ഇടശ്ശേരിയുടെ പൂതപ്പാട്ട്, വീണ്ടും

ഓർമ്മവെച്ച നാൾ തൊട്ട് വീട്ടിലെ അന്തരീക്ഷം കവിതാമയമായിരുന്നു. ബീഡിയും പുകച്ച് മേശവിളക്കിന്റെ വെളിച്ചത്തിൽ അച്ഛൻ രാത്രി വളരെ വൈകുവോളം കവിതകൾ എഴുതാറുണ്ട്. രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ ഞങ്ങൾ കാണുക അച്ഛന്റെ മുറി നിറയെ ബീഡിക്കുറ്റികളും ചെറുതായി കീറിയിട്ട കടലാസ്സുകഷണങ്ങളുമായിരുന്നു. മേശമേൽ നിറയെ എഴുതിയ കടലാസ്സുകൾ ചിതറികിടന്നിരുന്നു. അച്ഛന്റെ കവിതകൾ, അമ്മ ഒരീണത്തോടെ മനോഹരമായി പാടാറുണ്ട്.

'ആരേ പോയ പുകിൽപ്പാട-
ത്തരിമയോടാരിയൻ വിത്തിട്ടൂ?

അച്ഛൻ കവിത എഴുതിക്കഴിഞ്ഞാൽ അത് വായിച്ചു കേൾപ്പിക്കേണ്ടത് അമ്മയുടെ ചുമതലയായിരുന്നു. അതവർ വളരെ ഭംഗിയായി ചെയ്തു. അതു കേട്ട് ഞങ്ങൾ കുട്ടികളും പാടാറുണ്ട്. താഴെയുള്ള അനുജന്മാർ ചുക്കുമണിയും കാണിച്ച് നടക്കുമ്പോൾ പാടാറുണ്ട്-

പൊന്നുണ്ണി, പൂങ്കരളെ
പോന്നണയും പൊൻകതിരേ

അച്ഛന്റെ കവിതകളിൽ മിക്കവയുടെയും താളം ഞങ്ങളുടെ മനസ്സിൽ പതിഞ്ഞിരുന്നു. പലതും മനപ്പാഠമായിരുന്നു.

പൂതപ്പാട്ട് സംഗീതാവിഷ്‌ക്കരണം ചെയ്ത് കാസറ്റിലാക്കാനുള്ള ശ്രമത്തിൽ ആദ്യം വിലങ്ങുതടിയായി നിന്നതും ഈ മുൻവിധിയായിരുന്നു. ഞങ്ങൾക്കു പരിചയമില്ലാത്ത ഒരീണത്തിൽ അച്ഛന്റെ കവിതകൾ പാടുന്നത് കേൾക്കാൻ ഞങ്ങളുടെ മനസ്സ് വിസമ്മതിച്ചു. അത് ആരഭിയായാലും അമിർ കല്യാണിയാ യാലും. പല ഇടശ്ശേരിക്കവിതകളുടെയും സംഗീതാവിഷ്‌ക്കരണം ഞാൻ കേട്ടിട്ടുണ്ട്. അതെല്ലാംതന്നെ നിരാശാവഹമായിരുന്നു. പലതും അച്ഛനുതന്നെ ഇഷ്ടമാകാറില്ല. കവിതയുടെ ആത്മാവ് സംഗീതത്തിന്റെ വളക്കാൻ പ്രയാസമായ പേശികളിൽത്തട്ടി നശിച്ചുപോയി. ഇതിനൊരപവാദം ശ്രീമതി ലീലാ ഓംചേരി മാത്രമായിരുന്നു.

അവർ ചെയ്ത സംഗീതാവിഷ്‌ക്കരണം കവിതയുടെ ആത്മാവിനെ ഉൾക്കൊണ്ടു കവിതയെ ആസ്വാദനത്തിന്റെ ഉയർന്ന തലങ്ങളിലേക്കെത്തിച്ചു. 'കാവിലെപാട്ട്' എന്ന കവിത ശ്രീമതി ലീലാ ഓംചേരി സംഗീതാവിഷ്‌കരണം ചെയ്തത് അച്ഛന് വളരെ ഇഷ്ടപ്പെട്ടതായിരുന്നു. പതിനഞ്ചുകൊല്ലം മുമ്പ് കേട്ട ആ ഗാനമാധുരിയെപ്പറ്റി അമ്മ ഇന്നും ഓർമ്മിക്കുന്നുണ്ട്.

ആദ്യത്തെ പ്രശ്‌നം, സംഗീതാവിഷ്‌ക്കരണം ആരെക്കൊണ്ട് ചെയ്യിക്കാമെന്നതായിരുന്നു. പൂതപ്പാട്ടാണ് ആദ്യത്തെ സംരംഭമായി തിരഞ്ഞെടുത്തത്. പല കാരണങ്ങളുമുണ്ട്. ഇടശ്ശേരിക്കവിതകളിൽ ഏറ്റവുമധികം സംഗീതാംശമുള്ളതും, സംഗീതാവിഷ്‌ക്കരണത്തിന് വളരെയധികം സാദ്ധ്യതകളുള്ളതുമാണ് പൂതപ്പാട്ട്. അതുകൊണ്ടുതന്നെ പൂതപ്പാട്ട് പല സ്റ്റേജുകളിലും വിവിധ രൂപത്തിൽ അവതരിക്കപ്പെട്ടു. പലരും കവിത സംഗീതം കൊടുത്തുചൊല്ലി. ചിലർ അത് ബാലെ രൂപത്തിലും ചിലർ നിഴൽ നാടകമായും അവതരിപ്പിച്ചു. പൂതപ്പാട്ടിൽ സംഗീതമുണ്ട്, നാടകമുണ്ട്. ഉദ്വേഗം വളർത്തുന്ന സസ്‌പെൻസുണ്ട്. ഇതെല്ലാം കാരണം ഈ കവിത മുതിർന്നവർക്കെന്നല്ല, കൊച്ചു കുട്ടികൾക്കുകൂടി പ്രിയംകരമായി. അങ്ങിനെയാണ് ആദ്യസംരഭമായി പൂതപ്പാട്ടു തന്നെ തിരഞ്ഞെടുത്തത്.

ആരെക്കൊണ്ടു ചെയ്യിക്കും എന്ന ചോദ്യം ഞാൻ അനുജൻ ഡോ. ദിവാകരനോടു ചോദിച്ചു. കേരളത്തിലെ കലാസാംസ്‌കാരികരംഗം വളരെ അടുത്തു നിന്നു നിരീക്ഷിക്കുന്ന ഒരാളാണ് ഡോക്ടർ. സാംസ്‌കാരികരംഗത്ത് ഞാൻ വളരെ പിന്നിലാണ്. അതുകൊണ്ടുതന്നെ സാംസ്‌കാരിക രംഗത്തെ ഹുയിസ്ഹു എനിക്കപരിചിതവുമായിരുന്നു. ദിവാകരന്റെ മറുപടി പെട്ടെന്നായിരുന്നു.

'നമുക്ക് ഡോ. രമേശിന്റെ അടുത്തുപോകാം അദ്ദേഹം ചെയ്യുമെങ്കിൽ അതായിരിക്കും ഏറ്റവുംനല്ലത്.

പിന്നെയാണ് ഞാനോർത്തത്. ഞാൻ ഒരു പത്തുപ്രശ്‌നങ്ങളുമായി ദിവാകരനെ സമീപിച്ചാൽ അതിൽ എട്ടെണ്ണത്തിനും അയാളുടെ പ്രതിവിധി ഡോ രമേശ് എന്നായിരിക്കും.

ഡോ. എസ്. പി. രമേശ് ഒരത്ഭുതമനുഷ്യനാണ്. ഒരു മികച്ച സൈക്ക്യാട്രിസ്റ്റ് എന്നതിനു പുറമേ സംഗീത, സാഹിത്യ കലാരംഗങ്ങളിലും മറ്റനേകം സാംസ്‌കാരിക മേഖലകളിലും അദ്ദേഹം മിഴിവും അസാധാരണവ്യക്തിത്വവും വെച്ചു പുലർത്തി. സൃഷ്ടിക്കുമ്പോൾ ദൈവം ഏറ്റവും പുതിയ ജനറേഷൻ കംപ്യൂട്ടറാണ് അദ്ദേഹത്തിന്റെ തലയിൽ ഫിറ്റുചെയ്തിട്ടുള്ളത്. അസാമാന്യ ഓർമ്മശക്തി, ആരേയും അനുകരിച്ചഭിനയിക്കാനുള്ള കഴിവ്, ഒറ്റനോട്ടത്തിൽ എന്തിനേയും ഉൾക്കൊള്ളാനുള്ള കഴിവ്, എല്ലാറ്റിനും പുറമെ അതുല്യമായ സർഗ്ഗപ്രതിഭ, ഇതെല്ലാം ഡോ.രമേശിനെ തികച്ചും ഒരത്ഭുതമനുഷ്യനാക്കിയിരിക്കുന്നു. അദ്ദേഹം സംഗീതം പഠിച്ചിട്ടില്ല, പക്ഷെ സ്വന്തമായി സംഗീതം ആവിഷ്‌ക്കരിക്കാൻ കഴിയും. വളരെ നന്നായി പാടുവാൻ കഴിയും, മധുര ഗംഭീരമായ ഒരു ശബ്ദത്തിന്റെ ഉടമ കൂടിയാണ് ഡോ.രമേശ്. ചെമ്പൈതൊട്ട് ബഡെ ഗുലാമലിഖാൻ വരെയുള്ളവരുടെ ശൈലി അദ്ദേഹത്തിനറിയാം. ഓരോരുത്തരെയും അനുകരിച്ച് അവരുടെ ശബ്ദത്തിൽ പാടാനും കഴിയും ശ്രീ എം. ഗോവിന്ദന്റെ നോക്കുകുത്തി എന്ന സിനിമയ്ക്ക് സംഗീതം പകർന്നത് ഇദ്ദേഹമാണ്. എം. ഗോവിന്ദനെപ്പോലുള്ള ഒരു കണിശക്കാരനെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞുവെങ്കിൽ അതൊരു വലിയ നേട്ടമാണ്. അധികമാർക്കും അതവകാശപ്പെടാൻ പറ്റില്ല.

പ്രശ്‌നം അദ്ദേഹത്തിന് കഴിയുമോ എന്നതായിരുന്നില്ല, ചെയ്യുമോ എന്നതായിരുന്നു.

ഞാനും ദിവാകരനും കൂടി ഡോക്ടർ രമേശിനെ പോയി കണ്ടൂ, പ്രശ്‌നം അവതരിപ്പിച്ചു. ലോകത്തിലുള്ള മറ്റേതു വിഷയങ്ങളെപ്പറ്റിയുമെന്നപോലെ പൂതപ്പാട്ടിനെപ്പറ്റിയും ഡോക്ടർക്കു പറയാനുണ്ട്. പൂതപ്പാട്ട് മനഃപ്പാഠമാണെന്നതിനുപുറമേ, ഈ കവിത ആരെല്ലാം എങ്ങിനെയൊക്കെ സ്റ്റേജിൽ ചൊല്ലിയെന്നതും അദ്ദേഹം അനുകരിച്ചുകാട്ടി. ഞാൻ പൂതപ്പാട്ട് സ്റ്റേജിൽ അവതരിപ്പിച്ചതും പാടിയതും കേട്ടിട്ടുണ്ടായിരുന്നില്ല. ഇരുപതു കൊല്ലത്തോളം കേരളത്തിനുപുറത്ത് താമസിച്ചതുകൊണ്ടുണ്ടായ പല നഷ്ടങ്ങളിലൊന്ന്.

രണ്ടു മണിക്കൂർ നേരത്തെ സംഭാഷണത്തിനിടയിൽ ഡോക്ടർക്ക് ഞങ്ങളുടെ മുൻവിധിയും ഭയങ്ങളും മനസ്സിലായി. അദ്ദേഹം പറഞ്ഞു.

ഞാൻ ഒരാളെ പറഞ്ഞുതരാം. കൊല്ലം വരെ ഒന്നു പോകാമോ?

അങ്ങിനെയാണ് ശ്രീ. വി. കെ. ശശിധരനെ പരിചയപ്പെടുന്നത്. ഫോണിൽ അറിയിച്ചിരുന്നതുകൊണ്ട് അദ്ദേഹം എന്നെയും ഡോ.രമേശിനേയും പ്രതീക്ഷിച്ചിരുന്നു.

സ്‌നേഹമുള്ള പെരുമാറ്റം നമ്മെ പെട്ടെന്ന് അദ്ദേഹത്തോടടുപ്പിക്കുന്നു.

ദേശാഭിമാനി തീയറ്റേഴ്‌സിനുവേണ്ടി സംഗീതസംവിധായകനായിട്ടുണ്ട് ശ്രീ. ശശിധരൻ. അടൂർ ഗോപാലകൃഷ്ണന്റെ ആദ്യകാല സിനിമകളിലൊന്നായ 'കാമുകി'യ്ക്ക് സംഗീതം പകർന്നതും ഇദ്ദേഹം ആയിരുന്നു. അദ്ദേഹം കൊല്ലം എസ്. എൻ. പോളിടെക്‌നിക്കിൽ പഠിപ്പിക്കുന്നു. ഒപ്പം തന്നെ കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നു. നിസ്സ്വാർത്ഥമായ ഈ പൊതുജനസേവനങ്ങൾക്കിടയിൽ ശശിക്കു സമയമുണ്ടാകുമോ എന്ന കാര്യവും സംശയമായിരുന്നു.

ഞങ്ങൾക്കു പറയാനുള്ളതു മുഴുവൻ കേട്ടശേഷം അദ്ദേഹം പറഞ്ഞു.

എനിയ്ക്കു കഴിയുമോ എന്നറിയില്ല. നോക്കട്ടെ. കഴിയുമെങ്കിലും ഇല്ലെങ്കിലും ഞാൻ അറിയിക്കാം.

ശശിയുടെ ഭാര്യ ബേബി (അവർ കോളേജിൽ ലക്ചററാണ്) നല്ല ഭക്ഷണം ഒരുക്കിയിരുന്നു. ഊണുകഴിഞ്ഞ് സ്റ്റേഷനിലേക്ക് തിരിക്കുമ്പോൾ ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. ശശിധരൻ മാഷ്‌ക്ക് ഇതുചെയ്യാൻ കഴിയും. പക്ഷെ അദ്ദേഹം ചെയ്യുമോ, അതിനുള്ള സമയമുണ്ടാകുമോ എന്നതിൽ ഭയമുണ്ടായിരുന്നു.

ഒരു മാസം കാത്തിരുന്നു. ഒടുവിൽ ഡോക്ടർ രമേശിന്റെ ഫോൺ വന്നു. ശശിക്ക് ചെയ്യാൻ പറ്റില്ലെന്നാണ് പറയുന്നത്.

ശശിക്ക് പല പ്രശ്‌നങ്ങളുമുണ്ടായിരുന്നു. ഒന്നാമതായി ശാസ്ത്രസാഹിത്യ പരിഷത്ത് അദ്ദേഹത്തിന്റെ ഒഴിവുസമയങ്ങൾ മുഴുവൻ അപഹരിച്ചിരുന്നു. പിന്നെ പറവൂർകാരൻ ശശിക്ക് പൊന്നാനി താലൂക്കിൽ മാത്രം ഒതുങ്ങിക്കഴിയുന്ന ഒരു പാവം പൂതത്തെപ്പറ്റി ഒന്നുമറിഞ്ഞുകൂടാ. പൊന്നാനിക്കാർക്കു തന്നെ പൂതത്തിന്റെ ഉത്ഭവത്തെപ്പറ്റി ഒന്നുമറിഞ്ഞുകൂടാ. ഒരു കഥയും അതിനെ ചുറ്റി പ്രചരിച്ചിരുന്നില്ല. ഇടശ്ശേരി ചെയ്തതാകട്ടെ അധികം അറിയപ്പെടാതിരുന്ന ഒരു നാടൻകലയുടെ പ്രധാന നടിയായ പൂതത്തെ ചുറ്റി ഒരു മിത്ത് നെയ്‌തെടുത്ത് അതിന് ഒരു അസ്തിത്വമുണ്ടാക്കുകയായിരുന്നു. തെക്കൻമാർക്ക് ഈ പൂതത്തെപ്പറ്റി ഒന്നുമറിയില്ല. അവർക്ക് ഭൂതമേയുള്ളു. ഞാൻ കളിയായി ഡോ.രമേശിനോട് പറഞ്ഞു. നിങ്ങൾ തെക്കൻമാർ സാംസ്‌കാരികമായി ഞങ്ങളേക്കാൾ ഒരു പടി താഴെയാണ് നിൽക്കുന്നത്.

കോട്ടയത്തുകാരനായ ഡോക്ടർ ചൊടിക്കുമെന്നാണ് ഞാൻ കരുതിയത്. അദ്ദേഹം ചിരിച്ചു കൊണ്ടുപറഞ്ഞു.

ശരിയാണത്. ഞാൻ ഈ വിഷയത്തെപ്പറ്റി ഒരു ലേഖനം തന്നെ എഴുതിയി ട്ടുണ്ട്. നിങ്ങളുടെ നാട്ടിലെ തെയ്യവും, പൂതം കളിയും ഒന്നും ഞങ്ങൾക്കറിയാൻമേല.

അപ്പോൾ അതാണ് പ്രശ്‌നം. ഈ പൂതം കളിയെന്നാലെന്താണെന്ന് ശശിക്കറിയില്ല. അതിന്റെ അകമ്പടി വാദ്യം കേട്ടിട്ടില്ല, ചമയങ്ങൾ അറിയില്ല. പൂതപ്പാട്ട് സംഗീതാവിഷ്‌ക്കാരത്തിന് അതുവളരെ പ്രധാനമാണ്. ഡോ. രമേഷ് പക്ഷെ പൂതംകളി കണ്ടിട്ടുണ്ട്, അതിന്റെ വാദ്യവിശേഷങ്ങൾ കേട്ടിട്ടുണ്ട്. എം. ഗോവിന്ദന്റെ 'നോക്കുകുത്തി'ക്ക് സംഗീതം കൊടുക്കുന്നതിനിടയിൽ അദ്ദേഹം ഇതെല്ലാം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. പൂതത്തിന്റെ 'മിടിക്കും കരളിൻ താളക്കുത്തിനു' കൊടുത്ത തുടിയും 'തേങ്ങലിനൊത്ത കുഴൽവിളി'യും അദ്ദേഹം വായകൊണ്ടുണ്ടാക്കി കാണിച്ചുതന്നു.

ശശിയെ ഞാൻ ഒന്നുകൂടി നിർബ്ബന്ധിക്കട്ടെ. ഡോക്ടർ പറഞ്ഞു.

ഓരോ പ്രാവശ്യവും ശശി പറഞ്ഞു. എനിയ്ക്ക് പറ്റുമെന്നു തോന്നുന്നില്ല. പക്ഷെ ഡോക്ടർ അത്ര എളുപ്പം വിട്ടുകൊടുക്കുന്ന പ്രകൃതക്കാരനായിരുന്നില്ല. വീണ്ടും വീണ്ടും നിർബ്ബന്ധിച്ചു. മാത്രമല്ല, അവർ തമ്മിലുള്ള സ്‌നേഹബന്ധം കാരണം പറ്റില്ലെന്നു തറപ്പിച്ചു പറയാനും ശശിക്ക് വിഷമമായിരുന്നു. അവസാനം ഒരു ദിവസം ഡോക്ടറുടെ ഫോൺ വന്നു.

ശശി സമ്മതിച്ചിരിക്കുന്നു. അടുത്ത ആഴ്ച ശശി തൃശൂരിൽ വരുന്നുണ്ട്. ഹരിക്കുവരാൻ പറ്റുമോ? അപ്പോൾ ഒരു ഏകദേശരൂപം കിട്ടും.

തൃശൂരിൽ ഞങ്ങളുടെ വീട്ടിൽ ഭാര്യയുടെയും മകളുടെയും ഒപ്പം ശശി വന്നു. ഒരു ഖദർ ജൂബ്ബയും പാന്റ്‌സും വേഷം. തോളിൽ തൂങ്ങുന്ന തുണിസഞ്ചി. ഒപ്പം ഡോ: രമേശുമുണ്ടായിരുന്നു.

ചായ കുടിച്ചശേഷം ശശി 'പൂതപ്പാട്ട്' പുസ്തകം തുറന്നു. ഞങ്ങൾ ശശിയുടെ മുമ്പിലിരുന്നു. അമ്മ, ഞാൻ, അനുജത്തി, ഗിരിജ, അനുജന്മാർ ഡോ. ദിവാകരൻ, അശോകൻ. അഞ്ചുജോടി കണ്ണുകൾ ശശിയെ ശത്രുതയോടെ നോക്കി ഇതാ ഒരാൾ അച്ഛന്റെ കവിത തൊട്ടുകളിക്കാൻ വന്നിരിക്കുന്നു! അങ്ങിനെ 'സംഗീത വിരോധികൾ' ആക്രമണത്തിനു തയ്യാറായിരിക്കെ ശശി പാടിത്തുടങ്ങി.

കേട്ടിട്ടില്ലെ തുടികൊട്ടും കലർ-
ന്നോട്ടു ചിലമ്പിൻ കലമ്പലുകൾ
അയ്യയ്യാ വരവമ്പിളി പൂങ്കല
മെയ്യിലണിഞ്ഞ കരിമ്പൂതം.

പൂതത്തെപ്പറ്റിയുള്ള വിവരണം തുടർന്നു. എവിടെനിന്നാണീ പൂതം വരുന്നത്?

പറയന്റെ കുന്നിന്റെയങ്ങെച്ചെരിവിലെ -
പ്പാറക്കെട്ടിന്നടിയിൽ
കിളിവാതിലിൽക്കൂടിത്തുറുകണ്ണും പായിച്ചു
പകലൊക്കെപ്പാർക്കുന്നു പൂതം

ശശിയുടെ സ്വരത്തിൽ ഉദ്വേഗമുണ്ട്, അപകടസൂചനയുണ്ട്. അത് നമുക്ക് എന്തെന്നില്ലാത്തൊരു ഉദ്വേഗം സൃഷ്ടിക്കുന്നു.

മകനെ തിരഞ്ഞുകൊണ്ട് നങ്ങേലിയുടെ യാത്ര. പിന്നെ പൂതവുമായുള്ള ഏറ്റുമുട്ടൽ. പൂതം പല അടവുകളും എടുക്കുന്നു. ആദ്യം പേടിപ്പിച്ചോടിക്കാൻ നോക്കി. അമ്മ പേടിക്കാതെ നിന്നു.

കാറ്റിൻ ചുഴലിയായ് ചെന്നു പൂതം
കുറ്റി കണക്കങ്ങു നിന്നാളമ്മ
കാട്ടുതീയായിട്ടും ചെന്നു പൂതം
കണ്ണീരാലൊക്കെ കെടുത്താളമ്മ
നരിയായും പുലിയായും ചെന്നു പൂതം
തരികെന്റെ കുഞ്ഞിനെയെന്നാളമ്മ.

ഇതുകൊണ്ടാന്നും വഴങ്ങുന്നില്ലെന്നു കണ്ടപ്പോൾ പൂതം മറ്റൊരടവെടുത്തു. പൊന്നും മണികളും കിഴികെട്ടി തന്നീടാം പുന്നാരമോനെ ഞാനെടുക്കട്ടെ എന്നു ചോദിച്ചു. അതിനു മറുപടിയായി അമ്മ ചെയ്തത് സ്വന്തം കണ്ണുകൾ ചൂഴ്‌ന്നെടുത്ത് പൂതത്തിന് കൊടുക്കുകയാണ്. ഇതിലും വലിയതാണ് എന്റെ പൊന്നോമന, അതിനെ തരിക. ഇതെല്ലാം ശശി പാടുമ്പോൾ നമ്മുടെ കണ്ണുകൾ ഈറനാവുന്നു.

കണ്ണില്ലാതായപ്പോൾ തെച്ചിക്കോലു പറിച്ച് മന്ത്രം ജപിച്ച് വേറൊരു ഉണ്ണിയെ ഉണ്ടാക്കി, അമ്മയെ വഞ്ചിക്കാൻ പൂതം ശ്രമിച്ചു. അതാവട്ടെ ഒരവസാനത്തെ തിരിച്ചടിയിൽ കലാശിക്കുകയും ചെയ്തു. പൂതത്തിനു തോറ്റു മടങ്ങേണ്ടിവന്നു. അമ്മയുടെ ശക്തിക്കു മുമ്പിൽ നിസ്‌തേജയാവുന്ന പൂതം ഉണ്ണിയെ തിരിച്ചുകൊടുക്കുന്നു. അമ്മയുടെ കണ്ണുകൾ വീണ്ടും കാണാറായി.

അമ്മ മിഴിക്കും കണ്ണന്മുമ്പിലൊ-
രുണ്മയിൽ നിന്നു തിങ്കളൊളിപ്പൂ
പ്പുഞ്ചിരിപ്പെയ്തു കുളുർപ്പിച്ചും കൊ-
ണ്ടഞ്ചിത ശോഭം പൊന്നുണ്ണി

ആവൂ എന്ന് ദീർഘശ്വാസം വിടുന്നു. പിരിമുറുക്കം അയഞ്ഞുവന്നു. ഉണ്ണിയെ വേർപിരിയുമ്പാൾ പൂതത്തിനുള്ള സങ്കടം ശശിയുടെ ശബ്ദത്തിൽ വളരെ ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു. പൂതത്തിന്റെ തേങ്ങലുകൾ വളരെ ഭംഗിയായി ആവിഷ്‌ക്കരിച്ചു.

എല്ലാം കഴിഞ്ഞപ്പോൾ ശശി പറഞ്ഞു. വിചാരിച്ചമാതിരി ശരിയായിട്ടില്ല. കുറച്ചുകൂടി ശരിയാക്കാനുണ്ട്.

വളരെ വിനയശീലനാണ് ശശി. കാസറ്റിന്റെ കവറിൽ ചേർക്കാൻ ഒരു ഫോട്ടോ വേണമെന്നു പറഞ്ഞപ്പോൾ അദ്ദേഹം തീരെ സമ്മതിച്ചില്ല.

അതു വേണ്ട. ഇടശ്ശേരിയുടെ ചിത്രത്തിന്റെ അടുത്തുവെക്കാൻ മാത്രം യോഗ്യതയൊന്നും എന്റെ ചിത്രത്തിനില്ല.

വാദ്യോപകരണങ്ങൾ സംഘടിപ്പിക്കേണ്ടതും അത് സംവിധാനം ചെയ്ത് നടത്തേണ്ടതും ഡോ. രമേശിന്റെ ചുമതലയായിരുന്നു. ചെയ്യുന്നതെന്തും ആധികാരികവും ബോദ്ധ്യപ്പെടുത്തുന്നതുമാവണമെന്ന് നിഷ്‌ക്കർഷയുള്ള ആളാണ് ഡോക്ടർ. അദ്ദേഹം പി.കെ.എ. റഹിമിനെയും കൂട്ടി പൊന്നാനിവരെ പോയി, പൂതം കെട്ടുന്ന ഒരു സഹോദരന്മാരെ കണ്ടുപിടിച്ചു. ബാലൻ വൈദ്യരും, നാരായണൻ വൈദ്യരും. ചെറുവായ്ക്കരക്കാരാണ്. അവർ തുടി കൊട്ടാറുമുണ്ട്. ചെണ്ട, വലൻതല, കുഴൽ മുതലായവ ഉപയോഗിക്കുന്ന ആൾക്കാരെ ഏലൂരിൽനിന്ന് ജ്യേഷ്ഠൻ സംഘടിപ്പിച്ചു. സതീശേട്ടനോട് എന്തുകാര്യം വേണമെങ്കിലും പറഞ്ഞോളു. അതുശരിയാക്കും. അമ്പിളിമാമനെ പിടിച്ചു തരാൻ പറഞ്ഞാൽകൂടി മൂപ്പരതിനുശ്രമിക്കും. പിന്നെ പറയുകയും ചെയ്യും. വെളുത്ത വാവുവരെ കാക്കാമോ, അപ്പോൾ അത് കുറച്ചുകൂടി അടുത്തു വരും. അപ്പോൾ പിടിച്ചുതരാം. ആശ ഒരിക്കലും വിടില്ല. അങ്ങിനെയുള്ള ഒരത്ഭുത മനുഷ്യന് ഈ കാര്യം വളരെ നിസ്സാരമായിരുന്നു.

കവിതയുടെ അവതരണം ആധികാരികമാക്കാൻ സാഹിത്യസാംസ്‌കാരിക മേഖലയിൽ പ്രവർത്തിക്കുന്ന വളരെയധികം പേരുമായി ഡോ. രമേശ് സംസാരിച്ചു.

കാസറ്റിന്റെ ആദ്യത്തെ രണ്ടു മിനിറ്റുനേരം പൂതംകളി വാദ്യം ആണ് റെക്കോർഡ് ചെയ്തത്. വീട്ടിനു മുമ്പിൽ പൂതം വന്ന് കളിക്കുന്ന പ്രതീതി ഉണ്ടാക്കത്തക്ക വിധത്തിലാണതു സംവിധാനം ചെയ്തത്. തുടി, ചെണ്ട, വലൻതല, ഇലത്താളം, കുഴൽ എന്നിവയുടെ ശബ്ദത്തോടൊപ്പം അരമണിയുടെയും ചിലമ്പിന്റെയും ശബ്ദം കൂട്ടിച്ചേർത്തു. ശരിയ്ക്കും ഒരു പൂതംകളി കാണുന്ന പ്രതീതിയുണ്ടാക്കി. എങ്ങിനെയാണ് കുഴലിന്റെ ശബ്ദം വേണ്ടതെന്ന് കുഴൽ വിളിക്കുന്ന ആൾക്ക് ഡോക്ടർ രമേശ് വായകൊണ്ട് ശബ്ദമുണ്ടാക്കിക്കൊടുത്തു. തേങ്ങലിനൊത്ത കുഴൽവിളി യഥാതഥമാക്കാൻ അതു വളരെ സഹായകമായി.

കഷ്ടിച്ചു രണ്ടു മിനിറ്റു നീണ്ടുനിന്നതും ഒരു ഗ്രാമീണാന്തരീക്ഷം ഉണ്ടാക്കാൻ പര്യാപ്തവുമായ ഈ വാദ്യാഘോഷങ്ങൾ അകന്നകന്നു പോകുന്നതിനിടയിൽ ശശിയുടെ ശബ്ദം കേൾക്കുന്നു.

വിളക്കുവെച്ചു, സന്ധ്യാനാമവും കഴിഞ്ഞു ഉറക്കം തൂങ്ങിക്കൊണ്ട് ഗുണകോഷ്ഠവും ഉരുവിട്ടു. ഇനിയും ഉണ്ണാറായിട്ടില്ലല്ലൊ. ഉറങ്ങണ്ട. പൂതത്തെപ്പറ്റി ഒരു പാട്ടു കേട്ടോളു.

കവിതയോടൊപ്പം വായിക്കാൻ ഒരു ഡോൽ ആണ് ആദ്യം ഉദ്ദേശിച്ചത്. ഡോക്ടർ രമേശു തന്നെ അത് പ്രയോഗിക്കുകയും ചെയ്തു. കാര്യമായ അകമ്പടി പക്ഷെ ഉടുക്കായിരുന്നു. ഹണിയെന്ന ചെറുപ്പക്കാരനെ അതിനായി കണ്ടുപിടിച്ചു. അത് അവസാനനിമിഷത്തിലായിരുന്നു. പക്ഷെ വളരെ കുറച്ചു റിഹേഴ്‌സലുകൾ കൊണ്ടുമാത്രം ആ ചെറുപ്പക്കാരൻ ശശിയുടെ സംഗീതം വളരെ വേഗം ഉൾക്കൊണ്ടു. ഫലം അത്ഭുതാവഹമായിരുന്നു. ശശിയുടെ ശബ്ദത്തിന്റെ ഗാംഭീരതയ്ക്ക് ഈ പ്രാചീന ഉപകരണം മാറ്റുകൂട്ടി. പ്രാചീനമായ ഒരു കഥയ്ക്ക് ഉടുക്ക് നല്ല ഒരു പാശ്ചാത്തലമായിരുന്നു. പൂതങ്ങളും, പൊട്ടിച്ചൂട്ടുകളും, യക്ഷികളും വിഹരിക്കുന്ന അഭൗമമായ ഒരു ലോകത്തേക്ക് അനിയന്ത്രിതമെന്ന് തോന്നിക്കുന്ന ഈ ഡുംകാരം നമ്മെ നയിച്ചു.

നിശ്ശൂന്യത നടമാടും പാതിരതൻ മച്ചുകളിൽ
നിരനിരയായ് കത്തിക്കും മായാദീപം

എന്നു തുടങ്ങുന്ന വരികൾക്കിടയിൽ ഉടുക്കും, ഡോലും കുഴിത്താളവും ഇല്ല. പശ്ചാത്തലം നിശ്ശബ്ദം. അതിനിടയിൽ വളരെ ചെറുതായി ചിലമ്പിന്റെയും അരമണിയുടെയും ശബ്ദം മാത്രം കൊടുത്തു. ആൾപാർപ്പില്ലാത്ത ഏതോ പ്രാചീനമായൊരു പടുകൂറ്റൻ കെട്ടിടത്തിന്റെ അകത്തളങ്ങളിൽ നിന്നു കേൾക്കുന്ന പോലെ.

കവിതയുടെ അവസാനം കേട്ടിട്ടില്ലെ തുടികൊട്ടും കലർന്നോട്ടു ചിലമ്പിൻ കലമ്പലുകൾ എന്ന വരികൾ അവസാനിയ്ക്കുമ്പോഴേയ്ക്കും മറ്റു വാദ്യഘോഷങ്ങൾ വീണ്ടും കൂട്ടിച്ചേർത്തു. പിന്നെ കുറച്ചു സമയം പൂതംകളി വാദ്യം ഇതിന് അനുബന്ധമായി തുടർന്നു. തുടക്കത്തിലും അവസാനത്തിലും ചേർത്ത കാരണം ഈ വാദ്യവിശേഷം കവിത ചൊല്ലുമ്പോഴൊക്കെ പശ്ചാത്തലത്തിൽ ഉണ്ടായിരുന്നുവെന്ന തോന്നൽ അനുവാചകരിൽ ഉളവാക്കുന്നു.

റെക്കോർഡിംഗ് കഴിഞ്ഞ് ടേപ്പ് വെച്ച് കേട്ടപ്പോൾ ഞങ്ങൾ ആഹ്ലാദഭരിതരായി. ഉദ്ദേശിച്ചതിലുമധികം നന്നായിരിക്കുന്നു.

വളരെയധികം പേർ ഈ സംരംഭത്തിന്റെ അണിയറിയിൽ പ്രവർത്തിച്ചിട്ടുണ്ട്. അതിൽ പല വിഭാഗക്കാരുംപെടും, സാഹിത്യകാരന്മാർ, അദ്ധ്യാപകർ തുടങ്ങി ജീവിതത്തിന്റെ പല തുറകളിൽ പെട്ടവർ. അവർക്കെല്ലാം പൊതുവായ ഒരു താൽപര്യമാണുണ്ടായിരുന്നത്. ഇടശ്ശേരിക്കവിതയോടുള്ള സ്‌നേഹാദരങ്ങൾ. അതുകൊണ്ട് ഇടശ്ശേരിക്കവിതയുടെ ആത്മാവിന് ഒരു പോറലെങ്കിലും ഏൽപിക്കുന്നത് അവർ സഹിക്കില്ല. അവരെല്ലാം നിസ്സ്വാർത്ഥ സേവനമാണ് അനുഷ്ഠിച്ചത്. യാത്രക്കൂലി കൂടി സ്വന്തം പോക്കറ്റിൽ നിന്നെടുത്താണ് പലരും ഈ സംരംഭത്തിന്റെ വിജയത്തിനായി ശ്രമിച്ചിരുന്നത്. എല്ലാം കഴിഞ്ഞ് ഒരു നന്ദി എന്ന വാക്കുകൂടി ആർക്കും ആരോടും പറയാൻ വയ്യാത്ത സ്ഥിതിയായി. ആർ ആർക്കു നന്ദിപറയും?

ശ്രീ എം. ഗോവിന്ദന് ഞാൻ പൂതപ്പാട്ട് കേൾപ്പിച്ചു കൊടുത്തു. ഒരു മണിക്കൂർ നേരം ശ്രദ്ധാപൂർവ്വം അതു കേട്ടശേഷം അദ്ദേഹം പറഞ്ഞു.

ഇടശ്ശേരിയുടെ പൂതപ്പാട്ടിന്റെ പലപുതിയ മാനങ്ങളും പുറത്തുവരുന്നത് ഇപ്പോഴാണ്. വായിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കാത്ത പല വാക്കുകളും പ്രയോഗങ്ങളും ഭാവങ്ങളും നമ്മൾ ശ്രദ്ധിക്കുന്നതും പല പുതിയ അനുഭൂതികളും നമുക്കുണ്ടാവുന്നതും ശശിയെപ്പോലെ ഒരാൾ പാടികേൾപ്പിക്കുമ്പോഴാണ്. പൂതപ്പാട്ട് തികച്ചും ശ്രേഷ്ഠമായ ഒരു കവിത തന്നെയാണ്.

പ്രൊഫസ്സർ എം. കെ. സാനു പറഞ്ഞു. 'സംഗീതത്തെപ്പറ്റി വളരെ അറിവു ണ്ടെന്ന് ഞാൻ ഭാവിക്കുന്നില്ല. പക്ഷെ പൂതപ്പാട്ടിലെ കവിതാംശം സംഗീതാ വിഷ്‌ക്കരണത്തിൽ എവിടെയെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ഞാൻ അതു കണ്ടുപിടിക്കും. ശശിധരൻമാഷുടെ സംഗീതാവിഷ്‌ക്കരണത്തിൽ കവിതയ്ക്ക് ഒരു പോറൽപോലുമേറ്റിട്ടില്ല, എന്നു മാത്രമല്ല ഇതു വീണ്ടും വീണ്ടുംകേൾ ക്കാനുള്ള താൽപര്യം വളർത്തുംവിധം നന്നായിട്ടുമുണ്ട്.' അദ്ദേഹം തുടർന്നു.

'ഇടശ്ശേരിക്കവിതയുടെ ഒരു സവിശേഷതയെന്താണെന്നാൽ അത് വീണ്ടും വീണ്ടും വായിക്കുമ്പോൾ നമുക്ക് പുതിയ അർത്ഥങ്ങളും പുതിയ ഭാവങ്ങളും നൽകി നമ്മെ സംവേദനത്തിന്റെയും അവബോധത്തിന്റെയും പല പുതിയ മേഖലകളിലേക്കുയർത്തിക്കൊണ്ടു വരുന്നു. ഈ സംഗീതാവിഷ്‌ക്കരണം കാസറ്റിലാക്കിയത് ഞാൻ വളരെയധികം പ്രാവശ്യം കേട്ടു. ഇടശ്ശേരിക്കവിത പോലെ തന്നെ അതിന്റെ സംഗീതവും കേൾക്കുംതോറും നമുക്ക് കൂടുതൽ കൂടുതൽ ഇഷ്ടമായിവരുന്നു.'

കേൾപ്പിച്ചു കൊടുത്തവരുടെയെല്ലാം അഭിപ്രായം ഇതുതന്നെയായിരുന്നു. അവരിൽ സി. രാധാകൃഷ്ണൻ, പ്രൊഫസ്സർ എം. തോമസ്സ് മാത്യു, സേതു എന്നിവർപെടും. പൂതപ്പാട്ടിന്റെ സംഗീതാവിഷ്‌ക്കരണത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാ സഹൃദയർക്കും സംതൃപ്തി നൽകുന്നതായിരുന്നു ഈ അഭിപ്രായങ്ങൾ.

കലാകൗമുദി, 1986 ജനുവരി 26

ഇ ഹരികുമാര്‍

E Harikumar