നുറുങ്ങുചിന്തകള്‍ - 3

മുതിർന്നവരുടെ കളിക്കോപ്പ്

ഏതു സിനിമയിലാണെന്നോർമയില്ല. ഒരു കവലച്ചട്ടമ്പി അഭ്യാസങ്ങൾ കാട്ടുന്ന രംഗമുണ്ട്. അറബിരാജ്യങ്ങളിലൊന്നിലാണ്. ഒരു മരുപ്പച്ചയോടു ചേർന്ന കൊച്ചുപട്ടണം. തെരുവിൽ ആളുകൾ കൂടിനിൽക്കുന്നു. നടുവിൽ രണ്ടുപേർ അന്യോന്യം നോക്കിനിൽക്കുന്നു. ഒരുത്തൻ നീണ്ടുമെലിഞ്ഞ ഒരു സായ്‌വ്, അമേരിക്കക്കാരനായിരിക്കണം. അയാളെ ഒരു വലിയ കത്തികാട്ടി വിരട്ടുന്നത് സ്ഥലത്തെ പ്രധാന ചട്ടമ്പി. അവൻ ആനയുടെ കഴുത്ത് ഒറ്റവെട്ടിനു വേർപെടുത്താൻ മാത്രം വലുപ്പമുള്ള വലിയൊരു കത്തി ചുഴറ്റി സായ്‌വിനെ ഭീഷണിപ്പെടുത്തുന്നു. സായ്‌വിന്റെ അവസാനമടുത്തുവെന്ന് എല്ലാവർക്കും തീർച്ചയായിരുന്നു. അസാമാന്യപാടവത്തോടെ ചുഴറ്റുന്ന ആ കത്തികൊണ്ട് അവനു സായ്‌വിനെ ഒരു നെയ്മീൻപോലെ അരിയാൻ പറ്റും. സായ്‌വിന്റെ അവസാനം കാണാൻ താല്പര്യത്തോടെ അറബിയെ പ്രോത്സാഹിപ്പിച്ചു കാത്തിരുന്നവർ കാണുന്നതെന്താണ്? ഒരഞ്ചുമിനിറ്റുനേരം കവലച്ചട്ടമ്പിയുടെ അഭ്യാസങ്ങൾ നോക്കിനിന്നശേഷം സായ്‌വ് നിർവികാരനായി അരയിൽനിന്നു തോക്കുവലിച്ചെടുത്ത് അവന്റെ നേരെ ചൂണ്ടി കാഞ്ചിവലിക്കുന്നു. നിമിഷാർദ്ധത്തിൽ നിലത്തുവീണു നിശ്ചലനായ അറബിയെ ഒരുനോക്കു നോക്കി സായ്‌വ് തോക്ക് തിരിച്ച് അരയിൽ തിരുകി നടന്നുപോകുന്നു.

ഗുണപാഠം: ആ അമേരിക്കൻ സായ്‌വ് അറബിയെക്കാൾ വലിയ ചട്ടമ്പിയാണ്. കുറച്ചുകൂടി മെച്ചപ്പെട്ട ആയുധവുമുണ്ട്.

ഇത് ഒരു അമേരിക്കൻ സിനിമയിലെ ദൃശ്യം. ഈ ദൃശ്യം ശരിക്കും നടന്ന ഒരു സന്ദർഭമുണ്ട്. ഏഴുകൊല്ലം മുൻപു നടന്ന ഗൾഫ്‌യുദ്ധത്തിൽ. ഗൾഫ്‌യുദ്ധത്തിലേക്കു നയിച്ച സാഹചര്യങ്ങൾ ഇവിടെ വിവരിക്കുന്നില്ല. കുവൈറ്റിലേക്ക് അതിക്രമിച്ചു കടന്ന ഇറാക്കിന്റെ സദ്ദാം ഹുസൈനെ അനുപാതമില്ലാതെ ഊതിവീർപ്പിച്ചത് അമേരിക്കൻ പത്രങ്ങളും ടി.വി. ശൃംഖലകളുമാണ്. ഇറാക്കുമായി യുദ്ധത്തിനു പോയാലുണ്ടാവുന്ന കെടുതികൾ അവർ എടുത്തുപറഞ്ഞു. വിയറ്റ്‌നാമിലുണ്ടായ ദയനീയമായ പരാജയത്തിന്റെ വെളിച്ചത്തിൽ സദ്ദാം ഹുസൈനെന്ന ഭയങ്കരനുമായി ഏറ്റുമുട്ടരുതെന്നുവരെ അവർ ആവശ്യപ്പെട്ടു. നാണംകെട്ട പരാജയമായിരിക്കും ഫലമെന്ന് അവർ വിധിയെഴുതി.

ഇറാക്കിന്റെ പ്രതിരോധനിരകളെപ്പറ്റിയും അവരുടെ ആക്രമണത്തിന്റെ ഭയനാതയെപ്പറ്റിയും നിത്യേന പത്രങ്ങളിലും ടെലിവിഷൻ മാധ്യമങ്ങളിലും ഫീച്ചറുകൾ വന്നു. ഇറാക്കിന്റെ അതുല്യമായ യുദ്ധതന്ത്രങ്ങളെപ്പറ്റി ഏറെ പറഞ്ഞിരുന്നത് അമേരിക്കൻ പ്രതിരോധവകുപ്പുതന്നെയായിരുന്നു. ഇറാക്കിന്റെ ചുറ്റും നിരത്തിയ കുഴിബോംബിന്റെ പ്രതിരോധം തകർത്ത് അമേരിക്കൻ സൈന്യത്തിനു മുന്നോട്ടുപോകാൻ കഴിയില്ല. അഥവാ കഴിഞ്ഞാൽത്തന്നെ പിന്നീട് ആഴത്തിൽ കെട്ടിയുണ്ടാക്കിയ ട്രെഞ്ചുകളിൽ ഒരുക്കിനിർത്തിയ ഇറാക്കിപ്പട്ടാളക്കാർ അമേരിക്കക്കാരെ തുരത്തുമെന്നും മറ്റും അവർ പറഞ്ഞുണ്ടാക്കി. ഇത് അമേരിക്കയുടെ അന്ത്യമാണെന്നുവരെ പൊതുജനം വിധിയെഴുതി. ഇതെല്ലാം പറഞ്ഞുപരത്തിയത് അമേരിക്കൻ മാധ്യമങ്ങൾ തന്നെയാണെന്ന് ഓർക്കുക.

പക്ഷേ, യുദ്ധം തുടങ്ങിയപ്പോൾ എന്താണുണ്ടായത്? നിലത്തുനിന്നു നാലടി ഉയരത്തിൽ പൊട്ടുന്ന കമ്പ്രഷൻ ബോംബുകൾ വർഷിച്ച് ഇറാക്കികളുടെ ഒന്നാം നിരയിലെ കുഴിബോംബുകൾ തകർത്തു. അങ്ങനെ കിട്ടിയ പഴുതുകളിലൂടെ അമേരിക്കൻ ടാങ്കുകൾ മുന്നേറി. ട്രെഞ്ചുകളിൽ പതിയിരുന്ന ഇറാക്കിഭടന്മാർ അമേരിക്കൻ ബോംബുകളിൽനിന്നു വർഷിക്കുന്ന ബോംബുകൾ പൊട്ടിത്തെറിച്ച് അതിനുള്ളിൽത്തന്നെ ജീവനോടെ, ഒരു കാഞ്ചിവലിക്കാൻകൂടി അവസരം കിട്ടാതെ കുഴിച്ചുമൂടപ്പെട്ടു. പടക്കപ്പലുകളിൽ നിന്നു ചീറിവന്ന ക്രൂസ്മിസൈലുകൾ ഇറാക്കി ലക്ഷ്യങ്ങൾ തകർത്തു തരിപ്പണമാക്കി. ലോകത്തെമ്പാടുമുള്ള ജനങ്ങൾ ടെലിവിഷനു മുൻപിലിരുന്ന് ഒരു കംപ്യൂട്ടർ ഗെയിം കാണുന്ന ആനന്ദമൂർച്ഛയോടെ ആ യുദ്ധം നോക്കിക്കണ്ടു. അമേരിക്കൻ ടെലിവിഷൻ ശൃംഖലകൾ, പ്രത്യേകിച്ചും സി.എൻ.എൻ. ആ യുദ്ധം ചൂടോടെ, വിശദാംശങ്ങളൊന്നും നഷ്ടപ്പെടാതെ നമ്മുടെ സ്വീകരണമുറിയിലെത്തിച്ചു - പോർവിമാനങ്ങളുടെ ക്രോസ്‌വയർ ലക്ഷ്യത്തിലേക്കു തിരിക്കുന്നത്, കൺട്രോൾ പാനലിൽ ബട്ടനുകൾ അമർത്തുന്നത്, മിസൈലുകൾ ചീറിപ്പറക്കുന്നത്, മിസൈലുകളിലെ ക്യാമറകൾ ക്രോസ്‌വയറിലൂടെ ലക്ഷ്യത്തെ ട്രാക്ക് ചെയ്യുന്നത്. അവസാനം പൊട്ടിത്തെറി. എല്ലാം കണ്ടു കോരിത്തരിച്ചുകൊണ്ട് നമ്മൾ ടെലിവിഷനു മുൻപിലിരുന്നു. ആ പൊട്ടിത്തെറിക്കു മുൻപിൽ ജീവനുള്ള മനുഷ്യരുടെ ശരീരം ചിന്നിച്ചിതറുന്നതോ, അവരുടെ കുടുംബങ്ങൾ അനാഥമാകുന്നതോ നമ്മൾ കണ്ടില്ല. ക്യാമറയുടെ നിർവികാരമായ കണ്ണുകൾ പൊട്ടിത്തെറിവരെയേ ചിത്രങ്ങളെടുക്കുന്നുള്ളൂ.

ചുരുക്കിപ്പറഞ്ഞാൽ ആഗോളമായുള്ള ഒരു കംപ്യൂട്ടർ ഗെയിം. ഓരോരുത്തർക്കും വീട്ടിലെ സ്വീകരണമുറിയിൽ ഇരുന്നുകൊണ്ട് ആസ്വദിക്കാവുന്ന വിധത്തിൽ ഒരുക്കുകയാണ് അമേരിക്ക ചെയ്തത്. ഇറാക്കിനോടു വളരെയധികം അനുഭാവം കാണിച്ച സി.എൻ.എൻ. അനുഭാവം കാട്ടിയത് ഇറാക്കിനുള്ളിൽ എവിടെയും ക്യാമറയുമായി യഥേഷ്ടം കടന്നുചെല്ലാനുള്ള സ്വാതന്ത്ര്യം കിട്ടുവാൻ മാത്രമായിരുന്നു. അതിനുമീതെ ടെഡ് ടേണർ, തന്റെ മാധ്യമസാമ്രാജ്യം പടുത്തുയർത്തുകയും ചെയ്തു.

യുദ്ധത്തിന്റെ ഫലം, ഇറാക്കിലെ ജനങ്ങൾ കഴിഞ്ഞ ഏഴുകൊല്ലമായി അനുഭവിക്കുന്നു. ഇനിയും ഒരു പത്തുകൊല്ലമെങ്കിലും ഈ യാതന തുടരും. കാരണം, എങ്ങനെയെങ്കിലും ആഗോള ഉപരോധം നീക്കിക്കിട്ടി സ്വന്തം ജനങ്ങൾക്ക് ആശ്വാസമുണ്ടാക്കണമെന്ന ആഗ്രഹം സദ്ദാം ഹുസൈനിൽ ഇല്ലെന്നാണ് അടുത്ത കാലത്ത് യു.എൻ. ആയുധപരിശോധകരുമായുണ്ടായ ഏറ്റുമുട്ടലിൽ മനസ്സിലാകുന്നത്. അഹന്തയുടെ ഊതിവീർപ്പിച്ച ബലൂൺ മുഴുവനും അഴിച്ചുവിടാതെ ഒരു ഘട്ടത്തിൽ യുദ്ധം നിറുത്തിപ്പോവുകയാണല്ലോ അമേരിക്കയും ചെയ്തത്. കാരണം ഇറാനു തടയിടാൻ അവർക്കു തീരെ ദുർബലമല്ലാത്തൊരു ഇറാക്ക് ആവശ്യമാണ്.

ഇന്ന് ഒരു ചോദ്യം മാത്രം അവശേഷിക്കുന്നു. ആരാണ് ഇതിനൊക്കെ ഉത്തരവാദി? അയൽക്കാരനെ യാതൊരു പ്രകോപനവും കൂടാതെ ആക്രമിച്ച സദ്ദാം ഹുസൈനോ, ഒരു വെറും നാടൻ കലഹക്കാരനെ ഭയന്ന് വലിയൊരു കവലച്ചട്ടമ്പിയെ ക്ഷണിച്ചുകൊണ്ടുവന്ന അയൽക്കാരോ, അതോ ഇറാക്കിന്റെ ആക്രമണശക്തി ശതഗുണം പെരുപ്പിച്ചുകാട്ടി ഗൾഫ് രാജ്യങ്ങളിൽ ഭീതിനിറച്ച് അവരെ, സഹായം തേടി, അമേരിക്കയുടെ പടക്കോപ്പു നിർമാതാക്കളുടെ വാതിൽക്കലെത്തിച്ച മാധ്യമങ്ങളോ?

കഴിഞ്ഞയാഴ്ച ബി.ബി.സിയിൽ അമേരിക്കൻ പോർവിമാനങ്ങളെപ്പറ്റിയുള്ള ഒരു ഫീച്ചർ കണ്ടപ്പോൾ ഇതെല്ലാം ഓർത്തുപോയി. ഇപ്പോൾ അമേരിക്കയുടെ അടുത്തുള്ള ആയുധങ്ങൾ തൊണ്ണൂറ്റിയൊന്നിൽ ഗൾഫ്‌യുദ്ധത്തിൽ അവർ തന്നെ ഉപയോഗിച്ച ആയുധങ്ങളെ തികച്ചും പ്രാകൃതമാക്കിയിരിക്കുന്നു. അന്നു വലിയ ബോംബറുകളിൽ ഘടിപ്പിച്ചിരുന്നതിലും മാരകങ്ങളായ ആയുധങ്ങൾ അവർ ഇപ്പോൾ വെറുമൊരു ഹെലികോപ്ടറിൽ ഘടിപ്പിച്ചിരിക്കുന്നു. അങ്ങനെയുള്ള ഒരു ഹെലികോപ്ടറിന്റെ പ്രവർത്തനം പ്രകടനത്തിലൂടെ വിവരിക്കുന്ന പൈലറ്റിനോട് റിപ്പോർട്ടറുടെ ചോദ്യം ''ഇതു മുതിർന്നവർക്കുള്ള കളിപ്പാട്ടമാണല്ലോ?'' മറുപടി, ''ഇൻ എവേ, യെസ്,'' എന്തൊരു കളിക്കോപ്പ്! ഇനി ഈ കളിക്കോപ്പുകൊണ്ടുള്ള കളികൾ എന്നാണാവോ നമുക്കെല്ലാം സ്വീകരണമുറിയിലെ ടി.വിയിൽ കാണാൻ പറ്റുക!


കാട്ടുതീ കെടുത്താൻ

ബി.ജെ.പിയെ ഭരണത്തിൽനിന്നിറക്കാൻ മുന്നണിയുണ്ടാക്കാനായി ലാലുപ്രസാദ് യാദവും മുലായംസിങ് യാദവും കച്ചകെട്ടിയിറങ്ങിയിരിക്കുന്നു. കേൾക്കേണ്ട താമസം, അതിനെ പിന്താങ്ങി സർവമംഗളങ്ങളും ആശംസിക്കാൻ സി.പി.ഐ. ചാടിയെഴുന്നേറ്റിരിക്കുന്നു. കോൺഗ്രസ് അതിനു മുൻകൈയെടുക്കണമെന്ന് സി.പി.എം. നിങ്ങൾക്കൊക്കെ അതിഷ്ടമാണെങ്കിൽ ഒരു കൈ നോക്കാമെന്നു കോൺഗ്രസ് മുന്നണിയിൽ ചേരുമെന്ന് ഝാർഖണ്ട് മുക്തിമോർച്ച. ഇനി എന്താണു വേണ്ടത്? ഒരു പുതിയ മുന്നണിയുണ്ടാക്കുക. അതിൽ ചേരാനായി ജയലളിതയെ ക്ഷണിക്കുക. ഇത്രയേ ഉള്ളൂ കാര്യം. അവരുടെ പേരിലുള്ള എല്ലാ കേസുകളും പിൻവലിക്കാമെന്ന് ഒരു വാക്കു പറഞ്ഞാൽ മതി, ജയലളിത തയ്യാറാവും. അങ്ങനെ സുബ്രഹ്മണ്യസ്വാമി പറഞ്ഞതുപോലെ അടുത്തമാസം 15-ാം തീയതിയോടുകൂടി ഒരു 'മതേതര ഫാസിസ്റ്റ് വിരുദ്ധ' ബദൽമന്ത്രിസഭ അധികാരത്തിൽ വരും. പിന്നെ സുഖമായി.

സുഖമായോ? എന്താണ് പിന്നെ ഉണ്ടാവുക എന്നു നോക്കാം. ഒന്നാമതായി അന്വേഷണത്തിന്റെ അവസാനഘട്ടത്തിലെത്തിയ ബോഫോഴ്‌സ് ഇടപാട് വരുന്ന അഞ്ചുകൊല്ലത്തേക്കെങ്കിലും മരവിക്കും; കാലക്രമത്തിൽ അതിനു സ്വാഭാവികമായ മരണം സംഭവിക്കുകയും ചെയ്യും. രണ്ടാമതായി വരുന്നത് ലാലുപ്രസാദ് യാദവിന്റെ കാലിത്തീറ്റക്കുംഭകോണമാണ്. ഏകദേശം ആയിരം കോടി വരുന്ന ആ തിരുമറിയും അലിഞ്ഞില്ലാതാവും. മമത ബാനർജി ബഹളംവയ്ക്കുന്ന ബംഗാളിലെ രണ്ടായിരം കോടിയുടെ അഴിമതിയും തുമ്പില്ലാതെ പോകും. നരസിംഹറാവുവിന്റെ മന്ത്രിസഭ രക്ഷപ്പെടുത്താനായി കോടികൾ കൈക്കൂലിവാങ്ങിയ കക്ഷികളാണ് ഝാർഖണ്ട് മുക്തിമോർച്ച. ഇവയല്ലാതെ നൂറുകണക്കിനു ഗൗരവമുള്ള അഴിമതിക്കേസുകൾ വേറെയും കിടക്കുന്നുണ്ട്. അവയെല്ലാം അടുത്ത അഞ്ചുകൊല്ലംകൊണ്ട് ഒരു അലക്കുകാരൻ കൊണ്ടുവരുന്ന കെട്ടിലെ തുണികൾപോലെ അലക്കി വെളുപ്പിച്ചിരിക്കും.

തീർന്നില്ല. ബി.ജെ.പി. സഖ്യത്തെ താഴെയിറക്കിയാൽ വരാൻ പോകുന്നത് കഴിഞ്ഞ ഏതാനും വർഷങ്ങളായി അഴിമതിയിൽ ആറാടിയിരുന്ന ഈ നേതാക്കൾതന്നെയാണ്. പ്രധാനമന്ത്രിയായും മന്ത്രിമാരായും സഹമന്ത്രിമാരായും വരുന്ന അവർക്കോരോരുത്തർക്കെതിരായും അഴിമതിക്കേസുകൾ കോടതിയിൽ നിലവിലുണ്ട്. അധികാരത്തിൽ വന്നാൽ തുമ്പില്ലാതാക്കാവുന്ന കേസുകൾ. എന്നുവച്ചാൽ ഇനിയും അഞ്ചുകൊല്ലത്തേക്കു മുഴുവൻ സമയവും പുതിയ അഴിമതികൾക്കായി വിനിയോഗിക്കാൻ നമ്മൾ മൗനസമ്മതം നൽകുകയാണെന്നർത്ഥം. ആയിരം കോടിയുടെ വെട്ടിപ്പു നടത്തിയെന്നുവച്ചാൽ, ആ പണം നമ്മുടെ ഓരോരുത്തരുടെയും പോക്കറ്റിൽനിന്നു പോകുന്നുവെന്നേ അർത്ഥമുള്ളൂ. അങ്ങനെ നമ്മുടെ പോക്കറ്റ് ചോർന്നു പോകുന്ന എത്ര വെട്ടിപ്പുകൾ! ഇതിലും ഭേദം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഞാണിന്മേൽക്കളിതന്നെയല്ലേയെന്ന് ഒരു നിമിഷം ആലോചിച്ചാൽ ബോദ്ധ്യമാവും. ബി.ജെ.പി. സർക്കാരിനെതിരായ ഒരേയൊരു ആക്ഷേപം വർഗീയതയാണ്. വർഗീയത എന്നത് വളരെ ആപേക്ഷികമായ ഒരു കാര്യമാണ്. ഒരാൾക്കു വർഗീയമായി തോന്നുന്നതല്ല മറ്റൊരാൾക്കു തോന്നുക. മതനിരപേക്ഷതയ്ക്കു കോൺഗ്രസ്സോ ഇടതുകക്ഷികളോ കൊടുക്കുന്ന അർത്ഥമല്ല ബി.ജെ.പി. കൊടുക്കുന്നത്. ഒരു രാജ്യത്തെ ജനങ്ങളെ മതങ്ങളുടെ പേരിൽ വ്യത്യസ്ത തട്ടുകളിലിടുന്നതാണ് മതേതരത്വമെന്ന് ഒരു പക്ഷം പറയുമ്പോൾ, മതത്തിന്റെ കാര്യത്തിൽ ജനങ്ങളോടു വിവേചനം കാണിക്കരുതെന്നു മറുപക്ഷം പറയുന്നു. ഏതാണു ശരിയെന്നത് ബുദ്ധിയുള്ളവർ ആലോചിക്കട്ടെ. അതു വർഗീയതയുടെയും മതേതരത്വത്തിന്റെയും കാര്യം. മറിച്ച് അഴിമതി ആരു കാട്ടിയാലും അഴിമതിതന്നെയാണ്. ഹിന്ദു അഴിമതിയെന്നോ മുസ്ലിം അഴിമതിയെന്നോ ക്രിസ്ത്യൻ അഴിമതിയെന്നോ വകഭേദമൊന്നുമില്ല. രാഷ്ട്രത്തിന്റെ പൊതുസ്വത്താണ് കട്ടുമുടിക്കുന്നത്.

കാട്ടുതീയുണ്ടായാൽ എന്താണു ചെയ്യുക? തീ അടുത്തെത്തുന്നതിനു മുൻപ് കാട്ടിൽ തീയിട്ടു കരിച്ചു മരങ്ങളില്ലാത്ത ഒരു ബെൽറ്റുണ്ടാക്കുന്നു. കാട്ടുതീ അവിടെയെത്തി കത്താനൊന്നുമില്ലാതെ കെട്ടടങ്ങുന്നു. അതുപോലെ അഴിമതിയെന്ന കാട്ടുതീ വരുമ്പോൾ നമ്മൾ ഒരു ചെറിയ തീയായ ജയലളിതയെ മുൻപിൽ നിറുത്തുക. അവർക്കെതിരായ എല്ലാ കേസുകളും മരവിപ്പിച്ചാലും രാഷ്ട്രത്തിനു ലാഭമേ ഉണ്ടാവൂ എന്നു മനസ്സിലാക്കാൻ മാത്രം വിവേകം നമ്മൾ കാണിക്കുക. ഇന്നത്തെ നിലയിൽ ജയലളിതയുടെ പാർട്ടിക്കു കേന്ദ്രത്തിലുള്ള പങ്ക് അത്ര പ്രധാനപ്പെട്ടതൊന്നുമല്ല. പോരാത്തതിന്, ഇപ്പോഴുള്ള അഴിമതിക്കേസുകൾ തലയിൽ തൂങ്ങിനിൽക്കുമ്പോൾ അവരുടെ പാർട്ടി പുതുതായി അഴിമതിക്കൊന്നും തുനിയില്ലെന്ന് ആശിക്കുകയും ചെയ്യാം. ജയലളിതയെ പിണക്കാതെ, എന്നാൽ ഒന്നും വിട്ടുകൊടുക്കാതെ അവരെ മന്ത്രിസഭയിൽ കൊണ്ടുനടക്കുക അതാണു വേണ്ടത്. അതല്ലെങ്കിൽ പുതിയ മന്ത്രിസഭയുണ്ടാവും. പുതിയ കുംഭകോണങ്ങളുണ്ടാവും. പാർട്ടികൾ തമ്മിലുള്ള അടിപിടിയുണ്ടാവും. ലാലുപ്രസാദ് യാദവും മുലായംസിങ് യാദവും എപ്പോഴെങ്കിലും ഒരു തട്ടിൽ നിന്നിട്ടുണ്ടോ? ഫലമോ, ആ കൂട്ടുമന്ത്രിസഭയും പൊളിയും. രാഷ്ട്രം വീണ്ടും മറ്റൊരു ചെലവേറിയ തെരഞ്ഞെടുപ്പിന്റെ വക്കത്തെത്തുകയും ചെയ്യും. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനു മുൻപില്ലാതിരുന്ന ഒരു സ്ഥിതിവിശേഷം സംജാതമായിട്ടില്ല. അപ്പോൾ അന്ന് ഒരുക്കൂട്ടാൻ കഴിയാതിരുന്ന യോജിപ്പും സഹവർത്തിത്വവും ഇപ്പോൾ കൈവരിക്കാമെന്ന് ആരോടാണ് പറയുന്നത്?

കലാകൗമുദി - 1998 ആഗസ്റ്റ് 2

ഇ ഹരികുമാര്‍

E Harikumar