പിടിയില്ലാപ്പന്തം

മനുഷ്യനു മനുഷ്യനിൽ വിശ്വാസം നശിക്കാൻ തക്കവണ്ണം ദാരുണ സംഭവങ്ങൾ പലതും ലോക ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. മഹാഭാരതയുദ്ധം തൊട്ടുള്ള മഹായുദ്ധങ്ങൾ, ലക്ഷങ്ങൾ ഗ്യാസ് ചേമ്പറുകളിൽ ഒടുങ്ങിയ മനുഷ്യക്കുരുതികൾ തൊട്ട് ഒറ്റപ്പെട്ട കലാപങ്ങളെ അടിച്ചമർത്താൻ ഏകാധിപതികൾ നടത്തിയ നരഹത്യകൾവരെ. പ്രത്യയ ശാസ്ത്രങ്ങളെ രക്ഷിക്കാനുള്ള ഒളിപ്പോരുകൾ, അവരെ അടിച്ചമർത്താൻ വൻ ശക്തികൾ നടത്തിയ നിരന്തരയുദ്ധങ്ങൾ. ഇതെല്ലാം മനുഷ്യന്റെ മനസ്സാക്ഷിയെ ഞെട്ടിപ്പിച്ചവയാണ്.

ഈ അവസരങ്ങളിലെല്ലാംതന്നെ ഒരാളൊ ഒരുകൂട്ടം ആൾക്കാരോ മറ്റുള്ളവരിൽനിന്നും ഉയർന്നു വരികയും നമ്മെ ആശ്വസിപ്പിക്കയും ചെയ്തിട്ടുണ്ട്. മനുഷ്യൻ അത്ര മോശക്കാരനല്ലെന്ന് നമ്മോടു പറഞ്ഞിട്ടുണ്ട്. നമ്മുടെ പുറത്തുതട്ടി ആശ്വസിപ്പിച്ചിട്ടുണ്ട്. ഈ 'നിസ്സാര' കാര്യങ്ങൾ കൊണ്ടു നമുക്ക് മനുഷ്യനിലുള്ള വിശ്വാസം നശിക്കരുതെന്ന് പറഞ്ഞുതന്നിട്ടുണ്ട്. മനുഷ്യനിലുള്ള വിശ്വാസം നശിച്ചാൽ എല്ലാം നശിച്ചു എന്നവർക്കറിയാമായിരുന്നു.

ഇവരെ നാം മഹാന്മാരെന്നു വിളിച്ചു. കാരണം അവർ നമ്മുടെ മുറിവുകളിൽ മരുന്നുപുരട്ടി. മനുഷ്യനു ചായാൻ ഒരു താങ്ങ് എന്നും ആവശ്യമായിരുന്നു. ഈ ബലഹീനത മഹാന്മാർക്ക് അറിയാമായിരുന്നു. അവർ ബോധപൂർവ്വമോ അല്ലാതെയോ അതിൽനിന്നും മുതലെടുത്തു. അവരിൽ ചിലർ പുതിയ മതങ്ങളുണ്ടാക്കി. ചിലർ ഭരണകർത്താക്കളായി. വളരെ ചുരുക്കം പേർ തത്വചിന്തകന്മാരും എഴുത്തുകാരുമായി. മൂന്നാമതു പറഞ്ഞവരെക്കൊണ്ടു മനുഷ്യരാശിക്ക് വലിയ ശല്യമുണ്ടായിട്ടില്ല. പക്ഷെ ആദ്യം പറഞ്ഞ രണ്ടു വർഗ്ഗക്കാർ, അതായതു മതങ്ങളുണ്ടാക്കിയവരും ഭരണകർത്താക്കളും അവരുടെ ചെയ്തികൾ കാരണം കാലക്രമത്തിൽ, അവർ ജീവിച്ചിരുന്നപ്പോഴും ജീവിച്ച് നൂറ്റാണ്ടുകൾകഴിഞ്ഞിട്ടും ചോരപ്പുഴകൾ ഒഴുക്കി. മനുഷ്യനെ വീണ്ടും അവിശ്വാസത്തിന്റെ വക്കത്തെത്തിച്ചു.

ചില ദാർശനികരും എഴുത്തുകാരും പരോക്ഷമായി ഈ ചോരപ്പുഴക്കു കാരണക്കാരായിട്ടുണ്ട്. അതാകട്ടെ അവരുടെ തത്വസംഹിതകൾ ഭരണകർത്താക്കൾ തങ്ങളുടെ ആവശ്യത്തിനു വളച്ചൊടിച്ചപ്പോഴാണ്. അങ്ങിനെ ഭരണകർത്താക്കൾക്ക് സ്വന്തം ആവശ്യങ്ങൾക്ക് വളച്ചൊടിക്കാൻ കഴിഞ്ഞ തത്വസംഹിതകളുടെ കാരണഭൂതർ പെട്ടെന്ന് വിഖ്യാതരായി. അവരെ വിഖ്യാതരാക്കിയത് അവരുടെ തത്വശാസ്ത്രങ്ങൾ പിന്നീട് സ്വന്തം ആവശ്യത്തിനു ഉപയോഗിച്ചവർതന്നെയാണ്. ഉദാഹരണമായി മാർക്‌സ് - എംഗൽസ് - ഇത്ര വിഖ്യാതരായത് ലെനിൻ അതെടുത്ത് വളച്ചൊടിച്ച് റഷ്യൻവിപ്ലവത്തിനായി ഉപയോഗിച്ചപ്പോഴാണ്.

ചില മഹാൻമാരുടെ ആശയങ്ങൾ അപൂർണ്ണമായിരുന്നു. പെട്ടെന്ന് എടുത്തുപയോഗിക്കാൻ വിഷമമായതും, ചിലപ്പോൾ ഉപയോഗിച്ചാൽ തിരിച്ചടിയുണ്ടാവുന്നതും. അത്തരക്കാർ അധികം പേരെടുത്തില്ല. അവരുടെ ആശയങ്ങൾ ഏതാനും ബുദ്ധിജീവികളുടെ മനസ്സിൽ കെടാതെ കിടന്നു. അങ്ങിനത്തെ ഒരു മഹാനായ ചിന്തകനും ക്രാന്തദർശിയും ആയിരുന്നു എം.എൻ. റോയി. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ആശയങ്ങളും വളരെക്കാലം കഴിഞ്ഞേ ചൂടുപിടിക്കു. അരനൂറ്റാണ്ടു മുമ്പ് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഭൗതികമാവുന്നത് ഇനിയുള്ള കാലങ്ങളിലായിരിക്കും. എന്നു വെച്ചാൽ ഇന്നു സംഭവിക്കേണ്ടത് അദ്ദേഹം അമ്പതുകൊല്ലം മുമ്പെ പറഞ്ഞുവെച്ചുവെന്നു മാത്രം. ഇത്രകാലം റോയിയുടെ ആദർശങ്ങൾ തീപ്പൊരികളായി ഏതാനും ബുദ്ധിജീവികളുടെ മനസ്സിൽ കെടാതെ നിന്നു. ഒരു തീപ്പൊരി, അല്ലെങ്കിൽ ജ്വാല കെടാതെ നിൽക്കണമെങ്കിൽ ഏറ്റവും പറ്റിയ സ്ഥലം ബുദ്ധിജീവികളുടെ മനസ്സുതന്നെയാണ്. ഇവിടെയാകട്ടെ റോയിയോടു വളരെ അടുത്തു ബന്ധമുള്ള, റോയിയെ വളരെയധികം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഏതാനും ബുദ്ധിജീവികളാണ് ഈ ആദർശങ്ങൾ ഒരു യുവതലമുറക്കു പകർന്നു കൊടുക്കാൻ സൂക്ഷിച്ചു വെച്ചത്.

നാൽപതുകൊല്ലം, നമ്മൾ മറ്റു പല പ്രത്യയ ശാസ്ത്രങ്ങളും പരീക്ഷിച്ചു. അവയുടെയെല്ലാം അപര്യാപ്തത മനസ്സിലാക്കുകയും ചെയ്തു. ഇനി വരാൻ പോകുന്ന കാലം ഹ്യൂമനിസത്തിന്റേതാണ്, റോയിയുടേതാണ്.

ഭരണാധികാരികൾ റോയിയുടെ ആശയങ്ങൾ ഉപയോഗിക്കാൻ മടിക്കും. കാരണം അവർ ഭരണാധികാരികൾ ആയതുതന്നെ. അധികാരം ആണ് അവരുടെ ലക്ഷ്യം. ഭരിക്കുകയും. വ്യക്തികളുടെ സ്വാതന്ത്ര്യവും ഭരണാധികാരവും തമ്മിൽ യോജിച്ചുപോവില്ല. വ്യക്തികൾക്ക് മുഴുവൻ സ്വാതന്ത്ര്യങ്ങളും അനുവദിച്ചാൽ അയാൾ അധികാരിയാവില്ലല്ലോ. അപ്പോൾ ഹ്യൂമനിസത്തിലെ വ്യക്തിസ്വാതന്ത്ര്യം ഭരണാധികാരികൾക്ക് ഒരു പിടിയില്ലാ പന്തമാണ്. കൈ പൊള്ളിക്കുന്നതാണ്. റോയിയുടെ ദർശനങ്ങൾ പെട്ടെന്ന് ജനപ്രീതി നേടാത്തതിനു കാരണം ഇതാണ്.

വളരെ ചെറുപ്പത്തിലേ ഞാൻ എം.എൻ. റോയിയെപ്പറ്റി കേട്ടിട്ടുണ്ട്. അദ്ദേഹത്തോട് ബഹുമാനം തോന്നിയിട്ടുണ്ട്. അതിനു കാരണം കേരളത്തിലെ രണ്ടു പ്രമുഖ റോയിസ്റ്റുകളായ ശ്രീ. എം. ഗോവിന്ദനും, ശ്രീ. എൻ. ദാമോദരനും എഴുതിയ ലേഖനങ്ങളും പ്രഭാഷണവുമാണ്. ഇങ്ങനെ ഒരു മനുഷ്യൻ നമുക്ക് സ്വീകാര്യമാവുന്ന ആശയങ്ങളും ആദർശങ്ങളുമായി ജീവിച്ചിരുന്നുവെന്നത് ഒരത്ഭുതമായി, ഒരാശ്വാസമായി മനസ്സിൽ നിന്നു. ഇന്ന് എന്റെ തലമുറയിൽ പെട്ടവർക്ക് അവരോട് പറയാനുള്ളതെന്തെന്നാൽ അവർ കെടാതെ സൂക്ഷിച്ച തീനാളം ഞങ്ങൾക്കു കൈമാറൂ. അതൊരു തീജ്വാലയായി, ഒരു സ്‌നേഹസ്ഫോടനമായി മാറ്റാൻ കഴിവുള്ള ഒരു തലമുറ വരുന്നുണ്ട്.

ഇ ഹരികുമാര്‍

E Harikumar