എന്‍. സുഗതന്‍

ഈ കഥകള്‍ കാലത്തെ അതിജീവിക്കും

എന്‍. സുഗതന്‍

പോയ രണ്ടു ദശകങ്ങൾക്കിടക്ക് നമ്മുടെ സാഹിത്യത്തിൽ വിശേഷിച്ചു - കവിതയിലും കഥയിലും - പ്രത്യക്ഷപ്പെട്ട പ്രസ്ഥാനഭേദങ്ങളുടെയും അരങ്ങേറിയ പരീക്ഷണ കോലാഹലങ്ങളുടെയും ബഹളങ്ങളിൽ കക്ഷിചേർന്ന് താരമൂല്യം കരസ്ഥമാക്കാതിരുന്നതു കൊണ്ടുമാത്രം വ്യവസ്ഥാപിത നിരൂപണ വൃത്തങ്ങളിൽ ചർച്ചാ വിഷയമാകാതെ പോയ കുറച്ചെഴുത്തുകാരും കൃതികളുമുണ്ട്. എല്ലാം കഴിഞ്ഞാലും ഒടുവിലവശേഷിക്കുന്നത് എഴുത്തും അതിന്റെ ജീവിതബന്ധിയും കലാത്മകവുമായ മൂല്യവും മാത്രമായിരിക്കുന്നുമെന്ന് ഉറച്ചു വിശ്വസിക്കുന്ന ആ ഒറ്റയാന്മാർക്ക് നിമിഷജീവിങ്ങളായ ഈ കോലാഹലങ്ങളിലോ, അതിന്റെ ക്ഷണികങ്ങളായ അവഗണനകളിലോ അങ്കലാപ്പുമില്ല.

കഥാകൃത്തായ ഹരികുമാർ ഇവരിലൊരാളാണ്. ഈ കാലത്തിനിടക്ക് നാലു സമാഹാരങ്ങളിൽ ഉൾപ്പെട്ടവയും ഇനിയും സമാഹരിക്കപ്പെടേണ്ടവയുമായി അദ്ദേഹം പ്രസിദ്ധീകരിച്ച കഥകളിലൊന്നുപോലും കഥയെന്ന കലാരൂപത്തിന്റെ സുപരീക്ഷിതവും അനിഷേധ്യവുമായ മൗലിക ധർമ്മങ്ങളെ അനാദരിക്കുകയോ അവഹേളിക്കുകയോ ചെയ്തിട്ടില്ല. നാൾ ചെല്ലുന്തോറും നല്ല കഥകൾ തിരിച്ചറിയുന്നവർ ഹരികുമാറിനായി കാതോർത്തിരിക്കാനും തുടങ്ങിയിരിക്കുന്നു.

ഹരികുമാർ 1977നും 1984നും ഇടക്ക് എഴുതിയ പതിനൊന്നു കഥകളടങ്ങിയ ദിനോസറിന്റെ കുട്ടി ഒരു പക്ഷെ 1987ൽ പ്രസിദ്ധീകരിച്ച ഏറ്റവും മികച്ച കഥാസമാഹാരമായിരിക്കും. അതിന്റെ മികവിനെ, ആ ഒരു വർഷത്തിൽ തളച്ചിടുന്നതുതന്നെ ശരിയല്ല. മലയാള കഥാസാഹിത്യത്തിന്റെ ആരോഗ്യപൂർണ്ണമായ അനുസ്യുതിയുടെ പ്രകാശവത്തായ ഒരു കണ്ണിയായി അത് കാലത്തെ അതിജീവിക്കാനാണ് സാധ്യത.

'ദിനോസറിന്റെ കുട്ടി' അസാധാരണമായ ഒരു കഥയാണ്. ഹരികുമാറിന്റെ തന്നെ അഭിപ്രായത്തിൽ സ്വന്തം ജീവിതത്തിന്റെ പ്രതിഫലനം വളരെയുള്ള ആ കഥക്ക് ആഴത്തിലുള്ള അപഗ്രഥനം അർഹിക്കുന്ന ആത്മ ഗൗരവുമുണ്ട്. കഥാകൃത്തിന്റേതിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ലാത്ത ഒരു ചെറിയ കുടുംബത്തിന്റെ മൂർത്താന്തരീക്ഷത്തിൽ ഏതാനും മനുഷ്യരെയും ദിനോസർ എന്ന പൗരാണിക ജീവിയേയും കഥാപാത്രങ്ങളാക്കി എത്രയോ സൂക്ഷ്മവും മൗലികവുമായ ഒരു ആധുനിക ജീവിത സമസ്യ ആവിഷ്‌കരിക്കപ്പെടുകയാണ്. സങ്കീർണ്ണമായ ഈ ജീവിത സന്ധിയിലും മനുഷ്യന്റെ ഉള്ളിലെവിടെയോ ഒടുങ്ങാതെ അവശേഷിക്കുന്ന നിഷ്‌കളങ്ക ബാലഭാവന അതിന്റെ സ്വപ്നാടനങ്ങളിലൂടെ കോടാനുകോടി വർഷങ്ങൾക്കപ്പുറമുള്ള വിദൂര ഭൂതകാലത്തിന്റെ മേച്ചില്പുറങ്ങളിലലഞ്ഞ് സ്വാസ്ഥ്യത്തിന്റെയും സുരക്ഷാ ബോധത്തിന്റെയും ഒരു സമാന്തര പ്രപഞ്ചം സൃഷ്ടിക്കാൻ വെമ്പുന്നു. അവിടെ അസൂയാവഹമായ സെയിൽസ്മാൻ ഷിപ്പിനെ ചൂഷണം ചെയ്യുന്ന, മാർവാഡിയില്ല. വ്യാജ ഓർഡർ കാട്ടി കബളിപ്പിക്കുന്ന കമ്പനി ഏജന്റില്ല. പ്രപഞ്ച രഹസ്യങ്ങളുടെ കലവറയിലെവിടെയോ കൂട്ടിയിട്ട താളിയോലക്കെട്ടിൽ കുറിച്ചിട്ടപടി ജീവിതാനുഭവങ്ങളെ പ്രവചനങ്ങളുടെ കുറ്റികളിൽ തളക്കുന്ന ജോത്സ്യനില്ല. ഭീമാകാരനായ പൗരാണിക ജീവിയും ആധുനിക നാഗരിക ബാലനും ആ ലോകത്തിൽ അഗാധമായ ഒരു ജീവിലോക സൗഹൃദത്തിന്റെ കണ്ണികളാകുന്നു.

സ്വന്തം വ്യക്തിത്വത്തെ, നിലപാടുകളെ വികാരപരമായി ഒരു സ്വയം വിമർശനത്തിന് വിധേയമാക്കാനുള്ള ഹരികുമാറിന്റെ ശ്രമം അദ്ദേഹത്തിന്റെ കഥകളിൽ പ്രതിഫലിച്ചു കാണാം. 'ദിനോസറിന്റെ കുട്ടി' യിൽ തന്നെ അതുകണ്ടു. ഉറങ്ങിക്കിടക്കുന്ന രാജീവെന്ന കുട്ടിക്ക് രാത്രി മുഴുവൻ കാവൽ നിൽക്കുകയും ജനലിനപ്പുറം നിന്ന് അവനെ ഉറ്റുനോക്കുകയും സ്‌നേഹം മൂക്കുമ്പോൾ കവിളിൽ നക്കുകയും ചെയ്യുന്ന കുട്ടിദിനോസറിനോട് മോഹന് അസൂയ തോന്നുകയും, രാത്രി മുഴുവൻ അങ്ങനെ കാവൽ നിൽക്കുന്ന ഒരു കുട്ടിദിനോസറായെങ്കിലെന്ന് അയാൾ വേദനയോടെ ആശിക്കുകയും ചെയ്യുന്നുണ്ടല്ലോ. രാജു എന്ന കങ്ഫൂഫൈറ്ററുടെ കഥ പറയുമ്പോഴും കുട്ടികളുടെ മുമ്പിൽ മുതിർന്നവന്റെ കുമ്പസാരമായി ഈ സ്വയം വിമർശനം കാണാം. ഷേറാൻസ് എന്ന കങ്ഫൂഫൈറ്ററായിരുന്നു രാജുവിന്റെ ആദ്യത്തെ ആരാധനാപാത്രം. പിന്നെ അത് റോമിദ് എന്ന പാട്ടുകാരനായി, തനായി എന്ന ചിത്രകാരനായി, തപാസിന്റെ ഓട്ടോമാറ്റിക് കാറുകളായി. ഓരോ ഘട്ടത്തിലും മാറിവരുന്ന ആരാധനകളുടെ അതിവാചാലമായ വിളംബരങ്ങളും ന്യായീകരണങ്ങളും നടത്തിയിരുന്ന ആ കുട്ടി ക്രമേണ നിശ്ശബ്ദനായി. ആലോചനയിൽ മുഴുകി ഇരുപ്പായി. ക്രമേണ ക്ഷീണിച്ചുവന്ന അവന് ചികിത്സയൊന്നും ഫലിക്കാതെയായി. അഞ്ചു ചപ്പാത്തിയുമായി സ്‌ക്കൂളിൽ പോകുകയും വൈകുന്നേരം കാലിയായ ലഞ്ച് ബോക്‌സുമായി മടങ്ങുകയും ചെയ്യുന്ന കുട്ടി ഭക്ഷണം കഴിക്കുന്നില്ലെന്നു സംശയിക്കാനില്ല. അവന്റെ മൗനത്തിനും വിചാരമഗ്നതക്കും കുറവു കാണാതെ വ്യാകുലനാകുന്ന അച്ഛനോടവൻ ചോദിച്ചു. 'ഡാഡീ എന്താണ് എല്ലാവർക്കും ധാരാളം പണം ഉണ്ടാകാത്തത്?' ഇവൻ വല്ല ബോധിവൃക്ഷത്തിന്റെയും ചുവട്ടിലൂടെ നടന്നുവോ എന്ന പരിഹാസമാണ് ആദ്യം അച്ഛനുണ്ടായത്.

അമ്മ സ്‌ക്കൂളിൽ പോയന്വേഷിച്ചതോടെ സത്യം വെളിവായി. സ്‌ക്കൂളിലെ പ്യൂണിന്റെ മകനായ ബൻസിയാണ് ഇപ്പോഴവന്റെ കൂട്ടുകാരൻ. സ്‌ക്കൂളിലെ ഒരേയൊരു പാവം കുട്ടി. മറ്റെല്ലാവരും ബൻസിയെ ഉപദ്രവിക്കുമ്പോൾ രാജുമാത്രം അവനോട് ദയ കാണിക്കുന്നു. ഉച്ചഭക്ഷണം അവനുമായി പങ്കിടുന്നു. മകന്റെ അതിരറ്റ ഈ ദയാശീലവും, അഞ്ചു ചപ്പാത്തിയും കഴിക്കാറുണ്ടെന്ന് പറഞ്ഞിരുന്നതിലെ നുണയും അച്ഛനെ അരിശം കൊള്ളിച്ചു. രാജു ഒരു ചപ്പാത്തി മാത്രം തിന്ന് ബാക്കിയെല്ലാം ദയാപാത്രമായ കൂട്ടുകാരന് കൊടുക്കുകയായിരുന്നു എന്നറിഞ്ഞതോടെ അച്ഛൻ അവന് നല്ല പ്രഹരം തന്നെ കൊടുത്തു. കൊടുക്കുന്നെങ്കിൽ തന്നെ ഒന്നോ രണ്ടോ ചപ്പാത്തി കൊടുത്താൽ പോരേ? മുതിർന്നവന്റെ ഈ യുക്തി ആ ബാലമനസ്സിനന്യമായിരുന്നു. 'എനിക്ക് വൈകുന്നേരം വന്നാലും ഭക്ഷണം കഴിച്ചുകൂടെ ബൻസിയ്ക്ക് വീട്ടിൽ നിന്നും ഒന്നും കിട്ടില്ലത്രേ. പിന്നെ രാജു കരഞ്ഞത് അടിയുടെ വേദന കൊണ്ടല്ല. ഭക്ഷണം കിട്ടാത്ത, മറ്റെല്ലാ സമ്പന്ന സഹപാഠികളുടെയും ഉപദ്രവം സഹിക്കുന്ന ആ നിസ്വ സതീർത്ഥ്യന്റെ ദൈന്യത്തോടുള്ള സഹതാപം കൊണ്ടാണ്. 'പെട്ടെന്നെനിക്കു എന്നെത്തന്നെ ഓർത്ത് ലജ്ജ തോന്നി.' എന്ന വാക്യത്തിലെ അഗാധമായ ആത്മവിമർശനത്തിന്റെ ആലംബനോദ്ദീപനങ്ങളായി ഇവിടെവെച്ച് ആ കഥയിൽ പൂർവ രംഗങ്ങളാകെ മാറുകയും ഇതുപോലെയൊരു കഥയിൽ പ്രതീക്ഷിക്കാവുന്ന പതിവ് ഭാവതലത്തെ അത് അതിജീവിക്കുകയും ചെയ്യുന്നു. സഹജീവിസ്‌നേഹത്തിന് മകനെ ശിക്ഷിച്ച അപരാധത്തിന് വൈകാരികമായി അങ്ങനെ പ്രായശ്ചിത്തം ചെയ്യുമ്പോഴേക്കും ആ ശിക്ഷയിലടങ്ങിയ പ്രായോഗിക നീതിബോധത്തിന്റെ ശാസനയ്ക്ക് ആ കുട്ടി അടിമയായി കഴിഞ്ഞിരിക്കുന്നു. 'വലുതാവുമ്പോൾ എനിക്കൊരു കങ് ഫൂ ഫൈറ്ററാവണം.'

ജീവിത യാഥാർത്ഥ്യങ്ങളുടെ ദുശ്ശകനങ്ങളിൽ നിന്ന് താരാരാധനയുടെ ആകർഷണത്തിലേക്ക് ദ്രുതപ്രയാണം നടത്തുന്ന ഒരു സമൂഹത്തിന്റെ മനഃശാസ്ത്രം കൂടി ഈ കഥയിൽ അപഗ്രഥിച്ചിട്ടുണ്ടെന്നു ഞാൻ കരുതുന്നു.

സ്വതേ മനുഷ്യനെ വിലകെടുത്തിക്കളയുന്ന ഇല്ലായ്മ, തൊട്ടയൽപക്കത്തെ അതിസമ്പന്നതയുടെ നിഴലിൽ ഈട്ടംകൂടുന്നതിന്റെ ഇതിഹാസമാണ് 'വിഷു' എന്ന കഥ. കുട്ടികളുടെ മനസ്സ് കാണാനും ചിത്രീകരിക്കാനുമുള്ള കാഥികന്റെ കൗതുകവും കൗശലവും ഇവിടെയും കാണാം. പാവപ്പെട്ടവന്റെ തുച്ഛമായ മോഹങ്ങൾ പോലും പണാധിഷ്ഠിതമായ ഒരു വ്യവസ്ഥയിൽ കബളിപ്പിക്കപ്പെട്ട്, അവൻ ഇടത്തട്ടുകാരന്റെ പോലും പരിഹാസപാത്രമായി മാറുന്നതിന്റെ പ്രകരണശുദ്ധി തികഞ്ഞ ഈ ആവിഷ്‌കരണവും ആരോഗ്യകരമായ ഒരു പുരോഗമന സാഹിത്യ ശൈലിയുടെ മാതൃകയായി സ്വീകരിക്കപ്പെടേണ്ടതാണ്.

ഹരികുമാറിന്റെ സ്ത്രീപുരുഷ ബന്ധാവിഷ്‌കരണങ്ങളിൽ സെക്‌സിന്റെ അതിപ്രസരവും, അവിഹിത വേഴ്ചകളുടെ ന്യായീകരണത്തോളമെത്തുന്ന തത്വശാസ്ത്രവും കണ്ട് നെറ്റിചുളിക്കന്നവർ കുറച്ചല്ല. ഈ കഥാകൃത്ത് ഒരുപക്ഷെ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെടാനും തെറ്റായി വിലയിരുത്തപ്പെടാനും പോകുന്നത് ഈയൊരംശത്തിലായേക്കുമെന്ന് ഞാൻ ഭയക്കുന്നു. 'സ്‌നേഹമുള്ളിടത്തോളം കാലം ഏതു ലൈംഗിക ബന്ധങ്ങളും കാമിക്കപ്പെടാവുന്നതാണ്. മറിച്ച് സ്‌നേഹമില്ലെങ്കിൽ ഏത് ബന്ധവും, ഭാര്യയും ഭർത്താവുമായുള്ളതു കൂടി വ്യഭിചാരമാണ്' എന്ന തന്റെ കഥാപാത്രത്തിന്റെ അഭിപ്രായത്തെ 'ഇതിൽ ഞാൻ വിശ്വസിക്കുന്നു.' എന്നു പരസ്യമായി ന്യായീകരിക്കുന്നയാളാണ് ഹരികുമാർ. ലൈംഗികതക്ക് ജീവിതത്തിലുള്ള അനിഷേധ്യമായ സ്ഥാനം അംഗീകരിച്ച് ആവുന്നത്ര കലാത്മകമായി അതിനെ ആവിഷ്‌കരിക്കാനാണ് അതിൽ നിന്ന് ആഢ്യമായ അകലം പുലർത്തി 'മാന്യ'നാകാനല്ല. അദ്ദേഹത്തിന്റെ ശ്രമം. ഈ വിഷയത്തിൽ ഒടുങ്ങാത്ത ഒരു സർഗാത്മകാസക്തിയും അന്വേഷണബുദ്ധിയും തന്നെ ഹരികുമാർ പ്രകടിപ്പിച്ചുകാണുന്നു.

നമ്മുടെ കഥാസാഹിത്യത്തിൽ നല്ലതും ചീത്തയുമായ പല താവഴികളുമുള്ളതിൽ ഈ കാഥികന്റേത് കാരൂരിന്റെയും പത്മനാഭന്റെയും ശ്രീരാമന്റെയും താവഴിയാണെന്ന് ഞാൻ കരുതുന്നു. മലയാള ചെറുകഥ കൈവരിച്ച മികച്ച നേട്ടങ്ങളുടെ കണക്കെടുക്കുന്ന ഒരാൾക്ക് ഇന്നല്ലെങ്കിൽ നാളെ ഇപ്പറഞ്ഞവരുടെ കൂട്ടത്തിൽ ഹരികുമാറിനെയും പരിഗണിക്കേണ്ടി വരുമെന്നതിന്റെ തെളിവുകളാണ് 'ദിനോസറിന്റെ കുട്ടി'യും മറ്റും

ദേശാഭിമാനി - 1988 ജൂലൈ 21

എന്‍. സുഗതന്‍