാത്രയിൽ മുക്കാൽ ഭാഗം തരണം ചെയ്തുകഴിഞ്ഞിരുന്നു. പെട്ടെന്ന് വിമാനത്തിന്റെ വേഗം കൂടുകയും വിമാനം താണുവരുകയും ചെയ്തു. സാധാരണ ഇറങ്ങാനുള്ള മട്ടിലുള്ള താഴലല്ല അതെന്നു വ്യക്തമായിരുന്നു.

വിമാനം കൂടുതൽ താഴ്ന്നുവരുകയും, ഒരു കൂർത്ത കോണിൽ ഇറങ്ങി നിലത്തുമുട്ടുകയും ചെയ്തു. നിമിഷത്തിനുള്ളിൽ വലിയ ശബ്ദത്തോടെ ഒരു പൊട്ടിത്തെറി. ഭീമാകാരമായ ഒരു തീഗോളം ആകാശത്തേയ്ക്കുയർന്നു. ആറ്റംബോംബ് പൊട്ടിയപോലെ വലിയ ഒരു കുമിൾ ആകാശത്തു വളർന്നു. പിന്നെ തീജ്വാലകൾ നിലത്തുനിന്ന് ആകാശത്തേയ്ക്ക്.

എന്താണു സംഭവിച്ചത്! ഞാൻ അനങ്ങാൻ കഴിയാതെ സ്തബ്ധനായി നിന്നു. ലളിത എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. ഏതു ഫ്‌ളൈറ്റായിരിക്കും അത്? എത്ര ആൾക്കാരുണ്ടാവും ആ വിമാനത്തിൽ? ഞാൻ അതെല്ലാം കേൾക്കുന്നുണ്ടെങ്കിലും ഒന്നും പറയാനാവാതെ തരിച്ചുനിന്നു.

ലളിത അകത്തുപോയി സമയം നോക്കി 1.40.

വിമാനത്താവളത്തിൽനിന്നുള്ള സൈറന്റെ ഒച്ച ചുരുങ്ങിവന്ന് ഇല്ലാതായി. വിമാനം വീണിടത്ത് തീജ്വാലകൾ കുറഞ്ഞുവന്നു.

ഒരു ആയുഷ്‌കാലം മുഴുവൻ കണ്ട ഒരു ഭീകരസ്വപ്നത്തെപ്പോലെ തോന്നിച്ച ഈ സംഭവം നടന്നത് വെറും നാലോ അഞ്ചോ മിനിറ്റിനുള്ളിലായിരുന്നു.

കുറേനേരം ഞങ്ങൾ ഗാലറിയിൽ നിന്നു. തീജ്വാലകൾക്കെതിരെ ധീരോദാത്തമായി പോരാടിയ പൈലറ്റിനെയും കോ-പൈലറ്റിനേയും ആദരവോടെ ഓർത്തു. തീയിലകപ്പെട്ട യാത്രക്കാർ, വിമാനം ഏതാനും നിമിഷങ്ങൾക്കകം ഇറങ്ങുമെന്നും പരിഭ്രാന്തരാകരുതെന്നും പറഞ്ഞ് യാത്രക്കാരെ സമാധാനിപ്പിച്ചിരിക്കാവുന്ന എയർഹോസ്റ്റസുമാർ നിസ്സഹായരും നിർഭാഗ്യവാന്മാരുമായ ഈ വ്യക്തികളെപ്പറ്റി ഓർത്തപ്പോൾ മനസ്സുലഞ്ഞു.

ഏതു ഫ്‌ളൈറ്റായിരിക്കും, എത്ര ആൾക്കാർ ആ ഫ്‌ളൈറ്റിലുണ്ടായിരിക്കും എന്നതിനെപ്പറ്റിയെല്ലാം ഊഹങ്ങൾ നടത്തി. രാത്രി ആ സമയത്ത് ഡൊമസ്റ്റിക് ഫ്‌ളൈറ്റുകളൊന്നുമില്ലാത്തതിനാൽ അത് അന്തർദ്ദേശീയ ഫ്‌ളൈറ്റായിരിക്കുമെന്ന് ഊഹിച്ചു. സ്വാഭാവികമായും ഒരു നിഗമനത്തിലെത്താൻ കഴിഞ്ഞില്ല. രാത്രി ഒന്നരയ്ക്കടുത്തുള്ള ഫ്‌ളൈറ്റ് ഏതാണെന്നറിയില്ല.

രാവിലെ റേഡിയോയിൽവന്ന വാർത്തയിൽനിന്നാണ് മനസ്സിലായത് മദ്രാസിലേക്കുള്ള IA 171 ഫ്‌ളൈറ്റാണതെന്നും ആ വിമാനത്തിലുണ്ടായിരുന്ന ആറു വൈമാനികരടക്കം തൊണ്ണൂറ്റിയഞ്ചുപേർ മരണമടഞ്ഞെന്നും. വൈകുന്നേരം ആറ് മണിക്കു പുറപ്പെടേണ്ട ഫ്‌ളൈറ്റ് ഏഴുമണിക്കൂർ വൈകി രാത്രി 1.40-നാണ് പുറപ്പെട്ടത്. അതായത് മാരകമായ ആ യാത്രയ്ക്കുവേണ്ടി എൺപത്തിയൊൻപത് യാത്രക്കാരും ആറ് വൈമാനികരും വിമാനത്താവളത്തിൽ കാത്തിരുന്നു. മരണത്തിനുവേണ്ടി ക്ഷമയോടെ കാത്തിരുന്നവർ!

മരിച്ച കുട്ടിയുടെ ജാതകം നോക്കുന്നപോലെയല്ല ഒരു വിമാനാപകടത്തെപ്പറ്റി ആലോചിക്കുന്നത്. ഭാവിയിൽ അങ്ങനെയുള്ള അപകടങ്ങൾ ഒഴിവാക്കാനുള്ള ഒരു ശ്രമം കൂടിയാവാം അത്. ഈ അപകടം കണ്ടശേഷം എന്റെ മനസ്സിനെ അലട്ടിയിരുന്ന ഒരു ചോദ്യമായിരുന്നു ഇത്. എങ്ങനെയെങ്കിലും കുറച്ചെങ്കിലും ആൾക്കാർക്ക് രക്ഷപ്പെടാമായിരുന്നോ? എങ്ങനെ? ഒപ്പം തന്നെ കുറേയധികം ചോദ്യങ്ങളും.

  1. പുറപ്പെട്ട് പതിനഞ്ചു സെക്കന്റിനകം പടർന്നു പിടിച്ച ഈ അഗ്നിക്കു കാരണമെന്ത്? ഇതിനു പക്ഷേ, ഉത്തരം ഒരിക്കലും ലഭിച്ചില്ലെന്നു വരും. കാരണം മരിച്ചവർ മിണ്ടുകയില്ലല്ലോ.
  2. തീ പിടിച്ചത് ഒരെൻജിനാണോ? അതോ ഇന്ധനടാങ്കിനോ? തീ പടർന്നതിന്റെ വേഗം നോക്കുമ്പോൾ ടാങ്കിനാവാനേ വഴിയുള്ളു.
  3. ക്യാപറ്റൻ ഗുഹയ്ക്ക് തന്റെ വിമാനത്തിൽ പടർന്നു പിടിച്ച തീയുടെ ഗൗരവത്തെപ്പറ്റി ശരിക്കുള്ള ധാരണ ഉണ്ടായിരുന്നോ? ഒരെഞ്ചിൻ മാത്രമേ തീ പിടിച്ചിട്ടുള്ളൂ എന്നും ഉടനെ തിരിച്ചു വിമാനത്താവളത്തിൽത്തന്നെ ഇറക്കാൻ പറ്റുമെന്നും അദ്ദേഹം ധരിച്ചിരുന്നോ? തീയുണ്ടെന്ന് മനസ്സിലാക്കിയ ഉടനെ അദ്ദേഹം കൺട്രോൾ ടവറിലേക്കു വിളിച്ചു പറഞ്ഞത് ഒരെൻജിൻ തീപിടിച്ചെന്നാണ്. എന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് കൺട്രോൾ ടവറിന്റെ ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞത്, ഞാൻ തിരിച്ചുവരികയാണെന്നാണ്. സംഭാഷണം ശരിക്കും, വാർത്താപത്രങ്ങളിൽ റിപ്പോർട്ടുചെയ്തപടി, ഇതു തന്നെയായിരുന്നെങ്കിൽ, ഇതിൽനിന്നു മനസ്സിലാക്കേണ്ടത് ക്യാപ്റ്റന് തന്റെ വിമാനത്തിലെ തീയുടെ ശരിക്കുള്ള രൂപം തീർച്ചയായും ആദ്യം മനസ്സിലായിട്ടില്ലെന്നാണ് എന്നു തോന്നുന്നു. പുറത്തുനിൽക്കുന്ന ഒരാൾക്കു കാണാൻ പറ്റിയമാതിരി അദ്ദേഹത്തിനു കാണാൻ പറ്റിയിരുന്നെങ്കിൽ സംഭാഷണത്തിന്റെ രീതി മറിച്ചാവുമായിരുന്നു. അതിൽ അപകടസൂചനയും കൂടുതൽ തിടുക്കവും ഉണ്ടായിരുന്നേനെ. തിരിച്ചു പുറപ്പെട്ട സ്ഥലത്തുതന്നെ എത്താൻ വിഷമമാണെന്നും അദ്ദേഹത്തിനു മനസ്സിലാകുമായിരുന്നു.
  4. ഇനി തീയുടെ ഗൗരവം മനസ്സിലാക്കിയെന്നു തന്നെയിരിക്കട്ടെ. തിരിച്ചു പുറപ്പെട്ട സ്ഥലത്തേയ്ക്കു മടങ്ങുകയല്ലാതെ വേറെ എന്തുവഴി? ഇതു വളരെ കാര്യമായി ചിന്തിക്കേണ്ടതാണ്. വിവിധ വഴികളെപ്പറ്റി പരിശോധിക്കാൻ ഒപ്പം കൊടുത്ത രേഖാചിത്രം ഉപകരിക്കും. വിമാനം തിരിക്കുന്നതിനു വളരെ മുൻപുതന്നെ, അതായത് മുപ്പതു സെക്കന്റ് മുൻപുതന്നെ തീയുടെ ഗൗരവത്തെപ്പറ്റി മനസ്സിലായെന്നിരിക്കിൽ അദ്ദേഹത്തിന് താഴെപ്പറയുന്ന ഗത്യന്തരങ്ങൾ ഉണ്ടായിരുന്നു.
  5. ഇടത്തോട്ടു തിരിയുന്നതിനു പകരം വലത്തോട്ടു തിരിയുക. വിമാനത്തിന്റെ വലത്തെ ചിറകിന് തീ പിടിച്ചതായാണ് തോന്നിയത്. ഇടത്തോട്ടു തിരിഞ്ഞാൽ കടലിൽനിന്നുള്ള കാറ്റ് ആ തീയെ വിമാനത്തിന്റെ ഉള്ളിലേക്ക് നിമിഷങ്ങൾക്കുള്ളിൽ പടർത്തും. വലത്തോട്ടാവുമ്പോൾ ആ സാദ്ധ്യത കുറവാണ്, കാരണം കാറ്റ് ഇടതുവശത്തുനിന്നായിരിക്കും.
  6. ഇടത്തോട്ടു തിരിഞ്ഞ് സാന്താക്രൂസിൽത്തന്നെ മെയിൻ റൺവേയിലോ, ഇടതുവശത്തുള്ള വേറൊരു റൺവേയിലോ ഇറങ്ങുക. അവിടെ എത്തുമോ എന്ന കാര്യം സംശയം തന്നെയാണ്.
  7. സാൻറാക്രൂസ് കൺട്രോളിലേക്കു പറഞ്ഞ് ജുഹു എയർസ്ട്രിപ്പിൽ ഇറങ്ങുക. ജുഹു വിമാനത്താവളം വിമാനം തിരിച്ചു പറക്കാൻ തുടങ്ങിയ സ്ഥലത്തു തന്നെയാണ്. അവിടെ ഇറങ്ങാൻ പറ്റിയാൽ പാതി സമയം ലാഭിക്കാം. ഒരു വിഷമമുള്ളത് ജുഹുവിൽ റൺവേ വളരെ ചെറുതാണ്. ഒരു കാരവൽവിമാനത്തിന് ഇറങ്ങാൻ പ്രയാസമാണ്. ഇറങ്ങാൻ പ്രയാസമാണെന്നതിനേക്കാൾ കൂടുതൽ സത്യം ഇറങ്ങിയാൽ അവിടെനിന്ന് ടേക്ക് ഓഫ് ചെയ്യാൻ കഴിയില്ലെന്നതാണ്. നാലു കൊല്ലം മുൻപ് ജപ്പാൻ എയർ ലൈൻസിന്റെ ഒരു ബോയിംഗ് 507 വിമാനം തെറ്റായി ഇവിടെ ഇറങ്ങിയിട്ടുണ്ട്. പൈലറ്റിന് വിമാനത്തെ റൺവേയുടെ അതിരിൽ സ്വാമിവിവേകാനന്ദ റോഡിനെ മുട്ടിക്കൊണ്ട് ഒരുവിധം നിർത്താൻ കഴിഞ്ഞിട്ടുണ്ട്. കാരവൽ, ബോയിംഗ് 707 നേക്കാൾ വളരെ ചെറിയതാണ്. അതുകൊണ്ട് ഇറങ്ങാൻ കഴിഞ്ഞേക്കാം. ജുഹുവിലുള്ള അഗ്നിശമനികൾക്ക് തീ കെടുത്താൻ ശ്രമിക്കാം. അതിനിടയിൽ സാന്താക്രൂസിൽനിന്നുള്ള അഗ്നിശമനികളും പുറപ്പെട്ടിട്ടുണ്ടാകും. അവ ജുഹുവിലെത്താൻ പത്തു മിനിറ്റു വേണ്ട. കുറച്ചെങ്കിലും ആശയ്ക്കുവഴിനൽകുന്നതാണ് ഇത്<./li>
  8. തീ ഇത്രയധികം പടർന്നുപിടിച്ച സ്ഥിതിക്ക് അറ്റകയ്യായി കടൽക്കരയ്ക്കടുത്ത്, കരയ്ക്കു സമാന്തരമായി വിമാനമിറക്കിയാലും കുറച്ചെങ്കിലും ജീവൻ രക്ഷപ്പെടുമായിരുന്നെന്നു തോന്നുന്നു. ജുഹുബീച്ചിൽ കുറേയധികം ദൂരം കടൽ ആഴമില്ലാത്തതാണ്. പാറകളും വളരെ കുറവേ ഉള്ളൂ. ഒരപകടമുള്ളത് ഇറങ്ങുന്ന സമയത്ത് മറ്റേ എണ്ണ ടാങ്കും പൊട്ടിയാൽ എണ്ണ വെള്ളത്തിൽ പെട്ടെന്നു പടരുകയും തീയുടെ ഒരു പടലം വെള്ളത്തിനു മുകളിൽ ഉണ്ടാകുകയും ചെയ്യും എന്നതാണ്. ഈ സാദ്ധ്യതയാകട്ടെ കുറവാണ്. കാരണം വിമാനം ഒരു കോണിൽ ഇറങ്ങുന്നതുകൊണ്ട് അതിന്റെ മുഴുവൻ ഭാരവും വെള്ളത്തിൽ തൊടുമ്പോൾ അനുഭവപ്പെടുന്നില്ല. പിന്നെ വെള്ളത്തിലൂടെ നിലംതൊടാനായി താഴുന്നതോടെ അതിന്റെ വേഗവും വളരെ കുറയുന്നു. അടിയിൽ മണലിൽ തട്ടുമ്പോഴേയ്ക്ക് വിമാനത്തിന്റെ ആക്കം നഷ്ടപ്പെടുകയും നിലത്തുരഞ്ഞ് ഒരു ആഘാതമുണ്ടാക്കാൻ അപര്യാപ്തമാവുകയും ചെയ്യും. മറ്റെ ഇന്ധനടാങ്ക് പൊട്ടിത്തെറിക്കുന്ന പ്രശ്‌നം ഉൽഭവിക്കുന്നില്ല. ഇനി മണലിൽ ഉരഞ്ഞ് ഉണ്ടായേക്കാവുന്ന നിസ്സാരമായ ചൂടുതന്നെ കടൽവെള്ളം ഉടനെ തണുപ്പിക്കുകയും ചെയ്യും.

വേറൊരു അപകടം, വെള്ളത്തിൽ വീണശേഷം വിമാനത്തിൽനിന്ന് പുറത്തുകടക്കാൻ കഴിഞ്ഞില്ലെങ്കിലാണ്. കരയ്ക്കടുത്തായതിനാൽ രക്ഷപ്രാപിക്കാൻ അത്ര വിഷമമാവില്ല. എന്തായാലും കരയിലുള്ള ക്രാഷ് ലാന്റിംഗിനെക്കാൾ മെച്ചമാണ് കടലിൽ ഇറങ്ങുക.

അപകടങ്ങൾ ഒരിക്കൽ മാത്രമല്ല സംഭവിക്കുക. അതുകൊണ്ട് ഇനിയുണ്ടായേക്കാവുന്ന അപകടങ്ങൾ ഒഴിവാക്കാനോ, ലഘൂകരിക്കാനോ, ഈ അപകടത്തെപ്പറ്റി കുറച്ചു കൂടുതൽ പഠിക്കുന്നതു നല്ലതാണ്. ജുഹു വിമാനത്താവളത്തെ നശിപ്പിക്കാതെ ആപത്തുകളെ ഒഴിവാക്കാൻ അടിയന്തരാവശ്യമായ ഇറങ്ങലുകൾക്കു വേണ്ടി വിപുലീകരിക്കുന്നതു നന്നായിരിക്കും. ഇപ്പോഴുള്ള റൺവേയ്ക്കു പകരം, അല്ലെങ്കിൽ അതിനു കുറുകെ കോണായി കുറച്ചുകൂടി നീളത്തിൽ വേറൊരു റൺവേ ഉണ്ടാക്കേണ്ടത് ആവശ്യമാണ്. അതുപോലെ ഈ റൺവേയും മാത്രമല്ല മുഴുവൻ വിമാനത്താവളവും സാന്താക്രൂസിൽനിന്ന് നിയന്ത്രിക്കാൻ കഴിയുന്നതുമാവണം. അതായത് റൺവേ ലാൻഡിംഗ് വിളക്കുകൾ കത്തിക്കുക പൈലറ്റിന് നിർദ്ദേശങ്ങൾ കൊടുക്കുക ഇൻസ്റ്റ്ട്രുമെന്റ് ലാൻറിംഗ് സുഖകരമാക്കുക മുതലായവ.

വൈമാനിക വിദഗ്ദ്ധന്മാർ ഇതിനെപ്പറ്റിയെല്ലാം കൂടുതൽ വിദഗ്ദ്ധാഭിപ്രായം പറയുമായിരിക്കും.

ഇ ഹരികുമാര്‍

E Harikumar