അച്ഛന്റെ പണിപ്പുരയിൽ

എന്റെ പണിപ്പുര എന്ന ലേഖനത്തിൽ അച്ഛൻ (ഇടശ്ശേരി) പറഞ്ഞ ഒരു കാര്യം വളരെ തെറ്റിദ്ധാരണകൾക്കു കാരണമായിട്ടുണ്ടെന്ന് എനിക്കു തോന്നുന്നു. ഈ ലേഖനത്തിൽ അദ്ദേഹം സ്വന്തം പണിപ്പുരയെ ഒരു കരുവാന്റെ ആലയോടാണ് ഉപമിച്ചിട്ടുള്ളത്. ലേഖനത്തിന്റെ പ്രസക്തഭാഗം ഇവിടെ ഉദ്ധരിക്കുന്നു. ആരാധകന്മാരോ സ്‌നേഹിതന്മാരോ ഇല്ലാത്ത എന്റെ ഇപ്പോഴത്തെ പണിപ്പുരയ്ക്ക് ഒരു നാട്ടിൻപുറത്തെ കരുവാന്റെ ആലയോടാണ് സാദൃശ്യം. ഞാൻ ശ്രദ്ധാപൂർവ്വം ഒരു പേനക്കത്തി പണിതീർക്കുന്നു. വഴുതിവീണുകൊണ്ടിരിക്കുന്ന കണ്ണട ഇടക്കിടയ്ക്ക് ഉറപ്പിച്ചുകൊണ്ട് പലപാട് ഞാനത് തന്നെത്താൻ പരിശാധിക്കുകയാണെന്ന ഭാവത്തിൽ അതിന്റെ ചന്തം ആസ്വദിക്കുകയായി. പിന്നെ 'നല്ല ശിക്ഷ കഴിച്ചോർക്കുമില്ല വിശ്വാസമാത്മനി' എന്നില്ലേ, ഞാൻ തിരിഞ്ഞൊന്നു വിളിക്കും, 'എടോ ഒന്നിങ്ങട്ടു വരൂ'. ഉടുതുണിയിൽ കയ്യും തുടച്ച് എന്റെ കരുവാത്തി പ്രത്യക്ഷപ്പെടും ഇംഗ്ലീഷ് കട്‌ലറികളിൽ എവിടെയോ ട്രെയിനിംഗ് കഴിച്ചു വന്ന ആളെപ്പോലെ, ആയമ്മ എന്റെ മനോഹരശില്പമെടുത്ത് തിരിച്ചും മറിച്ചും നോക്കുകയായി. ഒടുവിൽ സംതൃപ്തമായ ഭാവത്തോടെ അതിങ്ങു തിരിച്ചേൽപിക്കും, മിക്കവാറും ഇങ്ങിനെ ഒരഭിപ്രായത്തോടുകൂടി: 'എന്താ ഇത്ര സംശയിക്കാനുള്ളത്? ഇങ്ങിനെത്തന്നെയല്ലേ, ഒരു മടവാള്?' ഞാൻ കുനിഞ്ഞ്, ഒന്നും മിണ്ടാതെ അതിന്മേൽ രണ്ടു തുടക്കൽ കൂടി തുടച്ച് അത് ആവശ്യക്കാർക്കു കൊടുക്കുകയും ചെയ്യും.

ഇനി തെറ്റിദ്ധാരണകളുടെ കാര്യം പറയാം. ഒരാൾ വർഷങ്ങൾക്കു മുമ്പ് എഴുതിയ ലേഖനം തുടങ്ങുന്നതു തന്നെ ഇങ്ങിനെയാണ്. 'ഇടശ്ശേരി ഒരു മടവാൾ ഉണ്ടാക്കുന്നു......' മറ്റു ചില ലേഖനങ്ങളിലും ഇതിനു സമാനമായ അർത്ഥം വരുന്നവിധമോ, അല്ലെങ്കിൽ 'ഇടശ്ശേരി ഒരു പേനക്കത്തിയുണ്ടാക്കാൻ തുടങ്ങി അതു മടവാളിൽ കലാശിക്കുന്നു' എന്നർത്ഥത്തിലോ പ്രയോഗിച്ചിട്ടുള്ളത് ഞാൻ വായിച്ചിട്ടുണ്ട്, പ്രസംഗിക്കുന്നതു കേട്ടിട്ടുണ്ട്. എന്റെ അഭിപ്രായത്തിൽ മുകളിൽ ഉദ്ധരിച്ച വരികൾ കാണിക്കുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന് ഇടശ്ശേരി ഉണ്ടാക്കുന്നത് ഒരു മികച്ച പേനക്കത്തി തന്നെയാണ്, സൗന്ദര്യം വഴിയുന്ന ഒരു മാസ്റ്റർപീസ്. രണ്ട് ഇടശ്ശേരിയുടെ വിനയം അത് ശരിക്കുള്ളതാണെങ്കിലും കപടമാണെങ്കിലും പല ആശയക്കുഴപ്പങ്ങൾക്കും വഴിവച്ചിട്ടുണ്ട്. സ്വന്തം സൃഷ്ടിയുടെ മഹത്വത്തെപ്പറ്റി, അതിന്റെ പൂർണ്ണതയെപ്പറ്റി നല്ല ഉറപ്പുണ്ടായിരുന്ന ഒരു കവിയായിരുന്നു അച്ഛൻ. വിനയത്തിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നു മാത്രമല്ല അഹങ്കരിക്കാനുള്ള അവകാശവുമുണ്ടായിരുന്നു അദ്ദേഹത്തിന്. പിന്നെ എന്തിനീ വിനയം? അവിടെയാണ് 'ഇടശ്ശേരിയുടെ ചിരി'യുടെ പൊരുൾ കണ്ടെത്താനാവുന്നത്. അമ്മയെ (ഇവിടെ കരുവാത്തിയെ) കളിയാക്കുകയെന്നേ അദ്ദേഹത്തിനുദ്ദേശ്യമുണ്ടായിരുന്നുള്ളുവെന്ന് എനിക്കുറപ്പുണ്ട്. അമ്മയെ കളിയാക്കിക്കൊണ്ടുള്ള കവിതകൾ വേറെയുമുണ്ട്; 'ഗൃഹച്ഛിദ്രം', തുടങ്ങിയവ. ഭർത്താവ് ഒരു മാസ്റ്റർപീസ് കവിത എഴുതിയുണ്ടാക്കി അതു വായിച്ച ശേഷം 'എന്താ സംശയിക്കാനുള്ളത്, ഇങ്ങനെത്തന്നെയല്ലെ ഒരു സിനിമാ നോട്ടീസ്' എന്നു പറയേണ്ട ആവശ്യമില്ലാത്ത വിധം അവർക്ക് സാഹിത്യത്തിൽ പിടിപാടുണ്ടായിരുന്നു. സ്വന്തമായി സാഹിത്യ സൃഷ്ടി നടത്തിയിരുന്ന അവർക്ക് സംസ്‌കൃതത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും നല്ല പിടിപാടുണ്ടായിരുന്നു. അച്ഛന്റെ ഒപ്പം യാതൊരുവിധത്തിലുള്ള അപകർഷതാബോധവുമില്ലാതെ ജീവിച്ചുപോരാൻ കഴിവുള്ള ഒരാളായിരുന്നു അവർ. അവർക്കു കിട്ടിയിട്ടുള്ള ശിക്ഷണം ഞങ്ങളുടെ തറവാടായ പുത്തില്ലത്തെ ഉമ്മറത്ത് കുട്ടികൃഷ്ണ മാരാരുടെ നേതൃത്വത്തിൽ അച്ഛനും, ഇ. നാരായണനും, ഉറൂബും, അക്കിത്തവും, കടവനാടനും, ഇ. കുമാറും, പി. നാരായണൻ വൈദ്യരും എല്ലാം ചേർന്ന് നടത്തിയിരുന്ന സാഹിത്യ ചർച്ചകളിലൂടെയായിരുന്നു. (ഇ. നാരായണനും, ഇ. കുമാറും വളരെ ചെറുപ്പത്തിൽ മരിച്ചു. ഒരു ചെറുകഥാകൃത്തായിരുന്ന ഇ. കുമാറിന്റെ സഹോദരിയെയാണ് ഉറൂബ് പിന്നീട് കല്യാണം കഴിച്ചത്.) അച്ഛന്റെ ലേഖനത്തിലെ ഈ പരാമർശത്തെപ്പറ്റി പല അഭിപ്രായങ്ങളുമുണ്ടാകാം.

  1. എന്താ മടവാള് പേനക്കത്തിയേക്കാൾ മോശമാണോ?
  2. വായനക്കാർ എന്ത് ഉൾക്കൊള്ളുന്നുവോ അതാണ് അവരെ സംബന്ധിച്ചേടത്തോളം സത്യം.
  3. പേനക്കത്തി കണ്ട് അത് മടവാളായി തോന്നുന്നുവെങ്കിൽ അത് മടവാൾ തന്നെ, ചുരുങ്ങിയത് ആ വായനക്കാരനെ സംബന്ധിച്ചേടത്തോളം.

പേനക്കത്തിക്കില്ലാത്ത സമരോത്സുകത മടവാളിനുണ്ട്. ഒരു വിപ്ലവകാരി പേനക്കത്തിയെ മടവാളായി കാണുമ്പോൾ സൗന്ദര്യോപാസകൻ അത് ഒരു സ്വിസ്സ്ആർമി നൈഫ് ആയേ കാണു. സൗന്ദര്യത്തിലും ഉപയോഗത്തിലും ഈ പേനക്കത്തിയെ വെല്ലാൻ മറ്റൊരു കത്തിയുണ്ടായിട്ടില്ല. ഇവിടെ ആസ്വാദനത്തിന്റെ പ്രശ്‌നമാണുള്ളത്. ഇതിൽ ഏതാണ് ശരി, ഏതാണ് തെറ്റ് എന്നു പറയാൻ പറ്റില്ല. സ്രഷ്ടാവ് ഉദ്ദേശിച്ചതും വായനക്കാരൻ മനസ്സിലാക്കുന്നതും തമ്മിൽ ഇത്രയധികം അന്തരം ഉണ്ടാവേണ്ട കാര്യമില്ല. ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഒന്നുകിൽ സ്രഷ്ടാവിന്റെ കഴിവുകേടാണ്, അല്ലെങ്കിൽ ആസ്വാദകന്റെ.

ഇ ഹരികുമാര്‍

E Harikumar