ഒന്നും തിരിച്ചുകൊടുക്കാനാവാതെ

വളരെ മുമ്പ്, അതായത് അറുപതുകളിൽ ഉണ്ടായ ഒരു സംഭവമാണ്. എനിക്ക് ഇരുപത്തിരണ്ടു വയസ്സു പ്രായം. ഞാനൊരു മഹാനഗരത്തിൽ ജോലി ചെയ്യുന്നു. മഹാനഗരങ്ങളിലെ ആയിരക്കണക്കിന് മലയാളി അവിവാഹിതരെപ്പോലെ ഞായറാഴ്ചകളിൽ വൈകി എഴുന്നേൽക്കുന്നു, ഏതെങ്കിലും മോണിങ്‌ഷോവിന് പോകുന്നു, ഉച്ചയ്ക്ക് കുടുംബമായി താമസിക്കുന്ന വല്ല സ്‌നേഹിതരുടേയോ പരിചയക്കാരുടേയോ വീട്ടിൽ ഊണു തരമാക്കുന്നു. വീണ്ടും വല്ല സിനിമാ ശാലകളിൽ.

അങ്ങിനെ ഒരുവിധം കുഴപ്പമില്ലാത്ത ജീവിതം നയിച്ചുകൊണ്ടിരിക്കെയാണ് എറണാകുളത്തുകാരായ ഒരു ദമ്പതികളെ പരിചയപ്പെടുന്നത്. ഇനി ആകെ കുഴപ്പമായി എന്ന ദുഃസ്സൂചനയൊന്നുമില്ല കെട്ടോ. വളരെ നല്ല കൂട്ടർ. ഭർത്താവുമതെ, ഭാര്യയുമതെ. മേയ്ഡ് ഫോർ ഈച്ചദർ മത്സരങ്ങളിൽ പങ്കെടുത്താൽ സമ്മാനം തീർച്ച. അത്രയ്ക്കു യോജിപ്പാണ്. അദ്ദേഹത്തിന് മുപ്പത്തിരണ്ടു വയസ്സ്, അവർക്ക് ഇരുപത്താറ്. ഞാനവരെ ചേട്ടനെന്നും ചേച്ചിയെന്നും വിളിച്ചു. പെട്ടെന്നാണ് അവരോട് അടുത്തത്. അവരുമതെ ഇങ്ങിനെ ഒരുത്തൻ വന്ന് സ്‌നേഹത്തോടെ അടുക്കാൻ കാത്തിരുന്നപോലെ. എന്റെ ഞായറാഴ്ചകൾ അവരുടെ വീട്ടിലായി. സിനിമയ്ക്ക് അവരുടെ ഒപ്പം പോകും. പോകാതിരുന്നാൽ അവർ പിണങ്ങും. അമ്മയ്ക്കു ശേഷം എനിക്ക് ഇത്രയധികം സ്‌നേഹം കിട്ടിയിട്ടുള്ളത് ഈ സ്ത്രീയിൽ നിന്നാണെന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. എന്റെ ഒഴിവുദിനങ്ങൾ അവർ തീറെഴുതി വാങ്ങാൻ താമസമുണ്ടായില്ല. എന്റെ പഴയ പരിചയക്കാർ പരിഭവം പറയുന്നത് ഞാൻ കണക്കാക്കിയില്ല.

ചില ദിവസങ്ങളിൽ ഓഫീസ് വിട്ടാലും ഞാൻ അവരുടെ വീട്ടിൽ ചെന്ന് രാത്രി ഭക്ഷണംകൂടി കഴിച്ചേ ഇറങ്ങാറുള്ളൂ. അങ്ങിനെയുള്ള ഒരു വൈകുന്നേരം ഞാൻ ചെന്നപ്പോൾ രവിയേട്ടൻ (പേര് ശരിക്കുള്ളതല്ല) ഒരു ടൂറിനുള്ള പുറപ്പാടാണ്. എന്നെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു. 'ങാ, പറഞ്ഞപ്പോഴേയ്ക്ക് എത്തിയിരിക്കുന്നു. ഇനി അനിതയ്ക്ക് ഫോൺ ചെയ്യണ്ടല്ലോ രമേ.' രണ്ടു ദിവസത്തെ ടൂറിനിറങ്ങുകയായിരുന്നു രവിയേട്ടൻ. അപ്പോൾ രമച്ചേച്ചിക്ക് കൂട്ടിനു വേണ്ടി ഒരകന്ന ബന്ധുവായ അനിതയോടു വരാൻ പറയാൻ പോകുകയായിരുന്നു. തിരിഞ്ഞ് എന്നോടായി അദ്ദേഹം പറഞ്ഞു. 'തനിക്കിവിടെ രണ്ടു ദിവസം ഡ്യൂട്ടിയാണ്.' പിറ്റേന്ന് ഓഫീസിൽ പോകാൻ വസ്ത്രങ്ങൾ ഇല്ലെന്നും മറ്റുമുള്ള എന്റെ ഒഴിവുകഴിവുകൾ വിലപ്പോയില്ല.

കുളികഴിഞ്ഞശേഷം എനിക്കിടാൻ തന്നത് രവിയേട്ടന്റെ ലുങ്കിയും കയ്യില്ലാത്ത ബനിയനുമായിരുന്നു. നല്ല ഒത്ത ശരീരപ്രകൃതിയായ രവിയേട്ടന്റെ ബനിയൻ ഇട്ടപ്പോൾ ഞാനൊരു നോക്കുകുത്തിയെപ്പോലെ തോന്നിച്ചിട്ടുണ്ടാകണം. രമചേച്ചി വായ പൊത്തി ചിരിക്കാൻ തുടങ്ങി. പിന്നെ രവിയേട്ടന്റെ ഷർട്ടുകൾ എനിക്കു പാകമാവില്ലെന്നുറപ്പായപ്പോൾ ഞാൻ അഴിച്ചിട്ട വസ്ത്രങ്ങൾ അവർ കുളിമുറിയിൽ കൊണ്ടുപോയി തിരുമ്പിയെടുത്തു. രാത്രി അവർ എനിക്കു വേണ്ടി നല്ല വിഭവങ്ങളുണ്ടാക്കി. ഉറങ്ങേണ്ട സമയമായപ്പോൾ അവർ പറഞ്ഞു. 'നീ പോയി കിടന്നോ. രമച്ചേച്ചിക്ക് അടുക്കളയിൽ കുറച്ചു പണിയുണ്ട്. അതു കഴിഞ്ഞ ഉടനെ വരാം.'

ഞാൻ ആലോചിച്ചു. എവിടെ കിടക്കാനാണ് അവർ എന്നോടാവശ്യപ്പെട്ടത്? അവിടെ ഒരിരട്ട കട്ടിൽ മാത്രമേ ഉള്ളൂ. പിന്നെയുള്ളത് സ്വീകരണ മുറിയിലെ ചെറിയ, നീളം കുറഞ്ഞ സോഫയാണ്. അവിടെയാവില്ല. രണ്ടുമുറി ഫ്‌ളാറ്റിൽ എനിക്കു നോക്കാനുള്ളത് കിടപ്പറ മാത്രമായിരുന്നു. അവിടെ കിടക്ക ഭംഗിയായി വിരിച്ചിട്ടിരിക്കുന്നു. രണ്ടു പുതപ്പുകൾ കാൽഭാഗത്ത് മടക്കി വച്ചിട്ടുണ്ട്. രമച്ചേച്ചി എന്തും കലാപരമായേ ചെയ്യാറുള്ളൂ. ഒന്നും അസ്ഥാനത്തു കാണില്ല. ഞാൻ സംശയിച്ചു നിൽക്കുന്നതു കണ്ടപ്പോൾ അവർ വന്നു.

'ങും, എന്താ?'
'ഞാൻ ഇവിട്യാണോ കിടക്കണത്?'
'അതെ?' എന്താ സംശയമെന്ന മട്ടിൽ അവർ പറഞ്ഞു.

പെട്ടെന്ന് അങ്ങിനെ ചോദിച്ചതിൽ ഞാൻ ലജ്ജിച്ചു. പലപ്പോഴും ഞാൻ ആ കട്ടിലിൽ കിടന്നിട്ടുണ്ട്. ഞാൻ ഒരു വശത്തും രമച്ചേച്ചി മറുവശത്തും കിടന്നുകൊണ്ട് സംസാരിക്കും. അന്നൊന്നും തോന്നാത്ത വിചാരങ്ങൾ എന്തേ ഇപ്പോൾ തലപൊക്കാൻ? പുറത്ത് വീടിനെ പൊതിഞ്ഞിരിക്കുന്ന ഇരുട്ടാണോ, അതോ ഒപ്പം കിടക്കാൻ പോകുന്ന സ്ത്രീയുടെ ഭർത്താവ് അകലത്താണെന്ന ബോധമാണോ? എന്തായാലും ഞാൻ എന്റെ സങ്കുചിത മനസ്സിനെ പെട്ടെന്ന് നിയന്ത്രിച്ചു.

അടുക്കള ജോലി പെട്ടെന്നു തീർത്ത് മേൽ കഴുകി രമചേച്ചി കിടക്കാൻ വന്നു. അവർ ഒരു നൈറ്റിയാണ് ഇട്ടിരിക്കുന്നത്. ഞാനവരെ ആ വേഷത്തിൽ ഇതുവരെ കണ്ടിട്ടില്ല. നൈറ്റി രാത്രി കിടക്കുന്ന സമയത്തു മാത്രമായിരിക്കണം അവർ ധരിക്കുന്നത്. എന്റെ നേരെ തിരിഞ്ഞു കിടന്നുകൊണ്ട്, തലയിൽ കൈയ്യും ഊന്നി അവർ സംസാരിക്കാൻ തുടങ്ങി. സമയം പന്ത്രണ്ടായിട്ടും സംസാരം നിർത്തുന്നില്ല. അതിനിടയ്ക്ക് ഞാനെപ്പോഴോ ഉറങ്ങിപ്പോയി.

കവിളിൽ ഒരു മൃദുസ്പർശം. ഞാൻ ഞെട്ടിയുണർന്നു. ചുറ്റും ഇരുട്ട്. എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലാക്കാൻ കുറച്ചു സമയമെടുത്തു. ഒരു മൃദുവായ കൈ എന്റെ അരക്കെട്ടു വരിഞ്ഞിരിക്കുന്നു. ഞാൻ പെട്ടെന്ന് എഴുന്നേറ്റിരുന്നു. 'ചേച്ചീ.....' മറുപടി ഉണ്ടായില്ല. എന്നെ സ്‌നേഹത്തോടെ വരിഞ്ഞിരുന്ന കൈകൾ തിരിച്ചെടുക്കപ്പെട്ടു. രമചേച്ചി നീങ്ങിക്കിടന്നു. ഞാൻ ഒരിക്കൽക്കൂടി വിളിച്ചു. 'ചേച്ചീ...' അവർ കണ്ണുതുറന്നു കിടക്കുകയാണെന്നു മനസ്സിലായി. പക്ഷേ അവരുടെ മുഖഭാവമെന്താണെന്ന് എനിക്കു മനസ്സിലായില്ല. ഞാൻ കുറേനേരം ഉറങ്ങാതെ കിടന്നു. എനിക്കു മനസ്താപമായി. അവർ തന്ന സ്‌നേഹം തിരിച്ചുകൊടുക്കാൻ എനിക്കു പറ്റിയില്ലല്ലോ. അവർ തൊട്ടടുത്താണ്. എനിക്ക് അടുത്തേയ്ക്കു നീങ്ങിക്കിടന്ന് അവരെ കെട്ടി പ്പിടിക്കുകയേ വേണ്ടു. ഒരുപക്ഷേ അതവരെ ആശ്വസിപ്പിച്ചേനേ. ഞാനതു ചെയ്തില്ല. എന്റെ പ്രായമായിരിക്കണം കാരണം. ഇരുപത്തിരണ്ടു വയസ്സിൽ ഒരാൺകുട്ടി മാനസികമായി അത്രയ്ക്കു വളർന്നിരിക്കയില്ല. പിന്നീട് പലപ്പോഴും ആ അവസരത്തെ പലമട്ടിൽ വ്യാഖ്യാനിച്ച് ഞാൻ വിഷമിച്ചിട്ടുണ്ട്. തിരിച്ചുകൊടുക്കാൻ പറ്റാത്ത സ്‌നേഹത്തെക്കുറിച്ച്, നഷ്ടപ്പെട്ട അവസരത്തെ പഴിച്ച്, ആണത്തം തെളിയിക്കാൻ കൈവന്ന അവസരം നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് വ്യസനിച്ച്, അങ്ങിനെ പലതും. ഇനി ഒരവസരം കിട്ടിയാൽ ഞാൻ അതിനൊപ്പം വളരുമെന്ന് പ്രതിജ്ഞയുമെടുത്തു.

അങ്ങിനെ ഒരവസരം വന്നില്ല. ഒരു മാസത്തിനുള്ളിൽ ഞാൻ ദില്ലിയ്ക്കു മാറ്റമായി പോയി. രമ ചേച്ചിയുടെ കത്തുകൾ ഇടയ്ക്കിടക്കു വന്നു. പിന്നെ എപ്പോഴും മറുപടി കിട്ടാതിരുന്നതിനാലാവണം അതും താനെ നിന്നുപോയി. ഞാൻ എൺപത്തിമൂന്നിൽ നാട്ടിൽ തിരിച്ചെത്തി, എൺപത്തിനാലിൽ എറണാകുളത്ത് സ്ഥിരതാമസമാക്കുകയും ചെയ്തു. അവർ ആലുവായിലാണെന്നറിയാം, പക്ഷേ കാണുവാനുള്ള ശ്രമമൊന്നും നടത്തിയില്ല. ഞാൻ, എന്റെ കുടുംബം, എന്റെ പ്രാരാബ്ധങ്ങൾ, അങ്ങിനെ പോയി.

എൺപത്തെട്ട് ജനുവരിയിലാണ് രവിയേട്ടൻ മരിച്ചുവെന്നറിഞ്ഞത്. തികച്ചും യാദൃശ്ചികമായി. വിവരം തന്ന സ്‌നേഹിതന്റെ അടുത്തുനിന്ന് അവരുടെ വിലാസം കിട്ടി. എന്തുകൊണ്ടോ രമചേച്ചിയെ കാണണമെന്നു തോന്നി; ഒരു ഞായറാഴ്ച ഉച്ചതിരിഞ്ഞ് പോകുകയും ചെയ്തു.

സാമാന്യം വലിയ വീടായിരുന്നു അത്. വാതിൽ തുറന്നത് രമചേച്ചി തന്നെയായിരുന്നു. കുറച്ചു തടിച്ചിട്ടുണ്ട്, തലയിൽ ഓരോരോ നരച്ച ഇഴകൾ. അത്ര മാത്രം. ഇരുപത്തഞ്ചുകൊല്ലം അവരുടെ സൗന്ദര്യത്തിന് കാര്യമായ പോറലൊന്നും ഏൽപ്പിക്കാൻ പറ്റിയിട്ടില്ല. അവർക്കെന്നെ പെട്ടെന്നു മനസ്സിലായില്ലെന്നു തോന്നുന്നു. ഞാനും ഒന്നും പറയാൻ പോയില്ല. പിന്നെ ക്രമേണ അവരുടെ മുഖം വികസിച്ചു. രവിയേട്ടൻ ഒരു മാസം മുമ്പാണ് മരിച്ചത്. അവർക്ക് രണ്ടാൺമക്കളാണുള്ളത്. ഒരാൾ മുംബൈയിൽ ജോലി ചെയ്യുന്നു. അച്ഛൻ മരിച്ച വിവരമറിഞ്ഞു വന്ന് ഇന്നലെ തിരിച്ചു പോയിട്ടേയുള്ളൂ. രണ്ടാമത്തെ ആൾ ചെങ്ങന്നൂരിൽ എഞ്ചിനീയറിങ്ങിനു പഠിക്കുന്നു. ഉച്ചക്കുള്ള വണ്ടിക്ക് പോയി. നാളെ ക്ലാസുണ്ട്. സ്വീകരണ മുറിയിലിരുന്ന് രമചേച്ചി സംസാരിച്ചു കൊണ്ടിരുന്നു. അവരുടെ ഓരോ വാക്കിലും സ്‌നേഹം നിറഞ്ഞു നിന്നു. ഞാൻ എന്നെത്തന്നെ പഴിക്കുകയായിരുന്നു. ജീവിതത്തിന്റെ ഏതോ വഴിത്തിരിവിൽ കൃതഘ്‌നനായ ഞാൻ അവരുടെ സ്‌നേഹം വലിച്ചെറിയുകയാണുണ്ടായത്. ഒന്നും തിരിച്ചുകൊടുക്കുവാനാവാതെ.

ഞാൻ കരയുകയായിരുന്നു. അതവരെ അമ്പരപ്പിച്ചു, ഒട്ടു വിഷമിപ്പിക്കുകയും ചെയ്തു. അവർ എഴുന്നേറ്റുകൊണ്ടു പറഞ്ഞു. 'ഞാൻ ചായയുണ്ടാക്കട്ടെ.'

അവർ ചായയുമായി തിരിച്ചുവന്നു. 'എന്തിനേ കരഞ്ഞത്? ചേച്ചിയെ ഓർത്താണോ?' ഞാൻ ഒന്നും പറഞ്ഞില്ല. അവർ തുടർന്നു. 'ഒരു സ്ത്രീയുടെ മനസ്സ് എന്താണെന്ന് ആരെങ്കിലും മനസ്സിലാക്കുന്നുണ്ടോ?' അവരുടെ സ്വരത്തിൽ വേദനയുണ്ടായിരുന്നു, കണ്ണിൽ ഈർപ്പവും.

ഞാൻ പോകാനായി എഴുന്നേറ്റപ്പോൾ അവർ പറഞ്ഞു. രവിയേട്ടൻ പോയിട്ട് ആദ്യായിട്ടാണ് ഞാൻ ഒറ്റയ്ക്കാവണത്. ഇതുവരെ മക്കളുണ്ടായിരുന്നു. ഇന്ന് രാജീവും പോയപ്പോൾ വല്ലാത്ത വിഷമം തോന്ന്വാ.' അവർ എന്റെ ഒപ്പം ഉമ്മറത്തേയ്ക്കു വന്നു. പോകാനായി വിടപറയാൻ ഞാൻ അവരുടെ മുഖത്തു നോക്കി. അവർക്കെന്തോ പറയാനുണ്ടായിരുന്നു. ഞാൻ കാത്തു നിന്നു.

'നിനക്ക് ഇന്നുതന്നെ തിരിച്ചുപോണോ?' അവർ സംശയിച്ചുകൊണ്ട് തുടർന്നു.
'വിഷമാവില്ലെങ്കിൽ ഇന്ന് രാത്രി ഇവിടെ കഴിയാം.'

ഞാൻ എന്താണ് മറുപടി പറയേണ്ടതെന്ന് ആലോചിച്ചിരിക്കെത്തന്നെ വീണ്ടും ഒരു ഇരുപത്തിരണ്ടു വയസ്സുകാരനാവുകയായിരുന്നു.

നീ എവിടെയാണെങ്കിലും എന്ന സമാഹാരത്തില്‍നിന്ന്

ഇ ഹരികുമാര്‍

E Harikumar