അല്പം ചൂടും കുറേ പുകയും

ഇന്ത്യയുടെ ആണവസ്ഫോടനങ്ങളെ സംബന്ധിച്ചുണ്ടായ ചൂടും പുകയും കെട്ടടങ്ങിയിട്ടില്ല. ഓരോ രാഷ്ട്രീയക്കാരും ബുദ്ധിജീവികളും അവരവരുടെ നിറത്തിനും പ്രകൃതത്തിനും ചേരുന്നപടി പ്രതികരിച്ചു. എല്ലാം രാഷ്ട്രീയലക്ഷ്യങ്ങൾക്കുവേണ്ടിയായിരുന്നു എന്ന് വ്യക്തം. ചൈന അണ്വായുധം പൊട്ടിച്ചാൽ അത് അമേരിക്കൻ സാമ്രാജ്യത്തിനു 'ശക്തമായ താക്കീതും' ഇന്ത്യ ചെയ്താൽ അത് അനാവശ്യപ്രകടനവും ലോകസമാധാനത്തിന് ഭീഷണിയുമാണെന്നു വാദിക്കുന്ന ഒരുപക്ഷം, എന്തുകൊണ്ട് ഈ ഒരു സമയംതന്നെ തെരഞ്ഞെടുത്തു എന്ന് ചോദിക്കുന്ന വേറൊരു പക്ഷം. പിന്നെ എപ്പോഴാണതു വേണ്ടിയിരുന്നതെന്ന മറുചോദ്യത്തിന് ഉത്തരമില്ല. ഇന്ത്യയ്ക്ക് രണ്ട് ആത്മസുഹൃത്തുക്കളായ(?) ചീനയുടേയും പാകിസ്ഥാന്റേയും സൗഹൃദം നഷ്ടപ്പെട്ടതിൽ ഖേദിക്കുന്ന ഒരുകൂട്ടം ആൾക്കാർ. അവർക്കെല്ലാമെതിരെ ഭാരതത്തിന്റെ സാങ്കേതിക മികവിൽ അഭിമാനിക്കുന്ന, ആഘോഷിക്കുന്ന ഒരു വിഭാഗം ജനങ്ങൾ. ഇവർക്കെല്ലാം ഇടയിൽ ഈ അണുസ്ഫോടനത്തെ സമഗ്രമായി വീക്ഷിക്കാൻ ആരും സന്നദ്ധരായി കണ്ടില്ല.

ഇന്ത്യയുടെ ആണവസ്ഫോടനം നമ്മുടെ ഉപഭൂഖണ്ഡത്തിൽ ആണവായുധമത്സരം ഉണ്ടാക്കിയെന്നു വാദിക്കുന്നു ചിലർ. എന്നുവച്ചാൽ ഇന്ത്യ ബോംബ് പരീക്ഷിച്ചപ്പോഴാണ് പാകിസ്ഥാൻ ബോംബുണ്ടാക്കിയത് എന്ന സൂചന. ചുരുക്കിപ്പറഞ്ഞാൽ പാകിസ്ഥാൻ പത്തുദിവസംകൊണ്ട് ആറ് ബോംബുകളുണ്ടാക്കി അവ പരീക്ഷിച്ചു എന്നർത്ഥം. ഇതു ശരിയല്ല എന്നും പാകിസ്ഥാന്റെ കയ്യിൽ ആണവായുധമുണ്ടായിരുന്നു എന്നും വളരെ വ്യക്തമാണ്. മോങ്ങാനിരിക്കുന്ന നായുടെ തലയിൽ തേങ്ങാ വീണതുപോലെ എന്ന ചൊല്ല് ഓർക്കുക. കഴിഞ്ഞ അമ്പതു വർഷക്കാലത്തെ പരിചയംകൊണ്ട് പാകിസ്ഥാനെയോ ചൈനയെയോ എത്രമാത്രം വിശ്വസിക്കാമെന്ന് നമുക്കറിയാം. ഹിന്ദി-ചീനി ഭായി ഭായി എന്ന മന്ത്രം നെഹൃവും കൃഷ്ണമേനോനും ഉരുവിട്ടുകൊണ്ടിരുന്നപ്പോഴാണ് യാതൊരു പ്രകോപനവും കൂടാതെ ചൈന നമ്മെ ആക്രമിച്ചത്. ഒരു ഉപദ്രവവും ചെയ്യാത്ത ഇന്ത്യൻ ജനതയുടെ തലയിലാണ് പാകിസ്ഥാൻ ഭീകരവാദത്തിന്റെ ഇടിത്തീ തൊടുത്തുവിടുന്നത്. അങ്ങിനെയുള്ള രണ്ടു രാഷ്ട്രങ്ങൾ എന്നെങ്കിലും അവരുടെ അണ്വായുധംകൊണ്ട് നമ്മെ ഭീഷണിപ്പെടുത്തിക്കൂടെന്നില്ല. ആയിരക്കണക്കിന് കിലോമീറ്റർ അകലത്തിലുള്ള കോയമ്പത്തൂരിലും തൃശൂരിലും ബോംബു സ്ഫോടനങ്ങൾ നടത്തിയ ഒരു രാജ്യം തരം കിട്ടിയാൽ അണുബോംബ് ഉപയോഗിക്കില്ലെന്നു പറയുന്നത് ശുദ്ധാത്മാക്കൾ മാത്രമേ വിശ്വസിക്കൂ. മറിച്ച് നമ്മുടെ കയ്യിലും ഈ ആയുധമുണ്ടെന്ന് വന്നാൽ ഈവക ഭീഷണികൊണ്ടൊന്നും നമ്മെ വിരട്ടാൻ അവർക്കു കഴിയില്ല. നൂറ്റാണ്ടുകളായി ഭാരതത്തെ ആക്രമിച്ചു കൊള്ളചെയ്യുകയും കീഴടക്കുകയും ചെയ്തവർക്ക് അങ്ങിനെ ചെയ്യാൻ കഴിഞ്ഞത് ഇന്ത്യയുടെ ബലഹീനത കൊണ്ടും പുതിയ സാങ്കേതികവിദ്യ കൈവരിക്കുന്നതിൽ വന്ന വീഴ്ച കൊണ്ടുംതന്നെയാണ്. പറങ്കികളും ബ്രിട്ടിഷുകാരും, തോക്കുകളും പീരങ്കികളുമായി വന്നപ്പോൾ നമ്മുടെ അമ്പും വാളും പഴഞ്ചനും കാര്യത്തിനുതകാത്തവയുമായി. സാങ്കേതിക മികവാണ് വിദേശികൾക്ക് ഇവിടെ ആധിപത്യം സ്ഥാപിക്കാൻ പഴുതുണ്ടാക്കിയത്. ഇനിയും ഇതൊന്നും ആവർത്തിച്ചുകൂടെന്നില്ല. ഇന്ത്യയുടെ പരമാധികാരത്തെ അടിയറ വെപ്പിക്കാൻ പാകിസ്ഥാനോ ചീനയ്‌ക്കോ ഒരു ചെറിയ അണുബോംബു പോരെ? തിരിച്ച് അങ്ങോട്ടും പ്രയോഗിക്കുമെന്ന നില വന്നാൽ പിന്നെ അവരതിനു മുതിരില്ല. അതിനാണ് ന്യൂക്ലിയർ ഡിറ്ററന്റ് എന്നു പറയുന്നത്. അണുബോംബുകൾ ഉപയോഗിക്കാനുള്ളതല്ല, മറിച്ച് ഭീഷണിപ്പെടുത്താനും ഭീഷണിയെ നേരിടാനും മാത്രമുള്ളതാണെന്ന കാര്യം വിമർശകർ മറക്കുന്നു.

ചൈനയ്ക്ക് അണുബോംബുകൾ ഇന്ത്യയിലെത്തിക്കാനുള്ള മിസൈലുകളുണ്ട്. പാകിസ്ഥാന് അവയില്ലെന്ന ന്യായമുണ്ടായിരുന്നു ഇതുവരെ. അവരുടെ ഘോറി മിസൈലുകൾ അണുബോംബുകൾ ഘടിപ്പിക്കാനും അതുകൊണ്ട് പറക്കാനും ഉതകുന്നതാണോ എന്ന് ഇനിയും തീർച്ചയില്ല. പാകിസ്ഥാനെ സംബന്ധിച്ചേടത്തോളം അതൊന്നും ഒരു പ്രശ്നമല്ല. ഇന്ത്യയിലുടനീളം വമ്പിച്ച സ്ഫോടനങ്ങൾ അഴിച്ചുവിട്ട പാകിസ്ഥാന് ഒരണുബോംബ് ഇന്ത്യയിലെവിടെയും പൊട്ടിക്കാൻ മിസൈലിന്റെ ആവശ്യം തന്നെയുണ്ടെന്ന് തോന്നുന്നില്ല. സാധനം നമ്മുടെ കസ്റ്റംസ് ക്ലീയറൻസോടുകൂടി ഇന്ത്യയിലെവിടെയും എത്തിക്കാൻ അവർക്കു കഴിയും. അതിനുള്ള ആന്തരികസംവിധാനം അവർക്ക് ഇന്ത്യയിലുണ്ട്. അതുകൊണ്ട് ഇന്ത്യയെ ലാക്കാക്കി ഒരു മിസൈൽ പരിപാടി തയ്യാറാക്കുന്നുണ്ടെങ്കിൽ അത് പാഴ്‌ചെലവാണെന്നർത്ഥം.

ഈ ചുറ്റുപാടിൽ ഇന്ത്യ ഒരണുപരീക്ഷണം നടത്തിയെങ്കിൽ കുറ്റം പറയാനില്ല. അയൽക്കാരൻ വെടിമരുന്നുണക്കുമ്പോൾ അതാരുടെ നേർക്കാണുദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കുകയും നെല്ലുചിക്കി സമയം പാഴാക്കാതെ വെടിമരുന്നു സംഭരിക്കുകയും ചെയ്യുന്നതാണ് വിവേകം. ബുദ്ധന്റെ പ്രതിമകൊണ്ടാണെങ്കിലും തിന്നാൻ വരുന്ന നരിയെ കൊല്ലുകതന്നെയാണ് ബുദ്ധി.

അമേരിക്കക്കാരുടെ പ്രതികരണം മനസ്സിലാവണമെങ്കിൽ അതിന്റെ പശ്ചാത്തലം കൂടി ശ്രദ്ധിക്കണം. ഇന്ത്യയോ പാകിസ്ഥാനോ ചൈനയോ അണുബോംബുണ്ടാക്കിയാൽ ഒരു വിധത്തിലുള്ള വിഷമങ്ങളും നേരിടാത്ത ഒരു രാജ്യമാണ് അമേരിക്ക. ഈ മൂന്നു രാജ്യങ്ങൾക്കും ഒരു അണുബോംബ് അമേരിക്കയിൽ കൊണ്ടുപോയി ഇടാൻ കഴിയില്ലെന്നതു തീർച്ചയാണ്. അമേരിക്കൻ പ്രതിരോധം അത്രയധികം കുറ്റമറ്റതാണ്. അമേരിക്കൻ സാങ്കേതികതയുടെ മികവായി അതിനെ കണക്കാക്കാം. മറ്റ് യൂറോപ്യൻ രാജ്യങ്ങളുടെ സ്ഥിതിയും ഏതാണ്ട് ഇതുപോലൊക്കെത്തന്നെയാണ്.

അപ്പോൾ അവർ എന്തിനെയാണ് ഭയപ്പെടുന്നത്? ഇന്ത്യയോ പാകിസ്ഥാനോ അണുബോംബോ മിസൈലോ ഉണ്ടാക്കുമ്പോൾ അവർ ഇത്ര പരിഭ്രമിക്കാനെന്തേ? കാരണം അന്വേഷിച്ചാൽ എത്തുന്നത് പുതിയ സാമ്രാജ്യത്വത്തിന്റെ സാമ്പത്തികശാസ്ത്രത്തിലേയ്ക്കാണ്. ഇന്ന് അമേരിക്കയോ യൂറോപ്യൻ രാജ്യങ്ങളോ സാമ്രാജ്യസ്വപ്‌നങ്ങളുമായി മൂന്നാംരാജ്യങ്ങളിൽ വരുന്നത് ആയുധം കൊണ്ടല്ല, മറിച്ച് സാങ്കേതിക വിദ്യകൊണ്ടാണ്. എന്നുവച്ചാൽ ആയുധങ്ങളും പടക്കോപ്പുകളും സൈന്യങ്ങളുമൊന്നുമില്ലാതെ അവർ പുതിയ സാമ്രാജ്യങ്ങൾ ഉണ്ടാക്കുന്നു. ഈ രാജ്യങ്ങൾ ഓരോ ഉൽപ്പന്നങ്ങൾ വികസിപ്പിച്ചെടുക്കാൻ കോടികളാണ് ചെലവഴിക്കുന്നത്. ഉൽപാദനം സ്വകാര്യമേഖലയിലായതിനാൽ സർക്കാരിന്റെ ചുവപ്പു നാടകളോ, പിടിപ്പുകേടോ ഒന്നും അവരെ ബാധിക്കുന്നില്ല. ലക്ഷ്യം പ്രതിയോഗികളേക്കാൾ മെച്ചപ്പെട്ട ഉൽപ്പന്നം മാർക്കറ്റിലെത്തിക്കണം, പെട്ടെന്ന് വിറ്റു കാശാക്കണം. അതുമാത്രം. ഒരു ഉൽപ്പന്നം വികസിപ്പിച്ചെടുക്കാൻ കോടികൾ ചെലവാക്കുമ്പോഴുള്ള പ്രശ്നമെന്തെന്നാൽ, അതിനു ചെലവാക്കുന്ന പണം തിരിച്ചുകിട്ടി സാമാന്യം നല്ലൊരു ലാഭവും കൊയ്‌തെടുക്കണെമങ്കിൽ ആ ഉൽപ്പന്നത്തിന് നല്ലൊരു മാർക്കറ്റ് കിട്ടണം. അവരവരുടെ രാജ്യത്തിനകത്തെ കമ്പോളം മാത്രം പോരാ എന്നർത്ഥം. പലപ്പോഴും ഒരു ഉൽപ്പന്നം വികസിപ്പിച്ചെടുത്ത് കമ്പോളത്തിലിറക്കുമ്പോഴേയ്ക്ക് അതിലും നവീനമായ സാങ്കേതികവിദ്യ ഉപേയാഗിച്ചുള്ള മറ്റൊരു ഉൽപ്പന്നം വേറെ ഏതെങ്കിലും രാജ്യമോ വേറെ ഏതെങ്കിലും കമ്പനിയോ ഇറക്കിയിരിക്കും. ഇതിന് ജനറേഷൻ എന്നു പറയുന്നു. തേഡ് ജനറേഷൻ മാർക്കറ്റിലെത്തുന്നതിനു മുമ്പുതന്നെ ഫോർത് ജനറേഷൻ വികസിപ്പിച്ചെടുക്കാനുള്ള പരീക്ഷണങ്ങൾ തുടങ്ങിയിരിക്കും. അതുകൊണ്ട് ഏതൊരു ഉൽപ്പന്നവും വികസിപ്പിച്ചെടുത്താൽ ദിവസങ്ങൾക്കുള്ളിൽ വിറ്റഴിയണം. അല്ലെങ്കിൽ അടുത്ത ജനറേഷൻ മാർക്കറ്റിലെത്തുകയും പഴയ സാധനങ്ങളെ വിപണിയിൽനിന്ന് പുറത്താക്കുകയും ചെയ്യും. ഇത് രാജ്യാന്തരവിപണിയിൽ കടുത്ത മത്സരത്തിന് ഇടയാക്കുന്നു. ഈ സാഹചര്യത്തിൽ വികസ്വരരാജ്യങ്ങൾ ഉൽപാദനരംഗത്ത് അത്ഭുതനേട്ടങ്ങളുണ്ടാക്കുന്നത് വികസിതരാജ്യങ്ങൾക്ക് തീരെ ഇഷ്ടമാവില്ല.

ഇനി മറ്റൊരു കാര്യം. സാങ്കേതികപരിജ്ഞാനം എങ്ങിനെ കൈവരിക്കുന്നു എന്ന് നോക്കാം. ശാസ്ത്രചരിത്രം എടുത്തുനോക്കിയാൽ ഒരു കാര്യം വ്യക്തമാവും. ഇന്നത്തെ കണ്ടുപിടുത്തങ്ങളിൽ മിക്കതും ഉണ്ടായിട്ടുള്ളത് മെച്ചപ്പെട്ട ആയുധങ്ങൾക്കു വേണ്ടിയുള്ള തെരച്ചിലിൽ ആണ്. രണ്ടു ലോകമഹായുദ്ധങ്ങളാണ് ആധുനിക സാങ്കേതികജ്ഞാനത്തിന്ന് പ്രേരണയും കുതിപ്പുമുണ്ടാക്കിയിട്ടുള്ളത്. മനുഷ്യനെ എങ്ങിനെ വളരെ വേഗത്തിൽ കൂട്ടമായി കൊന്നൊടുക്കാമെന്ന അന്വേഷണമാണ് ഇന്നത്തെ കണ്ടുപിടുത്തങ്ങളുടെയെല്ലാം പിന്നിൽ. യുദ്ധം കഴിഞ്ഞാൽ പിന്നീട് ആ സാങ്കേതികവിദ്യ സമാധാനപൂർവ്വമായ കാര്യങ്ങൾക്ക്, കച്ചവടതാൽപ്പര്യത്തോടെ എങ്ങനെ ഉപേയാഗിക്കാമെന്ന് ആരായുന്നു. ആരോഗ്യരംഗത്തും, കാർഷികരംഗത്തും, വ്യവസായരംഗത്തും ഇന്നുള്ള പല ഉൽപ്പന്നങ്ങളുടെയും ഉദയം ഇങ്ങനെയാണ്. അതായത് വളരെ വളഞ്ഞ, വിനാശകരമായ വഴിയിലാണ് കണ്ടുപിടുത്തങ്ങൾ സഞ്ചരിക്കുന്നത് എന്നർത്ഥം.

ഇന്ത്യ ഇന്ന് ഒരണുബോംബ് പരീക്ഷിച്ചിട്ടുണ്ടെങ്കിൽ അത് ഇന്ത്യ സാങ്കേതികതലത്തിൽ എവിടെ നിൽക്കുന്നു എന്നതിന്റേകൂടി സൂചനയാണ്. അമേരിക്കയ്ക്കും യൂറോപ്യൻ സമൂഹത്തിനും തലവേദനയുണ്ടാക്കുന്നതും ഇതാണ്. ഇന്ത്യ സാങ്കേതികവിദ്യയിൽ മുന്നേറിയാൽ കാലക്രമത്തിൽ അവരുടെ വിപണിയാണ് നഷ്ടപ്പെടുന്നത്. ഇന്ത്യയും ചീനയുമാണ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ വിപണി. അതു കൈയടക്കാനുള്ള ശ്രമത്തിലാണ് അവർ. നിങ്ങൾ ഒന്നുമുണ്ടാക്കണ്ട, ഞങ്ങളില്ലേ അതൊക്കെ തരാൻ എന്നു പറഞ്ഞ് നമ്മെ അവികസിതരാജ്യമാക്കി നിലനിർത്താനുള്ള ശ്രമം. നമ്മുടെ അണുവായുധ പരീക്ഷണങ്ങളെ വിമർശിക്കുന്നവർ അവരറിയാതെ അമേരിക്കൻ-യുറോപ്യൻ സമൂഹത്തിന്റെ പുതിയ കൊളോണിയലിസത്തെ സഹായിക്കുകയാണ്.

മിസൈൽ സാങ്കേതികവിദ്യ ഇന്ത്യ കരസ്ഥമാക്കുന്നതു തടയാൻ അമേരിക്ക വളരെ പണിപ്പെട്ടതാണ്. റഷ്യക്കാർ കൈമാറാമെന്നേറ്റ ക്രയോജനിക് സാങ്കേതികവിദ്യപോലും അവർ സമ്മർദ്ദം ചെലുത്തി നിറുത്തലാക്കി. ഇന്ത്യ മിസൈലുകൾ വികസിപ്പിച്ചെടുത്താൽ അമേരിക്കയ്ക്ക് എന്താണ് വിഷമമെന്ന് ആലോചിക്കാം. ഇന്ത്യക്ക് ഒരു കാലത്തും അമേരിക്കയെ മിസൈലുകൊണ്ട് ആക്രമിക്കാൻ കഴിയില്ല. അവരുടെ പ്രതിരോധഭിത്തി തുളച്ചുകയറാൻ പ്രയാസമാണ്. ഇന്ത്യയിൽ നിന്ന് ഒരു മിസൈൽ ഉയരുന്ന നിമിഷം അത് ഉപഗ്രഹങ്ങൾവഴി ട്രാക്കുചെയ്ത്, ഏതു വിഭാഗത്തിൽ പെട്ടതാണെന്നും അതിന്റെ ലക്ഷ്യമെന്താണെന്നും കണക്കുകൂട്ടി അത് തങ്ങളുടെ രാജ്യത്തേയ്ക്കാണെന്നു മനസ്സിലായാൽ അതിനെ നശിപ്പിക്കാനും മറ്റുമുള്ള സജ്ജീകരണങ്ങളുണ്ട് അമേരിക്കയ്ക്ക്. പിന്നെ എന്താണവരുടെ പ്രശ്നം? നേരത്തെ പറഞ്ഞപോലെ, മിസൈൽ ശത്രുരാജ്യത്ത് ബോംബെറിയാൻ മാത്രമല്ല, വാർത്താവിനിമയോപഗ്രഹങ്ങളെ അതിന്റെ ഭ്രമണപഥത്തിലെത്തിക്കാനും ആവശ്യമാണ്. വികസിതരാജ്യങ്ങൾ തമ്മിൽ കടുത്ത മത്സരമുള്ള ഒരു കച്ചവടമാണ് ഉപഗ്രഹവിക്ഷേപണം. ഒരു ഉപഗ്രഹം തൊടുത്തുവിടാൻ ഇതുവരെ നമ്മൾ കൊടുത്തിരുന്നത് ഭീമമായ സംഖ്യയായിരുന്നു, അതും അപൂർവ്വമായ വിദേശനാണ്യത്തിൽ. ഇന്ത്യ മിസൈലുകളും റോക്കറ്റുകളും വികസിപ്പിച്ചെടുത്തപ്പോൾ വികസിതരാജ്യങ്ങൾക്ക് നഷ്ടമായത് ഒരു വലിയ കച്ചവടസാധ്യതയാണ്. മാത്രമല്ല വിദൂരമല്ലാത്ത ഭാവിയിൽ ഇന്ത്യ മറ്റു രാജ്യങ്ങളുമായി ഉപഗ്രഹവിക്ഷേപണരംഗത്ത് മത്സരിക്കുകയും ചെയ്യും. ഇന്ത്യ മിസൈൽ നിർമ്മിക്കുന്നതിൽ പാശ്ചാത്യരാഷ്ട്രങ്ങൾക്കുള്ള എതിർപ്പ് മനസ്സിലാക്കാവുന്നതേയുള്ളൂ.

നാം അണുസ്ഫോടനം നടത്തിയപ്പോൾ ഇവിടെ കേട്ട എതിർപ്പിൽ പ്രധാനപ്പെട്ട ഒന്ന് കുടിവെള്ളവും ഭക്ഷണവും മര്യാദയ്ക്ക് എത്തിക്കാൻ പറ്റാത്ത ഒരു രാജ്യം അണുസ്ഫോടനം നടത്തുന്നതിലെ അപാകതയാണ്. ഈ അഭിപ്രായം നിത്യേന പത്രങ്ങളിൽ വരുന്നു. ക്രമേണ സാധാരണക്കാരുടെ അഭിപ്രായങ്ങളെ സ്വാധീനിക്കുന്നു. അണുസ്ഫോടനവും കുടിവെള്ളം എത്തിക്കലും രണ്ടും രണ്ടാണ്. ന്യൂക്ലിയർ സാങ്കേതികവിദ്യവരെ കൈമുതലുള്ള ഒരു രാജ്യത്തിന്ന് കുടിവെള്ളം എത്തിക്കാനുള്ള കഴിവില്ലാ എന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്. കഴിവില്ലാഞ്ഞിട്ടല്ല. നമ്മെ കഴിഞ്ഞ 50 വർഷമായി ഭരിച്ച രാഷ്ട്രീയ പാർട്ടികൾ അതിനുവേണ്ടി ആത്മാർത്ഥമായി ശ്രമിച്ചില്ല എന്നതാണ് കാര്യം. 50 വർഷമായി വൈപ്പിൻ പോലുള്ള ഒരു സ്ഥലത്ത് ശുദ്ധജലമെത്തിക്കാൻ കഴിയില്ലെങ്കിൽ അതാരുടെ തെറ്റാണ്? ഭക്ഷണത്തിന്റെ കാര്യവും അതുപോലെത്തന്നെയാണ്. ഒരഞ്ചുകൊല്ലത്തിനുള്ളിൽ തുടച്ചുനീക്കാവുന്ന ദാരിദ്ര്യമേ ഇന്ന് ഭാരതത്തിലെങ്ങുമുള്ളൂ. അതു ചെയ്യാനുള്ള കഴിവും ആത്മാർത്ഥതയും നേതാക്കൾക്ക് വേണമെന്നു മാത്രം. ജനസേവയല്ല രാഷ്ട്രീയക്കളിയാണ് മുഖ്യലക്ഷ്യമെങ്കിൽ ഇനിയൊരു 50 വർഷത്തിനുള്ളിലും ഇവിടെ ദാരിദ്ര്യം അവസാനിക്കില്ല, കുടിവെള്ളം എത്തുകയുമില്ല.

എത്ര പ്രോജക്ടുകളാണ് നമ്മുടെ കൊള്ളരുതായ്മകൊണ്ട് പകുതിയ്ക്കുവച്ച് നിറുത്തേണ്ടിവരികയോ, തുടങ്ങാൻതന്നെ കഴിയാതിരിക്കുകയോ ചെയ്യുന്നത്? നീക്കിവച്ച പണം ലാപ്‌സാക്കിക്കളയുകയല്ലേ പലപ്പോഴും ചെയ്യുന്നത്? ചുരുക്കിപ്പറഞ്ഞാൽ 'നമുക്ക് കുടിവെള്ളമാണ് ആവശ്യം ബോംബല്ല' എന്ന മുദ്രാവാക്യത്തിന് വലിയ പ്രസക്തിയില്ല എന്നുതന്നെ.

വികസിതരാജ്യങ്ങൾ ഉപേരാധം ഏർപ്പെടുത്തുമെന്നതാണ് മറ്റു ചിലർക്ക് ആശങ്ക. അത് ആരെയാണ് ശരിക്കും ബാധിക്കുകയെന്ന് നോക്കാം. നേരത്തെ പറഞ്ഞപോലെ വികസിതരാജ്യങ്ങളിലെ മൾട്ടിനാഷനൽ കമ്പനികൾ പുതിയ മാർക്കറ്റുകൾക്കുവേണ്ടി മത്സരിക്കുന്ന കാലമാണ്. ഭാരതമാകട്ടെ ഈ കമ്പനികൾക്കുവേണ്ടി ഗെയ്റ്റ് മലർക്കെ തുറന്നിട്ട സമയവും. അപ്പോൾ ആ രാജ്യങ്ങൾ ഏർപ്പെടുത്താനുദ്ദേശിക്കുന്ന ഉപരോധം എത്രത്തോളം ഫലപ്രദമാകുമെന്ന് നമുക്കൂഹിക്കാനേ ഉള്ളൂ. മാത്രമല്ല ഇപ്പോൾ ഇന്ത്യയിൽ കച്ചവടം ചെയ്യുന്ന മൾട്ടിനാഷനൽ കമ്പനികളെ മുഴുവനും, ഉപേരാധത്തിനു മറുപടിയായി കെട്ടുകെട്ടാൻ നമ്മൾ ആവശ്യപ്പെട്ടാൽ ആർക്കാണ് നഷ്ടം? പെപ്സിയും കൊക്കകോളയും നമുക്ക് അത്യാവശ്യമുള്ള വസ്തുക്കളാണോ? (77-ൽ ജോർജ് ഫെർണാണ്ടസ് കൊക്കകോളയെ നാടുകടത്തിയത് ചിലരെങ്കിലും ഓർക്കുന്നുണ്ടാവും.) സുസുക്കിയും ഫോർഡും വേൾപൂളും ഇവിടെനിന്നു പോയാൽത്തന്നെ നമ്മൾ സ്വാശ്രയശീലം പഠിക്കില്ലേ? അരനൂറ്റാണ്ടായി റഫ്രിജറേറ്റർ ഉണ്ടാക്കിക്കൊണ്ടിരുന്ന ഗോദ്‌റെജിന് ഒരു നല്ല ഫ്രിജ്ജുണ്ടാക്കാൻ ഇപ്പോൾ ജനറൽ ഇലക്ട്രിക്‌സിന്റെ സഹായവും സാങ്കേതികവിദ്യയും ആവശ്യമുണ്ടോ?

ചൈനക്കാർ കാണിക്കുന്ന ദേശീയത നമ്മളും കാണിക്കണമെന്നു മാത്രം. ചൈനക്കാർ എന്തു ചെയ്യണമെന്ന് തീർച്ചയാക്കുന്നത് അവരാണ്, അമേരിക്കയോ ബ്രിട്ടനോ അല്ല. ഞങ്ങളുടെ നാട്ടിൽവന്നോ, കച്ചവടം ചെയ്തോ, ലാഭം കൊണ്ടുപൊയ്ക്കോ. ഒക്കെ ശരി, പക്ഷേ ഞങ്ങളുടെ വീട്ടിലെ കാര്യം നിങ്ങൾ അന്വേഷിക്കണ്ട എന്ന മനോഭാവം. അമേരിക്കയോ ബ്രിട്ടനോ ഉപരോധമെന്നു പറഞ്ഞ് വിരട്ടുമ്പോൾ ഭയപ്പെടാതിരിക്കുക. കുത്തുപാള വലിച്ചെറിയാനുള്ള ഒരവസരം വന്നിട്ടുണ്ടെങ്കിൽ അതിനൊത്തുയരുക. കമ്യൂണിസത്തിന്റെ ബദ്ധശത്രുക്കളായ അമേരിക്കക്കാർ ചീനന്റെ തോളിൽ കൈയിട്ടു നടക്കുകയും കെന്റുക്കി ചിക്കൻ തീറ്റിക്കുകയും ചെയ്യുമ്പോൾ, ഒരു നാടൻ പ്രയോഗം കടമെടുക്കുകയാണെങ്കില്‍ അതിന്റെ 'ഗുട്ടൻസ്' എന്താണെന്ന് ഒരു നിമിഷം ആലോചിക്കുക. നമ്മൾ വിഡ്ഢികളാവരുത്. ചൈനക്കാർ ചൈനക്കാരും നമ്മൾ നമ്മളുമായിരിക്കുന്നേടത്തോളം കാലം. ചിന്തിക്കാനുള്ള കഴിവ് രാഷ്ട്രീയപാർട്ടികൾക്ക് അടിയറ വെച്ച നമുക്ക് അതിനൊക്കെ കഴിയുമോ എന്നു കണ്ടറിയണം.

അണുവായുധ നിരോധനത്തിനും ഇന്ത്യയുടെ പരീക്ഷണം നല്ലൊരു ഊന്നായി മാറുമെന്ന് സംശയമില്ല. ഏത് മൂന്നാംകിട രാഷ്ട്രത്തിനും അണ്വായുധങ്ങളും, അത് അടുത്തുള്ള രാജ്യങ്ങളിലെത്തിക്കാനുള്ള മിസൈലുകളും ഉണ്ടാക്കാമെന്നുമുള്ള നില വന്നാൽ നൂറുകണക്കിന് അണ്വായുധങ്ങൾ അലമാറിയിൽ വച്ചുസൂക്ഷിക്കുന്ന വൻകിട രാഷ്ട്രങ്ങൾ രണ്ടാമതൊന്ന് ആലോചിക്കും. നിങ്ങളുടെ ഒരു ബോംബിനുപകരം ഞങ്ങളുടെ പത്ത് ബോംബുകൾ നശിപ്പിക്കാമെന്ന തരത്തിലുള്ള കരാറിലേർപ്പെടാൻ അതവരെ പ്രേരിപ്പിക്കും.

ഇന്ത്യയോ പാകിസ്ഥാനോ അണുബോംബുണ്ടാക്കുമ്പോൾ മുറവിളി കൂട്ടുന്ന വിദേശികളും, നമ്മുടെ ബുദ്ധിജീവികളും രാഷ്ട്രീയക്കാരും, രണ്ടുംകൂടിയ സങ്കരവർഗ്ഗക്കാരും ഒരു കാര്യം വിസ്മരിക്കുന്നു. ഇന്ന് ലോകം ഒരു അണുസ്ഫോടന വിപത്തിന്റെ വക്കത്തെത്തി നിൽക്കുന്നുണ്ടെങ്കിൽ അത് ഇന്ത്യയുടേയോ പാകിസ്ഥാന്റേയോ ചീനയുടേയോ ബോംബുകൾ കാരണമല്ല. മറിച്ച് ഇപ്പോഴും പഴഞ്ചൻ സാങ്കേതികവിദ്യയിൽ തങ്ങളുടെ അണുബോംബുകളും, അവ തലയിൽ പേറുന്ന മിസൈലുകളും ഉറപ്പിച്ചു നിറുത്തുന്ന റഷ്യ കാരണമായിരിക്കും. ഇലക്ട്രോണിക്‌സും കമ്പ്യൂട്ടറും അതിന്റെ ശൈശവദശയിൽ ഇരുന്ന കാലത്ത് തൊടുത്തു നിർത്തിയ ഈ മിസൈലുകളും അവയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന സോഫ്ട്‌വെയറും നവീകരിക്കാനുള്ള സാമ്പത്തികനിലയിലല്ല റഷ്യ. പല മിസൈലുകളും ഇപ്പോഴും ശീതസമരത്തിന്റെ ബാക്കിപത്രമെന്നപോലെ തൊടുത്തു നിർത്തിയിരിക്കുന്നത് അമേരിക്കക്കെതിരെയാണ്. കമ്പ്യൂട്ടർ സംവിധാനത്തിൽ വന്നേക്കാവുന്ന എന്തെങ്കിലും പാകപ്പിഴകൾ കാരണം അണുവായുധം തലയിലേറ്റുന്ന ഏതെങ്കിലും ഒരു മിസൈൽ അബദ്ധത്തിൽ തൊടുത്തുവിടപ്പെട്ടാൽ ഉണ്ടാവാൻ പോകുന്നത് അണുവായുധങ്ങൾ കൊണ്ടുള്ള അമേരിക്കയുടെ തിരിച്ചടിയായിരിക്കും. ഇങ്ങിനെ ഒരു സംഭവ്യത ഇല്ലെന്ന് ആർക്കെങ്കിലും പറയാൻ പറ്റുമോ?

ഒരണുയുദ്ധംകൊണ്ട് ജീവൻ ഭൂമിയിൽനിന്ന് തുടച്ചുനീക്കുംമുമ്പ് അണുവായുധങ്ങൾ ഭൂമിയിൽനിന്ന് തുടച്ചുനീക്കുകതന്നെയാണ് ബുദ്ധി. അതിനുള്ള പ്രാരംഭമായിട്ടെങ്കിലും ഇന്ത്യയുടെയും പാകിസ്ഥാന്റെയും അണുസ്ഫോടനങ്ങള്‍ വർത്തിക്കുമെന്ന് നമുക്കാശിക്കുക.

ഇതൊന്നും ചിന്തിക്കാതെ രാഷ്ട്രീയപ്രേരിതമായി, തൂണിലും തുരുമ്പിലും വർഗ്ഗീയതമാത്രം കണ്ട് ഹിന്ദുബോംബെന്നും മുസ്ലിംബോംബെന്നും മറ്റും തട്ടിവിടുന്നവൻ രാജ്യസേവയാണോ ചെയ്യുന്നതെന്ന് ഒരു നിമിഷം ആലോചിക്കൂ. പുതിയ സ്ഥിതിവിശേഷത്തെ ദക്ഷിണേഷ്യയുടെ ഉയിർത്തെഴുന്നേല്പായും പുത്തൻ സാമ്രാജ്യത്വക്കുറിച്ചുള്ള പാശ്ചാത്യവ്യാമോഹങ്ങളുടെ ശവക്കല്ലറയായും കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

ഇ ഹരികുമാര്‍

E Harikumar