ഗാന്ധിജി മൂന്നു തലമുറകളിൽ

Gandhiji 'ഗാന്ധിജിയെ സ്മരിച്ചുകൊണ്ടല്ലാതെ ഒരു വരി ഞാനെഴുതിയിട്ടില്ല' എന്ന് ആണയിട്ട അച്ഛന് പലപ്പോഴും മഹാത്മാവിനെ ധിക്കരിക്കേണ്ടി വന്നിട്ടുണ്ട്. ബുദ്ധനും ഞാനും നരിയും, മാപ്പില്ല തുടങ്ങിയ കവിതകളിൽ ഗാന്ധിജിയെ ധിക്കരിക്കുന്നതായി കാണാം. ബുദ്ധനും ഞാനും നരിയും എന്ന കവിതയിലെ ഹിംസ എന്തു കാരണം കൊണ്ടായാലും ഹിംസതന്നെയാണ്. ദയയ്ക്കു വേണ്ടി ഗാന്ധിജി ഹിംസ നടത്തിയിട്ടുണ്ട്. ഒരിക്കൽ അപകടത്തിൽ പെട്ട് പിടഞ്ഞു കൊണ്ടിരുന്ന ഒരു പശുക്കുട്ടിയെ ദയാവധം നടത്താൻ അദ്ദേഹം ഡോക്ടറോട് ആവശ്യപ്പെടുകയാണുണ്ടായത്. അത് എന്തായാലും രക്ഷപ്പെടാൻ പോകുന്നില്ലെന്നും ആ മൃഗത്തിന്റെ വേദന ഇല്ലാതാക്കാൻ മറ്റു വഴികളൊന്നുമില്ലെന്നും അദ്ദേഹം കണ്ടു. മറിച്ച് ബുദ്ധനും ഞാനും നരിയും എന്ന കവിതയിലെ സന്ദർഭത്തിൽ ഗാന്ധിജി എന്തു ചെയ്യുമായിരുന്നു എന്ന് തീർച്ചയില്ല. സ്വയം നരിയുടെ ഭക്ഷണമായി മാറുമായിരുന്നോ? പക്ഷെ നാല്പതു കോടി അടിമകളെ മോചിപ്പിക്കാൻ സ്വന്തം ജീവിതം ഹോമിച്ച മഹാനായിരുന്നു ഗാന്ധിജി എന്ന് നാം ഓർക്കണം. തൊള്ളായിരത്തി നാല്പത്തേഴ് ആഗസ്റ്റ് പതിനഞ്ചിന് ദില്ലിയിൽ അധികാരം പങ്കുവെക്കാനായി മത്സരിച്ച നേതാക്കളിൽ ഗാന്ധിജിയുണ്ടായിരുന്നില്ല. അദ്ദേഹം നവ്ഖാലിയിൽ ഹിന്ദു - മുസ്ലീം ലഹള ശമിപ്പിക്കാൻ ഊണും ഉറക്കവും ഇല്ലാതെ കഷ്ടപ്പെടുകയായിരുന്നു. സ്ഥാനമാനങ്ങൾ മോഹിച്ചല്ല അദ്ദേഹം സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്തതും അതിനുവേണ്ടി യത്‌നിച്ചതും. സ്വാതന്ത്ര്യത്തിനു ശേഷമുണ്ടായ സംഭവവികാസങ്ങളെപ്പറ്റി പറയുമ്പോൾ അച്ഛൻ പറയുകയുണ്ടായി. അടിമത്വത്തിൽനിന്ന് മോചിപ്പിച്ച ജൂതന്മാരെ മോസസ്സ് സൈനായ് മരുഭൂമിയിൽ 40 വർഷം നടത്തിയപോലെ ഇന്ത്യക്കാരേയും നടത്താൻ ഗാന്ധിജിയില്ലാതെപോയതാണ് ഭാരതത്തിനു നേരിട്ട ആദ്യത്തെ അപചയം. 40 കൊല്ലത്തിനുള്ളിൽ അധികാരമോഹങ്ങളില്ലാത്ത, അഴിമതിയിലാറാടാത്ത, ഉത്തരവാദിത്വമുള്ള ഒരു ജനതയെ വാർത്തെടുക്കാൻ ഗാന്ധിജിക്ക് കഴിയുമായിരുന്നു എന്നദ്ദേഹം വിശ്വസിച്ചു.

അച്ഛന് ഗാന്ധിജിയോടുണ്ടായിരുന്ന ആദരവും സ്നേഹവും 'ഗാന്ധിജി എനിക്ക് എന്തു തന്നു?' എന്ന ലേഖനത്തിലെ ഒരു വാക്യത്തിൽ സംഗ്രഹിക്കാം:

'ജീവിതത്തെക്കുറിച്ച് സാരമായി ചിന്തിച്ചവരിൽ എനിക്ക് പരിചിതൻ ഗാന്ധിജി മാത്രമാണ്; അതുകൊണ്ട് എന്റെ ജീവിതത്തിൽ വളർച്ചയെന്നു വിശേഷിപ്പിക്കാവുന്ന വല്ല പരിവർത്തനവുമുണ്ടായിട്ടുണ്ടെങ്കിൽ അതിനുള്ള പ്രേരണ മറ്റൊരാചാര്യനിൽ നിന്നാവാൻ വയ്യ.'

ഗാന്ധിജിയുടെ സാമ്പത്തികശാസ്ത്രം കഴമ്പുള്ളതും ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന് അനുയോജ്യമായതും ആണെന്ന് അച്ഛൻ വിശ്വസിച്ചു. ഞങ്ങളോട് നൂൽ നൂൽക്കാനും ഖദർ ധരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ചർക്കയിൽ നൂൽ നൂൽക്കുന്ന കാര്യം ജ്യേഷ്ഠനും ഞാനും അനുജത്തിയും അനുഷ്ഠിച്ചു. പക്ഷെ കൂട്ടുകാരെല്ലാം മല്ല് തുണികൊണ്ട് വിവിധ നിറങ്ങളുള്ള ഉടുപ്പുകളിട്ടു ക്ലാസ്സിൽ വരുമ്പോൾ പരുക്കനെന്ന് തോന്നിക്കുന്ന ഖദറിട്ട് സ്‌കൂളിൽ പോകാൻ ഞങ്ങൾ തയ്യാറായില്ല. ക്രമേണ പഠിത്തത്തിനിടയിൽ എപ്പോഴോ ചർക്കയും മാറ്റിവയ്ക്കപ്പെട്ടു. ഇന്ത്യയിലൊട്ടാകെയുണ്ടായ മാറ്റങ്ങളുടെ ഭാഗം മാത്രമായിരുന്നു അത്. ഗാന്ധിജയന്തി ദിവസം മാത്രം ചർക്ക പൊടി തുടച്ചെടുത്ത് നൂൽക്കുന്ന പരിപാടി.

ഗാന്ധിജിയെപ്പറ്റി അച്ഛൻ മക്കളോട് സംസാരിക്കാറുണ്ട്. ഗാന്ധിയൻ സാമ്പത്തിക വ്യവസ്ഥയെപ്പറ്റി ഏറെ പറഞ്ഞു തന്നിട്ടുണ്ട്. സ്വയംപര്യാപ്തമായ ഗ്രാമങ്ങൾ വിജയിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. ഈ സംസാരം പക്ഷെ മൂത്ത രണ്ടോ മൂന്നോ മക്കളിലൊതുങ്ങി. പിന്നീടുണ്ടായ മക്കൾ ഒരു പുതിയ ലോകത്താണ് ജീവിക്കുന്നതെന്നദ്ദേഹത്തിനു തോന്നിയിട്ടുണ്ടാകണം; ഗാന്ധിജിയുടെ ആദർശങ്ങൾ വില പോകാത്ത ഒരു സമ്പദ് ഘടനയും സമൂഹവും അപ്പോഴേയ്ക്കും രൂപം കൊണ്ടു കഴിഞ്ഞിരുന്നു. വ്യവസായങ്ങളുടെ മുന്നേറ്റവും, കൃഷിയുടെ പിൻമാറ്റവും ആദർശബോധമില്ലാത്ത ഒരു തലമുറയെ സൃഷ്ടിക്കുകയാണുണ്ടായത്. അതുപോലെത്തന്നെ വെടിമരുന്ന് നനയാതെ ഉണക്കി സൂക്ഷിക്കേണ്ടി വന്ന ആഗോളവ്യവസ്ഥയും സജ്ജമായിരുന്നു. അച്ഛൻ സ്വന്തം ജീവിതം ഒരു മാതൃകയാക്കി സൂക്ഷിച്ചു, പിന്നെ മക്കൾ സത്യമാർഗ്ഗത്തിലൂടെ ചരിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. ഗാന്ധിജിയുടെ ആത്മകഥ 'എന്റെ സത്യാന്വേഷണ പരീക്ഷകൾ' വീട്ടിലുണ്ടായിരുന്നു. അതു വായിക്കാൻ ഞങ്ങളെ ഉപദേശിച്ചിരുന്നു അച്ഛൻ.

ആദർശങ്ങളുടെ അപചയം അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചിരുന്നു. 'ഒരു പിടി നെല്ലിക്ക'യിൽ അദ്ദേഹം യുവ തലമുറക്ക് താക്കീതു നൽകുകയാണ്,

എന്തു നേടി? അറിയില്ലെ-
ന്നിളം തലമുറ, പക്ഷെ
എന്തു നഷ്ടപ്പെടാനുണ്ടെ-
ന്നറിഞ്ഞേ പറ്റു!

നേടിയതിനു പിന്നിലുള്ള സാഹസങ്ങളും ത്യാഗങ്ങളും യുവതലമുറയ്ക്കറിയില്ല. അതു നഷ്ടപ്പെടാൻ വളരെ എളുപ്പമാണ്.

ചുറ്റും വളർന്നു വന്ന അപചയങ്ങൾക്കു നടുവിൽ അച്ഛൻ അചഞ്ചലനായി നിലകൊണ്ടു. ആ മഹാത്മാവിന്റെ ആദർശങ്ങൾക്ക് മങ്ങൽ വന്നിട്ടും ഒരു ഗാന്ധിയനായിത്തന്നെ ജീവിച്ചു, മരണം വരെ.

എനിക്ക് പക്ഷേ, ഗാന്ധിജിയുടെ സമ്പദ്‌വ്യവസ്ഥയെപ്പറ്റി സംശയങ്ങളുണ്ടായിരുന്നു. സ്വയം പര്യാപ്തമായ ഗ്രാമങ്ങൾ എന്ന ആശയത്തോട് എനിക്ക് യോജിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ ആശയം പ്രാവർത്തികമായാൽ ഇന്ത്യ മുഴുവൻ ഒരു വലിയ ഗ്രാമമാകുമെന്നും ഈ ഗ്രാമത്തിൽ സാങ്കേതിക മുന്നേറ്റമുണ്ടാവാൻ പ്രയാസമാണെന്നും ഞാൻ വിശ്വസിച്ചു. സാങ്കേതിക വിദ്യയിൽ മറ്റു രാജ്യങ്ങളോടൊപ്പം നിൽക്കേണ്ടത് അത്യാവശ്യമാണെന്നും അങ്ങിനെയല്ലെങ്കിൽ നാം വീണ്ടും മറ്റു രാജ്യങ്ങളുടെ അടിമകളാകുമെന്നും എനിക്ക് ഭയമുണ്ടായിരുന്നു. ക്രമേണ നാം ഒരു പ്രാകൃത സമൂഹമായി മാറുമെന്നും എനിക്കു തോന്നി. പിന്നീട് പല ആഫ്രിക്കൻ രാജ്യങ്ങളിലും ചില ഗൾഫ് രാജ്യങ്ങളിലും സംഭവിച്ചത് കണ്ടപ്പോൾ എനിക്കതു ബോധ്യമാവുകയും ചെയ്തു. സാങ്കേതിക വിദ്യയിൽ മറ്റു രാജ്യങ്ങളോടൊപ്പമോ, ഒരിഞ്ചു മുമ്പിലോ ആയാലേ നമുക്ക് നിലനിൽപ്പുള്ളു.

ശാന്തിമന്ത്രവും അഹിംസയും കൊണ്ട് ഒരു രാജ്യത്തിനുമാത്രമായി നിലനിൽക്കാൻ കഴിയില്ല. ലോകത്തുള്ള എല്ലാ രാജ്യങ്ങളും ആയുധം വെടിയുകയും ശാന്തിമാർഗ്ഗം അവലംബിക്കുകയും ചെയ്യുകയാണെങ്കിൽ ശരി. അതു സംഭവിക്കില്ലെന്ന് ഉറപ്പാണ്. നാം വളരെക്കാലം കഷ്ടപ്പെട്ട് നേടിയ സ്വാതന്ത്ര്യം നിലനിർത്തണമെങ്കിൽ ആയുധപ്പുര നല്ല നിലയിൽ കൊണ്ടുനടത്തണം. ഒരിക്കൽ നെഹ്റു പറയുകയുണ്ടായി. നമുക്ക് സമാധാനത്തെപ്പറ്റി ചർച്ച ചെയ്യുക, ഒപ്പം വെടിമരുന്ന് ഉണക്കി സൂക്ഷിക്കുകയും ചെയ്യുക. നെഹ്റുവിന് ഈ ബോധ്യം കുറേക്കൂടി നേരത്തെ ഉണ്ടായിരുന്നെങ്കിൽ നമുക്ക് അറുപതുകളിൽ നേരിട്ട ഭീമമായ തോൽവി ഒഴിവാക്കാമായിരുന്നു. സൈന്യത്തെ വേണ്ടവിധം സജ്ജമാക്കാതെ അദ്ദേഹവും അന്നത്തെ രാജ്യരക്ഷാമന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോനും രാജ്യങ്ങൾ തമ്മിലുള്ള സമാധാനപരമായ സഹവർത്തിത്വത്തെപ്പറ്റി സംസാരിക്കുകയും ശാന്തിമന്ത്രം ഉരുവിടുകയുമായിരുന്നു. അതുപോലെത്തന്നെ അദ്ദേഹത്തിന്റെ ചേരിചേരാനയവും ഒരു പരാജയമായിരുന്നു. രണ്ടു തോണിയിൽ കാലിട്ടു നിന്നവന്റെ അനുഭവം ഇന്ത്യക്ക് പലപ്പോഴും ഉണ്ടായിട്ടുണ്ട്. അപൂർവ്വ സന്ദർഭങ്ങളിൽ മറിച്ചും ഉണ്ടായിട്ടുണ്ട്. 62-ലെ യുദ്ധം നിൽക്കാൻ കാരണം അമേരിക്കയുടെ ഏഴാം ഫ്ലീറ്റ് വന്നിടപെട്ടതുകൊണ്ടാണ്. അത് ഇന്ത്യയുടെ നയതന്ത്ര മിടുക്കുകൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല, മറിച്ച് കാപിറ്റലിസം നിലനിർത്താനും അതിന്റെ ശത്രുവായ കമ്യൂണിസത്തിന്റെ മുന്നേറ്റത്തിന് തടയണ കെട്ടാനുമുള്ള അമേരിക്കയുടെ നിരന്തര പോരാട്ടത്തിന്റെ ഭാഗമാവാനേ തരമുള്ളു.

ഗാന്ധിജിയെപ്പറ്റിയുള്ള ഈ ലേഖനത്തിൽനിന്ന് ഞാൻ വ്യതിചലിച്ചുവെന്ന് പറയുന്നില്ല. അറുപതുകളുടെ പകുതിയായപ്പോഴേയ്ക്ക് എനിക്ക് ഗാന്ധിയൻ ആദർശങ്ങളോടുള്ള പ്രതിപത്തി ഇല്ലാതാവുകയാണുണ്ടായത്. അഹിംസയിൽ ഞാൻ വിശ്വസിക്കുന്നു. ഇരുപതു കൊല്ലം മുമ്പ് സസ്യേതര ഭക്ഷണം ഞാൻ ഉപേക്ഷിച്ചത് പക്ഷെ ഗാന്ധിയൻ ആദർശത്തിന്റെ പേരിലല്ല, മറിച്ച് എന്റെ മനസ്സാക്ഷിയുടെ പ്രേരണമൂലമാണ്.

ഒരു കണ്ണിനു പകരം മറ്റൊരു കണ്ണ് എന്ന സമ്പ്രദായം ലോകം മുഴുവൻ അന്ധമാകാനേ ഉപകരിക്കു എന്നു ഗാന്ധി പറയുന്നിടത്ത് ഞാൻ വിയോജിക്കുന്നു. അങ്ങിനെ ചെയ്താൽ ഒന്നോ രണ്ടോ കണ്ണുകളെ പോകുകയുള്ളു, മറ്റുള്ള കണ്ണുകളെല്ലാം രക്ഷപ്പെടുകയാണുണ്ടാകുക. എന്നുവച്ചാൽ കുറ്റകൃത്യങ്ങൾ വളരെ കുറഞ്ഞു കിട്ടുമെന്നർത്ഥം. മറിച്ച് കുറ്റം ചെയ്താൽ വലിയ ശിക്ഷയില്ലാതെ രക്ഷപ്പെടാമെന്നു വരുന്നതാണ് കുറ്റകൃത്യങ്ങൾ കൂടുന്നതിനുള്ള കാരണമെന്നാണ് എന്റെ വിശ്വാസം. ഇന്ത്യയിൽ ഇന്നു നാം കാണുന്നത് ഈ അവസ്ഥാവിശേഷമാണ്. ഒരു സർക്കാർ ഉദ്യോഗസ്ഥന് അഴിമതിക്ക് കിട്ടുന്ന ശിക്ഷ സ്ഥലം മാറ്റം മാത്രമാണ്. അയാൾക്ക് പുതിയ സ്ഥലത്തു വന്ന് കൂടുതൽ ഊർജ്ജസ്വലതയോടെ അഴിമതി നടത്താം. മറിച്ച് അയാൾക്ക് കൊടുക്കേണ്ട ശിക്ഷ അഴിമതി നടത്താൻ പറ്റാത്ത തസ്തികയിലേയ്ക്ക് തരം താഴ്ത്തലാണ്. ശരിക്കും വേണ്ടത് തടവും അയാൾ അഴിമതി കൊണ്ടുണ്ടാക്കിയ സമ്പത്ത് കണ്ടുകെട്ടലുമാണ്.

ഇന്ത്യയിലെന്നല്ല ലോകത്തെമ്പാടുംതന്നെ ജനാധിപത്യത്തിൽ ശിക്ഷകൾ വളരെ കുറവാണ്. ഒരുദാഹരണം. അമേരിക്കയിൽ, ബലാൽസംഗത്തിന് ശിക്ഷയായി മെക്‌സിക്കോവിലേയ്ക്ക് അഞ്ചു പ്രാവശ്യം നാടുകടത്തപ്പെട്ട ഒരനധികൃത കുടിയേറ്റക്കാരൻ ആറാം തവണയും ഇതേ കുറ്റത്തിന് പിടിക്കപ്പെട്ടു. അപ്പോഴാണ് അയാളുടെ പൂർവ്വചരിത്രം ചികഞ്ഞു നോക്കുന്നത്. ശിക്ഷ വളരെ കുറവായതുകൊണ്ടല്ലേ ഇങ്ങനെ സംഭവിക്കുന്നത്.

അല്ലെങ്കിൽ മനുഷ്യാവകാശം പ്രതിയ്ക്ക് മാത്രമേയുള്ളുവെന്ന് വിശ്വസിക്കുന്ന ഒരു ജനതയ്ക്ക് (അല്ലെങ്കിൽ ജനവിഭാഗത്തിന്) ഇപ്പോഴുള്ള രീതികൾ പാകമാണ്.

ഗാന്ധിസം ഇന്നത്തെ ഇന്ത്യയിൽ പ്രസക്തമാണോ എന്ന് സംശയമാണ്. കാരണം മൂല്യങ്ങളും രീതികളും ഇനി ഒരു തിരിച്ചു പോക്കില്ലാത്ത വിധം മാറിയിരിക്കുന്നു. ആ മഹാത്മാവിന്റെ ഓർമ്മ, ഒക്ടോബർ രണ്ടിന് തട്ടിൻപുറത്തുനിന്ന് പഴയ ചർക്കയെടുത്തു നൂൽക്കുന്നതായി അഭിനയിക്കുന്ന കാപട്യം (hypocrisy) മാത്രമായി മാറിയിരിക്കുന്നു. ഇന്ന് ഇന്ത്യയെ ആരെങ്കിലും ആക്രമിച്ചാൽ തിരിച്ചടിക്കാനുള്ള കരുത്തും സന്നദ്ധതയും നാം നേടിയിരിക്കുന്നു. അവിടെ ശാന്തിമന്ത്രമില്ല, ഭായി, ഭായി വിളികളില്ല. മറു ചെവി കാണിച്ചുകൊടുക്കലുമില്ല. ഞാൻ അണുവായുധങ്ങൾക്ക് എതിരാണ്. ലോകത്തെ സകല അണുവായുധങ്ങളും നശിപ്പിക്കണമെന്ന അഭിപ്രായക്കാരനാണ്. പക്ഷെ അതെത്രത്തോളം പ്രായോഗികമാണ്? പൊക്രാനിൽ ആറ്റമിക് ടെസ്റ്റ് നടത്തിയപ്പോൾ ഉണ്ടായ ബഹളം അർത്ഥമില്ലാത്തതാണ്. അണുബോംബുകൾ ഉപയോഗിക്കാനുള്ളതല്ല, മറിച്ച് മറുരാജ്യങ്ങൾ നമ്മെ ആക്രമിക്കാതിരിക്കാനുള്ള ഒരു കരുതൽ മാത്രമാണ് (deterrent). തിരിച്ചുകിട്ടും എന്നുറപ്പുള്ളപ്പോൾ ആരും ആക്രമിക്കാൻ ധൈര്യപ്പെടില്ല. ആരെങ്കിലും അണുബോംബ് ഉപയോഗിക്കും എന്നു പറയുന്നത് വിവരമില്ലായ്മയാണ്. അടുത്തായി ഒരു രാജ്യം അണുബോംബും മിസ്സൈലുമുണ്ടാക്കി അമേരിക്കയെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് ഓർമ്മ വരുന്നു. മിസ്സൈലുകൾ തടയാനുള്ള സംവിധാനം അമേരിക്കയ്ക്കുണ്ടെന്നതു പോകട്ടെ, അമേരിക്കയുടെ അണുബോംബുകൾ വിന്യസിച്ച പോർവിമാനങ്ങൾ ആ രാജ്യത്തിന്റെ അതിർത്തിക്ക് തൊട്ടപ്പുറത്തുണ്ടെന്നത് ഓർത്താൽ മതി, ഭീഷണി മുഴക്കുന്നവരുടെ വിവരമില്ലായ്മ, അല്ലെങ്കിൽ അന്തമില്ലായ്മ വെളിപ്പെടാൻ.

ഞാൻ ലേഖനത്തിന്റെ വിഷയത്തിൽനിന്ന് വഴിമാറി നടക്കുകയല്ല. ഗാന്ധിസമോ, ബുദ്ധിസമോ അല്ല ഇന്ന് ലോകത്തെ നയിക്കുന്നതെന്നും, ഒരു രാജ്യത്തിനു മാത്രമായി അതു പിൻതുടരാൻ കഴിയില്ലെന്നും പറയുകയാണ്.

ഗാന്ധിജിയുടെ പല ഉപദേശങ്ങളിൽ ഒന്ന് ഇതാണ്.

"A customer is the most important visitor on our premises. He is not dependent on us. We are dependent on him. He is not an interruption of our work. He is the purpose of it. He is not an outsider to our business. He is part of it. We are not doing him a favour by serving him. He is doing us a favour by giving us the opportunity to do so.'

ഈ മന്ത്രവും ചൊല്ലിക്കൊണ്ട് ഒരു കടയിലേയ്ക്കു ചെല്ലു, അല്ലെങ്കിൽ ഏതെങ്കിലും ഓഫീസിൽ ചെന്നുനോക്കു. വിവരം അറിയാം.

എന്റെ മകൻ ജനിച്ചപ്പോഴേയ്ക്കും സ്വാതന്ത്ര്യ സമരവും അതിനു വേണ്ടി ജീവിതം പൊലിച്ച പതിനായിരക്കണക്കിന് നിസ്വാർത്ഥരായ മനുഷ്യരും നാടിന്റെ ഓർമ്മയിൽ നിന്നുതന്നെ അപ്രത്യക്ഷമായിരിക്കുന്നു. അവൻ സസ്യഭുക്കായത് ഗാന്ധിയൻ ആദർശത്തിന്റെ പേരിലല്ല, മറിച്ച് സ്വന്തം മനസ്സാക്ഷിയുടെ വിളി കേട്ടാണ്. ഏകദേശം പത്തു വയസ്സുവരെ അവൻ സസ്യേതര ഭക്ഷണവും കഴിച്ചിരുന്നു. ബുദ്ധിയുറച്ചപ്പോഴാണ് അതു തീരെ നിർത്തിയത്. വീട്ടിൽ ഒരു ഉറുമ്പിനെപ്പോലും കൊല്ലാൻ അവൻ സമ്മതിക്കാറില്ല. 'അത് അതിന്റെ പാട്ടിന് പൊയ്‌ക്കോളും, ഉപദ്രവിക്കണ്ട' എന്നാണ് പറയുക. നല്ലൊരു വായനക്കാരനായ അവൻ ഗാന്ധിയൻ ആദർശങ്ങളെപ്പറ്റി വായിച്ചിട്ടുണ്ടാകണം. പക്ഷെ അതവനെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്, അവന്റെ അഹിംസയിലും സഹിഷ്ണുതയിലും ഗാന്ധിജിയാണോ മാതൃക എന്നും പറയാൻ പറ്റില്ല.

ഗാന്ധിജിയുടെ ബാക്കിപത്രമായി ഒന്നും അവശേഷിക്കുന്നില്ല ഇന്ത്യയിൽ. പുറം രാജ്യങ്ങളിൽ ഇന്ന് ഗാന്ധി എന്നു പറഞ്ഞാൽ ഇന്ദിരാ ഗാന്ധിയാണ്, അല്ലെങ്കിൽ സോണിയാ ഗാന്ധി. ആ മഹാത്മാവ് ഇന്ന് തമസ്‌കരിക്കപ്പെട്ടിരിക്കുന്നു. ലണ്ടനിൽ പാർലമെന്റ് സ്‌ക്വയറിൽ ഗാന്ധി പ്രതിമ സ്ഥാപിച്ചത് അടുത്ത കാലത്താണ്. ഇത് ബ്രിട്ടനിലെ ആദ്യ ഗാന്ധി പ്രതിമയല്ല. അതെല്ലാം ഗാന്ധിജിയെ ബ്രിട്ടിഷുകാർ ബഹുമാനിക്കുന്നതിന്റെ സൂചനയാണ്. എഴുപതിലധികം രാജ്യങ്ങളിൽ ഗാന്ധി പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ഗാന്ധി പ്രതിമ ഗാന്ധിയൻ ആദർശങ്ങളെ പ്രസരിപ്പിക്കുമെങ്കിൽ ലോകത്തെമ്പാടും ഗാന്ധിയുടെ ആദർശങ്ങൾ നിലനിന്നേനെ.

ഇപ്പോൾ നമുക്ക് വീണ്ടും ഗാന്ധിജിയിലേയ്ക്ക് തിരിച്ചു പോകണമോ? ചില ആദർശങ്ങളെങ്കിലും നിലനിർത്തണമെന്നാണ് എന്റെ പക്ഷം. അതിൽ ഏറ്റവും പ്രധാനമായിട്ടുള്ളത് സത്യവും, അഹിംസയും സഹിഷ്ണുതയുമാണ്. നാം എന്തു ചെയ്യുമ്പോഴും അത് മറ്റുള്ളവർക്ക് ദോഷമാകുമോ എന്നു ചിന്തിക്കുക. ദോഷമാകുമെങ്കിൽ ചെയ്യാതിരിക്കുക. മറിച്ച് അതു മറ്റുള്ളവർക്കുകൂടി ഗുണകരമാകണമെന്ന് ശഠിക്കുകയും ചെയ്യുക. സത്യം, അഹിംസ, സഹിഷ്ണുത, ഈ മൂന്ന് ഗാന്ധിയൻ ആദർശങ്ങളെങ്കിലും കുട്ടികൾക്ക് ഒന്നാം ക്ലാസ്സുമുതൽ പഠിപ്പിച്ചു കൊടുക്കുക. അടുത്ത തലമുറയെങ്കിലും ഈ ധാർമ്മിക മൂല്യങ്ങൾ ഉൾക്കൊണ്ട് അവരുടെ ജീവിതം ധന്യമാക്കും, തീർച്ച. അതോടെ നമ്മുടെ രാജ്യം രക്ഷപ്പെടും.

ജനശക്തി - 2018 ജനുവരി 1

ഇ ഹരികുമാര്‍

E Harikumar