പി. കൃഷ്ണവാരിയര്‍

ഇളം കാറ്റേല്‍ക്കുംപോലെ, ഇള വെയില്‍.....

പി. കൃഷ്ണവാരിയര്‍

ഇളം കാറ്റേൽക്കും പോലെ, ഇളവെയിൽ കൊള്ളും പോലെ

കഥ മനുഷ്യമനസ്സിന്റെ ആദ്യാന്വേഷണങ്ങളിൽ ഒന്നാണ്. മനസ്സിന്റെ വാതായനങ്ങൾ മെല്ലെത്തുറക്കുന്ന ഒരദൃശ്യശക്തി കഥയ്ക്കുണ്ട്. പറയുന്നവനും കേൾക്കുന്നവനും ആത്മവിസ്മൃതിയിൽ ലയിക്കുന്ന മുഹൂർത്തങ്ങൾ കഥ സമ്മാനിക്കുന്നു. കഥയുടെ ഉല്പത്തിചരിത്രം അന്വേഷിക്കുമ്പോൾ നാം ചെന്നെത്തുക ഗുഹാനിവാസികളിലായിരിക്കും. കഥയുടെ മാസ്മരശക്തി അവരാണാദ്യം കണ്ടെത്തിയത്. ഏതു ഭാഷാചരിത്രത്തിലെയും സംപുഷ്ടാംശം കഥയാണ്. ഗദ്യമായാലും പദ്യമായാലും. വാക്കുകൾകൊണ്ടു മായാജാലം സൃഷ്ടിക്കാൻ കഴിവുള്ളവനായിരിക്കും കഥ പറയുന്നതിൽ കേമൻ. കൂത്തു നടത്തുന്ന ചാക്യാന്മാരിൽ ഈ ശ്രേഷ്ഠത, തെളിഞ്ഞുകാണാം. 'നാവിന്മേൽ സരസ്വതി വിളയാടേണം' എന്നാണല്ലോ കഥ പറയുന്നവരുടെ ആദ്യ പ്രാർത്ഥന. ജഗത്പിതാക്കൾക്കും, ഗണപതിഭഗവാനും, അബ്ജയോനിപ്രണയിനിയായ ദേവി വാണിമാതാവിനും സ്തുതി പറഞ്ഞുകൊണ്ട് സൽക്കഥയുടെ ഖനീമുഖം തുറക്കുന്നവരായിരുന്നു നമ്മുടെ പൂർവികർ. അവരുടെ രചനകളിൽനിന്നു വശ്യസുന്ദരമായ വാക്കുകൾ ഒഴുകി വന്നു. ശ്രോതാക്കൾ സ്വയം മറന്നു അവയിൽ ലയിച്ചു. അവയിൽനിന്നുറപൊട്ടുന്ന മധുരം നുണഞ്ഞു. കഥ പറയുന്നവർ വാഗ്മികളായിരുന്നു. വാചാലത അവർ ഒഴിവാക്കി. വാക്കുകൾ സൂക്ഷിച്ചുപയോഗിക്കുമ്പോഴാണ് കഥയ്ക്കു പിരിമുറക്കം കൂടുന്നതെന്ന് അവർ അനുഭവത്തിൽനിന്നു തിരിച്ചറിഞ്ഞു. കഥ ശ്രോതാവിന്റെ ഉൾത്തടത്തിലും സർഗപ്രതിഭ വിടരാൻ സമർത്ഥമാകണം എന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു.

അങ്ങനെ വാക്കുകളിൽ മിതത്വം പാലിക്കുകയും വായനക്കാരുടെ അന്തഃക്കരണങ്ങളിൽ സർഗ പ്രപഞ്ചം സൃഷ്ടിക്കുകയും ചെയ്യുന്ന മലയാള കഥാകൃത്തുക്കളുടെ നിരയിൽ നമുക്ക് ഇ. ഹരികുമാറിനേയും കാണാം. കഴിഞ്ഞ നാല്പതിലധികം വർഷങ്ങളായി ഹരികുമാർ കഥകൾ പറഞ്ഞുകൊണ്ടിരിക്കുന്നു. ഒട്ടേറെ ചെറുകഥകളും നോവലുകളും അദ്ദേഹം രചിച്ചിട്ടുണ്ട്. നല്ലൊരു അനുവാചകവൃന്ദത്തെ സൃഷ്ടിക്കാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.

കവിതയോടടുക്കുന്ന നോവല്‍

ഹരികുമാറിന്റെ 'ആസക്തിയുടെ അഗ്നിനാളങ്ങൾ' എന്ന നോവലിനെ 'കവിതയോടടുക്കുന്ന നോവൽ' എന്നു ഞാൻ മുൻപൊരിക്കൽ വിളിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കഥാപ്രപഞ്ചം മുഴുവൻ ഈ ഗണത്തിൽ പെടുത്താവുന്നതാണ്. കുറുകിക്കുറുകി വരുകയും വായനക്കാരനു സ്വന്തം അനുഭവങ്ങൾ ചാലിച്ചു ചേർത്ത് അവ വികസിപ്പിച്ചെടുക്കുവാൻ സാദ്ധ്യമാക്കുകയും ചെയ്യുന്ന ഒരു ആഖ്യാന തന്ത്രം ഹരികുമാർ പാലിച്ചുപോരുന്നുണ്ട്. 'എമ്പ്രാൻ-കൊള്ളി-കുളം' എന്ന വേറിട്ട പദങ്ങളെ സംഭവങ്ങളുടെ ചരടിൽ കോർത്ത് പലമാതിരി കഥകൾ നെയ്തുണ്ടാക്കാൻ വായനക്കാർക്കു വിട്ടുകൊടുക്കുന്ന ഒരു കലാവിദ്യ തന്റെ കഥകളിൽ ഒളിപ്പിച്ചു വയ്ക്കുവാൻ അദ്ദേഹത്തിനു പ്രത്യേക വിരുതുണ്ട്. 'പച്ചപയ്യിനെ പിടിക്കാൻ' എന്ന സമാഹാരത്തിലെ 'അമ്മു പറഞ്ഞ കഥ'യിൽ അദ്ദേഹം വരച്ചിട്ട ഒരു സന്ദർഭം ഞാനുദ്ധരിക്കാം.

'അവളുടെ കഥകൾ വളരെ ഹ്രസ്വമാണ്. ഒന്നര വയസ്സിൽ സമ്പാദിച്ചു വച്ച വാക്കുകൾ വളരെ ശ്രദ്ധാപൂർവം അവൾ ഉപയോഗിച്ചു. വ്യാകരണം കടന്നുകൂടി അവളുടെ ഭാഷ ദുഷിച്ചിട്ടുണ്ടായിരുന്നില്ല.' ഒരു കഥ ഏതാനും വാക്കുകളിൽ ഒതുങ്ങി. ഏതാനും വാക്കുകളിൽ ഒരു വികാരപ്രപഞ്ചം മുഴുവൻ.

ചേച്ചീ... മുട്ടാപ്പം... കോയി... കോയി... ഖൊ.

ഒരു കഥയാണ്. ഒരു മുഴുവൻ കഥ. ഇതിൽ അനുവാചകന്റെ മനോധർമ്മമാണ് പ്രധാനം. തന്റെ രചനയെപ്പറ്റി ഹരികുമാറിന് വായനക്കാരുടെ കോടതിയിൽ സമർപ്പിക്കാനുള്ള സത്യവാങ്മൂലമാണ് ഇത്.

ശവവും മന്തുകാലും മാന്തളും ചകിരിയും

ശിവനാമവും ബാങ്കുവിളിയും പൊന്നാനിയായ്

എന്ന എം. ഗോവിന്ദന്റെ വരികൾ ഉദ്ധരിച്ചുകൊണ്ട് കവി പി.പി. രാമചന്ദ്രൻ 'പ്രാതിനിദ്ധ്യസ്വഭാവമുള്ള സൂചകങ്ങളാൽ ഇത്രയും സംഗ്രഹിച്ചുകൊണ്ടുള്ള ഒരു നിർവചനം ഒരു പൊന്നാനിക്കാരനുമാത്രമേ സാദ്ധ്യമാകൂ. എഴുത്തിലെ 'പൊന്നാനിത്തം' എന്നതു ഒരു ചുരുക്കെഴുത്താണ് എന്ന് പറയുന്നുണ്ട്. എഴുതാൻ തുടങ്ങിയപ്പോഴേയ്ക്കും കൽക്കത്ത, ഡൽഹി, ബോംബെ എന്നീ വൻനഗരങ്ങളിലേക്കു ചേക്കേറുകയും പിന്നെ കൊച്ചി എന്ന വ്യവസായ നഗരത്തിൽ സ്ഥിരവാസമാക്കുകയും ചെയ്ത ഹരികുമാർ ബാല്യത്തിൽ തനിക്കു ലഭിച്ച 'പൊന്നാനിത്തം' എന്ന പാഥേയം കൈവിട്ടുകളഞ്ഞിട്ടില്ല എന്നതാണ് അദ്ദേഹത്തിന്റെ കഥകളുടെ സൗന്ദര്യശാസ്ത്രം. ഓരോ പ്രദേശത്തിനുമുണ്ട് ഇത്തരം പ്രത്യേകതകൾ. ഇത് പ്രാദേശിക മനോഭാവം എന്നു ചൊല്ലി അപഹസിക്കപ്പെടേണ്ടതല്ല. എഴുത്തിലെ 'തദ്ദേശീയത' എന്ന് അഭിമാനത്തോടെ പറയാവുന്ന ഒരു സാങ്കേതികതയാണ് അത്. പ്രസിദ്ധരായ മറ്റെഴുത്തുകാരുടെ രചനകളിലും നമുക്കത് ദർശിക്കാവുന്നതാണ്. സാഹിത്യകാരൻ ജനിച്ചു ജീവിച്ച പ്രദേശത്തിന്റെ ഭൂമിശാസ്ത്രവും സംസ്‌കാരവും ഒളിഞ്ഞുകിടക്കുന്നവയാണ് അദ്ദേഹത്തിന്റെ കൃതികൾ. ലേക്ക് ഡിസ്ട്രിക്റ്റിനെപ്പറ്റി പഠിക്കാൻ വില്യം വേർഡ്‌സ്‌വർത്തിന്റെ കവിതകൾ ചികഞ്ഞാൽ മതി.

ഹരികുമാറിന്റെ കഥകളിൽ ഞാനാദ്യം വായിച്ചത് ഒരു സമാഹാരത്തിലും ഉൾപ്പെടുത്തിയിട്ടില്ലാത്ത ഒന്നാണ്. തന്റെ പതിന്നാലാം വയസ്സിൽ സ്‌കൂൾ വാർഷികത്തോടനുബന്ധിച്ചു നടത്തിയ ചെറുകഥാമത്സരത്തിൽ അദ്ദേഹം എഴുതിയ 'ഒരു സായാഹ്നത്തിൽ' എന്ന കഥയാണത്. വിദ്യാഭ്യാസം കഴിഞ്ഞു ഉദ്യോഗസ്ഥനായിപ്പോയ ഒരു ചെറുപ്പക്കാരൻ ഒരു വാരാന്ത്യത്തിൽ വിധവയായ അമ്മായിയെ കാണാൻ പോകുന്നതും അവിടുത്തെ ദയനീയസ്ഥിതി കണ്ടു വിതുമ്പുന്നതുമാണ് ഇതിവൃത്തം. ശൈശവത്തിൽ തന്റെ കൂടെ മണ്ണപ്പം ചുട്ടുകളിച്ചിരുന്ന കല്യാണിയെ (അമ്മായിയുടെ മകൾ) ഭർത്താവുപേക്ഷിച്ച നിലയിൽ അയാൾ അവിടെ കാണുന്നു. അവളെങ്ങനെയാണ് ഈ വിധത്തിലായത്! എന്ന ഒരു നെടുവീർപ്പിൽ ഒതുക്കുന്നു അയാളുടെ മനസ്സിലെ വികാരപ്രപഞ്ചം. വേണമെങ്കിൽ ഹരികുമാറിനു അവിടെ വാചാലനാവാമായിരുന്നു. അത് കഥാകൃത്തിന്റെ അവകാശവുമാണ്. കുട്ടിക്കാലത്ത് ആ പെൺകുട്ടിയുമായി തന്റെ ഹൃദയ രഹസ്യങ്ങൾ പങ്കുവച്ചതും അവളുടെ സ്‌നേഹോദാരത സമൃദ്ധമായനുഭവിച്ചതും മറ്റുമായ വർണനകൾ പൊടിപ്പും തൊങ്ങലും വച്ചു ആ ചെറുപ്പക്കാരന്റെ ഓർമയിൽ വരച്ചിടാമായിരുന്നു. ഹരികുമാർ അങ്ങനെ ചെയ്തില്ല. ഈ ഒതുക്കിപ്പറയലാണ് അന്ന് ആ മത്സരത്തിൽ ഒന്നാം സ്ഥാനം നേടാൻ ഹരികുമാറിനെ സഹായിച്ചതും.

ഹരികുമാർ കഥകൾക്കു മൊത്തത്തിൽ ഒരേ പ്രമേയമാണുള്ളത്. പച്ചയായ ജീവിതം. ജീവിതം പ്രതിജനഭിന്നവിചിത്രമാർഗ്ഗമാണല്ലോ അതുകൊണ്ട് കഥകൾക്കും വൈവിദ്ധ്യമുണ്ട്. വൈചിത്ര്യവുമുണ്ട്. പ്രമേയത്തെപ്പോലെ ആഖ്യാനവും പച്ചയാണ്. ആർഭാടമോ, ആഘോഷമോ ഇല്ലാത്ത ജീവിതത്തിന്റെ നേർക്കാഴ്ചകൾ അവതരിപ്പിക്കാൻ ഉപയോഗിക്കുന്ന ഭാഷയും അലങ്കാരങ്ങളെ ആശ്രയിക്കുന്നില്ല.

നഗ്നമായ കാഴ്ചകൾ

വായനക്കാരനുമായി നേരിട്ടു സംവദിക്കുന്ന വളച്ചുകെട്ടില്ലാത്ത, വാചാടോപമില്ലാത്ത, ഋജുവായ ഭാഷ, അതിലടങ്ങിയ സൂചനകൾ നേരെ അനുവാചകന്റെ മനസ്സിൽ കടന്നു അനുഭവത്തിന്റേതായ ഒരു വലിയ പ്രപഞ്ചം സൃഷ്ടിക്കുന്നു. എല്ലാ ജീവിത വ്യാപാരങ്ങളും തുറന്നെഴുതാൻ കഥാകൃത്തിനു സങ്കോചമില്ല. ജോലി ചെയ്യുന്നതുപോലെ, ആഹാരം കഴിക്കുന്നതുപോലെ ലൈംഗിക വേഴ്ചകളും നഗ്നമായിത്തന്നെ നാമവിടെകാണുന്നു. പ്രത്യേകിച്ചു ഭാവഭേദമൊന്നുമില്ലാതെ നാമതു വായിച്ചുപോകുന്നു. ജീവിതത്തിൽ ഒളിച്ചുവയ്‌ക്കേണ്ടതായിട്ടൊന്നുമില്ല. അല്ലെങ്കിലും ഒളിച്ചു വയ്ക്കുന്നത് ഭീരുത്വത്തിന്റെ ലക്ഷണമാണല്ലോ.

ഹരികുമാറിന്റെ കഥാപാത്രങ്ങൾ ഈശ്വരന്മാരോ, ചെകുത്താന്മാരോ അല്ല. മജ്ജയും മാംസവും മോഹവും ത്യാഗവും ദാക്ഷിണ്യവും ക്രൂരതയും സ്‌നേഹവും വിരോധവും പൊരുത്തവും പൊരുത്തക്കേടും എല്ലാം ഉള്ള ജീവിതത്തിൽ നാം സാധാരണയായി കണ്ടുമുട്ടാറുള്ള വെറും മനുഷ്യരാണവർ. നമ്മുടെ ബോധമണ്ഡലത്തിലെ സിംഹാസനത്തിലിരിക്കുന്ന തരത്തിലുള്ള ആദർശപുരുഷന്മാർ പോലുമല്ല അവർ. അവരുടെ ജീവിതത്തിൽ അദ്ഭുതങ്ങൾ സംഭവിക്കാറില്ല. അദ്ഭുതങ്ങളെ അവരൊട്ടു പ്രതീക്ഷിക്കുന്നുമില്ല. അവ നമ്മുടെയൊക്കെ കഥകളാണ് ഇതെന്റെ കഥയല്ലേ? ഇതെങ്ങനെ ഇയാളറിഞ്ഞു? എന്നു നമുക്ക് ഈ കഥകൾ വായിക്കുമ്പോൾ ഏതെങ്കിലും അവസരത്തിൽ തോന്നിക്കൂടായ്കയില്ല. ആ ഒരു താദാത്മ്യഭാവം കഥാകൃത്തിന്റേയും അനുവാചകന്റേയും ഹൃദയങ്ങൾക്കിടയിൽ പാലം പണിയുന്നു.

'തടാകതീരത്ത്' എന്ന നോവലിൽ രമേശനും രാമകൃഷ്‌ണേട്ടനും തമ്മിൽ രമേശന്റെ ഭാവിയെപ്പറ്റിയുള്ള സംഭാഷണം കഥാകൃത്ത് തന്റെ ജീവിതത്തിൽനിന്നുതന്നെ പറിച്ചെടുത്ത ഏടാണ്. പത്താംതരം പരീക്ഷ ഒന്നാം ക്ലാസ്സോടെ പാസ്സായ രമേശന് തുടർന്നു പഠിക്കണമെന്നും ഒരു ശാസ്ത്രജ്ഞനായി ലോക നന്മയ്ക്കുവേണ്ടി എന്തെങ്കിലും സംഭാവന ചെയ്യാൻ കഴിയണമെന്നും ഉണ്ടായിരുന്ന മോഹം വീട്ടിലെ സാമ്പത്തിക പ്രാരാബ്ധങ്ങളിൽ പൊലിഞ്ഞുപോകുന്നതു നിസ്സഹായനായി ഏറ്റുവാങ്ങാനേ കഴിയുന്നുള്ളു. 'പഠിച്ചിട്ടൊക്കെ എന്താവാനാ? നാലഞ്ചുകൊല്ലം പാഴാക്കികളയാം. അത്ര്യന്നെ' എന്ന രാമകൃഷ്‌ണേട്ടന്റെ യുക്തിയോടു രമേശൻ അനുകൂലിക്കുന്നത് അത് ബോദ്ധ്യപ്പെട്ടുകൊണ്ടല്ല. ഗതികേടുകൊണ്ടാണ്.

''നീ കാർപന്റേഴ്‌സ് ജോലി എടുക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു മരമെടുത്തു ആദ്യം അളവെടുത്തു മുറിക്കുന്നു. പിന്നെ അതിന്റെ വീതിയും കനവും നോക്കി മുറിച്ചു ചിപ്പുളിയിട്ടു ഒരു നല്ല കഷ്ണമുണ്ടാക്കുന്നു. അതിൽ പിന്നീടുണ്ടാക്കേണ്ട ദ്വാരങ്ങളും ചതുരങ്ങളും അളവെടുത്ത് ഉളിയോ ഡ്രില്ലോകൊണ്ട് വീണ്ടും പണിയെടുക്കുന്നു. ഇത് എഞ്ചിനീയറിങ്ങാണ്, അല്ലെങ്കിൽ അത്രയേയുള്ളൂ എഞ്ചിനീയറിങ്...'' അമർ ചാറ്റർജി രമേശനെ പഠിപ്പിക്കുകയാണ്. ജീവിതത്തിന്റെ എഞ്ചിനീയറിങ്ങും അതുതന്നെയാണ് എന്നു അമർ ചാറ്റർജി പറഞ്ഞില്ല. പറയാതെതന്നെ മനസ്സിലാക്കാനുള്ള ബുദ്ധി രമേശനുണ്ടല്ലോ. വായനക്കാർക്കും.

ഈ കഥകളിൽനിന്നു കഥാകൃത്തിന്റെ ജീവിതകഥയെന്നപോലെ അക്കാലത്തെ സാമൂഹിക ചരിത്രവും അരിച്ചെടുക്കാം. സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ അവസാനത്തോടെ വിദ്യാർത്ഥി ജീവിതം തന്നെ അവസാനിപ്പിക്കേണ്ടി വരികയെന്നത് ഭൂരിപക്ഷം വിദ്യാർത്ഥികളുടെയും നിയോഗമായിരുന്നു. ബോംബെ, കൽക്കട്ട, ഡൽഹി എന്നീ വിദൂരങ്ങളിൽ ഏതെങ്കിലും കമ്പനികളിൽ കൂടണയുകയേ അവർക്കു ഗതിയുണ്ടായിരുന്നുള്ളു. അതുകൊണ്ട് അവർ സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ ടൈപ്‌റൈറ്റിങ്ങും ഷോർട്ട്ഹാന്റും പരിശീലിച്ചു. 'കൊട്ടാൻ പോവുക' എന്നായിരുന്നു അന്ന് അതിന് പ്രചുരപ്രചാരമുള്ള ശൈലി. കോളേജ് വിദ്യാഭ്യാസത്തിനു ചെലവാക്കുന്ന ധനവും സമയവും വ്യർത്ഥമാണെന്ന തത്ത്വജ്ഞാനം അവർക്കെന്നപോലെ രക്ഷിതാക്കൾക്കും ആശ്വാസം നൽകി. അങ്ങനെ മറുനാടൻ മലയാളികളായി മാറിയ പ്രതിഭാധനരായ എത്രയോ യുവതീയുവാക്കളുടെ ജീവിതം ഈ കഥകളിൽ തുടിക്കുന്നുണ്ട്.

ശ്രദ്ധിക്കപ്പെടാതെ പോയ ഒരു നല്ല കഥ

പത്തുകൊല്ലം മുൻപ് മലയാള മനോരമ ഈസ്റ്റർ പതിപ്പിൽ ഹരികുമാർ എഴുതിയ 'ഏറ്റവും മഹത്തായ കാഴ്ച' എന്ന ചെറുകഥ എന്തുകൊണ്ടോ ഏറെ ശ്രദ്ധിക്കപ്പെടാതെ പോയ ഒന്നാണ്. ഒരുപക്ഷേ, ഹരികുമാർ കഥകളുടെ മൊത്തം സ്വഭാവം വഹിക്കുന്ന ഒരു കഥയായിരിക്കും അത്. ആകർഷകമെന്നു തോന്നാത്ത ഒരു പ്രമേയമാണ് കഥയായി മാറുന്നത്. തെരുവിൽ സർക്കസ്സെന്ന പേരിൽ ചില ചില്ലറ മെയ്യഭ്യാസങ്ങൾ കാണിച്ചു ജീവിതം തള്ളിനീക്കുന്ന രണ്ടു കുരുന്നു ജീവിതങ്ങളുടെ കഥ - ഒരു ചേട്ടനും അനുജത്തിയും. അവരുടെ ആകൃതിപോലെ - ജീവിതംപോലെ അനാർഭാടമായ ആവിഷ്‌ക്കാരം. എങ്കിലും സാങ്കേതികത്തികവുകൊണ്ടും കലാമൂല്യം കൊണ്ടും ലാളിത്യശോഭകൊണ്ടും മലയാളത്തിലെ ഏറ്റവും നല്ല ചെറുകഥകളിലൊന്ന് എന്ന പ്രശസ്തിക്കർഹമായ രചന. ഇംഗ്ലീഷിലോ, മറ്റേതെങ്കിലും ഭാഷയിലോ ആയിരുന്നെങ്കിൽ ഇത് ഏറെ പ്രശംസ പിടിച്ചുപറ്റുമായിരുന്നു എന്നു തോന്നുന്നു. വിരുദ്ധദ്വന്ദ്വങ്ങളുടെ സമർത്ഥമായ പ്രയോഗംകൊണ്ടും വളച്ചുകെട്ടില്ലാത്ത അവതരണരീതികൊണ്ടും ധാർമിക നീതിയുടെ സ്വാഭാവികമായ ഇടപെടൽകൊണ്ടും റിയലിസ്റ്റ് രചനകൾക്കു മാതൃകയാക്കാവുന്ന ഒരു കഥ. ''ബസ്സ്റ്റാന്റിന്റെ എതിർവശത്തുള്ള നടപ്പാതയിൽ സർക്കസ്സു കാണിക്കുന്ന ആ കുട്ടികളെ ഒരാഴ്ചയായി എന്നും കാണാറുണ്ട്'' എന്നു നേരെ കഥയിലേക്കു പ്രവേശിക്കുകയാണ് കഥാകാരൻ. ചളിപിടിച്ചു ഇരുണ്ട വൃത്തികേടായ മുഖം. ഇരുണ്ട വേഷം. ഇവർക്കെന്തു സംഭവിച്ചു എന്ന ഉൽക്കണ്ഠയോടെ അനുവാചകൻ വായന തുടരുന്നു. 'വല്ലാത്ത ഒരു ദിവസം. അല്ലെങ്കിൽ എല്ലാ ദിവസവും വല്ലാത്ത ദിവസങ്ങളാണ്' എന്ന കാലവർണന. കുറച്ചു കാണികൾ മാത്രമേയുള്ളൂ. അവർ അശ്ലീലമായ ജിജ്ഞാസയോടെ കുറച്ചുനേരം നോക്കി നിൽക്കും, എന്ന പരിസര വർണന. ഇരുപത്തഞ്ചുപൈസ അവർക്കു നൽകി കഥാനായകൻ വീടിനെ ലക്ഷ്യമാക്കി യാത്രയാവുന്നു. പത്തുപൈസ ചോദിച്ച അവർക്കു അതിന്റെ രണ്ടിരട്ടിയായ ഇരുപത്തഞ്ചുപൈസ നൽകിയതിലുള്ള തന്റെ മഹാമനസ്‌കതയിൽ അഭിമാനചിത്തനായി. ഇവിടെ പണമാണ് മാന്യതയുടെ മാനദണ്ഡം എന്ന സൂചന. പത്തുരൂപ അവർക്കു കൊടുക്കാമായിരുന്നു എന്ന ചിന്തയിലേക്ക് ആ മഹാമനസ്‌കത നീളുന്നു. മനോരാജ്യത്തിലെന്തിനു അർദ്ധരാജ്യം എന്നു ചോദിക്കേണ്ട. കഥയിൽ ചോദ്യത്തിനു പ്രസക്തിയില്ലല്ലോ. വീട്ടിൽ തന്റെ മകൾക്കു ഐസ്‌ക്രീമാണ് ഇഷ്ടവിഭവം. അവൾ തടിച്ച കുട്ടിയാണ്. അയാൾ തെരുവിലെ മെലിഞ്ഞുണങ്ങിയ പെൺകുട്ടിയെ ഓർത്തു. അവിടെത്തുടങ്ങുന്നു വിരുദ്ധകല്പനകൾ ഉപയോഗിച്ചുള്ള ബിംബസൃഷ്ടി. രാത്രി ടെറസ്സിൽ ഫ്‌ളാറ്റുനിവാസികളുടെ കുടുംബസംഗമമായിരുന്നു. കുട്ടികളുടെ നൃത്തനൃത്ത്യങ്ങളുണ്ടായിരുന്നു. അതിന്നു ഓർക്കസ്ട്രയ്ക്കു ആറായിരം രൂപ ചെലവാക്കി. പിന്നണിയൊന്നുമില്ലാതെ, വേഷവിധാനങ്ങളില്ലാതെ, ഒറ്റപ്പൈസപോലും ചെലവില്ലാതെ തെരുവിൽ നടക്കുന്ന കുട്ടികളുടെ സർക്കസ്സുപ്രകടനവുമായി എന്തു വൈരുദ്ധ്യം! ഫ്‌ളാറ്റുനിവാസികളിൽ വളരെപേരും പരിപാടിക്കു സന്നിഹിതരാവാത്തതുകൊണ്ട് എഴുപതുപ്‌ളേറ്റ് ബിരിയാണി അപ്പടി പ്ലാസ്റ്റിക്കു സഞ്ചിയിലിട്ടു കുപ്പയിൽ കൊണ്ടുപോയി തട്ടി. 'പെർഫെക്റ്റ് മർഡർ' എന്നാണ് കഥാനായകൻ അതിനെ വിശേഷിപ്പിക്കുന്നത്. എത്ര പണമാണ് തുലച്ചത്. അതും ദാരിദ്ര്യവും പട്ടിണിയുമുള്ള ഒരു നാട്ടിൽ. അയാൾ ധാർമികരോഷം കൊള്ളുന്നു. ഒരു രാത്രിയുടെ മദത്തിനായി ഇരുപത്തഞ്ചു കുടുംബങ്ങൾ ചെലവാക്കിയത് ഇരുപത്തയ്യായിരം രൂപ. തെരുവിലെ സർക്കസ്സുകുട്ടികളുടെ രൂപം അയാളെ വല്ലാതെ വേട്ടയാടുന്നു. ഇരുപത്തഞ്ചു പൈസയും ഇരുപത്തയ്യായിരം രൂപയും! അയാളിൽ ചെറുപ്പത്തിലേ വേരുറച്ചിരുന്ന മനുഷ്യത്വം ഇപ്പോഴും സജീവമാണ് എന്ന് അനുവാചകർ തിരിച്ചറിയുന്നു. വൈകുന്നേരത്തെ നടത്തത്തിനിടയിൽ അയാൾ ആ തെരുവു സർക്കസ്സുകാരെ വീണ്ടും കണ്ടപ്പോൾ അവർ ഭക്ഷണം കഴിക്കുകയായിരുന്നു. ആരോ വലിച്ചെറിഞ്ഞ നാലഞ്ചു പഴകിയ ഇഡ്ഡലി. തലേന്നു മാറ്റിവച്ച പത്തുരൂപ അവർക്കു കൊടുക്കാൻ അയാൾ തയാറാവുന്നു. 'അതുകൊണ്ട് നിങ്ങളെന്തുചെയ്യും?' എന്ന ചോദ്യത്തിന് 'ഞങ്ങൾ സിനിമ കാണും' എന്നായിരുന്നു അവരുടെ ഉത്തരം. ആ ഉത്തരമായിരുന്നോ അയാൾ പ്രതീക്ഷിച്ചത് എന്ന ചോദ്യം സ്വാഭാവികമായും വായനക്കാരുടെ ചിന്തയിലുയരും. കഥാകൃത്ത് മൗനംകൊണ്ട് അതിനെ പ്രതിരോധിക്കുന്നു, ഉത്തരം കാണുന്ന ചുമതല വായനക്കാർക്കുതന്നെ വിട്ടുകൊണ്ട്. ആ പത്തുരൂപ വെറും ധർമ്മമായി അവർ സ്വീകരിച്ചില്ല. പ്രതിഫലമായി അവർ തങ്ങൾക്കറിയാവുന്ന സകല സർക്കസ്സുവിദ്യകളും അയാൾക്കായി - അയാൾക്കു മാത്രമായി - പ്രദർശിപ്പിച്ചു. അവരും മനുഷ്യവർഗ്ഗത്തിൽപ്പെട്ടവരാണ്. നീതിബോധം നിരക്ഷരരായ അവർക്കുമുണ്ട്. അതാണ് ഏറ്റവും മഹത്തായ കാഴ്ച. ഒറ്റവായനയിൽ ഒരുപക്ഷേ, ഈ കഥയിലെ അന്തസത്തയിലേക്കുള്ള ഉൾക്കാഴ്ച നമുക്ക് ലഭിച്ചെന്നു വരില്ല. പുനർവായനകളിൽ അതു ബലപ്പെട്ടു വന്നുകൊണ്ടിരിക്കും.

ഗ്രാമീണതയുടെ രണ്ടു കഥകൾ

നഗരജീവിതമാണ് ഹരികുമാർ കഥകളുടെ വിശാലപ്രപഞ്ചം. അവ നാട്ടിൻപുറങ്ങളിലെ എളിമയും പ്രശാന്തതയും പ്രകൃതിസൗന്ദര്യവും തേടിപ്പോകുന്ന അവസരങ്ങൾ അപൂർവമാണ്. ആ അപൂർവങ്ങളിൽപ്പെട്ട രണ്ടു കഥകളാണ് 'അരുന്ധതിയുടെ പൈങ്കിളിക്കവിതകൾ', 'ശ്രീപാർവതിയുടെ പാദം' രണ്ടു വ്യത്യസ്ത കോണുകളിലൂടെ ഗ്രാമജീവിതത്തെ കാണുകയാണ് കാഥികൻ ഇവിടെ. ഈ രണ്ടു കഥകളും ഒരേ താക്കിൽ വായിക്കുമ്പോഴേ അവയിലെ പാഠാന്തരീയത അനുവാചകന് അനുഭവപ്പെടുകയുള്ളു. (ഹരികുമാറിന്റെ തെരഞ്ഞെടുത്ത കഥകളുടെ സമാഹാരമായ 'ഇളവെയിലിന്റെ സാന്ത്വനം' എന്ന കൃതിയിൽ ഈ രണ്ടു കഥകളും അടുത്തടുത്തു ചേർക്കേണ്ടതായിരുന്നു. അടുത്ത പതിപ്പിലെങ്കിലും ഇക്കാര്യം ശ്രദ്ധിക്കുന്നത് ഗവേഷണ തല്പരരായ സാഹിത്യ വിദ്യാർത്ഥികൾക്കു ഉപകാരപ്രദമായിരിക്കും.)

ഒരു എട്ടുകെട്ടിന്റെ മരണവേദനയാണ് 'അരുന്ധതിയുടെ പൈങ്കിളിക്കവിത'കളിലെ പ്രതിപാദ്യവിഷയം. കേരളത്തിലെ പഴയ നാലുകെട്ടുകളുടേയും കൂട്ടുകുടുംബവ്യവസ്ഥിതിയുടേയും തകർച്ച പല മലയാള കഥാകൃത്തുക്കളും അവരുടെ രചനകൾക്ക് പ്രമേയമാക്കിയിട്ടുണ്ട്. അത്തരം വ്യവസ്ഥിതിയിൽ ബാല്യകൗമാരങ്ങൾ ചെലവിട്ട ഇപ്പോഴത്തെ മുതിർന്ന പൗരന്മാരിൽ ഗൃഹാതുരത വളർത്താനും പിന്തുടർന്നുവന്ന തലമുറകളിൽ 'ഹാ! എന്തൊരു സ്വപ്നജീവിതം!' എന്ന് ആശ്ചര്യം ജനിപ്പിക്കാനും അത്തരം രചനകൾ വഴിയൊരുക്കിയിട്ടുമുണ്ട്. അവയുടെ രചയിതാക്കൾ റൊമാന്റിസത്തിനാണ് പ്രാമുഖ്യം നൽകിയത്. അവയിൽനിന്നൊക്കെ വ്യത്യസ്തമായി ഒരു വലിയ എട്ടുകെട്ടിന്റെ ചക്രശ്വാസവും അതു കണ്ടുകൊണ്ടിരിക്കുന്ന ഒരു പാവാടക്കാരിയുടേയും അവളുടെ അമ്മയുടേയും മരവിപ്പും വായനക്കാരെ അനുഭവിപ്പിക്കുകയാണ് ഈ കഥ. സ്‌നേഹം, ദയ. ദാക്ഷിണ്യം, ദുഃഖം തുടങ്ങിയ വൈകാരിക ചോദനകൾക്ക് പ്രഥമസ്ഥാനം നൽകുന്ന രചനകളെയെല്ലാം. 'പൈങ്കിളി' എന്നു പരിഹസിക്കുന്ന ബുദ്ധിജീവികൾക്കു നേരെ ഒരു ചെറിയ കവണക്കല്ല് ഉന്നമാക്കുന്നുണ്ടോ ഹരികുമാർ എന്നു സംശയിച്ചാൽ തെറ്റില്ല. ഈ കഥയിൽ, ഏതായാലും, അത്തരം പുരാതന ഗൃഹങ്ങളിൽ വസിക്കുന്നവരുടെ അമർത്തിവയ്ക്കപ്പെട്ട ഐന്ദ്രിയചോദനകൾക്കു രണ്ടാം സ്ഥാനമേ നൽകപ്പെട്ടിട്ടുള്ളു. ഒന്നാം സ്ഥാനം ഗതകാലപ്രൗഢിയോർത്തു നെടുവീർപ്പിടുന്ന വികലാംഗയും, കീടബാധയേറ്റവളുമായ ആ എട്ടുകെട്ടിനുതന്നെ. ഭയം തളംകെട്ടി നിൽക്കുന്ന ഏകാന്തതയാണെവിടെയും. കഴുക്കോലുകളിൽ കിഴക്കാംതൂക്കായി കിടക്കുന്ന നരിച്ചീറുകൾ. അവയെപ്പറ്റി അരുന്ധതി പറയുന്ന ഉള്ളുകിടുങ്ങുന്ന കഥകളും പട്ടണത്തിൽനിന്നു വന്ന സിദ്ധാർത്ഥന് നാട്ടിൻപുറത്തെ സമൃദ്ധമായ നന്മയെയല്ല കാണാൻ കിട്ടുന്നത്. നിഗൂഢത നിറഞ്ഞു വിഹ്വലത സൃഷ്ടിക്കുന്ന, ഒരന്തരീക്ഷം അവനാദ്യമായാണ് നേരിടുന്നത്. എന്തെങ്കിലും പറഞ്ഞാൽപ്പിന്നെ ശ്മശാനത്തിന്റെ കാര്യം എടുത്തിടും. അല്ലെങ്കിലേ... ഇത്രയും ബുദ്ധിമുട്ടിയിട്ടുവന്നപ്പോഴാണ്, ഭയപ്പെടുത്തുന്ന തട്ടിൻപുറം കാണാൻ അവൾ ക്ഷണിച്ചത്. സിദ്ധാർത്ഥൻ ചിന്തിക്കുകയാണ്. കഴുക്കോലിൽ തൂങ്ങിക്കിടക്കുന്ന ചെറുജീവികളെപ്പറ്റി അരുന്ധതി പറഞ്ഞു ''അതു നരിച്ചീറുകളാണ്. അവയ്ക്കു പകൽ കണ്ണുകാണില്ല രാത്രിയേ കാണൂ.'' അരുന്ധതി നരിച്ചീറുകളെപ്പറ്റി അവനൊരു ക്ലാസ്സെടുത്തു. ''നമ്മളൊക്കെ മരിച്ചുപോയാൽ നമ്മുടെ ആത്മാവ് എവിട്യാ പോണ്ന്നറിയോ. പുനർജനിയുടെ തീരത്ത്. നമുക്കെല്ലാം ആയിരം ജന്മങ്ങളുണ്ട്. ഈ ആയിരം ജന്മങ്ങളും തീർന്നവർ പുനർജ്ജനിക്കില്ല. അല്ലാത്തവരിൽ നല്ലവരുടെ ആത്മാക്കൾ പെട്ടെന്നു ജനിക്കുന്നു. മനുഷ്യരായിത്തന്നെ. ചീത്ത മനുഷ്യരെ എന്താണു ചെയ്യേണ്ടതെന്നറിയാതെ തൽക്കാലം നരിച്ചീറുകളാക്കി വിട്വാണ്.'' സിദ്ധാർത്ഥന്റെ പ്രതികരണം ''നമുക്ക് താഴത്ത് പോവ്വാ'' എന്നായിരുന്നു. പതിനഞ്ചുവയസ്സുകാരി അരുന്ധതി പറയുന്നതൊന്നും സിദ്ധാർത്ഥനു പെട്ടെന്നു മനസ്സിലാക്കാനാവുന്നില്ല. സിദ്ധാർത്ഥൻ അതു തുറന്നു പറയുന്നുണ്ട്. രണ്ടുപേരും വളർന്ന അന്തരീക്ഷം വ്യത്യസ്തമാണല്ലോ. സിദ്ധാർത്ഥനു എന്നെപ്പറ്റി ആലോചിക്കുമ്പോൾ ഒന്നും തോന്നുന്നില്ലേ? എന്ന അരുന്ധതിയുടെ ചോദ്യത്തിലെ സൂചന അവനു മനസ്സിലാവുന്നില്ല. അരുന്ധതിയേക്കാൾ പ്രായത്തിൽ ഇളയതാണവൻ. ഹൃദയത്തിൽ ഒരു വിമ്മിട്ടം? നെടുവീർപ്പിടാൻ തോന്നുക? എന്നവൾ വിശദീകരിക്കുമ്പോൾ അവൻ പറയുന്ന നിഷ്‌ക്കളങ്കമായ മറുപടി ഒരു ചിരി നമ്മിൽ വിടർത്തും. അവന് ആസ്ത്മയുടെ ഉപദ്രവമുണ്ട്. മദ്രാസിൽ വച്ച് ഇടയ്ക്കിടയ്ക്കുണ്ടാവും. ഇവിടെ വന്നതിനുശേഷം വല്ലപ്പോഴുമേ ഉണ്ടാവാറുള്ളൂ. പന്ത്രണ്ടു വയസ്സായ, നഗരവാസികളായ കുട്ടികളുടെ അറിവിന്റെ ലോകം ഇത്ര ശുദ്ധവും 'നേരെ വാ, നേരെ പോ' എന്ന മട്ടിലുള്ളതുമാണെന്നല്ല നാം വായിച്ച മറ്റെഴുത്തുകാരുടെ കഥകൾ നമ്മോടു പറഞ്ഞിട്ടുള്ളത്. ഒലിവർ ട്വിസ്റ്റിനെപ്പോലെയുള്ള പഞ്ചപാവങ്ങൾ അനാഥാലയങ്ങളിൽ വാർത്തെടുക്കപ്പെട്ടവരാണ്. നഗരങ്ങളിൽ വാർന്നുവീണവരെപ്പറ്റി നാം മുൻപ് ധരിച്ചുവച്ചിട്ടുള്ളത് തിരുത്തുകകൂടിയാണ് ഹരികുമാർ. അരുന്ധതിയുടെ ഭാവനകൾ അവളുടെ പ്രായത്തെക്കവിഞ്ഞു വളരുന്നവയാണ്. തന്റെ ജീവിതത്തിലെ ഇല്ലായ്മകളുമായി പൊരുത്തപ്പെടാൻ അവളുടെ മനസ്സു കൂട്ടാക്കുന്നില്ല. ഈ വിഷമതകൾക്ക് അവൾ പരിഹാരം കാണുന്നത് കവിതയിലാണ്. മനസ്സിനിണങ്ങിയ ഒരു കൂട്ടില്ലാത്തതാണ് അവളുടെ ഏറ്റവും വലിയ ദുഃഖം. ഈ ദുഃഖവും തള്ളിവരുന്ന മോഹങ്ങളുമാണ് അവളുടെ കവിതകൾ. ''എനിക്കു ദുഃഖമുണ്ടാകുമ്പോഴെല്ലാം ഞാൻ തട്ടിൻപുറത്ത് എന്റെ അഭയസ്ഥാനത്തേക്കു വരും. കവിതയെഴുതും. ഞാനും എന്റെ കണ്ണീരൊപ്പുന്ന ഉറ്റതോഴിയായ കവിതയും മാത്രം. പിന്നെ എനിക്കു ദുഃഖമില്ല. വിഷമങ്ങളില്ല'', അരുന്ധതി പറയുന്നു. അപ്പോഴും സിദ്ധാർത്ഥന് അരുന്ധതിയുടെ മനസ്സു വായിക്കാൻ കഴിയുന്നില്ല. അവൻ നിഷ്‌ക്കളങ്കതയോടെ ചോദിക്കുന്നു. ''അരുവിനെന്താണ് വെസനം?'' ഇവിടെ ശരിക്കും വ്യസനം തങ്ങിനിൽക്കുന്നത് ഈ കഥയിലെ പ്രധാന പാത്രമായ എട്ടുകെട്ടിന്റെ ആത്മാവിലാണ്. അതെ, ഈ പഴയ പുരയ്ക്ക് ഒരാത്മാവുണ്ട്. അത് തന്റെ വിഷാദസ്മൃതികൾ പറയുന്നുമുണ്ട്. 'ഇവിടെ വെളിച്ചം തീരെയില്ല' എന്നു സിദ്ധാർത്ഥനെക്കൊണ്ടു പറയിക്കുന്നത് ഈ പഴയ പുരയുടെ ആത്മാവാണ്. ഒരോ മുക്കിലും പ്രേതങ്ങളും ഭുതങ്ങളും അതിലേ കടന്നുപോകുന്ന മനുഷ്യരുടെമേൽ ചാടിവീഴാൻ തയാറെടുത്തു നിൽക്കുകയാണ്. പണ്ട് ആളുകൾ തിങ്ങിനിറഞ്ഞ വീടായിരുന്നു. വലിയ എട്ടുകെട്ടായിരുന്നിട്ടും അന്തേവാസികൾക്കു സ്ഥലമില്ലായ്മ അനുഭവപ്പെട്ടിരുന്നു. അന്നു പ്രതാപത്തോടെ നിലനിന്നിരുന്ന ഈ വലിയ വീട് കാരണവന്മാരുടെ പിടിപ്പുകേടുകൊണ്ടു ക്ഷയിച്ചുപോയി. ഇപ്പോൾ അതു ഭാഗം വച്ചു. പന്ത്രണ്ടു താവഴികൾ അവിടെ അവകാശക്കാരായുണ്ടെങ്കിലും എങ്ങും ഏകാന്തതയാണ്. മാധവമ്മാമ, അച്ചുമ്മാമ എന്നീ വീരനായകന്മാരുടേതുപോലെ പല കഥകളും ആ എട്ടുകെട്ടിന്റെ വിശ്വാസത്തിലുണ്ട്. ഈ കഥയിലൊരിടത്തും പണ്ടത്തെ ഒരു ഓണക്കാലേയ്, പണ്ടത്തെ മാമ്പഴക്കൂട്ടാനേയ് എന്നിങ്ങനെ ഗൃഹാതുരസ്മരണകളിൽ നെടുവീർപ്പിടാൻ സന്ദർഭം സൃഷ്ടിച്ചിട്ടില്ല. യഥാതല പ്രസ്ഥാനത്തിലെ ഒരു തനി മാതൃക.

ശ്രീപാർവതിയുടെ പാദം ഓർമിപ്പിക്കുന്നത്

'ശ്രീപാർവതിയുടെ പാദം' ഒട്ടൊരു റൊമാന്റിക് രചനയാണ്. ഇതിൽ കാല്പനികതയ്ക്കു മുൻതൂക്കമുണ്ട്. ആ തലക്കെട്ടിനുതന്നെയുണ്ട് കണ്ണുകൊണ്ടു മാടിവിളിക്കാനുള്ള ഒരു കാന്തികക്കരുത്ത്. ഈ രൂപകാതിശയോക്തിക്കു വിധേയം തുമ്പപ്പൂവാണ് എന്ന അറിവല്ല ഈ കഥ വായിച്ചുകഴിഞ്ഞാൽ നമ്മുടെ മനസ്സിൽ അവശേഷിക്കുന്നത്; നാട്ടിൻപുറത്തെ ജീവിതത്തിൽ ഇപ്പോഴും അഭിരമിക്കുന്ന, നീണ്ട കാലത്തെ നഗരജീവിതത്തിനു മായ്ച്ചുകളയാൻ കഴിഞ്ഞിട്ടില്ലാത്ത, മാധവിയുടെ മനസ്സിന്റെ നന്മയാണ്. അതു നമ്മെ ഗതകാലജീവിതം തേടി പുനർജനിക്കാൻ പ്രേരിപ്പിക്കുന്നു. ആർദ്രമായ ഗൃഹാതുരത നമ്മെ ഏതോ ഒരു അനുഭൂതിയിലേക്കു നയിക്കുന്നു. സ്ഥലകാല പരിസരബോധം തെല്ലുനേരത്തേയ്ക്ക് നമുക്കു നഷ്ടപ്പെടുന്നു.

മാധവിക്കു അവളുടെ വലിയമ്മയുടെ മകൾ ശാരദ സ്വന്തം ജ്യേഷ്ഠത്തിയാണ്, വല്ല്യമ്മയുടെ മകൾ. രണ്ടുപേരും ഇപ്പോൾ അവരവരുടെ ഭർത്താക്കന്മാരൊത്ത് വേറെ വേറെ കുടുംബജീവിതം നയിക്കുന്നു. മാധവി എറണാകുളത്ത് നഗരത്തിലും ശാരദ അവരുടെ നാട്ടിൻപുറത്തെ പഴയ വീട്ടിലും. നാട്ടിൻപുറത്തെ പഴയ സന്ധ്യകളും ജനൽപാളികളിൽ വന്നുതല്ലുന്ന മഴയും മാധവിക്ക് ഒരു ഒബ്‌സെഷൻ ആണ്. നഗരത്തിലെ സന്ധ്യയ്ക്കും മഴയ്ക്കുമൊന്നും ആ ചാരുതയില്ല. അതോർക്കുമ്പോഴൊക്കെ അവൾക്ക് നാട്ടിൻപുറത്തെ വീട്ടിലേക്കു ഓടിപ്പോവാൻ തോന്നും. അപ്പോൾ അവൾ തന്റെ ഭർത്താവ് രവിയേട്ടനേയും തന്റെ രണ്ടു പുത്രന്മാരേയും മറക്കും. മനസ്സു തളരും. ഒപ്പം ശരീരവും. പാത്രങ്ങൾ കൈയിൽനിന്നു വീണുടയും. ആ ശബ്ദം കേട്ടാൽ ഭർത്താവിനും മക്കൾക്കും അസുഖം മനസ്സിലാവും. അവർ മാധവിയെ തടയില്ല. മാധവി ഗ്രാമവീട്ടിലേക്കു പോകും. രണ്ടോ മൂന്നോ ദിവസങ്ങൾക്കുശേഷം സ്വാസ്ഥ്യം നേടി തിരിച്ചെത്തും. ഇത് അവൾക്കൊരു ചികിത്സയാണ്. അത്തരം ഒരു ചികിത്സാവസരമാണ് മനോഹരമായ ഒരു കഥയായി ഇവിടെ വികസിക്കുന്നത്. പെൺകുട്ടികളില്ലാത്ത മാധവിക്ക് ജ്യേഷ്ഠത്തിയുടെ മകൾ, സുപ്രിയ സ്വന്തം മകളാണ്. അവൾ മടങ്ങുമ്പോൾ സുപ്രിയയേയും എറണാകുളത്തേക്കു കൊണ്ടുപോകുന്നു. സുപ്രിയയുടെ പാദങ്ങൾ അവൾക്ക് ശ്രീപാർവതിയുടെ പാദങ്ങളായി തോന്നുന്നു.

ഇതൊരു സാധാരണ കഥയല്ലേ? ഇതിനെന്തുണ്ട് സവിശേഷത എന്നു ചോദിക്കുമ്പോഴാണ് ഹരികുമാറിന്റെ ആഖ്യാനശൈലി നമ്മുടെ മനസ്സിൽ തെളിഞ്ഞുവരിക. വലിയ മസാലക്കൂട്ടുകളൊന്നും ചേർക്കാതെതന്നെ നമ്മുടെ രുചിയെ ഈ കഥ പിടിച്ചെടുക്കുന്നു. കാല്പനികതയുടെ അന്തരീക്ഷ നിർമിതിക്ക് പ്രകൃതിയുടെ പശ്ചാത്തലം എങ്ങനെ സമർത്ഥമായി ഉപയോഗിക്കാം എന്ന പാഠം കൂടി ഈ കഥ നൽകുന്നുണ്ട്. പ്രകൃതിയുടെ മാറ്റമാണ് മാധവിയുടെ മനസ്സിന്റെ മാറ്റത്തിനു നിദാനം. കഥ തുടങ്ങുന്നതുതന്നെ ഈ മാറ്റം സൂചിപ്പിച്ചുകൊണ്ടാണ്. 'ഇടവപ്പാതിയിൽ ഒരു രാത്രി മണ്ണിന്റെ മണവുമുയർത്തി പുതുമഴ പെയ്തപ്പോൾ മാധവി തറവാട്ടിലെ മരങ്ങൾ ഓർത്തു.' അതു വായനക്കാരന്റെ മനസ്സിലെ കണ്ണാടിയും തിരിച്ചു പിടിക്കുന്നു. ഈ മഴയ്ക്കു ഒരു റേഷൻകടക്കാരന്റെ ഗൗരവവും കാര്യമാത്രപ്രസക്തവുമായ മുഖം നൽകിയതിന്റെ ഔചിത്യം ശ്ലാഘനീയമാണ്. തുടക്കത്തിൽ മഴയുടെ പ്രകൃതി അതാണ്. സാവധാനത്തിലേ അതൊരു ഉദാരമതിയായ കുടുംബനാഥയാവുകയുള്ളൂ.

ഈ രണ്ടു കഥകളിലും മനുഷ്യന് പ്രകൃതിയോടുള്ള പാരസ്പര്യം വ്യത്യസ്തമാനങ്ങളിൽ അവതരിപ്പിച്ചിട്ടുള്ളത് കഥയെഴുത്തിൽ ഹരികുമാറിനുള്ള കൈത്തഴക്കത്തിനു തെളിവാണ്. കഥയെഴുത്ത് ഒരു തപസ്യയായി കരുതുന്ന പുതിയ എഴുത്തുകാർക്ക് ഒരു സാധനപാഠവും.

ഒരു ദൃശ്യവിസ്മയത്തിന്റെ സ്വഭാവം വഹിക്കുന്ന കഥയാണ് ഹരികുമാർ 1979-ൽ എഴുതിയ 'ഒരു ദിവസത്തിന്റെ മരണം'. തൊഴിൽശാലയിൽ യന്ത്രവൽക്കരണം നടപ്പാക്കുമ്പോൾ അവിടുത്തെ തൊഴിലാളിയായ ഒരു സ്ത്രീക്ക് പണത്തിനുവേണ്ടി തനിക്കും ഒരു യന്ത്രമാകേണ്ടിവന്നതിലെ വ്യഥയാണ് കഥയിലെ പ്രമേയം. യന്ത്രത്തിനു ആത്മാവില്ല. അവൾക്കാകട്ടെ ഉള്ള ആത്മാവ് നഷ്ടപ്പെടുകയും ചെയ്യുന്നു. ആൾവലിപ്പത്തിലുള്ള ഇരുമ്പിന്റെ പട്ടയാൽ ചുറ്റപ്പെട്ട ഒരു വീഞ്ഞപ്പെട്ടിയാണ് ഫാക്ടറിയുടെ വാതിൽ തുറക്കുമ്പോൾ കാണുന്നത്. തൊഴിലാളികൾ ഓരോരുത്തരായി അതുനോക്കി അദ്ഭുതവും ജിജ്ഞാസയും പൂണ്ട് കടന്നുപോകുന്നു. വാതിലിനു തൊട്ടടുത്ത് ചുമരരുകിൽ നിവർന്നു നിൽക്കുന്ന ഒരപരിചിതനെപ്പോലെ വീഞ്ഞപ്പെട്ടിയും. മുറിയുടെ ഒരറ്റം മുതൽ മറ്റേ അറ്റംവരെ നീണ്ടു കിടക്കുന്ന ഉയരമില്ലാത്ത മേശയും. അവിടെ തന്റെ സ്ഥാനത്തിരുന്നു ആ പെട്ടിയെത്തന്നെ സൂക്ഷിച്ചു നോക്കുന്ന കൗസല്യയിലേക്ക് ദൃശ്യം മെല്ലെ ഫോക്കസ് ചെയ്യുന്നു. ആ പെട്ടിക്കുള്ളിലെ അജ്ഞാതവസ്തുവും കൗസല്യയും തമ്മിൽ ഒരഗാധബന്ധം സ്ഥാപിക്കുന്നതിന്റെ സൂചകം. കൗസല്യയുടെ ജീവിതത്തിലെ ശ്രദ്ധേയമായ ഒരു മാറ്റത്തിനു നിമിത്തമാവുകയാണ് പെട്ടിക്കുള്ളിലെ ആ വസ്തു. ഗോവക്കാരി മറിയമാണ് പെട്ടിക്കുചുറ്റും നടന്നു അതിനുള്ളിലെ രഹസ്യം മറനീക്കുന്നത്. ഫാക്ടറിയിലെ സ്ത്രീ തൊഴിലാളികളിൽ അവൾക്കു മാത്രമേ ഇംഗ്ലീഷു ഭാഷ മനസ്സിലാകൂ. സുപാരി പാക്കു ചെയ്യാൻ മുതലാളി കാന്തിഭായ് പാക്കിങ് മെഷീൻ വാങ്ങിയിരിക്കുന്നു എന്ന വാർത്ത അവളിൽനിന്നു കേട്ടപ്പോൾ തൊഴിലാളികൾക്ക് അപകടം മനസ്സിലായി. ഞങ്ങൾ തൊഴിലില്ലാത്തവരാൻ പോകുന്നു. ഇപ്പോൾ കിട്ടുന്ന തുച്ഛമായ വരുമാനവും നിലയ്ക്കാൻ പോവുകയാണ്. കൗസല്യ തന്റെ ഇരുണ്ട ഭാവിയെ മുന്നിൽ കണ്ടു. തന്റെ ഭർത്താവ് ജോലി ചെയ്യുന്ന ഫാക്ടറിയിൽ ഇപ്പോൾ ലോക്കൗട്ടാണ്. ആകെ കുടുംബത്തിന്റെ വരുമാനം വൈകുന്നേരങ്ങളിൽ തന്റെ കൈയിൽ കിട്ടുന്ന എണ്ണിച്ചുട്ട അപ്പമാണ്. അതും ഇല്ലാതാകുമോ? അവൾ ഭയപ്പാടോടെ ഓർത്തു. പക്ഷേ, ഭയപ്പെട്ടതല്ല വൈകുന്നേരം സംഭവിച്ചത്. മറ്റു തൊഴിലാളികൾക്കെല്ലാം കൂലികൊടുത്തു കഴിഞ്ഞിട്ടും കാന്തിലാൽ കൗസല്യക്കു കൂലികൊടുത്തില്ല. കാന്തിലാലിനു ഉദ്ദേശ്യം വേറെയായിരുന്നു. തന്റെ മുറിയിലേക്കു അയാൾ അവളെ കൂട്ടിക്കൊണ്ടുപോയപ്പോൾ അവൾക്കതു മനസ്സിലായി. എതിർക്കാനുള്ള മനശ്ശക്തി അവൾക്കില്ലായിരുന്നു. തിരുമ്പിയാലും വെളുക്കാത്ത തന്റെ അടിവസ്ത്രങ്ങൾ അയാൾ കാണുമല്ലോ എന്നായിരുന്നു അപ്പോളവളുടെ ആധി. അവളതും മറന്നു. ഒരു യന്ത്രം കണക്കെ അവൾ സേട്ടുവിനു വഴങ്ങി. ''തിങ്കളാഴ്ച വരണം, മെഷീനിൽ എങ്ങനെയാണു ജോലി ചെയ്യുകയെന്നു ഞാൻ പഠിപ്പിച്ചുതരാം'' എന്നയാൾ പറഞ്ഞപ്പോൾ അവൾക്ക് സമ്മതഭാവത്തിൽ തലകുലുക്കുവാനേ കഴിഞ്ഞുള്ളു. പോകുന്ന വഴിക്ക് അവൾ തന്റെ ഭർത്താവിനും മകനും ഓരോ ബനിയൻ വാങ്ങി. തനിക്കു പശ്ചാത്താപമില്ല, സന്തോഷമേയുള്ളു എന്നതവളെ വേദനിപ്പിച്ചു. ഭർത്താവിനു വാങ്ങിയ ബനിയനു രണ്ടു കക്ഷത്തിലും കീറലുണ്ട്. അതവളുടെ മനസ്സിന്റെ കീറലിനെ സൂചിപ്പിക്കുന്നു. സേട്ടുവിനോടും തന്നെ കബളിപ്പിച്ച ബനിയൻ വില്പനക്കാരനോടും അവൾക്കു വെറുപ്പു തോന്നി. ഈ പണം എവിടന്നു കിട്ടി എന്നന്വേഷിക്കുകപോലും ചെയ്യാത്ത ഭർത്താവിനോട് ''ഞാൻ ഇതൊന്നുമല്ല പ്രതീക്ഷിച്ചത്'' എന്നവൾ അവസാനം ആത്മഗതം ചെയ്യുമ്പോൾ അവളുടെ നഷ്ടപ്പെട്ട ആത്മാവിനെ നാം തിരിച്ചറിയുന്നു. തൊഴിൽ സംതൃപ്തിയോ തൊഴിൽ സുരക്ഷിതത്വമോ എന്തിന്, മാനത്തിനുപോലും സുരക്ഷിതത്വമില്ലാത്ത വിപുലമായ തൊഴിലാളിവർഗത്തിന്റെ ജീവിത പരിച്‌ഛേദമാണ് 'ഒരു ദിവസത്തിന്റെ മരണം' ഈ കഥ രചിക്കുന്ന 1979-ൽ അതായത് ഇരുപതാം നൂറ്റാണ്ടിന്റെ അവസാനകാലത്തുപോലും ഒരു തൊഴിലാളിക്കു തന്റെ തൊഴിലിന്റെ ആയുസ്സിനുള്ള ഉറപ്പ് ഒരു ദിവസത്തേതു മാത്രമായിരുന്നു.

കടൽക്കരയിൽ ഒരു പക്ഷിക്കാരൻ

ഹരികുമാറിന്റെ ഓരോ കഥയും മറ്റുള്ളവയിൽനിന്നു വ്യത്യസ്തമാണ്. എന്നാൽ, ഇവയിൽനിന്നെല്ലാം വേറിട്ടു നിൽക്കുന്ന ഒരു കഥയുടെ വായനകൂടി അദ്ദേഹത്തിന്റെ രചനാകൗശലത്തിന്റെ മാറ്റ് ഉരച്ചുനോക്കാൻ സഹായകമാകും. 'കടൽക്കരയിൽ ഒരു പക്ഷിക്കാരൻ' എന്ന വളരെ ചെറിയ ഒരു കഥയാണത്. വേണമെങ്കിൽ ഇതിനെ ഒരു കുറുംകഥ എന്നു വിളിക്കാം. കാലാവസ്ഥ പ്രവചനമോ, ഭൂമിശാസ്ത്ര പാഠങ്ങളോ ഒന്നുമില്ലാത്ത ഒരു കഥ. ഒരു മനുഷ്യന്റെ നഗ്നമായ വെറും മേനി പ്രദർശിപ്പിക്കുന്നതുപോലെ. ''ഞാനിന്നലെ എന്റെ മട്ടുപ്പാവിൽ ജ്വരബാധിതയായ ഒരു പക്ഷിയെ കണ്ടു'' എന്നു നേരെ കഥ തുടങ്ങുന്നു. പക്ഷിയുടെ ഇരുപ്പിൽനിന്നാണ് ജ്വരബാധിതയാണെന്ന സന്ദേശം ലഭിക്കുന്നത്. പക്ഷി, തന്റെ തൽക്കാലദുഃഖം കഥാകൃത്തിനോടു പറയുന്നു. പക്ഷിയെക്കൊണ്ടു അഭ്യാസങ്ങൾ ചെയ്യിച്ചു കാണികളിൽനിന്ന് ജീവിതത്തിനു വകകാണുന്ന ഒരു മനുഷ്യനുമുണ്ട് ഈ കഥയിൽ പാത്രമായി. എന്തെല്ലാം തരത്തിലുള്ള ജീവിതോപായങ്ങൾ. ബഹുകൃതവേഷങ്ങൾ! മനുഷ്യരെക്കൊണ്ട്, മൃഗങ്ങളെക്കൊണ്ട്, പക്ഷികളെക്കൊണ്ടു വേലകൾ കാട്ടി മനുഷ്യൻ ജീവിതായോധനം നിർവഹിക്കുന്നു. മനുഷ്യരൂപത്തിൽ നടന്നിട്ടു ഗതിപിടിക്കാത്തവർ മൃഗങ്ങളുടെ വേഷം ധരിച്ചു നടക്കുന്നു. മനുഷ്യവേഷവും മൃഗങ്ങളുടെ ചേഷ്ടയും കാര്യസാധ്യത്തിനു കൂടുതൽ പ്രയോജനപ്പെടുമെന്നു ധരിച്ചിട്ടുള്ളവരും ധാരാളമുണ്ട്. വിശപ്പുമാറ്റാൻ ഭക്ഷണം കിട്ടാഞ്ഞതുകൊണ്ടാണ് പക്ഷി പക്ഷിക്കാരനിൽനിന്ന് അകന്നു പോയത്. പക്ഷി തന്നെ വിട്ടുപോയതുകൊണ്ട് തന്റെ ഭക്ഷണവും മുട്ടിയിരിക്കയാണെന്ന് പക്ഷിക്കാരനു സങ്കടം. ജീവിതശൈലി മാറുമ്പോൾ ജന്മവാസനകൾ കൈവിട്ടുപോകുന്നു. പരുന്തിനു സ്വന്തം നിലയിൽ ഇരതേടാനുള്ള കഴിവു നഷ്ടപ്പെട്ടുപോയി. കഥാകൃത്തു നൽകുന്ന ചപ്പാത്തിക്കഷ്ണങ്ങൾ തിന്നു പരുന്തിനു വിശപ്പുമാറ്റേണ്ടിവരുന്നു. പക്ഷിക്കാരന്റെ തോളത്തിരുന്നു അവൻ നൽകുന്ന കടലമണികൾ കൊറിക്കുന്നതിൽ അവൾ സംതൃപ്തിയടയുന്നു. കടപ്പുറത്ത് അഭ്യാസം കാണിക്കുമ്പോൾ നീലാകാശത്ത് ഒന്നുയർന്നു പറന്ന് വട്ടംചുറ്റി ചാട്ടുളിപോലെ കടലിൽ വീണു ഒരു മുഴുത്ത മത്സ്യത്തെ കൊത്തിയെടുക്കാനുള്ള വാസനാബന്ധം അവൾ തുടരുന്നില്ല. കുലത്തിനല്ല, ശീലത്തിനാണ് പ്രധാനമെന്ന ആപ്തവാക്യം ഇവിടെ സാർത്ഥകമാകുന്നു. തെറ്റിപ്പിരിഞ്ഞുപോയെങ്കിലും മൂന്നാംനാൾ പക്ഷി തന്റെ നായകന്റെ തോളിൽത്തന്നെ വന്നിരിക്കുന്നു. ഈ കഥയിലെ പല സന്ദർഭങ്ങളും ജീവിതത്തെ സംബന്ധിക്കുന്ന വിപുലമായ തത്ത്വവിചാരങ്ങളിലേക്കുള്ള സൂചകങ്ങളാണ്. അവയുടെ വൈശദ്യങ്ങളെത്തേടി സഞ്ചരിക്കാനുള്ള ചുമതല ഗവേഷണപടുക്കളായ സാഹിത്യ വിദ്യാർത്ഥികൾക്കായി വിടുക. സ്വാഭാവികമായ സാങ്കേതികത എങ്ങനെ ആസ്വാദനത്തിനു സഹായകമാകുന്നു എന്ന അറിവും അവർ കണ്ടെത്തട്ടെ.

സാഹിത്യലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ആദ്യത്തെ ഹരികുമാർ കഥ 'കൂറകൾ' ആണെന്നു തോന്നുന്നു. 1966-ൽ തന്റെ ഇരുപതാം വയസ്സിൽ ഹരികുമാർ എഴുതിയ ഈ കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് പ്രസിദ്ധീകരിച്ചുവന്നത്. പ്രമേയത്തിന്റെ പുതുമയും ആവിഷ്‌ക്കാരത്തിന്റെ സുതാര്യതയും ഈ കഥയ്ക്കു വിപുലമായ വായന നേടിക്കൊടുത്തു. കുടുംബാസൂത്രണം എന്ന ആശയത്തെപ്പറ്റി ജനങ്ങളിൽ ബോധവൽക്കരണം നടത്താൻ സർക്കാർ ആരോഗ്യവകുപ്പുവഴി ശ്രമം തുടങ്ങിയ കാലം. പതുക്കെപ്പതുക്കെ അതു ജനങ്ങളിലേക്കു ഇറങ്ങിവരുന്നതേയുണ്ടായിരുന്നുള്ളു. സാഹിത്യലോകത്തും സാംസ്‌കാരിക സദസ്സുകളിലും ഇത് ചർച്ചാവിഷയമേ ആയിരുന്നില്ല. ഗർഭനിരോധനം ആയിരുന്നു ഇതിനുവേണ്ടി പ്രചരിപ്പിക്കപ്പെട്ട മാർഗ്ഗം. എപ്പോഴും മാർഗ്ഗത്തെ പിന്നിലാക്കി ലക്ഷ്യത്തിലേക്കു കുതിക്കുന്നതാണല്ലോ മനുഷ്യമനസ്സ്. ഗർഭനിരോധനത്തേക്കാൾ എളുപ്പം ഗർഭഛിദ്രമാണെന്ന് ജനം കണ്ടെത്തുമെന്ന ഒരു മുന്നറിയിപ്പാണ് 'കൂറകൾ' എന്ന കഥ വഴി ഹരികുമാർ നമുക്കു നൽകിയത്. കൂറയെ കൊല്ലുന്ന ലാഘവത്തോടെ ഭ്രൂണഹത്യ പെരുകുന്ന കാലം മുന്നിൽ കണ്ടു കാലത്തിനു മുൻപേ നടക്കുന്ന കാഥികനെയാണ് നമുക്ക് ഈ കഥയിൽ കാണാൻ കഴിയുക. ഒരപൂർവ പ്രമേയം കരുത്തുള്ളൊരു ചട്ടക്കൂടിൽ കഥയാക്കാൻ കഴിയുക സർഗപ്രതിഭയുടെ ഒരു മുദ്രകൂടിയാണ്.

മരണം എന്ന വിഷമസമസ്യ മനുഷ്യചിന്തയെ ഏതെല്ലാം വിധത്തിൽ തളർത്തുന്നു എന്നതാണ് 'വൃഷഭത്തിന്റെ കണ്ണ്' എന്ന കഥയ്ക്കു പ്രമേയമായത്. മരണം സുനിശ്ചിതമായ ഒന്നാണെന്ന് അറിയാമായിരുന്നിട്ടും പൂജകൾകൊണ്ടും പ്രാർത്ഥനകൊണ്ടും അതിനെ അകറ്റിനിർത്താൻ ശ്രമിക്കുന്ന മനുഷ്യമനസ്സിന്റെ ദൗർബല്യം ഈ കഥയിൽ ശക്തമായി വരച്ചിട്ടിരിക്കുന്നു കഥാകൃത്ത്.

ശിശുമനശ്ശാസ്ത്രത്തിന്റെ വിശദമായ ഒരു വിശകലനം 'ദിനോസറിന്റെ കുട്ടി' എന്ന കഥയിൽ കാണാം. ഇങ്ങനെ നോക്കുമ്പോൾ വായിച്ചു രസിക്കാനുള്ള വെറും വിഭവങ്ങളെന്നതിനെക്കാൾ വായിച്ചു പഠിക്കാനുള്ള കനപ്പെട്ട കാര്യങ്ങളാണ് ഹരികുമാറിന്റെ കഥകൾ എന്നു കാണാം. അങ്ങനെ കഥകളെ വ്യവഹരിക്കുന്നത് അവയുടെ കലാമൂല്യത്തെ നിസ്സാരവൽക്കരിക്കുകയാണെന്ന വിമർശനത്തിനു ഈ കഥകൾ തന്നെയാണ് ഏറ്റവും നല്ല മറുപടി.

ചെറുകഥയുടെ ക്യാൻവാസല്ല നോവലിന്റേത് എന്നു പൂർണബോധ്യമുള്ള കഥാകൃത്താണ് ഹരികുമാർ. വായനക്കാരുടെ സദസ്സുകളിൽ നല്ല പ്രചാരം നേടിയവയാണ് അദ്ദേഹത്തിന്റെ നോവലുകൾ. 'ഒരു കുടുംബപുരാണം' എന്ന നോവൽ 'വനിത'യിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിരുന്ന കാലത്ത് അതിനെക്കുറിച്ച് വായനക്കാർ ചൊരിഞ്ഞിരുന്ന പ്രശംസ അതിനു തെളിവായി നിരത്താം. വായന ഗൗരവമായി കണ്ടവരും ഈ പ്രശംസകരുടെ കൂട്ടത്തിൽ ധാരാളമുണ്ടായിരുന്നു. ഹരികുമാറിന്റെ മറ്റുകൃതികളിൽനിന്നു രൂപംകൊണ്ടും ഭാവംകൊണ്ടും വേറിട്ടു നിൽക്കുന്ന ഒന്നാണ് 'ഒരു കുടുംബപുരാണം'. ജീവിതത്തിന്റെ വിഷമസന്ധികളല്ല ഈ നോവലിൽ നാം കാണുന്നത്. മറിച്ച് ജീവിതത്തിന്റെ മുഖാമുഖദർശനവും അതിന്റെ സംയുക്തിക സാധ്വീകരണവും ആണ് ഇതിന്റെ മുഖ്യധാര. ജീവിതം കരഞ്ഞുതീർക്കാനുള്ളതല്ല, ചിരിച്ചുകൊണ്ട് ആസ്വദിക്കാനുള്ളതാണ് എന്ന സന്ദേശമാണ് ഈ നോവലിൽ ഹരികുമാറിനു നൽകാനുള്ളത്. ഹരികുമാറിന്റെ ചെറുകഥകളിലേയും മറ്റു നോവലുകളിലേയും ശൈലിയിൽനിന്നു വ്യത്യസ്തമാണ് ഇതിലെ ശൈലി.

ജാത്യാ കച്ചവടക്കണ്ണുള്ള ത്രേസ്യാമ്മയുടെ വിവിധ കച്ചവടസംരംഭങ്ങളും അവയുടെ ഗതികളും ആണ് കഥയുടെ തനുസ്സ്. ലാഭക്കണ്ണു വേണ്ടുവോളമുണ്ടായിട്ടും തന്റെ സംരംഭങ്ങളൊന്നും ആശിച്ചപോലെ വേരു പിടിക്കുന്നില്ലെന്നത് ത്രേസ്യാമ്മയെ അലട്ടുന്നില്ല. കർത്താവിനോട് പരിഭവം പറയുന്നുണ്ടെങ്കിലും അത് അത്ര ഗൗരവത്തിലല്ല. ഒന്നിനു മരണം സംഭവിക്കുമ്പോൾ അവരുടെ മനസ്സ് പുതിയതൊന്നു കണ്ടെത്തുന്നു. കോഴിമുട്ടക്കച്ചവടം, പ്‌ളേസ്‌കൂൾ, സിനിമാപ്രദർശനം എന്നിവയെല്ലാം നമ്മിൽ പലരുടേയും മനസ്സിൽ പലപ്പോഴായി ഗർഭംധരിക്കുകയും അലസ്സിപ്പോവുകയും ചെയ്ത പദ്ധതികളുടെ പ്രതിരൂപങ്ങളാണ്. ത്രേസ്യാമ്മയ്ക്കു ഈ കച്ചവസംരംഭങ്ങളിലെ ലാഭചേതങ്ങളെക്കാൾ പ്രധാനം ആ പ്രവർത്തനത്തിലേർപ്പെടുമ്പോഴുള്ള ഊർജസ്വലതയാണ്. അവയിൽനിന്ന് ആർജിക്കാൻ കഴിയുന്ന മനസംസ്‌കാരമാണ്; ജീവിതത്തെ ഒരാഘോഷമാക്കാൻ അവയെ പ്രയോജനപ്പെടുത്തുക എന്നതാണ്. ത്രേസ്യാമ്മയുടെ ജീവിതപങ്കാളിയായ ജോസഫേട്ടനും സഹചാരിയായ പാറുക്കുട്ടിയും മകൻ ജോയ്‌മോനുമെല്ലാം ഈ വ്യവസായ സംരംഭങ്ങളിലും ജീവിതാഘോഷത്തിലും താല്പര്യപൂർവം പങ്കുകൊള്ളുന്നവരാണ്. ത്രേസ്യാമ്മയുമായി ഇടപെടുന്ന മറ്റു മനുഷ്യരും ഈ ആഘോഷത്തിനു മാറ്റുകൂട്ടുന്നു. ഫലിതമായ അവതരണം - പ്രസന്നമായ ഭാഷ - ഇവയൊക്കെ ഈ നോവലിന്റെ ചാരുതകളാണ്. ഇതൊരു മെഗാസീരിയലാക്കിയാൽ അതിന്റെ റേറ്റിങ് ഒന്നാംസ്ഥാനത്തായിരിക്കുമെന്നതിനു സംശയമൊന്നുമില്ല. അതിനേക്കാളെല്ലാമുപരി ഇതിലെ ഓരോ അദ്ധ്യായവും തനിമയുള്ള ഒരു പൂർണ ചെറുകഥയായി വായിക്കാമെന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത. നോവലിസ്റ്റിന്റെ ശില്പവൈദഗ്ധ്യത്തിന് മറ്റൊരു സ്‌കോറുകൂടി.

പരക്‌ളേശ വിവേകത്തിന്റെ സൃഷ്ടികൾ

''അതി സർവത്ര വർജയേൽ' എന്ന സാരവാക്യം ജീവിതപ്രമാണമാക്കിയ ഹരികുമാർ തന്റെ വാങ്മയചിത്രങ്ങളിൽ കടുത്ത നിറക്കൂട്ടുകൾ ഒഴിവാക്കുന്നു. കാടു നിറഞ്ഞ് മരം മറഞ്ഞ അവസ്ഥ അവയ്ക്കില്ല. അവ തെളിമയും തിളക്കവുമുള്ളവയാണ്. അതുപോലെ പൊട്ടിച്ചിരിയുടെ കോലാഹലങ്ങളും അദ്ദേഹത്തിന്റെ സൃഷ്ടികളിലില്ല. മനസ്സിൽ ഇക്കിളിയുണർത്തുന്ന നനുത്ത നർമപ്രയോഗമാണ് അദ്ദേഹത്തിനു കൂടുതൽ വഴക്കം. ഇത് അദ്ദേഹത്തിന്റെ കഥകളുടെ വായന ഇളംകാറ്റേൽക്കുന്നതുപോലെ, ഇളവെയിൽ കൊള്ളുന്നതുപോലെ ഹൃദ്യമായ ഒരനുഭവമാക്കുന്നു. വായനക്കാരുടെ ശ്വാസോച്ഛ്വാസത്തിന്റെ താളത്തിനു അതു ക്രമഭംഗം വരുത്തുന്നതേയില്ല. ഹരികുമാറിന്റെ നിയന്ത്രണത്തിനു പൂർണമായും വിധേയമാകാത്ത വികാരം ദുഃഖമാണ്. വ്യക്തിപരമായ ദുഃഖങ്ങളല്ല അവ. പരക്‌ളേശ വിവേകം സൃഷ്ടിക്കുന്ന ദുഃഖങ്ങളാണ്. തന്റെ കഥാപാത്രങ്ങളുടെ ദുഃഖം സ്വന്തം മനസ്സ് ഒപ്പിയെടുക്കുന്നു. വഴിയിൽവച്ച് യാദൃച്ഛികമായി ഒപ്പം കൂടിയ അനാഥപ്പെൺകുട്ടിയെ സ്വന്തം വീട്ടിലേക്കു കൊണ്ടുപോയി സംരക്ഷണം നൽകാൻ സാധിക്കാത്തതിലുള്ള ദുഃഖം; ഭർത്താവ് ഉപേക്ഷിച്ചതിനാൽ ജീവിതം വഴിമുട്ടിയ അയൽക്കാരിയുടെ ദുഃഖം; ഇങ്ങനെ സമൂഹത്തിന്റെ സമസ്ത ദുഃഖവും തന്റെ സ്വന്തം ദുഃഖമായി ഹരികുമാർ നെഞ്ചേറ്റി നടക്കുന്നു. അന്യരുടെ ദുഃഖങ്ങൾ തന്റേതായി കാണുക എന്ന ധാർമ്മിക ചിന്ത അദ്ദേഹത്തിനു

''ഇക്കയർപണിയും സോദരിമാരുടെ
ദുഃഖം പാടി നടപ്പൂ ഞാൻ''

എന്നു പാടിയ തന്റെ പിതാവിൽനിന്നു കിട്ടിയതായിരിക്കണം. ''സാഹിത്യത്തിൽ മാത്രമല്ല ജീവിതത്തിലും എന്റെ ഗുരുവായിരുന്നു അച്ഛൻ. അച്ഛനെ ഓർമിച്ചുകൊണ്ടല്ലാതെ ഞാൻ ഒരു വാക്ക് ഇതുവരെ എഴുതിയിട്ടില്ല'' എന്ന് അദ്ദേഹം പറയുന്നുണ്ടല്ലോ. വേണമെങ്കിൽ ഇതിനെ ഭാരതീയപൈതൃകം എന്ന് വിശാലാർത്ഥത്തിൽ വിളിക്കാം. ശോകം ശ്ലോകമാക്കി മാറ്റിയ ആദികവിയുടെ പരമ്പരയിലെ ഒരു കണ്ണിയാണല്ലോ ഹരികുമാർ.

''പോയി നാമിത്തിരി വ്യാകരണം
വായിലാക്കീട്ടു വരുന്നു മെല്ലെ
നാവിൽ നിന്നപ്പൊഴേ പോയ്ക്കഴിഞ്ഞു
നാനാജഗന്മനോരമ്യഭാഷ''- ഇടശ്ശേരി

സമകാലിക മലയാളം - 2007 ഫെബ്രുവരി 11,