ഡോ. ഉണ്ണി ആമപ്പാറക്കല്‍

ജീവിതത്തിന്റെ അടയാളങ്ങള്‍

ഡോ. ഉണ്ണി ആമപ്പാറക്കല്‍

അനിതയുടെവീട് (കഥാ സമാഹാരം) - ഇ. ഹരികുമാർ

ആധുനികതയുടെയും ഉത്തരാധുനികതയുടെയും അതിർവരമ്പിൽ നിന്നുകൊണ്ട് നവനാഗരിക സംസ്‌കാരത്തിന്റെ ഉള്ളറകളെ തുറന്നെഴുതുന്ന എഴുത്തുകാരുടെ കൂട്ടത്തിൽ ശ്രദ്ധേയനായ ചെറുകഥാകൃത്താണ് ഇ. ഹരികുമാർ. സാഹിത്യബലവും കഥാകഥനപാടവവും പൈതൃകമായി കൈവന്ന ഹരികുമാർ മനുഷ്യജീവിതത്തിന്റെ ആഴങ്ങൾ അതിസൂക്ഷ്മതയോടെ ആവിഷ്‌കരിക്കുന്നു. പതിമൂന്നു കഥകളുടെ സമാഹാരമായ 'അനിതയുടെ വീട്' ഇതു സാക്ഷ്യപ്പെടുത്തുന്നു.

ഈ സമാഹാരത്തിലെ 13 കഥകളും നമ്മുടെ ഭാവുകത്വപരിണാമത്തിന്റെ നിദർശനങ്ങളാണ്. നഷ്ടപ്പെടലിന്റെ തിക്താനുഭവങ്ങളും, ഒറ്റപ്പെടലിന്റെ വിങ്ങലുകളും, സൈബർയുഗം ജീവിതചര്യകളിൽ വരുത്തിവച്ച മാറ്റങ്ങളും അനുഭവവേദ്യമാംവിധം ആവിഷ്‌കരിയ്ക്കപ്പെടുന്നു. അച്ഛനും അമ്മയും നഷ്ടപ്പെട്ട അനാഥബാലികയുടെ ജീവിതത്തിന്റെ അനിശ്ചിതാവസ്ഥയാണ് 'എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാൾ' എന്ന കഥയിലുള്ളത്. ഭാര്യയെയും കൂട്ടി സാരി വാങ്ങാനിറങ്ങിയ അയാൾ പല കടകളിലും കയറിയിറങ്ങി. എവിടെയും കാണാത്ത, ആർക്കും ഇല്ലാത്ത നിറമുള്ള സാരി ഒടുവിൽ 2800 രൂപയ്ക്ക് ലഭിച്ചു. എന്തിനെന്നറിയാതെ അവരെ പിൻതുടർന്ന അനാഥപെൺകുട്ടി അപ്പോഴും വിട്ടുപോയിരുന്നില്ല. 'എന്നീം കൊണ്ടുപോവ്വോ?' - അവൾ ചോദിച്ചു. മിഥ്യാഭിജാത്യം അവളെ കൂടെക്കൊണ്ടു പോകാൻ പ്രേരിപ്പിച്ചില്ല. പക്ഷെ വീട്ടിലെത്തിയിട്ടും അയാൾക്ക് നഷ്ടബോധം. ഒടുവിൽ തെരുവിലേയ്ക്ക് തിരിച്ച് വണ്ടി ഓടിച്ചു അയാൾ. എന്നാൽ തെരുവിൽ നിന്ന് വില പേശി വാങ്ങിയ ഉടുപ്പുകളുമായി പോകുന്ന ഒരു മധ്യവർഗ്ഗ കുടുംബം തെരുവോരത്ത് കിടന്നുറങ്ങുന്ന അവളെയും കൂട്ടി അയാൾക്കു മുന്നിലൂടെ നടന്നു പോയി. അവർക്ക് നഷ്ടപ്പെടാനോ, ചിന്തിച്ചു വേവലാതിപ്പെടാനോ ഒന്നുമുണ്ടായിരുന്നില്ല. എന്തോ നഷ്ടപ്പെടുന്ന വേദന ഉള്ളിലൊതുക്കാനേ അയാൾക്ക് കഴിഞ്ഞുള്ളു.

പ്രണയത്തിന്റെ അർത്ഥമെന്താണ്? പ്രത്യക്ഷത്തിൽ കാണുന്ന അഭിനയവും വാചകക്കസർത്തും മാത്രമോ? ഒന്നും ബാലൻ എന്ന ഓഫീസ് പ്യൂണിനു മനസ്സിലായില്ല. ഒന്നും തീർച്ചയില്ലാതെ, തന്റെ കാമുകി മുന്നിലൂടെ ബോസ്സിന്റെ കാറിലേറി പോകുന്നത് അയാൾ നോക്കിനിന്നു. 'വെറുതെ, ഒന്നും തീർച്ചയില്ലാതെ' എന്ന കഥ പ്രായോഗികതയ്ക്ക് ഊന്നൽ നൽകി മാനുഷികതയുടെ തലങ്ങളെ വിസ്മരിയ്ക്കുന്ന നിലീനയുടെ കഥ പറയുന്നു. വിഭ്രമാത്മകതയുടെ പശ്ചാത്തലമുള്ള ചില കഥകളും ഈ സമാഹാരത്തിൽ കാണുന്നു. 'ഇരുട്ടിന്റെ വല', 'കാലത്തിന്റെ ഏതോ ഊടുവഴികളിൽ', 'അന്വേഷണം', 'കുട്ടിച്ചാത്തന്റെ ഇടപെടലുകൾ' എന്നീ കഥകൾ ഈ ഗണത്തിൽപ്പെടുന്നു.

വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലും ഏകാന്തതയുമാണ് 'ഇരുട്ടിന്റെ വല'യിലുള്ളത്. സ്വപ്നവും യാഥാർത്ഥ്യവും ഇഴപേർത്തെടുക്കാൻ കഴിയാത്തവിധം ചേർന്നിരിയ്ക്കുന്ന അവസ്ഥ 'കാലത്തിന്റെ ഏതോ ഊടുവഴികളിൽ' കാണാനാവുന്നു. ഒരു ദിവസം പെട്ടെന്ന് അപ്രത്യക്ഷനായ ഭർത്താവിനെക്കുറിച്ചുള്ള മാലതിയുടെ അന്വേഷണമാണ് 'അന്വേഷണം' എന്ന കഥ. വിഭ്രമാത്മകതയുടെ സ്പർശമുള്ള ഒരു അസാധാരണ കഥയാണിത്. കഥാഘടനയിൽ പുതുമ കൈവരുത്താൻ കഥാകൃത്ത് പ്രത്യേകം ശ്രദ്ധിച്ചിരിയ്ക്കുന്നു. പ്രതിപാദനശൈലി തികച്ചും വ്യതിരിക്തമാണ്.

ജീവിയ്ക്കാൻ വേണ്ടി പണം പലവിധം കൈകാര്യം ചെയ്യുകയും അതുകൊണ്ടുതന്നെ പലപ്പോഴും ജോലി നഷ്ടപ്പെടുകയും ചെയ്യുന്നു രാമന്. അങ്ങിനെയാണ് അയാൾ പുതിയ വെബ്‌സൈറ്റിൽ അഭയം പ്രാപിച്ചത്. ക്യൂട്ടിച്ചാത്തൻ ഡോട് കോം - അമേരിയ്ക്കൻ വെബ്‌സൈറ്റ്. കുട്ടിച്ചാത്തൻ തനി ഭാരതീയ, കേരളീയ സങ്കല്പമാണെങ്കിലും അമേരിയ്ക്കൻ കമ്പനി അതിന്റെ പാറ്റന്റ് നേടിയിരിയ്ക്കുന്നു. പണം മുടക്കുന്നവന് കുട്ടിച്ചാത്തന്റെ കളികൊണ്ട് പലവിധത്തിൽ നേട്ടമുണ്ടാവുന്നു. യാദൃശ്ചികതകൾ വരുത്തുന്ന വ്യതിയാനങ്ങൾ സമർത്ഥമാംവിധം കോർത്തിണക്കിയിരിയ്ക്കുന്നു. ജീവിതം വഴിമുട്ടുമ്പോൾ മനുഷ്യൻ ഏതു വഴിയും സ്വീകരിയ്ക്കും. അങ്ങിനെ വഴിമുട്ടിയുഴലുന്നവരെ കുരുക്കാൻ പുതിയ വെബ് സൈറ്റുകളുണ്ടാവുന്നു. മാസംതോറം കൂടുതൽ കൂടുതൽ പണം മുടക്കി പുതുക്കേണ്ട അംഗത്വമുള്ള പുതിയ വെബ്‌സൈറ്റുകൾ. 'കുട്ടിച്ചാത്തന്റെ ഇടപെടലുകൾ' ഇങ്ങിനെ ഒരനുഭവത്തെയാണ് കാഴ്ചവെയ്ക്കുന്നത്.

അമ്മ കാണുന്ന സീരിയലുകളിലെ ഏതാനും ഷോട്ടുകൾ മാത്രമാണ് തന്റെ ജീവിതം എന്ന് നളിനി തിരിച്ചറിഞ്ഞിരിയ്ക്കുന്നു. ആവർത്തനങ്ങളും വിരസതയും നിറഞ്ഞ ജീവിതത്തിന്റെ തിരിച്ചറിയലുകളാണ് 'അനിതയുടെ വീട്' എന്ന കഥയിലുള്ളത്. അമ്മയുടെ ജീവിത പശ്ചാത്തലം തന്റെ ജീവിതത്തെക്കൂടി ബാധിക്കുമോ എന്ന് നളിനി ആശങ്കപ്പെടുന്നു. പ്രതീക്ഷയില്ലായ്മയുടെ ജീവിതം ജീവിച്ചുതീർക്കെ ഇടയ്ക്ക് വല്ലപ്പോഴും അവൾ 'അനിതയുടെ വീട്' സന്ദർശിയ്ക്കുന്നു. അവിടെ അന്തിയുറങ്ങുന്നു. പലപ്പോഴും അത് ഒരാശ്വാസമാകുന്നു; അഭയമാകുന്നു. ഒരിയ്ക്കലും ഇല്ലാത്ത, സങ്കല്പത്തിലെ 'അനിതയുടെ വീട്', സ്വപ്നത്തിലെ, നുണകളിലെ 'അനിതയുടെ വീട്'.

'സൈബർ നിഴൽ യുദ്ധം', 'അതെ, പഴയ ആൾതന്നെ' എന്നീ കഥകളും നവവായന ആവശ്യപ്പെടുന്നവയാണ്. പുതിയ ജീവിതപരിസരം വാർദ്ധക്യത്തെ എങ്ങിനെ മാറ്റിത്തീർക്കുന്നുവെന്ന് 'സൈബർനിഴൽയുദ്ധം' വ്യക്തമാക്കുന്നു. ഒരു വൃദ്ധന്റെ ആത്മഹത്യയും അനുബന്ധപ്രശ്‌നങ്ങളുമാണ് 'പാവം ഈ ദേശക്കാർ' എന്ന കഥയിലുള്ളത്. ഒരു ഗ്രാമത്തിന്റെ മാനസികവ്യാപാരത്തിലൂടെ കടന്നു പോകുന്ന ഇക്കഥ ആക്ഷേപഹാസ്യത്തിന്റെ സാദ്ധ്യതകളെ ഉപയോഗപ്പെടുത്തുന്നു. 'രസകരമായൊരു കഥയ്ക്കിടയിൽ' എന്ന കഥ സമൂഹത്തിന്റെ നിശ്ചേതനാവസ്ഥയെ വെളിപ്പെടുത്തുന്നു. മരണവീട്ടിൽ കൂടിനിന്ന് അപഥസഞ്ചാരത്തിന്റെ കഥകൾ പറഞ്ഞ് രസിയ്ക്കുന്ന സമൂഹം മരണാനന്തര കർമ്മങ്ങളോ ദുഃഖിതരുടെ ആശങ്കകളോ പങ്കു വയ്ക്കുന്നില്ല. എവിടെനിന്നോ കടന്നുവന്ന രാമൻ, കുട്ടിയെ നഷ്ടപ്പെട്ട വേലായുധന് താങ്ങും തണലുമാകുന്ന, മരിയ്ക്കാത്ത മനുഷ്യത്വത്തിന്റെ വറ്റാത്ത ഉറവയാവുകയാണ് രാമൻ. അയാൾ വന്നപോലെത്തന്നെ പടിയിറങ്ങിപ്പോകുന്നു. എവിടെയാണ് നാം ഇനി അയാളെ തിരയേണ്ടത്? തിരഞ്ഞാലും കണ്ടുകിട്ടുമോ? തീർച്ചയില്ല. കഥ പങ്കുവയ്ക്കുന്ന ആശങ്ക അതിദയനീയവും ഭീകരവുമായി മാറുന്നു.

പത്തു വർഷത്തെ ജയിൽ ശിക്ഷയ്ക്കുശേഷം പുറത്തുവന്ന ദാസപ്പന് പുതിയ ലോകത്തെയാണ് കാണാനായത്. തന്റെ പഴയ കത്തി ഇനി വിലപ്പോവില്ലെന്നും ജീവിതവും ചുറ്റുപാടും ഏറെ മാറിയിരിയ്ക്കുന്നുവെന്നും അയാൾ തിരിച്ചറിയുന്നു. കത്തിയുടെ സ്ഥാനം തോക്ക് ഏറ്റെടുത്തിരിയ്ക്കുന്നു. അടിപിടിയും കൊലപാതകവും ഇന്ന് വാർത്തയല്ലാതായിരിയ്ക്കുന്നു. 'പുതിയൊരു റിപ്‌വാൻ വിങ്ക്ൾ' എന്ന കഥ പുതിയ ജീവിതത്തിന്റെ നേർക്കാഴ്ചയാവുന്നു. 'സ്വപ്നങ്ങൾ വിൽക്കുന്ന സെയ്ൽസ്മാൻ' മധ്യവർഗ്ഗത്തിന്റെ ഉറങ്ങിക്കിടക്കുന്ന ആഗ്രഹങ്ങളെ വിളിച്ചുണർത്തി പുതിയ കമ്പോള വ്യവസ്ഥയിലേയ്ക്ക് കൊണ്ടുപോവുന്നതിന്റെ ചിത്രം വെളിപ്പെടുത്തുന്നു. ഉപഭോഗസംസ്‌കാരം ജീവിതത്തെ എങ്ങിനെ തളച്ചിടുന്നു എന്നും, ഒടുവിൽ അതെങ്ങനെ ദുരന്തത്തിൽ കലാശിയ്ക്കുന്നുവെന്നും കഥാകാരൻ വ്യക്തമാക്കുന്നു. ഉപഭോക്താവിനെ തേടുന്ന കമ്പോളം ഒരിയ്ക്കലും തളരുന്നില്ല. അതു പുതിയ ഇരകളെ തേടിക്കൊണ്ടേയിരിയ്ക്കുന്നു. ഒരാളുടെ (മാധവിയുടെ) ആത്മഹത്യ അതിനെ ബാധിയ്ക്കുന്നതേയില്ല.

നവഉപഭോഗസംസ്‌കാരവും വിവരസാങ്കേതിക വിദ്യയുടെ കടന്നുകയറ്റവും ജീവിതത്തെ എത്രമാത്രം മാറ്റിത്തീർത്തിരിയ്ക്കുന്നു എന്ന് ഹരികുമാറിന്റെ കഥകൾ വ്യക്തമാക്കുന്നു. അഭയമറ്റ വാർദ്ധക്യവും പ്രതീക്ഷയറ്റ ജീവിതവും നമുക്കിവിടെ കാണാം. നൈർമല്യം നഷ്ടപ്പെട്ട പ്രണയവും മനുഷ്യത്വം ചോർന്നുപോയ സമൂഹവും ജീവിതത്തിന്റെ നേർപ്പകർപ്പുകളാവുന്നു. ആധുനിക-ഉത്തരാധുനിക കള്ളികളിൽ വേർതിരിച്ചുനിർത്താനാവാത്ത ഇക്കഥകൾ വായനയുടെ അപാരമായ സാദ്ധ്യതകളെ നിലനിർത്തുന്നുണ്ട്.

കവനകൗമുദി - 2006 മെയ് - ജൂലൈ

ഡോ. ഉണ്ണി ആമപ്പാറക്കല്‍

അനുബന്ധ വായനയ്ക്ക്