വിഷു - ഒരോർമ്മ

വിഷുവിന്റെ ഓർകൾ മധുരിക്കുന്നവയാണ്, അതേ സമയം കൈയ്ക്കുന്നവയും. എന്റെ തലമുറ ലോകമഹായുദ്ധത്തിന്റെ അനന്തരഫലമായ ദാരിദ്ര്യത്തിൽ ജീവിക്കാൻ വിധിക്കപ്പെട്ടവരായിരുന്നു. അവർക്ക് ഓണമോ, വിഷുവോ അല്ലെങ്കിൽ സ്വന്തം പിറന്നാളോ പോലും ഓർമ്മിക്കാൻ, അയവിറക്കാൻ പറ്റിയവയായിരുന്നില്ല. റേഷനിൽ കിട്ടുന്ന പുഴുക്കട്ടയുള്ള പച്ചരികൊണ്ടുള്ള ഊണ്, പടക്കം വാങ്ങാൻ കിട്ടിയ തുഛമായ പണംകൊണ്ട് എങ്ങിനെ ഏറെ നേരം പൊട്ടുന്ന പടക്കങ്ങൾ വാങ്ങാൻ പറ്റുമെന്ന് ആലോചിച്ച് കടയിൽ കുഴങ്ങിനിൽക്കുന്ന ഞാനും എന്റെ ജ്യേഷ്ഠനും. വാങ്ങിയ പടക്കങ്ങൾ തന്നെ പലതും പൊട്ടാപ്പടക്കങ്ങളായിരിക്കും. അതിനിടയിലും വിഷുവിനു തൊട്ടുമുമ്പ് ചൂടു കുറച്ചുകൊണ്ട് പെയ്യുന്ന മഴപൊലെ നന്മയുടെ, സ്‌നേഹത്തിന്റെ അടിവേരുകൾ എവിടെയൊക്കെയോ.

വിഷുവിനെപ്പറ്റി ഓർക്കുമ്പോൾ എന്റെ മനസ്സിൽ ആദ്യം വരുക ഈ മഴയും നനഞ്ഞ മണ്ണിലുടെ നഗ്നപാദനായുള്ള നടത്തവും ആണ്. പിന്നെ ഓർമ്മ വരുന്നത് എന്റെ അമ്മയെയാണ്. വാങ്ങിക്കൊണ്ടുവന്ന പടക്കങ്ങൾ ഉണക്കിയെടുക്കാനും, മാലപ്പടക്കങ്ങൾ ഒന്നിച്ചുപൊട്ടിക്കാതെ കൂടുതൽ സമയം മക്കൾക്ക് സന്തോഷം നൽകുന്നതിനായി അഴിച്ച് മാറ്റുകയും ചെയ്യുന്ന അമ്മ. 'വിഷു' എന്ന എന്റെ കഥയിൽ ഈ അമ്മയുണ്ട്.

മറ്റൊരോർയുള്ളത് ഒരിക്കൽ ഞാനും ജ്യേഷ്ഠനും കൂടിയുണ്ടായ തർക്കമാണ്, ആരാണ് അവസാനത്തെ ഓലപ്പടക്കം പൊട്ടിക്കുക എന്ന കാര്യത്തിൽ. ജ്യേഷ്ഠൻ കെഞ്ചുകയായിരുന്നു അത് കൊടുക്കാൻ. ഞാൻ കൊടുക്കാൻ തയ്യാറായിരുന്നു, പക്ഷെ കുറച്ചുനേരം അദ്ദേഹത്തെ കളിപ്പിച്ചശേഷം മാത്രം. ഞാൻ അതിന്റെ തിരി കൊളുത്തും, ഉടനെ വിരലുകളമർത്തി അതു കെടുത്തുകയും ചെയ്യും. ജ്യേഷ്ഠൻ ആശയോടെ കൈനീട്ടുമ്പോൾ ഞാൻ വീണ്ടും കൊളുത്തും, വിരലമർത്തി കെടുത്തുകയും ചെയ്യും. ഇത് മൂന്നാവർത്തി തുടർന്നു. നാലാമത്തെ പ്രാവശ്യം പടക്കത്തിന് ക്ഷമയുണ്ടായില്ല, അത് എന്റെ കൈയ്യിൽ നിന്ന് പൊട്ടി. കൈ പൊള്ളിയതു ലാഭം.

ഇ ഹരികുമാര്‍

E Harikumar

അനുബന്ധ വായനയ്ക്ക്